9/25/2009

ചാന്ദ്രയാന്‍

ഇന്നലെ ടീവി ചാനലുകളിലെ ചാന്ദ്രപ്രകടനം കണ്ട് ബോറടിച്ചാണ് ഉറങ്ങാന്‍ പോയത്. പ്രതീക്ഷിച്ചപോലെ ഇന്നത്തെ പത്രങ്ങളായ പത്രങ്ങളെല്ലാം ചന്ദ്രനിലെ വെള്ളം തന്നെ. ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പേടകം ചാന്ദ്രയാന്‍ 1 ചന്ദ്രനില്‍ ചെന്ന് വെള്ളം കോരിക്കൊണ്ടുവന്നു എന്ന മട്ടിലുള്ള അവലോകനങ്ങള്‍ കണ്ടിട്ട് ഒന്നും മനസ്സിലായുമില്ല. വലിയ പിടിയൊന്നുമില്ലാത്ത മേഖലയായതിനാല്‍ പെട്ടന്നൊരു വിശകലനം എനിക്ക് സാദ്ധ്യവുമല്ല. എന്നാലും ഒരു സംശയം ബൂലോക പുലികളോട് ചോദിക്കാമെന്ന് കരുതി.

ചന്ദ്രോപരിതലത്തില്‍ ജലാംശം ഉണ്ടാവാന്‍ സാദ്ധ്യത ഉണ്ടെന്നത് ഒരു പുതിയ വിവരമല്ലെന്നാണ് എനിക്ക് മനസ്സിലാവുന്നത്. ഭൂമിയിലെ ജലത്തിന്റെ ഉറവിടം ബഹീരാകാശം തന്നെയാണെന്ന സിദ്ധാന്തത്തില്‍ നാം ഉറച്ചു വിശ്വസിക്കുന്ന സാഹചര്യത്തില്‍ ചന്ദ്രനില്‍ ജലാംശമുണ്ടാവാം എന്ന നിഗമനത്തില്‍ പുതുമയൊന്നുമില്ലല്ലോ. ചന്ദ്രോപരിതലത്തില്‍ കാണുന്ന വന്‍ ഗര്‍ത്തങ്ങളും മറ്റും ഉല്‍ക്കകളെപ്പോലെയുള്ള ബഹീരാകാശ വസ്തുക്കള്‍ വന്നിടിച്ചുണ്ടായതാണെന്നതും അംഗീകരിക്കപ്പെട്ട സിദ്ധാന്തമാണ്. അങ്ങിനെയെങ്കില്‍ ഭൂമിയിലെത്തിയ ജലത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഹൈഡ്രജനും ഓക്സിജനും ചന്ദ്രനിലും ഉണ്ടാവാം എന്ന നിഗമനത്തെ നാം അഗീകരിക്കണമല്ലോ. ചന്ദ്രോപരിതലത്തിലെ കുറഞ്ഞ ഗുരുത്വാകര്‍ഷണം കാരണം ജലാംശം നീരാവിയായ് ബഹീരാകാശത്തേക്ക് രക്ഷപ്പെട്ടിരിക്കാം.

നാസയുടെ മുന്‍ ബഹീരകാശ പര്യവേക്ഷണങ്ങളില്‍ ഹൈഡ്രജന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി നമുക്കറിയാം.നാസ നടത്തുന്ന പര്യവേക്ഷണങ്ങളില്‍ ചന്ദ്രനിലെ ജലാംശമെന്ന സങ്കല്‍പ്പം വളരെയേറെ മുന്നേറുകയും ചെയ്തിരിക്കുന്നു.ഇപ്പോള്‍ ചാന്ദ്രയാന്‍ നടത്തിയ പര്യവേക്ഷണ ഫലങ്ങള്‍ക്കും ഒറ്റക്കൊരു നില നില്‍പ്പില്ല, നാസയുടെ കൂട്ടായ പര്യവേക്ഷണങ്ങളില്‍ നാം നമ്മുടെ വിഹിതം സംഭാവ ചെയ്തു എന്നു മാത്രമല്ലേ ഉള്ളൂ. ചാന്ദ്രയാന്‍ ഒന്ന് പൂര്‍ണ്ണായുസ്സെത്തുന്നതിന് മുമ്പ് ഉപേക്ഷിക്കപ്പെട്ടു എന്ന പേരുദോഷത്തെ മറികടക്കാന്‍ ബോധപൂര്‍വ്വം ആഘോഷവല്‍ക്കരിക്കുന്നതല്ലേ ഈ വെള്ളം കോരല്‍ എന്ന് ന്യായമായും സംശയിക്കാം. വിവാദങ്ങളും ഇല്ലാത്ത അവകാശവാദങ്ങളും വാരിവിതറി തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെ മുഖം മിനുക്കലാണോ ഇത്?
പത്രങ്ങളിലെ ഘോഷം കണ്ട് ചോദിച്ചൂ പോയതാണ്, പണ്ട് ചൊവ്വയില്‍ പെണ്‍ രൂപം കണ്ടെന്ന് തലക്കെട്ട് നിരത്തിയ പത്രങ്ങളാണെ !!

36 comments:

അനിൽ@ബ്ലൊഗ് said...

വിവരമില്ലാത്തതോണ്ട് തോന്നുന്ന ഓരൊ സംശയങ്ങളെ.

ചിന്തകന്‍ said...

പത്രങ്ങള്‍ക്കിതൊക്കെ തന്നെയല്ലേ ഇക്കാലത്ത് പണിയുള്ളൂ.

‘ഇത്തിരി‘ക്കിട്ടിയാല്‍ അവര്‍ ‘ഒത്തിരി‘യാക്കും :)

Manoj മനോജ് said...

"ചാന്ദ്രയാന്‍ ഒന്ന് പൂര്‍ണ്ണായുസ്സെത്തുന്നതിന് മുമ്പ് ഉപേക്ഷിക്കപ്പെട്ടു എന്ന പേരുദോഷത്തെ മറികടക്കാന്‍ ബോധപൂര്‍വ്വം ആഘോഷവല്‍ക്കരിക്കുന്നതല്ലേ ഈ വെള്ളം കോരല്‍ എന്ന് ന്യായമായും സംശയിക്കാം"
ചന്ദ്രനില്‍ ജലത്തിന്റെയും ഹൈഡ്രോക്സിലിന്റെയും സാന്നിദ്ധ്യമുണ്ടെന്ന് എം3 മാത്രമല്ല മറ്റ് 2 ഉപകരണങ്ങള്‍ കൂടി തെളിവ് നല്‍കിയിട്ടുണ്ട്. എം3 കണ്ട് പിടുത്തം ഇത്രമാത്രം ആഘോഷിക്കേണ്ടത് എന്തിന് എന്നതിനുത്തരം അത് ഇന്ത്യയില്‍ മാത്രമേ ആഘോഷിച്ചിട്ടുള്ളൂ എന്നതാണ്. പിന്നെ എം3 മിനറല്‍ സ്കാനറാണ്. ജലാംശം മാത്രമല്ല ചന്ദ്രനിലെ മറ്റ് മിനറത്സിനെ കുറിച്ചും വിവരം കിട്ടിയിരിക്കണം. കാത്തിരിക്കാം.

