5/28/2010

2002 എന്ന ഭീതി സ്വപ്നം

2002 എന്ന വര്‍ഷത്തിന് എന്താണ് പ്രത്യേകത?
പൊതുവായിപ്പറഞ്ഞാല്‍ പ്രത്യേകതകള്‍ ഒന്നും ഇല്ലാത്ത ഒരു വര്‍ഷം.
എന്നാല്‍ 2002 ജനുവരി 16 എന്ന തിയ്യതി കേരള സര്‍ക്കാരിന്റെ ജോലിക്കാരൊന്നും മറക്കുമെന്ന് തോന്നുന്നില്ല.
കേരളത്തിലെ സര്‍ക്കാരുദ്യോഗസ്ഥരൊന്നടങ്കം മുണ്ട് മുറുക്കിയുടുക്കുക എന്ന നിര്‍ദ്ദേശം, ആന്റണി മുഖ്യമന്ത്രി ഉത്തരവായി പുറപ്പെടുവിച്ച ദിവസമായിരുന്നു അത്.ക്ലിപ്ത ശമ്പളക്കാരനായ ജോലിക്കാരന്റെ വീട്ടിലെ പട്ടിണി മാറ്റാനായ് കേരളത്തിലെ സംഘടിത പ്രസ്ഥാനങ്ങള്‍ പൊരുതി നേടിയ നിരവധി ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് ആന്റണി സര്‍ക്കാര്‍ ഉത്തരവിറക്കിയത് അന്നായിരുന്നു. കേരള സര്‍ക്കാരിന്റെ കൈയ്യില്‍ പണമില്ലെന്നും, പണമില്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് നല്കേണ്ടുന്ന ആനുകൂല്യങ്ങള്‍ പോലും നല്‍കാനാവാത്തതിനാല്‍ സര്‍ക്കാര്‍ ജോലിക്കാരന്റെ ശമ്പളം വെട്ടിക്കുറച്ച് ആ പണം കര്‍ഷകനു നല്കും എന്ന പ്രചരണം അഴിച്ചു വിട്ട് ജനങ്ങളെ തമ്മിലടിപ്പിച്ച് രക്ഷപ്പെടാം എന്നതായിരുനു ആന്റണി പദ്ധതിയിട്ട ഗൂഢ തന്ത്രം. ശമ്പളം വെട്ടിക്കുറക്കുന്നതിനു പുറമെ ജോലിക്കാരന്റെ ഭാവി പോലും അനിശ്ചിതമാക്കുന്ന ഒരു തീരുമാനമായിരുന്നു പെന്‍ഷന്‍ പദ്ധതി അട്ടിമറിക്കാനുള്ളത്. ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ആദ്യമായി ഈ പദ്ധതിയിലേക്ക് കടന്ന സംസ്ഥാനവും കേരളമായിരിക്കുമെന്ന് തോന്നുന്നു.ലീവ് സറണ്ടര്‍, പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍, മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ്, ഭവന വായ്പ തുടങ്ങിയവ നിര്‍ത്തല്‍ ചെയ്തത് തുടങ്ങി , ഇന്‍ക്രിമെന്റ്, പെന്‍ഷന്‍ എന്നിവ നിഷേധിക്കല്‍, നിയമന നിരോധനം , തസ്തിക വെട്ടിക്കുറക്കല്‍ വരെ നീണ്ടു ഉത്തരവിലെ പരിഷ്കാരങ്ങള്‍. സ്വാഭാവികമായും ജോലിക്കാര്‍ ഒരു അനിശ്ചിത കാല പണിമുടക്കിലേക്ക് കടക്കുക തന്നെ ചെയ്തു.

ആന്റണി സര്‍ക്കാര്‍ ആഗ്രഹിച്ചതുപോലെ തന്നെ സമരത്തെ അട്ടിമറിക്കാനായ് മുന്നോട്ട് വന്ന ശക്തികള്‍ ഏറയായിരുന്നു. അവരില്‍ പ്രമുഖരായ രണ്ട് വിഭാഗങ്ങളായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതിയും ഫാദര്‍ വടക്കെമുറിയുടെ നേതൃത്വത്തിലുള്ള ഇന്‍ഫാം മൂവമെന്റും. ആവശ്യം വരുന്ന പക്ഷം സര്‍ക്കാര്‍ ജോലിചെയ്ത് സമരത്തെ അട്ടിമറിക്കാം എന്ന് ഫാദര്‍ വടക്കന്‍ പ്രസ്ഥാവിച്ചു.സമരം തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കകം തന്നെ നാട്ടിന്‍ പുറങ്ങളിലെ വ്യാപാര മാന്ദ്യം വ്യാപാരി വ്യവസായ ഏകോപന സമിതിയെ പ്രസ്തുത തീരുമാനത്തില്‍ നിന്നും പിന്നോട്ട് മാറ്റി. സര്‍ക്കാരിന് ജെയ് വിളിച്ച് പ്രകടനം നടത്തിയ ഇന്‍ഫാം അച്ചനെ ജയില്‍ അടച്ചാണ് സര്‍ക്കാരതിന്‍ പ്രതിഫലം നല്കിയതെന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട സംഭവമായി.സര്‍ക്കാര്‍ ഓഫീസുകള്‍ മൂന്നു മാസം അടഞ്ഞു കിടന്നാലും ഈ നാട്ടില്‍ ഒന്നും സംഭവിക്കാനില്ല എന്ന് പുച്ഛിച്ചാണ് ആന്റണി ഈ സമര ദിവസങ്ങളില്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
സര്‍ക്കാര്‍ മേഖലയില്‍ നടപ്പാക്കുന്ന ചില പരിഷ്കാരങ്ങള്‍ എന്നതിലുപരി വ്യാപകമായ മാനം ഈ നടപടിക്കുണ്ട് എന്ന് ജീവനക്കാരുടെ ബോധവല്‍ക്കരണം പൊതു ജനങ്ങള്‍ക്കിടയില്‍ കാര്യമായ ചലനങ്ങലൊന്നും ആദ്യ കാലത്ത് സ്രൃഷ്ടിച്ചില്ലെന്നത് ഒരു വസ്തുതയായിരുന്നു. സര്‍ക്കാരിന്റെ ഗൂഢ ലക്ഷ്യങ്ങളായി സമരം ചെയ്യുന്ന ജോലിക്കാര്‍ ചൂണ്ടിക്കാട്ടിയ വസ്തുതകളില്‍ ചുരുക്കം ചിലത് ഇവയായിരുന്നു :

1) തൊഴിലെടുക്കുന്നവന്റെ മേഖലിയിലെ സംഘടനാ ബലം മാറ്റുരച്ച് നോക്കുകയും, അവയെ തകര്‍ത്ത് അന്താരാഷ്ട്രകുത്തകള്‍ക്ക് ഇവിടേക്ക് വരുവാനുള്ള വേദി ഒരുക്കുകയും ചെയ്യുക. ഇത് വാസ്തവമാണെന്ന് തുടര്‍ന്ന വന്ന പല പരിഷ്കാരങ്ങളും തെളിയിച്ചു. ചുമട്ട് തൊഴിലാളി മേഖലയിലും മറ്റും നടപ്പാക്കിയ പരിഷ്കരങ്ങള്‍ ഇതിനുദാഹരങ്ങളാണ്.
2) സര്‍ക്കാര്‍ ജോലിയുടെ സേവന വേതന വ്യവസ്ഥകളാണ് നിരവധിയാകുന്ന മറ്റ് തൊഴിലിടങ്ങളില്‍ ആടിസ്ഥാന ഡാറ്റ ആയി പരിഗണിച്ചിരുന്നത് ,ആ സ്റ്റാന്‍ഡേര്‍ഡുകള്‍ തകര്‍ക്കുക.
3) സര്‍ക്കാര്‍ മേഖലയില്‍ നില നില്ക്കുന്ന പെന്‍ഷനുകളാണ് നിരവധിയായ ക്ഷേമ പെന്‍ഷനുകളുടെ അടിസ്ഥാന മാതൃകകള്‍, ഇവയെ തകര്‍ത്ത് മറ്റ് ക്ഷേമ പെന്‍ഷനുകള്‍ നിര്‍ത്തലാക്കുക.
4. മാതൃകാ തൊഴില്‍ ദാദാവെന്ന പദവില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുകയും തൊഴിലിടങ്ങളിലെ സ്വകാര്യവത്കരണം ആരംഭിക്കുകയും ചെയ്യുക.
5. സേവന മേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി കുത്തകള്‍ക്ക് ഇടം ഒരുക്കുക.
സമര ദിവസങ്ങള്‍ കടന്നുപോയതോട, ആദ്യ ഘട്ടത്തില്‍ വിമുഖത കാട്ടിയിരുന്ന ജനവിഭാഗങ്ങള്‍ പതിയെ ഉദ്യോഗസ്ഥര്‍ പറയുന്ന കാര്യങ്ങള്‍ക്ക് ചെവി നല്കിത്തുടങ്ങി. ഇതിനു സഹായകമായത് ചില യു.ഡി.എഫ് നേതാക്കളുടെ പ്രസ്ഥാവനയായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചത് താത്കാലികമല്ല, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഷ്കരണ നടപടികളുടെ ഭാഗമാണ് : കുഞ്ഞാലിക്കുട്ടി- ഫെബ്രുവരി 2002

സര്‍ക്കാരാശുപത്രിയില്‍ ജനിച്ച് സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച് സര്‍ക്കാര്‍ ജോലി നേടി സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങിക്കഴിയുന്ന കാലം കഴിഞ്ഞു : ഉമ്മന്‍ ചാണ്ടി.

32 ദിവസം നീണ്ടു നിന്ന പണിമുടക്ക് ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഒത്തു തീര്‍ന്നെങ്കിലും സര്‍ക്കാര്‍ ജോലിക്കാരുടെ ഇടയില്‍ അതുണ്ടാക്കിയ ചലനങ്ങള്‍ ചെറുതല്ല.ഒന്ന് , സമരത്തിന്റെ ആദ്യ ഘട്ടത്തില്‍ അതി തീഷ്ണമായി ഉയര്‍ന്നു വന്ന ജനവികാരം സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൊളിച്ചെഴുതേണ്ടുന്നതിന്റെ ആവശ്യകത എന്ന ചര്‍ച്ചയിലേക്ക് അവരെ എത്തിക്കുക തന്നെ ചെയ്തു. രണ്ട്,കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആഗോള വത്കരണ നയങ്ങള്‍ തന്റെ മുറ്റത്തും എത്തിയെന്നും സര്‍ക്കാര്‍ ഉദ്യോഗത്തിനപ്പുറം മറ്റ് തൊഴില്‍ സാദ്ധ്യതകളാരായാന്‍ നിലവില്‍ ജോലിയെടുക്കുന്നവരും ജോലി തേടുന്നവരും നിര്‍ബന്ധിതരായി. മൂന്ന് സര്‍ക്കാര്‍ ജോലി എന്ന തിളക്കമുള്ള ജോലിയാണെങ്കിലും തൊഴില്‍ നിയമങ്ങളുടെ സംരക്ഷണം ആവശ്യമുള്ള ഒരു തൊഴിലാളി മാത്രമാണ് താനെന്നും ബോദ്ധ്യമായി.

