പരമ്പരാഗത കൃഷികള്‍ക്ക് വരുമാന ലഭ്യത കുറഞ്ഞതും മൃഗജന്യ ഉത്പന്നങ്ങള്‍ക്ക് ആവശ്യകത വര്‍ദ്ധിച്ചു വരുന്നതും നിമിത്തം മൃഗസംരക്ഷണമേഖലയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ മുതല്‍ മുടക്കാന്‍ തയ്യാറായി മുന്നോട്ട് വരുന്ന സംരഭകരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.പൊതുവിപണിയില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വില ഇടിഞ്ഞുകൊണ്ടിരിക്കുമ്പോഴും വിലവര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഉത്പന്നങ്ങളാണ് മുട്ട, പാല്‍, മാസം തുടങ്ങിയ മൃഗജന്യ വസ്തുക്കള്‍. കേരളത്തിലെ ഭൌതിക സാഹചര്യങ്ങള്‍ നിമിത്തം വന്‍ തോതിലുള്ള ഉത്പാദനം സാദ്ധ്യമല്ലാത്ത ഈ സാഹചര്യം പരമാവധി ചൂഷണം ചെയ്തുകൊണ്ട് തമിഴ്നാടും കര്‍ണ്ണാടകവും തങ്ങളുടെ ഗ്രാമീണ ജനതയുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഈ മേഖല ഉപയോഗിക്കുന്നു. കേരളത്തിലാവട്ടെ ഒറ്റപ്പെട്ട ചില വിജയഗാഥകളെ മാതൃകകളാക്കി, മേഖലയിലേക്ക് സംരഭകരെ ആകര്‍ഷിക്കാന്‍ സര്‍ക്കാരും ഇതര ഏജന്‍സികളും ശ്രമം നടത്തുന്നുമുണ്ട്. എന്നാല്‍ കേരളത്തില്‍ ഈ മേഖലയില്‍ ആരംഭിക്കുന്ന ഏറെ സംരഭങ്ങളും ഒന്നോ രണ്ടോ വര്‍ഷത്തെ ആയുസ്സെത്തുന്നതോടെ അടച്ചു പൂട്ടപ്പെടുന്നത് ഒരു വസ്തുതയായി നിലനില്‍ക്കുകയും ചെയ്യുന്നു.
പ്രധാനമായും മൂന്ന് ഘടകങ്ങളാണ് പ്രതികൂലമായി പരിണമിക്കുന്നത്.
1. സ്ഥല ലഭ്യത: താരതമ്യേന ജനസാന്ദ്രതയേറിയ കേരളത്തില്‍ അനുയോജ്യമായ സ്ഥലം ലഭിക്കുക എന്നത് ദുഷ്കരമായിരിക്കുന്നു. റിയലെസ്റ്റേറ്റ് ബിസിനസ്സ് തഴച്ചു വളര്‍ന്നിരിക്കുന്ന ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലും ഭൂമിക്ക് പൊന്നിന്റെ വിലയാണ്. തുടങ്ങാനുദ്ദേശിക്കുന്ന വ്യവസായത്തിന്റെ "റിസ്ക് ഫാക്റ്റര്‍", വരുമാന ലഭ്യത എന്നിവ താരതമ്യം ചെയ്താല്‍ "ചുരുങ്ങിയ അദ്ധ്വാനത്തില്‍ ഏറെ വരുമാനം" എന്ന ലക്ഷ്യവുമായി മുന്നോട്ട് നീങ്ങുന്ന മലയാളി, ഭൂമിയെ കൃഷിമേഖലയിലുപയോഗിക്കാന്‍ വിമുഖനാവും. ജനസാന്ദ്രതയുമായി കൂട്ടി വായിക്കപ്പെടേണ്ട ഒന്നാണ് മലിനീകരണം എന്ന ഘടകം. വ്യവസായങ്ങള്‍ വളരണമെന്ന് മുറവിളികൂട്ടുന്നവര്‍ പോലും നിസ്സാര പ്രശ്നങ്ങള്‍ ഊതിപ്പെരുപ്പിച്ച് ഇത്തരം സംരഭങ്ങള്‍ക്ക് എതിരെ തിരിയുന്നത് സര്‍വ്വ സാധാരണമാണ്. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പുത്തൂര്‍ പന്നി ഫാം അടച്ചു പൂട്ടിച്ച കഥകള്‍ ഈ അവസരത്തില്‍ നാം അനുസ്മരിക്കുക.ഓര്‍മവന്ന പഴയ ഒരു വാര്‍ത്താ ശകലം ഇതാ
