8/31/2008

പശുക്കളുടെ വര്‍ണ്ണക്കാഴ്ച,കാളകളുടെയും

മാളുത്താ വീട്ടുടമയാണ്.

ഈയാഴ്ചമുതല്‍ പാല്‍ വാങ്ങുന്നതവിടെ നിന്നായിരിക്കും എന്ന ഭാര്യയുടെ പ്രഖ്യാപനം, അടുത്ത പോസ്റ്റിനുള്ള നാന്ദിയാവുമെന്നു സ്വപ്നേപി നിരൂപിച്ചില്ല.

ഇന്നലെ മോളെക്കൂട്ടി ഞാന്‍ താത്തയുടെ വീട്ടിലേക്കു പോയി, വെളുമ്പിപ്പയ്യിനെ കാണാന്‍, ലക്ഷ്യം ഒരു സൌഹൃദ സംഭാഷണം, പശുക്കുട്ടിയാവട്ടെ തുറിച്ചു നോക്കുന്നു,അതിന്റെ പാലാണല്ലൊ നമുക്കു കട്ടെടുത്തു തരുന്നതു.
ഒരു ചുവന്ന ബക്കറ്റില്‍ വെള്ളം മോന്തിനില്‍ക്കുന്ന പയ്യിനോടു കുശലം പറഞ്ഞ്, ഞങ്ങള്‍ വീട്ടിനുള്ളില്‍ കയറി. പാലും ഒന്നു പരിശോധിക്കണമല്ലൊ.സാമാന്യ മര്യാദയുടെ പേരിലാവാം താത്ത ചായ കൊണ്ടുവന്നു, നല്ല ചായ, കൊഴുപ്പുള്ള പാല്‍, മൊത്തത്തില്‍ സന്തോഷം.

"എല്ലാ ദിവസവും ഈ സമയത്താണൊ വെള്ളം കൊടുക്കുന്നതു?" ചുമ്മാ ഒരു ചോദ്യം.
അതെയെന്നുത്തരം.


"ഇതേ പാത്രത്തില്‍ ?"
വീണ്ടും അതേയെന്നുത്തരം.


മന്‍സ്സിലിള്ളതു പുറത്തുകാട്ടാതെ ഞങ്ങള്‍ മടങ്ങി.

ഇന്നു അതേസമയത്തു വീണ്ടും പശുവിനെത്തേടിപ്പുറപ്പെട്ടു.മനസ്സില്‍ ഒരു അടുക്കള പരീക്ഷണം.

വെളുമ്പി എത്തിയിട്ടില്ല , ചായ കിട്ടുമെന്നു കരുതി അതും ഇല്ല !!

ഒരു ചുവന്ന ബക്കറ്റും നീല ബക്കറ്റും എടുത്തു ഞാന്‍ മുറ്റത്തു വച്ചു, നീലബക്കറ്റാദ്യം. വെളുമ്പി പാഞ്ഞു വന്നു, നീലബക്കറ്റു കാണാത്ത ഭാവത്തില്‍ ചുവപ്പു ബക്കറ്റിന്റെ അടുത്തേക്കു ഒറ്റ ഓട്ടം, അതും കാലിയാണെന്നു കണ്ടപ്പോള്‍ കലിയിളകി അലറി , ബ്ബേ....... .

പറയൂ , പശുവിനു ചുവപ്പും നീലയും തിരിച്ചറിയാമോ?
പശുക്കള്‍ വര്‍ണ്ണങ്ങള്‍ തിരിച്ചറിയില്ലെന്നു വായിച്ചതോര്‍മ്മയുണ്ടൊ?

ആശയത്തിനു കടപ്പാട്: ഡയറി ആന്റ് സ്വൈന്‍ റിസേര്‍ച്ച് അന്റ് ഡവലപ്മെന്റെ സെന്റര്‍ , കനഡ.

വര്‍ണ്ണക്കാഴ്ച: ഒരു ലഘു വിവരണം.

ധവളപ്രകാശം ഒരുകൂട്ടം വര്‍ണ്ണ രശ്മികള്‍ ചേര്‍ന്നാണുണ്ടാവുന്നത്. പ്രാഥമിക വര്‍ണ്ണങ്ങളെന്നു വിളിക്കപ്പെടുന്ന പച്ച , നീല, ചുവപ്പ് എന്നിവ കൂടിച്ചേര്‍ന്നാല്‍ ധവള പ്രകാശം ലഭിക്കും. സ്കൂളില്‍ പഠിച്ച ഈ വിവരങ്ങള്‍ ഓര്‍മ പുതുക്കാന്‍ മാത്രം ചിത്രം നോക്കുക.

പ്രിസത്തില്‍ വീഴുന്ന ധവള പ്രകാശം വിഘടിച്ചു വിവിധ വര്‍ണ്ണങ്ങളാകുന്നു

വര്‍ണ്ണങ്ങളും തരംഗ ദൈര്‍ഘ്യങ്ങളും


പ്രാഥമിക വര്‍ണ്ണങ്ങളും അവയുടെ വര്‍ണ്ണക്കൂട്ടുകളും


ഒരു വസ്തുവില്‍ ധവളപ്രകാശം പതിക്കുമ്പോള്‍ ആ വസ്തുവിന്റേതായ വര്‍ണ്ണ ഘടകം ഒഴികെ മറ്റേല്ലാം അതു ആഗിരണം ചെയ്യുകയും , പ്രതിഫലിപ്പിക്കപ്പെടുന്ന രശ്മികള്‍ നമ്മുടെ കണ്ണുകളില്‍ എത്തി വര്‍ണ്ണക്കാഴ്ച സാദ്ധ്യമാക്കുന്നു എന്നതാണ് അടിസ്ഥാന തത്വം.


ചുവന്ന ആപ്പിളിന്റെ നിറം എപ്രകാരം ചുവപ്പായിക്കണുന്നു എന്നൊരു സൂചനാ ചിത്രം

വര്‍ണ്ണ സംവേദനം.

ധവളപ്രകാശത്തില്‍ അടങ്ങിയിര്‍ക്കുന്ന വിവിധ വര്‍ണ്ണങ്ങളും അവയുടെ തരംഗ ദൈര്‍ഘ്യവും ആദ്യം കൊടുത്ത ചിത്രത്തില്‍ കണ്ടിരുന്നല്ലൊ. ഒരു വസ്തുവില്‍ നിന്നും പ്രതിഫലിച്ചെത്തുന്ന നിശ്ചിത തരംഗദൈര്‍ഘ്യമുള്ള (വര്‍ണ്ണം) രശ്മികള്‍ മനുഷ്യന്റെ കണ്ണുകളുമായി സംവദിക്കുമ്പോള്‍ , നമ്മുടെ ഓര്‍മയുടെ അറയില്‍ സൂക്ഷിച്ചിട്ടുള്ള സമാന വര്‍ണ്ണ ബോധവുമായി അതു താരതമ്യം ചെയ്യപ്പെടുകയും , പ്രസ്തുത വസ്തുവിന്റെ വര്‍ണ്ണം അതാണ് എന്ന് നാം തിരിച്ചറിയുകയും ചെയ്യുന്നു.പച്ച , ചുവപ്പു,നീല തുടങ്ങിയ, തികച്ചും ആപേക്ഷികമായ, നാമകരണം മനുഷ്യനു മാത്രമുള്ളതാണ്. പച്ച വര്‍ണ്ണ രശ്മികളുടെ നിറം പച്ചയാണെന്നു നാം പഠിച്ച് ഓര്‍മയില്‍ സൂക്ഷിച്ചിരിക്കുന്നതിനാലാണ്‍ അവയെ പച്ച എന്നു വിളിക്കുന്നതു. മൃഗങ്ങളുടെ കാര്യത്തില്‍ ഇത്തരം നാമകര‍ണങ്ങള്‍ പ്രസക്തമല്ലെന്നു ബോധ്യപ്പെടുത്തുന്നതിലേക്കാണിതു സൂചിപ്പിച്ചതു.


മൃഗങ്ങളിലെ വര്‍ണ്ണക്കാഴ്ച.


