7/19/2011

വി സി നിയമനം വാർത്തകളിൽ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പത്ര മാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണു കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പദവിയിലേക്ക് നടക്കാൻ പോകുന്ന നിയമനം. ഒരോ സരവ്വ കലാശാലകൾക്കും അതിന്റേതായ ചട്ടങ്ങളും നിയമങ്ങളും ഉണ്ടാവും, അവയെ നിയന്ത്രിക്കുന്ന പൊതു നിയമങ്ങളും. അവയനുസരിച്ച് നിയമനങ്ങൾ നടത്തുകയോ നടത്തപ്പെടുകയോ ചെയ്യും. എന്നിരുന്നാലും ഇപ്പോൾ കാണുന്ന പത്രവാർത്തകൾ വായിക്കുമ്പോൾ പഴയ ഒരു വാർത്ത വായിച്ചത് ഒർമയിൽ വരുന്നു.

കേരള വെറ്ററിനറി സരവ്വകലാശാലാ വിസി നിയമനം കോടതി വിശദീകരണം തേടി : വാർത്ത.

കൊച്ചി: വയനാട്ടിലെ പൂക്കോട്ട് തുടങ്ങുന്ന കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയിലെ പുതിയ വൈസ് ചാന്‍സലര്‍ക്ക് ആ പദവി വഹിക്കാന്‍ അധികാരമില്ലെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. നിയുക്ത വൈസ് ചാന്‍സലര്‍ ഡോ. ബി. അശോകിനെതിരെ വെള്ളായനി കാര്‍ഷിക കോളേജിലെ ഡോ. കെ.ഡി. പ്രതാപനാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. വൈസ് ചാന്‍സലര്‍പദവിയിലേക്ക് യുജിസി നിര്‍ദേശിക്കുന്ന യോഗ്യതകള്‍ ഇദ്ദേഹത്തിനില്ലെന്നും യുജിസി വ്യവസ്ഥ പാലിക്കാതെയാണ് നിയമനനടപടി എന്നുമാണ് ഹര്‍ജിയിലെ പരാതി. സര്‍വകലാശാലയില്‍ പ്രൊഫസര്‍പദവിയിലോ അക്കാദമിക ഗവേഷണസ്ഥാപനത്തില്‍ സമാനപദവിയിലോ 10 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണമെന്നാണ് യുജിസി വ്യവസ്ഥ. ഡോ. ബി. അശോക് വെറ്ററിനറി സയന്‍സില്‍ ബിരുദവും സോഷ്യല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവുമുള്ള അഖിലേന്ത്യാ സര്‍വീസിലെ ഉദ്യോഗസ്ഥനാണ്. നിര്‍ദിഷ്ട അധ്യയന പരിചയമില്ല.
സമിതി നിര്‍ദേശിക്കുന്ന പാനലില്‍നിന്ന് നിയമനം നടത്താനാണ് യുജിസി നിര്‍ദേശം. എന്നാല്‍, വെറ്ററിനറി സര്‍വകലാശാലയില്‍ മന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
സര്‍വകലാശാല രൂപവത്കരണം യുജിസിയുടെ സഹായത്തോടെയായതിനാല്‍ വി.സി. നിയമന വ്യവസ്ഥകള്‍ പാലിക്കണം. ഈ സാഹചര്യത്തില്‍ വി.സി. എന്തധികാരത്തിലാണ് പ്രസ്തുത പദവിവഹിക്കുന്നതെന്ന് വ്യക്തമാക്കാന്‍ നിര്‍ദേശിക്കണമെന്നും ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് നിയമന ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.


കേസു എപ്രകാരം തീർപ്പു കല്പ്പിക്കപ്പെട്ടു എന്നതിന്റെ വിശദാം ശങ്ങളിലേക്ക് പോകുന്നില്ല. ഏതായാലും ഡോ.ബി. അശോൿ തന്നെയാൺ വെറ്ററിനറി സരവ്വകലാശാല വി സി.

വെറ്ററിനറി സരവ്വകലാശാല വിസിയുടെ പ്രോഫൈലിലേക്കുള്ള
ലിങ്ക്‍ ഇവിടെ.

