12/30/2008

നവയുഗ വൃദ്ധ സദനങ്ങള്‍

ജീവിതക്രമം ത്വരിത ഗതിയിലാകുന്നതിനനുസൃതം നാം അവനവനിലേക്കു തന്നെ ഒതുങ്ങിക്കൂടുന്ന കാലഘട്ടമാണിത്. അണുകുടുംബ വ്യവസ്ഥ സര്‍വ്വ സാധാരണമായി മാറിയ ഈ അവസ്ഥയില്‍ ഏറെ ശക്തി പ്രാപിക്കുന്ന രണ്ടാണ് വൃദ്ധസദനങ്ങള്‍ എന്ന ആശയവും, ഇവിടേക്ക് മാതാപിതാക്കളെ കുടിയിരുത്തുന്ന പുതു തലമുറയും. പണത്തിന്റെ അളവനുസരിച്ച് വ്യത്യസ്ഥ സുഖസൌകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വൃദ്ധ സദനങ്ങള്‍ നാട്ടിന്‍ പുറങ്ങളില്‍ പോലും ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു.ഇത്തരം സ്ഥാപനങ്ങളില്‍ പൊതുവായ മേല്‍നോട്ട ക്രമമാണിന്നു നില്‍നില്‍ക്കുന്നത്. ഏതാണ്ട് ഒരേ മാനസികാവസ്ഥയിലുള്ള വൃദ്ധജനങ്ങളാവട്ടെ പരസ്പരം പൊരുത്തപ്പെട്ട് ജീവിക്കുകയും , അപൂര്‍വ്വം ചിലര്‍ യാഥാര്‍ത്ഥ്യത്തോട് പുറം തിരിഞ്ഞ് കശപിശ കൂട്ടുകയും ചെയ്യുന്നു. ഇതിന്റെ നടത്തിപ്പിന് ഒരു വെല്ലുവിളിയുയര്‍ത്തുന്ന ഒരു വിഭാഗമാണ് ചെറു മനോവൈകല്യങ്ങളുള്ള വൃദ്ധര്‍‍.

മനോരോഗ കേന്ദ്രങ്ങളിലേക്കു മാറ്റപ്പേടേണ്ട സ്ഥിതിയില്‍ അല്ലാത്തവരും, എന്നാല്‍ താരതമ്യേന നിത്യ ജീവിതവുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തവരുമായ വൃദ്ധജനങ്ങള്‍ പുതുതലമുറക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. നിലവിലുള്ള സ്ഥാപനങ്ങളിലാവട്ടെ ഇവര്‍ക്കായി പ്രത്യേക പരിഗണന നല്‍കുന്ന സ്ഥിതി ഇന്നില്ല.

ചെറു മനോവൈകല്യങ്ങളുള്ള വൃദ്ധജങ്ങള്‍ക്കായ് മാത്രം പ്രത്യേക സദങ്ങള്‍ ആരംഭിക്കണ്ടതിന്റെ ആവശ്യകതയിലേക്കാണിതു വിരല്‍ ചൂണ്ടുന്നത്. കാലഘട്ടത്തിന്റെ ആവശ്യമാണത്.

ഒരു വിദഗ്ധോപദേശം (പിന്നീട് കിട്ടിയത്)

മനോരോഗമൂള്ള അമ്മമാരുടെ മക്കള്‍ വിവാഹിതരാവാതെ അവരെ നോക്കി ജീവിതം ചിലവഴിക്കുക എന്നതാണ് ‍ഒരു പരിഹാരം.

12/24/2008

എല്‍.ഇ.ഡി എമര്‍ജസി വിളക്ക്

നമ്മുടെ നാട്ടിലെ വൈദ്യുത സംവിധാനം നിമിത്തം, ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഒന്നാണ് എമര്‍ജസി വിളക്കുകള്‍. സാധാരണ് ട്യൂബ് (7 വാട്ട് ) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിളക്കുകള്‍ സര്‍വ്വസാധാരണമായിരുന്നെങ്കില്‍ , സി.എഫ്.എല്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നവയുടെ വരവോടെ ഇവ അപ്രത്യക്ഷമാവാനാരംഭിച്ചു. ഫലത്തില്‍ ഒരു ഇ.വേസ്റ്റ്. ഇവയെ ഫലപ്രദമായി പുനരുപയോഗം ചെയ്യാന്‍ ഒരു ചെറു പ്രോജക്റ്റ് ഇതാ.പഴയ എമര്‍ജസി വിളക്കുകള്‍ അഴിച്ച്, വിവിധ ഘടകങ്ങളാക്കുക എന്നതാണ് ഒന്നാമത്തെ ഘട്ടം.