മൃഗങ്ങളിലെ വര്‍ണ്ണക്കാഴ്ചയുമായി ബന്ധപ്പെട്ടു വിശദീകരണം നടത്തുന്ന ഘട്ടങ്ങളില്‍ , ഇവയെ നിശ്ചിതമായ തരംഗദൈര്‍ഘ്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പരാമര്‍ശിക്കേണ്ടി വരുന്നു. വര്‍ണ്ണങ്ങളുമായി ബന്ധപ്പെട്ട, ഹ്യൂ, സാച്ചുറേഷന്‍ , തീവ്രത എന്നിവ ഇവിടെ പരാമര്‍ശിക്കുന്നില്ല, ലാളിത്യത്തിനു വേണ്ടി.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ പശുക്കളില്‍ നടന്ന ഒരു പഠനത്തില്‍ , ഇവക്കു, പ്രകാശത്തിന്റെ നീണ്ട തരംഗദൈര്‍ഘ്യമുള്ള രശ്മികളും (ചുവപ്പെന്നു “വിളിക്കപ്പെടുന്ന“) കുറഞ്ഞ തരംഗദൈര്‍ഘ്യമുള്ള രശ്മികളും (നീല) വ്യക്തമായി വേര്‍തിരിച്ചറിയാനാവും എന്നു കണ്ടെത്തി. മദ്ധ്യവര്‍ണ്ണങ്ങളും(പച്ച) തരംഗദൈര്‍ഘ്യം കുറഞ്ഞ രശ്മികളും(നീല) അത്രകണ്ടു വേര്‍തിരിച്ചറിയില്ല. വിവിധ തരംഗദൈര്‍ഘ്യമുള്ള രശ്മികളുടെ സാന്നിധ്യത്തില്‍ ചില പരീക്ഷണങ്ങല്‍ക്കു നേരെ ഇവ പ്രകടിപ്പിച്ച പെരുമാറ്റ വ്യതിയാനങ്ങള്‍ വിലയിരുത്തിയായിരുന്നു ഈ പഠനം.

ഈ വിശകലനം ലളിതവല്‍ക്കരിച്ചാല്‍ നീലനിറമുള്ള ഒരു വസ്തുവും ചുവപ്പുനിറമുള്ള ഒരു വസ്തുവും രണ്ടും രണ്ടു നിറമാണെന്നു പശുവിനു/കാളക്കു തിരിച്ചറിയാനാവും എന്നു അനുമാനിക്കേണ്ടിയിരിക്കുന്നു. പച്ചയും നീലയും തമ്മില്‍ അത്രക്കു വേര്‍തിരിച്ചറിവു ലഭിക്കുന്നുമില്ല.

കണ്ണുകളുടെ ഘടന ഒരു ചെറു വിവരണംചിത്രം നോക്കുമല്ലൊ. ഇതില്‍ കാണിച്ചിരിക്കുന്ന റോഡുകോശങ്ങള്‍ അരണ്ടവെളിച്ചത്തിലുള്ള കാഴ്ചയും, കോണ്‍ കോശങ്ങള്‍ തീവ്ര പ്രകാശത്തിലുള്ള കാഴ്ചകള്‍ക്കൊപ്പം വര്‍ണ്ണക്കാഴ്ചയും സാദ്ധ്യമാക്കുന്നു. മനുഷ്യന്റെ കണ്ണിനെ അടിസ്ഥാനപ്പെടുത്തിയ ചിത്രമായതിനാല്‍ മൂന്നു പ്രാധമിക വര്‍ണ്ണങ്ങള്‍ക്കുമുള്ള മൂന്നു തരം കോണുകള്‍ അടയാളപ്പെടുത്തിയിട്ടുണ്ടിവിടെ.കാലിഫോര്‍ണിയ യൂണിവേസിറ്റിയില്‍ ഇലക്ട്രൊ റേറ്റിനോഗ്രാം ഉപയോഗിച്ചു നടത്തിയ ഒരു പഠനത്തില്‍ കന്നുകാലികളില്‍ രണ്ടു തരതിലുള്ള കോണുകളുടെ സാന്നിധ്യമാണു തിരിച്ചറിഞ്ഞത്. ഈ അവസ്ഥയെ ബൈപിഗ്മെന്റഡ് എന്നു വിളിക്കാം.

കുതിരകളീല്‍ നടത്തിയ മറ്റൊരു പരീക്ഷണം ഇതേ ഫലം നല്‍കുന്നു.

ചുവപ്പുവര്‍ണ്ണം പ്രകോപനപരമോ?

സൈക്കൊളജിക്കല്‍ റിവ്യൂ ജേണല്‍ നല്‍കുന്ന വിവരമനുസരിച്ചു ചുവപ്പു വര്‍ണം പശുക്കളിലും കാളകളിലും യാതൊരു വിധ പ്രകോപനവും സൃഷ്ടിക്കുന്നില്ല എന്നാണു കണ്ടെത്തിയിട്ടുള്ളതു.കര്‍ഷകര്‍ക്കു നല്‍കിയ ചോദ്യാവലിയും മറ്റും അടിസ്ഥാനപ്പെടുത്തിയായിരുന്നു പഠനം.

എന്നാല്‍ ഡെന്മാര്‍ക്കില്‍ , ഡാനീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് നടത്തിയ ഒരു പരീക്ഷണം കൌതുകകരമാണു

ഒരുകൂട്ടം പശുക്കുട്ടികളെ രണ്ടു വ്യത്യസ്ഥ വര്‍ണ്ണവസ്ത്രങ്ങള്‍ ധരിച്ചു രണ്ടു ആളുകള്‍ വ്യത്യസ്ഥരീതിയില്‍ കൈകാര്യം ചെയ്യുന്നതാണ് പരീക്ഷണം. ഒരാള്‍ അവക്കു സ്നേഹവും തീറ്റയും മറ്റും നല്‍കി അടുപ്പം സൃഷ്ടിച്ചു.

മറ്റോരാള്‍ അവയെ ഉപദ്രവിച്ചു വെറുപ്പു സൃഷ്ടിച്ചു.

തങ്ങളെ ഉപദ്രിവിക്കുന്ന ആള്‍ അണിഞ്ഞനിറത്തൊട്, അവ അകലം പാലിക്കുന്നതായാണു നിരീക്ഷണങ്ങള്‍ സൂചിപ്പിച്ചതു.

ഈ പരീക്ഷണങ്ങളില്‍ നിന്നും നമുക്കു മനസ്സിലക്കാനാവുന്നതു ഇതാണ്. പ്രകോപനം സൃഷ്ടിക്കുന്ന തരത്തില്‍ ചുവന്ന നിറം ഒരു കാളയെ തുടര്‍ച്ചയായി പരിചയപ്പെടുത്തിയാല്‍, അവ ആ നിറവുമായി പരിചയപ്പെട്ടാല്‍, പിന്നീട് ചുവന്ന നിറം കാണിച്ചു അവയെ വിറളി പിടിക്കാന്‍ സാധിക്കും. അങ്ങിനെ സങ്കല്‍പ്പിച്ചു നോക്കുന്നതില്‍ തെറ്റില്ല എന്നു കരുതുന്നു

ലിങ്കുകള്‍ കൊടുത്തിരിക്കുന്ന പലതും സംഗ്രഹങ്ങള്‍ മാത്രമാണ്. മുഴുവന്‍ പ്രസിദ്ധീകരണവും വായിക്കാന്‍ എന്റെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നതല്ല. ബൂലോകര്‍ ക്ഷമിക്കുക.

രണ്ടു ദിവസത്തെ ഗൂഗിള്‍ സേര്‍ച്ച് ഫലങ്ങള്‍ ബൂലോകര്‍ക്കായി സമര്‍പ്പിക്കുന്നു.

8/28/2008

സയാമീസ് ഇരട്ടകള്‍

ബക്കറിക്ക അയല്‍വാസിയാണ്.

ഞങ്ങള്‍ കണികണ്ടുണരുന്ന മില്‍മ, ശുദ്ധമായ പശുവിന്‍പാലുമായി രാവിലെ വിളിച്ചുണര്‍ത്തും. പശുവൊരെണ്ണം പ്രസവിക്കാറായി നില്‍ക്കയാണു ഇക്കയുടെ വീട്ടില്‍.

