11/27/2010

മാതൃഭൂമിയില്‍ ഖേദ പ്രകടനം

തങ്ങള്‍ക്ക് ലഭിക്കുന്ന വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കാതെ മാതൃഭൂമി പത്രം, പ്രിന്റും ഓണ്‍ലൈനും, കൊടുത്ത ഒരു വാര്‍ത്തയെപ്പറ്റി കഴിഞ്ഞൊരു പോസ്റ്റ് ഇട്ടിരുന്നു. വായനക്കാരുടെ പ്രതികരണത്തിന്റെ വെളിച്ചത്തില്‍ പത്രം ആ വാര്‍ത്തയെപ്പറ്റി പിന്നീട് അന്വേഷണം നടത്തുകയും അത് തെറ്റാണെന്ന് കണ്ട് തിരുത്ത് കൊടുക്കുകയും ചെയ്തിരിക്കുന്നു. .

വാര്‍ത്ത: ലിങ്ക്

ഐ.എ.എസ്. 'മോഹി' ശിഹാബ് കഥ തിരുത്തി

കടവല്ലൂര്‍: ഐ.എ.എസ്സിനായി പൊരുതി 'വീരകഥകള്‍' രചിച്ച കടവല്ലൂര്‍ പാടത്തുപീടികയില്‍ ശിഹാബ് സ്വന്തം കഥ തിരുത്തി. ഐ.എ.എസ്സിന്റെ പ്രിലിമിനറി റൗണ്ട് മാത്രം എഴുതിയ ഈ യുവാവ് 'മാതൃഭൂമി'യില്‍ നവംബര്‍ 20 ന് വന്ന വാര്‍ത്തയുടെ പേരില്‍ രേഖാമൂലം ഖേദം പ്രകടിപ്പിച്ചു.

വാര്‍ത്ത വന്നതിനുശേഷം ചില വായനക്കാരില്‍ നിന്നുണ്ടായ പരാതികളെത്തുടര്‍ന്ന് മാതൃഭൂമി നടത്തിയ അന്വേഷണമാണ് ശിഹാബിനെ നേരുപറയിക്കാന്‍ പ്രേരിപ്പിച്ചത്. വാര്‍ത്തയില്‍ പറഞ്ഞ, ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തെ ജോലിയെപ്പറ്റി രേഖകളൊന്നും ഹാജരാക്കിയിട്ടില്ല.

പത്രത്തില്‍ ആ വാര്‍ത്ത വരുന്നതിന് ഒരാഴ്ചമുമ്പ് ഈ യുവാവ് മറ്റൊരു കഥ പറഞ്ഞത് കടവല്ലൂരില്‍ താമസിക്കുന്ന ഗുരുനാഥനായ ഒരു റിട്ട. അധ്യാപകനോടാണ്. താന്‍ ഛത്തീസ്ഗഢിലെ ഡെപ്യൂട്ടി കളക്ടറാകുമെന്നാണ് പറഞ്ഞത്. ആ വിശേഷം നാട്ടില്‍ പടര്‍ന്നപ്പോള്‍ കടവല്ലൂര്‍ പഞ്ചായത്ത് ഭാരവാഹികളടക്കം ശിഹാബിനെ അഭിനന്ദിച്ചു. പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റതിനു പിന്നാലെ ശിഹാബിന് സ്വീകരണം കൊടുക്കാനും ധാരണയായി. ഡെപ്യൂട്ടി കളക്ടര്‍ പദവി താന്‍ ഏറ്റെടുക്കുന്നില്ലെന്നും പകരം ഐക്യരാഷ്ട്രസഭയുടെ സമാധാന-സുരക്ഷാവിഭാഗത്തില്‍ റിസര്‍ച്ച് അനലിസ്റ്റായി ചേരുകയാണെന്നും ഡിസംബര്‍ ആദ്യം ചെന്നൈയിലേക്ക് പോകുമെന്നും പിന്നീട് നാട്ടുകാരെ ശിഹാബ് ബോധ്യപ്പെടുത്തി.

