9/23/2008

ക്ലോണിംഗ് - ഒരു ദര്‍പ്പണക്കാഴ്ച

ഇതൊരു കണ്ണാടിയിലെ ദൃശ്യങ്ങളാണ്.സ്വാഭാവികമായും കണ്ണാടിക്കനുസൃതം ദൃശ്യങ്ങള്‍ക്കു വ്യതിയാനം കണ്ടേക്കാം.
ക്ലോണിംഗ് അടിസ്ഥാനപരമായി മൂന്നായി തരം തിരിക്കാം.
1.ഡി.ഏന്‍.ഏ. ക്ലോണിംഗ്:


പ്ലാസ്മിഡുകളും മറ്റും ഉപയോഗിച്ചു ഡി.എന്‍.എ യുടെ ശൃംഖലകള്‍ ആവശ്യാനുസരണം ക്ലോണ്‍ചെയ്തു നിര്‍മ്മിച്ചെടൂക്കുന്ന സാങ്കേതിക വിദ്യയാണിത്.
ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു നമുക്കാവശ്യമൂള്ള പ്രോട്ടീനുകളുടെ കോഡുകളടങ്ങിയ സീക്വന്‍സുകള്‍ നിര്‍മ്മിക്കാവുന്നതാണ്.


2.പ്രത്യുല്‍പ്പാദനത്തിനായുള്ള ക്ലൊണിംഗ്:

ഡോളിയുടെ ജനനം അടങ്ങുന്ന ക്ലോണിംഗ് വിഭാഗമാണിതു. ഒരു ജീവിയുടെ അണ്ഡ കോശം അലൈംഗിക മാര്‍ഗ്ഗത്തിലൂടെ വികസിപ്പിച്ചെടുത്ത്, ആ ജീവിയുടെ ഒരു പതിപ്പിന് ജന്മം നല്‍കുകയാണ് ഇതില്‍ ചെയ്യുന്നത്.പ്രകൃതി നിയമങ്ങളെ മുറിവേല്‍പ്പിക്കുന്നു എന്ന രീതിയില്‍ വിലയിരുത്തപ്പെട്ടതിനാല്‍ ഏറെ വിമര്‍ശനങ്ങള്‍ക്കു വിധേയമാണീ ശാഖ.വിശിഷ്യാ മനുഷ്യനിലുള്ള ക്ലോണിംഗ്. ഈ വിദ്യയുപയോഗിച്ചു വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിവിഭാഗങ്ങള്‍ പുന്‍ഃസൃഷ്ടിക്കാന്‍ നടന്ന ശ്രമങ്ങള്‍ വിജയം കാണുകയുണ്ടായി. ആദ്യമായി ഇത്തരത്തില്‍ ക്ലോണ്‍ ചെയ്ത മൃഗമായിരുന്നു "ഗോര്‍". കാട്ടു കാളയുടെ വംശത്തിലുള്ള ഒരു ജീവിയാണ് ഗോര്‍. ഈ ക്ലൊണിംഗ് നടത്തിയതു ഒരു പശുവിന്റെ അണ്ഡം ഉപയോഗിച്ചായിരുന്നു എന്നത് പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. പക്ഷെ ഈ ക്ലൊണ്‍ രണ്ടു ദിവസം മാത്രമേ ജീവിച്ചിരുന്നുള്ളൂ.മൌഫ്ലൊന്‍ എന്നറിയപ്പെടുന്ന കാട്ടു ചെമ്മരിയാടാണ്, വംശനാശത്തിലായ വര്‍ഗ്ഗങ്ങളിലെ വിജയകരമായ ആദ്യ ക്ലോണ്‍. വംശനാശം പൂര്‍ണ്ണമായും തടയാന്‍ ഈ സാങ്കേതിക വിദ്യക്കാവുമോ എന്നതു ഇപ്പോഴും തര്‍ക്കവിഷയമാണ്.

