10/03/2008

സഹജമാര്‍ഗ്ഗവും ഞാനും.

ആദ്യമായി ബ്ലോഗ്ഗില്‍ പോസ്റ്റിയ ചില വരികള്‍ ഇവിടെ വീണ്ടും കുറിക്കുന്നു.

അനുനാദം: 16 ജൂണ്‍ 2008

നിരാശയാണ് ജീവിതമാകെ . വ്യക്തി ജീവിതം നിരാശപൂര്‍ണമാണോ ...? അല്ലെന്നു തോന്നുന്നു. അല്ലെങ്കില്‍‍ത്തന്നെ അസന്തുഷ്ടിയാണല്ലോ ലോകത്തിന്റെ മുഖമുദ്ര. കുഞ്ഞു മകളുടെ മുഖം മനം തെളിയിക്കുന്നുണ്ട്.
പക്ഷെ ദിനപ്പത്രങ്ങളില്‍, ടെലിവിഷന്‍ വാര്‍ത്തകളില്‍, മനസ്സ് അസ്വസ്ഥമാകുന്നു.
ഈ നൂറ്റാണ്ടിന്‍റെ ശാപം!


മോചനമുണ്ടോ?

തീര്‍ച്ചയില്ല.

പ്രസ്ഥാനങ്ങള്‍ക്ക്‌ കടലാസു പുലികളായി പരിണാമം സംഭവിച്ചിരിക്കുന്നു . അവയുടെ കൃതൃമ ഗര്ജ്ജനങ്ങള്‍ കര്‍ണ്ണപുടങ്ങളില്‍ തട്ടി തിരിച്ചു പോകുന്നു,എന്തെന്നാല്‍ തഴമ്പുകെട്ടിയ പുടം ശബ്ദങ്ങളെ തിരസ്കരിക്കുകയണത്രെ.

ഇനിയൊരു പ്രകമ്പനം മോഹം മാത്രമായി അവശേഷിക്കുമോ?

അനുനാദം ഏത് ആവൃത്തിയിലാണാവോ ...... പരീക്ഷിക്കെണ്ടിയിരിക്കുന്നു .
ശ്രവണസാധ്യമായ തരംഗ ദൈര്ഘ്യത്തിനായി കാതോര്‍ത്തിരിക്കുന്നു ...
കേള്‍ക്കാതിരിക്കില്ല .

അനില്‍ എന്ന ഞാന്‍:

ഊണിലും ഉറക്കത്തിലും ദൈവ ചിന്തയുമായി നടക്കുന്ന അമ്മയുടെയും , നിരീശ്വര വാദിയായ അച്ഛന്റേയും മകന്‍. അമ്മയുടെ നിര്‍വ്യാജമായ ഭക്തിക്ക് അവരുടെ ദൈവം കൊടുത്ത പ്രതിഫലങ്ങള്‍ കണ്ട്, ഞാനും അഛന്റെ പാതയില്‍ യാത്രയാരംഭിച്ചു. അക്ഷരങ്ങളുമായി ചങ്ങാത്തം ആരംഭിച്ച കാലം മുതല്‍ ശാസ്ത്ര ഗ്രന്ധങ്ങള്‍, പുരാണങ്ങള്‍ എന്നിവ വായിക്കാനാരംഭിച്ചു. നമ്മുടെ സ്വബുദ്ധിക്കു ദഹിക്കുന്ന കാര്യങ്ങളല്ല മതങ്ങള്‍ ഉദ്ഘോഷിക്കുന്നതെന്നു തോന്നല്‍ രൂഢമൂലമായതോടെ മതമെന്ന ചിന്തയും ഉപേക്ഷിച്ചു.

പ്രസ്ഥാനങ്ങള്‍:

വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളില്‍ സജീവമായി. മനുഷ്യന്‍ മനുഷ്യനുവേണ്ടി ശബ്ദമുയര്‍ത്തുന്ന മനോഹര സങ്കല്‍പ്പം ആകര്‍ഷണീയം തന്നെ. അതില്‍ മുഴുകാന്‍ ഏറെക്കാലം വേണ്ടി വന്നില്ല. രഷ്ടീയത്തിന്റെ മൂല്യങ്ങള്‍ നിലനിന്നിരുന്ന കാലമായതിനാല്‍ പ്രവര്‍ത്തകനായി തുടരാന്‍ കഴിഞ്ഞു, കോളേജുതലം വരെ. കോളേജിലെത്തിയതോടെ മേല്‍ക്കമ്മറ്റികളിലേക്കു കടക്കുകയും പുതിയ ‍ പഠനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. സിദ്ധാന്തങ്ങളും പ്രായോഗിക രാഷ്ടീയവും തമ്മിലെപ്രകാരം കോര്‍ത്തിണക്കാമെന്ന പാഠങ്ങള്‍ പഠിക്കാനാരംഭിച്ചതോടെ മനസ്സിലുടലെടുത്തത്, മടുപ്പ് . പക്ഷെ മോചനം ഉണ്ടോ, ഇല്ല.

അഭയസ്ഥാനങ്ങള്‍ എവിടെ? ഇല്ല. പ്രസ്ഥാനങ്ങളിലുള്ള വിശ്വാസം നാള്‍ക്കുനാള്‍ കുറഞ്ഞു വരുന്നു. ആശ്വാസമേകാന്‍ പ്രാപ്തമായ ‍ മറ്റു സംഹിതകളില്ല. മാനസിക സംഘര്‍ഷങ്ങള്‍ ഏതൊരു ചെറുപ്പക്കാരനേയും പോലെ എന്നെയും വേട്ടയാടി. എങ്കിലും ആശ്വസിച്ചു, നല്ല നാളെ വരും?

നാളെകള്‍ വന്നു. വില്‍ക്കുന്നത് സ്വന്തം രാജ്യമായാലും , കച്ചവടങ്ങള്‍ മാത്രം നടക്കട്ടെ എന്നു വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, ഒരിന്ത്യക്കാരനായ എന്നെ നോക്കി പല്ലിളിച്ചു. തൊഴിലാളി മുതലാളി ബന്ധങ്ങള്‍ പുനര്‍വ്യാഖാനം ചെയ്യുന്ന പുത്തന്‍ നേതാക്കളെ നോക്കി അമ്പരന്നു. ഭാഗീയതയും വിഭാഗീയതയും എന്നെ നോക്കി കൊഞ്ഞനം കുത്തി. മൂല്യബോധം നഷ്ടപ്പെടുന്ന പ്രസ്ഥാനങ്ങള്‍ എന്നെ ആശ്വസിപ്പിക്കില്ല എന്നു തോന്നുകയാണോ !

ദൈവവുമായി, പണ്ടുമുതലില്ലാത്ത ബന്ധങ്ങള്‍ ആരംഭിക്കാന്‍ പഴുതുകളേതെങ്കിലും അവശേഷിച്ചേക്കാം എന്ന് വൃഥാ മോഹിച്ചു. എത്തിച്ചേര്‍ന്നത് ഏകദൈവ വിശ്വാസം പ്രചരിപ്പിക്കുന്ന മതപ്രചാരകരുടെ അരികില്‍ . രൂപമില്ലാത്ത സര്‍വ്വവ്യാപിയായ പ്രപഞ്ചശക്തിയില്‍ വിശ്വസിക്കുന്നതില്‍ തെറ്റില്ലെന്നു തോന്നിത്തുടങ്ങിയിരുന്നു. പക്ഷെ മുഖ്യ തടസ്സമായി ആ “ഗ്രന്ധം” മുന്നിലെത്തി. മനുഷ്യനെ അടിമയാക്കുന്ന ഇത്തരം ചട്ടക്കൂടുകള്‍, യോജിക്കാനുള്ള അവസാന കണ്ണിയും മുറിച്ചെറിഞ്ഞു.

ഇത്തരം വിഷയങ്ങളില്‍ മനസ്സു നഷ്ടപ്പെട്ട, പ്രസ്ഥാനങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ട നിരവധി ചങ്ങാതിമാര്‍ എനിക്കുണ്ടായിരുന്നു. അവരില്‍ ഒരാളാണ് സഹജമാര്‍ഗ്ഗം പരിചയപ്പെടുത്തുന്നത്.

അതിന്റെ കൂടുതല്‍ വിവരങ്ങള്‍ കഴിഞ്ഞ പോസ്റ്റില്‍ ഇട്ടിരുന്നു.
മനുഷ്യന്റെ മനോവിഭ്രാന്തികളെ ചൂഷണം ചെയ്യുന്ന, മറ്റേതു സംഘങ്ങളില്‍ നിന്നും വ്യത്യസ്ഥമല്ല ഈ മാര്‍ഗ്ഗവും എന്നു തിരിച്ചറിയാന്‍ ഏറെയൊന്നും സമയം വേണ്ടി വന്നില്ല.

