3/25/2009

പ്രവാസികളും പോസ്റ്റല്‍ വോട്ടും.

ജനായത്ത സമ്പ്രദായത്തിന്റെ അടിസ്ഥാന ശിലയാണല്ലോ വോട്ടവകാശം എന്നത്. അതിനാല്‍ തന്നെ ഒരു പൌരന്‍ തന്റെ വോട്ടവകാശം വിനിയോഗിക്കാനുള്ള അവസരത്തെ തടസ്സപ്പെടുത്തുന്ന യാതൊന്നും നമ്മുടെ ഭരണഘടനാ സംവിധാനത്തിന്റെ ഭാഗത്തുനിന്നുമുണ്ടാവാറില്ല. പ്രവാസികളായ ഇന്ത്ര്യക്കാരാണ് ഇതിനൊരപവാദം. ഇതിനൊരു പരിഹാരമായാണ് പോസ്റ്റല്‍ വോട്ട് എന്ന സങ്കല്‍പ്പം ഉയര്‍ന്നു വരുന്നത്. പോസ്റ്റല്‍ വോട്ട് പ്രധാനമായും ഇന്ന് ഏര്‍പ്പെടുത്തിയിരിക്കുന്നത് തിരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്കാണ്. ഇത്തരം ജോലിക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് നിയമന ഉത്തരവിനോടൊപ്പം തന്നെ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷാ ഫോറവും ലഭിക്കുന്നു. ലഭിക്കുന്ന ബാലറ്റ് വോട്ട് ചെയ്ത ശേഷം സീല്‍ ചെയ്ത കവറിലാക്കി , തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റോടുകൂടി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയക്കുകയാണ് പതിവ്. ഈ തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് ഓഫീസ് മേധാവിയോ മറ്റേതെങ്കിലും ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനോ പ്രസ്തുത വ്യക്തിയെ തിരിച്ചറിഞ്ഞതായി സാക്ഷ്യപ്പെടുത്തേണ്ടതാണ്. ഇത്രയും നിയമം.

നാട്ടുനടപ്പ്:

ലോക സഭാ തിരഞ്ഞെടുപ്പ് പോലെ വലിയ എണ്ണം വോട്ടുകള്‍ക്കിടയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താനായില്ലെങ്കിലും പഞ്ചായത്തു തിരഞ്ഞെടുപ്പ് പോലെയുള്ള ചെറു മാര്‍ജിനുകളുള്ള സന്ദര്‍ഭങ്ങളില്‍ പോസ്റ്റല്‍ വോട്ടിന്റെ ശക്തി ചെറുതല്ല തിരഞ്ഞെടുപ്പ് കാലത്ത് ഗസറ്റഡ് ഉദ്യോഗസ്ഥരായ വിവിധ സംഘടനാനുകൂലികളുടെ പ്രധാന കടമ ഇത്തരം പോസ്റ്റല്‍ ബാലറ്റുകള്‍ സാക്ഷ്യപ്പെടുത്തുക എന്നതാണ്.
ഒരോ പൊസ്റ്റോഫീസിലേക്കും എത്തുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ എതിരാളികളായ ഉടമകള്‍ക്ക് ലഭിക്കാതിരിക്കാന്‍ ശ്രമിക്കുക എന്നത് ഒന്നാം ഘട്ടം.
തുടര്‍ന്ന് കഴിയുന്നിടത്തോളം പോസ്റ്റല്‍ ബാലറ്റുകള്‍ അടിച്ചുമാറ്റി തങ്ങളുടെ സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രത്തിലെത്തിക്കുക.
അവിടെ ഒരു വോട്ടിംഗ് സംഘം വോട്ടു രേഖപ്പെടുത്തി , തിരിച്ചറിയല്‍ ഫോറം തങ്ങളുടെ മനോധര്‍മ്മം പോലെ ഒപ്പിട്ട്, സാക്ഷ്യപ്പെടുത്തല്‍ യന്ത്രത്തെ ഏല്‍പ്പിക്കുന്നു. ഇനി നേരെ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക്. ഇപ്രകാരം സാക്ഷ്യപ്പെടുത്തിയ പോസ്റ്റല്‍ വോട്ടുകള്‍ നിരവധി പഞ്ചായത്തുകളില്‍ അധികാരം അട്ടിമറിച്ചിരിക്കുന്നു എന്ന് "ആവേശ പൂര്‍വ്വം " പറയട്ടെ.

