ഈയാഴ്ചമുതല്‍ പാല് വാങ്ങുന്നതവിടെ നിന്നായിരിക്കും എന്ന ഭാര്യയുടെ പ്രഖ്യാപനം, അടുത്ത പോസ്റ്റിനുള്ള നാന്ദിയാവുമെന്നു സ്വപ്നേപി നിരൂപിച്ചില്ല.
ഇന്നലെ മോളെക്കൂട്ടി ഞാന്‍ താത്തയുടെ വീട്ടിലേക്കു പോയി, വെളുമ്പിപ്പയ്യിനെ കാണാന്‍, ലക്ഷ്യം ഒരു സൌഹൃദ സംഭാഷണം, പശുക്കുട്ടിയാവട്ടെ തുറിച്ചു നോക്കുന്നു,അതിന്റെ പാലാണല്ലൊ നമുക്കു കട്ടെടുത്തു തരുന്നതു.
"എല്ലാ ദിവസവും ഈ സമയത്താണൊ വെള്ളം കൊടുക്കുന്നതു?" ചുമ്മാ ഒരു ചോദ്യം.
അതെയെന്നുത്തരം.
"ഇതേ പാത്രത്തില്‍ ?"
വീണ്ടും അതേയെന്നുത്തരം.
മന്‍സ്സിലിള്ളതു പുറത്തുകാട്ടാതെ ഞങ്ങള്‍ മടങ്ങി.
ഇന്നു അതേസമയത്തു വീണ്ടും പശുവിനെത്തേടിപ്പുറപ്പെട്ടു.മനസ്സില്‍ ഒരു അടുക്കള പരീക്ഷണം.
വെളുമ്പി എത്തിയിട്ടില്ല , ചായ കിട്ടുമെന്നു കരുതി അതും ഇല്ല !!
ഒരു ചുവന്ന ബക്കറ്റും നീല ബക്കറ്റും എടുത്തു ഞാന്‍ മുറ്റത്തു വച്ചു, നീലബക്കറ്റാദ്യം. വെളുമ്പി പാഞ്ഞു വന്നു, നീലബക്കറ്റു കാണാത്ത ഭാവത്തില്‍ ചുവപ്പു ബക്കറ്റിന്റെ അടുത്തേക്കു ഒറ്റ ഓട്ടം, അതും കാലിയാണെന്നു കണ്ടപ്പോള്‍ കലിയിളകി അലറി , ബ്ബേ....... .
പറയൂ , പശുവിനു ചുവപ്പും നീലയും തിരിച്ചറിയാമോ?
ആശയത്തിനു കടപ്പാട്: ഡയറി ആന്റ് സ്വൈന്‍ റിസേര്‍ച്ച് അന്റ് ഡവലപ്മെന്റെ സെന്റര്‍ , കനഡ.
വര്‍ണ്ണക്കാഴ്ച: ഒരു ലഘു വിവരണം.
ധവളപ്രകാശം ഒരുകൂട്ടം വര്‍ണ്ണ രശ്മികള്‍ ചേര്‍ന്നാണുണ്ടാവുന്നത്. പ്രാഥമിക വര്‍ണ്ണങ്ങളെന്നു വിളിക്കപ്പെടുന്ന പച്ച , നീല, ചുവപ്പ് എന്നിവ കൂടിച്ചേര്‍ന്നാല്‍ ധവള പ്രകാശം ലഭിക്കും. സ്കൂളില്‍ പഠിച്ച ഈ വിവരങ്ങള്‍ ഓര്മ പുതുക്കാന്‍ മാത്രം ചിത്രം നോക്കുക.

ചുവന്ന ആപ്പിളിന്റെ നിറം എപ്രകാരം ചുവപ്പായിക്കണുന്നു എന്നൊരു സൂചനാ ചിത്രം
വര്‍ണ്ണ സംവേദനം.