പിന്നെ ചന്ദ്രായാന്‍ പ്രവര്‍ത്തനരഹിതമായതിനെ പറ്റിയാണെങ്കില്‍ ഇന്ന് നമുക്ക് ലഭ്യമായ കണക്കുകള്‍ വെച്ചായിരുന്നു ചന്ദ്രായാന്‍ രൂപകല്‍പ്പന ചെയ്തത്. അതായത് ചന്ദ്രന്‍ പ്രതിഫലിപ്പിക്കുന്ന ചൂടിന്റെ അളവ് “ഭൂമിയിലിരുന്നു” കണക്ക്കൂട്ടിയതിലും കൂടുതലായിരുന്നു എന്നാണ് ഐ.എസ്സ്.ആര്‍.ഓ. പറയുന്നത്. നാസയും യൂറോപ്പും ഇത് നിഷേധിച്ചിട്ടുമില്ല.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്ദ്രനില്‍ “ഇറങ്ങി” പരിചയമുള്ള “നമുക്ക്” എന്ത് കൊണ്ട് ഈ തെറ്റ് പറ്റിയെന്നത് ചര്‍ച്ച ചെയ്യേണ്ടത് തന്നെയാണ്.....

ചന്ദ്രനില്‍ “കാലുകുത്തുന്നതിന്” തൊട്ട് മുന്‍പ് വരെ അമേരിക്കയ്ക്ക് പരാജയമായിരുന്നു ഫലം (ആ ഒരു കാരണം കൂടി കൊണ്ടാണല്ലോ “കാല് കുത്തിയിട്ടില്ല” എന്ന പേര് ദോഷം ഇന്നും നിലനില്‍ക്കുന്നത്). അതിന് ശേഷവും അവര്‍ അഴച്ച പലതും ചന്ദ്രന്റെ അടുത്തെത്താതെ വിദൂരതയിലേയ്ക്ക് പോവുകയും ചെയ്തിട്ടുണ്ട്!!!! അപ്പോള്‍ ഇന്ത്യയുടേത് പരാജയമാണോ? ആദ്യ സംരംഭത്തില്‍ തന്നെ ഇത്രയും വിജയം നേടുവാന്‍ കഴിഞ്ഞത് തന്നെ ഒരു നേട്ടമല്ലേ.

വാഴക്കോടന്‍ ‍// vazhakodan said...

അനില്‍ജിയോട് ഞാനും യോജിക്കുന്നു. ചാന്ദ്രയാന്‍ പൂര്‍ണ്ണ പരാജയമല്ല എന്ന് വിളിച്ച് പറയാന്‍ മറ്റൊരു മാര്‍ക്കെറ്റിങ് തന്ത്രം.വിവരക്കുറവു കൊണ്ട് നമുക്കിങ്ങനെയല്ലേ ചിന്തിക്കാനാവൂ :)

കെ.പി.സുകുമാരന്‍ (K.P.S.) said...

മനോജ് പറഞ്ഞതിനെ പിന്താങ്ങിയില്ലെങ്കില്‍ അനില്‍ ആഗ്രഹിക്കുന്ന പോലെ അഭിപ്രായങ്ങള്‍ വഴി മാറിപ്പോകും. സോ ഐ എഗ്രി വിത്ത് മനോജ്..

യൂനുസ് വെളളികുളങ്ങര said...

ചന്ദ്രനില്‍ കപ്പല്‍ ഓടിക്കാന്‍ വെളളം ഉണ്ടെന്ന്‌ നാസ ശ്‌സ്‌ത്രജ്ഞന്‍മാര്‍

കണ്ണനുണ്ണി said...

വന്‍ ശക്തികളായ അമേരിക്കയും റഷ്യയും ശീത സമരകാലത്ത് പരസ്പരം ശക്തി തെളിയിക്കാന്‍ എന്ന പോലെ ചാന്ദ്ര പരിയവേഷണങ്ങള്‍ നടത്തി ഒരുപാട് കാശ് കളഞ്ഞു...കൂടുതലും പരാജയവും ആയി..
ഇപ്പോള്‍ ചൈനയും ഇന്ത്യയും മുതിരുന്നതും ഇതിനൊക്കെ തന്നെ അല്ലെ..ഭീമമായ പണച്ചിലവുള്ള ഇത്തരം പദ്ധതികള്‍ ഇന്ത്യ പോലെ ഇനിയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു രാജ്യം നടത്തുമ്പോള്‍ എന്ത് കൊണ്ടോ പലപ്പോഴും ന്യായീകരിക്കാന്‍ തോനുന്നില്ല .
പരാജയം അടഞ്ഞു എന്ന് പറഞ്ഞില്ലെങ്കിലും ഭാഗികമായി പരാജയമായ ചന്ദ്രയാന്‍ - ഒന്ന് ഇനി വരാന്‍ പോവുന്ന ഭാവി ചാന്ദ്രയാന്‍ പദ്ധതികള്‍ക്ക് നേരെ പൊതു വികാരം എതിരായി തിരിച്ചു വിടും എന്ന് തോന്നിയത് കൂടെ കൊണ്ടാവുമോ...ഇത്രെയേറെ കൊട്ടി ഘോഷിച്ചു ഇങ്ങനെ ഒരു പ്രചരണം..

ഷിജു | the-friend said...

അനില്‍ ചേട്ടാ,
ഇതിനെപ്പറ്റി വിശദമായി ഒരു അഭിപ്രായം പറയാന്‍ ഞാന്‍ അഞ്ജനാണ്. അതിനാല്‍ ബ്ലോഗിലെ പുലികളുടെ അഭിപ്രായത്തിനായി ഞാനും കാത്തിരിക്കുന്നു.

കുമാരന്‍ | kumaran said...

ഒക്കെ നെഗറ്റീവായിട്ട് ചിന്തിക്കല്ലേ... ചന്ദ്രനിലേക്കാളെ അയക്കണോ... തെങ്ങുകയറ്റ യന്ത്രമല്ലേ നമുക്കിന്നാവശ്യം എന്നൊരു പത്രം എഴുതിയിട്ട് ഒരു മാസം കഴിഞ്ഞില്ല.
നാസ നല്ലതു പറഞ്ഞില്ലേ...

haaari said...

കര്‍ത്താവെ ഈ ബ്ലോഗേര്‍സ് എല്ലാവരും ശാസ്ത്രക്ന്മാര്‍ ആണല്ലേ ???
ചന്ദ്രയാന്‍ ചന്ദ്രനില്‍ തന്നെ ആണോ ഇറങ്ങിയത്‌ എന്നൊരു സംശയം
തോന്നാതിരുന്നത് മോശമായി !!

September 25, 2009 9:51 PM

vrajesh said...

ഇതു കേള്‍ക്കുമ്പോള്‍ ആവേശഭരിതരാകുന്നതും രാമര്‍ പെട്രോളിനെ ആഘോഷിച്ചതുമെല്ലാം അടിസ്ഥാനപരമായി നമ്മുടെ അപകര്‍ഷതാബോധത്തില്‍ നിന്നുമുയരുന്നതാണെന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത്.

Typist | എഴുത്തുകാരി said...

അനിലേ, അനിലിന്റെ അത്ര പോലും വിവരം ഇക്കാര്യത്തില്‍ എനിക്കില്ല. അപ്പോ പിന്നെ ഞാനെന്തു പറയാന്‍?

Manoj മനോജ് said...
This comment has been removed by the author.
kaalidaasan said...