2.തീറ്റച്ചിലവുകള്‍: പുല്ല്, വൈക്കോല്‍ എന്നീ രണ്ട് തീറ്റ വസ്തുക്കളൊഴികെ മറ്റെല്ലാ തീറ്റകളും അന്യസംസ്ഥാനത്തുനിന്നും വരുന്നവയാണ്. ഇവയില്‍ തന്നെ കാര്‍ഷിക മേഖലയിലെ പിന്നോട്ട് പോക്ക് വൈക്കോലിന്റേയും പച്ചപ്പുല്ലിന്റെയും ലഭ്യതയെയും സാരമായി തന്നെ ബാധിച്ചിരിക്കുന്നു. നെല്‍ കൃഷിയില്ലാത്ത സംരഭകര്‍ ഇവയും വിലകൊടുത്തു വാങ്ങി ചിലവ് വര്‍ദ്ധിപ്പിക്കുക എന്ന വഴിയാണ് ആശ്രയിക്കുന്നത്. സമീകൃത തീറ്റയുടേയും പിണ്ണാക്ക് വര്‍ഗ്ഗങ്ങളുടേയും വിലയിലുണ്ടായ ക്രമാതീത വര്‍ദ്ധനവ് കര്‍ഷകന്റെ നട്ടെല്ലൊടിക്കാന്‍ പര്യാപ്തമാണ്. സര്‍ക്കാര്‍ മേഖലയില്‍ നിന്നുമൊരു ഇടപെടല്‍ എന്ന രീതിയില്‍ ആരംഭിച്ച കാലിത്തീറ്റ ഫാക്റ്ററിയും ഉദ്ദേശിച്ച പ്രയോജനം നല്‍കിയില്ല. ക്ഷമതയില്ലാത്ത പാലുത്പാദനവും ഉയര്‍ന്ന ശരീരഭാരവുമുള്ള നമ്മുടെ ശരാശരി ഫാം പശുക്കള്‍ വരവും ചിലവും അനുപാദം വരുതിയില്‍ നിര്‍ത്താന്‍ സഹായിക്കുന്നില്ല.
3.തൊഴിലാളികളുടെ ലഭ്യത: ശരീരത്ത് കറപുരളുന്ന ജോലികള്‍ ചെയ്യാന്‍ വിമുഖരായ മലയാളികളെ നമുക്ക് ഈ തൊഴിലിനായി ലഭിക്കുക അസാദ്ധ്യമാണ്. ബദല്‍ സംവിധാനം എന്ന നിലയില്‍ തമിഴ്നാട് ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികളെയാണ് മറ്റെല്ലാ മേഖലയിലുമെന്നപോലെ ഈ രംഗത്തും നാമാശ്രയിക്കുന്നത്.ബഹുരാഷ്ട്ര കമ്പനികള്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉയര്‍ന്ന കൂലി നല്‍കുന്നത് നിര്‍മ്മാണമേഖലയിലെ കൂലിവ്യവസ്ഥ തന്നെ അട്ടിമറിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍, ഫാമില്‍ തൊഴിലെടുക്കാന്‍ തൊഴിലാളിയെ കിട്ടാതായിരിക്കുന്നു. ഈ സ്ഥിതി തുടരുന്നിടത്തോളം കാലം കൂലിയിനത്തില്‍ വര്‍ദ്ധിച്ച തുക ചിലവഴിക്കേണ്ട സാഹചര്യം നിലനില്‍ക്കുക തന്നെ ചെയ്യും.
പരിഹാരമാര്‍ഗ്ഗങ്ങള്‍:
നിശ്ചിതമായ ഒരു പാക്കേജ് എന്ന നിലയില്‍ പരിഹാരം നിര്‍ദ്ദേശിക്കാവുന്ന പ്രശ്നങ്ങളല്ല ഇവ. നമ്മുടെ സര്‍ക്കാര്‍ നയങ്ങളും തൊഴിലിനോടും മറ്റ് സംരഭങ്ങളോടുമുള്ള കേരളീയ സമൂഹത്തിന്റെ സമീപനവും ഒന്നു ചേര്‍ന്ന് സങ്കീര്‍ണ്ണമാക്കിയിരിക്കുന്നു , സാഹചര്യങ്ങള്‍. ഓരോ പ്രദേശത്തിന്റെയും സവിശേഷ സാഹചര്യങ്ങള്‍ അവിടവിടെയായി പരിശോധിച്ച് പരിഹാരം കാണുകയെ നിലവില്‍ സാദ്ധ്യമാവുകയുള്ളൂ.
