10/17/2008

രായിരനെല്ലൂര്‍ മലകയറ്റം.

തുലാം ഒന്ന്.
ഇന്ന് പ്രശസ്തമായ രായിരനെല്ലൂര്‍ മലകയറ്റം , ഒരുപാടോര്‍മ്മകള്‍ തങ്ങിനില്‍ക്കുന്ന ഇടം. പക്ഷെ മലയുടെ പ്രശാന്തി പോയ്മറഞ്ഞിരിക്കുന്നു,പകരം അനുഷ്ഠാനങ്ങള്‍ നിറഞ്ഞാടുന്നു.

മുന്‍പിട്ട പോസ്റ്റുകളിലൊന്ന് വീണ്ടും കുറിക്കുകയാണ്.

നാറാണത്ത് ഭ്രാന്തന്‍ ഒരു കവിതാ സമാഹാരമാകുന്നു , ജി.മധുസൂധനന്‍ നായരുടെ .
ഒരു തലമുറ നെഞ്ചേറ്റിയ ചിന്തകള്‍.
എങ്കിലോ ഭ്രാന്തന്‍ മഹാ ഭൂരിപക്ഷത്തിനും അന്ന്യന്‍.
ഭ്രാന്തെന്ന് തോന്നിക്കുമാറുള്ള ചെയ്തികളാല്‍ വ്യവസ്ഥാപിത സങ്കല്‍പ്പങ്ങള്‍ക്ക് നേരെ വിമര്‍ശനമുയര്‍ത്തിയ നാറാണത്ത്, ഭ്രാന്തനായി .
മനുഷ്യായുസ്സ് ഒരു നാഴിക കൂട്ടുവാനോ ഒരു നാഴിക കുറക്കുവാനോ സാധ്യമാവാതെ നിസ്സഹായയായ ഭദ്രകാളിയോട്‌ , ഇടത്തേ കാലിലെ മന്ത് വലത്തേ കാലിലെക്കാക്കി സമാധാനപ്പെട്ടുകൊള്ളാന്‍ മറ്റാര്‍ക്കാണ് ഉപദേശിക്കാനാവുക.
അദ്ദേഹത്തെ ഇന്നു നാം തളച്ചിരിക്കുന്നു, സിമന്റില്‍ തീര്‍ത്ത പ്രതിമയായി ബിംബവല്ക്കരിച്ചിരിക്കുന്നു. പ്രസിദ്ധ രായിരനല്ലൂര്‍ മല ഉത്തമോദാഹരണം .
കൌമാരത്തിന്‍ ഭ്രാന്തന്‍ സ്വപ്നങ്ങളെ താലോലിച്ചു ചങ്ങാതിമാര്‍ക്കൊപ്പം എത്രയോ തവണ ആ മല ചവിട്ടിയിരിക്കുന്നു , കടിഞ്ഞാണിടാന്‍ പ്രതിമകളില്ലായിരുന്നവിടെ .
എന്റെ പ്രണയ സങ്കല്‍പ്പങ്ങള്‍ക്ക് നിറക്കൂട്ടേകിയ നിരവധി സന്ധ്യകള്‍ മലമുകളില്‍ തങ്ങിനില്‍ക്കെ നാറാണത്ത് ഭ്രാന്തന്‍ എന്ന മനോഹരസങ്കല്പം നഷ്ടമായി .
അത് തച്ചുടച്ചു ബിംബമാക്കി പുനഃസൃഷ്ടിച്ചിരിക്കുന്നു.
രായിരനല്ലൂര്‍ ഇന്നെനിക്കന്ന്യം.
ആരുടെ ആശയമാണതു?!
ബിംബങ്ങളില്ലാതെ പ്രസ്ഥാനങ്ങള്‍ക്ക് പോലും നിലനില്പ്പില്ലെന്നു വന്ന ഈ കാലഘട്ടത്തിന്‍ പ്രതിനിധികളുടേയൊ ?
മനസ്സിന്റെ സങ്കല്‍പ്പങ്ങളെ ചങ്ങലയാല്‍ ബന്ധിച്ചു വരുതിയിലാക്കാന്‍ ശ്രമിക്കുന്നതാരാണ്?

ജാഗ്രത !!

നിരക്ഷരന്റെ മനോഹരമായൊരു യാത്രാ വിവരണം ഇവിടെ വായിക്കാം.

ഭ്രാന്തന്‍ മലയിലേക്കൊരു യാത്ര

8 comments:

വിദുരര്‍ said...

മലയാളിക്ക്‌ നിരന്തരമായ ഒരു ഓര്‍മ്മപ്പെടുത്തലായി, ഒരു സാന്നിദ്ധ്യമായി ഈ ഭ്രാന്തന്‍....

വികടശിരോമണി said...

