എല്‍.ഇ.ഡി. അഥവാ ലൈറ്റ് എമിറ്റിംഗ് ഡയോഡ്:
പേരുസൂചിപ്പിക്കുന്ന പോലെ, അടിസ്ഥാന പരമായി ഇതൊരു ജങ്ഷന് ഡയോഡാണ്.
ഇവക്കു ആനോഡ് , കാഥോഡ് എന്ന് രണ്ട് ലീഡുകളാണുള്ളത്. ഫോര്‍വേഡ് ബയാസ്ഡ് ആയ അവസ്ഥയില്‍ ഈ ഡയോഡ് ഒരു നിശ്ചിത തരംഗദൈര്‍ഘ്യമുള്ള പ്രകാശം പുറപ്പെടുവിക്കുന്നു.
ലളിതമായിപ്പറഞ്ഞാല്‍ ആനോഡില്‍ പോസ്റ്റിറ്റീവ് ചാര്‍ജും കാഥോഡില്‍ നെഗറ്റീവ് ചാര്‍ജും ലഭിക്കത്തക്കവിധം ഘടിപ്പിക്കുന്നതാണ് ഫൊര്‍വേഡ് ബയാസ്. ഇപ്രകാരം ഇതിലൂടെ കരണ്ടു പ്രവഹിക്കുന്ന സന്ദര്‍ഭത്തില്‍ ഡയോഡ് പ്രകാശം പൊഴിക്കുന്നു. ഡയോഡിന്റെ ചിത്രം നോക്കുക, അതില്‍ ലീഡുകളും മറ്റും അടയാളപ്പെറ്റുത്തിയിരിക്കുന്നു. ചിപ്പ് നിര്‍മ്മിക്കുമ്പോള്‍ ചേര്‍ത്തിട്ടുള്ള രാസവസ്തുവിന്റെ അടിസ്ഥാനത്തില്‍ ആണ് പുറത്തു വരുന്ന പ്രകാശത്തിന്റെ തരംഗ ദൈര്‍ഘ്യം നിര്‍ണ്ണയിക്കപ്പെടുന്നത്.ഇപ്രകാരം പ്രകാശം പൊഴിക്കാനാവശ്യമായ കരണ്ടിന്റെ അളവ് , മറ്റു പ്രകാശ സ്രൊതസ്സുകളെക്കാള് തുലോം തുച്ഛമാണെന്നതാണ് ഇവയെ വ്യത്യസ്ഥമാക്കുന്നത്.
ആദ്യ കാലങ്ങളില്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തന അവസ്ഥ, ഓണ്‍ ആണോ ഓഫ്ഫ് ആണൊ എന്നറിയാനായി ഉപയോഗിക്കപ്പെട്ട എല്‍.ഇ.ഡി. കള്‍ കാലക്രമേണ വെളിച്ചത്തിന്റെ സ്രോതസ്സായി മാറുന്ന രീതിയിലേക്കു ശാസ്ത്രം വികസിച്ചിരിക്കുന്നു. കുറഞ്ഞ തീവ്രതയിലുള്ള പ്രകാശം പരത്തിയിരുന്ന അവസ്ഥയില്‍ നിന്നും കൂടുതല്‍ ക്ഷമതയുള്ള ബ്രൈറ്റ് എല്‍.ഇ.ഡി കള്‍ എന്ന കണ്ടുപിടുത്തത്തോടെ ഈ ദിശയിലുള്ള മുന്നേറ്റം ത്വരിത ഗതിയിലായി. ധവള പ്രകാശം പൊഴിക്കുന്ന എല്‍ ഇ ഡി കളുടെ കണ്ടുപിടുത്തത്തോടെ പ്രകാശ സ്രോതസ്സായി ഇവ ഉപയോഗിക്കാനാരംഭിച്ചു.
നീല പ്രകാശം പൊഴിക്കുന്ന അതിതീവ്ര ഡയോഡുകള്‍ ആണ് വെള്ള എല്‍.ഇ.ഡി കളുടെ അടിസ്ഥാനം. ഇവയില്‍ നിന്നും പുറപ്പെടുന്ന നീലപ്രകാശം , ആവരണമായ ട്രൈ ഫോസ്ഫര്‍ ലയറില്‍ വീഴുകയും, തല്‍ഫലമായി ഫ്ലൂറസെന്സാല് പ്രകാശത്തിന്റെ അടിസ്ഥാന വര്‍ണ്ണങ്ങള്‍ പൊഴിയുകയും ചെയ്യുന്നു. ചിത്രം നോക്കുക.
ഇപ്രകാരം ലഭിക്കുന്ന ധവളപ്രകാശത്തെ നിയതമായ രീതിയില്‍ ഉപയോഗിച്ചാണ് ഇന്നു കാണുന്ന ബള്‍ബുകള്‍ പുറത്തിറങ്ങുന്നത്. ഒന്നില്‍ കൂടുതല്‍ ഡയോഡുകള്‍ ഉപയോഗിച്ചു ക്ലസ്റ്ററുകളാണിവ. ചിത്രം നോക്കുക. ഇവ വ്യത്യസ്ഥങ്ങളായ വാട്ടുകളില്‍ ലഭ്യമാണ്.
ഓ.ഏല്.ഇ.ഡി:
ഓര്‍ഗാനിക് ഡയോഡുകളാണിവ,പുതുതലമുറ ഡയോഡുകള്‍.
രണ്ടു ഇലക്ടോഡുകല്ക്കിടയിലുള്ള നേര്‍ത്ത ഓര്‍ഗാനിക് (കാര്‍ബണ്‍ അടിസ്ഥാന)പാളികളാണ് ഇവയുടെ അടിസ്ഥാന ഘടകം. വൈദ്യുത പ്രവാഹത്തില്‍ ഈ പാളികള്‍ പ്രകാശം പരത്തുന്നു. മൊബൈല്‍ ഫോണിന്റേയും മറ്റും ഡിസ്പ്ലേകള്‍ക്കാണ് ഇപ്പോള്‍ ഇവ ഉപയോഗിക്കുന്നത്.
താരതമ്യ പഠനം.
പരമ്പരാഗതമായി നാം ഉപയോഗിക്കുന്ന ഫില്ലമെന്റ്റ് ബള്‍ബുകള്‍, ഫ്ലൂറസെന്റ് ബള്‍ബുകള്‍ എന്നിവയുമായ ഒരു താരതമ്യം കൂടി നടത്തേണ്ടത് ആവശ്യമായി വരുന്നു. ഊര്‍ജ്ജക്ഷമത പരിഗണിച്ചാല്‍ ഒന്നാം ഘട്ടത്തില്‍ തന്നെ ഫിലമെന്റ് ബള്‍ബുകള്‍ മത്സരത്തില്‍ നിന്നും പുറത്തു പോകുന്നതായി കാണാം. ഏകദേശം ലഭിക്കാവുന്നതിന്റെ പരമാവധിക്കടുത്ത ക്ഷമതയില്‍ എത്തി നില്ക്കുന്ന ഫ്ലൂറസെന്റ് ബള്‍ബുകളാണ് അടുത്ത എതിരാളി.
