9/03/2008

അഗ്നിയെ ചുംബിച്ച ചിത്രശലഭം

ഒരു സംസ്ഥാന സമ്മേളന വേദി, മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന മസ്തിഷ്ക പ്രക്ഷാളനം നടന്നുകൊണ്ടിരിക്കുകയാണ്.
പൊടുന്നനെ വേദിയിലൊരു ചലനം, ക്രമാനുഗതമായതു സദസ്സിലേക്കും പടര്‍ന്നു. കണ്ടുശീലമില്ലാത്തൊരു ചടങ്ങു നടക്കാന്‍ പോവുകയായിരുന്നു. സ്മേരവദനനായി ഒരു വ്യക്തി , പതിയെ, സഹായിയുടെ കൈപിടിച്ചു വേദിയിലെ കസേരയിരുന്നു. അധ്യക്ഷന്‍ പരിചയപ്പെടുത്തല്‍ ആരംഭിച്ചു.

" ഇതു ഡോക്ടര്‍ പിന്റോ, നമ്മുടെ പ്രസ്ഥാനത്തിലെ അംഗമാണ്.കഴിഞ്ഞ കുറെ നാളുകളായി രോഗശയ്യയിലാണ്. എങ്കിലും യോഗത്തിനെത്തണമെന്ന അദമ്യമായ ആഗ്രഹത്താല്‍ എത്തിച്ചേര്‍ന്നിരിക്കയാണ്".

മറ്റൊരു ചടങ്ങുകൂടി നടന്നു, പിന്റൊ എഴുതിയ "അഗ്നിയെ ചുംബിച്ച ചിത്രശലഭം" എന്ന നോവലിന്റെ മുഴുവന്‍ കോപ്പികളും സംഘം വാങ്ങിയിരിക്കുന്നു, അതിന്റെ വിലയായ തുകയുടെ ഒരു ചെക്ക് അദ്ദേഹത്തെ ഏല്‍പ്പിച്ചു. ഈ രംഗങ്ങള്‍ സദസ്സില്‍ ശോകഛവി പടര്‍ത്തുകതന്നെ ചെയ്തു.

ഡോക്ടര്‍ പിന്റൊ ആരോഗ്യ വകുപ്പിലെ അസ്സിസ്റ്റന്റ് സര്‍ജനായിരുന്നു.വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളുടെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം ഔദ്യോഗിക സ്ഥാനലബ്ധിക്കു ശേഷവും സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്തി. കലാലയ ജീവിതതിലും പ്രാദേശിക തലത്തിലും പൊതുമണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന പലരും വൈദ്യ ശാസ്ത്ര പഠനത്തിനു ശേഷം , "ഡോക്ട്രര്‍" പദവി ലഭിക്കുന്നതോടെ ,ഈ രംഗങ്ങളില്‍ നിന്നും വിടപറഞ്ഞു, സാമൂഹിക പ്രതിബദ്ധത പത്തായത്തിന്റെ ഉള്ളറകളിലടക്കുന്ന ഇക്കാലത്തു പിന്റോ വ്യത്യസ്ഥനായി. വിദ്യാര്‍ത്ഥിയായിരിക്കെമുതല്‍ എഴുത്തിനെ പ്രണയിച്ച ഈ മനുഷ്യന്‍ ഒരു പ്രഭാതത്തില്‍ കവിതയെഴുത്തു നിര്‍ത്തി. തന്നിലെ കവിത മരിച്ചതായിപ്പറഞ്ഞദ്ദേഹം കഥകള്‍ എഴുതാനാരംഭിച്ചു. പക്ഷെ വിധി അതിനധികാലം അനുവദിച്ചില്ല. മാരകമായ "മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ്" എന്ന രോഗത്തിനടിപ്പെട്ടിരിക്കുന്നു എന്ന വസ്തുത നിസ്സംഗതയോടെ ആ മനസ്സിലൊതുക്കി. നാളുകള്‍ ചെല്ലുന്തോറും ശരീരഭാഗങ്ങളോരോന്നായി ചലനമറ്റ് മൃതരൂപം പ്രാപിക്കുന്നതാ മനസ്സിനെ തളര്‍ത്തിയില്ല, വാക്കുകളെ തളര്‍ത്തിയില്ല. ആരുടേയും ഔദാര്യം സ്വീകരിക്കാന്‍ തയ്യാറാവാത്ത വാശിക്കുമുന്നില്‍ കീഴടങ്ങിയാണ് പുസ്തകങ്ങള്‍ മുഴുവന്‍ സംഘം വാങ്ങിയതു. സമ്മേളനത്തിലെ ഒരു നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയായി ആ കാഴ്ച.