അഞ്ചു വര്‍ഷത്തെ ഭരണത്തിനു ശേഷം യു.ഡി.എഫ് കളം ഒഴിഞ്ഞു, ഇടതു മുന്നണി അധികാരത്തിലേറി. ആദ്യമായി ചെയ്തത് സമരത്തിനോട് അനുബന്ധിച്ച് എടുത്ത എല്ലാ സര്‍ക്കാര്‍ ശിക്ഷണ നടപടികളും റദ്ദ് ചെയ്യുക എന്നതായിരുന്നു. തുടര്‍ന്നിങ്ങോട്ട് കഴിഞ്ഞ നാലുവര്‍ഷക്കാലമായി സര്‍ക്കാര്‍ ജോലിക്കാരന് ക്ഷാമം എന്തെന്നറിയേണ്ടി വന്നില്ല. അതിനനുബന്ധമായി മറ്റെല്ലാ മേഖയിലും തൊഴില്‍ മേഖല സംരക്ഷിക്കപ്പെട്ടു. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ തുടങ്ങിയ എല്ലാ ക്ഷേമ പെന്‍ഷനുകളും പരിഷ്കരിച്ചു, കൊടുത്തു തീര്‍ത്തു. സര്‍ക്കാരുദ്യോഗസ്ഥന്റെ ശമ്പളം പിടിച്ചു പറിച്ചല്ലാതെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എപ്രകാരം നടപ്പിലാക്കാമെന്ന് കേരള ധനകാര്യ മന്ത്രി തോമസ് ഐസക് കാട്ടിക്കൊടുത്തു. ആഗോള സാമ്പത്തിക മാന്ദ്യം പടര്‍ന്നു പിടിച്ച ഈ കാലത്തും 32 പൊതുമേഖലാ സ്ഥാപങ്ങള്‍ ലാഭത്തിലായി, പുതിയതായി എട്ടെണ്ണം തുടങ്ങാന്‍ പോകുന്നു.

ഇതില്‍ നിന്നും ഞങ്ങള്‍ മനസ്സിലാക്കേണ്ടത് എന്താണ്?

തൊഴിലെടുക്കുന്നവനേയും പട്ടിണിക്കാരനെയും സംരക്ഷിക്കുന്നതാരാണ്?
തൊഴിലിടങ്ങളും പൊതുമേഖലയും സംരക്ഷിക്കുകയും സാധാരണക്കാരന്റെ ജീവിതത്തിനു താങ്ങു നല്‍കുകയും ചെയ്യുന്നവര്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ?

കേരളം വീണ്ടും തിരഞ്ഞെടുപ്പ് വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു.
2002 ഒരു ഭീതി സ്വപ്നമായി എന്നെ ഉറക്കത്തില്‍ നിന്നും വലിച്ചുണര്‍ത്തുന്നു.

5/21/2010

ബ്ലോഗിനൊരു രജിസ്റ്റേഡ് കൂട്ടായ്മ

മറ്റെല്ലാ മേഖലകളിലുമെന്ന പോലെ മലയാളം ബ്ലോഗ് രംഗത്തും ഒരു രജിസ്റ്റേഡ് സംഘം നിലവില്‍ വന്നിരിക്കുന്നു.
താഴെപ്പറയുന്നവര്‍ ഭാരവാഹികളായി വേള്‍ഡ്‌ മലയാളം ബ്ലോഗ് കൗണ്‍സില്‍ എന്ന പേരില്‍, S .no.320/2009 നമ്പറായ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കൂട്ടായ്മക്ക് എന്താണ് പറയാനുള്ളതെന്ന് നേരില്‍ കാണുക .
പ്രസിഡന്റ്‌-
എടച്ചേരി ദാസൻ[കടത്തനാടൻ]
വൈസ്‌:പ്രസിഡന്റ്‌
സജികുമാര്‍ [ചാണക്യൻ]
സെക്രട്ടറി
അഡ്വ.സി ഭാസ്കരൻ [നായര്‍സാബ്]
ജോ.സെക്രട്ടറി
ഷാജി [മുള്ളൂര്‍ക്കാരന്‍].
ട്രാഷറർ
മഹേഷ്‌ ബി,[മണിക്കുട്ടി]
കൂട്ടായ്മയെപ്പറ്റി അവരുടെ തന്നെ വാക്കുകളില്‍ :
വേള്‍ഡ്‌ മലയാളം ബ്ലോഗ്‌ കൗണ്‍സില്‍ എന്നപേരില്‍ ഒരു സംഘടന രൂപീകരിച്ചു കൊണ്ട്‌ ബ്ലോഗ്‌ അക്കാദമി ചരിത്ര പരമായ ഒരു ദൗത്യം കൂടി നിര്‍വ്വഹിച്ചിരിക്കുകയാണ്. ശാസ്ത്ര-സാങ്കേതികക്കുതിപ്പ്‌ സമ്മാനിച്ച ബ്ലോഗ്‌ ഒരു മാധ്യമം എന്ന രൂപത്തില്‍ ആഴവും പരപ്പും താണ്ടി മുന്നേറുകയാണല്ലോ. എന്നാല്‍ അതിനോട്‌ ഇഴ ചേര്‍ന്ന് കൊണ്ട്‌ ചില അനാരോഗ്യ പ്രവണതകളും അനുദിനം ശക്തി പ്രാപിക്കുന്നുണ്ട്‌ എന്ന് നാം തിരിച്ചറിയുന്നു. ഇത്‌ പലപ്പോഴും സര്‍ഗ്ഗാത്മക പ്രവര്‍ത്തനത്തെ വിഘാതപ്പെടുത്തുമോ എന്ന ആശങ്കയായി‌ പലരിലും പലപ്പോഴും ഘനീഭവിച്ചിരുന്നു. അപ്പോഴൊക്കെ അക്കാദമിയുടെ രൂപപരമായ പരിമിതിയെ ഫലപ്രദമായി മറികടക്കുന്ന വിപുലവും ചടുലവുമായ ഒരു കൂട്ടായ്മയുടെ പിറവിക്കായി‌ സാഹചര്യവും സന്ദര്‍ഭവും നമ്മോടാവശ്യപ്പെട്ടിരുന്നു. അത്തരമൊരു പ്രേരണ ചെലുത്തിയ അന്വേഷണവും പ്രവര്‍ത്തനവുമാണ് കൗണ്‍സില്‍ രൂപീകരണവും പ്രാഥമിക കടമകളുടെ നിര്‍വ്വഹണത്തിലും എത്തിനില്‍ക്കുന്നത്‌. ഈ മണ്ഡലത്തിലെ നമ്മുടെ ആശയാഭിലാഷങ്ങളുടെ ക്രിയാത്മതകത ഏതെങ്കിലും ഭരണ നേതൃത്വത്തിന്റെ ചെപ്പടി വിദ്യകൊണ്ട്‌ മാത്രം കൈവരിക്കാമെന്ന വിശ്വാസം ഈ ഭരണസമിതിക്കില്ല. ബ്ലോഗിന്റെ ഇന്ന് വരേയുള്ള വികാസ ചരിത്രത്തില്‍ വിലമതിക്കാനാവാത്ത മഹത്തായ സംഭാവന നല്‍കിയ ,നല്‍കികൊണ്ടിരിക്കുന്ന ആദരണീയര്‍ ഉള്‍പ്പെടാത്ത ഏത്‌ തീരുമാനവും ശുഷ്കമായിരിക്കുമെന്നും,ഭാഗികമായിരിക്കുമെന്നും ഈ ഭരണസമിതിക്ക്‌ നല്ല ബോധ്യമുണ്ട്‌. ഈ കൂട്ടായ്മ നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്ന എല്ലാ നല്ല മനസ്സുകളും ബ്ലോഗിന്റെ വളര്‍ച്ചക്ക്‌ വേണ്ടി പ്രയത്നിച്ച എല്ലാ മഹത്‌ വ്യക്തിത്വങ്ങളും കൗണ്‍സിലിന്റെ പ്രവത്തനങ്ങളില്‍ എല്ലാ അര്‍ത്ഥത്തിലും പങ്കാളികളായി‌ കൂട്ടുത്തരവാദിത്വം ഏറ്റെടുക്കണമെന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്യുക
ജോലിയുടെ രീതിയനുശാസിക്കുന്നതിനാല്‍ വ്യക്തിപരമായി എനിക്കിതില്‍ പങ്കുചേരുന്നതിനെപ്പറ്റി ആലോചിക്കാനാവില്ല.

നിങ്ങള്‍ക്കെന്താണ് പറയാനുള്ളത് ?

5/15/2010

കല്ലാനയും കച്ചവട തന്ത്രമോ?

കല്ലാനയെന്ന സങ്കല്‍പ്പജീവി എന്ന തലക്കെട്ടില്‍ കുറച്ച് മുമ്പ് ഈ വിഷയത്തിലൊരു പോസ്റ്റ് ഇട്ടിരുന്നു. ബോര്‍ണിയോയിലും മറ്റും കാണപ്പെടുന്ന കുള്ളന്‍ ആനകളെപ്പോലെയുള്ള “കല്ലാന” എന്ന കുള്ളന്‍ ആന കേരളത്തിന്റെ വനമേഖലയില്‍ കാണപ്പെടുന്നുണ്ട് എന്ന വാര്‍ത്തയെ അധിഷ്ഠിതമായായിരുന്ന ആ പോസ്റ്റ്, ഇത്തരം ഒരു ആനവര്‍ഗ്ഗത്തിന്റെ സാന്നിദ്ധ്യം നിരാകരിക്കുന്നു. കാര്യപ്പെട്ട വിടവുകളില്ലാത്താ വെസ്റ്റേണ്‍ ഘാട്സിന്റെ ഭാഗമായ കേരള വനാന്തരങ്ങളില്‍, ഇപ്രകാരം വംശ ശുദ്ധി നിലനിര്‍ത്തിക്കൊണ്ട് കല്ലാനയെപ്പോലെയൊരു ജീവി വിഭാഗത്തിന് നിലനില്‍ക്കാനാവില്ല എന്നതാണ് പ്രധാനമായും ഈ ആന വിഭാഗ(?)ത്തിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നത്. കേരള വനം വകുപ്പും കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടും ഇതെ അഭിപ്രായം തന്നെയാണ് പങ്കുവക്കുന്നത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കല്ലാന വീണ്ടും വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ടു. ആദ്യമായി ഇവയെ (ഒരെണ്ണത്തെ മാത്രമാണ് കണ്ടത്) കണ്ടത് സാലി പാലോട് എന്ന വന്യജീവി ഫോട്ടോഗ്രാ‍ഫര്‍ തന്നെയാണ് ഇത്തവണയും കണ്ടതെന്നതാണ് കൌതുകകരം. തുടര്‍ന്ന് അജന്ത ബെന്നി എന്ന ഫോട്ടോഗ്രാഫര്‍ എടുത്തതാണെന്ന് അവകാശപ്പെട്ട ഒരു ഫോട്ടോയും പ്രദ്ധീകൃതമായി. ഒരു ലിങ്ക് ഇതാ. ഇവിടെയും കൌതുക കരമാ‍യ സംഗതി എന്തെന്നാല്‍ എല്ലാ തവണയും ഒറ്റ ഒരു വഴികാട്ടിയാണ് ആനയെ കണ്ടെത്തുന്നതെന്നാണ്. വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ വീണ്ടും തിരച്ചില്‍ നടത്തിയെങ്കിലും കല്ലാനയെ കാണാന്‍ സാധിച്ചില്ല.