ധവളപ്രകാശത്തില്‍ അടങ്ങിയിര്‍ക്കുന്ന വിവിധ വര്‍ണ്ണങ്ങളും അവയുടെ തരംഗ ദൈര്‍ഘ്യവും ആദ്യം കൊടുത്ത ചിത്രത്തില്‍ കണ്ടിരുന്നല്ലൊ. ഒരു വസ്തുവില്‍ നിന്നും പ്രതിഫലിച്ചെത്തുന്ന നിശ്ചിത തരംഗദൈര്‍ഘ്യമുള്ള (വര്‍ണ്ണം) രശ്മികള്‍ മനുഷ്യന്റെ കണ്ണുകളുമായി സംവദിക്കുമ്പോള്‍ , നമ്മുടെ ഓര്‍മയുടെ അറയില്‍ സൂക്ഷിച്ചിട്ടുള്ള സമാന വര്‍ണ്ണ ബോധവുമായി അതു താരതമ്യം ചെയ്യപ്പെടുകയും , പ്രസ്തുത വസ്തുവിന്റെ വര്‍ണ്ണം അതാണ് എന്ന് നാം തിരിച്ചറിയുകയും ചെയ്യുന്നു.പച്ച , ചുവപ്പു,നീല തുടങ്ങിയ, തികച്ചും ആപേക്ഷികമായ, നാമകരണം മനുഷ്യനു മാത്രമുള്ളതാണ്. പച്ച വര്‍ണ്ണ രശ്മികളുടെ നിറം പച്ചയാണെന്നു നാം പഠിച്ച് ഓര്‍മയില്‍ സൂക്ഷിച്ചിരിക്കുന്നതിനാലാണ് അവയെ പച്ച എന്നു വിളിക്കുന്നതു. മൃഗങ്ങളുടെ കാര്യത്തില്‍ ഇത്തരം നാമകരണങ്ങള്‍ പ്രസക്തമല്ലെന്നു ബോധ്യപ്പെടുത്തുന്നതിലേക്കാണിതു സൂചിപ്പിച്ചതു.
മൃഗങ്ങളിലെ വര്‍ണ്ണക്കാഴ്ച.
മൃഗങ്ങളിലെ വര്‍ണ്ണക്കാഴ്ചയുമായി ബന്ധപ്പെട്ടു വിശദീകരണം നടത്തുന്ന ഘട്ടങ്ങളില്‍ , ഇവയെ നിശ്ചിതമായ തരംഗദൈര്‍ഘ്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പരാമര്‍ശിക്കേണ്ടി വരുന്നു. വര്‍ണ്ണങ്ങളുമായി ബന്ധപ്പെട്ട, ഹ്യൂ, സാച്ചുറേഷന്‍ , തീവ്രത എന്നിവ ഇവിടെ പരാമര്‍ശിക്കുന്നില്ല, ലാളിത്യത്തിനു വേണ്ടി.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ പശുക്കളില്‍ നടന്ന ഒരു പഠനത്തില്‍ , ഇവക്കു, പ്രകാശത്തിന്റെ നീണ്ട തരംഗദൈര്‍ഘ്യമുള്ള രശ്മികളും (ചുവപ്പെന്നു “വിളിക്കപ്പെടുന്ന“) കുറഞ്ഞ തരംഗദൈര്‍ഘ്യമുള്ള രശ്മികളും (നീല) വ്യക്തമായി വേര്‍തിരിച്ചറിയാനാവും എന്നു കണ്ടെത്തി. മദ്ധ്യവര്‍ണ്ണങ്ങളും(പച്ച) തരംഗദൈര്‍ഘ്യം കുറഞ്ഞ രശ്മികളും(നീല) അത്രകണ്ടു വേര്‍തിരിച്ചറിയില്ല. വിവിധ തരംഗദൈര്‍ഘ്യമുള്ള രശ്മികളുടെ സാന്നിധ്യത്തില്‍ ചില പരീക്ഷണങ്ങല്‍ക്കു നേരെ ഇവ പ്രകടിപ്പിച്ച പെരുമാറ്റ വ്യതിയാനങ്ങള്‍ വിലയിരുത്തിയായിരുന്നു ഈ പഠനം.
ഈ വിശകലനം ലളിതവല്ക്കരിച്ചാല് നീലനിറമുള്ള ഒരു വസ്തുവും ചുവപ്പുനിറമുള്ള ഒരു വസ്തുവും രണ്ടും രണ്ടു നിറമാണെന്നു പശുവിനു/കാളക്കു തിരിച്ചറിയാനാവും എന്നു അനുമാനിക്കേണ്ടിയിരിക്കുന്നു. പച്ചയും നീലയും തമ്മില്‍ അത്രക്കു വേര്‍തിരിച്ചറിവു ലഭിക്കുന്നുമില്ല.