ഐ.എ.എസ്സിനുള്ള ശ്രമം തുടരാതെ, ശിഹാബ് യു.എന്നിലെ ഉദ്യോഗത്തിനു ചേരുന്നതായി വാര്‍ത്ത വന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

വാര്‍ത്തയെപ്പറ്റി വായനക്കാരില്‍നിന്നു കിട്ടിയ പരാതികളെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ശിഹാബിനെ കണ്ടെത്താന്‍ മാതൃഭൂമി ശ്രമിച്ചു. ഒഴിവുകഴിവ് പറഞ്ഞുനടന്ന അയാള്‍ വെള്ളിയാഴ്ച ഉച്ചയോടെ കുന്നംകുളം മാതൃഭൂമി ഓഫീസിലെത്തിയാണ് ഖേദം പ്രകടിപ്പിച്ചത്. താന്‍ നല്‍കിയ വിവരങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്നും റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും സദയം ക്ഷമിക്കണമെന്നും കത്തില്‍ പറയുന്നു. വായനക്കാര്‍ തെറ്റായ വാര്‍ത്ത വായിക്കാനിടയായതിലും ഖേദം പ്രകടിപ്പിച്ചു.പ്രിന്റ് എഡീഷന്‍ വാര്‍ത്ത താഴെ.


ചില സം ശയങ്ങള്‍ :

തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ മാതൃഭൂമിക്ക് ഉത്തരവാദിത്വം ഒന്നും ഇല്ലെ?

വാര്‍ത്തയുടെ ഉത്തരവാദിത്വം സിയാബ് ഏറ്റെടുത്തു എന്ന് പറയുന്നതിന്റെ സാങ്കേതികത എന്താണ്‌ ?

നാളെ ഇതേ‌ പോലെ ഒരാള്‍ അവകാശവാദം ഉന്നയിച്ചു വന്നാല്‍ അതും അവരുടെ സ്വന്തം ഉത്തര വാദിത്വത്തില്‍ പത്രത്തില്‍ പ്രസിദ്ധീകരിക്കുമോ?

11/22/2010

മാതൃഭൂമി .. എന്നെം സഹായിക്കൂ..

പ്രിയ മാതൃഭൂമി,
മാദ്ധ്യമ രംഗം എന്നത് പഴയ ധര്‍മ്മങ്ങളെല്ലാം വെടിഞ്ഞു, സ്വതന്ത്രമായ ബിസിനസ്സ് രംഗം ആയിത്തീര്‍ന്ന ഒരു കാലത്തിലൂടെ കടന്നു പോകുന്നു എന്ന തിരിച്ചറിവിലാണ് ഈ പോസ്റ്റ് എഴുതുന്നത്. വാര്‍ത്തകള്‍ക്ക് പിന്നില്‍ പബ്ലിഷറുടെ രാഷ്ട്രീയവും കച്ചവട ലാക്കും മാത്രമാകുന്ന കാലഘട്ടത്തില്‍, പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ എത്രമാത്രം വിശ്വാസയോഗ്യമാണെന്ന് കണ്ടെത്താന്‍ സാധാരണക്കാരന് സാധിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. പണം കൊടുത്ത് വാര്‍ത്തകള്‍ വരുത്തുന്ന കലാ പരിപാടിയും അടുത്തിടെ സജീവ ചര്‍ച്ചക്ക് വഴി വച്ചിരുന്നല്ലോ. പത്ര വ്യവസായ രംഗത്തെ ഒരു മുത്തശ്ശിയായ മനോരമ പത്രം സിയാബ് എന്നൊരു കക്ഷിക്ക് ഐ.എ.എസ് കിട്ടി എന്ന് കൊട്ടിഘോഷിച്ച് ഒരു പാട് തട്ടിപ്പുകള്‍ക്ക് പങ്കാളിയായിരുന്നു. ആ വിഷയം ബ്ലോഗില്‍ തന്നെ ചര്‍ച്ചക്ക് വന്നതിന്റെ ഫലമായി തന്റെ പരിപാടികള്‍ സിയാബ് തല്ക്കാലത്തെക്ക് നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മാതൃഭൂമി ഓണ്‍ലൈനിലും ചില പ്രിന്റ് എഡീഷനുകളിലും ഈ വ്യക്തി ഐ.എ. എസ് മോഹം ഉപേക്ഷിച്ച് യു.എനില്‍ ചേരാന്‍ തീരുമാനിച്ചു എന്ന് വിളംബരം ചെയ്ത് ഒരു വാര്‍ത്ത കണ്ടു. ഓണ്‍ലൈന്‍ എഡീഷനില്‍ വന്ന വാര്‍ത്തയിടെ ലിങ്കില്‍ ഇപ്പോള്‍ അത് കാണാനില്ലെങ്കിലും ഒരുപാട് പേര്‍ വായിച്ച ആ വാര്‍ത്തയും പ്രിന്റ് എഡീഷനില്‍ വന്ന വാര്‍ത്തയും സിയാബിനു വീണ്ടും താര പരിവേഷം നല്‍കുമെന്ന് ഉറപ്പാണ്. വാര്‍ത്തയുടെ ലിങ്ക് പോയ സ്ഥിതിക്ക് സ്ക്രീന്‍ ഷോട്ട് ഇടുന്നു.
ഇമേജില്‍ ക്ലിക്ക് ചെയുക