പത്തു വർഷം ഗവേഷണ പരിചയവും അക്കാഡമിക്ക് പരിചയവും ഇല്ലാത്ത ആൾ ഉഷാറായി സരവ്വകലാശാല ഭരിക്കുന്നു. ‌യു ജി സി നിയമങ്ങൾ വെറ്ററിനറി സരവ്വകലാശാലക്ക് ബാധകമല്ല എന്നതാണൊ അതോ "മൃഗ വൈദ്യത്തിനു" അത്ര മതി എന്നു കരുതിയതാണോ എന്ന് അറിയില്ല.

ചുരുക്കം ഇത്രമാത്രം, സർക്കാരിനു താത്പര്യമുള്ള ആൾകളെ ഇത്തരം പദവിയിലിരുത്താൻ ആവശ്യമായ ലൂപ്പ് ഹോൾസ് എല്ലാ നിയമങ്ങളിലും ഉണ്ടാവും, എല്ലാ സർക്കാരുകളും തങ്ങൾക്ക് അനുകൂലമായ രീതിയിൽ അത് പ്രയോഗിക്കുകയു ചെയ്യും. ബാക്കിയെല്ലാം പഴയ "മുന്തിരിക്കഥ" ആയി കണക്കാക്കിയാൽ മതി.

കുറിപ്പ്:
ട്രാൻസ്ഫർ നിയമങ്ങൾ എതായാലും വെറ്ററിനറി സരവ്വകലാശാലക്ക് ബാധകമല്ല. സ്കൂൾ തുറക്കുന്നതിന്റെ തലേന്ന് ഒരു അദ്ധ്യാപികയെ ദൂരേക്ക്‌ ട്രാൻസ്ഫർ ചെയ്താൺ സരവ്വകലാശാല വി സി ഇതു തെളിയിച്ചത്. ഒറ്റക്ക് രണ്ട് കുട്ടികളെ വളർത്തിന്നതിന്റെ വിഷമം ടിയാനു അറിയാമൊ എന്തോ. സ്കൂൾ തുറന്നു കഴിഞ്ഞ്, പിള്ളാർക്ക് ടി സിയും വാങ്ങി പുതിയ സ്കൂളിൽ അഡ്മിഷനും മറ്റും ശരിയാക്കിയതിന്റെ കഷ്ടപ്പാട് ആരറിയാൻ !!!

6/06/2011

പുല്കൃഷി യന്ത്രം

കൃഷി ചെയ്യാനുള്ള അടിസ്ഥാന ഘടകങ്ങളില്‍ പ്രമുഖമായ ഒന്നാണു മണ്ണ് .
സസ്യങ്ങള്ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്ക്കുന്ന മീഡിയം എന്ന നിലയിലും സസ്യങ്ങളെ താങ്ങി നിര്‍ത്തുന്ന അടിത്തറ എന്ന നിലയിലും മണ്ണ് ഒരു അവശ്യ വസ്തുവാണ്‍ . ഈ രണ്ട് ധര്മ്മങ്ങളും പരിഗണിച്ചാല്‍ മനസ്സിലാക്കാവുന്ന ലളിതമായ ഒന്നുണ്ട്, മണ്ണിന്റെ താങ്ങ് ഒഴിവാക്കാന്‍ സാധിക്കുന്ന സസ്യങ്ങള്ക്ക്, പോഷണം ലഭിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്ന പക്ഷം മണ്ണില്ലാതെയും വളരുവാന്‍ സാധിക്കും . ഹൈഡ്രോ പോണിക്സ് എന്ന് വിളിക്കപ്പെടുന്ന ഈ സങ്കല്പം 5000 വര്‍ഷങ്ങള്ക്ക് മുമ്പ് ബാബിലോണില്‍ ആരംഭിച്ചു എന്നു വേണം കരുതാന്‍ . ബിലോണിലെ ഹാങിങ് ഗാര്ഡന്‍ ആയിരുന്നു അത് . ജലം എന്ന അര്‍ത്ഥം വരുന്ന "ഹൈഡ്രോ", ജോലി എന്ന അര്‍ഥം വരുന്ന "പോണിക്സ്" എന്നിവ ചേര്ന്ന ഹൈഡ്രോപോണിക്സിന്റെ അര്‍ത്ഥം ഏറെ വിശദമാക്കേണ്ടുന്നതല്ലല്ലോ. സസ്യങ്ങള്ക്കാവശ്യമായ ധാതു പോഷണങ്ങള്‍ കലര്‍ന്ന ജലത്തില്‍ ഇവയെ വളര്‍ത്തുന്നു എന്ന് ലളിതമായി പറയാം. ഇന്ന് ഹൈഡ്രോപോണിക്സ് സാങ്കേതിക വിദ്യ വളരെ വളരുകയും ഏതാണ്ട് എല്ലാ സസ്യങ്ങളെയും ഈ രീതിയില്‍ വിജയകരമായി വളര്‍ത്താന്‍ സാധിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണു വ്യാവസായിക അടിസ്ഥാനത്തില്‍ തീറ്റപ്പുല്‍ കൃഷിക്ക് ഈ വിദ്യ പ്രയോജനപ്പെടുത്താന്‍ ശ്രമം ആരംഭിച്ചത്. ഇന്ത്യന്‍ കമ്പനിയായ ഡാബറിന്റെ അനിമല്‍ ഹെല്ത് വിഭാഗമായ ആയൂര്‍വെറ്റാണു പൂര്ണ്ണമായും പ്രവര്ത്തന സജ്ജമായ ഒരു ഹൈഡ്രോപോണിക്സ് പുല്ലു വളര്ത്തു യന്ത്രവുമായി മാര്ക്കറ്റില്‍ എത്തിയിരിക്കുന്നത് .