കണ്ണനുണ്ണിയുടെ അഭിപ്രായത്തോടു ഞാന്‍ യോജിക്കുന്നു.

ചന്ദ്രനില്‍ മാത്രമല്ല, പ്രപഞ്ചത്തില്‍ പലയിടത്തും ജലാംശം കാണാനുള്ള എല്ലാ സാധ്യതയുമുണ്ട്.

ഇന്‍ഡ്യയുടെ മിഷന്‍ സാമാന്യം നല്ല പരജയമായിരുന്നു. അത് മറച്ചു വയ്ക്കാനണ്, ശാസ്ത്രജ്ഞന്‍മാര്‍ മുഖം മിനുക്കല്‍ നടത്തുന്നത്. 1998ലെ ആണവ സ്ഫോടനം വന്‍ വിജയമായിരുന്നു. ഒരു പതിറ്റാണ്ടിനു ശേഷം അതിപ്പോള്‍ പോസ്റ്റ് മോര്‍ട്ടത്തിനു വിധേയമാക്കുന്നു.

നാസ പറഞ്ഞത്, ജല സന്നിധ്യം ഉണ്ടെന്നു കണ്ടെത്തി എന്നല്ല. ജലം ആകാന്‍ സാധ്യതയുള്ള ചില സൂചനകള്‍ കണ്ടെത്തി എന്നു മാത്രമാണ്. അവരുടെ അഭിപ്രായം ഇതാണ്.

Scientists Report Finding Water on Moon


Using data from an American instrument flying on India's Chandrayaan satellite - and confirming data from two other spacecraft - they found water widely spread across the lunar landscape, though more toward the poles and concentrated at the surface.

Carle Pieters spoke of water, as did the other scientists, and certainly the news reports have headlined "water found on the moon." But another member of the research team, Jack Mustard, also of Brown, said it's actually unclear whether they're seeing water - a molecule with two atoms of hydrogen and one of oxygen - H20 - or hydroxyl, a chemical with only one hydrogen atom - OH.

"We can't exactly distinguish whether it is a hydroxyl - or is it water? And the simple answer is that it's difficult to make that discrimination at this point with our data,
" he said in an interview.

That data comes not from examining the rocks on the moon directly, but by using spectrographic analysis of the light reflected from the moon. Different chemicals have different spectrographic signatures, but those of water and hydroxyl are very similar.

The discovery comes 40 years after astronauts brought hundreds of kilos of moon rocks back to Earth, and Mustard says scientists actually saw possible hints of water in those samples.

"There were some measurements that were made that suggested that there was water or hydroxyls [in the rocks]. And some very small group of scientists advocated strongly that this was lunar water. But most dismissed it as contamination from the Earth environment, bringing the rocks from the space capsule into the laboratories, for example. There is no way that what we're looking at [now] is contamination, I'll tell you that."

Finding water, if that's what it is, probably won't be of much use to any future human visitors to the Moon. There's not much of it in any one place. One ton of rock might yield just a liter or so of water. But it may be an additional clue as scientists try to work out how the moon and the planets were formed. Did the water arise from geological activities in the Moon itself? Or did it come from some external source, from comets or meteors, for example?

Manoj മനോജ് said...

അനില്‍,
25ആം തിയതിയിലെ പത്ര സമ്മേളനത്തില്‍ എം3ക്ക് മുന്നേ ഇന്ത്യയുടെ എം.ഐ.പി. ചന്ദ്രനില്‍ ജലത്തിന്റെ “അടയാളം” കണ്ടെത്തിയെന്ന് പറഞ്ഞിരിക്കുന്നു.

ഈ സംഭവത്തെ വേണമെങ്കില്‍ വിവാദമാക്കാം. ഇത് അനില്‍ പറഞ്ഞത് പോലെ പബ്ലിക്ക് സ്റ്റണ്ടാണോ അതോ ഇന്ത്യയുടെ എം.ഐ.പി.യെ ചരിത്രത്തില്‍ നിന്ന് മനപൂര്‍വ്വം നീക്കിയതോ!!!

ഒരെണ്ണം പോസ്റ്റിയിട്ടുണ്ട്....

അരുണ്‍ കായംകുളം said...

ഈ പോസ്റ്റ് ഇട്ടതിനു നന്ദി.പല വിവരങ്ങളും അറിയാന്‍ പറ്റി:)

ഹരീഷ് തൊടുപുഴ said...

plot for sale..

വരുന്നോ, ചന്ദ്രനെ വച്ചു നമുക്കൊരു മാഫിയാശശികളി കളിക്കാം..

ട്രാക്ക്..

MANIKANDAN [ മണികണ്ഠന്‍‌ ] said...

അനിലേട്ടാ ചന്ദ്രയാൻ ദൗത്യത്തെ അത്ര നിസ്സാരമായി കാണാൻ എന്തുകൊണ്ടോ സാധിക്കുന്നില്ല. നാസയ്ക്കും അതുപോലെ തന്നെ മറ്റു വികസിത രാജ്യങ്ങളുടെ ബഹിരാകാശ ഏജൻസികൾക്കും ഉള്ള സാങ്കേതികതികവോ സാമ്പത്തിക അടിത്തറയോ നമ്മുടെ ഇസ്രോയ്ക്കില്ല എന്നത് വിസ്മരിക്കാൻ സാധിക്കുമോ? പരിമിതമായ ചുറ്റുപാടുകളിൽ നിന്നുകൊണ്ട് നമ്മുടെ ശാസ്ത്രജ്ഞർ നേടിയെടുത്ത ഈ വിജയം (ആദ്യ വിക്ഷേപണത്തിൽ തന്നെ ചന്ദ്രനിൽ കൃത്യമായി ഇറക്കാൻ സാധിക്കുക എന്നത്) തീർച്ചയായും അഭിമാനാർഹമാ‍യ നേട്ടമല്ലെ? ചാന്ദ്രയാൻ അതിന്റെ നിശ്ചിതസമയത്തിനു മുൻപേ തകർന്നു എന്നതൊഴിച്ചാൽ ദൗത്യം വിജയം തന്നെ ആയിരുന്നില്ലെ? നാസ എംക്യൂബ് എന്തറിയുന്നതിനാണോ നമ്മുടെ ചന്ദ്രയാന്റെ ഒപ്പം വിക്ഷേപിച്ചത് ആ അറിവുകൾ അവർക്ക് ലഭിച്ചു എന്നതും ഈ ദൗത്യത്തെ സംബന്ധിച്ചിടത്തോളം വിജയം തന്നെ ആയിക്കാണാം. ഇക്കാര്യത്തിൽ അവർ ഇസ്രോയെ അഭിനന്ദിച്ചിട്ടുമുണ്ട്

കൂടാതെ ഉപഗ്രഹവിക്ഷേപണം വളരെ സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന ഒരു വ്യവസായം ആയി വളരുന്നത് ഇസ്രൊയ്ക്കും, അങ്ങനെ ഇന്ത്യയ്കും അഭിമാനാർഹമാണെന്നത് വിസ്മരിക്കാൻ സാധിക്കില്ല. ഉപഗ്രഹവിക്ഷേപണത്തിന് അനുയോജ്യമായ പല പകൃതി ഘടകങ്ങളും നമുക്ക് അനുകൂലമാണ്. (ഭൂമധ്യരേഖയോടുള്ള സാമീപ്യം, കിഴക്കുഭാഗത്ത് വിശാലമായ സമുദ്രം എന്നിങ്ങനെ)അപ്പോൾ ഇത്തരം ദൗത്യങ്ങളുടെ തുടർച്ചയായ വിജയങ്ങൾ നമ്മുടെ റോക്കറ്റുകളിൽ കൂടുതൽ രാജ്യങ്ങൾ വിശ്വാസമർപ്പിക്കുന്ന കാലം വരും എന്നു പ്രത്യാശിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പണ്ട് ഉപഗ്രഹവിക്ഷേപണത്തിന് ഫ്രഞ്ച് ഗയാനയെ ആശ്രയിച്ചിരുന്ന നാം ഇന്ന് ഇക്കാര്യത്തിൽ സ്വയം‌പര്യാപ്തരായി എന്നു പറയാം.

