12/28/2009
ഹര്‍ത്താലാശംസകള്‍
മറ്റൊരു ഹര്‍ത്താല്‍ ദിനം കൂടി എത്തുന്നു.
ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും ഹര്‍ത്താലിനെക്കുറിച്ച് ബ്ലോഗ് പോസ്റ്റുകളൊന്നും വന്നില്ല, കാരണം ഇത് ഇടതു പക്ഷം നടത്തുന്ന ഹര്‍ത്താലല്ലല്ലോ.ആയിരുന്നേല്‍ കാണാമായിരുന്നു പോസ്റ്റുകളുടെ ഘോഷയാത്ര.
എന്തെങ്കിലുമൊരു കമന്റിടാം എന്നു കരുതി അഗ്രിഗേറ്ററുകളില്‍ പരതിയെങ്കിലും കാണാഞ്ഞ് ഞാന്‍ സ്വയം ഒരു പോസ്റ്റിടാമെന്ന് കരുതി.
ആരാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്?
ബി.എം.എസ് എന്ന അഖിലേന്ത്യാ ട്രേഡ് യൂണിയന്.
എവിടെയൊക്കെ ഹര്‍ത്താല്‍ നടത്തുന്നു?
ആകെ കേരളമെന്ന ഠ വട്ടത്തില്‍.
എന്താണ് ഹര്ത്താലിനാധാരമായ വിഷയം?
വിലക്കയറ്റമാണത്രെ !
അഖിലേന്ത്യാ തലത്തില്‍ വേരോട്ടമുള്ള ബി.എം.എസ് എന്ന ട്രേഡ് യൂണിയന് താരതമ്യേന ശക്തി കുറഞ്ഞ കേരളത്തില്‍ ബന്ദു നടത്തിയാല്‍ ഇന്ത്യമുഴുവന്‍ പടര്‍ന്നു കിടക്കുന്ന വിലക്കയറ്റം പിടിച്ചു നിര്‍ത്താനാവുമോ?
ഇല്ലെന്ന് ഉറപ്പാണ്.
അപ്പൊള്‍ പിന്നെ എന്തിന് ഹര്‍ത്താല്‍?
നനഞ്ഞിടം കുഴിക്കുക, അത്രതന്നെ.
എന്റെ അറിവ് ശരിയാണെങ്കില്‍ ഡല്‍ഹിയിലും ചെന്നയിലും മുംബൈയിലും എല്ലാം സാധനങ്ങള്‍ക്ക് വിലകൂടിയിട്ടുണ്ട്. ഏതു രാഷ്ട്രീയ പാര്‍ട്ടി ഭരിച്ചാലും അത് നിയന്ത്രിക്കാനുമാവുന്നില്ല. കേന്ദ്രത്തില്‍ ഭരണം നടത്തുന്ന സര്‍ക്കാരിന്റെ തലവനാവട്ടെ വിലക്കയറ്റം എന്നൊരു സംഗതി ഇവിടെ ഉണ്ടോ എന്ന് അറിയുമോ എന്നു പോലും സംശയമാണ്. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് തന്റെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്ന തിരക്കിലായിരുന്നദ്ദേഹം. തന്റെ രാജ്യത്തെ പാര്‍ലമെന്റ് സന്ദര്‍ശിക്കാനും ഇന്ത്യമുഴുവന്‍ പടരുന്ന് വിലക്കയറ്റത്തെപ്പറ്റി ചര്‍ച്ച ചെയ്യാനോ അദ്ദേഹത്തിനു സമയമില്ല, താത്പര്യവുമില്ല.
എന്തായാലും ഞാന്‍ സന്തോഷവാനാണ്.
ഒരു ദിവസം വീട്ടില്‍ തന്നെ ഇരിക്കാന്‍ കിട്ടിയ അവസരം പൂര്‍ണ്ണമായും ഉപയോഗിക്കുന്നു.
എന്നെപ്പോലെ സമാന മനസ്കരും നാളെ വീട്ടില്‍ തന്നെ ഇരിക്കും.
ഹര്‍ത്താല്‍ പൂര്‍ണ്ണ വിജയവുമാവും.
ബി.എം.എസിന് ഒരു പൊന്‍ തൂവലും !!
ഏവര്‍ക്കും ഹര്‍ത്താലാശംസകള്‍
12/21/2009
തീവ്രവാദം
മണിക്കൂറുകളിടവിട്ടുള്ള വാര്‍ത്താവിശകലങ്ങളില്‍ കേട്ട് കാതുതഴമ്പിച്ച ഒന്നായി "തീവ്രവാദി " എന്ന പദം.ഏതൊരു ചിന്താധാരയേയും ബന്ധപ്പെടുത്തിപ്രയോഗിക്കാവുന്ന ഒരു പദമാണ് തീവ്രവാദം എന്നത്, ആംഗലേയത്തിലെ "എക്സ്ട്രീം" എന്ന വാക്ക് പകരം വക്കാവുന്ന ഒന്ന്. പ്രണയം, മതം,പരിസ്ഥിതി, തത്വചിന്ത തുടങ്ങി ഏതൊരു മേഖലയിലും തീവ്രവാദം കടന്നു വരാം. അടിസ്ഥാന പരമായി വിലയിരുത്തിയാല്‍, നമ്മുടെ മനസ്സിന്റെ അടിത്തട്ടില്‍ രൂഢമൂലമായ വിശ്വാസപ്രമാണങ്ങളെ ഉറപ്പിച്ച് നിര്‍ത്താന്‍, ന്യായീകരിക്കാന്‍,അവക്കെതിരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ , നടത്തുന്ന അങ്ങേയറ്റം ആത്മാര്‍ത്ഥമായ ശ്രമമാണ് തീവ്ര പ്രവര്‍ത്തനങ്ങളിലും വാദങ്ങളിലും കലാശിക്കുക. നിര്‍ഭാഗ്യവശാല്‍ കേവലമായ ചില അര്‍ത്ഥങ്ങളിലേക്ക് മാത്രമായി ഈ പദം ഇന്ന് ഒതുങ്ങിപ്പോയിരിക്കുന്നു. തീവ്രവാദം, തീവ്രവാദി എന്നീ പദങ്ങള്‍ക്ക് ചിന്നിച്ചിതറിയ മനുഷ്യശരീരത്തിന്റേയും കണ്ണുമഞ്ഞളിക്കുന്ന അഗ്നിജ്വാലകളുടേയും ഛായയാണിന്ന്. മേല്‍ സൂചിപ്പിച്ച ആത്മാര്‍ത്ഥത എന്നത്, മതം എന്ന ഒറ്റ ആശയവുമായി ബന്ധപ്പെട്ട മത തീവ്രവാദം എന്ന ഇടുങ്ങിയ അര്‍ത്ഥത്തിലേക്ക് ചുരുങ്ങിയെന്ന് സാരം.
തീവ്രമായ ചിന്തകള്‍ എന്നത് ആത്മാര്‍ത്ഥതയില്‍ നിന്ന് ഉടലെടുക്കുന്നതാണെന്ന് സൂചിപ്പിച്ചുവല്ലോ, ആത്മാര്‍ത്ഥത എന്ന പദമാവട്ടെ ആപേക്ഷികവും. അത് തന്നോടോ തന്റെ ചിന്തകളോടോ മാത്രമായി ചുരുങ്ങിപ്പോകുന്ന സന്ദര്‍ഭങ്ങളിലാണ് തീവ്രവാദം അപകടകരമാവുന്നത്. "താനും തന്റെ ചിന്തകളും മാത്രം" എന്നസ്വാര്‍ത്ഥഭാവം ഇന്നിന്റെ മുഖമുദ്രയായതിനാല്‍ തീവ്രവാദം ഇന്നിന്റെ സംഭാവനയാവാം. തന്റെ ചിന്തകള്‍ നിയന്ത്രിക്കാന്‍ സാധിക്കാനാവാത്ത ഒരാളെ അങ്ങേയറ്റം ദുര്‍ബല ഹൃദയനായി കണക്കാക്കുന്നതില്‍ തെറ്റില്ല. ഇത്തരം ദുര്‍ബല ഹൃദയരാണ് ഇന്ന് മത തീവ്രവാദത്തിന്റെ കൈകളില്‍ എത്തിപ്പെടുന്നതെന്ന് നിസ്സംശയം പറയാം.ആയിരങ്ങളെ ബോബ് വച്ച് കൊന്ന് സ്വയം ചാരമാകുന്ന ഒരുവന് ദുര്‍ബല ഹൃദയനല്ലാതെ മറ്റെന്താണ്? പ്രധമ ദൃഷ്ട്യാ വിരോധാഭാസം എന്ന് എന്നു തോന്നാമെങ്കിലും വാസ്തവം ഇതാണ്. പഴയകാല നക്സല്‍ പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മിക്കുക.
മനോബലം കുറവായ, വികാര ജീവികളായ ഒരു യുവതലമുറയാണ് നമുക്കിന്നുള്ളത്. കേരളം പോലൊരു സംസ്ഥാനത്ത് അസംതൃപ്തരായ യുവാക്കള്‍ തികച്ചും അപകടകാരികളായേക്കാവുന്ന ഒരു സാഹചര്യത്തിലാണ് ജീവിക്കുന്നത്. ഇവരുടെ മനസ്സിനെ നിയന്ത്രിക്കാന്‍ സാധിക്കുന്ന, സ്വാധീനിക്കാന്‍ സാധിക്കുന്ന എതോരു വ്യക്തിക്കും പ്രസ്ഥാനങ്ങള്‍ക്കും ഇവരെ അടിമകളാക്കാം. പ്രസ്ഥാനങ്ങളുടെ വിളഭൂമിയായ കണ്ണൂര്‍ ഇതിനൊരു ഉദാഹരണമാണ്. ആത്മാര്‍ത്ഥതയെ ചൂഷണം ചെയ്ത് പ്രസ്ഥാനങ്ങള്‍ വേരോട്ടം ഉറപ്പിക്കുന്നു. ഈ വിളനിലം തേടിയെത്തിയ പുതിയ കൃഷിക്കാരാണ് മത മൌലിക വാദികള്‍.
മറ്റുള്ളവന്റെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ പരസ്പരം ചുരിക വീശി മരണം വരിച്ചിരുന്ന ധീരന്മാരായ ചേകവന്മാരുടെ നാടാണ് കണ്ണൂര്‍ പ്രദേശങ്ങള്‍. ഈ സവിശേഷ ചരിത്ര പശ്ചാത്തലവും തീവ്രചിന്തകളും കൂടിക്കുഴഞ്ഞതിന്റെ സംഭാവനയാണ് കണ്ണൂരിലെ രാഷ്ട്രീയം. ഈ വള്ളക്കൂര്‍ കണ്ട് കൃഷിയിറക്കാനെത്തിയ മതമൌലിക വാദികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും പ്രതിരോധിക്കാനും നമ്മുടെ സമൂഹ മനസാക്ഷി ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തപക്ഷം ഭവിഷ്യത്തുകള്‍ ഗുരുതരമാവും എന്ന തിരിച്ചറിവ് നമ്മുടെ പ്രസ്ഥാനങ്ങള്‍ക്കുണ്ടാവട്ടെ എന്ന്മാത്രം ആഗ്രഹിക്കുന്നു.
12/16/2009
ഒരു കുഞ്ഞിച്ചാത്തന്‍

മേല്‍ കാണിച്ച ബാച്ചില്‍ കറുമ്പന്മാരും ഇല്ലാതില്ല, എന്നാലും ഏറെയും വെളുമ്പന്മാരാണ്.
സംഗതിയെന്താ, ഒരു തരിമ്പും മരുന്നിന്റെ അംശം ഇതിലില്ല, അത്ര തന്നെ !
12/10/2009
തടിയന്റവിട നസീറെന്ന രാവണന്
ഉമ്മന്‍ ചാണ്ടി മുതല്‍ ഇങ്ങു താഴെ ചായപ്പീടികകളില്‍ വരെ മണിക്കൂറുകള്‍ ഇടവിട്ട് ഉരുക്കഴിക്കുന്ന പേര്.അതിനാല്‍ തന്നെ പേരിന്ന് കേരളീയര്‍ക്ക് സുപരിചിതം.
പക്ഷെ മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യം, നസീര്‍ എന്ന വിദ്വാന് പത്തു തലയുള്ള ഒരു രാവണാവതാരം ആണെന്ന മട്ടിലുള്ള വാര്‍ത്തകളാണ്, കോഴിക്കോട് ബസ്റ്റാന്റില്‍ ബോംബ് വച്ചതു മുതല്‍ പാകിസ്ഥാന് തീവ്രവാദികള്‍ക്ക് പരിശീലനം കൊടുക്കുന്നത് പോലും തടിയന്റവിട നസീര്‍ എന്ന കണ്ണൂര്‍ക്കാരനാണെന്ന മട്ടിലുള്ള ചിത്രീകരണങ്ങളാണ്. ദിവസേന പുതിയ പുതിയ വെളിപ്പെടുത്തലുകള്‍ വരുന്നു, വിദേശ രാജ്യങ്ങളിലേക്ക് അളെ റിക്രൂട്ട് ചെയ്തത്, ആയുധം കടത്തിയത് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ചാര്‍ജുകളാണ് ഈ മഹാനുഭാവന്റെ മേല്‍ ചുമത്തപ്പെടുന്നത്.
നസീര്‍ തീവ്രവാദിയായിരിക്കാം, അയാളെക്കൊണ്ട് സാദ്ധ്യമായ രീതിയിലുള്ള വിദ്ധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിട്ടും ഉണ്ടായിരിക്കാം. എന്നിരുന്നാലും ഒരു ഒറ്റ വ്യക്തി എന്ന പരിധിക്ക് പുറമേക്ക് ചാര്‍ജുകള്‍ വരുന്നത് ബോധപൂര്‍വ്വമായ നാടകമല്ലെ ? ഒരു പോലീസ് ഏജസി മാത്രമല്ല ഇത്തരം കുറ്റാരോപണങ്ങളുമായി വരുന്നതെന്ന് ശ്രദ്ധിക്കണം, കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പൊക്കുക എന്ന സ്ഥിരം പദ്ധതിയാണെങ്കില്‍ അപകടമില്ല. മറിച്ച് എല്ലാം താന്‍ തന്നെ ചെയ്തതാണെന്ന് നസീറിന്റെ ഏറ്റു പറച്ചില്, ഇതെല്ലാം കണ്ട് ചിരിയൂറിക്കൊണ്ടിരിക്കുന്ന മറ്റാരെങ്കിലുമൊക്കെ രക്ഷപ്പെട്ടുപോകാനുള്ള പഴുതാവുന്നുവെങ്കില്‍ സംഗതി ഗുരുതരം തന്നെ. നമ്മുടെ പോലീസും മാദ്ധ്യമങ്ങളും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തും എന്നു കരുതാം.
12/01/2009
ഋതുവിലാസം

1996ല്‍ മലബാര്‍ സിമന്റ്സ് പുറത്തിറക്കിയതാണീ കവിതാ സമാഹാരം. പക്ഷെ താളുകള്‍ മറിച്ചു ചെല്ലുമ്പൊള്‍ ഒന്നമ്പരക്കും, കയ്യില്‍ കിട്ടിയത് കവിതാ പുസ്തകം തന്നെ അല്ലെ എന്ന്?

അവതാരിക എഴുതിയിരിക്കുന്നത് നമ്മുടെ ചങ്ങാതി ബാലചന്ദ്രന് ചുള്ളിക്കാട്.
ഉറപ്പിന്റെ പര്യായമാവേണ്ട മലബബാര്‍ സിമന്റ്സെന്ന സ്ഥാപനവും ലോലമായ കവിതാ കൂട്ടും എപ്രകാരം ചേര്‍ന്നു എന്ന് അന്ന് അത്ഭുതപ്പെട്ടിരുന്നു.
ഒന്നും എഴുതാതെ അങ്ങിനെ തന്നെ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന ആ പുസ്തകം രണ്ട് മാസം മുമ്പാണ് പൊടി തട്ടിയെടുത്തത്. സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ഡയറി ഇറക്കാന്‍ സാമ്പിളായി പ്രദര്‍ശിപ്പിക്കാന്‍. അന്ന് സ്കാന്‍ ചെയ്തിട്ട ഈ ചിത്രങ്ങള്‍ ബൂലോകര്‍ക്കായി പോസ്റ്റുന്നു, ഇത്തരം ഒന്ന് പിന്നീടെനിക്ക് കിട്ടിയിട്ടില്ല.
11/23/2009
പാപമോചനത്തിന് ശബരിമല
ഉറങ്ങാന്‍ കൂട്ടാക്കാത്ത കുഞ്ഞിനെ ഉറക്കാന്‍ ഉമ്മാക്കി വരുമെന്ന് ഭയപ്പെടുത്തുന്ന പെറ്റമ്മ മുതല്‍, പാപം ചെയ്യാത്ത കുഞ്ഞാടുകളെല്ലാം അഗ്നിനാളങ്ങളാളുന്ന നരകത്തിങ്കല്‍ നിന്നും മോചിതരാണെന്ന് ഘോഷിക്കുന്ന അച്ചന്മാര് വരെ ആ സിദ്ധാന്തം ഇന്നും പ്രയോഗിക്കുന്നു. കണ്മുന്നില് കാണുന്ന ദുരിത മാരണങ്ങള്‍ക്ക് മറുപടിപറയാനാവാതെ ഉത്തരം മുട്ടുമ്പോള്‍, സ്വര്‍ഗ്ഗ നരകങ്ങള്‍ വര്‍ണ്ണചിത്രങ്ങളായ് വരച്ച് ദൈവ വേലക്കാര്‍ തടിതപ്പുന്നു. പ്രയോഗം ആരെന്നുള്ളത് അപ്രസക്തമാക്കി നരകം എന്ന സിംബല്‍ ഇന്നും വിളങ്ങുന്നു. പറഞ്ഞുവരുന്നത് സ്വര്‍ഗ്ഗ നരകങ്ങളെന്ന സങ്കല്‍പ്പങ്ങളെക്കുറിച്ചാണ്.
