8/23/2008

ആദ്യ ട്രയല്‍ വിവരങ്ങള്‍

ശരീരത്തിന്റെ കഴിവുകള്‍ ഉപയോഗിച്ചു വെള്ളം കണ്ടെത്തുന്നതു സംബന്ധിച്ചു കഴിഞ്ഞ ഒരുപൊസ്റ്റിട്ടതു ഇവിടെ വലിയ കോലാഹലം സൃഷ്ടിച്ചിരുന്നല്ലൊ. അതില്‍ പറഞ്ഞപ്രകാരം ഇന്നു രാവിലെ നടത്തിയ ഒന്നില്‍ കൂടുതല്‍ ഹോസുകള്‍ ഉപയോഗിച്ച ആദ്യ ട്രയലിന്റെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

** മൊത്തം അഞ്ചു ഹോസാണു ഇതിനുപയോഗിച്ചതു.
** ഹോസുകളുടെ അറ്റം മുറ്റത്തിനരികിലെ ചാലിലേക്കിട്ടു, കാണാനാവില്ല.
** 10 പ്രാവശ്യം പരിപാടി നടത്താന്‍ തീരുമാനിച്ചു. ഒരൊ പ്രാവശ്യവും എത്ര് ഹോസില്‍ വീതം വെള്ളം കടത്തി വിടണമെന്നു തീരുമാനിക്കാന്‍ ആദ്യഘട്ടം നറുക്കെടുപ്പു നടത്തി.
** ഒരൊ റൌണ്ടിലും ഏതൊക്കെ ഹോസിലൂടെ വെള്ളം കടത്തിവിടണം എന്നു തീരുമാനിക്കാന്‍ വീണ്ടും നറുക്കെടുപ്പ്. ടേബിള്‍ താഴെ.


ഹോസുകളില്‍ വെള്ളം ഒഴുക്കാനായി ഉണ്ടാക്കിയ ടേബിള്‍


വാല്‍വുകളും ഹോസുകളും

** ഇത്രയും പണികള്‍ നടക്കുന്നതുവരെ ഞാന്‍ വീടിനുള്ളില്‍ ധ്യാനത്തില്‍.
** റൌണ്ട് ഒന്നു, വിളിവന്നു. കറക്കാനായി ഒരു അര ഇഞ്ചു വ്യാസമുള്ള ഒരു ഇരുമ്പു വാഷര്‍ കോട്ടണ്‍ നൂലില്‍ കെട്ടിയതാണു ഉപയോഗിച്ചതു. കുഴലുകളില്‍ വെള്ളമുണ്ടെന്നു തോന്നിയതു പറഞ്ഞു. കൂടെയുള്ള ആള്‍ കുറിച്ചെടുത്തു.




റെഡി. വാല്വുകള്‍ ക്രമപ്രകാരം സെറ്റ് ചെയ്തു മൂടിയിട്ടിരിക്കുന്നു.


** 10 റൌണ്ടുകള്‍ ഈ വിധം കടന്നു പോയി.
ഞാന്‍ കുറിച്ചെടുത്ത പൈപ്പുകളുടെ നമ്പരും ആദ്യം തയാറാക്കിയ ചാര്‍ട്ടും താഴെക്കൊടുക്കുന്നു

അന്തിമ റിസള്‍ട്ട്. ടേബിള്‍ അങ്ങിനെ തന്നെ കൊടുക്കുന്നു. സ്റ്റാറ്റിസ്റ്റിക്സ് തീരെ വശമില്ല.

സൂരജോ ആരെങ്കിലും ഇതിനൊരു അനാലിസിസ് നടത്തിത്തരും എന്നു പ്രതീക്ഷിക്കുന്നു.
പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ തെറ്റു വന്നു എന്നു മനസ്സിലായതിനാല്‍ നാളത്തെ ഡെമോ മാറ്റിവച്ചു.
എന്റെ സുഹൃത്തായ ഡൊക്ടറുടെ അഭിപ്രായപ്രകാരം എന്റെ ശാരീരിക അവസ്ഥ തീരെ നോര്‍മലല്ലാഞ്ഞതിനാല്‍ വീണ്ടും ഇതു നടത്തി നോക്കാം എന്നു തന്നെയാണു കരുതുന്നതു.
ബ്ലഡ് പ്രഷര്‍ (ഒന്നാം റൌണ്ടിനു തൊട്ടു മുന്‍പ്) - 100/170
പള്‍സ് റേറ്റ് : 92/ മിന്‍
ബോഡി ടെമ്പറേച്ചര്‍ : 37.4 degree


എതാണ്ട് അവസാന റൌണ്ട് ആയപ്പോഴേക്കും നോര്‍മലായപോലെ തോന്നി.
എങ്കിലും ഈ ട്രയലുകള്‍ തുടര്‍ന്നു ചെയ്യാനാണു തല്‍ക്കാലം തീരുമാനം, നോര്‍മലായി ടെസ്റ്റ് ഫീല്‍ഡില്‍ എത്തുന്നതു വരെ. അതിനു ശേഷവും റിസള്‍ട്ട് കിട്ടിയില്ലെങ്കില്‍ അത് അംഗീകരിക്കാതിരിക്കാന്‍ നിര്‍വാഹമില്ലല്ലൊ.
ചര്‍ച്ചകള്‍ക്കു ശേഷമുള്ള അന്തിമ വിധി: 25/08/08
ഈ പരീക്ഷണം ഒരു അടുക്കളപ്പുറം പരീക്ഷണമായതിനാലു, എറര്‍ ഫാക്റ്ററ് ഒരുപാട് അധികമായതിനാലും, ഇതു ബൂലോകര്‍ അസാധുവായി പ്രഖ്യാപിച്ചിരിക്കുന്നു.
ഞാന്‍ അതു അംഗീകരിക്കുകയും ചെയ്യുന്നു.
സത്യം രക്ഷപ്പെടട്ടെ.
യൂറ്റ്യൂബ് വീഡിയൊ നീക്കം ചെയ്യുന്നില്ല, അവിടെ കമന്റ്റിടുന്നതായിരിക്കും.

40 comments:

അനില്‍@ബ്ലോഗ് // anil said...

ആദ്യ ട്രയല്‍

ഭൂമിപുത്രി said...

അനിലേ.ഇതൊരു ജയത്തിന്റെയും പരാജയത്തിന്റെയും രീതിയിൽക്കാണാതിരിയ്ക്കുക.
യഥാർത്ഥത്തിലെന്താൺ സംഭവിയ്ക്കുന്നത്?
അതറിയുകയല്ലേ ലക്ഷ്യം?
കാണാന്വരുന്നവരോട് അവകാശവാദങ്ങളൊന്നും നടത്താതിരിയ്ക്കുക,ഇത് വെറുമൊരു പരീക്ഷണം
മാത്രമാണെന്ന് ആദ്യമെ വ്യക്തമാക്കുക.അപ്പൊൾപ്പിന്നെ ഇങ്ങിനെ ടെൻഷനടിച്ച് ബിപ്പികൂട്ടേണ്ട കാര്യമില്ലല്ലൊ.

അനില്‍@ബ്ലോഗ് // anil said...

ഭൂമിപുതി,
അതു സാരമില്ല.ഒന്നോ രണ്ടൊ പ്രാവശ്യം ആകുമ്പോള്‍ അതു മാറും. എല്ലാ ഡാറ്റയും ഇരിക്കട്ടെ എന്നു കരുതി ഇട്ടാതാണതു.

krish | കൃഷ് said...

ഇതിപ്പോ വല്യ ഒരു സംഭവമായി മാറികൊണ്ടിരിക്കയാണല്ലോ.

ട്രയല്‍ റണ്‍ നടക്കട്ടെ. ഫൈനല്‍ ഓട്ടത്തിനു വരാം.

(ഓ.ടോ: വെള്ളമടിച്ച് കറങ്ങിനടക്കുന്നവരുടെ അടുത്ത് ഈ റിംഗ് കാണിച്ചാല്‍ കറങ്ങുമോ അതോ പാമ്പിനെപ്പോലെ ഇഴയുമോ? ഇതിന്റെയും ഒരു ട്രയല്‍ ഉടന്‍ വേണം. :) )

Umesh::ഉമേഷ് said...

ഇങ്ങനെ വിശദമായ ഒരു പരീക്ഷണം നടത്തിയതിനു് അഭിനന്ദനങ്ങള്‍! ഇങ്ങനെ തന്നെയാണു വേണ്ടതു്.

ഇത്തരത്തില്‍ത്തന്നെ ഫലം കിട്ടുകയും പരീക്ഷണം കുറ്റമറ്റതാവുകയും (അതായതു്, താങ്കള്‍ക്കു് ഒരു ഹിന്റും കിട്ടാന്‍ വഴിയില്ലെങ്കില്‍) ഈ പരീക്ഷണം താങ്കളുടെ അവകാശവാദത്തെ പിന്തുണയ്ക്കുന്നു. 50 പരീക്ഷണങ്ങളില്‍ ആറെണ്ണമേ തെറ്റിയിട്ടുള്ളൂ. അതായതു് 88%. ഇതു വളരെ നല്ല മൂല്യമാണു്.