ക്രയോജനിക സാങ്കേതിക വിദ്യ കൂടി സ്വായത്തമാക്കിയാൽ ബഹിരാകാശ രംഗത്തു മാത്രമല്ല പ്രതിരോധരംഗത്തും അത് നമ്മുടേ ഒരു കുതിച്ചുചാട്ടം തന്നെയാവും എന്ന് ഞാൻ വിശ്വസിക്കുന്നു.

- സാഗര്‍ : Sagar - said...

വിവരമില്ലാത്തതോണ്ട് തോന്നുന്ന ഓരൊ സംശയങ്ങളെ.

അപ്പു said...

അനിൽ മാഷേ,
പണ്ട് ചന്ദ്രയാൻ വിക്ഷേപിച്ച അവസരത്തിൽ ഞാൻ പ്രസിദ്ധീകരിച്ചിരുന്ന പോസ്റ്റിൽ വക്കാരിമഷ്ടാ എഴുതിയ ഒരു കമന്റ് ഇങ്ങനെയായിരുന്നു.

വക്കാരിമഷ്‌ടാ said:
സാജന്‍സ്, ഒരു ടണ്‍ ഹീലിയം-3 ചന്ദ്രനില്‍ നിന്ന് കൊണ്ടുവന്ന് ഒരമ്പത് കൊല്ലം ഇന്ത്യ മുഴുവന്‍ എല്ലാ വീടുകളിലും ഇരുപത്തി നാല് മണിക്കൂറും കറന്റ് കൊടുക്കാന്‍ പറ്റിയാലോ? :) രണ്ട് ടണ്‍ കൊണ്ട് വന്ന് ഒരു ടണ്‍ വിറ്റ് കാശാക്കി, ആ കാശ് കൊണ്ട് അണകെട്ടി, പൈപ്പിട്ട് വെള്ളം കൊടുക്കാന്‍ പറ്റിയാലോ? :)
വികസനം ഒരറ്റത്തുനിന്ന് തുടങ്ങി സ്റ്റെപ് - ബൈ-സ്റ്റെപ് ആയി പോകേണ്ടതല്ല എന്നാണ് എനിക്ക് തോന്നുന്നത്. പല ദിശകളില്‍ നിന്ന് തുടങ്ങണം. എല്ലാവര്‍ക്കും കുടിവെള്ളം കൊടുത്തിട്ട് മാത്രം റോക്കറ്റ് വിക്ഷേപണത്തിനിരുന്നെങ്കില്‍ ഇപ്പോഴും നമുക്ക് കറക്കുന്ന ഫോണുമായിത്തന്നെ ഇരിക്കാമായിരുന്നു.
October 24, 2008 12:44 AM

ഇപ്പോൾ പറയുന്ന ഈ ജലസാന്നിദ്ധ്യം തീർച്ചയായും പ്രതീക്ഷനൽകുന്ന കണ്ടുപിടിത്തം തന്നെയാണ്. അത് ചന്ദ്രയാനിലെ നാസ നിർമ്മിത പ്രോബിൽ നിന്നുള്ള വിവരമാണ്. 1960 കളിൽ നടത്തിയ ചാന്ദ്രപര്യവേക്ഷണം ഈരിതിയിലുള്ള objectives മനസ്സിൽ വച്ചുകൊണ്ടായിരുന്നില്ല. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്.കെന്നഡിയുടെ വാക്കുകൾ കടമെടുത്താൽ “before the end of this decade (1960-1970), to send a man to moon and bring him back to earth safely" ഇപ്പോഴത്തെ ഗവേഷണങ്ങൾ വ്യത്യസ്ഥമാണ്. ചാന്ദ്രയാൻ പരാജയപ്പെട്ടത് വിക്ഷേപണത്തിനു ഒരു വർഷത്തിനു ശേഷമാണ്. അതുവരെ അതിലെ ഉപകരണങ്ങൾ വിവിധ ഡേറ്റകൾ ഭൂമിയിലേക്ക് അയച്ചിട്ടുണ്ടെന്നത് വ്യക്തം.

ഇപ്പോൾ കണ്ടുപിടിച്ച വെള്ളം തീർച്ചയായും ബോട്ടിൽഡ് മിനറൽ വാട്ടർ നിർമ്മിക്കാനുള്ളതല്ല, അതിനു മറ്റു പല ശാസ്സ്ത്രീയ ലക്ഷ്യങ്ങളും ഉണ്ടാവും.. കാത്തിരുന്നു കാണുകതന്നെ.

അനിൽ@ബ്ലൊഗ് said...

ചിന്തകന്‍,

മനോജ്,

വാഴക്കോടന്‍,

കെ.പി.എസ് മാഷ്,

യൂനുസ് വെള്ളിക്കുളങ്ങര,

കണ്ണനുണ്ണി,

ഷിജു,

കുമാരന്‍,

haari,

vrajesh,

ഏഴുത്തുകാരിച്ചേച്ചി,

kaalidaasan,

അരുണ്‍ കായംകുളം,

ഹരീഷ്,

മണികണ്ഠന്‍,

സാഗര്‍,

അപ്പുമാഷ്,

എല്ല്ലാവരുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി. ചാന്ദ്രയാന്‍ പദ്ധതിയെ തള്ളിപ്പറയുന്നില്ല എന്ന് മനസ്സിലാക്കുമല്ലോ. മാത്രമല്ല ജലാശം ഉണ്ടെന്നത് ഒരു ചെറിയ കാര്യവുമല്ല. പക്ഷെ എന്റെ അറിവ് വച്ച് ജലാംശം ഉണ്ടെന്നത് ഒരു പുതിയ കണ്ടു പിടൂത്തമല്ല. ഒന്നൂടെ ഉറപ്പിക്കുക എന്നതുമാത്രമേ ഇപ്പോള്‍ നടന്നുള്ളൂ. അതിനെയും കുറച്ച് കാണിക്കുന്നില്ലെങ്കിലും, ഇത്രയധികം ഘോഷിക്കത്തക്കവണ്ണം ഒന്നുമില്ലെന്ന് തന്നെ കരുതുന്നു. ഒരു പബ്ലിസിറ്റി സ്റ്റണ്ടായെ എനിക്കത് മനസ്സിലാക്കാനായുള്ളൂ.

ViswaPrabha | വിശ്വപ്രഭ said...