രാത്രി രണ്ടുമണി, ഫോണ്‍ ബെല്ലടിക്കുന്നു. ഇക്കയാണു, ഉടനെ വീട്ടിലേക്കുചെല്ലണം, ഡോക്ടര്‍ വന്നിട്ടുണ്ടു.പോകാതെ പറ്റില്ലല്ലൊ. പോത്തുങ്കാല്‍ സ്വപ്നംകണ്ടു ഉറങ്ങാന്‍ തുടങ്ങിയിട്ടധിക സമയമായില്ല. ടോര്‍ച്ചെടുത്തു റോഡു മുറിച്ചു ചെന്നു.പശുകിടക്കയാണ് മുറ്റത്തു. ഇന്റന്‍സീവ് കെയര്‍ യൂണിറ്റും മറ്റും സ്വപ്നം പോലും കാണാന്‍ യോഗമില്ലാത്ത പാവം മിണ്ടാപ്രാണികള്‍.ഇരുട്ടില്‍ തപ്പിനടക്കുന്ന അന്ധന്മാരെപ്പോലെ ഡൊക്ടര്‍ പരിശോധന തുടരുന്നു. സ്കാനിങ്ങും മറ്റും എന്താണെന്ന സ്വപ്നവും പാവം പശു കണ്ടിട്ടുണ്ടാവില്ല.


വിധി വന്നു, സയാമീസ് ഇരട്ടകളാത്രേ !!!!

കാലുകള്‍ ആറെണ്ണം കിട്ടുന്നുണ്ടത്രെ,പക്ഷെ ശരീരം വേര്‍പെടുത്താനാവുന്നില്ല. വിശ്വസിക്ക തന്നെ. നേരം വെളുക്കട്ടെ ബാക്കി പിന്നീടാവാം എന്നു ഡോകര്‍, ആരും തൃപ്തരല്ല, എന്തു ചെയ്യും, അഡ്മിറ്റുചെയ്യാന്‍ ആശുപത്രികളില്ല, ആംബുലന്‍സുകളില്ല. വരുന്നതു കാണുക, അത്ര തന്നെ.

രാവിലെ എട്ടുമണി. ഡോക്ടര്‍ സന്നാഹങ്ങളുമായി എത്തി. ബക്കറിക്കയുടെ മുറ്റം ഓപ്പറേഷന്‍ തിയേറ്ററായി പ്രഖ്യാപിക്കപ്പെട്ടു. ആദ്യ പരിശോധന, കുട്ടി മരിച്ചിരിക്കുന്നു. ആമിനത്ത അലര്‍ച്ച തുടങ്ങി, ഇക്കയുടെ ഉമ്മ. ഓപ്പറേഷന്‍ ആരംഭിച്ചു , പതിനഞ്ചു മിനിട്ടില്‍ വയര്‍ തുറന്നിട്ടു. സംഭവം ഉറപ്പായി, സയാമീസ് ഇരട്ടകള്‍ തന്നെ. പക്ഷെ പൂറത്തെടുക്കാനാവുന്നില്ല. അവസാനം കുട്ടികള്‍ രണ്ടിന്റേയും പിന്‍ഭാഗ ആദ്യം മുറിച്ചെടുത്തു,തുടര്‍ന്നു ബാക്കിയും.


ഇതാ കിടക്കുന്നു നമ്മുടെ സയാമീസ് ഇരട്ടകള്‍ !!!


ചിത്രത്തിന്റെ പശുക്കുട്ടികളുടെ പിന്‍വശം ഫോട്ടോഷോപ്പിലിട്ടു ഒന്നു മാസ്ക് ചെയ്തിട്ടുണ്ട് , മുറിച്ചതിനാല്‍

മുകളില്‍ നിന്നുള്ള കാഴ്ച, നെഞ്ചുഭാഗം ഒട്ടിപ്പിടിച്ച നിലയില്‍

തല ഭാഗം


ഇതാ പശു.പൊട്ടാസിയം പെര്‍മാംഗനേറ്റ് ലോഷന്‍ മുറ്റത്തൊഴിച്ചാണു അണുനാശനം!!
ഇരട്ടകള്‍ പശുക്കളില്‍ അപൂര്‍വ്വം, സയാമീസ് ഇരട്ടകള്‍ അത്യപൂര്‍വം.
ഏതായാലും പശു സുഖമായിരിക്കുന്നു.
ഓപ്പറേഷനു ശേഷം, ഡോക്ടര്‍ പോയി, മുറ്റം തിരികെ മുറ്റമായി പ്രഖ്യാപിച്ചുകൊണ്ടു.
അത്യപൂര്‍വമായ കാഴ്ച ബൂലോകര്‍ക്കായി.

8/24/2008

ശങ്കുവും ഹോമിയൊപ്പതിയും പിന്നെ ഞാനും

ഹോമിയൊപ്പതി -മൂന്നു കേസ് ചരിത്രങ്ങള്‍

മീന- അഡിനോയിട്

ശങ്കരനെന്നാണു മുഴുവന്‍ പേര്‍., ശങ്കുവെന്നു ഓമനപ്പേരും.
വീട്ടിലെ തോട്ടവും പാടവും ജീവനോടെ നില്‍ക്കുന്നതു ശങ്കുവിന്റെ കാരുണ്യത്താല്‍.
ശങ്കു ജീവനോടു നില്‍ക്കുന്നതു മകള്‍ മീന കാരണം, ഒന്നുമില്ല ജീവനാണവളെ , അത്രമാത്രം.
ആ ശങ്കുവിനു ബുദ്ധിമുട്ടുവന്നാല്‍ അച്ഛനു അടങ്ങിയിരിക്കാന്‍ പറ്റുമോ?
മീനക്കു ആറു വയസ്സു, കേഴ്വി കുറഞ്ഞു വരുന്നു.അമല ഹോസ്പിറ്റലിലേക്കു പാഞ്ഞു. പരിശോധനകള്‍ക്കു ശേഷം തീരുമാനമായി ഉടന്‍ അഡിനെക്റ്റമി നടത്തണം.ശങ്കു കരച്ചില്‍ അച്ഛന്റെ സാന്ത്വനമൊന്നും ഏറ്റില്ല. അടുത്ത ദിവസം അഡ്മിറ്റാകാന്‍ തയ്യാറായി വരാന്‍ സമ്മതിച്ചു പോയ ശങ്കുവിനെ മൂന്നു ദിവസം കഴിഞ്ഞും കാണാഞ്ഞ് തിരക്കിപ്പോയ അച്ഛനെ ഞെട്ടിച്ചുകൊണ്ടു ശങ്കു വീട്ടിലിരിക്കുന്നു, മടിയില്‍ മകളും. അവര്‍ നേരെ പോയതു വീട്ടിനടുത്തുള്ള ഹോമിയൊ ഡൊകടറുടെ അടുത്തെക്കാണു.
ഒരാഴ്ച മരുന്നു കഴിച്ചപ്പോഴേക്കും കെഴ്വി തിരികെ വരാന്‍ തുടങ്ങി. ഏകദേശം ഒരു വര്‍ഷ ചികിത്സ, രോഗം പൂര്‍ണ്ണമായും ഭേദമായി.വീണ്ടും അമലയിലേക്കു, പരിശോധനകളില്‍ പൂര്‍ണ്ണാരോഗ്യവതി.

റൊജാപ്പാക്കു- ഗര്‍ഭപാത്രത്തിലെ ഫൈബ്രൊയിഡ്.


പേര്‍ റൊജ, എന്റെ സഹപാഠിയാണു, റോജാപ്പാക്കെന്നു സ്നേഹപൂര്‍വം വിളിക്കുംഞങ്ങള്‍.
കൂറച്ചു ദിവസമായി മുഖത്തു മ്ലാനത, ക്ഷീണം. കാര്യമന്വേഷിച്ചിട്ടു മറുപടിയില്ല.
കൂട്ടുകാരിയോടന്വേഷിച്ചു, സംഭവം ഗൌരവം. ഗര്‍ഭപാത്രത്തില്‍ ഫൈബ്രോയിഡ്. 11*7.8*9.5 ഗര്‍ഭപാത്രതിന്റെ ആന്റീരിയറ് ഭിത്തിയില്‍, ഫണ്ടസ്സില്‍ ഒരു ചെറുത് , സ്കാന്‍ റിസള്‍ട്ടാണു. ഹോമിയൊ ഡൊക്ടറെ കണ്ടാലൊ എന്നു നിര്‍ദ്ദെശിച്ചതു മനസ്സില്ലാമനസ്സൊടെ സമ്മതിച്ചു. ഇപ്പോള്‍ മൂന്നു മാസം കഴിഞ്ഞു.
സ്കാന്‍ നടത്തി, വലുപ്പം 6*3.7, ചികിത്സ തുടരുന്നു.

ഞാന്‍: അല്ലര്‍ജി.