ആയതിനാല്‍ പ്രവാസികള്‍ക്ക് എത്രയും പെട്ടന്ന് പോസ്റ്റല്‍ വോട്ടവകാശം ലഭ്യമാക്കാന്‍ ഈ പോസ്റ്റ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

3/17/2009

വിഷാദം രോഗമാകുമ്പോള്‍

നാം നിത്യേനയെന്നോണം ചര്‍ച്ച ചെയ്യുന്ന പദങ്ങളിലൊന്നാണ് “വിഷാദം.” ജീവിതത്തിലൊരിക്കലെങ്കിലും വിഷാദമനുഭവിച്ചിട്ടില്ലാത്തവരുണ്ടാവില്ല. പൊതുവായി, നഷ്ടങ്ങളോ ലാഭനഷ്ടങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമോ ആണ് വിഷാദത്തിനു കാരണമായി ഭവിക്കുന്നത്. എല്ലാ രൂപത്തിലുള്ള മോഹഭംഗങ്ങളും വിഷാദം സൃഷ്ടിക്കാം, എന്നാല്‍ ഇവ പൊതുവെ അല്പായുസ്സാണ്. മറ്റുള്ളവരില്‍ നിന്നും ലഭിക്കുന്ന ഉണര്‍ത്തലുകളും സ്വയം ലഭ്യമാക്കുന്ന തിരിച്ചറിവും ഈ നഷ്ടബോധത്തില്‍ നിന്നും കരകയറാന്‍ നമ്മെ സഹായിക്കുകയും, നാം നിത്യ ജീവിതത്തിന്റെ പാതയിലേക്ക് തിരികെ കയറുകയും ചെയ്യുന്നു. പ്രകൃതിയുടെ പ്രതിരോധപ്രവര്‍ത്തനമായി ഇതിനെ വിലയിരുത്തുന്നതില്‍ തെറ്റില്ലെന്ന് കരുതാം, ലഭിക്കുന്ന പാഠങ്ങള്‍ തുടര്‍ ജീവിതത്തിനു വഴികാട്ടിയാകുമെങ്കില്‍.

കുറച്ച ദൈര്‍ഘ്യം മാത്രം നിലനില്‍ക്കുന്ന ഈ വിഷാദം ഒരു നിശ്ചിത സമയം ശേഷവും നമ്മെ വിട്ടകലുന്നില്ലെങ്കില്‍ , അതൊരു രോഗാവസ്ഥയിലേക്കു നീങ്ങുകയാണെന്ന് കരുതാം; വിഷാദരോഗം. അതികഠിനമായ മനോവ്യഥ, വ്യാകുലത, ക്ഷോഭം ഇവ പ്രാധമിക ലക്ഷണങ്ങളില്‍ പെടുന്നു. ശൂന്യമായ മനസ്സ്, ജീവിതത്തിനു ലക്ഷ്യമില്ലെന്ന തോന്നല്‍, പ്രതീക്ഷകള്‍ ഇല്ലായ്മ എന്നിവ ഇതിനെ ഉറപ്പിക്കുന്നു. സാമാന്യമായി സന്തോഷ ദായകമായ സന്ദര്‍ഭങ്ങളിലോ സംഗതികളിലോ സന്തോഷം കണ്ടെത്താനാവാതിരിക്കുക, എപ്പോഴും ദുഖകരമായ കാര്യങ്ങള്‍ സംസാരിക്കുക, ദുഖകരമായ കാര്യങ്ങള്‍ സംസാരിക്കുന്നതിന് താത്പര്യം കാണിക്കുക, ആത്മഹത്യയെപ്പറ്റി ചിന്തിക്കുക, സംസാരിക്കുക ഇവയെല്ലാം ഒരു വിഷാദ രോഗിയുടെ ലക്ഷണങ്ങളാണ്. ദുഖകരമായ വാര്‍ത്തകളോ കഥകളോ , വൈകാരിക വിക്ഷോഭം സൃഷ്ടിക്കുന്ന കഥകളോ വാര്‍ത്തകളോ കേള്‍ക്കുമ്പോള്‍, പിടിച്ചു നിര്‍ത്താനാവാത്ത വണ്ണം വിതുമ്പല്‍ വരുന്നുവെങ്കില്‍ ഒരാള്‍ വിഷാദ രോഗത്തിനടിമയെന്ന് നിസ്സംശയം പറയാം. വികാരാധീനനായ ഈ മനുഷ്യജീവി തന്റേതായ ദുഖങ്ങളുടെ ലോകത്ത് വിഹരിക്കുകയും ചുറ്റുപാടുകളെ തിരസ്കരിക്കുകയും ചെയ്യുന്നു. ഈ മാനസ്സികാവസ്ഥകള്‍ ഉറക്കമില്ലായ്മയിലേക്ക് നയിക്കുകയും, ഉറക്കമില്ലാത്ത രാത്രികള്‍ അയാളുടെ വിഷാദ രോഗത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. രാത്രി ഉറങ്ങാന്‍ വൈകുക,നേരത്തെ ഉണരുക, ഉണരുമ്പോള്‍ തലേദിവസം ചിന്തിച്ചുകൊണ്ടിരുന്ന അതേ ദുഖചിന്തയുമായി ഘനം തൂങ്ങുന്ന ശിരസ്സുമായി ഉറക്കമുണരുക, ഇതെല്ലാം വിവിധ ഉറക്ക പ്രശ്നങ്ങളാണ്. ഈ സാഹചര്യത്തില്‍ പെടുന്ന രോഗി തീര്‍ത്തും നിസ്സഹായനാവുകയും ചാക്രികമായ പ്രകൃയയില്‍ കുടുങ്ങി വിശപ്പും ദാഹവും പോലും ഇല്ലാതെ ആത്മഹത്യയിലേക്ക് തള്ളി വിടപ്പെടുകയും ചെയ്യുന്നു.

