അനുസരണാ പാഠത്തിന്റെ പഴയ സിലബസ്സില്പെട്ടതാണ് ഭീഷണി എന്ന സങ്കേതം.
ഉറങ്ങാന്‍ കൂട്ടാക്കാത്ത കുഞ്ഞിനെ ഉറക്കാന്‍ ഉമ്മാക്കി വരുമെന്ന് ഭയപ്പെടുത്തുന്ന പെറ്റമ്മ മുതല്‍, പാപം ചെയ്യാത്ത കുഞ്ഞാടുകളെല്ലാം അഗ്നിനാളങ്ങളാളുന്ന നരകത്തിങ്കല്‍ നിന്നും മോചിതരാണെന്ന് ഘോഷിക്കുന്ന അച്ചന്മാര്‍ വരെ ആ സിദ്ധാന്തം ഇന്നും പ്രയോഗിക്കുന്നു. കണ്മുന്നില്‍ കാണുന്ന ദുരിത മാരണങ്ങള്‍ക്ക് മറുപടിപറയാനാവാതെ ഉത്തരം മുട്ടുമ്പോള്‍, സ്വര്‍ഗ്ഗ നരകങ്ങള്‍ വര്‍ണ്ണചിത്രങ്ങളായ് വരച്ച് ദൈവ വേലക്കാര്‍ തടിതപ്പുന്നു. പ്രയോഗം ആരെന്നുള്ളത് അപ്രസക്തമാക്കി നരകം എന്ന സിംബല്‍ ഇന്നും വിളങ്ങുന്നു. പറഞ്ഞുവരുന്നത് സ്വര്‍ഗ്ഗ നരകങ്ങളെന്ന സങ്കല്‍പ്പങ്ങളെക്കുറിച്ചാണ്.
ഇഹലോകത്തില്‍ ചെയ്യുന്ന പാപങ്ങള്‍ക്ക് പരലോകത്താണ് ശിക്ഷ, ശിക്ഷ കഴിഞ്ഞാല്‍ പാപമോചനം ലഭിക്കും. എന്നാലിതാ ഈ കലിയുഗത്തില്‍ ഭൂമിയില്‍ തന്നെ പാപമോചനവുമായി കലിയുഗ വരദന്‍.
വീണ്ടുമൊരു മണ്ഡലകാലം വരവായി, ഒരു ശബരിമല സീസണ്‍ കൂടി ആരംഭിക്കുന്നു. പതിവുപോലെ പത്രത്താളുകളില്‍ ചര്‍ച്ചകള്‍, പദ്ധതി അവലോകനങ്ങള്‍, ശബരിമലയാകട്ടെ പിടിതരാതെ വളരുകയാണ്. ശബരിമലയുടെ പ്രശസ്തി അങ്ങ് വടക്കേയിന്ത്യ വരെ പടരുന്നു, കറുപ്പിനെ പടികടത്താന്‍ കാവി മത്സരിക്കുന്നു. എങ്കിലോ ശബരിമലയിലെത്തുന്ന ഭക്ത ജനങ്ങള്‍ക്ക് അവിടെ ലഭിക്കുന്നതെന്തെല്ലാമാണെന്ന് ഈ അവസരത്തില്‍ ചിന്തിച്ചു നോക്കുക, എല്ലാ വര്‍ഷവും ചിന്തിക്കാറുള്ളപോലെ.കേരള സമ്പത് വ്യവസ്ഥയില്‍ ഗണ്യമായൊരു സംഭാവന നല്‍കുന്ന ശബരിമലയിന്നും നിയമങ്ങളുടെ നൂലാമാലകളാലോ അധികാരികളുടെ അവഗണനയാലോ ഇല്ലായ്മകളാല്‍ വീര്‍പ്പുമുട്ടുകയാണ്. ഒപ്പം അനുഷ്ഠാനങ്ങളുടെ പിടിവാശികളും സഹായത്തിനെത്തുന്നു. മാസാമാസം ഒന്നാം തിയ്യതി മുതല്‍ തുറക്കുന്ന അയ്യഞ്ചു ദിവസങ്ങള്‍ക്കും മണ്ഡലകാലത്തെ നാല്‍പ്പത്തൊന്നു ദിവസങ്ങള്‍ക്കും താങ്ങാനാവുന്നതില്‍ കൂടുതല്‍ ജനലക്ഷങ്ങളാണവിടെ എത്തുന്നത്. അവര്‍ക്ക് ലഭിക്കുന്നതോ, അവര്‍ക്കുവേണ്ടി നമുക്കൊരുക്കാന്‍ കഴിയുന്നതോ ആയ സൌകര്യങ്ങള്‍ പരിമിതം.
കേരളത്തില്‍ നിന്നുള്ള സ്വാമിമാരെക്കാളേറെ അന്യഭാഷാ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് കൂടുതലെത്തുന്നത് കണക്കുകള്‍ സൂചിപ്പിക്കുന്നത്. റോഡുമാര്‍ഗ്ഗം മൈലുകള്‍ താണ്ടിയാണ് ഇവരിലേറെയും വന്നെത്തുന്നത്. ആവശ്യമായ ഇടത്താവളങ്ങളോ മറ്റ് സൌകര്യങ്ങളോ ഇല്ലാത്ത നമ്മുടെ കൊച്ചു പട്ടണങ്ങളിലെ പുഴത്തീരങ്ങള്‍ കക്കൂസുകളാക്കി ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റുന്നു. ഇവയിലെ പ്രധാന ഒന്നായ ഭാരതപ്പുഴയോര്‍ത്തുകൂടി ദിവസേന ഞാന്‍ കടന്നു പോകുന്നതാണ്. ശബരിമല സീസണാരംഭിച്ചുവെന്ന് വിളിച്ചോതുന്ന കാറ്റിന്‍ സുഗന്ധം സഹിക്കാമെന്നു വച്ചാലും കിലോഗ്രാം കണക്കിന് ചൊരിയപ്പെടുന്ന കോളിഫോം ബാക്റ്റീരിയകളും മറ്റ് അണുക്കളും ഞങ്ങളുടെ പരിസരത്തെ എന്താക്കി മാറ്റുമെന്ന ആശങ്ക വര്‍ഷം തോറും ഏറുന്നു. കേരളത്തിന്റെ വടക്കേയറ്റം മുതല്‍ “കോളി വിതരണം” നടത്തി പമ്പയിലെത്തുന്ന ഇവരെ കാത്തിരിക്കുന്നത് അതിലും വലിയ മാലിന്യ കൂമ്പാരമാണ്. ദേവസ്വം ബോര്‍ഡ് വക ശൌചാലയങ്ങള്‍ അനവധി പ്രവര്‍ത്തിക്കുന്നുവെങ്കിലും എല്ലാവര്‍ക്കും ഈ സൌകര്യം ലഭ്യമാവണം എന്നില്ല. പമ്പയില്‍ തൃവേണി മുതല്‍ ഗണപതി ക്ഷേത്രത്തിനു മുന്‍വശം വരെയുള്ള ചെറിയ ഒരു പ്രദേശം ഒഴിച്ചാല്‍ മനുഷ്യമലം ഒഴിഞ്ഞ ഒരിഞ്ച് സ്ഥലം പോലും പമ്പാ തീരത്ത് കാണാനാവില്ല. പമ്പാ നദിയിലെ ജലത്തെക്കുറിച്ചും അണുക്കളുടെ എണ്ണത്തെക്കുറിച്ചും മറ്റും ധാരാളം പഠനങ്ങള്‍ വന്നിട്ടുണ്ട്. പരിഹാരങ്ങളും നിര്‍ദ്ദേശിക്കപ്പെടുന്നു, പക്ഷെ അവയെല്ലാം നിയമങ്ങളുടെ ഊരാക്കുടുക്കുകളിലു, അവിടെയെത്തുന്ന ഓരോ വ്യക്തിയുടേയും പൌരബോധത്താലും ഫയലില്‍ തന്നെ ഒതുങ്ങുന്നു.