സഹജമാര്‍ഗ്ഗവും ഇന്നത്തെ കേരളവും:

ഇത്രകാലം വേരോട്ടമില്ലാതിരുന്ന സഹജമാര്‍ഗ്ഗം കേരളത്തില്‍ വേരോട്ടം ആരംഭിക്കുന്നുവെങ്കില്‍ അതിനു മുഖ്യ ഉത്തരവാദികള്‍ ഇവിടുത്തെ മുഖ്യധാരാ പ്രസ്ഥാനങ്ങളാണ്. ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു തലമുറയെ ആര്‍ക്കു നിഷ്പ്രയാസം കബളിപ്പിക്കാം എന്നു തിരിച്ചറിവുമാത്രമേ ഇതില്‍ നിന്നും മോചനം നല്‍കൂ.

പക്ഷെ പകരം എന്ത്?

46 comments:

അനില്‍@ബ്ലോഗ് // anil said...

ഇത്രകാലം വേരോട്ടമില്ലാതിരുന്ന സഹജമാര്‍ഗ്ഗം കേരളത്തില്‍ വേരോട്ടം ആരംഭിക്കുന്നുവെങ്കില്‍ അതിനു മുഖ്യ ഉത്തരവാദികള്‍ ഇവിടുത്തെ മുഖ്യധാരാ പ്രസ്ഥാനങ്ങളാണ്. ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു തലമുറയെ ആര്‍ക്കു നിഷ്പ്രയാസം കബളിപ്പിക്കാം എന്നു തിരിച്ചറിവുമാത്രമേ ഇതില്‍ നിന്നും മോചനം നല്‍കൂ.

ചാണക്യന്‍ said...

അനിലെ,
ആദ്യം തേങ്ങയടിക്കാം
((((((ഠേ))))))

ഒന്നും പൂര്‍ണ്ണമല്ല. ആത്മീയതക്കോ ഭൌതീകതക്കോ മനുഷ്യനെ പൂര്‍ണ്ണമായും സംതൃപ്തനാക്കാന്‍ സാധിക്കില്ല. ചഞ്ചലചിത്തനായ മനുഷ്യന് ഓരോ പ്രസ്ഥാനവും മരുപ്പച്ചകള്‍ മാത്രം. ഇവിടെക്കിട്ടാത്തത് അവിടെകിട്ടുമെന്നത് മിഥ്യാധാരണയാണ്. തീവ്രവാദം പറഞ്ഞ് ഒരു തലമുറയെ മുഴുവന്‍ നശിപ്പിച്ച നക്സല്‍ പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പന്‍‌മാരിന്ന് ആത്മീയതയുടെ മാറാലയില്‍ മുഖം മറയ്ക്കുമ്പോള്‍ എന്ത് മോചനം മാഷെ?

മരത്തലയന്‍ പട്ടേട്ടന്‍ said...

നല്ല പോസ്റ്റ് മാഷെ

അനില്‍@ബ്ലോഗ് // anil said...

"ആത്മീയതക്കോ ഭൌതീകതക്കോ മനുഷ്യനെ പൂര്‍ണ്ണമായും സംതൃപ്തനാക്കാന്‍ സാധിക്കില്ല"

സംതൃപ്തിക്ക് എന്താണ് മാര്‍ഗ്ഗം ചാണക്യന്‍?
ലഹരി?
തീര്‍ഥാടനം?
മരണം?

“ചഞ്ചലചിത്തനായ മനുഷ്യന് “

ചാഞ്ചല്യം മനുഷ്യ സഹജമെന്നോ, അതോ ചാഞ്ചല്യം ബലഹീനതയെന്നോ വിവക്ഷ?

അമ്മാള്‍സ്,
ഡാങ്ക്സ് ഉണ്ടെ.
ഇനിയും ഇതുപൊലെ പ്രോത്സാഹിപ്പിക്കുന്ന കമന്റ് പ്രതീക്ഷിച്ചു കൊണ്ട്, അമ്മാത്സിന്റെ ആരാധകന്‍(ചഞ്ചലചിത്തനായ )

ഷാജൂന്‍ said...

കാര്യങ്ങളൊക്കെ നമ്മുടെ അടുത്തെത്തിയപ്പോഴുള്ള കുഴപ്പം.
കാരണക്കാരന്‍ നിങ്ങള്‍ തന്നെ.
വിചിന്തിനം ചെയ്യാന്‍ കഴിയാതെ പോയത്‌ കാരണം.

മനുഷ്യനില്‍ പണ്ടേ തുടങ്ങിയ സംഘര്‍ഷം
ബുദ്ധനതു കണ്ടെത്തി
വിഷയമാണ്‌ പ്രതികളെന്ന്‌...
എത്ര പേര്‍ക്കതു വെളിച്ചമേകി....

അന്വേഷണം നിലക്കാതെ പിന്നേയും പലരും.....

മാര്‍ക്‌സിന്റെ തുടക്കം പോലും ഇതുതന്നെ
('അന്യതാവല്‍ക്കരണ'ത്തെക്കുറിച്ച്‌)
വിഭവങ്ങളാണ്‌ പ്രതികളെന്ന്‌.....
പിന്നേയും എത്ര പേര്‍ക്കതു വെളിച്ചമേകി...

അങ്ങിനെയെങ്കില്‍ എത്ര സമ്പന്നര്‍ നാം. കടന്നു പോയവര്‍
തെളിച്ചുവെച്ച വെളിച്ചത്തിലെത്ര എളുപ്പം ?..

(സ്വയം ബോദ്ധ്യപ്പെടലാണ്‌ പ്രശ്‌നം അന്യനെ ബോദ്ധ്യപ്പെടുത്തലല്ല.)

siva // ശിവ said...

ഹായ് അനില്‍,

സഹജ മാര്‍ഗ്ഗം പോസ്റ്റില്‍ ഞാന്‍ ഒരു കമന്റ് എഴുതിയിരുന്നു...ഇനി ഞാന്‍ എന്തു പറയാന്‍....ഇതൊക്കെ എല്ലാ കാലവും ഉണ്ടായിരുന്നു....ഇതൊക്കെ തിരിച്ചറിഞ്ഞ് ചുറ്റുമുള്ളവയില്‍ നിന്ന് കുറച്ചൊക്കെ പഠിച്ച് പതിയെ മുന്നോട്ട് പോകാം....

വിദുരര്‍ said...

കേട്ടിരിക്കും ഈ കഥ :
ദിവസം മുഴുവന്‍ നാരായണ നാമം ജപിച്ച്‌ നടന്ന തനിക്ക്‌ മോക്ഷം നല്‍കാതെ ഒരു പാവം കൃഷിക്കാരന്‌ അതു നല്‍കിയതിനെ ചൊല്ലി ഒരിക്കല്‍ മഹാവിഷ്‌ണുവിനോട്‌ നാരദന്‍ വല്ലാതെ ചൂടാവുന്നുണ്ട്‌. മൊബൈല്‍ ക്യാമറിയില്‍ ഒളിഞ്ഞു നിന്നെടുത്ത കര്‍ഷകന്റെ ഒരുദിവസ ജീവിതം മുഴുവന്‍ വിഷ്‌ണു, നാരദന്‌ കാണിച്ചു കൊടുക്കുന്നു. നന്നേ പുലര്‍ച്ചെ ഗോതമ്പുണ്ടയും കഴിച്ച്‌ അന്തിയോളം വയലേലകളില്‍ ജോലി ചെയ്യുന്ന ഒരു ഇന്ത്യന്‍ കര്‍ഷകന്‍ (ഇവരാണ്‌ നമ്മെ തീറ്റി പോറ്റുന്നത്‌) തിരിച്ച്‌ വന്ന്‌ ദേഹശുദ്ധി വരുത്തി, അല്‍പമെന്തോ അകത്താക്കി, ചുമലില്‍ കിടക്കുന്ന തോര്‍ത്തുമുണ്ടുകൊണ്ട്‌ കിടക്കാനിട്ട പലകകട്ടിലിന്‍മേലുള്ള പൊടിതട്ടി "നാരായണാ..." എന്നു രണ്ടു വട്ടം നെടുവീര്‍പ്പിട്ടു സുഖമായുറങ്ങുന്നു. ഇവനാണ്‌ നാരദനേക്കാള്‍ അര്‍ഹനെന്ന്‌ വിഷ്‌ണു. ദിവസം മുഴുവന്‍ ബുദ്ധിപര-ഭക്തിപര കസര്‍ത്തു കളിക്കുന്നവനെ ദൈവം പോലും കൈവിടുന്നു. കാര്യങ്ങള്‍ ദൈവത്തേക്കാള്‍ എത്ര ലളിതം.
കാല-ദേശ പരിമിതികളാല്‍ എത്ര അസ്വതന്ത്രരാണ്‌ നമ്മള്‍ ! പാരമ്പര്യം പാര വെച്ച ജന്മത്തിന്റേയും ചുറ്റുപാടുകളുടേയും വിസര്‍ജ്ജ്യമാണ്‌ നമ്മുടെ ചിന്തയിലൂടേയും ജീവിതത്തിലൂടേയും വെളിപ്പെടുന്നത്‌. പൂര്‍ണ്ണ മനുഷ്യന്‍ ആവുക എന്നത്‌ നമ്മുടെ സങ്കല്‍പം മാത്രം. ഈ കിട്ടിയതത്രയും നമ്മെ സംബന്ധിച്ച്‌ പൂര്‍ണ്ണമാണ്‌. അതു കണ്ടെത്താന്‍ ആരുടേയെങ്കിലും സഹായം വേണ്ടി വന്നേക്കും. ഒരുപക്ഷേ, അതാവാം ഗുരു കോലാഹലങ്ങളേതുമില്ലാതെ എന്തുകൊണ്ട്‌ ഇതിനേയങ്ങ്‌ സ്‌നേഹിച്ചു ജീവിച്ചുകൂടാ ?
(എന്നാല്‍ സ്വാന്തം ജീവിതത്തോടുള്ള സ്‌നഹം എന്നാല്‍ സാമൂഹിക ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ബോദ്ധ്യം കൂടിയാണ്‌.)

