8/29/2009

മാറ്റുവിന്‍ ചട്ടങ്ങളെ

അഴിമതിയുടെ ദുഷ്പേര്‍ കാരണം ഭാരതത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്നുവെന്ന് നമ്മുടെ പ്രധാ‍നമന്ത്രി പറഞ്ഞിട്ട് അധിക ദിവസമായില്ല. വിഷയം അഴിമതി ആയതിനാലാവാം ആരുമത് ഗൌരവമായി എടുത്തില്ലെങ്കിലും, മറവി എന്ന മനോഹര കഴിവിനാല്‍ തന്റെ കഴിഞ്ഞുപോയ ഭരണകാലം അദ്ദേഹം എത്ര പെട്ടെന്നു മനസ്സില്‍ നിന്നു ആട്ടിയകറ്റി എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി. തന്റെ സര്‍ക്കാരിന്റെ ആയുസ്സ്, കേവലം മാസങ്ങള്‍ മാത്രം വര്‍ദ്ധിപ്പിച്ചു നേടാന്‍ , കോടികള്‍ വരുന്ന നോട്ടുകെട്ടുകളും പദവികള്‍ നല്‍കാമെന്ന വാഗ്ദാനവും നല്‍കി കുതിരക്കച്ചവടത്തിന് ചുക്കാന്‍ പിടിച്ച മഹാനാണീ ദുഖപ്രകടനം നടത്തിയതെന്നതാണ് ഏറെ കൌതുകകരം. ആ വിഷയത്തിലേക്ക് വീണ്ടും വരുവാനുള്ള ശ്രമമല്ല, മറിച്ച് എത്ര ലാഘവത്തോടെയാണ് നാം അഴിമതി, അഴിമതി നിര്‍മ്മാര്‍ജ്ജനം തുടങ്ങീയ പദങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് ഓര്‍മ്മപ്പെടുത്തുന്നു എന്ന് മാത്രം.

അവതരിപ്പികാന്‍ മറ്റു വിഷയങ്ങളില്ലാതെ വരുമ്പോഴോ, നിലവിലുള്ള വിഷയം മാറ്റുന്നതിനോ ആണ് സാധാരണയായി നാം ഇത്തരം തേഞ്ഞ വിഷയങ്ങള്‍ എടുത്തിടുക. അഴിമതിക്ക് അടിസ്ഥാന കാരണം ഭരണകര്‍ത്താക്കളും രാഷ്ട്രീയക്കാരുമാണെന്ന് ഉദ്യോഗസ്ഥരും, അതല്ല ഉദ്യോഗസ്ഥരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ നേതാക്കളും പാടുപെടുമ്പോള്‍ , വ്യവസ്ഥിതിയെ ശപിച്ച് കഴിയുക എന്നതാണ് സാധാരണക്കാരന്റെ നിയോഗം. ജനാധിപത്യ വ്യവസ്ഥനല്‍കുന്ന വ്യക്തി സ്വാതന്ത്ര്യങ്ങളും വെള്ളക്കാരന്റെ ശേഷിപ്പുകളായ ചട്ടങ്ങളും കൈകോര്‍ക്കുമ്പോള്‍ ആര്‍ക്കും ഏതുരീതിയിലും വളക്കാനും ഒടിക്കാനും സാദ്ധ്യമായ ഒന്നായി നമ്മുടെ നിയമങ്ങള്‍ മാറിയിരിക്കുന്നു. സാധാരണക്കാരനു സേവനം നല്‍കുന്നതിനായ് സ്ഥാപിക്കപ്പെട്ട സര്‍ക്കാര്‍ കാര്യാലയങ്ങളാണ് ഇത്തരം ചട്ടങ്ങളാല്‍ ഏറ്റവും വരിഞ്ഞു മുറുക്കപ്പെട്ട ഇടങ്ങള്‍.കാളവണ്ടി യുഗത്തില്‍ രൂപപ്പെടുത്തപ്പെട്ട മാര്‍ഗ്ഗ രേഖകളും സേവന ചട്ടങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഇന്റര്‍നെറ്റിന്റെ ഈ യുഗത്തിലും സര്‍ക്കാര്‍ തീര്‍പ്പുകള്‍ നടപ്പാക്കപ്പെടുന്നതെന്നത് എത്ര മാത്രം ദുഖകരവും അതേസമയം പ്രതിലോമകരവുമാണെന്ന് ആരാണിനി തിരിച്ചറിയുക? തട്ടുകളായ് വിഭജിച്ച്, വിഭജിച്ച ഓരോ തട്ടും ഓരോ സാമ്രാജ്യങ്ങളായി മാറ്റിത്തീര്‍ത്ത് നടത്തപ്പെടുന്ന സര്‍ക്കാര്‍ സംവിധാനങ്ങളാണ് യഥാര്‍ത്ഥത്തില്‍ പൊളിച്ചെറിയപ്പെടേണ്ടത്. അപ്രകാരമായാല്‍ ഒരോ തട്ടും സൃഷ്ടിക്കുന്ന കടമ്പകള്‍ കടക്കുന്നതിനായ് നമുക്ക് ചിലവഴിക്കേണ്ടതും ഫലത്തില്‍ അഴിമതിയായ് മാറുകയും ചെയ്യുന്ന ഇടപെടലുകള്‍ ഒഴിവാക്കാനാവും.