6/7 വാട്ട് ട്യൂബുകള്‍ ശ്രദ്ധിക്കുക
കേയ്സ് - ഇതില്‍ മാറ്റമൊന്നും വരില്ല.
ഇതാണ് പ്രധാന ബോര്‍ഡ്. അടയാളപ്പെടുത്തിയിരിക്കുന്ന ട്രാന്‍സ്ഫോര്‍മര്‍, റസോണന്‍സ് / സ്റ്റാര്‍ട്ടിംഗ് കപ്പാസിറ്റര്‍ എന്നിവ ഊരിമാറ്റുക. ഓസിലേറ്റര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന രണ്ടു ട്രാന്‍സിസ്റ്ററുകളും (2SD 882) സ്വിച്ചായാണ് ഇനിപ്രവര്‍ത്തിക്കുക.

ഇവ സമാന്തരമായി വയര്‍ ചെയ്യുകയാണ് അടുത്ത ജോലി. രണ്ടു ട്രാന്‍സിസ്റ്ററുകളുടേയും ബേസുകള്‍ തമ്മിലും, കളക്റ്ററുകള്‍ തമ്മിലും യോജിപ്പിക്കുക. ഒരെണ്ണം ഊരിമാറ്റിയാലും മതിയാവുന്നതാണ്, എങ്കിലും നിലവിലുള്ള ഘടകങ്ങള്‍ ഉപേക്ഷിക്കാതെ , കൂടുതല്‍ ആയുസ്സ് പ്രതീക്ഷിച്ചു ചെയ്യുന്നതാണിത്.

ട്യൂബ് ഫിറ്റ് ചെയ്തിരുന്ന റിഫ്ലകര്‍ ബോഡില്‍ നിന്നും ട്യൂബും ഹോള്‍ഡറും ഊരിമാറ്റുക. 20 എല്‍.ഇ.ഡി.കളാണ് ഉപയോഗിച്ചത് (ഏകദേശം 500 മില്ലി.ആമ്പിയര്‍ കണക്കാക്കി). ആവശ്യാനൂസരണം തുളകള്‍ ഇട്ട് എല്‍.ഇ.ഡി. ബള്‍ബുകള്‍ ഉറപ്പിച്ച് എപ്പൊക്സി ഇട്ട് ബലപ്പെടുത്തുക.


രണ്ട് എല്‍.ഇ.ഡി കള്‍ ശ്രേണിയായി ബന്ധിപ്പിക്കവഴി പ്രവര്‍ത്തന വോള്‍ട്ടേജ് 6.1 ആവുന്നു. റസിസ്റ്ററുകള്‍ ഇല്ലാതെ തന്നെ ഇവ ഘടിപ്പിക്കാം എന്നിരുന്നാലും ,ഫുള്‍ ചാര്‍ജ് കണ്ടീഷനില്‍ കരണ്ട് കൂടുതലായേക്കാം എന്ന ഭയത്താല്‍ 4.7 ഓംസ് റസിസ്റ്ററുകള്‍ ലൈനില്‍ ഘടിപ്പിച്ചിരിക്കുന്നു. (വാല്യൂ അഡ്ജസ്റ്റ് ചെയ്തതാണ്, കരണ്ട് അളന്നതിനനുസരിച്ചു).
അനോഡില്‍ നിന്നുമുള്ള വയര്‍ സ്വിച്ചിനു ശേഷമുള്ള പോസിറ്റീവിലും, കാഥോട് ടെര്‍മിനല്‍, യോജിപ്പിക്കപ്പെട്ട കളക്റ്റര്‍ പോയന്റിലും ഘടിപ്പിക്കുക.

