6/30/2010

റോഡരുകില്‍ ഒരു ധര്‍ണ്ണകേരളത്തില്‍ വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ കെ.ജി.ഓ.എ യുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണകളില്‍ നിന്നും ഒരു ദൃശ്യം.
റോഡരുകില്‍ കൂട്ടം കൂടി, നിയമം ലഘിച്ചതിന്റെ പേരില്‍ ജയിലടക്കുമോ എന്തോ? !

6/26/2010

ഇന്ത്യയെങ്ങോട്ട്

അര്‍ത്ഥശൂന്യമായൊരു ചോദ്യമാണ്, ഇന്ത്യയെങ്ങോട്ട് എന്നത്.
എങ്ങോട്ടേക്ക് പോയാലും ഈ നാട്ടിലെ മഹാഭൂരിപക്ഷം വരുന്ന ദരിദ്രനാരായണന്മാര്‍ക്ക് ഒന്നും ചെയ്യാനാവില്ല എന്ന അവസ്ഥയിലെക്ക് ഇന്ത്യാരാജ്യം എത്തിച്ചേര്‍ന്നു എന്നതുകൊണ്ട് മാത്രമാണ് മേല്‍ ചോദ്യം അര്‍ത്ഥശൂന്യമാകുന്നത്. അതുമല്ലെങ്കില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന വ്യവസ്ഥിതി നമ്മെ എങ്ങോട്ടെക്കാണ് നയിച്ചേക്കുക എന്നത് ഏറെക്കുറെ വ്യക്തമായിരിക്കുന്നു എന്നു വേണമെങ്കിലും പറയാം. കഴിഞ്ഞ പാര്‍ലമെന്റ് കാലത്ത് ഇടതുപക്ഷം പിന്‍വലിച്ച പിന്തുണക്ക് പകരം എംപിമാരെ വിലക്കുവാങ്ങാന്‍ കോടികള്‍ ചിലവിട്ട കണക്ക് നമ്മള്‍ കണ്ടുകഴിഞ്ഞു. നിലവില്‍ ഭരണയന്ത്രം നിയന്ത്രിക്കുന്ന പാര്‍ലമെന്റ് അംഗങ്ങളില്‍ 300 നുമുകളില്‍ പേര്‍ ബില്ല്യണയര്‍മാരാണ്. കോണ്‍ഗ്രസ്സിന്റെ എംപി മാരില്‍ ഇരുനൂറ്റി അമ്പതോളം പേര്‍ കോടിപതികളാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ ഒറ്റ കണക്കുതന്നെ നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നതെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ലക്ഷക്കണക്കുനു രൂപ ദിവസവാടകയുള്ള ഹോട്ടലുകള്‍ മാത്രം താമസ്സത്തിനു തിരഞ്ഞടുക്കുന്ന എംപി മാരുള്ള നാട്ടില്‍, അവര്‍ക്ക് ഓശാനപാടാന്‍ ആരാധകരുള്ള നാട്ടില്‍ ആരുടെ താത്പര്യങ്ങളാണ് സംരക്ഷിക്കപ്പെടുക?

ഈ ഒരു വിഷയം ഇവിടെ പരാമര്‍ശിക്കാന്‍ കാരണം സമീപകാലത്തായി നമ്മുടെ നാട്ടില്‍ നടന്ന ചിലകാര്യങ്ങളില്‍ പൊതു മാദ്ധ്യമങ്ങളിലും ബ്ലോഗിലും ഉയര്‍ന്ന ചര്‍ച്ചകളാണ്. ഇന്ത്യയുടെ പൊതുസ്വത്തായ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലച്ചുകൊണ്ടിരിക്കുന്നതിനെയും നമ്മുടെ സമ്പത് വ്യവസ്ഥയുടെ നട്ടല്ലായ ബാങ്കുകള്‍ ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങള്‍ എന്നിവ സ്വകാര്യവത്കരിക്കുന്നതിനെയും അനുകൂലിച്ച് ജെയ് വിളിക്കാന്‍ ഇവിടെ ജനാധിപത്യവാദികള്‍ മത്സരിക്കുന്നു എന്നത് കൌതുകത്തോടെ മാത്രമേ വീക്ഷിക്കാനാവൂ. കടുത്ത സാമ്പത്തിക മാന്ദ്യത്തില്‍ ലോകമൊന്നാകെ ഉലഞ്ഞപ്പോഴും ഇന്ത്യ പരിക്കുപറ്റാതെ നിന്നത് ഇവിടുത്തെ ധനകാര്യ സ്ഥാപങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതിയിലായതിനാലാണെന്ന് നമ്മൂടെ ധനമന്ത്രി ചിദംബരം തന്നെ പറഞ്ഞതും ആരുടേയും കണ്ണു തുറപ്പിച്ചില്ല. എന്നിട്ടും കടുത്ത സ്വകാര്യവത്കരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു.കുത്തകകള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ തീരുമാനങ്ങള്‍ പുറത്തുവരുന്നത് ആദ്യമായല്ല, ആകസ്മികമായും അല്ല. ശത കോടീശ്വരന്മാര്‍ നമ്മുടെ പാര്‍ലമെന്റില്‍ കയറിയിരിക്കുന്നത് വെറുതെ അല്ലല്ലോ.