വായില്‍ തോന്നിയത്‌ വിളിച്ചു കൂവാന്‍ അവസരം തന്നതിന്‌ നന്ദി. :)

കാപ്പിലാന്‍ said...

അനിലേ ,ദൈവം ഉണ്ടോ എന്ന വിഷയത്തെക്കുറിച്ച് വളരെ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട് .അതിന്റെ ലിങ്ക് താഴെ .എന്നെ സംബന്ധിച്ചു പറയുകയാണെങ്കില്‍ ഒരു ശക്തി (അത് പല രൂപത്തില്‍ നമ്മള്‍ കാണുകയും നിത്യജീവിതത്തില്‍ അനുഭവിക്കുകയും ചെയ്യുന്നു )ഉണ്ടെന്നെന്നുള്ള വിശ്വാസമാണ് .

പലര്‍ക്കും പല വിശ്വാസമാണല്ലോ .ചിലര്‍ ദൈവം ഉണ്ടെന്നു പറയുന്നു ,ചിലര്‍ ഇല്ലന്നും ,ചിലര്‍ സാത്താനെ സേവിക്കുന്നു .അങ്ങനെ പല കാര്യങ്ങളും മനുഷ്യന്റെ ചിന്തക്കനുസരിച്ചു ചെയ്യാന്‍ ശ്രമിക്കുന്നു .
എങ്കിലും ദൈവം ഉണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം .തര്‍ക്കം വേണ്ട .

പിന്നെ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് .അനിലിന്റെ പ്രായം ഇപ്പോള്‍ നാലപതോട് അടുക്കുന്നു .അതായത് യൌവ്വനം നഷ്ടപ്പെടുകയും ,വര്ധക്യത്തിലേക്ക് കടക്കുന്ന സമയവും .നാട്ടില്‍ നടക്കുന്ന പല കാര്യങ്ങളും മനസ് കൊണ്ട് ഇഷ്ടപ്പെടാന്‍ പറ്റുന്നില്ല .എന്ത് ചെയ്യണം എന്നറിയാന്‍ വയ്യാത്ത അവസ്ഥ .പ്രത്യേകിച്ചും ശാസ്ത്ര ഗ്രന്ഥങ്ങളും കമ്മുനിസ്റ്റ്‌ തത്വങ്ങളും പഠിച്ച ഒരാള്‍ എന്ന നിലയില്‍ .ഈ അവസരത്തില്‍ മറ്റൊരു കാര്യവും ഓര്‍ക്കണം .നമ്മുടെ കുട്ടിക്കാലത്തും പല പ്രസ്ഥാനങളിലും പലരും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ,പിന്നീട് തെറ്റ് മനസിലാക്കി ചിലര്‍ തിരികെ വരികയും .ചിലരുടെ ജീവിതം തന്നെ നശിപ്പിച്ച പ്രസ്ഥാനങ്ങളും നാട്ടില്‍ ഉണ്ടായിരുന്നു
( നാട്ടില്‍ മാത്രമല്ല ,ഓരോ സ്ഥലങ്ങളിലും ) .അന്നും അവരുടെ മാതാ പിതാക്കള്‍ വിലപിച്ചിരുന്നു .ഈ കാര്യങ്ങള്‍ ചൊല്ലി .ഞാന്‍ പറഞ്ഞ് വന്നത് ഇതൊക്കെ എല്ലാ സമയത്തും നടക്കുന്നതാണ് .എത്ര പറഞ്ഞാലും ആര്‍ക്കും മനസിലാകില്ല .തെറ്റുകള്‍ മനസിലാക്കി തിരികെ വന്നാല്‍ നല്ലത് .അത്രമാത്രം

:):)


http://kaappilaan.blogspot.com/2008/04/blog-post_6052.html

ഹരീഷ് തൊടുപുഴ said...

നല്ല പോ‍സ്റ്റ്; ആശംസകള്‍.....

ഭൂമിപുത്രി said...

തേടിക്കൊണ്ടിരിയ്ക്കുകയെന്നത് വളരെ പ്രധാനമാൺ അനിൽ.ഒറ്റപ്പെട്ട വ്യക്തിയെന്ന നിലയിൽപ്പോലും നമുക്ക് സമൂഹനന്മയ്ക്കായി ചെയ്യാനാകുന്ന ചെറിയ കാര്യങ്ങളുണ്ടല്ലൊ.അത് കുറച്ച് ബുദ്ധിമുട്ടിയിട്ടായാലും നടപ്പാക്കുകയും,നമ്മുടെ
നിയന്ത്രണത്തിനതീതമായ കാര്യങ്ങളെപ്പറ്റി
ചിന്തിച്ചു മനസ്സു കലങ്ങാതിരിയ്ക്കുകയും
(unconcerned ആകണം എന്നല്ല)ചെയ്യുകയും ആകും ബുദ്ധി.
മോചനം പുറത്തുനിന്നൊന്നും കിട്ടാനില്ല.
സ്വാതന്ത്ര്യം നമ്മുടെ ഉള്ളിൽ നിന്നാൺ
അനുഭവിയ്ക്കേണ്ടത് എന്നാണെന്റെ തോന്നൽ.
സ്ഥാപിതമായ ഏതു വിശ്വാസസംഹിതയും
മതത്തിലായാലും രാഷ്ട്രീയത്തിലായാലും മോഹഭംഗം-frustration-മാത്രമേ തരൂ! അതുറപ്പിച്ച് പറയാനാകും.

അനില്‍@ബ്ലോഗ് // anil said...

ഷാജൂന്‍,
നമുക്കു മുന്നേ തെളിക്കപ്പെട്ട ദീപങ്ങള്‍ അനവധിയുണ്ട്. നമ്മെ നയിച്ചുകൊണ്ടിരിക്കുന്നവ. അവക്കു മങ്ങല്‍ ബാധിച്ചുതുടങ്ങുകയും, പകരം പുതിയ പ്രഭകള്‍ ഉണ്ടാവാതിരിക്കുകയും ചെയ്യുക എന്നതാണ് എറ്റവും വലിയ പ്രശനം.

ശിവ,
അഭിപ്രായങ്ങള്‍ക്കു നന്ദി, കഴിഞ്ഞപോസ്റ്റിനു ബാക്കിയായി ഇതും ഇട്ടേ മതിയാവുകയുള്ളൂ എന്നു തോന്നിയതിനാല്‍ ഇട്ടതാണ്.

വിദുരര്‍,
വിശദമായ കമന്റിനു നന്ദി. ചിലപ്പോള്‍ അങ്ങിനെ ഒതുങ്ങിപോകാന്‍ പറ്റാതെ വരുന്ന നിമിഷങ്ങളുണ്ടാവില്ലെ ജീവിതത്തില്‍ , അര്‍ത്ഥശൂന്യം എന്നു തോന്നുന്ന ചില നിമിഷങ്ങള്‍ ? അവയാണ് പ്രശ്നം.

കാപ്പിലാന്‍,
ചിലര്‍ ദൈവത്തെ സേവിക്കുന്നു. ചിലര്‍ സാത്താനെയും. സേവയില്ലാതെ ജീവിതം സാധ്യമല്ലെന്നാണോ?
ദൈവം ! അങ്ങിനെ ഒന്നുണ്ടോ? അതോ ഇല്ലെ?
രണ്ടും നമ്മേക്കൊണ്ടു തെളിയിക്കാനാവുന്ന വിഷയങ്ങളല്ല. അതിനാല്‍ ???
തര്‍ക്കം വേണ്ട.

പിന്നെ പ്രസ്ഥാനങ്ങള്‍. തെറ്റാണെന്നു ഞാന്‍ ഒരിക്കലും പറയില്ല. സമൂഹമായി ജീവിക്കുന്ന മനുഷ്യന് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടാതിരിക്കാനാവുമോ? ഒരിക്കലുമില്ല. പക്ഷെ അടിസ്ഥാനം എന്തെന്ന് നാം കരുതിയിരുന്ന പലതും തെറ്റാണോ എന്ന തോന്നല്‍ വന്നാല്‍? ഒരു പുനര്‍ ചിന്തനം, അത്രയേ ഉള്ളൂ.ഇതില്‍ തെറ്റു തിരുത്തലിന്റെ പ്രശനമില്ല.