എങ്കിലും ചില നിരീക്ഷണങ്ങളുണ്ടു്. ഞാന്‍ വിശദമായി ഒരു പോസ്റ്റിടാം. സമയം കിട്ടിയാല്‍.

നന്ദി.

Suraj said...

മാഷേ,

ഡേറ്റ നോക്കുമ്പോൾ താങ്കൾ വലിയൊരു പ്രവാചകനാകാൻ സാധ്യത കാണുന്നു :))

എക്സ്പെരിമെന്റൽ സെറ്റപ്പിലെ തെറ്റുകൾ വളരെ വലുതാണ് :

1. വിഡിയോയിൽ നിന്നു തന്നെ ഹോസുകളിലേക്കുള്ള വെള്ളം ഒഴുകുന്ന ടാപ്പുകൾക്ക് വളരെയടുത്താണു താങ്കൾ നിൽക്കുന്നത്. ടാപ്പിന്റെ സീൽക്കാരം കേട്ടുതന്നെ പ്രവചിക്കാനുള്ള സാധ്യതയാണ് കുടുതലും

2. ഹോസുകൾ നല്ല അകലത്തിലാണ്. അതിലൂടെ വെള്ളമൊഴുക്ക് അറിയാൻ ഹോസിനടുത്ത് നിന്നാൽ തന്നെ വളരെ എളുപ്പം. നമ്മുടെ തോട്ടത്തിൽ പലപോഴും ഹോസിലുടെയുള്ള വെള്ളമൊഴുക്ക് അതിനടുത്ത് നിന്ന് തന്നെ നമുക്ക് ഫീൽ ചെയ്യാം - സീൽക്കാര ശബ്ദത്തിലൂടെയോ തറയിലൂടെയുള്ള മൃദുവായ കമ്പനം വഴിയോ. അത് ഒഴിവാക്കാൻ ഒന്നും ചെയ്തതായി കാണുന്നില്ല. വിഡിയോയിലെ മൂന്നാം ക്ലിപ്പിംഗിൽ താങ്കൾ സിമന്റ് ചാക്കു കൊണ്ട് മൂടിയ ആ ടാപ്പുകൾക്ക് വളരെ അടുത്താണു നിൽക്കുന്നതും.

3. വിഡിയോയിൽ താങ്കളുടെ വിരലുകൾ കാണുന്നേയില്ല. കറങ്ങുകയാണോ കറക്കുകയാണോ എന്ന് കാണാൻ നിവത്തിയില്ല :)

4. നാലു മീറ്റർ അകലത്തിലുള്ള ഹോസിന്റെ വെള്ളമൊഴുക്ക് കണ്ടെത്താൻ പറ്റുമെന്നല്ലേ താങ്കൾ കഴിഞ്ഞ പോസ്റ്റിൽ കമന്റിയത്. കിണറ്റിന്റെ ഉറവയും റോഡിനടിയിലെ വാട്ടർ അതോറിറ്റിയുടെ പൈപ്പിലും ഉള്ള വെള്ളവും ഡിറ്റക്റ്റ് ചെയ്യാം എന്നും അവകാശപ്പെട്ടു.

കഷ്ടിച്ച് നാലടി അകലത്തിൽ കിടക്കുന്ന ഈ ഹോസുകളിലെ വെള്ളമൊഴുക്ക് അപ്പോൾ താങ്കളുടെ ഫലത്തെ ഇന്റർഫിയർ ചെയ്യേണ്ടതായിരുന്നു. ഉദാഹരണത്തിനു ചാർട്ടിലെ 8-ആം തവണ നോക്കുക. 5 ഹോസിലും വെള്ളം പോകുന്നു. താങ്കൾ കൃത്യമായി 5 ഹൊസിലും വെള്ളമുണ്ടെന്നു പ്രവചിക്കുന്നു.
എന്നാൽ 1,2, 7 തവണകൾ ശ്രദ്ധിക്കുക. അവിടെ 2 ഹോസുകളിൽ വീതമാണു വെള്ളം ഒഴുക്കിയത്. പക്ഷേ താങ്കൾ യാതൊരു interference-ഉം ഇല്ലാതെ വെള്ളം ഉള്ളതും ഇല്ലാത്തതും കൃത്യമായി പ്രവചിച്ചു !!

5. വാഷറിന്റെ കറക്കത്തിൽ കാറ്റ് ഇടപെടാനുള്ള സാധ്യത വിഡിയോയിൽ ധാരാളം. ആ മുൻ കരുതൽ എന്തേ എടുത്തില്ല ?

6. ഒഴുക്കിന്റെ ദിശ : ക്ലോക്ക് വൈസ് / ആന്റീക്ലോക്ക് വൈസ് എന്നിങ്ങനെയുള്ള കറക്കത്താൽ അറിയാമെന്ന് താങ്കൾ പറഞ്ഞു. ഈ പരീക്ഷണത്തിലാകട്ടെ എല്ലാ ഹോസിലും ഒരേ ദിശയിലാണു വെള്ളം ഒഴുക്കിയതും. എന്നിറ്റും വിഡിയോയിൽ വാഷർ ക്ലോക്ക് വൈസിലും ആന്റീക്ലോക്ക് വൈസിലും കറങ്ങുന്നത് കണ്ടോ ?????!

ഈ പരീക്ഷണവും ആദ്യ പോസ്റ്റിലെ അവകാശവാദങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകൾ വേറേം ഉണ്ട്. വഴിയേ പറയാം...

ഇനി വളരെ സീരിയസായി :

താങ്കൾക്ക് ബി.പി 100/170 ആയത് സൂക്ഷിക്കുക. ഒരാഴ്ചകഴിഞ്ഞ് വീണ്ടും രണ്ട് തവണ ബി.പി നോക്കുക. ഡയസ്റ്റോളിക് ബിപി ഇത്രയും കൂടുതൽ ഉള്ളയാൾ മരുന്നു കഴിക്കേണ്ടി വന്നേക്കാം.

Suraj said...

ഇത്രയും ചെയ്യാൻ കാട്ടിയ മനസ്സിനു സല്യൂട്ട് തരാതെ പോകാൻ തോന്നുന്നില്ല!

റോഷ്|RosH said...

അനില്‍,

കഴിഞ്ഞ പോസ്റ്റ് വായിച്ചു. വീഡിയോയും കണ്ടു.

ജലത്തിന് electrolite സ്വഭാവം ഉണ്ടെങ്കില്‍ ഇങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നു. വൈദ്യുതകാന്തിക പ്രഭാവം അനുസരിച്ച് ചലിക്കുന്ന ചാര്‍ജുകള്‍ ഒരു കാന്തിക മണ്ഡലം ഉണ്ടാക്കുന്നു എന്നാണല്ലോ. പക്ഷെ വീഡിയോയില്‍ കണ്ടത് പോലുള്ള മോതിരത്തിന്റെ ചലനം കൂടുതല്‍ ശ്രദ്ധികെണ്ടിയിരിക്കുന്നു. ഒന്നാമത് പരീക്ഷണം നടക്കുന്നത് തുറസ്സായ സ്ഥലത്താണ്. അതുകൊണ്ട് ചെറിയ കാറ്റു ണ്ടെങ്കില്‍ പോലും മോതിരം ചലിക്കാം .പിന്നെ ഒരു നൂലില്‍ കെട്ടിത്തൂക്കിയ മോതിരം ചലിക്കാന്‍ വിരലിന്റെ സൂക്ഷ്മമായ ഒരു ഇളക്കം മതി. മോതിരത്തിന്റെ കറക്കം (revolution) ആ ഒരു സാധ്യതയെ തള്ളികളയുന്നില്ല .പിന്നെ ഈ ചലനം ഞാന്‍ സൂചിപ്പിച്ചതുപോലെ electrodynamic effect ആണിതിനു കാരണമെങ്കില്‍ അത് മോതിരം പിടിക്കുന്ന ആളിനനുസരിച്ചു വ്യത്യാസപ്പെറെണ്ടാതില്ലല്ലോ.

പരീക്ഷണം കുറച്ചുകൂടെ ശാസ്ത്രീയമായി ആവര്‍ത്തിക്കാന്‍ ഒന്നു ശ്രമിച്ചു കൂടെ?