പൊടികണ്ടു പിടിക്കാനുള്ള യന്ത്രമാണെന്നു അമ്മ. ഒരു പൊടിപാറിയാല്‍ മതി തുമ്മല്‍ യന്തം പ്രവര്‍ത്തനം തുടങ്ങും. പിന്നെ മൂക്കൊലിപ്പു, ചുമ, അവസാനം പനി. മാസത്തില്‍ ഇപ്രകാരം രണ്ടെപ്പിസോഡെങ്കിലും ഉണ്ടാവും. ആറൊ, അതോ ഏഴൊ , ഓര്‍മയില്ല അത്രക്കു പഴക്കം വരും. ടെസ്റ്റിനായി കുത്തിക്കുത്തി എന്റെ കൈ വേദനിച്ചു തുടങ്ങിയെന്നു പറയാം, മരുന്നു തിന്നു പള്ളയും കരിഞ്ഞു.
വീണ്ടും നമ്മുടെ ഹോമിയോ ഡോക്ടറുടെ അരികില്‍. ആദ്യം ഒരു പൊടി, മൂന്നാഴ്ച മൂന്നുനേരം മരുന്നു. പഞ്ചാരഗുളിക കിട്ടിയില്ല, അതിനാല്‍ ഭയങ്കര കൈപ്പായിരുന്നു. പിന്നെ ദിവസം ഒരു നേരവും, ആഴ്ചയില്‍ ഒരു നേരവും വച്ചു മൂന്നു മാ‍സം മരുന്നുകള്‍. ശുഭം.
പതിബെല്‍ കമ്പനി ഉപേക്ഷിച്ചു പോയ പൊടി റോഡിനരുകില്‍ ഒഫ്ഫീസ്സിലിരുന്നു വാഹനങ്ങളെണ്ണാമിപ്പോള്‍ , തുമ്മല്‍ നഹീ.

ഹൊമിയൊപ്പതി എല്ലാം തികഞ്ഞതാണെന്നൊ എല്ലാചികിത്സയും ഉള്ളതാണെന്നൊ പറയാനല്ല ഇതിവിടെ ഇട്ടതു.ഇതൊരു സ്യൂഡോ സയന്‍സാണെന്നു കാര്യമായ പ്രചരണം നടക്കുനുണ്ടു. അത്തരക്കാര്‍ അതൊന്നു പുന്‍ഃപരിശോധിക്കണം എന്നു മാത്രം കരുതി.


അടുത്തിടെ കണ്ട ചില പോസ്റ്റുകള്‍.


റിയാസ് അഹമ്മെദ്

അഞ്ചല്‍ക്കാരന്‍

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി.

കുറിഞ്ഞി ഓണ്‍ ലൈന്‍

8/23/2008

ആദ്യ ട്രയല്‍ വിവരങ്ങള്‍

ശരീരത്തിന്റെ കഴിവുകള്‍ ഉപയോഗിച്ചു വെള്ളം കണ്ടെത്തുന്നതു സംബന്ധിച്ചു കഴിഞ്ഞ ഒരുപൊസ്റ്റിട്ടതു ഇവിടെ വലിയ കോലാഹലം സൃഷ്ടിച്ചിരുന്നല്ലൊ. അതില്‍ പറഞ്ഞപ്രകാരം ഇന്നു രാവിലെ നടത്തിയ ഒന്നില്‍ കൂടുതല്‍ ഹോസുകള്‍ ഉപയോഗിച്ച ആദ്യ ട്രയലിന്റെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

** മൊത്തം അഞ്ചു ഹോസാണു ഇതിനുപയോഗിച്ചതു.
** ഹോസുകളുടെ അറ്റം മുറ്റത്തിനരികിലെ ചാലിലേക്കിട്ടു, കാണാനാവില്ല.
** 10 പ്രാവശ്യം പരിപാടി നടത്താന്‍ തീരുമാനിച്ചു. ഒരൊ പ്രാവശ്യവും എത്ര് ഹോസില്‍ വീതം വെള്ളം കടത്തി വിടണമെന്നു തീരുമാനിക്കാന്‍ ആദ്യഘട്ടം നറുക്കെടുപ്പു നടത്തി.
** ഒരൊ റൌണ്ടിലും ഏതൊക്കെ ഹോസിലൂടെ വെള്ളം കടത്തിവിടണം എന്നു തീരുമാനിക്കാന്‍ വീണ്ടും നറുക്കെടുപ്പ്. ടേബിള്‍ താഴെ.


ഹോസുകളില്‍ വെള്ളം ഒഴുക്കാനായി ഉണ്ടാക്കിയ ടേബിള്‍


വാല്‍വുകളും ഹോസുകളും

** ഇത്രയും പണികള്‍ നടക്കുന്നതുവരെ ഞാന്‍ വീടിനുള്ളില്‍ ധ്യാനത്തില്‍.
** റൌണ്ട് ഒന്നു, വിളിവന്നു. കറക്കാനായി ഒരു അര ഇഞ്ചു വ്യാസമുള്ള ഒരു ഇരുമ്പു വാഷര്‍ കോട്ടണ്‍ നൂലില്‍ കെട്ടിയതാണു ഉപയോഗിച്ചതു. കുഴലുകളില്‍ വെള്ളമുണ്ടെന്നു തോന്നിയതു പറഞ്ഞു. കൂടെയുള്ള ആള്‍ കുറിച്ചെടുത്തു.
റെഡി. വാല്വുകള്‍ ക്രമപ്രകാരം സെറ്റ് ചെയ്തു മൂടിയിട്ടിരിക്കുന്നു.


** 10 റൌണ്ടുകള്‍ ഈ വിധം കടന്നു പോയി.
ഞാന്‍ കുറിച്ചെടുത്ത പൈപ്പുകളുടെ നമ്പരും ആദ്യം തയാറാക്കിയ ചാര്‍ട്ടും താഴെക്കൊടുക്കുന്നു

അന്തിമ റിസള്‍ട്ട്. ടേബിള്‍ അങ്ങിനെ തന്നെ കൊടുക്കുന്നു. സ്റ്റാറ്റിസ്റ്റിക്സ് തീരെ വശമില്ല.

സൂരജോ ആരെങ്കിലും ഇതിനൊരു അനാലിസിസ് നടത്തിത്തരും എന്നു പ്രതീക്ഷിക്കുന്നു.
പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ തെറ്റു വന്നു എന്നു മനസ്സിലായതിനാല്‍ നാളത്തെ ഡെമോ മാറ്റിവച്ചു.
എന്റെ സുഹൃത്തായ ഡൊക്ടറുടെ അഭിപ്രായപ്രകാരം എന്റെ ശാരീരിക അവസ്ഥ തീരെ നോര്‍മലല്ലാഞ്ഞതിനാല്‍ വീണ്ടും ഇതു നടത്തി നോക്കാം എന്നു തന്നെയാണു കരുതുന്നതു.
ബ്ലഡ് പ്രഷര്‍ (ഒന്നാം റൌണ്ടിനു തൊട്ടു മുന്‍പ്) - 100/170
പള്‍സ് റേറ്റ് : 92/ മിന്‍
ബോഡി ടെമ്പറേച്ചര്‍ : 37.4 degree


എതാണ്ട് അവസാന റൌണ്ട് ആയപ്പോഴേക്കും നോര്‍മലായപോലെ തോന്നി.
എങ്കിലും ഈ ട്രയലുകള്‍ തുടര്‍ന്നു ചെയ്യാനാണു തല്‍ക്കാലം തീരുമാനം, നോര്‍മലായി ടെസ്റ്റ് ഫീല്‍ഡില്‍ എത്തുന്നതു വരെ. അതിനു ശേഷവും റിസള്‍ട്ട് കിട്ടിയില്ലെങ്കില്‍ അത് അംഗീകരിക്കാതിരിക്കാന്‍ നിര്‍വാഹമില്ലല്ലൊ.
ചര്‍ച്ചകള്‍ക്കു ശേഷമുള്ള അന്തിമ വിധി: 25/08/08
ഈ പരീക്ഷണം ഒരു അടുക്കളപ്പുറം പരീക്ഷണമായതിനാലു, എറര്‍ ഫാക്റ്ററ് ഒരുപാട് അധികമായതിനാലും, ഇതു ബൂലോകര്‍ അസാധുവായി പ്രഖ്യാപിച്ചിരിക്കുന്നു.
ഞാന്‍ അതു അംഗീകരിക്കുകയും ചെയ്യുന്നു.
സത്യം രക്ഷപ്പെടട്ടെ.
യൂറ്റ്യൂബ് വീഡിയൊ നീക്കം ചെയ്യുന്നില്ല, അവിടെ കമന്റ്റിടുന്നതായിരിക്കും.

