8/29/2009

മാറ്റുവിന്‍ ചട്ടങ്ങളെ

അഴിമതിയുടെ ദുഷ്പേര്‍ കാരണം ഭാരതത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്നുവെന്ന് നമ്മുടെ പ്രധാ‍നമന്ത്രി പറഞ്ഞിട്ട് അധിക ദിവസമായില്ല. വിഷയം അഴിമതി ആയതിനാലാവാം ആരുമത് ഗൌരവമായി എടുത്തില്ലെങ്കിലും, മറവി എന്ന മനോഹര കഴിവിനാല്‍ തന്റെ കഴിഞ്ഞുപോയ ഭരണകാലം അദ്ദേഹം എത്ര പെട്ടെന്നു മനസ്സില്‍ നിന്നു ആട്ടിയകറ്റി എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി. തന്റെ സര്‍ക്കാരിന്റെ ആയുസ്സ്, കേവലം മാസങ്ങള്‍ മാത്രം വര്‍ദ്ധിപ്പിച്ചു നേടാന്‍ , കോടികള്‍ വരുന്ന നോട്ടുകെട്ടുകളും പദവികള്‍ നല്‍കാമെന്ന വാഗ്ദാനവും നല്‍കി കുതിരക്കച്ചവടത്തിന് ചുക്കാന്‍ പിടിച്ച മഹാനാണീ ദുഖപ്രകടനം നടത്തിയതെന്നതാണ് ഏറെ കൌതുകകരം. ആ വിഷയത്തിലേക്ക് വീണ്ടും വരുവാനുള്ള ശ്രമമല്ല, മറിച്ച് എത്ര ലാഘവത്തോടെയാണ് നാം അഴിമതി, അഴിമതി നിര്‍മ്മാര്‍ജ്ജനം തുടങ്ങീയ പദങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് ഓര്‍മ്മപ്പെടുത്തുന്നു എന്ന് മാത്രം.

അവതരിപ്പികാന്‍ മറ്റു വിഷയങ്ങളില്ലാതെ വരുമ്പോഴോ, നിലവിലുള്ള വിഷയം മാറ്റുന്നതിനോ ആണ് സാധാരണയായി നാം ഇത്തരം തേഞ്ഞ വിഷയങ്ങള്‍ എടുത്തിടുക. അഴിമതിക്ക് അടിസ്ഥാന കാരണം ഭരണകര്‍ത്താക്കളും രാഷ്ട്രീയക്കാരുമാണെന്ന് ഉദ്യോഗസ്ഥരും, അതല്ല ഉദ്യോഗസ്ഥരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ നേതാക്കളും പാടുപെടുമ്പോള്‍ , വ്യവസ്ഥിതിയെ ശപിച്ച് കഴിയുക എന്നതാണ് സാധാരണക്കാരന്റെ നിയോഗം. ജനാധിപത്യ വ്യവസ്ഥനല്‍കുന്ന വ്യക്തി സ്വാതന്ത്ര്യങ്ങളും വെള്ളക്കാരന്റെ ശേഷിപ്പുകളായ ചട്ടങ്ങളും കൈകോര്‍ക്കുമ്പോള്‍ ആര്‍ക്കും ഏതുരീതിയിലും വളക്കാനും ഒടിക്കാനും സാദ്ധ്യമായ ഒന്നായി നമ്മുടെ നിയമങ്ങള്‍ മാറിയിരിക്കുന്നു. സാധാരണക്കാരനു സേവനം നല്‍കുന്നതിനായ് സ്ഥാപിക്കപ്പെട്ട സര്‍ക്കാര്‍ കാര്യാലയങ്ങളാണ് ഇത്തരം ചട്ടങ്ങളാല്‍ ഏറ്റവും വരിഞ്ഞു മുറുക്കപ്പെട്ട ഇടങ്ങള്‍.കാളവണ്ടി യുഗത്തില്‍ രൂപപ്പെടുത്തപ്പെട്ട മാര്‍ഗ്ഗ രേഖകളും സേവന ചട്ടങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഇന്റര്‍നെറ്റിന്റെ ഈ യുഗത്തിലും സര്‍ക്കാര്‍ തീര്‍പ്പുകള്‍ നടപ്പാക്കപ്പെടുന്നതെന്നത് എത്ര മാത്രം ദുഖകരവും അതേസമയം പ്രതിലോമകരവുമാണെന്ന് ആരാണിനി തിരിച്ചറിയുക? തട്ടുകളായ് വിഭജിച്ച്, വിഭജിച്ച ഓരോ തട്ടും ഓരോ സാമ്രാജ്യങ്ങളായി മാറ്റിത്തീര്‍ത്ത് നടത്തപ്പെടുന്ന സര്‍ക്കാര്‍ സംവിധാനങ്ങളാണ് യഥാര്‍ത്ഥത്തില്‍ പൊളിച്ചെറിയപ്പെടേണ്ടത്. അപ്രകാരമായാല്‍ ഒരോ തട്ടും സൃഷ്ടിക്കുന്ന കടമ്പകള്‍ കടക്കുന്നതിനായ് നമുക്ക് ചിലവഴിക്കേണ്ടതും ഫലത്തില്‍ അഴിമതിയായ് മാറുകയും ചെയ്യുന്ന ഇടപെടലുകള്‍ ഒഴിവാക്കാനാവും.