പമ്പയില്‍ നിന്നും ശബരിമല വരെയുള്ള കാട്ടിലൂടെയുള്ള ഒരു വഴി സിമന്റിട്ട് ദോശക്കല്‍പ്പരുവത്തിലാക്കിയതിനാല്‍ വെയില്‍ മൂത്താലുള്ള മലകയറ്റം , നരകത്തിലെ അഗ്നിയിലൂടെയുള്ള നടപ്പിന് ഒരു പരിശീലനമാവും. സ്വാമിയയ്യപ്പന്‍ റോഡാവട്ടെ ട്രാക്റ്റര്‍ ഓടി താറുമാറായിരിക്കും, എങ്കിലും സിമന്റ് പൊതിഞ്ഞിട്ടില്ലെന്നത് ആശ്വാസം.
സന്നിധാനത്തെത്തുന്ന ഒരോരുത്തരേയും കാത്തിരിക്കുന്നത് മണിക്കൂറുകള്‍ നീണ്ട കാത്തു നില്‍പ്പാണ്. മകര വിളക്ക് സമയത്ത് ദിവസങ്ങളോളം വരിയില്‍ നില്‍ക്കേണ്ടുന്ന സാഹചര്യമാണിപ്പോഴുള്ളത്.തീവ്രവാദ ഭീഷണിയുടെ മേമ്പൊടികൂടിയായപ്പോള്‍ എല്ലാം പൂര്‍ണ്ണം, മെറ്റല്‍ ഡിക്റ്റക്റ്റര്‍ ഘടിപ്പിച്ച കവാടത്തിലൂടെ പ്രവേശനം.
ഭക്ഷണവും മറ്റ് പ്രാധമിക ആവശ്യങ്ങളെല്ലാം ത്യജിച്ച് വരി നില്‍ക്കുന്ന ഭക്തന്‍ ഈ ദര്‍ശനം പാപമോചനം നല്‍കുമെന്നതില്‍ സംശയം വേണ്ട. ഒരു വര്‍ഷം അവനനുഭവിച്ച സുഖസൌകര്യങ്ങല്‍ക്കു തുലനം എന്ന നിലയിലും നരകതുല്യമായ ഒരു സ്ഥലത്ത രണ്ട് ദിവസം കഴിച്ചുകൂട്ടിയതിനാല്‍ ആ വര്‍ഷത്ത പാപങ്ങളെല്ലാം നിര്‍വീര്യമാക്കപ്പെട്ടു എന്ന നിലയിലും മണ്ഡലകാല ശബരിമല ദര്‍ശനം ഉത്തമം തന്നെ.
11/23/2009
Subscribe to:
Post Comments (Atom)
38 comments:
സ്വാമി തന്നെ ശരണം.
സത്യമാണ്
യാഥാര്‍ത്യങ്ങള്‍ കണ്ണ് തുറന്നപ്പോള്‍ :)
അവസാനത്തെ പാരഗ്രാഫില്‍ പറഞ്ഞതില്ലേ ? അതാണ്. അങ്ങനങ്ങ് കരുതിയാല്‍ മതി. പാപമോചനം അങ്ങനെ കിട്ടുമെന്ന് സമാധാനിച്ചാല്‍ മതി. അല്ലപിന്നെ.
ഹഹഹഹഹ് നിരക്ഷരൻ കലക്കി
പലപ്പോഴും തോന്നിയിട്ടുള്ള കാര്യം തന്നെയാണിത്. നാം ഇവിടെ ശബരിമലയെ വ്യവസായവത്കരിച്ചിരിക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള് നിരവധി ക്ഷേത്രങ്ങള്‍ ഇന്ന് നിലനില്‍ക്കുന്നത് ശബരിമലയിലെ മാത്രം വരുമാനത്തെ ആശ്രയിച്ചാണ്. എന്നാല്‍ ഇവിടെ വന്നെത്തുന്ന ഭക്തര്‍ നല്‍കുന്ന പണത്തിലല്ലാതെ അതുമൂലമുണ്ടാകുന്ന പാരിസ്തിക പ്രശ്നങ്ങളെക്കുറിച്ച് ആരും അധികം വാചാലരാകാറില്ല. ശബരിമലയില്‍ എത്തുന്നവര്‍ക്ക് എങ്ങനെ കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താം എങ്ങനെ ഓരോ വര്‍ഷവും കൂടുതല്‍ ഭക്തരെ ഇവിടേയ്ക്ക് ആകര്‍ഷിക്കാം ഇനി എത്തിച്ചേരാന്‍ സാധിക്കാത്തവര്‍ക്കായി എങ്ങനെ വ്യവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെടുന്ന പ്രസാദം എത്തിച്ചു കൊടുക്കാം എന്നതെല്ലാമാണ് അധികാരികള്‍ ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം. കോളീഫോം ബാക്‍ടീരിയയും അതുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും അധികം ചര്‍ച്ച ചെയ്യപ്പെടുന്നില്ല. പമ്പയും ഭാരതപ്പുഴയും മാത്രമല്ല കേരളത്തിലെ പ്രധാന ആരാധനാലയങ്ങളുടെ പരിസര പ്രദേശങ്ങളും ഇത്തരത്തില്‍ മലീമസമാകുകയാണ് ഓരോ മണ്ഡലകാലത്തും. തികച്ചും കാലീക പ്രാധാന്യമുള്ള ഈ വിഷയം ചര്‍ച്ച ചെയ്തതിന് അഭിനന്ദനങ്ങള്‍.