ഉദാഹരണത്തിന്‌, അടച്ചിട്ട വായു സഞ്ചാരം തീരെ ഇല്ലാത്ത ഒരു ചെറിയ മുറിയിലേക്ക് മാറ്റുക. കൈ തീരെ അനങ്ങുന്നില്ല എന്ന് ഉറപ്പു വരുത്താന്‍ ഒരു മരക്കഷനത്തോടോ മറ്റോ ചേര്‍ത്ത് പ്ലസ്റെര്‍ ചെയ്യുക. വിരലടക്കം ചെയ്യാന്‍ ഉറപ്പുവരുത്തുക. ( ഇതൊക്കെ ആയാലും വിരലിന്റെ ചലനം ഇല്ലാതാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. മറ്റെന്തെന്കിലും വഴിയുണ്ടോ എന്ന് സൂരജിനരിയാമോ എന്നന്വേഷിക്കാം,) പിന്നെ ജലമോഴുകുന്നതും അല്ലാത്തതുമായ ഹോസുകള്‍ തൂക്കിയിട്ട മോതിരത്തിനടിയില്‍ കൊണ്ടുവരിക. എന്നിട് ഫലം ശ്രദ്ധിക്കുക.

മൂര്‍ത്തി said...

എന്റെ വകയും ഒരു സല്യൂട്ട് ഉണ്ട്..ആരോഗ്യം ശ്രദ്ധിക്കുക..

അനില്‍@ബ്ലോഗ് // anil said...

സൂരജ്,
ഇതു വലിയ കുഴപ്പമില്ലാത്ത് റിസള്‍ട്ടാണെന്നു ഉമ്മേഷ് പറഞ്ഞപ്പോഴാണു ഞാന്‍ മനസ്സിലാക്കുന്നതു. വെള്ള ഇല്ലാത്ത പൈപ്പുകളില്‍ വെള്ളം ഉണ്ടു എന്നു പറഞ്ഞതിന്റെ വിഷമത്തിലായിരുന്നു ഞാന്‍.

പരീക്ഷണങ്ങളില്‍ ഒരുപാടു തെറ്റുണ്ടു.കാറ്റൊരു പ്രശ്നമായിരുന്ന, പൈപ്പുകളുടെ സ്ഥാനങ്ങള്‍ , അങ്ങിനെ പലതും.ഇതൊരു സ്ഥായിയായ റിസല്‍ട്ടാണെന്നു ഞാന്‍ കരുതുന്നുമില്ല. എനിക്കു ഒരു ശതമാനം പോലും ഇന്വോള്‍വ്മെന്റ് ഇല്ലാത്തെ ഒരു പരീക്ഷണം തന്നെ വേണം. പക്ഷെ അതുവരെ ഈ ട്രയല്‍ നടത്തി ഫീല്‍ഡിലെത്തുമ്പൊഴുള്ള എന്റെ മാനസിക പിരിമുറുക്കം കുറച്ചു വരാനുള്ള ശ്രമത്തിലാണു.

എന്തായാലും ശ്രമം ഉപേക്ഷിക്കില്ല.പിന്നെ ഏതു ദിശയിലാണൊ ചരടു കറങ്ങുന്നതായി കാണുന്നതു , അതിനെതിര്‍ ദിശയില്‍ ഞാന്‍ അപ്പോള്‍ തന്നെ കറക്കിവിട്ടു നോക്കും, അതു തിരിഞ്ഞു വന്നു സ്റ്റേഷനറി ആയശേഷം ആദ്യദിശയില്‍ കറങ്ങാന്‍ തുടങ്ങും.

പിന്നെ അര മണിക്കൂര്‍ ശ്വാസം എടുത്തുള്ള വ്യായാമം ചെയ്തപ്പോള്‍ തന്നെ ബിപി കുറഞ്ഞു എന്നു കരുതുന്നു. നോക്കാനുള്ള ആള്‍ അപ്പോഴേക്കും പോയിരുന്നു. ഇനി നാളെ നോക്കാം.

Suraj said...

റിസൾട്ടിൽ ഒരു കഥയുമില്ല അനിൽ ജീ.

അതിപ്പോ ഒരെണ്ണം ഉണ്ടാക്കാൻ ഒരു പാടുമില്ല. സെറ്റപ്പ് ശരിയാണെങ്കിൽ മാത്രമേ റിസൾട്ടിനു മൂല്യമുള്ളൂ. താങ്കളുടെ എക്ക്സ്പെരിമെന്റൽ സെറ്റപ്പും മുൻ പോസ്റ്റിലെ അവകാശവാദങ്ങലും ഒരുതരത്തിലും പൊരുത്തപ്പെടുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം.
കൌൺ ഫൌണ്ടേഴ്സ് കുറയ്ക്കാനുള്ള ഒരു നടപടിയും എടുത്തതായേ കാണുന്നില്ല.

ഏതു ദിശയിലാണൊ ചരടു കറങ്ങുന്നതായി കാണുന്നതു , അതിനെതിര്‍ ദിശയില്‍ ഞാന്‍ അപ്പോള്‍ തന്നെ കറക്കിവിട്ടു നോക്കും, അതു തിരിഞ്ഞു വന്നു സ്റ്റേഷനറി ആയശേഷം ആദ്യദിശയില്‍ കറങ്ങാന്‍ തുടങ്ങും.


അപ്പോൾ കൈയ്യിലൂടെ വരുന്ന വൈബ്രേഷനാണെന്ന് പറഞ്ഞത് ?

വിഡിയോയിൽ അങ്ങനെ ഒരു സ്റ്റേഷനറി നില്പൊന്നുമില്ല കേട്ടോ :)

smitha adharsh said...

അപ്പൊ,പരീക്ഷണം വരെ നടത്തിയല്ലേ...?

ടോട്ടോചാന്‍ said...

അനില്‍ അഭിനന്ദനങ്ങള്‍, ഒരു പരീക്ഷണം നടത്തിയതിലും അത് രേഖപ്പെടുത്തിയതിലും, അതിലും ഉപരിയായി ആ ഇച്ഛാശക്തിയിലും.
എന്നു കരുതി പരീക്ഷണസംവിധാനം കുറ്റമറ്റതാണ് എന്നര്‍ത്ഥമില്ല.
സൂരജ് പറഞ്ഞു കുറെക്കാര്യങ്ങള്‍ അവ ശ്രദ്ധിക്കുക.
മറ്റൊരു സംവിധാനം കൂടി ചെയ്തു നോക്കുക.

പൈപ്പുകള്‍ മണ്ണിട്ട് മൂടുകയോ മറ്റൊ ചെയ്യുക.
ശബ്ദം കേള്‍ക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക.

പിന്നെ മണ്ണിനടിയില്‍ (വളരെ അടിയില്‍) ജലമൊഴുകുന്നില്ല എന്ന് നമുക്ക് എങ്ങിനെ ഉറപ്പിക്കാന്‍ കഴിയും? ഭൂഗര്‍ഭജലത്തിന്‍റെ ഒഴുക്ക് പരീക്ഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയില്ലേ?



ഭൂമിപുത്രി പറഞ്ഞ പോലെ ജയപരാജയം ശാസ്ത്രപരീക്ഷണങ്ങളില്‍ പറഞ്ഞിട്ടില്ല.
ആയിരക്കണക്കിന് വസ്തുക്കള്‍ ഫിലമെന്‍റിനായി പരീക്ഷിച്ചു നോക്കിയ ശേഷമാണ് എഡിസണ് അവസാനം പറ്റിയ ഒരു വസ്തു ലഭിച്ചത്.
കഴിഞ്ഞ പരീക്ഷണങ്ങളെല്ലാം പരാജയമായില്ലേ എന്നു ചോദിച്ചതിന് ഒരു മറുപടി ധാരാളമായിരുന്നു. ഇത്രയും വസ്തുക്കള്‍ ഫിലമെന്‍റ് ഉണ്ടാക്കാന്‍ നല്ലതല്ല എന്ന് തെളിയിക്കാന്‍ പറ്റിയല്ലോ എന്ന്.

അതു പോലെ മൈക്കേള്‍സണ്‍ മോര്‍ലി പരീക്ഷണം, ഈഥര്‍ കണ്ടുപിടിക്കാനായുള്ള ഉദ്യമം പക്ഷേ അവസാന നിഗമനം അങ്ങിനെയൊന്ന് ഇല്ല എന്നായിരുന്നു.

അങ്ങിനെ താങ്കള്‍ ചിലപ്പോള്‍ കണ്ടെത്തുന്നത് ഡൌസിങ്ങ് തെറ്റാണ് എന്നായിരിക്കാം.
മറ്റു ചിലപ്പോള്‍ നാം ശ്രദ്ധിക്കാത്ത ചില ഘടകങ്ങളുടെ സാന്നിദ്ധ്യത്തെക്കുറിച്ചാകാം.
രണ്ടായാലും ശാസ്ത്രത്തിന്‍റെ കണ്ണില്‍ അഭിനന്ദനം അര്‍ഹിക്കുന്നു.



ഓ.ടോ.
പിന്നെ ബി.പി സൂരജിന്‍റെ നിര്‍ദ്ദേശത്തെ ഒട്ടും തന്നെ തള്ളിക്കളയരുതേ...മറ്റൊന്നുമല്ല ആരോഗ്യത്തെ സംബന്ധിച്ച്.