സമൂഹവും രോഗിയും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്തെന്നാല്‍ , ഇതൊരു രോഗാവസ്ഥയാണെന്ന് തിരിച്ചറിയാതിരിക്കുക എന്നതാണ്. ഇത് തന്റെ ജീവിതത്തിലേ ഏറ്റവും വലിയ പ്രശ്നമാണെന്ന് കരുതി രോഗിയും, അത് അയാളുടെ പെരുമാറ്റ ദൂഷ്യമാണെന്ന് സമൂഹവും വിലയിരുത്തുന്നിടത്ത് അപകടങ്ങള്‍ ആരംഭിക്കുന്നു.താരതമ്യേന അണുകുടുംബങ്ങളില്‍ അധിഷ്ഠിതമായ കേരളീയ സമൂഹത്തില്‍ , മറ്റേതു വിദേശ സമൂഹത്തിനേക്കാളും‍ ഗുരുതരമായ പ്രത്യാഘാതമാണിത് സൃഷ്ടിക്കുന്നത്. ദുഖിതനായ ഒരു വ്യക്തിയെ തിരിച്ചറിയാനും, അയാളിലെ സ്വഭാവ വ്യതിയാനങ്ങള്‍ കണ്ടെത്താനും നമുക്കിന്നാകുന്നില്ല. സുഹൃത്തുക്കളോടു പോലും അകലം പാലിക്കുന്ന ഇവരെ തിരിച്ചറിയുകയും ആവശ്യമായ ഇടപെടല്‍ നടത്തുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കടമയാണ്. ഇതിന് ആദ്യം വെണ്ടത്, "മനസ്സ്" ഒരു അവയവമാണെന്നും അതിനു രോഗാവസ്ഥ വരാമെന്നും, വന്നാലത് ചികിത്സിച്ചു മാറ്റാവുന്നതുമാണ് എന്നുമുള്ള സങ്കല്‍പ്പമാണ്. ഇപ്രകാരം കണ്ടെത്തപ്പെട്ടുകഴിഞ്ഞാല്‍ തന്നെ ഒരു വിഷാദ രോഗ ചികിത്സയുടെ പാതി വിജയത്തിലേക്കെത്തി എന്നു പറയാം. തുടര്‍ന്ന് ഒരു ബോധവല്‍ക്കരണം , ആവശ്യമെങ്കില്‍ മരുന്നു ചികിത്സ എന്നിവ നല്‍കിയാല്‍ രോഗി, തന്നെ പിടികൂടിയിട്ടുള്ള വിഷാദ രോഗത്തില്‍ നിന്നും കരകയറുന്നതാണ്. കൌണ്‍സിലിംഗ് മാത്രം കൊണ്ട് വിഷാദ രോഗം സുഖപ്പെടുത്താം എന്ന് ചിന്തിക്കുന്ന മനശ്ശാസ്ത്രജ്ഞരും കുറവല്ല എന്ന വസ്തുത ഗൌരവമായി കാണണം എന്നാണ് വ്യക്തിപരമായി എന്റെ അഭിപ്രായം. മരുന്നു നല്‍കി രോഗാവസ്ഥയെ ക്രമീകരിച്ച ശേഷം കൌണ്‍സിലിംഗിനു വിധേയമാക്കുകയാവും കൂടുതല്‍ ഉചിതം. അങ്ങിനെ വന്നാല്‍ രോഗിക്ക് കൂടുതലായി യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാനാവും

അല്പം രസതന്ത്രം:
നമ്മുടെ തലച്ചോറില്‍ കാണപ്പെടുന്ന നാഡീകോശങ്ങളിലൊന്നാണ് "
സീറോട്ടോണിന്‍" എന്ന രാസവസ്തു ഉത്പാദിപ്പിക്കുന്നവ. സീറോട്ടോണിന് ശരീരത്തിലെ വിവിധങ്ങളായ പ്രവര്‍ത്തികളെ നിയന്ത്രിക്കുന്നതില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളത് - ഉറക്കം,ഓര്‍മ, പഠനം, മാനസ്സിക നില, ലൈംഗിക താത്പര്യങ്ങള്‍ തുടങ്ങിയ അനേകം പ്രവര്‍ത്തനങ്ങള്‍. കേന്ദ്ര നാഡീ വ്യവസ്ഥയിലെ സീറോടൊണിന്‍ അളവിലുണ്ടാവുന്ന കുറവാണ് വിഷാദ രോഗത്തിന് അടിസ്ഥാനം എന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഈ കുറവ്, നേരിട്ട് സീറോടോണിന്‍ ഉത്പാദനം മുതല്‍ ഇതിന്റെ മൂല രാസ വസ്തുവായ ട്രിപ്റ്റോഫാന്‍ എന്ന അമിനോ ആസിഡിന്റെ ലഭ്യത വരെ വിവിധങ്ങളായി തരം തിരിക്കാവുന്നതാണ്. ഈ തരം തിരിവിനെ അടിസ്ഥാനപ്പെടുത്തി തന്നെ ചികിത്സാ രീതികളും വ്യത്യാസപ്പെടുന്നു. എന്നിരുന്നാലും സീറോട്ടോണിന്‍ അളവ് വര്‍ദ്ധിപ്പിക്കുക എന്നതിലൂന്നിയാണ് ആധുനിക ചികിത്സകള്‍ പ്രയോഗത്തില്‍ വരുന്നത്. കഴിഞ്ഞ ഒരു ദശകത്തില്‍ ഈ ചികിത്സാ സമ്പ്രദായത്തില്‍ ശാസ്ത്രം വളരെ മുന്നേറ്റം നേടിയിട്ടുണ്ട്. ചികിസ്തിച്ചു ഭേദമാക്കാവുന്ന മാനസ്സിക രോഗങ്ങളുടെ പട്ടികയിലാണ് വിഷാദ രോഗത്തിനിന്നു സ്ഥാനം.

പുനരധിവാസം:
വിഷാദരോഗം കൃത്യമായ പുനരധിവാസം ആവശ്യമായ ഒരു രോഗാവസ്ഥയാണ്. ജനിതകമായി തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാണ് ഇത് എന്നതിനാല്‍ തന്നെ , രോഗം ഭേദമായാലും വീണ്ടും വരാനുള്ള സാദ്ധ്യത കൂടുതലാണ്. രോഗിയില്‍ വന്നേക്കാവുന്ന പുനര്‍ ലക്ഷണങ്ങളേക്കുറിച്ച് രോഗിയുടെ ബന്ധുക്കള്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നടത്തുക എന്നതാണ് ഏക പോംവഴി. കൃത്യമായ ഇടവേളകളില്‍ മനശ്ശാസ്ത്ര വിദഗ്ധനുമായി ചര്‍ച്ച നടത്തി ആവശ്യമെങ്കില്‍ ഇടക്ക് മരുന്ന് കഴിക്കുക എന്നത് ശീലമാക്കുക. ശ്രദ്ധിക്കുക സാന്ത്വനത്തേക്കാള്‍ നല്ലോരു ചികിത്സാ വിധി വിഷാദ രോഗം തടയാനില്ല. മാത്രവുമല്ല നിങ്ങക്കുടെ അശ്രദ്ധകാരണം ഒരു വിഷാദ ഗ്രസ്ഥനായ മനുഷ്യന്‍ ആത്മഹത്യയിലേക്കു നീങ്ങാനിടയായി എന്ന അവസ്ഥ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് നിങ്ങളാണ്.

വാല്‍ക്കഷണം:
ഭക്ഷണ ക്രമീകരണത്തിലൂടെ വിഷാദം പോലെയുള്ള രോഗങ്ങള്‍ ചികിത്സിക്കാനാവുമോ? ട്രിപ്റ്റോഫാന്‍ ഒരു പ്രകൃത്യാ ലഭ്യമായ അമൈനൊ ആസിഡാണ്. ഇതുകൂടി നോക്കുക

3/08/2009

വനിതാ ദിന ഒരുക്കങ്ങള്‍

ട്ര്ണീം... ട്ര്ണീം...
ഫോണ്‍ ബെല്ലടിക്കുന്നു.മൊബൈലാണ്, ഭാര്യ ഇപ്പോള്‍ ബഹളം തുടങ്ങും, അവള്‍ക്കീ റിംഗ് ടോണ്‍ ഇഷ്ടമല്ല.
"നിങ്ങള്‍ക്ക് കെള്‍ക്കാന്‍ കൊള്ളാവുന്ന വല്ലതും ഇട്ടുകൂടെ", ചോദ്യം. പൈങ്കിളിപ്പാട്ടുകളാണീ കേള്‍ക്കാന്‍ കൊള്ളാവുന്നത് !!


"ഹലോ", മറുതലക്കല്‍ പരിചിത സ്വരം,പ്രസിഡ്ന്റാണ്.

"എന്തുണ്ട് സഖാവെ, സുഖമല്ലെ?", ഔപചാരികത കളയണ്ടാന്നു കരുതി ചോദിച്ചു.

"കഴിഞ്ഞ കമ്മറ്റിക്കു കണ്ടില്ലല്ലോ, ഇതുപോലെ ഗൌരവമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടപ്പോള്‍ പങ്കെടുക്കേണ്ടെ", നേതാവ് ഗൌരവത്തിലാണ്.

