9/30/2008

എല്‍.ഇ.ഡി. ഒരു പഠനം

എല്‍.ഇ.ഡി ബള്‍ബുകള്‍ നാളത്തെ പ്രകാശ സ്രോതസ്സ് എന്ന നിലയില്‍ ഉയര്‍ന്നു വരുന്ന ഈ കാലഘട്ടത്തില്‍, ഇവയെ സൂക്ഷ്മമായി പഠിക്കാനുള്ള ഒരു ശ്രമാമാണിത്.

എല്‍.ഇ.ഡി. അഥവാ ലൈറ്റ് എമിറ്റിംഗ് ഡയോഡ്:

പേരുസൂചിപ്പിക്കുന്ന പോലെ, അടിസ്ഥാന പരമായി ഇതൊരു ജങ്ഷന്‍ ഡയോഡാണ്.
ഇവക്കു ആനോഡ് , കാഥോഡ് എന്ന് രണ്ട് ലീഡുകളാണുള്ളത്. ഫോര്‍വേഡ് ബയാസ്ഡ് ആയ അവസ്ഥയില്‍ ഈ ഡയോഡ് ഒരു നിശ്ചിത തരംഗദൈര്‍ഘ്യമുള്ള പ്രകാശം പുറപ്പെടുവിക്കുന്നു.

ലളിതമായിപ്പറഞ്ഞാല്‍ ആനോഡില്‍ പോസ്റ്റിറ്റീവ് ചാര്‍ജും കാഥോഡില്‍ നെഗറ്റീവ് ചാര്‍ജും ലഭിക്കത്തക്കവിധം ഘടിപ്പിക്കുന്നതാണ് ഫൊര്‍വേഡ് ബയാസ്. ഇപ്രകാരം ഇതിലൂടെ കരണ്ടു പ്രവഹിക്കുന്ന സന്ദര്‍ഭത്തില്‍ ഡയോഡ് പ്രകാശം പൊഴിക്കുന്നു. ഡയോഡിന്റെ ചിത്രം നോക്കുക, അതില്‍ ലീഡുകളും മറ്റും അടയാളപ്പെറ്റുത്തിയിരി‍ക്കുന്നു. ചിപ്പ് നിര്‍മ്മിക്കുമ്പോള്‍ ചേര്‍ത്തിട്ടുള്ള രാസവസ്തുവിന്റെ അടിസ്ഥാനത്തില്‍ ആണ് പുറത്തു വരുന്ന പ്രകാശത്തിന്റെ തരംഗ ദൈര്‍ഘ്യം നിര്‍ണ്ണയിക്കപ്പെടുന്നത്.ഇപ്രകാരം പ്രകാശം പൊഴിക്കാനാവശ്യമായ കരണ്ടിന്റെ അളവ് , മറ്റു പ്രകാശ സ്രൊതസ്സുകളെക്കാള്‍ തുലോം തുച്ഛമാണെന്നതാണ് ഇവയെ വ്യത്യസ്ഥമാക്കുന്നത്.

ആദ്യ കാലങ്ങളില്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തന അവസ്ഥ, ഓണ്‍ ആണോ ഓഫ്ഫ് ആണൊ എന്നറിയാനായി ഉപയോഗിക്കപ്പെട്ട എല്‍.ഇ.ഡി. കള്‍ കാലക്രമേണ വെളിച്ചത്തിന്റെ സ്രോതസ്സായി മാറുന്ന രീതിയിലേക്കു ശാസ്ത്രം വികസിച്ചിരിക്കുന്നു. കുറഞ്ഞ തീവ്രതയിലുള്ള പ്രകാശം പരത്തിയിരുന്ന അവസ്ഥയില്‍ നിന്നും കൂടുതല്‍ ക്ഷമതയുള്ള ബ്രൈറ്റ് എല്‍.ഇ.ഡി കള്‍ എന്ന കണ്ടുപിടുത്തത്തോടെ ഈ ദിശയിലുള്ള മുന്നേറ്റം ത്വരിത ഗതിയിലായി. ധവള പ്രകാശം പൊഴിക്കുന്ന എല്‍ ഇ ഡി കളുടെ കണ്ടുപിടുത്തത്തോടെ പ്രകാശ സ്രോതസ്സായി ഇവ ഉപയോഗിക്കാനാരംഭിച്ചു.

നീല പ്രകാശം പൊഴിക്കുന്ന അതിതീവ്ര ഡയോഡുകള്‍ ആണ് വെള്ള എല്‍.ഇ.ഡി കളുടെ അടിസ്ഥാനം. ഇവയില്‍ നിന്നും പുറപ്പെടുന്ന നീലപ്രകാശം , ആവരണമായ ട്രൈ ഫോസ്ഫര്‍ ലയറില്‍ വീഴുകയും, തല്ഫലമായി ഫ്ലൂറസെന്‍സാല്‍ പ്രകാശത്തിന്റെ അടിസ്ഥാന വര്‍ണ്ണങ്ങള്‍ പൊഴിയുകയും ചെയ്യുന്നു. ചിത്രം നോക്കുക.ഇപ്രകാരം ലഭിക്കുന്ന ധവളപ്രകാശത്തെ നിയതമായ രീതിയില്‍ ഉപയോഗിച്ചാണ് ഇന്നു കാണുന്ന ബള്‍ബുകള്‍ പുറത്തിറങ്ങുന്നത്. ഒന്നില്‍ കൂടുതല്‍ ഡയോഡുകള്‍ ഉപയോഗിച്ചു ക്ലസ്റ്ററുകളാണിവ. ചിത്രം നോക്കുക. ഇവ വ്യത്യസ്ഥങ്ങളായ വാട്ടുകളില്‍ ലഭ്യമാണ്.ഓ.ഏല്‍.ഇ.ഡി:

ഓര്‍ഗാനിക് ഡയോഡുകളാണിവ,പുതുതലമുറ ഡയോഡുകള്‍.
രണ്ടു ഇലക്ടോഡുകല്‍ക്കിടയിലുള്ള നേര്‍ത്ത ഓര്‍ഗാനിക് (കാര്‍ബണ്‍ അടിസ്ഥാന)പാളികളാണ് ഇവയുടെ അടിസ്ഥാന ഘടകം. വൈദ്യുത പ്രവാഹത്തില്‍ ഈ പാളികള്‍ പ്രകാശം പരത്തുന്നു. മൊബൈല്‍ ഫോണിന്റേയും മറ്റും ഡിസ്പ്ലേകള്‍ക്കാണ് ഇപ്പോള്‍ ഇവ ഉപയോഗിക്കുന്നത്
.

താരതമ്യ പഠനം.

പരമ്പരാഗതമായി നാം ഉപയോഗിക്കുന്ന ഫില്ലമെന്റ്റ് ബള്‍ബുകള്‍, ഫ്ലൂറസെന്റ് ബള്‍‍ബുകള്‍ എന്നിവയുമായ ഒരു താരതമ്യം കൂടി നടത്തേണ്ടത് ആവശ്യമായി വരുന്നു. ഊര്‍ജ്ജക്ഷമത പരിഗണിച്ചാല്‍ ഒന്നാം ഘട്ടത്തില്‍ തന്നെ ഫിലമെന്റ് ബള്‍ബുകള്‍ മത്സരത്തില്‍ നിന്നും പുറത്തു പോകുന്നതായി കാണാം. ഏകദേശം ലഭിക്കാവുന്നതിന്റെ പരമാവധിക്കടുത്ത ക്ഷമതയില്‍ എത്തി നില്‍ക്കുന്ന ഫ്ലൂറസെന്റ് ബള്‍ബുകളാണ് അടുത്ത എതിരാളി.
സ്വാഭാവികമായും ഈ ഘട്ടത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമായി എത്തുക , ഓരൊ വിഭാഗത്തിന്റേയും പ്രകാശ തീവ്രതയാണ്. പ്രകാശ തീവ്രത പരിശോധിക്കുന്നതിനു മുമ്പായി ഭൌതികശാസ്ത്രത്തിന്റെ ചില അടിസ്ഥാന നിര്‍വചനങ്ങള്‍ പരിശോധിക്കേണ്ടതായിട്ടുണ്ട്.


# റേഡിയൊമെട്രി:
ഒരു വൈദ്യുതകാന്തിക പ്രസരണത്തിന്റെ ശക്തി അളക്കുന്ന സാങ്കേതികവിദ്യ.


# ഫോട്ടൊമെട്രി:
വൈദ്യുതകാന്തിക തരംഗങ്ങളുടെ ദൃശ്യഗോചരമായ ഫലം അളക്കുന്നത്.

# റേഡിയന്റ് പവര്‍:
ഒരു യൂണിറ്റു സമയത്തു ഒരു വൈദ്യുത കാന്തിക തരംഗം പ്രസരിപ്പിക്കുന്ന ഊര്‍ജ്ജം.

#ലൂമിനസ് എഫിഷ്യന്‍സി:
ഒരു നിശ്ചിതാവൃത്തി തരംഗങ്ങള്‍ക്കു "വെളിച്ചം" എന്ന സംവേദനം സൃഷ്ടിക്കാനുള്ള ശേഷി.മനുഷ്യ നേത്രത്തിന്റെ സംവേദനശേഷി വിവിധ തരംഗദൈര്‍ഘ്യങ്ങളില്‍ വ്യത്യസ്ഥങ്ങളായിരിക്കും. ധവള പ്രകാശം വിധ തരംഗദൈര്‍ഘ്യമുള്ള തരംഗങ്ങളുടെ ഒരു മിശ്രണമാണല്ലോ. ഗ്രാഫ് നോക്കുക. 555 നാനോമീറ്ററിര്‍ തരംഗ ദൈര്‍ഘ്യത്തില്‍ ഉള്ള എഫ്ഫിഷ്യന്‍സി "ഒന്ന്" ആയി നിജപ്പെടുത്തിയിരിക്കുന്നു.
# ലൂമിനസ് പവര്‍;
ഇതൊരു ഫോട്ടൊമെട്രിക് സംവേദനമാണ്. അതായത് അടിസ്ഥാന ഊര്‍ജ്ജതന്ത്രത്തോടൊപ്പം മനുഷ്യനേത്രത്തിന്റെ ഫിസിയോളജിയും, ഊര്‍ജ്ജതന്ത്രവും കണക്കിലെടുത്തുമാത്രമേ ഇത് കണക്കുകൂട്ടാനാവൂ.
ഒരു ഫൊട്ടൊമെടിക് യൂണിറ്റ്= റേഡിയോമെട്രിക് യൂണിറ്റ് X 683 X ലുമിനന്‍സ് എഫ്ഫിഷ്യന്‍സി.


# ലുമെന്‍:
555 നാനോമീറ്റര്‍ തരംഗദൈര്‍ഘ്യമുള്ള ഒരു വാട്ട് റേഡിയന്റ് പവറിനു 683 ലൂമന്‍ ഉണ്ടായിരിക്കും.

# ലൂമിനസ് ഇന്റെസിറ്റി:


ഒരു പ്രകാശബിന്ദു , ഒരു നിശ്ചിത ദിശയില്‍ , ഒരു യൂണിറ്റ് വിസ്തീര്‍ണ്ണത്തില്‍ പരത്തുന്ന ലൂമന്‍ എണ്ണം. ഒരു സ്റ്റെറേഡിയനില്‍ പരത്തുന്ന ലൂമന്‍ അളവാണ് ഒരു കാന്‍ഡല.
ചിത്രം നോക്കുക.പ്രകാശ കേന്ദ്രത്തിന്റെ ദിശയും വീക്ഷണ കോണും പ്രത്യേകം പ്രത്യേകം കാണിച്ചിരിക്കുന്നു.# ലൂമിനന്‍സ്:
ഒരു യൂണിറ്റ് വിസ്തീര്‍ണ്ണമുള്ള പ്രതലത്തില്‍ പതിക്കുന്ന ലൂമന്‍.

