9/25/2009

ചാന്ദ്രയാന്‍

ഇന്നലെ ടീവി ചാനലുകളിലെ ചാന്ദ്രപ്രകടനം കണ്ട് ബോറടിച്ചാണ് ഉറങ്ങാന്‍ പോയത്. പ്രതീക്ഷിച്ചപോലെ ഇന്നത്തെ പത്രങ്ങളായ പത്രങ്ങളെല്ലാം ചന്ദ്രനിലെ വെള്ളം തന്നെ. ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പേടകം ചാന്ദ്രയാന്‍ 1 ചന്ദ്രനില്‍ ചെന്ന് വെള്ളം കോരിക്കൊണ്ടുവന്നു എന്ന മട്ടിലുള്ള അവലോകനങ്ങള്‍ കണ്ടിട്ട് ഒന്നും മനസ്സിലായുമില്ല. വലിയ പിടിയൊന്നുമില്ലാത്ത മേഖലയായതിനാല്‍ പെട്ടന്നൊരു വിശകലനം എനിക്ക് സാദ്ധ്യവുമല്ല. എന്നാലും ഒരു സംശയം ബൂലോക പുലികളോട് ചോദിക്കാമെന്ന് കരുതി.

ചന്ദ്രോപരിതലത്തില്‍ ജലാംശം ഉണ്ടാവാന്‍ സാദ്ധ്യത ഉണ്ടെന്നത് ഒരു പുതിയ വിവരമല്ലെന്നാണ് എനിക്ക് മനസ്സിലാവുന്നത്. ഭൂമിയിലെ ജലത്തിന്റെ ഉറവിടം ബഹീരാകാശം തന്നെയാണെന്ന സിദ്ധാന്തത്തില്‍ നാം ഉറച്ചു വിശ്വസിക്കുന്ന സാഹചര്യത്തില്‍ ചന്ദ്രനില്‍ ജലാംശമുണ്ടാവാം എന്ന നിഗമനത്തില്‍ പുതുമയൊന്നുമില്ലല്ലോ. ചന്ദ്രോപരിതലത്തില്‍ കാണുന്ന വന്‍ ഗര്‍ത്തങ്ങളും മറ്റും ഉല്‍ക്കകളെപ്പോലെയുള്ള ബഹീരാകാശ വസ്തുക്കള്‍ വന്നിടിച്ചുണ്ടായതാണെന്നതും അംഗീകരിക്കപ്പെട്ട സിദ്ധാന്തമാണ്. അങ്ങിനെയെങ്കില്‍ ഭൂമിയിലെത്തിയ ജലത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഹൈഡ്രജനും ഓക്സിജനും ചന്ദ്രനിലും ഉണ്ടാവാം എന്ന നിഗമനത്തെ നാം അഗീകരിക്കണമല്ലോ. ചന്ദ്രോപരിതലത്തിലെ കുറഞ്ഞ ഗുരുത്വാകര്‍ഷണം കാരണം ജലാംശം നീരാവിയായ് ബഹീരാകാശത്തേക്ക് രക്ഷപ്പെട്ടിരിക്കാം.

നാസയുടെ മുന്‍ ബഹീരകാശ പര്യവേക്ഷണങ്ങളില്‍ ഹൈഡ്രജന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി നമുക്കറിയാം.നാസ നടത്തുന്ന പര്യവേക്ഷണങ്ങളില്‍ ചന്ദ്രനിലെ ജലാംശമെന്ന സങ്കല്‍പ്പം വളരെയേറെ മുന്നേറുകയും ചെയ്തിരിക്കുന്നു.ഇപ്പോള്‍ ചാന്ദ്രയാന്‍ നടത്തിയ പര്യവേക്ഷണ ഫലങ്ങള്‍ക്കും ഒറ്റക്കൊരു നില നില്‍പ്പില്ല, നാസയുടെ കൂട്ടായ പര്യവേക്ഷണങ്ങളില്‍ നാം നമ്മുടെ വിഹിതം സംഭാവ ചെയ്തു എന്നു മാത്രമല്ലേ ഉള്ളൂ. ചാന്ദ്രയാന്‍ ഒന്ന് പൂര്‍ണ്ണായുസ്സെത്തുന്നതിന് മുമ്പ് ഉപേക്ഷിക്കപ്പെട്ടു എന്ന പേരുദോഷത്തെ മറികടക്കാന്‍ ബോധപൂര്‍വ്വം ആഘോഷവല്‍ക്കരിക്കുന്നതല്ലേ ഈ വെള്ളം കോരല്‍ എന്ന് ന്യായമായും സംശയിക്കാം. വിവാദങ്ങളും ഇല്ലാത്ത അവകാശവാദങ്ങളും വാരിവിതറി തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെ മുഖം മിനുക്കലാണോ ഇത്?
പത്രങ്ങളിലെ ഘോഷം കണ്ട് ചോദിച്ചൂ പോയതാണ്, പണ്ട് ചൊവ്വയില്‍ പെണ്‍ രൂപം കണ്ടെന്ന് തലക്കെട്ട് നിരത്തിയ പത്രങ്ങളാണെ !!