ഇഹലോകത്തില്‍ ചെയ്യുന്ന പാപങ്ങള്‍ക്ക് പരലോകത്താണ് ശിക്ഷ, ശിക്ഷ കഴിഞ്ഞാല്‍ പാപമോചനം ലഭിക്കും. എന്നാലിതാ ഈ കലിയുഗത്തില്‍ ഭൂമിയില്‍ തന്നെ പാപമോചനവുമായി കലിയുഗ വരദന്.
വീണ്ടുമൊരു മണ്ഡലകാലം വരവായി, ഒരു ശബരിമല സീസണ് കൂടി ആരംഭിക്കുന്നു. പതിവുപോലെ പത്രത്താളുകളില്‍ ചര്‍ച്ചകള്‍, പദ്ധതി അവലോകനങ്ങള്‍, ശബരിമലയാകട്ടെ പിടിതരാതെ വളരുകയാണ്. ശബരിമലയുടെ പ്രശസ്തി അങ്ങ് വടക്കേയിന്ത്യ വരെ പടരുന്നു, കറുപ്പിനെ പടികടത്താന്‍ കാവി മത്സരിക്കുന്നു. എങ്കിലോ ശബരിമലയിലെത്തുന്ന ഭക്ത ജനങ്ങള്‍ക്ക് അവിടെ ലഭിക്കുന്നതെന്തെല്ലാമാണെന്ന് ഈ അവസരത്തില്‍ ചിന്തിച്ചു നോക്കുക, എല്ലാ വര്‍ഷവും ചിന്തിക്കാറുള്ളപോലെ.കേരള സമ്പത് വ്യവസ്ഥയില്‍ ഗണ്യമായൊരു സംഭാവന നല്കുന്ന ശബരിമലയിന്നും നിയമങ്ങളുടെ നൂലാമാലകളാലോ അധികാരികളുടെ അവഗണനയാലോ ഇല്ലായ്മകളാല്‍ വീര്‍പ്പുമുട്ടുകയാണ്. ഒപ്പം അനുഷ്ഠാനങ്ങളുടെ പിടിവാശികളും സഹായത്തിനെത്തുന്നു. മാസാമാസം ഒന്നാം തിയ്യതി മുതല്‍ തുറക്കുന്ന അയ്യഞ്ചു ദിവസങ്ങള്‍ക്കും മണ്ഡലകാലത്തെ നാല്‍പ്പത്തൊന്നു ദിവസങ്ങള്‍ക്കും താങ്ങാനാവുന്നതില്‍ കൂടുതല്‍ ജനലക്ഷങ്ങളാണവിടെ എത്തുന്നത്. അവര്‍ക്ക് ലഭിക്കുന്നതോ, അവര്‍ക്കുവേണ്ടി നമുക്കൊരുക്കാന്‍ കഴിയുന്നതോ ആയ സൌകര്യങ്ങള്‍ പരിമിതം.
കേരളത്തില്‍ നിന്നുള്ള സ്വാമിമാരെക്കാളേറെ അന്യഭാഷാ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് കൂടുതലെത്തുന്നത് കണക്കുകള്‍ സൂചിപ്പിക്കുന്നത്. റോഡുമാര്‍ഗ്ഗം മൈലുകള്‍ താണ്ടിയാണ് ഇവരിലേറെയും വന്നെത്തുന്നത്. ആവശ്യമായ ഇടത്താവളങ്ങളോ മറ്റ് സൌകര്യങ്ങളോ ഇല്ലാത്ത നമ്മുടെ കൊച്ചു പട്ടണങ്ങളിലെ പുഴത്തീരങ്ങള്‍ കക്കൂസുകളാക്കി ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റുന്നു. ഇവയിലെ പ്രധാന ഒന്നായ ഭാരതപ്പുഴയോര്‍ത്തുകൂടി ദിവസേന ഞാന്‍ കടന്നു പോകുന്നതാണ്. ശബരിമല സീസണാരംഭിച്ചുവെന്ന് വിളിച്ചോതുന്ന കാറ്റിന് സുഗന്ധം സഹിക്കാമെന്നു വച്ചാലും കിലോഗ്രാം കണക്കിന് ചൊരിയപ്പെടുന്ന കോളിഫോം ബാക്റ്റീരിയകളും മറ്റ് അണുക്കളും ഞങ്ങളുടെ പരിസരത്തെ എന്താക്കി മാറ്റുമെന്ന ആശങ്ക വര്‍ഷം തോറും ഏറുന്നു. കേരളത്തിന്റെ വടക്കേയറ്റം മുതല്‍ “കോളി വിതരണം” നടത്തി പമ്പയിലെത്തുന്ന ഇവരെ കാത്തിരിക്കുന്നത് അതിലും വലിയ മാലിന്യ കൂമ്പാരമാണ്. ദേവസ്വം ബോര്‍ഡ് വക ശൌചാലയങ്ങള്‍ അനവധി പ്രവര്‍ത്തിക്കുന്നുവെങ്കിലും എല്ലാവര്ക്കും ഈ സൌകര്യം ലഭ്യമാവണം എന്നില്ല. പമ്പയില്‍ തൃവേണി മുതല്‍ ഗണപതി ക്ഷേത്രത്തിനു മുന്‍വശം വരെയുള്ള ചെറിയ ഒരു പ്രദേശം ഒഴിച്ചാല്‍ മനുഷ്യമലം ഒഴിഞ്ഞ ഒരിഞ്ച് സ്ഥലം പോലും പമ്പാ തീരത്ത് കാണാനാവില്ല. പമ്പാ നദിയിലെ ജലത്തെക്കുറിച്ചും അണുക്കളുടെ എണ്ണത്തെക്കുറിച്ചും മറ്റും ധാരാളം പഠനങ്ങള്‍ വന്നിട്ടുണ്ട്. പരിഹാരങ്ങളും നിര്‍ദ്ദേശിക്കപ്പെടുന്നു, പക്ഷെ അവയെല്ലാം നിയമങ്ങളുടെ ഊരാക്കുടുക്കുകളിലു, അവിടെയെത്തുന്ന ഓരോ വ്യക്തിയുടേയും പൌരബോധത്താലും ഫയലില്‍ തന്നെ ഒതുങ്ങുന്നു.
പമ്പയില്‍ നിന്നും ശബരിമല വരെയുള്ള കാട്ടിലൂടെയുള്ള ഒരു വഴി സിമന്റിട്ട് ദോശക്കല്‍പ്പരുവത്തിലാക്കിയതിനാല്‍ വെയില് മൂത്താലുള്ള മലകയറ്റം , നരകത്തിലെ അഗ്നിയിലൂടെയുള്ള നടപ്പിന് ഒരു പരിശീലനമാവും. സ്വാമിയയ്യപ്പന്‍ റോഡാവട്ടെ ട്രാക്റ്റര്‍ ഓടി താറുമാറായിരിക്കും, എങ്കിലും സിമന്റ് പൊതിഞ്ഞിട്ടില്ലെന്നത് ആശ്വാസം.
സന്നിധാനത്തെത്തുന്ന ഒരോരുത്തരേയും കാത്തിരിക്കുന്നത് മണിക്കൂറുകള്‍ നീണ്ട കാത്തു നില്‍പ്പാണ്. മകര വിളക്ക് സമയത്ത് ദിവസങ്ങളോളം വരിയില്‍ നില്ക്കേണ്ടുന്ന സാഹചര്യമാണിപ്പോഴുള്ളത്.തീവ്രവാദ ഭീഷണിയുടെ മേമ്പൊടികൂടിയായപ്പോള്‍ എല്ലാം പൂര്‍ണ്ണം, മെറ്റല്‍ ഡിക്റ്റക്റ്റര് ഘടിപ്പിച്ച കവാടത്തിലൂടെ പ്രവേശനം.
ഭക്ഷണവും മറ്റ് പ്രാധമിക ആവശ്യങ്ങളെല്ലാം ത്യജിച്ച് വരി നില്ക്കുന്ന ഭക്തന് ഈ ദര്‍ശനം പാപമോചനം നല്കുമെന്നതില് സംശയം വേണ്ട. ഒരു വര്‍ഷം അവനനുഭവിച്ച സുഖസൌകര്യങ്ങല്‍ക്കു തുലനം എന്ന നിലയിലും നരകതുല്യമായ ഒരു സ്ഥലത്ത രണ്ട് ദിവസം കഴിച്ചുകൂട്ടിയതിനാല്‍ ആ വര്‍ഷത്ത പാപങ്ങളെല്ലാം നിര്‍വീര്യമാക്കപ്പെട്ടു എന്ന നിലയിലും മണ്ഡലകാല ശബരിമല ദര്‍ശനം ഉത്തമം തന്നെ.
11/15/2009
11/11/2009
സലാം മാതൃഭൂമി

എന്താണ് കൈ നിറയെ?
ആര്‍ക്കാണ് കൈ നിറയെ?
പുതിയ പാളയത്തില്‍ വീരനു കിട്ടിയ വല്ലതിനെക്കുറിച്ചാവുമോ?
പിന്കുറിപ്പ്:ഓര്‍മവച്ച നാള് മുതല്‍ പ്രഭാതത്തില്‍ കണ്ടുണര്‍ന്നിരുന്ന മാതൃഭൂമി അടുത്തമാസം മുതല്‍ ഇല്ല. പകരം മലയാളത്തിലേതു പത്രം?
ആംഗലേയം മാത്രം മതി എന്നു തീരുമാനം.
11/07/2009
നഗരങ്ങളിലെ സാര്‍ത്ഥക കൂട്ടായ്മകള്‍
വാര്‍ത്ത അല്പം പഴയതെങ്കിലും വിഷയം പുതുമ നിലനിര്‍ത്തുന്നതിനാല്‍ ഫെബ്രുവരിയില്‍ വന്നൊരു പത്രവാര്‍ത്ത പോസ്റ്റുന്നു.
പൊങ്ങച്ച സഞ്ചിയും തൂക്കി സമയം കൊല്ലാന്‍ നടക്കുന്നതിനു പകരം, കണ്ണീര് സീരിയലുകള്‍ക്ക് മുന്നില്‍ ചടഞ്ഞിരുന്ന് കണീരൊപ്പി തളരുന്നതിനി പകരം, ഈ വീട്ടമ്മമാര്‍ നടത്തിയ പരിശ്രമത്തെ നമ്മുടെ സ്ത്രീകളെല്ലാം മാതൃകയാക്കിയെങ്കില്‍ എന്ന് ആശിക്കുന്നു.
ഹെവന്‍ലി വില്ലാസ് കോളനിയിലെ വീട്ടമ്മയും സസ്യശാസ്ത്ര ബിരുദധാരിണിയുമായ ചിത്രാ വിശ്വേശരന്റെ വീട്ടു മുറ്റത്ത് നടന്ന കൃഷിയുടെ വാര്‍ത്തയാണ് പരാമര്‍ശ വിഷയം.
11/05/2009
വിശുദ്ധമായ ഭാവനകള്‍
വിശുദ്ധമായ ഭാവനകള്‍
ഈ ലിങ്കിലൂടെ പോവാം.
11/03/2009
വിലയിടിയുന്ന സര്‍ക്കാര്‍ മരുന്നുകള്‍
കേരള സര്‍ക്കാരിന്റെ അധീനതയില്‍ വരുന്ന ഏതൊരു വകുപ്പുമായും ബന്ധപ്പെട്ട എല്ലാ വാങ്ങലുകളും നിയന്ത്രിക്കുന്ന ചട്ടങ്ങളാണ് "സ്റ്റോര്‍ പര്‍ച്ചേസ് റൂള്‍സ് " (ഇവിടെ വായിക്കാം) മൊട്ടുസൂചിയായാലും സ്കാനിങ് മെഷീനായാലും, കോഴിയായാലും കോഴിക്കൂടായാലും എല്ലാ വാങ്ങലുകളും ഈ ചട്ടങ്ങള്‍ക്ക് വിധേയമായിരിക്കും. വാങ്ങലുകളെ വിവിധ ഘട്ടങ്ങളിലായി തരം തിരിച്ച് ഓരോ ഘട്ടങ്ങളിലും പാലിക്കപ്പെടേണ്ട നിബന്ധനകള്‍ അക്കമിട്ട് പറഞ്ഞിരിക്കുന്നു. സര്‍ക്കാര്‍ ഖജനാവിന് യാതൊരു നഷ്ടവും സംഭവിക്കാതിരിക്കാന്‍ ചിട്ടപ്പെടുത്തിയ ഈ നിയമങ്ങള്‍ ചില വാങ്ങലുകള്‍ക്കെങ്കിലും തടസ്സം സൃഷ്ടിക്കുന്നു എന്ന് പറയാതെ നിര്‍വ്വാഹമില്ല. അവയിലൊന്നാണ് "ലോവസ്റ്റ് റേറ്റ് " എന്ന സംഗതി. ഏതു വസ്തു വാങ്ങുമ്പോഴും ഏറ്റവും കുറഞ്ഞ വിലക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്നവരെ സ്വീകരിക്കണമെന്നും അല്ലാത്തവരെ തിരസ്കരിക്കണമെന്നും ഈ നിയമങ്ങള്‍ അനുശാസിക്കുന്നു. അതു പ്രകാരം ഏതൊരു വാങ്ങല്‍ പ്രകൃയകള്‍ക്കും കുറഞ്ഞ വിലക്കാര്‍ക്ക് മുന്‍ഗണന ലഭിക്കുന്നു എന്നു സാരം.
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മരുന്ന് വാങ്ങുന്നതിനായി നിശചയിക്കപ്പെട്ട ഏജസികള്‍ മരുന്നു നിര്‍മ്മാണം നടത്തുന്നവയല്ല. മുമ്പ് വിദഗ്ധ സമിതിയിആയിരുന്നെങ്കില്‍ ഇപ്പോള്‍ നിയതമായ ഘടനയോടു കൂടിയ ഏജന്‍സിയാണത് നിര്‍വ്വഹിക്കുന്നത്. ആരോഗ്യവകുപ്പില്‍ നിന്നും ആവശ്യമായ മരുന്നുകളുടെ വിവരങ്ങള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഈ ഏജസി പ്രസ്തുത മരുന്നുകള്‍ ആവശ്യമുണ്ടെന്ന് കാണിച്ച് ടെണ്ടര്‍ വിളിക്കുകയാണ് പതിവ്. നിര്‍മ്മാതാക്കളോ വിതരണക്കാരോ മുദ്രവച്ച ടെന്‍ഡറുകള്‍ സമര്‍പ്പിക്കുന്നു, കൂടെ ഓരോ മരുന്നുകളുടേയും നിര്‍ദ്ദിഷ്ട അളവില്‍ സാമ്പിളുകളും . സാമ്പിള്‍ മരുന്നുകള്‍ ഗുണനിലവാരം പുലര്‍ത്തുകയും ടെന്‍ഡര്‍ തുക ഏറ്റവും കുറവായിരിക്കുകയും ചെയ്യുന്ന കമ്പനിക്ക് വിതരണാവകാശം ലഭിക്കും, ഇത്രയുമാണ് ചുരുക്കം നടപടികള്‍. ഏതു മോശം കമ്പനിയുടേയും സാമ്പിള്‍ മരുന്നുകള്‍ ഗുണനിലവാരമുള്ളവയായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ, കാരണം അത് നിശ്ചിത മരുന്ന്, നിശ്ചിത അളവില്‍ അടങ്ങിയവയായിരിക്കും.
ഏറ്റവും വിലകുറച്ച് മരുന്ന് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയുടെ വിശദാംശങ്ങള്‍ അന്വേഷിച്ച് ടെന്‍ഡര്‍ ഉറപ്പിക്കാനുള്ള ബാധ്യത ആരേറ്റെടുക്കും? വാഗ്ദാനം ചെയ്ത വിലക്ക് ആ മരുന്ന് ലഭ്യമാക്കുക പ്രായോഗികമാണോ എന്ന് അന്വേഷിക്കാം, പക്ഷെ ആര്?