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ താരതമ്യേന മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ അനുഭവിച്ചു വരുന്ന് ഒരു കാലഘട്ടമാണ് ഇപ്പോഴുള്ള ഇടതു മുന്നണി ഭരണം. സംതൃപ്തമായ ഒരു സിവില്‍ സര്‍വീസിന് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാ‍നാവും എന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാടാണീ അവസ്ഥക്ക് കാരണമായി പറയപ്പെടുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ക്കാവട്ടെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ മാത്രം ആശ്രയിക്കേണ്ട അവസ്ഥ. ഈ സാഹചര്യത്തില്‍ പ്രമുഖ സംഘടനകള്‍ മുന്നോട്ട് വക്കുന്ന മുദ്രാവാക്യങ്ങളിലൊന്നാണ് "അഴിമതി രഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസ്". എന്നാല്‍ ഈ മുദ്രാവാക്യം പ്രായോഗിക തലത്തില്‍ നടപ്പില്‍ വരുത്താന്‍ തടസമായി മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് കാലഹരണപ്പെട്ട ചട്ടങ്ങള്‍. നിലവിലുള്ളവക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും പുതിയ ചട്ടങ്ങള്‍ ആവിഷ്കരിക്കാനും നിരന്തരമായ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയിട്ടും സര്‍ക്കാര്‍ തലത്തില്‍ അതിനുവേണ്ട ക്രമീകരണങ്ങള്‍ രൂപപ്പെട്ടിട്ടില്ലെന്നത് ഖേദകരമാണ്. ഒരു തലമുറയുടെ ഭാവിയെ തന്നെ സ്വാധീനിക്കാവുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ ഏതാനും മാസങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ എന്നത് കൂട്ടി വായിച്ചാല്‍ ഇക്കാര്യത്തിലെ ജാഗ്രതക്കുറവ് ബോദ്ധ്യമാവുന്നതാണ്. എന്നിരുന്നാലും ബാക്കി നില്‍ക്കുന്ന രണ്ട് വര്‍ഷക്കാലം കൊണ്ട് ഈ വിഷയത്തില്‍ കൂടുതലായ പ്രവര്‍ത്തനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് കേരളത്തിലെ സംഘടനാ പ്രവര്‍ത്തകര്‍.

വാല്‍ക്കഷണം:

രണ്ടാം ശനിയാഴ്ചയെന്ന അവധി ദിവസം സര്‍ക്കാര്‍ കലണ്ടറില്‍ നിന്നും മാറ്റണമെന്നും അന്നേ ദിവസം ഓഫീസിന് പ്രവര്‍ത്തി ദിവസമാക്കണമെന്നുംമുള്ള അഭിപ്രായക്കാരനാണ് ഞാന്‍ . അപ്പോഴാണ് ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ അതേപ്പറ്റി കൂടുതല്‍ ആലോചന ഉയര്‍ന്നത്,

എങ്ങിനെ രണ്ടാം ശനിയാഴ്ച എങ്ങിനെ സര്‍ക്കാര്‍ അവധി ആയി ?