9/20/2009

അസമാധാനത്തിന്റെ വിതരണക്കാരന്‍

അച്ഛനമ്മമാരുടെ തീവ്രമായ ആഗ്രഹങ്ങളിലൊന്നാണ് മക്കളെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലെത്തിക്കുക എന്നത്. അതിന്റെ സാക്ഷാല്‍ക്കാരമായി ഞാനും എത്തിപ്പെട്ടു, അത്തരത്തിലൊരു കോളേജില്‍. എന്നാല്‍ പഠിക്കുന്നത് ജീവിതം കയ്യെത്തിപ്പിടിക്കാനാണെന്ന് അറിയുമെങ്കിലും ചുറ്റുപാടുകളോട് പ്രതികരിക്കതിരിക്കാനാവുമോ? ഇല്ല, മനസ്സ് നിയന്ത്രണത്തില്‍ നില്‍ക്കില്ല. ചേര്‍ന്ന രണ്ടാമത്തെ മാസം തന്നെ കോളേജ് അടച്ചു, വിദ്യാര്‍ത്ഥി സംഘട്ടനം. ഒരു മാസം സ്വസ്ഥമായി വീട്ടിലിരുന്നു.

തുറന്ന ശേഷം തിരികെ കോളേജിലെത്തിയ എന്നെ കാത്തിരുന്നത് അധ്യാപകരുടെ ഒരു ഉപദേശി സംഘമായിരുന്നു, ഉപദേശിച്ച് നേര്‍വഴിക്ക് നയിക്കാന്‍, കാരണം ഞാന്‍ സീനിയേഴ്സിനെ തല്ലിയത്രെ !!
ഒരുമാസത്തിനുള്ളില്‍ സീനിയേഴ്സിനെ തല്ലുന്നവര്‍ ഭാവിയിലുണ്ടാക്കാവുന്ന പ്രശ്നനങ്ങള്‍ അവര്‍ സങ്കല്‍പ്പിച്ചു കാണും.

ഒരു വര്‍ഷം കഴിയുന്നു, വീണ്ടും അപ്രഖ്യാപിത അവധി, കാരണം ലളിതം കോളേജില്‍ വീണ്ടും സംഘട്ടനം. സുഖകരമായ അവധി ആസ്വദിക്കെ അച്ഛനെത്തേടി ഒരു രജിസ്റ്റേഡ് എഴുത്ത് വരുന്നു, കോളേജ് അധികാരികളില്‍ നിന്നുമാണ്. എഴുത്തുമായി വന്ന അച്ഛന്‍ പറഞ്ഞ തമാശ കേട്ടാണ് ഞാനത് വാങ്ങിനോക്കിയത്. ചില വരികള്‍ അടിവരയിട്ടിരിക്കുന്നു, പ്രധാന വാചകം ഇതാണ്,

"The continued stay of your ward is detrimental to the peace and tranquility of the hostel"

ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നെങ്കിലും ഈ വാചക ഘടന കണ്ട് അച്ഛന്‍ ഞെട്ടിപ്പോയി എന്ന് പറഞ്ഞത് കേട്ട് ഞാന്‍ ചിരിച്ചു.

"He is expelled from the hostel for the remaining period of the course"

സന്തോഷം !!

അച്ഛന്‍ സമാധാനിപ്പിച്ചു, ഒരു നല്ലകാര്യത്തിനു വേണ്ടി നടന്ന പ്രശ്നമല്ലെ, സാരമില്ല നീ പുറത്ത് താമസ്സിച്ച് പഠിച്ചൊളൂ.

എത്തിപ്പെടുന്ന എല്ലാ മേഖലകളിലും ഇതിനു സമാനമായ സമ്മാനങ്ങള്‍ കിട്ടാറുണ്ട്, അതില്‍ അവസാനത്തേത് ഇന്നലെ,

മലയാള ബ്ലോഗിന്റെ “peace and tranquility” തകര്‍ക്കാന്‍ ഞാന്‍ മുന്നില്‍ നില്‍ക്കുന്നു എന്നായിരുന്നു അത്. ഞാനടങ്ങുന്ന പുതു തലമുറയിലെ ചില ബ്ലോഗര്‍മാര്‍ വന്നതിനു ശേഷം മലയാളം ബ്ലോഗിന്റെ ഹാര്‍മണി നഷ്ടമായി എന്ന്. എന്തായാലും 20 വര്‍ഷം പുറകോട്ട് എന്റെ ഓര്‍മകളെ കൊണ്ടുപോയതിന് നന്ദിയുണ്ട്.