കല്ലാനയെ അന്വേഷിച്ചെത്തുന്ന വനം ഉദ്യോഗസ്ഥര്‍ ആവര്‍ത്തിക്കുന്ന ഒരു സംഗതിയുണ്ട്, മറ്റ് ഫോട്ടോഗ്രാഫര്‍മാര്‍ കൂടെയുണ്ടെങ്കില്‍ ശ്രീമാന്‍ സാലിയുടെ സഹായം ലഭിക്കില്ലന്നും, അങ്ങിനെ വന്നാല്‍ ആനയെ കാണാനാവില്ലെന്നതുമാണത്. ഈ വ്യവസ്ഥ അംഗീകരിച്ച് വനത്തിലേക്ക് പോയ വനപാലക സംഘത്തിന് ആന നിന്നിരുന്നു എന്നു പറയപ്പെടുന്ന സ്ഥലത്തിനടുത്ത് നിന്നും കിട്ടിയ ഒരു ആനപ്പിണ്ഡം മാത്രം കൊണ്ട് തൃപ്തിടയേണ്ടി വന്നു. ലഭിച്ച ആനപ്പിണ്ഡത്തിന്റെ ഡി.എന്‍.എ ടെസ്റ്റ് നടത്തി ഇവക്ക് സാധാരണ കാട്ടാനയില്‍ നിന്നും ജനിതക വ്യത്യാസമുണ്ടോ എന്ന് പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് വനം വകുപ്പ്.

ധാരാളം ഗവേഷകര്‍ക്ക് താത്പര്യമുള്ള ഒരു വിഷയമാണ് കല്ലാന, അതുകൊണ്ട് തന്നെ നിരവധി ആളുകള്‍ ഇതിനെ അന്വേഷിച്ച് എത്താറുമുണ്ടെന്നാണ് വിവരം. വാസ്തവത്തില്‍ ഇത്തരം ഒരു ജീവി നിലനില്ക്കുന്നുണ്ടെങ്കില്‍ അത് വെളിച്ചത്ത് കൊണ്ടുവരാനുള്ള ആതമാര്‍ത്ഥ ശ്രമമാണ് എല്ലാ വന്യജീവി സ്നേഹികളും നടത്തേണ്ടത്. അതില്ലാതെ കേവലം വ്യക്തി താത്പര്യങ്ങളിലേക്കത് ഒതുങ്ങുന്നത് ഒരു പക്ഷെ കച്ചവട തന്ത്രമായി വ്യാഖാനിക്കപ്പെടും.

5/13/2010

മിതവേഗത എത്ര വേഗം?

ഫോസില്‍ ഇന്ധനങ്ങള്‍ ഉറവ വറ്റുന്നവയാണെന്നതിനാല്‍ ഇവയുടെ ഉപയോഗം ഏറ്റവും ക്ഷമത ലഭിക്കുന്ന തരത്തിലായിരിക്കണമെന്ന് നാം എപ്പോഴും പറയാറുണ്ട്. 20 ശതമാനം വിലക്കുറവില്‍ ഇന്ധനം എന്നൊരു ടീവി പരസ്യം കാണാറുണ്ട്, പെട്രോള്‍ പമ്പിലെത്തുന്ന കാറുടമയോട് ഇനി ഇന്ധനത്തിന് ഇരുപത് ശതമാനം വിലക്കുറവാണെന്ന് പറയുന്ന പമ്പ് ജോലിക്കാരന്‍, എന്നാല്‍ ബാക്കി തരൂ എന്ന് പറയുന്ന വാഹന ഉടമയോട് അത് നിങ്ങളുടെ കയ്യിലാണ് ഇനി മുതല്‍ കുറഞ്ഞ വേഗതയില്‍ വാഹനം ഓടിക്കൂ എന്ന് പമ്പില്‍ നിന്നും ഉപദേശം നല്‍കുമ്പോള്‍ അതൊരു നല്ല പ്രചരണമാവുന്നു. എന്നാല്‍ ഇവിടെ ഒരു ചെറിയ പിശക് കടന്നു കൂടിയിട്ടുണ്ട്, എന്തെന്നാല്‍ വാഹനം 40 കിലോമീറ്റര്‍ / മണിക്കൂര്‍ സ്പീഡില്‍ ഓടിക്കാനാണ് ഉപദേശം . കുറച്ച് ദിവസം മുമ്പ് ജഗദീശിന്റെ മലയാളം വെബ് ലോഗില്‍ ഏറ്റവും ഉയര്‍ന്ന ഇന്ധന ക്ഷമത കാഴ്ചവച്ച ഒരു വാഹനത്തെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി. റെക്കോഡിട്ടത് വൈദ്യുതകാറാണെങ്കിലും വിഷയം സ്പീഡും വേഗതയും തമ്മിലുള്ള പരസ്പര ബന്ധം തന്നെയാണ്. അതിനെ വിശദീകരിക്കുന്നതിനിടെ പരമാവധി വേഗം 55 കി.മീ / മണിക്കൂര്‍ ആയി നിജപ്പെടുത്തിയാണ് ക്ഷമത കൈവന്നതെന്നും പരാമര്‍ശിച്ചു കണ്ടു.

യഥാര്‍ത്ഥത്തില്‍ എത്രയാണ് മിതവേഗതയുടെ വേഗത?
ടീവി പരസ്യത്തില്‍ കാണുന്ന 40 കിലോമീറ്റര്‍ വേഗതയിലോ അല്ലെങ്കില്‍ ജഗദീശ് പരാമര്‍ശിക്കുന്ന 55 കിലോമീറ്റര്‍ വേഗതയിലോ നമ്മുടെ ഹൈവേകളില്‍‍ വാഹനം ഓടിക്കുന്നത് സങ്കല്‍പ്പിച്ചു നോക്കൂ, എന്തൊരു ബോറായിരിക്കും, റോഡില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ച് നീങ്ങുന്ന നമ്മുടെ വാഹനത്തെ മറ്റ് യാത്രക്കാര്‍ മനസ്സാ ശപിക്കുകയും ചെയ്യും എന്ന് തീര്‍ച്ച. അപ്പോള്‍ 55 കിലോമീറ്റര്‍ വേഗത മതിയാകുമോ?മുന്നോട്ട് നാലും പിറകോട്ട് ഒരു ഗിയറും മാത്രമുണ്ടായിരുന്ന എന്റെ പഴയ അമ്പാസിഡര്‍ കാര്‍ ഉണ്ടായിരുന്ന കാലത്ത് 40 മുതല്‍ അമ്പത് കിലോമീറ്റര്‍/മണിക്കൂറായിരുന്നു മിതവേഗത. ഇന്ന് റോഡുകള്‍ ക്ഷമതയേറിയതായി, വാഹനം കൃശഗാത്രനായി, ഗിയര്‍ അഞ്ചും അറും ആയി.ഇപ്പോഴും നമുക്ക് 40 - 50 ഇല്‍ തന്നെ ഉറപ്പിക്കാമോ?

വിക്കി ലേഖനങ്ങള്‍ ആധികാരിക റഫറസുകളായി പരിഗണിക്കാനാവില്ലെങ്കിലും സ്പീഡും ക്ഷമതയും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുന്ന ഈ ലേഖനം കാണുക. സംശയം വരുന്ന ഭാഗങ്ങളില്‍ അതാതിടങ്ങളിലെ റഫറന്‍സുകള്‍ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കും.45 മൈല്‍/ മണിക്കൂറിനേക്കാള്‍ 65 മൈല്‍/ മണിക്കൂറാണ് കൂടുതല്‍ ക്ഷമത നല്‍കിയതെന്ന് ഈ ലേഖനം പറയുന്നു. 55 മൈല്‍/ മണിക്കൂര്‍ ആണ് ഏറ്റവും ക്ഷമതയുള്ള വേഗത എന്നും കാണാം. വിവിധ വെബ് സൈറ്റുകള്‍ നല്‍കുന്ന വിവരവും ഇതുനു സമാനമാണ്. കാറുകളുടെ ബോഡി ഡിസൈനില്‍ വന്ന പരിഷ്കാരങ്ങളും ട്രാന്‍സ്മിഷന്‍ സിസ്റ്റത്തില്‍ വന്ന പരിക്കാരങ്ങളും ചേര്‍ത്ത് 40 മുതല്‍ 50 കിലോമീറ്റര്‍ സ്പീഡ് എന്നതിനെ മാറ്റാറായി എന്ന് തോന്നുന്നു. മേല്‍ പാരഗ്രഫില്‍ വിവരിച്ചിരിക്കുന്ന ഇടങ്ങളില്‍ സംഭവിക്കുന്നതിനെ ഇങ്ങനെ മനസ്സിലാക്കാം , 55 മൈല്‍ / മണിക്കൂര്‍ മൊഴിമാറ്റത്തില്‍ 55 / കി.മീ / മണിക്കൂര്‍ ആകുന്നു. 0.6214 മൈല്‍ ഒരു കിലോമീറ്റര്‍ എന്ന് കണക്കാക്കിയാല്‍ അതായത് ഏകദേശം 88.5 കിലോമീറ്റര്‍ / മണിക്കൂര്‍. 40 മൈല്‍/ മണിക്കൂര്‍ എന്നത് 65 കിലോമീറ്റര്‍/ മണിക്കൂര്‍ ആകുന്നും.

65 കിലോമീറ്റര്‍/ മണിക്കൂര്‍ എന്നത് പ്രായോഗികമായ ഒരു വേഗതയാണെന്നാണ് എന്റെ നിരീക്ഷണം, കാര്യമായ ഗിയര്‍ മാറ്റങ്ങള്‍ കൂടാതെ ശാന്തമായി പോകാം.എന്താണ് നിങ്ങളുടെ അഭിപ്രായം?