എന്തുകൊണ്ട് ഹൈഡ്റോ പോണിക്സ് :

നമ്മുടെ നാട്ടില്‍ ഇന്നു ഏറ്റവും വിലയേറിക്കൊണ്ടിരിക്കുന്ന ഒന്നാണു ഭൂമി, അഥവാ മണ്ണ്. വിലയേറ്റത്തെക്കാള്‍ പ്രധാനം ആളൊഹരി ലഭ്യതയിലുള്ള കുറവാണു. ലഭ്യമായ ഭൂമിയില്‍ തന്നെ ആവശ്യം വരുന്ന തൊഴിലിനു നല്കേണ്ടി വരുന്ന കൂലി,നല്കുന്ന കൂലിക്ക് തിരികെ ലഭിക്കുന്ന ക്ഷമത എന്നിവകൂടി കണക്കിലെടുത്താല്‍ ഏക്കറ് കണക്കിനാവശ്യമായി വരുന്ന കൃഷിഭൂമി മൃഗസംരക്ഷണ പ്രവര്ത്തനങ്ങള്ക്ക് ലഭിക്കുക ആസാദ്ധ്യം. ഇനി മിഡില്‍ ഈസ്റ്റ് പോലെയുള്ള സ്ഥലങ്ങളിലെ കാര്യമെടുക്കുകയാണെങ്കില്‍ കൃഷിയോഗ്യമായ ഭൂമി ലഭിക്കുക അത്ര എളുപ്പമല്ല. അതിലുമുപരി 5 ഡിഗ്രി മുതല്‍ 50 ഡിഗ്രി വരെ താപ നിലകളിലെ വ്യതിയാനം, ശുദ്ധ ജലത്തിന്റെ ലഭ്യതക്കുറവു എന്നിവ പുല്കൃഷിയെ അസാദ്ധ്യമാക്കുന്നു. ഈ സാഹചര്യത്തിലാണു പുല്‍കൃഷിക്ക് ഹൈഡ്രോ പോണിക്സ് മെഷീന്‍ കടന്നു വരുന്നത്.