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ താരതമ്യേന മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ അനുഭവിച്ചു വരുന്ന് ഒരു കാലഘട്ടമാണ് ഇപ്പോഴുള്ള ഇടതു മുന്നണി ഭരണം. സംതൃപ്തമായ ഒരു സിവില്‍ സര്‍വീസിന് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാ‍നാവും എന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാടാണീ അവസ്ഥക്ക് കാരണമായി പറയപ്പെടുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ക്കാവട്ടെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ മാത്രം ആശ്രയിക്കേണ്ട അവസ്ഥ. ഈ സാഹചര്യത്തില്‍ പ്രമുഖ സംഘടനകള്‍ മുന്നോട്ട് വക്കുന്ന മുദ്രാവാക്യങ്ങളിലൊന്നാണ് "അഴിമതി രഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസ്". എന്നാല്‍ ഈ മുദ്രാവാക്യം പ്രായോഗിക തലത്തില്‍ നടപ്പില്‍ വരുത്താന്‍ തടസമായി മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് കാലഹരണപ്പെട്ട ചട്ടങ്ങള്‍. നിലവിലുള്ളവക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും പുതിയ ചട്ടങ്ങള്‍ ആവിഷ്കരിക്കാനും നിരന്തരമായ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയിട്ടും സര്‍ക്കാര്‍ തലത്തില്‍ അതിനുവേണ്ട ക്രമീകരണങ്ങള്‍ രൂപപ്പെട്ടിട്ടില്ലെന്നത് ഖേദകരമാണ്. ഒരു തലമുറയുടെ ഭാവിയെ തന്നെ സ്വാധീനിക്കാവുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ ഏതാനും മാസങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ എന്നത് കൂട്ടി വായിച്ചാല്‍ ഇക്കാര്യത്തിലെ ജാഗ്രതക്കുറവ് ബോദ്ധ്യമാവുന്നതാണ്. എന്നിരുന്നാലും ബാക്കി നില്‍ക്കുന്ന രണ്ട് വര്‍ഷക്കാലം കൊണ്ട് ഈ വിഷയത്തില്‍ കൂടുതലായ പ്രവര്‍ത്തനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് കേരളത്തിലെ സംഘടനാ പ്രവര്‍ത്തകര്‍.

വാല്‍ക്കഷണം:

രണ്ടാം ശനിയാഴ്ചയെന്ന അവധി ദിവസം സര്‍ക്കാര്‍ കലണ്ടറില്‍ നിന്നും മാറ്റണമെന്നും അന്നേ ദിവസം ഓഫീസിന് പ്രവര്‍ത്തി ദിവസമാക്കണമെന്നുംമുള്ള അഭിപ്രായക്കാരനാണ് ഞാന്‍ . അപ്പോഴാണ് ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ അതേപ്പറ്റി കൂടുതല്‍ ആലോചന ഉയര്‍ന്നത്,

എങ്ങിനെ രണ്ടാം ശനിയാഴ്ച എങ്ങിനെ സര്‍ക്കാര്‍ അവധി ആയി ?

അറിയുന്നവര്‍ പറഞ്ഞു തരണേ..

8/21/2009

മതനിരപേക്ഷതക്കായ് കൂട്ടു ചേരാം

മലയാളം ബ്ലോഗ് വളരെ നിര്‍ണ്ണായകമായൊരു ഘട്ടത്തിലൂടെ കടന്നു പോകുന്നതായി വിലയിരുത്തുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലം ഒന്നൊഴിയാതെ ഓരോ ബ്ലോഗ് പോസ്റ്റും വീക്ഷിച്ചു വരുന്ന ഞാനങ്ങിനെ ഒരു നിരീക്ഷണത്തില്‍ എത്തിച്ചേരുകയാണ്. വ്യക്തമായ അജണ്ടകളൊന്നുമില്ലാതെ ബ്ലോഗിങ് രംഗത്ത് സജീവമായി നില നിന്നിരുന്ന പലരും ഇന്ന് ഉള്‍വലിഞ്ഞിരിക്കുന്നു. ബ്ലോഗ് എന്ന മാദ്ധ്യമത്തിന്റെ സാദ്ധ്യതകള്‍ മുന്നില്‍ കണ്ട് നിശ്ചിത അജണ്ടകളുമായി ആളുകള്‍ ഇവിടേക്ക് എത്തിച്ചേരുന്നു എന്ന് തന്നെ പറയാം. ഇതില്‍ പ്രമുഖമാണ് വിവിധ മത സംഹിതകളുടെ പ്രചാരകാരായ് എത്തിച്ചേര്‍ന്നിട്ടുള്ള ഒരു വിഭാഗം.ഏതെങ്കിലും വിഭാഗത്തെ പ്രത്യേകമായി പരാമര്‍ശിക്കേണ്ട സാഹചര്യം പോലുമില്ലാത്ത രീതിയില്‍ അത് നമുക്കിടയില്‍ വേരോട്ടം തുടങ്ങിയിരിക്കുന്നു. വിരുദ്ധ ചേരിയിലുള്ളവര്‍ പരസ്പം കെട്ടിപ്പുണര്‍ന്ന്, മതസൌഹാര്‍ദ്ദമെന്ന വ്യാജ പ്ലാറ്റ് ഫോം സൃഷ്ടിച്ച് തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കുന്നു. ഇത്തരം സൌഹാര്‍ദ്ദങ്ങള്‍ ‍ കൂട്ടുകച്ചവടമാണെന്ന് തിരിച്ചറിഞ്ഞ്‍ നാം ഏറെ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. പ്രതിരോധിക്കാന്‍ നാമശക്തര്‍ എന്ന് സ്വയം സമാശ്വസിച്ച് ഒതുങ്ങിക്കൂടിയിരിക്കുന്ന നല്ലൊരു വിഭാഗവും ഉണ്ട്, ഇതൊരു സ്വയം വിമര്‍ശനമാണ്.