ജിജ സുബ്രഹ്മണ്യൻ said...

എന്തായാലും പരീക്ഷണം നടത്താന്‍ തോന്നിയ വലിയ മനസ്സിനെ അഭിനന്ദിക്കുന്നു.ഇവിടെ ജയത്തിന്റെയും തോല്വിയുടെയും പ്രശ്നം ഉദിക്കുന്നില്ല.ചെയ്യാനുള്ള മനസ്സാണ് നന്നായത്.

ആവശ്യമില്ലാതെ റ്റെന്‍ഷന്‍ അടിച്ച് ബി പി കൂട്ടണ്ടാ ട്ടോ..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇത്ര വലിയ കോലാഹലങ്ങളെ സമചിത്തതയോടെ നേരിട്ട്‌ പരീക്ഷണം നടത്തി സത്യസന്ധമായി അതിന്റെ റിസല്‍റ്റും പബ്ലിഷ്‌ ചെയ്ത അനിലിന്‌ അഭിനന്ദനങ്ങള്‍

ഗോപക്‌ യു ആര്‍ said...

അനില്‍ജി,2 പോസ്റ്റും ഇപ്പൊഴാണ്‌ കാണുന്നത്‌..
.ഇതിനെപ്പറ്റി അഭിപ്രായം പറയാനുള്ള അറിവില്ല..

.എങ്കിലും നമ്മുടെ നാട്ടിലെ
തച്ചുശാസ്ത്രക്കാര്‍ വെറും ലക്ഷണം വച്ചു മാത്രം വെള്ള്മുള്ള spot നിര്‍ണയിക്കാറുണ്ട്‌..ഒരു തെറ്റും വരാറില്ല...
.ഒകേ..ഏതായാലും പോസ്റ്റ്‌ ഹിറ്റ്‌ ആയല്ലൊ.congrats..













.

അനില്‍@ബ്ലോഗ് // anil said...

സൂരജ്,ടൊട്ടൊച്ചാന്‍
ദയവായി ഇതു വിട്ടേക്കുക.ഇതൊരു വലിയ കാര്യമായി ഇന്നേവരെ എടുത്തിട്ടുമില്ല. കുറേവര്‍ഷങ്ങളായി എനിക്കറിയാവുന്ന,അല്ലെങ്കില്‍ ഞാന്‍ വിശ്വസിക്കുന്ന ഒന്നാണ് ഇതു.പോസ്റ്റ് ഇടാന്‍ ഒരു വിഷയവും ഇല്ലാതിരുന്ന ഒരു ദിവസം പെട്ടന്നു ഒരു കഥപോലെ പറഞ്ഞുപോയി എന്നേയുള്ളൂ. അതിത്ര വരെ ആകും എന്നു കരുതിയില്ലെന്നര്‍ഥം.അതിനാല്‍ ഒരു പരീക്ഷണം നോക്കാം എന്നു തീരുമാനിച്ചു,അത്രയേ ഉള്ളൂ. ഇതൊരു ശാസ്ത്രമാണെന്നു ഞാന്‍ കരുതുന്നില്ല. പക്ഷെ ശാസ്ത്രത്തിനു വിശദീകരിക്കാന്‍ പറ്റാത്ത അനവധി കാര്യങ്ങള്‍ ഭൂമിയിലുണ്ട് എന്നു കരുതുന്നവനാണു ഞാന്‍.

ഇനി റിസല്‍ട്ടും മറ്റും. ഈ റിസല്‍ട്ട് സത്യത്തില്‍ തെറ്റാണെന്നാണ് എന്റെ തോന്നല്‍. എന്റെ പള്‍സ് റേറ്റ് കൂടിയിരുന്നാല്‍ പോലും മാല ചിലപ്പോള്‍ കറങ്ങാറില്ല. ശരീരം എറ്റവും നോര്‍മലായി, മനസ്സും ഏറ്റം ശാന്തമായിരിക്കുമ്പോള്‍ മാത്രമേ എനിക്കെന്തെങ്കിലും റിസള്‍ട്ട് കിട്ടാറുള്ളൂ. ഒന്നും കിട്ടാതെ വന്നാല്‍ ശരീരത്തിന്റെ വാല്യൂസ് എല്ലാം നോക്കാം എന്നു കരുതിയാണു കൂട്ടുകാരനോട് തെര്‍മൊമീറ്ററും മറ്റും എടുക്കാന്‍ പറഞ്ഞതു. ഇത്ര കൂടിയ ബി.പി. കണ്ടപ്പോള്‍ തന്നെ ഞാന്‍ വിചാരിച്ചു എല്ലാം തെറ്റുമെന്നു. അതുവച്ചു നോക്കുകയാണെങ്കില്‍ ഈ റിസല്‍ട്ട് വിശ്വാസയോഗ്യമല്ല എനിക്ക്.

ഇതിന്റെ പൂറകെ നടക്കാന്‍ എനിക്കു സമയവുമില്ല. ബ്ലോഗ്ഗിലെ ചര്‍ച്ച ഇത്ര സജീവമായ സ്ഥിതിക്കു പണവും സമയവും ചിലവഴിച്ചു ഇതു നടത്തിയെന്നു മാത്രം

ഒരു ലക്ഷ്യമോ മോഹമൊ ഒന്നും വച്ചല്ല ഞാന്‍ ബ്ലോഗ്ഗ് തുടങ്ങിയത്.എന്റെ മറ്റു പോസ്റ്റുകള്‍ വായിച്ചാല്‍ നിങ്ങള്‍ക്കു മനസ്സിലാകും. ബ്ലോഗ്ഗില്‍ പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ലാത്തതിനാല്‍ എന്തെന്കിലും പോസ്റ്റ് ചെയ്യുന്നു, പ്രത്യേകിച്ചു കഥയൊന്നും ഇല്ല.

ഇടപെടലുകള്‍ക്കു നന്ദി.

വീണ്ടും മറ്റൊരു പോസ്റ്റില്‍ കാണാം.

സൂരജ്, ഒരു വടംവലിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ എനിക്കതിനാവതില്ല, വടം ഞാനിതാ വിട്ടിരിക്കുന്നു.
പിന്നെ മറ്റേ കാര്യം, ഒരു മില്ല്യണേ, അതു വിടില്ല കെട്ടൊ.

Unknown said...

പ്രിയ അനില്‍ജി,
ആദ്യമായി പരീഷണങ്ങള്‍ കാര്യമായിതന്നെ ഏറ്റെടുക്കാനുള്ള താങ്ങളുടെ ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നു.

സൂരജ് പരീഷണങ്ങളില്‍ ശ്രദ്ധിക്കേണ്ടിയിരുന്ന കുറച്ച് കാര്യങ്ങള്‍ ചൂണ്ടികാണിച്ചിട്ടുണ്ട് തുടര്‍ പരീഷണങ്ങളില്‍ അവകൂടി ശ്രദ്ധിക്കുക.

എനിക്ക് തോന്നിയ ചിലകാര്യങ്ങള്‍ കൂടി,

-താങ്ങളുടെ പരീഷണ ഫലം ഇങ്ങിനെ.
*ആകെ പൈപ്പുകളില്‍ വെള്ളം ഒഴുകാനുള്ള സാധ്യത=50.

*വെള്ളം ഒഴിക്കിയത്=30 തവണ.

*നിങ്ങള്‍ ആകെ പറഞ്ഞ ഉത്തരങ്ങള്‍=36

*നിങ്ങള്‍ വെള്ളം ഇല്ലാത്തത് ഉണ്ടെന്ന് പറഞ്ഞത്=5തവണ.
---------------------------------
ഈ ഉത്തരങ്ങള്‍ വെച്ച് നിങ്ങള്‍ എങ്ങിനെയാണ് എത്ര തവണ ആ‍വര്‍ത്തിച്ച് ഈ പരീഷണം നടത്തിയാലും ഒരു നിഗമനത്തിലെത്തുക? ഫലങ്ങളേ ഏത് രീതിയില്‍ വിലയിരുത്തുമെന്ന് നിങ്ങള്‍ തന്നെ
മുന്‍‌കൂട്ടി തീരുമാനിച്ചിട്ടില്ലാ എന്ന് തീര്‍ച്ച. അത് കൊണ്ടാണ് അനാലിസിസ് വായനക്കാര്‍ക്ക് വിടേണ്ടി വന്നത്. ഞാന്‍ കൂറേനേരം രണ്ട് ചാര്‍ട്ടുകളും നോക്കി
മിഴിച്ചിരുന്നു.(എന്‍റെ കഴിവില്ലായ്മ്)