അറിയുന്നവര്‍ പറഞ്ഞു തരണേ..

27 comments:

അനിൽ@ബ്ലൊഗ് said...

അവതരിപ്പികാന്‍ മറ്റു വിഷയങ്ങളില്ലാതെ വരുമ്പോള്‍....
:)

മാറ്റുവിന്‍ ചട്ടങ്ങളെ.

siva // ശിവ said...

"കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ താരതമ്യേന മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ അനുഭവിച്ചു വരുന്ന് ഒരു കാലഘട്ടമാണ് ഇപ്പോഴുള്ള ഇടതു മുന്നണി ഭരണം." അപ്പോള്‍ ഒരു സംശയം, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അല്ലാത്തവര്‍ക്ക് മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ ഏതു ഭരണത്തിലാവും കിട്ടുക?

siva // ശിവ said...

രണ്ടാം ശനിയാഴ്ച സംശയം ഇവിടെ ക്ലിക്കൂ

കുമാരന്‍ | kumaran said...

:)

vrajesh said...

രണ്ടാം ശനി ഒഴിവ്-ശിവയുടെ ലിങ്ക് കണ്ടു.ദേശാഭിമാനിയിലെ കിളിവാതില്‍ എന്ന പംക്തിയില്‍ ഈ ചോദ്യം ആരോ ചോദിച്ചിരുന്നു.മറുപടി ഓര്‍ക്കുന്നില്ല.പക്ഷെ,ഹിന്ദുവില്‍ കണ്ട അതായിരുന്നില്ല ഉത്തരം.ഒന്നു പരിശോധിച്ചു നോക്കട്ടെ..

vrajesh said...

അഴിമതിയുടെ ഗുണഭോക്താക്കളാകാതിരിക്കുക എന്നതാണ്‌ പ്രധാനപ്പെട്ട ഒരു കാര്യം.വ്യവസ്ഥിതിയെ കുറ്റം പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ലെന്നാണ്‌ തോന്നുന്നത്.കാര്യങ്ങള്‍ കൂടുതല്‍ സുതാര്യമാക്കിയാല്‍ അഴിമതി ഒരു പരിധി വരെ തടയാന്‍ കഴിയും.ഇന്ത്യക്കാരനെ വിശ്വസിക്കാതിരുന്ന വെള്ളക്കനുണ്ടാക്കിയ ചട്ടങ്ങള്‍ പിന്‍‌തുടര്‍ന്നാല്‍ ഇത് നടക്കാന്‍ പോകുന്നില്ല.

ചാണക്യന്‍ said...

:)
ശനിയാഴ്ച്ചയും അവധിയാക്കി തരട്ടെ...മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകളിൽ....

സുമയ്യ said...

സര്‍ക്കാര്‍ ഉദ്വോഗസ്തന്‍ അവന്‍റെ കസേരയില്‍ ഇരുന്നാല്‍ മനുഷ്യത്വം നഷ്ടപ്പെട്ടത് പോലെയാണ്. നാടിനും നാട്ടുകാരോടും യാതൊരു പ്രതിബദ്ധതയും ഇല്ലാന്നാണ് അവരുടെ വിചാരം. എല്ലാം കണ്ടും കേട്ടും പ്രജ്ഞ നശിച്ച നാം ഇവര്‍ക്കെല്ലാം ഹരഹര പാടുന്നു.

വികടശിരോമണി said...

അഴിമതി എന്നാൽ ‘അഴി’മതി എന്നാണ് എന്നൊക്കെ കവികൾക്ക് എഴുതാൻ കൊള്ളാം.
പ്രധാനമന്ത്രിയുടെ പ്രസ്താവന...:)))
ചിരിക്കാം,അതാണല്ലോ കരച്ചിലിനിനേക്കാൾ എളുപ്പം.

chithrakaran:ചിത്രകാരന്‍ said...

വേദമോതുന്നവരില്‍ മുന്നില്‍ നില്‍ക്കുക ചെകുത്താനായിരിക്കും.

