12/21/2009

തീവ്രവാദം

മണിക്കൂറുകളിടവിട്ടുള്ള വാര്‍ത്താവിശകലങ്ങളില്‍ കേട്ട് കാതുതഴമ്പിച്ച ഒന്നായി "തീവ്രവാദി " എന്ന പദം.ഏതൊരു ചിന്താധാരയേയും ബന്ധപ്പെടുത്തിപ്രയോഗിക്കാവുന്ന ഒരു പദമാണ് തീവ്രവാദം എന്നത്, ആംഗലേയത്തിലെ "എക്സ്ട്രീം" എന്ന വാക്ക് പകരം വക്കാവുന്ന ഒന്ന്. പ്രണയം, മതം,പരിസ്ഥിതി, തത്വചിന്ത തുടങ്ങി ഏതൊരു മേഖലയിലും തീവ്രവാദം കടന്നു വരാം. അടിസ്ഥാന പരമായി വിലയിരുത്തിയാല്‍, നമ്മുടെ മനസ്സിന്റെ അടിത്തട്ടില്‍ രൂഢമൂലമായ വിശ്വാസപ്രമാണങ്ങളെ ഉറപ്പിച്ച് നിര്‍ത്താന്‍, ന്യായീകരിക്കാന്‍,അവക്കെതിരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ , നടത്തുന്ന അങ്ങേയറ്റം ആത്മാര്‍ത്ഥമായ ശ്രമമാണ് തീവ്ര പ്രവര്‍ത്തനങ്ങളിലും വാദങ്ങളിലും കലാശിക്കുക. നിര്‍ഭാഗ്യവശാല്‍ കേവലമായ ചില അര്‍ത്ഥങ്ങളിലേക്ക് മാത്രമായി ഈ പദം ഇന്ന് ഒതുങ്ങിപ്പോയിരിക്കുന്നു. തീവ്രവാദം, തീവ്രവാദി എന്നീ പദങ്ങള്‍ക്ക് ചിന്നിച്ചിതറിയ മനുഷ്യശരീരത്തിന്റേയും കണ്ണുമഞ്ഞളിക്കുന്ന അഗ്നിജ്വാലകളുടേയും ഛായയാണിന്ന്. മേല്‍ സൂചിപ്പിച്ച ആത്മാര്‍ത്ഥത എന്നത്, മതം എന്ന ഒറ്റ ആശയവുമായി ബന്ധപ്പെട്ട മത തീവ്രവാദം എന്ന ഇടുങ്ങിയ അര്‍ത്ഥത്തിലേക്ക് ചുരുങ്ങിയെന്ന് സാരം.

തീവ്രമായ ചിന്തകള്‍ എന്നത് ആത്മാര്‍ത്ഥതയില്‍ നിന്ന് ഉടലെടുക്കുന്നതാണെന്ന് സൂചിപ്പിച്ചുവല്ലോ, ആത്മാര്‍ത്ഥത എന്ന പദമാവട്ടെ ആപേക്ഷികവും. അത് തന്നോടോ തന്റെ ചിന്തകളോടോ മാത്രമായി ചുരുങ്ങിപ്പോകുന്ന സന്ദര്‍ഭങ്ങളിലാണ് തീവ്രവാദം അപകടകരമാവുന്നത്. "താനും തന്റെ ചിന്തകളും മാത്രം" എന്നസ്വാര്‍ത്ഥഭാവം ഇന്നിന്റെ മുഖമുദ്രയായതിനാല്‍ തീവ്രവാദം ഇന്നിന്റെ സംഭാവനയാവാം. തന്റെ ചിന്തകള്‍ നിയന്ത്രിക്കാന്‍ സാധിക്കാനാവാത്ത ഒരാളെ അങ്ങേയറ്റം ദുര്‍ബല ഹൃദയനായി കണക്കാക്കുന്നതില്‍ തെറ്റില്ല. ഇത്തരം ദുര്‍ബല ഹൃദയരാണ് ഇന്ന് മത തീവ്രവാദത്തിന്റെ കൈകളില്‍ എത്തിപ്പെടുന്നതെന്ന് നിസ്സംശയം പറയാം.ആയിരങ്ങളെ ബോബ് വച്ച് കൊന്ന് സ്വയം ചാരമാകുന്ന ഒരുവന്‍ ദുര്‍ബല ഹൃദയനല്ലാതെ മറ്റെന്താണ്? പ്രധമ ദൃഷ്ട്യാ വിരോധാഭാസം എന്ന് എന്നു തോന്നാമെങ്കിലും വാസ്തവം ഇതാണ്. പഴയകാല നക്സല്‍ പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മിക്കുക.

