1/27/2009

പ്രണയവും മതവും

പരാതിക്കാരന്‍ എന്ന ബ്ലൊഗ്ഗിലാണ് ഒരു വീഡിയോ ശ്രദ്ധയില്‍ പെടുന്നത്. അന്യ മതങ്ങളെ മാനിക്കുകയും തുല്യതയോടെ കാണുന്നു എന്ന അവകാശപ്പെടുന്ന ഇസ്ലാം പ്രമോട്ട് ചെയ്യുന്ന പ്രസ്തുത യു ട്യൂബ് വീഡിയോ ഇവിടെ പോസ്റ്റ് ചെയ്യുന്നു.
(Hindu girl broke her God by hammer and converted to Islam!)
ഹിന്ദു മതത്തില്‍ നിന്നും ഇസ്ലാം മതം സ്വീകരിച്ച ഒരാള്‍ ഗണേശ വിഗ്രഹത്തോട് (മറ്റൊരു മതത്തിന്റെ വിശ്വസം എന്ന അര്‍ത്ഥത്തില്‍) ഇപ്രകാരം പെരുമാറുന്നത് ന്യായീകരിക്കാനാവുന്നതെങ്ങനെ?

വി. രാജേഷിന്റെ അഥീന എന്ന ബ്ലോഗ്ഗിലാണ് തുടര്‍ന്ന് മറ്റൊരു പോസ്റ്റ് കാണാനായത്. അല്പം ദൈര്‍ഘ്യമുള്ള വിഡിയോ ആണെങ്കിലും രാജേഷിന്റെ കമന്റ് പ്രസക്തമാണ്. വീഡിയോ കാണുക.

(Hindu Bhraman Dr. Meena Embraced Islam in English & Malayala)
രാജേഷ് പറയുന്നു.

“ അനില്‍,ഞാന്‍ ഈ പോസ്റ്റ് വ്യക്തിപരമായ ഒരു കൗതുകം കൊണ്ട് മാത്രം ഇട്ടതാണ്‌.മെഡിക്കല്‍ കോളേജില്‍ ഞാന്‍ പഠിച്ചിരുന്ന കാലത്ത് ഇവര്‍ അവിടെ ജൂനിയര്‍ ബാചുകളിലൊന്നില്‍ ഉണ്ടായിരുന്നു.അന്ന് ഒരു ഫെമിനിസ്റ്റ് ഒക്കെയായിരുന്ന ഇവരുടെ ഒരു പ്രസംഗം ഞാന്‍ കേട്ടിരുന്നു.ഇത് എന്റെ മെഡിക്കല്‍ സുഹൃത്തുക്കള്‍ ഒന്നു കാണണമെന്നു കരുതി മാത്രം ഇട്ടതാണ്‌.ഇത്തരം പ്രഭാഷണങ്ങള്‍ ഒരുപാട് ഉണ്ടെന്ന് മനസ്സിലായി.ഇത്തരം പ്രഭാഷണങ്ങള്‍ കൊണ്ട് എന്തു കാര്യം എന്നു മാത്രം മനസ്സിലാകുന്നില്ല”

എന്റെ കമന്റ്:

“ഫെമിനിസ്റ്റ്” എന്ന പ്രയോഗം വാച്യാര്‍ത്ഥത്തില്‍ തന്നെ എടുക്കട്ടെ. അതു തന്നെയാവും ആണ് ഈ വീഡിയൊക്കുള്ള ഏറ്റവും വലിയ പ്രസക്തി. പൊരാഞ്ഞതിന് ബ്രാഹ്മിണ്‍ കുടുംബാംഗവും.സര്‍വ്വമതങ്ങളേയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മതമാണ് ഇസ്ലാം, പക്ഷെ അവരെല്ലാം ഇസ്ലാമിനെ ആശ്ലെഷിക്കുകയാവും കൂടുതല്‍ നല്ലത്. (സ്വര്‍ഗ്ഗ പ്രവേശത്തിന്)”

രാജേഷ് പറയുന്നു.

“ഞാന്‍ ആലോചിച്ചത് ആളുകള്‍ ഒരറ്റത്തു നിന്ന് മറ്റേയറ്റത്തേക്ക് എളുപ്പത്തില്‍ ചാടുന്നു എന്നാണ്‌.അതായത്,തീവ്ര യുക്തിവാദി കടുത്ത സായിബാബ ഭക്തനായി മാറുന്നു.തീവ്ര ഇടതുപക്ഷക്കാരന്‍ ഏറ്റവും വലത്തെത്തുന്നു.ഇതുപോലെ കടുത്ത നിലപാടുകളില്‍ നിന്ന് വിപരീതമായ നിലപാടുകളിലേക്ക് ചാടുന്ന ഒരു പാട് പേരെ കാണുന്നു.ഇതിന്റെ അടിസ്ഥാനമെന്തെന്ന് ആണ്‌ ഞാന്‍ ആലോചിച്ചത്.ഈ പ്രഭാഷകയെപ്പറ്റി വ്യക്തിപരമായി ഒന്നും പറയുന്നില്ല. "

ഈ സാഹചര്യത്തിലാണ് ഹൈന്ദവ കേരളം എന്ന സൈറ്റ് പ്രണയവും മതവും തമ്മില്‍ എപ്രകാരം ബന്ധപ്പെട്ടു കിടക്കുന്നു എന്നൊരു സിദ്ധാന്തവുമായി എത്തിയത് ശ്രദ്ധയില്‍ പെടുന്നത്, jihadi romeos . ഹിന്ദു ഐക്യ വേദിയുമായുള്ള ഈ സൈറ്റിന്റെ ബാന്ധവം അല്പനേരം വിസ്മരിച്ചാല്‍ , ഈ വാര്‍ത്തയില്‍ കഴമ്പു വല്ലതും ഉണ്ടോ എന്നു അന്വേഷിക്കാവുന്നതാണ്.