"അല്ല , അത് വനിതാ ജാഥയെപ്പറ്റി അല്ലായിരുന്നോ, അതോണ്ടാണ് കാര്യമായെടുക്കാഞ്ഞത്, സ്ത്രീകള്‍ പങ്കെടുത്താല്‍ മതി എന്നു കരുതി", ഒഴികഴിവു പറയാതെ പറ്റില്ലല്ലോ.

"സംഗതി ശരിയാണ്, പക്ഷെ നമ്മള്‍ വേണ്ടെ അവരെ തയ്യാറെടുപ്പിക്കാന്‍? പലര്‍ക്കും മടികാണും, പേടിയും. നമ്മളാണ് അവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കേണ്ടത്", സ്വരം തണുക്കുന്നു , സമാധാനം.

"അല്ല സഖാവെ, വനിതകളുടെ അടിസ്ഥാ‍ന പ്രശ്നങ്ങള്‍ എന്ന ചര്‍ച്ചയില്‍ നമ്മള്‍ വന്നിരുന്നാല്‍ മോശമല്ലെ", എന്റെ സംശയം തലപൊക്കി,"സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ സ്ത്രീകളല്ലെ മുന്നോട്ട് വരേണ്ടത്".

നേതാവിനു ദേഷ്യം വരുന്നുണ്ടോ ആവോ, കുറച്ചു നേരത്തേക്ക നിശ്ശബദത.
"താങ്കള്‍ ഇത്ര ബാലിശമായി ചിന്തിക്കരുത്. സ്ത്രീകളുടെ പ്രശങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങേണ്ടത് അവരാണെന്ന് വാദത്തിനായ് അംഗീകരിക്കാം, പക്ഷെ എത്ര പേര്‍ ഇതിനൊക്കെ മിനക്കെടാന്‍ തയ്യാറാവുന്നുണ്ടെന്ന് താങ്കളും കാണുന്നതല്ലെ? അതികൊണ്ട് അവരെ ബോധവല്‍ക്കരിക്കാനും ആ ഏരിയയിലെ വനിതാപ്രവര്‍ത്തകരെ പരിപാടിയില്‍ പങ്കെടുപ്പിക്കാനും വേണ്ട ശ്രമങ്ങള്‍ നാളെ തന്നെ തുടങ്ങണം", ഉത്തരവ് വന്നു കഴിഞ്ഞു.


"അല്ല, വനിതാ സബ് കമ്മറ്റിക്കല്ലെ അതിന്റെ ചുമതല? കണ്വീനര്‍ എല്ലാവരേയും വിളിച്ചില്ലെ?" ഒഴിയാനുള്ള ശ്രമമാണെന്ന് അറിയരുതല്ലോ.

"അതുകൊണ്ട് കാര്യമില്ല, നിങ്ങളു കൂടി വിളിച്ചാലെ അവര്‍ക്കൊക്കെ ധൈര്യം വരൂ.", (സുഖിപ്പിക്കലാണോ ആവോ?!)

"ജാഥാ ക്യാപ്റ്റന്‍ സബ് കമ്മറ്റി കണ്‍വീനര്‍ തന്നെ അല്ലെ?"

"അതെ, വേറെ ആരാണ്, എല്ലാവരും കുടുംബവും പ്രാരാബ്ധങ്ങളുമായി കഴിയുകയല്ലെ?"

"അപ്പോള്‍ ആ പാവം കല്യാണം കഴിക്കാത്തതാണ് സംഘടനക്കു നല്ലതെന്നാണോ സഖാവ് പറഞ്ഞു വരുന്നത്", ഒന്ന് ചൊറിയാതിരിക്കാനായില്ല.

"എന്നല്ല, ഇപ്പോളവര്‍ക്ക് മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ലല്ലോ , അപ്പോള്‍ പരിപാടികള്‍ക്ക് പങ്കെടുക്കാമല്ലോ"

"അപ്പോള്‍ കല്യാണം നമ്മുക്ക് പറഞ്ഞിട്ടില്ല എന്നാണോ ", ശ്രീനിവാസന്‍ സിനിമ ഓര്‍മവന്നതോണ്ട് ചോദിച്ചുപോയി.

"സഖാവെ വെറുതെ വിഷയം മാറ്റണ്ട". നേതാവ് വീണ്ടും രോഷാകുലനാവുമോ.

"ശരി, ജാഥക്കുള്ള തയ്യറെടുപ്പുകള്‍ നാളെ തന്നെ ശരിയാക്കാം, ഇവീടുന്ന് അഞ്ചു വനിതകള്‍ പങ്കെടുപ്പിക്കണം അല്ലെ? ഏറ്റു." ധൈര്യം പകര്‍ന്ന് ഫോണ്‍ കട്ട് ചെയ്തു.

കല്യാണം കഴിക്കാത്ത വനിതാ പ്രവര്‍ത്തകരില്ലാത്ത ഏരിയ ആയതിനാല്‍ എനിക്ക് പൊന്നാനിയോട് ദേഷ്യം തോന്നി.ഇനി ആരുടെയെല്ലാം കാലുപിടിച്ചാല്‍ അഞ്ചാളെ പങ്കെടുപ്പിക്കാം എന്ന് ആലോചനയുമായി ഡയറക്റ്ററി പരതാന്‍ തുടങ്ങി.