എന്നൊട് ക്ഷമിക്കുക ചങ്ങാതിമാരെ, ഞാന്‍ ഇങ്ങനെ ആയിപ്പോയി. എത്രയും പെട്ടന്ന് ഈ ലോകത്തു ‍ നിന്നും പുറത്ത ചാടാന്‍ ശ്രമിക്കാമെന്ന് ഞാന്‍ വാക്കുതരുന്നു.

9/14/2009

അതിരപ്പള്ളിയിലൂടെ

ഓണക്കാലത്തെ ഏകാന്തവാസത്തിനു പരിഹാരമെന്നോണം ടൂര്‍ പോവുകയാണ് എല്ല്ലാ അവധി ദിവസങ്ങളിലും. സ്കൂള്‍ അവധി അനുസരിച്ചാണ് യാത്ര, ഇന്നലെ പോയത് ചാലക്കുടിക്ക്. ചാലക്കുടിക്ക് ടൂറോ എന്ന് ആശ്ചര്യപ്പെടേണ്ട, ആയിരം കിലോമീറ്ററത്തപ്പുറത്തേക്കായാലും ആയിരം മീറ്റര്‍ അപ്പുറത്തുള്ള ക്ഷേത്ര മതില്‍ക്കെട്ടിനുള്ളിലെ കാവിലേക്കായാലും യാത്ര ഏതും അനുഭവം തന്നെയാണെനിക്ക്. വീട്, ജോലി തുടങ്ങിയ ടെന്‍ഷനുകളിലല്‍ നിന്ന് മോചനം നേടി അല്പനേരം വാഹനമോടിക്കുക, വെറുതെയിരിക്കുക എന്നിങ്ങനെ ചെറിയ കാര്യപരിപാടികള്‍ മാത്രമേ ടൂറെന്നാല്‍ അര്‍ത്ഥമാക്കേണ്ടതുള്ളൂ. പതിവുപോലെ വൈകുന്നേരം തന്നെ പുറപ്പാട്, എ.സി എന്ന പീഢനം ഒഴിവാക്കി പ്രകൃതിദത്തമായ കാറ്റേറ്റ് യാത്ര ചെയ്യാമല്ലോ.ചാലക്കുടി എത്തുമ്പോള്‍ സമയം 9.00 മണി, മോളുടെ കൂട്ടുകാരൊക്കെ ആവേശഭരിതരായ് കാത്തിരിക്കുന്നു. അവരെ അവരുടെ വഴിക്ക് വിട്ടിട്ട് വലിയവര്‍ തങ്ങളുടെ ലോകങ്ങളിലേക്ക് തിരിഞ്ഞു, എപ്പോഴോ ഉണ്ടു, എപ്പോഴോ ഉറങ്ങി.

പ്രത്യേക പരിപാടികളൊന്നുമാസൂത്രണം ചെയ്തിട്ടില്ലാത്തതിനാല്‍ സമയത്തെക്കുറിച്ച് വേവലാതിയില്ല, അപ്പപ്പൊള്‍ തോന്നുന്നതാണ് കാര്യപരിപാടി. ഉറപ്പിച്ചു , ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ കാട്ടിലേക്ക് പോവുക. കാടെന്ന് കേള്‍ക്കുമ്പോള്‍ തന്നെ കുട്ടികള്‍ക്ക് ഉത്സാഹമാണ്, പൂര്‍വ്വികരാ‍യ മരഞ്ചാടികളെ കാണാം, മാനുകളെ കാണാം, ഭാഗ്യമുണ്ടങ്കില്‍ ആനയേയും കാണാം.സ്ത്രീ ജനങ്ങളുടെ ശ്രമഫലമായി കോഴി പോത്ത് തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ വീട്ടില്‍ തന്നെ പൊരിച്ച് പാത്രത്തിലാക്കി, മറ്റ് സാധങ്ങള്‍ ഹോട്ടലില്‍ നിന്നും വാങ്ങി പാത്രത്തിലാക്കി പൊള്ളാച്ചി റൂട്ടില്‍ യാത്രയാരംഭിച്ചു. വഴിതടയാന്‍ ശ്രമിച്ച വാട്ടര്‍ തീം പാര്‍ക്കുകളുടെ ബോര്‍ഡുകളെ പിന്നിലാക്കി, അങ്ങു ദൂരെത്തെളിയുന്ന അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ ഭംഗിയുമാസ്വദിച്ച് കാട്ടിലേക്ക്. അതിരപ്പള്ളി കഴിയുന്നതോടെ തന്നെ ആരംഭിക്കുന്ന കാടിന്റെ ഛായ മനോഹരം തന്നെ, വാഴച്ചാല്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കഴിയുന്നതോടെ അതിന്‍ ഘനം ഏറുകയും ചെയ്യുന്നു.എത്ര ദൂരം പോകണമെന്നോ എവിടെ വരെ പോകണമെന്നോ നിശ്ചയിച്ചുറപ്പിക്കപ്പെട്ടിട്ടില്ലെങ്കിലും കാര്‍ മുന്നോട്ട് തന്നെ പോയ്ക്കൊണ്ടിരുന്നു, ഇട തൂര്‍ന്ന ഈറ്റക്കാടുകള്‍ക്കിടയിലൂടെ.