ഇന്ത്യന്‍ ജനാധിപത്യത്തിനിന്ന് പാവപ്പെട്ടവന്റെ മുഖമില്ല. ജവര്‍ലാല്‍ നെഹറു മുന്നോട്ട് വച്ച സോഷ്യലിസ്റ്റ് കാഴ്ചപ്പാടില്‍ നിന്നത് ഏറെ പിന്നോട്ട് പോയിരിക്കുന്നു. കഴിഞ്ഞൊരു ദിവസം ബ്ലോഗിലെ പ്രമുഖ “ജനാധിപത്യവാദി” ആയ ശ്രീമാന്‍ കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ഒരു പോസ്റ്റ് കണ്ട് അമ്പരന്നു പോയി. ചില വാചകങ്ങള്‍ അര്‍ത്ഥമാക്കുന്നത് ഇപ്രകാരമാണ് -

സ്വകാര്യസ്വത്തിലും സ്വകാര്യമൂലധനത്തിലും അധിഷ്ഠിതമായ ഒരു ജനാധിപത്യവ്യവസ്ഥിതിയാ‍ണ് നമ്മള്‍ സ്വാതന്ത്ര്യാനന്തരം തെരഞ്ഞെടുത്തതെന്നും, അത്തരം സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരണകൂടത്തിന് പരിമിതികളുണ്ട്, അതിനാകട്ടെ സ്ഥിതിസമത്വം ഏര്‍പ്പെടുത്താനുള്ള ബാധ്യതയുമില്ല. എല്ലാം ചെയ്യേണ്ടത് സര്‍ക്കാരാണ്, ജനങ്ങള്‍ ചുമ്മാ പെറ്റുപെരുകിയാല്‍ മതി എന്നാണെങ്കില്‍ ഇപ്പോള്‍ തന്നെ വിപ്ലവത്തിന് ഇറങ്ങിപ്പുറപ്പെടണം. ഇത് ക്യാപിറ്റലിസ്റ്റ് വ്യവസ്ഥിതി തന്നെയാണ്.


ഉദാഹരണമായി ബ്ലോഗില്‍ നിന്നു തന്നെയുള്ള ഒരു ആശയം ചൂണ്ടിക്കാട്ടി എന്നെ ഉള്ളൂ, ഇത് അഞ്ചരക്കണ്ടിയുടെ മാത്രം ചിന്താഗതിയുടെ പ്രശ്നമല്ല, മറിച്ച് മാറിവരുന്ന ചിന്താധാരയാണ്. പണമുള്ളവന്‍ അതുണ്ടാക്കാനുള്ള വഴികള്‍ തേടുമെന്നും അതിനിടെ വീണുകിട്ടുന്ന വല്ലതും തേടിപ്പിടിച്ച് വിശപ്പടക്കെണ്ട ബാദ്ധ്യത പട്ടിണിക്കാരനാണെന്നുമാണ് മുതലാളിത്തത്തിന്റെ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടില്‍ ഒരു രാജ്യം കെട്ടിപ്പടുക്കാന്‍ കോടിക്കണക്കിനു രൂപ പണം പണം മുടക്കി ഒരു ജനാധിപത്യ സര്‍ക്കാര്‍ ആവശ്യമില്ലല്ലോ.