3/05/2009

ഐ.പി.യെ ആര്‍ക്കാണ് പേടി

കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് ശൃംഖല കാലം മുതല്‍ നാം കേള്‍ക്കുന്ന പദമാണ് ഐ.പി.അഡ്രസ്സ് എന്നത്. ഏറ്റവും വലിയ നെറ്റ് വര്‍ക്കായ ഇന്റര്‍നെറ്റിന്റെ ആരംഭത്തോടെ സാധാരണക്കാരനു പോലും പരിചിതമായിക്കഴിഞ്ഞു ആ വാക്ക്. ബൂലോകത്തു വന്നതുമുതല്‍ നിത്യേനയെന്നോണം കേള്‍ക്കുന്ന വാക്കും മറ്റൊന്നുമല്ല. ഇതാ ഐ.പി. കിട്ടിയേയെന്ന് ഘോഷിച്ച് ഒരു കൂട്ടര്‍ , ഞങ്ങളെ പിടിയെടാ എന്നലറി മറ്റൊരു കൂട്ടര്‍.

ഈ കഴിഞ്ഞ മാസം കടന്നു പോയത് ബൂലോകത്തെ ചില ഐ.പി. പിടി മത്സരങ്ങളിലൂടെയാണ്.പ്രമുഖരാ‍യ ചില ബ്ലോഗ്ഗര്‍മാര്‍ക്കെതിരെ ഗൂഢാലോചന നടക്കുന്നു എന്നു തോന്നുമാറ് പലര്‍ക്കുമെതിരെ വ്യക്തിപരമായി തന്നെ ഇവിടെ പോസ്റ്റുകള്‍ വന്നു. അനോണിക്കമന്റുകള്‍, കമന്റുകള്‍ക്ക് പുറകേ ഐ.പി. രേഖപ്പെടുത്തിയതിന്റെ സര്‍ട്ടിഫിക്കറ്റുമായി ബ്ലോഗ്ഗുടമകള്‍, കുട്ടിക്കളികള്‍ ധാരാളം. ഈ സാഹചര്യത്തില്‍ ഐ.പി. ചേഞ്ചിങ് സോഫ്റ്റ് വെയറുകള്‍ എന്ന ടൂള്‍ എപ്രകാരം ഉപയോഗിക്കാം എന്നൊരു പരീക്ഷണം നടത്തിയതാണിത്. ആദ്യം കാണുന്ന ചിത്രം “പതിവു കാഴ്ചകളിലെ” സന്ദര്‍ശകരുടെ അഡ്രസ്സ് കാട്ടുന്ന ഒരു ഗാഡ്ജറ്റാണ്. അതില്‍ എന്റെ ഐ.പി അഡ്രസ്സ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് ശ്രദ്ധിക്കുക.

ബി.എസ്. എന്‍ എലിന്റെ സര്‍വ്വീസ് ഉപയോഗപ്പെടുത്തുന്നു എന്ന സൂചനയാണതില്‍ കാണുന്നത്. ഇതു തന്നെ ബി.എസ്.എന്‍.എല്‍ സേര്‍വറുകള്‍ (കൊച്ചി, മഞ്ചേരി, കോഴിക്കോട്, തുടങ്ങി) മാറുന്നതിനനുസരിച്ച് വ്യത്യാസപ്പെട്ടുകൊണ്ടേ ഇരിക്കും. ഈ സാഹചര്യത്തില്‍ ഒരു ഐ.പി ചേഞ്ചിംഗ് ടൂള്‍ പയോഗപ്പെടുത്തിയ ശേഷം ബ്ലോഗ്ഗില്‍ കയറിയ എനിക്ക് അമേരിക്കയിലുള്ള ഒരു ഐ.പി. അഡ്രസ്സായി എന്റെ അഡ്രസ്സ് മാറിയിരികുന്നതായാണ് കാണാനായത്.ഇടതു വശത്തെ ചിത്രം ശ്രദ്ധിക്കുക. പ്രൊവൈഡര്‍ നോബിസ് ടെക്നോളജി ഗ്രൂപ്പ്.