1/22/2009

പക്ഷിപ്പനിയെന്ന വ്യവസായം

ഇന്നു രാവിലെ മാതൃഭൂമിയില്‍ കണ്ട വാര്‍ത്താ ശകലമാണിത്.

ലോകം ഇന്ന് പക്ഷിപ്പനിയെന്നൊരു മഹാമാരി ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. പക്ഷികളെ മാത്രം ബാധിച്ചിരുന്ന പക്ഷിപ്പനി വൈറസ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മനുഷ്യനേയും ആക്രമിച്ചുതുടങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്. തുടര്‍ന്ന് ലോകവ്യാപകമായി ഇതിനെതിരെ ജാഗ്രത പുലര്‍ത്താനുള്ള നടപടികളാരംഭിക്കുകയും ഏത് അടിയന്തിര സാഹചര്യങ്ങളേയും നേരിടാന്‍ ആരോഗ്യ, മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ തയ്യാറെടുക്കുകയും ചെയ്തു വരികയാണ്. ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സ്വാഭാവിക പരിശീലന പരിപാടിയാണ് പത്ര റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പക്ഷിപ്പനിയെപ്പറ്റി സൂരജിന്റെ മെഡിസിന്‍ അറ്റ് ബൂലോകത്തില്‍ വന്ന പോസ്റ്റ് ഈ വിഷയത്തിലെ ആശങ്കകള്‍ ദൂരീകരിക്കാന്‍ പര്യാപ്തമായിരുന്നു.

ഈ പരീശീലപരിപാടിയില്‍ നടന്ന് അവതരണങ്ങളിലെ രണ്ടു ചിത്രങ്ങള്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നതായതിനാല്‍ അവ ഇവിടെ കൊടുത്തിരിക്കുന്നു.

പക്ഷിപ്പനി ബാധയെ പ്രതിരോധിക്കുന്ന ദ്രുതകര്‍മ്മ സേന (റാപ്പിഡ് റെസ്പോണ്‍സ് ടീം) അവലംബിക്കേണ്ട മുന്‍കരുതലുകള്‍ പ്രതിപാദിക്കുന്ന അവതരണത്തില്‍ നിന്നാണ് ഇത്. അണുബാധ തടയാനായി കഴിക്കേണ്ട മരുന്നാണ് ഒസള്‍ട്ടാമിവിര്‍ (ഇതിന്റെ ഉപയോഗത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്). ടാമിഫ്ലൂ എന്ന വ്യാവസായിക ഉല്‍പ്പന്നം തന്നെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് നോക്കുക. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം ഭാരത സര്‍ക്കാര്‍ തയ്യാറാക്കിയ പരിശീലന വസ്തുക്കളാണിവയെന്ന് ഓര്‍മ്മിക്കുക.

ഒരു പക്ഷിപ്പനി ബാധിത സ്ഥലത്ത് സംഘാങ്ങള്‍ എത്തുമ്പോള്‍ ചെയ്യേണ്ട നടപടികളുടെ അവതരണത്തില്‍ നിന്നുള്ള ഒരു പ്രദര്‍ശനമാണിത്. ഇവിടെ രാസനാമം ഉപയോഗിക്കുന്നില്ല എന്നതും , പക്ഷിപ്പനി പ്രതിരോധത്തിന്റെ പര്യായമായി “ടാമിഫ്ലൂ” മാറിയതായും ശ്രദ്ധിക്കുക.

ഏതൊരു പരിശീലന പരിപാടിയിലും ഏതെങ്കിലും വ്യാവസായിക ഉല്പന്നത്തിന്റെ പ്രദര്‍ശനം ഉള്‍പ്പെടുത്തുന്നത് സംശയ ദൃഷ്ടിയോടെ മാത്രമേ വീക്ഷിക്കാനാവൂ.


