9/16/2008

ജീവിത സായാഹ്നത്തില്‍ ഒരു കൈ സഹായിക്കൂ

ജീവിത സായാഹ്നത്തിലെ ഒറ്റപ്പെടല്‍ ഒരു പുതുമയല്ല, കേട്ടുപഴകിയ ആവലാതി.സ്ത്രീപുരുഷ ഭേദമില്ലതില്‍. മദ്ധ്യാഹ്നങ്ങളില്‍ ഒറ്റപ്പെട്ടു ജീവിക്കുന്ന മനുഷ്യരെ നാം അവഗണിക്കുന്നുവോ?

പറക്കമുറ്റിയ മക്കള്‍ തീറ്റിതേടി യാത്രയായപ്പോഴാണ്, ആണ്‍ തുണയില്ലാതിക്കാലമത്രയും തുഴഞ്ഞിരുന്ന ആ സുഹൃത്തിനു ഏകാന്തത അനുഭപ്പെടാനാരംഭിച്ചത്. ശ്വാനപ്രദര്‍ശനം, പൊതുപ്രവര്‍ത്തനം എന്നീ പരമ്പരാഗത രീതികളവരെ തൃപ്തയാക്കുന്നില്ല. ഇത്രകാലം ഇല്ലാതിരുന്ന, അഥവാ ആവശ്യമെന്നു തോന്നാതിരുന്ന ഒരു പുരുഷന്, ചിന്തകളിലിനി സ്ഥാനവുമില്ല. സായാഹ്നത്തിലെക്കുള്ള സഹയാത്രികര്‍ക്കായുള്ള ഒരു അന്വേഷണം അവിടെ ആരംഭിക്കുകയാണ്.

മകന്‍ ഉദ്യോഗസ്ഥനായി സ്വന്തം ജീവിതത്തില്‍ ചേക്കേറി. ജീവിതത്തിലന്നേവരെയുണ്ടായിരുന്ന കൂട്ടു നഷ്ടപ്പെടവെ, പൊടുന്നനവേ ഉളവായ ഏകാന്തത, ഒറ്റപ്പെടല്‍, ഭ്രാന്തുപിടിപ്പിക്കുന്നുവെന്നു തോന്നിയതില്‍ തെറ്റുപറയാനാവുമോ?
മദ്ധ്യവയസ്കരാ‍യ ഇത്തരം കൂ‍ട്ടുകാര്‍, അതൊരു ന്യൂനപക്ഷമായാലും, നമുക്കിടയിലുണ്ടു.ബന്ധുജനങ്ങള്‍ ഒരു കൈപ്പാടകലെ മാത്രം. ഇവരെ പരിചയമില്ലെ? അനുദിനം ഈ സമൂഹം വളരുകയുമാണ്. ഇത്തരം ആവലാതികള്‍ , സ്വയംകൃതാനര്‍ത്ഥം എന്നനിലയില്‍, തള്ളിക്കളയാനാവില്ല. അങ്ങിനെ ആ ആശയം കടന്നുവന്നതു. വൈദ്യശാസ്ത്രപുരോഗതി ഉപയോഗപ്പെടുത്തി ഒരു അമ്മയാകുക.സ്വന്തം എന്ന പദം അന്വര്‍ത്ഥമാക്കാവുന്ന തീരുമാനം.പ്രായം മറന്നും മനസ്സുകൊണ്ടു തയ്യാറെടുത്തു. പക്ഷെ ഇതുള്‍ക്കൊള്ളാനാവുന്നതു ഒരു ന്യൂനപക്ഷത്തിനു മാത്രമായിരുന്നു,ആയതിനാല്‍ ഫലം പരാജയം. സമൂഹത്തേയോ, എന്തിന് ഡോക്ടറെപ്പോലും ആശയം ബോദ്ധ്യപ്പെടുത്താനായില്ല. കൂട്ടിനു സ്വന്തം കുഞ്ഞായാലെന്താണ് തെറ്റു? പക്ഷെ അച്ഛന്‍ ആരാവും? അജ്ഞാതനായ ബീജ ദാദാവോ, അതോ പ്രകൃതിയൊ?

മറിച്ചൊരു ചിന്ത കൂടി കടന്നുവന്നു, ദത്താവാമല്ലൊ. പക്ഷെ എവിടെനിന്നും?
അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നും മാത്രമേ ദത്തനുവദിക്കൂ, നിയമതാണ്. നിരവധി അനവധി പിഞ്ചുകള്‍ , ഉറുമ്പരിച്ചു റോഡിലുപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തപ്പെടുന്നു , നമുക്കവരെ വളര്‍ത്താന്‍ അനുവാദമില്ലപോല്‍. നിയമത്തിനേല്‍പ്പിച്ചു കൊടുക്കുക എന്നതാണ് കടമ, പരമാവധി പോറ്റാവുന്നതു രണ്ടു മാസം മാത്രം. അനാഥാലയത്തിലല്ലെങ്കിലും, അനാഥരേക്കാള്‍ ദൈന്യാവസ്ഥയില്‍ കഴിയുന്ന ആയിരങ്ങളുണ്ട് നാട്ടില്‍, പക്ഷെ അവക്കു രേഖപ്പെടുത്തപ്പെട്ട അച്ഛനമ്മമാര്‍ ഉള്ളതിനാല്‍ "സ്വന്തം" ആവുന്നില്ല.അമ്മയെന്ന സ്ഥാനം അനാഥമാകും.
വന്ധ്യത ഒരു സാമൂഹിക പ്രശ്നമായിരിക്കുന്ന നമ്മുടെ നാട്ടില്‍ , കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അപേക്ഷയുമായി ദമ്പതിമാര്‍ ഊഴം കാത്തിരിപ്പാണ്. എത്ര കാലം കാത്തിരിക്കണമെന്നറിയില്ല. സഹായത്തിനു എന്തു ചെയ്യാനാവും ,ഇതാണ് ഇന്നത്തെ എന്റെ ചിന്ത.