മെഷീന്‍ :പൂര്ണ്ണമായും അടഞ്ഞ ഒരു മൂറിയോടോ, കണ്ടൈനറ് ലോറിയുടെ കണ്ടൈനറിനോടോ ഇതിനെ ഉപമിക്കാം. ഇതില്‍ താപനില, ഈര്പ്പം, സൂര്യപ്രകാശം, വായു സഞ്ചാരം, ജല വിതരണം എന്നിവയെല്ലാം ഒരു മൈക്രോപ്രോസസറിനാല്‍ നിയന്ത്രിക്കപ്പെടുന്നു. കണ്ടൈനറിലെ വായുവാകട്ടെ പൂര്ണ്ണമായും ഓസോണേറ്റ് ചെയ്ത് ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യും. ഇപ്രകാരം നിയന്ത്രിതമായ കൃത്രിമ അന്തരീക്ഷത്തിലാണു പുല്‍വിത്ത് മുളച്ച് വളരുന്നത്.

കൃഷി രീതി

ഓരോ ദിവസം എന്ന കണക്കില്‍ എട്ടു ചാക്രിക ഘട്ടങ്ങളിലായാണു ഇതു പ്രവര്ത്തിക്കുന്നതെന്ന് പറയാം, ഓരോ ദിവസവും ഓരോ ട്രേ വീതം വിത്തുകള്‍ ലോഡ് ചെയ്തുകൊണ്ടേ ഇരിക്കും, ഒരോ ട്രേ വരുന്നതിനനുസരിച്ച് ആദ്യ ട്രേ മുന്നോട്ട് നീങ്ങുന്നു. ഒരോ ട്രേയിലേക്കും പ്രത്യേകമായി തയ്യാറാക്കിയ ധാതുലവണ ലായനി, നിശ്ചിത ഇടവേളകളില്‍ തളിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.സൂര്യ പ്രകാശത്തിന്റെ അളവ് ആവശ്യാനുസരണം നിയന്ത്രിക്കാം. ഏഴാം ദിവസം കഴിയുമ്പോഴേക്കും ആദ്യ ട്രേയിലെ വിത്ത് വളര്ന്നു തീറ്റാന്‍ പരുവത്തിനു വളര്‍ ച്ചയെത്തുന്നത് മെഷീനിന്റെ മറുപുറത്തുകൂടി പുറത്തെടുക്കാന്‍ സാധിക്കുന്നതാണു.

ഘട്ടം 1.


മുളപ്പിക്കാനാവശ്യമായ ഉയര്ന്ന മേന്മയുള്ള വിത്ത് പ്രത്യേക ലായനിയില്‍ കഴുകി കുതിര്ത്തു വക്കുന്നു.

ഘട്ടം 2.


കുതിര്‍ത്ത വിത്തുകള്‍ മെഷീനിലെ കണ്വേയറില്ക്ക് മാറ്റുന്നു, അടുത്ത ട്രേയില്‍ വിത്തു കഴുകി കുതിര്‍ത്തു വക്കുന്നു.

ഘട്ടം 3.


മുള പൊട്ടിത്തുടങ്ങുന്നു. ട്റേ മുന്നോട്ട് തള്ളിയ ശേഷം തലേ ദിവസത്തെ കുതിര്ത്ത ട്രേ ലോഡ്‌ ചെയുന്നു.

ഘട്ടം 4.


ഘട്ടം 5.


ഘട്ടം 6.


ഘട്ടം 7.


പൂര്‍ത്തിയായ പുല്‍ ട്രേ


ഏഴു ദിവസം കഴിയുന്നതോടെ പുല്ലു തയ്യാറായി.
ട്രെയിലെ പുല്ലു, വേരും സ്റെമും അടക്കം തീറ്റയായി നല്‍കുന്നു.
ഒരു കിലോ ചോള വിത്ത് 8-10 കിലോ വരെ തീറ്റയായി ലഭിക്കുന്നു

കേരളത്തെ പോലെയുള്ള സ്ഥലങ്ങളില്‍ എത്രത്തോളം ലാഭകരം ആകും എന്ന്‍ പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.മിഡില്‍ ഈസ്റ്റില്‍ ഒരു കിലോ പുല്ലു വാങ്ങുന്നതിനേക്കാള്‍ ലാഭകരമായി ഇത് പ്രവര്‍ത്തിപ്പിക്കാം എന്ന് പരീക്ഷിച്ചു ബോധ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ഡല്ഹിയിലും രാജസ്ഥാനിലും ഈ യന്ത്രം പ്രവര്ത്തിക്കുന്നുണ്ട്. ഭൂമിയിലെ കൃഷിക്ക് ബദലായി ഇതു ഉയര്‍ന്നു വരാനുള്ള സാദ്ധ്യത അത്ര വിരളമല്ല എന്ന് പറയാന്‍ മാത്രമേ ഈ സമയത്ത് പറയാനാകൂ, കാരണം 460 കിലോ പുല്ലു വീതം ദിനം പ്രതി വിളവെടുക്കാവുന്ന ഒരു മെഷീന്റെ വില 10 ലക്ഷം ഇന്ത്യന്‍ രൂപയുടെ അടുത്തു വരുന്നുണ്ട്.

