5/15/2011

പാഴായിപ്പോയ ഇടയലേഖനങ്ങൾ

സഖാവ് വി എസ് അച്ചുതാനന്ദൻ നയിച്ച മന്ത്രിസഭ ഇന്ന് രാജി സമർപ്പിച്ചിരിക്കുന്നു. കേരള സംസ്ഥാനത്തെ സർവ്വമാന പിന്തിരിപ്പൻ വിഭാഗങ്ങളും കാത്തുകാത്തിരുന്ന ദിവസം. എന്നാൽ മന്ത്രി സഭാകാലാവധി അവസാനിച്ചു കാണാൻ കാത്തിരുന്നവർക്കൊന്നും അഹ്ലാദം നൽകാൻ പര്യാപ്തമായിരിക്കില്ല ഇനി വരുന്ന ദിവസങ്ങളിൽ കേരളത്തിൽ നടക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റം. കേവലം രണ്ടേ രണ്ട് അംഗങ്ങളുടെ മാത്രം മുൻ തൂക്കം കൈമുതലാക്കി കാതലായ രാഷ്ട്രീയ തീരുമാനങ്ങളെടുക്കാൻ വരുന്ന മന്ത്രി സഭക്കാവില്ല എന്നതു തന്നെ കാരണം. ഭരണം മാറാൻ കാത്തിരുന്നവർക്കാകട്ടെ പ്രതീക്ഷകൾ ഏറെ കാണും.
ഭരണത്തിലേറിയ അന്നുമുതൽ ഇടതുപക്ഷത്തിനെതിരായി പേനയുന്തിയ കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളെ നമുക്ക് വിടാം, കാരണം അതവന്റെ തൊഴിലാണ്. എന്നാലോ മാനവ സമൂഹത്തിന്റെ രക്ഷക്കായി ജീവിക്കുന്നവരെന്നെ വ്യാജേന, കോളേജുകളും മറ്റ് മൊത്തക്കച്ചവടങ്ങളുമായി നടക്കുന്ന ളോഹാ ധാരികളെ അപ്രകാരം ഒഴിവാക്കാനാവുമോ? ഉന്നത വിദ്യാഭ്യാസ രംഗത്തെ കച്ചവടം മുതൽ ഇങ്ങ് ഏക ജാലകം അടക്കം എല്ലാ മന്ത്രി സഭാ പരിഷ്കാരങ്ങളെയും കുരിശും ബൈബിളും എടുത്ത് പ്രയോഗിച്ച് പരാജയപ്പെടുത്താനാണ് ദൈവ (അതോ സാത്താന്റെയോ) ദാസന്മാർ ശ്രമിച്ചത്. വിശ്വാസികൾ ദൈവ പ്രാർത്ഥനക്കായി ഒത്തുകൂടാനുപയോഗിക്കുന്ന പള്ളികളാണ് ഇത്തരം ക്ഷുദ്ര പ്രവർത്തികൾക്ക് കേരളത്തിൽ ഉപയോഗിക്കപ്പെട്ടതെന്നത് തികച്ചും ലജ്ജാകരമായ ഒന്നായിരുന്നു. ഇതിനായി ഓരോ ഞായറാഴ്ച പ്രാർത്ഥനകളിലും പ്രത്യേകം ഇടയ ലേഖനങ്ങൾ വായിക്കപ്പെട്ടു. ദൈവത്തെ സ്മരിച്ചില്ലെങ്കിലും ഇടതു പക്ഷത്തെ പരാജയപ്പെടുത്താൻ ഒരോ ലേഖനങ്ങളും വിശ്വാസികളെ അഹ്വാനം ചെയ്തു. തങ്ങൾ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ലല്ലോ കർത്താവേ എന്ന് ഓരോ വിശ്വാസിയും മനസ്സിൽ കരുതിയിട്ടുണ്ടാവും. മനസ്സിൽ കരുതാനെ നിവർത്തിയുള്ളൂ, ജനനവും മാമോദീസയും വിവാഹവും മരണവും എന്നുവേണ്ട വിശ്വാസിയായ ഒരു മനുഷ്യന്റെ എല്ലാ ജീവിത ഘട്ടങ്ങളും പള്ളിയുടെ അധികാരത്തിൽ തളച്ചിട്ട്, സെമിത്തേരി പ്രവേശം കാട്ടി ഭീഷണിപ്പെടുത്തിയാണ് ഓരോ വിശ്വാസിയുടെയും നാവടപ്പിക്കുന്നത്. എന്നാൽ ഇവർക്ക് വരുതിയിൽ നിർത്താൻ സാധിക്കാത്ത ഒന്ന് ഈ കേരളത്തിലുണ്ട് എന്ന് അവർ തിരിച്ചറിഞ്ഞില്ല, അതായിരുന്നു കേരളീയ സമൂഹത്തിന്റെ സാമാന്യ ബോധം. ആ സാമാന്യ ബോധം ഈ ളോഹാ ധാരികൾക്ക് തിരഞ്ഞെടുപ്പിൽ മറുപടി നൽകിയിരിക്കുന്നു.
കേവല ഭൂരിപക്ഷം എന്ന സാങ്കേതികതയിലേക്ക് എത്താനായില്ലെങ്കിലും കേരള ഭരണത്തിന്റെ നിയന്ത്രണം ഇന്നും ഇടതു പക്ഷത്തിന്റെ കയ്യിൽ തന്നെ നിർത്താനാവശ്യമായ സീറ്റുകളാണ് ഇന്നവർക്ക് ലഭിച്ചിട്ടുള്ളത്. ഒരു സഭയുടേയും സമ്മർദ്ദം ഇവിടെ നടപ്പാവാൻ പോകുന്നില്ല. കർത്താവിനെപ്പോലും തിരസ്കരിച്ച്, കേവലമായ രാഷ്ട്രീയ പ്രവർത്തനവേദിയായി പള്ളി മുറികളെ മാറ്റിയ ഈ കത്തനാർമാരുടെ ഇടയ ലേഖനങ്ങൾ പാഴായിപ്പോയതായി ഇനിയെങ്കിലും അവർ തിരിച്ചറിയും എന്ന് കരുതാം. ഇനിയെങ്കിലും ഈ ഊർജ്ജം നല്ല കാര്യങ്ങൾക്ക് വിനിയോഗിക്കു, പിതാക്കന്മാരെ.