7/27/2009

സൌഹൃദത്തിന്റെ നറുപുഞ്ചിരികള്‍

ഇന്നലെ മീറ്റ് കഴിഞ്ഞ് അവസാന അതിഥിയേയും പറവൂരിലെത്തിച്ച് മടങ്ങിയത് അഞ്ചുമണി കഴിഞ്ഞ്. വീട്ടിലെത്തിയപ്പോള്‍ വൈദ്യുതി ഇല്ല, മാടക്കത്തറ ഫീഡര്‍ തകരാറായ കാരണം വിതരണം സാധാരണ ഗതിയിലാകാന്‍ സമയമെടുക്കുമെന്ന് വൈദ്യുതി ഓഫീസുകാര്‍, യാത്രാ ക്ഷീണം , എല്ലാം കൂടി ചേര്‍ത്ത് ഉറക്കത്തിലേക്ക്. വൈദ്യുതി മടങ്ങിവന്നത് ഇന്ന് രാവിലെ 11 മണിക്കുമാത്രം. അടിയന്തിരമായി പോസ്റ്റ് ചെയ്യാന്‍ ഹരീഷേല്‍പ്പിച്ച ചെറായ് മീറ്റ് ഗ്രൂപ്പ് ഫോട്ടോ, ഇതാ.


എല്ലാ പേരുകളും പറയുക പെട്ടന്ന് അസാദ്ധ്യം. മുന്‍ വരിയില്‍ ബാനറും കയ്യിലേന്തി സജീവേട്ടന്‍, അങ്കിള്‍, വെള്ളായനി വിജയന്‍, കേരളാ ഫാര്‍മര്‍, ഷംസ് ചേട്ടന്‍, ചിത്രകാരന്‍ തുടങ്ങിയവര്‍. ബാക്കി വിശദാംശങ്ങള്‍ താമസിയാതെ പോസ്റ്റ് ചെയ്യാം.

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം.

റസല്യൂഷന്‍ കൂടിയ ചിത്രം ഈ ലിങ്കില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്യാം.

കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഹരീഷിന്റെ പോസ്റ്റിലേക്ക് ഇതിലെ.

7/24/2009

മലയാള ബ്ലോഗ് ചരിത്രം

മലയാള ബ്ലോഗിന്റെ ചരിത്രം പഠിക്കാനുള്ള ശ്രമത്തിനിടയില്‍ മൌസില്‍ തടഞ്ഞൊരു പോസ്റ്റ് ഇവിടെ ലിങ്ക് ചെയ്യുന്നു.

ആദ്യ മലയാള ബ്ലോഗ്.

ലിങ്ക് ഇവിടെ.

7/22/2009

വരച്ചതാര്?


ഇത് ചെറായ് മീറ്റിന്റെ ലോഗോ.
ബൂലോകര്‍ക്ക് ഏറെ പരിചിതമായ ഈ ചിത്രം അയച്ചു തന്നത് അജ്ഞാതനായ ഒരാള്‍.

ചെറായ് മീറ്റിന്റെ ഒന്നാം ഘട്ട ചര്‍ച്ചകള്‍ ക്രോഢീകരിക്കുന്നതിനോടനുബന്ധിച്ച് ഒരു ലോഗോ വേണമെന്ന് ആഗ്രഹം ഞാന്‍ പ്രകടിപ്പിച്ചിരുന്നു. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും മെയിലില്‍ ഈ ചിത്രം എത്തി, അയച്ചത് അജ്ഞാതബ്ലോഗര്‍@ജിമെയില്‍.കോം

ഇതാരാണെന്ന് കണ്ടെത്താനാണീ മത്സര പോസ്റ്റ്. ബൂലോകത്ത വരക്കാരെ പരിചയമുള്ള ബ്ലോഗര്‍മാര്‍ ഈ ശ്രമം വിജയിപ്പിക്കണമെന്നും ഈ ചിത്രത്തിന്റെ രചയിതാവിനെ കണ്ടെത്താന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

അജ്ഞാത സുഹൃത്തേ ഒരു മെയിലെങ്കിലും അയക്കൂ, സഹായിക്കൂ.