ഈ സാഹചര്യം മുന്‍ നിര്‍ത്തിയാണ് മതനിരപേക്ഷതക്കായ് കൂട്ടുകൂടുക അനിവാര്യമാണെന്ന തോന്നല്‍ മനസ്സിലുയരുന്നത്. വികടശിരോമണിയാണ് ഈ ആശയം ആദ്യമായി മുന്നോട്ട് വക്കുന്നത്. പുതിയൊരു കൂട്ടായ്മയും പുതിയൊരു ബ്ലോഗും ആരംഭിച്ച് ഈ ശ്രമവുമായി മുന്നോട്ട് പോകാമെന്ന് തത്വത്തില്‍ അംഗീകരിക്കപ്പെട്ടെങ്കിലും കൂട്ടത്തിലാരൊക്കെ, മാര്‍ഗ്ഗങ്ങളെന്തെല്ലാം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത കൈവരേണ്ടിയിരിക്കുന്നു. ഒറ്റക്കൊറ്റക്ക് യുദ്ധം ചെയ്തു തളര്‍ന്ന് പാളയത്തിലേക്ക് മടങ്ങാതെ സംഘശക്തിയിയുടെ കരുത്തോടെ മതവ്യാപനത്തിനെതിരെ പോരാടാന്‍ കൂട്ടുചേര്‍ന്നുകൂടെ? മതനിരപേക്ഷതയാണ് നമ്മുടെ ലക്ഷ്യം, മത സൌഹാര്‍ദ്ദമല്ല. നമുക്ക് ശത്രുക്കളില്ല, ദൈവങ്ങളോ വിശ്വാസങ്ങളോ നമ്മുടെ എതിര്‍പാളയത്തിലുമല്ല. വരിക സുഹൃത്തുക്കളെ നമ്മുടെ ലക്ഷ്യത്തിലേക്ക് നമുക്കൊന്നിച്ച് മുന്നേറാം.

ഏവരേയും ഈ കൂട്ടായ്മയിലേക്ക് ക്ഷണിക്കുന്നു.

