6/30/2009

മലയാളിക്ക് പഠിക്കുന്നവര്‍

തലക്കെട്ട് കണ്ട് തെറ്റിദ്ധരിക്കണ്ട.

പൊതു പണിമുടക്കുകളും പ്രകടനങ്ങളും ഇന്ത്യാക്കാരന്റെ പ്രത്യേകിച്ച് മലയാളിയുടെ കുത്തകയാണെന്ന് പൊതു ധാരണയില്‍ ചിന്തിച്ചു പോയതാണ്. 2009 വര്‍ഷത്തില്‍ തങ്ങളുടെ ഭരണകൂടത്തിനെതിരെ രണ്ട് രാജ്യങ്ങളിലെ ജനങ്ങള്‍ നടത്തിയ പ്രകടനങ്ങള്‍ കണ്ട് അന്തം വിട്ട ഞാന്‍ ധരിച്ചത്, മലയാളികളായിരിക്കും ഇതിനു പിന്നിലെന്നാ. പക്ഷെ അല്ല കേട്ടോ, സായിപ്പന്മാരുതന്നെയാണെല്ലാം, അതും ലക്ഷക്കണക്കിനു വരുന്ന ജനക്കൂട്ടം.

ദേ നോക്കിക്കെ പാരീസില്‍: ഗാര്‍ഡിയന്‍ പത്രത്തിലെ താള്‍
ഇതാണെങ്കില്‍ ഗ്രീസില്‍: എ.ബി.സി വാര്‍ത്തഇവര്‍ക്കൊന്നും വേറൊരു പണിയുമില്ലെ?

ഇവരെന്താ മലയാളിക്ക് പഠിക്കുകയാണോ?

6/28/2009

കേരള വികസനത്തില് പങ്കാളികളാവുക

ലോകത്താകമാനമിന്ന് ഗൌരവമായ ചര്‍ച്ചക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വിഷയമാണ് ആഗോള സാമ്പത്തിക മാന്ദ്യം . 1930 കളിലെ ആഗോളമാന്ദ്യത്തെ അനുസ്മരിപ്പിക്കുന്ന ഈ പ്രതിഭാസം മുതലാളിത്തത്തിന്റെ സ്വാഭാവിക പരിണതിയാണ്. 30 കളിലെ മാന്ദ്യം നല്‍കുന്ന പാഠങ്ങള്‍, ഒരു പരിധിവരെയെങ്കിലും വസ്തുനിഷ്ഠമായൊരു വിശകലനത്തിന് നമ്മെ പ്രാപ്തരാക്കിയെന്ന് നിശ്ശംസയം പറയാം. കമ്പോളത്തില്‍ നിന്നും സാമ്പത്തിക രംഗത്തു നിന്നും സര്‍ക്കാര്‍ പിമാറുക എന്ന ആശയവുമായി കടന്നു വന്ന ആഗോളവത്കരണ നയങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാന്‍ , കമ്പോളത്തിലും സാമ്പത്തിക രംഗത്തും സര്‍ക്കാര്‍ ഇടപെട്ടേ മതിയാകൂ എന്ന ഇടതു പക്ഷ ആശയങ്ങളെ കൈക്കൊള്ളുക മാത്രമാണെന്ന് ലോകമിന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷെ ലോകമുതലാളിത്ത കേന്ദ്രമായ അമേരിക്കയുടെ പ്രസിഡന്റ് മുന്നൊട്ട് വക്കുന്ന പരിഷ്കരണങ്ങള്‍, വന്‍കിട കുത്തകകള്‍ക്ക് ഗുണകരമായ രീതിയിലാണെന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നില്ല.

ഈ സാഹചര്യത്തിലാണ് കേരളത്തിലെ സാമ്പത്തിക രംഗത്തെ മാന്ദ്യത്തില്‍ നിന്നും കരയേറ്റുകയെന്ന് ലക്ഷ്യത്തൊടെ നമ്മുടെ സര്‍ക്കാര്‍ വിവിധ പദ്ധതികളുമായി മുന്നോട്ട് വരുന്നത്. സാമ്പത്തിക മാന്ദ്യം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 10000 കോടി രൂപയുടെ വിവിധ പദ്ധതികളുമായി വിഭാവനം ചെയ്യുന്നത്. അമേരിക്കയില്‍, കുത്തകള്‍ക്ക് ജനങ്ങളുടെ നികുതിപ്പണം നല്‍കിയ മാതൃകയല്ല നാമിവിടെ പിന്തുടരാനുദ്ദേശിക്കുന്നത്. സാമ്പത്തിക രംഗത്തു മുടക്കുന്ന പണം വിവിധ രൂപത്തില്‍ കേരളത്തിലെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനും നമ്മുടെ വ്യവസായങ്ങളടക്കമുള്ള ഉത്പാനരംഗത്തെ ജീവസ്സുറ്റതാക്കാനുമാണ്. ജനങ്ങള്‍ക്ക് ലഭിക്കുന്ന തൊഴില്‍ വര്‍ദ്ധന, സാമ്പത്തിക രംഗത്ത് ചലനം സൃഷ്ടിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഇതിന്റെ ഭാഗമായി 5000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആഗസ്റ്റ് മാസത്തോടെ കേരളത്തില്‍ സാങ്കേതികാനുമതി ലഭിക്കാന്‍ പോകുന്നത്. ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ നിന്നുള്ള പദ്ധതികളാണ് ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ നിര്‍വ്വഹണ ഘട്ടത്തിലെത്തുന്നതെന്നത്, ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ നിശ്ചയ ദാര്‍ഢ്യത്തിനു തെളിവാണ്. ഇതിനും പുറമെയാണ് സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് പിരിച്ചു വിടപ്പെട്ട പ്രവാസികളെ പുനര്‍ധിവസിപ്പിക്കാനുള്ള പദ്ധതികളും തയ്യാറായി വരുന്നത്. 7 ശതമാ‍നം പലിശനിരക്കില്‍ കെ.എഫ്.സി മുഖേന നല്‍കാന്‍ വിഭാവനം ചെയ്യുന്ന സ്വയം തൊഴില്‍ വായ്പ ഇതിനൊരുദാഹരണം മാത്രമാണ്.