7/21/2009

ഗള്‍ഫിലെ ചിക്കന്‍ പോക്സ്

നാട്ടിലും ഗള്‍ഫ് രാജ്യങ്ങളിലെ ക്യാമ്പുകളിലും‍ പലവിധ രോഗങ്ങളും കണ്ടു വരുന്നതിലൊന്നെന്ന നിലയിലാണ് ഇന്നലെ വരെ ചിക്കന്‍ പോക്സെന്ന് വൈറസ് വ്യാധിയെ ഞാന്‍ കണക്കാക്കിയിരുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ചിക്കന്‍ പോക്സ് ബാധിച്ച് ഗള്‍ഫില്‍ ഒരാള്‍ മരണമടഞ്ഞെന്ന വാര്‍ത്ത വായിച്ച് അത്ഭുതപ്പെടുകയും ചെയ്തു.അത്ഭുതകരമായി ആ വാര്‍ത്തയിലൊന്നുമില്ലെന്ന് കഴിഞ്ഞ ദിവസം സംഭവിച്ചൊരു അത്യാഹിതത്താല്‍ ബോധ്യമായിരിക്കുന്നു.

അമ്മാവന്‍ എന്ന റാങ്ക് ഉണ്ടെങ്കിലും ഏട്ടായെന്ന് വിളിക്കുന്ന എന്റ്റെ ഒരു ബന്ധു ഗള്‍ഫിലായിരുന്നു. ഏട്ടനെന്നു വിളിക്കുന്നെങ്കിലും ഒരു സുഹൃത്തോ അതിനേക്കാളടുത്തതോ ആയ ഒരു ബന്ധമാണ് ഞങ്ങള്‍ തമ്മില്‍. ജീവിതത്തിന്റെ ഏതു മേഖലകളിലും ദുരനുഭവങ്ങള്‍ മാത്രം നേരിടുന്ന ഇദ്ദേഹത്തെ അവസാന ശ്രമമായ പ്രവാസവും, അതും കുറഞ്ഞൊരു കാലം മാത്രം ആയ പ്രവാസം, പരാജയപ്പെടുത്തുക തന്നെ ചെയ്തു. ചിക്കന്‍ പോക്സെന്ന പകര്‍ച്ച വ്യാധിയുടെ രൂപത്തിലാണിപ്രാവശ്യം ദുര്‍വിധി കടന്നു വന്നത്. ചിക്കന്‍ പോക്സ് ബാധ കഠിനമായിരുന്നെന്ന് ശരീരത്തെ വടുക്കള്‍ വിളിച്ചു പറയുന്നുണ്ട്. ഇത്തരം കഠിനമായ രോഗബാധയിലും കാര്യമായ ചികിത്സകളൊന്നും ഇദ്ദേഹത്തിന്‍ ലഭിച്ചില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. ഒരു പക്ഷെ നല്ല ചികിത്സ എന്നത് സാധാരണ തൊഴിലാളിയായ ഒരാള്‍ക്ക് ഗള്‍ഫില്‍ അപ്രാപ്യമായതിനാലും ആവാം ഈ ദുര്‍ഗതി.
രോഗത്തിന്റെ ക്ഷീണം കാരണം തൊഴിലെടുക്കാ‍നാവാതെ നാട്ടിലേക്ക് മടങ്ങിയത്തിയ ഏട്ടന്‍ രണ്ട് ദിവസം മുമ്പ് പൊടുന്നനവെ ഒരു വശം തളര്‍ന്നു വീഴുകയായിരുന്നു.


തലച്ചോറില്‍ രക്തം കട്ടപിടിച്ചെന്ന കണ്ടെത്തലില്‍ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞെന്കിലും തലച്ചോറില്‍ ശസ്ത്രകൃയ വേണ്ട സാഹചര്യത്തിലേക്ക് പൊടുന്നനവെ സ്ഥിതിഗതികള്‍ മാറി. തലച്ചോറിന്റെ വലതു വെണ്ട്രിക്കിളില്‍ കട്ടപിടിച്ചു കിടക്കുന്ന രക്തം എടുത്തുകളഞ്ഞ് നീര്‍ക്കെട്ട് മാറ്റുക എന്ന അവസാന ശ്രമത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും,അഡ്മിറ്റ് ചെയ്ത ഞായറാഴ്ച ഉച്ചക്ക് തന്നെ ശസ്ത്രകൃയ ചെയ്യുകയും ചെയ്തു.വിധി അനുകൂലമായതിനാല്‍ അദ്ദേഹം ഇന്നലെ വൈകിട്ട് ബോധം വീണ്ടെടുത്ത് ജീവിതത്തിലേക്ക് മടങ്ങാന്‍ ശ്രമമാരംഭിച്ചു, തളര്‍ന്ന വശം പ്രവര്‍ത്തനക്ഷമമായില്ലെങ്കിലും.

ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലാളികള്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ പോലും ഇത്തരം പകര്‍ച്ച വ്യാധികള്‍ ഗൌരവമായി കണക്കാക്കുന്നില്ലെന്നത് ഖേദകരമാണ്. ചികിത്സ ലഭ്യമാക്കുന്ന കേസുകളില്‍ പോലും വൈറസ് ബാധയെ ഇല്ലായ്മ ചെയ്യാനുള്ള മരുന്നുകളോ, അനുബന്ധമായി കടന്നുകൂടുന്ന ബാക്റ്റീരിയല്‍ ബാധയെ ലക്ഷ്യം വച്ചുള്ള അന്റി ബയോട്ടിക് മരുന്നുകളോ പ്രയോഗിക്കുന്നില്ല എന്നാണ് മനസ്സിലാവുന്നത്. വൈറസ് ബാധയും ബാക്റ്റീരിയല്‍ ബാധയും ചേര്‍ന്ന് സങ്കീര്‍ണ്ണമാക്കുന്ന രോഗാവസ്ഥ, വാസ്കുലൈറ്റിസ് എന്ന അവസ്ഥയിലേക്ക് നയിക്കാമെന്നാണ് വിദഗ്ധ‍ അഭിപ്രായം. ഇപ്രകാരം തലച്ചോറിലെ രക്തക്കുഴലുകള്‍ക്ക് വരുന്ന ബലക്ഷയം രക്ത സ്രാവത്തിനും പക്ഷാഘാതം പോലെയുള്ള സ്ഥിതി വിശേഷം സംജാതമാവുകയും ചെയ്യാം. ആശുപത്രിയില്‍ കഴിയുന്ന ഏട്ടനു സംഭവിച്ചതും ഇത്തരം ഒന്നാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

ഗള്‍ഫില്‍ ഇപ്പോഴും ചിക്കന്‍ പോക്സ് ബാധിച്ച് ആളുകള്‍ ചികിത്സയിലുണ്ട്, അവരുടെ കാര്യത്തിലെങ്കിലും കൂടുതല്‍ ശ്രദ്ധയും പരിചരണവും ലഭിക്കട്ടെ എന്ന് ആശിക്കുന്നു. ഒപ്പം ചിക്കന്‍ പോക്സ് ബാധിച്ച് വിശ്രമിക്കുന്ന ബ്ലോഗറായൊരു സുഹൃത്തിന് പെട്ടന്നു തന്നെ രോഗം ഭേദമാവട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു.

7/14/2009

മൃഗങ്ങളിലെ സ്വവര്‍ഗ്ഗ രതി

ലൈംഗികതയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ നമ്മുടെ പൊതുസമൂഹത്തില്‍ പലപ്പോഴും വാദപ്രതിവാദങ്ങളിലേക്ക് നയിക്കപ്പെടാറുണ്ട്. സര്‍വ്വസാധാരണമായ എതിര്‍വര്‍ഗ്ഗ ലൈംഗികത പോലും അതിലോലവിഷയമായി കൈകാര്യം ചെയ്യുന്ന നമ്മുടെ സമൂഹം, സ്വവര്‍ഗ്ഗ ലൈഗികതയെ സ്ഫോടനാത്മകമായ ഒന്നിനെപ്പോല്‍ കൈകാര്യം ചെയ്യുന്നതില്‍ തെറ്റുപറയാനാവില്ല.പരിണാമ പ്രകൃയയില്‍ ഉയര്‍ന്ന ശ്രേണിയില്‍ നില്‍ക്കുന്ന മനുഷ്യന്‍ , ഇതര ജീവി വര്‍ഗ്ഗങ്ങളില്‍ നിന്നും വ്യത്യസ്ഥങ്ങളായ സ്വഭാവ സവിശേഷതകള്‍ പുലര്‍ത്തുന്നു. ഇവയാവട്ടെ തന്റെ ജൈവിക ചോദനകളെ സാമൂഹിക ചിന്തയാല്‍ തുലനം ചെയ്ത് രൂപപ്പെടുത്തിയെടുത്തവയുമാണ്. ഈ ഒറ്റക്കാരണത്താല്‍ തന്നെ മനുഷ്യ സ്വഭാവങ്ങളെ നൈസര്‍ഗ്ഗികമെന്നോ, ആര്‍ജിച്ചവയെന്നോ വേര്‍തിരിച്ചെടുക്കു സങ്കീര്‍ണ്ണമാവുകയും പ്രകൃതിയില്‍ മറ്റു ജീവജാലങ്ങളുമായ് താരതമ്യം ചെയ്ത് തീരുമാനത്തിലെത്തുക അസാദ്ധ്യമാക്കുകയും ചെയ്യുന്നു.