5/12/2010

ഒരു മുല്ലപ്പെരിയാര്‍ യാത്ര

മൂന്നാര്‍, തേക്കടി എന്നിവടങ്ങളിലായി രണ്ട് കാട്ടാനകളുടെ മരണം നടന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോയ സുഹൃത്തുക്കളുടെ കൂടെയായിരുന്നു കഴിഞ്ഞാഴ്ച കാട് കയറാന്‍ പോയത്. തേക്കടിയിലെത്തി കാട്ടിലേക്ക് യാത്രതിരിക്കാന്‍ തുടങ്ങിയപ്പോഴാണ് ശല്യക്കാരനായ ഒരു ചുള്ളിക്കൊമ്പന്‍ ഡാം സൈറ്റില്‍ ഉണ്ടെന്ന് അറിഞ്ഞതും അവനേക്കാണാന്‍ പോകാന്‍ തീരുമാനമായതും. തേക്കടി ബോട്ട് ലാന്റിങില്‍ നിന്നും ഏകദേശം അരമണിക്കൂറോളം സ്പീഡ് ബോട്ടില്‍ പോയാലെ ഡാമിലെത്തൂ, ഡാം നമ്മുടെ മുല്ലപ്പെരിയാര്‍ ഡാമാണെന്ന് പറയേണ്ടതില്ലല്ലോ.
ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൂടെയുള്ള യാത്രയായതിനാല്‍ ഡാമില്‍ കയറാന്‍ ബുദ്ധിമുട്ടുണ്ടായില്ല, എന്നിരുന്നാലും ക്യാമറ കയ്യിലെടുക്കുന്നതിനോട് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ യോജിച്ചില്ല. ചിത്രമെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും കൂടുതല്‍ നിര്‍ബന്ധം ഞങ്ങളും കാട്ടിയില്ല. ഡാമിന്റെ മുകളില്‍ എത്തിയപ്പോള്‍ ഫോട്ടോ എടുക്കാനാവാത്തതില്‍ വിഷമിക്കേണ്ട കാര്യമില്ലെന്ന് മനസ്സിലായി എന്തെന്നാല്‍ പാച്ചുവിന്റെ മുല്ലപ്പെരിയാര്‍ യാത്രാ ബ്ലോഗില്‍ കാണുന്ന എല്ലാ ചിത്രങ്ങളും അതുപോലെ തന്നെ കാണാം.

ഡാം സൈറ്റിലെ ബോട്ട് ലാന്റിങില്‍ നിന്നും കയറുന്നത് പോലീസ് ക്വാട്ടേഴ്സുകളിലേക്കാണ്, അത്ര സൌകര്യങ്ങളൊന്നും ഇല്ലാത്ത കരിങ്കല്‍ കെട്ടിടങ്ങള്‍. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായൊരു ചായ്പില്‍ ചില പോലീസുകാര്‍ ഭക്ഷണം പാചകം ചെയ്യുന്നുണ്ട്. അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ നമുക്ക് അധികാരമില്ല, തമിഴ്നാട് ചെയ്യണം. ആന ശല്യം വളരെ ഏറെയുള്ള ഈ ഭാഗത്ത് എല്ലാ ദിവസവും ആനകളുണ്ടാവാറുണ്ടത്രെ. ഞങ്ങള്‍ തേടിച്ചെന്ന ചുള്ളിക്കൊമ്പന്‍ അവിടെ നിന്നും പോയെന്ന വിവരമാണ് കിട്ടിയത്. വന്ന സ്ഥിതിക്ക് ഡാം ചുറ്റി നടന്നു കാണാന്‍ തീരുമാനിച്ചു. ഡാമിന്റെ കാഴ്ചകളിലേക്ക് കടക്കുന്നില്ല, പക്ഷെ ഡാമിന്റെ സുരക്ഷ സംബന്ധിച്ച ചില ചിന്തകള്‍ പങ്കുവക്കുന്നു.

ഇത് മെയിന്‍ ഡാം, സ്പീഡ് ബോട്ടില്‍ നിന്നുള്ള ചിത്രം. ഡാം നില്‍ക്കുന്നതും ഡാമിന്റെ പിന്നില്‍ കാണുന്ന മലനിരകളടക്കം കേരളത്തിന്റെ മണ്ണാണ്.സൂക്ഷിച്ചു നോക്കിയാല്‍ പൊളിഞ്ഞിളകിയ സിമന്റ് തേപ്പ് കാണാനാകും.


ഇത് സ്പില്‍ വേ, ബോട്ട് ലാന്റിങില്‍ നിന്നുള്ള ചിത്രം. 136 അടി കഴിഞ്ഞാല്‍ വെള്ളം ഇതുവഴിയാണ് കവിഞ്ഞൊഴുകിപ്പോകേണ്ടത്. ഇത് നില്‍ക്കുന്നതും വെള്ളം ഒഴുകിപ്പോകുന്നതും കേരളത്തിന്റെ വനഭൂമിയിലൂടെയാണെന്ന് പറയേണ്ടല്ലോ.


മെയിന്‍ ഡാമിന്റെ മുകളിലൂടെ നടന്നാല്‍ ബേബി ഡാമിലെത്താം. ബേബി ഡാം എന്നാല്‍ ഡാമിന്റെ വലതുഭാഗത്തായ് നീരൊഴുകുന്ന ഭാഗം തടഞ്ഞു നിര്‍ത്തിയിരിക്കുന്നതാണ്. ഈ ഡാം യാതൊരു കൃത്രിമ മോടിപിടിപ്പിക്കലുമില്ലാതെ കാണാനാകുന്നു എന്നുള്ളതാണ് മെച്ചം. വെള്ളത്തിന്റെ ശക്തിയില്‍ ഡാം തള്ളിപ്പോകുന്നുവെങ്കില്‍ ആദ്യം ബേബി ഡാമാകും പൊട്ടുക എന്നു തോന്നുന്നു.ചിത്രത്തിന് കടപ്പാട്, പാച്ചു.

ബേബി ഡാമിനും മെയിന്‍ ഡാമിനുമിടയില്‍ സാന്‍ഡ് ഡാം, ഇതിന്റെ നിര്‍മ്മിതിയും വ്യത്യസ്ഥമല്ല. ബേബി ഡാമിന്റെ ചിത്രവും ഈ ചിത്രവും പരിശോധിച്ചതില്‍ നിന്നും കേരളത്തിന്റെ വാദങ്ങള്‍ ശരിയാണെന്ന് ബോധ്യം വരുന്നുണ്ട്. ചിത്രത്തില്‍ കാണുന്ന കല്‍ക്കെട്ട് മെയിന്‍ ഡാം മുതല്‍ ബേബിഡാമിന്റെ അറ്റം വരെ നീണ്ടു കിടക്കുന്ന ഒന്നാണ്, ഡാമുകളുടെ ഭാഗത്ത് ഉള്‍ഭാഗം സുര്‍ക്കി മിശ്രിതവും ഇവിടെ മണലും മണ്ണും.
ചിത്രത്തിന് കടപ്പാട്, പാച്ചു.

ഈ ഡാമുകളുടെ നിര്‍മ്മിതി മെയിന്‍ ഡാമിന്റേതിനു സമാനമാണെന്നാണ് മനസ്സിലാക്കാനാവുന്നത്. താഴെ ചിത്രം നോക്കൂ, ഏകദേശം രൂപ രേഖ കൊടുക്കുന്നു.രണ്ടു വശവും കല്‍ക്കെട്ടും നടുഭാഗം കല്‍ക്കഷണങ്ങള്‍, മണ്ണ്, ചുണ്ണാമ്പ് എന്നിവ നിറച്ചാണ് ഈ ഡാം നിര്‍മ്മിച്ചിരിക്കുന്നത്.ഈ വസ്തുക്കളെല്ലാം ജലാംശം ചോരുന്നവയാണെന്നതിനാല്‍ കുറഞ്ഞ തോതിലുള്ള സീപ്പേജ് ഇത്തരം ഡാമുകളില്‍ ഉണ്ടാവും, വെള്ളം വാര്‍ന്നു പോകാനുള്ള ചാലുകളും. എന്നാല്‍ കാലക്രമത്തില്‍ ഇവ ഒലിച്ച് പോയി ചോര്‍ച്ച വര്‍ദ്ധിക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.ചിത്രം ഗൂഗിളില്‍ തപ്പിയെടുത്തത്.

മെയിന്‍ ഡാമിനെ ഈ നിലയില്‍ കാണുന്നത് തങ്ങള്‍ക്ക് ദോഷം ചെയ്യും എന്ന് ബോദ്ധ്യപ്പെട്ട തമിഴ്നാട്, കോണ്‍ക്രീറ്റ് ഉപയോഗിച്ച് മെയിന്‍ ഡാമിനെ പൊതിഞ്ഞു വച്ചിരിക്കുന്നത് കാണാം. കോണ്‍ക്രീറ്റ് കെട്ടോടു കൂടിയ മോഡിഫൈഡ് ഡാമാണ് ഇന്ന് നമ്മള്‍ കാണുന്ന മുല്ലപ്പെരിയാര്‍ ഡാം, അകമെ കല്ലും ചുണ്ണാമ്പും , പോരാഞ്ഞതിന് ഒരു ടണലും കൂടിയ ഈ കെട്ട് എത്ര ഉറപ്പുള്ളതാണെന്ന് ഉറപ്പ് പറയാനാവില്ല.മെയിന്‍ ഡാമിന്റെ മുകളിലെ തേപ്പില്‍ ഈ കൂട്ടിച്ചേര്‍ക്കല്‍ വ്യക്തമാണ്. രണ്ടാമത് ബലപ്പെടുത്താനായ് കെട്ടിയ കോണ്‍ക്രീറ്റിന് ഈ തകര്‍ച്ചയെ പ്രതിരോധിക്കാന്‍ ശേഷി ഉണ്ടോ എന്നും പറയാനാവില്ല. ചിത്രം നോക്കുക, ഡാമിന്റെ മേല്‍ ഭാഗത്ത് കൂട്ടിച്ചേര്‍ക്കല്‍ വ്യക്തമായി കാണാം. ഒറ്റ നോ‍ട്ടത്തില്‍ ബലവത്തെന്ന തോന്നല്‍ സൃഷ്ടി‍ക്കാന്‍ ഈ കെട്ടിനു കഴിയുന്നു.
ഈ കൂട്ടിച്ചേര്‍ക്കല്‍ വെറും പുറം പൂച്ച് മത്രമാണെന്ന് ഡാം നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പറയുന്നു. നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കെട്ട് പഴയ ഡാമിന്മേലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നത് തന്നെ കാരണം. വെള്ളത്തിന്റെ ഒരു തള്ളല്‍ വന്നാല്‍ ഇരുകരകളിലും വേണ്ട രീതിയില്‍ പിടുത്തമില്ലാത്ത ഈ കെട്ട് മറിഞ്ഞു പോകും. പുതിയ ഡാം നിര്‍മ്മിക്കാന്‍ ആലോചിക്കുന്ന സ്ഥലം അധികം താഴെയല്ലാതെ കാണാം. ഏറെ വനപ്രദേങ്ങളൊന്നും തന്നെ ബാധിക്കാത്ത അത്ര അടുത്ത്,അതുമാത്രമാണ് ഒരു ആശ്വാസം.