പാവപ്പെട്ടവന്‍ said...

പ്രാധാന മന്ത്രിയുടെ തലയില്‍ സുര്യനുദിക്കാന്‍ ഇക്കാലമത്രയും കാത്തിരിക്കണ്ടി വന്നു യാഥാര്‍ത്ഥൃങ്ങള്‍ മനസ്സിലാക്കതെയാണോ അപ്പോള്‍ ഇത്രയും കാലം പണി (ഭരിച്ചത് ) നടത്തിയത് കഷ്ടം
അനിലിനു ഓണാശംസകള്‍

Typist | എഴുത്തുകാരി said...

അഴിമതി രഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസ്.... അങ്ങിനെയൊന്നു വരുമോ നമ്മുടെ നാട്ടില്‍?

ചങ്കരന്‍ said...
This comment has been removed by the author.
പി എ അനിഷ്, എളനാട് said...

ജീവിക്കാന്‍ വേണ്ടി ജോലിചെയ്യുക

കാവലാന്‍ said...

"പക്ഷെ ആര്‍ക്കാണ്‌ അഴിമതി ഇഷ്ടമല്ലാത്തത്? അതിന്റെ മധുരഫലങ്ങള്‍ ആരുതന്നെ അനുഭവിക്കുന്നില്ല"

എത്ര ദിവസത്തെ കൂലികൊണ്ടാണ് ഒരഴിമതിത്തിരുമേനി പ്രസാദിച്ച് ഒരു റേഷന്‍ കാര്‍ഡ്,
ഒരു കുടിക്കെടസര്‍ട്ടിഫിക്കറ്റ്,ഒരു വീട്ടുനമ്പ്ര്,---എന്നിവ കിട്ടുക എന്നറിയാത്ത അടിസ്ഥാനവര്‍ഗ്ഗം എന്നറിയപ്പെടുന്ന വിശപ്പിന്റെ അടിമകള്‍ , ആദര്‍ശ കല്പത്തിന്‍ മധ്യേ വിളങ്ങുന്ന ചില ചങ്കരന്മാര്‍ :)

ഇവരൊക്കെ അഴിമതിയോട് ഇഷ്ടക്കേടുള്ളവരും ആ മ ഫലങ്ങള്‍ അനുഭവിക്കാത്തവരുമല്ലേ?

ചങ്കരന്‍ said...
This comment has been removed by the author.
വയനാടന്‍ said...

കുറച്ചു നാളിവരെയെല്ലാം അരബി നാട്ടിൽ പണിയിപ്പിച്ചാലോ.
അല്ലെങ്കിൽ ആടുജീവിതമൊന്നു വായിപ്പിച്ചാലും മതിയാകും

അനിൽ@ബ്ലൊഗ് said...

ശിവനെ,
രണ്ട് കാര്യങ്ങളാണ്,
1.തൊഴില്‍ ദാതാവിന്റെ മനോഭാവം, ഇവിടെ അത് തൊഴിലാളിക്ക് അനുകൂലമാണ്.
2.ഇപ്പോള്‍ അനുഭവിക്കുന്ന ഒട്ടുമിക്ക ആനുകൂല്യങ്ങളും അനേകം കാലത്തെ പ്രക്ഷോഭ പോരാട്ടങ്ങളിലൂടെ ജീവനക്കാര്‍ നേടിയെടുത്തതാണ്.
ലിങ്കിനു നന്ദി.

കുമാരന്‍,
:)

virajesh,
സുതാര്യത ഒരു വലിയ പരിധി വരെ അഴിമതി ഒഴിവാക്കും, എന്നാലും ചട്ടങ്ങളാണ് അഴിമതിക്ക് ഏറെ സഹായകരം.

ചാണക്യാ,
പണ്ട് അങ്ങിനെ ഒരു നിര്‍ദ്ദേശം സര്‍ക്കാരിന്റെ ഭാ‍ഗത്തു നിന്നും ഉണ്ടായിരുന്നു. ലോകത്ത് പല രാജ്യങ്ങളിലും ആഴചയില്‍ അഞ്ചു ദിവസെമേ പ്രവര്‍ത്തിയുള്ളൂ.