അതല്ലെ പാടുന്നത്
“കല്ലും മുള്ളും കാലുക്ക് മെത്തെയ്...”
ഇത് പൊതുജന ശ്രദ്ധയില്‍ വരേണ്ട കാര്യം തന്നെയാണ്. നടയിലെ വരുമാനമെല്ലാം എങ്ങോട്ട് പോകുന്നുവോ ആവോ? ഈ "മല"നീകരണത്തിന്റെ പടങ്ങളും വീഡിയോയും മറ്റും പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. നല്ലപോസ്റ്റ് അനില്‍.
ഇപ്പറഞ്ഞതെല്ലാം വളരെ സത്യമെന്ന് കേട്ടറീയാം. മാഷ് നേരിൽ കണ്ടിട്ടുള്ളതുമാണല്ലോ. ശബരിമലതീർത്ഥാടനത്തെ വേണമെങ്കിൽ ഇപ്പറഞ്ഞ പ്രാരാബ്ദ്ധങ്ങളിൽ നിന്നൊക്കെ മോചിപ്പിക്കാവുന്നതേയുള്ളൂ. പക്ഷേ ഇതു കേരളമാണല്ലോ, ആർക്കുവേണം അല്ലേ
ദൈവത്തിന്റെ സ്വന്തം നാടല്ലെ ദൈവം നോക്കട്ടെ കാര്യങ്ങളെല്ലാം......
നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ ഗണ്യമായ നേട്ടം തരുന്ന ശബരിമലയിലെ ഈ പ്രശ്നങ്ങളെല്ലാം വേണമെന്നു വച്ചാല്‍ പരിഹരിക്കാവുന്നതല്ലേയുള്ളൂ? എല്ലാ വര്‍ഷവും കൂടിക്കൂടി വരുന്ന അയ്യപ്പന്മാരുടെ എണ്ണം ഒരു പരിമിതിയാണെങ്കില്‍ കൂടി. എന്നാലും ഇതിനൊരു പരിഹാരം വേണ്ടേ? ഒരു ശബരിമലക്കുവേണ്ടി കേരളം മൊത്തം
മലിനപ്പെടുകയല്ലേ ഇപ്പോള്‍.
സത്യം തന്നെയാണ് മാഷേ
ശബരി മലയിളേക്ക് ഭക്തരുടെ ഒഴുക്കിന് തടയിടേണ്ട്തുണ്ട്. കാരണം കൂടിവരുന്ന ജന ബാഹുല്യം പാര്‍സ്ഥിതികവും ആരോഗ്യകരവുമായി ഒട്ടേറേ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഹജ്ജിന് ചെയ്യുന്നത് പോലെ നറുക്കെട്റ്റിപ്പിലൂട്റ്റെയോഒ മറ്റോ ആളുകളെ നിയത്രിക്കാന്‍ സാധിക്കും. സ്വാമിമാര്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും, പോലിതീന്‍ കവറുകളും , മലവും കൊണ്ടും ഉണ്ട്റ്റാകുന്ന മലിനീകരണം കൂട്റ്റി കൂടി വരികയേ ഉള്ളൂ. ഒരു വര്‍ഷം പാപ മോചനം ലഭിച്ചാല്‍ അവര്‍ അടുത്ത വര്‍ഷം പോകേണ്ടതില്ലല്ലോ. ഓരോ തവണ ശബരി ഇമലയില്‍ പോയി മലവും പ്ലാസ്റ്റിക്കും അവിടെ നിറച്ചാല്‍ പുണ്‍യ്യമല്ല കിട്ടുക , ദൈവ കോപമായിരിക്കും. വന പ്രദേശത്ത് വസിക്കുന്ന ആനകള്‍ല്‍ക്കും, മറ്റ് ജീവ ജാലങ്ങള്‍ക്കും ഭീഷണിയുണ്ടാക്കുന്ന ഈ തീര്‍ഥാടനം പരക്യതിയെ ദേവിയായി കാണുന്നവര്‍ക്ക് ഭൂഷണമല്ല. ഇതിന് ചിലവാക്കുന്ന തുക വല്ല ജീവ കാരുണ്യ പ്രവര്‍ത്തനത്തിന് ചിലവാക്കിയാല്‍ കൂടുതല്‍ പുണ്യം കിട്ടും.
മലിനീകരണത്തിന്റെ പ്രശ്നങ്ങള്‍ ഒരുപാടുണ്ട്... എല്ലാ ജില്ലയിലും ശബരി മല സീസണില്‍ ഈ പ്രശ്നം ഉണ്ട്....കൂടുതല്‍ ഭാരത് പുഴയുടെ തീരത്താണെന്ന് തോന്നുന്നു... പലരും ഇടത്താവളമായി തിരഞ്ഞെടുക്കുന്നത് പുഴയുടെ തീരങ്ങളാണ്... പക്ഷെ നമ്മുടെ സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ഒന്നും ഇതിനൊരു പരിഹാര മാര്‍ഗം സ്വീകരിക്കുന്നില്ല... അല്ലെങ്കില്‍ തന്നെ എവിടാ അനിലേട്ടാ ഇപ്പൊ മനുഷ്യന് ഇതിനൊക്കെ സമയം... ഓരോ മഴക്കാല സീസണും നമ്മുടെ ആശുപത്രികള്‍ നിറയുന്നതും ഈ മാലിന്യ പ്രശ്നം കൊണ്ട് തന്നെ അല്ലെ...
ഇത്രയേറെ തീര്‍ത്ഥാടകരെത്തുന്ന സ്ഥലത്ത് മതിയായ സൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാത്തത് കഷ്ടം തന്നെ.
സമയോചിതമായ ലേഖനം .
ഭക്തന്മാര്‍ കൂടുന്തോറും വരുമാനം കൂടുതല്. സൌകര്യങ്ങളോ പരിമിതവും .
വരുമാനം സര്ക്കാരിന്.. ദുരിതങ്ങള്‍ ഭക്തര്ക്ക്!!
ഹരിതകേരളം സന്ദര്ശകരുടെ മാലിന്യം കൊന്ട് മാലിന്യകേരളമാകുന്നു.
സീസണിലെ യാത്രാദുരിതം അതിലേറെ.
അടുത്ത രന്ടുമാസത്തേക്ക് കേരളത്തിലേക്കുള്ള മിക്ക ട്രെയിനുകളില്‍ റിസര്വേഷന്‍ ലഭ്യമല്ല. മിക്ക വന്ടികളിലും കുത്തിനിറച്ചാണ് യാത്ര.
ശബരിമല ഭക്തരില്‍ നിന്നും കിട്ടുന്ന വരുമാനത്തില്‍ മാത്രമാണു സര്ക്കാരിനു ശ്രദ്ധ .
