7/29/2010

അസഹിഷ്ണുതയുടെ ബാക്കിപത്രങ്ങള്‍

അവനവനിലേക്ക് തന്നെ ചുരുങ്ങിക്കൂടിയിരിക്കുന്ന സമൂഹത്തിന്റെ മുഖമുദ്രയാണ്‍ അസഹിഷ്ണുത.
അവനവന്‍ അവനവനുവേണ്ടി മാത്രം ജീവിക്കേണ്ടവനാണെന്ന ചിന്തയാണ്‍ അസഹിസ്ണുതയിലേക്ക് നയിക്കുന്നതെന്ന് പറയാം. താന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി കൂടി ജീവിക്കേണ്ടതുണ്ടെന്നോ സംസാരിക്കേണ്ടതുണ്ടെന്നോ ഉള്ള ചിന്ത നഷ്ടപ്പെട്ടതിന്റെ പരിണതിഫലമായാണ്‍ മറ്റുള്ളവര്‍ക്കായ് സംസാരിക്കുന്നതില്‍ നിന്നും ഒരുവനെ വിലക്കുന്നതും ഒപ്പം വിമര്‍ശിക്കുങ്ങനങ്ങളെ വെറുക്കുന്നതും. താന്‍ പുറം ലോകത്തിന്റെ കാര്യങ്ങളില്‍ ഇടപെടുന്നില്ലാത്തതിനാല്‍ തന്റ്റെ കാര്യങ്ങളില്‍ പുറം ലോകം ഇടപെടാന്‍ പാടില്ലെന്ന ന്യായീകരണം ഇക്കൂട്ടര്‍ ഊന്നിപ്പറയാന്‍ ശ്രമിക്കുന്നു. കേവലം വ്യക്തിയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ഒരു കൂട്ടം ഒന്നാകെ ഇത്തരം ചിന്താഗതിയിലേക്ക് നീങ്ങുന്നത് തികച്ചും ആശാസ്യമായ ഒന്നാവാനിടയില്ല. ഒരു സംഘത്തിന്റെ ഏതാണ്ടെല്ലാ അംഗങ്ങളും ഇത്തരം ഇടുങ്ങിയ ചിന്താഗതിയിലേക്ക് മാറിയെന്നോ, അതുമല്ലെങ്കില്‍ സംഘത്തിന്റെ കൂട്ടായ തീരുമാനങ്ങളിലേക്ക് ഇടപെട്ട് കയറിച്ചെല്ലാന്‍ ഇത്തരം ചിന്താഗതിക്ക് സാധിക്കുന്നു എന്നോ കരുതാം.

ഇന്നിതാ സമൂഹത്തിലെ ഒരു വിഷയങ്ങളോടു പോലും പ്രതികരിക്കാന്‍ ഭയപ്പെടേണ്ട അവസ്ഥ എത്തിച്ചേര്‍ന്നിരിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിനെതിരെ സംസാരിച്ചു എന്ന ഒറ്റകാരണത്താല്‍ മുഖ്യമന്ത്രിക്ക് മേല്‍ വന്ന് വീണത് കാവിപ്പുതപ്പാണ്‍. കാവിയെ സഹായിക്കാനല്ലെങ്കില്‍ പിന്നെന്തിനു മുസ്ലീങ്ങളുടെ ഒരു സംഘടനയെ കുറ്റം പറയണമെന്ന ചോദ്യം എത്രമേല്‍ ബാലിശമാണെന്ന് ചോദ്യകര്‍ത്താക്കള്‍ അറിയുന്നില്ല. ബ്ലോഗിലാവട്ടെ ഇത്തരം മേലങ്കി ചാര്‍ത്തല്‍ സര്‍വ്വ സാധാരണമാണെന്ന് ആറിയത്തവര്‍ ചുരുക്കം. ഇസ്ലാം മതത്തെ വിമര്‍ശിക്കുന്ന പോസ്റ്റുകളിലേതെങ്കിലും ഒന്നില്‍ ഒരു അനുകൂല കമന്റു വീണുപോയാല്‍ അതിട്ട ആള്‍ ജബ്ബാര്‍ മാഷിന്റെ ശിഷ്യനായി ലേബല്‍ ചെയ്യപ്പെടും . ഒരുപക്ഷെ ആ കമന്റിട്ട ആള്‍ക്ക് ആരാണ്‍ ജബ്ബാര്‍ മാഷെന്ന് കേട്ടുകേള്‍വി പോലും ഇല്ലാതിരിക്കലാണ്‍ ഇതിലെ ഹാസ്യം. ദൈവങ്ങളെ വിമര്‍ശിക്കുന്ന പോസ്റ്റില്‍ ഒരു അനുകൂല കമന്റ് വീണാല്‍ അയാള്‍ യുക്തിവാദിയായി, ഒപ്പം കമ്മ്യൂണിസ്റ്റും . എന്നാല്‍ യുക്തിവാദി സംഘടകള്‍ക്ക് കേരളത്തിലെ ഇടതുപക്ഷത്തോട് അനുകൂല നിലപാ‍ടല്ലെന്ന് മാത്രമല്ല ഒരു പരിധിവരെ ഇടത് പക്ഷ വിരുദ്ധരാണെന്ന കാര്യം വിമര്‍ശര്‍ സൌകര്യപൂര്‍വ്വം വിസ്മരിക്കും.