സ്വവര്‍ഗ്ഗ ലൈഗികതെയെ പരാമര്‍ശിക്കുന്ന സമീപകാല ദില്ലി ഹൈക്കോടതി വിധി ഉയര്‍ത്തിവിട്ട ചര്‍ച്ചകള്‍ക്കിടയില്‍ ‍ ഉയര്‍ന്നു വരുന്ന ഒരു പരാമര്‍ശമാണ് മൃഗങ്ങളിലെ സ്വവര്‍ഗ്ഗ ലൈംഗികത. ഇതേപ്പറ്റി ബോധ്യമാവാന്‍ നെടുങ്കന്‍ റഫറന്‍സുകള്‍ തപ്പിപ്പോകാതെ നമുക്ക് ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ മതിയാവുന്നതാണ്.

നമ്മുടെ തൊടിയില്‍ ചിക്കിപ്പരതിനടക്കുന്ന കോഴികളെ നോക്കുക, രണ്ട് പൂവന്മാര്‍ തമ്മിലിണ ചേരാനുള്ള ശ്രമം അത്യപൂര്‍വ്വമോ നടക്കാത്തതോ ആയ ഒരു സംഗതിയാണ്.

കൂട്ടമായി വളര്‍ത്തപ്പെടുന്ന ആടുകളെ നിരീക്ഷിച്ചാല്‍ സ്ഥിതി അല്പം വിഭിന്നമാണ്. ലൈംഗിക വളര്‍ച്ചയുടെ പ്രാരംഭ ഘട്ടങ്ങളില്‍ മുട്ടനാട്ടിന്‍ കുട്ടികള്‍ (ആണ്‍) മറ്റു മുട്ടനാട്ടിന്‍ കുട്ടികളുടെ പുറത്തുകയറുന്നത് സര്‍വ്വ സാധാരണമാണ്. വളര്‍ച്ച പൂര്‍ണ്ണമാവുന്നതോടെ ഇത് കുറഞ്ഞു വരികയും ഇണചേരല്‍ ശ്രമം പെണ്ണാടിനോട് മാത്രമായി ചുരുങ്ങുകയും ചെയ്യും.

പശുക്കളും മറ്റും ഒറ്റയായി വളര്‍ത്തപ്പെടുന്നതിനാല്‍ ഇത്തരം "കൂട്ട സ്വഭാവം" പ്രകടമാവുന്നില്ലെങ്കിലും മദിലക്ഷണ സമയത്ത് ഇവ മറ്റു പശുക്കളുടെയോ ചില നേരം ഉടമസ്ഥന്റെ തന്നെയോ പുറത്തുകയറാന്‍ ശ്രമിക്കാറുണ്ട്. ഇത് സാധാരണമായ ഒരു മദി ലക്ഷണമാണെന്നും, കാളക്കൂറ്റനുമായി ഇണചേരുന്നതില്‍ ഇവ വിമുഖത കാട്ടാറില്ലെന്നതും ഏവര്‍ക്കും ബോധ്യമുള്ള കാര്യമാണ്.

ഇതില്‍ നിന്നും താരതമ്യേന വ്യത്യസ്ഥമാണ് കുരങ്ങു വര്‍ഗ്ഗങ്ങളില്‍ പെടുന്ന ഉയര്‍ന്ന വിഭാഗക്കാരില്‍ കാണാവുന്നത്. സ്വയം ഭോഗം സര്‍വ്വ സാധാരണമായും, സ്വവര്‍ഗ്ഗ രതി ഒരു പരിധി വരെയും ഈ കൂട്ടത്തില്‍ ദൃശ്യമാണ്. ഒരു ഡോക്യുമെന്ററി പ്രവര്‍ത്തനത്തിന്റെ ഭാഗമായി നാഷണല്‍ ജിയോഗ്രഫിക്ക് ചാനലുകാര്‍ നടത്തിയൊരു പര്യവേക്ഷണത്തില്‍, അതി തീവ്രമായ സ്വവര്‍ഗ്ഗ രതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന രണ്ട് പെണ്‍കുരങ്ങുകളെ കണ്ടെത്തിയതായി പറയുന്നുണ്ട്. ഇവിടെയെല്ലാം ശ്രദ്ധിക്കപ്പെടേണ്ട വിഷയം എതിര്‍ ലിംഗവുമയുള്ള സ്വാഭാവിക ലൈഗിക ബന്ധത്തിന് ഇവ വിമുഖത കാണിക്കുന്നില്ല എന്നാണ്.