സ്വാമി ശരണം !
ഒരുവിധത്തില്‍ കഷ്ടമാണ്.പണ്ട് യാത്ര ഭയന്ന് കാനനത്തിലൂടെ ആയിരുന്നു.ഇന്ന് അത് മാത്രം വ്യത്യാസമുണ്ട്, ഭയം ഇപ്പോഴുമുണ്ട് (അവിടെ സഹിക്കേണ്ട ബുദ്ധിമുട്ടുകളെ ഓര്‍ത്തുള്ള ഭയം)
വിശ്വാസങ്ങള്‍ എന്ത് തന്നെയായാലും, മാനുഷികമായ പരിഗണന എവിടെയും ബാധകമാണ്. ശബരിമലയില്‍ നിന്ന് ഇത്രയധികം വരുമാനമുണ്ടായിട്ടും തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ഏര്‍പെടുത്താതിരിക്കുന്നതിന്റെ ഒന്നാമത്തെ ഉത്തരവാധി സര്‍ക്കാര്‍ തന്നെയാണ് എന്നാണ് ഞാന്‍ കരുതുന്നത്.
അനില്‍ പറഞ്ഞത് വെച്ച് നോക്കുമ്പോള്‍, പാപമോചനത്തിനെത്തുന്ന വിശ്വാസികള്‍ക്ക് മാത്രമല്ല, പരിസരവാസികള്‍ക്ക് കൂടി പാപമോചനം ലഭിക്കാനുള്ള അവസ്ഥ സംജാതമാകുന്നു എന്നതാണ്.
തീര്‍ഥാടകരുടെ എണ്ണം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ഒരിക്കലും താല്പര്യമുണ്ടാവില്ല. കാരണം സ്വര്‍ണഖനിയാണല്ലൊ ശബരിമല. മാത്രമല്ല ശബരിമലയെ അവഗണിക്കുന്നെന്ന് പറഞ്ഞ് പലരും അട്ടഹസിക്കുകയും ചെയ്യും.
ശബരിമല തീര്‍ഥാടകരെ കഴിയുന്നത്ര നമ്മള്‍ നിരുത്സാഹപ്പെടുത്തുക.
കണ്ണനുണ്ണി,
യോജിപ്പിന് നന്ദി.
കിച്ചു,
ചേച്ചീ, നേരില്‍ കണ്ടാല്‍ സംഗതികള്‍ ഇതിലും ഗുരുതരമാണ്.
നിരക്ഷരന്‍,
ഭായ്, പറഞ്ഞത് ശരിയായിരിക്കും, വര്‍ഷം തോറും വര്‍ദ്ധിച്ചു വരുന്ന യുവാക്കളുടെ എണ്ണം ഇതോണ്ടാണോ?
:)
ഞാനും എന്റെ ലോകവും,
:)
മണികണ്ഠന്‍,
ഇത്ര ഗൌരവമായ വിഷയം എത്ര ലാഘവ ബുദ്ധിയോടെയാണ് കേരളീയ സമൂഹം കാണുന്നതെന്നത് അത്ഭുതം തന്നെ. പരിസര ശുചീകരണത്തിന്റെ കാര്യത്തില്‍ മലയാളി പിന്നില്‍ തന്നെ, അവനവന്റെ മുറ്റം വൃത്തിയായി കിടക്കണമെന്ന് മാത്രം. കേരളത്തിലെ എല്ലാ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ പരിസരങ്ങളും ഇങ്ങനെയൊക്കെ തന്നെ. വരുന്നവരെ കുറ്റം പറയാനാവില്ല, അവര്‍ മനുഷ്യരല്ലെ. സൌകര്യം ഒരുക്കുന്നതില്‍ അലംഭാവം കാണിക്കുന്ന നമ്മളാണ് കുറ്റക്കാര്‍.
ഓഎബി,
സൂക്ഷിച്ചു നടന്നില്ലെങ്കില്‍ കാലില്‍ മെത്തയുമായി മലകയറേണ്ടി വരും.
Boolokamonline,
ചിത്രങ്ങള്‍ കയ്യിലില്ലാഞ്ഞിട്ടല്ല.
:)
അപ്പു,
മാഷെ, പറഞ്ഞത് ശരിയാണ്, ഇതു കേരളമല്ലെ !!
പ്രയാണ്‍,
ദൈവം കൈകാര്യം ചെയ്യണോ ജനങ്ങള്‍ കൈകാര്യം ചെയ്യണോ എന്നുള്ള കണ്‍ഫ്യൂഷനാഎന്ന് തോന്നുന്നു.
:)
എഴുത്തുകാരി,
ചേച്ചീ, എന്തെങ്കിലും ചെയ്യണം. പുറമേ നിന്നുള്ള തീര്‍ത്ഥാടകരുടെ എണ്ണം വര്‍ഷാ വര്‍ഷം കൂടി വരികയാണ്. ഒപ്പം കേരളത്തില്‍ പുതിയ പുതിയ രോഗങ്ങളും.
ശ്രീ,
യോജിപ്പിന് നന്ദി.
ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാകണമെന്നത് ഒരു വശത്ത്.എന്നാല്‍ മറ്റു സംസ്ഥാങ്ങളിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളെക്കാളും എത്രയോ വൈജാത്യങ്ങള്‍ ശബരിമലക്കുണ്ട്.ഒന്ന് അത് റിസര്‍വ് വനത്തിലിരിക്കുന്നു.മറ്റൊന്ന് കേരളത്തിലെ ജനസംഖ്യയുടെ അത്രയും തന്നെ ജനങ്ങള്‍ ഒരു സീസണില്‍ ഇവിടം സന്ദര്‍ശ്ശിക്കുന്നു.ഇത്രയും ജനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കാന്‍ നമുക്ക് പശ്ചാത്തല സൗകര്യങ്ങളില്ല.അത് അപ്രായോഗികവുമാണ്.ശബരിമലയില്‍ ഭക്തര്‍ക്ക് താമസത്തിന് സൗകര്യം നല്‍കേണ്ടതുണ്ടോ?വന്ന് ദര്‍ശനം കഴിഞ്ഞ് മടങ്ങാന്‍ മാത്രം അനുവദിച്ചാല്‍ മലമുകളിലെ തിരക്കും മാലിന്യങ്ങളും ഒഴിവാക്കാം.ഈ മൂന്നുകോടി ജനങ്ങളില്‍ നാലിലോന്നിനുപോലും പ്രാഥമികസൗകര്യം ലഭിക്കുന്നില്ല.അവര്‍ക്ക് അത് വേണമെന്നുമില്ല.ബാക്കി ജനം മുഴുവന്‍ പുഴയും പാടവും ഉപയോഗിക്കുന്നു
ഒരാഴ്ച്ച മുന്‍പിറങ്ങിയ മനോരമയുടെ ശബരിമല സ്പെഷലിന്റെ മുഖചിത്രത്തിലുള്ള അയ്യപ്പന്റെ വിഗ്രഹം കണ്ടപ്പോള്‍ എന്തോ അപാകതയുള്‍ലതുപോലെ തോന്നി.