പദ്ധതികളുടെ പ്രായോഗിക നിര്‍വ്വഹണത്തിന്‍ പണം കൂടിയേ തീരൂ. പണമച്ചടിച്ചുപയോഗിക്കാനുള്ള അധികാരമില്ലാത്ത കേരള സര്‍ക്കാര്‍ എപ്രകാരമീ ധനം സമാഹരിക്കുന്നുവെന്ന് നാം അത്ഭുതപ്പെട്ടേക്കാം. നികുതി വരുമാനം കാര്യക്ഷമമാക്കിയും ധനച്ചോര്‍ച്ചകളടച്ചുള്ള സാമ്പത്തിക മാനേജ്മെന്റുമാണ് ഇതിനു സഹായമാവുന്നത്. അഴിമതി രഹിതമായ ചെക്ക് പോസ്റ്റുകള്‍ എന്ന നയവുമായി പ്രവര്‍ത്തനമാരംഭിച്ച വാളയാര്‍ പദ്ധതികളുടെ വിജയം നാം കണ്ടതാണ്. സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.ഇതുകൂടാതെ വാണിജ്യ നികുതി പിരിവ് രംഗത്ത് ഉണ്ടായ ശ്രമങ്ങളും കൂടിച്ചേര്‍ന്ന് കേരളത്തെ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിലെത്തിച്ചുവെന്ന് പറയാം.

എന്നാല്‍ നികുതി പണം കൊണ്ട് മാത്രം നടപ്പാക്കാനാവുന്ന പദ്ധതികളല്ല നാമിന്നേറ്റെടുത്തിരിക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക വികസനത്തിന് നാമേവരും നമ്മേക്കഴിയുന്ന സഹായം ചെയ്താല്‍ മാത്രമെ ഇതു സാദ്ധ്യമാവുകയുള്ളൂ. ഏറ്റവും പെട്ടന്നു ചെയ്യാവുന്ന സഹായങ്ങളിലൊന്നാണ് വിവിധ സര്‍ക്കാര്‍ സംരഭങ്ങളില്‍ നമ്മുടെ കരുതല്‍ ധനമേല്‍പ്പിക്കുക എന്നത്. ഇത്തരത്തിലൊന്നാണ് കേരള ട്രഷറി സേവിംങ്സ് ബാങ്ക്. സേവിങ്സ് അക്കൌണ്ടിനു പുറമെ സ്ഥിരനിക്ഷേപത്തിനും സാദ്ധ്യതയുള്ള ഈ സംവിധാ‍നം ഉയര്‍ന്ന പലിശനിരക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. ഉയര്‍ന്ന വരുമാനം മാത്രം പ്രതീക്ഷിച്ച് പുത്തന്‍ തലമുറ ബാങ്കുകളിലും മറ്റും സമ്പാദ്യമേല്‍പ്പിച്ച് പാപ്പരായ നിരവധിയാളുകളെ നമുക്ക് ഈ അവസരത്തില്‍ സ്മരിക്കാം. കേരള ട്രഷറി സ്ഥിരനിക്ഷേപ പലിശ ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവ് താ‍ഴെക്കൊടുക്കൂന്നു. സമ്പാദ്യം സുരക്ഷിത കരങ്ങളിലേല്‍പ്പിക്കുന്നതോടോപ്പം നാടിന്റെ വികസനത്തില്‍ പങ്കാളികളാവാം.

Interest

6/20/2009

ഡോക്കിംങ് എന്ന ക്രൂരത

ഡോക്കിംങ്:
നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പോലും ഉയര്‍ന്ന "ജാതി മൂല്യം" ഉള്ള നായ്ക്കള്‍ സര്‍വ്വ സാധാരണമായിരിക്കുന്നു. നാട്ടുകാരായ നാടന്‍ നായ്ക്കളാവട്ടെ പടിക്കുപുറത്താക്കപ്പെട്ട് തെരുവിന്റെ സ്വാതന്ത്ര്യത്തില്‍ ജീവിക്കുന്നു. വിദേശികള്‍ കടന്നു വരുന്ന മേഖലകളില്‍ അവക്കനുസൃതമായ രീതിയില്‍ പരിഷ്കാരങ്ങള്‍ നടപ്പാവണമല്ലോ. ഓരോ നായ ഇനങ്ങള്‍ക്കും അന്താരാഷ്ട്ര നിലവാരത്തില്‍ വിവരിക്കപ്പെട്ടിട്ടുള്ള സ്വഭാവ ഗുണങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. ഇത്തരത്തിലുള്ളവയിലൊന്നാണ് വാലിന്റെ നീളം.നായ്ക്കുട്ടികളുടെ വാല്‍ , അവയുടെ ബ്രീഡുകള്‍ക്ക് നിര്‍ണ്ണയിക്കപ്പെട്ട അളവില്‍, മുറിക്കുന്നതിനെ നായക്കുട്ടികളിലെ ഡോക്കിംങ് എന്ന് പറയാം. ഒരു സൌന്ദര്യവര്‍ദ്ധക ശസ്ത്രകൃയയാണിത്. നായ എന്ന ജീവിക്ക ജീവിക്കാനാവശ്യമായ അടിസ്ഥാനപരമായ പ്രയോജനങ്ങളൊന്നും നല്‍ക്കാത്ത ഈ ശസ്ത്രകൃയ ആവശ്യമോ എന്ന കാര്യത്തില്‍ ലോകമെമ്പാടും ചര്‍ച്ചകളുയര്‍ന്നു വരികയും, തത്ഭലമായി പല വിദേശരാജ്യങ്ങളും ഇത് ജന്തുക്കളൊടുള്ള ക്രൂരതയാണെന്ന രീതിയില്‍ നിര്‍വ്വചിക്കുകയും, നിരോധിക്കുകയും ചെയ്തു.


ചില വസ്തുതകള്‍.
ലോകമെമ്പാടുമുള്ള മൃഗസ്നേഹികളും, മൃഗ ചികിത്സകരും ഡൊക്കിങ് എന്ന് വാലുമുറിക്ക് പ്രതികൂലമായ നിലപാടെടുക്കുമ്പോഴും നിരോധനത്തെ എതിര്‍ക്കുന്ന ഒട്ടനവധി സംഘങ്ങളുണ്ട്. ചില അനുകൂല വാദമുഖങ്ങള്‍ പരിശോധിക്കാം.


1.നൂറ്റാണ്ടുകളായി അനുവര്‍ത്തിച്ചു വരുന്ന നിബന്ധനകളാണിത്.
പണ്ടുള്ള ശീലങ്ങളെല്ലാം തുടരണമെന്ന് വാശിമാത്രമാണിത്. ഉപോല്‍ബലകമായി മറ്റു കാര്യങ്ങളൊന്നും തന്നെ പറയുന്നില്ല2.വാലുള്ളവക്ക് പേവിഷബാധ കൂടുതലാണ്.
തികച്ചും തെറ്റായ വാദം. വാലിന്റെ നീളവും പേവിഷബാധയും തമ്മില്‍ യാതൊരു ബന്ധവും കണ്ടെത്താനായിട്ടില്ല.

3.നീളം കൂടിയ വാല്‍ പരിക്കുപറ്റാന്‍ സാദ്ധ്യതയേറ്റുന്നു.
ഒരു പരിധി വരെ ശരിയാണെന്ന് പറയാം. വാലുണ്ടെങ്കില്‍ മറ്റേത് അവയവത്തേപ്പോലെയും അതിനു പരിക്കുപറ്റാം.