#ഇല്ലൂമിനന്‍സ്:
ഒരു യൂണിറ്റ് വിസ്തീര്‍ണ്ണമുള്ള പ്രതലത്തില്‍ പതിക്കുന്ന ലൂമിനന്‍സ് പവര്‍.
ഒരു ചതുരശ്ര മീറ്റര്‍ പ്രതലത്തില്‍ ഒരു ലൂമന്‍ വെളിച്ചം പതിക്കുന്നുവെങ്കില്‍ ‍ അതു ഒരു ലക്സ് ആയി കണക്കാക്കാം.

വിവിധ പ്രകാശ സ്രോതസ്സുകളുടെ ഒരു താരതമ്യ പഠനം താഴെക്കൊടുക്കുന്നു. അളവ് ലക്സില്‍

സൂര്യ പ്രകാശം : 30000 മുതല്‍ 100000 വരെ
ഒരു ടീവി സ്റ്റുഡിയോയുടെ ഉള്‍വശം : 1000
പ്രകാശപൂരിതമായ ഒരു മുറി : 400
പൂര്‍ണ്ണ ചന്ദപ്രകാശം : 1 ലക്സ്

പ്രകാശ സ്രോതസ്സുകള്‍ താരതമ്യ പഠനത്തിനു വിധേയമാക്കുമ്പോള്‍ ലൂമന്‍ അളവാണ് റേഡിയന്റ് പവറിനേക്കാള്‍ കണക്കിലെടുക്കേണ്ടത്. ഒരു ലൂമന്‍ പ്രകാശം പരത്താന്‍ എത്ര വാട്ട് ഊര്‍ജ്ജം ഉപയോഗിക്കുന്നു എന്നുള്ളതാണ്‍ ഒരു പ്രകാശ സ്രോതസ്സിന്റെ ക്ഷമത കാണിക്കുന്നത്. ലൂമന്‍സ് പെര്‍ വാട്ട് എന്ന് വിളിക്കുന്ന ഈ അളവാണ് ഇന്നു സാമാന്യമായി ഉപയോഗിക്കുന്നത്. മൂന്നു പ്രകാശ സ്രോതസ്സുകളുടേ ഒരു താരതമ്യം ശ്രദ്ധിക്കുക.

ഫില്ലമെന്റ് ബള്‍ബ് : 12 ലൂമന്‍സ്/ വാട്ട്
ഫ്ലൂരസെന്റ് ട്യൂബ് : 40 -55
ബ്രൈറ്റ് എല്‍.ഇ.ഡി : 40

എല്‍.ഇ.ഡി.ലാമ്പുകളുടെ ലൂമന്‍ പെര്‍ വാട്ട് ഉയര്‍ത്താനുള്ള പരീക്ഷണത്തിലാണ് വിവിധ കമ്പനികള്‍. നെക്സസ് കമ്പനി 95 ലൂമന്‍സ്/ വാട്ട് ക്ഷമതയുള്ള ബള്‍ബുകള്‍ പുറത്തിറക്കിയതായി അവകാശപ്പെടുന്നുണ്ട്. ഇവ ഫലം കാണുകയും ഓര്‍ഗാനിക് എല്‍.ഇ.ഡി കള്‍ കുറഞ്ഞവിലക്കു പുറത്തു വരികയും ചെയ്യുന്ന കാലം അതി വിദൂരമല്ല.

ഇതൊരു എളിയ ശ്രമമാണ്. ഈ വിഷയത്തില്‍ ഗ്രാഹ്യമുള്ള വിദഗ്ധര്‍ ഇതിനെ സമ്പുഷ്ടമാക്കണമെന്ന അഭ്യര്‍ഥനയോടെ പോസ്റ്റുന്നു.

അവലംബം:

1. http://scubageek.com/

2. http://www.cooperlighting.com/

3. ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിളിന്.

9/27/2008

അമ്മയെന്ന പദം

വ്യഭിചാരം കുറ്റകരമാണോ?

വാക്കുകളെ വ്യഭിചരിക്കുന്നത് കുറ്റകരമാവുമോ?

അമ്മയെന്ന പദത്തിന്റെ അര്‍ത്ഥം എന്താണ്?

അമ്മയുടെ പിറന്നാള്‍ !!!!!!

അമ്മ !!

ദിവ്യമായ ഈ പദത്തിനെ വ്യഭിചരിച്ചു മലീമസമാക്കുന്നതിനു ശിക്ഷയെന്താവും?

എന്റെ അമ്മയെ ഞാനെന്തു വിളിക്കും?

9/26/2008

കൊംപാക്റ്റ് ഫ്ലൂറസെന്റ് ലാമ്പ്

മലയാളിക്കിന്നു സുപരിചിതമായ ഒരു വൈദ്യുത ഉപകരണമാണ് സ്.എഫ്.എല്‍ അഥവാ കോംപാക്റ്റ് ഫ്ലൂറസെന്റ് ലാമ്പ്.

വെളിച്ചത്തിനായി അഗ്നിജ്വാലകള്‍ ഉപയോഗിച്ചതു മുതലിങ്ങോട്ട് നിരവധി ഘട്ടങ്ങളിലൂടെയാണ് വിളക്കുകള്‍ കടന്നു വന്നത്. വൈദ്യുതിയുടെ കണ്ടു പിടുത്തത്തോടെ മറ്റേതു രംഗത്തും ഉണ്ടായ കുതിച്ചു ചാട്ടം ഈ മേഖലയിലുമുണ്ടായി. കാര്‍ബണ്‍ ആര്‍ക്ക് വിളക്കുകളുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന തോമസ് ആല്‍വാ എഡിസണാണ് ഫില്ലമെന്റ് ബള്‍ബുകള്‍ എന്ന നമ്മുടെ ഇന്നത്തെ ബള്‍ബുകളുടെ ഉപജ്ഞാതാവ്. തുടര്‍ന്നു നടന്നുവന്ന പഠനങ്ങളില്‍ ഫിലമെന്റ് ബള്‍ബുകള്‍ ക്രമാതീതമായ ഊര്‍ജ്ജ നഷ്ടം വരുത്തുന്നതായി കണ്ടെത്തി. 1857 ഇല്‍ ഫ്രഞ്ചു ശാസ്ത്രജ്ഞര്‍ "ഫ്ലൂറസെന്‍സ് " എന്ന തത്വം പ്രകാശ പരീക്ഷണങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയതാണ്‍ ഈ മേഖലയിലെ പ്രധാന വഴിത്തിരിവായത്.

1901 ഇല്‍ പുറത്തുവന്ന, മെര്‍ക്കുറി വേപ്പര്‍ലാമ്പാണ്‍ ആധുനിക ഫ്ലൂറസെന്റ് ബള്‍ബുകളുടെ ആദ്യ പതിപ്പ്.
ധാരാളമായി അള്‍ട്രാവയലറ്റ് രശ്മികള്‍ പുറപ്പെടുവിക്കുന്നത് ഇതിന്റെ പ്രധാന ന്യൂനതയായിരുന്നു.
1920 ഇല്‍ പേറ്റന്റു ചെയ്യപ്പെട്ട എഡ്മണ്ട് ജെര്‍മറുടെ ഫ്ലൂറസെന്റ് ലാമ്പ് ഈ പൊരായ്മയെ ഉപകാരപ്രദമായ രീതിയില്‍ പരിഷ്കരിക്കുകയും, സ്ഫടിക ഗോളത്തിന്റെ ഉള്‍വശം , അല്‍ട്രാവയലറ്റു രശ്മികള്‍ ആഗീരണം ചെയ്ത് ,ദൃഷ്ടിഗോചരമായ പ്രകാശം പുറപ്പെടുവിക്കാന്‍ കഴിവുള്ള രാസവസ്തുക്കള്‍ പൂശുകയും ചെയ്തു.
1934 ഇല്‍ ജെനറല്‍ ഇലക്ട്രിക് പുറത്തിറക്കിയ ഫ്ലൂറസെന്റ് ലാമ്പാണ്‍ ഈ ഇനത്തിലെ ആദ്യ പ്രായോഗിക വിളക്കു.

പുതിയ പ്രകാശ സ്രോതസ്സെന്നനിലയില്‍ ഫ്ലൂറസെന്റ് ട്യൂബുകള്‍ ഇന്നു സര്‍വസാധാരണമായി ഉപയോഗിച്ചു വരുന്നു. .ഇവ പ്രകാശത്തിന്റെ മേന്മ വര്‍ദ്ധിപ്പിക്കുകയും വൈദ്യുത് ഉപയോഗംകുറക്കുകയും ചെയ്തു. ഈ തലമുറ ട്യൂബുകളുടെ പ്രധാന പോരായമ ഇവയുടെ വലുപ്പമായിരുന്നു

തുടര്‍ന്നു നടന്ന ഗവേഷണങ്ങളില്‍
ട്യൂബിനെ ബള്‍ബു രൂപത്തില്‍ വളക്കാനുള്ള ശ്രമമാരംഭിച്ചു. ഒപ്പം തന്നെ വെളിച്ചം കുറയാതെ,വലുപ്പം കുറക്കാനായി ഫ്ലൂറസെന്റ് ആവരണം പരിഷ്കരിച്ചു.നിരവധി പ്രായോഗിക ബുദ്ധിമുട്ടുകള്‍ തരണം ചെയ്ത 1970 കളില്‍ ജെനറല്‍ ഇല്‍ക്ടിക് കമ്പനി തന്നെ ആദ്യ സി.എഫ്.എല്‍ പുറത്തിറക്കുകയും ചെയ്തു.

ഫ്ലൂറസെന്റ് വെളിച്ചം നല്‍കുന്ന ബള്‍ബുകള്‍എന്ന സങ്കല്‍പ്പം അവിടെ പ്രാവര്‍ത്തികമായി. ഒരു ഫിലിപ്സ് സി.എഫ്.എലിന്റെ ചിത്രം കാണുക.


എല്ലാ ഫ്ലൂറസെന്റ് ബള്‍ബുകളെപ്പൊലെ സി.എഫ്.എലിനും ഒരു ബല്ലാസ്റ്റ് ആവശ്യമാണ്. ഇതു സാധാരണ കമ്പിച്ചുറ്റുള്ള മാഗ്നറ്റിക് ഇനമോ , ഇലക്ട്രോണിക് സര്‍ക്യൂട്ട് ഉപയോഗിക്കുന്നതോ ആവാം.ഊര്‍ജ്ജനഷ്ടം ഒഴിവാക്കാനായി ഇലക്ട്രോണിക് ബല്ലാസ്റ്റുകളാണ്‍ ഇന്നു പൊതുവില്‍ ഉപയോഗിച്ചു വരുന്നത്.
ഉയര്‍ന്ന ആവൃത്തിയിലുള്ള ദോലനങ്ങള്‍ , ഒരു ഇന്‍ഡക്റ്ററിന്റെ സഹായത്തോടെ ഉയര്‍ന്ന വോള്‍ട്ടത സൃഷ്ടിക്കുന്നു. ലക്സാര്‍ കമ്പനിയുടെ ഒരു സര്‍ക്യൂട്ടു കാണുക.


വേണ്ട സംരക്ഷസര്‍ക്യൂട്ടുകള്‍ ഇല്ലാത്തിടത്തോളം ഈ ഉന്നതാവൃത്തി തരംഗങ്ങള്‍, അവ പ്രവര്‍ത്തിക്കുന്ന വൈദ്യുത ലൈനില്‍, റേഡിയോ തരംഗങ്ങല്‍ കടത്തിവിടാന്‍ ഇടയാക്കുന്നു. ഇവ പ്രവര്‍ത്തിക്കുന്ന അന്തരീക്ഷത്തിലും റേഡിയോ തരംഗങ്ങള്‍ പരക്കാനിടയാകുന്നുണ്ട്.ഈ തരംഗങ്ങള്‍ മനുഷ്യന് ഹാനികരമാകാം എന്നൊരു വാദവും നില്‍നില്‍ക്കുന്നുണ്ട്.

ഇതൊരു ഇന്‍ഡക്റ്റര്‍ സര്‍ക്യൂട്ടായതിനാല്‍ വൈദ്യുത ലൈനിലെ പവര്‍ ഫാക്റ്ററ് കുറക്കുന്നു. വേണ്ട സംരക്ഷണ സര്‍ക്യൂട്ടുകള്‍ ഉപയോഗിച്ചു ഈ നഷ്ടം കുറവു ചെയ്യേണ്ടത് ആവശ്യമാണ്.