സ്വാഭാവികമായും ഈ ഘട്ടത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമായി എത്തുക , ഓരൊ വിഭാഗത്തിന്റേയും പ്രകാശ തീവ്രതയാണ്. പ്രകാശ തീവ്രത പരിശോധിക്കുന്നതിനു മുമ്പായി ഭൌതികശാസ്ത്രത്തിന്റെ ചില അടിസ്ഥാന നിര്‍വചനങ്ങള്‍ പരിശോധിക്കേണ്ടതായിട്ടുണ്ട്.
# റേഡിയൊമെട്രി:
ഒരു വൈദ്യുതകാന്തിക പ്രസരണത്തിന്റെ ശക്തി അളക്കുന്ന സാങ്കേതികവിദ്യ.
# ഫോട്ടൊമെട്രി:
വൈദ്യുതകാന്തിക തരംഗങ്ങളുടെ ദൃശ്യഗോചരമായ ഫലം അളക്കുന്നത്.
# റേഡിയന്റ് പവര്‍:
ഒരു യൂണിറ്റു സമയത്തു ഒരു വൈദ്യുത കാന്തിക തരംഗം പ്രസരിപ്പിക്കുന്ന ഊര്‍ജ്ജം.
#ലൂമിനസ് എഫിഷ്യന്‍സി:
ഒരു നിശ്ചിതാവൃത്തി തരംഗങ്ങള്‍ക്കു "വെളിച്ചം" എന്ന സംവേദനം സൃഷ്ടിക്കാനുള്ള ശേഷി.മനുഷ്യ നേത്രത്തിന്റെ സംവേദനശേഷി വിവിധ തരംഗദൈര്ഘ്യങ്ങളില് വ്യത്യസ്ഥങ്ങളായിരിക്കും. ധവള പ്രകാശം വിധ തരംഗദൈര്‍ഘ്യമുള്ള തരംഗങ്ങളുടെ ഒരു മിശ്രണമാണല്ലോ. ഗ്രാഫ് നോക്കുക. 555 നാനോമീറ്ററിര് തരംഗ ദൈര്‍ഘ്യത്തില്‍ ഉള്ള എഫ്ഫിഷ്യന്‍സി "ഒന്ന്" ആയി നിജപ്പെടുത്തിയിരിക്കുന്നു.
# ലൂമിനസ് പവര്‍;
ഇതൊരു ഫോട്ടൊമെട്രിക് സംവേദനമാണ്. അതായത് അടിസ്ഥാന ഊര്ജ്ജതന്ത്രത്തോടൊപ്പം മനുഷ്യനേത്രത്തിന്റെ ഫിസിയോളജിയും, ഊര്‍ജ്ജതന്ത്രവും കണക്കിലെടുത്തുമാത്രമേ ഇത് കണക്കുകൂട്ടാനാവൂ.
ഒരു ഫൊട്ടൊമെടിക് യൂണിറ്റ്= റേഡിയോമെട്രിക് യൂണിറ്റ് X 683 X ലുമിനന്‍സ് എഫ്ഫിഷ്യന്‍സി.
# ലുമെന്‍:
555 നാനോമീറ്റര്‍ തരംഗദൈര്‍ഘ്യമുള്ള ഒരു വാട്ട് റേഡിയന്റ് പവറിനു 683 ലൂമന്‍ ഉണ്ടായിരിക്കും.
# ലൂമിനസ് ഇന്റെസിറ്റി:
ഒരു പ്രകാശബിന്ദു , ഒരു നിശ്ചിത ദിശയില്‍ , ഒരു യൂണിറ്റ് വിസ്തീര്‍ണ്ണത്തില്‍ പരത്തുന്ന ലൂമന്‍ എണ്ണം. ഒരു സ്റ്റെറേഡിയനില് പരത്തുന്ന ലൂമന്‍ അളവാണ് ഒരു കാന്‍ഡല.
ചിത്രം നോക്കുക.പ്രകാശ കേന്ദ്രത്തിന്റെ ദിശയും വീക്ഷണ കോണും പ്രത്യേകം പ്രത്യേകം കാണിച്ചിരിക്കുന്നു.
# ലൂമിനന്‍സ്:
ഒരു യൂണിറ്റ് വിസ്തീര്‍ണ്ണമുള്ള പ്രതലത്തില്‍ പതിക്കുന്ന ലൂമന്‍.
#ഇല്ലൂമിനന്‍സ്:
ഒരു യൂണിറ്റ് വിസ്തീര്‍ണ്ണമുള്ള പ്രതലത്തില്‍ പതിക്കുന്ന ലൂമിനന്‍സ് പവര്‍.
ഒരു ചതുരശ്ര മീറ്റര്‍ പ്രതലത്തില്‍ ഒരു ലൂമന്‍ വെളിച്ചം പതിക്കുന്നുവെങ്കില്‍ അതു ഒരു ലക്സ് ആയി കണക്കാക്കാം.
വിവിധ പ്രകാശ സ്രോതസ്സുകളുടെ ഒരു താരതമ്യ പഠനം താഴെക്കൊടുക്കുന്നു. അളവ് ലക്സില്‍
സൂര്യ പ്രകാശം : 30000 മുതല്‍ 100000 വരെ
ഒരു ടീവി സ്റ്റുഡിയോയുടെ ഉള്‍വശം : 1000
പ്രകാശപൂരിതമായ ഒരു മുറി : 400
പൂര്‍ണ്ണ ചന്ദപ്രകാശം : 1 ലക്സ്
പ്രകാശ സ്രോതസ്സുകള്‍ താരതമ്യ പഠനത്തിനു വിധേയമാക്കുമ്പോള്‍ ലൂമന്‍ അളവാണ് റേഡിയന്റ് പവറിനേക്കാള്‍ കണക്കിലെടുക്കേണ്ടത്. ഒരു ലൂമന്‍ പ്രകാശം പരത്താന്‍ എത്ര വാട്ട് ഊര്‍ജ്ജം ഉപയോഗിക്കുന്നു എന്നുള്ളതാണ് ഒരു പ്രകാശ സ്രോതസ്സിന്റെ ക്ഷമത കാണിക്കുന്നത്. ലൂമന്‍സ് പെര് വാട്ട് എന്ന് വിളിക്കുന്ന ഈ അളവാണ് ഇന്നു സാമാന്യമായി ഉപയോഗിക്കുന്നത്. മൂന്നു പ്രകാശ സ്രോതസ്സുകളുടേ ഒരു താരതമ്യം ശ്രദ്ധിക്കുക.
ഫില്ലമെന്റ് ബള്‍ബ് : 12 ലൂമന്‍സ്/ വാട്ട്
ഫ്ലൂരസെന്റ് ട്യൂബ് : 40 -55
ബ്രൈറ്റ് എല്‍.ഇ.ഡി : 40
എല്‍.ഇ.ഡി.ലാമ്പുകളുടെ ലൂമന്‍ പെര് വാട്ട് ഉയര്‍ത്താനുള്ള പരീക്ഷണത്തിലാണ് വിവിധ കമ്പനികള്‍. നെക്സസ് കമ്പനി 95 ലൂമന്‍സ്/ വാട്ട് ക്ഷമതയുള്ള ബള്‍ബുകള്‍ പുറത്തിറക്കിയതായി അവകാശപ്പെടുന്നുണ്ട്. ഇവ ഫലം കാണുകയും ഓര്‍ഗാനിക് എല്‍.ഇ.ഡി കള്‍ കുറഞ്ഞവിലക്കു പുറത്തു വരികയും ചെയ്യുന്ന കാലം അതി വിദൂരമല്ല.