സുമയ്യ.
കാഴ്ചപ്പാടുകള്‍ മാറിയേ പറ്റൂ, ഇല്ലാതെ മുന്നോട്ട് പോക്കില്ല.

വി.ശി,
ചിരിക്കാം.
:)

ചിത്രകാരാ,
ഞാന്‍ ഓതിയത് വേദമല്ലല്ലോ അല്ലെ?
:)

പാവപ്പെട്ടവന്‍,
നമ്മുടെ പ്രധാനമന്ത്രി അല്ലെ., ക്ഷമിക്കാമെന്നെ.
താങ്കള്‍ക്കും ഓണാശംസകള്‍ നേരുന്നു.

എഴുത്തുകാരി,
ചേച്ചീ, അങ്ങിനെ സ്വപ്നം കാണാം.

പി.എ.അനീഷ്,
ജീവിക്കാന്‍ വേണ്ടി ജോലി ചെയ്യുക, ഒപ്പം മറ്റുള്ളവര്‍ക്കും ജീവിക്കാന്‍ അവസരം ഉണ്ടാക്കുക.

ചങ്കരന്‍,
കമന്റ് ഡിലീറ്റ് ചെയ്തു.
എങ്കിലും അതിനെപ്പറ്റി വീണ്ടും നമുക്ക് ചര്‍ച്ച ചെയ്യാം.

കാവലാന്‍,
നന്ദി, അഭിപ്രായം പറയാം.

വയനാടന്‍,
ലീവെടുത്ത് വിദേശത്ത് ജോലിക്കുപോകുന്ന സര്‍ക്കാരുദ്യോഗസ്ഥരെല്ലാം അവിടെ ഭയങ്കര ഡീസന്റാ. അപ്പൊള്‍ എവിടെയാ പ്രശ്നം?

ചങ്കരന്‍ said...

ചര്‍ച്ചയാവാം,
കമന്റ് ഡിലീറ്റിയതില്‍ ക്ഷമിക്കണം. എന്തോ കീബോഡില്‍ വികടസരസ്വതിയായിരുന്നു. രണ്ടാമതൊരു കമന്റിട്ടത് വളരെ തെറ്റിദ്ധാരണാജനകമാണെന്നു തോന്നിയതുകൊണ്ടാണ്‌ രണ്ടും ഡിലീറ്റി രക്ഷപെട്ടത്. ആരെയും ഉദ്ദേശിച്ച് എഴുതിയതല്ല, ഞാനൊരു മന്ദബുദ്ധിയായതുകൊണ്ട് പറ്റിപ്പോയതാണ്.

Joker said...

അഴിമതി കേസില്‍ പിടിക്കപ്പെടുന്ന ഉദ്യോഗസ്ഥനെ ഉടനെ ജോലിയില്‍ നിന്ന് തന്നെ പിരിച്ച് വിടണം എന്ന അഭിപ്രായമാണ് എനിക്ക്. എന്നാല്‍ ഇപ്പോള്‍ നടാക്കുന്നത് സസ്പെന്‍ഷന്‍ എന്ന അഭ്യാസം. കുറെ കാലം കേസ് നടന്ന് അവസാനം വെറുതെ നടന്ന സമയത്തിന് കൂടെ സര്‍ക്കാര്‍ ശമ്പളം കൊടുക്കും എന്നുള്ളതാണ്. ഒരാളുടെ കൊള്ളരുതായമകള്‍ കൊണ്ട് ജോലി പോയാല്‍ അതിന് വേണ്ടി ആയിരങ്ങള്‍ പുറത്ത് കാത്ത് നില്പുണ്ട് എന്നതാണ് സത്യം.

അഴിമതിയുടെ കാര്യത്തില്‍ ആരും മോശക്കാരല്ല. തന്‍ കാര്യം വരുമ്പോള്‍ എല്ലാവരും അഴിമതിക്കാരാവും എന്നുള്ളതാണ് സത്യം. ഓരോരുത്തര്‍ക്കും പറ്റിയ രീതിയിലാണ് കാര്യങ്ങള്‍. കരണ്ട് മോഷണം (എക്സറേ ഫിലിം വെച്ച് ),വരുമാന സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ കൈകൂലി, കരണ്ട് ലഭിക്കാന്‍ കൈക്കൂലി, പാസ്സ് പോര്‍ട്ട് പെട്ടെന്ന് കിട്ടാന്‍ കൈകൂലി അങ്ങനെ നിരവധി.