സൂക്ഷിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത് അയ്യപ്പന്റെ അരവരെ ഇറങ്ങി നില്‍ക്കുന്ന ഒരു മുഖാവരണം സ്വര്‍ണ്ണത്തില്‍ അടിച്ചു പരത്തിയുണ്ടാക്കി ഇറക്കിവച്ചിരിക്കുന്നു. ഉള്ളിലുള്ള അയ്യപ്പന് കണ്ണുകാണാന്‍ കൃഷ്ണമണിയുടെ സ്ഥാനത്ത് തുളയിട്ടിട്ടുണ്ട്.
ഇങ്ങനെ ശബരി മലക്കുള്ള വഴികൂടി സ്വര്‍ണ്ണം പൂശി ഭംഗിയാക്കി പവിത്രമാക്കാന്‍ ദേവസ്വം തയ്യറായെന്നുവരും.
ലക്ഷങ്ങളും കോടികളും മറിയുന്ന കച്ചവടമാണ്!
വഴിയില്‍ ആവശ്യത്തിന് കക്കൂസും,കുളിമുറിയും,കുടിവെള്ളവും കേരളത്തിലെ ഹൈവേകളിലുടനീളം ഉണ്ടാക്കി പരിപാലിച്ചിരുന്നെങ്കില്‍ കുറേപേര്‍ക്ക് തൊഴിലും,
ഭക്തര്‍ക്ക് സ്വാമിയുടെ അതിഥിയാണെന്ന ബോധവും ഉണ്ടാക്കാന്‍ അത് നിമിത്തമായേനെ.
നമുക്ക് മത-രാഷ്ട്രീയപാര്‍ട്ടി അടിമത്വം മാത്രമേയുള്ളു,മനുഷ്യത്വമില്ല ! അതിന്റെ കുഴപ്പമാണിതെല്ലാം.
ജോക്കര്‍,
പ്ലാസ്റ്റിക്ക് ഒരു വലിയ പ്രശ്നമാണ്.ഇക്കഴിഞ്ഞ വര്‍ഷം പെറുക്കിക്കൂട്ടിയ കുപ്പികള്‍ ടണ്‍ കണക്കോളം അവിടെ തന്നെ ചാക്കുകളില്‍ കെട്ടി വച്ചിട്ടുണ്ട്. നിയമം നടപ്പാക്കുന്നതിനേക്കാള്‍ പ്ലാസ്റ്റിക്ക് അയ്യപ്പന് വര്‍ജ്യമാണെന്നൊരു ധാരണ ഭക്തര്‍ക്ക് ഉണ്ടായാല്‍ മതി.ശബരിമല മണ്ഡലകാലം വനത്തിനും പരിസരത്തിനും നിലവില്‍ ദ്രോഹ കാലമാണെന്നതില്‍ സംശയമില്ല.
ഡോക്ടര്‍,
ഭാരതപ്പുഴയുടെ തീരത്ത് കുറ്റിപ്പുറത്തും പട്ടാമ്പിയിലും സ്ഥിതി ഗുരുതരമാണ്.കുറ്റിപ്പുറത്ത് മിനി പമ്പ എന്ന പേരില്‍ ലക്ഷങ്ങള്‍ ചിലവഴിക്കുന്നു, ആദ്യം ഉണ്ടാക്കേണ്ട കക്കൂസ് ഇതു വരെ ഇല്ല.
കാസിം തങ്ങള്‍ ,
ശരിയാണ്, ചില പ്രായോഗിക കാര്യങ്ങള്‍ കൂടി പരിഗണിക്കണം.
കൃഷ്,
ഭായ്, പരിഹാരങ്ങളെന്ത്, ആരും ഒന്നും പറഞ്ഞില്ല. നമുക്കെന്തെല്ലാം ചെയ്യാനാവും?
അരുണ്‍ കായംകുളം,
താങ്കള്‍ സീസണില്‍ പോയിട്ടുണ്ടോ ശബരിമലക്ക്? അതിലും വലിയൊരു പീഢ വേറെ ഇല്ല.
കാസിം തങ്ങള്‍,
വ്യക്തമായ പ്ലാനുകളില്ലാത്തതാണ് പ്രശ്നം.
അരുണ്‍,
ശബരിമല തീര്‍ത്ഥാടകരെ നിരുത്സാഹപ്പെടുത്തുകയോ? നല്ല പരിഹാരം, തലവേദനക്ക് തല ചികിത്സയായി വെട്ടിക്കളയുക അല്ലെ?
:)
മണിഷാരത്ത്,
മാഷെ, ശരിയാണ്. വലിയൊരു ജനക്കൂട്ടം , അത് പ്രശ്നം തന്നെയാണ്.
ചിത്രകാരാ,
അഭിപ്രായങ്ങള്‍ക്ക് നന്ദി. കയറി ചെല്ലുന്ന വഴിക്ക് വലിയ ബോര്‍ഡ് കാണാം,മേല്‍ക്കൂര സ്വര്‍ണ്ണം പൂശിയത് വിജയ് മല്യ എന്ന്.
:)
ചങ്ങാതിമാരെ,
ആരും പരിഹാരങ്ങളൊന്നും പറഞ്ഞു കണ്ടില്ല, കേരളീയ സമൂഹവും ഇതൊക്കെ തന്നെ ചെയ്യുന്നത്.
# ആദ്യമായി ചെയ്യേണ്ടത് വര്‍ഷം മുഴുവന്‍ നട തുറക്കുക എന്നതാണ്. അതോടെ ഒരു കുറഞ്ഞ കാലം മാത്രം സീസണ്‍ എന്ന പ്രശ്നം ഒഴിവാവുകയും ആളുകളുടെ ഡെന്‍സിറ്റി, കേരളം പോലെയുള്ള ഒരു കൊച്ചു സംസ്ഥാനത്തിന് താങ്ങാവുന്നതില്‍ ഒതുങ്ങുകയും ചെയ്യും.
# വര്‍ഷത്തില്‍ രണ്ടോ മൂന്നോ മാസം മാത്രം ആവശ്യം വരുന്ന ഒരു സംഗതി എന്ന നിലയിലാണ് കംഫര്‍ട്ട് സ്റ്റേഷനുകള്‍ പ്രായോഗികമാവാത്തത്. വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ആവശ്യമാകുമ്പോള്‍ താരതമ്യേന ചെറിയ യൂണിറ്റുകള്‍ മതിയാവുന്നതാണ്.
# പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇത്തരത്തില്‍ കംഫര്‍ട്ട് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയും അവ തീര്‍ത്ഥാടകര്‍ക്ക് സൌജന്യമായി ലഭ്യമാക്കുകയും ചെയ്യുക.
തുടരുന്നു....
# കേരളത്തിലങ്ങോളമിങ്ങോളം നിശ്ചിത സ്ഥലങ്ങള്‍ ഇടത്താവളങ്ങളായി മാര്‍ക്ക് ചെയ്യുകയും അവ പബ്ലിഷ് ചെയ്യുകയും ചെയ്യുക. അവിടെ ഒഴികെ മറ്റ് സ്ഥലങ്ങളില്‍ പ്രാധമിക സൌകര്യങ്ങള്‍ ഉണ്ടാവില്ലെന്നും, ഇല്ലത്ത സ്ഥലങ്ങളില്‍ അവ നടത്തുന്നത് ശിക്ഷാര്‍ഹമാണെന്ന് മുന്‍ കൂട്ടി അറിയിപ്പ് നല്‍കുകയും ചെയ്യുക. അതനുസരിച്ച് തീര്‍ത്ഥാടകര്‍ക്ക് യാത്രകള്‍ ഷെഡ്യൂള്‍ ചെയ്യാമല്ലോ.
# ശബരിമലയിലെ കക്കൂസ് സൌകര്യങ്ങള്‍ സൌജന്യമാക്കുക.നിലവില്‍ അഞ്ചു രൂപ വരെ വാങ്ങുന്നുണ്ട്, 50 പേര്‍ വരുന്ന ഒരു ബസിലുള്ള ആളുകള്‍ക്ക് കക്കൂസുപയോഗിക്കാന്‍ 250 രൂപ ചിലവഴിക്കുക, അല്ലെങ്കില്‍ പിടിച്ചു വാങ്ങുക എന്നത് എത്ര അപരിഷ്കൃതമാണ്.
# പമ്പയിലെ സ്ഥിരം കച്ചവടക്കാരും മറ്റാളുകളും പുറത്ത് മാത്രമേ കാര്യം സാധിക്കൂ, കാരണം പണം കൊടുക്കണ്ടല്ലോ. പുറത്ത് കാഷ്ടിക്കുന്ന കച്ചവടക്കാരെ ഫൈന്‍ ചെയ്യുക. ഫ്രീ ആക്കുക എന്നതാണ് പ്രധാന പരിഹാരം.
ഇനിയും ധാരാളം കാര്യങ്ങള്‍ ചെയ്യാവുന്നതാണ്, പക്ഷെ അതിന് സര്‍ക്കാരിനും ജനങ്ങള്‍ക്കും ഒരുപോലെ ഇച്ഛാ ശക്തി വെണം.
ഇവിടെ അഭിപ്രയം പറഞ്ഞ പലരും, ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ച അനിലേട്ടനും ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കണം എന്ന അഭിപ്രായമാണ് ഉന്നയിച്ചത്. അന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമാണ്‍് എന്റെ കാഴ്ചപ്പാട്. വിശ്വാസങ്ങള്‍ അനുസരിച്ച് ശബരിമലയിലെ ശാസ്താക്ഷേത്രം പ്രതിഷ്ഠിച്ചത് പരശുരാമന്‍ ആണെന്ന് പറയപ്പെടുന്നു. അവിടുത്തെ ആചാരങ്ങളും അദ്ദേഹം ചിട്ടപ്പെടുത്തിയത് തന്നെ ആവണം. ഈ ആചാരങ്ങളും ശബരിമലയിലെ ഭൂമിശാസ്ത്രപരമായ സ്ഥാനവും അതിനെ മറ്റ് ശാസ്താക്ഷേത്രങ്ങളില്‍ നിന്നും വിഭിന്നമാക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. വര്‍ഷത്തില്‍ മണ്ഡലകാലത്ത് മാത്രം തുറക്കുന്നു എന്നതും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയല്ലെ. ഇന്നു നമ്മള്‍ ചെയ്തു എന്നു ഞാന്‍ കരുതുന്ന അപരാധം ശബരിമലയെ വാണിജ്യവത്കരിച്ചു എന്നതാണ്. ശബരിമലയില്‍ ഉള്ള പരിമിതമായ സൌകര്യങ്ങളില്‍ അയ്യപ്പനെ കാണാന്‍ എത്തുന്നവര്‍ മാത്രം എത്തിയാല്‍ മതി എന്ന അവസ്ഥമാറ്റി. ഇന്ന് സന്നിധാനം ഒരു കോണ്‍ക്രീറ്റ് വനമാണ്. എത്ര കെട്ടിടങ്ങളാണ് അവിടെ. ഇത്തരത്തില്‍ ശബരിമലയുടെ പവിത്രതയും, പകൃതിയും നശിപ്പിക്കുന്നതില്‍ ഭേതം അയ്യപ്പനെ അവിടെനിന്നും ഏതെങ്കിലും നഗരമധ്യത്തിലേയ്ക്ക് മാറ്റി പ്രതിഷ്ഠിക്കുന്നതാണ്. ഇങ്ങനെ പോയാല്‍ അധികം താമസമില്ലാതെ ശബരിമലയും നഗരസമാനമാകും എന്നു തന്നെ കരുതാം.
പൊന്നിന്‍ സൂചിയായാലും കണ്ണില്‍ കൊണ്ടാല്‍ മുടിഞ്ഞ മെനക്കെടാണ് മാഷേ. ആള്‍ക്കാര്‍ വരവു കുറച്ചാലേ അവിടെ തിരക്കു കുറയൂ.
ശബരിമലയില്‍ ഏഴും എട്ടും മണിക്കൂര്‍ വരിനിന്ന് മെനക്കെടുമ്പോള്‍ പലരും വിചാരിക്കാറുണ്ട് ഇനി വരുന്നില്ലെന്ന്. പിന്നെയും പക്ഷെ അവര്‍ പോകുന്നു. അതിനു പല കാരണം ഉണ്ടെന്ന് എനിക്കു തോന്നുന്നു.
ഒന്നാമത്തെത് ശരിയായ ഭക്തി തന്നെ.
പിന്നെ എല്ലാവരും അംഗീകരിച്ച, പലപല അമ്പലങ്ങളില്‍ കയറി ആനന്ദിച്ച, ഒപ്പം പെണ്ണുങ്ങള്‍ ഇല്ലാത്തതിനാല്‍ ഒരു നൊമാഡിന്റെ സ്വാതന്ത്ര്യം അനുഭവിക്കുന്ന ( വഴിവക്കില്‍ കിടന്നുറങ്ങാം എന്തു സുഖം! ) ഒരു വിനോദയാത്രയായും ശബരിമലയാത്ര മാറിയിട്ടുണ്ട്.