ഇതൊരു എളിയ ശ്രമമാണ്. ഈ വിഷയത്തില്‍ ഗ്രാഹ്യമുള്ള വിദഗ്ധര്‍ ഇതിനെ സമ്പുഷ്ടമാക്കണമെന്ന അഭ്യര്ഥനയോടെ പോസ്റ്റുന്നു.
അവലംബം:
2. http://www.cooperlighting.com/
3. ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിളിന്.
41 comments:
എല്‍.ഇ.ഡി.ലാമ്പുകളുടെ ലൂമന്‍ പെര് വാട്ട് ഉയര്‍ത്താനുള്ള പരീക്ഷണത്തിലാണ് വിവിധ കമ്പനികള്‍. ഇവ ഫലം കാണുകയും ഓര്‍ഗാനിക് എല്‍.ഇ.ഡി കള്‍ കുറഞ്ഞവിലക്കു പുറത്തു വരികയും ചെയ്യുന്ന കാലം അതി വിദൂരമല്ല.
മാഷെ;
എല്‍.ഇ.ഡി യെ പറ്റി ഓര്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നതെന്താന്നറിയോ?
1. പത്താം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ നോവലോ, കഥ പുസ്തകങ്ങളോ വീട്ടുകാര്‍ വായിക്കാന്‍ സമ്മതിക്കില്ലായിരുന്നു. അപ്പോള്‍ ഞാന്‍ കണ്ടുപിടിച്ച സൂത്രം എന്തായിരുന്നുവെന്നറിയേണ്ടെ, മള്ട്ടിബോര്ഡില് കുറച്ച് പച്ച എല്‍.ഇ.ഡി സോള്‍ഡെര്‍ ചെയ്തു പിടിപ്പിച്ച് 1.5 ന്റെ രണ്ടു ബാറ്റെറി വഴി ഡി.സി. കൊടുത്തിടും. കിടന്നുറങ്ങണ സമയത്ത് പുതപ്പിനാല്‍ പുതച്ചുമൂടിക്കിടന്ന് ടി. സാധനം ചങ്കിലിതെടുത്തുവച്ച് ആ വെളിച്ചത്തിന്റെ സഹായത്താല്‍ നോവെല്‍ ബുക്കുകള്‍ വായിക്കും. വീട്ടുകാര്‍ വിചാരിക്കും ചെറക്കന് പഠിത്തം കഴിഞ്ഞു ക്ഷീണിച്ചുറങ്ങുകയായിരിക്കുമെന്ന്.
പക്ഷെ നമ്മുടെ സൂത്രപ്പണി അവര്‍ക്കറിയില്ലല്ലോ...
2. ടി. സംഭവം ഓര്‍മ്മയുള്ളതിനാല്‍ തമിഴ്നാട്ടിലെ എന്റെ ഇലക്ട്രോണിക്സ് ഡിപ്ലോമാ പഠനകാലത്തെ, എല്‍.ഇ.ഡി യെ പറ്റി പഠിച്ച ദിവസം മനസ്സില്‍ വന്നു നിറയുന്നു.
ഒരിക്കല്‍ക്കൂടി വിജ്ഞാനപ്രദമായ പോസ്റ്റ് ഇട്ടതിനു നന്ദി... ആശംസകളോടെ
ഹരീഷെ,
കൊള്ളാലോ.
LED ഉപയോഗിച്ചു നോവല്‍ വായിച്ച ആദ്യ മലയാളി എന്ന ബഹുമതി താങ്കള്‍ക്കു തന്നെ !!
വായനക്കു നന്ദി.
നന്നായിത്തന്നെ പറഞ്ഞുവച്ചു അനില്‍. നന്ദി.
മണിസാറിനും താത്പര്യമുള്ള വിഷയമാണ് . അദ്ദേഹത്തിന്റെ അഭിപ്രായം ഒന്നു ചോദിച്ചോളൂ.
വായിച്ചു എന്നല്ലാതെ ഈ വിഷയങ്ങള്‍ സംസാരിക്കാന്‍ ഞാന്‍ ആളല്ല .ഞാന്‍ വല്ല ഗവിതയോ ,ഗതയോ ,പരദൂഷണമോ വല്ലതും പറയാം .എന്തായാലും പരിപാടി നടക്കട്ടെ :)
ആശംസകള്‍
നല്ല പോസ്റ്റ്..:)
സത്യമായും വായിച്ചില്ല..;)
രാത്രി വായിക്കാം
സത്യമായിട്ടും വായിച്ചിട്ടില്ല അല്ല അനിലെ ഇയ്യാള്
ശാസ്ത്രഞജനാകാന് പഠിക്കുവാണോ
നല്ല പ്രയത്നം.ആശംസകൾ...
അനില്‍,
വായിച്ചു , ആശംസകള്‍....
ഇനിയും പോരട്ടെ ഇത്തരം പോസ്റ്റുകള്‍....
നല്ല പോസ്റ്റ്
വായിച്ചു എന്നല്ലാതെ ഈ വിഷയങ്ങള്‍ സംസാരിക്കാന്‍ ഞാന്‍ ആളല്ല,ഒന്നും മനസ്സിലായുമില്ല . വല്ല കവിതയോ കഥയോ ആയിരുന്നെങ്കില്‍ ...
ithu kollaam valare vethyasthamaaya blog padikkaanullavarkku prethyekam gunam cheyum
കൊള്ളാം. ഉപകാരപ്രദം.
അനിലേ, വളരെ ഉപകാരപ്രദം LED Sourceകളെ പറ്റി യുള്ള ഈ പോസ്റ്റ്. High efficiency LEDകളെ കുറിച്ച് കേട്ടിരുന്നു.Nexxusനെ കുറിച്ച് ഉള്ള വിവരം ഈ പോസ്റ്റില്‍ നിന്നു കിട്ടിയതില്‍ സന്തോഷം.ഇനിയും ഇതുമായി റിലേറ്റഡ് ആയ photo diodes, photo multipliers (ie., active elements used in optical fibre communication) എന്നിവയെക്കുറിച്ചുള്ള വിശദമായ പോസ്റ്റുകളും പ്രതീക്ഷിച്ചോട്ടേ?
ഹരീഷ്,
ഒരിക്കല്‍ പറഞ്ഞതിനാല്‍ വീണ്ടും നന്ദി ഇല്ല. :)
ജോജു,
സന്ദര്‍ശനത്തിനു നന്ദി. ശ്രീ.മണിക്ക് ലിങ്ക് അയച്ചു കൊടുത്തിട്ടുണ്ട്.
കാപ്പിലാന്,
നന്ദി, നല്ല വാക്കുകള്‍ക്ക്.