സി.എഫ് എലില്‍ ഉപയോഗിച്ചിരിക്കുന്ന രാസവസ്തുക്കള്‍ ആരോഗ്യപ്രശനങ്ങള്‍ സൃഷ്ടിക്കുമെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രത്യേകിച്ചു മെര്‍കുറിയുടെ സാന്നിധ്യം.

ചില സൂചനകള്‍:

പവര്‍ ഫാക്റ്റര്‍ കറക്ഷനുള്ള സി.എഫ്.എലുകള്‍ മാത്രം ഉപയോഗിക്കുക.

റേഡിയോ തരംഗങ്ങള്‍ തടയുന്ന ഫില്‍റ്ററുകള്‍ ഉപയോഗിച്ചിട്ടുള്ള സര്‍ക്യൂട്ടുകള്‍ തിരഞ്ഞെടുക്കുക.

മറ്റുന്ന സി.എഫ്.എലുകള്‍,, പൊട്ടിയ ലാമ്പുകള്‍ എന്നിവ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, അവ ശ്രദ്ധയൊടെ കുഴിച്ചു മൂടുക. (മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാല്‍)

മലയാളിയും സി.എഫ്.എല്‍ ലാമ്പുകളും.

മേല്‍ സൂചിപ്പിച്ച നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. ഇതിന്‍ പ്രകാരം നിര്‍മ്മിച്ചിട്ടുള്ള ഒരു സ്.എഫ്.എല്‍ വിളക്കു‍ പോലും നമ്മുടെ മാര്‍ക്കറ്റില്‍ ഇന്നു ലഭ്യമല്ല. ഈ വിളക്കുകള്‍ കേരളത്തിലേക്കു ആദ്യമായി കടന്നു വന്ന കാലത്തും, തുടര്‍ന്നു അനേര്‍ട്ടിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി കേരളത്തില്‍ ഇവ നിര്‍മ്മിച്ച സമയത്തും,നിബന്ധനകള്‍ പാലിക്കപ്പെട്ട ബള്‍ബുകള്‍ ലഭ്യമായിരുന്നു,സാമാന്യമായും അതിനു വിലക്കൂടുതല്‍ ഉണ്ടാവും. തുടര്‍ന്നു മാര്‍ക്കറ്റിലെത്തിയ ചൈനീസ് സി.എഫ്.എലുകളുടെ പിറകെ മലയാളി‍ പായുന്ന കാഴ്ചയായിരുന്നു അന്നു കാണാനായത്,വിലക്കുറവ് എന്ന് ഒറ്റ ആകര്‍ഷണത്താല്‍. താരതമ്യേന മോശം പ്രകാശം , മോശം പവര്‍ ഫാക്റ്റര്‍, ശംബ്ദ ശല്യം കാരണം റേഡിയോ തുറക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ, ഇതൊന്നും മലയാളിയെ ബാധിച്ചില്ല. തന്മൂലം മത്സരത്തിന്റെ അന്തരീക്ഷത്തില്‍ പിടിച്ചു നില്‍ക്കാന്‍, വിവിധകമ്പനികള്‍ക്കു വിലകുറക്കേണ്ടി വന്നു. സ്വാഭാവികമായും ബള്‍ബു പ്രകാശിക്കാനാവശ്യമായ അടിസ്ഥാന ഘടകങ്ങള്‍ മാത്രം ഉപയോഗിക്കുകയും മറ്റു സംരക്ഷണ സര്‍ക്യൂട്ടുകള്‍ അപ്രത്യക്ഷമാവുകയും ചെയ്തു.

സി.എഫ്.എല്‍ സാര്‍വത്രികമാവുന്ന ഈ കാലഘട്ടത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഈ മേഖലയില്‍ നിഷ്കര്‍ഷിക്കണമെന്നാണ് എന്റെ അഭിപ്രായം.


ചിത്രങ്ങള്‍ക്കു കടപ്പാട്: പവൊയുകെ.ഓര്‍ഗ്

9/25/2008

വിശറിക്കു കാറ്റുവേണ്ടെ ?

വിശറിയേകുന്ന കുളിര്‍തെന്നലിന്‍ സ്വാന്തനം മോഹിക്കാത്തവരാരുണ്ട്?
ഈ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട നാമാരും അതിനെ തള്ളിപ്പറയില്ല.ജീവിതത്തിന്റെ ദശാസന്ധികളില്‍ ഉയരുന്ന ഉഷ്ണക്കാറ്റുകളെ പ്രതിരോധിക്കാന്‍ നമ്മെ സഹായിക്കുന്നു ഇവര്‍. ജീവിതയന്ത്രത്തിന്റെ ചലനം സുഗമാക്കുന്ന, മനസ്ഥൈര്യത്തിന്റെ ഉരുക്കു ഗോളകളില്‍ പുള്ളിക്കുത്തുകള്‍ വീഴുമ്പോള്‍,‍ ഘര്‍ഷണത്താല്‍ മനവും ശരീരവും തപിക്കുന്നു.

ജീവിതപ്രശ്നങ്ങളില്ലാത്ത മനുഷ്യരില്ല. ഇത്തരം വേളകളില്‍ സുഹൃത്തുക്കളും ബന്ധുജനങ്ങളും സഹായത്തിനെത്താനുള്ളവര്‍ ഭാഗ്യവാന്മാര്‍. ചിലനേരം നമുക്കവയും അന്യമാവാം. അപ്പോഴും സാന്ത്വനത്തിന്റ്റെ കുളിര്‍ക്കാറ്റായി ഇവര്‍ നമ്മെ തലോടുന്നു. ആരെന്നല്ലേ, മനോവ്യഥകളാല്‍ ഉഴറുന്ന ജീവിതങ്ങളെ സഹായിക്കാനെത്തുന്ന സന്നദ്ധപ്രവര്‍ത്തകര്‍. ഒരു സുഹൃത്തിനേപ്പോലെ നമ്മുടെ വിഷമങ്ങള്‍ക്കു കാതോര്‍ക്കുന്നു , ഒരു സുഹൃത്തിനേപ്പോലെ നമ്മോടു സംവദിക്കുന്നു. ആശ്വാസവചനങ്ങള്‍ ഒരു പക്ഷേ, എന്നോ നഷ്ടപ്പെട്ടുപോയ നമ്മുടെ ഉറക്കത്തെ തിരിക്കെക്കൊണ്ടുവരുന്നു.നമ്മുടെ ഉഷ്ണങ്ങള്‍ വലിച്ചാറ്റുന്ന വിശറികളാണവര്‍.

പുഞ്ചിരിക്കുന്ന മുഖം മാത്രം പ്രദര്‍ശിപ്പിച്ചു കാണപ്പെടുന്ന, ഇക്കൂട്ടര്‍ക്കുമില്ലെ “മനസ്സ്” ?
അതോ അവര്‍ വെറും യന്ത്രങ്ങളോ?
ആലോചിക്കാറുണ്ടോ?

അല്ല, അവര്‍ യന്ത്രങ്ങളല്ല. മനസ്സും നൊമ്പരങ്ങളുമുള്ള സാധാരണ മനുഷ്യരാണവര്‍. അവരുടെ ദുഃഖങ്ങള്‍ പങ്കുവെക്കാന്‍ ആളെവിടെ? അരോടാ‍ണ് അവരുടെ മനസ്സു തുറക്കുക?വിങ്ങലുകള്‍ പുറന്തള്ളാന്‍ വെമ്പിനടക്കുന്ന ചിലരെ ഇന്നു ഞാന്‍ കണ്ടു.കേഴ്വിക്കാരനായിരിക്കെ, അവരെറിഞ്ഞ ഈ ചോദ്യത്തിനെന്തു മറുപടി പറയണം എന്നറിയാതെ ഞാന്‍ കുഴങ്ങി.

“വിശറിക്കു കാറ്റുവേണ്ടെ ?”

കൌണ്‍സിലിങ് നടത്തുന്ന ഒരു സുഹൃത്തിന്റെ മനൊവിഷമം കാണാനിടയായപ്പോള്‍, മനസ്സില്‍ തോന്നിയതാണിത്. തലക്കെട്ടിനു പൊന്‍കുന്നം ക്ഷമിക്കട്ടെ.

9/24/2008

മറന്നുവോ ഈ ബ്ലോഗ്ഗറെ

പിന്‍കാഴ്ചകള്‍ ബൂലോകത്ത് വിസ്മൃതിയിലായി.

ചിലര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടാവും ഈ ബ്ലോഗ്ഗ് എന്നു കരുതട്ടെ.

ഇതൊരു പുതിയ സംഭവവുമല്ല, അതിനാല്‍ തന്നെ പുതുമയുമില്ല.
പക്ഷെ എനിക്കതു ഓര്‍മയില്‍ തങ്ങുന്ന ഒന്നാണ്.
പിന്‍കാഴ്ചകള്‍ പിന്‍ പറ്റിയാണ് ഞാന്‍ ബൂലോകത്തിന്റെ സന്ദര്‍ശകനായതു.
പിന്‍കാഴ്ചകള്‍ പിന്‍ പറ്റിയാണ് ഞാന്‍ പതിവുകാഴചകള്‍ എന്നു പേരിട്ടത്.


അനിത കൊക്കോട്ട്, അതാണാ ബ്ലോഗ്ഗറുടെ പേര്‍.
ചെറുപ്പം മുതല്‍ തന്നെ കവിതകള്‍ എഴുതിയിരുന്നു എന്നാണറിവു.
കോളേജില്‍ പഠിക്കുന്ന കാലത്തു കവിതകള്‍ കണ്ടിരുന്നു.
കവിതകളെപ്പറ്റി കൂടുതല്‍ പറയാന്‍ ഞാനാളല്ല, എങ്കിലും നല്ല കവിതകളാണെന്ന് എല്ലാവരും കരുതുന്നു. ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ പിന്‍ കാഴ്ചകള്‍ കാണാം.

ബൂലോകത്തില്‍ അനിതയുടെ പുതിയ കവിതകള്‍ കാണാതിരുന്നപ്പോഴാണ് ഞാന്‍ തിരക്കിച്ചെന്നത്.
മറുപടി ഇങ്ങനെയായിരുന്നു,

"ബൂലോകത്തു അപ്പടി മോഷണമാണ്, അവിടെ മനസ്സു മടുത്തു;"

സംഭവം ഇതാണ് അനിതയുടെ "കുളി " എന്ന കവിത ആരോ മോഷ്ടിച്ചു സ്വന്തം ബ്ലോഗ്ഗിലിട്ടു. ഇവിടെ വായിക്കാം.

അയാള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും പിന്‍കാഴ്ചകളില്‍ പുതിയ കവിതകള്‍ വന്നില്ല.
ഇപ്പോള്‍ മാണിക്യം ചേച്ചിയുടെ കവിതകള്‍ ഒരുത്തന്‍ അടിച്ചു മാറ്റിയിരിക്കുന്നു.
അടിച്ചു മാറ്റലില്‍ മനം നൊന്ത ഒരു ബ്ലോഗ്ഗര്‍ ബൂലോകം വിട്ട കാര്യം ഈ സമയത്തു ഓര്‍ത്തു പോയി.
അവര്‍ തിരികെ വരുമെന്നു അത്മാര്‍ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നു.

9/23/2008

ക്ലോണിംഗ് - ഒരു ദര്‍പ്പണക്കാഴ്ച

ഇതൊരു കണ്ണാടിയിലെ ദൃശ്യങ്ങളാണ്.സ്വാഭാവികമായും കണ്ണാടിക്കനുസൃതം ദൃശ്യങ്ങള്‍ക്കു വ്യതിയാനം കണ്ടേക്കാം.
ക്ലോണിംഗ് അടിസ്ഥാനപരമായി മൂന്നായി തരം തിരിക്കാം.
1.ഡി.ഏന്‍.ഏ. ക്ലോണിംഗ്:


പ്ലാസ്മിഡുകളും മറ്റും ഉപയോഗിച്ചു ഡി.എന്‍.എ യുടെ ശൃംഖലകള്‍ ആവശ്യാനുസരണം ക്ലോണ്‍ചെയ്തു നിര്‍മ്മിച്ചെടൂക്കുന്ന സാങ്കേതിക വിദ്യയാണിത്.
ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു നമുക്കാവശ്യമൂള്ള പ്രോട്ടീനുകളുടെ കോഡുകളടങ്ങിയ സീക്വന്‍സുകള്‍ നിര്‍മ്മിക്കാവുന്നതാണ്.