എരുമേലി വഴി നടന്നു പോവുന്നതാണല്ലൊ പഴയരീതി. ആമട്ടില്‍ എത്ര പേര്‍ പോവുന്നുണ്ട് ഇപ്പോള്‍ ? അല്ല അവിടെ ഇനിയും തിരക്കു കൂടണം എന്നാണോ താങ്കളുടെ ആഗ്രഹം ?
എന്നാല്‍ വിഗ്രഹം കോട്ടയത്തോ കൊച്ചിയിലോ കൊണ്ടുവന്ന് പുന:പ്രതിഷ്ട നടത്തുന്നതാവും നല്ലത്
മണികണ്ഠന്‍,
കാര്യങ്ങളെ പ്രായോഗികമായി സമീപിക്കണമെന്നാണ് എന്റെ അഭിപ്രായം.
അയ്യപ്പ ക്ഷേത്രങ്ങള്‍ നാട്ടില്‍ എത്രയോ ഉണ്ട്, അപ്പോള്‍ വേറെ ക്ഷേത്രമില്ലാഞ്ഞല്ല ആളുകള്‍ ശബരിമലക്ക് വച്ച് പിടിക്കുന്നത്. അതെല്ലാം ഒരു വിശ്വാസമാണ്, മാറ്റാന്‍ നമുക്കെന്നല്ല ആര്‍ക്കുമാവില്ല. പിന്നെ ചെയ്യാവുന്നത് പ്രായോഗികമായി വേണ്ട മാറ്റങ്ങള്‍ വരുത്തുക എന്നതാണ്.ആരുടേയും വിശ്വാസങ്ങള്‍ക്ക് കോട്ടം തട്ടാത്തവണ്ണം സര്‍ക്കാര്‍ ഇടപെട്ട് അത് ചെയ്യട്ടെ. എല്ലാ ദിവസം നടതുറക്കുക എന്നതില്‍ കുറഞ്ഞ ഒരു പരിഷ്കാരവും ഫലം ചെയ്യില്ല.
അരുണ്‍,
ശബരിമലയില്‍ ആളു കൂടിയാലും കുറഞ്ഞാലും എന്നെ ബാധിക്കുന്ന പ്രശ്നമല്ല. പക്ഷെ ഞാന്‍ ജീവിക്കുന്ന പഞ്ചായത്തിലെ സാധാരണക്കാരന് കുടിക്കേണ്ടുന്ന വെള്ളം പമ്പ് ചെയ്യുന്ന പമ്പ് ഹൌസിന്റെ ചുറ്റുമാണ് ഈ സ്വാമിമാര്‍ കാര്യം സാധിക്കുന്നത്, അതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചെന്നിരിക്കും, അത്രയേ ഉള്ളൂ.
പ്രായോഗീകമായ നടപടികള്‍ വേണമെന്ന അനിലേട്ടന്റെ നിലപാടിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയ മണിസര്‍ (മണിഷാരത്ത്) തന്നെ അതിന്റെ അപ്രായോഗീകതയും പറഞ്ഞിട്ടുണ്ട്. കേരളത്തിന്റെ ജനസംഖ്യക്ക് തുല്ല്യമായ ആളുകളാണ് മണ്ഡല മകരവിളക്കു സീസണില്‍ ശബരിമലയില്‍ സന്ദര്‍ശനത്തിന് എത്തുന്നത്. അത്രയും വലിയ ഒരു ജനവിഭാഗത്തിനു മുഴുവന്‍ ആവശ്യമായ പ്രാഥമീക സൌകര്യങ്ങള്‍ ഒരുക്കുക എന്നത് എത്രമാത്രം പ്രായോഗീകമാണ്. മുഴുവന്‍ ദിവസവും നടതുറന്നിരുന്നാലും ഔ പക്ഷേ ഈ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. കാരണം ഇതൊരു കുറച്ചു കാലത്തെ തീര്‍ത്ഥാടനം ആയതിനാല്‍ ചില പ്രത്യേക പരിഗണനകള്‍ നല്‍കി അത്യാവശ്യ സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പരിശ്രമങ്ങളെങ്കിലും നടക്കുന്നു. മുന്നൂറ്റി അറുപത്തിയഞ്ചു ദിവസവും നടതുറന്നിരുന്നാല്‍ ആ പരിഗണന പോലും ഇല്ലാതാവും എന്ന ഭയമാണെനിക്കുള്ളത്. ജൈവ ജൈവേതര മാലിന്യങ്ങള്‍ മൂലം കേരളത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ അവഗണിക്കാനും സാധിക്കില്ല. വരുന്ന സന്ദര്‍ശകരുടെ എണ്ണം കുറക്കുക എന്നതിന് ശബരിമലയില്‍ സര്‍ക്കാരും വനംവകുപ്പും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് നടത്തുന്ന മകരവിളക്ക് പോലുള്ള ചെപ്പടി വിദ്യകളുടെ സത്യാവസ്ഥ അന്യസംസ്ഥാനത്തുനിന്നും വരുന്ന ഭക്തര്‍ക്കും മനസ്സിലാക്കാനായാല്‍ ഒരു പക്ഷേ സാധിച്ചേക്കും.
ഒരു വര്‍ഷം അവനനുഭവിച്ച സുഖസൌകര്യങ്ങല്‍ക്കു തുലനം എന്ന നിലയിലും നരകതുല്യമായ ഒരു സ്ഥലത്ത രണ്ട് ദിവസം കഴിച്ചുകൂട്ടിയതിനാല്‍ ആ വര്‍ഷത്ത പാപങ്ങളെല്ലാം നിര്‍വീര്യമാക്കപ്പെട്ടു എന്ന നിലയിലും മണ്ഡലകാല ശബരിമല ദര്‍ശനം ഉത്തമം തന്നെ.
ഇതു തന്നെയല്ലേ ആ “പാപ മോചനം” മാനസികമായ പാപമോചനം..അല്ലാതെന്ത്?
മലിനീകരണം തടയാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കേരളം ഇനിയും പല രോഗങള്‍ക്കും സാക്ഷ്യം വഹിച്ചേക്കും.