ഒറ്റപ്പെട്ട ആ ചില വിജയഗാഥകള്‍:
ഈ സങ്കീര്‍ണ്ണ സാഹചര്യത്തിലും വിജയകരമായി ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രയത്നശാലികളെ നമുക്ക് കണ്ടെത്താനാവും.യുവാക്കളാണ് ഈ രംഗത്ത് കൂടുതലായി കടന്നുവരുന്നതെന്നത് ഒരേസമയം അഭിമാനകരവും അതേ സമയം ആശങ്കാ ജനകവുമാണ്. വിജയികളുടെ ചരിത്രം പരിശോധിച്ചാല്‍ വെളിവാകുന്നത് വിശ്രമമില്ലാത്ത കഠിനാധ്വാനത്തിന്റ് ചിത്രങ്ങളാണ്. പുലര്‍ച്ചെ മൂന്നുമണിക്കാരംഭിച്ച് രാത്രി പത്തുമണി വരെ നീളുന്ന ചിത്രം ആവേശഭരിതമെങ്കിലും ആശാവഹമല്ല. തന്റെ ജീവിതത്തിന്റെ വിലമാത്രമാണവന്‍ ലാഭമായി പരിവര്‍ത്തനം ചെയ്യുന്നത്. ഒരു വ്യക്തിയിലെ "സാധാരണ മനുഷ്യന്‍" എന്ന ഘടകം വിസ്മരിച്ചാണ് നാം ആവേശം കൊള്ളേണ്ടി വരിക. ജീവിതത്തില്‍ സ്വതന്ത്രമായി ഒരു നിമിഷം പോലും സ്വന്തമായി എടുക്കാനില്ലാത്ത ഒരു വ്യക്തി കടന്നുപോകുന്ന മാനസ്സിക സമ്മര്‍ദ്ദം എന്നെ വേവലാതിപ്പെടുത്തുന്നു. ഒരു പക്ഷെ ഈ തൊഴിലിനോട് തന്നെ വിരക്തി വളരാനും അവനെ ഈ മേഖല വിട്ടുപോകാനും പ്രേരിപ്പിക്കുന്നത് ഈ ഘടകമാവാം. മന്‍ഷ്യന്‍ എന്ന അടിസ്ഥാന ഘടകത്തെ ഒഴിച്ചു നിര്‍ത്തിയുള്ള ഒരു സംരഭങ്ങളും സ്ഥായിയാരിക്കില്ലെന്ന് നാം തിരിച്ചറിയണം. ഈ സാഹചര്യങ്ങള്‍ മൊത്തമായി പരിഗണിച്ച് പ്രാദേശികമായ കൂട്ടായമകള്‍ രൂപപ്പെടുത്തി മാത്രമേ ഇനി മുന്നോട്ട് പോകാനാവൂ.
10/22/2009
Subscribe to:
Post Comments (Atom)
23 comments:
പ്രാദേശികമായ കൂട്ടായമകള്‍ രൂപപ്പെടുത്തി മാത്രമേ ഇനി മുന്നോട്ട് പോകാനാവൂ
“ശരീരത്ത് കറപുരളുന്ന ജോലികള്‍ ചെയ്യാന്‍ വിമുഖരായ മലയാളികളെ നമുക്ക് ഈ തൊഴിലിനായി ലഭിക്കുക അസാദ്ധ്യമാണ്“ -
അനിലെ അത്രേ ഉള്ളൂ സംഭവം....ഈ തൊഴിലിനെന്നല്ല ഒരു തൊഴിലിനും ഇവിടെ ആളിനെ കിട്ടാത്ത അവസ്ഥയാണ്....
ആരാണ് ഇതിന് ഉത്തരവാദികൾ..:):):)
അനിലേട്ടാ നല്ല ലേഖനം.
പ്രാദേശികമായ കൂട്ടായ്മ. തൊഴിലിന് പകരം തൊഴിൽ. അതൊക്കെ തുടക്കത്തിൽ ഉണ്ടാവും. ആ സമയം വേറെ എവിടെങ്കിലും പോയി കൈയ്യും മെയ്യുമനങ്ങാതെ ജോലി ചെയ്താൽ രണ്ട് മൂന്ന് നേരം മൃഷ്ടാന്ന ഭോജനവും വൈന്നേരം നല്ലൊരു തുക കൂലിയായും കിട്ടിയാൽ ഷാപ്പിലൊന്ന് കേറി രണ്ടെണ്ണം വിട്ട് ചൊരണ്ട് ലോട്ടറിയും എടുത്ത് ബാക്കി വരുന്ന പൈസക്ക് വീട്ട് സാമാനങ്ങൾ വാങ്ങി....ഛെ എന്നിട്ടും തീരുന്നില്ല പൈസ അതിനാൽ പിറ്റേന്ന് ലീവുമാക്കി....
എന്തൊരു സുഖം.....
ചാണകം മേത്താക്കി.പാല് വിറ്റ് പുല്ലും പിണ്ണാക്കും വാങ്ങി...ശ്ശൊ എന്തൊരു കഷ്ടപാട് എന്റെ ദൈവമേ..
എന്തിനാ ചുമ്മാ ടെൻഷനടിക്കുന്നത്?
ഒരു ഭാഗത്ത് മിണ്ടാതെയിരിക്കല്ലാതെ.
“ശരീരത്ത് കറപുരളുന്ന ജോലികള്‍ ചെയ്യാന്‍ വിമുഖരായ മലയാളികളെ നമുക്ക് ഈ തൊഴിലിനായി ലഭിക്കുക അസാദ്ധ്യമാണ്"
ഈ തൊഴിലിനെന്നല്ല, ഏതു തൊഴിലിനും അത് തന്നെ അല്ലേ മാഷേ അവസ്ഥ?
മൃഗസംരക്ഷണ മേഖലയിൽ എന്നല്ല ഏതു മേഖലയിലും ഇന്ന് തൊഴിലാളി ക്ഷാമം രൂക്ഷമാണു.എല്ലാവർക്കും വൈറ്റ് കോളർ ജോലി മതി.ഉല്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാത്തിടത്തോളം എന്തൊക്കെ സഹായങ്ങൾ ചെയ്താലും ഈ മേഖലയിലേക്ക് ആളുകൾ വരാൻ തയ്യാറാവില്ല.