അപ്ഡേറ്റ് :വികടശിരോമണിയുടെ പോസ്റ്റ്

8/14/2009

പന്നിപ്പനിയും ലാബ് ടെസ്റ്റും

രോഗ നിര്‍ണ്ണയ സമ്പ്രദായങ്ങളില്‍ ലാബ് ടെസ്റ്റുകള്‍ക്ക് പ്രമുഖമായ സ്ഥാനമാണുള്ളത്. രോഗലക്ഷണങ്ങള്‍ നിരീക്ഷിച്ച് പ്രാധമിക നിഗമനത്തിലെത്തുകയും ഇതിന്റെ സ്ഥിരീകരണത്തിന് ലാബ് ഫലത്തെ ആശ്രയിക്കുകയുമാണ് പൊതുവെ സ്വീകരിക്കപ്പെടുന്ന രീതി. ഒരേ രോഗലക്ഷണം പ്രകടമാക്കുന്ന വിവിധ രോഗങ്ങളുടെ തരം തിരിവിനും ഫലപ്രദമായ ചികിത്സകള്‍ക്കും ടെസ്റ്റുകള്‍ അത്യന്താപേക്ഷിതമാണ്. ലാബ് ടെസ്റ്റുകള്‍ പലവിധമുണ്ട്, വളരെ ചുരുങ്ങിയ സമയം കൊണ്ട് ഫലം തരുന്നവ മുതല്‍ ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ളവ വരെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ദൈര്‍ഘ്യമേറിയ ലാബ് പരിശോധനകള്‍ ആവശ്യമുള്ള സാഹചര്യങ്ങളില്‍ ലക്ഷണങ്ങളോ, നിഗമനത്തിലെത്താന്‍ സഹായിക്കാവുന്ന ചില ചെറു ലാബ് പരിശോധകളോ അടിസ്ഥാനപ്പെടുത്തി ചികിത്സ ആരംഭിക്കുകയാണ് പതിവ്. ഉദാഹരണമായി പഴുപ്പു നിറഞ്ഞ ഒരു മാറാ വ്രണം ചികിത്സിക്കാന്‍ പഴുപ്പ് കള്‍ച്ചര്‍ ആന്‍ഡ് സെന്‍സിറ്റിവിറ്റി ടെസ്റ്റിന് അയക്കുകയും, പ്രസ്തുത വ്രണത്തിനു ഫലപ്രദമായേക്കാവുന്ന ഒരു ആന്റി ബയോട്ടിക്ക് ചികിത്സ ആരംഭിക്കുകയും ചെയ്യുന്നു. ലാബിലാവട്ടെ ഇതില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന അണുക്കള്‍ (ഉണ്ടെങ്കില്‍) അവ ഏതെല്ലാം മരുന്നുകള്‍ക്ക് ഗുണപരമായ രീതിയില്‍ കീഴടങ്ങുന്നുവെന്ന് പരിശോധിക്കപ്പെടുന്നു. ഇതിന്റെ ഫലവും ആദ്യം നല്‍കിയ മരുന്നിന്റെ പ്രവര്‍ത്തനവും നിരീക്ഷിച്ച് ആവശ്യമെങ്കില്‍ ആദ്യ മരുന്ന് മാറ്റുകയോ തുടരുകയോ ചെയ്യാം.

പന്നിപ്പനി എന്നു വിളിക്കപ്പെടുന്ന എച്ച്.വണ്‍.എന്‍.വണ്‍ പനിയിലേക്കുവന്നാല്‍, ഇത് സ്ഥിരീകരിക്കാനുള്ള ലാബ് സജ്ജീകരണങ്ങള്‍ നമ്മുടെ സംസ്ഥാനത്തില്ലെന്നും, മറ്റിടങ്ങളിലയച്ച് പരിശോധന നടത്തി ഫലം ലഭിക്കാനെടുക്കുന്ന കാല താമസം ഗുരുതരമായ പ്രതിസസന്ധി സൃഷ്ടിച്ചിരിക്കുകയുമാണെന്ന രീതിയില്‍ മാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. വാസ്തവത്തില്‍ ഇന്ന് കേരളത്തില്‍ പന്നിപ്പനി ചികിത്സയും ലാബ് പരിശോധനാ ഫലങ്ങളും തമ്മില്‍ നേരിട്ട് ബന്ധമൊന്നുമില്ലന്ന് പറയാം. ഈ ധാരണയുടെ അഭാവമാണ് ഇപ്രകാരമുള്ള പ്രചരണങ്ങളുടെ അടിസ്ഥാനം. പന്നിപ്പനിയെ ഒരു മഹാമാരിയായ് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ "പന്നിപ്പനി" എന്ന പദത്തിന്റെ നിര്‍വ്വചനം സാധൂകരിക്കാന്‍, ഈ ലാബ് പരിശോധനാ ഫലം കൂടിയേ തീരൂ. ഈ സാങ്കേതിക പൂര്‍ത്തിയാക്കാനാണ് വാസ്തവത്തില്‍ ഇന്ന് കേരളത്തിലെ സാമ്പിളുകള്‍ ലാബിലേക്ക് അയക്കപ്പെടുന്നത്. നിലവിലുള്ള നിര്‍ദ്ദേശങ്ങളനുസരിച്ച്, ഒരു പ്രദേശത്ത് ഇന്‍ഫ്ലുവെന്‍സാ പോലെയുള്ള രോഗലക്ഷണങ്ങള്‍ (ഐ.എല്‍.ഐ) കാണപ്പെട്ടാല്‍ സാമ്പിളുകള്‍ വിശദപരിശോധനക്ക് അയക്കേണ്ടതുണ്ട്. ലക്ഷണങ്ങള്‍ പന്നിപ്പനിയിലേക്ക് വിരല്‍ ചൂണ്ടുന്ന പക്ഷം,ലാബ് പരിശോധന ഫലം വരുന്ന വരെ കാത്തിരിക്കാതെ നേരിട്ട് രോഗചികിത്സയിലേക്ക് നീങ്ങുന്നതിന് തടസ്സവുമില്ല. ഒരിക്കല്‍ ഒരു പ്രദേശത്ത് പന്നിപ്പനി സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ ഇപ്രകാരം ഐ.എല്‍.ഐ ആയി വരുന്ന രോഗികളെ "പന്നിപ്പനി സംശയിക്കുന്നവര്‍" ആയി കണക്കാക്കി ചികിത്സ നല്‍കേണ്ടതാണ്. കേരളം പന്നിപ്പനി ബാധിത പ്രദേശമായി സ്ഥിരീകരിച്ച സാഹചര്യത്തില്‍, അയച്ച സാമ്പിളിന്റെ ലാബ് ടെസ്റ്റ് ഫലത്തിനു കാക്കാതെ നേരിട്ട് ചികിത്സ ആരംഭിക്കാവുന്നതാണ്. ചുരുക്കത്തില്‍ ലാബ് പരിശോധനാ ഫലം ചികിത്സയെ ബാധിക്കുന്നില്ല എന്നര്‍ത്ഥം.