കേരളത്തിലെ വംശനാശം വന്ന, നമ്മുടെ തനതു ബ്രീഡായ വെചൂര്‍ പശുവിനെക്കുറിച്ച് വന്ന ഈ വാര്‍ത്ത കൌകമുളവാക്കുന്നതായിരുന്നു. റോസിലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വേചൂര്‍ പശുവിന്റെ ജീനുകള്‍ തട്ടിയെടുത്തുവെന്നും, അവയെ ക്ലോണ്‍ ചെയ്യാന്‍ പോകുന്നുവെന്നുമായിരുന്നു അത്. ഒരു വിവാദം മാത്രമായ് ഒതുങ്ങി എന്നുള്ളതില്‍ നമുക്കാശ്വസിക്കാം.(വിവാദമാക്കിയതെന്നും വിവാദമുണ്ട്).
ഇത്തരത്തില്‍ ഈ സാങ്കേതിക വിദ്യ പ്രകൃതി സംരക്ഷണത്തിനായി പ്രയോജനപ്പെടുത്തുകയാണ് ശാസ്ത്രമിന്ന്.


പ്രതികൂലമായ പ്രതികരണമാണ് ഈ വിഭാഗം ക്ലൊണിങ്ങിനു മുന്നിട്ടു നില്‍ക്കുന്നത്. മനുഷ്യനില്‍ നടക്കാവുന്ന ക്ലോണിഗ് പരീക്ഷണത്തിന്റെ ധാര്‍മികത സംബന്ധിച്ചായിരുന്നു ഇത്. ലോകത്താകമാനം ഇതിനു നിയന്ത്രണങ്ങള്‍ വരികയും ചികിത്സാരംഗത്തേക്കു മാത്രമുള്ള പരീക്ഷണങ്ങളായി മനുഷ്യ ക്ലോണിംഗ് നിജപ്പെടുത്തുകയും ചെയ്യപ്പെട്ടു.

3.ചികിത്സക്കായുള്ള ക്ലൊണിംഗ് (തെറാപ്യൂട്ടിക് ക്ലോണിംഗ്)

ഇന്നു ഏറ്റവും വികസിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്ര ശാഖയാണിത്. മനുഷ്യന്റെ ശരീരം, വൈദ്യശാസ്ത്രത്തിനു വെല്ലുവിളിയാകുന്ന സന്ദര്‍ഭങ്ങളില്‍ ചിലതാണ്, കീഡ്നി തകരാര്‍ പോലെയുള്ള അസുഖങ്ങള്‍. ഈ കോശങ്ങള്‍ ശരീരത്തില്‍ പുതുതായി വളരുകയില്ല എന്നതിനാല്‍ , അവയവം മാറ്റി വക്കുക എന്നത് ഏക ചികിത്സാമാര്‍ഗ്ഗമായി വരുന്നു. ഇത്തരം സന്ദര്‍ഭത്തില്‍ മാറ്റിവച്ച അവയവത്തെ രോഗിയുടെ ശരീരം തിരസ്കരിക്കാന്‍ സാദ്ധ്യതയുണ്ട്. മരുന്നുകളും മറ്റും ഉപയോഗിച്ച് ഈ തിരസ്കരണത്തെ‍ തരണം ചെയ്യാറാണ് പതിവ്. എന്നാല്‍ ഒരു രോഗിയുടെ ശരീരത്തില്‍ നിന്നും തന്നെ എടുക്കുന്ന ജനിതക വസ്തു, ക്ലൊണിംഗിനു വിധേയമാക്കി ഭ്രൂണംകോശം സൃഷ്ടിക്കുകയും, അതില്‍ നിന്നും കിഡ്നി വളര്‍ത്തിയെടുക്കാവുന്ന വിത്തുകോശങ്ങള്‍ വേര്‍തിരിച്ചെടുക്കുകയും സാദ്ധ്യമായാല്‍ ഈ തിരസ്കരണം ഇല്ലാതാവും. അതേപോലെ തലച്ചോറിന് ഏല്‍ക്കുന്ന ക്ഷതവും ശരീരത്തിനു സ്വന്തം നിലയില്‍ പരിഹരിക്കാനാവില്ല. നാഡീ കോശങ്ങള്‍ വളര്‍ത്താനുള്ള വിത്തുകോശം വികസിപ്പിച്ചെടുത്താല്‍, ഈ സ്ഥിതിയും പരിഹരിക്കപ്പെടാനാവും.ഇതാണ് തെറാപ്യൂട്ടിക് ക്ലോണിംഗിന്റെ അടിസ്ഥാനം.