സമയം അതിക്രമിക്കുന്നു, കുട്ടികള്‍ വിശപ്പുകൊണ്ട് അക്ഷമരായ്ത്തുടങ്ങി, എങ്കിലും തേടിയ സ്ഥലം എത്തിയില്ലെന്ന തോന്നലില്‍ കൂട്ടുകാരന്‍ കാറ് ഓടിച്ചു കൊണ്ടേയിരുന്നു. വാഹനം നിര്‍ത്താന്‍ സൌകര്യം തോന്നുന്ന സ്ഥലങ്ങളില്‍ വെള്ളം അകലെയാവും, വെള്ളം കിട്ടുമെന്ന് തോന്നുന്ന സ്ഥലങ്ങളിലാവട്ടെ പരിസരം ശ്രദ്ധിക്കാനുള്ള സൌകര്യം കുറവാകും, വഴിനീളെ ചിതറിക്കിടക്കുന്ന പുതിയതും പഴയതുമായ ആനപ്പിണ്ടം ജാഗ്രതയുണര്‍ത്തുകയും ചെയ്യുന്നുണ്ട്. ഏകദേശം പത്തു പതിനഞ്ചു കിലോമീറ്റര്‍ കഴിഞ്ഞുവെന്ന് തോന്നുന്നു പുഴത്തീരത്തേക്ക് നയിക്കുന്ന ഒരു പാതകാണാറായ്, വാഹനം നിര്‍ത്തിയിടാന്‍ സൌകര്യവും തോന്നി, അതിലുമുപരി ആദിവാസികളെന്ന് തൊന്നിക്കുന്ന ഒരു ചെറിയ സംഘം ആളുകള്‍ നടന്നു വരുന്നതും കാണാമായിരുന്നു. വിശപ്പിനോട് അവധിപറഞ്ഞ് മടുത്ത എല്ലാവരും കൂടുതലൊന്നുമാലോചിക്കാതെ തീരത്തേക്ക് പാഞ്ഞു. കുട്ടികളാണ് മുന്നില്‍, അവരുടെ കൈപിടിച്ച് അമ്മമാര്‍, പിന്നാലെ ഭക്ഷണവും വിരിയുമായി ഞങ്ങളും നടന്നു. വഴിയില്‍ കിടക്കുന്ന ആനപ്പിണ്ടം സ്ഥിരം കാഴ്ചകളിലൊന്നായതിനാല്‍ ഗൌനിച്ചില്ല, പക്ഷെ കാടിനുള്ളില്‍ കണ്ണിനേക്കാള്‍ നമ്മെ നയിക്കേണ്ടത് ശബ്ദവും ഗന്ധവുമാണെന്ന പാഠം വിസ്മരിക്കാന്‍ പാടില്ലല്ലോ, പത്തടികൂടി മുന്നോട്ട് നടന്നില്ല, അതിരൂക്ഷമായ ആനച്ചൂര് അനുഭവപ്പെട്ടു, ശബ്ദമില്ല, കാറ്റിന്റെ വരവിനൊപ്പമാണ് ഗന്ധം. സംശയിക്കാനില്ല, അടുത്തെവിടെയോ ആനയുണ്ട്. കാടങ്ങിനെയാണ്, നിശബ്ദതക്കുള്ളില്‍ അപകടം ഒളിപ്പിച്ച് അത് നമ്മെ മാടി വിളിക്കും, കണ്ണിനെ മാത്രം വിശ്വസിച്ചു ചെല്ലുന്നവര്‍ ചതിയിലാവുകയും ചെയ്യും. ഒരു നിമിഷം പോലും വൈകാതെ നിശ്ശബ്ദമായി കാറിലേക്ക് മടങ്ങി, എന്തിനു മടങ്ങിയെന്ന് മാത്രം പറഞ്ഞില്ല, കുട്ടികള്‍ ഭയപ്പെടരുതല്ലോ.

യാത്രതുടരവെ നല്‍കിയ വിശദീകരണം കേട്ട് അമ്മമാര്‍ രോഷാകുലരായി, കുട്ടികള്‍ ഭയപ്പാടൊടെയാണെങ്കിലും ആനയെക്കാണാന്‍ തിടുക്കം കൂട്ടി.

“ആനയെ കാണുമോ അച്ഛാ? ” മോളുടെ ആകാംഷ നോക്കൂ, അതോ ഭയമോ?

ഏറെനേരത്തെ ഡ്രൈവിനു ശേഷം മനോഹരമായയൊരു സ്ഥലത്തെത്തി, ആനക്കയം ആണെന്ന് തോന്നുന്നു.പെരിങ്ങല്‍ കുത്ത് ഡാമിനു കിഴക്ക മാറിയാണ് ആ പാലം. കൂട്ടായ് മറ്റ് ചില വാഹനങ്ങളും നിര്‍ത്തിയിട്ടുണ്ട്,കൂടുതല്‍ ചിന്തകളാവശ്യം വന്നില്ല.