മനോബലം കുറവായ, വികാര ജീവികളായ ഒരു യുവതലമുറയാണ് നമുക്കിന്നുള്ളത്. കേരളം പോലൊരു സംസ്ഥാനത്ത് അസംതൃപ്തരായ യുവാക്കള്‍ തികച്ചും അപകടകാരികളായേക്കാവുന്ന ഒരു സാഹചര്യത്തിലാണ് ജീവിക്കുന്നത്. ഇവരുടെ മനസ്സിനെ നിയന്ത്രിക്കാന്‍ സാധിക്കുന്ന, സ്വാധീനിക്കാന്‍ സാധിക്കുന്ന എതോരു വ്യക്തിക്കും പ്രസ്ഥാനങ്ങള്‍ക്കും ഇവരെ അടിമകളാക്കാം. പ്രസ്ഥാനങ്ങളുടെ വിളഭൂമിയായ കണ്ണൂര്‍ ഇതിനൊരു ഉദാഹരണമാണ്. ആത്മാര്‍ത്ഥതയെ ചൂഷണം ചെയ്ത് പ്രസ്ഥാനങ്ങള്‍ വേരോട്ടം ഉറപ്പിക്കുന്നു. ഈ വിളനിലം തേടിയെത്തിയ പുതിയ കൃഷിക്കാരാണ് മത മൌലിക വാദികള്‍.

മറ്റുള്ളവന്റെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ പരസ്പരം ചുരിക വീശി മരണം വരിച്ചിരുന്ന ധീരന്മാരായ ചേകവന്മാരുടെ നാടാണ് കണ്ണൂര്‍ പ്രദേശങ്ങള്‍. ഈ സവിശേഷ ചരിത്ര പശ്ചാത്തലവും തീവ്രചിന്തകളും കൂടിക്കുഴഞ്ഞതിന്റെ സംഭാവനയാണ് കണ്ണൂരിലെ രാഷ്ട്രീയം. ഈ വള്ളക്കൂര്‍ കണ്ട് കൃഷിയിറക്കാനെത്തിയ മതമൌലിക വാദികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും പ്രതിരോധിക്കാനും നമ്മുടെ സമൂഹ മനസാക്ഷി ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തപക്ഷം ഭവിഷ്യത്തുകള്‍ ഗുരുതരമാവും എന്ന തിരിച്ചറിവ് നമ്മുടെ പ്രസ്ഥാനങ്ങള്‍ക്കുണ്ടാവട്ടെ എന്ന്മാത്രം ആഗ്രഹിക്കുന്നു.

19 comments:

അനിൽ@ബ്ലൊഗ് said...

വികാര ജീവികളാണ് തീവ്രവാദികള്‍.

ഹരി (Hari) said...

അനില്‍ പറഞ്ഞുവച്ചത് വാസ്തവം. തീവ്രവാദി എന്ന പദത്തിന് ഭീകരവാദി എന്നൊരു അര്‍ത്ഥമാണ് ഇന്ന് സമൂഹവും ഒപ്പം മാധ്യമങ്ങളും കല്പിച്ചു പോരുന്നത്. പീഡനം എന്ന വാക്കിന് സംഭവിച്ച ദുര്‍ഗതി പോലെ. വാക്കുകളെ ഇതുപോലെ തച്ചുതകര്‍ക്കുന്നതാരാണ്? ഒരു സംശയവും വേണ്ട മാധ്യമങ്ങള്‍ തന്നെ. അവരുടെ തടവറയിലായി നമ്മള്‍. ഇനി ഒരു മോചനം സാധ്യമാണോ? ചിന്തനീയം തന്നെ.

അനിലിന്‍റെ ബ്ലോഗിന്‍റെ ലിങ്ക് മാത്‍സ് ബ്ലോഗില്‍ നല്‍കിയത് കണ്ടിരുന്നോ? ഇടക്കൊക്കെ വരിക. പ്രത്യേകിച്ച് ഞായറാഴ്ച സംവാദങ്ങളില്‍.

www.mathematicsschool.blogspot.com

ഭായി said...

കുറച്ച് മാധ്യമങള്‍ വിചാരിച്ചാല്‍ നമ്മെ, പ്രത്യേകിച്ചു മലയാളികളെ അവരുടേ തടവറക്കുള്ളില്‍ തളച്ചിടാന്‍ പറ്റുമെന്ന് തോന്നുന്നുണ്ടോ ഹരീ..?!