മെച്ചങ്ങള്‍ :
1. കുറച്ചു സ്ഥലം .
2. കുറച്ച് വെള്ളം
3. കുറഞ്ഞ ജോലി
4. കുറഞ്ഞ സമയം
5. കൂടിയ പോഷക മൂല്യം

കുറിപ്പ് :
ഡല്‍ഹിയില്‍ നടത്തിയ പരീക്ഷണത്തില്‍ ഞാറു തയ്യാറാക്കാന്‍ വിജയകരമായി ഇത് ഉപയോഗിച്ചിട്ടുണ്ട് .

6/04/2011

ഹൈജാക്ക് ചെയ്യപ്പെടുന്ന പശു സംരക്ഷണം


കഴിഞ്ഞ ദിവസം എന്റെ നാട്ടുകാരന്‍ ഷിനോ, ഹരിത ചിന്ത എന്ന തന്റെ ബ്ലോഗില്‍ ഒരു വ്യക്തിയുടെ പശു വളര്ത്തലിനെ പ്രകീര്ത്തിച്ച് ഒരു പോസ്റ്റിട്ടിരുന്നതു വായിക്കാനിടയായി. പോസ്റ്റിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല , മറിച്ച് ഷിനോയെപ്പോലെയുള്ള ഒരു പ്രകൃതി സംരക്ഷകന്റെ ചിന്തകളില്‍, നായക സ്ഥാനത്തു കയറാന്‍ പ്രസ്തുത വ്യക്തിക്കു കഴിഞ്ഞതിന്റെ കൗതുകമാണു ഞാനിവിടെ പങ്കുവക്കുന്നത്. ചില പ്രത്യേക ചിന്തകളുടെയോ ആചാരങ്ങളുടെയോ സംരക്ഷണത്തിന്റെ ഭാഗമായാണു ടിയാന്‍ "നിഷ്കാമിയായ്” പശുവിനെ പോറ്റുന്നതെന്ന് അന്നാട്ടില്‍ ഏവര്‍ക്കും ബോദ്ധ്യമുള്ളതാണ്‍, എന്നിരുന്നാലും "സംരക്ഷണം " എന്ന പദത്തിന്റെ പിന്‍ബലത്താല്‍ അത് മഹത്വ വല്കരിക്കപ്പെടുന്നു എന്ന് പറയാം . ഇത് ഒരു ഒറ്റപ്പെട്ട സംഗതി അല്ല എന്ന് സമകാലീന കേരളത്തെ വീക്ഷിച്ചാല്‍ നമുക്ക് ബോദ്ധ്യമാകുന്നതാണ്. നമ്മുടെ ബുദ്ധി ജീവികള്‍ (എന്നു വിളിക്കപെടുന്ന) ജീവി വിഭഗം ഇത്തരത്തിലുള്ള ഗിമ്മിക്കുകളില്‍ കുടുങ്ങി പല വേദികളിലും ചര്‍ച്ചകളിലും കടന്നുവരുന്നത് നാം കാണാറുണ്ട്.

ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ വിജയത്തോടെ, നാട്ടിലെ നാടന്‍ വര്‍ഗ്ഗങ്ങളില്‍ പെട്ട പല മൃഗങ്ങളും നാമാവശേഷമാവുകയോ, അതിന്റെ വക്കത്തു കാത്തിരിക്കുന്നവരോ ആയി മാറി എന്ന വസ്തുത പല സന്ദര്‍ഭങ്ങളിലും നാം ചര്‍ച്ച ചെയ്തിട്ടുണ്ട്. കേരളത്തിലെ വെച്ചൂര്‍, കാസര്‍ഗോഡ് ഡ്വാര്‍ഫ് തുടങ്ങിയവ നമുക്ക് നേരിട്ട് കാണാനായ സംരക്ഷിത നാടന്‍ പശുക്കളാണു. വൈകിയുദിച്ച വിവേകത്തിന്റെ ഫലമായി ചില സംരക്ഷണ പ്രവര്ത്തനങ്ങള്‍ ഒറ്റക്കും കൂട്ടായും ആരംഭിച്ചിട്ടുമുണ്ട്. പല ജന്തു വിഭാഗങ്ങളും ഇത്തരത്തില്‍ സംരക്ഷിക്കപ്പെടേണ്ടവയാണെങ്കിലും ഈ കൂട്ടത്തില്‍ ഭാഗ്യം ചെയ്തത് "പശു” ആണെന്ന് പറയാതെ വയ്യ. കേരളത്തില്‍ തന്നെ ആട്, കോഴി, പന്നി തുടങ്ങിയവയൊക്കെ ഈ പട്ടികയില്‍ കണ്ടെത്താനാവുമെങ്കിലും നാട്ടില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ കാണാനാവുന്നില്ല എന്നത് കൗതുകരമല്ലെ? എന്തുകൊണ്ട് ഒരു "അങ്കമാലി" പന്നിക്കുട്ടി ആരുടെ വീട്ടിലും വളര്‍ത്തപ്പെടുന്നില്ല? അതുമല്ലെങ്കില്‍ "അട്ടപ്പാടി കറുമ്പി " ആടിനെ ആരും വളത്തി നിഷ്കാമം പ്രകടിപ്പിക്കുന്നില്ല? ഒന്നോ രണ്ടോ കണ്ടേക്കാം എന്നിരുന്നാലും ആകെ സംരക്ഷിക്കപ്പെടുന്നതിന്റെ എത്ര ശതമാനം യൂണിറ്റുകള്‍ പശു ഇതര ജീവി വിഭാഗങ്ങള്‍ക്കായി ഉണ്ടെന്ന കണക്കു ലഭിച്ചാല്‍ നന്നായിരുന്നു.

കഴിഞ്ഞ കുറച്ചു കാലങ്ങളായി ഈ പവര്‍ത്തനങ്ങളുടെ ഒരു ഫോളോവര്‍ എന്ന നിലയില്‍ ഞാന്‍ നിരീക്ഷിച്ച കാര്യങ്ങള്‍ അത്ര രസകരമായി തോന്നിയില്ല. മനസ്സില്‍ തോന്നിയവ ഇതാണു

# പശുക്കളെ സംരക്ഷിക്കാനാണ്‍ ആളു കൂടുതല്‍.
# ഏറെ സംരക്ഷകരും ഹിന്ദു മത വിശ്വാസികളാണു.
# ഹിന്ദു മതത്തില്‍ തന്നെ ബ്രാഹ്മണ/ അനുബന്ധ വിഭാഗമാണു മുന്‍ പന്തിയില്‍
# ജാതീയമായി പിന്നോക്കം നില്‍ക്കുന്ന ഒരാള്‍ പോലും ഈ കൂട്ടത്തില്‍ കാണാനായില്ല.
# ഏറെ പേരും കാമധേനു ഗോമാതാ തുടങ്ങിയ പദങ്ങളോട് ആഭിമുഖ്യം പ്രകടിപ്പികുന്നവരാണു.
# കയ്യില്‍ പണമുള്ളവന്‍ മാത്രമെ ഇവയെ വളര്‍ത്തുന്നുള്ളൂ.
# ഏറെ സംരക്ഷകരും "പഞ്ചഗവ്യം” എന്ന ചാണക മൂത്ര മിശ്രിതത്തിന്റെ പ്രായോജകരാണു.