ഈ വിഷയം എന്നെ ഭീതിതനാക്കുന്നത് മറ്റൊരു വിധത്തിലാണ്. എന്റെ സുഹൃത്ത്,സഹജവിശ്വാസിയായ ആള്‍, എറ്റവും ഊര്‍ജ്വസ്വലനായ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. അവന്റെ പിന്‍വലിയല്‍ പാര്‍ട്ടിക്കിന്നു പ്രശ്നമല്ലായിരിക്കാം. ഇപ്പോള്‍ എല്ലാവരും പാര്‍ട്ടി ബന്ധുക്കളാണല്ലോ. പഴയ ഒരു കീടം പോയാലും അവര്‍ക്കോന്നുമില്ല. പക്ഷെ ഇതൊരു പകര്‍ച്ച വ്യാധിയായി പടര്‍ന്നാല്‍? ഞാന്‍ മാത്രം ടെന്‍ഷനടിക്കേണ്ട വിഷയമല്ലിത്. സന്ദര്‍ഭവശാല്‍ സൂചിപ്പിച്ചു എന്നു മാത്രം.

പിന്നെ, കാപ്പിലാന്‍, ഇങ്ങോട്ടെങ്ങാനും വന്നാല്‍ ഞാന്‍ ഞെക്കി കൊല്ലും. ഞാന്‍ വാര്‍ദ്ധക്യത്തിലേക്കു കടക്കുകയാണ് പോലും !!!!! #@$%$#@#^&^%$##$

ഹരീഷ്,
സന്ദര്‍ശനത്തിനു നന്ദി.

സത്യമായും ഇപ്പറഞ്ഞത് എനിക്കു മനസ്സിലായില്ല. ഇതാണ് ചാരിജിയും പറയുന്നത്. ചിലപ്പോള്‍ സുധാമണിയും ഇതു തന്നെ പറയും. എന്നിട്ടു “ഹിരണ്യായ നമഃ” എന്ന് ചൊല്ലാന്‍ നിര്‍ബന്ധിക്കുകയൂം ചെയ്യും.

കാപ്പിലാന്‍ said...

അനിലേ പണ്ടത്തെ വിപ്ലവ പാര്‍ട്ടി അല്ല ഇപ്പോള്‍ ഉള്ളത് .മാറ്റം വന്നിരിക്കുന്നു .പാര്‍ട്ടിക്ക് ഇപ്പോള്‍ വേണ്ടത് ബൂര്‍ഷകളെയാണ് :) അവര്‍ക്ക് ഒരാളോ മറ്റോ പോയാല്‍ ഒന്നും സംഭവിക്കില്ല .പണ്ട് അങ്ങനെയായിരുന്നില്ല .

പിണം റോയി മറ്റുള്ളവരും ഭരിക്കുന്ന പാര്‍ട്ടി എങ്ങനെ ശരിയാകുമെന്ന .ഒന്നും ശരിയാകില്ല .

പാര്‍ട്ടിയില്‍ എനിക്കിഷ്ടം ഉള്ളത് നമ്മുടെ അച്ചുംമാമ്മനെയും ,പിന്നെ സുധാകരനെയും ആണ്‍ .( സുധാകരന്‍ ,വിവരക്കേട് പറയുമെങ്കിലും പറയുന്ന കാര്യത്തില്‍ കുറച്ചൊക്കെ ശരിയുണ്ട് )

ഞാന്‍ നമ്മുടെ അന്തോണി അച്ചായന്റെ പാര്‍ട്ടിയാ .

അയ്യട ഒരു കുഞ്ഞു മോന്‍ :) പ്രായം കൂടാഞ്ഞിട്ട പിന്നെ മുഴു കഷണ്ടി ആയിട്ടിരുക്കുന്നെ :) ഞാന്‍ ഇവിടെ വന്നിട്ടില്ല :):)

ചാണക്യന്‍ said...

അനില്‍,
എന്താണ് താങ്കളുദ്ദേശിക്കുന്ന സംതൃപ്തി?
ചാഞ്ചല്യ ചിത്തമെന്ന ബലഹീനത മനുഷ്യസഹജമെന്നാണ് വിവക്ഷ..

അനില്‍@ബ്ലോഗ് // anil said...

ചാണക്യന്‍,
സംതൃപ്തിയെന്ന പദം എന്റേതല്ലല്ലോ.താങ്കളുടെ കമന്റിനു ബാക്കിയാണിത്. കൂടുതല്‍ കാടുകയറുന്നില്ല ചാണക്യന്‍.കാപ്പിലാനുവേണ്ടി പറഞ്ഞ കമന്റ് ശ്രദ്ധിക്കുമല്ലോ.

വളരെ സംഘര്‍ഷഭരിതമായ ചുറ്റുപാടിലാണ് നാമെല്ലാവരും ജീവിക്കുന്നത്. ആന്തരിക സംഘര്‍ഷങ്ങള്‍ വേറെ. മൊത്തത്തില്‍ ഒരാളെ മനോരോഗിയാക്കാന്‍ പോന്ന സാഹചര്യങ്ങള്‍. അതു മുതലെടുക്കാന്‍ വരുന്ന സംഘങ്ങള്‍, അതു സുധാമണിയമ്മ ആയാലും, രവിശങ്കറായാലും ചാരി ആയാലും കണക്കു തന്നെ. രവിശങ്കര്‍ തന്റ്റെ കാവിപ്രണയം തുറന്നു പറഞ്ഞിരുന്നു. ചാരി അങ്ങിനെയല്ല കൂടുതല്‍ ആകര്‍ഷകമാണ് അവരുടെ ഓഫ്ഫറുകള്‍.

ആരാണ് ഇതിനു തടയിടുക, എങ്ങിനെയാണ് ഇതിനു തടയിടുക?
അതിനുത്തരം പറയാതെ നമ്മള്‍ സുധാമണിയെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം.

ചാണക്യന്‍ said...

അനിലെ,
“ വളരെ സംഘര്‍ഷഭരിതമായ ചുറ്റുപാടിലാണ് നാമെല്ലാവരും ജീവിക്കുന്നത്. ആന്തരിക സംഘര്‍ഷങ്ങള്‍ വേറെ. മൊത്തത്തില്‍ ഒരാളെ മനോരോഗിയാക്കാന്‍ പോന്ന സാഹചര്യങ്ങള്‍..”

സംഘര്‍ഷഭരിതമായ ചുറ്റുപാട് എന്താണ്?
മൊത്തത്തില്‍ ഒരാളെ മനോരോഗിയാക്കാന്‍ പോന്ന സാഹചര്യങ്ങളോ? എങ്ങിനെ?

അനില്‍@ബ്ലോഗ് // anil said...

ചാണക്യന്‍,
കണ്ണടച്ചിരുട്ടാക്കുയാണോ?

അവനവനില്‍ തന്നെ ഒതുങ്ങിക്കൂടാത്ത ഏതൊരാള്‍ക്കാണ് മനസ്സമാധാനമുണ്ടാവുക, ഇന്നു നമ്മുടെ നാട്ടില്‍?

ചുറ്റുപാടും കണ്ണോടിക്കൂ, അക്രമം, അനീതി,പീഢനം, കുതികാല്‍ വെട്ട്, എന്തെല്ലാം കാണണം. പ്രതികരിക്കാനാരുണ്ടിവിടെ?

എങ്ങിനെ സ്വയം ആശ്വസിപ്പിക്കാനാവും?

കാപ്പിലാന്‍ said...

ചാണക്യ ,അക്രമങ്ങളും ,അനീതിയും മറ്റും അവിടെ നില്‍ക്കട്ടെ .അതെല്ലാം ഇതിന്റെ ഭാഗം എന്ന് വെണമെങ്കില്‍ പറയാം .ഇന്നത്തെ ചെറുപ്പക്കാര്‍ അശാന്തരും ,എന്ത് ചെയ്യണം എന്നും അറിയാതെ നടക്കുന്നവരാണ് .അവര്‍ക്ക് മാര്‍ഗ ദര്‍ശനം നടത്താന്‍ ആരും ഇല്ല .കൈയില്‍ ഇഷ്ടം പോലെ പണം .വീട്ടില്‍ സമാധാനം ഉണ്ടോ ? മിക്കവാറും ഉള്ള വീടുകളില്‍ ഭാര്യമാര്‍ മാത്രമേ കാണു.ഭര്‍ത്താക്കന്മാര്‍ വിദേശത്തും .ഭാര്യ ടി.വി യിലെ റിയലിറ്റി ഷോകളും ,കണ്ണീര്‍ സീരിയലിലും മുഴുകി ഇരിപ്പാകും .മക്കളോട് സംസാരിക്കാന്‍ സമയം ഇല്ല , അവരുടെ കാര്യങ്ങള്‍ നോക്കാന്‍ സമയം ഇല്ല .അങ്ങനെ പോകും .ഈ മക്കള്‍ കണ്ടെത്തുന്ന പല മാര്‍ഗങ്ങള്‍ ഉണ്ടാകാം .അതില്‍ ഒരു മാര്‍ഗമാണ് ഈ സഹജ മാര്‍ഗം .അതില്‍ പല വിഭാഗങ്ങളിലെ കുട്ടികള്‍ ഉണ്ടാകാം .