തുടര്‍ന്ന് വീണ്ടും ഒന്നു കൂടി അഡ്രസ്സ് ചേഞ്ച് കൊടുത്തു. ഇത്തവണ കയ്യില്‍ തടഞ്ഞത് ബ്രിട്ടണണാണ്. പോണ്ട് ഹോസ്റ്റ് ഇന്റര്‍നെറ്റ് സര്‍വ്വീസസിന്റെ പേരിലുള്ള ഒരു ഐ.പി. ഇടതു വശത്തെ ചിത്രത്തില്‍ നോക്കുക. ഇതില്‍ എന്റെ ബ്രൌസര്‍ പോലും മാറ്റിയാണ് കാണാനാവുക. ഇത്തരത്തില്‍ ഫ്രീ വേര്‍ഷനില്‍ പോലും അഡ്രസ്സ് മാറ്റാന്‍ സാദ്ധ്യമാവുന്ന അനേകം സോഫ്റ്റ് വെയറുകള്‍ ലഭ്യമാണ്. ഈ സാഹചര്യത്തിലാണ് കേവലം ഐ.പി. അഡ്രസ്സ് പിടികൂടി എന്ന് അവകാശപ്പെട്ട് പരസ്പരം പോരടിക്കാന്‍ ബൂലോകര്‍ തയ്യറെടുക്കുന്നത്. അതും ഉറ്റ ചങ്ങാതിമാരായി നടന്നവര്‍ പോലും.

കുറിപ്പ്:
ഇതൊരു ആധുനിക കണ്ടുപിടുത്തം എന്ന നിലയിലല്ല ഇവിടെ അവതരിപ്പിക്കുന്നത്.
ഈ അഡ്രസ്സ് ചേഞ്ചറുകള്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന ഫലം മാത്രമേ നല്‍കുകയുള്ളൂ. ഗൌരവമായ ഒരു അന്വേഷണം നടത്തിയാല്‍ ഒറിജിനല്‍ ഐ.പി ലഭിക്കും എന്നാണ് അറിയാനായത്, അല്പം ബുദ്ധിമുട്ടാണെങ്കിലും. എന്നിരുന്നാലും ബൂലോകത്തെ ഐ.പി. കളികളില്‍ വളരെ പെട്ടന്നു തന്നെ കബളിപ്പിക്കപ്പെടാനുള്ള സാദ്ധ്യത ചൂണ്ടിക്കാട്ടുകയാണ്. പുതിയതായി വരുന്ന ബ്ലോഗ്ഗര്‍മാരെങ്കിലും ഇത് ശ്രദ്ധിക്കും എന്നു പ്രതീക്ഷിക്കുകയാണ്, ഒരു പക്ഷെ നിങ്ങള്‍ക്ക് ലഭിക്കുക തെറ്റായ വിവരങ്ങളായിരിക്കും.

3/04/2009

മനേകാ ഗാന്ധിയും മുയലുകളും

മാതൃഭൂമി വാരാന്ത്യപ്പതിപ്പിലെ സ്ഥിരം പംക്തികളിലൊന്നാണ് ശ്രീമതി. മനേകാ ഗാന്ധിയുടെ "അരുമ". മൃഗങ്ങള്‍ക്ക് നേരെ നടക്കുന്ന ക്രൂരതകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വിവരിക്കുന്ന ഈ പംക്തി, പലപ്പോഴും അബദ്ധജഠിലങ്ങളായ പ്രസ്താവനകള്‍ നിറഞ്ഞതായിരിക്കുമെന്ന് പറയുന്നതിന് മടി തോന്നുന്നില്ല. ഭാരത്തിലെ ജന്തുസ്നേഹത്തിന്റെ പര്യായമാണ് മനേക ഗാന്ധി എന്ന വ്യക്തി. എന്നാല്‍ പലകുറിപ്പുകളും ഈ ഗൌരവം തിരസ്കരിക്കുന്നു എന്നു പറയാതെ വയ്യ. ജനങ്ങളില്‍, പ്രത്യേകിച്ചും മൃഗസ്നേഹം മനസ്സില്‍ സൂക്ഷിക്കുന്നവരും എന്നാല്‍ മൃഗങ്ങളുമായി നേരിട്ട് ബന്ധമില്ലാത്തവരുമായ അനേകരില്‍ തെറ്റിദ്ധാരണയും ഭീതിയും പടര്‍ത്തുവാനാണ് ഇത്തരം കുറിപ്പുകള്‍ ഏറെ ഉതകുന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്ന് ഞായറാഴ്ച മാതൃഭൂമിയില്‍ വന്ന, "ക്രൂരത മുയലിനോടും" എന്ന കുറിപ്പ് ഇതില്‍ അവസാനത്തേതാണ്. ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം.


"മുയല്‍ വളര്‍ത്തല്‍ പഠിക്കാന്‍ ഉദ്യോഗസ്ഥര്‍ വിദേശ യാ‍ത്ര നടത്തി , ഷോപ്പിങ് മാളുകളും നിശാക്ലബ്ബുകളും സന്ദര്‍ശിച്ചു മടങ്ങി" എന്ന ആദ്യ വരി തന്നെ ലേഖനത്തിന്റെ നിലവാരം വെളിവാക്കുന്നു. രണ്ടാം ഖണ്ഡികയിലെ "വിവരമില്ലാത്ത രാഷ്ടീയക്കാരും, മണ്ടന്മാരായ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും" എന്ന വിശേഷണങ്ങളാവട്ടെ ചില്ല്ലിട്ടു സൂക്ഷിക്കേണ്ടതാണ്. ലോകസഭാ തിരഞ്ഞെടുപ്പ് രാഷ്ടീയവുമായി പണ്ടുണ്ടായ ബന്ധത്തില്‍ നിന്നും ഉരുത്തിരിഞ്ഞ സ്വയം വിലയിരുത്തലായി ആദ്യ ഭാഗത്തെ കാണാമെങ്കിലും രണ്ടാമത്തെ ഭാ‍ഗം ഏതു ഗവേഷണ ഫലമാണെന്ന് വ്യക്തമാക്കെണ്ടതായിരുന്നു.