8/17/2008

മനുഷ്യശരീരത്തിന്റെ കാന്തിക(?)പ്രഭാവം

( എന്റെ ജീവിതത്തെ ശരിയായ ട്രാക്കിലേക്ക് തിരികെ കയറ്റാന്‍ മലയാളം ബ്ലോഗോസ്ഫിയര്‍ എപ്രകാരം സഹായിച്ചു എന്നതിന് സാക്ഷ്യമായി ഈ പോസ്റ്റ് ഇവിടെ നിലനിര്‍ത്തിയിരിക്കുകയാണ്. ഡൌസിങ് എന്ന വിദ്യ ശാസ്ത്രീയത ഒന്നും തന്നെ ഇല്ലാത്ത ഒന്നാണെന്ന് സ്വയം ബോദ്ധ്യപ്പെട്ടു.)

തലകറക്കം, ചുറ്റുപാടുമുള്ളതൊക്കെ വട്ടംചുറ്റിക്കറങ്ങുന്നു.
കഴിഞ്ഞാ‍യാഴ്ചയായിരുന്നു തുടക്കം. ഭൂമിയിലെ നീരുറവ കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ പ്രതിപാദിക്കുന്ന ഒരു കുറിപ്പു വായിച്ച അന്ന് പിടിപെട്ടതാണിതു.
കുറിപ്പ് ഇങ്ങനെയായിരുന്നു , കൈവിരലില്‍ ഒരു ലോഹമാല തൂക്കിയിട്ടു ഒരാള്‍ ഭൂമിയിലൂടെ നടക്കുന്നു. ഭൂഗര്‍ഭത്തില്‍ വെള്ളമുള്ള സ്ഥലത്തിനുമുകളിലെത്തിയാല്‍ കയ്യിലുള്ള മാല കറങ്ങാന്‍ തുടങ്ങും. ചില ശരീര പ്രകൃതിക്കാര്‍ക്കു മാത്രമെ ഇതു സദ്ധ്യമാകയുള്ളൂ.

എന്നിലെ ശാസ്ത്രജ്ഞനുണര്‍ന്നു, നോക്കണമല്ലൊ !
മാലയും വിരലില്‍ തൂക്കി പറമ്പിലാകെ നടന്നു, ഒരു രക്ഷയുമില്ല, കറക്കം പോയിട്ടു ഒരനക്കം പോലുമില്ല. അവസാനം കിണറിനടുത്തെത്തി.
ഞെട്ടിപ്പോയി , അതാ മാല കറങ്ങാന്‍ തുടങ്ങുന്നു.
മോളോടിവന്നു, അവളുടെ കയ്യിലും തൂക്കീ മാല, അപ്പോഴും കറങ്ങുന്നു.
ഭാര്യ വിടുമൊ? അവളും തൂക്കി, ഹാ കഷ്ടം.
വെള്ളവുമായി അലര്‍ജിയായതിനാലാവും മാല കറങ്ങിയില്ല.


പരീക്ഷണം:

വെള്ളം ഒഴുകുന്ന ഒരു ഹോസ് (ചെടി നനക്കാനുപയോഗിക്കുന്നതു) എടുത്തു മുറ്റത്തു നീട്ടിയിട്ടു, ഘടിപ്പിച്ചു ടാപ്പു തുറന്നു. വെള്ളമൊഴുകുന്ന പൈപ്പിനു മുകളില്‍ മാല വിരലില്‍ തൂക്കിപ്പിടിച്ചു. ഹായ് ,ഹായ്.
മാല കറങ്ങാന്‍ തുടങ്ങുന്നു.
ഭാ‍ര്യ വിടുമോ? പുള്ളിക്കാരിക്കു പറ്റാത്ത കാര്യമല്ലെ.
ടാപ്പു എനിക്കു കാണാനാവാത്ത വിധം, ഹോസ് സൈഡിലുള്ള മുറ്റത്തേക്കു വളച്ചിട്ടു, അറ്റം പറമ്പിലും.
ഞാന്‍ ഇടക്കായി, ടാപ്പും കാണില്ല, വെള്ളം പുറത്തു പോകുന്ന ഹോസിന്റെ അറ്റവും കാണില്ല.
ടാപ്പ് തുറന്നിരിക്കുന്നോ, അടച്ചിരിക്കുന്നൊ എന്നു ഞാന്‍ പറയണം.
തലകറക്കം അപ്പോഴാണു അരംഭിച്ചത്. എനിക്കതു കൃത്യമായി പറയാന്‍ പറ്റി.


നിരീക്ഷണങ്ങള്‍:

1. ഹോസില്‍ വെള്ളം ഒഴുകുകയാണെങ്കില്‍ മാത്രമെ മാല കറങ്ങുകയുള്ളൂ.
2.വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയില്‍ മാല കറങ്ങുന്നില്ല.
3.ഒഴുക്കിനു ശക്തി കൂടുന്നതിനനുസൃതം മാലയുടെ കറക്കം കൂടുന്നു.
4.പൈപ്പിലെ ജലമൊഴുക്കു ഇടത്തുനിന്നും വലത്തേക്കു (എന്റെ ശരീരത്തിനാപേക്ഷികമായി) അണെങ്കില്‍ ,മാല ക്ലോക്ക് ദിശയില്‍ കറങ്ങുകയും , തിരിച്ചാണെങ്കില്‍ ക്ലോക്കിനു എതിര്‍ ദിശയില്‍ കറങ്ങുകയും ചെയ്യും.
5.രണ്ടാമതൊരാള്‍ എന്റെ ശരീരത്തില്‍ സ്പര്‍ശിക്കുന്ന നിമിഷം മാലയുടെ കറക്കം നിലക്കാന്‍ തുടങ്ങും. അയാള്‍ കൈ മാറ്റിയാല്‍ കറക്കം പുനരാരംഭിക്കും.


പറയൂ, എന്റെ തല കറങ്ങാതിരിക്കുമൊ?
എന്തുകൊണ്ടാണിങ്ങനെ?
ഭൌതിക, ജീവ ശാസ്ത്രജ്ഞന്മാരെ ഓടി വരു, എന്റെ തിളച്ചുമറിയുന്ന ചിന്താ "മണ്ട" യില്‍ ഐസുവെള്ളം ഒഴിക്കൂ.


പ്രായോഗിക ഉപയോഗം:

വീട്ടിലെ മോട്ടോറിന്റെ ഫുട്ടു വാലവ് ഇടക്കു പണിമുടക്കും.കിണറു താഴെയാണു, ടാങ്കു മുകളിലായിരിക്കുമെന്നു പറയെണ്ടല്ലൊ. വെള്ളം കയറുന്നുണ്ടോ എന്നു എങ്ങിനെ കണ്ടു പിടിക്കും?
എങ്ങിനെ കണ്ടു പിടിക്കും?
വളരെ ലളിതം.
പൈപ്പു കിടക്കുന്ന മണ്ണിനു മുകളീല്‍ മാല തൂക്കിപ്പിടിച്ചു നോക്കും. കറങ്ങുന്നുണ്ടെങ്കില്‍ , ഓക്കെ.
അല്ലെങ്കില്‍ , മോട്ടോര്‍ ഓഫ്ഫ് ചെയ്യുന്നു, വെള്ളം നിറച്ചു കാറ്റുകളയുന്നു, വീണ്ടും അടിക്കുന്നു.
എപ്പഡീ?


ചര്‍ച്ചകള്‍ക്കു ശേഷമുള്ള അഭിപ്രായം: 25/o8/08

ഈ പോസ്റ്റില്‍ എവിടേയും ഇതൊരു ശാസ്ത്ര സത്യമാണെന്നൊ, ഇതാണിതിന്റെ സിദ്ധാന്തമെന്നോ എവിടേയും ഞാന്‍ പറഞ്ഞിട്ടില്ല. പേരില്‍ ഒരു കാന്തികത വന്നതു എന്റെ അറിവില്ലായം മൂലം വന്നതാണു .
(?) എന്ന മാര്‍ക്കിട്ടതു എന്തുതലക്കെട്ടു കൊടുക്കും എന്ന ആശങ്കകൊണ്ടായിരുന്നു.
ഏതായാലും ബൂലോകര്‍ ഈ വിഷയത്തില്‍ കാണിച്ച താല്‍പ്പര്യത്തിനു നന്ദി പറയേണ്ടതാണു.