4.വേട്ടപ്പട്ടികള്‍ക്കും മറ്റും നീളമുള്ള വാല്‍ ജോലിക്ക് തടസ്സമാണ്.
ഏതൊരു ജീവിയുടേയും ജന്മനാലുള്ള ശാരീരിക ഘടന അതിന്റെ ജീവിതരീതിക്കനുസൃതമായിരിക്കും. വേട്ടയാടി കാട്ടില്‍ ജീവിക്കുന്ന കാട്ടുനായ്ക്കളുടെ വാല്‍ എന്തു ചെയ്യപ്പെടുന്നു എന്നത് പ്രസക്തമല്ലെ?

5.താരതമ്യേന കുറഞ്ഞപ്രാ‍യത്തില്‍ ചെയ്യപ്പെടുന്ന ശസ്ത്രകൃയയായതിനാല്‍ നായ്ക്കുട്ടികള്‍ വേദനയറിയുന്നില്ല.
വേദനയോടുള്ള പ്രതികരണം കുറവാണെന്ന് ഒരു നിരീക്ഷണം മാത്രമാണത്. കൊച്ചു നായ്ക്കുട്ടികള്‍ക്ക് വേദനയറിയില്ലെന്ന വാദം തെറ്റാണ്. വാലുമുറിക്കുന്നതിനിടെ "വേദനയാലുള്ള ഷോക്ക്" ഉണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

6.നിബന്ധന വച്ചിട്ടുള്ള ഇനങ്ങള്‍ക്ക് അനാകര്‍ഷണീയ വാലുകളാണുള്ളത്.
അനാകര്‍ഷകം എന്ന പദം ആപേക്ഷികമാണ്.

7. അവശ്യ അവയവം അല്ലാത്തതിനാല്‍ വാലില്ലാത്ത നായക്കുട്ടികള്‍ ജനിക്കുന്നു.
നമ്മുടെ പഴയ ലാമാര്‍ക്കിയന്‍ ചിന്താഗതി മാത്രമാണിത്. ജനിതക വൈകല്യം എന്ന നിലയില്‍ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാത്രമണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഇവക്കുപുറമെ പരിഗണിക്കേണ്ട മറ്റൊരു വസ്തുതയാണ് വാലിന്റെ മറ്റുപയോഗങ്ങള്‍. ശരീരത്തിലെ പ്രാണികളെ ആട്ടിയോടിക്കുക തുടങ്ങി തന്റെ ഗോപ്യഭാഗങ്ങള്‍ മറക്കാനുള്ള ഉപാധിവരെയാണ് നായക്കിത്. വാലുമുറിക്കുന്നതിലൂടെ തുറന്നിടപ്പെടുന്ന പിന്‍ഭാഗങ്ങളില്‍ പരിക്കുപറ്റാനുള്ള സാദ്ധ്യത ഏറെയാണ്.

മേല്‍പ്പറഞ്ഞ വാദഗതികളെല്ലാം പരിഗണിച്ചാണ് വിവിധ രാജ്യങ്ങള്‍ നിരോധത്തിലേക്കു തന്നെ നീങ്ങുന്നത്. ആസ്ട്രെലിയ, ഇംഗ്ലണ്ട്, സൌത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. ഇന്ത്യാ രാജ്യത്ത് തത്തുല്യമായ ഒരു നിയമം ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. വര്‍ദ്ധിച്ചു വരുന്ന ശ്വാന പ്രദര്‍ശങ്ങളും വാലുമുറിച്ച നായയെന്ന സ്റ്റാറ്റസ് സിംബലും നാം എത്രത്തോളം ഉപേക്ഷിക്കും എന്നറിയില്ല.എന്നിരുന്നാലും സൌന്ദര്യ വര്‍ദ്ധനത്തിനു മാത്രമായി നമ്മുടെ നായക്കുട്ടിയുടെ വാല്‍ മുറിച്ചിടേണ്ട എന്ന് നമുക്ക് സ്വയം തീരുമാനമെടുക്കാം.

വേണ്ട വാലുമുറിച്ച നായ്ക്കുട്ടികള്‍.

6/15/2009

ഞാനും വയസ്സറിയിച്ചു.

എല്ലാവരും വാര്‍ഷിക പോസ്റ്റുകളിടുന്നു, എന്നാല്‍ കിടക്കട്ടെ എന്റെ വകയും ഒന്ന്.