കേവലം ഒന്നോ രണ്ടോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി മുയല്‍ വളര്‍ത്തല്‍ എന്ന പദ്ധതി തന്നെ ക്രൂരതയാണെന്നും, പരാജയമാണെന്നും സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയാണ് ലേഖിക. വിദേശ ജനുസുകളെ ഇറക്കുമതി ചെയ്തതാണ് സര്‍വ്വ പ്രശ്നങ്ങള്‍ക്കും കാരണം എന്നു പറഞ്ഞുവക്കുന്ന ഇവര്‍ , നൂറു ശതമാനവും വിദേശിയായ ബ്രോയിലര്‍ കോഴി വ്യവസായത്തിന്റെ വിജയം കണ്ടില്ലെന്നു നടിക്കുകയാണ്. ഇതിന് ആധാരമാക്കുന്നതാവട്ടെ പേരെടുത്ത് പറയാത്ത ഏതോ ഒരു വെബ് സൈറ്റും. ശാസ്ത്രവുമായി പുലബന്ധം പോലുമില്ലാത്ത പലകാര്യങ്ങളും വിവരിക്കുന്ന ഇത്തരം വെബ് സൈറ്റുകള്‍ ആധാരമാക്കുന്നതാവാം ശ്രീമതി. മനേകാ ഗാന്ധിക്കു പറ്റുന്ന തെറ്റെന്ന് സമാശ്വസിക്കാം.

താന്‍ സന്ദര്‍ശിച്ചു എന്നു പറയപ്പെടുന്ന ചില ഫാമുകളിലെ സ്ഥിതി വിവരക്കണക്കുകള്‍ എത്രമാത്രം വിശ്വാസ യോഗ്യമാണെന്ന് പരിശോധിക്കതന്നെ വേണ്ടി വരും. മുയലുകളിലെ മരണനിരക്ക്, പെണ്‍ മുയലുകളിലെ ക്രമാതീതമായ മരണ നിരക്ക് , മുയല്‍ കുഞ്ഞുങ്ങളുടെ മരണ നിരക്ക് തുടങ്ങിയവയൊന്നും തന്നെ യാഥാര്‍ത്ഥ്യത്തൊട് ചേര്‍ന്നു നില്‍ക്കുന്നില്ല. കേരള‍ത്തിലെ സാഹചര്യങ്ങളില്‍ പോലും നടത്താവുന്നതും നടത്തി വരുന്നതുമായ മുയല്‍ വളര്‍ത്തല്‍, താരതമ്യേന “വളര്‍ത്തു ചിലവ്“ കുറവായ ഉത്തരേന്ത്യയില്‍ എന്തു കൊണ്ട് പരാജയമാവുന്നു (അങ്ങിനെ ആണ് യാഥാര്‍ത്ഥ്യമെങ്കില്‍) ഗൌരവമായി പരിശോധിക്കേണ്ടതുണ്ട്.

ഏതൊരു പുതിയ സംരഭങ്ങള്‍ ആരംഭിക്കുമ്പോളും കണക്കിലെടുക്കേണ്ടുന്ന ചില സംഗതികള്‍ മുയല്‍ വളര്‍ത്തലിലും ബാധകമാണെന്ന് വിസ്മരിക്കുന്നില്ല. ഇവയില്‍ ചിലതാണ് അസംസ്കൃത വസ്തുക്കളുടെ ലഭ്യത, വിപണി, ആവശ്യമായ ബോധവല്‍ക്കരണം. ഇവയില്ലാത്ത എല്ലാ സംരഭങ്ങളും പരാജയപ്പെടുക തന്നെ ചെയ്യും.

ഏതായാലും മേലിലെങ്കിലും കൂടുതല്‍ ഗൌരവമാ‍യ ഒരു സമീപനം മനേകാ ഗാന്ധിയെന്ന മൃഗസ്നേഹിയുടെ ഭാഗത്തു നിന്നും ഉണ്ടാവും എന്ന പ്രതീക്ഷയില്‍, ഈ കഴിഞ്ഞ മാസം പുറത്തിറങ്ങിയ സര്‍ക്കാര്‍ പ്രസിദ്ധീകരണമായ കേരള കര്‍ഷകനിലെ ഒരു ലേഖനം സ്കാന്‍ ചെയ്തു ചേര്‍ക്കുന്നു, ക്ലിക്കി വലുതാക്കി വായിക്കുമല്ലോ.