ഈ ശാഖ നേരിട്ടിരുന്ന വിമര്‍ശനം ഭ്രൂണഹത്യ സംബന്ധിച്ചതായിരുന്നു. ഓരോ വിത്തുകോശം വേര്‍തിരിക്കാനും ഒരു ഭ്രൂണം നശിപ്പിക്കേണ്ടി വരുന്നു. ഇതിനു ഒരു പരിഹാരമെന്ന നിലയിലാണ് ഡോ. ഷിന്യ യമനാകയും മറ്റും ക്ലോണിംഗിനു പുതു വിദ്യ പരീക്ഷിച്ചതു. മനുഷ്യന്റെ ചര്‍മ്മ കോശത്തില്‍ നിന്നും എടുക്കുന്ന ജനിതകവസ്തു ഒരു അണ്ഡകോശവുമായി സംയോജിപ്പിച്ചു. ഈ കോശത്തിന്റെ ക്രോമസോം ഘടനയില്‍ ചിലമാറ്റങ്ങള്‍ വരുത്തിയപ്പോള്‍ ഇവ ഭ്രൂണകോശം കണക്കെ വിഘടിക്കാ‍നാരംഭിച്ചു,. വൈറസുകള്‍ ഉപയോഗിച്ചായിരുന്നു ഈ മാറ്റങ്ങള്‍ വരുത്തിയതു. ഇത്തരത്തില്‍ ഭ്രൂണകോശങ്ങള്‍ വികസിപ്പിച്ചെടുക്കാനാവുന്ന സ്ഥിതി സംജാതമായാല്‍ മനുഷ്യഭ്രൂണം ഇപയോഗിച്ചുള്ള ക്ലോണിംഗ് നിര്‍ത്തലാക്കിയേക്കും എന്നുവരെ വിലയിരുത്തപ്പെടുന്നുണ്ട്. ഈ മേഖലയില്‍ നിരവധി പരീക്ഷണ നിരീക്ഷണങ്ങള്‍ നടക്കേണ്ടതുണ്ട്, വിജയം കൈവരിക്കുന്നതോടെ തലച്ചോര്‍ ക്ഷതം അടക്കമുള്ള പല രോഗങ്ങള്‍ക്കുംചികിത്സ ലഭ്യമാക്കാനാവും.

ക്ലോണിംഗിന്റെ വെല്ലുവിളികള്‍:

# ചിലവേറിയതും ഫലപ്രാപ്തിക്കുറവും

# അസുഖങ്ങള്‍ ബാധിക്കാനുള്ള സാദ്ധ്യതകള്‍ ക്ലോണ്‍ ജീവികളീല്‍ ‍ കൂടുതലായി കാണുന്നു.

# ആയുസ്സിനു നേരത്തെ മരണപെടുന്നതു കൊണ്ടു കൃത്യമായ ഡാറ്റ പല സന്ദര്‍ഭങ്ങളിലും ലഭ്യമാകുന്നില്ല.

# മരണപ്പെടുന്ന പല കേസുകളിലും കൃത്യമായ പോസ്റ്റുമോര്‍ട്ടം വിശകലനം സാദ്ധ്യമാകുന്നില്ല.

# ക്ലോണ്‍ ചെയ്തെടുത്ത പല കോശങ്ങളിലും ജീന്‍ തകരാറ് കണ്ടെത്തുകയുണ്ടായി. കോശത്തിന്റെ ഉത്തേജനത്തില്‍ സംഭവിച്ചതാവാനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാനാവില്ല.