*അത്കൊണ്ട് അടുത്ത തവണ പരീഷണം നടത്തുപോള്‍ ഇക്കാര്യത്തില്‍ ആദ്യം തന്നെ ഒരു തീരുമാനത്തിലെത്തുക.
* കുറച്ച് ലളിതമായ രീതി ആദ്യം സ്വീകരിക്കുക.
*പല പൈപ്പുകളില്‍ ഒരുമിച്ച് വെള്ളം ഒഴുക്കാതെ ഒരു സമയത്ത് ഒരു പൈപ്പിലൂടേ മാത്രം വെള്ളം ഒഴുക്കിയുള്ള പരീഷണമാവാം ആദ്യം. അതില്‍ വിജയിച്ച ശേഷമാവാം അടുത്തത്.
*അങ്ങിനെയാവുപോള്‍ പത്ത് പൈപ്പ് ഉപയോഗിച്ച് പരീഷണം നടത്തുകയാണെങ്കില്‍. ഉത്തരം ശരിയാവാനുള്ള സാധ്യത പത്ത് ശതമാനം മാത്രമാവും. ആ രീതിയില്‍ നിങ്ങള്‍ക്ക് ഫലം അമ്പത് ശതമാനത്തില്‍ കൂടുതല്‍ ശരിയാക്കാന്‍ സാധിച്ചാല്‍ തന്നെ നല്ല വിജയമാണ്. ഇപ്പോള്‍ നടത്തിയ പരീഷണത്തിലെ 90 ശതമാനത്തിനടുത്ത വിജയം ഒരിക്കലും കണിക്കിലെടുക്കാന്‍ കഴിയില്ല. (30 തവണ വെള്ളം ഒഴുകുപോള്‍ 50 തവണയും ഒഴുകുന്നുണ്ടെന്ന് പറഞ്ഞാലും 30 ഉത്തരം ശരിയായിരിക്കും 20 എണ്ണമേ തെറ്റുന്നുള്ളൂ) ഞാന്‍ പറഞ്ഞത് മനസിലായെന്ന് കരുതുന്നു.
----------------------------------

*അടുത്ത പരീഷണത്തിന് താങ്ങള്‍ക്ക് മാല കറക്കം അനുഭവപെടാത്ത ഒരുസ്ഥലം തിരഞെടുക്കുക.

*അവിടെ പൈപ്പുകള്‍ അര അടിയെങ്കിലും താഴ്‌ത്തി മണ്ണിനടിയിലൂടേ യാക്കുക.

*വെള്ളം പുറത്തേക്ക് ഒഴുകുന്ന ഭാഗം താങ്ങള്‍ക്ക് കാണാത്ത രീതിയിലും,ശബ്ദം കേള്‍ക്കാത്ത രീതിയിലും
ക്രമീകരിക്കുക.

*കറക്കാനുപയോഗിക്കുന്ന വസ്തു കാറ്റിനെ പ്രതിരോധിക്കുന്നതായിരിക്കാന്‍ ശ്രദ്ധിക്കുക.

*ഒഴുക്ക് നിയന്ത്രിക്കുന്ന വാള്‍വും,നിയന്ത്രിക്കുന്ന ആളും
ഒരു മറക്കു പിറകിലായാല്‍ നന്നായിരിക്കും.

*മുന്‍ കൂട്ടി വാള്‍വ് തുറക്കേണ്ടത് തീരുമാനിക്കേണ്ട.
ഒരോന്നും ഒന്നിനു ശേഷം മറ്റൊന്നെന്ന രീതിയില്‍ നറുക്കെടുത്ത് സഹായി തീരുമാനിക്കെട്ടെ.

*ഒരു സമയം ഒരു പൈപ്പിലൂടേ മാത്രം വെള്ളം ഒഴുക്കിയുള്ള പരീഷണമാവും ഫലം വിലയിരുത്താന്‍ എളുപ്പം.

*പറ്റുമെങ്കില്‍ പൈപ്പുകള്‍ ഉറപ്പിച്ചതിനു കുറേകെ വല്ല ഉയരവും വെച്ചുകെട്ടി അതിനു മുകളില്‍ നന്നായാല്‍ നല്ലത്( കുറഞ്ഞത് ഒരു ഡസ്കെങ്കിലും)

*ആദ്യഘട്ട പരീഷണങ്ങള്‍ക്ക് സഹായികളും നിങ്ങളും മാത്രം മതി.സഭാകമ്പവും,അതിനെ തുടര്‍ന്നുണ്ടാവുന്ന മറ്റു ശാരീരികാവസ്ഥകളും ഇല്ലാതാക്കാന്‍ അത് ഉപകരിക്കും.
---------------------------------

സമയകുറവുണ്ട്. ഞാന്‍ മനസില്‍ കരുതിയവതെന്നെ യാണോ പകര്‍ത്തിയതെന്നറിയില്ല. തെറ്റ് തിരുത്തി വായിക്കുക.
എല്ലാ ആശംസകളും നേരുന്നു.

ശ്രീവല്ലഭന്‍. said...

:-)

അനില്‍@ബ്ലോഗ് // anil said...

പ്രിയ റഫീക്ക് കീഴാറ്റൂര്‍,
അഭിപ്രായങ്ങല്‍ക്കു നന്ദി.
തുടര്‍ പരീക്ഷണങ്ങളില്‍ ശ്രദ്ധിക്കാം.

ഈ ചര്‍ച്ച്യും അതൊടൊപ്പം ഓരൊ നിദ്ദേശങ്ങല്‍ക്കനുസരിച്ചു അപ്പപ്പോള്‍ നടത്തിയ പരീക്ഷണങ്ങള്‍ എനിക്കൊരുപാടു കാര്യങ്ങള്‍ തന്നു. ഞാന്‍ ധരിച്ചിരുന്ന പലതും തെറ്റാണെന്നും മനസ്സിലായി, അത് അപ്പപ്പോള്‍ തന്നെ കമന്റില്‍ പറയുകയും ചെയ്തു വന്നിരുന്നു.അതിനാലാണു ഞാന്‍ അഭിപ്രായങ്ങള്‍ മാറ്റിമറ്റി പറയുകയാണു എന്നു എല്ലാവരും അഭിപ്രായപ്പെട്ടതു.ഇപ്പോള്‍ എനിക്കു കൂടുതല്‍ കോണ്‍ഫിഡന്‍സായി. തെളിയിക്കാന്‍ പറ്റില്ലായിരിക്കാം, പക്ഷെ എനിക്കു സ്വയം ബൊധ്യപ്പെടലുകള്‍ക്കു അവസരം കിട്ടി.റഫീക് നാട്ടിലെത്തുമ്പോഴേക്കും ഞാന്‍ കുറച്ചുകൂടി മുന്നേറിയിട്ടുണ്ടാവും എന്നു കരുതുന്നു.

പിന്നെ ഡാറ്റാ അനാലിസിസിനു ഒരു പാടു വിദ്യകളുണ്ടല്ലൊ.അതൊരു പ്രശ്നമല്ല. എനിക്കു സമയവുമില്ല, പഠിക്കാന്‍ മടി അനുവദിക്കുന്നുമില്ല. ആരെങ്കിലും സഹായിക്കും.
പിന്നെ പതുക്കയേ ഇനിയുള്ള നീക്കങ്ങള്‍ ഉണ്ടാ‍വൂ. പകല്‍ അധിക സമയം ഒഴിവു കിട്ടാത്ത് ജോലിയാണ് എന്റ്റേത്.

നാളെ ചിലപ്പോള്‍ തറവാടുയെ കാണും, ഞാന്‍ കാം ആയാല്‍.

അഭിപ്രായങ്ങല്‍ക്കു നന്ദി

കാപ്പിലാന്‍ said...

അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ ആയിരമായിരം അഭിവാദ്യങ്ങള്‍
ധീര വീര അനില്‍ മോനെ
ധീരതയോടെ നയിച്ചോളൂ
ലച്ചം ലച്ചം പിന്നാലെ

നന്നായി :)

OAB/ഒഎബി said...

അനില്‍ജീ, നല്ലവണ്ണം കഷ്ടപ്പെട്ടു അല്ലെ. നന്നായി. അവസാന റിസല്‍റ്റ് എന്താണെന്ന് നോക്കട്ടെ. ഞാന്‍ വിചാരിച്ചതായിരുന്നു. സമയം കിട്ടാത്തതിനാല്‍ ഒന്നും ചെയ്യാന്‍ പറ്റിയില്ല.ഈ തൃഷ്ണയെ അഭിനന്ദിക്കാതെ എങ്ങനെ മറ്റിടത്തേക്ക് പോവാന്‍.
നന്ദി.

Suraj said...

"..സൂരജ്, ഒരു വടംവലിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ എനിക്കതിനാവതില്ല, വടം ഞാനിതാ വിട്ടിരിക്കുന്നു..."