താ‍ങ്കളുടെ വ്യാകുലത മനസ്സിലാകുന്നുണ്ട്!

അനില്‍ നല്ല നിരീക്ഷണം..

കാവലാന്‍ said...

ലോകത്തിലെ സകല ചരാര വ്യ്വസ്ഥിതികളേയും തങ്ങളുടെ ചിന്താഗതയിലേക്ക് ചുരുക്കി അതേ വ്യവസ്ഥിതിയില്‍ ചിന്തിക്കുന്നവരെ മാത്രം മനുഷ്യരായി പരിഗണിക്കുന്ന ചുരുക്കം ചിലരെയാണ് മത തീവ്രവാദി എന്നതുകൊണ്ടുദ്ധേശിക്കേണ്ടതെന്നു തോന്നുന്നു.

Typist | എഴുത്തുകാരി said...

"ഇവരുടെ മനസ്സിനെ നിയന്ത്രിക്കാന്‍ സാധിക്കുന്ന, സ്വാധീനിക്കാന്‍ സാധിക്കുന്ന എതോരു വ്യക്തിക്കും പ്രസ്ഥാനങ്ങള്‍ക്കും ഇവരെ അടിമകളാക്കാം"

അനില്‍ പറഞ്ഞതു വളരെ ശരി.
അതു തന്നെയാണിവിടെ സംഭവിക്കുന്നതു്. എന്തിനോ വേണ്ടി അതെന്താണെന്നുപോലും മുഴുവനായി മനസ്സിലാകാതെ. അന്ധമായി അനുസരിക്കുക/പ്രവര്‍ത്തിക്കുക.

ചാണക്യന്‍ said...

ചിന്തനീയമായ പോസ്റ്റ്....
തീവ്രവാദികളെ വികാര ജീവികൾ എന്ന് കാറ്റഗറൈസ് ചെയ്യുന്നതിനേക്കാൾ ശരിയല്ലെ അവരെ മനോരോഗികളായി കാണുന്നത്?

കണ്ണൂര് പോലുള്ള സ്ഥലത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത് രാക്ഷ്ട്രീയ ഭ്രാന്തന്മാരല്ലെ?

ramanika said...

തീവ്രവാദം എന്നപദം ഭീകരവാദം എന്ന പദത്തിന്റെ പര്യായമായിരിക്കുന്നു
പണം ഒരു സാദാരണ മനുഷന്റെ ദൌര്‍ ലഭ്യമാണ്
പണം ഒരു പ്രേരക ശക്തി ആണ് തീവ്രവാദത്തിനു ഇറങ്ങാന്‍
അന്യ നാട്ടില്‍ നിന്നുള്ള പണമൊഴുക്ക് തടഞ്ഞാല്‍ ഈ തീവ്രവാദം തടയാം ഒരു പരുധി വരെ
അതിനു ഇച്ചാ ശക്തി ഉള്ള ഗവണ്മെന്റ് വരണം
പിന്നെ ശിക്ഷ സമ്പ്രദായം കുടുതല്‍ strict ആക്കണം

കണ്ണനുണ്ണി said...

ഭായി: സമകാലീന സംഭവങ്ങള്‍ വച്ച് നോക്കുമ്പോള്‍.. കുറെ കാലത്തേക്കെങ്കിലും അന്ങ്ങനെ ഒക്കെ ചെയ്യാന്‍ മാധ്യമങ്ങളെ കൊണ്ട് പറ്റും എന്ന് തോനിപോവുന്നു.

പാര്‍ത്ഥന്‍ said...

തീവ്രവാദം എന്തുകൊണ്ടാണ് മതത്തിന്റെയും പ്രസ്ഥാനങ്ങളുടെയും മാത്രം പാളയത്തിൽ ചുരുങ്ങിപ്പോകുന്നത്.
എന്റെ അഭിപ്രായത്തിൽ അത് നിയന്ത്രിക്കുന്ന നേതാക്കന്മാരുടെ നിലനില്പിനുവേണ്ടിമാത്രം ആണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വളരുന്നത് എന്നാണ്.

തീവ്രമായി ചിന്തിച്ചു പ്രവർത്തിച്ചതുകൊണ്ട് ഇപ്രാവശ്യം കാർഷിക വിളവ് ഇരട്ടിയായി എന്ന് പറയാൻ കഴിയുമോ എന്നെങ്കിലും.

chithrakaran:ചിത്രകാരന്‍ said...

നല്ല ആശയം !

ബിനോയ്//HariNav said...