കുറഞ്ഞ വിലക്ക് നല്‍കാമെന്ന് പറഞ്ഞ കമ്പനിയുടെ വാഗ്ദാനം തിരസ്കരിക്കാന്‍ നിര്‍ദ്ദേശം നല്കിയതാരോ അവര്‍ ഒരു പക്ഷെ അടുത്ത വിജിലന്‍സ് അന്വേഷണത്തിന് ഇരകളാവാം. കേരളത്തിന്റ് സമീപ കാല ചരിത്രങ്ങള്‍ നമ്മളെ ഓര്‍മ്മിപ്പിക്കുന്നതതാണ്. കുറഞ്ഞ തുകക്ക് ടെന്‍ഡര്‍ നല്‍കിയിട്ടും തങ്ങളുടെ വാഗ്ദാനം നിരസിച്ചു എന്ന് ആരോപിച്ച് പ്രസ്തുത കമ്പനി കോടതിയെ സമീപിച്ചേക്കാം, സ്ഥാനത്തും അസ്ഥാനത്തും ഇടപെടുന്ന കോടതിയുടെ നിലപാട് നിര്‍ണ്ണായകമാവും. ഇനി അതുണ്ടായില്ല, വാങ്ങല്‍ നടന്നു എന്ന് സങ്കല്പ്പിച്ചാല്, വാങ്ങലിനു ശേഷം, എ.ജി അഥവാ അക്കൌണ്ടന്റ് ജനറല്‍ എന്ന പുലി വിശദ പരിശോധന നടത്തുകയും കുറഞ്ഞവിലക്ക് നല്കാന് ആളുണ്ടായിരുന്നിട്ടും കൂടിയ വിലക്ക് മരുന്നു വാങ്ങിയെന്നും , സധാരണക്കാരന്റെ നികുതിപ്പണം ഇതാ ഒലിച്ചു പോയി എന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്താല്‍ ടെന്‍ഡര്‍ നിരസിച്ച ഉദ്യോഗസ്ഥന് കുരിശു ചുമക്കല്‍ ആരംഭിക്കും. പ്രായോഗികമായി ഇന്ന ഇന്ന കാരണങ്ങളാലാണാ കമ്പനിയുടെ ടെണ്ടര്‍ തള്ളിയതെന്ന വാദം പലപ്പോഴും വിലപ്പോയെന്നു വരില്ല, കാരണം പ്രയോഗികത അവരുടെ ബാധ്യത അല്ല. അപ്പോള്‍ ചുരുക്കത്തില്‍ കമ്പനി മോശമാണെന്ന് ചൂണ്ടിക്കാട്ടി ടെന്‍ഡര്‍ നിരസിക്കുക അത്ര പ്രായോഗികമല്ലെന്ന് സാരം.
ലോവസ്റ്റ് റേറ്റ് എന്ന കുറഞ്ഞ വില എങ്ങിനെ സാദ്ധ്യമാവും?
1.കമ്പനി ലക്ഷ്യമിടുന്ന ലാഭം കുറക്കുക.
2.അടങ്ങിയിരിക്കുന്ന മരുന്നിന്റെ അളവോ ഗുണമോ കുറക്കുക.
നിശ്ചയമായും രണ്ടാമത്തെ വഴിയിലേക്ക് കമ്പനികള്‍ നീങ്ങും.
എപ്രകാരം "ചാത്തന്" (കട:മനോരമ) മരുന്നുകള്‍ നമ്മുടെ സര്‍ക്കാര്‍ ഫാര്‍മസികളിലെത്തുന്നു എന്നതിന്റെ ഒരു ചെറു സൂചന മാത്രമാണിത്. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് കൂടുതല്‍ പ്രയോഗികമായ സമീപനം കൂടിയേ തീരൂ. അതെത്രയും പെട്ടന്ന് രൂപപ്പെടുന്നു എന്നത് നമ്മുടെ നാട്ടിലെ പട്ടിണിപ്പാവങ്ങളുടെ തലവിധി അനുസരിച്ചിരിക്കും എന്നും പറയുന്നതില്‍ ഖേദമുണ്ട്.
10/22/2009
വ്യവസായങ്ങള്‍ മൃഗസംരക്ഷണ മേഖലയില്‍
പ്രധാനമായും മൂന്ന് ഘടകങ്ങളാണ് പ്രതികൂലമായി പരിണമിക്കുന്നത്.
1. സ്ഥല ലഭ്യത: താരതമ്യേന ജനസാന്ദ്രതയേറിയ കേരളത്തില്‍ അനുയോജ്യമായ സ്ഥലം ലഭിക്കുക എന്നത് ദുഷ്കരമായിരിക്കുന്നു. റിയലെസ്റ്റേറ്റ് ബിസിനസ്സ് തഴച്ചു വളര്‍ന്നിരിക്കുന്ന ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലും ഭൂമിക്ക് പൊന്നിന്റെ വിലയാണ്. തുടങ്ങാനുദ്ദേശിക്കുന്ന വ്യവസായത്തിന്റെ "റിസ്ക് ഫാക്റ്റര്‍", വരുമാന ലഭ്യത എന്നിവ താരതമ്യം ചെയ്താല്‍ "ചുരുങ്ങിയ അദ്ധ്വാനത്തില്‍ ഏറെ വരുമാനം" എന്ന ലക്ഷ്യവുമായി മുന്നോട്ട് നീങ്ങുന്ന മലയാളി, ഭൂമിയെ കൃഷിമേഖലയിലുപയോഗിക്കാന്‍ വിമുഖനാവും. ജനസാന്ദ്രതയുമായി കൂട്ടി വായിക്കപ്പെടേണ്ട ഒന്നാണ് മലിനീകരണം എന്ന ഘടകം. വ്യവസായങ്ങള്‍ വളരണമെന്ന് മുറവിളികൂട്ടുന്നവര്‍ പോലും നിസ്സാര പ്രശ്നങ്ങള്‍ ഊതിപ്പെരുപ്പിച്ച് ഇത്തരം സംരഭങ്ങള്‍ക്ക് എതിരെ തിരിയുന്നത് സര്‍വ്വ സാധാരണമാണ്. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പുത്തൂര്‍ പന്നി ഫാം അടച്ചു പൂട്ടിച്ച കഥകള്‍ ഈ അവസരത്തില്‍ നാം അനുസ്മരിക്കുക.ഓര്‍മവന്ന പഴയ ഒരു വാര്‍ത്താ ശകലം ഇതാ
2.തീറ്റച്ചിലവുകള്‍: പുല്ല്, വൈക്കോല്‍ എന്നീ രണ്ട് തീറ്റ വസ്തുക്കളൊഴികെ മറ്റെല്ലാ തീറ്റകളും അന്യസംസ്ഥാനത്തുനിന്നും വരുന്നവയാണ്. ഇവയില്‍ തന്നെ കാര്‍ഷിക മേഖലയിലെ പിന്നോട്ട് പോക്ക് വൈക്കോലിന്റേയും പച്ചപ്പുല്ലിന്റെയും ലഭ്യതയെയും സാരമായി തന്നെ ബാധിച്ചിരിക്കുന്നു. നെല്‍ കൃഷിയില്ലാത്ത സംരഭകര്‍ ഇവയും വിലകൊടുത്തു വാങ്ങി ചിലവ് വര്‍ദ്ധിപ്പിക്കുക എന്ന വഴിയാണ് ആശ്രയിക്കുന്നത്. സമീകൃത തീറ്റയുടേയും പിണ്ണാക്ക് വര്‍ഗ്ഗങ്ങളുടേയും വിലയിലുണ്ടായ ക്രമാതീത വര്‍ദ്ധനവ് കര്‍ഷകന്റെ നട്ടെല്ലൊടിക്കാന്‍ പര്യാപ്തമാണ്. സര്‍ക്കാര്‍ മേഖലയില്‍ നിന്നുമൊരു ഇടപെടല്‍ എന്ന രീതിയില്‍ ആരംഭിച്ച കാലിത്തീറ്റ ഫാക്റ്ററിയും ഉദ്ദേശിച്ച പ്രയോജനം നല്‍കിയില്ല. ക്ഷമതയില്ലാത്ത പാലുത്പാദനവും ഉയര്‍ന്ന ശരീരഭാരവുമുള്ള നമ്മുടെ ശരാശരി ഫാം പശുക്കള്‍ വരവും ചിലവും അനുപാദം വരുതിയില്‍ നിര്‍ത്താന്‍ സഹായിക്കുന്നില്ല.
3.തൊഴിലാളികളുടെ ലഭ്യത: ശരീരത്ത് കറപുരളുന്ന ജോലികള്‍ ചെയ്യാന്‍ വിമുഖരായ മലയാളികളെ നമുക്ക് ഈ തൊഴിലിനായി ലഭിക്കുക അസാദ്ധ്യമാണ്. ബദല്‍ സംവിധാനം എന്ന നിലയില്‍ തമിഴ്നാട് ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികളെയാണ് മറ്റെല്ലാ മേഖലയിലുമെന്നപോലെ ഈ രംഗത്തും നാമാശ്രയിക്കുന്നത്.ബഹുരാഷ്ട്ര കമ്പനികള്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉയര്‍ന്ന കൂലി നല്‍കുന്നത് നിര്‍മ്മാണമേഖലയിലെ കൂലിവ്യവസ്ഥ തന്നെ അട്ടിമറിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍, ഫാമില്‍ തൊഴിലെടുക്കാന്‍ തൊഴിലാളിയെ കിട്ടാതായിരിക്കുന്നു. ഈ സ്ഥിതി തുടരുന്നിടത്തോളം കാലം കൂലിയിനത്തില്‍ വര്‍ദ്ധിച്ച തുക ചിലവഴിക്കേണ്ട സാഹചര്യം നിലനില്ക്കുക തന്നെ ചെയ്യും.
പരിഹാരമാര്‍ഗ്ഗങ്ങള്‍:
നിശ്ചിതമായ ഒരു പാക്കേജ് എന്ന നിലയില്‍ പരിഹാരം നിര്‍ദ്ദേശിക്കാവുന്ന പ്രശ്നങ്ങളല്ല ഇവ. നമ്മുടെ സര്‍ക്കാര്‍ നയങ്ങളും തൊഴിലിനോടും മറ്റ് സംരഭങ്ങളോടുമുള്ള കേരളീയ സമൂഹത്തിന്റെ സമീപനവും ഒന്നു ചേര്‍ന്ന് സങ്കീര്‍ണ്ണമാക്കിയിരിക്കുന്നു , സാഹചര്യങ്ങള്‍. ഓരോ പ്രദേശത്തിന്റെയും സവിശേഷ സാഹചര്യങ്ങള്‍ അവിടവിടെയായി പരിശോധിച്ച് പരിഹാരം കാണുകയെ നിലവില്‍ സാദ്ധ്യമാവുകയുള്ളൂ.
ഒറ്റപ്പെട്ട ആ ചില വിജയഗാഥകള്‍:
ഈ സങ്കീര്‍ണ്ണ സാഹചര്യത്തിലും വിജയകരമായി ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രയത്നശാലികളെ നമുക്ക് കണ്ടെത്താനാവും.യുവാക്കളാണ് ഈ രംഗത്ത് കൂടുതലായി കടന്നുവരുന്നതെന്നത് ഒരേസമയം അഭിമാനകരവും അതേ സമയം ആശങ്കാ ജനകവുമാണ്. വിജയികളുടെ ചരിത്രം പരിശോധിച്ചാല്‍ വെളിവാകുന്നത് വിശ്രമമില്ലാത്ത കഠിനാധ്വാനത്തിന്റ് ചിത്രങ്ങളാണ്. പുലര്‍ച്ചെ മൂന്നുമണിക്കാരംഭിച്ച് രാത്രി പത്തുമണി വരെ നീളുന്ന ചിത്രം ആവേശഭരിതമെങ്കിലും ആശാവഹമല്ല. തന്റെ ജീവിതത്തിന്റെ വിലമാത്രമാണവന്‍ ലാഭമായി പരിവര്‍ത്തനം ചെയ്യുന്നത്. ഒരു വ്യക്തിയിലെ "സാധാരണ മനുഷ്യന്" എന്ന ഘടകം വിസ്മരിച്ചാണ് നാം ആവേശം കൊള്ളേണ്ടി വരിക. ജീവിതത്തില്‍ സ്വതന്ത്രമായി ഒരു നിമിഷം പോലും സ്വന്തമായി എടുക്കാനില്ലാത്ത ഒരു വ്യക്തി കടന്നുപോകുന്ന മാനസ്സിക സമ്മര്‍ദ്ദം എന്നെ വേവലാതിപ്പെടുത്തുന്നു. ഒരു പക്ഷെ ഈ തൊഴിലിനോട് തന്നെ വിരക്തി വളരാനും അവനെ ഈ മേഖല വിട്ടുപോകാനും പ്രേരിപ്പിക്കുന്നത് ഈ ഘടകമാവാം. മന്ഷ്യന് എന്ന അടിസ്ഥാന ഘടകത്തെ ഒഴിച്ചു നിര്‍ത്തിയുള്ള ഒരു സംരഭങ്ങളും സ്ഥായിയാരിക്കില്ലെന്ന് നാം തിരിച്ചറിയണം. ഈ സാഹചര്യങ്ങള്‍ മൊത്തമായി പരിഗണിച്ച് പ്രാദേശികമായ കൂട്ടായമകള്‍ രൂപപ്പെടുത്തി മാത്രമേ ഇനി മുന്നോട്ട് പോകാനാവൂ.
10/05/2009
ഡാനിഷ് മജീദ്: തുടര്‍ക്കഥയാവുന്ന കുറുക്കുവിദ്യകള്‍
തന്റെ പതിനേഴാമത്തെ വയസ്സില്‍ ബൃഹത്തായൊരു ഡയറി ഫാം തുടങ്ങി കാര്‍ഷിക കേരളത്തിന് മാതൃകയായ യുവാവ്.
രാവിലെ മൂന്നുമണിക്കുണര്‍ന്ന് പശുക്കളുമായി കുശലം പറഞ്ഞ്, തൊഴുത്തു വൃത്തിയാക്കി, തീറ്റയിട്ടു കൊടുക്കും.പിന്നെ മെഷീന്റെ സഹായത്താല്‍ പാല്‍കറന്ന് വിവിധ സ്ഥലങ്ങളില്‍ സ്വന്തമായെത്തിക്കും. പഠന സൌകര്യത്തിനായി പാരലല്‍ കോളേജിനെ ആശ്രയിക്കുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു ഡാനിഷിന്. സ്വന്തം നിശ്ചയ ദാര്‍ഢ്യത്താല്‍ ജീവിതത്തെ കാല്ക്കീഴിലൊതുക്കി ഡാനിഷ്. വിജയ കഥകള്‍ക്കൊപ്പം രാഷ്ട്രീയവും കൂട്ടിക്കലത്തപ്പെട്ടപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ വരെ പറന്നെത്തി ഡാനിഷിനെ സഹായിക്കാനായ്. ജോജുവിനെ പഴയൊരു പോസ്റ്റില്‍ നമുക്കക്കഥകള്‍ വായിക്കാം.
ഡാനിഷ് മജീദിന്റെ വിജയ ഗാഥയുടെ യൂ ട്യൂബ് വീഡിയോ ഇവിടെ കാണാം.
04-10-2009, ദേശാഭിമാനിയിലെ ഈ വാര്‍ത്തയാണ് വീണ്ടും ഡാനിഷെന്ന പേര് എന്റെ മുന്നില്‍ എത്തിക്കുന്നത്. വാര്‍ത്ത നോക്കൂ.
മാദ്ധ്യമങ്ങള്‍ വാഴ്ത്തിയ ഡാനിഷ് വഞ്ചനാ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന് വാര്‍ത്ത. ദേശാഭിമാനിക്ക് തീര്‍ച്ചയായും ഈ വാര്‍ത്തയില്‍ താത്പര്യമുണ്ടാവുമെന്ന് പൂര്‍വ്വ കാല കഥകള്‍ അറിയുന്നവര്‍ക്ക് ബോദ്ധ്യപ്പെടും. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ നമ്മോട് പറയുന്നതെന്താണ്?
വിജയത്തിലേക്ക് കുറുക്കുവഴികള്‍ തേടുന്ന പുതു തലമുറ യുവാക്കളെ പ്രതിനിധാനം ചെയ്യുന്നു ഡാനിഷ്.
തന്റെ ഡയറി ഫാമിന്റെ വിജയവും മലിനീകരണ പ്രശ്നവും ഈ യുവാവിനെ മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ടവനാക്കി. സര്‍ക്കാര്‍ പരിപാടികള്‍ ഡോക്യുമെന്ററികള്‍ തുടങ്ങിയവയില്‍ നായകനായ ഡാനിഷിന് അച്ചടി മാദ്ധ്യമങ്ങളും ആവോളം പ്രശസ്തി നല്കി. ഈ പ്രശസ്തിയെ എങ്ങിനെ പണമായി രൂപമാറ്റം ചെയ്യാമെന്ന ഗവേഷണത്തിലായിരുന്നോ കേരളത്തിന്റെ ഈ അഭിമാന ഭാജനം?ലഭിച്ച പ്രശസ്തിയും , ഒപ്പം ലഭിച്ച് പല പരിശീലനവും പരസ്യമായി ഉപയോഗിച്ച് മൃഗസംരക്ഷണ മേഖലയിലെ ഒരു “വിദഗ്ധ കണ്‍സള്‍ട്ടന്റ്” ആയി സ്വയം അവരോധിച്ചു ഇയാള്‍. അതു വഴി നിരവധി ആളുകള്‍ക്ക് ഡയറി ഫാം തുടങ്ങുന്നതിനുള്ള സഹായം ചെയ്യുകയും പ്രതിഫലം പറ്റുകയും ചെയ്തു. ചെയ്യുന്ന തൊഴില്‍ അത് വിദഗ്ധോപദേശം നല്കലായാലും പ്രതിഫലം പറ്റുന്നതില്‍ തെറ്റില്ല. എന്നാല്‍ വാര്‍ത്ത നോക്കുക.