എന്നിരുന്നാലും കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തി അടിയന്തിരമായി ലാബ് തുടങ്ങാനുള്ള അനുമതി നല്‍കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍

8/11/2009

പകര്‍ച്ചപ്പനി തടയാന്‍ ഹോമിയോ

കേരളമെമ്പാടും പനി പടരുന്ന വാര്‍ത്തകളുമായാണ് ദിനം പ്രതിയുള്ള വര്‍ത്തമാനപ്രത്രങ്ങള്‍ പുറത്തിറങ്ങുന്നത്. ഡെങ്കി, ചിക്കുണ്‍, തക്കാളി, മറ്റു പനികള്‍; വിവിധ ഇനങ്ങള്‍ വിവിധ പേരുകളില്‍. ഈ വാര്‍‍ത്തകള്‍ക്ക് മേമ്പൊടിയിടാനായി എച്ച്.വണ്‍ എന്‍.വണ്‍ പനി ഭീതിയും മരണ റിപ്പോര്‍ട്ടുകളും കൊടുക്കാനും പത്രങ്ങള്‍ മറക്കുന്നില്ല.ദിവസേന വരുന്ന വാര്‍ത്തകളാല്‍ ചകിതരായ ജനങ്ങള്‍ ചെറു പനി വരുമ്പോള്‍ തന്നെ ജീവമോഹത്താല്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിലേക്ക് പായുന്നു. വൈറസ് ബാധയാലുള്ള പനിക്ക് കാര്യമായ ചികിത്സ നല്‍കപ്പെടുന്നില്ല എന്നത് വാസ്തവമാണെന്നിരിക്കെ പനി തടയാനുള്ള ശ്രമങ്ങള്‍ കേവലം കുപ്പത്തൊട്ടി ശുചീകരണത്തിലും ക്ലോറിന്‍ കലക്കലിലും ഒതുങ്ങുന്നു.

പനിപ്രതിരോധത്തിന് ഹോമിയോ:
പനികള്‍ക്ക് പ്രത്യേകിച്ച് ഏറ്റവും ഫലപ്രദമായ മരുന്നുകള്‍ നല്‍കുന്ന ചികിത്സാ സമ്പ്രദായമാണ് ഹോമിയോപ്പതി. കേരള സര്‍ക്കാരിന്റെ ഹോമിയോപ്പതി വകുപ്പ് പനി പ്രതിരോധത്തിനും പനിചികിത്സക്കും വിവിധങ്ങളായ പദ്ധതികളുമായി ഇന്ന് പ്രവര്‍ത്തന നിരതമാണ്. പനി ചികിത്സയേക്കാള്‍ ഫലപ്രദമായി പ്രതിരോധത്തിന് ഹോമിയോ മരുന്ന് ഉപയോഗിക്കപ്പെടുന്നുമുണ്ട്. കേരളത്തിലെ ഏതാണ്ടെല്ലാ പഞ്ചായത്തിലും ഇന്ന് ഹോമിയോ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നു. വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള ക്യാമ്പുകള്‍, ആശുപത്രിയില്‍ നിന്നും നേരിട്ടുള്ള ചികിത്സ എന്നിവ ലഭ്യമാണ്. ഒരോ പ്രദേശങ്ങളിലേയും ജനങ്ങളുടെ ആവശ്യാനുസരണം അതത് ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് ക്യാമ്പുകള്‍ നടത്തപ്പെടുന്നത്.

ചില ദുഷ്പ്രചരണങ്ങള്‍:
ഹോമൊയോ ചികിത്സ ഒരു കപട ചികിത്സാ സമ്പ്രദായമാണെന്ന പ്രചരണം കാലാകാലങ്ങളായി ഈ മേഖല നേരിട്ടുകൊണ്ടിരിക്കുന്നതാണ്. നൂറു ശതമാനം രോഗങ്ങളും ഹോമിയോ മരുന്നുകളാല്‍ ഭേദപ്പെടുത്താനാവും എന്ന് കരുതുന്നില്ലെങ്കിലും സാമാന്യേന ഭേദപ്പെട്ട രോഗ ശാന്തി നല്‍കാനിതിന് കഴിയുന്നു എന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തും. എന്നാലിന്ന് കേരളത്തിലെ ജനങ്ങളാകമാനം തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് പറയാതെ വയ്യ. പനി ബാധിച്ചാല്‍‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (അലോപ്പതി) തന്നെ അത് ചികിത്സിക്കണമെന്ന വ്യാപകമായ പ്രചാരണം നടക്കുന്നു. കേരള സര്‍ക്കാരിന്റെ തന്നെ ഒരു വകുപ്പ് ഈ പ്രചാരണം നല്‍കുക മൂലം സധാരണക്കാരന്‍ വഴിതെറ്റുന്നു എന്ന് തന്നെ പറയാം.പനിബാധയുണ്ടായാല്‍ വിദഗ്ധ സേവനം തേടുക എന്നൊരു ഉപദേശമായിരുന്നു ജനങ്ങള്‍ക്ക് നല്‍കേണ്ടിയിരുന്നത്.