വാര്‍ഷികങ്ങള്‍ ഒന്നുമല്ലാതിരുന്ന എന്റെ ജീവിതത്തില്‍ പുതു ശീലങ്ങള്‍ കൊണ്ടുവരുന്നു ബൂലോ‍കം. 2008 ജൂണ്‍ 15 നാണ് ആദ്യ ബ്ലോഗ് പൊസ്റ്റ് ഇടുന്നത്, പോസ്റ്റെന്ന് പറത്തക്കതായൊന്നുമില്ല, ഒരു തുടക്കം എന്ന നിലയില്‍ രണ്ടു വരികള്‍ ടൈപ്പ് ചെയ്തു പേരുമിട്ടു “തുടക്കം.”
അഗ്രിഗേറ്ററുകളെക്കുറിച്ചോ വായനക്കാരെക്കുറിച്ചോ ബോധവാനായിരുന്നില്ല, അതിനാല്‍ തന്നെ വേറൊന്നും ചെയ്യാനുമുണ്ടായിരുന്നില്ല. രണ്ടാമതിട്ട പോസ്റ്റ് എന്റെ ഐഡന്റിറ്റി വെളിവാക്കുമെന്ന് തോന്നിയതിനാല്‍ പെട്ടന്നു തന്നെ ഡ്രാഫ്റ്റ് പെട്ടിയിലേക്ക് മടങ്ങി. തുടര്‍ന്നിടക്കിടെ ചിലതൊക്കെ കുറിച്ചിട്ടു, വായനക്കാരെ പ്രതീക്ഷിച്ചല്ല, മറിച്ച് മലയാളം കൂട്ടിയെഴുതാനാവുമോ എന്ന് ഒരു പരീക്ഷണം. ബ്ലോഗേഴ്സല്ലാത്ത ചില സുഹൃത്തുക്കള്‍ വായിച്ച് പ്രോത്സാഹിപ്പിച്ചു. അങ്ങിനെ ഒരു ദിവസം ദേ കിടക്കുന്നു അഞ്ചാമത്തെ പോസ്റ്റില്‍ കമന്റ്റെന്ന ഒരു സാധനം, അനൂപ് കോതനെല്ലൂര്‍ വക, എന്തു ചെയ്യണം എന്നറിയാഞ്ഞകാരണം ഒന്നും ചെയ്തില്ല. അടുത്ത പോസ്റ്റിട്ടു, അവിടെം വന്നു രണ്ട് കമന്റ് , അരീക്കോടന്‍, ശിവ എന്നിവര്‍. അപ്പോഴേക്കും കമന്റുകള്‍ക്ക് പ്രതികരണം നല്‍കണമെന്ന പാഠം ബ്ലോഗറായ ഒരു സുഹൃത്ത് പറഞ്ഞു തന്നു, കൂടാതെ മറുമൊഴിയിലേക്ക് കമന്റ് തിരിച്ചു വിടണമെന്നും മറ്റു വിഷയങ്ങളിലെ ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്നും ഉപദേശവും. അന്നുതൊട്ടിന്നു വരെ മറുമൊഴിയില്‍ വന്നിട്ടുള്ള ഒറ്റക്കമന്റും ഒഴിവാക്കിയില്ല, പല പൊസ്റ്റുകളേയും ആകര്‍ഷകമാക്കുന്നത് ചര്‍ച്ചകളാണെന്ന് സ്വയം ബോദ്ധ്യപ്പെട്ടു. മറ്റു ബ്ലോഗ് പോസ്റ്റുകളിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് നമ്മെ പരിചയപ്പെടുത്താനുള്ള വേദികൂടിയാണെന്നും ബോദ്ധ്യമായി.പുലിമടയാണോ പൂച്ചക്കൂടാണോ എന്നൊന്നും അറിയാതെ എല്ലായിടവും കയറി ഇറങ്ങി. ഇന്ന് ഇവിടെയെത്തുന്ന സന്ദര്‍ശകരെ എനിക്ക് നല്‍കിയതില്‍ ആ ചര്‍ച്ചകള്‍ നല്ലൊരു പങ്ക് വഹിച്ചുകാണും, ഒരു വിഷമം മാത്രം അവര്‍ക്ക് തിരികെ നല്‍കാന്‍ എന്റെ ബ്ലോഗ്ഗില്‍ ഒന്നുമില്ല. പേജ് ലോഡ് കൌണ്ടറും പ്രൊഫൈല്‍ വിവിസ്റ്റ് കൌണ്ടറും നോക്കുമ്പോള്‍ കുറഞ്ഞൊരു നാണം തോന്നുകയാണ്, അതിനുള്ളതൊന്നും പതിവുകാഴ്ചകളിലില്ല.

1988 ല്‍ ഡിഗ്രിക്കു ചേരുമ്പോള്‍ തന്നെ കമ്പ്യൂട്ടര്‍ എന്ന സംഗതിയെക്കുറിക്ക് അല്പസ്വല്‍പ്പം പിടിപാട് ഉണ്ടായിരുന്നു, മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജാവിനെപ്പോലെ ഞാന്‍ വിലസി. പക്ഷെ അവിടുന്നിങ്ങോട്ട് അല്പം പുറകിലേക്ക് നീങ്ങി, കമ്പ്യൂട്ടറിനെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കാന്‍ ലഭിച്ച ചില സൂചനകള്‍ എന്നെ പുറകോട്ട് വലിക്കുകയായിരുന്നു എന്നു തന്നെ പറയാം.പണക്കാരനു മാത്രം സാദ്ധ്യമാകുന്ന , അത്ര അത്യാവശ്യമല്ലാത്ത ഒരു യന്ത്രം, ഇന്റെര്‍നെറ്റെന്ന കുത്തക വലക്കുള്ളില്‍ പെടാതിരിക്കാന്‍ ആവും വിധം പരിശ്രമിച്ചു, വിജയിച്ചു. കമ്പ്യൂട്ടര്‍ രംഗത്ത് വളര്‍ച്ച ത്വരിതഗതിയിലായിരുന്നു, അതിനാല്‍ തന്നെ എന്റെ പിന്നോട്ട്പോക്കും അതേ വേഗത്തില്‍ തന്നെയായി. 94 ല്‍ ജോലിക്കുകയറിയ ഓഫീസില്‍ വീണ്ടുമതാ ഇരിക്കുന്നു നമ്മുടെ പഴയ ശത്രു , കമ്പ്യൂട്ടര്‍. എന്നാപ്പിന്നെ പതുക്കെ തൊട്ടുനോക്കാമെന്ന് തീരുമാനിച്ചു, ഡോസ് ഷെല്ലാണ്, വിഷ്വല്‍ ഇന്റെര്‍ഫേസുമായി വലിയ പിടിപാടില്ല, എങ്കിലും കമാന്റുകള്‍ ഓര്‍ത്തെടുത്ത് കളി തുടങ്ങി. പക്ഷെ എന്തു ചെയ്യാന്‍, വല്യ ആപ്പീസറെങ്ങാനും കണ്ടാല്‍ പണി കഴിഞ്ഞതു തന്നെ, ഇതെന്തോ പൊട്ടിത്തെറിക്കുന്ന സാധനമാണന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. ആ ധാരണ തിരുത്താനും പോയില്ല, വീണ്ടും കമ്പ്യൂട്ടറും ഞാനും തമ്മില്‍ പിണങ്ങി.
96 ല്‍ പിജിക്ക് ചെന്ന് പഴയ കോളേജിലെത്തി, ഡാറ്റാ അനാലിസിസ് ഒക്കെ വേണ്ട ഡിപ്പാര്‍ട്ട്മെന്റായതിനാല്‍ കൊള്ളാവുന്ന ഒരു സിസ്റ്റം അവിടെ ഉണ്ടായിരുന്നു. എന്നെ അറിയുന്ന ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ആ‍യതിനാല്‍ പെട്ടന്നു തന്നെ അതില്‍ അക്സസ്സ് കിട്ടി. പക്ഷെ ഓണ്‍ ചെയ്തപ്പോള്‍ ഞെട്ടി, ദേ കിടക്കുന്നു വിന്‍ഡോസ് 3.1, എന്നാലും പഴയ ഡോസ് കമാന്റ്സ് വെച്ച് വീണ്ടും കളി. എന്റെ ഗൈഡായ പ്രൊഫസര്‍ക്ക് ആ കമ്പ്യൂട്ടറില്‍ തൊടാന്‍ അനുവാദമില്ല, പുള്ളിക്കു കലിയിളകാതിരിക്കുമോ, അങ്ങിനെ ആ പരിപാടിയും കഴിഞ്ഞു.
പിന്നീടിങ്ങോട്ട് ആ സാധനത്തെ തിരിഞ്ഞു നോക്കിയില്ല, വിന്‍ഡോസിന്റെ പുതു പുതു വേര്‍ഷനുകള്‍ വന്നു, അതിനനുസരിച്ച് എന്റെ അജ്ഞതയും കൂടി വന്നു, പോരാഞ്ഞ് ഇന്റര്‍നെറ്റെന്ന ആഗോള ഭീകരനെ കൈപ്പാടകലെ നിര്‍ത്താന്‍ പ്രതിജ്ഞാബദ്ധവുമായിരുന്നു. നീണ്ട 7 വര്‍ഷം പിന്നെ കീബോഡ് കൈകൊണ്ട് തൊട്ടില്ല. 2003 ഇല്‍ യു.കെയില്‍ പോയിവന്ന എന്റെ ഒരു സുഹൃത്ത് ചോദിച്ചു “നിന്റെ സിസ്റ്റം ഏതാടാ?” “മെയില്‍ ഐഡി താ, നമുക്ക് ചാറ്റില്‍ കാണാം” പതിനഞ്ചു വര്‍ഷം മുന്നേ, ചെറുതാണെങ്കിലും, സ്വന്തമായി പ്രോഗ്രാം എഴുതിയിരുന്നവന് ഇന്ന് കമ്പ്യൂട്ടര്‍ ഇല്ലാതിരിക്കാന്‍ സാദ്ധ്യത ഇല്ലെന്ന് ധരിച്ചെങ്കില്‍ അവനെ കുറ്റം പറയാനാവില്ല. ആ ചോദ്യം ഒരു കത്തിമുനയായി എന്റെ നെഞ്ചില്‍ തറച്ചു, ഉറച്ച തീരുമാനമെടുക്കാന്‍ പ്രയാസമുണ്ടായില്ല, ആദ്യം ചേര്‍ന്നത് ഹാര്‍ഡ് വെയര്‍ കോഴ്സിന്, പിന്നെ ചില പ്രോഗ്രാമിംങ് കോഴ്സും ചെയ്തു ഞാന്‍ ഗോദയിലിറങ്ങി. ഇന്റര്‍നെറ്റെന്ന മായിക ലോകത്തില്‍ ഊളിയിട്ടു, വിവരങ്ങള്‍ തിരഞ്ഞു, നഷ്ടമായ കുറേ കമ്പ്യൂട്ടര്‍ വര്‍ഷങ്ങളെ ഓര്‍ത്ത് നെടുവീര്‍പ്പിട്ടു. ഏതായാലും “ഏതാണ്ട് ചെയ്യാത്തവന്‍ ഏതാണ്ട് ചെയ്താല്‍ ഏതാണ്ടും കൊണ്ട് ആറാട്ട്” എന്ന ചൊല്ല് അന്വര്‍ത്ഥമാക്കി തുടര്‍ന്നിങ്ങോട്ട് ഇതുവരെ.