പ്രയാസി,
വായിച്ചു കാണുമല്ലൊ? സന്ദര്‍ശനത്തിനു നന്ദി.
അനൂപ് കോതനല്ലൂര്‍,
ഞമ്മള് പണ്ടേ ശാസ്ത്രജ്ഞനല്ലെ :) യേത്?
വികടശിരോമണി,
ചാണക്യന്,
ഗുപ്തന്,
പ്രോത്സാഹനങ്ങള്‍ക്കു നന്ദി.
അമ്മാള്സ്,
:)
Tince Alapura ,
ഞാന്‍ പഠിക്കാന്‍ ഒരു ശ്രമം നടത്തിയതാണ്.
അങ്കിള്‍,
സന്ദര്‍ശനത്തിനു നന്ദി
ഗീതച്ചേച്ചീ,
നല്ല വാക്കുകള്‍ക്കു നന്ദി. എല്‍.ഇ.ഡി. ലൈറ്റിങ് പാനലില്‍ തന്നെ ഓപ്റ്റിക് ഫൈബര്‍ വിദ്യ ഉപയോഗിക്കുന്നുണ്ട്. അത് എനിക്കു വഴങ്ങുന്ന വിഷയമല്ലെന്നു തോന്നുന്നു, എങ്കിലും ശ്രമിക്കാം. ആ മേഖലയിലെ വിദഗ്ധര്‍ സഹായിക്കും എന്നു കരുതാം. എല്‍.ഇ.ഡി ബള്ബുകളെപ്പറ്റിയുള്ള എല്ലാ ചര്‍ച്ചകളിലും കാണാവുന്ന ഒന്നാണ് അവക്കു പ്രകാശം കുറവാണ് എന്നൊരു വാദം. ഈ താരതമ്യം, എപ്രകാരം നടത്തണം എന്നൊരു സൂചനയാണ് ഇതിലൂടെ ഞാന്‍ ഉദ്ദേശിച്ചത്.
എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി.
പ്രിയ അനില്‍,
നന്ദി. എല്‍ ഇ ഡിയെ പറ്റിയുള്ള പോസ്റ്റ് നേരത്തെ കണ്ടിരുന്നു. നന്നായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍ നേരത്തെ അറിയിക്കണമെന്ന് കരുതിയതായിരുന്നു. സമയം ഇപ്പോഴാണ് കിട്ടുന്നത്. ഒരുപാട് കമന്റുകളുമുണ്ടല്ലോ. നമ്മുടെ ബ്ലോഗര്‍മാര്‍ക്ക് സാങ്കേതിക വിഷയങ്ങളോട് ഇത്രയും താല്പര്യം ഉണ്ടെന്നറിയില്ലായിരുന്നു. ഇനിയും ഇത്തരം സാങ്കേതിക വിഷയത്തെ പറ്റി എഴുതുക.
ജോജു,
തീര്‍ച്ചയായും താല്പര്യമുള്ള വിഷയമാണിത്. എന്നാല്‍ എഴുതാന്‍ സമയം കിട്ടാത്തതാണ് പ്രശ്നം.
പത്ത് വര്‍ഷം മുന്‍പാണ് വെള്ളി വെളിച്ചം പുറപ്പെടുവിക്കുന്ന എല്‍ ഇ ഡി യെ പറ്റി ആദ്യം കേള്‍ക്കുന്നത്. 2001ല്‍ കൌതുകം അടക്കാനാവാതെ 10 എല്‍ ഇ ഡി കള്‍ സിംഗപ്പൂര്‍ സന്ദര്‍ശിച്ച വേളയില്‍ സ്ലിം ലിം സ്ക്വയറില്‍ നിന്നും വാങ്ങി; ഒന്നിന് 5 ഡോളര്‍ നിരക്കില്‍! (ഇന്നത്തരമൊരണ്ണം 1.50 രൂപയ്ക്ക് കിട്ടും.)
അന്നത്തെ പ്രവചനം, 2020 ഓടെ മറ്റു വെളിച്ച ശ്രോതസ്സുകളെ എല്‍ ഇ ഡി പിന്നിലാക്കും എന്നായിരുന്നു. എന്നാല്‍ ഇനി അത്രയ്ക്കൊന്നും കാത്തിരിക്കേണ്ടിവരില്ലെന്നു തോന്നുന്നു. അത്ര വേഗത്തിലാണ് ടെക്നോളജിയുടെ വളര്‍ച്ച.
കൂടുതല്‍ പ്രകാശം തരുന്ന എല്‍ ഇ ഡി കള്‍ നിര്‍മ്മിക്കാനുള്ള മുഖ്യ പ്രശ്നം അതിന്റെ ജങ്ക്ഷന് ടെമ്പറേച്ചര്‍ ആണ്. ജങ്ക്ഷന് ടെമ്പറേച്ചര്‍ കൂടുതലായാല്‍ പ്രകാശക്ഷമത കുറയും.
ഇപ്പോഴത്തെ നിലയില്‍ കൂടുതല്‍ വെളിച്ചം കിട്ടാന്‍ കൂടുതല്‍ എണ്ണം എല്‍ ഇ ഡി കള്‍ ഉപയോഗിക്കേണ്ടി വരും. മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഒരു സെമിനാര്‍ ഹാള്‍ പൂര്‍ണമായും എല്‍ ഇ ഡി കൊണ്ട് പ്രകാശിപ്പിച്ചിടുണ്ട്. ഏകദേശം 2000ത്തില്‍ അധികം എല്‍ ഇ ഡി കള്‍ അതിനായി ഉപയോഗിച്ചിട്ടുണ്ട് എന്നു തോന്നുന്നു.
എറണാകുളത്ത് വൈറ്റിലയില്‍ ഒരു വലിയ എല്‍ ഇ ഡി ടിവി പരസ്യ ബോര്‍ഡ് ഉള്ളത് പലരും ശ്രദ്ധിച്ചിരിക്കുമെന്ന് കരുതുന്നു.
സാധാരണക്കാര്‍ക്ക് പ്രാപ്യവും, ഉപകാരപ്രദവുമായ മായ രീതിയില്‍ എല്‍ ഇ ഡി ബള്‍ബുകള്‍ വിപണിയിലെത്താന്‍ ഇനിയും വളരെ കടമ്പകള്‍ കടക്കേണ്ടതുണ്ട്.
അനില്‍, കമന്റാന്‍ അല്പം താമസിച്ചു. പോസ്റ്റ് നേരത്തേ വായിച്ചു കേട്ടോ.
നല്ല പോസ്റ്റ്. ഇത്തരം പോസ്റ്റുകള്‍ ആണ് വേണ്ടത്. എങ്കിലും വിശദീകരണം കൂടിയോ എന്നൊരു സംശയം. ശാസ്ത്രലേഖനങ്ങള്ക്കുള്ള ഒരു കുഴപ്പമാണത്. നമ്മള് എഴുതിവരുമ്പോള്‍ പലതും ഉപേക്ഷിക്കാന്‍ തോന്നില്ല. പക്ഷേ കുഴപ്പം അവിടെയല്ല. വായിക്കുന്നവര്‍ക്ക് ചില മേഖലകള്‍ അത്ര ദഹിച്ചു എന്ന് വരില്ല. എന്നാല്‍ വിശദീകരണം വേണ്ട എന്നല്ല. ഒരോ ശാസ്ത്രപദവും വിശദീകരിക്കുന്നത് ലേഖനത്തിന്റെ അവസാനത്തിലോ അല്ലെങ്കില്‍ കോളത്തിലോ മതിയാകും. അവിടെ കൂടുതല്‍ വിശദീകരിക്കുകയും ചെയ്യ്യാം.