പ്രിയ ബൂലോകര്‍ പറയുക.

1. ജൈവികമായി അമ്മയാകാനുള്ള ശ്രമം തെറ്റോ?
2. ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ സഹായിക്കാനാവുമോ? ലഭ്യമാകുന്ന സ്ഥാപനങ്ങള്‍ എവിടെയാണ്?
3.മേല്‍പ്പറഞ്ഞവയില്‍ ഏതാവും ശരി, ഏതാവും പ്രായോഗികം?

26 comments:

ചാണക്യന്‍ said...

അനിലെ,
തേങ്ങാ അടിച്ചിട്ട് പോകുന്നു, അഭിപ്രായം പിന്നെ പറയാം..
(((((ഠേ))))

ഷാജൂന്‍ said...

ഇതൊരു മാരക ചോദ്യം തന്നെ.

അമ്മയാവുന്നതിനായ്‌ വേദന സഹിക്കാമെങ്കില്‍ അതിലെന്തു തെറ്റ്‌.
ദത്തെടുക്കുന്നതിലെന്തു തെറ്റ്‌.
കൂട്ടത്തില്‍ കൂട്ടമായ്‌ ജീവിക്കാവുന്ന കമ്മ്യൂണുകളുടെ നിര്‍മ്മിതിയെക്കുറിച്ചും
ചിന്തിക്കാമല്ലൊ.

കാപ്പിലാന്‍ said...

വളരെ നല്ല ചോദ്യങ്ങളാണ് അനില്‍ ചോദിക്കുന്നത് .ഞാന്‍ ഒരു കാഴ്ചക്കാരനായി ഇവിടെ കാണും .
എന്‍റെ അഭിപ്രായത്തില്‍ അമ്മയാകുന്നതില്‍ തെറ്റില്ല .പക്ഷേ ???????????? ഈ പക്ഷേയാണ് പ്രശനം .നമ്മുടെ സമൂഹം അതിനനുവദിക്കുമോ? ഇല്ല എന്നാണ് എന്‍റെ തോന്നല്‍ .


എന്‍റെ ഒരു കാര്യം പറയാം .
എന്‍റെ അമ്മായിഅപ്പന്‍ ആന്‍ഡ് അമ്മ ..അവര്‍ക്ക് രണ്ടു കുട്ടികള്‍ ആയിരുന്നു .എന്‍റെ ഭാര്യയുടെ ചേട്ടന്‍ പതിനെട്ടാം വയസില്‍ മുങ്ങി മരിച്ചു .ആവശ്യത്തിലും കൂടുതല്‍ സ്വത്ത് അവര്‍ക്കുണ്ട് . ഈ മരണത്തിനു ശേഷം ഈ അമ്മയും അപ്പനും ഒരു കുട്ടിയെ ( ഞങ്ങള്‍ കണ്ടിട്ടില്ല ആ കുട്ടിയെ )ആ കുട്ടിയുടെ സര്‍വ്വ ചെലവുകളും കൊടുത്തു വളര്‍ത്തുന്നു .ഏതോ അനാഥാലയത്തില്‍ .ഇടയ്ക്കിടെ അവര്‍ പോകുകയും കാണുകയും ചെയ്യാറുണ്ട് .അതൊരു നല്ല കാര്യമായെ എനിക്കും തോന്നുന്നുള്ളൂ .

അനില്‍@ബ്ലോഗ് said...

കാപ്പിലാന്‍,
വന്നതില്‍ സന്തോഷം.
സൊസ് വില്ലേജിലും മറ്റും ഓരോ കുട്ടിയെ നമുക്കു സ്പൊണ്‍സര്‍ ചെയ്യാം.
അതു പോരാ ഇവിടെ ,
സ്വന്തമാവണം, വളര്‍ത്തണം, വലുതാക്കണം, സ്വത്തു അവകാശവും ഉണ്ടാവണം.

ഹരീഷ് തൊടുപുഴ said...

നന്നായി പഠിച്ചിട്ടു പറയേണ്ട മറുപടിയാണിത്... പിന്നീടു പറയാം...

കാപ്പിലാന്‍ said...

അത് നടക്കുമോന്ന് തോന്നുന്നില്ല അനിലേ .നമ്മുടെ സമൂഹം അതിനു സമ്മതിക്കില്ല .പ്രതേകിച്ചു സ്വത്തു കാര്യത്തില്‍ :)

അനില്‍@ബ്ലോഗ് said...

കാപ്പിലാന്‍,
അവര്‍ വളര്‍ത്തുന്ന കുട്ടിക്കു അവരുടെ സ്വത്തു കൊടുക്കുന്നതില്‍ സമൂഹത്തിനെന്തു റോള്‍?

അവര്‍ക്കു വേണമെങ്കില്‍ നിങ്ങള്‍ക്കോ എനിക്കോ തന്നുകൂടെ?പിന്നെയെന്താ ഇതില്‍ പ്രശ്നം?

കാന്താരിക്കുട്ടി said...

ജൈവികമായി അമ്മയാവുന്നതില്‍ തെറ്റൊന്നും ഉണ്ടെന്ന് എനിക്കു തോന്നുന്നില്ല..മൂവാറ്റുപുഴയിലെ ഭവാനി റ്റീച്ചറെ മറന്നോ..പിന്നെ സ്വന്തമായി കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന കാര്യത്തിലോ വാടക അമ്മയെ ഉപയോഗിച്ച് മക്കള്‍ ഉണ്ടാകുന്നതോ അത്ര എതിര്‍ക്കപ്പെടേണ്ട ഒരു കാര്യമാണോ ? അല്ലെന്നാണ് എനിക്കു തോന്നുന്നത്..