കാപ്പിലാന്‍ said...
This comment has been removed by the author.
ചാണക്യന്‍ said...

അനിലെ,
ഈ പറഞ്ഞ പ്രശ്നങ്ങള്‍ പുതുതായി ഉണ്ടായതല്ല..
അവയ്ക്ക് മനുഷ്യകുലത്തിനോളം പഴക്കമുണ്ട്
ക്രിസ്തുവും കൃഷണനും നബിയും ബുദ്ധനും തുടങ്ങി നിരവധിപേര്‍ ഇവയില്‍ നിന്നും മനുഷ്യരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടവരാണ്....
ഇനിയൊരു സഹജമാര്‍ഗ്ഗത്തിനും അതിനൊട്ട് കഴിയുകയുമില്ല...

അനിലെ പ്രതികരിക്കാന്‍ ആളില്ലാതെ വരുന്നത് താങ്കള്‍ പറഞ്ഞ പോലെ എല്ലാരും സ്വയം ഒതുങ്ങിക്കൂടാന്‍ ശ്രമിക്കുന്നതുകൊണ്ടാണ്...
അവനവന് വരുമ്പോള്‍ മാത്രം അത് പ്രശ്നം മറ്റുള്ളവര്‍ക്ക് വന്നാല്‍ നാമെന്തിന് അതിലിടപെടണം എന്ന ചിന്ത...
ആത്മീയതയും ഭൌതികതയും അതെന്താണെന്ന് പോലും അറിയാത്ത ബഹുജനം ഇവിടെ സമാധാനമായി ജീവിക്കുന്നുണ്ടെന്ന കാര്യം മറക്കരുത്...

അനിലെ വ്യക്തിയെ ഉപദേശിക്കാം പക്ഷെ ജനത്തെ ഉപദേശിക്കാന്‍ നോക്കരുത്.....ഫലം നാസ്തി...

കാപ്പിലാന്‍ said...

full stop

അനിലെ വ്യക്തിയെ ഉപദേശിക്കാം പക്ഷെ ജനത്തെ ഉപദേശിക്കാന്‍ നോക്കരുത്.....ഫലം നാസ്തി...

ബാബുരാജ് said...

അനില്‍,
കഴിഞ്ഞ പോസ്റ്റ്‌ കണ്ടപ്പോള്‍ എന്താ പറ്റിയത്‌ എന്നു സംശയിച്ചു. ഹാവൂ... കുഴപ്പമൊന്നുമില്ല. :)

അനില്‍@ബ്ലോഗ് // anil said...

ചാണക്യന്‍ ,
ഞാന്‍ നിര്‍ത്തി (ഫുള്‍ സ്റ്റൊപ്പ്).
ചാണക്യ സൂത്രങ്ങള്‍ക്കു അപീലില്ല :) :)

നേരത്തെ ഞാന്‍ പറഞ്ഞ ഒരു കാര്യം മാത്രം സൂചിപ്പിക്കുകയാണ്. സുധാമണിയമ്മ കാടിളക്കിയാണ് വേട്ട നടത്തുന്നതെങ്കില്‍, ഇതു ഗറില്ലാ തന്ത്രങ്ങളാണ്. പതിയിരുന്നു കീഴ്പ്പെടുത്തുക.

കാപ്പിലാന്‍,
ഞാന്‍ (full stop) ആയി.

ബാബുരാജ്,
ശ്രദ്ധിക്കുന്നതില്‍ നന്ദി. സന്ദര്‍ശനത്തിനും. ഒരു പ്രത്യേക സാഹചര്യത്തില്‍ ഇട്ട പോസ്റ്റാണ്.

ആദര്‍ശ്║Adarsh said...

സഹജമാര്‍ഗത്തെക്കുറിച്ച് ആദ്യമായിട്ടാണ് കേള്‍ക്കുന്നത്..രണ്ടു പോസ്റ്റും വായിച്ചു,കുറച്ചൊക്കെ പിടികിട്ടി..

വികടശിരോമണി said...

അനിലേ,
ഇന്നും മോചനസ്വപ്നങ്ങൾ കാണുന്നുവോ?
മാർക്സ് പാർട്ടിയെ വിഭാവനം ചെയ്യുമ്പോൾ മുന്നിലുണ്ടായിരുന്ന ഏകമാതൃക,സഭയുടെതായിരുന്നു.പോപ്പ്,മെത്രാൻ,രക്തസാക്ഷികൾ...എന്തിന്,വിയോജിക്കുന്നവരോടുള്ള ക്രൂരസമീപനത്തിൽ പോലും സഭയും പാർട്ടിയും ഇന്നും സമാനരാണ്.നമ്മുടെ നാട്ടിലെ വിപ്ലവകാരികൾക്ക് റഷ്യയും ചൈനയും ക്യൂബയും കാണാപ്പാഠമായിരുന്നു,നമ്മളെ അറിയില്ലായിരുന്നു.ഗുരുസാഗരം വായിച്ചിട്ടില്ലേ?
അതിൽ,തീവ്രവിപ്ലവകാരികളായ യുവാക്കളുടെ പ്രചോദനമുൾക്കൊണ്ട് ജന്മിയുടെ മാളികക്കു തീ വെക്കാൻ ചെന്ന്,അവിടെ തൊഴുത്തിലെ പശുക്കുട്ടികളുടെ ചുണ്ടിലെ പാൽ‌പ്പത കണ്ട് തലകറങ്ങി തിരിച്ചുപോരുന്ന ഒരു ഇൻഡ്യൻ കർഷകനുണ്ട്.ആ സ്നേഹത്തിന്റെ പാൽ‌പ്പത ഇന്നും നമ്മുടെ വിപ്ലവകാരികൾക്കു കാണാനായിട്ടില്ല.പുഴുക്കളെപ്പോലെ ജീവിക്കുന്ന ജനകോടികളുള്ള നാട്ടിൽ,ഇത്തിരിപ്പോന്ന കള്ളദൈവങ്ങൾക്കെതിരെ സർക്കാരും യുവജനപുരോഗാമികളും ചേർന്നു നടത്തിയ നായാട്ട് അടുത്തിടെ നാം കണ്ടതല്ലേ?ഈ അമ്മദൈവത്തെയൊക്കെ ആരും തൊട്ടില്ല.പാവങ്ങൾക്കു രണ്ടു ചെരടും ഏലസ്സും ജപിച്ചൂതിക്കൊടുത്ത് ജീവിക്കുന്ന കള്ളദൈവങ്ങളെ തെരുവിലിട്ടു താടിമുറിക്കാം,ലക്ഷങ്ങളെ പറ്റിച്ച് ആതുരസേവനമെന്ന മറയിൽ തീവ്രവാദികൾക്കു സഹായം ചെയ്യുന്ന അമൃതമാർഗ്ഗത്തിനും സഹജമാർഗ്ഗത്തിനും വിപ്ലവഭരണകൂടത്തിന്റെ ആശംസകൾ.
മരണത്തെ ജയിക്കുന്ന ,മോചനം നൽകുന്ന ഒന്നേ ഭൂമിയിലുള്ളൂ,സ്നേഹം.
കാപ്പിലാനേ,
പുഴുക്കളേപ്പോലെ കുട്ടികൾ ജനിച്ചു വീഴുന്ന ഇന്ത്യയിൽ ‘കയ്യിലിഷ്ടം പോലെ പണം’ ഉള്ള കുട്ടികളൂടെ പ്രശ്നം ന്യൂനപക്ഷത്തിന്റെ പ്രശ്നമാണ്.പിന്നെ,ചെറുപ്പത്തിൽ രാഷ്ടീയപ്രസ്ഥാനങ്ങളിൽ ചേർന്ന്,പിന്നീട് ‘തെറ്റ്’ മനസ്സിലാക്കിതിരിച്ചുവരികയും...
ഒരു ഫാര്യയും രണ്ടു കുട്ടികളും കാറും അച്ഛനേയുമമ്മയേയും നോക്കാനൊരു ഹോംനേഴ്സും ഡ്രാക്കുളക്കോട്ട പോലൊരുവീടും കോക്ടൈൽ പാർട്ടികളും....അങ്ങനെ ജീവിച്ചാൽ അവൻ ‘ശരി’.
മനുഷ്യാദർശങ്ങൾക്കായി,സമൂഹ്യവിചാരങ്ങളുമായി ജീവിച്ചാൽ അവൻ ‘തെറ്റ്’.
നല്ല ചിന്തകൾ!
അനിലേ,
അൽ‌പ്പം നീണ്ടുപോയതിൽ ക്ഷമിക്കൂ.