ഈ പോസ്റ്റിടുന്നതിനു മുന്‍പ് ഇതിനേക്കുറിച്ച് ഉണ്ടായിരുന്ന ധാരണകള്‍ പലതും ചര്‍ച്ചക്കിടയില്‍ മാറിവന്നു. എങ്കിലും തുടര്‍ന്നും ഞാനിതു ശ്രമിക്കാം, തെറ്റാണെങ്കില്‍ ഉള്‍ക്കൊള്ളാം.

8/16/2008

ഭയം

ഭയം

ഞാന്‍ മാത്രം (എഴുതാനുള്ള ശ്രമം) എന്ന ബ്ലോഗ്ഗില്‍ പുതിയ പോസ്റ്റ്.

വിടെ വായിക്കാം.

8/14/2008

പ്രകൃതി ഭക്ഷണക്കാരെ , ജാഗ്രത !

ആശുപതിയില്‍ വച്ചാണു മനോജിനെ കണതു, ഭാര്യയുമായി വന്നതാണത്രെ. രണ്ടുമാസം മുന്‍പായിരുന്നു കല്യാണം, "ഹമ്പടാ, ഇത്ര വേഗമോ", അവന്റെ മുഖഭാവം കണ്ട ഞാന്‍ തമാശ വെടിഞ്ഞു.ഭാര്യ് ഇന്റന്‍സീവ് കെയര്‍ യൂനിറ്റിലാണ്, അപസ്മാര രോഗ ലക്ഷണങ്ങള്‍. മാനിറ്റോള്‍, ഫെനിറ്റോയിന്‍, കുപ്പികളനവധി കയ്യില്‍. ചതിക്കപ്പെട്ടോ?, ഞാനും സംശയിക്കാതിരുന്നില്ല.

സ്കാന്‍ റിസള്‍ട്ടു വന്നു, തലച്ചോറില്‍ സെറിബ്രത്തില്‍ എന്തോ ഒന്നു, ഒരു നീര്‍ക്കുമിള പൊലെ , വിശദപരിശോധന, വീണ്ടും സ്കാന്‍. തീരുമാനത്തിലെത്തി "ന്യൂറോ സിസ്റ്റിസെര്‍ക്കൊസിസ്", തലച്ചൊറില്‍ നാടവിര ലാര്‍വ കടന്നുകൂടി ഉണ്ടാവുന്ന രോഗം. അല്പം സമാധാനം തിരികേ വന്നപോലെ, ചികിത്സിച്ചു മറ്റാവുന്ന സ്ഥിതിയിലാണു. പ്ക്ഷെ ആരു, എന്തു തെറ്റു ചെയ്തു? ഉത്തരമില്ല.

സിസ്റ്റിസെര്‍ക്കൊസിസ് എന്നതു നാടവിരയുടെ വളര്‍ച്ചയുടെ മധ്യഘട്ടത്തുള്ള ലാര്‍വ അവസ്ഥയാലാണുണ്ടാവുന്നതു. ഈ വിരകളുടെ മുട്ടകള്‍ ഭക്ഷണത്തിലൂടെ ഉള്ളിലെത്തുകയും, ദഹനേന്ദ്രിയ വ്യവസ്ഥയില്‍ വിരിഞ്ഞു ലര്‍വകള്‍ രക്തക്കുഴല്‍ വഴി തലച്ചോറിലെത്തുകയുമാണു ചെയ്യുന്നതു. തലച്ചോറിലെത്തുന്ന ഇവ അവിടെ വളര്‍ന്നു,ഒരു കുമിള പോലെ വീര്‍ക്കുകയും ,ഈ വളര്‍ച്ച് സമീപസ്ഥമായ തലച്ചോര്‍ കോശങ്ങളില്‍ മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. ഈ മര്‍ദ്ദം ഏറുമ്പോള്‍ അപസ്മാര തുല്യമായ അവഥയുണ്ടാവുകയും, രോഗി അപകടാവസ്ഥയിലാവുകയും ചെയ്യുന്നു. കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്കു നീങ്ങുന്നതുനു മുന്‍പു കണ്ടെത്തിയതിനാല്‍ മനോജിന്റെ ഭാര്യ, മരുന്നുകളുടെ സഹായത്താല്‍ സുഖം പ്രാപിച്ചു വരുന്നു.

ഇതെങ്ങിനെ സംഭവിക്കാം?
നിലവില്‍ ധരിച്ചുവരുന്നതു മാംസാഹാരങ്ങളില്‍ നിന്നുമാണു ഇതു നമുക്കു കിട്ടുന്നതെന്നാണു.ഇവിടെ ഈ രോഗി നൂറുശതമാനം വെജിറ്റേറിയനാണ് എന്നതാണ്‍ ശ്രദ്ധിക്കേണ്ട വസ്തുത. അപ്പോഴാണു ഡോക്ടര്‍മാര്‍ കാര്യങ്ങള്‍ വിശദീകരിക്കുനത്.നാടവിര ടേനിയ ഇനവും മൊണീസ്യ ഇനവും ആകാം. ഇവയില്‍ മൊണീസ്യയാവട്ടെ ചാണകത്തിലൂടെയാണു മണ്ണിലെത്തുന്നതു. ഇവ നമുക്കു കിട്ടുന്നതാകട്ടെ പച്ചക്കറിയില്‍ നിന്നും. പാചകം ചെയ്യാത്ത ക്യാരറ്റു, ബീറ്റ് റൂട്ട്, ഉള്ളി തുടങ്ങിയ മണ്ണില്‍ വിളയുന്ന പച്ചക്കറികളിലൂടെ ഈ വിരമുട്ടകള്‍ നമ്മുടെ ഉള്ളില്‍ എത്തിപ്പെടുന്നു.
പ്രകൃതിഭക്ഷണവും, ഡയറ്റിംഗ് ഭക്ഷണവുമായി വേവിക്കാത്ത് പച്ചക്കറി മാത്രം കഴിക്കുന്ന പച്ചക്കറിയന്മാര്‍ സൂക്ഷിക്കുക,നാളെ നിങ്ങള്‍ക്കും ഈ രോഗം പിടിപെടാം. കഴിവതും സാലഡ് ഒഴിവാക്കുക, വേവിച്ച ആഹാരം മാത്രം കഴിക്കുക.

8/13/2008

ഈ ബ്ലോഗ്ഗറെ കണ്ടവരുണ്ടോ

കണ്ടവരുണ്ടോ

ഈ ഫോട്ടോയില്‍ കാണുന്ന ബ്ലോഗ്ഗരെ കഴിഞ്ഞ ജൂലായ്‌ 31 മുതല്‍ ബൂലോകത്ത് കാണാനില്ല .കണ്ടുമുട്ടുന്നവര്‍ എത്രയും പെട്ടെന്ന് കൂട്ടിക്കൊണ്ടു വരാന്‍ അഭ്യര്‍ത്ഥിക്കുന്നു
ഇദ്ദേഹത്തെ പാറശാല ഭാഗങ്ങളില്‍ താഴെക്കൊടുത്ത ഫോട്ടോയിലെപ്പോലെ ഒരു ബൈക്കിലും കാണാവുന്നതാണ്


ചങ്ങാതീ, എത്രയും വേഗം മടങ്ങിവരിക , ചിന്നഹള്ളിയിലെ തണുത്ത രാത്രി തിരുത്തലുകള്‍ക്കായി കാത്തിരിക്കുന്നു

8/11/2008

അനുരാഗ ബീജം

കുറെ ദിവസങ്ങളായി ഒരു പോസ്റ്റ് ഡ്രാഫ്റ്റ് ആയി കിടക്കുന്നു , തലക്കെട്ട്‌ കിട്ടുന്നില്ല .
അവസാനം അതിന് പേരിട്ടു പോസ്റ്റി .

അനുരാഗ ബീജം

എഴ്താനുള്ള ശ്രമങ്ങളില്‍ പുതിയ പോസ്റ്റ് .
ഇവിടെ വായിക്കൂ

8/06/2008

തെരുവ് നായ്ക്കളെ എന്തുചെയ്യണം ?