2005 ലെ സമ്മേളനം, സ്ഥിരം സമ്മേളന തൊഴിലാളികളായ ഞങ്ങളേവരും സദസ്സില്‍. വേദിയിലൊരിക്കല്‍ കൂടി പിന്റൊ പ്രത്യക്ഷപ്പെട്ടു. പോയനാളുകള്‍ ആ ശരീരം ഉഴുതു മറിച്ചിരിക്കുന്നു.. സംസാര ശേഷി നഷ്ടപ്പെട്ടു, കൈകാലുകളുടെ ബോധ ചലനങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു. മുമ്പു കണ്ട വ്യക്തിയുടെ പ്രേതരൂപമാണതെന്നു തോന്നി. രോഗശയ്യയിലദ്ദേഹം വാക്കുകളുമായി പടവെട്ടി, തീഷ്ണമായ വരികളാല്‍ കവിതകള്‍ കുറിച്ചു. സംഘം വാങ്ങിയ പുതിയ കവിതാ സമാഹാരത്തിലെ വരികള്‍ എന്നെ തുറിച്ചു നോക്കി.

" കാറ്റെടുക്കാത്ത ദീപമാണെന്നോര്‍ക്ക,
കൊടുങ്കാറ്റടിക്കട്ടെ കെട്ടുപോകില്ല ഞാന്‍"


പ്രാര്‍ത്ഥനകള്‍ക്കു മനസ്സില്‍ സ്ഥാനമുണ്ടൊ എന്നു നിശ്ചയമില്ലാതെ സ്ഥബ്ധനായി ഞാനിരുന്നു.
പിന്റൊയുടെ മുഖത്തു സ്ഥായിയായ അതേഭാവം. നിസ്സംഗത, രോഗ കാഠിന്യത്തിന്റെ ദൈന്യതയെ പരാജയപ്പെടുത്തിയിരിക്കുന്നു. അനിവാ‍ര്യമായ വിധിക്കു കീഴടങ്ങാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന സഹധര്‍മ്മിണിയുടെ മുഖത്തെ നിര്‍വ്വികാരതയില്‍ , കണ്ണുനീര്‍ച്ചാലുകള്‍ ഉണങ്ങിക്കിടക്കുന്നതു പക്ഷെ മറക്കാനാവുന്നില്ല.

വേദിയില്‍ സംസാരങ്ങളില്ല, ചെറു നിശബ്ദതക്കു ശേഷം കണ്ണുകളാല്‍ യാത്ര പറഞ്ഞവര്‍ പിരിഞ്ഞു.

അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും വാര്‍ത്ത നെഞ്ചില്‍ തറച്ചു. ഡോക്ടര്‍.സി. പിന്റോ അന്തരിച്ചു.

നിശ്ചയദാര്‍ഢ്യത്തോടെ കൊടുങ്കാറ്റിനു മുന്നില്‍ നെഞ്ചുവിരിച്ചു നിന്നാളിയ വരികള്‍ മാത്രം കെടാതെ ബാക്കിയായ്.

ഓണത്തെ വരവേല്‍ക്കാനായി ഒരുങ്ങുന്ന തിരക്കില്‍ അലമാരയിലെ പുസ്തകങ്ങള്‍ പൊടിതട്ടിയെടുക്കവേ, പിന്റോയുടെ എഴുത്തുകള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. മനുഷ്യനെന്ന നിസ്സഹായ ജീവിയുടെ പരാക്രമങ്ങള്‍ മനസ്സിലോര്‍ത്തു ഞാന്‍ പ്രത്യഭിവാദ്യം ചെയ്തു.

18 comments:

അനില്‍@ബ്ലോഗ് said...

ഓണത്തെ വരവേല്‍ക്കാനായി ഒരുങ്ങുന്ന തിരക്കില്‍ അലമാരയിലെ പുസ്തകങ്ങള്‍ പൊടിതട്ടിയെടുക്കവേ, പിന്റോയുടെ എഴുത്തുകള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. മനുഷ്യനെന്ന നിസ്സഹായ ജീവിയുടെ പരാക്രമങ്ങള്‍ മനസ്സിലോര്‍ത്തു ഞാന്‍ പ്രത്യഭിവാദ്യം ചെയ്തു.

Sharu.... said...

നൊമ്പരമുണര്‍ത്തുന്ന വിവരണം. രോഗത്തിനു മുന്നില്‍ മനസ്സാ തോല്‍ക്കാന്‍ തയ്യാറാവാതിരുന്ന ആ പ്രതിഭയുടെ ഓര്‍മ്മകള്‍ക്കുമുന്നില്‍ ശിരസ്സു നമിയ്ക്കുന്നു.