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

Zen buddhism found to be good.

It's simple and non forcing.

LECTURE 1

ZEN-BUDDHISM AND DAILY LIFE

In every corner on this planet people are trying to understand what is suffering, what is birth, what is death, what is this story called LIFE.
Is it possible to live spiritual life in our modern world? Is it possible to find the silence in center of the storm?
Zen helps you to fall in love with the boubt.
A lecture and discussion about the link between zen and daily activities.

Please read:
http://www.geocities.com/gilalon2001/

അനില്‍@ബ്ലോഗ് // anil said...

വികടശിരോമണി,
വിശദമായ കുറിപ്പിനു നന്ദി.

റഷ്യയും ചൈനയും ചരിത്രപാഠങ്ങളായി അവിടെ തന്നെ നില്‍ക്കട്ടെ.
പക്ഷെ നമ്മുടെ നാട്ടിലെ വിപ്ലവകാരികളുടെ മുന്‍ തലമുറ, നക്സലിസം അടക്കം, ഏറ്റവും ലോലഹൃദയരും വികാരങ്ങളാല്‍ നയിക്കപ്പെടുന്നവരുമായിരുന്നു. നിലനിന്നിരുന്ന വ്യവസ്ഥിതിയുടെ ക്രൌര്യം അവരുടെ മനസ്സിനു താങ്ങാനാവാത്തതിനാലാണ് അവര്‍ അതിനോടു പ്രതികരിച്ചത്. തന്റെ ജീവന്‍, തന്റെ നില്‍നില്‍പ്പ്,ഇവ ഒന്നും തന്നെ പരിഗണിക്കാതെ വ്യവസ്ഥിതികളോടേറ്റുമുട്ടാന്‍ അവരെ, ഒരു പക്ഷെ സായുദ്ധമായിപ്പോലും, പ്രേരിപ്പിച്ചതു അടക്കാനാവാത്ത ഈ വികാരത്തള്ളിച്ചയാണ്. അതിന്റെ പൂര്‍ണ്ണാവസ്ഥയില്‍, സാഫല്യം കണ്ട പ്രണയം കണക്കെ,അവന്റെ വിപ്ലവം അലിഞ്ഞില്ലാതായ കഥകള്‍ നമുക്ക് കാണാനാവും. മുന്‍ വിപ്ലവകാരികള്‍ കാഷായത്തിലും ആധ്യാത്മികയിലും മോചനം കണ്ടെത്തിയതിന്റെ കാര്യവും മറ്റൊന്നല്ല. ഈ സംഘര്‍ഷങ്ങളാണ് ഇന്നും തുടരുന്നത്. വികാരത്തിനേക്കാള്‍ വിവേകമാണ് ഇന്നു പ്രസ്ഥാനങ്ങളെ നയിക്കുന്നത്.(വിവേകം എന്ന പദം ആപേക്ഷികമാണെന്നു ഓര്‍ത്തുകൊണ്ടു തന്നെ).അതിനാല്‍ തന്നെ പ്രായോഗികതയുമായി സന്ധി ചെയ്യുന്നു.ഭ്രാന്തമായ ചിന്തകളില്‍ അഭിരമിക്കുന്ന മനസ്സുമായി നടക്കുന്ന യുവാക്കള്‍ ഇന്നുമുണ്ട്, അവനാണ് മോചനം തേടി അലയുന്നത്.

പിന്നെ “ന്യൂനപക്ഷം ” എന്ന കുബേര ബാലന്മാര്‍, അത് അങ്ങിനെ ഒരു അര്‍ഥത്തിലല്ല കാപ്പിലാന്‍ പറഞ്ഞതെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. തൊട്ടുമുന്‍പ് ചാണക്യന്‍ പറഞ്ഞ ഒരു കമന്റിന്റെ തുടര്‍ച്ചയായിട്ടാ‍ണ് ഞാനത് എടുത്തുള്ളൂ, ന്യായീകരിക്കയല്ല.

ഒരു ദൈവവിശ്വാസിയുടെ “ശരിതെറ്റുകളും”, അവിശ്വാസികളുടെ ശരിതെറ്റുകളും എപ്പോഴും വൈരുദ്ധ്യം നിറഞ്ഞതായിരിക്കും.താരതമ്യത്തിനു അവിടെ സ്ഥാനമില്ല.ഈ കോക്ടെയില്‍ പാര്‍ട്ടികള്‍ പോലും അവന്റെ ആന്തരിക സംഘര്‍ഷത്തിന്റെ ലഘൂകരണത്തിനുള്ള ഉപാധിയായി ഞാന്‍ കണക്കാക്കുന്നു. അവന്‍ വിശ്വാസിയാണെങ്കില്‍ , ഒന്നു മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു കഴിഞ്ഞാല്‍ അവന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് അയവും വരുന്നു. മുട്ടുകുത്താനിടമില്ലാത്തവെന്റെ സമൂഹത്തെയാണ് ഞാന്‍ പ്രതിനിധീകരിക്കുന്നത്.

ചാത്തങ്കേരിയിലെ കു.ചാ.
ലിങ്കിനു നന്ദി. വായിച്ചിട്ടുണ്ട്, വായിചു വായിച്ചു പരിപ്പിളകിത്തുടങ്ങൈ. :) :)

poor-me/പാവം-ഞാന്‍ said...

appol angineyokkeyaannu kaaryangal?
Regards paavam-njaan.poor-me
http://manjaly-halwa.blogspot.com/

smitha adharsh said...

ഇതിപ്പഴാ കണ്ടത്..സഹജ മാര്‍ഗ്ഗവും കണ്ടിരുന്നു.

Rajeeve Chelanat said...

എല്ലാം മായയാണ്‌ അനില്‍. ബ്രഹ്മം മാത്രമാണ് പരമമായ സത്യം. ‘അഹം ബ്രഹ്മാസ്മോ പുത്തന്‍‌‌ചിറ’ എന്നു കേട്ടിട്ടില്ലേ?

വികടശിരോമണി,

“മാർക്സ് പാർട്ടിയെ വിഭാവനം ചെയ്യുമ്പോൾ മുന്നിലുണ്ടായിരുന്ന ഏകമാതൃക,സഭയുടെതായിരുന്നു“..ഹോ..എന്തൊരു കണ്ടുപിടുത്തം. ബലേ ഭേഷ്..

ഒ.വി.വിജയന്‍ മരിച്ചിട്ടില്ല. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നു. വികടശിരോമണികളിലൂടെ.

അഭിവാദ്യങ്ങളോടെ

Unknown said...

അനില്‍ പോസ്റ്റും കമന്റുകളും വായിച്ചു . കുറെ ആയി ബ്ലോഗുകള്‍ ഒന്നും വായിക്കാതെ ഇരിക്കുകയായിരുന്നു . ഈ പോസ്റ്റിനെക്കുറിച്ച് അഭിപ്രായം പറയാന്‍ തുടങ്ങിയാല്‍ എനിക്ക് കുറെ എഴുതാനുണ്ടാവും . അത്കൊണ്ട് അതിന് തുനിയുന്നില്ല . ജിടാക്കിലോ സ്കൈപ്പിലോ മറ്റോ സംസാരിക്കാന്‍ താല്പര്യമുണ്ടായിരുന്നു .
സസ്നേഹം,

അനില്‍@ബ്ലോഗ് // anil said...

smitha adharsh,

“പാവം ഞാന്‍”
നന്ദി.

രാജീവ്,
ഒരു പ്രത്യഭിവാദ്യം.

സുകുമാരന്‍ മാഷ്,
വാക്കുകള്‍ക്കു നന്ദി. നമുക്ക് സംസാരിക്കാം, സന്തോഷമേ ഉള്ളൂ.

വികടശിരോമണി said...

അനിൽ,
എഴുപതുകളിലെ യുവത്വം തേടിയലഞ്ഞ മോചനസ്വപ്നങ്ങൾക്ക് ഉണ്ടായിരുന്ന ആത്മാർത്ഥതയെ ,ഹൃദയനൈർമല്യത്തെ ഞാനും ഉൾക്കൊള്ളുന്നു.പക്ഷേ,ആ മോചനമാർഗത്തോട് എനിക്കു യോജിക്കാനാവില്ല.
രാജീവെ,
ധ്വനി വ്യക്തം. സഭയും പാർട്ടിഘടനയും തമ്മിലുള്ള സമാനത കണ്ടുപിടിച്ചത് വികടശിരോമണിയല്ല.ഫ്രാങ്ക്ഫർട്ട് സ്കൂളിനെ വായിക്കൂ...പുതിയ ഇടതുപക്ഷചിന്തകർക്കും അതു നല്ലതാണ്.ഗുരുസാഗരത്തെ ഞാനുദാഹരിച്ചത് ആ പ്രത്യേക സന്ദർഭത്തെ വ്യക്തമാക്കാൻ മാത്രം.ഒ.വി.വിജയന് ജീവിക്കാൻ വികടശിരോമണിമാരുടെ ഔദാര്യം വേണ്ട താനും.
കാപ്പിലാന്റെ അർത്ഥതലം അത്ര ലളിതമെന്ന് എനിക്കു തോന്നിയില്ല.അങ്ങനെയെങ്കിൽ,മാപ്പ്.പിൻ‌വലിച്ചിരിക്കുന്നു.