ഇക്കാര്യത്തില്‍ കൂടുതല്‍ അറിവുള്ളവര്‍ അഭിപ്രായം പറയട്ടെ

കാപ്പിലാന്‍ said...

സമൂഹം എന്ന് ഞാന്‍ പറഞ്ഞത് ,ഞാനും അനിലും അടങ്ങുന്ന ഒരു കൂട്ടത്തെയാണ് .മക്കള്‍ നില്‍ക്കുമ്പോള്‍ ഇന്നലെ ദത്തെടുത്ത ഒരാളിന് സ്വത്തു കൊടുക്കുന്നത് അനില്‍ സമ്മതിക്കുമോ ?
നെഞ്ചില്‍ കൈ വെച്ച്‌ പറയണം .കൊടുക്കും എന്ന് അല്ലാതെ ബ്ലോഗില്‍ വാദിച്ചു ജയിക്കാന്‍ വേണ്ടിയല്ല .

എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍
എന്‍റെ വീട്ടില്‍ എട്ടുമക്കള്‍
പതിനാറു സെന്റ് പുരയിടം .അതില്‍ എട്ടു സെന്റ് എന്‍റെ അനിയന്‍, അപ്പച്ചന്റെ അനിയന്റെ കൈയില്‍ നിന്നും വാങ്ങിയത് .ബാക്കി ഉള്ള സ്ഥലത്ത് ഇപ്പോള്‍ അതി വിശാലമായ് ഒരു വീട് പണിയിപ്പിച്ചു അനിയന്‍ .എന്‍റെ കുടുംബ ഓഹരി എത്രയാണ് ഒരു സെന്റ് ( കണക്കും പ്രകാരം ) അതും കൂടി ഞാന്‍ ,അനിയന്‍ എടുത്തു കൊള്ളാന്‍ പറഞ്ഞു .അപ്പോള്‍ എനിക്ക് വീട്ടില്‍ നിന്നും ഒന്നും കിട്ടില്ലേ ( കുടുംബ സ്വത്ത്).

എനിക്ക് പറയാന്‍ ഉള്ളത് പറഞ്ഞു .ഇനി പറയേണ്ടത് ബാക്കി ഉള്ളവരാണ് .കൊടുക്കാന്‍ സന്മനസുള്ളവര്‍ കൊടുത്താല്‍ ഇതൊരു നല്ല ചുവടുവെയ്പ്പ് ആയിരിക്കും എന്നെനിക്കു തോന്നുന്നു .

അനില്‍@ബ്ലോഗ് said...

കാപ്പിലാന്‍,
ദത്തെടുക്കുക എന്നതു നിയമങ്ങളുടെ ഒരു നൂലാമാലയാണ്.നിയമപരമായി ദത്തുമകള്‍ സ്വത്തിനവകാശിയാണ്.മകളെ മാത്രമേ പറ്റൂ, അവര്‍ക്കു ഒരു മകന്‍ ഉള്ളതിനാല്‍

ഇനി ഒന്നുള്ളതു നിലവിലുള്ള മകന്റെ കാര്യമല്ലെ? അവനുമായി ചര്‍ച്ചചെയ്തെടുക്കുന്ന തീരുമാനങ്ങളാവുമല്ലോ ഇതെല്ലാം. ഞാന്‍ അങ്ങിനെ കരുതുന്നു. വ്യത്യസ്ഥമെങ്കിലും ഈ വിഷയത്തിന്റെ ഗൌരവം എത്രമാത്രമാണെന്നു പഠിക്കാനാണ് ഇതിവിടെ പോസ്റ്റിയതു.

കാപ്പിലാന്‍ said...

അയ്യോ അനിലേ , ഞാന്‍ പറഞ്ഞത് ഒരു അമ്മയുടെ കാര്യത്തെകുറിച്ചല്ല.അങ്ങനെ പല വീടുകളും ഉണ്ടാകും .
സമൂഹത്തില്‍ നിലനില്‍ക്കുന്ന കാര്യങ്ങളെക്കുറിച്ച് പൊതുവായ ഒരു ചര്‍ച്ച .ഒരാളിന്റെ കാര്യമായിരുന്നെങ്കില്‍ ഇത്രയൊന്നും ഞാന്‍ പറയില്ലായിരുന്നു .
:):)

അനില്‍@ബ്ലോഗ് said...

കാപ്പിലാന്‍,
ഓ.കെ, മനസ്സിലായി.
വിട്ടു. ഡാങ്ക്സ്

ഭൂമിപുത്രി said...

അനിൽ,ഈ ചോദ്യമിവിടെ ഉയർത്തിയതിനു പ്രത്യേക അഭിനന്ദനം.
സ്വന്തം രക്തത്തില്‍പ്പിറന്നൊരു കുഞ്ഞുവേണമെന്ന ആഗ്രഹം ന്യായം തന്നെ.പക്ഷെ,അതിനായി ശരീരത്തിനെ പല ചികിത്സകളിലൂടെയും പീഠിപ്പിയ്ക്കുന്നത് കാണുമ്പോൾ തോന്നാറുണ്ട്,ആരുമില്ലാത്ത ഒരു കുഞ്ഞിനെ സ്വന്തമായിക്കാണാനൊരു മനസ്സുണ്ടാവുകയല്ലേ അതിലും ഭേദം എന്ന്.ഒരു നിവൃത്തിയുമില്ലാതാകുന്ന
ഘട്ടത്തിലെ മിയ്ക്കവാറും ആൾക്കാർ ദത്തെടുക്കുന്നതിനെപ്പറ്റി ആലോചിയ്ക്കാറുള്ളു.
ചിലർക്കെങ്കിലും അപ്പോഴേയ്ക്കും നിയമപരമായി എടുക്കാനുള്ള പ്രായം കടന്നിരിയ്ക്കും.
പലർക്കും പല സംശയങ്ങളാൺ.
അന്യരക്തത്തില്‍പ്പിറന്നൊരു കുഞ്ഞിനെ സ്വന്തമെന്ന് കരുതി സ്നേഹിയ്ക്കാൻ പറ്റുമോ എന്നതാൺ ഇതിൽ ഏറ്റവും പ്രധാനം.
പറ്റും,ഒരു ബുദ്ധിമുട്ടുമില്ലാതെ പറ്റും!അനുഭവസ്ഥരോട് ചോദിച്ചാലത് പറഞ്ഞ്തരും.ചിലർക്ക് ആഗ്രഹമുണ്ടങ്കിലും,വീട്ടുകാർ തടസം നിൽക്കും-സ്വത്ത് ‘അന്യാധീന’(?)
പ്പെട്ടുപോകുമെന്നതാൺ വിഷമം!