നല്ല സ്ഥലം തന്നെ, ഇവിടെ ഉറപ്പിച്ചു.


എല്ലാം പെട്ടന്നായിരുന്നു, വിരിക്കലും, വിളമ്പലും, കഴിക്കലുമെല്ലാം നൊടിയിടയില്‍ അവസാനിച്ചു
.

വയറു നിറഞ്ഞതോടെ സന്തോഷമായി കളിക്കാനിറങ്ങുന്ന കൂത്താടിക്കുഞ്ഞുങ്ങള്‍.


ആഹ്ലാദത്തിമര്‍പ്പ്, വല്ലപ്പൊഴും മാത്രം സാദ്ധ്യമാകുന്ന നീന്തല്‍.

മണിക്കൂറുകള്‍ കടന്നുപോയി, തിരികെക്കയറണമെന്ന ആഗ്രഹമാര്‍ക്കുമില്ലെങ്കിലും പോരാതെ പറ്റില്ലല്ലോ. വളരെ സാവധാനമാണ് മടങ്ങിയത്, കാഴ്ചകളാസ്വദിച്ച്.ഇനിയെത്രകാലം ഈ മനോഹാരിതയെന്നറിയില്ല. അതിരപ്പള്ളിയെന്ന ജൈവ വൈവിദ്ധ്യത്തിന് ശവക്കുഴി തോണ്ടാന്‍ തയ്യാറെടുപ്പുകളുമായി വൈദ്യുത ബോര്‍ഡ് മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

കവിഞ്ഞൊഴുകുന്ന വെള്ളം ഇടമലയാര്‍ ഡാമിലേക്ക് തിരിച്ചു വിടാനുള്ള കനാല്‍.

ജലനിരപ്പുയരുന്നതിനനുസരിച്ച് ഇതുവഴി ഇടമലയാറ്റിലേക്ക് വെള്ളമൊഴുകുന്നു.

നിര്‍ദ്ദിഷ്ട അണക്കെട്ട് ഇവിടെ വരുമെന്നാണ് കരുതുന്നത്.

385 കോടി മതിപ്പ് ചിലവ് കണക്കാക്കപ്പെട്ട് ആരംഭിച്ച പദ്ധതി ഇപ്പോള്‍ 650 കോടിയിലെത്തി നില്‍ക്കുന്നു എന്നാണ് അറിവ്.
ചാര്‍പ്പ വെള്ളച്ചാട്ടം.

മടക്കയാത്രയിലെ പ്രധാന ചര്‍ച്ചാ‍ വിഷയം അതിരപ്പള്ളിയുടെ മരണത്തെക്കുറിച്ചായിരുന്നു. പീക്ക് ലോഡ് സമയമായ 6 മുതല്‍ 10 വരെയുള്ള രാ‍ത്രി സമയം മാത്രം പ്രവര്‍ത്തിക്കത്തക്കവണ്ണം 163 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണത്രെ ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 500 കോടി രൂപ വിലമതിക്കാവുന്ന സേവനങ്ങളും , വിലമതിക്കാനാവാത്ത ജൈവ വൈവിദ്ധ്യവും കേവലം 163 മെഗാ വാട്ട് ഊര്‍ജ്ജത്തിനായി ബലികഴിക്കാന്‍ പദ്ധതി തയ്യാറാക്കിയത് തന്നെ പരിസ്ഥിതി എന്ന സങ്കല്പത്തോട് അല്പം പോലും നീതി പുലര്‍ത്താതെയാണന്ന് നിസ്സംശയം പറയാം. ആനേകായിരങ്ങളുടെ കുടിവെള്ള, ജലസേചന ആവശ്യങ്ങള്‍ നിറവേറ്റുന്ന ചാലക്കുടിപ്പുഴയും മരണത്തിലേക്ക് നീങ്ങുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മരണവും കാത്ത് അതിരപ്പള്ളി വെള്ളച്ചാട്ടം.

9/08/2009

കബനി വീണ്ടും ചുവന്നേനെ

ഓണം യാത്രയുടെ കാലമാണ്.
പതിവിത്തവണയും തെറ്റിച്ചില്ല, അവസാന നിമിഷം തീര്‍പ്പാക്കിയ ഒരു യാത്രാപരിപാടിയാണെങ്കില്‍ പോലും.