ജനാധിപത്യത്തിലൂടെ സോഷ്യലിസ്റ്റ് ചിന്താഗതി രാജ്യത്ത് നടപ്പാവണമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എന്ന നിലയില്‍, മഹാ ഭൂരിപക്ഷം വരുന്ന സാധാരണക്കാരനോട് യാതൊരു ബാദ്ധ്യതയും ഇല്ല എന്ന പ്രഖ്യാപനവുമായി മുന്നോട്ട് പോകുന്നത് കണ്ടില്ലെന്ന് വക്കാനാവുമോ? എണ്ണവില നിശ്ചയിക്കാനുള്ള അധികാരം ഉപേക്ഷിക്കുന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത് ഇത്തരം തന്ത്രപ്രധാന മേഖകളില്‍നിന്നുള്ള സര്‍ക്കാര്‍ പിന്മാറ്റമാണ് കാണിക്കുന്നത്. സ്വകാര്യ മുതലാളിമാര്‍ക്ക് രാജ്യത്തിന്റെ നിയന്ത്രണം ഏല്‍പ്പിച്ചുകൊടുക്കുന്നതിനു സമാനമായ ഒരു നടപടി, ഭാവിയില്‍ വരാനിരിക്കുന്ന അനേകം പരിഷ്കാരങ്ങളുടെ മുന്നോടി. ഇത്തരം നടപടികള്‍ക്കെതിരെ രണ്ട് വരി എഴുതിയെങ്കിലും പ്രതിഷേധിക്കുക എന്നത് ഞാന്‍ എന്ന വ്യക്തിയുടെ ബാദ്ധ്യതയാണ്. അതു ചെയ്യുന്നു എന്ന് മാത്രം.

6/24/2010

കീമാനും വിന്‍ഡോസ് ഏഴും

കീമാനും വിന്‍ഡോസ് ഏഴും തമ്മില്‍ പിണക്കത്തിലാണെന്നും അതില്‍ കീമാന്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും പലരും പറയുന്നുണ്ട്,ബ്രൌസറുകളുടെ കാര്യത്തില്‍ അത് സത്യമാണെന്ന് തോന്നുന്നു. ബ്ലോഗിലെ ഉസ്താതുക്കളാരും ഇതുവരെ പരിഹാരമാര്‍ഗ്ഗം ഒന്നും പറഞ്ഞുകേട്ടുമില്ല. ഈ ബ്ലോഗ് പോസ്റ്റ് എഴുതാനായി ഞാന്‍ വിന്‍ഡോസ് 7ഉം കീമാനും ഉപയോഗിക്കുന്നു. ഞാന്‍ ചെയ്ത കാര്യങ്ങള്‍ ഇവിടെ പോസ്റ്റുന്നു. ഇത് എല്ലാ ക്മ്പ്യൂട്ടറിലും ശരിയാവുമോ എന്ന് പരീക്ഷിക്കാന്‍ മാത്രമാണെന്ന് മുന്‍കൂര്‍ ജാമ്യവുമായി വിഷയത്തിലേക്ക്.

സ്റ്റാര്‍ട്ട് -> ഓള്‍ പ്രോഗ്രാംസ് -> ടവല്‍സോഫ്റ്റ് ക്ലിക്ക് ചെയ്യുക. അതില്‍ കീമാന്‍ കോണ്‍ഫിഗറേഷനില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് റണ്‍ ആസ് അഡ്മിനിസ്റ്റ്രേറ്റര്‍ കൊടുക്കുക. കീമാന്‍ കൊണ്‍ഫിഗറേഷന്‍ വിന്‍ഡോ തുറന്നു വരും.

ആദ്യം തുറന്ന് വരുന്ന വിന്‍ഡോയില്‍ നമുക്ക് സൌകര്യപ്രദമായ കീ കൂട്ടുകള്‍ കൊടുക്കുക. ഞാന്‍ കണ്ട്രോള്‍ സീറോ ആണ് കൊടുത്തിരിക്കുന്നത്. ഇത് കീമാന്‍ ആക്റ്റിവേറ്റ് ചെയ്യാനുള്ള കോമ്പിനേഷനാണ്.

അടുത്തതായി മെനുബാറിലെ ഓപ്ഷന്‍ ടാബ് ക്ലിക്ക് ചെയ്യുക. താഴെയുള്ള വിന്‍ഡോ തുറന്നു വരും.