ചന്ദ്രനിൽ ജലത്തിന്റേയോ ഹൈഡ്രോക്സിൽ ശൃംഖലകളുടേയോ സാന്നിദ്ധ്യം കണ്ടെത്തുക എന്നതു് തീർച്ചയായും പരമപ്രധാനമായ ഒരു നേട്ടം തന്നെയാണു്. അതു കണ്ടെത്തിയതിൽ ഇന്ത്യക്കാർക്കും അവരുടേതായ പങ്കുണ്ടായി എന്നതും അഭിമാനകരം തന്നെ. അതൊരു വലിയ ആഘോഷമാക്കിയെടുക്കാനൊന്നുമില്ലായിരിക്കാം. എങ്കിലും പുതിയലോകത്തേക്ക് ഇപ്പോൾ മാത്രം പിച്ചവെച്ചുനടന്നുതുടങ്ങിയ ഒരു സമൂഹത്തിന്റെ ശാസ്ത്രാവബോധവും ദേശാഭിമാനവും വർദ്ധിപ്പിക്കാൻ അതു കാരണമാവുന്നുണ്ടെങ്കിൽ അതും ഒരു വശത്തു നടന്നുപൊക്കോട്ടെ.

എന്തുകൊണ്ടാണു് ചന്ദ്രനിലെ വെള്ളത്തിനു് ഇത്ര പ്രാധാന്യം? ഖഗോളരസതന്ത്രം മുതൽ ഭാവിയിലെ ചൊവ്വായാത്ര വരെ ബന്ധപ്പെട്ട പല കാരണങ്ങളുണ്ട്.

ViswaPrabha | വിശ്വപ്രഭ said...

ഭൂമിയിലും ഏകദേശമൊക്കെ അതേ ഘടന തന്നെ തുടക്കത്തിലുണ്ടായിരുന്ന ചന്ദ്രനിലും ജലം (ഹൈഡ്രജനും ഓക്സിജനും കൂടിച്ചേർന്ന അവസ്ഥ) ഉൽ‌പ്പത്തിയിൽ വളരെക്കുറച്ചേ ഉണ്ടായിരുന്നുള്ളൂ. അതിഭീമമായ അളവിലുണ്ടായിരുന്ന ഓക്സിജൻ മിക്കവാറും സിലിക്കേറ്റുകളും കാത്സൈറ്റുകളും മെറ്റൽ ഓക്സൈഡുകളും ആയി, സ്വതന്ത്രമല്ലാത്ത അവസ്ഥയിൽ ആയിരുന്നു. ഇത്തരം സംയുക്തങ്ങളെ നിരോക്സീകരിച്ച് (reduction) ഹൈഡ്രജനുമായി ബന്ധപ്പെടുത്താനോ സ്വതന്ത്രമായ ഓക്സിജനായി നിലനിർത്താനോ പ്രത്യേക സാഹചര്യങ്ങളും അഭൂതപൂർവ്വമായ ഊർജ്ജചക്രങ്ങളും ആവശ്യമായിരുന്നു. അഥവാ ഭൂമിയുടെ അന്തർഭാഗത്ത് അകപ്പെട്ടുകിടന്നിരുന്ന നീരാവിയേയും കാർബൺ മോണോക്സൈഡ്/ഡയോക്സൈഡ് (CO, CO2), അമോണിയ(NH3), മിതേയ്ൻ(CH4) തുടങ്ങിയ വാതകങ്ങളേയും അത്യുഷ്ണവും അതിസമ്മർദ്ദവും ഉള്ള മാഗ്മാ പ്രവാഹങ്ങൾ വലിയ അളവിൽ പുറത്തുകൊണ്ടു വന്നു. പിന്നീട് (അനേകലക്ഷം വർഷങ്ങൾകൊണ്ട്) ഈ നീരാവിയും മറ്റും സമുദ്രത്തിന്റേയും അന്തരീക്ഷത്തിന്റേയും ഭാഗമായി മാറി.
ഭൂമിയെ അപേക്ഷിച്ച് ചന്ദ്രൻ ആറിലൊന്നുമാത്രം ഭാരമുള്ള ഒരു ചെറിയ ഗോളമാണു്. പൂർണ്ണമായും ഉരുകിക്കൊണ്ടിരിക്കാൻ വേണ്ടത്ര അന്തർസമ്മർദ്ദം ചന്ദ്രനിൽ ഇല്ല. അതുകൊണ്ടുതന്നെ താരതമ്യേന ദുർബ്ബലമായിരുന്ന ചന്ദ്രനിലെ അഗ്നിപർവ്വതപ്രക്രിയകൾ വളരെമുൻപേ നടന്നൊടുങ്ങി. (ഒരു ബില്യൺ (100 കോടി) വർഷങ്ങൾക്കുമുൻപു വരെയുള്ള ബാസാൾട്ട് ശിലകളുടെ അംശങ്ങളേ ഇതുവരെ ചന്ദ്രനിൽ നിന്നു കണ്ടറിഞ്ഞിട്ടുള്ളൂ. ) ഇപ്പോഴും യൌവനാവസ്ഥയിലുള്ള ഭൂമിയുടെ6000 ഡിഗ്രി സെന്റിഗ്രേഡ് വരെ താപനിലയുള്ള ഉൾക്കാമ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ചന്ദ്രന്റെ ഉൾഭാഗം (ഭാഗികമായി ഉരുകാൻ തക്ക മാത്രം ശക്തിയുള്ള കൂടുതൽ ഖരാവസ്ഥയിലുള്ള (less plastic) ഇടപ്പാളിയും (mantle) ഉൾക്കാമ്പും(core) ) തണുത്തതാണു്. ഇതുമൂലം ചന്ദ്രാന്തർഭാഗത്ത് അഥവാ ഉണ്ടാകാമായിരുന്ന പല ജീവപ്രധാനമാ‍യ വാതകങ്ങൾക്കും പുറത്തെത്താനുള്ള സാവകാശം ലഭിച്ചിരുന്നില്ല.


ഇതുകൂടാതെ ഭൂമിയ്ക്കും അതുപോലെയുള്ള ചന്ദ്രനും ചൊവ്വയ്ക്കും മറ്റും ജലം എവിടെനിന്നെങ്കിലും ലഭിയ്ക്കാൻ സാദ്ധ്യതയുണ്ടോ? ഉവ്വ്. മേൽ‌പ്പറഞ്ഞ ജൈവവാതകങ്ങൾ ധാരാളമായി കാണപ്പെടുന്നുണ്ട് ധൂമകേതുക്കളിലും മറ്റും. ലക്ഷക്കണക്കിനു് ഇത്തരം ധൂമകേതുക്കൾ ഭൂമിയിലും ചന്ദ്രൻ ചൊവ്വ പോലുള്ള മറ്റു ഗ്രഹങ്ങളിലും വീണടിഞ്ഞിട്ടുണ്ടാവാം. ഇവയെല്ലാം ക്രമേണ ഭൂമിയിലും ചന്ദ്രനിലും ധാരാളം ജലാംശം നിക്ഷേപിച്ചിട്ടുണ്ടാവാം. ഭൂമിയിൽ ഇന്നുള്ള ജലവും CO2 പോലുള്ള സംയുക്തങ്ങളും ഭൂരിഭാഗവും ഇങ്ങനെ വന്നെത്തിയതാണെന്നു് പല ശാസ്ത്രജ്ഞരും വിശ്വസിക്കുന്നു.