ഉദാഹരണങ്ങളായി ചില സന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാട്ടി സാമാന്യവല്‍ക്കരണത്തിനു ശ്രമിക്കുന്നതല്ല, എന്നിരുന്നാലും സ്വവര്‍ഗ്ഗ രതിയെപ്പറ്റി എന്റെ കാഴ്ചപ്പാട് ഇപ്രകാരം ക്രോഢീകരിക്കാം.

1.മൃഗങ്ങള്‍ക്കിടയില്‍ പൂര്‍ണ്ണ സ്വവര്‍ഗ്ഗ രതി എന്നൊന്നില്ല.
2.സ്വവര്‍ഗ്ഗവുമായി രതിയിലേര്‍പ്പെടാന്‍ ശ്രമിക്കുന്ന മൃഗങ്ങള്‍ക്ക് എതിര്‍ ലിംഗവുമായി ഇണചേരാനും വൈമുഖ്യമില്ല.
3.പരിണാമ ശ്രേണിയിലെ ഉയര്‍ന്ന തട്ടിലുള്ള മൃഗങ്ങളില്‍ സ്വവര്‍ഗ്ഗ ലൈംഗികത കൂടുതല്‍ അളവില്‍ കാണപ്പെടുന്നു.
4.മനുഷ്യനില്‍ കാണപ്പെടുന്ന സ്വവര്‍ഗ്ഗ ലൈംഗികത മറ്റും ജന്തു വര്‍ഗ്ഗങ്ങളുമായി താരതമ്യം ചെയ്യാവുന്നതല്ല. പരിണാമ പ്രകൃയക്കിടയില്‍ കടന്നു വന്ന പരിഷ്കാരങ്ങളുടെ പ്രകടനമായ സ്വഭാവ വിശേഷമാവാമിത്.
5. മൃഗങ്ങള്‍ പ്രകടിപ്പിക്കുന്ന സ്വഭാവവിശേഷങ്ങള്‍ മാത്രമാണ് പ്രകൃതിദത്തം എന്ന് വാദിക്കുന്നുവെങ്കില്‍ , സ്വവര്‍ഗ്ഗ രതി പ്രകൃതി വിരുദ്ധമാണ്.

7/11/2009

ന്യൂറോ സര്‍ജന്മാരാവാന്‍ അവസരം

വിദഗ്ധ ഡൊക്ടര്‍മ്മാരുടെ അഭാവമാണ് കേരളത്തിലെ ആരോഗ്യമേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്‍. സാധാരണക്കാരായ ജനങ്ങള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആരോഗ്യ രംഗമാണ് പരാമര്‍ശവിഷയം. അതില്‍ തന്നെ സര്‍ജറി തൂടങ്ങിയ വിദഗ്ധ മേഖലകളില്‍ സ്ഥിതി പരിതാപകരമാണ്. ഇതിനു പരിഹാരം കാണാനുള്ള ചില പദ്ധതികള്‍ക്ക് കേന്ദ്ര ഗവണ്മെന്റ്റ് വഴിമരുന്നിട്ടിരിക്കുന്നു.

കേരളത്തിലെ നാടക രംഗം നാശോന്മുഖമാവാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അതിന്റെ പകര്‍ച്ചയെന്നൊണം സിനിമ രംഗവും പ്രതിസന്ധിയിലാണ്. ഈ രണ്ട് രംഗത്തും തൊഴില്‍ നഷ്ടപ്പെട്ട അനേകര്‍ പട്ടിണികിടന്ന് അവശകലാകാരന്മാരെന്ന പട്ടം കൈപ്പറ്റിയിരിക്കുന്നു.