ഇനി ചെയ്യാവുന്നത്:
പനി ബാധയെ പ്രതിരോധിക്കാനാവശ്യമായ മരുന്നുകള്‍ കഴിക്കുക, എല്ലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലും ഇത് ലഭ്യമാണ്. എല്ലാ വൈറസ് പനി ബാധകളെയും തടയാനാവും എന്നതില്‍ എച്ച്.വണ്‍.എന്‍.വണ്‍ പനിയും ഉള്‍പ്പെടുന്നു എന്ന് പ്രത്യേകം കൂട്ടിച്ചേര്‍ക്കേണ്ട ആവശ്യമില്ലല്ലോ. പനി ബാധയുള്ള പ്രദേശങ്ങളില്‍ ഈ മരുന്നുകളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക, മാദ്ധ്യമങ്ങളടക്കം ഈ വിഷയത്തില്‍ ജനങ്ങളുടെ പക്ഷത്തു നില്‍ക്കുക.

പ്രവാസി സുഹൃത്തുക്കള്‍ നാട്ടില്‍ വരുന്നതിനു മുമ്പ് ഈ മരുന്ന് ലഭ്യമാക്കാന്‍ സാധിക്കുന്ന പക്ഷം, ഒരു കോഴ്സ് മരുന്ന് കഴിച്ച ശേഷം നാട്ടില്‍ വരുന്നത് നന്നായിരിക്കും.ഇല്ലാത്ത പക്ഷം നാട്ടിലെത്തിയാല്‍ ഇത് കഴിക്കാന്‍ ശ്രമിക്കുക.

കേരളത്തില്‍ നിലവില്‍ പനി ബാധയുള്ള വീടുകളിലെ മറ്റംഗങ്ങള്‍ പ്രതിരോധത്തിനായ് മരുന്ന് കഴിക്കുക.

അലോപ്പതി ചികിത്സക്കു ശേഷം രോഗം മാറുകയും എന്നാല്‍ കൈകാല്‍ വേദന , സന്ധി വേദന എന്നിവ നിലനിക്കുന്ന ആളുകള്‍ക്ക് ഹോമിയോ അശുപത്രികളെ സമീപിക്കാവുന്നതാണ്.സന്ധി വേദനയില്‍ നിന്നും ത്വരിത ഗതിയിലുള്ള വിടുതല്‍ ലഭിക്കുന്നതായ് വകുപ്പ് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കുറിപ്പ്:
സര്‍ക്കാരിതര ഹോമിയോ ചികിത്സകരെ സമീപിക്കുമ്പോള്‍ യഥാര്‍ത്ഥ യോഗ്യതകള്‍ ഉള്ളവരാണെന്ന് ഉറപ്പുവരുത്തുക.

8/06/2009

ഇന്‍ഡക്ഷന്‍ കുക്കര്‍

എല്‍.പി.ജി പാചക ഇന്ധനത്തിന് അതിരൂക്ഷമായ ക്ഷാമം നേരിടുകയാണ് നാട്ടില്‍.ഉയര്‍ന്ന നിരക്കില്‍ ലഭിക്കുന്ന പാചകവാതകത്തിന് സബ്സിഡി ന‍ല്‍കിയാണ്,സര്‍ക്കാര്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിവരുന്നത്. രാജ്യത്ത് നല്‍കിവരുന്ന സബ്സിഡികള്‍ വെട്ടിച്ചുരുക്കുക എന്ന നയത്തിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളുടെ മറുപുറമാണീ ക്ഷാമമെന്നും വിവക്ഷയുണ്ട്. എന്തു തന്നെയായിരുന്നാലും 60 ദിവസത്തിലൊരിക്കല്‍ ലഭിക്കുന്ന 14 കിലോഗ്രാം പാചക വാതകം കൊണ്ട് ഒരു കുടുംബം കഴിയാനാവില്ലെന്ന സ്ഥിതി വന്നതോടെയാണ് ഇന്‍ഡക്ഷന്‍ കുക്കര്‍ എന്ന ആശയത്തിലേക്ക് തിരിഞ്ഞത്.
ഗുണങ്ങള്‍:
#പാചകത്തിനായ് ഉപയോഗിക്കുന്ന പാത്രം തന്നെ നേരിട്ട് ചൂടാവുന്നു എന്നതിനാല്‍ പ്രസരിച്ചു പോകുന്ന ഊര്‍ജ്ജ നഷ്ടം, താപ സ്രോതസ്സിന്റെ താപന ക്ഷമതക്കുറവ് തുടങ്ങിയവ മൂലമുള്ള നഷ്ടം ഒഴിവാകുന്നു.
#യാതൊരുവിധ രാസപ്രവര്‍ത്തനവും ഉണ്ടാക്കുന്നില്ല എന്നതിനാല്‍ പരിസ്ഥിതി മലിനീകരണം ഒഴിവാകുന്നു.