പറഞ്ഞുവരുന്നതെന്തെന്നാല്‍ അനുകൂല അഭിപ്രായം പറയാത്തവരെല്ലാം വിരുദ്ധ ചേരിക്കാരാണെന്ന് മുദ്രകുത്തുന്നത് അസഹിഷ്ണുതയുടെ പ്രകടനമാണെന്ന് വിലയിരുത്തപ്പെടുക, അതാവട്ടെ ഗുണപരമായ തുടര്‍ ചര്‍ച്ചകളെ തടസ്സപ്പെടുത്തുകയും ചെയ്യും.

7/26/2010

തണുത്ത ദിവസങ്ങൾക്കായ് ചൂടൻ പെണ്ണുങ്ങൾ

തലക്കെട്ട് കണ്ട് തെറ്റിദ്ധരിക്കരുത്.

ഈ കഴിഞ്ഞ കുറേ ആഴ്ചകളായി നമ്മുടെ സർക്കാർ വിലാസം ടെലിഫോൺ കമ്പനിയായ ബി എസ് എൻ എൽ എന്നെപ്പോലെയുള്ള ഉപയോക്താക്കൾക്ക് നൽകുന്ന വാഗ്ദാനമാണ്.

കുറച്ച് സന്ദേശങ്ങൾ ഇതാ
1.Enjoy Ur Hot Day of Summer With Cool & Beautiful Models click http://202.87.41.##/##/hungamawap/bsnl/##.php

2.Got Boarded? Then click link to Enjoy With beautiful models ..... http://202.87.41.147/**/bsnl/##

3. Spicey Hot Videos if Deepika, Kareena ,Jacqueline & more http://m.hungama.com/***

4.Hot & Sexy Bikni Babes Wallpapers Address http://wap.indachoice.com/******

പ്രലോഭനങ്ങളുമായി സന്ദേശങ്ങൾ ഇനിയും ഉണ്ട്.

ഈ സന്ദേശങ്ങൾ സ്വകാര്യ വെബ് സൈറ്റുകളാണ് അയക്കുന്നതെന്ന് വേണമെങ്കിൽ ബി എസ് എൻ എലിനു പറയാമെങ്കിലും ഇതിന്റെ ധാർമിക ഉത്തരവാദിത്വത്തിൽ നിന്നും അവർക്ക് ഒഴിഞ്ഞുമാറാനാവുമെന്ന് ഞാൻ കരുതുന്നില്ല.ഒരു അശ്ലീല വെബ് സൈറ്റ് സന്ദർശിക്കുന്നത് ഐടി ആക്റ്റ് പ്രകാരം കുറ്റകരമാവുന്ന ഇന്ത്യയിൽ ഈ സന്ദേശങ്ങൾ നിയമ ലംഘനം പ്രൊത്സാഹിപ്പിക്കുന്നു എന്ന് പറയാം.

ഒരു പൂർണ്ണ സർക്കാർ സ്ഥാപനമായ ഭാരതീയ ടെലിക്കോം കമ്പനിവത്കരിച്ചതിന്റെ ഫലങ്ങൾ സാധാരണക്കാരനു ലഭിക്കുന്നില്ല എന്ന പരാതി തീർക്കാനാവും ഇത്തരം മെസ്സേജുകൾ എന്ന് കരുതേണ്ടിയിരിക്കുന്നു. കമ്പനിയാക്കിയ വകുപ്പിന്റെ കോടിക്കണക്കിനു വരുന്ന വസ്തുവഹകൾ സ്വകാര്യമുതലാളിമാരുടെ കൈവശം എത്തിച്ചേരുന്നതല്ലാതെ ഈ കമ്പനിവത്കരണം എന്ത് ഗുണഫലമാണുണ്ടാക്കിയതെന്ന് ആരെങ്കിലും വിശദീകരിച്ചാൽ നന്നായിരുന്നു. ഇന്നാവട്ടെ പണിയെടുക്കുന്ന ഭൂരിഭാഗം തൊഴിലാളികളെയും പിരിച്ച് വിട്ട് ജോലികൾ ഔട്ട് സോഴ്സ് ചെയ്യുക എന്ന പദ്ധതിയുമായി മുന ഈ കമ്പനി മുന്നോട്ട് പോവുകയാണ്. സംഘടിത തൊഴിലാളികളുടെ ശക്തി മൂലം തൽക്കാലത്തേക്ക് നിർത്തി വച്ചിരിക്കുന്ന പിരിച്ചു വിടൽ നടപടികൾ എപ്പോൾ വേണമെകിലും പുനരാ‍രംഭിക്കും.

സർക്കാർ നിയന്ത്രണങ്ങൾ ഓഴിവക്കുന്ന മുറക്ക് വിവിധ കമ്പനികളിൽ കണ്ടുവരുന്ന ചില പ്രവണതകളുടെ സൂചനയായി ഇതിനെ കാണാം. രാജ്യരക്ഷയുമായി ഏറ്റവും ബന്ധപ്പെട്ട് കിടക്കുന്ന നമ്മുടെ പാസ്പോർട്ട് വിതരണം ക്രമേണ സ്വകാര്യ ഏജസികൾക്ക് നൽകി വരികയാണു. എത്ര ഗുരുതരമായ ഭവിഷ്യത്തുകളാണു ഇത്തരം നടപടികളാൽ കാലാന്തരം നാട്ടിൽ വന്നു ഭവിക്കുക എന്ന് കാത്തിരുന്നു കാണേണ്ടി വരും.