സമയമാണ് വില്ലന്‍, ഒരു രാത്രിക്കും അടുത്ത രാത്രിക്കുമിടയിലെ 12 മണിക്കൂര്‍ പകലാണ് ലഭിച്ചേക്കാവുന്ന ഏറ്റവും കൂടിയ സമയമെന്ന ബോധമൊന്നും യാത്രക്ക് തടമായില്ല. പുറപ്പെടുമ്പോള്‍ സമയം 7.30, ഇരുട്ടിനു കൂട്ടായ് മഴയുമെത്തിയതോടെ കാറിന്റെ ഹെഡ് ലൈറ്റുകള്‍ അല്പം നാണിച്ചെന്ന് തോന്നി. രാത്രി ഓട്ടം പതിവായതിനാല്‍ കണ്ണുകള്‍ക്കത് കാര്യമായില്ലെന്നത് ഭാഗ്യം, റൊഡിലടിക്കടി പ്രത്യക്ഷമാവുന്ന അഗാധ ഗര്‍ത്തങ്ങളും കൂടിയായപ്പൊള്‍ സ്പീഡ് അമ്പതിനപ്പുറം പോകാനായില്ലെന്നത് മറുപുറം. അരിച്ചു മുന്നില്‍ നീങ്ങുന്ന കോട്ടക്കല്‍ ബസിന്റെ പിന്‍ ചക്രങ്ങള്‍ക്കിടയില്‍ പാഞ്ഞു കയറിയ ബൈക്ക് യാത്രക്കാരന്‍ തെറിച്ച് വീണത് വാഹനം ഒഴിഞ്ഞു കിടന്ന റോഡിന്റെ മറുപുറമായതിനാല്‍, കണ്ണിലടിച്ച കാഴ്ച നെഞ്ചില്‍ തുളഞ്ഞ് കയറിയില്ല. പെരുമഴയില്‍ കുതിര്‍ന്ന നടുറോഡില്‍, പെരുവഴിയിലായ ബസ് യാത്രക്കാരെ വഴിയില്‍ തന്നെ വിട്ട് ഇരുട്ടിനെക്കീറി കാറ് പായിച്ചു.

താമരശ്ശേരി പിന്നിടുമ്പോള്‍ സമയം പതിനൊന്ന് കഴിയുന്നു, മഴ താണ്ഡവം തുടരുക തന്നെയാണ്. ചുരത്തില്‍ പല്ലിളിക്കാവുന്ന മാര്‍ഗ്ഗ തടസ്സം മനസ്സില്‍ സങ്കല്‍പ്പിച്ച് യാത്ര തുടര്‍ന്നെങ്കിലും ആദ്യ വളവുകള്‍ താരതമ്യേന പ്രയാസമായില്ല. തോടാണോ കുളമാണോ എന്ന് തീര്‍ച്ചയില്ലാത്ത രീതിയില്‍ ടാറിളകി തകര്‍ന്നു കിടക്കുന്ന ഹെയര്‍പിന്‍ വളവുകളില്‍ സര്‍ക്കസുകാരന്റെ സാമര്‍ത്ഥ്യമാവശ്യമാണെന്ന് തോന്നിയെങ്കിലും ചെറുകാറിന്റെ ഗുണം പ്രകടിപ്പിച്ച് മാരുതി ഇഴഞ്ഞുകയറുക തന്നെ ചെയ്തു. അഞ്ചാം പിന്നില്‍ കുടുങ്ങിക്കിടക്കുന്ന കണ്ടൈനറിന്റെ ഡ്രൈവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് , ഓരത്തൊതുക്കി വിഷമിച്ച് നില്‍ക്കുന്ന വലിയ വണ്ടികളെ പുച്ഛത്തോടെ നോക്കി ലക്കിടിയിലേക്ക്. മഴയുടെ നൂലിഴകള്‍ക്കിടയില്‍ ഘനീഭവിച്ചു നില്‍ക്കുന്ന കോടമഞ്ഞിന്റെ പാളികള്‍ക്കിടയിലൂടെ അരിച്ച് വരുന്ന ഹെഡ് ലൈറ്റുകള്‍ കാണാന്‍ താഴേക്ക് നോക്കി പത്തു മിനിറ്റ് ചിലവഴിക്കാതിരിക്കാനായില്ല. തണുപ്പിന്റെ കാഠിന്യം മഴയുടെ നനവാല്‍ നഷ്ടമാവുന്നത് പോലെ തോന്നിയെങ്കിലും നനഞ്ഞ വസ്ത്രങ്ങളുമായി യാത്ര തുടരുകയെന്ന് രണ്ടാം ഘട്ടം രസംകൊല്ലിയായ് ഭവിക്കുമോയെന്ന് ഭയന്നു, ഒന്നുമുണ്ടായില്ല, ഒരു മണി യോടെ പച്ചിലക്കൂടാരത്തിലേക്ക് കയറിച്ചെന്നു.