ടാമിഫ്ലൂ:

അമേരിക്കയിലെ റോഷ് കമ്പനി നിര്‍മ്മിക്കുന്ന വ്യാവസായിക ഉല്‍പ്പന്നമാണിത്. പക്ഷിപ്പനിക്കെതിരെ പരമ്പരാഗത മരുന്നുകള്‍ ഫലവത്താവാതെ വന്ന സാഹചര്യത്തിലാണ് റൊഷിന്റെ ടാമിഫ്ലൂ ഉല്‍പ്പാദനം ആരംഭിക്കുന്നത്. ഒസള്‍ട്ടാമിവിര്‍ ഫോസ്പേറ്റ് ആണിതിന്റെ അടിസ്ഥാന ഘടകം. ലോകമെമ്പാടും തങ്ങളുടെ സേവനം വ്യാപിപ്പിക്കുവാന്‍ തീരുമാനിച്ചതായിയുള്ള വാര്‍ത്ത
ഇവിടെ വായിക്കാം. ജിലിയാഡ് സയന്‍സസ് എന്ന കമ്പനിയാണ് ടാമിഫ്ലൂവിന്റെ യഥാര്‍ത്ഥ പേറ്റന്റ് അവകാശികള്‍. ഈ മരുന്നുണ്ടാക്കാനുള്ള ലൈസന്‍സ് മാത്രമാണ് റൊഷ് കമ്പനിക്ക് ഇവര്‍ നല്‍കിയിട്ടുള്ളത്. ലോകമാകമാനം പക്ഷിപ്പനി ഭീഷണി പടര്‍ന്ന സാഹചര്യത്തില്‍ രണ്ടു കമ്പനികളും തമ്മില്‍ നിയമപരമായ ചില ഏറ്റുമുട്ടലുകള്‍ ഉണ്ടായെങ്കിലും തങ്ങളുടെ തര്‍ക്കങ്ങള്‍ തീര്‍ന്നു എന്ന് ഒരു പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. 2004 ഇല്‍ 266 ദശലക്ഷം ഡോളറായിരുന്ന ടാമൊഫ്ലൂ വിറ്റുവരവ് 2006 ഇല്‍ 925 ദശലക്ഷം ഡോളറായി ഉയര്‍ന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കയിലെ ആഭ്യന്തര ഉപയോഗത്തിനും, വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ സൈനികര്‍ക്കുമായി ദശലക്ഷക്കണക്കിനു ഡോളറിന്റെ ടാമിഫ്ലൂവാണ് വാങ്ങിക്കൂട്ടിയിരിക്കുന്നതെന്നും ഇതിനു പിന്നില്‍ ബുഷ് ഭരണകൂടത്തിലെ ചില പ്രമുഖരുടെ കൈകള്‍ പ്രവര്‍ത്തിച്ചിരുന്നു എന്നും ആരോ‍പണം ഉയര്‍ന്നത് ഈ സാഹചര്യത്തിലാണ്.ജെലിയാഡ് സയന്‍സസിന്റെ തന്നെ
ഈ പത്രക്കുറിപ്പ് ഇതിനുള്ള ഉത്തരവും നമുക്ക് നല്‍കുന്നുണ്ട്. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയായിരുന്ന സാക്ഷാല്‍ റൊണാള്‍ഡ് റംസ്ഫീല്‍ഡ് 1997 മുതല്‍ 2001 വരെ ജിലിയാഡ് കമ്പനിയുടെ ചെയര്‍മാനായിരുന്നു എന്നതാണത്. ഇതുമാത്രമല്ല ഈ കമ്പനിയില്‍ ഇദ്ദേഹത്തിനു ദശലക്ഷങ്ങള്‍ വരുന്ന ഷെയര്‍ ഉള്ളതായും ചില വാര്‍ത്തകള്‍ പറയുന്നു.

എപ്രകാരമാണ് പക്ഷിപ്പനിയും ടാമിഫ്ലൂവും ലോക വിപണി കീഴടക്കാന്‍ പോകുന്നതെന്ന ചില സൂചനകള്‍മാത്രമാണിത്.

1/18/2009

വായനയും അതിവായനയും

എഴുതപ്പെട്ട വാക്കുകളുടെ ഒരു കൂട്ടം, നമ്മുടെ ബോധമണ്ഡലത്തിലുളവാക്കുന്ന സംവേദനത്തെ വായനയെന്നു വിളിക്കാമെന്നു തോന്നുന്നു. പദാനുപദ അര്‍ത്ഥം ഗ്രഹിക്കാനായില്ലെങ്കിലും ഒരു കുറിപ്പ് ആശയ സംവേദകമാകുന്നിടത്താണ് വായന വിജയിക്കുന്നത്. ഒരു രചന മെച്ചപ്പെട്ടത് എന്ന് നാം പറയുന്നത് അതിലെ വരികള്‍ നമ്മുടെ മനസ്സിനെ എത്രമാത്രം സ്വാധീനിക്കുന്നു എന്നു വിലയിരുത്തിയാണ്. സ്വധീനം ഗുണപരമാവണമെന്ന നിബന്ധനയില്ലെന്നര്‍ത്ഥം. നേര്‍ക്കാഴ്ച നല്‍കുന്ന സംവേദനത്തേക്കാള്‍ എത്രയോ ഇരട്ടി ഫലവത്താവാം , നിയതമായ രീതിയില്‍ കൂട്ടിയിണക്കിയ ഒരുകൂട്ടം വാക്കുകള്‍. അവ നമ്മുടെ ഭാവനയെ ഉണര്‍ത്തുകയും പരിധികളില്ലാത്ത സങ്കല്‍പ്പലോകം നമ്മുടെ മുന്നില്‍ തുറക്കുകയും ചെയ്യുന്നു.