ഈയിടെ വായിച്ചില്ലേ,ജാപ്പനീസ് ദമ്പതികൾ ഇൻഡ്യയിൽനിന്നൊരു ഗർഭപാത്രം വാടകയ്ക്കെടുത്ത മഞ്ജിയെന്ന കുട്ടിയുടെ കഥ? നാല് മാതാപിതാക്കളാണാക്കുഞ്ഞിനത്രെ!
ഗർഭപാത്രം വാടക്യ്ക്കെടുത്ത ദമ്പതികൾ,വാടകയ്ക്ക് കൊടുത്ത സ്ത്രീ,അണ്ഡം നൽകിയ സ്ത്രീ എന്നിങ്ങിനെ.
അവസാനം ‘അഛനും അമ്മയും’പിരിഞ്ഞപ്പോൾ ‘അമ്മ’യ്ക്ക് കുഞ്ഞിനെ വേണ്ട(രക്തബന്ധവുമില്ലല്ലോ)
കേസ് കോടതിയിൽ!
ഇത്രയുമൊക്കെ കഷ്ടപ്പെടാതെ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ അവർക്ക് തോന്നീല്ലല്ലൊ!
‘വനിത’ഓണപ്പതിപ്പിൽ ദത്തെടുക്കാവുന്ന സ്ഥാപനങ്ങളുടെ വിവരമുണ്ട്.
അനിലിന്റെ എല്ലാചോദ്യങ്ങൾക്കും ഉത്തരമായില്ല-വിസ്താരഭയം!
അവസാനമായി ഒന്നുകൂടി-കുട്ടികളെ ദത്തെടുക്കുന്നതുപോലെ,ആരുമില്ലാത്ത ഒരഛനേയും അമ്മയേയും ദത്തെടുക്കാനുള്ള ഒരു സംവിധാനം ഉണ്ടാക്കിക്കൂടെ? മാതാപിതാക്കൾ മരിച്ചുപോയവരിൽച്ചിലരിൽ,
പ്രായമായവരുടെ സ്നേഹവും കരുതലും ആഗ്രഹിയ്ക്കുന്നവരുണ്ടാകില്ലേ?

കുറുമാന്‍ said...

അനിലില്‍ ഈ ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നത് വെറും ഒരാളോടോ, ബ്ലോഗേഴ്സിനോടോ അല്ല, മൊത്തം സമൂഹത്തിനോടാണ്. ആയതിനാല്‍ തന്നെ അതിന്റേതായ ഗൌരവം അര്‍ഹിക്കുന്നു ഈ ചോദ്യം. വെറുതെ ഒരുത്തരം നല്‍കി പോകുന്നതില്‍ അര്‍ത്ഥമില്ല. ആയതിനാല്‍ തന്നെ, ഇതിന്റെ നൂലാമാലകളെ കുറിച്ച് അറിയാവുന്നവരുമായി സംസാരിക്കേണ്ടതുണ്ട്. കുട്ടിയെ ദത്തെടുത്തു വളര്‍ത്തുന്ന (എന്റെ ബന്ധുവടക്കം) രണ്ട് മൂന്നു പേരെ അറിയാം. പക്ഷെ ഇവിടെ അവസ്ഥ അതില്‍നിന്നും ഭിന്നമാണ്.

നമുക്കൊരു പോവഴി കണ്ടുപിടിക്കാം. ഇതിലേ ഇനിയും വരും അനില്‍.

വികടശിരോമണി said...

തെറ്റും ശരിയും തീരുമാനിക്കേണ്ടത് എന്തായാലും സമൂഹമാണെന്നു തോന്നുന്നില്ല.ജൈവികമായി അമ്മയാവുന്നതിൽ ഒരു തെറ്റുമില്ല.ദത്തെടുക്കാനുള്ള ഇന്ത്യൻ നിയമങ്ങളിൽ സുപ്രധാനമായത്,ദത്തെടുക്കപ്പെടുന്ന കുട്ടിക്ക് കൊടുക്കുന്ന സ്വത്തിന്റെ കാര്യത്തിലുള്ള തീർപ്പാണ്.കുട്ടിയെ സംരക്ഷിക്കാനും വളർത്താനുമാവശ്യമായ സാമ്പത്തികസ്ഥിതി ദത്തെടുക്കുന്നയാൾക്ക് ഉണ്ടായേ പറ്റൂ.കുട്ടിക്ക് കൊടുക്കുന്ന സ്വത്തിന്റെ പേപ്പറുകൾ ശരിയാക്കിയിട്ടേ നിയമനുസരിച്ചു ദത്തെടുക്കാനാവൂ.ദത്തെടുക്കാൻ രണ്ടു മാർഗങ്ങളാണ് നിലവിൽ പ്രായോഗികമായുള്ളത്.
1)ദത്തെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടിയെ ഏതെങ്കിലും സ്ഥാപനങ്ങളിൽ നിന്നും കണ്ടെത്തി,ദത്തെടുക്കുക.
2)സാമൂഹ്യക്ഷേമവകുപ്പിൽ ദത്തെടുക്കാനായി അപേക്ഷ കൊടുത്ത്,കാത്തിരിക്കുക.ദത്തിനു കുട്ടികളെ നൽകുന്ന അംഗീക്ര്ത സ്ഥാപനങ്ങൾ നാട്ടിലുണ്ട്.മുൻ ഗണനാക്രമത്തിൽ പരിഗണിക്കപ്പെടും.ഇങ്ങനെ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്ന 370ൽ അധികം ആളുകളുണ്ടെന്നാണ് അടുത്തിടെ അറിഞ്ഞത്.
ഇതു നിയമവശം.സമൂഹത്തിന്റെ ചെലവിലല്ല ജീവിക്കുന്നതെന്ന ഉറപ്പും നട്ടെല്ലുണ്ട് എന്ന തീർച്ചയുമുണ്ടെങ്കിൽ നൊന്തു പ്രസവിക്കാൻ തയ്യാറാകണമെന്നാണ് എന്റെ അഭിപ്രായം.