ഇവിടെയും സൌകര്യപ്രദമായ കീ കോമ്പിനേഷന്‍ കൊടുക്കുക. ഞാന്‍ കണ്ട്രോള്‍ ഒന്ന് കൊടുത്തിരിക്കുന്നു. ഓ.കെ കൊടുക്കുക.

ഇനി എക്സ്പ്ലോറര്‍ എടുത്ത് എഴുതാന്‍ ശ്രമിച്ചു നോക്കൂ. കീമാന്‍ ആക്റ്റിവേറ്റ് ചെയ്യാനും ഡീ ആക്റ്റിവേറ്റ് ചെയ്യാനും നേരത്തെ സെറ്റ് ചെയ്ത കീ കോമ്പിനേഷനുകള്‍ ഉപയോഗിക്കുക. ടാസ്ക് ബാറിലെ കീമാന്‍ ബട്ടണ്‍ വര്‍ക്ക് ചെയ്തില്ലെന്നു വരും.
(ഞാന്‍ പലതും പരീക്ഷിച്ചിട്ടാണ് അവസാനം ഇതില്‍ ഫിക്സ് ആയത്. ഈ സ്റ്റെപ്പുകള്‍ക്ക് പ്രീറിക്വിസിറ്റായ് വല്ലതും വന്നുട്ടുണ്ടോ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റുന്നില്ല.)

അല്പം വിന്‍ഡോസ് വിശേഷങ്ങള്‍:വിന്‍ഡോസ് ഏഴ് പുലിയാണ്, എല്ലാ ഡ്രൈവറും എടുക്കും എന്ന് കേട്ടിരുന്നു. D530 എന്ന എച്ച് പി മോഡലിന്റെ മദര്‍ ബോര്‍ഡാണ് (ബോര്‍ഡ് മാത്രമേ ഉള്ളൂ) , ഇന്റല്‍ 865 ചിപ്പ് സെറ്റ് ഉള്ള ഈ ബോര്‍ഡിന്റെ ഒറ്റ ഡ്രൈവറും എടുത്തില്ല, ലാന്‍ എടുത്തില്ലെന്ന് പ്രത്യേകം പറയുന്നു, കാരണം നെറ്റ് കണക്റ്റ് ചെയ്യാന്‍ പറ്റിയില്ല. ഗ്രാഫിക്സ് കാര്‍ഡ് ജീഫോഴ്സ് 5200 എടുത്തില്ല. എച്ച് പിക്കാര്‍ ഡ്രവറുകള്‍ നെറ്റിലിട്ടിരുന്നതുകൊണ്ടും, ഉബുണ്ടു ഉണ്ടായിരുന്നതുകൊണ്ടും രക്ഷപ്പെട്ടു.

അപ്ഡറ്റ് :1
ഇത് വിന്‍ഡോസ് 7 അള്‍ട്ടിമേറ്റില്‍ ആണു പരീക്ഷിച്ചത്. മറ്റ് വേര്‍ഷനുകളില്‍ ഇതു ഫലവത്താവുന്നില്ലെന്ന് കാണുന്നു. 64 ബിറ്റിൽ പൂർണ്ണ പരാജയം.
അപ്ഡേറ്റ്:2

കീമാൻ പുതിയ വേർഷൻ ഇറങ്ങിയത് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുന്നുണ്ട്. 64 ബിറ്റ് വിൻഡോസ് സെവനിൽ സുഖമായി മലയാളം ടൈപ്പ് ചെയ്യാൻ സാധിക്കുന്നുണ്ട്. ഇതൊരു ഫ്രീ സോഫ്റ്റ്വെയർ അല്ല എന്നുള്ളതുമാത്രമാണു ഒരു ന്യൂനത.

6/15/2010

ന്യായമാകുന്ന ചില നരഹത്യകള്‍

സ്ക്രീനില്‍ തോക്കു ചൂണ്ടി നില്‍ക്കുന്ന നായകന്‍....
നിലത്ത് കോടീശ്വരനായ വില്ലന്‍ ..

"അരുത് എന്നെ കൊല്ലരുത് , എനിക്കുള്ളതെല്ലാം നിനക്കു തരാം , എന്നെ കൊല്ലാതെ വിട്ടാല്‍ മതി " വില്ലന്റെ നിലവിളി.

സാധാരണ സിനിമകളിലും മറ്റും കാണാവുന്ന ഒരു രംഗമാണിത്.