കോഴിക്കോട് നിന്നുള്ള വിവരങ്ങള്‍ ഇപ്രകാരം: മാവൂര്‍ സ്വദേശിയായ ഒരു പ്രവാസി തന്റെ സമ്പാദ്യം മുതലിറക്കി ഒരു ഡയറി ഫാം തുടങ്ങാന്‍ ആഗ്രഹിച്ചു. ഡാനിഷിന്റെ മേല്‍ന്നോട്ടത്തില്‍ ആറ് ലക്ഷത്തില്‍ പരം രൂപ മുടക്കി പത്ത് പശുക്കളും ഡയറി ഉപകരണങ്ങളും വാങ്ങി. ഇഷ്വറന്‍സ് നല്കാനായ് വെറ്ററിനറി ഓഫീസറെ കൊണ്ടുവന്നതോടെ പ്രശ്നങ്ങള്‍ ആരംഭിച്ചു.65000 രൂപ വിലമതിക്കുന്ന പശുക്കളാണെന്ന വാദം ഓഫീസര്‍ അംഗീകരിക്കാതെ വന്നതോടെ മാവൂര്‍ക്കാരന്‍ പിണങ്ങി. ഡാനിഷ വാങ്ങിത്തന്ന അത്യുത്പാദന ശേഷിയുള്ള പശുക്കളാണിതെന്നും, ഇതിനെ ഒന്നും കണ്ടിട്ടില്ലെങ്കില്‍ വല്ലയിടവും പോയി കണ്ടു പഠിക്കാനും ഉപദേശം നല്കി ഡോക്ടറെ മടക്കി. ഈ സമയം മറ്റൊരു നാടവും തിരശ്ശീലക്കു പുറകില്‍ നടക്കുന്നുണ്ടായിരുന്നു, 30-40 ആയിരം വീതമാണ് പശുക്കള്‍ക്ക് യഥാര്‍ത്ഥത്തില്‍ വിലവന്നുള്ളല്ലോ എന്നും അധികമായി പശുവൊന്നില്‍ നിന്നും വാങ്ങുന്ന 30,000 രൂപയില്‍ നിന്നും തനിക്ക് തരാമെന്ന് പറഞ്ഞ കമ്മീഷന് പോര എന്നും കൂടുതല്‍ കമ്മീഷനെ വേണമെന്നും ആവശ്യപ്പെട്ട് ഈ പശുക്കച്ചവടത്തിന്റെ യഥാര്‍ത്ഥ ഇടനിലക്കാരന് ഡാനിഷിനെ സമീപിക്കുന്നു. കമ്മീഷന്റെ കാര്യത്തില്‍ തെറ്റിപ്പിരിഞ്ഞ ബ്രോക്കര്‍ എല്ലാ വിവരവും പശുവിനെ വാങ്ങിയ മാവൂര്‍ക്കാരനെ അറിയിക്കുന്നു. ഈ രണ്ട് കാര്യങ്ങളും കൂട്ടിവായിച്ച പാവം പ്രവാസി താന്‍ വഞ്ചിക്കപ്പെട്ട വിവരം തിരിച്ചറിയുകയും പോലീസിനെ സമീപിക്കുകയും ചെയ്യുന്നു. ഒറ്റയടിക്ക് ഡാനിഷിന്റെ പോക്കറ്റില്‍ വന്ന ലാഭം മൂന്നുലക്ഷത്തില്‍ അധികം.
പശുവില്‍ മാത്രമല്ല ഡയറി ഉപകരണങ്ങളിലും മരുന്നില്‍ പോലും പകുതിയോളം തുക അധികം നല്കിയ വിവരവും പുറത്ത് വന്നിട്ടുണ്ട്.
മാദ്ധ്യമങ്ങള്‍ നല്കുന്ന വാര്‍ത്തകളുടെ പിന് ബലത്തില്‍ തന്റെ തട്ടിപ്പുകള്‍ നടത്താന്‍ തയ്യാറായ മറ്റൊരു യുവാവിനെക്കുറിച്ച് ബൂലോകം ഇപ്പൊള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതേ ഉള്ളൂ. ഇതാ ഒന്നു കൂടി. നിയമത്തിന്റെ പിടിയില്‍ നിന്നും ചിലപ്പോഴിവര്‍ രക്ഷപ്പെട്ടേക്കാം, പക്ഷെ ഈ പാഠങ്ങള്‍ ഏവര്‍ക്കും മനസ്സില്‍ തങ്ങി നില്ക്കട്ടെ.
നമ്മുടെ യുവാക്കള്‍ക്ക് എന്താണ് പറ്റിയത്?
വിജയത്തിലേക്ക് കുറുക്കു വഴികളില്ലെന്ന് ഇവരെന്നാണ് തിരിച്ചറിയുക?
9/25/2009
ചാന്ദ്രയാന്‍
ചന്ദ്രോപരിതലത്തില്‍ ജലാംശം ഉണ്ടാവാന്‍ സാദ്ധ്യത ഉണ്ടെന്നത് ഒരു പുതിയ വിവരമല്ലെന്നാണ് എനിക്ക് മനസ്സിലാവുന്നത്. ഭൂമിയിലെ ജലത്തിന്റെ ഉറവിടം ബഹീരാകാശം തന്നെയാണെന്ന സിദ്ധാന്തത്തില്‍ നാം ഉറച്ചു വിശ്വസിക്കുന്ന സാഹചര്യത്തില്‍ ചന്ദ്രനില്‍ ജലാംശമുണ്ടാവാം എന്ന നിഗമനത്തില്‍ പുതുമയൊന്നുമില്ലല്ലോ. ചന്ദ്രോപരിതലത്തില്‍ കാണുന്ന വന്‍ ഗര്‍ത്തങ്ങളും മറ്റും ഉല്‍ക്കകളെപ്പോലെയുള്ള ബഹീരാകാശ വസ്തുക്കള്‍ വന്നിടിച്ചുണ്ടായതാണെന്നതും അംഗീകരിക്കപ്പെട്ട സിദ്ധാന്തമാണ്. അങ്ങിനെയെങ്കില്‍ ഭൂമിയിലെത്തിയ ജലത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഹൈഡ്രജനും ഓക്സിജനും ചന്ദ്രനിലും ഉണ്ടാവാം എന്ന നിഗമനത്തെ നാം അഗീകരിക്കണമല്ലോ. ചന്ദ്രോപരിതലത്തിലെ കുറഞ്ഞ ഗുരുത്വാകര്‍ഷണം കാരണം ജലാംശം നീരാവിയായ് ബഹീരാകാശത്തേക്ക് രക്ഷപ്പെട്ടിരിക്കാം.
നാസയുടെ മുന്‍ ബഹീരകാശ പര്യവേക്ഷണങ്ങളില്‍ ഹൈഡ്രജന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി നമുക്കറിയാം.നാസ നടത്തുന്ന പര്യവേക്ഷണങ്ങളില്‍ ചന്ദ്രനിലെ ജലാംശമെന്ന സങ്കല്‍പ്പം വളരെയേറെ മുന്നേറുകയും ചെയ്തിരിക്കുന്നു.ഇപ്പോള്‍ ചാന്ദ്രയാന്‍ നടത്തിയ പര്യവേക്ഷണ ഫലങ്ങള്‍ക്കും ഒറ്റക്കൊരു നില നില്പ്പില്ല, നാസയുടെ കൂട്ടായ പര്യവേക്ഷണങ്ങളില്‍ നാം നമ്മുടെ വിഹിതം സംഭാവ ചെയ്തു എന്നു മാത്രമല്ലേ ഉള്ളൂ. ചാന്ദ്രയാന്‍ ഒന്ന് പൂര്‍ണ്ണായുസ്സെത്തുന്നതിന് മുമ്പ് ഉപേക്ഷിക്കപ്പെട്ടു എന്ന പേരുദോഷത്തെ മറികടക്കാന്‍ ബോധപൂര്‍വ്വം ആഘോഷവല്‍ക്കരിക്കുന്നതല്ലേ ഈ വെള്ളം കോരല്‍ എന്ന് ന്യായമായും സംശയിക്കാം. വിവാദങ്ങളും ഇല്ലാത്ത അവകാശവാദങ്ങളും വാരിവിതറി തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെ മുഖം മിനുക്കലാണോ ഇത്?
പത്രങ്ങളിലെ ഘോഷം കണ്ട് ചോദിച്ചൂ പോയതാണ്, പണ്ട് ചൊവ്വയില്‍ പെണ് രൂപം കണ്ടെന്ന് തലക്കെട്ട് നിരത്തിയ പത്രങ്ങളാണെ !!
9/20/2009
അസമാധാനത്തിന്റെ വിതരണക്കാരന്
തുറന്ന ശേഷം തിരികെ കോളേജിലെത്തിയ എന്നെ കാത്തിരുന്നത് അധ്യാപകരുടെ ഒരു ഉപദേശി സംഘമായിരുന്നു, ഉപദേശിച്ച് നേര്‍വഴിക്ക് നയിക്കാന്‍, കാരണം ഞാന്‍ സീനിയേഴ്സിനെ തല്ലിയത്രെ !!
ഒരുമാസത്തിനുള്ളില്‍ സീനിയേഴ്സിനെ തല്ലുന്നവര് ഭാവിയിലുണ്ടാക്കാവുന്ന പ്രശ്നനങ്ങള്‍ അവര്‍ സങ്കല്പ്പിച്ചു കാണും.
ഒരു വര്‍ഷം കഴിയുന്നു, വീണ്ടും അപ്രഖ്യാപിത അവധി, കാരണം ലളിതം കോളേജില്‍ വീണ്ടും സംഘട്ടനം. സുഖകരമായ അവധി ആസ്വദിക്കെ അച്ഛനെത്തേടി ഒരു രജിസ്റ്റേഡ് എഴുത്ത് വരുന്നു, കോളേജ് അധികാരികളില്‍ നിന്നുമാണ്. എഴുത്തുമായി വന്ന അച്ഛന് പറഞ്ഞ തമാശ കേട്ടാണ് ഞാനത് വാങ്ങിനോക്കിയത്. ചില വരികള്‍ അടിവരയിട്ടിരിക്കുന്നു, പ്രധാന വാചകം ഇതാണ്,
"The continued stay of your ward is detrimental to the peace and tranquility of the hostel"
ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നെങ്കിലും ഈ വാചക ഘടന കണ്ട് അച്ഛന് ഞെട്ടിപ്പോയി എന്ന് പറഞ്ഞത് കേട്ട് ഞാന്‍ ചിരിച്ചു.
"He is expelled from the hostel for the remaining period of the course"
സന്തോഷം !!
അച്ഛന് സമാധാനിപ്പിച്ചു, ഒരു നല്ലകാര്യത്തിനു വേണ്ടി നടന്ന പ്രശ്നമല്ലെ, സാരമില്ല നീ പുറത്ത് താമസ്സിച്ച് പഠിച്ചൊളൂ.
എത്തിപ്പെടുന്ന എല്ലാ മേഖലകളിലും ഇതിനു സമാനമായ സമ്മാനങ്ങള്‍ കിട്ടാറുണ്ട്, അതില്‍ അവസാനത്തേത് ഇന്നലെ,
മലയാള ബ്ലോഗിന്റെ “peace and tranquility” തകര്‍ക്കാന്‍ ഞാന്‍ മുന്നില്‍ നില്ക്കുന്നു എന്നായിരുന്നു അത്. ഞാനടങ്ങുന്ന പുതു തലമുറയിലെ ചില ബ്ലോഗര്‍മാര്‍ വന്നതിനു ശേഷം മലയാളം ബ്ലോഗിന്റെ ഹാര്‍മണി നഷ്ടമായി എന്ന്. എന്തായാലും 20 വര്‍ഷം പുറകോട്ട് എന്റെ ഓര്‍മകളെ കൊണ്ടുപോയതിന് നന്ദിയുണ്ട്.
എന്നൊട് ക്ഷമിക്കുക ചങ്ങാതിമാരെ, ഞാന്‍ ഇങ്ങനെ ആയിപ്പോയി. എത്രയും പെട്ടന്ന് ഈ ലോകത്തു നിന്നും പുറത്ത ചാടാന്‍ ശ്രമിക്കാമെന്ന് ഞാന്‍ വാക്കുതരുന്നു.
9/14/2009
അതിരപ്പള്ളിയിലൂടെ
പ്രത്യേക പരിപാടികളൊന്നുമാസൂത്രണം ചെയ്തിട്ടില്ലാത്തതിനാല്‍ സമയത്തെക്കുറിച്ച് വേവലാതിയില്ല, അപ്പപ്പൊള്‍ തോന്നുന്നതാണ് കാര്യപരിപാടി. ഉറപ്പിച്ചു , ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ കാട്ടിലേക്ക് പോവുക. കാടെന്ന് കേള്‍ക്കുമ്പോള്‍ തന്നെ കുട്ടികള്‍ക്ക് ഉത്സാഹമാണ്, പൂര്‍വ്വികരായ മരഞ്ചാടികളെ കാണാം, മാനുകളെ കാണാം, ഭാഗ്യമുണ്ടങ്കില്‍ ആനയേയും കാണാം.സ്ത്രീ ജനങ്ങളുടെ ശ്രമഫലമായി കോഴി പോത്ത് തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ വീട്ടില്‍ തന്നെ പൊരിച്ച് പാത്രത്തിലാക്കി, മറ്റ് സാധങ്ങള്‍ ഹോട്ടലില്‍ നിന്നും വാങ്ങി പാത്രത്തിലാക്കി പൊള്ളാച്ചി റൂട്ടില്‍ യാത്രയാരംഭിച്ചു. വഴിതടയാന്‍ ശ്രമിച്ച വാട്ടര്‍ തീം പാര്‍ക്കുകളുടെ ബോര്‍ഡുകളെ പിന്നിലാക്കി, അങ്ങു ദൂരെത്തെളിയുന്ന അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ ഭംഗിയുമാസ്വദിച്ച് കാട്ടിലേക്ക്. അതിരപ്പള്ളി കഴിയുന്നതോടെ തന്നെ ആരംഭിക്കുന്ന കാടിന്റെ ഛായ മനോഹരം തന്നെ, വാഴച്ചാല്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കഴിയുന്നതോടെ അതിന് ഘനം ഏറുകയും ചെയ്യുന്നു.എത്ര ദൂരം പോകണമെന്നോ എവിടെ വരെ പോകണമെന്നോ നിശ്ചയിച്ചുറപ്പിക്കപ്പെട്ടിട്ടില്ലെങ്കിലും കാര്‍ മുന്നോട്ട് തന്നെ പോയ്ക്കൊണ്ടിരുന്നു, ഇട തൂര്‍ന്ന ഈറ്റക്കാടുകള്‍ക്കിടയിലൂടെ.
സമയം അതിക്രമിക്കുന്നു, കുട്ടികള്‍ വിശപ്പുകൊണ്ട് അക്ഷമരായ്ത്തുടങ്ങി, എങ്കിലും തേടിയ സ്ഥലം എത്തിയില്ലെന്ന തോന്നലില്‍ കൂട്ടുകാരന് കാറ് ഓടിച്ചു കൊണ്ടേയിരുന്നു. വാഹനം നിര്‍ത്താന്‍ സൌകര്യം തോന്നുന്ന സ്ഥലങ്ങളില്‍ വെള്ളം അകലെയാവും, വെള്ളം കിട്ടുമെന്ന് തോന്നുന്ന സ്ഥലങ്ങളിലാവട്ടെ പരിസരം ശ്രദ്ധിക്കാനുള്ള സൌകര്യം കുറവാകും, വഴിനീളെ ചിതറിക്കിടക്കുന്ന പുതിയതും പഴയതുമായ ആനപ്പിണ്ടം ജാഗ്രതയുണര്‍ത്തുകയും ചെയ്യുന്നുണ്ട്. ഏകദേശം പത്തു പതിനഞ്ചു കിലോമീറ്റര്‍ കഴിഞ്ഞുവെന്ന് തോന്നുന്നു പുഴത്തീരത്തേക്ക് നയിക്കുന്ന ഒരു പാതകാണാറായ്, വാഹനം നിര്‍ത്തിയിടാന്‍ സൌകര്യവും തോന്നി, അതിലുമുപരി ആദിവാസികളെന്ന് തൊന്നിക്കുന്ന ഒരു ചെറിയ സംഘം ആളുകള്‍ നടന്നു വരുന്നതും കാണാമായിരുന്നു. വിശപ്പിനോട് അവധിപറഞ്ഞ് മടുത്ത എല്ലാവരും കൂടുതലൊന്നുമാലോചിക്കാതെ തീരത്തേക്ക് പാഞ്ഞു. കുട്ടികളാണ് മുന്നില്‍, അവരുടെ കൈപിടിച്ച് അമ്മമാര്‍, പിന്നാലെ ഭക്ഷണവും വിരിയുമായി ഞങ്ങളും നടന്നു. വഴിയില്‍ കിടക്കുന്ന ആനപ്പിണ്ടം സ്ഥിരം കാഴ്ചകളിലൊന്നായതിനാല്‍ ഗൌനിച്ചില്ല, പക്ഷെ കാടിനുള്ളില്‍ കണ്ണിനേക്കാള്‍ നമ്മെ നയിക്കേണ്ടത് ശബ്ദവും ഗന്ധവുമാണെന്ന പാഠം വിസ്മരിക്കാന്‍ പാടില്ലല്ലോ, പത്തടികൂടി മുന്നോട്ട് നടന്നില്ല, അതിരൂക്ഷമായ ആനച്ചൂര് അനുഭവപ്പെട്ടു, ശബ്ദമില്ല, കാറ്റിന്റെ വരവിനൊപ്പമാണ് ഗന്ധം. സംശയിക്കാനില്ല, അടുത്തെവിടെയോ ആനയുണ്ട്. കാടങ്ങിനെയാണ്, നിശബ്ദതക്കുള്ളില്‍ അപകടം ഒളിപ്പിച്ച് അത് നമ്മെ മാടി വിളിക്കും, കണ്ണിനെ മാത്രം വിശ്വസിച്ചു ചെല്ലുന്നവര്‍ ചതിയിലാവുകയും ചെയ്യും. ഒരു നിമിഷം പോലും വൈകാതെ നിശ്ശബ്ദമായി കാറിലേക്ക് മടങ്ങി, എന്തിനു മടങ്ങിയെന്ന് മാത്രം പറഞ്ഞില്ല, കുട്ടികള്‍ ഭയപ്പെടരുതല്ലോ.