പറഞ്ഞു വരുന്നത് വ്യക്തമാക്കട്ടെ.
അമേരിക്കല്‍ പ്രസിഡന്റാവാനുള്ള എണ്ട്രന്‍സ് പരീക്ഷയില്‍ ഞാന്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വിവരം അറിയുന്ന ആദ്യ പ്രത്രം നിങ്ങളായിരിക്കും . ഏറെ താമസ്സിയാതെ തന്നെ ഇതിനെക്കുറിച്ച് ഒരു സചിത്ര ലേഖനം മാതൃഭൂമിയില്‍ പ്രതീക്ഷിക്കുന്നു. വാര്‍ത്ത പ്രസിധീകരിച്ച് ഒരു ദിവസം കഴിഞ്ഞ് ഡിലീറ്റ് ചെയ്താലും പ്രശ്നമില്ല, വന്ന സ്ക്രീന്‍ ഷോട്ടുകള്‍ ഞാന്‍ ഉപയോഗിച്ചോളാം . പ്രിന്റ് എഡീഷനില്‍ കോളം ബാക്കിയുണ്ടെങ്കില്‍ അതും അറിയിക്കണെ, അതിലേക്കാന്‍ നല്ലോരു ഫോട്ടോയും എടുത്ത് വച്ചിട്ടുണ്ട്. ലേഖകന് ഇവിടെ വരികപോലും ചെയ്യാതെ സചിത്ര ലേഖനം തയ്യാറാക്കാം. എന്തു ലാഭം കിട്ടിയാലും ഫിഫ്റ്റി ഫിഫ്റ്റി ആയിരിക്കും എന്ന്‍ രഹസ്യമായി ഞാന്‍ ഉറപ്പ് തരുന്നു. എത്രയും പെട്ടന്ന് നമുക്ക് ബിസിനസ്സ് ഡീല്‍ ശരിയാക്കാം . പോസിറ്റീവായ ഒരു മറുപടി പ്രതീക്ഷിക്കുന്നു.

എന്‍.ബി:
എന്നെ ഫോണ്‍ ചെയ്യരുത്. ഫോണ്‍ ചെയ്താല്‍ ഒരു പക്ഷെ വല്ല കേന്ദ്ര ഏജന്‍സികളും അത് ചോര്‍ത്തിയെന്ന് വരും . നമ്മൂടെ മന്‍മോഹന്‍ ജി നയിക്കുന്ന കേന്ദ്രമന്ത്രി സഭയിലെ മുന്‍ മന്ത്രി ശ്രീമാന്‍. രാജ നടത്തിയ കോടികളുടെ ബിസിനസ്സ് പരിപാടിയില്‍ ചില മാദ്ധ്യമങ്ങളും പങ്കാളികളാണെന്ന് ജനം അറിഞ്ഞത് അങ്ങിനെ ആണെന്ന് മറക്കരുതെ.

എന്ന്,
അനില്‍@ബ്ലോഗ്
അ.പ്ര.വി (അമേരിക്കന്‍ പ്രസിഡന്റ് വിജയി )

11/11/2010

മോബിലിയ പശുക്കള്‍: വെളുക്കുമോ‌ പാണ്ടാവുമോ?