ViswaPrabha | വിശ്വപ്രഭ said...

പിന്നെ ചന്ദ്രനിൽ ചെന്നുവീണ ധൂമകേതുക്കളിലെ ജലമെല്ലാം എവിടെപ്പോയി?
ചന്ദ്രനിൽ ജലമില്ല എന്നു് ഒരിക്കലും ആരും തെളിയിച്ചിട്ടോ ഊഹിച്ചിട്ടോ ഇല്ല. പക്ഷേ ജലമുണ്ടാവാതിരിക്കാനുള്ള സാദ്ധ്യതകൾ ശാസ്ത്രീയമായി പരിഗണിച്ചിട്ടുണ്ട്.

ഓരോ ഗ്രഹത്തിലും അതിന്റെ ഭാരമനുസരിച്ച് ഓരോ രക്ഷാപ്രവേഗമുണ്ട്. ഒരു കണികയ്ക്ക് (അല്ലെങ്കിൽ വസ്തുവിനു്) ഈ രക്ഷാപ്രവേഗത്തിലും ഉയർന്ന നിരക്കിൽ ഗ്രഹത്തിൽ നിന്നും തെന്നിമാറാൻ കഴിഞ്ഞാൽ ഗുരുത്വാകർഷണത്തിന്റെ പിൻ‌വിളിയില്ലാതെ എന്നെന്നേക്കുമായി ബാഹ്യാകാശത്തേക്ക് രക്ഷപ്പെടാൻ കഴിയും. ഭൂമിയിൽ പൊങ്ങിയുയരുന്ന ഒരു നീരാവികണത്തിനു് ഒരിക്കലും സ്വയമേവ ഈ രക്ഷാപ്രവേഗം കൈവരിക്കാൻ സാദ്ധ്യമല്ല. എന്നാൽ ചന്ദ്രനിലെ അവസ്ഥ വ്യത്യസ്തമാണു്.
1. അന്തരീക്ഷം ഇല്ലാത്തതുകൊണ്ട് ഘർഷണം ഇല്ല. അതുമൂലമുള്ള പ്രവേഗമന്ദത വരുന്നില്ല.
2. ആറിലൊന്നു ഭാരക്കുറവുള്ളതുകൊണ്ട് ഗതികോർജ്ജം അത്രയും കുറച്ചുമതി. രക്ഷാപ്രവേഗവും കുറവു്.
3. സൂര്യതാപം മൂലം ചൂടുപിടിക്കുന്ന നീരാവിയ്ക്ക് മറ്റുകണങ്ങളുമായി ചൂടു കൈമാറ്റം ചെയ്യേണ്ടതില്ല.
4. അന്തരീക്ഷമില്ലാത്തതുകൊണ്ട് സൂര്യതാപം ഏറെക്കുറെ മുഴുവനായിത്തന്നെ കണത്തിലേക്കെത്തുന്നു.
5. പതിനാലുദിവസത്തോളം നീണ്ടുനിൽക്കുന്ന ഓരോ പകലിലും തുടർച്ചയായ സൂര്യാതപം മൂലം കണികകൾക്ക് അത്യതാപം (super heating) ലഭിക്കാൻ സാദ്ധ്യതയേറുന്നു.

ഇത്തരം കാരണങ്ങളാൽ, ചന്ദ്രനിൽ നിന്നും നീരാവിയ്ക്കും മറ്റുവാതകങ്ങൾക്കും പുറത്തേയ്ക്ക് രക്ഷപ്പെട്ടുപോവാൻ സാദ്ധ്യത വളരെ കൂടുതലാണു്.
അതുകൂടാതെ ധൂമകേതുക്കൾ തന്നെ ചന്ദ്രനിൽ മുഴുവനായി പതിക്കാതെ പ്രവേഗാധിക്യം മൂലം അതിനെ കടന്നുപോയെന്നുവരാം. ഭൂമിയിലെ അന്തരീക്ഷം ഇത്തരം രക്ഷപ്പെടലിനു വഴിയില്ലാതാക്കുന്നു.


ജലം ചന്ദ്രനിൽത്തന്നെ അടിഞ്ഞുകിടക്കാൻ പക്ഷേ മറ്റൊരു വഴിയുണ്ട്. ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിൽ അഗാധഗർത്തങ്ങളുണ്ട്. ചെരിഞ്ഞ സൂര്യരശ്മികൾക്കു മാത്രം എത്തിപ്പെടാൻ കഴിയുന്ന അത്തരം ഗർത്തങ്ങളുടെ അടിത്തട്ടുകൾ നിതാന്തമായ കൂരിരുട്ടിലും അതീവശൈത്യത്തിലുമായിരിക്കും.
ഇന്നലെവരെയുള്ള ശാസ്ത്രജ്ഞന്മാരുടെ നിഗമനം അനുസരിച്ച് ചന്ദ്രനിൽ ഉണ്ടാവാൻ സാദ്ധ്യതയുള്ള നീരാവി, മീതെയ്ൻ, അമ്മോണിയ എല്ലാം ഇത്തരം ഗർത്തങ്ങളിൽ മാത്രമാണു് അവശേഷിക്കുന്നുണ്ടാവുക.
തുറസ്സായ മദ്ധ്യരേഖാപ്രദേശങ്ങളിൽ ജലസാന്നിദ്ധ്യം (അഥവാ ഹൈഡ്രോക്സിൽ ഘടനയുള്ള സംയുക്തങ്ങളുടെ സാന്നിദ്ധ്യം) താൽ‌പ്പര്യമുളവാക്കുന്നത് ഇതുകൊണ്ടാണു്.

ചന്ദ്രനെക്കുറിച്ചുള്ള പഠനം ഭൂമിയിലുള്ള നമുക്കു് പല ഉൾക്കാഴ്ചകളും സമ്മാനിക്കും. യഥാർത്ഥത്തിൽ ആദിമഭൂമിയുടെ, കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കാതെ അവശേഷിച്ചിരിക്കുന്ന ഏകഫോസിൽ ആണു് ചന്ദ്രൻ. ചന്ദ്രനിലെ രാസഘടനയും ഊർജ്ജപരിക്രമചക്രങ്ങളും റേഡിയോ ആക്റ്റീവ് പ്രവർത്തനങ്ങളും ഭൂമിയുടെ ശൈശവത്തെക്കുറിച്ചറിയാൻ നമുക്കു് കൂടുതൽ അവസരം നൽകും.

അതും കൂടാതെ, നാളെ ചൊവ്വയിലേക്കു് ഒരു ശൂന്യാകാശയാത്ര നടത്തണമെങ്കിലോ അവിടെ നമ്മുടേതായ ഒരു കോളനി സ്ഥാപിക്കണമെങ്കിലോ അതിന്റെ ആദ്യ മാതൃക ചന്ദ്രനിൽ തന്നെ പരീക്ഷിക്കാം. (ചന്ദ്രനിലേക്കു് മൂന്നുദിവസം മതി. ചൊവ്വയിലേക്കു് ഒരു വർഷത്തോളം വണ്ടിയിലിരുന്നു് മടുക്കണം!). അത്തരം മാതൃക കൂടുതൽ യാഥാർത്ഥ്യാത്മകമാവണമെങ്കിൽ (realistic) ചൊവ്വയെപ്പോലുള്ള ഘടന ചന്ദ്രനുമുണ്ടെന്നു് ആദ്യം തന്നെ അറിഞ്ഞിരിക്കുന്നത് നന്നു്.