ഹ ഹ ഹ! അപ്പോൾ ഈ പരീക്ഷണ സെറ്റപ്പ് തെറ്റാണ് എന്ന് പറഞ്ഞത് മാഷുക്ക് ബോധ്യമായിട്ടില്ലേ ? (എങ്കിൽ ഇനി ഞാനെന്ത് പറയാൻ:))

ഒരു വടം വലിയായിട്ടാണൊ ഇതുവരെ ഇതിനെ കണ്ടത് ?

"...ഭൌതിക, ജീവ ശാസ്ത്രജ്ഞന്മാരെ ഓടി വരു, എന്റെ തിളച്ചുമറിയുന്ന ചിന്താ "മണ്ട" യില്‍ ഐസുവെള്ളം ഒഴിക്കൂ..."എന്നു വിളിച്ചുകൂവിയത് ആരാ ??

ശാസ്ത്രമാണെന്ന് വിചാരിച്ച് മാഷെന്തൊക്കെയോ പറഞ്ഞു. ഇവിടെ കുറച്ചുപേർ ഇത്തിരി ഐസ് മാഷിന്റെ മണ്ടയിൽ വച്ചുതരാൻ നോക്കി. ഇഞ്ചിപ്പെണ്ണ് പറയുമ്പോലെ : ‘ആസ് സിമ്പിൾ ആസ് ദാറ്റ്’ !!

കുറഞ്ഞപക്ഷം മാഷ് 1988-നു ശേഷം കുറച്ച് ഫിസിക്സ് പദങ്ങളെങ്കിലും റെഫർ ചെയ്തില്ലേ, അദ്ദാണ് കാര്യം... അദ്ദാണ് സ്പിരിറ്റ് !!

"..പിന്നെ മറ്റേ കാര്യം, ഒരു മില്ല്യണേ, അതു വിടില്ല കെട്ടൊ.


വിടരുത്... ഒട്ടും വിടരുത് !!

പക്ഷേ ഇതുപോലെയൊക്കെയാണു ട്രെയിൻ ചെയ്യുന്നതെങ്കിൽ റാൻഡിയും ടീമും വലിച്ചുകീറി വെയിലത്ത് ഉണക്കാനിടും !!

ഒരു മില്യൻ കിട്ടിയാൽ ഒരു നൂറു രൂപ കൺസൊലേഷൻ പ്രൈസായി അയയ്ച്ചു തരണേ, ഈ ഒച്ചപ്പാടു മുഴുവൻ ഉണ്ടാക്കി കുറഞ്ഞത് 180+ കമന്റുകൾ ഇവിടെ വാങ്ങിത്തന്നതല്ലേ :))

..ഒരു ലക്ഷ്യമോ മോഹമൊ ഒന്നും വച്ചല്ല ഞാന്‍ ബ്ലോഗ്ഗ് തുടങ്ങിയത്...ബ്ലോഗ്ഗില്‍ പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ലാത്തതിനാല്‍ എന്തെന്കിലും പോസ്റ്റ് ചെയ്യുന്നു, പ്രത്യേകിച്ചു കഥയൊന്നും ഇല്ല....

കഥയൊന്നുമില്ല എന്ന് മനസിലായി...
:))
വടത്തിന്റെ മറ്റേയറ്റം ഞാനിവിടെ ഒരു ആൽ മരത്തിൽ കെട്ടിയിടുന്നു. ക്യാരി ഓൺ !

അനില്‍@ബ്ലോഗ് // anil said...

സൂരജ്,
ഞാന്‍ ആദ്യം ബ്ലൊഗു വായന തുടങ്ങിയ അന്നു മുതല്‍ നിങ്ങളുടെ ബ്ലോഗ്ഗ് വായിക്കാറുണ്ട്. നിങ്ങളുടെ വായനശീലത്തേയും എഴുതാനുള്ള മനസ്സിനേയും അത്ഭുതട്ടോടെ ചിന്തിക്കാറൂനുണ്ടു. വായന എനിക്കു വളരെ കുറവാണു. പ്രത്യേകിച്ചു ഫിസിക്സ് തുടങ്ങിയ എന്റെ വിഷയമല്ലാത്ത കാര്യങ്ങള്‍. ആവശ്യമുള്ള കാര്യങ്ങള്‍ തന്നെ വളരെ ബുദ്ധിമുട്ടിയാണു വായിക്കാറു, മടികാരണം.ജീവിക്കാനും അത്യാവശ്യം ജോലിയെടുക്കാനു വേണ്ട കാര്യങ്ങള്‍ മാത്രമാണു ഇപ്പൊഴും വായനയുള്ളൂ. ബ്ലൊഗ്ഗ് തന്നെ 2 പേജില്‍ കൂടുതല്‍ വന്നാല്‍ ഞാന്‍ വായിക്കാറുമില്ല.

ഇത്ര സമയം നടന്നതു വടം വലിയായിട്ടാണു ഞാന്‍ കാണുന്നതു. ഞാന്‍ എന്റെ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു, നിര്‍ഭാഗ്യവശാല്‍ എനിക്കതു വിശദീകരിക്കാനാവുന്നില്ല.

മൂന്നാലു കൊല്ലം മുന്‍പു എന്റെ പെങ്ങളുടെ സ്കൂളിലെ ശാസ്ത്രമേളക്കു “കെല്‍വിന്‍സ് തണ്ടര്‍ സ്റ്റൊം” എക്സ്പെരിമെന്റ് ചെയ്തു കൊടുക്കാന്‍ ആവശ്യപ്പെട്ടു അവള്‍ വന്നു. അന്നാണു വെള്ളത്തിനു സ്റ്റാറ്റിക് ഇലക്ട്രിസിറ്റി ഉണ്ടാക്കാനാവും എന്നു മനസ്സിലാക്കിയതു, അല്ലെങ്കില്‍ ശ്രദ്ധിച്ചതു.

അന്നു മുതല്‍ ഞാന്‍ മനസ്സില്‍ കരുതിവന്നതു ഇപ്രകാരമാണു.

എന്‍ക്ലോസ്ഡ് ആയ ഒരു ചാനലിലൂടെ , ഭൂമിക്കടിയിലാവാം,ഹോസിലുമാവാം എന്നു ഞാന്‍ വിചാരിക്കുന്നു, വെള്ളം ഒഴുകുമ്പോള്‍ പാര്‍ശ്വങ്ങളില്‍ എന്തൊ “ഡിങ്കൊലാഫി” ഉണ്ടാക്കുന്നു എന്നും, ആ റേഡിയെറ്റു ചെയ്യുന്ന “ഡിങ്കോലാഫി” ഈ കഴിവുള്ള ആള്‍ സെന്‍സ് ചെയ്യൂന്നു എന്നുമാണ്. ഞാന്‍ ഇപ്പോഴും അങ്ങിനെ തന്നെ വിശ്വസിക്കുന്നു.അങ്ങിനെ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമെനിക്കുണ്ടു.അതു എന്റെ ബ്ലൊഗ്ഗില്‍ പറയാനും.

എതിര്‍വാദങ്ങളോ അതല്ലെങ്കില്‍ ഇതു ശുദ്ധതട്ടിപ്പാണെന്നോ പറയാന്‍ സൂരജിനും സ്വാതത്ര്യമുണ്ടു. ഞാന്‍ പറയുന്നതു താങ്കളും, താങ്കളുടെ വാദം ഞാനും , നൂറു ശതമാനം അംഗീകരിക്കണമെന്നു വാശിപിടിക്കരുത്.

റാണ്ടിക്കാര്‍ എന്നെ വലിക്കുകയോ കീറുകയോ ചെയ്തോട്ടെ , അതെന്നെ ബേജാറാക്കുന്ന വിഷയവുമല്ല.

ഇനിയും ഇത്തരത്തിലുള്ള ഉടായിപ്പുകള്‍ ചിലപ്പോള്‍ പോസ്റ്റു ചെയ്തേക്കാം. ബി.പി ബ്ലേഡുമായി സൂരജ് എത്തുമല്ലൊ.

Suraj said...

“കെല്‍വിന്‍സ് തണ്ടര്‍ സ്റ്റൊം” എക്സ്പെരിമെന്റ് [...] അന്നാണു വെള്ളത്തിനു സ്റ്റാറ്റിക് ഇലക്ട്രിസിറ്റി ഉണ്ടാക്കാനാവും എന്നു മനസ്സിലാക്കിയതു, അല്ലെങ്കില്‍ ശ്രദ്ധിച്ചതു...
[...]എന്‍ക്ലോസ്ഡ് ആയ ഒരു ചാനലിലൂടെ , ഭൂമിക്കടിയിലാവാം,ഹോസിലുമാവാം എന്നു ഞാന്‍ വിചാരിക്കുന്നു, വെള്ളം ഒഴുകുമ്പോള്‍ പാര്‍ശ്വങ്ങളില്‍ എന്തൊ “ഡിങ്കൊലാഫി” ഉണ്ടാക്കുന്നു എന്നും, ആ റേഡിയെറ്റു ചെയ്യുന്ന “ഡിങ്കോലാഫി” ഈ കഴിവുള്ള ആള്‍ സെന്‍സ് ചെയ്യൂന്നു എന്നുമാണ്..."