എത്രമാത്രം ശക്തമാണ് വാക്കുകള്‍ സൃഷ്ടിക്കുന്ന സംവേദനം എന്ന് വെളിവാക്കാനായാണ് മേല്‍ വരികള്‍ ഇവിടെ കുറിച്ചത്. ഒരു രചന, എഴുത്തുകാരന്റെ മനസ്സിന്റെ പ്രതിഫലനമാണെന്ന് പറയപ്പെടുന്നു. എത്ര തന്നെ മൂടിവച്ചാലും തന്റെ മനസ്സൊളിച്ചുവക്കാനൊരെഴുത്തുകാരനുമാവില്ല . വരികളിലൂടെയുള്ള വായനയേക്കാള്‍ വരികള്‍ക്കിടയിലൊളിച്ചിരിക്കുന്ന രചയിതാവിനെത്തിരയാനാണ് എനിക്കു താല്‍പ്പര്യം. ഒരു രചന ആസ്വദിക്കാന്‍ , വിലയിരുത്താന്‍ രചയിതാവിന്റെ പൂര്‍വ്വ ചരിത്രമോ പൂര്‍വ്വ കൃതികളോ ആവശ്യമാണെന്ന് സാഹചര്യം സംജാതമാകുന്നത് രചയിതാവിന്റെ പരാജയമായി വിലയിരുത്താം. (തുടരന്‍ പംക്തികള്‍ ഒഴികെ). നിയതമായ നിയമാവലി (എഴുതപ്പെട്ടതോ അല്ലാത്തതോ) നിലവിലില്ലാത്ത ബൂലോക രചനകള്‍ വായനക്കാരനു പലപ്പോഴും വെല്ലുവിളി തന്നെ സൃഷ്ടിക്കുന്നു എന്നത് വാസ്തവമാണ്. അടിക്കടി കാണപ്പെടുന്ന വാക്കേറ്റങ്ങള്‍ക്കും വ്യക്തിഹത്യകള്‍ക്കും കാരണമാകുന്നത് ഇത്തരത്തിലുള്ള രചനകളാണ്.

വിമര്‍ശനം എന്നത് ഒരു കലയാണ്. താന്‍ കുറിക്കുന്ന വാക്കുകളാല്‍ ഒരു വ്യക്തിയേയോ ഒരു ആശയത്തേയോ കൊലചെയ്യുക എന്ന രീതിയിലേക്ക് പല വിമര്‍ശനങ്ങളും എത്തപ്പെടുന്നു എന്നത് രചയിതാവിന്റെ പരാജയമാണ്. വിമര്‍ശനങ്ങള്‍ കുറിക്കുകൊള്ളുന്നവയായിരിക്കുകയും അത് എഴുതുന്ന ശൈലിയുടെയോ പദപ്രയോഗത്തിന്റെ മൂര്‍ച്ചയാലോ ആയിരിക്കണം എന്നാണ് എന്റെ അഭിപ്രായം. പദങ്ങളുടെ വാച്യാര്‍ത്ഥത്തിന്റെ ബലത്താല്‍ വിമര്‍ശനം ശക്തമായി എന്നു ധരിക്കുന്നതും പ്രചരിപ്പിക്കുന്നതും ശരിയാവണമെന്നില്ല. ബൂലോകത്തു നടക്കുന്ന വിമര്‍ശങ്ങളും സംവാദങ്ങളും ഉദാഹരണങ്ങളായി നമുക്കു മുന്നില്‍ നില്‍ക്കുന്നു. പുത്തന്‍ കാലഘട്ടത്തിന്റെ മാദ്ധ്യമമായ ബ്ലോഗ്ഗുകള്‍ ഈ അര്‍ത്ഥതലത്തിലേക്ക് ഉയരേണ്ടതുണ്ട്. അല്ലാത്ത പക്ഷം അനാവശ്യമായ വിവാദങ്ങളിലേക്കും വ്യവഹരങ്ങളിലേക്കും ബ്ലോഗ്ഗര്‍മാര്‍ എത്തിപ്പെടുകതന്നെ ചെയ്യും.

ചിത്രകാര‍ന്‍ എന്ന ബ്ലോഗ്ഗര്‍ ഇത്തരത്തിലൊരു നിയമനടപടിയുടെ വക്കില്‍ എത്തി നില്‍ക്കുന്നു എന്ന് ദൃഷ്ടി ദോഷത്തില്‍ ഡി. പ്രദീപ് കുമാര്‍ പറയുന്നു. സ്വയം കൃതാനര്‍ത്ഥം എന്നു വിളിക്കാമെങ്കിലും ഗൌരവതരമായ കൂടുതല്‍ ചര്‍ച്ചകളിലേക്ക് ഈ സംഭവം നമ്മെ കൊണ്ടെത്തിക്കുന്നു. നിയമനടപടികളില്‍ ഇടപെടാനായി ബൂലോകത്ത് ഒരു ആക്റ്റിവിസ്റ്റ് ഗ്രൂപ്പ് ഉണ്ടാവേണ്ട സമയം സമാഗതമായി എന്നു തോന്നുന്നു. താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുമല്ലോ.