കുറുമാന്‍ said...

അവസാനമായി ഒന്നുകൂടി-കുട്ടികളെ ദത്തെടുക്കുന്നതുപോലെ,ആരുമില്ലാത്ത ഒരഛനേയും അമ്മയേയും ദത്തെടുക്കാനുള്ള ഒരു സംവിധാനം ഉണ്ടാക്കിക്കൂടെ? മാതാപിതാക്കൾ മരിച്ചുപോയവരിൽച്ചിലരിൽ,
പ്രായമായവരുടെ സ്നേഹവും കരുതലും ആഗ്രഹിയ്ക്കുന്നവരുണ്ടാകില്ലേ?ഭൂമിപുത്രിയുടെ കമന്റ് ഇപ്പോഴാണ് കണ്ടത്. വളരെ പ്രസക്തമായ ചോദ്യം തന്നെ. അതിനെകുറിച്ചും ആലോചിക്കേണ്ടിയിരിക്കുന്നു എല്ലാവരും. പെറ്റു,പോറ്റി വളര്‍ത്തി വലുതാക്കി സ്വന്തം കാലില്‍ നില്‍ക്കാറായപ്പോള്‍ മക്കള്‍ ഉപേക്ഷിച്ചവരേക്കാള്‍ ഏറെ, മക്കള്‍ ഇല്ലാതിരുന്നവര്‍,അവിവാഹിതര്‍, ഉണ്ടായിരുന്ന മക്കള്‍ മരിച്ചുപോയവര്‍ (പ്രത്യേകിച്ചും പട്ടാളത്തില്‍ ഇരുന്ന് യുദ്ധകാലത്ത് ശത്രുവിന്റെ വെടിയേറ്റു വീരമൃത്യുവടഞ്ഞ മക്കളുടെ മാതാപിതാക്കള്‍‌) ഇവരില്‍ പലര്‍ക്കും പണമല്ല ആവശ്യം പക്ഷെ ആരെങ്കിലും അവരെ സ്നേഹിക്കാനുണ്ടെന്ന ഒരു വിശ്വാസമാണ് ആവശ്യം.

മാണിക്യം said...

അനില്‍,
സ്വന്തമായി സ്നേഹിക്കാന്‍ ,
ഉദ്ദെശം കൊള്ളാം ..
പക്ഷേ സ്നേഹിച്ചാല്‍ മാത്രം പോരാ ആ കുഞ്ഞിനെ നല്ല നിലയില്‍‌ വളര്‍ത്തണം
നല്ല നില എന്ന് ഞാന്‍ പറയുമ്പോള്‍ അതു പണം അല്ലാ..ആ കുഞ്ഞിന്റെ എല്ലാ ആവശ്യങ്ങളും 24 മണിക്കൂര്‍ നോക്കി നടത്താനുള്ള ആരോഗ്യം
ക്ഷമ സാഹചര്യം ഇവയുണ്ടോ? ആ കുഞ്ഞിനു വേണ്ടീ ചിലവിടാന്‍ സമയം,ചൊല്ലും ചോറും, കളിയും കഥയും പങ്കുവയ്ക്കാന്‍ മനസ്സുണ്ടോ?

വല്ലൊന്റെയും ഇടുപ്പില്‍ ഇരിക്കുന്ന കുട്ടിയെ ലാളിയ്ക്കാന്‍ എളുപ്പമാണു, അതെ പറ്റീ
‘എനിക്കു കുട്ട്യോളെ വല്ല്യൈഷ്ടാ ’.. എന്നു പറയുന്നതും പോറ്റി വളത്തുന്നതും ,
നല്ലതും ചീത്തയും തിരിച്ചറിവാക്കുന്നതും ആത്മാഭിമാനമുള്ളാ , ചുമതലാബോധമുള്ള , സത്യവും നീതിയും തിരിച്ചറിയുന്ന ഒരു പൌരനായി കുഞ്ഞിനെ വളര്‍ത്തിയെടുക്കാന്‍
പ്രാപ്ത്തിയുണ്ടൊ എന്ന് ആത്മ പരിശോദ്ധനയാണു ഒറ്റയ്ക്ക് ഒരു കുട്ടിയെ പോറ്റാന്‍ ആഗ്രഹം വരുമ്പോള്‍ ചിന്തിക്കണ്ടത്...
പെറ്റെടുത്ത് തിണ്ണയ്ക്കിട്ടാല്‍ എന്തേലും തിന്ന് വളന്നോളും .. അതല്ലാ പേരന്റിങ്ങ്...