മുന്‍‌കൂര്‍ ജാമ്യാപേക്ഷ
ഇന്നലെ പനിപിടിച്ചു കുത്തിയിരുന്ന നേരം, സമയംകൊല്ലിയായി നടത്തിയ കുറെ ഫോണ്‍ വിളികളാണ് ഈ പോസ്റ്റിന്റെ ആധാരം .പ്രസിദ്ധീകൃത രേഖകള്‍ അധികമൊന്നും ഹാജരാക്കാനില്ലാത്തതിനാലും , പനി തലയ്ക്കു പിടിച്ചെഴുതിയതായതിനാലും പ്രത്യാക്രമണത്തിനു ആയുധങ്ങള്‍ കുറവാണ് . കൂടുതലായി അറിയുന്ന ആളുകള്‍ പോസ്റ്റിയാല്‍ എല്ലാവര്ക്കും പഠിക്കാം .
കേരളത്തില്‍ എത്ര തെരുവ് നായ്ക്കളുണ്ടാവും ? കൃത്യമായ കണക്കുകള്‍ ലഭ്യമല്ല . ഏകദേശം ഒരുലക്ഷത്തിനടുത്ത് ഉണ്ടാവുമെന്ന് തോന്നുന്നു ,വ്യക്തിപരമായ വിലയിരുത്തലാണു , അതോ അതിലധികമോ ? ഇവയെ നിയന്ത്രിക്കുന്നതിന് നിരവധി പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ , പ്രാദേശിക സര്‍ക്കാരുകള്‍ എന്നിവര്‍ ആസൂത്രണം ചെയ്തിട്ടുണ്ട് . പക്ഷെ പ്രായോഗിക തലത്തില്‍ ഇവ പരാജയപ്പെടുന്നതായി കാണുന്നു . ഏറ്റവും മുഖ്യ കാരണം നമ്മുടെ മൃഗ സ്നേഹം, കൂടെ അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തതയും. തെരുവ് നായ്ക്കളെ കൊല്ലുവാന്‍ പാടില്ല എന്നതാണ് നിര്ദ്ദേശം . മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമാണിത് . മനുഷ്യരോട് എന്ത് ക്രൂരത വേണമെങ്കിലും ആവാം , പത്രങ്ങള്‍ പറയുന്നതാതാണല്ലോ.

തെരുവ് നായ ശല്യത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ തിരഞ്ഞു , വസ്തുതാപരമായ റിപ്പോര്‍ട്ടുകള്‍ ഒന്നും കിട്ടിയില്ല .കേരളത്തിലെ പതിനാലു ജില്ലകളിലുമായി പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ ,മൃഗാശുപത്രികള്‍ എന്നിവയുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പരുകള്‍ തപ്പിയെടുത്തു വിളിച്ചതിന്റെ വെളിച്ചത്തില്‍ കുറച്ചു സംഖ്യകള്‍ കിട്ടി .നിര്‍ഭാഗ്യവശാല്‍ പ്രൈമറി ഹെല്‍ത്ത് സെന്റരില്‍ നിന്നും വേണ്ട രീതിയില്‍ കണക്കുകള്‍ ലഭിച്ചില്ല . ഭൂരിപക്ഷം ആളുകളും സ്വകാര്യ ആശുപത്രികള്‍ , മെഡിക്കല്‍ കോളെജുകള്‍ എന്നിവിടെ പോകുന്നതിനാലാണ് .
മൃഗാശുപത്രികളില്‍ നിന്നും ലഭിച്ച കണക്കു പ്രകാരം കേരളത്തില്‍ ഒരു വര്ഷം ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ "നായ കടി " കേസുകള്‍ വരുന്നുണ്ട് .80 % ചെറു മൃഗങ്ങളാണ് . ആശുപത്രികളില്‍ എത്താത്ത കേസുകള്‍ ഇതില്‍ കൂടുതലായിരിക്കും . ഇതിന്റെ സാമൂഹിക സാമ്പത്തിക ഫലങ്ങള്‍ ആരും കാണാതെ പോവുകയാണോ എന്ന് സംശയം തോന്നുന്നു .
ഒരു ചെറിയ ഉദാഹരണം :
കേരളത്തില്‍ 1000 തദ്ദേശ ഭരണ സ്ഥാപണങ്ങളുണ്ട് ( അതില്‍ കൂടുതലുണ്ടു , കണക്കിന്റെ എളുപ്പത്തിനു )
I.
മൃഗന്ങള്‍ക്ക് ഒരു കോഴ്സ് ചികിത്സക്ക് 1000 രൂപ
ഒരു ലക്ഷം മൃഗങ്ങള്‍ക്ക് മൊത്തം വേണ്ടി വരിക പത്തുകോടി .
ഭാഗ്യവശാല്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമെ കുത്തിവയ്പ്പെടുക്കയുള്ളൂ .(അത്രയും ലാഭം)
II.
കടിയേറ്റ ഒരാടു നഷ്ടപ്പെട്ടാല്‍ വില നഷ്ടം : 1000 രൂപ (ജീവനു വില കണക്കാക്കാന്‍ അറിയില്ല)
10 ശതമാനം (ആശുപത്രിയില്‍ വന്നതിന്റെ ) നഷ്ടം ആകെ ഒരു കോടി രൂപ .
III.
കടിയേറ്റാല്‍ ഉടന്‍ മരണപ്പെടുന്നവ ,
ആശുപത്രിയില്‍ എത്താത്തവ . കണക്കുകള്‍ ലഭ്യമായില്ല . എങ്കിലും ഇര്ട്ടിയെന്കിലും വരുമെന്നാണൂഹം.

മനുഷ്യന് കടിയെല്‍ക്കുന്ന അവസ്ഥ വ്യത്യസ്തമാണ്
കടിയെല്‍ക്കുന്‍നവര്‍ , കടിച്ചോ മാന്തിയോ തുടങ്ങി സംശയിക്കുന്നവര്‍ ഇതെല്ലാം അതിലുള്‍പ്പെടും .എല്ലാവര്ക്കും പ്രതിരോധകുത്തിവയ്പ്പ് നിര്‍ബന്ധം .
കടി മുഖത്തോ , ഗൌരവമായ മുറിവോ ആയാല്‍ സീറം ചികിത്സ തന്നെ ശരണം , മിക്കവാറും "ഹ്യൂമന്‍ സീറം "
I.
ഒരു പന്ചായത്തില്‍ 10 പേര്‍ വീതം ഓരോ മാസം കടികിട്ടുന്നു ഉണ്ടെന്നു സന്കല്‍പ്പിച്ചാല്‍ ആകെ 1,20, 000 പേര്‍ .
ഒരു കോഴ്സ് മരുന്ന് 2000 രൂപ
അപ്പോള്‍ ആകെ ഒരു വര്ഷം ചെലവ് ഇരുപത്തിനാല് കോടി .
II.
രണ്ടു പേര്‍ വീതം സീറം ഓരോ മാസവും എടുക്കേണ്ടി വരുന്നു എന്കില്‍ ആകെ 24,000 പേര്‍ .
ഒരു ഹ്യൂമന്‍ സീറം ചികിത്സ ചെലവ് 10000 (എകദേശം)
ആകെ ഒരു വര്‍ഷം ചിലവു ഇരുപത്തിനാലു കോടി .
അമ്പത്തിയോന്പതു കോടിയുടെ കണക്കു ഇവിടെ കിട്ടി .ബാക്കിയോ?

ഇതൊരു ശാസ്ത്രീയ പഠനമല്ല .പക്ഷെ ഇത്തരത്തില്‍ മൊത്തമായ ഒരു കണക്കെടുപ്പ് ആവശ്യമാണെന്ന് സൂചിപ്പിക്കുക മാത്രമാണ് ഈ പോസ്റ്റ് കൊണ്ടു ഉദ്ദേശിക്കുന്നത് . അങ്ങിനെ വിലയിരുത്തി തെരുവുനായ പ്രശ്നത്തിന് ക്രിയാത്മകമായ ഒരു പരിഹാരം കണ്ടെത്തെന്ടിയിരിക്കുന്നു .