# ജെനെറ്റിക് ഇമ്പ്രിന്റിങില്‍ തകരാറുകള്‍ സംഭവിക്കാം.

# വൈറസുകള്‍ ഉപയോഗിച്ചു ജനിതകമാറ്റം നടത്തുമ്പോള്‍ ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ക്കു സാദ്ധ്യത ഏറെയാണെന്നും വിലയിരുത്തപ്പെടുന്നു.

ക്ലോണിംഗും ഞാനും:

ഡൊളി ജനിച്ച വര്‍ഷമായിരുന്നു എന്റെ ബിരുദാനന്ദര ബിരുദ ക്ലാസ്സുകള്‍ ആരംഭിക്കുന്നതു.
ആദ്യ സെമിനാര്‍ വിഷയം റീപ്രൊഡക്റ്റീവ് ക്ലോണിംഗ്.
അന്നുമുതലിങ്ങോട്ടു കൌതുകത്തോടെ വീക്ഷിച്ചു വരുന്ന ഈ ശാസ്ത്രശാഖ, കഴിഞ്ഞ പത്തുവര്‍ഷമായി , മറ്റു മേഖലകളിലെയത്ര മുന്നേറ്റം കാണിക്കുന്നില്ല എന്നാണ് എന്റെ വ്യക്തിപരമായ വിലയിരുത്തല്‍. ജൈവകോശങ്ങളുടെ സാങ്കേതിക രഹസ്യങ്ങള്‍ അത്ര എളുപ്പം മനുഷ്യനു പിടിതരുന്നില്ല എന്നതാണ് ഇതിനായ് ഞാന്‍ കണ്ടെത്തുന്ന കാരണം.നേടിയ പരീക്ഷണഫലങ്ങള്‍ പോലും , എല്ലാ കാര്യങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരം നല്‍കാന്‍ പര്യാപ്തമാവുന്നില്ലെന്നു തോന്നുകയാണ്. ഒരു പക്ഷെ എന്റെ വായനയുടെ കുറവാകാം. കൂടുതല്‍ വിശദീകരണങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. അതുവരെ ജീവന്റെ പല രഹസ്യങ്ങളും മനുഷ്യ വിശകലനത്തിന് അതീതമാണെന്നു വിശ്വസിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാവുന്നു. ഓരോ പ്രപഞ്ച രഹസ്യങ്ങളുടേയും ചുരുളുകള്‍ അഴിയുമ്പോഴും , പ്രകൃതിയുടെ സങ്കീര്‍ണ്ണത കണ്ടു വിസ്മയിച്ചു നില്‍ക്കുന്നു.

14 comments:

അനില്‍@ബ്ലോഗ് said...

ഇതൊരു കണ്ണാടിയിലെ ദൃശ്യങ്ങളാണ്.സ്വാഭാവികമായും കണ്ണാടിക്കനുസൃതം ദൃശ്യങ്ങള്‍ക്കു വ്യതിയാനം കണ്ടേക്കാം.
ക്ലോണിംഗ് അടിസ്ഥാനപരമായി മൂന്നായി തരം തിരിക്കാം:

ചാണക്യന്‍ said...

ഇന്നാ പിടിച്ചോ...
(((((ഠേ))))
ആശംസകള്‍ അനില്‍...

കാപ്പിലാന്‍ said...

എല്ലാത്തിനും ഒരു സമയവും കാലവും ഉണ്ട് ദാസാ ..