ചാര്‍ജര്‍, ഓട്ടോമാറ്റിക് സ്വിച്ചിംഗ്‍ , എന്നീ സര്‍ക്യൂട്ടുകളില്‍ മാറ്റം ഒന്നും തന്നെ ഇല്ലാത്തതിനാല്‍ അതേപ്പറ്റി പരാമര്‍ശിക്കുന്നില്ല.

ബാറ്ററി, മറ്റു ഘടകങ്ങള്‍ ഇവ യഥാസ്ഥാനത്ത് ഉറപ്പിക്കുക, കേയ്സ് അടക്കുക, ചാര്‍ജ് ചെയ്യേണ്ടതാണെങ്കില്‍ ചാര്‍ജ് ചെയ്യുക, ഇതാ എല്‍.ഇ.ഡി. എമര്‍ജസി വിളക്ക് റെഡി.

സാധാരണ മാര്‍ക്കറ്റില്‍ ലഭിക്കുന്ന ലെന്‍സുള്ള ഇനം വെള്ള എല്‍.ഇ.ഡി.കള്‍ അല്ല ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ലെന്‍സില്ലാത്തതരം ബ്രൈറ്റ് എല്‍.ഇ.ഡി ആണ് ഉപയോഗിക്കേണ്ടത്.

ഏറ്റവും ലളിതമായ കണ്വേര്‍ഷനാണിത്. 100 -200 ഹേര്‍ട്സ് ഓസ്സിലേറ്റര്‍ സര്‍ക്യൂട്ട് ഉപയോഗിച്ചാല്‍ കൂടുതല്‍ പ്രകാശവും ക്ഷമതയും ലഭിക്കും. സാങ്കേതികമായ വിഷയം എന്ന നിലയില്‍ അത് ഉള്‍പ്പെടുത്തിയിട്ടില്ല.

12/20/2008

ക്ഷമാപണം, മറുമൊഴിയോട്

മറുമൊഴികളില്‍ മറിമായമോ എന്ന് ചോദിച്ചുകൊണ്ട് ഇന്നലെ ഒരു പോസ്റ്റിട്ടിരുന്നു. എന്റെ ബ്ലൊഗ്ഗിലെ കമന്റുകള്‍ പൊടുന്നനവെ അവിടെ വരാതായതായിരുന്നു കാരണം. ഇട്ട പോസ്റ്റിന്റെ വിഷയവും, കിട്ടിയ ചില ഫീഡ് ബാക്കുകളും കാരണം കമന്റുകള്‍ ഫില്‍റ്റര്‍ ചെയ്യപ്പെട്ടൊ എന്നൊരു നിമിഷം ശങ്കിച്ചു , ഉടന്‍ പോസ്റ്റാക്കി.

അതോടൊപ്പം സിയ ക്ക് ഒരു മെയില്‍ അയച്ചു, വിഷയം തിരക്കാമെന്നു മറുപടി ലഭിച്ചെങ്കിലും പൊസ്റ്റ് മാറ്റിയില്ല. ഇന്ന് മറുമൊഴി സംഘം ഈ പ്രശം പരിശോധിക്കുകയും കമന്റ് ടെമ്പ്ലേറ്റ് മാറിയതാണ് കാരണം എന്നു കണ്ടെത്തുകയും ചെയ്തു.

സിയ ചോദിച്ചപോലെ എന്താണ് പ്രശ്നം എന്നു മനസ്സിലാവുന്നതിനു മുമ്പ് ധൃതിയില്‍ പോസ്റ്റിട്ടത് എന്റെ ഭാഗത്തു നിന്നുമുണ്ടായ ഒരു തെറ്റായിപ്പോയി.

അതിനു മറുമൊഴിസംഘത്തോടും, സിയായോടു വ്യക്തിപരമായും ക്ഷമ ചോദിക്കുന്നു.

ഒപ്പം പ്രശ്നം ഇത്ര പെട്ടന്ന് പരിഹരിച്ചതില്‍ മറുമൊഴി സംഘത്തിനു അഭിനന്ദനം അറിയിക്കുകയും ചെയ്യുന്നു.

12/18/2008

സ്ത്രീയും ഇസ്ലാമും

ഇ.എ.ജബ്ബാര്‍ മാഷിന്റെ കഴിഞ്ഞ പോസ്റ്റ് വായിച്ച്, മനസ്സില്‍ പടര്‍ന്ന അമ്പരപ്പുമായി ഒരു പോസ്റ്റിടട്ടെ. മാഷിന്റെ പോസ്റ്റ് വായിക്കുക.