നായകന്‍ കൊല്ലുകയോ‌ തിന്നുകയോ‌ ചെയ്യട്ടെ , ഞാന്‍ ഒരു സംശയം ചോദിക്കാം, ഒരാളുടെ ജീവന് എന്തു വിലയുണ്ടാകും?

പറയാന്‍ പറ്റുന്നില്ലെങ്കില്‍ പോട്ടെ , നിങ്ങളുടെ ജീവന് എന്തു വില തരേണ്ടി വരും?
വില നല്‍കിക്കഴിഞ്ഞാല്‍ ചിലപ്പോള്‍ നിങ്ങളെ ഗ്യാസ് ചേമ്പറില്‍ ഇട്ടേക്കാം അതുമല്ലെങ്കില്‍ ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി വെടിവെച്ചു കൊന്നെന്നും വരാം ....
വിലയിടാന്‍ ബുദ്ധിമുട്ടാണല്ലെ?

എന്നിട്ടാണ് നിങ്ങളുടെ മകനെയോ അച്ഛനെയോ അമ്മവനെയോ അതിര്‍ത്തി കാക്കാനെന്ന ഓമനപ്പേരില്‍ തോക്കിന്റെ മുന്നിലേക്ക് അയക്കുന്നത്. പാവപ്പെട്ട അവന്റെ ജീവന് യൂണിഫോറത്തിന്റെ ഗ്രേഡനുസരിച്ച് വിലകിട്ടിയേക്കാം. അവനെ പ്രലോഭിപ്പിക്കുവാനുപയോഗിക്കുന്നതാവട്ടെ രാജ്യസ്നേഹം, മാതൃഭൂമി തുടങ്ങിയ അര്‍ത്ഥ ശൂന്യ പദങ്ങളും.

ഒരു രാജ്യത്തിന്റെ പട്ടാളക്കാരനെന്ന നിലയില്‍ മറ്റ് രാജ്യക്കാരനെ വെടിവച്ചുകൊന്നാല്‍ അവന്‍ ദേശ സ്നേഹി!

മറ്റ് രാജ്യക്കാരന്റെ വെടിയേറ്റ് അവന്‍ മരിച്ചാല്‍ അത് ദേശസ്നേഹം !!

ജീവിക്കാനായ് മരിക്കാന്‍ തയ്യാറായെത്തുന്ന പട്ടാളക്കാരെനെക്കൊണ്ട് കൊലപാതകം ചെയ്യിക്കാന്‍ ഭരണകൂടം കണ്ടെത്തുന്ന ചെപ്പടി വിദ്യകള്‍ കൊലപാതകത്തെ നിയമ വിധേയമാക്കുന്നു.നൂറ്റാണ്ടുകളായ് തുടര്‍ന്നു വരുന്ന നരഹത്യകള്‍ ദേശസ്നേഹത്തിന്റെ പുറം ചട്ടയാല്‍ പുതപ്പിച്ച് വെള്ളപൂശിയെടുക്കുന്നു.ഓരോ രാജ്യവും മറ്റവന് അന്യരാജ്യമാവുമ്പോള്‍ പരസ്പരം കൊന്നുതള്ളാന്‍ നിയമം കൂട്ടു നില്‍ക്കുന്നു. ഗോത്രങ്ങളില്‍ നിന്നും വളര്‍ന്ന് രാജ്യങ്ങളില്‍ ചെന്നെത്തി നില്‍ക്കുന്ന നരമേധത്തിന്റെ അതിര്‍ത്തികള്‍ ഇന്നതിന്റെ മാനങ്ങള്‍ മാറ്റി മറിച്ച് കേവല വിശ്വാസങ്ങളിലും ദൈവങ്ങളിലും ചെന്നെത്തിയിരിക്കുന്നു എന്നത് ഇതിനോട് കൂട്ടിവായിക്കണം. രാജ്യസ്നേഹമാണ് പട്ടാളക്കാരന് ന്യായപ്രമാണമാകുന്നതെങ്കില്‍ മരണം കയ്യില്‍ വച്ച് നടക്കുന്ന ഏതൊരു കൂട്ടത്തിനെയും നാം അംഗീകരിക്കണ്ടതല്ലെ?