നമ്മള്‍ മലയാളികള്‍ ഉദ്യോഗസ്ഥന്മാരെ കൈക്കൂലിക്കാരാക്കിയതില്‍ ഒന്നാം സ്ഥാനക്കാരാണ്. നമ്മുടെ പല സ്വകാര്യ ലാഭത്തിനും വേണ്ടി നമ്മള്‍ കൈക്കൂലി ശീലിപ്പിച്ചു.

ഇനി ഒരു കഥ :

ദുബായിലെ ഒരു പ്രൈവറ്റ് പാര്‍ക്കിങ്ങ് സ്ഥലം. മണിക്കൂറിന് 5 ദിര്‍ഹം ആണ് ചാര്‍ജ്ജ്. അവിടെ ഗേറ്റ് മാന്‍ ഒരു പാകിസ്ഥാനിയാണ് പണം വാങ്ങുന്നതും അയാള്‍ തന്നെ. അയാള്‍ ജോലിക്കാരനാണ്. എനിക്കറിയാവുന്ന ഒരു മലയാളിയോടൊത്ത് ഞാന്‍ ഒരു ആവശ്യത്തിന് ദുബായില്‍ പോയി. അങ്ങനെ പ്രസ്തുത പാര്‍ക്കിംഗ് സ്ഥലത്ത് എത്തി. സുഹ്യത്ത് കാര്‍ സൈഡില്‍ നിര്‍ത്തി പാകിസ്ഥാനിയെ സ്വകാര്യമായി വിളിച്ച് കുശുകുശുക്കുന്നത് കണ്ടു. പാകിസ്ഥാനി സമ്മതമല്ല എന്ന അര്‍ഥത്തില്‍ തലയാട്ടി , എന്റെ സുഹ്യത്ത് തിരിച്ചു വന്നു. ഞാന്‍ എന്താണ് പ്രശ്നമെന്ന് ചോദിച്ചു. അപ്പോള്‍ സുഹ്യത്ത് പറഞ്ഞു. “ഞാന്‍ കൂടുതല്‍ നേരം പാര്‍ക്ക് ചെയ്യാന്‍ അവന് ഇരുപത് ദിര്‍ഹം ഓഫ്ഫര്‍ ചെയ്തു, റസീറ്റ് വേണ്ട എന്നും പറാഞ്ഞു. പക്ഷെ ഈ പാകിസ്ഥാനി സമ്മതിക്കുന്നില്ല.” എന്ന്.

അതായത് മര്യാദക്ക് ജീവിച്ചു പോകുന്ന ആളുകളെ പോലും മലയാളി വെറുതെ വിടില്ല. അയാളെയും കൈക്കൂലിക്കാരനാക്കിയെ മലയാളീ അടങ്ങൂ.

അനിൽ@ബ്ലൊഗ് said...