യാത്രതുടരവെ നല്കിയ വിശദീകരണം കേട്ട് അമ്മമാര്‍ രോഷാകുലരായി, കുട്ടികള്‍ ഭയപ്പാടൊടെയാണെങ്കിലും ആനയെക്കാണാന്‍ തിടുക്കം കൂട്ടി.
ഏറെനേരത്തെ ഡ്രൈവിനു ശേഷം മനോഹരമായയൊരു സ്ഥലത്തെത്തി, ആനക്കയം ആണെന്ന് തോന്നുന്നു.പെരിങ്ങല്‍ കുത്ത് ഡാമിനു കിഴക്ക മാറിയാണ് ആ പാലം. കൂട്ടായ് മറ്റ് ചില വാഹനങ്ങളും നിര്‍ത്തിയിട്ടുണ്ട്,കൂടുതല്‍ ചിന്തകളാവശ്യം വന്നില്ല.




മണിക്കൂറുകള്‍ കടന്നുപോയി, തിരികെക്കയറണമെന്ന ആഗ്രഹമാര്‍ക്കുമില്ലെങ്കിലും പോരാതെ പറ്റില്ലല്ലോ. വളരെ സാവധാനമാണ് മടങ്ങിയത്, കാഴ്ചകളാസ്വദിച്ച്.ഇനിയെത്രകാലം ഈ മനോഹാരിതയെന്നറിയില്ല. അതിരപ്പള്ളിയെന്ന ജൈവ വൈവിദ്ധ്യത്തിന് ശവക്കുഴി തോണ്ടാന്‍ തയ്യാറെടുപ്പുകളുമായി വൈദ്യുത ബോര്‍ഡ് മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
ജലനിരപ്പുയരുന്നതിനനുസരിച്ച് ഇതുവഴി ഇടമലയാറ്റിലേക്ക് വെള്ളമൊഴുകുന്നു.

385 കോടി മതിപ്പ് ചിലവ് കണക്കാക്കപ്പെട്ട് ആരംഭിച്ച പദ്ധതി ഇപ്പോള്‍ 650 കോടിയിലെത്തി നില്ക്കുന്നു എന്നാണ് അറിവ്.

മടക്കയാത്രയിലെ പ്രധാന ചര്‍ച്ചാ വിഷയം അതിരപ്പള്ളിയുടെ മരണത്തെക്കുറിച്ചായിരുന്നു. പീക്ക് ലോഡ് സമയമായ 6 മുതല്‍ 10 വരെയുള്ള രാത്രി സമയം മാത്രം പ്രവര്‍ത്തിക്കത്തക്കവണ്ണം 163 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണത്രെ ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 500 കോടി രൂപ വിലമതിക്കാവുന്ന സേവനങ്ങളും , വിലമതിക്കാനാവാത്ത ജൈവ വൈവിദ്ധ്യവും കേവലം 163 മെഗാ വാട്ട് ഊര്‍ജ്ജത്തിനായി ബലികഴിക്കാന്‍ പദ്ധതി തയ്യാറാക്കിയത് തന്നെ പരിസ്ഥിതി എന്ന സങ്കല്പത്തോട് അല്പം പോലും നീതി പുലര്‍ത്താതെയാണന്ന് നിസ്സംശയം പറയാം. ആനേകായിരങ്ങളുടെ കുടിവെള്ള, ജലസേചന ആവശ്യങ്ങള്‍ നിറവേറ്റുന്ന ചാലക്കുടിപ്പുഴയും മരണത്തിലേക്ക് നീങ്ങുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

9/08/2009
കബനി വീണ്ടും ചുവന്നേനെ
പതിവിത്തവണയും തെറ്റിച്ചില്ല, അവസാന നിമിഷം തീര്‍പ്പാക്കിയ ഒരു യാത്രാപരിപാടിയാണെങ്കില്‍ പോലും.
സമയമാണ് വില്ലന്‍, ഒരു രാത്രിക്കും അടുത്ത രാത്രിക്കുമിടയിലെ 12 മണിക്കൂര്‍ പകലാണ് ലഭിച്ചേക്കാവുന്ന ഏറ്റവും കൂടിയ സമയമെന്ന ബോധമൊന്നും യാത്രക്ക് തടമായില്ല. പുറപ്പെടുമ്പോള്‍ സമയം 7.30, ഇരുട്ടിനു കൂട്ടായ് മഴയുമെത്തിയതോടെ കാറിന്റെ ഹെഡ് ലൈറ്റുകള്‍ അല്പം നാണിച്ചെന്ന് തോന്നി. രാത്രി ഓട്ടം പതിവായതിനാല്‍ കണ്ണുകള്‍ക്കത് കാര്യമായില്ലെന്നത് ഭാഗ്യം, റൊഡിലടിക്കടി പ്രത്യക്ഷമാവുന്ന അഗാധ ഗര്‍ത്തങ്ങളും കൂടിയായപ്പൊള്‍ സ്പീഡ് അമ്പതിനപ്പുറം പോകാനായില്ലെന്നത് മറുപുറം. അരിച്ചു മുന്നില്‍ നീങ്ങുന്ന കോട്ടക്കല്‍ ബസിന്റെ പിന് ചക്രങ്ങള്‍ക്കിടയില്‍ പാഞ്ഞു കയറിയ ബൈക്ക് യാത്രക്കാരന് തെറിച്ച് വീണത് വാഹനം ഒഴിഞ്ഞു കിടന്ന റോഡിന്റെ മറുപുറമായതിനാല്‍, കണ്ണിലടിച്ച കാഴ്ച നെഞ്ചില്‍ തുളഞ്ഞ് കയറിയില്ല. പെരുമഴയില്‍ കുതിര്‍ന്ന നടുറോഡില്‍, പെരുവഴിയിലായ ബസ് യാത്രക്കാരെ വഴിയില്‍ തന്നെ വിട്ട് ഇരുട്ടിനെക്കീറി കാറ് പായിച്ചു.
താമരശ്ശേരി പിന്നിടുമ്പോള്‍ സമയം പതിനൊന്ന് കഴിയുന്നു, മഴ താണ്ഡവം തുടരുക തന്നെയാണ്. ചുരത്തില്‍ പല്ലിളിക്കാവുന്ന മാര്‍ഗ്ഗ തടസ്സം മനസ്സില്‍ സങ്കല്‍പ്പിച്ച് യാത്ര തുടര്‍ന്നെങ്കിലും ആദ്യ വളവുകള്‍ താരതമ്യേന പ്രയാസമായില്ല. തോടാണോ കുളമാണോ എന്ന് തീര്‍ച്ചയില്ലാത്ത രീതിയില്‍ ടാറിളകി തകര്‍ന്നു കിടക്കുന്ന ഹെയര്‍പിന്‍ വളവുകളില്‍ സര്‍ക്കസുകാരന്റെ സാമര്‍ത്ഥ്യമാവശ്യമാണെന്ന് തോന്നിയെങ്കിലും ചെറുകാറിന്റെ ഗുണം പ്രകടിപ്പിച്ച് മാരുതി ഇഴഞ്ഞുകയറുക തന്നെ ചെയ്തു. അഞ്ചാം പിന്നില്‍ കുടുങ്ങിക്കിടക്കുന്ന കണ്ടൈനറിന്റെ ഡ്രൈവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് , ഓരത്തൊതുക്കി വിഷമിച്ച് നില്ക്കുന്ന വലിയ വണ്ടികളെ പുച്ഛത്തോടെ നോക്കി ലക്കിടിയിലേക്ക്. മഴയുടെ നൂലിഴകള്‍ക്കിടയില്‍ ഘനീഭവിച്ചു നില്ക്കുന്ന കോടമഞ്ഞിന്റെ പാളികള്‍ക്കിടയിലൂടെ അരിച്ച് വരുന്ന ഹെഡ് ലൈറ്റുകള്‍ കാണാന്‍ താഴേക്ക് നോക്കി പത്തു മിനിറ്റ് ചിലവഴിക്കാതിരിക്കാനായില്ല. തണുപ്പിന്റെ കാഠിന്യം മഴയുടെ നനവാല്‍ നഷ്ടമാവുന്നത് പോലെ തോന്നിയെങ്കിലും നനഞ്ഞ വസ്ത്രങ്ങളുമായി യാത്ര തുടരുകയെന്ന് രണ്ടാം ഘട്ടം രസംകൊല്ലിയായ് ഭവിക്കുമോയെന്ന് ഭയന്നു, ഒന്നുമുണ്ടായില്ല, ഒരു മണി യോടെ പച്ചിലക്കൂടാരത്തിലേക്ക് കയറിച്ചെന്നു.
രാവിലെ പുല്‍പ്പള്ളി വഴി കബനീ തീരത്തേക്ക്,പെരിക്കല്ലൂര്‍ കടവ് .മഴവെള്ളപ്പാച്ചിലില്‍ കലങ്ങി മറിഞ്ഞ കബനി, മറുകരെ കര്‍ണാടകത്തിലെ ബൈരക്കുപ്പ മാടി വിളിക്കുന്നു. കബനിക്ക് കുറുകെ ഇതാദ്യമല്ലെങ്കിലും കുത്തൊഴുക്ക് ഭയപ്പെടുത്തി, ധൈര്യം നല്കി , ധൈര്യമുള്ളിലാക്കിയ കടത്തുകാരന്.പോകാനുറച്ചു, കൂടെയുള്ള മൂന്നുപേരില്‍ ഒരാള്‍ പിന്മാറി, ബാക്കി ഞങ്ങള്‍ മൂന്നുപേര്‍ ധൈര്യം സംഭരിച്ച് കടത്തുവള്ളത്തില്‍ സ്ഥാനം പിടിച്ചു.കടത്തു വള്ളമെന്ന വിശേഷണം ഒരല്പം ധാരാളിത്തമാവുമെങ്കില്‍ കൊതുമ്പുവള്ളമെന്ന് വിളിക്കാമവനെ, ഒഴുക്കിനെ കീറിമുറിച്ച് മറുകരക്ക്, തുഴഞ്ഞ് തുഴഞ്ഞ് നീക്കുകയാണ് തുഴക്കാരന്. മുപ്പതാള്‍ താഴ്ചയുള്ള കബനി, പലതവണ ചുവന്ന് കലങ്ങിയ കബനി, മാസങ്ങള്‍ക്ക് മുമ്പ് പതിമൂന്നോളം പേരെ വിഴുങ്ങിയ കബനി ഇങ്ങിനെ ഒഴുകുന്ന കാഴ്ച മത്തു പിടിപ്പിച്ചു.ഒഴുക്കിനെതിരെ ഏറെ ആയാസപ്പെട്ട് തുഴഞ്ഞ് മുകളിലേക്ക് കയറ്റി പതിയെ മറുകരക്ക് തെന്നിയിറങ്ങുക തന്നെചെയ്തു കൊതുമ്പുവള്ളം. കേരളസര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ നിന്നും കാര്യമായൊരു വിഹിതം അപഹരിച്ച ചില വ്യാപാരങ്ങള്‍ക്ക് ശേഷം തിരികെ മടങ്ങി. തിട്ടയില്‍ കയറി ഉറച്ച വള്ളത്തിന്റെ അടിത്തട്ട് വിടുവിക്കാന്‍ തുഴക്കാരന് ഏറെ പ്രയാസപ്പെടേണ്ടി വന്നെങ്കിലും വിജയിയായി മുന്നോട്ടെടുത്തു. പൊടുന്നനെ ദൂരെയെന്തോ ഉയര്‍ന്നു താഴുന്നു, ഒരു നിമിഷം സഹയാത്രികര്‍ പരിഭ്രാന്തരായ്, കാര്യമെന്തെന്ന് ബോധ്യമാവാന്‍ സമയമെടുത്തതിനാല്‍ കൂട്ടുകാര്‍ക്ക് ചങ്കിടിപ്പുയരാന്‍ അല്പ നേരം താമസിച്ചു. മരണവും ജീവിതവും ഒരു പോലെ ഇഷ്ടപ്പെടുന്നതിനാലാവും, നിര്‍വ്വികാരനായി കാര്യങ്ങള്‍ വീക്ഷിക്കാനായി എനിക്ക്. വലിയൊരു മരത്തടി ഒഴുകിവരുന്നു, അത് വന്നിടിച്ചാലുള്ള ആഘാതം പിടിച്ചു നില്‍ക്കാനുള്ള ശേഷി ആ കുഞ്ഞു വള്ളത്തിനില്ല. എടുത്തു ചാടാന്‍ തയ്യാറായി എണീറ്റവരെ പിടിച്ചിരുത്തി, സ്വയം ചാടിയാലും വള്ളം തകര്‍ന്നാലും കനത്ത ഒഴുക്കിലും പാറക്കെട്ടുകള്‍ക്കിടയിലെ അടിയിഴുക്കിലും നീന്തിക്കരപറ്റാമെന്ന് ചിന്ത അസ്ഥാനത്താണെന്ന തോന്നല്‍ ഏവരിലുമുണ്ടെന്ന് തോന്നി. തോണിക്കാരന് ദിശമാറ്റാനാവുന്നത് ശ്രമിക്കുന്നുണ്ട്, കരയില്‍ നിന്നേറെ നീങ്ങിയിട്ടില്ലാഞ്ഞതിനാല്‍ ആ ശ്രമം വിജയിച്ചു. കരയില്‍ നിന്ന് നീണ്ടുനിന്ന ഇല്ലിക്കൂട്ടം ശ്രമത്തിന് സഹായകമായി, മുള്ളിന്റെ നീറ്റല്‍ വകവക്കാതെ അതില്‍ പിടിച്ച് വള്ളം കരക്കടുപ്പിച്ചു. തൊട്ടു മാറി കൂറ്റനായൊരു മരത്തടി ഒഴുകിപ്പോകുന്ന കാഴ്ച ദീര്‍ഘനിശ്വാസത്തോടെ ഏവരും വീക്ഷിച്ചു, ചിലര്‍ കുരിശു വരച്ചു, മറ്റു ചിലരാവട്ടെ ദിവ്യ ദ്രാവകം ജലാംശമില്ലാതെ തൊണ്ടയിലേക്ക് കമഴ്ത്തി. അല്പം മന്ദഗതിയിലാണെങ്കിലും കരക്കടുത്ത വള്ളത്തില്‍ നിന്ന് ചാടി ഓടുന്ന കൂട്ടുകാരന്റെ മുഖത്തുനോക്കാന്‍ ധൈര്യം തോന്നിയില്ല. നാലുമാസത്തിനു ശേഷം ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ കാണാന്‍ അവസരം ലഭിക്കില്ലെയെന്ന് ഭയന്നതായുള്ളവന്റെ ഏറ്റുപറച്ചിലില്‍ മനസ്സു പിടച്ചു. മരണവുമായുള്ള കൂടിക്കാഴ്ച പുത്തരിയല്ലെങ്കിലും, ജീവിതത്തെ സ്നേഹിക്കുന്നവര്‍ക്ക് സംരക്ഷണം നല്കാനാവാത്ത യാത്രകളില്‍ കൂട്ടുകാരെ ക്ഷണിക്കുന്നത് ഒഴിവാക്കാനുള്ള ബോധം ഈ തോണിയാത്ര നല്കി.
ഉച്ചയോടെ പച്ചിലക്കൂടാരത്തിലെത്തി ഭക്ഷണം കഴിച്ച് ഗോപാല്‍സ്വാമി ബെട്ടക്ക് യാത്രയായി, ബത്തേരിയില്‍ നിന്നും 80 കിലോമീറ്ററോളം യാത്ര. പരമാവധി വേഗതയില്‍ ഹൈവേയിലൂടെ കാറോടിക്കുകയായിരുന്നു. രാത്രി ഒന്‍പത് മണിയോടെ കാനനപാതയില്‍ ബാരിക്കേട് താഴും, അതിനുമുന്നേ മടങ്ങിയേ തീരൂ.പലതവണ പോയ സ്ഥലമാണെങ്കിലും കൂട്ടുകാര്‍ക്കായി ഈ യാത്ര തിരഞ്ഞെടുത്തു. ശക്തമായ മഴ തുടരുന്നത് സന്തോഷമാണ് നല്‍കിയത്. കുന്നിന് മുകളില്‍ ലഭിക്കാവുന്ന പരമാധി കോടമഞ്ഞും കാറ്റും ആസ്വദിക്കാന്‍ അതു കാരണമാകും, പ്രതീക്ഷ തെറ്റിയില്ല.കനത്ത മൂടലില്‍ പരസ്പരം കാണാനാവാതെ കുളിര്‍ന്ന് വിറച്ച് ഞങ്ങള്‍ നിന്നു. ആ കാലാവസ്ഥയില്‍ പടം പിടിക്കാന്‍ സാധിക്കുന്ന ഉപകരണങ്ങള്‍ കയ്യിലില്ലാഞ്ഞതിനാല്‍ ഒന്നു പകര്‍ത്താനായില്ല. എങ്കിലും കഴിവുള്ള ചില മിടുക്കന്മാര് പകര്‍ത്തിയിട്ട ചിത്രങ്ങള്‍ ഇവിടെ കാണാം , ഒന്ന്, രണ്ട് , മൂന്ന്, നാല്.