യുദ്ധവാര്‍ത്തകളില്‍ ഇടക്കിടെ കാണുന്ന ഒന്നാണ് “സിവിലിയന്മാര്‍ക്ക് നേരെ ആക്രമണം, പ്രതിഷേധമിരമ്പി !!!”
ആരാണ് സിവിലിയന്‍സും പട്ടാളക്കാരുമായി മനുഷ്യനെ തരം തിരിച്ചിരിക്കുന്നത്? മരണമേറ്റുവാങ്ങാന്‍ കൂലിക്കാളെ പകരം വച്ച്, ടീവി ഷോ കണ്ട് നടക്കുന്ന ഞാനും നിങ്ങളും ഒരു പട്ടാളക്കാരനില്‍ വേറിട്ട് എപ്രകാരമാണ് സുരക്ഷിതരാവേണ്ടത്? അങ്ങിനെ വാദിക്കുന്നതില്‍ ന്യായമുണ്ടെന്ന് ആരും കരുതുമെന്ന് തോന്നുന്നില്ല. കൊല്ലാന്‍ വരുന്നവര്‍ ഞങ്ങളെ വെറുതെ വിട്ട് പട്ടാളക്കാരെ കൊന്നോളൂ എന്നാണ് ആ പറയുന്നതിന്റെ അര്‍ത്ഥം. ആ ന്യായവാദം എന്നും വകവെച്ചു കിട്ടുമെന്ന് കരുതണ്ട. ഒന്നുകില്‍ എല്ലാ നരഹത്യകളും നിയമ വിധേയമാക്കുക അല്ലെങ്കില്‍ എല്ലാം നിയമ വിരുദ്ധമാക്കുക, ഈ ഇരട്ടത്താപ്പ് ഒഴിവാക്കപ്പെടുക തന്നെ വേണം. നിലവിലെ നിയമങ്ങള്‍ നരഹത്യകളെ ന്യായീകരിക്കുന്നുവെങ്കില്‍ ഞാനും അതിനെ ന്യായീകരിക്കുന്നു. അങ്ങിനെയെങ്കില്‍ സെപ്റ്റംബര്‍ 11നെ ഞാന്‍ അല്പം സന്തോഷത്തോടെയാണ് ഓര്‍ക്കുക എന്ന് പറയേണ്ടി വരും.

ഇപ്രകാരം തോന്നുന്നതെന്തും എഴുതി പ്രസിദ്ധീകരിക്കാന്‍ സ്വാതന്ത്ര്യം തന്ന ബ്ലോഗെന്ന മാദ്ധ്യമത്തില്‍ വന്നിട്ട് രണ്ട് വര്‍ഷം തികയുന്ന ഇന്ന് തന്നെ കിടക്കട്ട് ഒരു തോന്യാസം !!

6/05/2010

ബ്ലോഗാന്‍ എന്തെളുപ്പം - ഉബുണ്ടു

ഉബുണ്ടു ഉപയോഗിച്ച് മലയാളത്തില്‍ ബ്ലോഗാന്‍ എന്തെളുപ്പം !!!

സര്‍വ്വ രാജ്യ ഉഴൈപ്പാളികളെ മൈക്രോ സോഫ്റ്റിനോട്‌ ബൈ പറയൂ.

കുത്തക ഭീമന്മാര്‍ സമസ്തമേഖലകളിലും പടര്‍ന്ന് പന്തലിക്കുന്ന ഈ കാലത്ത് സോഫ്റ്റ്വെയര്‍ രംഗത്ത് സ്വതന്ത്ര സംരംഭങ്ങള്‍ വളര്‍ച്ച പ്രാപിക്കുന്നത് എന്തുകൊണ്ടും ആശാവഹം തന്നെ. സ്വന്തന്ത്ര സോഫ്റ്റ്വെയര്‍ എന്ന നിലയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന പദമാണ് ലിനക്സ് എന്നത്. ലിനസ് ടോര്‍വാള്‍ഡ്‌ എന്ന ഫിന്‍ലാന്റ് വിദ്യാര്‍ത്ഥിയാണ് ആദ്യമായി ലിനക്സ് കെര്‍ണല്‍ വികസിപ്പിച്ചത് . മിനിക്സ് എന്ന ഓപ്പറേറ്റിങ് സിസ്റ്റം ഫയലുകളില്‍ ചില പരിഷ്കരണങ്ങള്‍ നടത്തിയാണ് ഇദ്ദേഹം ഈ നേട്ടം കൈവരിച്ചത്. കേര്‍ണല്‍ എന്നാല്‍ ലിനസ്കിന്റെ അടിസ്ഥാന ഭാഗമാണ് . സിസ്റ്റം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കേര്‍ണലാണ്. അതായത് നമ്മെപ്പോലെയുള്ള യൂസര്‍ നല്കുന്ന വിവരങ്ങള്‍, കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് വെയറുമായി വിനിമയം നടത്തുന്നതാണ് ഇതിന്റെ ജോലി. ഇത്തരത്തിലുള്ള നിരവധി കേര്‍ണലുകളുടെ ഒരു സമാഹാരമാണ് ഇന്ന് നമ്മള്‍ കാണുന്ന ലിനക്സ്.