തിയറി ഇപ്പോൾ ഇങ്ങനെ പറഞ്ഞത് നന്നായി :))

പ്രിയ അനിൽ ജീ,

താങ്കൾക്ക് കെൽവിന്റെ ഇലക്ട്രോസ്റ്റാറ്റിക് ജനറേറ്ററിന്റെ(തണ്ടർ സ്റ്റോം എക്സ്പെരിമെന്റ്) അടിസ്ഥാന പ്രിൻസിപിൾ എന്താണെന്നതിനേക്കുറിച്ചും അറിയില്ല എന്ന് മനസിലായി !

കെൽവിന്റെ വാട്ടർ ഡ്രോപ്പറിൽ താങ്കൾ പറയുന്ന ഈ “സ്റ്റാറ്റിക് ചാർജുകൾ” ഉണ്ടാവുന്നതെങ്ങനെ എന്ന് അറിയാമായിരുന്നെങ്കിൽ താങ്കൾ മുകളിൽ പറഞ്ഞ അറുവിഡ്ഢിത്ത ഡിങ്കോലാഫി തിയറി ഇവിടെ എഴുതിവയ്ക്കില്ലായിരുന്നു.


പിന്നെ,

താങ്കൾക്ക് ഇതല്ല ഇതിനപ്പുറവും എഴുതാൻ ബ്ലോഗ്സ്പോട്ടിൽ സ്വാതന്ത്ര്യമുണ്ട്.ഇത് താങ്കളുടെ ബ്ലോഗാണ്.

കമന്റ് ഓപ്ഷൻ എന്ന സുനാപ്പി ഉള്ളിടത്തോളം കാലം അത് തെറ്റാണോ ഇല്ലെയോ എന്ന് വിളിച്ചുപറയാൻ വായിക്കുന്നവനും സ്വാതന്ത്ര്യമുണ്ട്.

(തെറ്റ് ഞാനടക്കം എല്ലാ ബ്ലോഗെഴുത്തുകാർക്കും വരാറുണ്ട്. തിരുത്തിക്കൊണ്ട് കമന്റു വന്നാൽ വസ്തുത പുന:പരിശോധിച്ച് തിരുത്തുക എന്നതാണ് സാമാന്യ രീതി - കുറഞ്ഞപക്ഷം ശാസ്ത്രകാര്യം പറയുന്ന പോസ്റ്റുകൾക്കെങ്കിലും.)

പോട്ടേ, വേറേ പണിയുണ്ട് !

ഉഡായിപ്പുകൾ കാണുമ്പോൾ അറിയാവുന്ന വിഷയമാണെങ്കിൽ ഇനീം വരാം.

ഇതൊക്കെയാണ് സയൻസെന്ന് വിശ്വസിച്ചു മലർന്നടിച്ച് വീഴുന്ന തമ്പുരാന്മാരേം തമ്പുരാട്ടിമാരേം കാണുകയെങ്കിലും ചെയ്യാമല്ലോ.

അനില്‍@ബ്ലോഗ് // anil said...

സൂരജേ,
ഓരൊ കമന്റും വായിച്ചു , ഓരൊ വരിക്കും മാര്‍ക്കിടുന്നതിനു നന്ദി.

തണ്ടര്‍ സ്റ്റൊം എന്തെകിലുമാകട്ടെ, അവിടെ സ്റ്റാറ്റിക് ഇലക്ട്രിസിറ്റി ഉണ്ടാവുന്നുണ്ടെങ്കില്‍ അതുപോലെ എന്തെങ്കിലും ഫ്ല്വൊയിങ് വെള്ളത്തിലുണ്ടാവാമെന്നു ഞാന്‍ കരുതുന്നു.
ഇതു താങ്കള്‍ക്കല്ല ഇതു കാണുന്ന മറ്റുള്ളവര്‍ക്കു വേണ്ടി.

ഒരു ഓഫ്ഫ്.
സൂരജ് പറയുന്നതു മുഴുവന്‍ ഞാന്‍ കേട്ടമാത്രയില്‍ അംഗീകരിച്ചേനെ, പക്ഷെ സ്യൂഡോ സയന്‍സിന്റെ കൂട്ടത്തില്‍ താങ്കള്‍ ഹോമിയൊയെകൂടി ഉള്‍പ്പെടുത്തി എന്നു കണ്ടപ്പോള്‍ മുതല്‍ താങ്കളുടെ ചില ചിന്തകളെങ്കിലും മുന്വിധിയൊടുകൂടിയുള്ളതാണെന്നു ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി.
അടുത്ത ദിവസം കൂടി റിയാസ് അഹമ്മെദിന്റെ പോസ്റ്റില്‍ താങ്കളുടെ കമന്റ് കണ്ടിരുന്നു.

Suraj said...

പോവാൻ വിടില്ലെന്നു തന്നെ അല്ലേ ?

എന്ത് തെറ്റ് ചൂണ്ടിക്കാണിച്ചാലും “അതൊക്കെ പോട്ടെ”, “വിട്ടുകള” എന്നൊക്കെ പറഞ്ഞ് ഉരുളാൻ ഉള്ള ഈ കഴിവിനാണു മാഷേ സത്യത്തിൽ 120/100 മാർക്കിടേണ്ടത് !!


അവിടെ സ്റ്റാറ്റിക് ഇലക്ട്രിസിറ്റി ഉണ്ടാവുന്നത് ചുമ്മാതൊന്നുമല്ല. അതെന്തുകൊണ്ടാണെന്ന് അറിയാഞ്ഞിട്ടാണ് മാഷേ താങ്കൾ ഇപ്പോഴും ഫ്ലോയിംഗ് വെള്ളത്തിലെ ചാർജിന്റെയും അതു “റേഡിയേഷൻ ആയി സെൻസ്” ചെയ്യപ്പെടുന്നതിനേയും പറ്റി പിറ്പിറുത്തുകൊണ്ടിരിക്കുന്നത്.

1988-ന് ശേഷം തിയറി മാറീട്ടൊന്നുമില്ല !

ഓഫിനു:
വസ്തുനിഷ്ഠമായ ഒരു തിയറെറ്റിക്കൽ ബാക്കപ്പ് ഇല്ലാത്ത ഹോമിയോപ്പതി ഒരു ‘പൊള്ള ചികിത്സ’ തന്നെയാണ്. അതിലൊരു മുൻ വിധിയുടേയും പ്രശ്നമില്ല. അതേക്കുറിച്ച് ഇവിടെ അലക്കാൻ ഇപ്പോളേതായാലും ഉദ്ദേശ്യവുമില്ല. ഇവിടെ ഉള്ള ‘ശാസ്ത്രം’ തന്നെ ധാരാളം.

അനില്‍@ബ്ലോഗ് // anil said...

"അവിടെ സ്റ്റാറ്റിക് ഇലക്ട്രിസിറ്റി ഉണ്ടാവുന്നത് ചുമ്മാതൊന്നുമല്ല. അതെന്തുകൊണ്ടാണെന്ന് അറിയാഞ്ഞിട്ടാണ് മാഷേ താങ്കൾ ഇപ്പോഴും ഫ്ലോയിംഗ് വെള്ളത്തിലെ ചാർജിന്റെയും അതു “റേഡിയേഷൻ ആയി സെൻസ്” ചെയ്യപ്പെടുന്നതിനേയും പറ്റി പിറ്പിറുത്തുകൊണ്ടിരിക്കുന്നത്."

സൂരജ്,
വെള്ളത്തില്‍ ചാര്‍ജുണ്ടെന്നു ഞാന്‍ പറഞ്ഞൊ? വെള്ളത്തിന്റെ ഒഴുക്കുകൊണ്ടു അതേപോലെ എന്തെങ്കിലും ആയിക്കൂടെ എന്നാണു ചോദ്യം.
എന്റെ നിരീക്ഷണം ഞാന്‍ പറഞ്ഞിരുന്നു റഫീക്കിനോടു, ജി.ഐ. പൈപ്പിലൂടെ വെള്ളം ഒഴുകുന്നതു കണ്ടെത്താനെനിക്കാവില്ലെന്നു. ഉപയോഗിക്കുന്ന ഹോസിന്റെ മെറ്റീരിയല്‍ മാറുന്നതിനനുസരിച്ചു കറക്കം വ്യത്യാസപ്പെടുന്നുമുണ്ടു.
ഇതെന്റെ ചിന്തകള്‍.
ചിലപ്പോള്‍ തെറ്റായിരിക്കാം.ക്ഷമീര്.

Unknown said...