മൃഗസംരക്ഷണ വകുപ്പിന്റെ തന്നെ ഒരു മേളയിലെ മുഖ്യ ഉത്പന്നങ്ങളിലൊന്ന് പഞ്ച ഗവ്യം ആയിരുന്നു, നാടന്‍ പശുവിനെ സംരക്ഷിക്കുന ഒരു മഠമായിരുന്നു അതിന്റെ ഉത്പാദകര്‍
ഒരു നാഷണല്‍ സെമിനാറില്‍ കാണാനായത് പഞ്ചഗവ്യത്തിന്റെ ഗംഭീര പേപ്പര്‍. മറ്റൊന്നാവട്ടെ പുരാണത്തിലെ കാമധേനു എന്ന പശൂമായി നമ്മുടെ പശുവിന്റെ ബാഹ്യ ലക്ഷണ സാമ്യങ്ങള്‍ എന്തൊക്കെ എന്നതും !!

സംരക്ഷണ പ്രവര്‍ത്തനങ്ങളെ പ്രമോട്ട് ചെയ്യുന്ന ഏജനികള്ക്ക് ഇവയുടെ പൊള്ളത്തരം ബൊദ്ധ്യമില്ലായ്കയല്ല , മറിച്ച് അങ്ങിനെയെങ്കിലും രണ്ട് പശുവിനെ വളര്‍ത്തുന്നെങ്കില്‍ ആവട്ടെ എന്നതാണ്‍. ഈ നിലക്ക് കാര്യങ്ങള്‍ മുന്നേറിയാല്‍, സംരക്ഷണം ഉറപ്പാക്കാന്‍ പഴയ ആചാരങ്ങളൊക്കെ പൊടി തട്ടി എടുക്കേണ്ടി വരുന്ന ദിവസം ഏറെ ദൂരെയല്ല.

പിന്‍കുറി:
പഞ്ച ഗവ്യ കുപ്പി തുറന്നത് പഴയ മുനിസിപ്പാലിറ്റി കക്കൂസിനെ ഓര്‍മ്മിപ്പിച്ചു എന്ന് പറയുന്ന സുഹൃത്തിനെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല.