കേരളത്തിന്റെ മണ്ണില്‍ ഉത്ഭവിച്ച് കേരളത്തില്‍ ഒഴുകി കടലില്‍ പതിക്കുന്ന ഒരു നദിയുടെ ഡാമിന്റെ മേല്‍, അതും ഇത്രയധിലം ആപത്ത് വരാവുന്ന ഒന്ന്, നമുക്ക് ഒന്നും ചെയ്യാനാകുന്നില്ലെങ്കില്‍ അത് വ്യവസ്ഥിതിയുടെ തെറ്റാണെന്നെ പറയാനാകൂ.

5/10/2010

വിലകള്‍ കയറുന്നതെങ്ങിനെ

വിലക്കയറ്റത്താല്‍ പൊറുതി മുട്ടുകയാണ് ഇന്ത്യാ മഹാരാജ്യത്തെ ജനങ്ങള്‍.
കൃത്യ ശമ്പളക്കാരായ ഇടത്തരക്കാര്‍ രണ്ടറ്റവും തൊടാത്ത വരവു ചിലവു കണക്കുകളുമായി യുദ്ധം ചെയ്യുന്നതിനിടയിലാണ് കേന്ദ്ര ബഡ്ജറ്റ് വരുന്നത്. സ്വാഭാവികമായും വില നിയന്ത്രിക്കാനുള്ള എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. നിയന്ത്രണം ഇല്ലെന്ന് മാത്രമല്ല നിലവിലെ ഇന്ധന വില വര്‍ദ്ധിപ്പിക്കുന്ന പ്രഖ്യാപനങ്ങളാണ് കേന്ദ്രം നടത്തിയത്.ഏതാണ്ട് പൂര്‍ണ്ണമായും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് കൂനിന്മേല്‍ കുരുവായി ഈ വില വര്‍ദ്ധന. എണ്ണക്കമ്പനികളുടെ നഷ്ടം നികത്തണമെന്നും അതിനാല്‍ യാതൊരു കാരണവശാലം വില കുറക്കാനാവില്ലെന്നുമാണ് ലോകസഭക്ക് കിട്ടിയ മറുപടി. ഇതിനെപ്പറ്റിയുള്ള ചില തിരച്ചിലുകളാണ് PAG (People Against Globalisation) ബുള്ളറ്റിനില്‍ എത്തിച്ചേര്‍ന്നത്. അവരുടെ പ്രസിദ്ധീകരണത്തില്‍ നിന്നും ലഭിച്ച് ഒരു പട്ടിക താഴെ കൊടുക്കുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ കോര്‍പറേറ്റ് / വ്യക്തിഗത സ്വകാര്യ സംരഭകര്‍ക്കായ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഇളവുകളുടെ പട്ടിക.


അവലംബമായി നല്‍കിയിരിക്കുന്നത് (ബഡ്ജറ്റ്- അനക്സ്ചര്‍ 2010-11).

ഈ പട്ടിക വിശദീകരിക്കുന്നത്:

1.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ സ്വകാര്യ നിക്ഷേപകരില്‍ നിന്നും കേന്ദ്ര ഖജനാവിലേക്ക് നിയമാനുസൃതമായി പിരിച്ചെടുക്കാമായിരുന്ന, എന്നാല്‍ വേണ്ടെന്ന് വച്ച ഭീമന്‍ തുകയുടെ കണക്കാണ് ഇത്.

2.ഈ തുകയെന്ന് പറയുന്നത് രാഷ്ട്രം പിരിച്ചെടുത്ത നികുതിവരുമാനത്തിന്റെ 68.59 ശതമാനം -2009-8, 79.54 ശതമാനം -2009-10 ആണ്.

3.രാജ്യത്തിന്റെ 2008 ലെ റവന്യൂ കമ്മി 2,53,539 കോടി രൂപയായിരുന്നു, ആ വര്‍ഷം കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ നികുതി ഇളവ് 4,14,099. 2009 ഇല്‍ റവന്യൂ കമ്മി 3,29,061 കുത്തകകള്‍ക്ക് നല്‍കിയ നികുതി ഇളവ് 5,02,299 കോടി രൂപ.

4.കഴിഞ്ഞ വര്‍ഷം (2009-10) ധനക്കമ്മി 6.5 ശതമാനം (4,14,041 കോടി രൂപ). കോര്‍പ്പറേറ്റുകളില്‍ നിന്നും ആ വര്‍ഷം പിരിക്കണ്ട എന്ന് തീരുമാനിച്ച് തള്ളിക്കളഞ്ഞത് 5,02,299 കോടി രൂപ.

5. ഇന്ത്യയുടെ ആകെ ജനസംഖ്യയായ 117 കോടിയുടെ , കേവലം പത്ത് ശതമാനം വരുന്ന കോടീശ്വരന്മാര്‍ക്കായ് ഇന്ത്യാ മഹാരാജ്യം വിളമ്പിയ പണത്തിന്റെ കണക്കാണിത്.

കൂടുതല്‍ വിശകലനങ്ങള്‍ക്ക് PAG ബുള്ളറ്റിനുകള്‍ വായിക്കുക.

കോടീശ്വരന്മാര്‍ക്ക് ഇളവുകളും സാധാരണക്കാരന് നികുതി ഭാരവും, അഭിനവ ഗാന്ധിമാരുടെ പ്രജാ വാത്സല്യം !

5/04/2010

മലയാളം എഴുത്ത് - ലിനക്സില്‍

ലിനക്സിന്റെ പുതിയ വേര്‍ഷനുകള്‍ വരുന്തോറും കൂടുതല്‍ യൂ‍സര്‍ ഫ്രണ്ട്ലിയായി വരികയാണ്. ഫെഡോറ 12 ഇന്‍സ്റ്റാള്‍ ചെയ്ത് മലയാളം ടൈപ്പ് ചെയ്യാന്‍ നടത്തിയ ശ്രമങ്ങള്‍ വളരെ എളുപ്പമായിരുന്നു. അതിന്റെ വിശദാംശങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ലിനക്സിലേക്ക് - ഫെഡോറ 12

5/03/2010

ലിനക്സിലേക്ക് - ഭാഗം രണ്ട് - ഫെഡോറ 12


1) ഫെഡോറ വിര്‍ച്വല്‍ പിസിയില്‍.

2) ഹാര്‍ഡ് ഡിസ്ക് പാര്‍ട്ടീഷനിങ്.

3) ബൂട്ട് മെനു കസ്റ്റമൈസേഷന്‍

4) നെറ്റ് വര്‍ക്ക് സെറ്റപ്പ്

5) നെറ്റ് വര്‍ക്ക് സെറ്റപ്പ്: കമാന്റ് മോഡ്

6) മലയാളം ടൈപ്പിങ്

ആമുഖം

ഫെഡോറ 12 വിര്‍ച്വല്‍ പിസിയില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിന്റെ അനുഭവങ്ങള്‍ ഒന്നാം ഭാഗത്തില്‍ വിവരിച്ചിരുന്നത് വായിച്ചിരിക്കുമല്ലോ. നിലവിലെ മൈക്രോസോഫ്റ്റ് ഇന്‍സ്റ്റലേഷന്‍ നിലനിര്‍ത്തിക്കൊണ്ട് എപ്രകാരം ഫെഡോറ (ഏതാണ്ട് എല്ലാ ലിനക്സ് ഡിസ്ട്രിബ്യൂഷനുകളും) ഇന്‍സ്റ്റാള്‍ ചെയ്യുന്നത് കൂടെ ഇവിടെ കുറിച്ചിടുന്നു. അതോടൊപ്പം നെറ്റ് വര്‍ക്ക് സെറ്റപ്പ് ചെയ്തതും മലയാളം ടൈപ്പിങ് സെറ്റ് ചെയ്യുന്നതും രേഖപ്പെടുത്തുന്നു. വിര്‍ച്വല്‍ മെഷീനില്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെയില്ലാതെ ഇന്‍സ്റ്റലേഷന്‍ നടന്നു. ശ്രദ്ധകൊടുക്കേണ്ട ചില ഭാഗങ്ങളുടെ‍ മാത്രം സ്ക്രീന്‍ ഷോട്ടുകള്‍ പോസ്റ്റുന്നു.

നിലവിലെ മൈക്രോസോഫ്റ്റ് ഉപയോക്താവ് എന്ന നിലയില്‍ വിലയേറിയ ഓപ്പറേറ്റിങ് സിസ്റ്റം, മറ്റ് ഡാറ്റ എന്നിവ നമ്മുടെ ഹാര്‍ഡ് ഡിക്സില്‍ ഉണ്ടാവുമല്ലോ. ഇത് നഷ്ടപ്പെടാതെ വേണം പുതിയ ഓ.എസ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍. ലിനക്സിനായ് ഒരു പാര്‍ട്ടീഷന്‍ ഒഴിവാക്കി എടുത്തശേഷം ലിനക്സ് ഇടാന്‍ ആരംഭിക്കുക. ഇന്‍സ്റ്റലേഷന്‍ പുരോഗമിക്കുമ്പോള്‍ വരുന്ന സ്ക്രീനുകള്‍ ഓരോന്നും ശ്രദ്ധയോടെ വായിച്ച്, ഓപ്ഷനുകള്‍ ക്ലിക്ക് ചെയ്യണം. പ്രധാന ഒരു ഘട്ടം കഴിഞ്ഞ പൊസ്റ്റില്‍ പറഞ്ഞിരുന്നെങ്കിലും‍ ഒന്നു കൂടെ കാണിക്കുന്നു. മുകളിലേക്ക് പോകാന്‍ ക്ലിക്ക് ചെയ്യുക

ഹാര്‍ഡ് ഡിസ്ക് പാര്‍ട്ടീഷനിങ്
ഇന്‍സ്റ്റലേഷന്‍ ഘട്ടങ്ങളില്‍ ഹാര്‍ഡ് ഡിസ്ക് പരിശോധന കഴിഞ്ഞാല്‍ എത്തിച്ചേരുന്നതാണ് ഈ സ്കീന്‍.

ഓപ്ഷന്‍ ശ്രദ്ധിക്കുക: "Replace existing Linux system" അതില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ഓപ്ഷനുകള്‍ ലഭിക്കും.

"Create custom lay out " തിരഞ്ഞെടുക്കുക.