കുറച്ച് മാസങ്ങള്‍ക്കു മുന്നേ പ്രത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത അത്ര പൊതുജന ശ്രദ്ധ പിടിച്ചു പറ്റിയില്ലെന്ന് തോന്നുന്നു, അഥവാ പൊതു ചര്‍ച്ചക്ക് വഴിവക്കുന്ന തരത്തിലുള്ള ഒരു ചലനം സൃഷ്ടിക്കാന്‍ അതിനായില്ല. കേരളത്തിലെ പാലുത്പാദനം വര്‍ദ്ധിപ്പിക്കാന്‍ മോബിലിയാഡ് എന്ന പുതിയ ഒരു ഇനം പശുക്കളെ ഫ്രാന്‍സില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കിയത് സംബന്ധിച്ച് ആയിരുന്നു ആ വാര്‍ത്ത. കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോര്‍ഡെന്ന സര്‍ക്കാര്‍ ബോഡ് എംഡിയും വകുപ്പ് സെക്രട്ടറിയും ചര്‍ച്ച ചെയ്ത് ഇഷ്ടപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ കേന്ദ്രനുമതിക്കായി അപേക്ഷിക്കുകയായിരുന്നു എന്നും വാര്‍ത്തകള്‍ കണ്ടിരുന്നു. കേവലം ഒരു പശുവര്‍ഗ്ഗത്തിനെ ഇറക്കുമതി ചെയ്യാനുള്ള ഒരു തീരുമാനം എന്ന ലാഘവ ബുദ്ധിയോടെയാണ് ബന്ധപ്പെട്ട എല്ലാ ഏജന്‍സികളും ഇതിനെ കണ്ടതെന്ന് വ്യക്തമാണ്. എന്നാല്‍ അത്ര ലഘുവാണോ കാര്യങ്ങള്‍ ?

ധവള വിപ്ലവം എന്ന സമഗ്ര പരിപാടിയിലൂടെ സമ്പൂര്‍ണ്ണ സങ്കര വത്കരണം നടന്ന ഒരു മേഖലയാണ് ഇന്ത്യന്‍ പാലുത്പാദന രംഗം . പാലുത്പാദന ശേഷി കുറഞ്ഞ ഇന്ത്യന്‍ വംശങ്ങളെ ഉത്പാദന ക്ഷമത ഏറിയ വിദേശ ജനുസുകളുമായി സങ്കരം ചെയ്ത് ഇവിടുത്തെ പാലുതപാദനം വര്‍ദ്ധിപ്പിക്കുന്നതില്‍ നാം വിജയിച്ചു. എന്നാല്‍ വ്യക്തമായ ഒരു " നയം " രൂപപ്പെടുത്താതെ നടന്ന സങ്കരവത്കരണം ഇന്ന് നമ്മുടെ പശുക്കളെ മൊസൈക്ക് അവസ്ഥയില്‍ കൊണ്ടെത്തിച്ചിരിക്കുന്നു. ഏത് ജനുസിന്റെ സങ്കരമാണ് തന്റെ ഉരു എന്ന് ഒരു ഉടമക്കോ, എത്ര ശതമാനം വീതം വിദേശ രക്തം അടങ്ങിയിരിക്കുന്നു എന്ന ഒരു വിദഗ്ധനു പോലുമോ ഊഹിക്കാന്‍ സാധിക്കാത്ത ഒരു അവസ്ഥയില്‍ അതെത്തി നില്കുന്നു. ഈ സാഹചര്യത്തിലായിരുന്നു "ബ്രീഡിങ് പോളിസി " എന്ന പേരില്‍ കേരള സര്‍ക്കാര്‍ ഒരു രേഖ പുറത്തിറക്കിയത്. ഏറെ പ്രശംസിക്കപ്പെട്ട ആ നീക്കം പക്ഷെ ഫയലില്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്ന് തുടര്‍ന്നിങ്ങോട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നു. എത്ര ശതമാനം വരെ വിദേശ സങ്കരം ആവാം എന്ന് നിഷ്കര്‍ഷിക്കുന്ന ആ രേഖ പ്രായോഗിക തലത്തില്‍ നടപ്പാക്കാനായില്ല . ഇതിനു അടിസ്ഥാന കാരണം മേല്പ്പറഞ്ഞ അജ്ഞത മൂലം ആയിരുന്നു, പശുവിന്റെ നിലവിലെ സ്ഥിതിയോ ലഭ്യമാകുന്ന ബീജത്തിന്റെ അവസ്ഥയോ അറിയാനാവാത്ത സ്ഥിതി.