ധാതുസമ്പന്നമാണു് ചന്ദ്രൻ. അതെങ്ങനെ ഫലപ്രദമായി വ്യാവസായികാടിസ്ഥാനത്തിൽ ഭൂമിയിലേക്ക് ഇറക്കിക്കൊണ്ടുവരാം എന്നു് ഇനിയും നമുക്കറിയില്ല. ദീർഘകാലം അവിടെത്തന്നെ കൂടാനാണെങ്കിൽ ഇനിയും നൈട്രജൻ, കാർബൺ തുടങ്ങിയ ചില സാമഗ്രികൾ കൂടി കണ്ടുപിടിക്കേണ്ടതുമുണ്ട്.

അപ്പു said...

വിശ്വേട്ടന്റെ വളരെ വിശദമായ ഈ കമന്റിനു വളരെ വളരെ നന്ദി.

അനിൽ@ബ്ലൊഗ് said...

വിശ്വേട്ടാ,
വിശദമായ കമന്റിന് നന്ദി.
ഈ കമന്റുകളാണ് ഈ പോസ്റ്റ് ലക്ഷ്യം വച്ചത്. വിശേട്ടന്‍ പറഞ്ഞ വിവരങ്ങളൊന്നും ഇന്നലെ പോയ ചാന്ദ്രയാന്‍ മാത്രം കൊണ്ടുത്തന്ന വിവരങ്ങളല്ല. ഇപ്പോഴത്തെ മിഷനും അതിന്റേതായ കോണ്ട്രിബ്യൂഷന്‍ നല്‍കിയെന്ന വസ്തുത ആരും നിരാകരിക്കുന്നുമില്ല.
98ഇല്‍ ന്യൂട്രോണ്‍ സ്പെക്ട്രോമീറ്റര്‍ ഉപയോഗിച്ചുള്ള പഠനത്തില്‍ ഹൈഡജന്‍ അടങ്ങിയ ലവണങ്ങള്‍ കണ്ടതായി എവിടെയോ വായിച്ചിരുന്നു. ഇപ്പോഴത്തെ പഠനങ്ങള്‍ അതിന് സ്ഥിരീകരണം നല്‍കി എന്നതില്‍ കവിഞ്ഞ് ചന്ദ്രനില്‍ ജലാംശം ആദ്യമായി ഇന്ത്യ ഇന്നലെ കണ്ടെത്തി എന്ന മട്ടിലുള്ള പ്രചരണങ്ങള്‍ ദഹിച്ചില്ലെന്ന് മാത്രം.
നന്ദി.

ശ്രദ്ധേയന്‍ said...

പോസ്റ്റിലുള്ളതും കമന്ടിലുള്ളതും വായിച്ചെടുത്തപ്പോള്‍ ചന്ദ്രനിലെ വെള്ളത്തെക്കാള്‍ ഏറെ വിജ്ഞാനം കിട്ടി എന്നത് സത്യം... അനില്‍ ഭായ് നന്ദി..

Sands | കരിങ്കല്ല് said...

വന്നൂ കണ്ടൂ... മനസ്സിലാക്കി.

kaalidaasan said...

ചാന്ദ്രയാന്‍ പദ്ധതിയെ തള്ളിപ്പറയുന്നില്ല എന്ന് മനസ്സിലാക്കുമല്ലോ. മാത്രമല്ല ജലാശം ഉണ്ടെന്നത് ഒരു ചെറിയ കാര്യവുമല്ല. പക്ഷെ എന്റെ അറിവ് വച്ച് ജലാംശം ഉണ്ടെന്നത് ഒരു പുതിയ കണ്ടു പിടൂത്തമല്ല. ഒന്നൂടെ ഉറപ്പിക്കുക എന്നതുമാത്രമേ ഇപ്പോള്‍ നടന്നുള്ളൂ. അതിനെയും കുറച്ച് കാണിക്കുന്നില്ലെങ്കിലും, ഇത്രയധികം ഘോഷിക്കത്തക്കവണ്ണം ഒന്നുമില്ലെന്ന് തന്നെ കരുതുന്നു. ഒരു പബ്ലിസിറ്റി സ്റ്റണ്ടായെ എനിക്കത് മനസ്സിലാക്കാനായുള്ളൂ.

ഇന്‍ഡ്യയുടെ ഒരു ശാസ്ത്രജ്ഞ്നന്‍ പറഞ്ഞതാണു വിചിത്രം. ഭാവിയില്‍ ചന്ദ്രനില്‍ പോകുന്നവര്‍ വെള്ളം ഇവിടെ നിന്നും കൊണ്ടുപോകേണ്ടതില്ല എന്നാണത്. ടണ്‍ കണക്കിനു ഹീലിയം കൊണ്ടുവരാം എന്നൊക്കെ പറയുന്നവര്‍ അതെങ്ങനെ സാധ്യമാകും എന്ന് ആലോച്ചിട്ടുണ്ടോ ആവോ. ഒരു ടണ് ഹീലിയം കിട്ടാന് കൊണ്ടുവരേണ്ട മണ്ണിന്റെ അളവ് 200 മില്ല്യണ് ടണ് ആണ്.

ഇന്‍ഡ്യന്‍ പരിശ്രമത്തിനു ഇതു വരെ അറിയാത്ത ഒരു കാര്യവും മനസിലാക്കാന്‍ പറ്റിയില്ല. പരീക്ഷണങ്ങള്‍ക്കാവശ്യമുള്ള മണ്ണും കല്ലും അമേരിക്ക പതിറ്റാണ്ടുകളായി കൊണ്ടുവന്നു സൂക്ഷിക്കുന്നുണ്ട്. അതിന്റെ പേരില്‍ പണം ചെലവാക്കാന്‍ അവര്‍ക്ക തോന്നിയില്ല അതു കൊണ്ട് കൂടുതല്‍ ഒന്നും അവര്‍ ചെയ്യുന്നില്ല. കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്ത് എന്ന ചിന്താഗതിയുള്ള ഇന്‍ഡ്യയും ചൈനയും ഉള്ളപ്പോള്‍ എന്തിനാണു കൂടുതല്‍ പണം വലിച്ചെറിയുന്നത്. ഇന്‍ഡ്യയെ പൊക്കിവിട്ടാല്‍ മധവന്‍ മാര്‍ പലതും ചെയ്യും. പട്ടിണി കിടക്കുന്നവന്റെ പട്ടിണി മാറ്റാതെ ബില്ല്യണുകള്‍ ചെലവാക്കുന്ന വിഡ്ഡികള്‍ അയക്കുന്ന പേടകത്തില്‍ ഒന്നോ രണ്ടോ പ്രോബ് അയക്കുക. ചുളുവില്‍ കാര്യം സാധിക്കും.

ആഗോളവത്കരണം ആരംഭിച്ചപ്പോള്‍ ഇന്‍ഡ്യയില്‍ ലോക സുന്ദരിമാരുടെയും വിശ്വസുന്ദരിമരുടേയും ഘോഷയാത്രയായിരുന്നു. സൌന്ദര്യ വര്‍ദ്ധക വിപണി പിടിച്ചടക്കി കഴിഞ്ഞപ്പോള്‍ സുന്ദരിമാര്‍ക്ക് പഞ്ഞമാണ്. കാര്യ സാധ്യത്തിനു വേണ്ടി അമേരിക്ക പലതും ചെയ്യും. പരമാവധി ഉപയോഗപ്പെടുത്തും എന്നിട്ട് വലിച്ചെറിയും. പാകിസ്ഥാന്‍ അതിന്റെ പ്രത്യക്ഷ തെളിവാണ്.

