4/10/2010

ചില ബ്ലോഗ് ചിന്തകള്‍

ഇപ്പോള്‍ മാന്ദ്യകാലമാണ്.ബ്ലോഗിനും അതില്‍ നിന്നും വിട്ടുനില്‍ക്കാനാവില്ലെന്ന് തെളിയിക്കുന്നതാണ് ഇന്നത്തെ മലയാളം ബ്ലോഗിന്റെ അവസ്ഥ എന്നു തോന്നുന്നു.സര്‍ഗ്ഗാത്മകതയുള്ള സൃഷ്ടികള്‍ കുറവ്, സാമൂഹിക വിഷയങ്ങളുമായി സംവദിച്ചിരുന്ന ഉശിരന്‍ ചര്‍ച്ചകള്‍ കുറവ്, ഏതു വിഷയത്തിലും ബ്ലോഗ് പോസ്റ്റുകള്‍ കുറവാണെന്ന് നിസ്സംശയം പറയാം. ഇക്കഴിഞ്ഞ ഒരു വര്‍ഷമായി എന്തെന്ത് വിവാദ വിഷയങ്ങളിലൂടെ ഇന്ത്യന്‍ സമൂഹവും അതിനൊപ്പം കേരളീയ സമൂഹവും കടന്നുപോയി. പതിവിനു വിപരീതമായി ഇവയൊന്നും മലയാളം ബ്ലോഗോസ്ഫിയറില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. നോവലൈറ്റുകളുടെ തലത്തിലേക്കുയര്‍ന്ന് അസ്വാദ്യമായ വായന സമ്മാനിച്ച ഡയറിക്കുറിപ്പുകളും കാണ്മാനില്ല. ഇവയുടെ നഷ്ട ബോധത്തെക്കാള്‍ ഭയാനകം ചില പുതു പ്രവണതകളാണ്. ഈ വിടവിലേക്ക് അടുത്തിടെ അരിച്ചിറങ്ങിയ, നിരര്‍ത്ഥകമായ ചര്‍ച്ചകളുയര്‍ത്തി മലിനീകരണം മാത്രം സൃഷ്ടിക്കുന്ന ചില അവതരണങ്ങള്‍.

അമേരിക്കന്‍ സാമ്പത്തിക മാന്ദ്യം അവിടെ മാര്‍ക്സിന്റെ “മൂലധനം” എന്ന ഗ്രന്ധത്തിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചത്രെ. എന്നാല്‍ അത്രപോലും ഗുണപരമായ മാറ്റം ബ്ലോഗിലെ ഈ മാന്ദ്യം സംഭാവന ചെയ്യുമെന്ന് തോന്നുന്നില്ല. “താനിരിക്കണ്ടിടത്ത് താനിരുന്നില്ലെങ്കില്‍ അവിടെ നായിരിക്കും” എന്ന പഴമൊഴി സാധൂകരിക്കുന്ന ചില ചര്‍ച്ചകളാണ്, ഖുറാനാണോ ബൈബിളാണോ ദൈവം നേരിട്ട് എക്സ്പോര്‍ട്ട് ചെയ്തതെന്ന ചില അന്വേഷണങ്ങള്‍ വാരിയിടുന്നത്. ഘടികാര സൂചികള്‍ ഇടത്തോട്ട് തിരിഞ്ഞാലാണോ അതോ വലത്തോട്ട് തിരിഞ്ഞാലാണോ സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുക എന്ന അന്വേഷണത്തോളം നിരര്‍ത്ഥകമാണ് ഈ ചര്‍ച്ചകള്‍ എന്നേ പറയാനുള്ളൂ. ദൈവത്തിന്റെ ഡയറിക്കുറിപ്പ് ബൈബിളായാലും ഖുറാനായാലും മനുഷ്യന്റെ വിശപ്പെന്ന സംഗതിക്ക് പരിഹാരം ആവുകയില്ല, വിശപ്പ് മാറ്റാന്‍ പര്യാ‍പ്തമല്ലാത്ത ഒന്നും അടിസ്ഥാന ചര്‍ച്ചകളില്‍ ഇടം പിടിക്കുകയുമില്ല. ചോറിന്‍ വറ്റുകള്‍ എല്ലില്‍ കുത്തുന്നവനുമാത്രമേ ഇത്തരം ചര്‍ച്ചകള്‍ ആസ്വാദ്യമാവൂ.