8/03/2008

മുജ്ജന്മ പാപങ്ങള്‍

രോഗബാധിതനായി കിടക്കയില്‍ മയങ്ങവേയാണ് അവന് ആ ജീവരഹസ്യം പകര്‍ന്നു കിട്ടിയത് , മുത്തശ്ശിയില്‍ നിന്നും .പുതിയ പോസ്റ്റ് (എഴുതാനുള്ള ശ്രമങ്ങള്‍ ):
മുജ്ജന്മ പാപങ്ങള്‍

8/01/2008

ഒരു ചെറുത്തുനില്‍പ്പ്

പശ്ചാത്തലം:
മലബാറിന്റെ കൊച്ചി അതിരിലെ ഒരു കേരള സര്‍ക്കാര്‍ ആപ്പീസ് ,
നായിക ആപ്പീസ് മേധാവി ,
സ്വദേശം തിരുവിതാന്കൂര്‍ ,
കൈക്കുഞ്ഞുമായി ജോലിസ്ഥലത്ത് താമസ്സം .
ഒന്നാം കീഴുദ്യോഗസ്ഥന്‍, സര്‍ക്കാര്‍ വിലാസം സംഘടനയുടെ മഹാ നേതാവ് , ചെറിയേട്ടന്‍ പാര്‍ട്ടിയാണ് കേട്ടോ .
വല്യേട്ടന്റെ ബന്ധുക്കളടക്കംഏവര്‍ക്കും കഴിയുന്ന "സഹായം " ചെയ്യുകയാണ് ടിയാന്റെ മുഖ്യ വിനോദം . അധികാരത്തിന്റെ കൃഷിയിടത്തില്‍ വിളവെടുത്താണ് ഒഴിവു സമയം പോക്കുന്നത് . സ്ഥലം മാറ്റം ,പ്രൊമോഷന്‍ ഇത്യാദികള്‍ക്ക്‌ നിശ്ചിത ഫീസില്ലെന്കിലും ദക്ഷിണ നിര്‍ബന്ധം .സ്ഥാപനത്തില്‍ മേലുദ്യോഗസ്തരെ വാഴിക്കാറില്ല , എന്തെന്നാല്‍ വാരുന്ന കൈകളില്‍ ആരേലും പിടിച്ചാലോ ?!
താഴെ വീണ്ടും ചില തസ്തികകള്‍ കൂടിയുണ്ടേ .
നേതാവിന് ബാന്ക് വായ്പകള്‍ ധാരാളം , പ്രാരാബ്ധമില്ലാത്ത മനുഷ്യരുണ്ടോ ? ന്യായം .
തിരിച്ചടവാണ് പ്രയാസം , പ്രയാസം ഏറ്റവും കീഴുദ്യോഗസ്ഥര്‍ക്കാണ് കേട്ടോ , അവരല്ലേ ജാമ്യം . ടിയാനില്‍നിന്നും പിടിക്കാനാവുമോ ? സിംഹമല്ലേ , റിപ്പോര്‍ട്ടയച്ച്ചു മേലുദ്യോഗസ്ഥര്‍ തൃപ്തിയടയുന്നു .
രംഗം ഒന്നു :
വനിതാ മേലുദ്യോഗസ്ഥ ചാര്‍ജെടുക്കുന്നു , സമീപ നാട്ടുകാരാണ് , സ്നേഹം കാണാതിരിക്കുമോ ? കാഴ്ചക്കാര്‍ക്ക് സന്ദേഹം , ഇത്ര നല്ല മനുഷ്യനോ , "ഹൊ , തെറ്റിദ്ധരിച്ചു ". അതാവരുന്നു ശമ്പളം പിടിക്കാന്‍ ബാങ്ക് കാരുടെ അപേക്ഷ .പെണ്ണല്ലേ, വിട്ടു വീഴ്ച ചെയ്യുമോ , നടപടിയായി , നേതാവ് കലിതുള്ളി .
രംഗം രണ്ടു :
ഒരു പൊതു പരിപാടി, ഉദ്ഘാടനം മന്ത്രിപ്രമുഖന്‍ , നേതാവിന്റെ നേതാവ് .ബൊക്ക കൊടുക്കുന്നത് നമ്മുടെ നായിക , ആദ്യമായാണ് മന്ത്രി എന്ന വസ്തുവിനെ അടുത്തു കാണുന്നത് , പരിഭ്രാന്തി , ബൊക്കെ താഴെ വീഴുന്നു .കിട്ടിയ അവസരം കളയുന്നത് മണ്ടന്മാരല്ലേ , നേതാവ് വിടുമോ "ഒരു ബൊക്കെ പിടിക്കാന്‍ പോലും സാധിക്കാത്ത നീയൊക്കെ എന്തിനാടീ നടക്കുന്നത് "ഓഫീസില്‍ നേതാവിന്റെ പുച്ഛസ്വരം . പെണ്ണല്ലേ, ദേഷ്യം പെട്ടന്ന് വരും , ഭവിഷ്യത്തുകള്‍ ഓര്‍ക്കാന്‍ സമയം കിട്ടുമോ ? മറുപടി പറഞ്ഞുപോയി .
രംഗം മൂന്നു :
പാതിരാക്ക്‌ ഫോണ്‍ എടുത്ത ഉദ്യോഗസ്ഥയുടെ കണവന്‍ ഞെട്ടി , "നിന്റെ ഭാര്യയെ മര്യാദക്ക് നിറുത്തിയില്ലേല്‍ ജീവനോടു കാണില്ല. " ഫോണില്‍ നിന്നും അലര്‍ച്ച . മൈലുകള്‍ക്കപ്പുറമുളള ഭാര്യയെ ഓര്‍ത്തയാള്‍ പരിഭ്രാന്തനായി ,അതാ വരുന്നു അടുത്ത ഫോണ്‍ , ഭാര്യാപിതാവാണ് , ഹൃദ്രോഗിയായ പാവത്താനും ചെന്നു ഫോണ്‍ വിളി ഒന്നു .
രംഗം നാല്:
ഓഫീസില്‍ ഉദ്യോഗസ്ഥ അക്ഷരം പഠിക്കുന്നു ,"ക്ഷ " .മൂക്ക് കൊണ്ടാനെഴുത്തു .മറ്റു കീഴ്ജീവനക്കാര്‍ നിസ്സഹായരായി , നേതാവല്ലേ പഠിപ്പിക്കുന്നത് . മേലുദ്യോഗസ്ഥരയോ ,സ്ത്രീയാനെന്കില്‍ പ്രത്യേകിച്ചും , തെറി വിളിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നു ഏവര്‍ക്കും ബോധ്യമായി , പക്ഷെ വിളിക്കുന്നവന്‍ നേതാവായിരിക്കണം . "ജോലി സ്ഥലത്തെ സ്ത്രീ പീഢനമല്ലേ", ജില്ലാ ആപ്പീസര്‍ ഇടപെടുന്നു , സമാശ്വസിപ്പിക്കിന്നു ," മോളെ, നമുക്കെന്തു ചെയ്യാനാകും ? നീ വല്ല വനിതാ കമീഷനും പരാതി കോട് ". പാവം സഹപ്രവര്‍ത്തകര്‍ ,അവരും ആപ്പീസര്മാര്‍ തന്നെ , ഉപദേശിച്ചു , "കൊട് പരാതി" , "സ്ത്രീയല്ലേ , സ്ത്രീയെ അപമാനിച്ചാല്‍ തൂക്കികൊല്ലാന്‍ വകുപ്പുണ്ട് "
കൊടുത്തു പരാതി ഒന്നു , വനിതാ കമ്മീഷന് നേരിട്ടു .
നടപടി വരാതിരിക്കുമോ , ഇതു കേരളമല്ലേ , ഉടനെത്തി ഫാക്സ് .
ഉദ്യോഗസ്ഥ കാസര്‍ഗോട് !!!
രംഗം അഞ്ചു :
പോടിക്കൊച്ച്ചുമായി ഉദ്യോഗസ്ഥ തെക്കു വടക്ക് , കമ്മീഷന്‍ സിറ്റിംഗ് മുറപോലെ.
നേതാവ് നെഞ്ചു വിരിച്ചു നടക്കുന്നു . അമ്പടാ ഞാനേ !!!
ബാങ്ക് കള്‍ വരുത്തി വയ്ക്കുന്ന ഓരോ വിനയെ .
നോക്കണേ സ്ത്രീകളെ അപമാനിച്ചാലുള്ള ഒരു ശിക്ഷ !!!
വാല്‍ക്കഷ്ണം :
ട്രാന്‍സ്ഫര്‍ കൊടുക്കാം നാട്ടിലേക്കു , പക്ഷെ കേസ് പിന്‍വലിക്കണം .
"പറ്റില്ല ", ഉദ്യോഗസ്ഥ .കാസര്‍ഗോഡ്‌ അവര്‍ക്ക് ഇഷ്ടമായാത്രെ .