PIN said...

ആ ധീരതയ്ക്ക്‌ മുന്നിൽ ആദരാജ്ഞലികൾ...
അനേകർക്കെ ഉണർവ്വേകട്ടെ ആ വാകുക്കളും ജീവിതവും..

നന്ദി...

നരിക്കുന്നൻ said...

" കാറ്റെടുക്കത്ത ദീപമാണെന്നോര്‍ക്ക,
കൊടുങ്കാറ്റടിക്കട്ടെ കെട്ടുപോകില്ല ഞാന്‍"

ആ വരികൾ അദ്യേഹത്തേക്കുറിച്ച് എല്ലാം പറയുന്നുണ്ട്.

അഭിവാദ്യങ്ങൾ

കാന്താരിക്കുട്ടി said...

ധീരനായ ആ ഡോക്ടര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു .

കാപ്പിലാന്‍ said...

മനസ്സില്‍ തട്ടുന്ന രീതിയില്‍ ഉള്ള വിവരണം .ഡോക്ടര്‍ക്ക്‌ ആദരാഞ്ജലികള്‍

യാരിദ്‌|~|Yarid said...

അനില്‍ മാഷ് നന്ദി ഇങ്ങനെയൊരാളെ പരിചയപെടുത്തിയതിനു..

ആദരാഞ്ജലികള്‍..!

smitha adharsh said...

സങ്കടം തോന്നി...ഡോക്ടറുടെ മരണം അറിഞ്ഞപ്പോള്‍..

ശിവ said...

ഡോക്ടര്‍ പിന്റൊയുടെ മരണത്തില്‍ നിങ്ങള്‍ ഏവരെയും പോലെ ഞാനും വിഷമിക്കുന്നു....

എന്നാല്‍ ഇപ്പോള്‍ ഇത് വായിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ സന്തോഷവാനും ആണ്....

ഗോപക്‌ യു ആര്‍ said...

first time hearing of him..

പാമരന്‍ said...

പിന്‍റോയെക്കുറിച്ചു വായിച്ചിരുന്നു.. പുസ്തകം കിട്ടിയില്ല ഇതുവരെ. ആദരാഞ്ജലികള്‍..

mr.unassuming said...

അനിലെ,
ആ സമ്മേളന വേദിയില്‍ ഉണ്ടായിരുന്ന ഒരാളും പിന്റോ എന്ന ആ അസാമാന്യ ധീരനെ മറന്നിട്ടില്ല.
മരണത്തിനു മുന്നിലും പതറാതിരുന്ന ആ ധീരനെ മറക്കാനും ആവില്ല! ഒരിക്കലും.

കുമാരന്‍ said...

dear anil,
enteyum orittu kannu neer..

ശ്രീ said...

" കാറ്റെടുക്കാത്ത ദീപമാണെന്നോര്‍ക്ക,
കൊടുങ്കാറ്റടിക്കട്ടെ കെട്ടുപോകില്ല ഞാന്‍"

ഡോക്ടര്‍ക്ക് ആദരാഞ്ജലികള്‍...

ഹരീഷ് തൊടുപുഴ said...

ഡോക്ടര്‍ക്ക് ആദരാഞ്ജലികള്‍....

ഗീതാഗീതികള്‍ said...

വളരെ വിഷമം തോന്നുന്നു. അതും ഇത്രയും ചെറുപ്രായത്തില്‍.

അനില്‍@ബ്ലോഗ് said...

സന്ദര്‍ശനങ്ങള്‍ക്ക് ഏവര്‍ക്കും നന്ദി.

പിന്റോയുടെ ഓര്‍മ നമ്മുടെ മനസ്സിലുണ്ടാവട്ടെ.

ജയകൃഷ്ണന്‍ കാവാലം said...

ഓരോ വേര്‍പാടും വേദനയാണ്, ഓരോ വേദനയും കരുത്തിന്‍റെ സ്രോതസ്സുകളാണ്. അത് തിരിച്ചറിഞ്ഞവര്‍ വേദനയിലും പുഞ്ചിരിക്കുന്നു. അവരെ നാം മഹാന്മാര്‍ എന്നു വിളിക്കുന്നൂ.

ഡോക്ടര്‍ മരിക്കുന്നില്ല... കൊടുങ്കാറ്റിലുലയാത്ത അക്ഷര ജ്വാലയായ് ഉണര്‍ന്നു ജ്വലിക്കുന്നു...