പ്രവര്‍ത്തനം:
ഒരു ചാലകത്തിന്റെ സമീപത്തെ വിദ്യുത്കാന്തിക ദോലനങ്ങള്‍ പ്രസ്തുത ചാലകത്തില്‍ വൈദ്യുതി പകര്‍ന്നു (induce)നല്‍കുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാന തത്വം. വൈദ്യുതോര്‍ജ്ജം സംബന്ധിച്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മനുഷ്യന്‍ കണ്ടെത്തിയ ഈ തത്വമാണ് പുതു തലമുറ പാചക യന്ത്രമായ ഈ കുക്കറില്‍ ഉപയോഗിക്കുന്നതെന്നത് കൌതുകകരമാണ്. ഇലക്ട്രോണിക്സിന്റെ വികാസത്തിന്റെ ഭാഗമായി അര്‍ദ്ധചാലകങ്ങളുടെ നിര്‍മ്മിതി കൈവരിച്ച മുന്നേറ്റമാണ് ഇന്ന് ഈ കുക്കറിന്റെ വ്യാപനത്തിനു കാരണമായത്. വളരെ കട്ടികൂടിയ ഒരു ചാലകത്തില്‍ ചെലുത്തപ്പെടുന്ന കാന്തിക ദോലനം, ഉയര്‍ന്ന അളവിലുള്ള “എഡ്ഡി കരണ്ട്” സൃഷ്ടിക്കുകയും, ചാലകത്തിന്റെ കുറഞ്ഞ രോധം, ഹിസ്റ്റെരിസിസ് എന്നിവ മൂലം ഉയര്‍ന്ന നിരക്കില്‍ താപോര്‍ജ്ജം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇവിടെ പാചകം ചെയ്യാനുള്ള പാത്രം തന്നെ ചാലകമായി പ്രവര്‍ത്തിക്കുന്നു. ഒരു സൂചന ചിത്രം താഴെ കാണാം.
ചിത്രത്തില്‍ കാണപ്പെടുന്നതുപോലെ ഒരു നിയന്ത്രണ യൂണിറ്റിനാല്‍ നിയന്ത്രിതമായ ഒരു ഓസിലേറ്ററാണ് ഇതിന്റെ അടിസ്ഥാന ഘടകം. ഉയര്‍ന്ന ആവൃത്തി തരംഗങ്ങള്‍ പുറത്തുവിടുന്ന ഈ ഘട്ടത്തില്‍ നിന്നു ലഭിക്കുന്ന തരംഗങ്ങള്‍ അനുയോജ്യമായ രീതിയില്‍ മോഡുലേറ്റ് ചെയ്യപ്പെട്ട്, ,കാന്തിക തരംഗങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപതമായ ഒരു കമ്പിച്ചുറ്റിലേക്ക് നയിക്കപ്പെടുന്നു.