ചങ്കരന്‍,
അതു സാരമില്ല, കമന്റ് എടുത്ത് ഇടണമെങ്കില്‍ ഇടാം.
:)
രണ്ടാം ശനിയാഴ്ച അവധിയാക്കുന്നതില്‍ വലിയ കാര്യമൊന്നും ഉണ്ടന്ന് തോന്നിയില്ല, മാത്രവുമല്ല ഏതെങ്കിലും ദൈവത്തിന്റ്റെയോ നേതാവിന്റെയോ വകയുമല്ല. സംരക്ഷകരില്ലാത്ത ആ ഒരു ദിവസം കൂടി ജനത്തിനങ്ങ് കൊടുത്തേക്കാം എന്ന് കരുതിയെന്ന് മാത്രം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എല്ലാവരും അഴിമതിക്കാരാണെന്ന മട്ടിലുള്ള പ്രസ്ഥാവനകളെ മുഖവിലക്ക് എടുക്കാനാവില്ല. പക്ഷെ വ്യവസ്ഥിതിയുടെ ഭാഗമായി അറിഞ്ഞോ അറിയാതെയോ അഴിമതി നടത്താന്‍ എല്ലാവരും നിര്‍ബന്ധിതരാവുന്നു.ചിലര്‍ അത് സാമ്പത്തികമോ മറ്റ് സ്വകാര്യമോ ആയ ലാഭത്തിനുപയോഗിക്കുന്നു എന്നു മാത്രം.
കാവലാന്റെ കമന്റിനോട് പ്രതികരിക്കാനും അത്രമാത്രമേ ഉള്ളൂ. ജോക്കര്‍ പറഞ്ഞിരിക്കുന്ന കമന്റ് പ്രസക്തമാണ്. ഓരോ കാര്യത്തിന്റേയും ചട്ടക്കൂടിനുള്ളിലോ സമയക്രമത്തിന്റെ ഉള്ളിലോ ഒതുങ്ങി നിന്ന് സഹകരിക്കാന്‍ ഈ പൊതുജനം എന്ന വിഭാഗത്തിന്റെ എത്ര ശതമാനം തയ്യാറാവും?
വളരെ ചെറിയൊരു ശതമാനം മാത്രമേ ഉണ്ടാവൂ എന്ന് പറയാന്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ അനുഭവം മതി എനിക്ക്.

ജോക്കറിന്റെ കമന്റിനു നന്ദി.

കാസിം തങ്ങള്‍ said...

മാറ്റേണ്ടവ മാറ്റുക തന്നെ വേണം.

രഞ്ജിത്‌ വിശ്വം I ranjith viswam said...

അഴിമതി നമ്മുടെ സമൂഹത്തില്‍ മാന്യ വല്ക്കരിക്കപ്പെട്ടു പോയിരിക്കുന്നു.. പതിയെ അതു നമ്മുടെ സംസ്കാരത്തിന്റെയും ഭാഗമാകുന്നു. അനില്‍ പറഞ്ഞതു പോലെ മറ്റു വിഷയങ്ങളില്ലാതെ വരുമ്പോള്‍ മാത്രം പൊടി തട്ടിയെടുക്കുന്ന ഒന്നയി മാറീയിരിക്കുന്നു അഴിമതിക്കെതിരെയുള്ള കുരിശുയുദ്ധം. അതിനെക്കുറിച്ചുള്ള സര്‍ വീസ് സംഘടനകളുടെ വാചകമടി കേട്ട് ചിരിക്കാനാണ് തോന്നുന്നത്. അത്മാര്ത്ഥതയില്ലാത്ത മുദ്രാവാക്യങ്ങളല്ല.. ആര്‍ജവമുള്ള പരര്ത്തിയാണ് വേണ്ടത്.

രഞ്ജിത്‌ വിശ്വം I ranjith viswam said...

ഒന്നു മറന്നു പോയി

സ്നേഹം നിറഞ്ഞ ഓണാശംസകള്‍

jyo said...

മാവേലി നാടു വാണീടും കാ‍ലം...
തിരിച്ചുവരവിനായി കാത്തിരിക്കാം.

ഓണാശംസകള്‍

Faizal Kondotty said...

ബ്ലോഗ്‌ ഹര്‍ത്താല്‍ കഴിഞ്ഞു ഇന്നാണ് ഇത് ഒന്ന് കൂടെ ശരിക്കും വായിച്ചത് ..
anyway ഓണാശംസകള്‍..!(വൈകിപ്പോയെങ്കിലും )

jayanEvoor said...

"അഴിമതി രഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസ്".

എന്ന് മുദ്രാവാക്യം വിളിക്കുന്നയാലാണ് ഞാനും...

സ്വയം നന്നാവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ് ഏക മാര്‍ഗമായി എനിക്ക് കാണാന്‍ കഴിയുന്നത്.

മുദ്രാവാക്യം വിളിക്കുന്ന ഭൂരിഭാഗവും യാതൊരു ആത്മാര്ത്ഥതയു മില്ലാതാണ് അത് ചെയ്യുന്നത്!