സ്ത്രീ യഥാര്‍ത്ഥ ഇസ്ലാമില്‍ !

ജബ്ബാര്‍ മാഷിനു ആരുടേയും വക്കാലത്തോ പരസ്യങ്ങളോ ആവശ്യമില്ല. പക്ഷെ വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ട ചില കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഈ വിഷയങ്ങളില്‍ നേരിട്ട് ഒരു പഠനമോ വിശകലനമോ നടത്താന്‍ മോഹമുണ്ടെങ്കിലും കഴിവില്ലാത്തതിനാല്‍ പരസഹായം തേടുന്നു.

പോസ്റ്റില്‍ നിന്നും മഹറിനെപ്പറ്റി ചില വരികള്‍:

നിക്കാഹിന്റെ വേളയില്‍ വധുവിന് നല്‍കുന്ന ‘മഹര്‍ ’ വധുവിനെ ആദരിക്കാനുള്ള ഒരു ഗിഫ്റ്റാണെന്നാണല്ലോ ഇപ്പോള്‍ ഇസ്ലാം വക്താക്കള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ എന്താണു മഹറെന്നും അതു നല്‍കുന്നതെന്തിനാണെന്നും ഇസ്ലാമിന്റെ നിയമസംഹിതയും കര്‍മ്മശാസ്ത്രവും വിശദീകരിക്കുന്നത് ഇതാ കാണുക :

“സംയോഗത്താലോ വിവാഹത്താലോ പുരുഷന്‍ സ്ത്രീക്കു കൊടുപ്പാന്‍ നിര്‍ബ്ബന്ധമായ ഒന്നാണു മഹര്‍ ...ഒരു വസ്തുവിന്റെ വിലയെന്ന നിലയ്ക്കു സ്വീകാര്യമായിട്ടുള്ളവയെല്ലാം മഹറെന്ന നിലയ്ക്കും സ്വീകാര്യം തന്നെ. അത് എത്ര തുഛമായാലും വിരോധമില്ല. മഹറായി പറയുന്നത് ഗുഹ്യസ്ഥാനമനുവദനീയമാകുന്നതിനു പകരമായി കൊടുക്കുന്നതായതാണിതിനു കാരണം. ...ശുഭ് ഹത്തായ സംയോഗത്തിലെന്നപോലെ ദുര്‍ബ്ബലപ്പെട്ട വിവാഹം വഴിക്കോ അസാധുവായ വാങ്ങല്‍ വഴിക്കോ നടത്തിയ സംയോഗത്തിലും തുല്യ മഹറിനു അവന്‍ നിര്‍ബ്ബന്ധിതനാകുന്നു. അവളുടെ ഗുഹ്യപ്രദേശത്തിന്റെ പ്രയോജനം അവന്‍ പൂര്‍ണ്ണമായ നിലയില്‍ അനുഭവിച്ചതാണ് ഇതിനു കാരണം. വരന്റെ ലിംഗാഗ്രം വധുവിന്റെ യോനിയില്‍ പ്രവേശിക്കുന്ന പക്ഷം കന്യാചര്‍ന്മ്മം നീങ്ങിയില്ലെങ്കിലും ശരി, തന്മൂലം മഹര്‍ മുഴുവന്‍ സ്ഥിരപ്പെടുന്നതാണ്.” (ഫത് ഹുല്‍ മുഈന്‍ . ഭാഗം 3. പേജ് 140).

ഇതിനെക്കുറിച്ച് അറിവുള്ളവര്‍ വിശദമാക്കുമെന്നു കരുതുന്നു.