തിരികെ 5.30 ന് വനത്തിനുള്ളില്‍, നിയന്ത്രണ രേഖയില്‍ തിരികെക്കയറി, വാഹനം നിരക്കി നിരക്കി സമയം ചിലവഴിച്ചു, ഒരൊ ഇലയനക്കത്തിനും കാതോര്‍ത്തു. ഇല്ല, ഒറ്റ ഇല്ലിമുള പോലും ഒടിയുന്നില്ല. ഏകദേശം രണ്ടു മണിക്കൂര്‍ വനത്തില്‍ നിരങ്ങി നീങ്ങിയെങ്കിലും രണ്ട് മാന്‍കുട്ടികളൊഴികെ ഒരു ജീവി പോലും പ്രത്യക്ഷമായില്ല. ആട്ടിന്‍പറ്റം കണക്കെ മേഞ്ഞു നടക്കാറുള്ള ആനക്കൂട്ടങ്ങള്‍ പോലും ഞങ്ങളെ ചതിച്ചു. ലതിച്ചേച്ചിയെ ഓടിച്ച ആന അവിടെയെങ്ങാനും പതുങ്ങുന്നുണ്ടാവുമെന്ന് വൃഥാ മോഹിച്ചു, ഇല്ല, മടങ്ങിയെ പറ്റൂ. ഒരു ആനക്കുട്ടിയെപ്പോലും കാണാതെ ആനപ്പിണ്ടത്തിന്റെ മണം മാത്രം അവാഹിച്ച് ക്യാമ്പിലേക്ക്.
8/29/2009
മാറ്റുവിന്‍ ചട്ടങ്ങളെ
അഴിമതിയുടെ ദുഷ്പേര് കാരണം ഭാരതത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്നുവെന്ന് നമ്മുടെ പ്രധാനമന്ത്രി പറഞ്ഞിട്ട് അധിക ദിവസമായില്ല. വിഷയം അഴിമതി ആയതിനാലാവാം ആരുമത് ഗൌരവമായി എടുത്തില്ലെങ്കിലും, മറവി എന്ന മനോഹര കഴിവിനാല് തന്റെ കഴിഞ്ഞുപോയ ഭരണകാലം അദ്ദേഹം എത്ര പെട്ടെന്നു മനസ്സില്‍ നിന്നു ആട്ടിയകറ്റി എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി. തന്റെ സര്‍ക്കാരിന്റെ ആയുസ്സ്, കേവലം മാസങ്ങള്‍ മാത്രം വര്‍ദ്ധിപ്പിച്ചു നേടാന്‍ , കോടികള്‍ വരുന്ന നോട്ടുകെട്ടുകളും പദവികള്‍ നല്‍കാമെന്ന വാഗ്ദാനവും നല്കി കുതിരക്കച്ചവടത്തിന് ചുക്കാന്‍ പിടിച്ച മഹാനാണീ ദുഖപ്രകടനം നടത്തിയതെന്നതാണ് ഏറെ കൌതുകകരം. ആ വിഷയത്തിലേക്ക് വീണ്ടും വരുവാനുള്ള ശ്രമമല്ല, മറിച്ച് എത്ര ലാഘവത്തോടെയാണ് നാം അഴിമതി, അഴിമതി നിര്‍മ്മാര്‍ജ്ജനം തുടങ്ങീയ പദങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് ഓര്‍മ്മപ്പെടുത്തുന്നു എന്ന് മാത്രം.
അവതരിപ്പികാന്‍ മറ്റു വിഷയങ്ങളില്ലാതെ വരുമ്പോഴോ, നിലവിലുള്ള വിഷയം മാറ്റുന്നതിനോ ആണ് സാധാരണയായി നാം ഇത്തരം തേഞ്ഞ വിഷയങ്ങള്‍ എടുത്തിടുക. അഴിമതിക്ക് അടിസ്ഥാന കാരണം ഭരണകര്‍ത്താക്കളും രാഷ്ട്രീയക്കാരുമാണെന്ന് ഉദ്യോഗസ്ഥരും, അതല്ല ഉദ്യോഗസ്ഥരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ നേതാക്കളും പാടുപെടുമ്പോള്‍ , വ്യവസ്ഥിതിയെ ശപിച്ച് കഴിയുക എന്നതാണ് സാധാരണക്കാരന്റെ നിയോഗം. ജനാധിപത്യ വ്യവസ്ഥനല്‍കുന്ന വ്യക്തി സ്വാതന്ത്ര്യങ്ങളും വെള്ളക്കാരന്റെ ശേഷിപ്പുകളായ ചട്ടങ്ങളും കൈകോര്‍ക്കുമ്പോള്‍ ആര്‍ക്കും ഏതുരീതിയിലും വളക്കാനും ഒടിക്കാനും സാദ്ധ്യമായ ഒന്നായി നമ്മുടെ നിയമങ്ങള്‍ മാറിയിരിക്കുന്നു. സാധാരണക്കാരനു സേവനം നല്കുന്നതിനായ് സ്ഥാപിക്കപ്പെട്ട സര്‍ക്കാര്‍ കാര്യാലയങ്ങളാണ് ഇത്തരം ചട്ടങ്ങളാല്‍ ഏറ്റവും വരിഞ്ഞു മുറുക്കപ്പെട്ട ഇടങ്ങള്‍.കാളവണ്ടി യുഗത്തില്‍ രൂപപ്പെടുത്തപ്പെട്ട മാര്‍ഗ്ഗ രേഖകളും സേവന ചട്ടങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഇന്റര്‍നെറ്റിന്റെ ഈ യുഗത്തിലും സര്‍ക്കാര്‍ തീര്‍പ്പുകള്‍ നടപ്പാക്കപ്പെടുന്നതെന്നത് എത്ര മാത്രം ദുഖകരവും അതേസമയം പ്രതിലോമകരവുമാണെന്ന് ആരാണിനി തിരിച്ചറിയുക? തട്ടുകളായ് വിഭജിച്ച്, വിഭജിച്ച ഓരോ തട്ടും ഓരോ സാമ്രാജ്യങ്ങളായി മാറ്റിത്തീര്‍ത്ത് നടത്തപ്പെടുന്ന സര്‍ക്കാര്‍ സംവിധാനങ്ങളാണ് യഥാര്‍ത്ഥത്തില്‍ പൊളിച്ചെറിയപ്പെടേണ്ടത്. അപ്രകാരമായാല്‍ ഒരോ തട്ടും സൃഷ്ടിക്കുന്ന കടമ്പകള്‍ കടക്കുന്നതിനായ് നമുക്ക് ചിലവഴിക്കേണ്ടതും ഫലത്തില്‍ അഴിമതിയായ് മാറുകയും ചെയ്യുന്ന ഇടപെടലുകള്‍ ഒഴിവാക്കാനാവും.
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ താരതമ്യേന മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ അനുഭവിച്ചു വരുന്ന് ഒരു കാലഘട്ടമാണ് ഇപ്പോഴുള്ള ഇടതു മുന്നണി ഭരണം. സംതൃപ്തമായ ഒരു സിവില്‍ സര്‍വീസിന് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാനാവും എന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാടാണീ അവസ്ഥക്ക് കാരണമായി പറയപ്പെടുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ക്കാവട്ടെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ മാത്രം ആശ്രയിക്കേണ്ട അവസ്ഥ. ഈ സാഹചര്യത്തില്‍ പ്രമുഖ സംഘടനകള്‍ മുന്നോട്ട് വക്കുന്ന മുദ്രാവാക്യങ്ങളിലൊന്നാണ് "അഴിമതി രഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസ്". എന്നാല്‍ ഈ മുദ്രാവാക്യം പ്രായോഗിക തലത്തില്‍ നടപ്പില്‍ വരുത്താന്‍ തടസമായി മുന്നില്‍ നില്ക്കുന്ന ഒന്നാണ് കാലഹരണപ്പെട്ട ചട്ടങ്ങള്‍. നിലവിലുള്ളവക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും പുതിയ ചട്ടങ്ങള്‍ ആവിഷ്കരിക്കാനും നിരന്തരമായ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയിട്ടും സര്‍ക്കാര്‍ തലത്തില്‍ അതിനുവേണ്ട ക്രമീകരണങ്ങള്‍ രൂപപ്പെട്ടിട്ടില്ലെന്നത് ഖേദകരമാണ്. ഒരു തലമുറയുടെ ഭാവിയെ തന്നെ സ്വാധീനിക്കാവുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ ഏതാനും മാസങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ എന്നത് കൂട്ടി വായിച്ചാല്‍ ഇക്കാര്യത്തിലെ ജാഗ്രതക്കുറവ് ബോദ്ധ്യമാവുന്നതാണ്. എന്നിരുന്നാലും ബാക്കി നില്ക്കുന്ന രണ്ട് വര്‍ഷക്കാലം കൊണ്ട് ഈ വിഷയത്തില്‍ കൂടുതലായ പ്രവര്‍ത്തനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് കേരളത്തിലെ സംഘടനാ പ്രവര്‍ത്തകര്‍.
വാല്‍ക്കഷണം:
രണ്ടാം ശനിയാഴ്ചയെന്ന അവധി ദിവസം സര്‍ക്കാര്‍ കലണ്ടറില്‍ നിന്നും മാറ്റണമെന്നും അന്നേ ദിവസം ഓഫീസിന് പ്രവര്‍ത്തി ദിവസമാക്കണമെന്നുംമുള്ള അഭിപ്രായക്കാരനാണ് ഞാന്‍ . അപ്പോഴാണ് ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ അതേപ്പറ്റി കൂടുതല്‍ ആലോചന ഉയര്‍ന്നത്,
എങ്ങിനെ രണ്ടാം ശനിയാഴ്ച എങ്ങിനെ സര്‍ക്കാര്‍ അവധി ആയി ?
അറിയുന്നവര്‍ പറഞ്ഞു തരണേ..
8/21/2009
മതനിരപേക്ഷതക്കായ് കൂട്ടു ചേരാം
ഈ സാഹചര്യം മുന്‍ നിര്‍ത്തിയാണ് മതനിരപേക്ഷതക്കായ് കൂട്ടുകൂടുക അനിവാര്യമാണെന്ന തോന്നല്‍ മനസ്സിലുയരുന്നത്. വികടശിരോമണിയാണ് ഈ ആശയം ആദ്യമായി മുന്നോട്ട് വക്കുന്നത്. പുതിയൊരു കൂട്ടായ്മയും പുതിയൊരു ബ്ലോഗും ആരംഭിച്ച് ഈ ശ്രമവുമായി മുന്നോട്ട് പോകാമെന്ന് തത്വത്തില്‍ അംഗീകരിക്കപ്പെട്ടെങ്കിലും കൂട്ടത്തിലാരൊക്കെ, മാര്‍ഗ്ഗങ്ങളെന്തെല്ലാം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത കൈവരേണ്ടിയിരിക്കുന്നു. ഒറ്റക്കൊറ്റക്ക് യുദ്ധം ചെയ്തു തളര്‍ന്ന് പാളയത്തിലേക്ക് മടങ്ങാതെ സംഘശക്തിയിയുടെ കരുത്തോടെ മതവ്യാപനത്തിനെതിരെ പോരാടാന്‍ കൂട്ടുചേര്‍ന്നുകൂടെ? മതനിരപേക്ഷതയാണ് നമ്മുടെ ലക്ഷ്യം, മത സൌഹാര്‍ദ്ദമല്ല. നമുക്ക് ശത്രുക്കളില്ല, ദൈവങ്ങളോ വിശ്വാസങ്ങളോ നമ്മുടെ എതിര്‍പാളയത്തിലുമല്ല. വരിക സുഹൃത്തുക്കളെ നമ്മുടെ ലക്ഷ്യത്തിലേക്ക് നമുക്കൊന്നിച്ച് മുന്നേറാം.
ഏവരേയും ഈ കൂട്ടായ്മയിലേക്ക് ക്ഷണിക്കുന്നു.
അപ്ഡേറ്റ് :വികടശിരോമണിയുടെ പോസ്റ്റ്
8/14/2009
പന്നിപ്പനിയും ലാബ് ടെസ്റ്റും

പന്നിപ്പനി എന്നു വിളിക്കപ്പെടുന്ന എച്ച്.വണ്‍.എന്‍.വണ്‍ പനിയിലേക്കുവന്നാല്‍, ഇത് സ്ഥിരീകരിക്കാനുള്ള ലാബ് സജ്ജീകരണങ്ങള്‍ നമ്മുടെ സംസ്ഥാനത്തില്ലെന്നും, മറ്റിടങ്ങളിലയച്ച് പരിശോധന നടത്തി ഫലം ലഭിക്കാനെടുക്കുന്ന കാല താമസം ഗുരുതരമായ പ്രതിസസന്ധി സൃഷ്ടിച്ചിരിക്കുകയുമാണെന്ന രീതിയില്‍ മാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. വാസ്തവത്തില്‍ ഇന്ന് കേരളത്തില്‍ പന്നിപ്പനി ചികിത്സയും ലാബ് പരിശോധനാ ഫലങ്ങളും തമ്മില്‍ നേരിട്ട് ബന്ധമൊന്നുമില്ലന്ന് പറയാം. ഈ ധാരണയുടെ അഭാവമാണ് ഇപ്രകാരമുള്ള പ്രചരണങ്ങളുടെ അടിസ്ഥാനം. പന്നിപ്പനിയെ ഒരു മഹാമാരിയായ് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ "പന്നിപ്പനി" എന്ന പദത്തിന്റെ നിര്‍വ്വചനം സാധൂകരിക്കാന്‍, ഈ ലാബ് പരിശോധനാ ഫലം കൂടിയേ തീരൂ. ഈ സാങ്കേതിക പൂര്‍ത്തിയാക്കാനാണ് വാസ്തവത്തില്‍ ഇന്ന് കേരളത്തിലെ സാമ്പിളുകള്‍ ലാബിലേക്ക് അയക്കപ്പെടുന്നത്. നിലവിലുള്ള നിര്‍ദ്ദേശങ്ങളനുസരിച്ച്, ഒരു പ്രദേശത്ത് ഇന്‍ഫ്ലുവെന്‍സാ പോലെയുള്ള രോഗലക്ഷണങ്ങള്‍ (ഐ.എല്‍.ഐ) കാണപ്പെട്ടാല്‍ സാമ്പിളുകള്‍ വിശദപരിശോധനക്ക് അയക്കേണ്ടതുണ്ട്. ലക്ഷണങ്ങള്‍ പന്നിപ്പനിയിലേക്ക് വിരല്‍ ചൂണ്ടുന്ന പക്ഷം,ലാബ് പരിശോധന ഫലം വരുന്ന വരെ കാത്തിരിക്കാതെ നേരിട്ട് രോഗചികിത്സയിലേക്ക് നീങ്ങുന്നതിന് തടസ്സവുമില്ല. ഒരിക്കല്‍ ഒരു പ്രദേശത്ത് പന്നിപ്പനി സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ ഇപ്രകാരം ഐ.എല്‍.ഐ ആയി വരുന്ന രോഗികളെ "പന്നിപ്പനി സംശയിക്കുന്നവര്‍" ആയി കണക്കാക്കി ചികിത്സ നല്‍കേണ്ടതാണ്. കേരളം പന്നിപ്പനി ബാധിത പ്രദേശമായി സ്ഥിരീകരിച്ച സാഹചര്യത്തില്‍, അയച്ച സാമ്പിളിന്റെ ലാബ് ടെസ്റ്റ് ഫലത്തിനു കാക്കാതെ നേരിട്ട് ചികിത്സ ആരംഭിക്കാവുന്നതാണ്. ചുരുക്കത്തില്‍ ലാബ് പരിശോധനാ ഫലം ചികിത്സയെ ബാധിക്കുന്നില്ല എന്നര്‍ത്ഥം.