അങ്ങിനെ ഇന്നിതാ ബ്ലോഗ് എന്ന ഈ ലോകത്തെത്തിയിരിക്കുന്നു, പ്രായവും മുഖവും ഒന്നുമില്ലാത്ത വെറും അനിലാ‍യി .മനസ്സിലുള്ളത് തുറന്നുപറയാന്‍, മുന്നില്‍ കാണുന്നതിനോട് പ്രതികരിക്കാന്‍ ഒരു വേദിയായി, കൂട്ടത്തില്‍ ബോണസായി ഒരുപാട് സൌഹൃദങ്ങളും ലഭിച്ചു. എല്ലാറ്റിനും നന്ദി പറയുന്നു, നൂറു വട്ടം.

സ്നേഹപൂര്‍വ്വം
അനില്‍ @ ബ്ലൊഗെന്ന വെറും അനില്‍.

6/12/2009

ഒരു കമ്പ്യൂട്ടര്‍വല്‍ക്കരണ കഥ

ഞാന്‍ കൂടി ഡയറക്റ്ററായുള്ള ഒരു കൊച്ച് കോപ്പറേറ്റീവ് സൊസൈറ്റി, ആധുനിക വല്‍ക്കരണ ശ്രമത്തിന്റെ ഭാഗമായി കമ്പ്യൂട്ടര്‍ സ്ഥാപിച്ചേക്കാം എന്നൊരു തീരുമാനമെടുക്കുന്നു. ഐ.ടി യുഗമല്ലെ, നാടോടുമ്പോള്‍ നടുവേ ഓടണം. എത്രയും പെട്ടന്ന് നടപടി പൂര്‍ത്തിയാക്കേണ്ടതിലേക്കായി, ഈ സാധനം നേരിട്ടു കണ്ടിട്ടുള്ള ആളുകളിലൊരാളായ ഈയുള്ളവനേയും മറ്റൊരു ഡയറകരേയും യോഗം ചുമതലപ്പെടുത്തുന്നു.

ഘട്ടം 1:

നാമിന്ന് സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ പ്രോത്സാഹിപ്പിക്കുന്നവരാവേണ്ടതുണ്ടെന്നാണ് പൊതുവെ താടിക്കാരായ ബുദ്ധിജീവികളുടെ നിലപാട്. ബുദ്ധിയില്ലെങ്കിലും താടി ഉണ്ടല്ലോ, നമുക്കും സ്വതന്ത്രന്‍ മതി എന്ന് ഞാനും തീരുമാനിച്ചു. അന്വേഷണം തുടങ്ങി, നെറ്റ് , മറ്റു പരസ്യ മാദ്ധ്യമങ്ങള്‍ എല്ലാം തപ്പി, സ്വതന്ത്രന്മാരെവിടെയെങ്കിലും ഉണ്ടോ. മാസങ്ങളോളം നീണ്ട അന്വേഷണത്തിനൊടുവില്‍ സംഗതി തീരുമാനമായി, ഞങ്ങളുടെ ജില്ലയില്‍ സേവനം ലഭിക്കുന്ന ലിനക്സ് സംവിധായകരൊന്നുമില്ല. ആകെ റെഡ് ഹാറ്റ് ലിനക്സ് അടിസ്ഥാനപ്പെടുത്തി ഒരു ടീം സോഫ്റ്റ്വയറ് ഉണ്ടാക്കിയിട്ടുണ്ട്, പക്ഷെ സേര്‍വര്‍ വിന്‍ഡോസ് തന്നെ വേണം. ചുരുക്കിപ്പറഞ്ഞാല്‍ ഇരട്ടിപ്പണി, ആ ആഗ്രഹം പൂട്ടിവച്ചു.