2.പ്രത്യുല്‍പ്പാദനത്തിനായുള്ള ക്ലൊണിംഗ്:

ഡോളിയുടെ ജനനം അടങ്ങുന്ന ക്ലോണിംഗ് വിഭാഗമാണിതു. ഒരു ജീവിയുടെ അണ്ഡ കോശം അലൈംഗിക മാര്‍ഗ്ഗത്തിലൂടെ വികസിപ്പിച്ചെടുത്ത്, ആ ജീവിയുടെ ഒരു പതിപ്പിന് ജന്മം നല്‍കുകയാണ് ഇതില്‍ ചെയ്യുന്നത്.പ്രകൃതി നിയമങ്ങളെ മുറിവേല്‍പ്പിക്കുന്നു എന്ന രീതിയില്‍ വിലയിരുത്തപ്പെട്ടതിനാല്‍ ഏറെ വിമര്‍ശനങ്ങള്‍ക്കു വിധേയമാണീ ശാഖ.വിശിഷ്യാ മനുഷ്യനിലുള്ള ക്ലോണിംഗ്. ഈ വിദ്യയുപയോഗിച്ചു വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിവിഭാഗങ്ങള്‍ പുന്‍ഃസൃഷ്ടിക്കാന്‍ നടന്ന ശ്രമങ്ങള്‍ വിജയം കാണുകയുണ്ടായി. ആദ്യമായി ഇത്തരത്തില്‍ ക്ലോണ്‍ ചെയ്ത മൃഗമായിരുന്നു "ഗോര്‍". കാട്ടു കാളയുടെ വംശത്തിലുള്ള ഒരു ജീവിയാണ് ഗോര്‍. ഈ ക്ലൊണിംഗ് നടത്തിയതു ഒരു പശുവിന്റെ അണ്ഡം ഉപയോഗിച്ചായിരുന്നു എന്നത് പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. പക്ഷെ ഈ ക്ലൊണ്‍ രണ്ടു ദിവസം മാത്രമേ ജീവിച്ചിരുന്നുള്ളൂ.മൌഫ്ലൊന്‍ എന്നറിയപ്പെടുന്ന കാട്ടു ചെമ്മരിയാടാണ്, വംശനാശത്തിലായ വര്‍ഗ്ഗങ്ങളിലെ വിജയകരമായ ആദ്യ ക്ലോണ്‍. വംശനാശം പൂര്‍ണ്ണമായും തടയാന്‍ ഈ സാങ്കേതിക വിദ്യക്കാവുമോ എന്നതു ഇപ്പോഴും തര്‍ക്കവിഷയമാണ്.

കേരളത്തിലെ വംശനാശം വന്ന, നമ്മുടെ തനതു ബ്രീഡായ വെചൂര്‍ പശുവിനെക്കുറിച്ച് വന്ന ഈ വാര്‍ത്ത കൌകമുളവാക്കുന്നതായിരുന്നു. റോസിലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വേചൂര്‍ പശുവിന്റെ ജീനുകള്‍ തട്ടിയെടുത്തുവെന്നും, അവയെ ക്ലോണ്‍ ചെയ്യാന്‍ പോകുന്നുവെന്നുമായിരുന്നു അത്. ഒരു വിവാദം മാത്രമായ് ഒതുങ്ങി എന്നുള്ളതില്‍ നമുക്കാശ്വസിക്കാം.(വിവാദമാക്കിയതെന്നും വിവാദമുണ്ട്).
ഇത്തരത്തില്‍ ഈ സാങ്കേതിക വിദ്യ പ്രകൃതി സംരക്ഷണത്തിനായി പ്രയോജനപ്പെടുത്തുകയാണ് ശാസ്ത്രമിന്ന്.


പ്രതികൂലമായ പ്രതികരണമാണ് ഈ വിഭാഗം ക്ലൊണിങ്ങിനു മുന്നിട്ടു നില്‍ക്കുന്നത്. മനുഷ്യനില്‍ നടക്കാവുന്ന ക്ലോണിഗ് പരീക്ഷണത്തിന്റെ ധാര്‍മികത സംബന്ധിച്ചായിരുന്നു ഇത്. ലോകത്താകമാനം ഇതിനു നിയന്ത്രണങ്ങള്‍ വരികയും ചികിത്സാരംഗത്തേക്കു മാത്രമുള്ള പരീക്ഷണങ്ങളായി മനുഷ്യ ക്ലോണിംഗ് നിജപ്പെടുത്തുകയും ചെയ്യപ്പെട്ടു.

3.ചികിത്സക്കായുള്ള ക്ലൊണിംഗ് (തെറാപ്യൂട്ടിക് ക്ലോണിംഗ്)

ഇന്നു ഏറ്റവും വികസിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്ര ശാഖയാണിത്. മനുഷ്യന്റെ ശരീരം, വൈദ്യശാസ്ത്രത്തിനു വെല്ലുവിളിയാകുന്ന സന്ദര്‍ഭങ്ങളില്‍ ചിലതാണ്, കീഡ്നി തകരാര്‍ പോലെയുള്ള അസുഖങ്ങള്‍. ഈ കോശങ്ങള്‍ ശരീരത്തില്‍ പുതുതായി വളരുകയില്ല എന്നതിനാല്‍ , അവയവം മാറ്റി വക്കുക എന്നത് ഏക ചികിത്സാമാര്‍ഗ്ഗമായി വരുന്നു. ഇത്തരം സന്ദര്‍ഭത്തില്‍ മാറ്റിവച്ച അവയവത്തെ രോഗിയുടെ ശരീരം തിരസ്കരിക്കാന്‍ സാദ്ധ്യതയുണ്ട്. മരുന്നുകളും മറ്റും ഉപയോഗിച്ച് ഈ തിരസ്കരണത്തെ‍ തരണം ചെയ്യാറാണ് പതിവ്. എന്നാല്‍ ഒരു രോഗിയുടെ ശരീരത്തില്‍ നിന്നും തന്നെ എടുക്കുന്ന ജനിതക വസ്തു, ക്ലൊണിംഗിനു വിധേയമാക്കി ഭ്രൂണംകോശം സൃഷ്ടിക്കുകയും, അതില്‍ നിന്നും കിഡ്നി വളര്‍ത്തിയെടുക്കാവുന്ന വിത്തുകോശങ്ങള്‍ വേര്‍തിരിച്ചെടുക്കുകയും സാദ്ധ്യമായാല്‍ ഈ തിരസ്കരണം ഇല്ലാതാവും. അതേപോലെ തലച്ചോറിന് ഏല്‍ക്കുന്ന ക്ഷതവും ശരീരത്തിനു സ്വന്തം നിലയില്‍ പരിഹരിക്കാനാവില്ല. നാഡീ കോശങ്ങള്‍ വളര്‍ത്താനുള്ള വിത്തുകോശം വികസിപ്പിച്ചെടുത്താല്‍, ഈ സ്ഥിതിയും പരിഹരിക്കപ്പെടാനാവും.ഇതാണ് തെറാപ്യൂട്ടിക് ക്ലോണിംഗിന്റെ അടിസ്ഥാനം.

ഈ ശാഖ നേരിട്ടിരുന്ന വിമര്‍ശനം ഭ്രൂണഹത്യ സംബന്ധിച്ചതായിരുന്നു. ഓരോ വിത്തുകോശം വേര്‍തിരിക്കാനും ഒരു ഭ്രൂണം നശിപ്പിക്കേണ്ടി വരുന്നു. ഇതിനു ഒരു പരിഹാരമെന്ന നിലയിലാണ് ഡോ. ഷിന്യ യമനാകയും മറ്റും ക്ലോണിംഗിനു പുതു വിദ്യ പരീക്ഷിച്ചതു. മനുഷ്യന്റെ ചര്‍മ്മ കോശത്തില്‍ നിന്നും എടുക്കുന്ന ജനിതകവസ്തു ഒരു അണ്ഡകോശവുമായി സംയോജിപ്പിച്ചു. ഈ കോശത്തിന്റെ ക്രോമസോം ഘടനയില്‍ ചിലമാറ്റങ്ങള്‍ വരുത്തിയപ്പോള്‍ ഇവ ഭ്രൂണകോശം കണക്കെ വിഘടിക്കാ‍നാരംഭിച്ചു,. വൈറസുകള്‍ ഉപയോഗിച്ചായിരുന്നു ഈ മാറ്റങ്ങള്‍ വരുത്തിയതു. ഇത്തരത്തില്‍ ഭ്രൂണകോശങ്ങള്‍ വികസിപ്പിച്ചെടുക്കാനാവുന്ന സ്ഥിതി സംജാതമായാല്‍ മനുഷ്യഭ്രൂണം ഇപയോഗിച്ചുള്ള ക്ലോണിംഗ് നിര്‍ത്തലാക്കിയേക്കും എന്നുവരെ വിലയിരുത്തപ്പെടുന്നുണ്ട്. ഈ മേഖലയില്‍ നിരവധി പരീക്ഷണ നിരീക്ഷണങ്ങള്‍ നടക്കേണ്ടതുണ്ട്, വിജയം കൈവരിക്കുന്നതോടെ തലച്ചോര്‍ ക്ഷതം അടക്കമുള്ള പല രോഗങ്ങള്‍ക്കുംചികിത്സ ലഭ്യമാക്കാനാവും.

ക്ലോണിംഗിന്റെ വെല്ലുവിളികള്‍:

# ചിലവേറിയതും ഫലപ്രാപ്തിക്കുറവും

# അസുഖങ്ങള്‍ ബാധിക്കാനുള്ള സാദ്ധ്യതകള്‍ ക്ലോണ്‍ ജീവികളീല്‍ ‍ കൂടുതലായി കാണുന്നു.

# ആയുസ്സിനു നേരത്തെ മരണപെടുന്നതു കൊണ്ടു കൃത്യമായ ഡാറ്റ പല സന്ദര്‍ഭങ്ങളിലും ലഭ്യമാകുന്നില്ല.

# മരണപ്പെടുന്ന പല കേസുകളിലും കൃത്യമായ പോസ്റ്റുമോര്‍ട്ടം വിശകലനം സാദ്ധ്യമാകുന്നില്ല.

# ക്ലോണ്‍ ചെയ്തെടുത്ത പല കോശങ്ങളിലും ജീന്‍ തകരാറ് കണ്ടെത്തുകയുണ്ടായി. കോശത്തിന്റെ ഉത്തേജനത്തില്‍ സംഭവിച്ചതാവാനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാനാവില്ല.

# ജെനെറ്റിക് ഇമ്പ്രിന്റിങില്‍ തകരാറുകള്‍ സംഭവിക്കാം.

# വൈറസുകള്‍ ഉപയോഗിച്ചു ജനിതകമാറ്റം നടത്തുമ്പോള്‍ ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ക്കു സാദ്ധ്യത ഏറെയാണെന്നും വിലയിരുത്തപ്പെടുന്നു.