രാവിലെ പുല്‍പ്പള്ളി വഴി കബനീ തീരത്തേക്ക്,പെരിക്കല്ലൂര്‍ കടവ് .മഴവെള്ളപ്പാച്ചിലില്‍ കലങ്ങി മറിഞ്ഞ കബനി, മറുകരെ കര്‍ണാടകത്തിലെ ബൈരക്കുപ്പ മാടി വിളിക്കുന്നു. കബനിക്ക് കുറുകെ ഇതാദ്യമല്ലെങ്കിലും കുത്തൊഴുക്ക് ഭയപ്പെടുത്തി, ധൈര്യം നല്‍കി , ധൈര്യമുള്ളിലാക്കിയ കടത്തുകാരന്‍.പോകാനുറച്ചു, കൂടെയുള്ള മൂന്നുപേരില്‍ ഒരാള്‍ പിന്മാറി, ബാക്കി ഞങ്ങള്‍ മൂന്നുപേര്‍ ധൈര്യം സംഭരിച്ച് കടത്തുവള്ളത്തില്‍ സ്ഥാനം പിടിച്ചു.കടത്തു വള്ളമെന്ന വിശേഷണം ഒരല്പം ധാരാളിത്തമാവുമെങ്കില്‍ കൊതുമ്പുവള്ളമെന്ന് വിളിക്കാമവനെ, ഒഴുക്കിനെ കീറിമുറിച്ച് മറുകരക്ക്, തുഴഞ്ഞ് തുഴഞ്ഞ് നീക്കുകയാണ് തുഴക്കാരന്‍. മുപ്പതാള്‍ താഴ്ചയുള്ള കബനി, പലതവണ ചുവന്ന് കലങ്ങിയ കബനി, മാസങ്ങള്‍ക്ക് മുമ്പ് പതിമൂന്നോളം പേരെ വിഴുങ്ങിയ കബനി ഇങ്ങിനെ ഒഴുകുന്ന കാഴ്ച മത്തു പിടിപ്പിച്ചു.ഒഴുക്കിനെതിരെ ഏറെ ആ‍യാസപ്പെട്ട് തുഴഞ്ഞ് മുകളിലേക്ക് കയറ്റി പതിയെ മറുകരക്ക് തെന്നിയിറങ്ങുക തന്നെചെയ്തു കൊതുമ്പുവള്ളം. കേരളസര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ നിന്നും കാര്യമായൊരു വിഹിതം അപഹരിച്ച ചില വ്യാപാരങ്ങള്‍ക്ക് ശേഷം തിരികെ മടങ്ങി. തിട്ടയില്‍ കയറി ഉറച്ച വള്ളത്തിന്റെ അടിത്തട്ട് വിടുവിക്കാന്‍ തുഴക്കാരന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നെങ്കിലും വിജയിയായി മുന്നോട്ടെടുത്തു. പൊടുന്നനെ ദൂരെയെന്തോ ഉയര്‍ന്നു താഴുന്നു, ഒരു നിമിഷം സഹയാത്രികര്‍ പരിഭ്രാന്തരായ്, കാര്യമെന്തെന്ന് ബോധ്യമാവാന്‍ സമയമെടുത്തതിനാല്‍ കൂട്ടുകാര്‍ക്ക് ചങ്കിടിപ്പുയരാന്‍ അല്പ നേരം താമസിച്ചു. മരണവും ജീ‍വിതവും ഒരു പോലെ ഇഷ്ടപ്പെടുന്നതിനാലാവും, നിര്‍വ്വികാരനായി കാര്യങ്ങള്‍ വീക്ഷിക്കാനായി എനിക്ക്. വലിയൊരു മരത്തടി ഒഴുകിവരുന്നു, അത് വന്നിടിച്ചാലുള്ള ആഘാതം പിടിച്ചു നില്‍ക്കാനുള്ള ശേഷി ആ കുഞ്ഞു വള്ളത്തിനില്ല. എടുത്തു ചാടാന്‍ തയ്യാറായി എണീറ്റവരെ പിടിച്ചിരുത്തി, സ്വയം ചാടിയാലും വള്ളം തകര്‍ന്നാലും കനത്ത ഒഴുക്കിലും പാറക്കെട്ടുകള്‍ക്കിടയിലെ അടിയിഴുക്കിലും നീന്തിക്കരപറ്റാമെന്ന് ചിന്ത അസ്ഥാനത്താണെന്ന തോന്നല്‍‍ ഏവരിലുമുണ്ടെന്ന് തോന്നി. തോണിക്കാരന്‍ ദിശമാറ്റാനാവുന്നത് ശ്രമിക്കുന്നുണ്ട്, കരയില്‍ നിന്നേറെ നീങ്ങിയിട്ടില്ലാഞ്ഞതിനാല്‍ ആ ശ്രമം വിജയിച്ചു. കരയില്‍ നിന്ന് നീണ്ടുനിന്ന ഇല്ലിക്കൂട്ടം ശ്രമത്തിന് സഹാ‍യകമായി, മുള്ളിന്റെ നീറ്റല്‍ വകവക്കാതെ അതില്‍ പിടിച്ച് വള്ളം കരക്കടുപ്പിച്ചു. തൊട്ടു മാറി കൂറ്റനായൊരു മരത്തടി ഒഴുകിപ്പോകുന്ന കാഴ്ച ദീര്‍ഘനിശ്വാസത്തോടെ ഏവരും വീക്ഷിച്ചു, ചിലര്‍ കുരിശു വരച്ചു, മറ്റു ചിലരാവട്ടെ ദിവ്യ ദ്രാവകം ജലാംശമില്ലാതെ തൊണ്ടയിലേക്ക് കമഴ്ത്തി. അല്പം മന്ദഗതിയിലാണെങ്കിലും കരക്കടുത്ത വള്ളത്തില്‍ നിന്ന് ചാടി ഓടുന്ന കൂട്ടുകാരന്റെ മുഖത്തുനോക്കാന്‍ ധൈര്യം തോന്നിയില്ല. നാലുമാസത്തിനു ശേഷം ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ കാണാന്‍ അവസരം ലഭിക്കില്ലെയെന്ന് ഭയന്നതായുള്ളവന്റെ ഏറ്റുപറച്ചിലില്‍ മനസ്സു പിടച്ചു. മരണവുമായുള്ള കൂടിക്കാഴ്ച പുത്തരിയല്ലെങ്കിലും, ജീവിതത്തെ സ്നേഹിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കാനാവാത്ത യാത്രകളില്‍ കൂട്ടുകാരെ ക്ഷണിക്കുന്നത് ഒഴിവാക്കാനുള്ള ബോധം ഈ തോണിയാത്ര നല്‍കി.