സമയമാകുമ്പോള്‍ ക്ലോനിങ്ങും ശരിയായി വരും .എന്നെ പോലെയുള്ള സാധുക്കള്‍ വിചാരിക്കുന്നത്‌ ഈ ക്ലോണിംഗ് എന്നത് ദൈവത്തിനു എതിരെയുള്ള മനുഷ്യന്റെ ഒരു പോരാട്ടം എന്ന രീതിയിലാണ് .

സൃഷ്ടി ,സ്ഥിതി ,സംഹാരം ഇതെല്ലാം ഓടെ തമ്പ്രാന് പറഞ്ഞിരിക്കുന്ന കാര്യമാണ് .അതിന്റെ വാലില്‍ കയറി മനുഷ്യന്‍ തൂങ്ങിയാല്‍ ഊം ....സ്യ..കു ...സ്യ എന്ന രീതിയില്‍ മാറാം.
അല്ലെങ്കില്‍ നമ്മുടെ കണ്ണിനു മുന്നില്‍ കണ്ടതല്ലേ കഴിഞ്ഞ ആഴ്ച അമേരിക്കയില്‍ ആഞ്ഞടിച്ച ഐക്ക് .ആ കാറ്റ് ഇല്ലാതെയാക്കാന്‍ കഴിയുമോ ? കാറ്റടിക്കുമ്പോള്‍ കാറ്റടിക്കും .അതുപോലെ ഓരോന്നും .പ്രകൃതിക്ക്‌ ഒരു നിയമം ഉണ്ട് അത് തെറ്റിക്കാന്‍ ശ്രമിക്കരുത് .

Typist | എഴുത്തുകാരി said...

ഞാനൊരു തേങ്ങ ഉടക്കാം എന്നു കരുതി. നടന്നില്ല. ചാണക്യന്‍ ഉടച്ചുകളഞ്ഞു. ഒന്നുകൂടി വായിക്കണം, എന്നാലേ എനിക്കു വല്ലതും മനസ്സിലാവൂ(എഴുതിയതിന്റെ കുറ്റമല്ല, വായിക്കുന്നതു ഞാനല്ലേ, അതുകൊണ്ടാട്ടൊ).

കാന്താരിക്കുട്ടി said...

ക്ലോണിങിനെ കുറിച്ച് ഇത്ര വിശദമായ ഒരു ലേഖനത്തിനു നന്ദി.പക്ഷേ ക്ലോനിങ്ങ് നല്ലതാണ് എന്നൊരു അഭിപ്രായം എനിക്കില്ല ട്ടോ.ദൈവത്തിനു നിരക്കാത്ത കാര്യങ്ങള്‍ ചെയ്യരുത്.
ഇനി വിവരം ഉള്ളവര്‍ പറയട്ടെ. അഭിപ്രായങ്ങള്‍ക്കായി കാതോര്‍ക്കുന്നു.

ഭൂമിപുത്രി said...

കുറെ ലിങ്കുകളുണ്ടല്ലൊ അനിൽ.
പിന്നെവന്ന് നോക്കാംട്ടൊ

വികടശിരോമണി said...

എനിക്കു ഭയങ്കരവിവരമാ.പക്ഷേ ഇപ്പോൾ മുയുമൻ വായിച്ച് അഭിപ്രായമെഴുതാൻ സമയമില്ലാത്തോണ്ടാ...
പിന്നെ എന്തായാലും വരും.

ഗോപക്‌ യു ആര്‍ said...

vayichu..

മാണിക്യം said...

ക്ലോണിംഗ് - ഒരു ദര്‍പ്പണക്കാഴ്ച
വായിച്ചു ...
നല്ല വിഞ്ജാനപ്രദമായ പോസ്റ്റ്

അനില്‍@ബ്ലോഗ് said...

ചാണക്യന്‍,
സന്ദര്‍ശനത്തിനു നന്ദി.