ജീവിത സായാഹ്നത്തില്‍ ....
ഓര്‍മ്മിക്കുക അപ്പോള്‍ സ്വയം സ്വന്ത ആവശ്യങ്ങള്‍ നിര്‍വഹിയ്ക്കന്‍ , ഉറക്കമൊഴിയാന്‍ , ഭക്ഷണം പാകം ചെയ്യാന്‍, ശുചീകരണം,കുട്ടിയെ പുറത്ത് സുരക്ഷിതമായി കൊണ്ടു നടക്കാന്‍ ഒക്കെ എത്ര മാത്രം കെല്‍പ്പുണ്ട്?
മറ്റാളെ നിര്‍ത്തി ചെയ്യാം എന്നു പറയരുത് ..

ദമ്പതിമാര്‍‌ ദത്തെടുക്കുന്നതിനേക്കാള്‍ കൂടുതല്‍ റിസ്ക് ഉണ്ട് ഒറ്റയ്ക്ക് .. ..

ഇന്നത്തെ സാഹചര്യത്തില്‍ എല്ലാവരും ശീലിയ്ക്കണ്ട ഒന്നാണു വോളണ്ടിയര്‍ ‍ വര്‍ക്ക്
അതുഎല്ലാ മേഘലയിലും വ്യാപിപ്പിയ്ക്കാം ഒറ്റപെടലിനു അതൊരു പ്രധിവിധിയാണെന്നു മാത്രമല്ലാ എന്നെ ആര്‍ക്കൊക്കെയോ ആവശ്യമുണ്ട് , എന്ന് ഒരു സാമൂഹിക ബോധവും ഉരുത്തിരിയും സമയവും മനസ്സും ഉള്ളവര്‍ക്കു അനാഥാലങ്ങള്‍ വൃദ്ധ മന്ദിരങ്ങള്‍ എന്നിവിടങ്ങള്‍ സ്ഥിരമായി സന്ദര്‍‌ശിക്കുകയും നിശ്ചിത സമയം ചിലവിടുകയും ചെയ്യാം ...

ആവശ്യത്തിലേറെ ദുരവസ്ഥകളുള്ള ഈ ഭൂമിയിലേയ്ക്ക് ‘ഒറ്റപെടല്‍ ഒഴിവാക്കാന്‍’ ഒരു ജീവനെ കൂടി വലിച്ചിഴയ്ക്കാതെ ഇവിടെ പലതുറകളിലുള്ളവരെ സഹായിക്കുക ...ഇന്നു കുട്ടികളെക്കാള്‍ മുതിര്‍ന്നവരെ ആണു പരിചരിക്കാന്‍ ആളില്ലാത്തത്.... ചര്‍ച്ചാ ആരോഗ്യ പരമായി ശക്തമായി മുന്നെറട്ടെ എന്നാശംസിച്ചു കൊണ്ട്......

ഗോപക്‌ യു ആര്‍ said...

അനില്‍, ദത്തെടുക്കല്‍ കേന്ദ്രങ്ങളുടെ ലിസ്റ്റ്‌
വനിത ഓണപ്പതിപ്പിലുണ്ട്‌.
..[സെപ്തംബര്‍ 1-14 ലക്കം]
ലിസ്റ്റ്‌ മാത്രമല്ല ആവശ്യമായ എല്ലാ വിവരങ്ങളുമുണ്ട്‌....
പിന്നെ ദത്തെടുക്കല്‍ അത്ര എളുപ്പമല്ല...
അവിടെ നീണ്ട ക്യൂ ആണ്‌...
.ധാരാളം ലീഗല്‍ ഫോര്‍മാലിറ്റീസും...

ശിവ said...

ഒരു കുഞ്ഞു സംശയം ഉണ്ട്. ഇങ്ങനെ ജീവിതത്തിന്റെ അവസാന നാളുകളില്‍ ദത്തിലൂടെയൊ അല്ലെങ്കില്‍ മറ്റേതെങ്കിലും മാര്‍ഗ്ഗത്തിലൂടെ ഒരു കുഞ്ഞിനെ ഇവര്‍ സ്വന്തമാക്കുന്നുവെന്ന് കരുതുക...

ഇവരുടെ മരണശേഷം ആ കുഞ്ഞിന്റെ ജീവിതം എന്താകും...അച്ഛന്റെയും അമ്മയുടെയും സ്നേഹം ആവശ്യമായി വരുന്ന അവസരങ്ങളില്‍ ആ കുഞ്ഞ് എന്തു ചെയ്യും...

ഏറ്റവും നല്ലത് ഈ വയസ്സായ മാതാപിതാക്കള്‍ സ്വന്തം പ്രായത്തെ മാനിച്ച് മക്കളുടെ ഒപ്പം കഴിഞ്ഞു കൂടുക തന്നെയാല്ലേ...

അനില്‍@ബ്ലോഗ് said...

ശിവനോടു മാത്രം ഒരു വാചകം.

ഇവിടെ ഈ അമ്മക്കു 45 -50 ആയിരിക്കും പ്രായം എന്നു തോന്നുന്നു. പിന്നെ ശരിക്കും വായിച്ചില്ലെ, ഈ അമ്മ ഒറ്റക്കാണ് മകനെ വളര്‍ത്തിയത്, അച്ഛന്‍ വേര്‍പിരിഞ്ഞു ആദ്യ വര്‍ഷം തന്നെ.

ചര്‍ച്ച നടക്കുമെന്നു ആഗ്രഹിക്കയാണ്. മൊത്തം അഭിപ്രായങ്ങള്‍ വന്നിട്ടു വേണം ഇത് അവര്‍ക്കു കാണിക്കാന്‍, വിവിധ അഭിപ്രായങ്ങള്‍ പഠിക്കാന്‍ ഒരു അവസരം ആവട്ടെ.