പാര്‍ത്ഥന്‍ said...

ഈ “സഹജമാർഗ്ഗ” ത്തിനെ ക്കുറിച്ച്‌ ആദ്യമായി കേൾക്കുകയാണ്. അങ്ങിനെയുള്ളതിന്റെ ആവശ്യം മനസ്സിൽ തോന്നാത്തതുകൊണ്ടാവാം ഇത്തരത്തിലുള്ളതിന്റെ അന്വേഷകനാവാത്തത്‌. 80 തുകളിൽ ഒരു ‘ബ്രഹ്മകുമാരി’യെക്കുറിച്ച് കേട്ടിരുന്നു. ഈയടുത്ത് ആ വിഭാഗത്തിന്റെ ഒരു സെമിനാറിൽ പങ്കെടുത്തിരുന്നു. അവരുടെ രീതിയും ഈ പറഞ്ഞതുമായി സാമ്യമുണ്ട്‌. അത് സ്ഥാപിച്ചത്‌ Jankiji എന്നു വിളിക്കുന്ന ഇപ്പോൾ 90നു മുകളിൽ പ്രായമുള്ള ഒരു സ്ത്രീയാണ്. അതിന്റെ ബ്രാഞ്ചിന് വേറൊരു ഗുരുവിന്റെ പേർ ഇപ്പോൾ തന്നെ ഉണ്ടാവാൻ സാധ്യതയില്ല. ചിലപ്പോൾ അതിനെ കോപ്പി ചെയ്യുന്നതാവാം.
പക്ഷെ എനിയ്ക്കു മനസ്സിലാവാത്തത് ഇതൊന്നുമല്ല.

താങ്കളുടെ രണ്ടു പോസ്റ്റും, കമന്റുകളും വായിച്ചു. പലരുടെയും അസൂയ നിറഞ്ഞ മനസ്സ് ചില വരികളിലൂടെ കാണാൻ കഴിഞ്ഞു. ആരെങ്കിലും എങ്ങിനെയെങ്കിലും പണമുണ്ടാക്കിക്കോട്ടെ. അതിന് ഇത്രയും അസഹിഷ്ണുത കാണിക്കണോ. ഈ പ്രസ്താനങ്ങൾക്കെല്ലാം ഇത്ര പ്രചാരം ഉണ്ടെങ്കിൽ ഈ പറയുന്നവർക്കെല്ലാം ഇങ്ങനെ കോടികൾ ഉണ്ടാക്കാമല്ലോ. സർക്കാർ ഇടപെടുകയും ഇല്ല.

എല്ലാറ്റിലും ഈശ്വരചൈതന്യമുണ്ട് എന്ന്‌ അംഗീകരിക്കാൻ കഴിയാത്തതിന് ഒരു കാരണം പറഞ്ഞുകേൾക്കാറുണ്ട്. മറ്റുള്ളവരുടെ നേട്ടങ്ങളിൽ അസൂയപൂണ്ടു മനസ്സിൽ കൊണ്ടുനടക്കുന്ന കുറെ ആഗ്രഹങ്ങളുണ്ട് എല്ലാവർക്കും. അതെല്ലാം നഷ്ടപ്പെടുമോ എന്ന തോന്നലിൽ നിന്നുമാണ് ഈശ്വരൻ എല്ലാറ്റിലും ഉണ്ടെന്ന് അംഗീകരിക്കാൻ ഭയക്കുന്നത്‌.
കേരളത്തിലാണ് ഇതെല്ലാം വളരുവാൻ പറ്റിയ വളക്കൂറുള്ള മണ്ണുള്ളത് എന്ന് ആരോ എഴുതിക്കണ്ടു. എന്തിനാ ആത്മീയം മാത്രമാക്കുന്നത്, കമ്മ്യൂണിസവും ഇവിടെ വളരുന്നുണ്ടല്ലോ. ഇപ്പോൾ കമ്മ്യൂണിസത്തിനു തളർച്ചയും ആത്മീയത്തിനു വളർച്ചയും ഉണ്ടെന്നുള്ള തിരിച്ചറിവാണോ ഇങ്ങനെ വിളറിപിടിക്കുന്നതിനു പിന്നിലുള്ളത്.

കാപ്പിലാന്‍ said...

ശരിയാണ് ..കോടികള്‍ ഉണ്ടാക്കുന്നതില്‍ ഉണ്ടായ തികഞ്ഞ അസൂയ കാരണമാണ് മേല്പറഞ്ഞതും,കഴിഞ്ഞ ചില ഇതേ സംബന്ധിച്ച വിഷയങ്ങളെ കുറിച്ചുള്ള പോസ്റ്റുകളില്‍ ഉണ്ടായ കമെന്റുകളും .ഇനിയും ജനിക്കട്ടെ ദൈവങ്ങള്‍ ,വളരട്ടെ ദൈവങ്ങള്‍ ദൈവത്തിന്റെ നാട്ടില്‍ .

Lathika subhash said...

സഹജമാര്‍ഗത്തെക്കുറിച്ച്
ഇപ്പോള്‍ കേള്‍ക്കുന്നു.

ഹന്‍ല്ലലത്ത് Hanllalath said...

പരിഹാരം കൂടി വിമര്‍ശിക്കുന്നവര്‍ പറഞ്ഞാല്‍ നന്നാവും ....പ്രശ്നങ്ങള്‍ക്ക്....
മതങ്ങള്‍ക്കാണോ പ്രശ്നം ....അതോ അതിന്‍റെ പ്രായോക്താക്കള്‍ക്കോ...?

ഹന്‍ല്ലലത്ത് Hanllalath said...

നമ്മള്‍ വായിക്കാനാഗ്രഹിക്കുന്ന ബ്ലോഗുകളില്‍ പുതിയ പോസ്റ്റുകള്‍ വരുന്നത് എങ്ങനെയാണ് അറിയുക....?
അനില്‍ ഭായ് ക്ഷമിക്കുക...ഇവിടെ ചോദിച്ചതിന്

പാര്‍ത്ഥന്‍ said...

ഇനിയും ജനിക്കട്ടെ ദൈവങ്ങള്‍ ,വളരട്ടെ ദൈവങ്ങള്‍ ദൈവത്തിന്റെ നാട്ടില്‍ .

കാപ്പിലാൻ‌ജി,
ഞാൻ ബ്ലോഗ് തുടങ്ങിയത്, സന്തോഷ് മാധവന്റെ അറസ്റ്റിനു ശേഷമാണ്. എനിയ്ക്ക് പറയാനുണ്ടായിരുന്നതും താങ്കളുടെ മുകളിൽ പറഞ്ഞ വരികളായിരുന്നു. ഇതേ അഭിപ്രായം ഞാനും പല സ്ഥലത്തും കമന്റിയിട്ടുമുണ്ടായിരുന്നു. ഈ ആൾ ദൈവങ്ങളെ നമ്മളായിട്ട് ഉണ്ടാക്കുന്നതല്ലെ. സാക്ഷാൽ ‘ദൈവം തമ്പുരാൻ’ വന്നു പറഞ്ഞിട്ടല്ലല്ലോ.

പണ്ട് ‘ലിറ്റ്സ്’ന്റെ പരസ്യം കാണുമ്പോഴും ‘ട്ടോട്ടൽ 4 യു’ന്റെ പരസ്യം കാണുമ്പോഴും പലപ്പോഴും പത്രത്തിലും റ്റി.വി. യിലും അത്ഭുതസിദ്ധിയുള്ള യന്ത്രങ്ങളുടെ പരസ്യം വരുമ്പോഴും ഒരു കാര്യം മാത്രമെ ഞാൻ എന്റെ ഭാര്യയോട് പറയാറുള്ളൂ. “അതിലാഭം മോഹിക്കരുത്”.

ഇനിയും കള്ളസാമിമാരും പണം ഇരട്ടിപ്പു/തട്ടിപ്പുകാരും ഉണ്ടാവട്ടെ. ആർത്തിപിടിച്ച ജനങ്ങൾക്ക് ഒരു ആശ്വാസമാകട്ടെ.

ഭൂമിപുത്രി said...

ഹൻല്ലലത്ത്,വായിയ്ക്കാനിഷ്ട്ടമുള്ള ബ്ലോഗിന്റെ താഴെ നോക്കു.‘സബ്സ്ക്രൈബ്’എന്നു കാണുന്നില്ലേ? അതിലൊന്ന് ക്ലിക്ക് ചെയ്യ്തുനോക്കു.ഞാനിതുവരെ അതു പരീക്ഷിച്ചിട്ടില്ല കേട്ടൊ.ആഗ്രഗേറ്ററുകൾ ആൺ ഞാനുപയോഗിയ്ക്കാറ്.
അനിലേ ഓഫിനു ക്ഷമാപണം

അനില്‍@ബ്ലോഗ് // anil said...