5/15/2011

പാഴായിപ്പോയ ഇടയലേഖനങ്ങൾ

സഖാവ് വി എസ് അച്ചുതാനന്ദൻ നയിച്ച മന്ത്രിസഭ ഇന്ന് രാജി സമർപ്പിച്ചിരിക്കുന്നു. കേരള സംസ്ഥാനത്തെ സർവ്വമാന പിന്തിരിപ്പൻ വിഭാഗങ്ങളും കാത്തുകാത്തിരുന്ന ദിവസം. എന്നാൽ മന്ത്രി സഭാകാലാവധി അവസാനിച്ചു കാണാൻ കാത്തിരുന്നവർക്കൊന്നും അഹ്ലാദം നൽകാൻ പര്യാപ്തമായിരിക്കില്ല ഇനി വരുന്ന ദിവസങ്ങളിൽ കേരളത്തിൽ നടക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റം. കേവലം രണ്ടേ രണ്ട് അംഗങ്ങളുടെ മാത്രം മുൻ തൂക്കം കൈമുതലാക്കി കാതലായ രാഷ്ട്രീയ തീരുമാനങ്ങളെടുക്കാൻ വരുന്ന മന്ത്രി സഭക്കാവില്ല എന്നതു തന്നെ കാരണം. ഭരണം മാറാൻ കാത്തിരുന്നവർക്കാകട്ടെ പ്രതീക്ഷകൾ ഏറെ കാണും.
ഭരണത്തിലേറിയ അന്നുമുതൽ ഇടതുപക്ഷത്തിനെതിരായി പേനയുന്തിയ കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളെ നമുക്ക് വിടാം, കാരണം അതവന്റെ തൊഴിലാണ്. എന്നാലോ മാനവ സമൂഹത്തിന്റെ രക്ഷക്കായി ജീവിക്കുന്നവരെന്നെ വ്യാജേന, കോളേജുകളും മറ്റ് മൊത്തക്കച്ചവടങ്ങളുമായി നടക്കുന്ന ളോഹാ ധാരികളെ അപ്രകാരം ഒഴിവാക്കാനാവുമോ? ഉന്നത വിദ്യാഭ്യാസ രംഗത്തെ കച്ചവടം മുതൽ ഇങ്ങ് ഏക ജാലകം അടക്കം എല്ലാ മന്ത്രി സഭാ പരിഷ്കാരങ്ങളെയും കുരിശും ബൈബിളും എടുത്ത് പ്രയോഗിച്ച് പരാജയപ്പെടുത്താനാണ് ദൈവ (അതോ സാത്താന്റെയോ) ദാസന്മാർ ശ്രമിച്ചത്. വിശ്വാസികൾ ദൈവ പ്രാർത്ഥനക്കായി ഒത്തുകൂടാനുപയോഗിക്കുന്ന പള്ളികളാണ് ഇത്തരം ക്ഷുദ്ര പ്രവർത്തികൾക്ക് കേരളത്തിൽ ഉപയോഗിക്കപ്പെട്ടതെന്നത് തികച്ചും ലജ്ജാകരമായ ഒന്നായിരുന്നു. ഇതിനായി ഓരോ ഞായറാഴ്ച പ്രാർത്ഥനകളിലും പ്രത്യേകം ഇടയ ലേഖനങ്ങൾ വായിക്കപ്പെട്ടു. ദൈവത്തെ സ്മരിച്ചില്ലെങ്കിലും ഇടതു പക്ഷത്തെ പരാജയപ്പെടുത്താൻ ഒരോ ലേഖനങ്ങളും വിശ്വാസികളെ അഹ്വാനം ചെയ്തു. തങ്ങൾ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ലല്ലോ കർത്താവേ എന്ന് ഓരോ വിശ്വാസിയും മനസ്സിൽ കരുതിയിട്ടുണ്ടാവും. മനസ്സിൽ കരുതാനെ നിവർത്തിയുള്ളൂ, ജനനവും മാമോദീസയും വിവാഹവും മരണവും എന്നുവേണ്ട വിശ്വാസിയായ ഒരു മനുഷ്യന്റെ എല്ലാ ജീവിത ഘട്ടങ്ങളും പള്ളിയുടെ അധികാരത്തിൽ തളച്ചിട്ട്, സെമിത്തേരി പ്രവേശം കാട്ടി ഭീഷണിപ്പെടുത്തിയാണ് ഓരോ വിശ്വാസിയുടെയും നാവടപ്പിക്കുന്നത്. എന്നാൽ ഇവർക്ക് വരുതിയിൽ നിർത്താൻ സാധിക്കാത്ത ഒന്ന് ഈ കേരളത്തിലുണ്ട് എന്ന് അവർ തിരിച്ചറിഞ്ഞില്ല, അതായിരുന്നു കേരളീയ സമൂഹത്തിന്റെ സാമാന്യ ബോധം. ആ സാമാന്യ ബോധം ഈ ളോഹാ ധാരികൾക്ക് തിരഞ്ഞെടുപ്പിൽ മറുപടി നൽകിയിരിക്കുന്നു.
കേവല ഭൂരിപക്ഷം എന്ന സാങ്കേതികതയിലേക്ക് എത്താനായില്ലെങ്കിലും കേരള ഭരണത്തിന്റെ നിയന്ത്രണം ഇന്നും ഇടതു പക്ഷത്തിന്റെ കയ്യിൽ തന്നെ നിർത്താനാവശ്യമായ സീറ്റുകളാണ് ഇന്നവർക്ക് ലഭിച്ചിട്ടുള്ളത്. ഒരു സഭയുടേയും സമ്മർദ്ദം ഇവിടെ നടപ്പാവാൻ പോകുന്നില്ല. കർത്താവിനെപ്പോലും തിരസ്കരിച്ച്, കേവലമായ രാഷ്ട്രീയ പ്രവർത്തനവേദിയായി പള്ളി മുറികളെ മാറ്റിയ ഈ കത്തനാർമാരുടെ ഇടയ ലേഖനങ്ങൾ പാഴായിപ്പോയതായി ഇനിയെങ്കിലും അവർ തിരിച്ചറിയും എന്ന് കരുതാം. ഇനിയെങ്കിലും ഈ ഊർജ്ജം നല്ല കാര്യങ്ങൾക്ക് വിനിയോഗിക്കു, പിതാക്കന്മാരെ.