ഇത് വായിച്ചപ്പോള്‍ എനിക്ക് താങ്കളുടെ സഹായം അനിവാര്യമായി തോന്നുന്നു....
വിദേശത്ത് എന്ത് തരംതാണ ജോലിയും ചെയ്യാൻ വിമുഖതകാണിക്കാത്ത മലയാളി നാട്ടിലെ സാധ്യതകൾ ഇനിയും തിരിച്ചറിയാത്തത് എന്ത് കൊണ്ടാണ്?
വിശദമായ ഈ ലേഖനത്തിന് നന്ദി.
അനിലിന്റെ എല്ലാ പോസ്റ്റിലുമുണ്ടാവും ഇതുവരെ അറിയാതിരുന്ന അല്ലെങ്കില്‍ ഓര്‍ക്കാതിരുന്ന എന്തെങ്കിലും കാര്യങ്ങള്‍.ഇതും അതുപോലെ തന്നെ. ഇക്കാര്യത്തേപ്പറ്റിയൊന്നും ആലോചിച്ചിട്ടേ ഇല്ല എന്നതാണു് സത്യം.
“യുവാക്കളാണ് ഈ രംഗത്ത് കൂടുതലായി കടന്നുവരുന്നതെന്നത് ഒരേസമയം അഭിമാനകരവും അതേ സമയം ആശങ്കാ ജനകവുമാണ്.“
അതെന്താ അങ്ങനെ പറഞ്ഞതു്?
ഇവിടെ ഗള്‍ഫില്‍ വന്നിട്ട് 600 ദിര്‍ഹാം ശമ്പളത്തിന് ജോലി ചെയ്യുന്ന മലയാളികളുണ്ട്. അതായത് ഭക്ഷണം ഫോണ്‍ ഫിളി എന്നിവ കഴിഞ്ഞാല്‍ ഇന്ത്യന്‍ മണി 5000 രൂപ ബാക്കിയാകും. അതായത് ദിവസ കൂലി 170 രൂപ. ഇതേ കൂലി ഇന്ന് നാട്ടിലും കിട്ടും ഗള്‍ഫിലെ അത്ര ചൂടും പീഡനവും ഏറ്റിവാങ്ങേണ്ടതില്ല പക്ഷെ മലയാളി അതിന് തയ്യാറാകുന്നില്ല. അവര്‍ പറയുന്നത് ഒന്നും സമ്പാദിക്കാന്‍ കഴിയുന്നില്ല എന്നാണ്. ഗള്‍ഫിലായാല്‍ ചിലവ് കഴിഞ്ഞുള്ള സംഖ്യ മിച്ചം വെച്ച് എന്തെങ്കിലും കാര്യത്തിന് ഉപയോഗിക്കാം എന്നാണ്.
ഇങ്ങനെ നോക്കുമ്പോള്‍ മലയാളിക്ക് കേരളത്തില്‍ നില്‍ക്കുമ്പോള്‍ സമ്പാദിക്കാന്‍ കഴിയാത്തതാണ് മുഖ്യ പ്രശ്നം. നാട്ടില്‍ നില്‍കുമ്പോള്‍ ആളുകള്‍ കൂടുതല്‍ ഉപഭോക്ത്യ തല്പരരാകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
കൂടാതെ ഇന്ന് സാധാരണ വീട്ടു വളപ്പില്‍ ക്യഷി ചെയ്തിരുന്ന ചേമ്പ് , ചേന, കാച്ചില്‍ ,എന്നിവയെല്ലാം കടയില്‍ നിന്നാണ് വാങ്ങുന്നത്. ക്യഷി എല്ലാ അര്‍ഥത്തിലും നഷ്ടമാണ് എന്ന് കോര്‍പറേറ്റ് മാധ്യമങ്ങളും മറ്റ് കുത്തക ഇറക്കുമതി സൂപ്പര്‍ മാര്‍ക്കറ്റ് ശ്രംഘലകളും നിരന്തരം പ്രോപ്പഗണ്ടകള്‍ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ മുളച്ച് പൊങ്ങുന്ന പാക്കറ്റ് സൂപ്പര്‍ മാര്‍ക്കറ്റ് ശ്യംഘലകള്‍ നമ്മുടെ നാടിന്റെ പരസ്പര കൊടുക്കല്‍ വാങ്ങലുകളും ചിലവു കുറഞ്ഞ കാര്‍ഷിക രീതിയടക്കം എല്ലാം കൈ മോശം വന്നു കൊണ്ടിരിക്കുകയാണ്.
മുഖ്യ ധാരാ മാധ്യമങ്ങള്‍ക്ക് ഊഹ കച്ചവട വിപണിയുടെ നിക്ഷേപ സാധ്യതകളെകുറിച്ചും. ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്ക് അന്യമാകുന്ന കോര്‍പറേറ്റ് കുത്തകളുടെ അങ്ങാടി വാണിഭവും മാത്രമാണ് വാര്‍ത്ത.