ഈ രണ്ടു പ്രശ്നങ്ങള്‍ക്കും ഒറ്റയടിക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ മുന്‍ കൈ എടുക്കണമെന്ന് ഈ പോസ്റ്റിലൂടെ ഞാന്‍ നിര്‍ദ്ദേശിക്കുകയാണ്. നാടക സിനിമാ രംഗങ്ങളില്‍ സങ്കീര്‍ണ്ണ ന്യൂറോ സര്‍ജറി ചെയ്ത് പരിചയമുള്ള നടന്മാര്‍ക്ക് ന്യൂറൊ സര്‍ജന്‍ പദം അനുവദിക്കുകയും അവരെ ഉടനടി ഒഴിവുള്ള തസ്തികകളില്‍ നിയമിക്കുകയും ചെയ്യേണ്ടതാണ്. ബ്രയിന്‍ ട്യൂമര്‍ തുടങ്ങിയ മാരക രോഗങ്ങള്‍ സിനിമയിലും നാടകത്തിലും ഒരുകാലത്ത് നിറഞ്ഞാടിയിരുന്നതിനാല്‍ ആളുകള്‍ക്ക് ക്ഷാമമുണ്ടാവാനിടയില്ല. കേരളത്തിലെ പൊതുജനാരോഗ്യ രംഗവും തൊഴില്‍ രംഗവും ഉദ്ധരിക്കാന്‍ സര്‍ക്കാരിനി ഒട്ടും അമാന്തിക്കരുത്.

ഇക്കാര്യത്തില്‍ എന്തെങ്കിലും കൂടുതല്‍ സംശയം സര്‍ക്കാരിനുണ്ടെങ്കില്‍ കേന്ദ്ര പ്രതിരോധ മന്ത്രി അന്തോണിച്ചനുമായി ബന്ധപ്പെട്ടാല്‍ മതിയാവുന്നതാണ്. വേണമെങ്കില്‍ ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാലിനെയും വിളിക്കാം

7/10/2009

ചെറായിയിലെ പുലിമുട്ട്

ചെറായ് ബ്ലോഗേഴ്മീറ്റിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഞായറാഴ്ച ചെറായ് കടപ്പുറത്ത് ഞങ്ങളൊത്തുകൂടി. മീറ്റ് ചിന്ത തുടങ്ങിയ ദിവസം മുതല്‍ മെയിലിലും മറ്റും ചര്‍ച്ച ചെയ്ത് ഉറപ്പിച്ച തീരുമാനങ്ങള്‍ മുഖാമുഖം സംസാരിച്ചുറപ്പിക്കണമെന്ന ഔപചാരികതക്കുവേണ്ടി കൂടിയതായിരുനെങ്കിലും വ്യക്തമായ ചില ധാരണകളുണ്ടാക്കാനന്ന് സാധിക്കുക തന്നെ ചെയ്തു. ലതിച്ചേച്ചിയുടെ വീട്ടില്‍ നിന്നും ലഭിച്ച ഭക്ഷണത്തിന്റെ ആധിക്യത്താല്‍ ക്ഷീണിതരാ‍യ ഞങ്ങള്‍ കൂടുതല്‍ ചര്‍ച്ചക്ക് പ്രാപ്തരായിരുന്നില്ല,അതിനാല്‍ തന്നെ മീറ്റിന്റെ വേദി പരിശോധനക്കായി നീങ്ങി. അമരാവതി റിസൊര്‍ട്ടും പന്തലും കണ്ടിഷ്ടപ്പെട്ടതിനു കടപ്പുറത്ത് നില്‍ക്കവെ ദൂരെക്കാണുന്ന ഒരു കെട്ട് ചൂണ്ടിക്കാട്ടി പുലിമുട്ടിലേക്ക് പോകാമെന്ന് സുഭാഷേട്ടന്‍ (ലതിച്ചേച്ചിയുടെ ഭര്‍ത്താവ്) പറഞ്ഞപ്പൊള്‍, ആദ്യമായി കടലിരമ്പം കേള്‍ക്കുന്ന തൊടുപുഴക്കാരൊന്നു ഞെട്ടിയെന്ന് തോന്നി, കടല്‍ തീരത്തും പുലിയിറങ്ങുമോ എന്ന സന്ദേഹമാവാം. ബൂലോക പുലിയായ നിരക്ഷരന്റെ വീട് അതിനടുത്താണെന്നു കൂടി കേട്ടപ്പോള്‍ പോകാനെല്ലാവര്‍ക്കുമുത്സാഹമായി.

