7/19/2011

വി സി നിയമനം വാർത്തകളിൽ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പത്ര മാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണു കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പദവിയിലേക്ക് നടക്കാൻ പോകുന്ന നിയമനം. ഒരോ സരവ്വ കലാശാലകൾക്കും അതിന്റേതായ ചട്ടങ്ങളും നിയമങ്ങളും ഉണ്ടാവും, അവയെ നിയന്ത്രിക്കുന്ന പൊതു നിയമങ്ങളും. അവയനുസരിച്ച് നിയമനങ്ങൾ നടത്തുകയോ നടത്തപ്പെടുകയോ ചെയ്യും. എന്നിരുന്നാലും ഇപ്പോൾ കാണുന്ന പത്രവാർത്തകൾ വായിക്കുമ്പോൾ പഴയ ഒരു വാർത്ത വായിച്ചത് ഒർമയിൽ വരുന്നു.

കേരള വെറ്ററിനറി സരവ്വകലാശാലാ വിസി നിയമനം കോടതി വിശദീകരണം തേടി : വാർത്ത.

കൊച്ചി: വയനാട്ടിലെ പൂക്കോട്ട് തുടങ്ങുന്ന കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയിലെ പുതിയ വൈസ് ചാന്‍സലര്‍ക്ക് ആ പദവി വഹിക്കാന്‍ അധികാരമില്ലെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. നിയുക്ത വൈസ് ചാന്‍സലര്‍ ഡോ. ബി. അശോകിനെതിരെ വെള്ളായനി കാര്‍ഷിക കോളേജിലെ ഡോ. കെ.ഡി. പ്രതാപനാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. വൈസ് ചാന്‍സലര്‍പദവിയിലേക്ക് യുജിസി നിര്‍ദേശിക്കുന്ന യോഗ്യതകള്‍ ഇദ്ദേഹത്തിനില്ലെന്നും യുജിസി വ്യവസ്ഥ പാലിക്കാതെയാണ് നിയമനനടപടി എന്നുമാണ് ഹര്‍ജിയിലെ പരാതി. സര്‍വകലാശാലയില്‍ പ്രൊഫസര്‍പദവിയിലോ അക്കാദമിക ഗവേഷണസ്ഥാപനത്തില്‍ സമാനപദവിയിലോ 10 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണമെന്നാണ് യുജിസി വ്യവസ്ഥ. ഡോ. ബി. അശോക് വെറ്ററിനറി സയന്‍സില്‍ ബിരുദവും സോഷ്യല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവുമുള്ള അഖിലേന്ത്യാ സര്‍വീസിലെ ഉദ്യോഗസ്ഥനാണ്. നിര്‍ദിഷ്ട അധ്യയന പരിചയമില്ല.
സമിതി നിര്‍ദേശിക്കുന്ന പാനലില്‍നിന്ന് നിയമനം നടത്താനാണ് യുജിസി നിര്‍ദേശം. എന്നാല്‍, വെറ്ററിനറി സര്‍വകലാശാലയില്‍ മന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
സര്‍വകലാശാല രൂപവത്കരണം യുജിസിയുടെ സഹായത്തോടെയായതിനാല്‍ വി.സി. നിയമന വ്യവസ്ഥകള്‍ പാലിക്കണം. ഈ സാഹചര്യത്തില്‍ വി.സി. എന്തധികാരത്തിലാണ് പ്രസ്തുത പദവിവഹിക്കുന്നതെന്ന് വ്യക്തമാക്കാന്‍ നിര്‍ദേശിക്കണമെന്നും ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് നിയമന ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.


കേസു എപ്രകാരം തീർപ്പു കല്പ്പിക്കപ്പെട്ടു എന്നതിന്റെ വിശദാം ശങ്ങളിലേക്ക് പോകുന്നില്ല. ഏതായാലും ഡോ.ബി. അശോൿ തന്നെയാൺ വെറ്ററിനറി സരവ്വകലാശാല വി സി.

വെറ്ററിനറി സരവ്വകലാശാല വിസിയുടെ പ്രോഫൈലിലേക്കുള്ള
ലിങ്ക്‍ ഇവിടെ.

പത്തു വർഷം ഗവേഷണ പരിചയവും അക്കാഡമിക്ക് പരിചയവും ഇല്ലാത്ത ആൾ ഉഷാറായി സരവ്വകലാശാല ഭരിക്കുന്നു. ‌യു ജി സി നിയമങ്ങൾ വെറ്ററിനറി സരവ്വകലാശാലക്ക് ബാധകമല്ല എന്നതാണൊ അതോ "മൃഗ വൈദ്യത്തിനു" അത്ര മതി എന്നു കരുതിയതാണോ എന്ന് അറിയില്ല.

ചുരുക്കം ഇത്രമാത്രം, സർക്കാരിനു താത്പര്യമുള്ള ആൾകളെ ഇത്തരം പദവിയിലിരുത്താൻ ആവശ്യമായ ലൂപ്പ് ഹോൾസ് എല്ലാ നിയമങ്ങളിലും ഉണ്ടാവും, എല്ലാ സർക്കാരുകളും തങ്ങൾക്ക് അനുകൂലമായ രീതിയിൽ അത് പ്രയോഗിക്കുകയു ചെയ്യും. ബാക്കിയെല്ലാം പഴയ "മുന്തിരിക്കഥ" ആയി കണക്കാക്കിയാൽ മതി.

കുറിപ്പ്:
ട്രാൻസ്ഫർ നിയമങ്ങൾ എതായാലും വെറ്ററിനറി സരവ്വകലാശാലക്ക് ബാധകമല്ല. സ്കൂൾ തുറക്കുന്നതിന്റെ തലേന്ന് ഒരു അദ്ധ്യാപികയെ ദൂരേക്ക്‌ ട്രാൻസ്ഫർ ചെയ്താൺ സരവ്വകലാശാല വി സി ഇതു തെളിയിച്ചത്. ഒറ്റക്ക് രണ്ട് കുട്ടികളെ വളർത്തിന്നതിന്റെ വിഷമം ടിയാനു അറിയാമൊ എന്തോ. സ്കൂൾ തുറന്നു കഴിഞ്ഞ്, പിള്ളാർക്ക് ടി സിയും വാങ്ങി പുതിയ സ്കൂളിൽ അഡ്മിഷനും മറ്റും ശരിയാക്കിയതിന്റെ കഷ്ടപ്പാട് ആരറിയാൻ !!!