വൈറ്റ് കോളര്‍ ജോലിയോടുള്ള യുവാക്കളുടെ ഭ്രമത്തിനെതിരെ നമ്മള്‍ വെറുതെ നാക്കിട്ടടിക്കുന്നതില്‍ കാര്യമില്ല എന്നാണ് എന്റെ അഭിപ്രായം. പറയുന്ന നമ്മള്‍ ഓരോരുത്തരും ചിന്തിക്കുക. നമ്മള്‍ എത്രപേര്‍ എത്ര ഒരു കപ്പ, ഒരു വാഴ, അല്പം പയര്‍, വെണ്ട, കാച്ചില്‍ എന്നിവയൊക്കെ നടാന്‍ വേണ്ടി ഈ വര്‍ഷമെങ്കിലും എന്തെങ്കിലും ചെയ്തോ എന്ന്. ഞാനടക്കം 80% പേര്‍ പോലും ഒരു കമ്പ് കപ്പ പോലും നിലത്ത് കുത്തിയിട്ടൂണ്ടാവില്ല എന്നതാണ് സത്യം.കര്‍ഷകന്റെ മഹത്വം നമ്മളെ ആരും പഠിപ്പിച്ചില്ല. ഇനി നമ്മളും പുതിയ തലമുറയെ പഠിപ്പിച്ചില്ലെങ്കില്‍ നമ്മുടെ മണ്ണ് വെറും തരിശായി നമ്മള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ പച്ചക്കറി വണ്ടികള്‍ക്കും, പാല്‍ വണ്ടികള്‍ക്കും കാത്തിരിക്കേണ്ടി വരും.
ഈ ചര്‍ച്ചക്ക് നന്ദി
പതിവു പോലത്തെത്തന്നെ,പ്രയോജനപ്രദമായ പോസ്റ്റായി,ചങ്ങാതീ.
അവസാന പേരയിൽ പറഞ്ഞ കാര്യങ്ങൾ ആരുമിപ്പോൾ പറയാത്ത ഒരു വാസ്തവമാണ്.ജീവിതത്തിന്റെ ആസ്വാദനസാഹചര്യങ്ങൾ മുഴുവൻ കൊട്ടിയടക്കുന്ന വിധത്തിൽ തിരക്കിലാണ്ടു പോകുന്ന കുറേ മനുഷ്യജ്ജീവികളെ ആണ് നാം ഇത്തരം കാര്യത്തിൽ പുകഴ്ത്തുന്നത്.അങ്ങനെ ആണോ ഒരു പരിഷ്കൃതസമൂഹത്തിൽ അടിസ്ഥാനഉൽപ്പാദനരംഗത്ത് പ്രവർത്തിക്കുന്ന മനുസ്ഷ്യന്റെ ജീവിതം ആയിരിക്കേണ്ടത്?ഇതൊരു പ്രശ്നമാണ്.നെൽകൃഷി നടത്തിയവർക്കറിയാം,എത്രമേൽ ശുശ്രൂഷകൾ അതാവശ്യപ്പെടുന്നു എന്ന്.മാർജിൻ ഫ്രീ മാർക്കറ്റിൽ പോയി തൂക്കി വാങ്ങുമ്പോൾ അതൊന്നും അറിയേണ്ട കാര്യമില്ല.അതിരാവിലെ മുതൽ രാത്രി വൈകും വരെ പ്രവർത്തിക്കുന്ന പണിയന്ത്രങ്ങളായ മനുഷ്യരിൽ രൂപപ്പെടുന്ന രോഗങ്ങൾക്കും കണക്കില്ല.മാനസികസമ്മർദ്ദം അധികരിച്ച് കർഷകരിൽ വരുന്ന പ്രശ്നങ്ങൾ തന്നെ ഒരു പഠനത്തിനുണ്ട്.
വൈറ്റ് കോളർ ജോലി എന്നതിനു പല മാനങ്ങൾ ആഗോളീകരണം നിർമ്മിച്ചു തന്നതോടെ,ഒരുത്തനും ഉൽപ്പാദനപ്രക്രിയയിൽ പങ്കുചേരേണ്ട ആവശ്യമില്ലാതായി.ഇന്നലെയാണ്,ഇതു വരെ കൃഷിപ്പണി ചെയ്തു സുഖമായി ജീവിച്ച ഒരു സുഹൃത്ത്,നെറ്റിലെവിടെയോ പണമിരട്ടിച്ചു തരുന്ന ഒരു ബിസിനസ്സുമായി ഇറങ്ങിയിരിക്കുന്നതു കണ്ടത്.
അനിൽ അവസാനം പറഞ്ഞിടത്തു തന്നെ എത്തുന്നു,വികേന്ദ്രീകൃതമായ പ്രവർത്തനങ്ങൾ ആണ് ഏറ്റവും നല്ല പ്രതിരോധങ്ങൾ.
അനീൽ പതിവ് പോലെ ഗൌരവമുള്ള വിഷയങ്ങളുമായി ബ്ലോഗെഴുത്ത് തുടരുന്നുണ്ടല്ലൊ,നന്നായി.സമയം പോലെ വന്ന് ഓരോന്നായി വായിച്ചോളാംട്ടൊ
നല്ല ലേഖനം.