12/15/2008

തലമുറകള്‍ വിടവാങ്ങുമ്പോള്‍

കാലചക്രം അനുസ്യൂതം തിരിഞ്ഞുകൊണ്ടിരിക്കുന്നു.
തലമുറകള്‍ കൊഴിയുകയും പുതിയവ ആ സ്ഥാനം ഏറ്റെടുക്കയും ചെയ്യുന്നു,പ്രകൃതി നിയമമാണിത്.
ഓരോ തലമുറയും അവര്‍ ഉദയം ചെയ്യുന്ന സാമൂഹികവും സാംസ്കാരികവുമായ അന്തരീക്ഷത്തിനിണങ്ങും വിധം രൂപകല്‍പ്പന ചെയ്യപ്പെടുകയും, മാറിവരുന്ന സാഹചര്യത്തിനനുഗുണമായ രീതിയില്‍ സവിശേഷ സ്വഭാവങ്ങള്‍ ആര്‍ജ്ജിക്കയും ചെയ്യുന്നു. കാലപ്രയാണത്തില്‍‍ നമ്മുടെ സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ അതിവേഗതയിലായതിനാലാവണം, തലമുറകള്‍ തമ്മിലുള്ള വിടവ്, കാലഗണനക്ക് ആനുപാതികമല്ലാതെ വലുതായി ഇരിക്കുന്നത്. ചുറ്റുമൊന്നു കണ്ണോടിക്ക.

സ്വാഭാവിക പ്രകൃയയാണെങ്കിലും മുന്‍ തലമുറകളുടെ നഷ്ടം നികത്താനാവുന്നതാണോ?രാഷ്ട്രീയം, സാമൂഹികം, വിദ്യാഭ്യാസം തുടങ്ങിയ സമസ്തമേഖലകളിലും ഈ നഷ്ടങ്ങള്‍ സൃഷ്ടിച്ച വിടവുകള്‍ നികത്തപ്പെടാതെ കിടക്കുന്നു. നമുക്കു വഴികാട്ടികളായി മുമ്പേ നടന്നു മറഞ്ഞ ഒരു തലമുറമാത്രം എത്രമാത്രം ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷികളും ഭാഗഭാക്കുകളുമായിരുന്നു എന്നോര്‍ത്തുനോക്കുക. ഇന്നിന്റെ പ്രതിനിധികള്‍ ഏതെങ്കിലും രീതിയില്‍ രണ്ടാം തരക്കാരാണെന്നല്ല സൂചിപ്പിക്കാനാഗ്രഹിക്കുന്നത്, മറിച്ച് അനുഭവങ്ങളേകുന്ന പ്രായോഗിക പാഠങ്ങളുടെ അഭാവം പലമേഖലകളിലും നിഴലിക്കുന്നു എന്ന വസ്തുത ചൂണ്ടിക്കാട്ടുകയാണ്. സാമൂഹികപ്രവര്‍ത്തനം എന്നത് സഹജീവികളോടുള്ള സ്നേഹത്തില്‍ നിന്നും ഉടലെടുത്തിരുന്ന ഒന്നായിരുന്നെങ്കില്‍ ഇന്നത് കൊടികളുടെ നിറങ്ങള്‍ കടുപ്പിക്കാനുള്ള ഉപാധിയായി ഒന്നായി മാത്രം പരിണമിച്ചിരിക്കുന്നുന്നു. പ്രക്ഷോഭസമരങ്ങളിലും ,പൊതു ജീവിതത്തിലും തിളങ്ങിനിന്ന വ്യക്തിത്വങ്ങളെ ദേശനിര്‍മ്മണത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുമ്പ് ശ്രദ്ധപതിപ്പിച്ചിരുന്നുവെങ്കില്‍, രാഷ്ടീയം എന്നത് ഇന്ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തി നിയമനം നല്‍കപ്പെടുന്ന ഒരു തസ്തികയായി മാറിയിരിക്കുന്നു.