ഇനി എല്‍.ഇ.ഡി യെക്കുറിച്ച്, ഒരു സംശയവും വേണ്ട നാളെയുടെ വെളിച്ചം ഇതു തന്നെയാണ്.
എങ്കിലും പല പ്രശ്നങ്ങളും പരിഹരിക്കാനുണ്ട്. എല്ലാ നിറത്തിലും ഉള്ള പ്രകാശം എല്‍.ഇ.ഡി കള്‍ പുറത്തുവിടുന്നില്ല. പ്രാഥമിക നിറങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകളിലൂടെ നിര്‍മ്മിക്കുന്ന ധവളപ്രകാശം കണ്ണിന് (വായിക്കുന്നതിനും മറ്റും) ചിലപ്പോള്‍ ചില പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. എങ്കിലും നമ്മുടെ പഴയ ഫിലമെന്റ് ബള്‍ബിനേക്കാളും ഭേദമാണ്.
റ്റ്യൂബ് ലൈറ്റില്‍ നിന്നെന്ന പോലെ പ്രകാശം ലഭിക്കുന്ന സംവിധാനങ്ങള്‍ തന്നെ നിര്‍മ്മിക്കേണ്ടിവരും. കൂടുതല്‍ പരീക്ഷണങ്ങള്‍ എന്തായാലും നടക്കുന്നുണ്ടാകും. നമുക്ക് കാത്തിരിക്കാം.
പിന്നെ മറ്റൊരു സൂത്രം. വീട്ടില്‍ ഒരു ഡി.സി. ഇലക്ട്രിക്ക് വയറിംഗ് സംവിധാനം ഉണ്ടാക്കിയെടുക്കുന്നത് നല്ലതാണ്. പുതിയതായി പണിയുന്ന വീടുകള്‍ക്ക് ഇത് ആകാവുന്നതാണ്.
ഒരു മുറിയില്‍ പത്തോ പതിനഞ്ചോ വെള്ള എല്‍.ഇ.ഡി കള്‍ പിടിപ്പിക്കാന്‍ അധികം ചിലവ് വരില്ല. ഒരു യു.പി.എസിന്റെ ബാറ്ററിയും ഉണ്ടെങ്കില്‍ എല്ലാ മുറികളിലും സാമാന്യം പ്രകാശം ഒരു ദിവസത്തിലധികം നല്കാന് ഇതിന് കഴിയും. കറണ്ട് കട്ട് എന്നു പറഞ്ഞ് പേടിച്ചിരിക്കേണ്ടി വരില്ല. ഞാനും ഒരു പ്രോട്ടോ ടൈപ്പ് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.
LED..!പോളിയില്‍ ഡിജിറ്റല്‍ ലാബില്‍ ,IC ട്രെയിനെറില് ആവശ്യമുള്ള സമയത്ത് കത്താത്ത സാധനം..ആരും കാണാതെ അടിച്ചുമാറ്റുന്ന വസ്തു ..വീട്ടില്‍ p.c.b യിലെ പരീക്ഷണങ്ങളിലെ മുഖ്യ അസംസ്കൃത വസ്തു ...ഒടുവില്‍ എഞ്ചിനീയറിങ്ങിനു ഒപ്റ്റിക്കല്‍ പഠിച്ചപ്പോഴാണ് അവനെ അടുത്തറിഞ്ഞത്...നല്ല പോസ്റ്റായിരുന്നു. ഇനിയും ഇതുപോലുള്ള ശാസ്ത്രപോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
ശ്രീ.മണി.
അഭിപ്രായങ്ങള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും നന്ദി.
നമുക്ക് മാര്‍ക്കറ്റില്‍ ലഭിക്കുന്ന “വെള്ള” ഡയോഡുകള്‍ ക്ഷമത കുറഞ്ഞവയാണ്, പോരാത്തതിന് ലെന്‍സും. പ്രകാശം ചിതറിക്കാന്‍ വേണ്ട ചില കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമായി വരും.
ടോര്‍ച്ചു ബള്‍ബിനു വരുന്ന ബ്രൈറ്റ് എല്‍.ഇ.ഡി വച്ച് ഒരു നല്ല യൂണിറ്റ് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. ഒരു ബള്ബിനുതന്നെ 200രൂപക്കടുത്തു വില വരുന്നുണ്ട്
ടൊട്ടോചാന്‍,
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി. പോസ്റ്റുകള്‍ ഏറ്റവും ചുരുക്കി ഇടണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. പക്ഷെ ഇതില്‍ പറഞ്ഞിരിക്കുന്ന നിര്‍വചനങ്ങള്‍ മനസ്സിലാക്കാതെ ഒരാള്‍ക്ക് ഒരു പ്രകാശ സ്രോതസ്സ് താരതമ്യം ചെയ്യാനാവില്ല. ഉള്ളത് വ്യക്തമായിട്ട് ആവട്ടെ എന്നു കരുതിയാണ് നീട്ടിയത്. ഇനി ശ്രദ്ധിക്കാം.
എന്റെ വീട്ടില്‍ നിലവില്‍ എല്ലാ മുറികളിലേക്കും ഒരു അഡീഷണല്‍ വയറിങ് ഉണ്ട്. എല്ലാ സ്വിച്ച് ബോഡുകളിലും രണ്ടു ലൈന്‍ വരുമെന്നര്‍ഥം. ഇപ്പോള്‍ അതിലൊന്ന് ഇന്വേര്ട്ടര് ഇട്ടിരിക്കുന്നു. ഭാവിയില്‍ എല്‍ .ഇ.ഡി. ഇടാം. :)
ആദര്‍ശ്,
അഭിപ്രായങ്ങള്‍ക്കു നന്ദി.എല്ലാവരുടെയും കളിപ്പാട്ടമായിരുന്നു എല്‍ ഇ ഡി.
അനിലിന്റെ ഈ പോസ്റ്റ് വലരെ അധികം പേരെ ഉത്തേജീപ്പിച്ചിരിക്കുന്നു. വായനക്കാരില്‍ കുറെ പെരെങ്കിലും എല്‍ ഇ ഡി ലാമ്പുകള്‍ വെളിച്ചത്തിനായി പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുമെന്ന് കരുതാം.