1/15/2009

ബീമാപള്ളിയും ഋഷിരാജ് സിംഗും

ഋഷിരാജ് സിംഗ് എന്ന പോലീസ് ഓഫീസറെ അറിയാത്തവരായി ആരുമുണ്ടാവാനിടയില്ല.
ഏല്‍പ്പിക്കുന്ന ജോലിയില്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയും സത്യസന്ധതയും പുലര്‍ത്താന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥന്‍. വ്യാജ സീഡി വേട്ട ആരംഭിച്ച കാലം മുതലാണ് കേരളത്തിലെ ഗ്രാമീണര്‍ ഈ മീശക്കാരനെ നേരില്‍ കാണാനാരംഭിച്ചത്. ഇവിടെ, ഈ നാട്ടിന്‍പുറത്തെ ഒരു വീഡിയോ ഷോപ്പിനുമുന്നിലെ ആള്‍ക്കൂത്തിനിടയിലാണ് ഞാനും ഇദ്ദേഹത്തെ ആദ്യമായി കാണുന്നത്. അന്നു തന്നെ ആ വീഡിയോ ഷോപ്പ് പൂട്ടി എന്ന് പ്രത്യേകം പറയണ്ടല്ലോ. വ്യാജ സീഡികള്‍ ആണ് മലയാള സിനിമാ വ്യവസായത്തെ തകര്‍ക്കുന്നതെന്ന് കണ്ടെത്തിയ വിദഗ്ധര്‍ പക്ഷെ, സിനിമക്കൊപ്പം സീഡിയും റിലീസ് ചെയ്യുന്ന മറ്റു ഭാഷാ ചിത്രങ്ങളെ പറ്റി കേട്ടിരിക്കില്ലെ?

മറവിയിലാണ്ട ഈ വിഷയത്തിനിപ്പോള്‍ എന്തു പ്രസക്തി എന്ന് ചോദ്യം ഉണരുന്നോ?
നാട്ടിന്‍പുറത്തെ പാവം വീഡിയോ ഷോപ്പുകാരന്‍ പറഞ്ഞ ഒരു വാചകം ഓര്‍മയിലുണ്ടായിരുന്നത് ഇതാണ് ,“സാറെ, ഇയാള്‍ ഇത്ര പുലിയാണെങ്കില്‍ ബീമാ പള്ളിയില്‍ പോകാഞ്ഞതെന്തേ?”. അതിനെക്കുറിച്ച് കൂടുതലന്വേഷിക്കാന്‍ അന്നവസരം ലഭിച്ചില്ലെങ്കിലും അടുത്തിടെ അവിടെ പോകാനായി. കമാനത്തിനപ്പുറം നിരനിരയായി നിരവധി ഡ്യൂട്ടി പെയ്ഡ് ഷോപ്പുകള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍, സീ ഡി കടകള്‍ തുടങ്ങി അനവധി കടകള്‍. വളരെ വലുതായി തോന്നിയ ഒരു സി.ഡി. കടയില്‍ കയറി. വിവിധ വിഭാഗങ്ങളായി ഓഡിയോ വീഡിയോ സി.ഡി കള്‍ അടുകിയിരിക്കുന്നു. നീലച്ചിത്രങ്ങള്‍ക്കായി പ്രത്യേക വിഭാഗം, പുതു റിലീസ് ചിത്രങ്ങള്‍ക്ക് അഡ്മിന്‍ നേരിട്ടു കൈകാര്യം ചെയ്യുന്ന വിഭാഗം, അങ്ങനെ കൌതുകം ഉണര്‍ത്തുന്ന പലതും. റിലീസ് സിനിമകള്‍ക്ക് ലേബലില്ല, കോഡുകള്‍ മാത്രം. ഗ്രീറ്റിംഗ് കാര്‍ഡുകള്‍ അടുക്കിയിരിക്കുന്നത് പോലെ നീലച്ചിത്ര സീ.ഡി കള്‍ അടുക്കിയിരിക്കുന്നു, വിവിധ ഭാഷാ ക്രമത്തില്‍, വിവിധ ഗ്രേഡ് ( X, XX, XXX) ക്രമത്തില്‍ ഡിവ്.എക്സ് ഫോര്‍മാ‍റ്റില്‍ വരെ ലഭ്യം. എല്ലാ വിധ നിയമങ്ങളേയും വെല്ലുവിളിച്ചുകൊണ്ട് നടക്കുന്ന ഈ വ്യവസായത്തില്‍ കൌതുകമാണ് തോന്നിയത്. ഏതായാലും പോയ സ്ഥിതിക്ക് രണ്ട് പുത്തന്‍ മലയാളം സിനിമയും രണ്ട് മെക്സിക്കന്‍ കറമ്പികളേയും വാങ്ങിപ്പോന്നു.

ബീമാപ്പള്ളിയുടെ പേര്‍ കാണുന്ന ഒരു ബ്ലോഗ്ഗ് അടുത്തിടെ മുതല്‍ തനിയിലും മറ്റും കാണുന്നു. ഈ പ്രബോധനം നടത്തുന്നവര്‍ ആദ്യം സ്വന്തം നാട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കും എന്ന് പ്രത്യാശിക്കുകയാണ്.