മൃഗസംരക്ഷണ മേഖലയിൽ എന്നല്ല ഏതു മേഖലയിലും ഇന്ന് തൊഴിലാളി ക്ഷാമം രൂക്ഷമാണു.
ഈ ലേഖനത്തിന് നന്ദി
പഴയ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരള സര്‍ക്കാര്‍ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന 'ഫാം ഇന്ഫര്‍മറേന്‍ ബ്യുറോ' എന്ന സ്ഥാപനവും,അവിടുത്തെ ശാസ്ത്ര ഗവേഷകരും ഈ മേഖലയില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. പലതരം വിവര ശേഖരണത്തിനായി തിരുവനന്തപുരത്തെ അവരുടെ ഓഫീസിനെ സമീപിച്ച എനിക്ക് പ്രതീക്ഷാതീതമായ സേവനമാണ് ലഭിച്ചത്. ഇവരുടെ പ്രസിദ്ധീകരണമായ 'കേരള കര്‍ഷകന്‍'ഈ മേഖലയിലെ മികച്ച പ്രസിദ്ധീകരണമാണ്.ഏഷ്യാനെറ്റില്‍ ഇവര്‍ അവതരിപ്പിക്കുന്ന 'കിസ്സാന്‍ കൃഷിദീപം' എന്ന പരിപാടി ശ്രദ്ഥെയവും.ഗുണകാംഷാപരമായ ലേഖനത്തിന് നന്ദി
കേരളം കേരളമാകട്ടേ..നമ്മള്‍ ഗുജറാത്താകാനും തമിഴ്‌നാടാകാനും ശ്രമിക്കണ്ടന്നാണ് എനിക്കുതോന്നുന്നത്.കേരളത്തിനു കേരളത്തിന്റേതായ പരിമിതികളും അതോടൊപ്പം കേരളത്തിന്റേതായ സൗകര്യങ്ങളും ഉണ്ട്.സ്ഥലപരിമിതി അതില്‍ പ്രധാനമാണ്.ടാറ്റായുടെ ഫാക്ടറിക്ക് നമുക്ക് സ്ഥലം കൊടുക്കാനുണ്ടാകുമോ? നമ്മുടെ പ്രകൃതിതന്നെയാണ് നമ്മുടെ വ്യവസായം...
മുൻപൊരിക്കൽ ഞാൻ ഒരു Post ഇട്ടിരുന്നു.. അതിൽ പറഞ്ഞ കാര്യങ്ങൾ വായിച്ചിട്ട് പല "ഗൾഫന്മാർക്കും" ചിരിയാരുന്നു..
(http://kuttettantekurippukal.blogspot.com/2008/03/blog-post.html)ഇപ്പോ, ദിവസം കഴിയുന്തോറും MNC companyകൾ പൂട്ടിപ്പോവുകയും Recession രഹസ്യമാീ തുടരുകയും ചെയ്യുന്ന ഇക്കാലത്ത് പലരും ചിരി ഒക്കെ മായിച്ചു തുടങ്ങി!
കുമാരന്‍,
സന്ദര്‍ശനത്തിനു നന്ദി.
ചാണക്യാ,
ആരാ ഉത്തരവാദികള്‍? നമ്മളോരോരുത്തരും തന്നെ.
മണികണ്ഠന്‍,
നന്ദി.
ഓഎബി,
അതാണ് നമ്മൂടെ അടിസ്ഥാന സമീപനം.
:)
ശ്രീ,
ശരിയാണ്.
മീരാഅനിരുദ്ധന്‍,
തൊഴിലാളികള്‍ക്ക് നല്‍കാനാവുന്ന കൂലിക്ക് ചില പരിമിതികളുണ്ടാവും ഇത്തരം സംരഭങ്ങള്‍ക്ക്.അതിന് പരിഹാരം കാണുക എളുപ്പമല്ല, ഉത്പന്നങ്ങള്‍ക്ക് വില ലഭിക്കാത്തതു മാത്രമല്ല കാരണം.
ശിവ,
എപ്പോഴും തയ്യാറാണ്.
:)
നരിക്കുന്നന്‍,
നമ്മള്‍ എന്നും ചോദിക്കുന്ന ചോദ്യമാണത്.ഉത്തരം ഇല്ലെന്ന് മാത്രം.
എഴുത്തുകാരി,
ചേച്ചീ, യുവാക്കള്‍ ഏറെയും വ്യക്തമായ ഒരു കാഴ്ചപ്പാടെ അല്ല ഈ മേഖലയിലേക്ക് കടന്നു വരുന്നതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. യുവത്വത്തിന്റെ ഊര്‍ജ്ജസ്വലതയില്‍ ഏറെക്കാലം ത്യഗങ്ങള്‍ മാത്രം ചെയ്ത ജീവിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഒരു സിനിമ കാണാന്‍ പോലും അവസരമില്ലാതെ വരുന്ന സാഹചര്യം കഠിനമാണ്. അതിനാല്‍ തന്നെ പലരും ഒന്നോ രണ്ടോ വര്‍ഷം കഴിയുന്നതൊടെ പൂട്ടിപ്പോക്കുന്നു. കൂടുതല്‍ പരത്തി പറയുന്നില്ല, നല്ല വാക്കുകള്‍ക്ക് നന്ദി.