ചിത്രത്തില്‍ വിവിധ പാര്‍ട്ടീഷനുകള്‍ വ്യക്തമായി കാണാം, നമ്മുടെ സിസ്റ്റത്തില്‍ നിലനില്‍‍ക്കുന്നവയാണ് ഇവ. ഇവിടെ ആദ്യ പാര്‍ട്ടീഷനില്‍ വിഡോസ് 2000 ആണ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. ഫ്രീ സ്പേസ് ആയി കാണുന്ന സ്ഥലമാണ് ലിനക്സിനായി ഒഴിവാക്കിയിട്ടിരിക്കുന്നത്. അതില്‍ വേണം ഇന്‍സ്റ്റലേഷന്‍ പുരോഗമിക്കേണ്ടത്. അല്പം വിശദീകരണങ്ങള്‍ കഴിഞ്ഞ പോസ്റ്റില്‍ ഉണ്ട്.

ബൂട്ട് മെനു കസ്റ്റമൈസേഷന്‍

ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായി ബൂട്ട് ചെയ്യുന്ന സിസ്റ്റം നേരെ ഫെഡോറയിലേക്കാണ് പോവുക. അതും ഓ.എസ് സെലക്ഷന്‍ മെനുവിന് അഞ്ചു സെക്കന്റ് മാത്രം സമയം അനുവദിച്ച്‍. നമുക്ക് ആവശ്യമുള്ള ഓസ് ലോഡ് ചെയ്യാന്‍ സാധിക്കുന്നതാണ്, ഇതിനായ് ബൂട്ട് ഓപ്ഷന്‍ എഡിറ്റ് ചെയ്യണം. ടെര്‍മിനലില്‍ , റൂട്ട് പ്രിവിലേജില്‍ ജി എഡിറ്റ് ആക്റ്റിവേറ്റ് ചെയ്യുക. അതില്‍ നിന്നും "file sytem/boot/grub/mnu.1st" ഓപ്പണ്‍ ചെയ്യുക.


സ്കീന്‍ നോക്കുക. ബൂട്ട് ലോഡര്‍ ഡീഫോള്‍ട്ട് ആയി സീറോ ആണ് ഉണ്ടാവുക, അതായത് നേരെ ലിനക്സിലേക്ക്. അത് ഒന്നാക്കിയാല്‍ രണ്ടാമത്തെ ബൂട്ട് ഓപ്ഷനിലേക്ക് ഡീഫാള്‍ട്ടായി പോകും.

"default = 1"

"Time out = 5" എന്നുള്ളതില്‍ 5 ന് പകരം 30 ചേര്‍ക്കുക. ബൂട്ട് ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ 30 സെക്കന്റ് മതിയാകുന്നതാണ്.

ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായിരിക്കുന്നു.മുകളിലേക്ക്

നെറ്റ് വര്‍ക്ക് സെറ്റപ്പ്:

ഫെഡോറ മുന്‍ വേര്‍ഷനുകളെ അപേക്ഷിച്ച് വളരെ വ്യത്യാസമായാണ് ഇതില്‍ നെറ്റ് വര്‍ക്ക് സെറ്റപ്പ് എന്നാണ് മനസ്സിലാക്കാനായത്. ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് ഉപയോഗിച്ചുള്ള നെറ്റ് വര്‍ക്ക് സ്ക്രീന്‍ തന്നെ മുന്‍ വേര്‍ഷനുകളില്‍ നിന്നും വ്യത്യസ്ഥമാണ്. എന്നിരുന്നാലും ഒരു ശ്രമം നടത്തി നോക്കാം എന്ന് കരുതിയെങ്കിലും അത് പരാജയപ്പെട്ടു.
സ്ക്രീന്‍ ഷോട്ടുകള്‍ താഴെ.

System - Preferences - Network Connections സെലക്റ്റ് ചെയ്തു. തുറന്നു വന്ന വിന്‍ഡോയില്‍ വിവിധ ഇന്റ്റര്‍ഫേസുകള്‍ കൊടുത്തിട്ടുണ്ട്.

ഇതില്‍ ഡി.എസ്.എല്‍ എടുത്ത് അതില്‍ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ചു, "Apply" ക്ലിക്ക് ചെയ്തു.

ഓതന്റിക്കേഷന്‍ ചോദിച്ച് ഒരു വിന്‍ഡോ പ്രത്യക്ഷപ്പെട്ടു, റൂട്ട് പാസ്വേഡ് നല്‍കി, പക്ഷെ കണക്ഷന്‍ ആഡ് ഫെയില്‍ഡ് എന്ന് മെസ്സേജ് വന്ന് ശ്രമം പരാജയപ്പെട്ടു. ‍ ഇന്റര്‍ നെറ്റില്‍ പരതിയെങ്കിലും ഇത്തരം ഒരു ഇന്റ്റര്‍ഫേസ് ഫെഡോറക്ക് എവിടേയും കണ്ടില്ല, പഴയ സ്ക്രീന്‍ ഷോട്ടുകള്‍ മാത്രമേ കണ്ടുള്ളൂ. കമാന്റ് പ്രോംപ്റ്റില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാവശ്യമായ വിവരങ്ങള്‍ക്ക് തിരഞ്ഞെങ്കിലും അതും കിട്ടിയില്ല.മുകളിലേക്ക്

ഇത് ഫെഡോറയുടെ കുഴപ്പമായിരിക്കില്ലെന്ന് കരുതുന്നു, വിവരങ്ങള്‍ ട്രേസ് ചെയ്യുന്നതില്‍ എനിക്ക് വന്ന പാളിച്ചയാകാം. എന്തായാലും "ppp" എന്ന കീ വെഡ് ഉപയോഗിച്ച് സിസ്റ്റത്തില്‍ ഫയല്‍ സേര്‍ച്ച് നടത്തിയപ്പോള്‍ pppoe-setup എന്ന ഒരു ഫയല്‍ കണ്ടു.

നെറ്റ് വര്‍ക്ക് സെറ്റപ്പ്: കമാന്റ് മോഡ്

"Aplications-System Tools -Terminal" എടുത്തു.

"su -c pppoe-instal" ടൈപ്പ് ചെയ്ത് എന്റര്‍ കൊടുത്തു, പാസ്വേഡ് ചോദിച്ച് റൂട്ടിലേക്ക് കടന്ന് ഇന്‍സ്റ്റലേഷന്‍ ആരംഭിച്ചു.


വിശദാംശങ്ങള്‍ ഇതാ:

[anil@PC ~]$ su -c pppoe-setup

പാസ് വെഡ് ചോദിക്കും.

Password: റൂട്ട് പാസ് വേഡ് കൊടുക്കുക. തുടര്‍ന്ന് ഓരോ സ്റ്റെപ്പിനും മെസ്സേജുകള്‍ ലഭിക്കും.

Welcome to the PPPoE client setup. First, I will run some checks on
your system to make sure the PPPoE client is installed properly...

LOGIN NAME


Enter your Login Name (default anil): യൂസര്‍ നേം കൊടുക്കുക. ശ്രദ്ധിക്കുക ഇത് ലിനക്സ് യൂസര്‍ ലോഗിന്‍ നേം അല്ല, നമ്മുടെ ബ്രോഡ് ബാന്‍ഡ് കണക്ഷനിലെ ലോഗിന്‍ നേം ആണ്.

INTERFACE

Enter the Ethernet interface connected to the PPPoE modem
For Solaris, this is likely to be something like /dev/hme0.
For Linux, it will be ethX, where 'X' is a number.
(default eth0):
ഏത് ഇന്റര്‍ഫേസാണ് ഡി എസ് എല്‍ റൂട്ടര്‍ കണക്റ്റ് ചെയ്യാന്‍ ഉപയോഗിക്കുന്നതെന്ന്. ഒരു നെറ്റ് വര്‍ക്ക് കാര്‍ഡ് മാത്രമേ ഉള്ളൂവെങ്കില്‍ "eth0" കൊടുക്കുക.

you want the link to come up on demand, or stay up continuously?
If you want it to come up on demand, enter the idle time in seconds
after which the link should be dropped. If you want the link to
stay up permanently, enter 'no' (two letters, lower-case.)
NOTE: Demand-activated links do not interact well with dynamic IP
addresses. You may have some problems with demand-activated links.
Enter the demand value (default no):
no (ഒരിക്കല്‍ കണക്റ്റായാല്‍ ഡിസ്കണക്ഷന്‍ കൊടുക്കുന്ന വരെ ലൈന്‍ അപ് ആയി നില്‍ക്കാന്‍ നോ കൊടുക്കണം)

DNS

Please enter the IP address of your ISP's primary DNS server.
If your ISP claims that 'the server will provide dynamic DNS addresses',
enter 'server' (all lower-case) here.
If you just press enter, I will assume you know what you are
doing and not modify your DNS setup.
Enter the DNS information here:
server (ഒബ്റ്റൈന്‍ ഐപി അഡ്രസ്സ് ഓട്ടാമാറ്റിക്കലി എന്ന ഓപ്ഷനാണിത് , സേര്‍വര്‍ എന്ന് കൊടുക്കണം)

PASSWORD

Please enter your Password:
(ബ്രോഡ് ബാന്‍ഡ് പാസ്സ് വേഡ്)
Please re-enter your Password:

USERCTRL

Please enter 'yes' (three letters, lower-case.) if you want to allow
normal user to start or stop DSL connection (default yes): yes

FIREWALLING


Please choose the firewall rules to use. Note that these rules are
very basic. You are strongly encouraged to use a more sophisticated
firewall setup; however, these will provide basic security. If you
are running any servers on your machine, you must choose 'NONE' and
set up firewalling yourself. Otherwise, the firewall rules will deny
access to all standard servers like Web, e-mail, ftp, etc. If you
are using SSH, the rules will block outgoing SSH connections which
allocate a privileged source port.

The firewall choices are:
0 - NONE: This script will not set any firewall rules. You are responsible
for ensuring the security of your machine. You are STRONGLY
recommended to use some kind of firewall rules.
1 - STANDALONE: Appropriate for a basic stand-alone web-surfing workstation
2 - MASQUERADE: Appropriate for a machine acting as an Internet gateway
for a LAN
Choose a type of firewall (0-2):
0(ഞാന്‍ സീറോ ആണ് കൊടുത്തത്)

Start this connection at boot time

Do you want to start this connection at boot time?
Please enter no or yes (default no):yes
(ബൂട്ട് ചെയ്യുമ്പോള്‍ തന്നെ ലൈന്‍ അപ് ആവണോ എന്ന്)

വിജയകരമായി കണക്ഷന്‍ ലഭിച്ചു. മുകളിലേക്ക്

ബൂലോകത്തേക്ക്:

മോസില പുതിയ വേര്‍ഷനാണ് ഇതില്‍ വരുന്നത്. ഡീഫോള്‍ട്ടായി മലയാളം സപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലാണ് ഫെഡോറ 12. ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യാതെതന്നെ മലയാളം ബ്ലോഗ് വായിക്കാനാവുന്നുണ്ട്.