ടോട്ടോചാന്,
പകല്‍ വെളിച്ചത്തിലുള്ളതുപോലുള്ള spectrum ഉള്ള വെളിച്ചം ഉണ്ടാക്കാന്‍ വളരെ പ്രയാസമാണ്. നമ്മുടെ സാധാരണ fluorescent ട്യൂബ് ലൈറ്റ്കളും എല്‍ ഇ ഡി കളും തരുന്നത് ഒരേ spectrum ഉള്ള വെളിച്ചമാണ്.കൂടുതല്‍ വിവരങ്ങള്‍ ഇവിടെ
സാധാരണ ആവശ്യങ്ങള്‍ക്ക് അവ ധാരാളം മതിയാവും. നമ്മുടെ ടിവി യൂടെ പ്രവര്‍ത്തനത്തിനും 3 പ്രാഥമിക വര്‍ണ്ണങ്ങള്‍ മാത്രമല്ലേ ഉപയോഗിക്കുന്നുള്ളു.
അനില്‍,
100-150 രൂപ വിലയ്ക്ക് 1 W എല്‍ ഇഡി കള്‍ (ചൈനീസ് നിര്‍മിതം) എറണാകുളത്തുള്ള ഇലക്ട്രോണിക്ക് ക്ഷോപ്പുകളില് വാങ്ങാന്‍ കിട്ടും. അവ ഉപയോഗിക്കുമ്പോള്‍ കറണ്ട് നിയന്ത്രണ്ര സംവിധാനം വളരെ കുറ്റമറ്റതാവണം. റെസിസ്റ്റര്‍ മാത്രമിട്ട് കറന്റു ലിമിറ്റ് ചെയ്താല്‍ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഉണ്ട്.
നന്ദി ശ്ര്.മണി,
ടോടൊചാന് നേരത്തെ പറഞ്ഞ ഒരു ഒരു കാര്യം, തിയറിയുടെ ആവശ്യകത പ്രസക്തമാകുന്ന ഒരു സന്ദര്‍ഭമാണ് വെളിച്ചത്തിന്റെ “ക്വാളിറ്റി “ എന്ന വിഷയം.ഇതു സംബന്ധിച്ചു വിശദമാവാനാണ് ഗ്രാഫ് കൊടുത്തിരിക്കുന്നത്.മനുഷ്യനേത്രത്തിനു ഏറ്റവും സംവേദനക്ഷമത ഉള്ള തരംഗദൈര്‍ഘ്യം ആണ് 555 നാനോമീറ്റര്‍, “മഞ്ഞപ്പച്ച“ വെളിച്ചമാണിതു. സൂര്യപ്രകാശത്തിലും, ഒരു പരിധിവരെ ഫിലമെന്റ് ബള്‍ബുകളിലും ഈ തരംഗദൈര്‍ഘ്യമാണ് കൂടുതല്‍.അതിനാല്‍ തന്നെ സൂര്യപ്രകാശത്തില്‍ വായിക്കുന്നത്ര “വായനാ സുഖം” തണുത്ത വെളിച്ചങ്ങളില്‍ ലഭിക്കാത്തത്.
ഉദാഹരണമായി
0.0029 വാട്ട് 510നാനോമീറ്റര്‍ പ്രകാശം ഒരു ലക്സ് തരുമ്പോള്‍ , 0.0015 വാട്ട് 555 നാനോമീറ്റര്‍ പ്രകാശമതിയാകും ഒരു ലക്സ് ലഭിക്കാന്‍ . എങ്കിലോ 650 നാനോമീറ്റര്‍ തരംഗ ദൈര്‍ഘ്യമുള്ള ചുവന്ന വെളിച്ചം .015 വാട്ട് ഉണ്ടെങ്കിലെ ഒരു ലക്സ് ആവൂ.
മുന്‍പ് സുനില്‍ മാഷുടെ പോസ്റ്റില്‍ നമ്മള് ചര്‍ച്ച ചെയ്തമാതിരി ഒരു സര്‍ക്യൂട്ട് ഉപയോഗിക്കുകയാണ് ഞാന്‍ ചെയ്തിരിക്കുന്നത്.
ഈ പോസ്റ്റ് ഞാന്‍ എന്റെ ഊര്‍ജസംരക്ഷണം http://urjasamrakshanam.org/ വെബ് പോര്‍ട്ടലില്‍ ഇട്ടോട്ടേ, മാഷിന്റെ ബ്ലോഗിലേക്ക് ലിങ്കും കൊടുക്കാം
അനില്‍,
1 W അല്ലെങ്കില്‍ ഹൈ പവര്‍ എല്‍ ഇ ഡി ക്ക് ഒരു എല്‍ ഇ ഡി ഡ്രൈവര്‍ ചിപ്പ് ഉപയോഗിക്കുന്നതാണ് ഉത്തമം. ലീനിയര്‍, അല്ലെങ്കില്‍ സ്വിച്ച് മോഡ് എല്‍ ഇ ഡി ഡ്രൈവര്‍ ചിപ്പുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. പല ചിപ്പ് നിര്മാന കമ്പനികളും സൌജന്യ സാമ്പിള്‍ അയച്ചു തരും. “white LED driver“ എന്ന് ഒന്ന് ഗൂഗിള്‍ സെര്‍ച്ച് ചെയ്തു നോക്കൂ
വി.കെ. ആദര്‍ശ്,
താല്‍പ്പര്യത്തിനു നന്ദി.
പോസ്റ്റ് കൊടുത്തോളൂ, ഒരു അവലംബം ആയി ബ്ലോഗ്ഗിന്റെ പേരു കൊടുത്താല്‍ മതി, ലിങ്ക് വേണ്ട. ഇതൊരു ശാസ്ത്രബ്ലോഗ്ഗല്ല, ഇവിടെ എല്ലാ കച്ചറയും കാണും.
നന്ദി.
നന്ദി ശ്രീ.മണി.
കുറച്ചു സര്‍ക്യൂട്ടുകള്‍ കയ്യിലുണ്ട്.
ലീനിയര്‍ ഡ്രൈവ് സര്‍ക്യൂട്ടുകള്‍ കോണ്‍സ്റ്റന്റ് കരണ്ട് നിലനിര്ത്താനാവുമല്ലെ?
ടോട്ടോചാന്റെ ‘സൂത്രം’ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ തരണേ.
അനിലേ, ഇതുണ്ടാക്കാന്‍ പ്രിന്റഡ് സര്‍ക്ക്യൂട്ട് ബോര്‍ഡ് വല്ലതും മാര്‍ക്കറ്റില്‍ കിട്ടുമോ.? ഇര്വേര്ട്ടര് ഘടിപ്പിക്കാന്‍ സാധാരണ കൂടുതല്‍ വയറിംഗ് ചെയ്യാറില്ലല്ലോ. അനില്‍ കൂടുതലായി ചെയ്ത കാര്യങ്ങള്‍ കൂടി ഒന്നു വിശദീകരിക്കൂ. വായിക്കാന്‍ താല്പര്യമുണ്ട്. വായിക്കാന്‍ മാത്രമല്ല്, പ്രാവര്‍ത്തികമാക്കാനും.
അങ്കിള്‍,
താല്‍പ്പര്യത്തിനു നന്ദി, കേട്ടോ.