വികടശിരോമണി,
പാര്‍ട്ടിയെപറ്റി ആരും ഒന്നും പറയാന്‍ പാടില്ല കേട്ടോ.അതിനായി ചില ബ്ലൊഗ്ഗുകള്‍ ഉണ്ട്, അവിടെ മാത്രം അത്തരം ചര്‍ച്ചകള്‍ അനുവദിക്കൂ.

പാര്‍ത്ഥന്‍,
“സഹജമാര്‍ഗ്ഗം “ അന്വേഷണത്തിനിടെ വീണുകിട്ടിയതല്ല, വലയായി എന്റെ മേല്‍ വീണതാണ്. srcm എന്ന സംഘം 1945 ഇല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണെന്നാണ് ഔദ്യോഗിക വെബ് സൈറ്റ് പറയുന്നത്.
പിന്നെ ആരെങ്കിലും എങ്ങനെയെങ്കിലും പണമുണ്ടാക്കിക്കോട്ടെ എന്ന് പറയുന്നതെ ശരിയാണോ, കോള്ളക്കാരെയും ന്യായീകരിക്കണ്ടി വരും, അപ്പോള്‍.

പിന്നെ കമ്യൂണിസത്തിനു തളര്‍ച്ചയും ആത്മീയതക്കു വളര്‍ച്ചയും !!!
അതില്‍ തല്‍ക്കാലം കമന്റില്ല.

കാപ്പിലാനെ,
അര്‍ക്കായാലും അസൂയ വരില്ലെ. ഉടുതുണി പറിച്ച് കടാപ്പുറത്തോടിയ സുധാമണി, കോടിപതിയായെങ്കില്‍ എനിക്കും അസൂയ തോന്നുന്നുണ്ട്. പറ്റിയാല്‍ ഞാനും കോടിപതിയാകും :)

ലതി,
ഞാനും അടുത്തിടെ ആണു കേട്ടത്.

ഹന്‍ല്ലലത്ത്
ചോദ്യം അല്‍പ്പം സങ്കീര്‍ണ്ണമാണല്ലോ, മതങ്ങള്‍ സ്വയംഭൂവായാണ് ഉണ്ടായതെന്നോരു ധ്വനി ഉണ്ടതില്‍.

ഭൂമിപുത്രി,
നന്ദി.

വ്യക്തിപൂജ മതങ്ങളില്‍ മാത്രമേ ഉള്ളോ, അചാരങ്ങളുടെ കെട്ടുകളില്‍ നിന്നും ആരും മോചിതരല്ല. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന വിപ്ലവപ്പാര്‍ട്ടികളിലും ഉണ്ടല്ലോ. എല്ലാവരും ഒന്നല്ലെങ്കില്‍ മറ്റൊരു കെട്ടുപാടുകളുടെ തടവറകളില്‍ തന്നെ. തമ്മില്‍ ഭേദം ഏതെന്ന താരതമ്യം മാത്രമേ പ്രസക്തമായുള്ളൂ.
എന്റെ ഭ്രാന്തന്‍ ചിന്തകള്‍ പങ്കുവെക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി.

വികടശിരോമണി said...

ഇപ്പോഴെങ്ങനെ?കാപ്പിലാന്റെ കുബേരപുത്രന്മാരെക്കുറിച്ചുള്ള നിലപാടിനെ ഞാൻ വിമർശിച്ചപ്പോൾ അനിൽ പറഞ്ഞ സന്ദർഭാനുസാരിത്വം നഷ്ടപ്പെട്ടിരിക്കുന്നു.
ആരെങ്കിലും എങ്ങനെയെങ്കിലും പണമുണ്ടാക്കിക്കോട്ടെ,അതിൽ അസൂയപ്പെടേണ്ടെന്ന് പാർത്ഥൻ.ശരിയാണ്,അസൂയകൊണ്ടാണ് എന്ന് കാപ്പിലാൻ.
ആരെങ്കിലും എങ്ങനെയെങ്കിലും പണമുണ്ടാക്കുന്ന ലോകക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന വിശാലമനസ്കരേ,നിങ്ങൾക്കെന്റെ നല്ലനമസ്കാരം!
ഒരു അസൂയാലു.

അനില്‍@ബ്ലോഗ് // anil said...

വികടശിരോമണി,
താങ്കള്‍ ഇത്ര ഋജുവായി ചിന്തിക്കല്ലെ..

ശരിയാണ് ..കോടികള്‍ ഉണ്ടാക്കുന്നതില്‍ ഉണ്ടായ തികഞ്ഞ അസൂയ കാരണമാണ് മേല്പറഞ്ഞതും,കഴിഞ്ഞ ചില ഇതേ സംബന്ധിച്ച വിഷയങ്ങളെ കുറിച്ചുള്ള പോസ്റ്റുകളില്‍ ഉണ്ടായ കമെന്റുകളും .ഇനിയും ജനിക്കട്ടെ ദൈവങ്ങള്‍ ,വളരട്ടെ ദൈവങ്ങള്‍ ദൈവത്തിന്റെ നാട്ടില്‍ .


ഇതാണ് കാപ്പിലാന്‍ പറഞ്ഞത്. അദ്ദേഹതിന്റെ സ്വന്തം പോസ്റ്റും സമാന വിഷയങ്ങളില്‍, എന്റെ തന്നെ അമ്മയെന്ന പദം എന്ന പോസ്റ്റിലെ അദ്ദേഹത്തിന്റെ കമന്റുകള്‍ ഒന്നു ശ്രദ്ധിക്കുക. തെറ്റിദ്ധാരണകള്‍ ഒഴിവാക്കാം എന്നു കരുതിയാണ്.

ബയാന്‍ said...

നമുക്കു വെറുതെയിരിക്കാന്‍ പറ്റില്ലെ. :)

പാര്‍ത്ഥന്‍ said...

പിന്നെ ആരെങ്കിലും എങ്ങനെയെങ്കിലും പണമുണ്ടാക്കിക്കോട്ടെ എന്ന് പറയുന്നതെ ശരിയാണോ, കോള്ളക്കാരെയും ന്യായീകരിക്കണ്ടി വരും, അപ്പോള്‍.

അനില്‍ജി,
ഞാന്‍ എങ്ങിനെയെങ്കിലും പണം ഉണ്ടാക്കിക്കോട്ടേ എന്നു പറഞ്ഞത്‌ പോസറ്റീവ്‌ ആയിട്ടാണോ തോന്നിയത്‌. നമ്മള്‍ തന്നെയാണ്‌ ഈ ആസാമിമാരെ വളര്‍ത്തുന്നത്‌ എന്ന തിരിച്ചറിവാണ്‌ അങ്ങിനെ എഴുതിച്ചത്‌.

കാപ്പിലാന്‍ said...

വികടശിരോമണി,എന്നെ തെറ്റിദ്ധരിക്കല്ലേ :) ഞാന്‍ പറയേണ്ട കാര്യങ്ങള്‍ മുഴുവന്‍ ഈ ഭാഗങ്ങളില്‍ ഞാന്‍ പറഞ്ഞ് കഴിഞ്ഞു .ഇനി എന്‍റെ കൈയില്‍ ഒന്നും സ്റ്റോക്ക് ഇല്ല .

പാര്‍ഥന്‍.ആസാമിമാരും ,അമ്മമാരും വളരട്ടെ :)
ആദ്യം കരുതി പാര്‍ഥന്‍ ആകെ കുഴക്കി മറിക്കുമെന്ന്.ഞാന്‍ പേടിച്ചാണ് ഇന്നലെ രാത്രി കഴിഞ്ഞത് :)

വികടന്‍ ,എത്രയോ നാളുകളായി ഈ കാര്യങ്ങള്‍ പലപ്പോഴും ഞാന്‍ പറഞ്ഞിട്ടുള്ളതാണ് .എന്നിട്ടും എന്തേ എന്നെ മനസിലാകുന്നില്ല :)

ഞാന്‍ നിര്‍ത്തി ..എത്ര പറഞ്ഞാലും ഒന്നും ശരിയാകില്ല എന്നറിയാം .പിന്നെ എന്തിനീ പാഴ് ശ്രമം .

വികടശിരോമണി said...

പ്രിയ കാപ്പൂ,

ഒരു തെറ്റിദ്ധാരണയുമില്ല.കാപ്പിലാനെപ്പോലെ എനിക്കും ഇടക്കൊരു പിരിയിളക്കമുണ്ട്.അതു കൊണ്ടു പറ്റിയതാണ്.
പിന്നെ,സംഭവം ഒന്നു ചൂടാവട്ടെ എന്നും കരുതി.
പ്രതിവാദങ്ങളല്ല,സംവാദങ്ങളാണ് നമുക്കാവശ്യം.
സോറി.
അനിൽ,
ഓഫിനു മാപ്പ്...
നന്ദി.