സൂരജെ,
“"...ഭൌതിക, ജീവ ശാസ്ത്രജ്ഞന്മാരെ ഓടി വരു, എന്റെ തിളച്ചുമറിയുന്ന ചിന്താ "മണ്ട" യില്‍ ഐസുവെള്ളം ഒഴിക്കൂ..."എന്നു വിളിച്ചുകൂവിയത് ആരാ ??“

എന്നിട്ടോടിവന്നു ഒഴിച്ചതെന്താ പെട്രോളോ?
ആ പോസ്റ്റില്‍ എവിടെയും ഒരു സിദ്ദാന്തവും പറഞ്ഞിട്ടില്ല. അതിനെ സിദ്ധാന്തമാക്കി പെരുപ്പിച്ചു കാട്ടിയതു സൂരജാണു. എന്നിട്ടു 180 കമന്റ് ഞാന്‍ സംഭാവന ചെയ്തു എന്നു വീമ്പിളക്കുന്നതെന്തിനാണ്. ഒരു പക്ഷെ സൂരജിനെപ്പോലെയുള്ള മഹാനെ വിളിച്ചു വരുത്തി പേജ് ഹിറ്റ് കൂട്ടുകയാണു ഈ പൊസ്റ്റിന്റെ ലക്ഷ്യമെങ്കിലൊ? ആ ടൊട്ടൊച്ചാനും മറ്റും ചെയ്തതുപോലെ കാര്യം പറഞ്ഞു പോയാല്‍ പൊരാരുന്നൊ? ഇതു പഠിപ്പിച്ചേ ഇവിടുന്നു പോകൂ എന്നു വാശിപിടിച്ചതു സൂരജു തന്നെയല്ലെ?

ചാണക്യന്‍ said...

അനില്‍,
അഭിനന്ദനങ്ങള്‍....

വിചാരം said...

:)

ഗ്രീഷ്മയുടെ ലോകം said...

പ്രിയ അനില്‍,
പരീക്ഷണങ്ങള്‍ നടത്തി നിരീക്ഷണങ്ങള്‍ പോസ്റ്റ് ചെയ്തതിനു നന്ദി.ആകപ്പാടെ നോക്കുംപോള്‍ ഈ പരീക്ഷണങ്ങള്‍ക്ക് ചില പോരായ്മകള്‍ ഉണ്ടെന്ന് പലരും പറയുന്നുണ്ടല്ലോ. അതില്‍ കുറെ ഒക്കെ തെറ്റുകള്‍ തിരുത്തി പരീക്ഷണം കുറ്റമറ്റതാക്കാന്‍ ശ്രമിക്കണം.
ഉദാഹരണത്തിന്‍ സൂരജിന്റെ ഒരഭിപ്രായം,ശബ്ദം മൂലം ഏത് ഹോസിലൂടെയാണ് വെള്ളം ഒഴുകുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയുമെന്നാണല്ലോ. ഇയര്‍ പ്ലഗ്ഗോ മറ്റോ ഉപയോഗിച്ച് താങ്കളുടെ ചെവി അടച്ച് പരീക്ഷിക്കുകയാണെങ്കില്‍ ഈ പ്രശ്നം ഒഴിവാക്കാമല്ലോ.
അത്പോലെ തന്നെ ആ എര്‍ത്തിങ് പരീക്ഷണവും നടത്താവുന്നതല്ലേ. ഒരു ഇലക്ട്രിക്കല്‍ എഞ്ചിനീയറുടെ സഹായം ഉണ്ടെങ്കില്‍ കുറച്ചുകൂടി ആധികാരികമായി ആ പരീക്ഷണം ചെയ്യാവുന്നതേയുള്ളു. താങ്കളുടെ ശരീരത്തില്‍ നിന്നും ഭൂമിയിലേക്ക് ഒഴുകുന്ന വൈദ്യുതി അളക്കുകയും ചെയ്യാം.

അനില്‍@ബ്ലോഗ് // anil said...

ഒരു കാര്യം വീട്ടു . ഓ.ടോ ആണ്.
കമന്റിന്റെ ബാക്കി, കെല്വിന്‍സ് ത്ണ്ടര്‍സറ്റോം അറിയുന്നവര്‍ ആരെങ്കിലു പറഞ്ഞു തരണം. ഇതില്‍ എങ്ങിനെയാണു സെല്‍ഫ് സ്റ്റാര്‍ട്ട് ആവുന്നതു?
ഞാന്‍ ഉണ്ടാക്കിയപ്പോള്‍ സ്റ്റാര്‍ട്ട് ആയതേയില്ല, പിന്നെ ഒരു ചാര്‍ജ് ചെയ്ത കപ്പാസിറ്റര്‍ ഉപയോഗിച്ചാണു സ്റ്റാര്‍ട്ടാക്കിയതു.

Suraj said...

മൊത്തം ഓഫ് ടോപിക്:
...............................

മാഷേ, ഒരു സാധനം ഞാൻ കണ്ടു പിടിച്ചു ! (യുറേക്കാ, യുറേക്കാ !!)

പരസ്യം പതിയ്ക്കുന്നത് മോശമാണെന്നറിയാഞ്ഞിട്ടല്ല, എന്നാലും ലോകത്തിനു മുഴുവൻ പ്രയോജനപ്പെടുന്ന ഒരു സാധനം അടിയൻ കണ്ടേത്തിയ സ്ഥിതിക്ക അതൊന്നു അറിയിക്കാതെ പോകുന്നതെങ്ങനെ.
ഇ പോസ്റ്റ് നോക്കൂ.. മെയിലയചു ഓഡറ് പ്ലേയിസ് ചെയ്യൂ..ധന്യരാകൂ...

അനില്‍@ബ്ലോഗ് // anil said...

സൂരജ്,
ഇതു പരസ്യങ്ങളുടെ കാലം.

താങ്കളും സ്വന്തം പ്ലക്കാഡും പിടിച്ചു നടക്കാന്‍ തുടങ്ങിയതില്‍ സന്തോഷം തോന്നുന്നു, കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ടല്ലൊ.

ആഗ്രിഗേറ്ററുകള്‍ കാണിച്ചില്ലേല്‍ മതി ഈ പരിപാടി.

അഗ്രികള്‍ കാണിക്കുന്ന എല്ല സൂരജിന്റെ എനിക്കു താല്‍പ്പര്യമുള്ള എല്ലാ പോസ്റ്റും ഞാന്‍ വായിക്കാറുണ്ട്.

SHYAM said...

ഇത്രയും പരീക്ഷണം നടത്താന്‍ തയ്യാറായ തങ്ങള്‍ക്കു ഒരു കമന്റ് സമ്മാനം .
കമന്റ് ട്രാക്കിങ് ... : )

അനില്‍@ബ്ലോഗ് // anil said...

പ്രിയ റിംപോച്ചെ,
കമന്റു ട്രാക്കു ചെയ്തതിനു നന്ദി. അപ്പോള്‍ താങ്കള്‍ കാര്യങ്ങള്‍ അറിയുന്നില്ലെ?ഒരു “പോത്തുകാല്‍“ മുഖേന ബൂലോകര്‍ക്കു ദിവ്യാല്‍ഭുതങ്ങള്‍ ഗോചരമായിരിക്കുന്നു. ലിങ്ക് സൂരജ് മുകളില്‍ കൊടുത്തിരിക്കുന്നു.അതിന്‍ പ്രകാരം എനിക്കും ലഭിച്ചു ഇന്നലെ വെളിപാട്. ദയവായി സൂരജ് തന്ന ലിങ്കില്‍ പോകുമല്ലൊ.

അനില്‍@ബ്ലോഗ് // anil said...

ചര്‍ച്ചകള്‍ക്കു ശേഷമുള്ള അന്തിമ വിധി:
ഈ പരീക്ഷണം ഒരു അടുക്കളപ്പുറം പരീക്ഷണമായതിനാലു, എറര്‍ ഫാക്റ്ററ് ഒരുപാട് അധികമായതിനാലും, ഇതു ബൂലോകര്‍ അസാധുവായി പ്രഖ്യാപിച്ചിരിക്കുന്നു.
ഞാന്‍ അതു അംഗീകരിക്കുകയും ചെയ്യുന്നു.
സത്യം രക്ഷപ്പെടട്ടെ.

വീണ്ടും അടുത്തൊരു അടുക്കളപ്പുറവുമയി എത്താം.

യൂറ്റ്യൂബ് വീഡിയൊ നീക്കം ചെയ്യുന്നില്ല, അവിടെ കമന്റ്റിടുന്നതായിരിക്കും

Anonymous said...

ഇത് പറയാനാണാ മച്ചാ ഈ പാടല്ലാം പെട്ടത് ?
ഇതാദ്യേ പറഞ്ഞിരുന്നേൽ എല്ലാരുംകൂട വന്ന് തലയ്ക്ക് മേടുമായിരുന്നാ ?

Anonymous said...

കെല്വിന്‍സ് ത്ണ്ടര്‍സറ്റോം എന്തരാണെന്ന് പുടികിട്ടിയാ അണ്ണാ ? ലിങ്കൊന്നും കെടച്ചില്ലേ ?