ചൈനയുടെ ദുഃഖം ഹ്യുയാംഗ് ഹേ (Huang He) നദിപോലെ കേരളത്തിന്റെ ദുഃഖമായി മാറിയിരിക്കുന്നു ശബരിമല ! എല്ലാ വര്‍ഷവും കോട്ടയം പത്തനംതിട്ട ജില്ലകളുടെ ഭാഗങ്ങള്‍ സമ്പൂര്‍ണ്ണമായും ‘മലം’പ്രദേശങ്ങളായി മാറുന്നു. എല്ലാ മണ്ഡല കാലത്തും കേരളത്തിലെ റയില്‍വേ സ്റ്റേഷനുകള്‍ തീട്ടപ്പറമ്പുകളാകുന്നു. പ്രത്യേകിച്ച് പലക്കാട്, തൃശൂര്‍, എര്‍ണാകുളം, കോട്ടയം , ചെങ്ങന്നൂര്‍ മുതലായവ. മുഴുവന്‍ സമയവും മൂക്കുപൊത്തിയാല്‍ കൂടി എങ്ങനെ പത്തു മിനിറ്റ് ഇവിടങ്ങളില്‍ ചിലവഴിക്കും !? കേരളത്തിന്റെ ശരീരത്തില്‍ ശബരിമലയുണ്ടാക്കുന്ന അതിക്രൂരമായ പാരിസ്ഥിതിക മുറിവുകള്‍ ഒരു രീതിയിലും പരിഹരിക്കത്തക്കതല്ല.‘തീട്ടനദി ’ യായി മാറിയ പമ്പയെ പുണ്യ നദിയായി പുകഴ്ത്തുന്ന അയ്യപ്പഭക്തി ഗാനങ്ങള്‍ കേട്ട് കോള്‍മയിര്‍ കൊണ്ട്, ഭക്തിയിലാറാടി മല(മലം) ചവിട്ടി നിര്‍വൃതിയിലാഴുന്ന കേരളീയരായ സാക്ഷരവിഢ്ഢികളുടെ എണ്ണം ജനസംഖ്യാനുപാതികമായി കേരളത്തില്‍ വളരെ കൂടുതലാണ്, മറ്റ് സംസ്ഥാനങ്ങളിലെ ആകെ നിരക്ഷരകോടികളെ അപേക്ഷിച്ച് കുറവാണെങ്കില്‍ പോലും !
ഭക്തിക്കും വിശ്വാസത്തിനും ഒരു യുക്തിയുടെയും ആവശ്യമില്ല.(ശബരിമലയായാലും ഹജ്ജ് ആയാലും) ജീവിതയാഥാര്‍ത്ഥ്യത്തിന്റെ തലത്തില്‍ അതുണ്ടാക്കുന്ന പ്രതിലോമ ആഘാതം എത്ര ഭീകരവും നശീകരണാത്മകമായാലും ഭക്തിയുടെയും വിശ്വാസത്തിന്റെയും ലഹരി ഒരു യാഥാര്‍ത്ഥ്യവും അവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കുന്നില്ല. തീര്‍ത്ഥാനടങ്ങളുടെയില്‍ അപകടത്താലോ രോഗത്താലോ അന്ത്യം സംഭ്യവിച്ചാലും അതും മോക്ഷമായി എണ്ണാനാണ് മതതിട്ടൂരങ്ങള്‍ പഠിപ്പിക്കുന്നത്. അതേ യുക്തിയുടെ ‘യാഥാര്‍ഥ്യം’ അസത്യമായും വിശ്വാസത്തിന്റെ ‘മായ’ സത്യമായുമാണ് വിശ്വാസിക്ക് ബോധ്യപ്പെടുന്നത്.
മനുഷ്യചരിത്രത്തില്‍ യുക്തിയും ഭക്തിയും തീര്‍ക്കുന്ന സമാന്തരങ്ങള്‍!!
ഡല്‍ഹിലൊക്കെ ഉള്ള പോലെ കുറച്ച് സുലഭ് ശൗചാലയങ്ങള്‍ കേരളത്തിലും വേണം.
കോടികൾ നടവരവുള്ള ശബരിമലയുടെ വികസന കാര്യം വരുമ്പോൾ അധികാരികൾ പുറം തിരിഞ്ഞെ നിന്നിട്ടുള്ളു. ഭക്തിയുടെ പാരമ്യതയിൽ കണ്ണും മൂക്കും നഷ്ടപ്പെടുന്ന ഭക്തർക്ക് സൌകര്യ പ്രദമായ പ്രാഥമിക സൌകര്യങ്ങൾ ഒരുക്കാൻ ഇനി അയ്യപ്പൻ തന്നെ കനിയണം. കലിയുഗ വരദൻ നേരിട്ട് പ്രശ്നത്തിനു പരിഹാരം കാണട്ടെ:)
ഒരു ദേവപ്രശ്നത്തിനു കൂടി സ്കോപ്പുണ്ട്:)
സ്വാമി ശരണം..
എന്ന്
വൈകിയെത്തിയ ഒരു ഭക്തൻ.
കലാകൌമുദിയിൽ ശബരിമലയിലെ ചൂഷണങ്ങൾ ചൂണ്ടിക്കാണിച്ച് ഒരു നല്ല ലേഖനം ഉണ്ടായിരുന്നു. എല്ലാ അയ്യപ്പഭക്തന്മാരും വായിച്ചിരിക്കേണ്ട ലേഖനമാണ്.
കറവപ്പശു എന്ന വാക്ക് വളരെ പരിമിതമായിപ്പോയി. വേറെ ഏതെങ്കിലും വാക്ക് കണ്ടുപിടിക്കണം. ഭക്തന്മാരിൽ നിന്നും കച്ചവടക്കാരിൽ നിന്നും പറ്റിച്ചെടുക്കുന്ന ഈ ഭീമമായ സംഖ്യയിൽ ആണ് എല്ലാവരുടെയും കണ്ണ്. അത് കഞ്ഞിമുതൽ അരവണ വരെ നീണ്ടു കിടക്കുന്നു.
കല്ലും മുള്ളും മലവും - കാല്ക്ക് മെത്ത യായതുകൊണ്ട് ഞാനിതുവരെയും അവിടെ പോയിട്ടില്ല. പിന്നെ ശബരിമലയുടെ പവിത്രത നശിപ്പിക്കുന്നതിൽ ഭക്തന്മാർക്കും പങ്കുണ്ട്. കാണിക്കയിടലാണ് ഭക്തന്മാർ ആദ്യം നിർത്തേണ്ടത്. അപ്പോൾ തന്നെ കൊള്ളസംഘത്തിന്റെ കൈകടത്തൽ ഇല്ലാതാകും.
എല്ലാം ഈ വർഷം ശരിയാക്കാം എന്ന് നമ്മുടെ മുഖ്യമന്ത്രി ഉറപ്പ് നൽകിയത് ആരും മറന്നുപോകരരുത്. ചില തിരക്കുകാരണം കുറച്ചു നീണ്ടതായിരിക്കും. രവി.
Post a Comment