രായിരനെല്ലൂർ എനിക്കൊരു വിനോദസഞ്ചാരകേന്ദ്രമല്ല.കാലുകൾക്ക് പറക്കാൻ കഴിവുള്ള ബാല്യത്തിൽ ഇടപ്പലം കുന്നിന്റെ മുകളിൽ നിന്ന് പത്തിമിനിറ്റ് ഓടിയാൽ മതി,ഞങ്ങൾക്ക് രായിരനെല്ലൂർ മലക്കു മുകളിലെത്താൻ.അമ്മാവന്റെ വീട്ടിൽ,അവധിക്കാലങ്ങളിലെത്തിയിരുന്ന എന്നെയും കാത്ത്,ഒരുകാലത്ത് രായിരനെല്ലൂരിലെ പാറക്കെട്ടുകളും തെച്ചിപ്പൊന്തകളും കാത്തുനിന്നിരുന്നു.മുത്തശ്ശിമാർക്ക് പറയാൻ ഭദ്രകാളിയെ ഭ്രാന്തൻ ജയിച്ചതും,വരരുചിയുടെ ശ്രാദ്ധത്തിന് ഭ്രാന്തൻ കൊണ്ടുവന്നതിൽ നിന്ന് കോവക്ക ജനിച്ചതുമായ കഥകൾ.
പിന്നീട്,രായിരനെല്ലൂർ മലകയറാൻ പോകുന്ന സുഹൃത്തുക്കളെ ഞാനുപദേശിക്കും,ആ മുഖ്യധാരയിലൂടെ മലകയറരുതെന്ന്.ആ ചവിട്ടുപടികളിൽ ഭ്രാന്തചിത്തത്തിന്റെ കൈയ്യൊപ്പുകളില്ല.ഇടപ്പലത്തെ മലപ്പുറം കുന്നിന്റെ മുകളിൽ നിന്ന് കയറുക,അല്ലെങ്കിൽ നടുവട്ടം-കൂരാച്ചിപ്പടി റോഡിലെ ഇടവഴിയിൽ നിന്ന് തിരിഞ്ഞുകയറുക--ഭ്രാന്തനുരുട്ടിയിട്ട കൂറ്റൻ കല്ലുകൾക്കിടയിലൂടെ,‘പുരോഗമനത്തിന്റെ’ യത്നങ്ങളെ അനുഭവിച്ച്..കയറുക.
ആ പ്രതിമ അനിലിനെപ്പോലെ എനിക്കും അസ്വസ്ഥതയാണുണ്ടാക്കിയിട്ടുള്ളത്.ഭാവനയുടെ ചിറകുകളെ കൊത്തിയരിയുന്ന വിഗ്രഹങ്ങൾ.ഉറക്കാ‍ത്ത വിഗ്രഹമുറപ്പിക്കാൻ താൻ കാർക്കിച്ചുതുപ്പിയാൽ മതിയെന്ന് തെളിയിച്ച ഭ്രാന്തന്റെ വിഗ്രഹം,എത്ര ശിൽ‌പ്പഭംഗിയുണ്ടെങ്കിലൂം മനസ്സ് അംഗീകരിക്കുന്നില്ല.

ചാണക്യന്‍ said...

അനിലെ,
മലയിലേക്കുള്ള വഴി കാണിച്ചു തന്നതിന് നന്ദി...

smitha adharsh said...

നിരക്ഷരന്‍ ചേട്ടന്റെ പോസ്റ്ലെയ്ക്ക് വഴി കാട്ടിയതിനു നന്ദി..

അനൂപ്‌ കോതനല്ലൂര്‍ said...

നാട്ടിലാണെല് പോകാമായിരുന്നു ഇവിടെ ഇതൊക്കെ വായിക്കാനല്ലെ പറ്റു അനിലെ

കാപ്പിലാന്‍ said...

ഇങ്ങനെയൊക്കെ സംഭവങ്ങള്‍ ഉണ്ട് അല്ലേ ?
ഭ്രാന്തന്‍ മല വായിച്ചിരുന്നു ..

ശിവ said...

രായിരാം കുന്നിനെക്കുറിച്ചുള്ള നിരക്ഷരന്‍ ചേട്ടന്റെ പോസ്റ്റ് മുമ്പ് ഞാന്‍ വായിച്ചതാ‍ണ്...അന്ന് വിചാരിച്ചിരുന്നതാണ് ഈ വര്‍ഷം തുലാം ഒന്നിന് അവിടെ പോകണം എന്ന്...അതിനു കഴിഞ്ഞില്ല...

നിരക്ഷരന്‍ said...

അനിലേ ...
പ്രതിമ വരുന്നതിന് മുന്നേ ഞാന്‍ രായിരനെല്ലൂര്‍ കയറിയിട്ടില്ലായിരുന്നു. അതുകൊണ്ട് അനില് പറഞ്ഞ രീതിയില്‍ ചിന്തിച്ചത് ഇപ്പോഴാണ്.

അനിലിന്റെ പോസ്റ്റിന്റെ എന്റെ യാത്രയുടെ ലിങ്ക് കൊടുത്തതിന് വളരെ നന്ദി. പഴയൊരു പോസ്റ്റില്‍ പെട്ടെന്ന് ചില കമന്റുകള്‍ വന്നപ്പോള്‍ ഞാനൊന്ന് അത്ഭുതപ്പെട്ടു.