1/11/2009

ഒരു ബിംബം കൂടി

കവിതാ കര്‍ക്കറെ എന്ന പേര് എതൊരിന്ത്യക്കാരനും സുപരിചിതമാണിന്ന്.
രാജ്യത്തെ പിടിച്ചു കുലുക്കിയ മുംബൈ ആക്രമണ പരമ്പരയില്‍ വീരമൃത്യു വരിച്ച ധീരനായ പോലീസ് ഉദ്യോഗസ്ഥന്‍, ഹേമന്ത് കര്‍ക്കറയുടെ ധീരയായ വിധവ. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്നുതോന്നുമാറ് നരേന്ദ്രമോഡി പ്രഖ്യപിച്ച കോടി രൂപ, ചാഞ്ചല്യമേതുമില്ലാതെ തിരസ്കരിച്ച ഭാരത പുത്രി. ആ കവിതാ കര്‍ക്കറെ ഇന്നു തിരുവന്തപുരത്ത് എത്തിയിരിക്കുന്നു, ഭീകരതക്കും വര്‍ഗ്ഗീയതക്കും എതിരെ ആശയപ്രചാരണത്തിന് , ശ്രീ കെ.ജെ. യേശുദാസ് നയിക്കുന്ന സംഗീതയാത്രയെ അനുഗ്രഹിക്കുവാന്‍.

ഒഴുകിയെത്തുന്ന സഹതാപം സ്വരുക്കൂട്ടി നിഷ്കൃയയായി അടയിരിക്കാതെ, കര്‍മ്മ മണ്ഡലത്തിലേക്ക് ഇറങ്ങുന്നത്, കൊല്ലപ്പെട്ട തന്റെ ഭര്‍ത്താവിനോടു ചെയ്യാവുന്ന ഏറ്റവും മഹത്തായ നീതിയാണ്. ‍ അതേസമയം ഈ രക്തസാക്ഷിത്വം ഏതെങ്കിലും രീതിയില്‍ ചൂഷണം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താനുള്ള ബാദ്ധ്യതയും ഇവര്‍ സ്വയം ഏറ്റെടുക്കേണ്ടതുണ്ട്.

മുംബൈയില്‍ നിന്നും പടര്‍ന്ന നടുക്കം ഇന്ത്യയൊട്ടാകെ അലയടിക്കുന്ന ഈ സന്ദര്‍ഭത്തില്‍, ചൂടപ്പം പോലെ വിറ്റഴിയുന്ന ഒന്നാണ് ഭീകരവിരുദ്ധ കാമ്പയിനുകള്‍. ശ്രീ. യേശുദാസിന്റെ സംഗീത പരിപാടി വന്‍ വിജയമാവട്ടെ എന്നും, സംഗീതത്തിന്റെ മാസ്മര വിദ്യയാല്‍ ഇന്ത്യയിലെ ഭീകരത അലിഞ്ഞില്ലാതാവട്ടെ എന്നും നമുക്ക് പ്രത്യാശിക്കാം. കൂടാതെ ഇത്തരം നിരവധി യാത്രകള്‍ക്ക് പച്ചക്കൊടി വീശാന്‍ കവിതാ കാര്‍ക്കറെക്ക് അവസരം ലഭിക്കട്ടെ എന്നും, വരും തിരഞ്ഞെടുപ്പില്‍ അവരെ സ്ഥാനാര്‍ത്ഥിയായ് കിട്ടാന്‍ രാഷ്ടീയപ്പാര്‍ട്ടികള്‍ തമ്മില്‍ ശക്തമായ മത്സരം തന്നെ നടക്കട്ടെ എന്നും ഈ അവസരത്തില്‍ ആശംസിക്കുന്നു.

1/04/2009

ആനക്ക് ആര്‍.സി. ബുക്ക്


ഉത്സവകാലം വരവായി.

മലബാര്‍ മേഖലയില്‍ പൂരങ്ങളുടേയും വേലകളുടേയും കാലമാണിനി.
കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ വര്‍ണ്ണ ബലൂണുകള്‍ പാറി നടക്കും.
തങ്ങള്‍ക്കന്നം നല്‍കിയ ദേവകളുടെ പ്രീതിക്കായ് കാളരൂപങ്ങളും, കാളിരൂപങ്ങളും വയലുകളില്‍ നിറയും.