ഭൂമിപുത്രി said...

അനിൽ,ഞാൻ ആദ്യം കുറച്ച് പരന്ന് ചിന്തിച്ചുപോയതുകൊണ്ട്,ഈപ്പറഞ്ഞ വ്യക്തിയുടെ കാര്യം വിട്ടുപോയി.
ആലുവയിൽ ഒരു എസ്.ഒ.എസ് സ്ഥാപനമുള്ളതറിയാമോ? ഒരു വീട്ടിനൊരമ്മയും,അവർക്ക് നോക്കാൻ കുറച്ച് കുട്ടികളും.വായിച്ചും ടിവിയിൽ കണ്ടുമൊക്കെ പലർക്കുമറിയാമായിരിയ്ക്കും.അതിനവരുടെ മനസ്സ് തയാറാകുമെങ്കിൽ ഒന്നന്വേഷിയ്ക്കാം.

മാണിക്യം പറഞ്ഞത് വളരെ ഗൗരവമുള്ള ഒരു
വിഷയമാൺ.

അറുപതാം വയസ്സിൽ ഒരു കുഞ്ഞിനെ പ്രസവിച്ചേതീരു എന്ന് നിർബ്ബന്ധം പിടിച്ചപ്പോൾ,ആ കുട്ടിയെ നന്നായി നോക്കിവളർത്താനുള്ള ആരോഗ്യവും, പ്രായപൂർത്തിയാകുന്നതുവരെ ആ കുട്ടിയ്ക്കൊപ്പമുണ്ടാകുമെന്ന ഉറപ്പും മൂവാറ്റുപുഴയിലെ ഭവാനിയമ്മയ്ക്കുണ്ടായിരുന്നോ?

kala_ranj said...

ഏറ്റവും പ്രധാനമായ കാര്യങല്‍, മാനിക്യവും ഭൂമിപുത്രിയും പരഞ്ഞിട്ടുള്‍ലതാണ്.

പെട്ടന്നുണ്ടായ ആവേശത്തില്‍ കുഞ്ഞിനെ വളര്‍ത്താന്‍ ചാടിവീണാല്‍ ഭാവി എന്താകും എന്നാലോചിച്ചിട്ടുണ്ടോ?

കുഞ്ഞെന്നു പറയുന്നതു വല്ല് കളിപ്പാട്ടവുമാണോ? കൂട്ടുവേണം എന്നു തോന്നുമ്പോള്‍ ഒരെന്നം ഉണ്ടാക്കന്‍?

ഭവാനിയമ്മയാകും എല്ലാവരുടേയും ഹീറോ, വരും വരായ്കകള്‍ ചിന്തിക്കാതെ നടന്ന ഒരു കലാപരിപാടിയലെയത്?

ഇതൊരു ഫാഷനണെന്നു തൊന്നുന്നു, അണ്ടം ബ്രൂണം തുടങ്ങി കുറെ പരിപാടി, വാടകക്കു ഗ്ര്ഭപാത്രം എന്തെല്ലാം കാണണം.

ഈ സുഹൃത്തിനു ആയ കാലത്തു മകനുണ്ടായി, അവന്‍ വളര്‍ന്നു, ഇനി അവന്റ്റെ കുട്ടികളെ കളിപ്പിക്കുകയല്ലേ കൂടുതല്‍ ഉചിതം?

ഏകാന്തത ഒരു വലിയ പ്രശ്നംതന്നെയാണ്, ഞാനും അനുബവിക്കുന്നതാണതു. പക്ഷെ ഇങ്ങ്നെ എകാന്തതയില്‍ ഉണ്ടാക്കാനുള്‍ലതല്ല കുഞ്ഞു. അടുത്ത തലമുറയെ സൃഷ്ടിക്കാന്‍ തയ്യാറാക്കപ്പെട്ട പ്രത്യേക കഴിവു, അതിനെ ദുരുപയോഗം ചെയ്യരുതു.

എവിടെയെങ്കിലും അനാധാലയത്തില്‍ ഉള്ള കുന്നുങ്ങലെ സ്പൊന്‍സര്‍ ചെയ്യുക,ഒഴിവു സമയങ്ങളില്‍ അവരോടൊപ്പം ചിലവിടുക. അതാവും നല്ലതു.

അനില്‍@ബ്ലോഗ് said...

ഇതില്‍ എനിക്ക് ആരുടെയെങ്കിലും ഭാഗം ന്യായീകരിക്കാനോ വിശദീകരണങ്ങള്‍ നല്‍കാനോ ഇല്ല. കാരണം, മറ്റുള്ളവര്‍ പറയുന്നതു കേള്‍ക്കാനും പഠിക്കാനും മാത്രമാണ് ഈ പോസ്റ്റ്.

പക്ഷെ ഇപ്പോള്‍ വന്ന കമന്റിനു എനിക്കൊന്നു ഇടപെടാതെ വയ്യ.

പരമ്പരാഗത സങ്കല്‍പ്പങ്ങളില്‍ നിന്നുകൊണ്ടാണ് കാര്യങ്ങള്‍ നൊക്കിക്കാണുന്നതു.വേറിട്ട കാഴ്ചപ്പാടെന്ന നിലയില്‍ ഭൂമിപുതി മുന്നോട്ടു വച്ച കാര്യങ്ങള്‍ പോലും മാണിക്യം ചേച്ചിയുടെ കമന്റോടെ പുനര്‍ചിന്തനത്തിനു വിധേയമായി. ഇപ്പോഴിതാ “കല” ഇത്തപ്പാടെ തിരസ്കരിക്കയാണ്.നമ്മുടെ സങ്കല്‍പ്പങ്ങള്‍ , മക്കള്‍, അവരുടെ വിവാഹം, പേരക്കുട്ടികള്‍ തുടങ്ങിയവയെല്ലാം ഒരു നൂറ്റാണ്ടു പിറകിലാണെന്നു തോന്നുന്നു. അന്നു 50 വയസ്സില്‍ ഒരു സ്ത്രീ “വയസ്സി ”ആയിരുന്നു, മാനസികമായും ശാരീരികമായും. ഇന്നതാണോ സ്ഥിതി?