".. പ്രതിരോധിക്കാനും നമ്മുടെ സമൂഹ മനസാക്ഷി ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തപക്ഷം ഭവിഷ്യത്തുകള്‍ ഗുരുതരമാവും എന്ന തിരിച്ചറിവ് നമ്മുടെ പ്രസ്ഥാനങ്ങള്‍ക്കുണ്ടാവട്ടെ എന്ന്മാത്രം ആഗ്രഹിക്കുന്നു..."

ആഗ്രഹിക്കാം :)

ഉഗ്രന്‍ said...

അനില്‍,
'എക്സ്ട്രീമിസ്റ്റ്' എന്നതല്ലെ ശരി?

ലേഘനം അസ്സലായി... 'കാവലാന്‍' പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.
:)

ഉഗ്രന്‍ said...

tracking

അനിൽ@ബ്ലൊഗ് said...

ഹരീ,
തീര്‍ച്ചയായും നമ്മുടെ മാദ്ധ്യമങ്ങളാണ് മുഖ്യപങ്ക് വഹിക്കുന്നത്. കേട്ട് കേട്ട് അത് ഒരു പ്രയോഗമായി മാറുന്നു.
മാത്സ് ബ്ലോഗില്‍ ഞാന്‍ വരാറുണ്ട്.
കമന്റ്റിനു നന്ദി.

ഭായ്,
സംശയം വേണ്ടാ, നമ്മുടെ മാദ്ധ്യമങ്ങളാണ് ഇന്ന് ചിന്തകളെ നിയന്ത്രിക്കുന്നത്.
നന്ദി.

കാവലാന്‍,
അതെ അതു തന്നെയാണ്, അവനവനിലേക്ക് തന്നെ ചുരുങ്ങുക.

എഴുത്തുകാരി,
ചേച്ചീ, നന്ദി.

ചാണക്യാ,
വികാരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കഴിയാത്തവന്‍ മാനസിക രോഗി തന്നെയല്ലെ? കണ്ണൂര്‍ ആരെങ്കിലും ബോധപൂര്‍വ്വം എന്തെങ്കിലും ചെയ്യുന്നതാണെന്ന് എനിക്കു തോന്നിയിട്ടില്ല. ആത്മാര്‍ത്ഥത കൂടിയതിന്റെ കുഴപ്പങ്ങളാണെല്ലാം.

രമണിക,
ചേട്ടാ, ശരിയാണ്.
വോട്ട്ബാങ്കിനും വിള്ളല്‍ വീഴാന്‍ പാടില്ലല്ലോ, അതാണ് പലപ്പോഴും സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കുന്നത്.

കണ്ണനുണ്ണി,
അതെ, അതാണ് ശരി.

പാര്‍ത്ഥന്‍,
മാഷെ, മതമായാലും പ്രസ്ഥാനമായാലും ഈ മാനസിക ദൌര്‍ബല്യം ചൂഷണം ചെയ്യുകയല്ലെ?

ചിത്രകാരന്‍,
നന്ദി.

ബിനോയ്,
ആഗ്രഹിക്കാനല്ലെ നമുക്കു പറ്റൂ.

ഉഗ്രന്‍,
നന്ദി.
ഒരു ചെറിയ തിരുത്ത് വരുത്തിയിട്ടുണ്ട്.

pulari said...

"ഈ വള്ളക്കൂര്‍ കണ്ട് കൃഷിയിറക്കാനെത്തിയ മതമൌലിക വാദികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും പ്രതിരോധിക്കാനും നമ്മുടെ സമൂഹ മനസാക്ഷി ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തപക്ഷം ഭവിഷ്യത്തുകള്‍ ഗുരുതരമാവും എന്ന തിരിച്ചറിവ് നമ്മുടെ പ്രസ്ഥാനങ്ങള്‍ക്കുണ്ടാവട്ടെ എന്ന്മാത്രം ആഗ്രഹിക്കുന്നു"

അനിൽ ജിയുടെ വാക്കുകൾ

ഒരു സംശയം
ദശാബ്ദങ്ങളായി കണ്ണൂരിൽ മാർക്കിസ്റ്റുകാരുമായി പടവെട്ടുന്ന ഹൈന്ദവ രാഷ്ട്രീയം മതമൗലീകവാദ്ത്തിൽ വരില്ലേ അനിൽ?
അതോ മതമൗലികവാദം ഒരു മതത്തിലേക്ക്‌ മാത്രം ചാർത്തപ്പെട്ടു കഴിഞ്ഞ വാക്കായി മാറിപ്പോയോ?