മലയാളം ടൈപ്പിങ്

മലയാളം ടൈപ്പ് ചെയ്യാനാവശ്യമായ എല്ല ടൂളുകളോടും കൂടിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. അത് ആക്റ്റിവേറ്റ് ചെയ്യുക മാത്രമേ നമ്മള്‍ ചെയേണ്ടതുള്ളൂ.

ഇതിനായ് “System - Preferences - Input methods” എടുക്കുക.

എനേബിള്‍ ഇന്‍പുട്ട് മെതേഡ്സ് ചെക്ക് ചെയ്യുക. ഓതന്റിക്കേഷന്‍ ആവശ്യമായി വരും.

സ്റ്റാര്‍ട്ടിങ് ഇന്‍പുട്ട് മെതേഡ്സ്.

ഇന്‍പുട്ട് മെതേഡ് പ്രിഫറന്‍സ് ക്ലിക്ക് ചെയ്യുക.

ഇന്‍പുട്ട് മെതേഡ് സ്വിച്ച് ചെയാനുള്ള പ്രിഫറന്‍സ് തിരഞ്ഞെടുക്കുക, ആള്‍ട്ട് + സ്പേസ് ബാര്‍ ഡീഫാള്‍ട്ട്.

സെലക്റ്റ് ഇന്‍പുട്ട് മെതേഡ്സ് എടുക്കുക.

മലയാളം - മൊഴി (മറ്റ് മെതേഡുകള്‍ ആവശ്യമുള്ളവര്‍ അത് സെലക്റ്റ് ചെയ്യുക, കീമാനാണ് എനിക്ക് പരിചയം)

സെലക്റ്റ് ചെയതറ്റ് ആഡ് ചെയ്യുക. റെഡി.

ടൈപ്പിങ് വിന്‍ഡോ എടുത്തശേഷം ആള്‍ട്ട്+സ്പേസ് ബാര്‍ ഞെക്കിയാല്‍ മലയാളം റെഡി. മുകളിലേക്ക്

മുന്‍ കൂര്‍ ജാമ്യം: ഞാനൊരു ലിനക്സ് വിദഗ്ധനല്ല. ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നു എന്ന് മാത്രം.

5/01/2010

ലിനക്സിലേക്ക് - ഭാഗം ഒന്ന് - ഫെഡോറ വിര്‍ച്വല്‍ പിസിയില്‍

ഏതൊരു ശരാശരിക്കാരനേയും പോലെ കമ്പ്യൂട്ടര്‍ പഠനം നടത്തിയത് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് പ്ലാറ്റ്ഫോമിലാണ്. കോപ്പിയടിക്കപ്പെട്ട നിരവധി വിന്‍ഡോസ് ഉത്പന്നങ്ങള്‍ യഥേഷ്ടം ലഭ്യമായതിനാലും സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുന്നതിന് അല്പം വൈദഗ്ധ്യം ആവശ്യമായിരുന്നു എന്നതിനാലും ഇത്രയും കാലം വ്യാജ വിന്‍ഡോസ് എക്സ്പിയാണ് ഉപയോഗിച്ചിരുന്നത്. വിന്‍ഡോസ് അടിക്കടി ക്രാഷാകുമ്പോള്‍ വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യമായ സോഫ്റ്റ് വെയറുകള്‍ എല്ലാം തന്നെ കയ്യിലുണ്ടായതുകൊണ്ടും, ആവശ്യത്തിന് സമയം ഫോര്‍മാറ്റ് ചെയ്യാനും മറ്റും ലഭ്യമായതുകൊണ്ടും പിടിച്ചു നിന്നു. അടുത്തകാലത്തായി കൂടുതല്‍ യൂസര്‍ ഫ്രണ്ട്ലിയായ ലിനക്സ് ഡിസ്ട്രിബ്യൂഷനുകള്‍ ലഭ്യമായിത്തുടങ്ങിയത് ആശ്വാസത്തോടെ കണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വിന്‍ഡോസ് 7 ഉപയോഗിച്ചപ്പോള്‍ ഞാന്‍ മുമ്പ് ഉപയോഗിച്ചു നോക്കിയ ഫെഡോറയുമായി വളരെ സാമ്യം തോന്നി. ഈ മെയ് മാസം മുതല്‍ ഫെഡോറ, ഊബൂണ്ടു തുടങ്ങിയവയുടെ പുതിയ വേര്‍ഷനുകള്‍ ഇന്ത്യന്‍ ഭാഷാ സപ്പോര്‍ട്ടോടെ ലഭ്യമാകുന്നു എന്ന വാര്‍ത്ത വന്നതുമുതല്‍ അതിലൊരെണ്ണം പരീക്ഷിക്കണമെന്ന് മോഹമുദിച്ചു. പറ്റിയാല്‍ ഇനി എല്ലാ പ്രവര്‍ത്തനങ്ങളും അതിലേക്ക് മാറ്റാം എന്നും കരുതുന്നു.

പുതിയ സംഗതികള്‍ പഠിക്കുമ്പോള്‍ ഇന്റര്‍ നെറ്റാണ് ഇപ്പോള്‍ സഹായത്തിനെത്താറ്. അതിനാല്‍ ഇന്റര്‍നെറ്റ് കൈവശം വച്ചു തന്നെ ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്തു നോക്കാം എന്ന തീരുമാനത്തിന്റെ ഭാഗമായി വിച്വല്‍ പിസി എന്ന ടൂള്‍ ഉപയോഗിച്ച് അതിലാണ് ലിനക്സ് പരീക്ഷിച്ചു നോക്കിയത്. ജാഗ്രത ഗുണം ചെയ്തു എന്ന് തുടര്‍ന്ന് നടന്ന പരിപാടികളില്‍ ബോദ്ധ്യപ്പെട്ടു. തിരഞ്ഞ പല സഹായങ്ങള്‍ക്കും ഒരുപാട് സമയം ചിലവഴിക്കേണ്ടി വന്നു എന്നതിനാല്‍ അവ ഇവിടെ കുറിക്കാം എന്ന് കരുതുന്നു, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടാല്‍ അത്രയുമായല്ലോ. ഫെഡോറ സൈറ്റില്‍ നിന്നും ഡെസ്ക് ടോപ്പ് വേര്‍ഷന്‍ സിഡി ഇമേജ് ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റലേഷന്‍ ആരംഭിച്ചു.

ലൈവ് സീഡിയാണ്, ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ നേരിട്ട് സിഡിയില്‍ ബൂട്ട് ചെയ്ത് ഉപയോഗിക്കാന്‍ പര്യാപ്തമായ രീതിയില്‍ തയ്യാറാക്കിയത്. ആദ്യ സ്ക്രീന്‍ ഇതാ, ബൂട്ട് ചെയ്യുക, ബൂട്ട് സോഴ്സ് വേരിഫൈ ചെയ്തശേഷം ബൂട്ട് ചെയ്യുക, മെമ്മറി ടെസ്റ്റ്, ഇതില്‍ നിന്നും പുറത്ത് പോയി ഹാര്‍ഡ് ഡിസ്കില്‍ നിന്നും ബൂട്ട് ചെയ്യുക എന്നീ ഓപ്ഷന്‍സ് ഉണ്ട്.

ബൂട്ടായി കേര്‍ണല്‍ ലോഡായി, പക്ഷെ ആദ്യ കടമ്പ ഇതാ, വിച്വല്‍ പിസിയുടെ സ്ക്രീന്‍ റസല്യൂഷന്‍ ഇണങ്ങാത്തതിനാല്‍ കണ്‍സോള്‍ ഹാങ്ങായി.
നേരെ വിന്‍ഡോസിലൂടെ നെറ്റില്‍ പരതി, ബൂട്ട് മെനു എഡിറ്റ് ചെയ്യാനും കുറഞ്ഞ സ്ക്രീന്‍ റസല്യൂഷന്‍ സെറ്റ് ചെയ്യാനുമുള്ള ചില വിദ്യകള്‍ കുറിച്ചെടുത്ത ശേഷം വീണ്ടും ബൂട്ട് ചെയ്തു. ആദ്യ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന സ്കീനില്‍ നല്‍കിയ സൂചന പോലെ “ടാബ്” കീ അമര്‍ത്തിയാല്‍ ബൂട്ട് ഓപ്ഷന്‍സ് ലഭിക്കും. കീ ബോര്‍ഡിലെ‍ "E" അമര്‍ത്തി എഡിറ്റ് എന്ന ഓപ്ഷനിലോ "A" അമര്‍ത്തി “മോഡിഫൈ കെര്‍ണല്‍ ആര്‍ഗ്യുമെന്റ്റ്” എന്ന ഓപ്ഷനിലോ പോവാം. ടാബ് അമര്‍ത്തി കിട്ടിയ വിന്‍ഡോ താഴെ.
ചിത്രം നോക്കുക.ഇതില്‍ ബൂട്ട് കമാന്റ് ലൈന്‍ ഇപ്രകാരമാണ്,

vmlinuz0 initrd=initrd0.img root=live: CD LABEL=Fedora-12-i868-liverootfstype auto ro liveimg quiet rhgb rd_NO_LUKS rd_NO_MD no iswmd
"quiet" എന്നു തുടങ്ങുന്ന ഭാഗം മുഴുവനായ് ഡിലീറ്റ് ചെയ്ത ശേഷം "vga=791 noreplace paravirt" എന്ന് ചേര്‍ക്കുക.
ഇപ്പോള്‍ ആ വരി ഇപ്രകാരമായിരിക്കും

vmlinuz0 initrd=initrd0.img root=live: CD LABEL=Fedora-12-i868-liverootfstype auto ro liveimg vga=791 noreplace paravirt


അപ്ഡേറ്റ്: കുറഞ്ഞ റസല്യൂഷന്‍ ഗ്രാഫിക്സ് ന് "vga=791" എന്നു മാത്രം മതി, "noreplace paravirt" എന്ന ഭാഗം ഒഴിവാക്കാം.

"Enter" അമര്‍ത്തുക. ഗ്രാഫിക് സ്ക്രീന്‍ ഉപേക്ഷിച്ച് കേര്‍ണല്‍ ടെക്സ്റ്റ് മോഡില്‍ ഇന്‍സ്റ്റലേഷന്‍ തുടങ്ങുന്നത് കാണാം.ബൂട്ടിങ് ‍ പുരോഗമിക്കുന്നു, ആവശ്യമായ ഫയലുകള്‍ ലോഡായ ശേഷം കുറഞ്ഞ സ്ക്രീന്‍ റസല്യൂഷനില്‍ ലൈവ് സിസ്റ്റം യൂസര്‍ ലോഗിന്‍ സ്ക്രീന്‍ പ്രത്യക്ഷമായി.