ക്ലോണിംഗും ഞാനും:

ഡൊളി ജനിച്ച വര്‍ഷമായിരുന്നു എന്റെ ബിരുദാനന്ദര ബിരുദ ക്ലാസ്സുകള്‍ ആരംഭിക്കുന്നതു.
ആദ്യ സെമിനാര്‍ വിഷയം റീപ്രൊഡക്റ്റീവ് ക്ലോണിംഗ്.
അന്നുമുതലിങ്ങോട്ടു കൌതുകത്തോടെ വീക്ഷിച്ചു വരുന്ന ഈ ശാസ്ത്രശാഖ, കഴിഞ്ഞ പത്തുവര്‍ഷമായി , മറ്റു മേഖലകളിലെയത്ര മുന്നേറ്റം കാണിക്കുന്നില്ല എന്നാണ് എന്റെ വ്യക്തിപരമായ വിലയിരുത്തല്‍. ജൈവകോശങ്ങളുടെ സാങ്കേതിക രഹസ്യങ്ങള്‍ അത്ര എളുപ്പം മനുഷ്യനു പിടിതരുന്നില്ല എന്നതാണ് ഇതിനായ് ഞാന്‍ കണ്ടെത്തുന്ന കാരണം.നേടിയ പരീക്ഷണഫലങ്ങള്‍ പോലും , എല്ലാ കാര്യങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരം നല്‍കാന്‍ പര്യാപ്തമാവുന്നില്ലെന്നു തോന്നുകയാണ്. ഒരു പക്ഷെ എന്റെ വായനയുടെ കുറവാകാം. കൂടുതല്‍ വിശദീകരണങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. അതുവരെ ജീവന്റെ പല രഹസ്യങ്ങളും മനുഷ്യ വിശകലനത്തിന് അതീതമാണെന്നു വിശ്വസിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാവുന്നു. ഓരോ പ്രപഞ്ച രഹസ്യങ്ങളുടേയും ചുരുളുകള്‍ അഴിയുമ്പോഴും , പ്രകൃതിയുടെ സങ്കീര്‍ണ്ണത കണ്ടു വിസ്മയിച്ചു നില്‍ക്കുന്നു.

9/17/2008

സ്വവര്‍ഗ്ഗ വിവാഹിതര്‍ക്കു കുഞ്ഞ്

ത്വക്ക്കോശങ്ങളില്‍ നിന്നും സ്റ്റെം സെല്ല് എന്ന സങ്കല്‍പ്പത്തിന്റെ ഒരു വികലമായ ചിത്രീകരണമാണിതു.

സ്വവര്‍ഗ്ഗ വിവാഹിതര്‍ക്കു മുന്നിലുള്ള ഏറ്റവും വലിയ ജീവിതപ്രശ്നമായിരുന്നല്ലോ ഒരു കുഞ്ഞ് എന്നുള്ള സങ്കല്‍പ്പം. സമീപ ഭാവിയില്‍ തന്നെ ഇതു സാദ്ധ്യമാക്കുന്ന തരത്തിലേക്കാണ് ശാസ്ത്രം പുരോഗമിക്കുന്നതു.

1997 ഇല്‍ റൊസിലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ക്ലോണിംഗ് എന്ന സാങ്കേതിക വിദ്യയിലൂടെ ഡോളി എന്ന ചെമ്മരിയാടിനെ സൃഷ്ടിച്ചതോടെയാണ് സ്വവര്‍ഗ്ഗാനുരാഗികളെ സന്തോഷിപ്പിക്കുന്ന ഈ വാര്‍ത്ത പുറത്തു വന്നതു. മനുഷ്യന്‍ മരണത്തെ തന്നെ തോല്‍പ്പിക്കാന്‍ പോകുന്നു എന്ന ഘോഷത്തോടെ ജനിച്ച ഡോളി, പക്ഷെ അകാലത്തില്‍ കൊല്ലപ്പെടുകയായിരുന്നു. തുടര്‍ന്നിങ്ങോട്ടു നടന്ന പരീക്ഷണങ്ങളില്‍ ഡോളിയുടെ പോരായമകള്‍ പലതും അനാവരണം ചെയ്യപ്പെട്ടു.പുതു വിദ്യകള്‍ കണ്ടെത്തി. മനുഷ്യചര്‍മ്മത്തില്‍ നിന്നും എടുത്ത കോശങ്ങള്‍ വിവിധ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമാക്കി ഏതു തരം കലകളുടേയും വിത്തു കോശങ്ങളാക്കി മാറ്റാം എന്ന കണ്ടെത്തല്‍ ഈ മേഖലയിലെ പുത്തന്‍ ഉണര്‍വാണ്. ഇതിനെത്തുടര്‍ന്നു ക്ലോണിംഗിന്റെ പിതൃസ്ഥാനീയനായ ശാസ്ത്രകാരന്‍ ഇയാന്‍ വില്‍മുട്ട് തന്റെ ഭ്രൂണ പരീക്ഷണങ്ങള്‍ ഉപേക്ഷിക്കുകയാണെന്നു പ്രഖ്യാപിക്കയുണ്ടായി .

ന്യൂയോര്‍ക്ക് ടൈംസില്‍ നവംബര്‍ 2007 നു ,‍ ഡോക്ടര്‍.ഷിന്യ യമനാക എന്ന ജാപ്പനീസ് ശാസ്ത്രജ്ഞനെക്കുറിച്ചു വന്ന വാര്‍ത്ത അടിസ്ഥാനമാക്കി ഒരു സ്വവര്‍ഗ്ഗ ദമ്പതിമാര്‍ക്കു കുഞ്ഞുണ്ടാവുന്നെതെങ്ങിനെ എന്നു ഫോട്ടോഷോപ്പ് ഭാവനയില്‍ സങ്കള്‍പ്പിച്ചതാണ് ഈ ചിത്രം.


ഡോക്ടര്‍. യമനാക പറഞ്ഞതു പ്രകാരം, മനുഷ്യന്റെ ത്വക്ക് കോശങ്ങളെ അടിസ്ഥാന വിത്തുകോശമാക്കി മാറ്റാവുന്നതാണ്. ഇത്തരത്തില്‍ മാറ്റിയെടുക്കുന്ന കോശം ഉപയോഗിച്ചു അണ്ഡകോശമോ, ബീജ കോശമോ, ഒരു ഭ്രൂണ കോശമോതന്നെ സൃഷ്ടിക്കാമെന്നാണ് ഇന്നെത്തി നില്‍ക്കുന്ന അവസ്ഥ.ഒരു വ്യക്തിയുടെ തന്നെ ശരീരത്തില്‍ നിന്നും ഉരുത്തിരിച്ചെടൂക്കാവുന്ന അണ്ഡകോശവും , ബീജ കോശവും സംയോജിപ്പിച്ചാല്‍ ഭ്രൂണം ലഭിക്കം.ഇതു സത്യമാവുന്നതോടെ അലൈംഗിക പ്രത്യുല്‍പ്പാദനം മനുഷ്യനിലും സാദ്ധ്യമാക്കാം.

ചിത്രത്തില്‍ രണ്ടു പുരുഷന്മാരാണ് ഉള്ളതെന്നു കരുതി സ്ത്രീകള്‍ പ്രതിഷേധിക്കണ്ട കാര്യമില്ല. രണ്ടു സ്ത്രീകളായാലും ഇതു സാദ്ധ്യമാവുന്നതാണ്, മാത്രവുമല്ല വാടകക്കു ഗര്‍ഭപാത്രം അന്വേഷിച്ചലയുകയും വേണ്ട.

ഒരാളില്‍ നിന്നും പുംബീജവും മറ്റേയാളില്‍ നിന്നും അണ്ഡവും ഉരുത്തിരിച്ചാല്‍ രണ്ടു വ്യക്തികള്‍ക്കും പ്രാതിനിധ്യവുമാവും.

(ഇതു വരെ പറഞ്ഞ കാര്യങ്ങള്‍ ഒരു സങ്കല്‍പ്പ ഹാസ്യ കഥയായി എടുക്കാനപേക്ഷ.)

ഇനി അല്പം കാര്യം.

ഡോളി ചരിതം.

ഡൊളിയെന്ന ചെമ്മരിയാടിന്റെ ജനനം ജൈവശാസ്ത്രരംഗത്തു ഒരു കുതിച്ചു ചാട്ടമായിരുന്നെന്നു നിസ്സംശയം പറയാം.ജന്തുക്കളുടെ ക്ലോണ്‍ നിര്‍മ്മിതിയില്‍ അദ്യമായിരുന്നില്ല ശാസ്ത്രലോകം വിജയം കണ്ടതു. ജീവി ശരീരത്തിലെ അലൈംഗിക കോശങ്ങളിലില്‍ നിന്നു പിറവിയെടുക്കുന്ന ആദ്യ സസ്തനിയെന്ന ബഹുമതിയാണ് ഡോളി കരസ്ഥമാക്കിയത്. ഡോക്ടര്‍ ഇയാന്‍ വിമൂട്ടിന്റെ നേതൃത്വത്തില്‍ ഉള്ള ശാത്രജ്ഞരാണ് റോസിലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഈ ബഹുമതി സമ്മാനിച്ചതു. പരീക്ഷണത്തിന്റെ ഒരു രേഖാ ചിത്രം കൊടുത്തിട്ടുള്ളതു നോക്കുക.


ഫിന്‍ ഡോര്‍സെറ്റ് ജനുസ്സില്‍ പെട്ട ഒരു ചെമ്മരിയാടിന്റെ അകിടില്‍ നിന്നുള്ള കോശങ്ങള്‍ ശേഖരിച്ചു പരീക്ഷ്ണശാലയില്‍ വളര്‍ത്തി.സാധാരണയായി ഒരു പ്രത്യേക ധര്‍മ്മം നിര്‍വഹിക്കാനായി, ഭ്രൂണാവസ്ഥയില്‍ തന്നെ രൂപം കോള്ളുന്ന കലകളിലെ കോശങ്ങള്‍ , വിഘടിച്ചാല്‍ സമാന കോശങ്ങള്‍ മാത്രമേ ഉണ്ടവുകയുള്ളൂ. ജനിതക ഘടന അടങ്ങുന്ന ഇവയുടെ കോശമര്‍മ്മം വേര്‍തിരിച്ചു സൂക്ഷിച്ചു.
ഇതേസമയം സ്കോട്ടിഷ് ബ്ലാക്ക് ഫേസ് എന്ന മറ്റോരു ജനുസ്സില്‍ പെട്ട, പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ചെമ്മരിയാടില്‍ നിന്നും അണ്ഡകോശങ്ങള്‍ ശേഖരിച്ചു. അവയില്‍ നിന്നും മര്‍മ്മം നീക്കം ചെയ്യുകയും പകരംഇവയില്‍ , നേരത്തെ തയ്യാറാക്കിവച്ചിരുന്ന ഫിന്‍ഡോറ്സെറ്റ് ആടിന്റെ കോശ മര്‍മ്മം സ്ഥാപിക്കുകയും ചെയ്തു. ഇപ്രകാരം പുനര്‍നിര്‍മ്മിച്ച അണ്ഡകോശം ഒരു പ്രത്യേക വൈദ്യുത സ്പന്ദനങ്ങള്‍ക്കു വിധേയമാക്കിയപ്പോള്‍ മര്‍മ്മം കോശവുമായി യോജിക്കുകയും, ബീജ സങ്കലനം നടന്ന അണ്ഡത്തിന്റെ സവിശേഷതകള്‍ പ്രകടമാക്കുകയും ചെയ്തു.ശാരീരിക അവസ്ഥകള്‍ ക്രമീകരിച്ച തള്ളയാടിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കപ്പെട്ട ഇവ ഭ്രൂണമായി വളരുകയും, പൂര്‍ണ്ണ വളര്‍ച്ചയെത്തി, ഡോളി എന്നു വിളിക്കപ്പെട്ട ഫിന്‍ ഡോര്‍സെറ്റ് ആട്ടികുട്ടിയായി ജന്മമെടുക്കുകയും ചെയ്തു.