എന്നിരുന്നാലും കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തി അടിയന്തിരമായി ലാബ് തുടങ്ങാനുള്ള അനുമതി നല്‍കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍
8/11/2009
പകര്‍ച്ചപ്പനി തടയാന്‍ ഹോമിയോ
പനിപ്രതിരോധത്തിന് ഹോമിയോ:
പനികള്‍ക്ക് പ്രത്യേകിച്ച് ഏറ്റവും ഫലപ്രദമായ മരുന്നുകള്‍ നല്കുന്ന ചികിത്സാ സമ്പ്രദായമാണ് ഹോമിയോപ്പതി. കേരള സര്‍ക്കാരിന്റെ ഹോമിയോപ്പതി വകുപ്പ് പനി പ്രതിരോധത്തിനും പനിചികിത്സക്കും വിവിധങ്ങളായ പദ്ധതികളുമായി ഇന്ന് പ്രവര്‍ത്തന നിരതമാണ്. പനി ചികിത്സയേക്കാള്‍ ഫലപ്രദമായി പ്രതിരോധത്തിന് ഹോമിയോ മരുന്ന് ഉപയോഗിക്കപ്പെടുന്നുമുണ്ട്. കേരളത്തിലെ ഏതാണ്ടെല്ലാ പഞ്ചായത്തിലും ഇന്ന് ഹോമിയോ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നു. വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള ക്യാമ്പുകള്‍, ആശുപത്രിയില്‍ നിന്നും നേരിട്ടുള്ള ചികിത്സ എന്നിവ ലഭ്യമാണ്. ഒരോ പ്രദേശങ്ങളിലേയും ജനങ്ങളുടെ ആവശ്യാനുസരണം അതത് ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് ക്യാമ്പുകള്‍ നടത്തപ്പെടുന്നത്.
ചില ദുഷ്പ്രചരണങ്ങള്‍:
ഹോമൊയോ ചികിത്സ ഒരു കപട ചികിത്സാ സമ്പ്രദായമാണെന്ന പ്രചരണം കാലാകാലങ്ങളായി ഈ മേഖല നേരിട്ടുകൊണ്ടിരിക്കുന്നതാണ്. നൂറു ശതമാനം രോഗങ്ങളും ഹോമിയോ മരുന്നുകളാല്‍ ഭേദപ്പെടുത്താനാവും എന്ന് കരുതുന്നില്ലെങ്കിലും സാമാന്യേന ഭേദപ്പെട്ട രോഗ ശാന്തി നല്‍കാനിതിന് കഴിയുന്നു എന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തും. എന്നാലിന്ന് കേരളത്തിലെ ജനങ്ങളാകമാനം തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് പറയാതെ വയ്യ. പനി ബാധിച്ചാല്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (അലോപ്പതി) തന്നെ അത് ചികിത്സിക്കണമെന്ന വ്യാപകമായ പ്രചാരണം നടക്കുന്നു. കേരള സര്‍ക്കാരിന്റെ തന്നെ ഒരു വകുപ്പ് ഈ പ്രചാരണം നല്‍കുക മൂലം സധാരണക്കാരന് വഴിതെറ്റുന്നു എന്ന് തന്നെ പറയാം.പനിബാധയുണ്ടായാല്‍ വിദഗ്ധ സേവനം തേടുക എന്നൊരു ഉപദേശമായിരുന്നു ജനങ്ങള്‍ക്ക് നല്‍കേണ്ടിയിരുന്നത്.
ഇനി ചെയ്യാവുന്നത്:
പനി ബാധയെ പ്രതിരോധിക്കാനാവശ്യമായ മരുന്നുകള്‍ കഴിക്കുക, എല്ലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലും ഇത് ലഭ്യമാണ്. എല്ലാ വൈറസ് പനി ബാധകളെയും തടയാനാവും എന്നതില്‍ എച്ച്.വണ്‍.എന്‍.വണ്‍ പനിയും ഉള്‍പ്പെടുന്നു എന്ന് പ്രത്യേകം കൂട്ടിച്ചേര്‍ക്കേണ്ട ആവശ്യമില്ലല്ലോ. പനി ബാധയുള്ള പ്രദേശങ്ങളില്‍ ഈ മരുന്നുകളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക, മാദ്ധ്യമങ്ങളടക്കം ഈ വിഷയത്തില്‍ ജനങ്ങളുടെ പക്ഷത്തു നില്ക്കുക.
പ്രവാസി സുഹൃത്തുക്കള്‍ നാട്ടില്‍ വരുന്നതിനു മുമ്പ് ഈ മരുന്ന് ലഭ്യമാക്കാന്‍ സാധിക്കുന്ന പക്ഷം, ഒരു കോഴ്സ് മരുന്ന് കഴിച്ച ശേഷം നാട്ടില്‍ വരുന്നത് നന്നായിരിക്കും.ഇല്ലാത്ത പക്ഷം നാട്ടിലെത്തിയാല്‍ ഇത് കഴിക്കാന്‍ ശ്രമിക്കുക.
കേരളത്തില്‍ നിലവില്‍ പനി ബാധയുള്ള വീടുകളിലെ മറ്റംഗങ്ങള്‍ പ്രതിരോധത്തിനായ് മരുന്ന് കഴിക്കുക.
അലോപ്പതി ചികിത്സക്കു ശേഷം രോഗം മാറുകയും എന്നാല്‍ കൈകാല്‍ വേദന , സന്ധി വേദന എന്നിവ നിലനിക്കുന്ന ആളുകള്‍ക്ക് ഹോമിയോ അശുപത്രികളെ സമീപിക്കാവുന്നതാണ്.സന്ധി വേദനയില്‍ നിന്നും ത്വരിത ഗതിയിലുള്ള വിടുതല്‍ ലഭിക്കുന്നതായ് വകുപ്പ് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കുറിപ്പ്:
സര്‍ക്കാരിതര ഹോമിയോ ചികിത്സകരെ സമീപിക്കുമ്പോള്‍ യഥാര്‍ത്ഥ യോഗ്യതകള്‍ ഉള്ളവരാണെന്ന് ഉറപ്പുവരുത്തുക.
8/06/2009
ഇന്‍ഡക്ഷന്‍ കുക്കര്‍

ഗുണങ്ങള്‍:
#പാചകത്തിനായ് ഉപയോഗിക്കുന്ന പാത്രം തന്നെ നേരിട്ട് ചൂടാവുന്നു എന്നതിനാല്‍ പ്രസരിച്ചു പോകുന്ന ഊര്‍ജ്ജ നഷ്ടം, താപ സ്രോതസ്സിന്റെ താപന ക്ഷമതക്കുറവ് തുടങ്ങിയവ മൂലമുള്ള നഷ്ടം ഒഴിവാകുന്നു.
#യാതൊരുവിധ രാസപ്രവര്‍ത്തനവും ഉണ്ടാക്കുന്നില്ല എന്നതിനാല്‍ പരിസ്ഥിതി മലിനീകരണം ഒഴിവാകുന്നു.
പ്രവര്‍ത്തനം:
ഒരു ചാലകത്തിന്റെ സമീപത്തെ വിദ്യുത്കാന്തിക ദോലനങ്ങള്‍ പ്രസ്തുത ചാലകത്തില്‍ വൈദ്യുതി പകര്‍ന്നു (induce)നല്കുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാന തത്വം. വൈദ്യുതോര്‍ജ്ജം സംബന്ധിച്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മനുഷ്യന് കണ്ടെത്തിയ ഈ തത്വമാണ് പുതു തലമുറ പാചക യന്ത്രമായ ഈ കുക്കറില്‍ ഉപയോഗിക്കുന്നതെന്നത് കൌതുകകരമാണ്. ഇലക്ട്രോണിക്സിന്റെ വികാസത്തിന്റെ ഭാഗമായി അര്‍ദ്ധചാലകങ്ങളുടെ നിര്‍മ്മിതി കൈവരിച്ച മുന്നേറ്റമാണ് ഇന്ന് ഈ കുക്കറിന്റെ വ്യാപനത്തിനു കാരണമായത്. വളരെ കട്ടികൂടിയ ഒരു ചാലകത്തില്‍ ചെലുത്തപ്പെടുന്ന കാന്തിക ദോലനം, ഉയര്‍ന്ന അളവിലുള്ള “എഡ്ഡി കരണ്ട്” സൃഷ്ടിക്കുകയും, ചാലകത്തിന്റെ കുറഞ്ഞ രോധം, ഹിസ്റ്റെരിസിസ് എന്നിവ മൂലം ഉയര്‍ന്ന നിരക്കില്‍ താപോര്‍ജ്ജം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇവിടെ പാചകം ചെയ്യാനുള്ള പാത്രം തന്നെ ചാലകമായി പ്രവര്‍ത്തിക്കുന്നു. ഒരു സൂചന ചിത്രം താഴെ കാണാം.


ഇപ്രകാരം കമ്പിച്ചുറ്റിലെത്തുന്ന വൈദ്യതകാന്തിക ദോലനങ്ങള്‍ പ്രസരിപ്പിക്കുന്ന ഊര്‍ജ്ജം പാത്രത്തിലെത്തുകയും മേലെ സൂചിപ്പിച്ച പ്രകാരം പാത്രത്തെ ചൂടാക്കുകയും ചെയ്യുന്നു. ഈ കമ്പിച്ചുറ്റുകളുടെ വ്യാസത്തിനനുസരിച്ചുള്ള പ്രാത്രങ്ങള്‍ ഉപയോഗിക്കുക എന്നത് ക്ഷമതയുമായും ഉപകരണത്തിന്റെ ആയുസ്സുമായും ബന്ധപ്പെട്ടുകിടക്കുന്നു.
7/27/2009
സൌഹൃദത്തിന്റെ നറുപുഞ്ചിരികള്‍
എല്ലാ പേരുകളും പറയുക പെട്ടന്ന് അസാദ്ധ്യം. മുന്‍ വരിയില്‍ ബാനറും കയ്യിലേന്തി സജീവേട്ടന്, അങ്കിള്‍, വെള്ളായനി വിജയന്, കേരളാ ഫാര്‍മര്‍, ഷംസ് ചേട്ടന്, ചിത്രകാരന് തുടങ്ങിയവര്‍. ബാക്കി വിശദാംശങ്ങള്‍ താമസിയാതെ പോസ്റ്റ് ചെയ്യാം.
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം.
റസല്യൂഷന്‍ കൂടിയ ചിത്രം ഈ ലിങ്കില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്യാം.
കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഹരീഷിന്റെ പോസ്റ്റിലേക്ക് ഇതിലെ.
7/24/2009
മലയാള ബ്ലോഗ് ചരിത്രം
ആദ്യ മലയാള ബ്ലോഗ്.
ലിങ്ക് ഇവിടെ.
7/22/2009
വരച്ചതാര്?

ഇത് ചെറായ് മീറ്റിന്റെ ലോഗോ.
7/21/2009
ഗള്‍ഫിലെ ചിക്കന്‍ പോക്സ്
അമ്മാവന് എന്ന റാങ്ക് ഉണ്ടെങ്കിലും ഏട്ടായെന്ന് വിളിക്കുന്ന എന്റ്റെ ഒരു ബന്ധു ഗള്‍ഫിലായിരുന്നു. ഏട്ടനെന്നു വിളിക്കുന്നെങ്കിലും ഒരു സുഹൃത്തോ അതിനേക്കാളടുത്തതോ ആയ ഒരു ബന്ധമാണ് ഞങ്ങള്‍ തമ്മില്‍. ജീവിതത്തിന്റെ ഏതു മേഖലകളിലും ദുരനുഭവങ്ങള്‍ മാത്രം നേരിടുന്ന ഇദ്ദേഹത്തെ അവസാന ശ്രമമായ പ്രവാസവും, അതും കുറഞ്ഞൊരു കാലം മാത്രം ആയ പ്രവാസം, പരാജയപ്പെടുത്തുക തന്നെ ചെയ്തു. ചിക്കന്‍ പോക്സെന്ന പകര്‍ച്ച വ്യാധിയുടെ രൂപത്തിലാണിപ്രാവശ്യം ദുര്‍വിധി കടന്നു വന്നത്. ചിക്കന്‍ പോക്സ് ബാധ കഠിനമായിരുന്നെന്ന് ശരീരത്തെ വടുക്കള്‍ വിളിച്ചു പറയുന്നുണ്ട്. ഇത്തരം കഠിനമായ രോഗബാധയിലും കാര്യമായ ചികിത്സകളൊന്നും ഇദ്ദേഹത്തിന് ലഭിച്ചില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. ഒരു പക്ഷെ നല്ല ചികിത്സ എന്നത് സാധാരണ തൊഴിലാളിയായ ഒരാള്‍ക്ക് ഗള്‍ഫില്‍ അപ്രാപ്യമായതിനാലും ആവാം ഈ ദുര്‍ഗതി.
രോഗത്തിന്റെ ക്ഷീണം കാരണം തൊഴിലെടുക്കാനാവാതെ നാട്ടിലേക്ക് മടങ്ങിയത്തിയ ഏട്ടന് രണ്ട് ദിവസം മുമ്പ് പൊടുന്നനവെ ഒരു വശം തളര്‍ന്നു വീഴുകയായിരുന്നു.
തലച്ചോറില്‍ രക്തം കട്ടപിടിച്ചെന്ന കണ്ടെത്തലില്‍ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞെന്കിലും തലച്ചോറില്‍ ശസ്ത്രകൃയ വേണ്ട സാഹചര്യത്തിലേക്ക് പൊടുന്നനവെ സ്ഥിതിഗതികള്‍ മാറി. തലച്ചോറിന്റെ വലതു വെണ്ട്രിക്കിളില് കട്ടപിടിച്ചു കിടക്കുന്ന രക്തം എടുത്തുകളഞ്ഞ് നീര്‍ക്കെട്ട് മാറ്റുക എന്ന അവസാന ശ്രമത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും,അഡ്മിറ്റ് ചെയ്ത ഞായറാഴ്ച ഉച്ചക്ക് തന്നെ ശസ്ത്രകൃയ ചെയ്യുകയും ചെയ്തു.വിധി അനുകൂലമായതിനാല്‍ അദ്ദേഹം ഇന്നലെ വൈകിട്ട് ബോധം വീണ്ടെടുത്ത് ജീവിതത്തിലേക്ക് മടങ്ങാന്‍ ശ്രമമാരംഭിച്ചു, തളര്‍ന്ന വശം പ്രവര്‍ത്തനക്ഷമമായില്ലെങ്കിലും.
ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലാളികള്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ പോലും ഇത്തരം പകര്‍ച്ച വ്യാധികള്‍ ഗൌരവമായി കണക്കാക്കുന്നില്ലെന്നത് ഖേദകരമാണ്. ചികിത്സ ലഭ്യമാക്കുന്ന കേസുകളില്‍ പോലും വൈറസ് ബാധയെ ഇല്ലായ്മ ചെയ്യാനുള്ള മരുന്നുകളോ, അനുബന്ധമായി കടന്നുകൂടുന്ന ബാക്റ്റീരിയല്‍ ബാധയെ ലക്ഷ്യം വച്ചുള്ള അന്റി ബയോട്ടിക് മരുന്നുകളോ പ്രയോഗിക്കുന്നില്ല എന്നാണ് മനസ്സിലാവുന്നത്. വൈറസ് ബാധയും ബാക്റ്റീരിയല്‍ ബാധയും ചേര്‍ന്ന് സങ്കീര്‍ണ്ണമാക്കുന്ന രോഗാവസ്ഥ, വാസ്കുലൈറ്റിസ് എന്ന അവസ്ഥയിലേക്ക് നയിക്കാമെന്നാണ് വിദഗ്ധ അഭിപ്രായം. ഇപ്രകാരം തലച്ചോറിലെ രക്തക്കുഴലുകള്‍ക്ക് വരുന്ന ബലക്ഷയം രക്ത സ്രാവത്തിനും പക്ഷാഘാതം പോലെയുള്ള സ്ഥിതി വിശേഷം സംജാതമാവുകയും ചെയ്യാം. ആശുപത്രിയില്‍ കഴിയുന്ന ഏട്ടനു സംഭവിച്ചതും ഇത്തരം ഒന്നാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
ഗള്‍ഫില്‍ ഇപ്പോഴും ചിക്കന്‍ പോക്സ് ബാധിച്ച് ആളുകള്‍ ചികിത്സയിലുണ്ട്, അവരുടെ കാര്യത്തിലെങ്കിലും കൂടുതല്‍ ശ്രദ്ധയും പരിചരണവും ലഭിക്കട്ടെ എന്ന് ആശിക്കുന്നു. ഒപ്പം ചിക്കന്‍ പോക്സ് ബാധിച്ച് വിശ്രമിക്കുന്ന ബ്ലോഗറായൊരു സുഹൃത്തിന് പെട്ടന്നു തന്നെ രോഗം ഭേദമാവട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു.
7/14/2009
മൃഗങ്ങളിലെ സ്വവര്‍ഗ്ഗ രതി
സ്വവര്‍ഗ്ഗ ലൈഗികതെയെ പരാമര്‍ശിക്കുന്ന സമീപകാല ദില്ലി ഹൈക്കോടതി വിധി ഉയര്‍ത്തിവിട്ട ചര്‍ച്ചകള്‍ക്കിടയില്‍ ഉയര്‍ന്നു വരുന്ന ഒരു പരാമര്‍ശമാണ് മൃഗങ്ങളിലെ സ്വവര്‍ഗ്ഗ ലൈംഗികത. ഇതേപ്പറ്റി ബോധ്യമാവാന്‍ നെടുങ്കന്‍ റഫറന്‍സുകള്‍ തപ്പിപ്പോകാതെ നമുക്ക് ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ മതിയാവുന്നതാണ്.
നമ്മുടെ തൊടിയില്‍ ചിക്കിപ്പരതിനടക്കുന്ന കോഴികളെ നോക്കുക, രണ്ട് പൂവന്മാര് തമ്മിലിണ ചേരാനുള്ള ശ്രമം അത്യപൂര്‍വ്വമോ നടക്കാത്തതോ ആയ ഒരു സംഗതിയാണ്.