രണ്ടുവര്‍ഷക്കാലത്തെ കാലവധി ഊണ്ടായിരുന്ന മിഷന്‍ 10 മാസം കഴിഞപ്പോളുപേക്ഷിക്കേണ്ടി വന്നത് പരാജയം തന്നെയാണ്. ഇതിനു മുമ്പ് മനസിലാക്കിയ കാര്യം മാത്രമാണ്, ഇന്‍ഡ്യയും മനസിലാക്കിയത്. ഇത് വന്‍ വിജയമണെനു പറയുന നാസക്ക് അവരുടേതായ ലക്ഷ്യങ്ങളുണ്ട്. സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്ന അമേരിക്ക ചന്ദ്രനിലേക്ക് പേടകം അയക്കാനുള്ള സാധ്യത വളരെ വിരളമാണ്. അപ്പോല്‍ ഇന്‍ഡ്യയെ പുകഴ്ത്തിപ്പറയുക. അതു വഴി പണം ലാഭിക്കുക. അമേരിക്ക പറയുനത് വേദവാക്യമണല്ലോ ഇന്‍ഡ്യയില്‍ ഇപ്പോള്‍.

ചന്ദ്രനില്‍ വെള്ളമുണ്ട് എന്ന കണ്ടുപിടുത്തം പ്രപഞ്ചോത്പ്പത്തിയിലേക്ക് കുറച്ചു കൂടി വെളിച്ചം വീശും .

വെള്ളമുണ്ട് എന്ന കണ്ടുപിടുത്തം പക്ഷെ പുതിയതല്ല , പഴയതു തന്നെയാണ്. തന്നെയാണ്.

Joker said...

കാളിദാസന്റെ കമന്റിന് താഴെ ഒരൊപ്പ്.

ഒരു പ്രാവശ്യം കൂടെ ചന്ദ്രനില്‍ പോയാല്‍ പ്രശ്നം തീരില്ലെ. വെള്ളമുണ്ട് എന്ന് തോന്നുന്ന സ്ഥലത്ത് ഇറങ്ങി ഒരു ഫ്ലാസ്കില്‍ വെള്ളവുമായി വന്നാല്‍ എല്ലാ പരീക്ഷണങ്ങളും നടാത്താം. മനുഷ്യന്‍ ഒന്നിലധികം തവണ ചന്ദ്രനില്‍ ഇറങ്ങിയ സ്ഥിതിക്ക്. ഇനിയും ഇത്തരം അഭ്യൂഹങ്ങള്‍ എന്തിന്.


വിശ്വ പ്രഭയുടെ കമന്റിനും നന്ദി
അനില്‍ജി ഈ പോസ്റ്റിന് കൊടു കൈ.

bilatthipattanam said...

ചന്രയാനപരിപാടിപാളിയതാണെങ്കിൽ ,ഇവിടത്തെ ലണ്ടനിലെ പത്രങ്ങളും,ജേർണലുകളും -നാസയുടെ കുറിപ്പുകളടക്കം “ജലസാദ്ധ്യത/ഇന്ത്യൻ ഗവേഷണം” എന്തിനു വാർത്തയാക്കണം?
നമ്മൾ നമ്മളേ തന്നെ കൊച്ചാക്കികൊണ്ടിരിക്കുകയല്ലേ...
ഇപ്പൊൾ ലോകത്തിലെ ആയുരാരോഗ്യശാസ്ത്രസാങ്കേതിക ഗവേഷണതലകൾക്ക് പിന്നിലുള്ള തലകൾ ഭാരതത്തിൽ നിന്നാണെന്ന് സായിപ്പടക്കം പറയുന്നൂ

OAB/ഒഎബി said...

ഇതിനൊക്കുറിച്ചൊരഭിപ്രായം പറയാനുള്ള വിവരം ഇല്ലാത്തതിനാലാണ് മുമ്പ് കണ്ടിട്ടും മുണ്ടാതെ പോയത്. വീണ്ടും കുറേ അഭിപ്രായങ്ങള്‍ വായിച്ചപ്പൊ ആകെ കണ്‍ഫ്യുഷനിലും ആയി..എന്തോ ആവട്ടെ.
നാസയില്‍ 30 ശതമാനം ജോലിക്കാരും ഇന്ത്യാക്കാരാണെന്ന് മുമ്പ് വായിച്ചിരുന്നു. അത് ശരിയാണാവൊ?

Anonymous said...

ബഹിരാകാശ ഗവേഷണം, പ്രതിരോധം തുടങ്ങിയ ‘ദേശസ്നേഹ’ പ്രവർത്തനങ്ങളിൽ സംശയം ഉന്നയിക്കുന്നവരെ ‘രാജ്യദ്രോഹികൾ’ ആയി മുദ്രകുത്തുക എല്ലാ രാജ്യക്കാരുടെയും സ്വഭാവമാണ്. ഇൻഡ്യയിലും മറ്റും അതു കൂടുതലാണ്. റോക്കറ്റ് വിടുമ്പോൾ തേങ്ങയുടയ്ക്കുന്നവർക്കാണു ശാസ്ത്രബോധം! മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയെന്ന കാര്യത്തിൽ ഉന്നയിക്കപ്പെട്ടിട്ടുള്ള സംശയങ്ങൾ ദൂരീകരിക്കാൻ പോലും നാസയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.(പ്രശാന്ത് ചിറക്കരയുടെ പുസ്തകം-‘മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടില്ല- അമേരിക്ക ലോകത്തെ വഞ്ചിച്ചതെങ്ങനെ?- സുജിലി പബ്ലിക്കേഷൻസ്, കൊല്ലം 2004) ഈ വെള്ളം ‘കണ്ടെത്തിയ’തിന്റെയും ഗുട്ടൻസ് ആരെങ്കിലും താമസിയാതെ പുറത്തുകൊണ്ടുവരുമായിരിക്കും. ഒരു ബോട്ടപകടം വരുമ്പോൾ ഇലക്ട്രിക് കട്ടർ പോലും ഇല്ലാതെ ബോട്ടിന്റെ ജനാല തല്ലിപ്പൊട്ടിക്കുന്ന രക്ഷാപ്രവർത്തകരെ റ്റിവിയിൽ കണ്ടില്ലേ?എന്നാലെന്ത്? ചന്ദ്രനിൽ വെള്ളം കണ്ടെത്തലല്ലേ അതിലും പ്രധാനം.! കാറിത്തുപ്പാനാണു തോന്നുന്നത്.]

mukthar udarampoyil said...

:)

akasajalakam said...

cogratulations.
REALITIES ARE ETERNAL.
I read your other blogs also.
--VASUDEVAN NAMBOODIRI

ചാണക്യന്‍ said...

അനിലെ,
ചന്ദ്രനിൽ വെള്ളം ഉണ്ടെന്ന് പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും പത്രക്കാരുടെ പിടലിക്ക് കേറിക്കോ....ഞാൻ പോണൂ..:):):):)