ലോഗില്‍ ചെയ്യാനായി ശ്രമിച്ചപ്പോഴാണ് അടുത്ത പ്രശ്നം പൊന്തിവന്നത് “മൌസ് പ്രവര്‍ത്തിക്കുന്നില്ല.” വീണ്ടും നെറ്റില്‍ പരതി അടുത്ത പരിഹാരവുമായി റീ ബൂട്ട് ചെയ്തു, എഡിറ്റ് ബൂട്ട് ഓപ്ഷന്‍ എടുത്തു, നേരത്തെ റസല്യൂഷന്‍ കുറക്കാന്‍ ചേര്‍ത്ത വരിക്കു തുടര്‍ച്ചയായി "i8042.noloop" എന്നുകൂടി ചേര്‍ത്ത് ബൂട്ട് ചെയ്യാനാരംഭിച്ചു. ഇപ്പോള്‍ ആ വരി ഇപ്രകാരമായിരിക്കും:

vmlinuz0 initrd=initrd0.img root=live: CD LABEL=Fedora-12-i868-liverootfstype auto ro liveimg vga=791 noreplace paravirt i8042.noloop.


എല്ലാം സുഗമമായി പോയി, ലൈവ് യൂസര്‍ ആയി ലോഗിന്‍ ചെയ്ത് ബൂട്ടിങ് പൂര്‍ണ്ണമാക്കി. ഇവിടെ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായ സ്കീന്‍ ആണ് ലഭിച്ചത്. നെറ്റ് വര്‍ക്കിങ് അടക്കം എല്ലാം തയ്യാറായിരിക്കുന്നു. തുടര്‍ന്ന് ലൈവായി അടുത്ത് ജോലി ചെയ്യാം അല്ലാത്ത പക്ഷം ഹാര്‍ഡ് ഡിസ്കിലേക്ക് ബൂട്ട് ഇമേജ് ഇന്‍സ്റ്റാള്‍ ചെയ്യാനായി മുന്നോട്ട് പോകാം.

ഇന്‍സ്റ്റലേഷന്‍ തുടരുന്നു.

ഭാഷ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍, ഇവിടെ മലയാളം കാണാനില്ല, എങ്കിലും മറ്റ് ഒട്ടനവധി ഇന്ത്യന്‍ ഭാ‍ഷകള്‍ കാണാം.

പ്രധാന ഘട്ടം, പ്രത്യേകിച്ചും നേരിട്ട് നമ്മുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട സ്ഥലം.


നേരിട്ട് നമ്മുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണെങ്കില്‍, അതും മറ്റ് ഓപ്പറേറ്റിങ് സിസ്റ്റവും ഡാറ്റയും ഉള്ള കമ്പ്യൂട്ടറിലാണെങ്കില്‍, ഒരു പാര്‍ട്ടീഷന്‍ ലിനക്സിനായ് മാറ്റി വക്കുകയാണ് ഉചിതം. അപ്രകാരം മാറ്റി വച്ച പാര്‍ട്ടീഷന്‍ ഉണ്ടങ്കില്‍ "Select drives to use this istallation" എന്ന ഓപ്ഷന്‍ തുറന്നാല്‍ വിവിധ ഓപ്ഷനുകള്‍ കാണാവുന്നതാണ്.

"Create custom lay out" എടുക്കുക, "New " ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ആദ്യം ലിനക്സ് സ്വാപ്പ് ഏരിയ അലോട്ട് ചെയ്യുകയാണ് സൌകര്യം, അങ്ങിനെ ചെയ്താല്‍ ബാക്കി സ്പേസ് കൃത്യമായി ലിനക്സിനു വേണ്ടി നീക്കി വക്കാം


വീണ്ടും "New" ക്ലിക്ക് ചെയ്യുക ലിനക്സിനായ് ബാക്കി വരുന്ന സ്പേസ് മുഴുവന്‍ ഉപയോഗിക്കാം. "Mount point" എന്ന കോളത്തില്‍ “/” (Root) എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക, ബാക്കി വരുന്ന സ്പേസ് എത്രയോ അത്രയും സൈന്‍ എം.ബി എന്ന കോളത്തില്‍ സൈസ് സെറ്റു ചെയ്യുക, അല്ലെങ്കില്‍ "Fill to the maximum allowable size " ചെക്ക് ചെയ്യുക, "File system type " എന്ന കോളത്തില്‍ "Ext 4" സെലക്റ്റ് ചെയ്യുക. "Ok " ക്ലിക്ക് ചെയ്യുക.


ചെയ്ത പ്രവര്‍ത്തികള്‍ പുനര്‍വിചിന്തനത്തിന് വിധേയമാക്കാന്‍ ഒരു അവസരം കൂടി.

ഫയലുകല്‍ കോപ്പി ചെയ്യാന്‍ ആരംഭിച്ചിരിക്കുന്നു. പൂര്‍ത്തിയായാല്‍ റീബൂട്ട് ആവശ്യപ്പെടും.


ബൂട്ട് പാസ്വേഡ് നല്‍കാം. നെക്സ്റ്റ് ക്ലിക്ക് ചെയ്യുക.


റീബൂട്ട് ബട്ടണുമായി സ്ക്രീന്‍ വന്നാല്‍ അതമര്‍ത്തി റീബൂട്ട് ചെയ്യുക.


റീബൂട്ട് ചെയ്തു വരുന്ന സ്ക്രീന്‍ പെട്ടന്നു തന്നെ ഗ്രാഫിക്കല്‍ സ്ക്രീനിലേക്ക് പോകുന്നതിനാല്‍ ഇവിടെ അല്പം ശ്രദ്ധ ആവശ്യമാണ് (ബൂട്ട് ആര്‍ഗ്യുമെന്റ്സ് എഡിറ്റ് ചെയ്യെണ്ടതുണ്ട്). മെമ്മറി ചെക്ക്, ഡ്രവുകള്‍ തിരയല്‍ തുടങ്ങിയവ അവസാനിപ്പിച്ച് കറുത്ത സ്ക്രീനിലേക്ക് കടക്കുന്ന നിമിഷം തന്നെ സ്പേസ് ബാര്‍ അമര്‍ത്തുക.


ബൂട്ട് തുടങ്ങുന്നതിനു മുമ്പായി സ്പേസ് ബാര്‍ അമര്‍ത്തിയില്ലെങ്കില്‍ സിസ്റ്റം മേല്‍ കാണിച്ച സ്ക്രീനിലേക്ക് പോകും. അങ്ങിനെ വന്നാല്‍ വിര്‍ച്വല്‍ പിസി റീബൂട്ട് ചെയ്ത് വീണ്ടും എഡിറ്റിലേക്ക് പോകണംബൂട്ട് മെനു എഡിറ്റ് സ്ക്രീന്‍ (മുകളില്‍ കാണിച്ച അതേപോലെ) ലഭിക്കുന്നതാണ്. ആവശ്യമായ വരികള്‍ കൂട്ടിച്ചേര്‍ക്കുക, ഇന്‍സ്റ്റലേഷന്‍ തുടരുക.


യൂസര്‍ വിവരങ്ങള്‍ നല്‍കുക. പാസ് വേഡ് നല്‍കുക, ഓര്‍ക്കുക ബൂട്ട് , യൂസര്‍ പാസ്വേഡുകള്‍ കുറിച്ചു വക്കാന്‍ മറക്കരുത്.ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായാല്‍ ഫെഡോറ തയ്യാറായിക്കഴിഞ്ഞു.
കഴിഞ്ഞില്ല, ലോ റസല്യൂഷന്‍ സ്ക്രീനിനും മൌസിനും വേണ്ടി നമ്മള്‍ ബൂട്ട് മെനു എഡിറ്റ് ചെയ്തത് ഓര്‍മ കാണുമെന്ന് കരുതുന്നു. അത് വിര്‍ച്വല്‍ ഹാര്‍ഡ് ഡിസ്കില്‍ സ്ഥിരമായി തന്നെ രേഖപ്പെടുത്തണം. ഇതിനായി ടെര്‍മിനല്‍ വിന്‍ഡോ ഓപ്പണ്‍ ചെയ്യുക.


ഇത് ടെര്‍മിലല്‍ ബിന്‍ഡോ. ബൂട്ട് ഫയല്‍ എഡിറ്റ് ചെയ്യാന്‍ റൂട്ട് അധികാരങ്ങള്‍ ആവശ്യമാണ്. ഇതിനായി "su" എന്ന് ടൈപ്പ് ചെയ്യുക . പാസ്വേഡ് ചോദിക്കും അതു നല്‍കിയാല്‍ റൂട്ട് പ്രിവിലേജസ് ലഭിക്കും. ആ പ്രോംപ്റ്റില്‍ "gedit" എന്ന് ടൈപ്പ് ചെയ്താല്‍ ഒരു എഡിറ്റര്‍ വിന്‍ഡോ തുറന്ന് വരും.

ജി എഡിറ്റില്‍ ഓപ്പണ്‍ ക്ലിക്ക് ചെയ്ത് "file sytem/boot/grub/mnu.1st" എന്ന ഫയല്‍ തുറക്കുക. അതില്‍ കേരണല്‍ പരാമര്‍ശമുള്ള (നേരത്തെ നമ്മള്‍ എഡിറ്റ് ചെയ്ത വരി )കണ്ടു പിടിച്ച് അതിലെ "rhgb quiet" മാറ്റില്‍ പകരം vga ക്കുള്ള വരി ചേര്‍ക്കുക, മൌസിനായുള്ള noloop വരിയും ചേര്‍ക്കുക. സേവ് ചെയ്യുക. റെഡി.


കുറിപ്പ്:

1.ഞാനൊരു വിദഗ്ധനല്ലാത്തതിനാല്‍ റസല്യൂഷന്‍, മൌസ് എന്നിവക്കുള്ള ആര്‍ഗ്യുമെന്റുകള്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് വിശദീകരിക്കുന്നില്ല. അതിന്റെ വിദഗ്ധര്‍ ആരെങ്കിലും ഇതു വഴിവന്നാല്‍ വിശദീകരിച്ചു തരും എന്ന് കരുതുന്നു.


2.വിര്‍ച്വല്‍ പി സി ഉപയോഗിക്കുമ്പോള്‍ മാത്രമാണ് ഇപ്രകാരം ബൂട്ട് എഡിറ്റ് ചെയ്യേണ്ടി വരുന്നുള്ളൂ. നേരിട്ട് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക എളുപ്പമാണ്, ഗ്രാഫിക്സ്, മൌസ് തുടങ്ങിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ ഫെഡോറ തയ്യാറായി. അതിന്റെ വിശദാംശങ്ങളൂം , ഇന്റര്‍ നെറ്റ് കണക്ഷന്‍, മലയാളം വായന, മലയാളം എഴുത്ത് എന്നിവയുടെ അനുഭവങ്ങള്‍ അടുത്തഭാഗത്തില്‍ പോസ്റ്റാം എന്ന് കരുതുന്നു.