ജോക്കര്‍,
വിശദമായ കമന്റിനു നന്ദി.
ജീവിത ചര്യകളിലെ ചിട്ടകളില്ലാത്തത് മലയാളിക്ക് കൂടുതല്‍ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്നു. ഗള്‍ഫില്‍ ജോലിചെയ്തിരുന്ന എന്റെ ഒരു അയല്‍വാസി മടങ്ങി വന്ന ഇവിടെ സ്വന്തം ക്വാളിസ് ടാക്സി ഓടിക്കുകയാണ്, അവിടുത്തെ അത്ര തന്നെ വരുമാനം ഉണ്ട് എന്ന് പറഞ്ഞു, വീട്ടില്‍ ഭാര്യയോടും കൊച്ചിനോടും ഒന്നിച്ച് കഴിയുന്നതിന്റ്റെ സന്തോഷം വേറെയും. പക്ഷെ അത് തിരിച്ചറിയാന്‍ നാലഞ്ച് കൊല്ലം ഗള്‍ഫില്‍ കഷ്ടപ്പെടേണ്ടി വന്നു എന്ന് മാത്രം.
കൃഷിയിലേക്ക് വന്നാല്‍ ഒരുപാട് ആളുകള്‍ മുന്നോട്ട് വരാന്‍ തയ്യാറാണ് ഇപ്പോള്‍ , പക്ഷെ സുസ്ഥിരമായ ഒരു സംവിധാനം തയ്യാറാക്കി കിട്ടണമെന്ന് മാത്രം, അതത്ര എളുപ്പമല്ലതാനും. നമുക്ക് നോക്കാം, ഗുണപരമായ എന്തെങ്കിലും മാറ്റം കാണാതിരിക്കില്ല.
വികടശിരോമണി,
വളരെ നന്ദി. ഞാന്‍ പല ഫാമുകളിലും പോയതിന്റെ അനുഭവത്തില്‍ പറഞ്ഞതാണ് ആ പാരഗ്രാഫ്. മനുഷ്യന്‍ എന്ന അടിസ്ഥാന ഘടകം കൂടി കണക്കിലെടുത്തേ ഏതു സംരഭവും കെട്ടിപ്പടുക്കാവൂ. കൂട്ടായ്മയിലൂടെ കൂട്ടുത്തരവാദിത്വത്തിലൂടെ അത് സാദ്ധ്യമാവും എന്നാണ് ഞാന്‍ കരുതുന്നത്.
ഭൂമിപുത്രി,
നന്ദി.
വാഴക്കോടാ,
തൊഴിലാളികളെ കിട്ടാന്‍ പാടൊന്നുമില്ല,പറയുന്ന കൂലി കൊടുത്താല്‍ മതി.
കുളക്കടക്കാലം,
കേരളകര്‍ഷകന്‍ നല്ലൊരു പ്രസിദ്ധീകരണമാണ്,പക്ഷെ മോഡല്‍ പ്രോജക്റ്റ് എന്ന് വിളിക്കാന്‍ പറ്റിയ സംരഭങ്ങള്‍ അധികം വന്നു കണ്ടിട്ടില്ല. കമന്റിനു നന്ദി.
മണിഷാരത്ത്,
മാഷെ, പറഞ്ഞത് വളരെ ശരി. ഒരോ പ്രദേശത്തിനും അനുയോജ്യമായ രീതിയില്‍ വേണം സംരഭങ്ങള്‍ പ്ലാന്‍ ചെയ്യാന്‍.
കുട്ടേട്ടന്‍,
പോസ്റ്റ് വായിച്ചു.
വളരെ നല്ല കാഴചപ്പാട്.
പ്രവചനം എന്നും പറയാം.
:)
അനാവശ്യങ്ങളായ ചര്‍ച്ചകളും വിവാദങ്ങളും കൊണ്ട് കൊഴുക്കുന്ന ബൂലോഗത്ത് ഇത് പോലുള്ള പോസ്റ്റുകള്‍ ഒരു അപവാദമാണ്. മനുഷ്യ പ്രശ്നങ്ങളെ യാഥാര്‍ഥ്യ ബോധത്തോട് കൂടി സമീപിക്കുന്ന അനിലിന്റെ പോസ്റ്റിന് വളരെയധികം നന്ദി. ഈ പോസ്റ്റിന്റെ ഉള്ളടക്കം എന്ത് എന്നതിലുപരി ഇത്തരം കാര്യങ്ങളോട് ഗൌരവത്തോടെയുള്ള സമീപനം തന്നെ പ്രശംസനീയമാണ്.