ഘട്ടം. 2:

വിന്‍ഡോസെങ്കില്‍ വിന്‍ഡോസ്, കുത്തകയെങ്കില്‍ കുത്തക, ചില ബൂലോകപുലികളൊടൊക്കെ സംശയനിവാരണം നടത്തി ക്വൊട്ടേഷന്‍ നോട്ടീസ് തയ്യാര്‍ ചെയ്ത്, അടുത്ത ദിവസം തന്നെ പബ്ലിഷ് ചെയ്യുകയും ജില്ലയില്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ക്ക് മെയില്‍ അയക്കുകയും ചെയ്ത. എന്തായാലും നല്ല റെസ്പോണ്‍സ്, എ.ടി.എം മെഷീന്‍ സ്ഥാപിക്കാനുള്ള സൌകര്യം വാഗ്ദാനം ചെയ്യുന്ന സൊഫ്റ്റ്വെയറുകള്‍ , അതില്ലാത്ത കൊച്ച് സോഫ്റ്റ്വെയര്‍ കഷണങ്ങള്‍, എന്നുവേണ്ട എന്തും റെഡി. നമ്മുടെ ആവശ്യാനുസരണമുള്ള നാലു ക്വൊട്ടേഷനുകള്‍ ലഭിക്കുന്നു. ഏറ്റവും കുറഞ്ഞ പണിക്കൂലി ആരീടാക്കുന്നു അവര്‍ക്കാണല്ലോ ഓര്‍ഡര്‍ നല്‍കേണ്ടത്, ഏറ്റവും കുറവായ ഒരു ക്വൊട്ടേഷന്‍ ഉറപ്പിക്കുന്നു. ഈ വിഷയത്തിലൊരു പഠനം നടത്തിയതിന്റെ വെളിച്ചത്തില്‍ പ്രസ്തുത കമ്പനി കിന്‍ഫ്ര പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്നതാണെന്നും നല്ല സര്‍വീസ്, കുറഞ്ഞ ചാര്‍ജ് എന്നിവയാല്‍ പ്രശസ്തമാണെന്നും ഐ.ടി മിഷനുമായി ‍ ബന്ധപ്പെടുന്ന എന്റെ ഒരു സുഹൃത്ത് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. അവരുടെ ഒരു സൌഹൃദ സ്ഥാപനം തന്നെ ഹാര്‍ഡ്വെയറും നല്‍കാമെന്നേറ്റു. കോഴിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന മലബാര്‍ സോഫ്റ്റ് വെയര്‍ സൊല്യൂഷന്സ് ആയിരുന്നു ആ കമ്പനി. ഓര്‍ഡര്‍ നല്‍കി, കമ്പനി പ്രതിനിധികള്‍ എത്തി , അടുത്ത ആഴ്ച തന്നെ വൈദ്യുതീകരണ സംവിധാനത്തിനും, നെറ്റ്വര്‍ക്ക് കേബിള്‍ ഇടല്‍ നടപടികളക്കുമായി ജോലിക്കാരെത്തുമെന്നും അറിയിച്ച് അവര്‍ മടങ്ങി. ആഴ്ച, ഒന്ന് , രണ്ട് , മൂന്ന്, നാലായപ്പോള്‍ ഒരു മാസമായി, പിന്നെ എണ്ണം മാസക്കണക്കിനായി, കമ്പനിക്കാരെ കാണുന്നില്ല. ഫോണ്‍ വിളികള്‍ മെയിലുകള്‍ എല്ലാം നടക്കുന്നുണ്ട്, യാതൊരു വിവരമില്ല.

ഘട്ടം 3:

ഈ കമ്പനിക്കാരെ നേരിട്ടറിയാവുന്ന സുഹൃത്തിനെ വിളിച്ചു, അദ്ദേഹം അന്വേഷിക്കാമെന്ന് ഉറപ്പുനല്‍കി. അടുത്ത ദിവസം വിവരം കിട്ടി പ്രസ്തുത കമ്പനിയിലെ പാര്‍ട്ട്ണേഴ്സ് തമ്മില്‍ പിരിയുന്നു, ഇനി പ്രോജക്റ്റൊന്നും ഏറ്റെടുക്കുന്നില്ല. ഔദ്യോഗികമായി ഈ വിവരം ഞങ്ങളെ അറിയിക്കാന്‍ പോലും ഇപ്പോള്‍ ആരുമില്ല. എന്തു ചെയ്യാനാവും, ഏതായാലും സമയ നഷ്ടം മാത്രമേ സംഭവിച്ചുള്ളൂ, ധന നഷ്ടം ഉണ്ടായില്ല. പ്രോജക്റ്റ് നടപ്പാക്കി മെഷീനുകള്‍ പിടിച്ച് സോഫ്റ്റ്വെയറും ഇട്ട ശേഷമാണ് സ്ഥാപനം പൂട്ടിയതെങ്കില്‍ എന്റെ കാര്യം കഷ്ടത്തിലായേനെ. നിലവില്‍ ഇവരുടെ ക്ലയന്റ്സ് ആയ പല പഴയ ബാങ്കുകാരും ആകാശത്തേക്ക് നോക്കിയിരിക്കുകയാണ്, ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ചില ശാഖകളടക്കം. ഐ.ടി മേഖലയിലെ മാന്ദ്യങ്ങളൊക്കെയാണ് സ്ഥാപനം പൂട്ടാ‍ന്‍ കാരണമായി പറയപ്പെടുന്നത്. കിന്‍ഫ്രാ പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന സ്ഥാപനങ്ങളുടെ ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല എന്നാണ് അറിയാനായത്. ഇനിയേതായാലും പുതിയ ക്വൊട്ടേഷന്‍ വിളിക്കണം, മാന്ദ്യം കഴിയാന്‍ കാക്കണോ എന്നു മാത്രമാണിപ്പോള്‍ സംശയം.

6/10/2009

കടല്‍വെള്ളത്തിനുപ്പാണ്

എത്രകണ്ടാലും മതിവരാത്തൊന്നാണ് കടല്‍.
തീരത്തെവാരിപ്പുണര്‍ന്ന് തിരിഞ്ഞോടുന്ന തിരമാലകളെണ്ണിയിരുന്നാന്‍ സമയം നിശ്ചലമാകില്ലെ, അതിനാല്‍ തന്നെ കടലെന്നും സന്ദര്‍ശകരെ മാടിവിളിച്ചുകൊണ്ടിരിക്കും. ആ പ്രലോഭങ്ങളില്‍ വീഴാത്തവന്‍ മനുഷ്യഗണത്തിലുള്‍പ്പെടില്ല, തീര്‍ച്ച. വൈകുന്നേരങ്ങളിലെ വിരസതയകറ്റാന്‍, നഷ്ടപ്രണയത്തിന്റെ നൊമ്പരമൊഴുക്കിക്കളയാന്‍, പ്രണയത്തിന്റെ തിരത്തള്ളലോ, കടല്‍ തിരയുടെ തള്ളലോ കേമമെന്ന് തുലനം ചെയ്യാന്‍, ഒരോരുത്തരേയും മാടിവിളിക്കുന്ന വികാരങ്ങള്‍ വ്യത്യസ്ഥമാവാം. തിരക്കൊഴിന്നൊരു സമയമുണ്ടാവില്ല കടലിനും.