ഉത്സവങ്ങള്‍ക്ക് മാറ്റുകൂട്ടുന്ന പ്രധാന ഇനമാണ് ആന എഴുന്നെള്ളിപ്പ്.
ഇതു നിഷിദ്ധമായ അപൂര്‍വ്വം ചില ആരാധനാലയങ്ങളൊഴികെ എല്ലായിടവും, ജാതി മത ഭേദമെന്യേ ഈ പാവം ജീവികളെ കെട്ടിയെഴുന്നെള്ളിക്കുന്നു. ആനകളുടെ എണ്ണം ഉത്സവത്തിന്റെ പ്രൌഢിയുടെ അളവുകോല്‍ പോലും ആവുന്നു. കേരളത്തില്‍ എഴുന്നെള്ളിക്കപ്പെടുന്ന ആനകളുടെ എണ്ണം , ഇവിടുത്തെ മൊത്തം ആനകളേക്കാള്‍ കൂടുതലാണ് എന്നാണ് കണക്കുകകള്‍ സൂചിപ്പിക്കുന്നത്. എണ്ണം തികക്കാന്‍ ബീഹാര്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുംവന്‍ തോതില്‍ ആനകളെ കൊണ്ടു വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.പലപ്പോഴും വിശ്രമമോ, കുടിവെള്ളമോ പോലും ലഭ്യമാവാതെ തളരുന്ന ഇവയാകട്ടെ പരിഭ്രാന്തിയാല്‍ പരാക്രമങ്ങള്‍ കാട്ടിക്കൂട്ടുന്നു. ലഭിക്കുന്ന വരുമാനത്തിന്റെ പ്രലോഭനത്താല്‍ മദപ്പാടുള്ള സമയങ്ങള്‍ പോലും ഇവക്ക് വിശ്രമം ലഭിക്കുന്നില്ല. ഫലമോ, "ആനച്ചോര്‍ കൊലച്ചോര്‍ "എന്ന ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ട് ഇവ പാപ്പാന്മാരെ കൊന്നൊടുക്കുന്നു. കൊലവിളി നടത്തി പായുന്ന കൊമ്പന്മാരുടെ ആക്രമണത്തില്‍ നിരവധിയായ സാധാരണമനുഷ്യരും കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടിട്ടുണ്ട്.


ആനകളുടെ സംരക്ഷണത്തിനും, എഴുന്നെള്ളിപ്പിനുമായി നിരവധി നിയമങ്ങള്‍ നിലവിലുണ്ട്. ഇതു കൂടാതെ 2008 ഡിസംബറില്‍ പുറത്തിറങ്ങിയ അറിയിപ്പില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഉത്സവക്കമ്മറ്റിക്കാര്‍ക്കും, പോലീസിനുമായി നല്‍കിയിരിക്കുന്നു.

ഏഴുന്നെള്ളിപ്പ് സമയത്ത് വേണ്ട കാര്യങ്ങള്‍ :


1. കേരള‍ത്തിലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നല്‍കിയ ഉടമസ്ഥ സര്‍ഫിക്കറ്റ്.
2. റജിസ്ടേഷന്‍ സര്‍ട്ടിഫിക്കറ്റ്.
3. തിരിച്ചറിയലിനായി മൈക്രോചിപ്പ് ഘടിപ്പിച്ചിട്ടുണ്ട് എന്ന സര്‍ട്ടിഫിക്കറ്റ്.
4. രണ്ടാഴചക്കുള്ളില്‍ എടുത്തിട്ടുള്ള മെഡിക്കല്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ്.
5. പാപ്പാന്മാര്‍ക്ക് രണ്ടര ലക്ഷത്തില്‍ കുറയാത്ത തുകക്ക് ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ്.
6. ആന ആക്രമകാരിയായാല്‍ വരുത്തുന്ന നാശനഷ്ടങ്ങള്‍ കവര്‍ ചെയ്യാനുള്ള പബ്ലിക്ക് ലയബിലിറ്റി ഇന്‍ഷ്വറന്‍സ്.
7. ആനയുടെ ആക്രമണത്തില്‍ മറ്റു ആളുകള്‍ക്ക് ഉപദ്രവമേറ്റാല്‍ അത് കൈകാര്യം ചെയ്യാനുള്ള തേഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ്.
8. ആനക്ക് പൊതുജനങ്ങളില്‍ നിന്നും ഉപദ്രവം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധ ചലുത്താമെന്ന് , ആന ഉടമയും, ഉത്സവക്കമ്മറ്റിയും തമ്മിലുള്ള ഉടമ്പടി പത്രം.


ഇത്രയും രേഖകള്‍ ഉണ്ടായിരിക്കണം എന്നത് ജില്ലാ പോലീസ് സൂപ്രണ്ട്, മൃഗ സംരക്ഷണവകുപ്പ് ഇവര്‍ ഉറപ്പാക്കേണ്ടതാണ്. ഇവയില്ലാതെ ഉണ്ടാവുന്ന അപകടങ്ങള്‍ക്ക് കമ്മറ്റിക്കായിരിക്കും പൂര്‍ണ്ണ ഉത്തരവാദിത്വം.

ഇവകൂടാതെ മറ്റു ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നേരത്തെ തന്നെ നിലവിലുണ്ട്.

1. ആളുകള്‍ക്കും ആനകള്‍ക്കും യധേഷ്ടം മേയാനുള്ള സ്ഥലം ഉത്സവപ്പറമ്പിനുണ്ടായിരിക്കണം.
2. എഴുന്നെള്ളിപ്പിനു നിരത്തി നിര്‍ത്തുന്ന രണ്ട് ആനകള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലം വേണം.
3. ഇടച്ചങ്ങല നിര്‍ബന്ധമായും ഇടേണ്ടതാണ്.
4. മദപ്പാടിന്റെ സംശയം ഉള്ള ആനകള്‍ക്ക് 3/4 ഇഞ്ച് ചങ്ങല ഉപയോഗിക്കണം.
5. ഒന്നാം പാപ്പാന്‍ , ആനയുടെ ഉത്തരവാദിത്വപ്പെട്ട ഒരാള്‍, എന്നിവര്‍ ആനക്കൊപ്പം ഉണ്ടാവണം.
6. പാപ്പാനെ ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധനക്ക് വിധേയനാക്കണം.
7. കൂടുതല്‍ ദിവസം നീണ്ടു നില്‍ക്കുന്ന എഴുന്നെള്ളിപ്പില്‍ അഞ്ച് ആനകളില്‍ കൂടുതല്‍ ഉപയോഗിക്കുന്നുവെങ്കില്‍ "സ്പെയര്‍ ആന" വേണം.