ഇന്ത്യയുടെ തനത് ജനുസുകള്‍ രോഗപ്രതിരോധ ശേഷി ഏറിയവയായിരുന്നു, അഥവാ നമ്മൂടെ നാടിന്റെ അവസ്ഥക്കനുസൃതം ഇണങ്ങിയവയെന്ന് സാരം . വിദേശ ജനുസുകള്‍ മറ്റൊരു ഭൂപ്രകൃതിയില്‍, കാലാവസ്ഥയില്‍ നിന്നും വന്നവയായതിനാല്‍ സ്വാഭാവികമായും പ്രതിരോധശേഷി കുറഞ്ഞവയുമായിരുന്നു, എങ്കിലും ഉത്പാദനക്ഷമത കൂടിയവയായിരുന്നു . ഇവയുടെ സങ്കരമാവട്ടെ ഇവക്കുമദ്ധ്യം സ്ഥിതി ചെയ്യുന്നവയായിരുന്നു. എന്നാല്‍ സങ്കരത്തിന്റെ ശതമാനം വര്‍ദ്ധിച്ചു വന്നതനുസരിച്ച് പ്രതിരോധ ശേഷി താഴേക്കു വന്നു. ഇതോടോപ്പം കൃത്യമായ സെലക്ഷന്‍ (Selection for adaptability ) ഇല്ലാഞ്ഞതും പ്രശ്നം സങ്കീര്‍ണ്ണമാക്കി. ഫലമായി രോഗങ്ങള്‍ വര്‍ദ്ധിച്ചു വന്നു, സെലക്ഷന്‍ നടക്കാത്തതിനാല്‍ പാലുത്പാദന വര്‍ദ്ധന പിടിച്ചു നിര്‍ത്താനുമായില്ല. ഇവിടെ ഇറക്കുമതി ചെയ്ത ജേഴ്സി , ബ്രൗണ്‍ സ്വിസ്സ് , ഹോള്‍സ്റ്റീന്‍ ബീജങ്ങള്‍ ജന്മം നല്കിയ തലമുറകളാണ് ഇന്നു നമ്മൂടെ നാട്ടില്‍ കാണുന്നത്. ഇവയില്‍ ബ്രൗണ്‍ സ്വിസ്സ് ഇനം പശുക്കള്‍ നാം ഇവിടെ പരാമര്‍ശിക്കുന്ന മോബിലിയാഡ് ഇനങ്ങളുമായി താരതമ്യം ചെയ്യാവുന്നവയായിരുന്നു. ഉയര്‍ന്ന ശരീര ഭാരവും കുറഞ്ഞ രോഗപ്രതിരോധ ശേഷിയും ഉയര്‍ന്ന വന്ധ്യതയും നിമിത്തം ഇവയെ വളര്‍ത്തുന്നതില്‍ നിന്നും ഭൂരിഭാഗം കര്‍ഷകരും ഒഴിവായി. ബോധപൂര്‍വ്വം നടത്തിയ ഒരു സെലക്ഷനായിരുന്നില്ല ഇത്, മറിച്ച് മോശം പെര്‍ഫോമറെ തള്ളിക്കളയാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായെന്നു വേണം കരുതാന്‍. സങ്കരഇനങ്ങളുടെ പ്രചരത്തോടെ നമ്മൂടെ നാടന്‍ വര്‍ഗ്ഗങ്ങള്‍ അപ്രത്യക്ഷമാവുകയും ചെയ്തു എന്ന മറുവശം സൗരവമായ ചര്‍ച്ച ഉയര്‍ത്തുകയും ചെയ്തു. വിദേശ ജനുസുകളിലെ വര്‍ദ്ധിച്ച എ1 ബീറ്റാ കേസിന്‍ ഈ അവസരത്തില്‍ പൊന്തി വരികയും ചെയ്തു.