കാപ്പിലാനെ,
ഇതില്‍ കൂടുതല്‍ അഭിപ്രായം പറയാനുള്ള അറിവെനിക്കില്ല. ഒന്നു മാത്രം തോന്നുന്നു, പ്രകൃതിയേതോല്‍പ്പിക്കാന്‍ അത്ര എളുപ്പമാവില്ല.

Typist | എഴുത്തുകാരി
സന്ദര്‍ശനത്തിനു നന്ദി.

കാന്താരിക്കുട്ടി,
അഭിപ്രായങ്ങള്‍ക്കു നന്ദി.
ഒരു തെറ്റൂ ചൂണ്ടിക്കാണിക്കട്ടെ. ക്ലോണിംഗ് എന്നു പറഞ്ഞാല്‍ ഫാക്റ്ററിയില്‍ കാറുണ്ടാക്കുന്നപോലെ, മനുഷ്യനെ ഉണ്ടാക്കാനുള്ള ശ്രമം എന്നാണ് ഒരു ധാരണ, കുറഞ്ഞൊരു ശതമാനത്തിനെങ്കിലും. ഒരുപാടു ഗുണങ്ങള്‍ മനുഷ്യരാശിക്കു നല്‍കാന്‍ കഴിഞ്ഞേക്കാവുന്ന ഒരു ശാഖയാണതു. റീപ്രൊഡക്റ്റീവ് ക്ലോണിംഗ് അതിന്റെ ഒരു ഭാഗം മാത്രം.

“ഇതാ ഞങ്ങള്‍ ക്ലോണ്‍ ചെയ്ത് ഡോളിയെയുണ്ടാക്കി, എവിടെ നിങ്ങടെ ഉല്‍പ്പത്തി സിദ്ധാന്തം?” ഇത്തരം വെല്ലുവിളികള്‍ നന്നല്ല എന്നു മാത്രമേ എനിക്കു പറയാനുള്ളൂ.

ഭൂമിപുത്രി,
സന്ദര്‍ശനത്തിനു നന്ദി.

വികടശിരോമണി,
നന്ദി.ഞമ്മക്കും ഭയങ്കര വിവരമാ. ഈ സേര്‍ച്ച് എഞ്ചിന്‍സ് ഇല്ലായിരുന്നേല്‍ കുടുങ്ങിപ്പോയേനെ.

ഗോപക്,
സന്ദര്‍ശനത്തിനു നന്ദി.

മാണിക്യം ചേച്ചീ,
പ്രോത്സാഹനത്തിനു നന്ദി.

smitha adharsh said...

good..godd..very good..
very informative....
sharikkum ishtappettu..

ശിവ said...

ഞാന്‍ പോസ്റ്റ് വായിച്ചു...ആ ലിങ്കുകളിലൊന്നും നോക്കിയില്ല...നെറ്റ് തീരെ സ്ലോയാ...അതുകൊണ്ടാ....ഇതൊക്കെ ഉപകാരം ആകുന്ന ലേഖനങ്ങള്‍...

ഹരീഷ് തൊടുപുഴ said...

മാഷെ,
വിജ്ഞാനപ്രദമായ പോസ്റ്റ് തന്നെ..
പിന്നെ അനില്‍ പറഞ്ഞതുതന്നെയേ എനിക്കും പറയാനുള്ളൂ, പ്രകൃതിയെ തോല്‍പ്പിക്കല്‍ അത്ര എളുപ്പമാവില്ല..എന്ന്

kichu said...

"ഓരോ പ്രപഞ്ച രഹസ്യങ്ങളുടേയും ചുരുളുകള്‍ അഴിയുമ്പോഴും , പ്രകൃതിയുടെ സങ്കീര്‍ണ്ണത കണ്ടു വിസ്മയിച്ചു നില്‍ക്കുന്നു"

എത്ര ശരി.

ഞാനും വിസ്മയിച്ചുനില്‍ക്കുന്ന ഒരു മനുഷ്യത്മാവ്,