കണ്ണൂരിൽ ഇത്രയും നാൾ ഒഴുക്കിയ ചോറപ്പുഴകൾ ക്രൂരതയോ മതമൗലീകവാദമോ രാഷ്ട്രീയ ഫാസിസമോ ആയിരുന്നില്ലേ?

കണ്ണൂരിൽ അഷ്ണയടക്കം നിരപരാധികളും ക്രിമിനൽസുമടക്കം ഇരയായ ബോംബുകൾക്കു സംഹാരശേഷിയുണ്ടായിരുന്നില്ലേ?

MANIKANDAN [ മണികണ്ഠന്‍‌ ] said...

ഭീകരവാദം എന്നതിനേക്കാള്‍ വിഘടനവാദം എന്നതാവും കൂടുതല്‍ യോജിക്കുന്നത് എന്ന അഭിപ്രായമാണ് എനിക്കുള്ളത്.

തെച്ചിക്കോടന്‍ said...

ഇപ്പറഞപോലെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ പറ്റുന്ന വികാര ജീവികളാണ് തീവ്രവാദികള്‍.

ഇന്ന് കവി സച്ചിദാനന്ദന്റെ പ്രസ്താവന വായിച്ചു, കേരളത്തിലെ മാധ്യമങ്ങള്‍ മതേതര പാരമ്പര്യത്തിലേക്ക് മടങ്ങണമെന്ന്,വാര്ത്തയിലെയും തലക്കെട്ടിലെയും വൈരുധ്യത മാറ്റി സത്യസന്ധത പാലിക്കണമെന്ന് (ഈ വിഷയം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍).

ഒരു പക്ഷെ മടങ്ങുമായിരിക്കും, കാത്തിരിക്കാം..

അനിൽ@ബ്ലൊഗ് said...

pulari,
കണ്ണൂരില്‍ മാര്‍ക്സിസ്റ്റുകാരുമായി പടവെട്ടുന്നത് ഹൈന്ദവ ചിന്തയാണെന്ന്‍ പറയുന്നതിനോട് എനിക്ക് യോജിക്കാന്‍ പറ്റില്ല. കേഡര്‍ സ്വഭാവമുള്ള മറ്റൊരു സംഘം ഉയര്‍ന്നു വരാന്‍ ഒരു പക്ഷെ അത് കാരണമായിട്ടുണ്ടാവാം. കേരളത്തില്‍ ഈ പറയുന്ന ഹൈന്ദവ തീവ്രവാദം ഇല്ല എന്നു തന്നെയാണ് എന്റെ വിലയിരുത്തല്‍. ഇതില്‍ നിന്നും വളരെ വ്യത്യസ്ഥമാണ് അടുത്തിടെ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍.

മണികണ്ഠന്‍,
വിഘടന വാദം അല്ല, ആണോ?
തീവ്രചിന്താഗതി തന്നെയാണ്, അത് സ്വാര്‍ത്ഥമാകുന്നു എന്നു മാത്രം.താനും തനിക്ക് സമാനരെന്ന് അവര്‍ സ്വയം വിലയിരുത്തുന്നവരും മാത്രം ജീവിച്ചാല്‍ മതി എന്ന കാഴ്ചപ്പാട്.

തെച്ചിക്കോടന്‍,
നമ്മുടെ മാദ്ധ്യമങ്ങളുടെ പുട്ടുകച്ചവടം കഴിഞ്ഞിട്ട് കേരളം നന്നാവും എന്ന് തോന്നുന്നില്ല.

വീ കെ said...

വളരെ ചിന്തനീയമായ പോസ്റ്റ്..

അറിഞ്ഞൊ അറിയാതെയോ കുറ്റകൃത്യങ്ങളിൽ പെടുന്നവരെ മുകളിൽ പിടിപാടുള്ളവരെ ഉപയോഗപ്പെടുത്തി ഇത്തരക്കാർ രക്ഷപ്പെടുത്തിക്കൊണ്ടുവരും. പിന്നെ ബ്ലാക് മെയിൽ ചെയ്ത് അവരുടെ താളത്തിനൊത്തു തുള്ളുന്ന പാവകളാക്കി മാറ്റുകയാണെന്നു തോന്നുന്നു.
അല്ലാതെ ബോധപൂർവ്വം ഒരാൾ ജനിച്ചു വളർന്ന സ്വന്തം നാട്ടിൽ ഇത്തരം പ്രവർത്തി ചെയ്യുമെന്ന് വിശ്വസിക്കാൻ വളരെ പ്രയാസം.