പുലിമുട്ട് (Breakwater):

കടലും പുഴയും സംഗമിക്കുന്ന അഴിമുഖങ്ങളെപ്പറ്റി കവികളൊരുപാട് പാടിയിട്ടുണ്ട്. ഒഴുകിയെത്തുന്ന പുഴയെ സ്വീകരിച്ചാനയിക്കാന്‍ ആവേശഭരിതരായ തിരമാലകള്‍ മുന്നോട്ടാഞ്ഞ് കോരിയെടുക്കുന്നതായി അവര്‍ സങ്കല്‍പ്പിക്കുന്നു. ആവേശത്തള്ളലില്‍ അഴിമുകത്തിനു വീതിയേറിയിരിക്കും, ഒഴുക്കിനു ശക്തി കുറഞ്ഞ് കടലും പുഴയും സംഗമിക്കും. എന്നാല്‍ ഈ കാല്പനികത പ്രായോഗിക തലത്തില്‍ ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്,പ്രത്യേകിച്ച് ഹാര്‍ബര്‍ ഉള്ള സ്ഥലങ്ങളില്‍ . ഒഴുക്കിനു ശക്തി കുറയുന്നതിനാല്‍ മണലും എക്കലും അടിഞ്ഞ് അഴിമുഖത്തിന്റെ ആഴം കുറയുന്നത് വലിയ ബോട്ടുകള്‍ക്കും മറ്റും തടസ്സം സൃഷ്ടിക്കും. പുഴയിലേക്കടിച്ചു കയറുന്ന തിരകള്‍ സൃഷ്ടിക്കുന്ന ഓളങ്ങളും ബോട്ടുകളടുക്കാന്‍ ബുദ്ധിമുട്ടായ് ഭവിക്കും. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് പുലിമുട്ടുകള്‍ നിര്‍മ്മിക്കപ്പെടുന്നത്.

അഴിമുഖത്തിന്റെ വീതി കുറച്ച് കടലിനുള്ളിലേക്ക് ഇരുവശത്തുകൂടിയും ചെറിയ കരിങ്കല്‍ തിട്ടകള്‍ കെട്ടുക എന്നതാന് ഇതിന്റ് സാങ്കേതിക വിദ്യ. വീതിയേറിയ സ്ഥലം പൊടുന്നനെ ഇടുങ്ങിയതാവുമൊള്‍ ഒഴുക്കിന്റെ ശക്തി വര്‍ദ്ധിക്കുകയും അടിത്തട്ടിലെ മര്‍ദ്ദം കുറയുകയും ചെയ്യുന്നു. ഈ രണ്ട് ഘടകങ്ങളും ചേര്‍ന്ന് അഴിമുഖത്തെ അടിഞ്ഞു കൂടിയ മണ്ണും മണലും കടലിലേക്കൊഴുക്കുകയും വീണ്ടും അടിയാതെ തടയുകയും ചെയ്യുന്നു. കടലിലേക്ക് വീതി കുറഞ്ഞ് വരുന്ന് രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കെട്ട് തിരമാലകള്‍ പുഴയിലേക്ക് തള്ളിക്കയറുന്നതും തടയുന്നു. ഇവ ഹാര്‍ബറിന്റെ പ്രവര്‍ത്തനത്തെ സുഗമമാക്കും.ഇതു കൂടാതെ കടലിലേക്കിറക്കിക്കെട്ടുന്ന കല്‍ക്കെട്ടിനിരുവശം ആഴം കുറഞ്ഞ ബീച്ചായി രൂപപ്പെടുകയും ചെയ്യു.

കരിങ്കല്‍ കെട്ടുമാത്രമായിരുന്ന പുലിമുട്ട് കൂടുതല്‍ മോടി പിടിപ്പിക്കുകയും അതു വഴി ടൂറിസം സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാമെന്ന ആശയമാണ് ചെറായിയില്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. ഇതു വഴി ഈ പ്രദേശത്തിന്റെ വികസനം ത്വരിത ഗതിയിലാവുകയും ചെയ്യും.

ചെറായി പുലിമുട്ട്, ഒരു ഗൂഗിള്‍ എര്‍ത്ത് ചിത്രം

പുലിമുട്ട് (സാമ്പിള്‍ ചിത്രം)

മോടി പിടിപ്പിച്ച ചെറായ് പുലിമുട്ട്. (ഫോട്ടോ: ഹരീഷ്)


ജോ, മണികണ്ഠന്‍, പ്രിന്‍സ് (നാട്ടുകാരന്‍), ഞാന്‍ (ആകാശത്തേക്ക് നോക്കി നിക്കുന്നത്), സുഭാഷേട്ടന്‍, ലതിച്ചേച്ചി (ഫോട്ടോ: ഹരീഷ്)

7/04/2009

മുന്‍കൂര്‍ ജാമ്യാപേക്ഷ

പ്രേക്ഷിതന്‍,

അനില്‍@ബ്ലൊഗ്
C/O ബ്ലോഗ്ഗര്‍.കോം
ബൂലോകം.പി.ഓ

സ്വീകര്‍ത്താക്കള്‍,
എല്ലാ ബൂലോകര്‍ക്കും.