ഇപ്രകാരം കമ്പിച്ചുറ്റിലെത്തുന്ന വൈദ്യതകാന്തിക ദോലനങ്ങള്‍ പ്രസരിപ്പിക്കുന്ന ഊര്‍ജ്ജം പാത്രത്തിലെത്തുകയും മേലെ സൂചിപ്പിച്ച പ്രകാരം പാത്രത്തെ ചൂടാക്കുകയും ചെയ്യുന്നു. ഈ കമ്പിച്ചുറ്റുകളുടെ വ്യാസത്തിനനുസരിച്ചുള്ള പ്രാത്രങ്ങള്‍ ഉപയോഗിക്കുക എന്നത് ക്ഷമതയുമായും ഉപകരണത്തിന്റെ ആയുസ്സുമായും ബന്ധപ്പെട്ടുകിടക്കുന്നു.
എന്തുകൊണ്ട് സ്റ്റീല്‍ പാത്രം:
ദോലനം ചെയ്യുന്ന കാന്തിക മണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന ഏതൊരു ചാലകത്തിലും വൈദ്യുതി ഉത്പാദിപ്പിക്കപ്പെടും. എന്നിരുന്നാലും ഇവിടെ ഊര്‍ജ്ജം താപരൂപത്തിലാണ് ആവശ്യമെന്നതിനാല്‍, പരമാവധി താപനില സൃഷ്ടിക്കാന്‍ പര്യാപ്തമായ വിദ്യയാണ് ആവശ്യമായി വരുന്നത്. ഇതിനായ് കാന്തിക സ്വഭാവമുള്ള ലോഹങ്ങളുടെ ഹിസ്റ്റെരിസിസ് സ്വഭാവമാണ് ഉപയുക്തമാക്കുന്നത്. (ഒരു തിരുത്ത് : താഴെ മണി സാറിന്റെ കമന്റ് കാണുക) ചാലകമായി പ്രവര്‍ത്തിക്കുന്ന പാത്രത്തില്‍ ഉയര്‍ന്നു വരുന്ന “എഡ്ഡികരണ്ട് ”ചാലകത്തിനുള്ളില്‍ തന്നെ ചെറു കാന്തങ്ങള്‍ സൃഷ്ടിക്കുകയും ഇവയുടെ പരസ്പരവിരുദ്ധ പ്രവര്‍ത്തനം മൂലം താപോര്‍ജ്ജം കൂടുതലായി സൃഷ്ടിക്കപ്പെടുന്നു എന്നും ലളിതമായി പറയാം. ഇതിനാലാണ് പാചകത്തിന് ഇരുമ്പ് അടങ്ങിയ ലോഹകൂട്ടുകളുള്ള പാത്രം ആവശ്യമായി വരുന്നത്. മാത്രവുമല്ല ഇരുമ്പല്ലാത്ത പാത്രങ്ങളാലുണ്ടാവുന്ന കാന്തികഫ്ലക്സിന്റെ വ്യതിയാനം പിടിച്ചെടുക്കാനുള്ള സാങ്കേതികത ഈ കുക്കറില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതിനാല്‍ മറ്റുലോഹപ്പാത്രങ്ങളുമായി ഇത് ഒത്ത് പ്രവര്‍ത്തിക്കുകയുമില്ല.
നിയന്ത്രണ യൂണിറ്റും ടൈമറുകളും‍:
ഇന്‍ഡക്ഷന്‍ കുക്കറിന്റെ ഇന്ധനക്ഷമത നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന ഒന്നാണ് ഇതിന്റെ നിയന്ത്രണ യൂണിറ്റ്. തരംഗങ്ങളുടെ വിവിധ സ്വഭാവങ്ങള്‍ നിയന്ത്രിച്ചും പ്രവര്‍ത്തന സമയം നിജപ്പെടുത്തിയുമാണ് ഓരോ തരം പാചക ചക്രങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ഉദാഹരണമായി പാലുതിളക്കാനുള്ള സെറ്റിങില്‍,‍ ആദ്യ ഘട്ടത്തില്‍ നിശ്ചിത താപനില വരെ തുടര്‍ച്ചയായി ചൂടാക്കുകയും, തുടര്‍ന്ന് ചെറിയ ഇടവേളകളില്‍ കുറഞ്ഞ അളവില്‍ ചൂട് നല്‍കുന്ന രീതിയിലുമാണ് ഇത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ തന്നെ ഏറ്റവും കുറഞ്ഞ ഊര്‍ജ്ജം മാത്രം ഉപയോഗിച്ച് പാലിനെ തിളപ്പിക്കുന്നു. ഇപ്രകാരം “ടൈം മാനേജ്മെന്റ്” എന്ന തന്ത്രവും കൂടെ കൂട്ടിയിണക്കിയാണ് ഈ കുക്കര്‍ ഇന്ധനക്ഷമത നല്‍കുന്നത്.
കേരളത്തില്‍:
ഇത്രയധികം വൈദ്യുതി വ്യതിയാനങ്ങള്‍ വരുന്ന ഒരു വിതരണ ശൃംഖല മറ്റെവിടെങ്കിലും ഉണ്ടോ എന്ന് അറിയില്ല. വോള്‍ട്ടേജ്, പവര്‍ഫാക്റ്റര്‍ തുടങ്ങി എല്ലാഘടകങ്ങളും ഒരോ നിമിഷവും വ്യതിയാനം സംഭവിക്കുന്നു. ഇതു കൂടാതെ പവര്‍ ലൈനില്‍ വരുന്ന “സര്‍ജുകളും” “സ്പൈക്കുകളും”. ഈ മോശം സപ്ലേ അവസ്ഥകളില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ പോലെയുള്ള ഉയര്‍ന്ന തീവ്രതയില്‍, ഉയര്‍ന്ന ആവൃത്തി വൈദ്യുതി കൈകാര്യം ചെയ്യുന്ന ഉപകരണങ്ങള്‍ക്ക് ആയുസ്സ് കുറവായിരിക്കും. ഒരു പക്ഷെ ഒരു സ്റ്റബിലൈസര്‍ ഗുണം ചെയ്തേക്കാം. കൂടാതെ വര്‍ദ്ധിച്ചു വരുന്ന വൈദ്യുതി ചാര്‍ജും നമ്മെ ബാധിക്കും. എന്നിരുന്നാലും ചിലവഴിക്കുന്നതില്‍ ഊര്‍ജ്ജത്തിനാനുപാതികമായ നഷ്ടം, കുറവുള്ള ഒരു ഉപകരണം എന്ന നിലയില്‍ ഇത് ഗുണപരമാണ്.