ഇത് ഒരു ചെറു സംഗ്രഹം മാത്രമാണ്, വിസ്താരഭയത്താലും വിഷയത്തിന്റെ ഗഹനതയാലും കൂടുതല്‍ ആഴത്തില്‍ ഇപ്പോള്‍ പരാമര്‍ശിക്കുന്നില്ല

ഈ പരീക്ഷണങ്ങളുടെ ചുവടുപിടിച്ചു ലോകമെമ്പാടും നടന്ന പരീക്ഷണങ്ങളില്‍, ക്ലോണിംഗിലൂടെ വിവിധ ജന്തു വിഭാഗങള്‍ ജനിക്കുകയുണ്ടായി.പരീക്ഷണങ്ങള്‍ വ്യാപിച്ചു മനുഷ്യഭ്രൂണം കൃതൃമമായി നിര്‍മ്മിക്കാമെന്ന ചര്‍ച്ചകള്‍ വന്ന സാഹചര്യത്തില്‍ , ലോകം ഇതില്‍ പുനര്‍ചിന്തനം നടത്തുകയും , പല രാജ്യങ്ങളും മനുഷ്യക്ലോണിംഗ് പരീക്ഷണങ്ങള്‍ നിരോധിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ സാങ്കേതിക വിദ്യ മനുഷ്യനന്മക്കെപ്രകാരം ഉപയോഗപ്പെടുത്താം എന്ന തലത്തിലേക്കു പരീക്ഷണങ്ങള്‍ വഴിമാറുകയും, ചികിത്സക്കായുള്ള ക്ലൊണിംഗ് ശാഖ ശക്തി പ്രാപിക്കുകയും ചെയ്തു. ഈ പരീക്ഷണങ്ങളുടെ എറ്റവും പുതിയ ഘട്ടത്തിലാണ് ത്വക്ക് കോശങ്ങളില്‍ നിന്നും , ഏതു തരം സ്വഭാവഗുണമുള്ള കോശങ്ങളും സൃഷ്ടിച്ചെടുക്കാമെന്ന നിഗമനങ്ങളിലെത്തിയത്.ചികിത്സാരംഗത്തു ഒരു വലിയ പുരോഗതി സംഭാവന ചെയ്യാന്‍ കഴിവുള്ളതാണീ കണ്ടുപിടുത്തം. ഒരു പരിധി വരെ ഇവ വിജയിച്ചിട്ടുണ്ടെകിലും ഇനിയും കടമ്പകള്‍ നിരവധി താണ്ടേണ്ടിയിരിക്കുന്നു. പരീക്ഷണശാലയില്‍ കൃതൃമമായി നിര്‍മ്മിച്ചെടുത്തു എന്നു പറയപ്പെടുന്ന ഭ്രൂണ കോശങ്ങളുടെ ചിത്രം കാണുക.

ഈ പോസ്റ്റ് തുടരുന്നതാണ്.

അടുത്ത പോസ്റ്റില്‍ കൂടുതല്‍ സാങ്കേതിക കാര്യങ്ങള്‍ വിശദമാക്കാന്‍ ശ്രമിക്കാം

9/16/2008

ജീവിത സായാഹ്നത്തില്‍ ഒരു കൈ സഹായിക്കൂ

ജീവിത സായാഹ്നത്തിലെ ഒറ്റപ്പെടല്‍ ഒരു പുതുമയല്ല, കേട്ടുപഴകിയ ആവലാതി.സ്ത്രീപുരുഷ ഭേദമില്ലതില്‍. മദ്ധ്യാഹ്നങ്ങളില്‍ ഒറ്റപ്പെട്ടു ജീവിക്കുന്ന മനുഷ്യരെ നാം അവഗണിക്കുന്നുവോ?

പറക്കമുറ്റിയ മക്കള്‍ തീറ്റിതേടി യാത്രയായപ്പോഴാണ്, ആണ്‍ തുണയില്ലാതിക്കാലമത്രയും തുഴഞ്ഞിരുന്ന ആ സുഹൃത്തിനു ഏകാന്തത അനുഭപ്പെടാനാരംഭിച്ചത്. ശ്വാനപ്രദര്‍ശനം, പൊതുപ്രവര്‍ത്തനം എന്നീ പരമ്പരാഗത രീതികളവരെ തൃപ്തയാക്കുന്നില്ല. ഇത്രകാലം ഇല്ലാതിരുന്ന, അഥവാ ആവശ്യമെന്നു തോന്നാതിരുന്ന ഒരു പുരുഷന്, ചിന്തകളിലിനി സ്ഥാനവുമില്ല. സായാഹ്നത്തിലെക്കുള്ള സഹയാത്രികര്‍ക്കായുള്ള ഒരു അന്വേഷണം അവിടെ ആരംഭിക്കുകയാണ്.

മകന്‍ ഉദ്യോഗസ്ഥനായി സ്വന്തം ജീവിതത്തില്‍ ചേക്കേറി. ജീവിതത്തിലന്നേവരെയുണ്ടായിരുന്ന കൂട്ടു നഷ്ടപ്പെടവെ, പൊടുന്നനവേ ഉളവായ ഏകാന്തത, ഒറ്റപ്പെടല്‍, ഭ്രാന്തുപിടിപ്പിക്കുന്നുവെന്നു തോന്നിയതില്‍ തെറ്റുപറയാനാവുമോ?
മദ്ധ്യവയസ്കരാ‍യ ഇത്തരം കൂ‍ട്ടുകാര്‍, അതൊരു ന്യൂനപക്ഷമായാലും, നമുക്കിടയിലുണ്ടു.ബന്ധുജനങ്ങള്‍ ഒരു കൈപ്പാടകലെ മാത്രം. ഇവരെ പരിചയമില്ലെ? അനുദിനം ഈ സമൂഹം വളരുകയുമാണ്. ഇത്തരം ആവലാതികള്‍ , സ്വയംകൃതാനര്‍ത്ഥം എന്നനിലയില്‍, തള്ളിക്കളയാനാവില്ല. അങ്ങിനെ ആ ആശയം കടന്നുവന്നതു. വൈദ്യശാസ്ത്രപുരോഗതി ഉപയോഗപ്പെടുത്തി ഒരു അമ്മയാകുക.സ്വന്തം എന്ന പദം അന്വര്‍ത്ഥമാക്കാവുന്ന തീരുമാനം.പ്രായം മറന്നും മനസ്സുകൊണ്ടു തയ്യാറെടുത്തു. പക്ഷെ ഇതുള്‍ക്കൊള്ളാനാവുന്നതു ഒരു ന്യൂനപക്ഷത്തിനു മാത്രമായിരുന്നു,ആയതിനാല്‍ ഫലം പരാജയം. സമൂഹത്തേയോ, എന്തിന് ഡോക്ടറെപ്പോലും ആശയം ബോദ്ധ്യപ്പെടുത്താനായില്ല. കൂട്ടിനു സ്വന്തം കുഞ്ഞായാലെന്താണ് തെറ്റു? പക്ഷെ അച്ഛന്‍ ആരാവും? അജ്ഞാതനായ ബീജ ദാദാവോ, അതോ പ്രകൃതിയൊ?

മറിച്ചൊരു ചിന്ത കൂടി കടന്നുവന്നു, ദത്താവാമല്ലൊ. പക്ഷെ എവിടെനിന്നും?
അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നും മാത്രമേ ദത്തനുവദിക്കൂ, നിയമതാണ്. നിരവധി അനവധി പിഞ്ചുകള്‍ , ഉറുമ്പരിച്ചു റോഡിലുപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തപ്പെടുന്നു , നമുക്കവരെ വളര്‍ത്താന്‍ അനുവാദമില്ലപോല്‍. നിയമത്തിനേല്‍പ്പിച്ചു കൊടുക്കുക എന്നതാണ് കടമ, പരമാവധി പോറ്റാവുന്നതു രണ്ടു മാസം മാത്രം. അനാഥാലയത്തിലല്ലെങ്കിലും, അനാഥരേക്കാള്‍ ദൈന്യാവസ്ഥയില്‍ കഴിയുന്ന ആയിരങ്ങളുണ്ട് നാട്ടില്‍, പക്ഷെ അവക്കു രേഖപ്പെടുത്തപ്പെട്ട അച്ഛനമ്മമാര്‍ ഉള്ളതിനാല്‍ "സ്വന്തം" ആവുന്നില്ല.അമ്മയെന്ന സ്ഥാനം അനാഥമാകും.
വന്ധ്യത ഒരു സാമൂഹിക പ്രശ്നമായിരിക്കുന്ന നമ്മുടെ നാട്ടില്‍ , കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അപേക്ഷയുമായി ദമ്പതിമാര്‍ ഊഴം കാത്തിരിപ്പാണ്. എത്ര കാലം കാത്തിരിക്കണമെന്നറിയില്ല. സഹായത്തിനു എന്തു ചെയ്യാനാവും ,ഇതാണ് ഇന്നത്തെ എന്റെ ചിന്ത.

പ്രിയ ബൂലോകര്‍ പറയുക.

1. ജൈവികമായി അമ്മയാകാനുള്ള ശ്രമം തെറ്റോ?
2. ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ സഹായിക്കാനാവുമോ? ലഭ്യമാകുന്ന സ്ഥാപനങ്ങള്‍ എവിടെയാണ്?
3.മേല്‍പ്പറഞ്ഞവയില്‍ ഏതാവും ശരി, ഏതാവും പ്രായോഗികം?

9/14/2008

എം.ടി.വാസുദേവന്‍ നായര്‍ ആരാണ്

ഇന്ന്,14.09.2008 മാതൃഭൂമിയില്‍ കണ്ടതും കേട്ടതും പംക്തിയില്‍
എം.ടി.വാസുദേവന്‍ നാ‍യര്‍ എന്നൊരു വ്യക്തിയുടേതായി വന്ന ഒരു ഉദ്ധരണി.

" സംഗീതത്തോടു എനിക്കത്ര കമ്പമില്ല.സ്പൊര്‍ട്സിനോടിന്നും കമ്പമാണ്. പത്ര പ്രവര്‍ത്തനതിന്റെ ആദ്യകാലത്ത് ആരംഭിച്ചതാണതു. സംഗീതം അങ്ങിനെയല്ല.സ്വാതന്ത്ര്യമെടുക്കാന്‍ കഴിയുന്ന ഒരു സുഹൃത്തിനോട് ഒരിക്കല്‍ ചോദിച്ചു, എം.ഡി.രാമനാഥനെ ഒരു കള്‍ട്ട് ഫിഗര്‍ ആയി കൊണ്ടുനടക്കുന്നതെന്തിനാണ്? അദ്ദേഹവും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസമെന്തെന്നു ഒരു സാധാരണക്കാരനെ പറഞ്ഞു മനസ്സിലാക്കാന്‍ പറ്റുമൊ?."

എം.ഡി. രാമനാഥനെ പരിചയപ്പെടുക

വോക്കല്‍ ഇവിടെ

ജീവചരിതം (ചുരുക്കം) ഇവിടെ


ബൂലോകരെ പറഞ്ഞു തരൂ, ആരാണ് എം.ടി. വാസുദേവന്‍ നായര്‍?

9/08/2008

അനില്‍ ആത്മഹത്യ ചെയ്തു, ഒരു പഴയ വാര്‍ത്ത

ഫോണ്‍ ബെല്ലടിക്കുന്നു, ലാന്റ് ഫോണാണ്.
മൊബൈല്‍ കമ്പനികള്‍ അന്നു ഞങ്ങളുടെ നാട്ടില്‍ ടവര്‍ നാട്ടിയിട്ടുണ്ടായിരുന്നില്ല.
മുറ്റത്തുനിന്നോടിയകത്തെത്തുമ്പോഴേക്കും ശബ്ദം നിലച്ചു, പൊന്തിവന്ന ഈര്‍ഷ്യ കടിച്ചമര്‍ത്തി, ചെടിനനക്കാനായി വീണ്ടും മുറ്റത്തേക്കു.


അയല്‍വാസിയായ ചേട്ടന്‍ എന്തോ വിളിച്ചു ചോദിച്ചപോലെ തോന്നി " അനീ, അവിടെ ഫോണ്‍ കേടാണോ"
മുന്‍പു വിളീച്ചയാള്‍ അവിടേക്കും വിളീച്ചിരുന്നു.
ഫോണ്‍ പ്രതീക്ഷിച്ചു മുറിയിലേക്കു തിരിച്ചു നടക്കാന്‍ തുടങ്ങുമ്പോഴേക്കും വീണ്ടും ബെല്ല്.
മറുതലക്കല്‍ അത്ര പരിചിതമല്ലാത്ത സ്വരം.