ഉച്ചയോടെ പച്ചിലക്കൂടാരത്തിലെത്തി ഭക്ഷണം കഴിച്ച് ഗോപാല്‍സ്വാമി ബെട്ടക്ക് യാത്രയായി, ബത്തേരിയില്‍ നിന്നും 80 കിലോമീറ്ററോളം യാത്ര. പരമാവധി വേഗതയില്‍ ഹൈവേയിലൂടെ കാറോടിക്കുകയായിരുന്നു. രാത്രി ഒന്‍പത് മണിയോടെ കാ‍നനപാതയില്‍ ബാരിക്കേട് താഴും, അതിനുമുന്നേ മടങ്ങിയേ തീരൂ.പലതവണ പോയ സ്ഥലമാണെങ്കിലും കൂട്ടുകാര്‍ക്കായി ഈ യാത്ര തിരഞ്ഞെടുത്തു. ശക്തമായ മഴ തുടരുന്നത് സന്തോഷമാണ് നല്‍കിയത്. കുന്നിന്‍ മുകളില്‍ ലഭിക്കാവുന്ന പരമാധി കോടമഞ്ഞും കാറ്റും ആസ്വദിക്കാന്‍ അതു കാരണമാകും, പ്രതീക്ഷ തെറ്റിയില്ല.കനത്ത മൂടലില്‍ പരസ്പരം കാണാനാവാതെ കുളിര്‍ന്ന് വിറച്ച് ഞങ്ങള്‍ നിന്നു. ആ കാലാവസ്ഥയില്‍ പടം പിടിക്കാന്‍ സാധിക്കുന്ന ഉപകരണങ്ങള്‍ കയ്യിലില്ലാഞ്ഞതിനാല്‍ ഒന്നു പകര്‍ത്താനായില്ല. എങ്കിലും കഴിവുള്ള ചില മിടുക്കന്മാര്‍ പകര്‍ത്തിയിട്ട ചിത്രങ്ങള്‍ ഇവിടെ കാണാം , ഒന്ന്, രണ്ട് , മൂന്ന്, നാല്.

തിരികെ 5.30 ന് വനത്തിനുള്ളില്‍, നിയന്ത്രണ രേഖയില്‍ തിരികെക്കയറി, വാഹനം നിരക്കി നിരക്കി സമയം ചിലവഴിച്ചു, ഒരൊ ഇലയനക്കത്തിനും കാതോര്‍ത്തു. ഇല്ല, ഒറ്റ ഇല്ലിമുള പോലും ഒടിയുന്നില്ല. ഏകദേശം രണ്ടു മണിക്കൂര്‍ വനത്തില്‍ നിരങ്ങി നീങ്ങിയെങ്കിലും രണ്ട് മാന്‍കുട്ടികളൊഴികെ ഒരു ജീവി പോലും പ്രത്യക്ഷമായില്ല. ആട്ടിന്‍പറ്റം കണക്കെ മേഞ്ഞു നടക്കാറുള്ള ആനക്കൂട്ടങ്ങള്‍ പോലും ഞങ്ങളെ ചതിച്ചു. ലതിച്ചേച്ചിയെ ഓടിച്ച ആന അവിടെയെങ്ങാനും പതുങ്ങുന്നുണ്ടാവുമെന്ന് വൃഥാ മോഹിച്ചു, ഇല്ല, മടങ്ങിയെ പറ്റൂ. ഒരു ആനക്കുട്ടിയെപ്പോലും കാണാതെ ആനപ്പിണ്ടത്തിന്റെ മണം മാത്രം അവാഹിച്ച് ക്യാമ്പിലേക്ക്.