ഇനിയും നിയമങ്ങളനവധി, ഇവ അറിയാഞ്ഞിട്ടോ എന്തോ എല്ലാവര്‍ഷവും ആനകള്‍ നിരവധി പ്രശങ്ങള്‍ ഉണ്ടാക്കാറുണ്ട്.

പ്രശനരഹിതമായ ഒരു ഉത്സവകാലം ആവട്ടെ ഇത്തവണ എന്ന് ആഗ്രഹിക്കാം നമുക്ക്.

1/02/2009

പച്ചിലകളാലൊരു കൂടാരം

വയനാടിനെ സ്നേഹിക്കാത്തവരാരുണ്ട്.

വയല്‍നാ‍ട് എന്നുവിളിക്കപ്പെട്ടിരുന്ന ഈ മലനിരകളുടെ അവശേഷിക്കുന്ന പച്ചപ്പ് ആസ്വദിക്കാന്‍ ഇപ്പോഴും നാം വയനാടന്‍ ചുരം കയറുന്നു.നിരവധി യാത്രാവിവരങ്ങള്‍ ബൂലോകത്തും ഭൂലോകത്തും നമ്മള്‍ കണ്ടുകൊണ്ടേയിരിക്കുന്നു. കര്‍ഷക ആത്മഹത്യകളാല്‍ കുപ്രസിദ്ധി നേടിയ വയനാട് ഇന്ന് തിരികെ ജീവിതത്തിന്റെ മുഖ്യധാരയിലേക്കു മടങ്ങിവരികയാണ്. അതിലൊരു പ്രധാന പങ്കു വഹിക്കുന്നു, ടൂറിസം.

ടൂറിസ്റ്റ് എന്ന ലേബലില്ലാതെ , സാധാരണ മനുഷ്യനായി, വിഭ്രമചിന്തകളില്‍ മനസ്സു മരച്ച്, ചുരം കയറിച്ചെന്നിരുന്ന എനിക്ക് വയനാടിന്റെ ശാന്തസുന്ദരങ്ങളായ കാഴ്ചകളും ശുദ്ധവായുവും പുനര്‍ജീവനേകിയിരുന്നു. അതിലേറ്റം പ്രധാനം, എന്റെ സുഹൃത്തായ സതീഷ് നല്‍കിവന്നിരുന്ന സ്നേഹബന്ധത്തിന്റെ ഊഷ്മളത. അവിവാഹിതരായിക്കഴിഞ്ഞിരുന്ന കാലഘട്ടത്തെ പിന്‍തള്ളി, വിവാഹം എന്ന അനിവാര്യത അവന്റെ ജീവിതത്തില്‍ കടന്നുവന്നപ്പോഴും , വയനാട് ഏകിയ കുളിര്‍മയെനിക്ക് നഷ്ടമാക്കിയില്ല, ശീമതി.ഷൈലജ സതീഷ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തങ്ങളുടെ കൊച്ചു വീട്ടില്‍ അവര്‍ സുഹൃത്തുക്കളെ സ്വീകരിച്ചു വന്നിരുന്നു. ചില ഓര്‍ക്കൂട്ട് കമ്യൂണിറ്റി മീറ്റുകളടക്കം നടക്കുന്നത് ചിലനേരം‍ വയനാട്ടിലൂള്ള ഈ സുഹൃത്തുക്കളുടെ ആഥിത്യത്തിലാണ്. ഇപ്പോഴിതാ ഔദ്യോഗികമായി ടൂറിസം പ്രമോഷനിലേക്ക് കാലെടുത്തു വച്ചിരിക്കുന്നു ഈ ദമ്പതികള്‍.

ഗ്രീന്‍ ലീവ്സ് ഹാബിറ്റാറ്റ് (http://www.greenleaveshabitat.com/index.htm ) എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് ഇവരെ പരിചയപ്പെടുക.

കുറിപ്പ്:

## സതീഷ് 2006 മുതലുള്ള‍ ബ്ലോഗ്ഗറാണ് , wayanadan (ഈ ഐഡിയില്‍ രണ്ടു പേരുണ്ട്). പ്രിന്റ് മീഡിയയാണ് കൂടുതല്‍ പ്രിയമെന്നു തോന്നുന്നു, ബൂലോകത്ത് അത്ര ആക്റ്റീവല്ല.

## സുഹൃത്തുക്കളായ ഞങ്ങള്‍ക്ക് കഞ്ഞിയും പയറും നല്‍കാന്‍ വീട്ടില്‍ തന്നെ സ്ഥലം ഒരുക്കിയിട്ടുണ്ട്. അതു മാത്രം വേണമെന്നുള്ളവര്‍ അനില്‍ അറ്റ് ബ്ലോഗ്ഗിനെ ബന്ധപ്പെടുക.