## " ഹലോ, ഞാന്‍ അനിലിന്റെ സുഹൃത്താണ് "

# " പറയൂ, അനിലാണ് "

## " ങ്ഹേ, ആര്? !!!! " സ്വരത്തിലെ ഞെട്ടല്‍ തെല്ലൊന്നമ്പരപ്പിച്ചു.

# " എന്തു പറ്റീ, ചങ്ങാതീ?"

## " വെറുതെ വിളീച്ചതാണ്, എന്തൊക്കെയുണ്ടു വിശേഷം? "

# "സുഖം, ഓഫീസില്‍ പോകാന്‍ തുടങ്ങുന്നു"

## " ശരി, പിന്നെ വിളിക്കാം"

അമ്പരപ്പു വിട്ടില്ല, ഇദ്ദേഹത്തിന്റെ ഫോണ്‍ വിളി പതിവില്ലാത്തതാണ്.
വീണ്ടും ഫോണ്‍ ബെല്‍.


# " ഹലോ" ഇത്തവണ ഞാനാദ്യം ശബ്ദിച്ചു.

## " അനിലിന്റെ വീടല്ലെ?"

# " അതേ, പറയൂ, അനിലാണ്".

## " ഹെന്താ, ആരാ?!!" ആ സ്വരത്തിലും ഞടുക്കം വ്യക്തം.

# " എന്താടാ രാവിലെ ? " സ്വരം എനിക്കു പരിചിതമായതിനാല്‍ അല്പം ദേഷ്യത്തൊടെ ഞാന്‍ ചോദിച്ചു.

അവന്‍ സംഗതി വിശദമാക്കി. മാതൃഭൂമി പത്രത്തില്‍ വാര്‍ത്ത, "പട്ടാമ്പി പഞ്ചായത്തിലെ ഉദ്യോഗസ്ഥനായിരുന്ന അനില്‍ കുമാര്‍ എന്നയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അടുക്കളയിലെ ഉത്തരത്തിന്മേല്‍, കയറില്‍ തൂങ്ങിയ നിലയിലാണ്‍ ജഢം കാണപ്പെട്ടത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി."

ചിത്രം വ്യക്തമായി. സമീപ പഞ്ചായത്തില്‍ അടുത്തിടെ ചാര്‍ജെടുത്ത ആളായിരുന്നു അന്തരിച്ച അനില്‍ കുമാര്‍.കൊല്ലം സ്വദേശിയായ ഇദ്ദേഹം വളര്‍ന്നതും പഠിച്ചതുമെല്ലാം കേരളത്തിനു പുറത്ത്. മറ്റുള്ളവരോടു ഇടപഴകാനുള്ള വിമുഖതയും, ഉള്‍വലിഞ്ഞ സ്വഭാവപ്രകൃതിയും ഡിപ്പാര്‍ട്ടുമെന്റില്‍ ഇദ്ദേഹത്തെ അജ്ഞാതനാക്കി. നാട്ടിന്‍പുറങ്ങളുടെ പേര്‍ ദൂരദിക്കിലുള്ളയാളുകള്‍ക്കു പരിചിതമല്ലാത്തതിനാല്‍ , സ്വദേശം പട്ടാമ്പി എന്നാ‍ണ് എല്ലാവരോടും ഞാനും പറഞ്ഞു വന്നിരുന്നത്.
ചുരുക്കത്തില്‍, ഡിപ്പാര്‍ട്ടുമെന്റിലും, മറ്റു സുഹൃത്തുക്കള്‍ക്കും പട്ടാമ്പിയില്‍ ഒറ്റ അനിലിനേയെ അറിയുള്ളൂ, അതു ഞാനാണ്. നമ്മളാണെങ്കില്‍ അല്പസ്വല്പം നൈരാശ്യവുമൊക്കെയായി നടക്കുന്ന കാലവും.


തലേ ദിവസം, വ്യക്തിപരമായ എന്തോ കാരണങ്ങളാല്‍ , എന്റെ അപരന്‍ അനില്‍ അത്മഹത്യ ചെയ്തു. ഡിപ്പാര്‍റ്റുമെന്റിനു വേണ്ടിയും , ഒരു സഹജീവി എന്ന നിലയിലും ഞാനവിടെപ്പോകുകയും, നിയമ നൂലാമാലകളുടെ കെട്ടുപൊട്ടിച്ച്, പോസ്റ്റുമോര്‍ട്ടവും മറ്റും നടത്തിച്ച് വന്നതുമാണ്. ഇങ്ങനെ ഒരു പൊല്ലാപ്പ് അപ്പോള്‍ മനസ്സില്‍ വന്നിരുന്നില്ല. പത്ര വാര്‍ത്ത കണ്ട പലരും ഞാന്‍ ആത്മഹത്യ ചെയ്തു എന്നു ധരിച്ചു.

സംഭവത്തിന്റെ ഗൌരവം ബോദ്ധ്യപ്പെട്ട് ‍ , അന്നേദിവസം ലീവെടുത്തു.ഫോണ്‍ തുടരെ ബെല്ലടിക്കുന്നു, ഞാന്‍ അറ്റന്റു ചെയ്യുന്നു, വിളിക്കുന്നയാള്‍ ഞെട്ടലോടെ കുശലപ്രശ്നം നടത്തി ഫോണ്‍ വക്കുന്നു. ബഹളം നിരീക്ഷിച്ചിരുന്ന അച്ഛന്‍ പ്രശ്നമെന്തെന്നാരായാതിരുന്നില്ല. അദ്ദേഹത്തെ നേരില്‍ വിളിച്ചു അനുശോചനം അറിയിക്കാനുള്ള ഫോണുകളായിരുന്നു അതെന്നു ഞാന്‍ പറഞ്ഞുമില്ല. രണ്ടു ദിവസത്തോളം ഈ കലാപരിപാടി തുടര്‍ന്നു.

ഈ സംഭവം എന്റെ ജീവിതവുമായി വളരെ ബന്ധപെട്ടുവന്നു എന്നെനിക്കു ഇപ്പോള്‍ തോന്നുകയാണ്. ഒരു പക്ഷെ ജീവിതത്തില്‍ നിന്നുമുള്ളൊരു ഒളിച്ചോട്ടത്തില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചതു ഈ സംഭവമായിരുന്നിരിക്കാം. ഞാനെന്ന വ്യക്തി എന്നില്‍ മാത്രം ഒതുങ്ങുന്നില്ലയെന്നും, ബന്ധുക്കള്‍ , സുഹൃത്തുക്കള്‍ ഇവരെല്ലാമായി എത്രമാത്രം കെട്ടുപിണഞ്ഞുകിടക്കുന്നു എന്നുമുള്ള ചിന്തകള്‍ മനസ്സിലുറച്ചു.സുഹൃത്തുക്കള്‍ക്കു എന്നോടുള്ള സ്നേഹവും പരിഗണനയും നേരിട്ടു ബോദ്ധ്യപ്പെട്ടു അല്‍പ്പം സന്തോഷം തോന്നിയെങ്കിലും ഒരു സഹജീവിയുടെ മരണം ഉളവാക്കിയ വേദന മനസ്സില്‍ തങ്ങിനില്‍ക്കുന്നു.

ഇന്നലെ എന്റെ ഒരു സുഹൃത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. എന്തു പറയണം എന്നറിയാതെ കാഴ്ചക്കാരനായി നിന്നപ്പോള്‍ മനസ്സില്‍ പൊന്തി വന്ന ഒരു ഓര്‍മ.

9/05/2008

പ്രോട്ടീന്‍ ഫാക്റ്ററി അധവാ ബ്രോയിലര്‍ കോഴി

ബ്രൊയിലര്‍ കോഴിയിറച്ചി ചില വസ്തുതകള്‍
ബ്രോയിലര്‍ കോഴി എന്നതു കേവലം 40 ദിവസം മാത്രം പ്രായമുള്ള ഒരു കോഴിക്കുഞ്ഞാണ്. വിരിഞ്ഞിറങ്ങുമ്പോള്‍ ഏകദേശം 50 ഗ്രാം മാത്രം ശരീര ഭാരമുള്ള ഇവ ഒരു യന്ത്രം കണക്കെ , ആറാഴ്ചകൊണ്ടു നാലു കിലോയോളം തീറ്റ അകത്താക്കി 2.00 മുതല്‍ 2.50 വരെ കിലോഗ്രാം വരെ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു.അതായതു ഒരു ദിവസം 80 ഗ്രാമോളം തീറ്റ ഇവ 55 ഗ്രാം പ്രൊട്ടീനാക്കി മാറ്റുന്നു എന്നര്‍ഥം.


തീറ്റ എന്നതു വിവിധ ധാന്യങ്ങള്‍ , പിണ്ണാക്കുകള്‍ തുടങ്ങിയവയുടെ നിശ്ചിത അനുപാതത്തിലുള്ള ചേരുവയാണ്. ഇവക്കു പുറമെ പ്രോബയോട്ടിക്കുകള്‍, വൈറ്റമിനുകള്‍, ധാതു ലവണങ്ങള്‍, വളര്‍ച്ചാ സഹായികള്‍ എന്നിവയും തീറ്റയില്‍ ചേര്‍ത്തു നല്‍കുന്നു.


ആധുനിക ശാസ്ത്രത്തിന്റെ ഒരു ഉല്‍പ്പന്നമെന്ന നിലയില്‍ ചില ദൂഷ്യഭലങ്ങളും ബ്രോയിലറിനുണ്ട്. ഇവയില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നതാണ് വളര്‍ച്ചാ സഹായികള്‍


വളര്‍ച്ചാ സഹായികള്‍ (ഗ്രോത്ത് പ്രൊമോട്ടെഴ്സ് ):


പ്രധാനമായും ആന്റി മൈക്രോബിയല്‍ ശക്തിയുള്ള രാസവസ്തുക്കളാണ് ഇവ. ഇതില്‍ ടെട്രാസൈക്ലിന്‍ , ബേസിട്രാസിന്‍, തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ , ആമ്പ്രൊളിയം പോലെയുള്ള കോക്സീഡിയ മരുന്നുകള്‍ എന്നിവയാണ് മുഖ്യം. ഇവ ചികിത്സക്കു ആവശ്യം വരുന്നതിനേക്കാള്‍ വളരെ കുറഞ്ഞ അളവില്‍ തീറ്റയില്‍ ചേര്‍ത്താണ് നല്‍കുന്നതു. ഇവയെയാണിന്നു വില്ലന്‍ വേഷത്തില്‍ ശാസ്ത്രം തിരിച്ചറിഞ്ഞിരിക്കുന്നതു. കുറഞ്ഞ അളവില്‍ തുടര്‍ച്ചയായി മനുഷ്യശരീരത്തില്‍ കടന്നുകൂടുക വഴി ഇവ രോഗകാരികളായ ബാക്റ്റീരിയകള്‍ക്കു വളരാനുള്ള സാഹചര്യം ഒരുക്കുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നതു. ആരോഗ്യരക്ഷാ രംഗത്തുള്ള ആന്റിബയോട്ടിക്കുകള്‍ക്കെതിരായി , ബാക്റ്റീരിയകള്‍ക്കു ശക്തിയാര്‍ജ്ജിക്കാന്‍ (റെസിസ്റ്റന്‍സ്) ഇവ അവസരമൊരുക്കുന്നു.

അമേരിക്കയില്‍ നടന്ന ഒരു പഠനം സൂചിപ്പിക്കുന്നതു, വില്‍പ്പന നടക്കുന്ന 70 ശതമാനത്തോളം ആന്റിബയോട്ടിക്കുകള്‍ മൃഗങ്ങള്‍ക്കുള്ള തീറ്റയിലെ അഡ്ഡിറ്റീവ് ആയി ഉപയൊഗിക്കുന്നു എന്നാണ്. ഇത്തരത്തിലുള്ള ഉപയോഗം സൃഷ്ടിക്കുന്ന ആന്റിബയോട്ടിക് പ്രതിരോധ ശേഷിയുള്ള ബാക്റ്റീരിയകള്‍, നിലവിലുള്ള മരുന്നുകള്‍ക്കു വെല്ലുവിളി സൃഷ്ടിക്കുകയും, പുതിയ മരുന്നുകള്‍ കണ്ടെത്തേണ്ട സാഹചര്യം സംജാതമാകുകയും ചെയ്യുന്നു.