ശരാ‍ശരി ആയൂര്‍ ദൈര്‍ഘ്യം കൂടി അതിനനുസരിച്ചു നമ്മളുടെ നിര്‍വചനങ്ങള്‍ പലതും മാറിയിട്ടില്ല.
ഒരു കുഞ്ഞിനെ വളര്‍ത്തി വലുതാക്കാന്‍ ഇന്നത്തെ 45,50 വയസ്സുകാരിക്കു പറ്റില്ലെന്നു പറഞ്ഞാല്‍ അംഗീകരിക്കാന്‍ ബുദ്ധി മുട്ടാണ്.

ദത്തെടുക്കലിനുള്ള കടമ്പകളേക്കാള്‍ സത്യത്തില്‍ എളുപ്പം അമ്മയാകുക എന്നതാണ്. പക്ഷെ വാളുമായി നില്‍ക്കയല്ലെ സമൂഹത്തിന്റെ കാവല്‍ ഭടന്മാര്‍, കപട സദാചാരവുമായി.

മനോരമയിലും മറ്റുമുള്ള ദത്തെടുക്കല്‍ കേന്ദ്രങ്ങള്‍ വി.ഐ.പി. കേന്ദ്രങ്ങളാണ്. അവിടെയിതു പ്രശസ്തിയുടെയും പണത്തിന്റേയും ഉപാധിയാണ്. അതല്ലാതെ ഏതെങ്കിലും നന്മമാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഉണ്ടോ?

വിദേശ കുട്ടികളെ കിട്ടാനുണ്ടു, വില കൂടും .ചോദിക്കുന്നതു 8 - 10 ലക്ഷമാണ്.

ഭൂമിപുത്രി said...

"മനോരമയിലും മറ്റുമുള്ള ദത്തെടുക്കല്‍ കേന്ദ്രങ്ങള്‍ വി.ഐ.പി. കേന്ദ്രങ്ങളാണ്. അവിടെയിതു പ്രശസ്തിയുടെയും പണത്തിന്റേയും ഉപാധിയാണ്"
അനിൽ,ഇതൊരു മുൻവിധിയാൺ.
ഇവിടെനിന്നൊക്കെ സാധാരണക്കാർ തന്നെയാൺ കുട്ടികളെ എടുക്കാറ്.അപേക്ഷകൊടുത്തുനോക്കിയാലേ എത്രകാലം കാത്തിരിയ്ക്കേണ്ടിവരുമെന്ന് പറയാൻ പറ്റു.അവരുടെ പ്രായം കണക്കിലെടുക്കുമ്പോൾ,ഒരല്‍പ്പം മുതിർന്ന കുഞ്ഞിനെയാകും കിട്ടുക.ഈ പ്രായത്തിൽ ഗർഭംധരിച്ച് പ്രസവിയ്ക്കുകയെന്നത്,
ബയളൊജിക്കലി,അത്രപോലും എളുപ്പമാകില്ല എന്നാണെന്റെ ധാരണ.
ഏതായാലും,ഞാൻ നേരത്തേപറഞ്ഞ ആ എസ്.ഒ.എസ്.ഗ്രാമത്തിനെപ്പറ്റി കൂടുതലായൊന്ന് അന്വേഷിയ്ക്കണേ,
വെറുതെയെങ്കിലും..

വികടശിരോമണി said...

മാണിക്യവും ഭൂമീപുത്രിയും ചിന്തയെ വഴിതിരിച്ചുവിട്ടു എന്നു സമ്മതിച്ചേ പറ്റൂ.വെട്ടുകിളികൾ പോലെ കുഞ്ഞുങ്ങൾ പെർകുന്ന നാട്ടിൽ സ്വന്തം കുട്ടിക്കായി ജീവിതസായാഹ്നത്തിൽ ചിന്തിക്കുന്നതോ കഴിയുമെങ്കിൽ മറ്റൊരു ജീവനെ സഹായിക്കുന്നതോ അഭികാമ്യം? അനിൽ പറഞ്ഞപോലെ,അമ്പതുവയസ്സുകഴിഞ്ഞവർക്ക് പണ്ടുള്ളവരേക്കാളും ആരോഗ്യമുണ്ടെന്നു തോന്നുന്നില്ല.തലയിലും മുഖത്തും ചായം തേച്ചുനടന്നാൽ പ്രായമേ കുറച്ചുതോന്നൂ,ആരോഗ്യം കിട്ടില്ല.എങ്കിലും അമ്മയാവാനുള്ള ഒരാളുടെ സ്വാതന്ത്ര്യത്തിൽ അസഹിഷ്ണൂത പ്രകടിപ്പിക്കുന്ന കപടസദാചാരവാദികളോട് യോജിക്കാനാവില്ല.

smitha adharsh said...

ചോദ്യങ്ങള്‍ കാര്യ മാത്ര പ്രസക്തിയുള്ളവ തന്നെ...അമ്മയാകുന്നതിനോടും,ദത്ത് എടുക്കുന്നതിനോടും...രണ്ടിനോടും യോജിപ്പുണ്ട്...
പക്ഷെ...അഭിപ്രായങ്ങള്‍ക്കെല്ലാം ഉപരിയായി "നല്ല മനസ്സ്" അതാണ്‌...കൂടുതല്‍ വേണ്ടതെന്ന് തോന്നുന്നു.