ശ്രീ മണി പറഞ്ഞത് ശ്രദ്ധിച്ചിരിക്കുമല്ലോ. 100-150 രൂപക്കു ഒരു ഹൈ ബ്രൈറ്റ്നസ് ബള്‍ബ് ലഭ്യമാവും. പര്‍മാവധി 30-40 ഡിഗ്രീയിലാണ് ഇവയുടെ പ്രകാശം പരക്കൂ. 90 ഡിഗ്രീ തിരശ്ചീനമായും , 60 ഡിഗ്രീ ലംബമായും വെളിച്ചം കിട്ടിയാലെ ഒരു മുറിയില്‍ നല്ല പ്രകാശം എന്നു പറയാനാവൂ. അതായത് 6 ബള്‍ബെങ്കിലും വേണം എന്നാണ് എന്റെ കണക്കു കൂട്ടല്‍. ശ്രീ. മണി അഭിപ്രായം പറയും എന്നു കരുതുന്നു.
സര്‍ക്യൂട്ട് നമുക്ക് പ്രിന്റ് ചെയ്യാവുന്നതേ ഉള്ളൂ, അതും ശ്രീ മണി സഹായിക്കുമായിരിക്കും :)
ഇന്വേര്ട്ടര് മെയിന്‍ ലൈനില്‍ കൊടുക്കുകയാണ് എല്ലാവരും ചെയ്യുന്നത്. നമുക്കു മാര്‍ക്കറ്റില്‍ കിട്ടുന്ന ഇന്‍ വേറ്ട്ടര് സര്‍ക്യൂട്ടുകളില്‍ 10 ആമ്പിയര്‍ റിലേകളാണ് ഉപയോഗിക്കുന്നത്. വീട്ടിലെ മൊത്തം “കരണ്ട്” കയറി ഇറങ്ങാന്‍ അതിനു ശേഷിയില്ല എന്നര്‍ത്ഥം. ഓവര്‍ ലോഡ് വരുമ്പോള്‍ ഇതു ട്രിപ് ആവുകയും , അനാവശ്യ ലോഡുകള്‍ ഓഫ്ഫ് ചെയ്ത ശേഷം നാം ഇതു വീണ്ടും ഓണ്‍ ചെയ്യുകയുമാണ് പതിവു. ഇതെല്ലം നഷ്ടങ്ങളാണെന്നു പറയേണ്ടതില്ലല്ലോ.
ഞാന്‍ ഇന്വേര്ട്ടറിനായി വേറെ ലൈന്‍ വലിച്ചിരിക്കുന്നു, അതില്‍ ഏറ്റവും അത്യാവശ്യം ലോഡ് മാത്രം ഘടിപ്പിച്ചിരിക്കുന്നു, ഉദാഹരണമായി എല്ലാമുറികളിലും ഉള്ള സി.എഫ്.എലുകള്, അത്യാവശ്യ ഫാനുകള്‍ ഇവ മാത്രം. വെറും 300 വാട്ട് ഇന്വേര്ട്ടര് ആണ് അതിനാല്‍ ഞാന്‍ ഉപയോഗിക്കുന്നുള്ളൂ, അതും 15 വര്‍ഷം മുന്‍പ് ഉണ്ടാക്കിയത്.ഇതു മാത്രം രണ്ടാമത്തെ ബാറ്ററിയാണ്.
നന്ദി അനിലേ.
എന്റെ വീട്ടില്‍ സി.എഫ്.എല്‍ മാത്രമേ ഉള്ളൂ. മറ്റു ബള്‍ബുകളോ, റ്റ്യൂബുകളോ ഉപയോഗിക്കുന്നില്ല. ഫാനിനുവേണ്ടി, ഇലക്ട്രോണിക് റഗുലേറ്ററുകള്‍ മാത്രം.
പറഞ്ഞു കേട്ടിടത്തോളം ഞാനും ഒരു ഇന്‍വേര്‍ട്ടറും കൂടുതല്‍ വയറിംഗും നടത്തേണ്ടി വരുമെന്നാ തോന്നുന്നത്.
വിജ്ഞാനപ്രദമായ പോസ്റ്റ്, മാഷേ
:)
കാളേജില് പഠിക്കാനുണ്ടായിരുന്നു. ഇത് വായിച്ചപ്പോള്‍ കാമ്പസിലെ എസ് 3 ക്ലാസ്സ് വരെ പോയി വന്നതു പോലെ.
ഇവിടെ എത്താന്‍ കുറെ വൈകി പോയി.
LED ലൈറ്റ് കളെ കുറിച്ചു ഞാനും കുറെ തപ്പിയിരുന്നു.
മുപ്പതു രൂപയ്ക്കു കിട്ടുന്ന നാലു എല്‍ ഈ ഡി ഉള്ള ഒരു ലൈറ്റ് ഇല ഉള്ളത് ഒരു ബ്രിഡ്ജ് rectifier ഉം ഒരു രേസിസ്റെര് ഉം പിന്നെ ഒരു കാപസിറോര് ഉം ആണ്. അതില്‍ ട്രാന്‍സ്ഫോര്‍മര്‍ ഒന്നും ഇല്ല. പിന്നെ എങ്ങനെ ആണ് അത് പവര്‍ consumption കുറക്കുന്നത് എന്ന് ആര്‍ക് എങ്കിലും ഐഡിയ ഉണ്ടോ?
വെറുതെ resistor ഇട്ടു voltage കുറച്ചാല്‍ പവര്‍ സേവ് ചെയാന്‍ പറ്റുകയിലല്ലോ.
ചൈനീസ് അല്ലാതെ മലപ്പുറത്ത് മിസ്ഭ എന്നാ ഒരു കമ്പനി ഇത്തരം ലൈറ്റ് ഉണ്ടാക്കുന്നുണ്ട്. ഭയകര വിലയാണ് ഞാന്‍ അവിടെ പോയിരുന്നു. ഒരു വാട്ട് ഇന്‍ മുന്നൊരു രൂപയോളം വരും ഇതാണ് ഏറ്റവും വില കുറവുള്ള ഐറ്റം.
അവരുടെ കയില് stage light വരെ ഉണ്ട്.
ട്യൂബ് ഇന്‍ പകരമായി LED വെക്കുന്നതിനോട് ഞാനും യോജിക്കുന്നില. അത്ര നല്ല വെളിച്ചം ഇതില്‍ നിന്നും കിട്ടില്ല. പിന്നെ ഒരുപാടു വില കൂടിയ LED ലൈറ്റ് കള്‍ക്ക് അത് തരാന്‍ പറ്റുമായിരിക്കും.
എനിക്ക് തോന്നുന്നത് നല്ലത് നമ്മള് സാദാരണ വൈറ്റ് LED വാങ്ങി അത് DC യില്‍ കൊടുക്കുന്നത് തന്നെയാകും.
പുതിയ വീട് എല്ലാ റൂമിലും LED കൊടുക്കാന്‍ വേണ്ടി അതിനായി ഒരു DC ലൈന്‍ വേറെ കൊടുക്കാനാ പ്ലാന്‍.