പുറമ്മോടികള്‍ക്കുള്ളിലൊളിഞ്ഞിരിക്കുന്ന പരുക്കന്‍ മുഖം പലപ്പൊഴും നാം കാണാറില്ല, അഥവാ കാഴ്ചക്കു നേരെ നാം മുഖം തിരിക്കുന്നു. ചാടിമറിയാന്‍ തോന്നലുളവാക്കുന്ന മനോഹര തീരങ്ങള്‍ക്കോരം ചേര്‍ന്ന് കിടക്കുന്ന ഭീതിജനിപ്പിക്കുന്ന കാഴ്ചകള്‍. ആര്‍ത്തലക്കുന്ന കടലിനെ പിടിച്ചു നിര്‍ത്താന്‍ വൃഥാവ്യായാമമായി കെട്ടിപ്പൊക്കുന്ന കരിങ്കല്‍ ഭിത്തികള്‍ , തലപോയ തെങ്ങുകള്‍, ജീവിതത്തിന്റെ മറ്റൊരു മുഖം.ദുരിതങ്ങള്‍ക്കിടയിലെ ചാകരകള്‍. പ്രകൃതിക്ഷോഭ പ്രവര്‍ത്തനങ്ങളില്‍ മുഖ്യ ഇനമായ കടല്‍ ഭിത്തിനിര്‍മ്മാണം. ഇടുന്ന കല്ലുകള്‍ ഒലിച്ചു പോകും, കൂടെ കുറേ കോടികളും, വീണ്ടും വര്‍ഷം വരും, കല്ലിടീല്‍ തുടരും.

നമ്മുടെ അഹ്ലാദത്തിമര്‍പ്പിനിടയില്‍ ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളില്‍ ഊളിയിട്ടു കഴിയുന്ന കടലിന്റ്റെ മക്കളെ നാമോര്‍ക്കാറുണ്ടോ? ആയിരങ്ങള്‍ക്കന്നം കൊടുക്കുന്നവള്‍ കടല്‍, ആയിരങ്ങളുടെ പോറ്റമ്മ. പക്ഷെ വര്‍ഷകാല കുതിപ്പില്‍ തന്റെ സ്നേഹമവള്‍ മറന്നതായി നടിക്കുന്നു. തന്റെ താണ്ഡവത്തില്‍ തകര്‍ന്നടിയുന്ന തീരത്തെ എന്താണവള്‍ ഓര്‍ക്കാത്തത്.
അങ്ങുദൂരെയതാ പ്രതീക്ഷയേകി ഒരു വള്ളം കരക്കണയാനെത്തുന്നു.

പതിവുപോലെ മറ്റൊരു മണ്‍സൂണ്‍ കാലം വരവായി, കടലിന്റ്റെ മക്കള്‍ക്ക് വറുതിയുടെ ദിനങ്ങള്‍ സമ്മാനിച്ച് മറ്റൊരു ട്രോളിംങ് നിരോധന കാലവും. കേരളത്തിലെ ഏറ്റവും ദരിദ്രനാരായണന്മാരാണ് തീരദേശ വാസികളായ മത്സ്യത്തൊഴിലാളികള്‍. മാറിവരുന്ന് കാലാവസ്ഥയും കുറയുന്ന മത്സ്യസമ്പത്തും മൂലം ദുരിതക്കയത്തിലാണിവരുടെ നിത്യ ജീവതം. ദിവസേന ലഭിക്കുന്ന വരുമാനത്തിന്റെ സിംഹഭാഗവും ചിലവഴിക്കുന്ന ഈ കൂട്ടര്‍ നാളെ എന്നൊന്നില്ല എന്ന് ധരിക്കുകയാണോ എന്ന് സംശയിച്ചു പോകും, ചിലനേരങ്ങളില്‍; സമ്പാദ്യമേതുമില്ലാതെ പട്ടിണിയെ കൈനീട്ടിവാങ്ങും, വര്‍ഷാവര്‍ഷം വരുന്ന വര്‍ഷകാലങ്ങളില്‍. നിത്യവൃത്തിക്കായ് സര്‍ക്കാര്‍ റേഷനും മറ്റും ആശ്രയിക്കുന്ന ഇവര്‍ക്ക് അന്തിക്കൂരപോലും നഷ്ടമാവും ഇക്കാലത്തെ കടലാക്രമണം മൂലം. മഴക്കാലമത്രയും ദുരിതാശ്വാസ ക്യാമ്പെന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന സ്കൂള്‍ വരാന്തയില്‍ ജീവിതം കഴിക്കുന്ന ചിത്രങ്ങള്‍ നമുക്ക് സുപരിചിതം. ആദിവാസിമേഖലകളേക്കാള്‍ ദൈന്യമാണ് തീരദേശത്തെ ചേരികള്‍, കുടിക്കാനുപ്പുവെള്ളം മാത്രം. പ്രാധമിക സൌകര്യം പോലുമില്ലാത്ത കോളനികളില്‍ പകര്‍ച്ച വ്യാധികള്‍ പടരുന്നത് ഇക്കാലത്ത് സര്‍വ്വ സാധാരണം. സര്‍ക്കാരിന്റെ സൌജന്യങ്ങള്‍ക്ക് കാത്തിരിക്കാനിടവരുത്താതെ സ്വന്തം കാലില്‍ നില്‍ക്കാനിവരെ പ്രാപ്തരാക്കാന്‍, പദ്ധതികള്‍ നടപ്പിലാക്കുന്നതായി സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ വകുപ്പുകള്‍ ഘോഷിക്കുമ്പോഴും മത്സ്യത്തൊഴിലാളിയുടെ ജീവിത നിലവാരം താഴേക്കുതന്നെ.
ചെറായി മീറ്റ് 2009
മാനം കറുത്താല്‍ മനസ്സുകറുക്കുന്ന മത്സ്യത്തൊഴിലാളികള്‍ എന്റെ മനസ്സില്‍ നിറയുന്നിപ്പോള്‍. അവരുടെ പ്രതിനിധികളായ ചെറായിയിലെ തീരദേശവാസികള്‍ക്കായ് എന്തെങ്കിലുമൊന്ന് ചെയ്യാനാവുമോ നമുക്ക്?