ഇന്ന് വളരെ ഉയര്‍ന്ന സ്റ്റബിലിറ്റി, സെക്യൂരിറ്റി എന്നിവ നല്കുന്ന ഒരു ഓപ്പറേറ്റിങ് സിസ്റ്റമായി ഗ്നു ലിനക്സ് മാറിയിരിക്കുന്നു. ലിനക്സ് ഡിസ്റ്റ്രിബ്യൂഷനുകളില്‍ പ്രവര്‍ത്തിക്കുന്ന വിദഘ്ധന്മാരുടെ കൂട്ടായ്മയാണ് ഗ്നു പ്രോജക്റ്റ്.1983 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ഗ്നൂ കൂട്ടായ്മ, ലോകോത്തരമായ ഒരു ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കാനായ് പ്രവര്‍ത്തിക്കുന്നു. 1990 ആയപ്പോഴേക്കും ഒരു ഓപ്പറേറ്റിങ് സിസ്റ്റത്തിനാവശ്യമായ എല്ലാ ഘടകങ്ങളും വികസിപ്പിച്ചിരുന്നു. ഈ ഘടകങ്ങളും കേര്‍ണലും കൂടിച്ചേര്‍ന്നതാണ് ഇന്ന് നാം കാണുന്ന ലിനക്സ് ഡിസ്ട്രിബ്യൂഷനുകള്‍.

Free software എന്നതിലെ ഫ്രീ എന്ന പദം വിലയെ സൂചിപ്പിക്കുന്നതല്ല, മറിച്ച് ഈ സോഫ്റ്റ് വെയറിന്മേല്‍ ഉപയോക്താവിനുള്ള സ്വാതന്ത്ര്യമാണ് സൂചിപ്പികുന്നത് . ഫ്രീയായ് ലഭിക്കുന്ന ഇതിന്റെ സോഴ്സ് കോഡ് കൂടുതലായി വികസിപ്പിക്കാനോ‌, കൈകാര്യം ചെയ്യാനോ ഇത് നമുക്ക് സ്വാതന്ത്ര്യം നല്‍കുന്നു. നമുക്കനുയോജ്യമയ രീതിയില്‍ ഇതിനെ പുനക്രമീകരിക്കാനുള്ള സ്വാതന്ത്ര്യവും നമുക്കുണ്ട് . ഈ സ്വാതന്ത്ര്യമാണ് ലിനക്സിനെ ഇന്ന് ഉയരങ്ങളിലേക്ക് നയിക്കുന്നത് . മോഷ്ടിച്ചെടുത്ത മൈക്രോസോഫ്റ്റ് ഉത്പന്നങ്ങള്‍ , വിന്‍ഡോസ് എക്സ്പി അടക്കം , ഉപയോഗിക്കുന്ന കേരളത്തിലെ ശരാശരി കമ്പ്യൂട്ടര്‍ ഉപയോക്താവ് ഈ മോഷണ വസ്തുക്കള്‍ വലിച്ചെറിഞ്ഞ് സൗജന്യമായി തന്നെ ലഭിക്കുന്ന ലിന്ക്സ് ഡിസ്ട്രിബ്യൂഷനുകളിലേക്ക് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇവയില്‍ ഡെസ്ക്ടോപ്പ് പി.സിക്ക് ഏറ്റവും ഉതകുന്ന ഒന്നായ "ഉബുണ്ടു" ഉപയോഗിച്ചു പഠിക്കാന്‍ ഒരു പോസ്റ്റ് ഇതാ ..