കാര്യങ്ങള്‍ ഈ വിധം ആയിരിക്കെ നിലവിലെ അവസ്ഥയെപ്പറ്റി ശാസ്ത്രീയമായ യാതൊരു പഠനങ്ങളും നടത്താതെ പുതിയൊരു പശുവര്‍ഗ്ഗത്തെ കൂടി ഇറക്കുമതി ചെയ്യാനുള്ള തീരുമാനം തീരെ ശാത്രീയമല്ല എന്ന് പറയേണ്ടിയിരിക്കുന്നു. യൂറോപ്പിലെ ഒരു പശുവര്ഗ്ഗമായ മോബെയിയാഡ് ഭൂമദ്ധ്യരേഖാ പ്രദേശമായ കേരള ഭൂമിയില്‍ എപ്രകാരം പെര്‍ഫോം ചെയ്യും എന്നത് കാലം തെളിയിക്കണ്ട സ്ഥിതി ആണിപ്പോള്‍. അപ്രകാരം കാലത്തിനു വിട്ടുകൊടുത്ത് കാത്തിരിക്കത്തക്ക ആത്ര ലഘുവല്ല ഈ വിഷയമെന്ന് ബന്ധപ്പെട്ടവര്‍ തിരിച്ചറിയുന്നില്ലെന്ന് മാത്രം.

മറുപടി ലഭിക്കാത്ത ചില സംശയങ്ങള്‍ ഇവയാണ്:

1. നമ്മൂടെ നാട്ടില്‍ ഏറ്റവും യോജിച്ച സങ്കര വര്‍ഗ്ഗം ഏതാണെന്ന് പഠനങ്ങള്‍ നടന്നിട്ടുണ്ടോ?
2. മോശം പെര്‍ഫോമറായ വിദേശ ജനുസുകളുടെ പരാജയ കാരണങ്ങള്‍ എന്താണ്?
3. മോശം പെര്‍ഫോര്‍മറുകളുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം ചെയ്തു?
4. ശേഷി വര്‍ദ്ധിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളോട് മോശം പെര്‍ഫോമറുകള്‍ എങ്ങിനെ പ്രതികരിച്ചു?
5. നിലവിലുള്ള വിദേശ ജനുസുകളേക്കാള്‍ എന്തെല്ലാം മെച്ചങ്ങങ്ങളാണ് മോബിലിയാഡ് പശുക്കള്‍ക്ക് ഉള്ളത്?
6. മോബിലിയാര്‍ഡിന്റെ ലവലിലേക്ക് നിലവിലെ ജനുസുകളെ ഉയര്‍ത്തുക സാദ്ധ്യമല്ലെ?
7.നിലവില്‍ വിജയകരമെന്ന് പറയുന്ന മോബെലിയാഡ് ഫാമുകളൂടെ മാനേജ്മെന്റ് കേരളത്തിന്റേതിനു സമാനമാണോ?
8.ട്രൊപ്പിക്കല്‍ കാലാവസ്ഥയില്‍ മോബിലിയാഡ് പശുക്കളുടെ പെര്‍ഫോമന്‍സ് എവിടെയെങ്കിലും വിലയിരുത്തിയിട്ടുണ്ടോ?

നിലവിലെ രണ്ട് തടിച്ചികളെ കാണുക:

ഹോള്‍സ്റ്റീന്‍ പശു.


ബ്രൗണ്‍ സ്വിസ്സ് പശു.


ഇനിയും ഒരു തടിച്ചി കൂടി വേണോ?

ഇനിയും ധാരാളം സംശയങ്ങള്‍ ഉയര്‍ന്നു വരാം. ഇത്തരം വിഷയങ്ങളില്‍ ശാസ്തീയമായ ഒരു തീരുമാനം വന്നതിനു ശേഷം മാത്രം വിദേശിയെ ഇറക്കുമതി ചെയ്യുന്നത് ആരംഭിക്കാവൂ.


ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും തപ്പിയത്.