1999 ,ജനുവരി ലക്കം പോള്‍ട്രിസയന്‍സ് ജേണലില്‍ വന്ന ഒരു പഠനം , റോസാഴ്സോണ്‍ എന്ന ഒരു ഫീഡ് അഡിറ്റീവ് സൃഷ്ടിച്ചേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളേക്കുറിച്ചായിരുന്നു. ആഴ്സെനിക് എന്ന വിഷ ഘടകം മനുഷ്യകോശങ്ങളില്‍ അടിഞ്ഞ് ക്യാന്‍സര്‍വരെ ഉണ്ടാക്കാം എന്നു പരാമര്‍ശിച്ചിരിക്കുന്നു. കോഴിയിറച്ചി കഴിക്കുക മൂലം മാത്രമല്ല ഇവ മനുഷ്യനിലെത്തുന്നതെന്നാണ് പഠനങ്ങള്‍. കോഴിക്കാഷ്ടം, കൂട്ടിലെ അവശിഷ്ടങ്ങളും നൈട്രജന്‍ മൂല്യമുള്ള പ്രമുഖ ജൈവവളങ്ങളാണ്. കൃഷിയിടങ്ങളിലെ ഇവയുടെ ഉപയോഗവും പഠനവിഷയമാക്കിയിരിക്കുന്നു. ജൈവകൃഷിക്കു പിന്നാലെ പായുന്ന നാം, ഈ മേഖലയില്‍ വ്യക്തമായ നിലവാരങ്ങള്‍ പോലും (സ്റ്റാന്‍ഡേഡ്സ്, ക്വാളിറ്റി കണ്ട്രോള്‍) നിയമമായിട്ടില്ല എന്നകാര്യം വിസ്മരിക്കരുതു.

കേരളത്തിലെത്തുന്ന ബ്രോയിലര്‍ കോഴികളില്‍ ഏറിയ പങ്കും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ്. ഒരു വന്‍ വ്യവസായമായി വളര്‍ന്നിരിക്കുന്ന കോഴിവളര്‍ത്തലില്‍ സര്‍ക്കാര്‍ ഇടപെടല്‍, പരിശോധന ഇവ തുലോം കുറവാണ്.തീറ്റക്രമം പോലും ചില കമ്പനികള്‍ അവരുടെ വ്യാവസായിക രഹസ്യമായി സൂക്ഷിച്ചിരിക്കുന്നു.

തമിഴ്നാടിന്റെ ചുവടു പിടിച്ച് നാം ബ്രോയിലര്‍ ഫാം തുടങ്ങിയെങ്കിലും വേണ്ട രീതിയില്‍ ഉള്ള ശരീരഭാരം ആര്‍ജ്ജിക്കാന്‍ കോഴികള്‍ക്കായില്ല. രേഖപ്പെടുത്തുന്ന തീറ്റകള്‍ക്കും മരുന്നുകള്‍ക്കും പുറമേ മറ്റു രാസവസ്തുക്കള്‍, ഹോര്‍മോണ്‍ അടക്കമുള്ളത്, ഉപയോഗിച്ചിരിക്കാനുള്ള സാദ്ധ്യതകളിലെക്കാണിതു വിരല്‍ ചൂണ്ടുന്നതു. ഇവ സംബന്ധിച്ച വ്യക്തമായ പഠനങ്ങള്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു.

കഴിഞ്ഞ അനേകം വര്‍ഷങ്ങളായി പഠന വിധേയമാക്കുന്ന ഒരു സാമൂഹിക വിഷയമാണ് പെണ്‍കുട്ടികള്‍ കുറഞ്ഞ പ്രായത്തില്‍ ഋതുമതികളാകുന്ന അവസ്ഥ.ഇതില്‍ മുന്‍പന്തിയില്‍ മാംസഭക്ഷണം കഴിക്കുന്നവരാണെന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു.ഇത്തരം സാഹചര്യങ്ങള്‍കൂടി കണക്കിലെടുത്തു , ബ്രോയിലര്‍ ഇറച്ചി തീറ്റ, കുട്ടികളിലെങ്കിലും നിയന്ത്രിക്കുന്നതായിരിക്കും , ആരോഗ്യപരമായ സമീപനം എന്നാണ് എന്റെ വ്യക്തിപരമായ വിലയിരുത്തല്‍.

ചിത്രങ്ങള്‍ക്കു കടപ്പാട് ഗൂഗിള്‍.

9/03/2008

അഗ്നിയെ ചുംബിച്ച ചിത്രശലഭം

ഒരു സംസ്ഥാന സമ്മേളന വേദി, മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന മസ്തിഷ്ക പ്രക്ഷാളനം നടന്നുകൊണ്ടിരിക്കുകയാണ്.
പൊടുന്നനെ വേദിയിലൊരു ചലനം, ക്രമാനുഗതമായതു സദസ്സിലേക്കും പടര്‍ന്നു. കണ്ടുശീലമില്ലാത്തൊരു ചടങ്ങു നടക്കാന്‍ പോവുകയായിരുന്നു. സ്മേരവദനനായി ഒരു വ്യക്തി , പതിയെ, സഹായിയുടെ കൈപിടിച്ചു വേദിയിലെ കസേരയിരുന്നു. അധ്യക്ഷന്‍ പരിചയപ്പെടുത്തല്‍ ആരംഭിച്ചു.

" ഇതു ഡോക്ടര്‍ പിന്റോ, നമ്മുടെ പ്രസ്ഥാനത്തിലെ അംഗമാണ്.കഴിഞ്ഞ കുറെ നാളുകളായി രോഗശയ്യയിലാണ്. എങ്കിലും യോഗത്തിനെത്തണമെന്ന അദമ്യമായ ആഗ്രഹത്താല്‍ എത്തിച്ചേര്‍ന്നിരിക്കയാണ്".

മറ്റൊരു ചടങ്ങുകൂടി നടന്നു, പിന്റൊ എഴുതിയ "അഗ്നിയെ ചുംബിച്ച ചിത്രശലഭം" എന്ന നോവലിന്റെ മുഴുവന്‍ കോപ്പികളും സംഘം വാങ്ങിയിരിക്കുന്നു, അതിന്റെ വിലയായ തുകയുടെ ഒരു ചെക്ക് അദ്ദേഹത്തെ ഏല്‍പ്പിച്ചു. ഈ രംഗങ്ങള്‍ സദസ്സില്‍ ശോകഛവി പടര്‍ത്തുകതന്നെ ചെയ്തു.

ഡോക്ടര്‍ പിന്റൊ ആരോഗ്യ വകുപ്പിലെ അസ്സിസ്റ്റന്റ് സര്‍ജനായിരുന്നു.വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളുടെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം ഔദ്യോഗിക സ്ഥാനലബ്ധിക്കു ശേഷവും സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്തി. കലാലയ ജീവിതതിലും പ്രാദേശിക തലത്തിലും പൊതുമണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന പലരും വൈദ്യ ശാസ്ത്ര പഠനത്തിനു ശേഷം , "ഡോക്ട്രര്‍" പദവി ലഭിക്കുന്നതോടെ ,ഈ രംഗങ്ങളില്‍ നിന്നും വിടപറഞ്ഞു, സാമൂഹിക പ്രതിബദ്ധത പത്തായത്തിന്റെ ഉള്ളറകളിലടക്കുന്ന ഇക്കാലത്തു പിന്റോ വ്യത്യസ്ഥനായി. വിദ്യാര്‍ത്ഥിയായിരിക്കെമുതല്‍ എഴുത്തിനെ പ്രണയിച്ച ഈ മനുഷ്യന്‍ ഒരു പ്രഭാതത്തില്‍ കവിതയെഴുത്തു നിര്‍ത്തി. തന്നിലെ കവിത മരിച്ചതായിപ്പറഞ്ഞദ്ദേഹം കഥകള്‍ എഴുതാനാരംഭിച്ചു. പക്ഷെ വിധി അതിനധികാലം അനുവദിച്ചില്ല. മാരകമായ "മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ്" എന്ന രോഗത്തിനടിപ്പെട്ടിരിക്കുന്നു എന്ന വസ്തുത നിസ്സംഗതയോടെ ആ മനസ്സിലൊതുക്കി. നാളുകള്‍ ചെല്ലുന്തോറും ശരീരഭാഗങ്ങളോരോന്നായി ചലനമറ്റ് മൃതരൂപം പ്രാപിക്കുന്നതാ മനസ്സിനെ തളര്‍ത്തിയില്ല, വാക്കുകളെ തളര്‍ത്തിയില്ല. ആരുടേയും ഔദാര്യം സ്വീകരിക്കാന്‍ തയ്യാറാവാത്ത വാശിക്കുമുന്നില്‍ കീഴടങ്ങിയാണ് പുസ്തകങ്ങള്‍ മുഴുവന്‍ സംഘം വാങ്ങിയതു. സമ്മേളനത്തിലെ ഒരു നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയായി ആ കാഴ്ച.

2005 ലെ സമ്മേളനം, സ്ഥിരം സമ്മേളന തൊഴിലാളികളായ ഞങ്ങളേവരും സദസ്സില്‍. വേദിയിലൊരിക്കല്‍ കൂടി പിന്റൊ പ്രത്യക്ഷപ്പെട്ടു. പോയനാളുകള്‍ ആ ശരീരം ഉഴുതു മറിച്ചിരിക്കുന്നു.. സംസാര ശേഷി നഷ്ടപ്പെട്ടു, കൈകാലുകളുടെ ബോധ ചലനങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു. മുമ്പു കണ്ട വ്യക്തിയുടെ പ്രേതരൂപമാണതെന്നു തോന്നി. രോഗശയ്യയിലദ്ദേഹം വാക്കുകളുമായി പടവെട്ടി, തീഷ്ണമായ വരികളാല്‍ കവിതകള്‍ കുറിച്ചു. സംഘം വാങ്ങിയ പുതിയ കവിതാ സമാഹാരത്തിലെ വരികള്‍ എന്നെ തുറിച്ചു നോക്കി.

" കാറ്റെടുക്കാത്ത ദീപമാണെന്നോര്‍ക്ക,
കൊടുങ്കാറ്റടിക്കട്ടെ കെട്ടുപോകില്ല ഞാന്‍"


പ്രാര്‍ത്ഥനകള്‍ക്കു മനസ്സില്‍ സ്ഥാനമുണ്ടൊ എന്നു നിശ്ചയമില്ലാതെ സ്ഥബ്ധനായി ഞാനിരുന്നു.
പിന്റൊയുടെ മുഖത്തു സ്ഥായിയായ അതേഭാവം. നിസ്സംഗത, രോഗ കാഠിന്യത്തിന്റെ ദൈന്യതയെ പരാജയപ്പെടുത്തിയിരിക്കുന്നു. അനിവാ‍ര്യമായ വിധിക്കു കീഴടങ്ങാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന സഹധര്‍മ്മിണിയുടെ മുഖത്തെ നിര്‍വ്വികാരതയില്‍ , കണ്ണുനീര്‍ച്ചാലുകള്‍ ഉണങ്ങിക്കിടക്കുന്നതു പക്ഷെ മറക്കാനാവുന്നില്ല.

വേദിയില്‍ സംസാരങ്ങളില്ല, ചെറു നിശബ്ദതക്കു ശേഷം കണ്ണുകളാല്‍ യാത്ര പറഞ്ഞവര്‍ പിരിഞ്ഞു.

അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും വാര്‍ത്ത നെഞ്ചില്‍ തറച്ചു. ഡോക്ടര്‍.സി. പിന്റോ അന്തരിച്ചു.

നിശ്ചയദാര്‍ഢ്യത്തോടെ കൊടുങ്കാറ്റിനു മുന്നില്‍ നെഞ്ചുവിരിച്ചു നിന്നാളിയ വരികള്‍ മാത്രം കെടാതെ ബാക്കിയായ്.

ഓണത്തെ വരവേല്‍ക്കാനായി ഒരുങ്ങുന്ന തിരക്കില്‍ അലമാരയിലെ പുസ്തകങ്ങള്‍ പൊടിതട്ടിയെടുക്കവേ, പിന്റോയുടെ എഴുത്തുകള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. മനുഷ്യനെന്ന നിസ്സഹായ ജീവിയുടെ പരാക്രമങ്ങള്‍ മനസ്സിലോര്‍ത്തു ഞാന്‍ പ്രത്യഭിവാദ്യം ചെയ്തു.