കൂട്ടമായി വളര്‍ത്തപ്പെടുന്ന ആടുകളെ നിരീക്ഷിച്ചാല്‍ സ്ഥിതി അല്പം വിഭിന്നമാണ്. ലൈംഗിക വളര്‍ച്ചയുടെ പ്രാരംഭ ഘട്ടങ്ങളില്‍ മുട്ടനാട്ടിന്‍ കുട്ടികള്‍ (ആണ്) മറ്റു മുട്ടനാട്ടിന്‍ കുട്ടികളുടെ പുറത്തുകയറുന്നത് സര്‍വ്വ സാധാരണമാണ്. വളര്‍ച്ച പൂര്‍ണ്ണമാവുന്നതോടെ ഇത് കുറഞ്ഞു വരികയും ഇണചേരല്‍ ശ്രമം പെണ്ണാടിനോട് മാത്രമായി ചുരുങ്ങുകയും ചെയ്യും.
പശുക്കളും മറ്റും ഒറ്റയായി വളര്‍ത്തപ്പെടുന്നതിനാല്‍ ഇത്തരം "കൂട്ട സ്വഭാവം" പ്രകടമാവുന്നില്ലെങ്കിലും മദിലക്ഷണ സമയത്ത് ഇവ മറ്റു പശുക്കളുടെയോ ചില നേരം ഉടമസ്ഥന്റെ തന്നെയോ പുറത്തുകയറാന്‍ ശ്രമിക്കാറുണ്ട്. ഇത് സാധാരണമായ ഒരു മദി ലക്ഷണമാണെന്നും, കാളക്കൂറ്റനുമായി ഇണചേരുന്നതില്‍ ഇവ വിമുഖത കാട്ടാറില്ലെന്നതും ഏവര്‍ക്കും ബോധ്യമുള്ള കാര്യമാണ്.
ഇതില്‍ നിന്നും താരതമ്യേന വ്യത്യസ്ഥമാണ് കുരങ്ങു വര്‍ഗ്ഗങ്ങളില്‍ പെടുന്ന ഉയര്‍ന്ന വിഭാഗക്കാരില്‍ കാണാവുന്നത്. സ്വയം ഭോഗം സര്‍വ്വ സാധാരണമായും, സ്വവര്‍ഗ്ഗ രതി ഒരു പരിധി വരെയും ഈ കൂട്ടത്തില്‍ ദൃശ്യമാണ്. ഒരു ഡോക്യുമെന്ററി പ്രവര്‍ത്തനത്തിന്റെ ഭാഗമായി നാഷണല്‍ ജിയോഗ്രഫിക്ക് ചാനലുകാര് നടത്തിയൊരു പര്യവേക്ഷണത്തില്‍, അതി തീവ്രമായ സ്വവര്‍ഗ്ഗ രതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന രണ്ട് പെണ്‍കുരങ്ങുകളെ കണ്ടെത്തിയതായി പറയുന്നുണ്ട്. ഇവിടെയെല്ലാം ശ്രദ്ധിക്കപ്പെടേണ്ട വിഷയം എതിര് ലിംഗവുമയുള്ള സ്വാഭാവിക ലൈഗിക ബന്ധത്തിന് ഇവ വിമുഖത കാണിക്കുന്നില്ല എന്നാണ്.
ഉദാഹരണങ്ങളായി ചില സന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാട്ടി സാമാന്യവല്‍ക്കരണത്തിനു ശ്രമിക്കുന്നതല്ല, എന്നിരുന്നാലും സ്വവര്‍ഗ്ഗ രതിയെപ്പറ്റി എന്റെ കാഴ്ചപ്പാട് ഇപ്രകാരം ക്രോഢീകരിക്കാം.
1.മൃഗങ്ങള്‍ക്കിടയില്‍ പൂര്‍ണ്ണ സ്വവര്‍ഗ്ഗ രതി എന്നൊന്നില്ല.
2.സ്വവര്‍ഗ്ഗവുമായി രതിയിലേര്‍പ്പെടാന്‍ ശ്രമിക്കുന്ന മൃഗങ്ങള്‍ക്ക് എതിര് ലിംഗവുമായി ഇണചേരാനും വൈമുഖ്യമില്ല.
3.പരിണാമ ശ്രേണിയിലെ ഉയര്‍ന്ന തട്ടിലുള്ള മൃഗങ്ങളില്‍ സ്വവര്‍ഗ്ഗ ലൈംഗികത കൂടുതല്‍ അളവില്‍ കാണപ്പെടുന്നു.
4.മനുഷ്യനില്‍ കാണപ്പെടുന്ന സ്വവര്‍ഗ്ഗ ലൈംഗികത മറ്റും ജന്തു വര്‍ഗ്ഗങ്ങളുമായി താരതമ്യം ചെയ്യാവുന്നതല്ല. പരിണാമ പ്രകൃയക്കിടയില്‍ കടന്നു വന്ന പരിഷ്കാരങ്ങളുടെ പ്രകടനമായ സ്വഭാവ വിശേഷമാവാമിത്.
5. മൃഗങ്ങള്‍ പ്രകടിപ്പിക്കുന്ന സ്വഭാവവിശേഷങ്ങള്‍ മാത്രമാണ് പ്രകൃതിദത്തം എന്ന് വാദിക്കുന്നുവെങ്കില്‍ , സ്വവര്‍ഗ്ഗ രതി പ്രകൃതി വിരുദ്ധമാണ്.
7/11/2009
ന്യൂറോ സര്‍ജന്മാരാവാന്‍ അവസരം
കേരളത്തിലെ നാടക രംഗം നാശോന്മുഖമാവാന് തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അതിന്റെ പകര്‍ച്ചയെന്നൊണം സിനിമ രംഗവും പ്രതിസന്ധിയിലാണ്. ഈ രണ്ട് രംഗത്തും തൊഴില്‍ നഷ്ടപ്പെട്ട അനേകര്‍ പട്ടിണികിടന്ന് അവശകലാകാരന്മാരെന്ന പട്ടം കൈപ്പറ്റിയിരിക്കുന്നു.
ഈ രണ്ടു പ്രശ്നങ്ങള്‍ക്കും ഒറ്റയടിക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ മുന്‍ കൈ എടുക്കണമെന്ന് ഈ പോസ്റ്റിലൂടെ ഞാന്‍ നിര്‍ദ്ദേശിക്കുകയാണ്. നാടക സിനിമാ രംഗങ്ങളില്‍ സങ്കീര്‍ണ്ണ ന്യൂറോ സര്‍ജറി ചെയ്ത് പരിചയമുള്ള നടന്മാര്ക്ക് ന്യൂറൊ സര്ജന് പദം അനുവദിക്കുകയും അവരെ ഉടനടി ഒഴിവുള്ള തസ്തികകളില്‍ നിയമിക്കുകയും ചെയ്യേണ്ടതാണ്. ബ്രയിന്‍ ട്യൂമര്‍ തുടങ്ങിയ മാരക രോഗങ്ങള്‍ സിനിമയിലും നാടകത്തിലും ഒരുകാലത്ത് നിറഞ്ഞാടിയിരുന്നതിനാല്‍ ആളുകള്‍ക്ക് ക്ഷാമമുണ്ടാവാനിടയില്ല. കേരളത്തിലെ പൊതുജനാരോഗ്യ രംഗവും തൊഴില്‍ രംഗവും ഉദ്ധരിക്കാന്‍ സര്‍ക്കാരിനി ഒട്ടും അമാന്തിക്കരുത്.
ഇക്കാര്യത്തില്‍ എന്തെങ്കിലും കൂടുതല്‍ സംശയം സര്‍ക്കാരിനുണ്ടെങ്കില്‍ കേന്ദ്ര പ്രതിരോധ മന്ത്രി അന്തോണിച്ചനുമായി ബന്ധപ്പെട്ടാല്‍ മതിയാവുന്നതാണ്. വേണമെങ്കില്‍ ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാലിനെയും വിളിക്കാം
7/10/2009
ചെറായിയിലെ പുലിമുട്ട്
പുലിമുട്ട് (Breakwater):
കടലും പുഴയും സംഗമിക്കുന്ന അഴിമുഖങ്ങളെപ്പറ്റി കവികളൊരുപാട് പാടിയിട്ടുണ്ട്. ഒഴുകിയെത്തുന്ന പുഴയെ സ്വീകരിച്ചാനയിക്കാന്‍ ആവേശഭരിതരായ തിരമാലകള്‍ മുന്നോട്ടാഞ്ഞ് കോരിയെടുക്കുന്നതായി അവര്‍ സങ്കല്‍പ്പിക്കുന്നു. ആവേശത്തള്ളലില് അഴിമുകത്തിനു വീതിയേറിയിരിക്കും, ഒഴുക്കിനു ശക്തി കുറഞ്ഞ് കടലും പുഴയും സംഗമിക്കും. എന്നാല്‍ ഈ കാല്പനികത പ്രായോഗിക തലത്തില്‍ ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്,പ്രത്യേകിച്ച് ഹാര്‍ബര്‍ ഉള്ള സ്ഥലങ്ങളില്‍ . ഒഴുക്കിനു ശക്തി കുറയുന്നതിനാല്‍ മണലും എക്കലും അടിഞ്ഞ് അഴിമുഖത്തിന്റെ ആഴം കുറയുന്നത് വലിയ ബോട്ടുകള്‍ക്കും മറ്റും തടസ്സം സൃഷ്ടിക്കും. പുഴയിലേക്കടിച്ചു കയറുന്ന തിരകള്‍ സൃഷ്ടിക്കുന്ന ഓളങ്ങളും ബോട്ടുകളടുക്കാന്‍ ബുദ്ധിമുട്ടായ് ഭവിക്കും. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് പുലിമുട്ടുകള്‍ നിര്‍മ്മിക്കപ്പെടുന്നത്.
അഴിമുഖത്തിന്റെ വീതി കുറച്ച് കടലിനുള്ളിലേക്ക് ഇരുവശത്തുകൂടിയും ചെറിയ കരിങ്കല്‍ തിട്ടകള്‍ കെട്ടുക എന്നതാന് ഇതിന്റ് സാങ്കേതിക വിദ്യ. വീതിയേറിയ സ്ഥലം പൊടുന്നനെ ഇടുങ്ങിയതാവുമൊള്‍ ഒഴുക്കിന്റെ ശക്തി വര്‍ദ്ധിക്കുകയും അടിത്തട്ടിലെ മര്‍ദ്ദം കുറയുകയും ചെയ്യുന്നു. ഈ രണ്ട് ഘടകങ്ങളും ചേര്‍ന്ന് അഴിമുഖത്തെ അടിഞ്ഞു കൂടിയ മണ്ണും മണലും കടലിലേക്കൊഴുക്കുകയും വീണ്ടും അടിയാതെ തടയുകയും ചെയ്യുന്നു. കടലിലേക്ക് വീതി കുറഞ്ഞ് വരുന്ന് രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കെട്ട് തിരമാലകള്‍ പുഴയിലേക്ക് തള്ളിക്കയറുന്നതും തടയുന്നു. ഇവ ഹാര്‍ബറിന്റെ പ്രവര്‍ത്തനത്തെ സുഗമമാക്കും.ഇതു കൂടാതെ കടലിലേക്കിറക്കിക്കെട്ടുന്ന കല്‍ക്കെട്ടിനിരുവശം ആഴം കുറഞ്ഞ ബീച്ചായി രൂപപ്പെടുകയും ചെയ്യു.
കരിങ്കല്‍ കെട്ടുമാത്രമായിരുന്ന പുലിമുട്ട് കൂടുതല്‍ മോടി പിടിപ്പിക്കുകയും അതു വഴി ടൂറിസം സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാമെന്ന ആശയമാണ് ചെറായിയില്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. ഇതു വഴി ഈ പ്രദേശത്തിന്റെ വികസനം ത്വരിത ഗതിയിലാവുകയും ചെയ്യും.

ചെറായി പുലിമുട്ട്, ഒരു ഗൂഗിള്‍ എര്‍ത്ത് ചിത്രം
7/04/2009
മുന്‍കൂര്‍ ജാമ്യാപേക്ഷ
അനില്‍@ബ്ലൊഗ്
C/O ബ്ലോഗ്ഗര്‍.കോം
ബൂലോകം.പി.ഓ
സ്വീകര്‍ത്താക്കള്‍,
എല്ലാ ബൂലോകര്‍ക്കും.
സാറന്മാരെ, മാഡങ്ങളെ,
അടുത്തിടെയായി ബൂലോകത്ത് വ്യാജ പ്രൊഫൈലുകള്‍ പെരുകി വരുന്ന കാഴ്ച ചിലരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. തങ്ങള്‍ക്ക് വിരോധമുള്ള ആളുകളുടെ വ്യക്തി വിവരങ്ങളും പ്രൊഫൈല്‍ ഫോട്ടോയും അതേപടി പകര്‍ത്തി മറ്റൊരു പ്രൊഫൈലുണ്ടാക്കി , യഥാര്‍ത്ഥ പ്രൊഫൈല്‍ ഉടമക്ക് മാനഹാനി ഉണ്ടാക്കുന്ന തരത്തില്‍ പലയിടത്തും കമന്റുകളിടുക എന്നതാണ് ഈ സൂത്ര വിദ്യ. ഇതുപയോഗിച്ച് ആരുടേയും തന്തക്കു വേണേലും വിളിക്കാമെന്നതാണ് ഏറ്റവും വലിയ ഗുണങ്ങളിലൊന്ന്, അതിന്റെ ക്രെഡിറ്റ് ഒറിജിനല്‍ പ്രൊഫല്‍ നാമധാരിക്കായിരിക്കുമല്ലോ. ആ ബ്ലോഗറെ മുന്‍ പരിചയമില്ലാത്ത ആളുകളാണെങ്കില്‍ വ്യാജനാണോ എന്ന് സംശയിക്കാന്‍ സാദ്ധ്യത ഇല്ലല്ലോ.
ഈ സാഹചര്യത്തില്‍ എന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇതിനാല്‍ സമര്‍പ്പിക്കുന്നു. പതിവില്‍ നിന്നും വ്യത്യസ്ഥമായ രീതിയില്‍ അനില്‍@ബ്ലൊഗ് എന്ന കമന്റ് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ പ്രൊഫൈലൊന്ന് ക്ലിക്കി നോക്കാന്‍ സന്മനസ്സുണ്ടാവണം.
2008 ജൂണിലാണ് പ്രൊഫൈല്‍ ആരംഭിച്ചത്, അഞ്ചു ബ്ലോഗുകളും കാണാം (ഒന്നേ ഉപയോഗിക്കുന്നുള്ളൂ, ബാക്കിയെല്ലാം ചുമ്മാ ഇട്ടിരിക്കുന്നതാണ്), അതില്‍ എന്റെ പോസ്റ്റുകളും. തത്കാലം ഈ കാര്യങ്ങള്‍ കണ്ട വ്യാജ പ്രൊഫൈലുകളില്‍ ഉള്‍ക്കൊള്ളിച്ചതായി കാണുന്നില്ല. ഇതിനുള്ള സൂത്ര വിദ്യ കണ്ടെത്തിയാല്‍ പിന്നെ ബ്ലോഗ് പൂട്ടി പോവുകയേ നിവര്‍ത്തിയുള്ളൂ. ആയതിനാല്‍ ചൊറിച്ചില്‍ തോന്നുന്ന രീതിയില്‍ കമന്റുകളേതെങ്കിലും കണ്ടാല്‍ അത് അനില്‍@ബ്ലോഗ് തന്നെ എന്ന് ഉറപ്പാക്കിയ ശേഷം മാത്രം തെറിവിളിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു, അല്ലാത്ത പക്ഷം ആ തെറികളൊന്നും ഇവിടെ സ്റ്റോക്കെടുക്കുന്നതല്ല.
6/30/2009
മലയാളിക്ക് പഠിക്കുന്നവര്‍
പൊതു പണിമുടക്കുകളും പ്രകടനങ്ങളും ഇന്ത്യാക്കാരന്റെ പ്രത്യേകിച്ച് മലയാളിയുടെ കുത്തകയാണെന്ന് പൊതു ധാരണയില്‍ ചിന്തിച്ചു പോയതാണ്. 2009 വര്‍ഷത്തില്‍ തങ്ങളുടെ ഭരണകൂടത്തിനെതിരെ രണ്ട് രാജ്യങ്ങളിലെ ജനങ്ങള്‍ നടത്തിയ പ്രകടനങ്ങള്‍ കണ്ട് അന്തം വിട്ട ഞാന്‍ ധരിച്ചത്, മലയാളികളായിരിക്കും ഇതിനു പിന്നിലെന്നാ. പക്ഷെ അല്ല കേട്ടോ, സായിപ്പന്മാരുതന്നെയാണെല്ലാം, അതും ലക്ഷക്കണക്കിനു വരുന്ന ജനക്കൂട്ടം.
ദേ നോക്കിക്കെ പാരീസില്‍: ഗാര്ഡിയന് പത്രത്തിലെ താള്
ഇതാണെങ്കില്‍ ഗ്രീസില്‍: എ.ബി.സി വാര്‍ത്ത
ഇവര്‍ക്കൊന്നും വേറൊരു പണിയുമില്ലെ?
ഇവരെന്താ മലയാളിക്ക് പഠിക്കുകയാണോ?