പറഞ്ഞു വരുന്നത്, ഒരു സ്വയം വിമര്‍ശനത്തിനു സമയമായി എന്നതാണ്. ഇന്റര്‍ നെറ്റ് നിലനില്‍ക്കുന്നിടത്തോളം കാലം ഈ ലോകത്തു ചുറ്റിത്തിരിയാവുന്ന ഈ അക്ഷരങ്ങള്‍ ഗുണപരമായി വിനിയോഗിക്കാന്‍ എല്ലാ ബൂലോകരും മുന്നോട്ട് വരിക എന്നാണ് എനിക്ക് മുന്നോട്ട് വക്കാനുള്ള നിര്‍ദ്ദേശം (ബ്ലോഗാലസ്യത്തില്‍ മയങ്ങിക്കിടക്കുന്ന ബൂലോക പുലികളെ ഉണര്‍ന്ന് ഗര്‍ജ്ജിക്കൂ എന്ന് സാരാശം).
എന്നാല്‍ ഇനി നിങ്ങള്‍ ഉണര്, ഞാന്‍ ഒന്നു മയങ്ങട്ടെ.

4/09/2010

തച്ചങ്കരിക്കെന്ത് സര്‍വ്വീസ് ചട്ടം

ടോമിന്‍ തച്ചങ്കരിയെന്ന പേര് വളരെ പ്രശസ്തമാണ്.അടുത്തിടെയായി പത്രങ്ങളില്‍ വെണ്ടക്കാ വലുപ്പത്തില്‍ നിരക്കുന്ന ഒരു വിഷയവും ഇതു തന്നെ.
അനുമതിയില്ലാതെ ടിയാന്‍‍ വിദേശത്തുപോയത് ശരിയോ തെറ്റോ?

അനുമതി വാങ്ങി മാത്രം ചെയ്യേണ്ടുന്ന ഒരു പ്രവര്‍ത്തി അനുമതിയില്ലാതെ ചെയ്താല്‍ അത് തെറ്റും ശിക്ഷാര്‍ഹവും ആണെന്ന കാര്യത്തില്‍ അര്‍ക്കും സംശയമുണ്ടാവാനിടയില്ല. പക്ഷെ നമ്മുടെ മാദ്ധ്യമ പുങ്കവന്മാര്‍ക്ക് അതും ചര്‍ച്ചാ വിഷയമാണ്, വിഷയ ദാരിദ്ര്യം എന്നല്ലാതെ എന്തു പറയാന്‍ !!

വിദേശയാത്രാ വാര്‍ത്ത വന്നതോടെ താന്‍ ജമ്മുവിലായിരുന്നു എന്ന് കളവ് പറഞ്ഞ് തടിതപ്പാനാണ് ഇദ്ദേഹം ശ്രമിച്ചതെന്നതില്‍ പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നിയില്ല. പക്ഷെ താന്‍ മാത്രമല്ല മറ്റു പലരും അനുമതിയില്ലാതെ വിദേശത്തുപോയിട്ടുണ്ടെന്നും, അവരുടെ ലീവ് റാറ്റിഫൈ ചെയ്യപ്പെട്ടിട്ടുണ്ടന്നും, തനിക്കു മാത്രം ഔദാര്യം കിട്ടുന്നില്ല എന്നും മറ്റുമുള്ള വിലാപം അല്പം കൌതുകമാണ് ഉണ്ടാക്കിയത്. താന്‍ മാത്രമല്ല വേറെ ആളുകളും മോഷണം നടത്താറുണ്ടെന്നും അവരെ ഒന്നും നാട്ടുകാര്‍ തല്ലിയില്ലല്ലോ എന്നും ഒരു മോഷ്ടാവ് ചോദിക്കുന്ന തരത്തിലേക്ക് താണ ഒരു നടപടി ആയിപ്പോയി അതെന്ന് പറയുന്നതില്‍ അല്പം ഖേദമുണ്ട്.നടപടി പൂര്‍ത്തിയായി ക്ലോസ് ചെയ്ത മുന്‍ വിദേശയാത്രാ ഫയലുകളിലെ ഉദ്യോഗസ്ഥര്‍ നിലവില്‍ കുറ്റവിമുക്തരാണെന്ന് ഇദ്ദേഹത്തിന് അറിയാതെ പോയോ? എന്തായാലും എന്തെങ്കിലും കാണാതെ ഈ അതിബുദ്ധി കാണിക്കാനിടയില്ലല്ലോ, അതിന്റെ ഫലമായിരിക്കാം സസ്പെന്‍ഷന്‍ സ്റ്റേ ചെയ്തുകൊണ്ടുള്ള ട്രൈബ്യൂണലിന്റെ വിധി. ബാക്കിക്കായ് കാത്തിരിക്കാം.

ഏഷ്യാനെറ്റ് ന്യൂസില്‍ ഇന്നത്തെ ചര്‍ച്ച ഈ വിഷയം തന്നെ, “സസ്പെന്‍ഷന് സ്റ്റേ വന്നത് സര്‍ക്കാരിന് തിരിച്ചടി അല്ലെ?” ആണോ എന്നതല്ല ചോദ്യം അല്ലെ എന്നാണ്.

ഓഫ്ഫ് ടോപ്പിക്:
“ചിക് ചാം ചിറകടി”യുടെ എം.പി 3 കിട്ടാനെന്തങ്കിലും വഴിയുണ്ടോ?