താരതമ്യേന മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളില്‍ പിറന്ന പുതു തലമുറയാകട്ടെ ചരിത്രത്തോടു പുറം തിരിഞ്ഞു നില്‍ക്കുകയാണ്. സ്വാതന്ത്ര്യം, ദേശരക്ഷ, വര്‍ഗ്ഗീയത ഇവയൊക്കെ ചര്‍ച്ചാവിഷയമാകുന്നത് ഈ സമീപനങ്ങളാലാണ്. അടിമത്തത്തിന്റെ കൈപ്പുനീര്‍ കുടിച്ച് , ഇന്ത്യന്‍ ദേശീയ പ്രക്ഷോഭങ്ങളുടേയും മറ്റും സാക്ഷ്യവുമായി നമ്മെ നയിക്കുകയും കൂട്ടിയിണക്കുകയും ചെയ്തിരുന്ന തലമുറകള്‍ ഓരോന്നായ് എരിഞ്ഞടങ്ങുന്നു. വരും കാലഘട്ടത്തില്‍ നാം അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികളിലൊന്നും ഈ കണ്ണികളുടെ അഭാവമാവും. പരിഹാരം ഒന്നേയുള്ളൂ, ചരിത്രത്തെ മാറോടു ചേര്‍ക്കുക. പിതാമഹന്മാര്‍ കൈമാറി നല്‍കിയ പൈതൃക സ്വത്തായ നന്മ മനസ്സിലേറ്റുക.

കടമ്മനിട്ടയുടെ വരികള്‍ കടമെടുക്കട്ടെ,

"നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്"

12/01/2008

ഗൂഗിള്‍ എര്‍ത്തും ചില സുരക്ഷാ ചിത്രങ്ങളും

ദൃശ്യമാദ്ധ്യമങ്ങള്‍ രാജ്യരക്ഷയെ ഒറ്റുകൊടുക്കുന്നു, ആയതിനാല്‍ അവരെ തൂക്കിക്കൊല്ലുവിന്‍ എന്ന് ആഹ്വാനം ബൂലോകത്ത് അലയടിക്കുന്നു. നമ്മുടെ നഗരങ്ങളുടെ നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കി നാം ഭീകരരെ ആകര്‍ഷിക്കുന്നതായും പരിതപിക്കുന്നു.
ഈ സാഹചര്യത്തില്‍ ഗൂഗിള്‍ ഏര്‍ത്ത് എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ലഭ്യമാക്കിയ ചില ചിത്രങ്ങള്‍ ഇവിടെ പോസ്റ്റുന്നു. വേറുതെ രസത്തിനായി.
ഫോട്ടൊയില്‍ ക്ലിക്കിയാല്‍ വലുതായിക്കാണാം.

ഇതു പൊന്നാനി ഫിഷിംഗ് ഹാര്‍ബര്‍. ബോട്ടുകള്‍ കിടക്കുന്നത് കാണാം.


ഇതു കാന്താരി വിളയുന്ന പെരുമ്പാവൂര്‍ ടൌണ്‍


പീച്ചി ഡാം. ഇവിടെ ഫോട്ടൊഗ്രാഫി കുറ്റകരമാണ്. ക്യാമറ സെക്യൂരിറ്റി ഓഫ്ഫീസില്‍ ഏല്‍പ്പിക്കണം


വിഖ്യാതമായ മലമ്പുഴ ഡാം.


അതി പ്രധാ‍നമായ ഒരു പോയന്റ്. പതിവുകാഴ്ചകളുടെ ആസ്ഥാനം മാര്‍ക്ക് ചെയ്തിരിക്കുന്നു


കൊച്ചി എയര്‍പോര്‍ട്ട്


എറണാകുളം റയില്‍ പാതയില്‍ നിന്നുള്ള ദൃശ്യം,റണ്‍വേ. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ കിടക്കുന്ന സ്ഥലം. ടീവിയില്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.


കോഴിക്കോട് എയര്‍പോര്‍ട്ട്, റണ്‍വേ


റണ്‍വേയുടെ കിഴക്കു ഭാഗം. റോഡു കാണാം, ആര്‍ക്കുവേണമെങ്കിലും ആ കല്‍ക്കെട്ടിലൂടെ കയറാവുന്നതാണ്. ഇവിടെ എത്തുമ്പോള്‍ വിമാനത്തിന്റെ ചക്രങ്ങള്‍ പോലും ഉള്ളില്‍ കയറിയിട്ടുണ്ടാവില്ല.


കോഴിക്കോട് എയര്‍ പോര്‍ട്ട് , പ്രധാന കെട്ടിടം.
റജീന കേസില്‍ തന്റെ പുരുഷത്വം തെളിയിച്ചതില്‍ സന്തോഷിച്ച്, കുഞ്ഞാലിക്കുട്ടിയുടെ അണികള്‍ കയറി കൊടി നാട്ടിയ കെട്ടിടമാണത്.