സാറന്മാരെ, മാഡങ്ങളെ,

അടുത്തിടെയായി ബൂലോകത്ത് വ്യാജ പ്രൊഫൈലുകള്‍ പെരുകി വരുന്ന കാഴ്ച ചിലരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. തങ്ങള്‍ക്ക് വിരോധമുള്ള ആളുകളുടെ വ്യക്തി വിവരങ്ങളും പ്രൊഫൈല്‍ ഫോട്ടോയും അതേപടി പകര്‍ത്തി മറ്റൊരു പ്രൊഫൈലുണ്ടാക്കി , യഥാര്‍ത്ഥ പ്രൊഫൈല്‍ ഉടമക്ക് മാനഹാനി ഉണ്ടാക്കുന്ന തരത്തില്‍ പലയിടത്തും കമന്റുകളിടുക എന്നതാണ് ഈ സൂത്ര വിദ്യ. ഇതുപയോഗിച്ച് ആരുടേയും തന്തക്കു വേണേലും വിളിക്കാമെന്നതാണ് ഏറ്റവും വലിയ ഗുണങ്ങളിലൊന്ന്, അതിന്റെ ക്രെഡിറ്റ് ഒറിജിനല്‍ പ്രൊഫല്‍ നാമധാരിക്കായിരിക്കുമല്ലോ. ആ ബ്ലോഗറെ മുന്‍ പരിചയമില്ലാത്ത ആളുകളാണെങ്കില്‍ വ്യാജനാണോ എന്ന് സംശയിക്കാന്‍ സാദ്ധ്യത ഇല്ലല്ലോ.


ഈ സാഹചര്യത്തില്‍ എന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇതിനാല്‍ സമര്‍പ്പിക്കുന്നു. പതിവില്‍ നിന്നും വ്യത്യസ്ഥമായ രീതിയില്‍ അനില്‍@ബ്ലൊഗ് എന്ന കമന്റ് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ പ്രൊഫൈലൊന്ന് ക്ലിക്കി നോക്കാന്‍ സന്മനസ്സുണ്ടാവണം.

2008 ജൂണിലാണ് പ്രൊഫൈല്‍ ആരംഭിച്ചത്, അഞ്ചു ബ്ലോഗുകളും കാണാം (ഒന്നേ ഉപയോഗിക്കുന്നുള്ളൂ, ബാക്കിയെല്ലാം ചുമ്മാ ഇട്ടിരിക്കുന്നതാണ്), അതില്‍ എന്റെ പോസ്റ്റുകളും. തത്കാലം ഈ കാര്യങ്ങള്‍ കണ്ട വ്യാജ പ്രൊഫൈലുകളില്‍ ഉള്‍ക്കൊള്ളിച്ചതായി കാണുന്നില്ല. ഇതിനുള്ള സൂത്ര വിദ്യ കണ്ടെത്തിയാല്‍ പിന്നെ ബ്ലോഗ് പൂട്ടി പോവുകയേ നിവര്‍ത്തിയുള്ളൂ. ആയതിനാല്‍ ചൊറിച്ചില്‍ തോന്നുന്ന രീതിയില്‍ കമന്റുകളേതെങ്കിലും കണ്ടാല്‍ അത് അനില്‍@ബ്ലോഗ് തന്നെ എന്ന് ഉറപ്പാക്കിയ ശേഷം മാത്രം തെറിവിളിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു, അല്ലാത്ത പക്ഷം ആ തെറികളൊന്നും ഇവിടെ സ്റ്റോക്കെടുക്കുന്നതല്ല.
വിശ്വസ്തതയോടെ,
ഒപ്പ്
അനില്‍@ബ്ലോഗ്

ഉള്ളടക്കം:
ഒരു വ്യാജ പ്രൊഫൈല്‍ ചിത്രം. ചിത്രം ക്ലിക്കി വലുതാക്കണേ.