ഇങ്ങനെ ചെയുമ്പോള്‍ ഉള്ള പ്രശ്നം നമ്മുടെ LED എവിടെ ഇന്‍സ്റ്റോള്‍ ചെയും എന്നുള്ളതാണ്. കാരണം അതിനു പറ്റിയ fixtures ഒന്നും കിട്ടാനില്ല. പിന്നെ അത് റൂമില്‍ എത്ര ഉയരത്ത് വെക്കണം എന്നൊക്കെ പ്രശ്നമാണ്.
ഈ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കും എന്ന് ആര്കെങ്കിലും ഒരു ഐഡിയ ഉണ്ടോ?
പിന്നെ ഞാന്‍ മുകളില്‍ പറഞ്ഞ ആ മുപ്പതു രൂപയുടെ ലൈറ്റ് ഇന്റെ അകത്തുള്ള circuit ശെരിക്കും energy സേവ് ചെയുമെങ്കില്‍ separate DC wiring ഇനെ കാല് നല്ലത് അത് ഉപയോഗിക്കുന്നതായിരിക്കും.
എന്നാല്‍ കുറെ വയര്‍ സേവ് ചെയാം.
എന്തായാലും എന്റെ LED വയറിംഗ് ഇന്റെ പേരില്‍ പുതിയ വീടിന്റെ വയറിംഗ് മുടങ്ങി കിടക്കുകയാണ് .
sankar,
എ.സി ലൈനില്‍ കപ്പാസിറ്റര്‍ “റിയാക്റ്റന്‍സ് “ എന്നൊരു പ്രതിഭാസം മൂലം കരണ്ട് ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്നു. റെസിസ്റ്റന്‍സില്‍ ഉള്ള പോലെ താപോര്‍ജ്ജമായി നഷ്ടം സംഭവിക്കുന്നില്ല. റെസിസ്റ്റന്‍സും കപ്പാസിറ്റന്‍സും ചേര്‍ന്ന് കോമ്പക്സ് കണ്ടീഷനായ “ഇമ്പടന്‍സ്” താങ്കള്‍ സൂചിപ്പിച്ച സര്‍ക്യൂട്ടില്‍ കരണ്ട് കുറക്കുന്നത്, അതിനാല്‍ തന്നെ എനര്‍ജി നഷ്ടം ഉണ്ടാവുന്നില്ല.
എല്‍.ഇ.ഡി ഡ്രൈവ് ചെയ്യാനായി ഡി.സി ലൈന്‍ വലിക്കണമെന്നില്ലെങ്കിലും എല്ലാ മുറിയിലും എത്തത്തക്ക വിധമുള്ള സെപറേറ്റ് പവര്‍ ലൈന്‍ നല്ലത് തന്നെയാണ്.
എല്‍.ഇ.ഡി വിളക്കുകള്‍ക്ക് വിലകൂടുതലാണ്.
ഓ ഒരു RC circuit വെച്ചിട്ട് അതിന്റെ resonant frequency യില്‍ ഇമ്പെടെന്സ് വെച്ചകും അല്ലെ അത് voltage കുറക്കുന്നത്. പക്ഷെ ആ ഇമ്പെടന്സ് കൊണ്ടും voltage drop ആകുമല്ലോ. നേരിട്ട് DC കൊടുക്കുന്ന അതെ efficiency ഈ circuit കൊണ്ട് കിട്ടുമോ?
നമ്മള് LED ലൈറ്റ് ഉണ്ടാക്കുമ്പോള്‍ ഉപയോഗിക്കാന്‍ പറ്റിയ fixtures പറ്റി എന്തെങ്കിലും ഐഡിയ ഉണ്ടോ അനിലേട്ടാ ?
എത്ര കരണ്ട് എടുക്കുന്നു, രണ്ട് സര്‍ക്യൂട്ടുകളും എന്ന് ചെക്ക് ചെയ്ത ശേഷം പറയാം.
:)
ലോസ്സുകള്‍ കാര്യമായ ഒന്നും ഇല്ല എന്നാണ് എന്റെ അറിവ്.
എല്‍.ഇ.ഡി ഫിക്സറുകള്‍ വന്നുകണ്ടില്ല, പക്ഷെ എമര്‍ജസി ലാമ്പിനുള്ള ചെറിയ ട്രാസ്പേരന്റ് സ്ക്വയര്‍ ബോക്സുകള്‍ തൃശൂര്‍ കണ്ടിട്ടുണ്ട്.
അതിനു സീരീസ് ആയിട്ട് കറന്റ് കുരയാനാനു ചാന്‍സ്. ആ impedance circuit ഇന്‍ parallel ആയി എത്ര വോള്‍ട്ട് ഡ്രോപ്പ് ആകുന്നു ഇന്നലെ നമ്മള് നോക്കേണ്ടത്? LED ക്ക് വേണ്ടത് കഴിഞു ബാകിയെല്ലാം അവിടെ ഡ്രോപ്പ് ആകുമ്പോള്‍ അതും ഒരു ലോസ് തന്നെയല്ലേ..? ഹീറ്റ് ഇല്ല എന്നല്ലേ ഉള്ളു? voltage drop ഇല്ലാതെ voltage കുറക്കാന്‍ transformer തന്നെ വേണ്ടേ?
എമെര്ജെന്സി ഉടെ ബോക്സ് നമുക്ക് ചുമരിനു മുകളില്‍ കൊടുക്കാന്‍ പറ്റുമോ?
മുകളില്‍ ആകുമ്പോള്‍ അത് ഒരു 45 degree ചെരിച്ചു വെക്കണ്ടേ.. അപ്പോള്‍ കാണാന്‍ അത്ര ഭംഗി കാണില്ലല്ലോ?
ഈ പേജൊന്നു നോക്കിക്കോളൂ
ഇതൂടെ
ആ രണ്ടു ലിങ്കുകളും വളരെ പ്രയോജനപ്രദം. പടത്തിൽ കാണിച്ചിരിക്കുന്ന തരത്തിലുള്ള എൽ.ഇ.ഡി. വിളക്കുകൾ (15 എൽ.ഇ.ഡി യും 20 എൽ.ഇ. ഡി യും ഉള്ളത്) ഇപ്പോൾ ഭീമാപള്ളി കടകളിൽ കിട്ടുന്നുണ്ട്. വില 100 മുതൽ 150 വരെ.
സാധാരന ബൾബ്ബ് ഹോൾഡറിനു ചേരുന്നത്. കറണ്ടു പോകുമ്പോൾ അതു താനേ കത്തും. എമർജൻസി ലാമ്പ് പോലെ ഉപയോഗിക്കുന്നു.
പരന്ന വായനയാണല്ലോ അനിലിന്റെത്. സമ്മതിച്ചിരിക്കുന്നു.
വെറ്റിനറിയെ വിട്ടുകലയരുതേ.
അങ്കിളെ,
നന്ദി.
ആ ലൈറ്റുകള്‍ നഷ്ടമാണ്, പിന്നെ എമര്‍ജന്‍സി ആയുംകൂടി ഉപയോഗിക്കാമെന്ന് മാത്രം.
മണിസാര്‍,
പ്രോത്സാഹനത്തിനു നന്ദി.
ഒരു പഠന പോസ്റ്റ് ഇട്ടിട്ടുണ്ട്,
ലിങ്ക് ഇവിടെ
Post a Comment