6/07/2009

കല്ലാനയെന്ന സാങ്കല്‍പ്പിക ജീവി

ആനകളെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ അച്ചടി മാദ്ധ്യമങ്ങളിലും ബ്ലോഗിലും പലപ്പോഴായി വന്നിട്ടുണ്ടെങ്കിലും അധികം പരാമര്‍ശിക്കപ്പെട്ടിട്ടില്ലാത്ത ഒരു പേരാണ് കല്ലാന. കഴിഞ്ഞൊരു പോസ്റ്റില്‍ നടന്ന ചര്‍ച്ചയില്‍ അനില്‍ശ്രീയാണ് കല്ലാനയെ ആദ്യമായി എന്റെ ശ്രദ്ധയില്‍ പെടുത്തുന്നത്.
ആനകള്‍ ഏഷ്യന്‍ ആനകള്‍ ആഫ്രിക്കന്‍ ആനകള്‍ എന്ന രണ്ട് വ്യസ്ത്യസ്ഥ വിഭാഗങ്ങളാണെന്ന് നാം കണ്ടു കഴിഞ്ഞു. ഏഷ്യന്‍ ആനകള്‍ ശരാശരി 3-5 ടണ്‍ ഭാരവും 2-3 ഉയരവുള്ള ജീവികളാണ്, ഇതില്‍ തന്നെ ആണ്‍ പെണ്‍ വ്യത്യാസങ്ങള്‍ ദൃശ്യമാണ്. എന്നാല്‍ മലേഷ്യയിലെ ബോര്‍ണിയോയില്‍ കാണപ്പെടുന്ന ചെറിയ ആനകള്‍ ശാസ്ത്ര ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു. ഉയരം ഏദേശം രണ്ടുമീറ്റര്‍, കാഴ്ചയില്‍ കുട്ടിയാനകളുടെ മുഖവും വലിയ ചെവികളും, നിലത്തിഴയുന്ന വാല്‍ എന്നിവ ഇവയെ മറ്റ് ഏഷ്യനാനകളില്‍ നിന്നും മാറ്റി നിര്‍ത്തുന്നു. ദ്വീപിലൊറ്റപ്പെട്ടുപോയ നാട്ടനകളുടെ ഒരു അവാന്തര വിഭാഗമായി അടുത്തിടെ വരെ കണക്കാക്കപ്പെട്ടിരുന്ന ഇവയുടെ ഡി.എന്‍.ഏ പഠനങ്ങള്‍, 2003ഇല്‍ നടത്തുകയുണ്ടായി. ഈ ഫലങ്ങള്‍ കാണിക്കുന്നത് ഏഷ്യന്‍ ആനകളില്‍ നിന്നും വ്യത്യസ്ഥമായ ഒരു വിഭാഗമായി ഇവയെ പരിഗണിക്കാമെന്നും പരിണാമ പ്രകൃയയില്‍ വേറിട്ടു തന്നെ വന്ന ഒരിനം ആവാം എന്നതുമാണ്. എന്നാല്‍ ഔദ്യോഗികമായി ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നാണ് അറിവ്. ഈ ആനകളെ പിഗ്മി ആനകള്‍ (pigmy elephants)വിളിച്ചുവരുന്നു, കുള്ളന്‍ ആനകള്‍ എന്ന അര്‍ത്ഥത്തില്‍.


ഉയരം കുറഞ്ഞ കുള്ളന്‍ ആനകള്‍ നമ്മുടെ വനങ്ങളില്‍ വസിച്ചിരുന്നതായി അഗസ്ത്യാര്‍കൂടത്തിലെ ഗോത്രവര്‍ഗ്ഗക്കാര്‍ അവകാശപ്പെടുന്നുണ്ട്. കല്ലാന എന്ന് വിളിക്കപ്പെടുന്ന ഈ ആനകളെ കണ്ടതായി ചില ട്രെക്കര്‍മാരും അവകാശപ്പെടുന്നു, കല്ലാനയുടെതെന്ന് എന്നവകാശപ്പെട്ട് ചില ചിത്രങ്ങളും നമുക്ക് ലഭ്യമാണ്. വന്യജീവി ഫോട്ടോഗ്രാഫറായ ശ്രീ.സാലിയാണ് ഈ ഫോട്ടോ എടുത്തത്. ഈ പ്രചരണങ്ങളുടെ നിജസ്ഥിതി അറിയുന്നതിലേക്കായി, കേരള വനം വകുപ്പും കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിയ പഠനത്തിലും തിരച്ചിലിലും ഒരു കല്ലാനയെപ്പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

കല്ലാനയുടേതെന്ന് പറയപ്പെടുന്ന ചിത്രങ്ങളെല്ലാം ഒരു ആന മാത്രമുള്ളതായതിനാല്‍ കൃത്യമായൊരു തീരുമാനമെടുക്കാനാവില്ല എന്നാണ് വിദഗ്ധരുടെ നിലപാട്. കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന വിവിധ പ്രായത്തിലുള്ള ഒരു കൂട്ടത്തെ ലഭിച്ചാല്‍ മാത്രമേ കണ്ടെത്തുന്ന ആന യഥാര്‍ത്ഥ കല്ലാനയാണോ എന്ന നിജപ്പെടുത്താനാവൂ. മാത്രവുമല്ല ലഭിച്ച ചിത്രങ്ങളെല്ലാം തന്നെ കൊടും വേനല്‍ക്കാലത്ത് എടുക്കപ്പെട്ടവയാണെന്നും പത്തോ പന്ത്രണ്ടോ വയസ്സുള്ള ക്ഷീണാവസ്ഥയിലുള്ള ഒരു സാധാരണ ആന മാത്രമാവുമെന്നുമാണ് സംസ്ഥാന വനം വകുപ്പ് നിരീക്ഷിക്കുന്നത്. കേരള വനത്തെപ്പോലെ ഇത്രമാത്രം പഠനം സാദ്ധ്യമാകുന്ന ഒരു പ്രദേശത്ത്, ആരുടെ ദൃഷ്ടിയിലും പെടാതെ ഒരു കൂട്ടത്തിന് കഴിയാനാവില്ല എന്നത് കണക്കിലെടുക്കാതെ വയ്യ. എങ്കിലും ആര്യങ്കാവ് മുതല്‍ പാറശാല വരെയുള്ള സ്ഥലത്താണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇത്തരം ചെറിയൊരാനയെ കണ്ടെത്തിയാല്‍ അതിന്റെ ഡി.എന്‍.എ പരിശോധക്ക് തയ്യാറായിരിക്കുകയാണ് സംസ്ഥാന വനം വകുപ്പ് എന്നും ചുമതലയുള്ള വെറ്ററിനറി ഓഫീസര്‍ ഡോക്ടര്‍. ഈശ്വരന്‍ പറയുണ്ടായി.

കല്ലാന എന്നത് പണ്ട് നമ്മുടെ കാട്ടിലുണ്ടായിരുന്നു എന്നും, പല ജീവി വര്‍ഗ്ഗങ്ങളും നഷ്ടമായപോലെ നാമാവശേഷമായെന്നും വിശ്വസിക്കുന്ന വിദഗ്ധരും കുറവല്ല. കൂടുതല്‍ തെളിവു ലഭിക്കുന്നതുവരെ ഇതൊരു സങ്കല്‍പ്പമാണെന്ന തീരുമാനത്തിലെത്താനെ നമുക്കാവൂ.