സമൂഹത്തിന്റെ പൊതുവായ കാര്യങ്ങളോട് താല്പര്യമുള്ള മലയാളികള്‍ ഒരു പക്ഷേ നന്നേകുറവായിരിക്കും. മലയാളിയെ അടിമുടി സ്വാര്‍ത്ഥത വിഴുങ്ങിയിരിക്കുന്നു. ഫലം, വെറും ഉപഭോക്തൃ സംസ്ഥാനമായി കേരളം പരിണമിച്ചു കഴിഞ്ഞു എന്നതാണ് സത്യം.
കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സ്ഥല ലഭ്യത, മൂലധനം, എന്നതിലുപരി തൊഴിലാളികളെ ലഭിക്കാനുള്ള പ്രയാസമാണ് എന്നാണെനിക്ക് തോന്നുന്നത്. ഉള്ള സ്ഥലങ്ങള്‍ തന്നെ ഇത് കാരണം തരിശായി കിടക്കുകയാണ്.
കൃഷിക്കാരോടും, മൃഗ വ്യവസായത്തിനുമെല്ലാം സര്‍ക്കാര്‍തലത്തില്‍ എന്നതിലുപരി പൊതുജങ്ങളില്‍ നിന്നും പിന്തുണയും പ്രോത്സാഹനവും ലഭിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ നാടിന്റെ ഭാവിക്കും സ്വയം പര്യപ്തിക്കും ആവശ്യമാണെന്ന ബോധം ജങ്ങളില്‍ ഉണ്ടാക്കപ്പെട്ടാല്‍ മാത്രമേ അവരുടെ ഭാഗത്തു നിന്നുള്ള പ്രോത്സാഹനം ഇക്കാര്യത്തില്‍ ലഭിക്കുകയുള്ളൂ. അനില്‍ സൂചിപ്പിച്ച പോലെ പ്രാദേശികമായ കൂട്ടാമകളിലൂടെയുള്ള ബോധവത്ക്കരണ പരിപാടികളും പ്രോത്സാഹനങ്ങളിലൂടെയും ചെറിയ തോതിലെങ്കിലും എന്തെങ്കിലും ചെയ്യാന്‍ പറ്റുകയുള്ളൂ.
കച്ചവടമാധ്യമങ്ങള്‍ കോര്‍പറേറ്റുകളെ മാത്രമേ താങ്ങുകയുള്ളൂ എന്നതിനാല്‍ ഇക്കാര്യത്തില്‍ വലിയ പ്രോത്സാഹനമൊന്നും അവരുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഉപഭോഗ സംസ്കാരത്തിന്റെ നാടായി കേരളത്തെ വളര്‍ത്തുന്നതില്‍ അവര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
ഒരു വ്യക്തി മാത്രം ഇതു ചെയ്യുമ്പോളാണു ജീവിക്കന്‍
വേണ്ടി പണ്യേടുക്കുന്നു എന്നതിനേക്കാള്‍ പണിയെടുക്കാന്‍ വേണ്ടി ജീവിക്കുന്ന്നു എന്ന അവസ്ഥ വരുന്നത്...കൂട്ടായ്മയിലൂടെ മാത്രമെ ഇതു വിജയകരമായി ഇത് മുന്നോട്ട് കൊണ് പോകാന്‍ കഴിയൂ
prachodanamakunna lekhanam...!
Manoharam, Ashamsakal...!!!
ശരീരത്തില്‍ ചളിപുരളാന്‍ തയാറായിത്തന്നെ ഈ രംഗത്തേക്ക് കടന്നുവന്ന ഒരു കൂട്ടം വനിതകള്‍ ബാങ്ക് ലോണുമായി തുടങ്ങിയ പശു ഫാം ഒരു വര്‍ഷത്തിനകം തന്നെ പൂട്ടേണ്ടിവന്നതും അവര്‍ ബാങ്കിന്റെ നടപടികളെ നേരിട്ടുകൊണ്ടിരിക്കുന്നതും എനിക്ക് നേരിട്ടരിയാം.പച്ചപ്പുല്ലിന്റെ ദൗര്‍ലഭ്യവും (സ്ഥല ലഭ്യത മുഖ്യ പ്രശ്നം) അമിതമായി കാലിത്തീറ്റയെ ആശ്രയിക്കേണ്ടി വന്നതുമായിരുന്നു പ്രധാന പ്രശ്നം. കൂടുതല്‍ ചര്‍ച്ച് ചെയ്യപ്പെടേണ്ട പ്രശ്നം തന്നെയാണ്. അനിലിന് അഭിനന്ദനങ്ങള്‍.
മൂന്നു വര്‍ഷമായി ഞാന്‍ തൊഴില്‍ പഠിയ്ക്കാനുള്ളവരെ തേടുന്നു. തൊഴിലിനോടുതന്നെ ആര്‍ക്കും താല്പര്യമില്ലെന്നു തോന്നുന്നു. പത്തുരൂപ കൂലിയായാലും മൊബൈല്‍ ഷോപ്പില്‍ നില്ക്കാനാണ് കുട്ടികള്‍ക്കുമിന്നിഷ്ടം... തൊഴിലില്ലായ്മയെന്നു പറയുന്നതു വെറുതെ, തൊഴിലെടുക്കാന്‍ വയ്യെന്നതാണു ശരി...
Post a Comment