കണ്ണുകളുടെ ഘടന ഒരു ചെറു വിവരണം
ചിത്രം നോക്കുമല്ലൊ. ഇതില്‍ കാണിച്ചിരിക്കുന്ന റോഡുകോശങ്ങള്‍ അരണ്ടവെളിച്ചത്തിലുള്ള കാഴ്ചയും, കോണ്‍ കോശങ്ങള്‍ തീവ്ര പ്രകാശത്തിലുള്ള കാഴ്ചകള്‍ക്കൊപ്പം വര്‍ണ്ണക്കാഴ്ചയും സാദ്ധ്യമാക്കുന്നു. മനുഷ്യന്റെ കണ്ണിനെ അടിസ്ഥാനപ്പെടുത്തിയ ചിത്രമായതിനാല്‍ മൂന്നു പ്രാധമിക വര്‍ണ്ണങ്ങള്‍ക്കുമുള്ള മൂന്നു തരം കോണുകള്‍ അടയാളപ്പെടുത്തിയിട്ടുണ്ടിവിടെ.കാലിഫോര്‍ണിയ യൂണിവേസിറ്റിയില്‍ ഇലക്ട്രൊ റേറ്റിനോഗ്രാം ഉപയോഗിച്ചു നടത്തിയ ഒരു പഠനത്തില്‍ കന്നുകാലികളില്‍ രണ്ടു തരതിലുള്ള കോണുകളുടെ സാന്നിധ്യമാണു തിരിച്ചറിഞ്ഞത്. ഈ അവസ്ഥയെ ബൈപിഗ്മെന്റഡ് എന്നു വിളിക്കാം.
കുതിരകളീല്‍ നടത്തിയ മറ്റൊരു പരീക്ഷണം ഇതേ ഫലം നല്കുന്നു.
ചുവപ്പുവര്‍ണ്ണം പ്രകോപനപരമോ?
സൈക്കൊളജിക്കല്‍ റിവ്യൂ ജേണല്‍ നല്കുന്ന വിവരമനുസരിച്ചു ചുവപ്പു വര്‍ണം പശുക്കളിലും കാളകളിലും യാതൊരു വിധ പ്രകോപനവും സൃഷ്ടിക്കുന്നില്ല എന്നാണു കണ്ടെത്തിയിട്ടുള്ളതു.കര്‍ഷകര്‍ക്കു നല്കിയ ചോദ്യാവലിയും മറ്റും അടിസ്ഥാനപ്പെടുത്തിയായിരുന്നു പഠനം.
എന്നാല്‍ ഡെന്മാര്ക്കില് , ഡാനീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് നടത്തിയ ഒരു പരീക്ഷണം കൌതുകകരമാണു
ഒരുകൂട്ടം പശുക്കുട്ടികളെ രണ്ടു വ്യത്യസ്ഥ വര്‍ണ്ണവസ്ത്രങ്ങള്‍ ധരിച്ചു രണ്ടു ആളുകള്‍ വ്യത്യസ്ഥരീതിയില്‍ കൈകാര്യം ചെയ്യുന്നതാണ് പരീക്ഷണം. ഒരാള്‍ അവക്കു സ്നേഹവും തീറ്റയും മറ്റും നല്കി അടുപ്പം സൃഷ്ടിച്ചു.
മറ്റോരാള്‍ അവയെ ഉപദ്രവിച്ചു വെറുപ്പു സൃഷ്ടിച്ചു.
തങ്ങളെ ഉപദ്രിവിക്കുന്ന ആള് അണിഞ്ഞനിറത്തൊട്, അവ അകലം പാലിക്കുന്നതായാണു നിരീക്ഷണങ്ങള്‍ സൂചിപ്പിച്ചതു.
ഈ പരീക്ഷണങ്ങളില്‍ നിന്നും നമുക്കു മനസ്സിലക്കാനാവുന്നതു ഇതാണ്. പ്രകോപനം സൃഷ്ടിക്കുന്ന തരത്തില്‍ ചുവന്ന നിറം ഒരു കാളയെ തുടര്‍ച്ചയായി പരിചയപ്പെടുത്തിയാല്‍, അവ ആ നിറവുമായി പരിചയപ്പെട്ടാല്‍, പിന്നീട് ചുവന്ന നിറം കാണിച്ചു അവയെ വിറളി പിടിക്കാന്‍ സാധിക്കും. അങ്ങിനെ സങ്കല്പ്പിച്ചു നോക്കുന്നതില്‍ തെറ്റില്ല എന്നു കരുതുന്നു
ലിങ്കുകള്‍ കൊടുത്തിരിക്കുന്ന പലതും സംഗ്രഹങ്ങള്‍ മാത്രമാണ്. മുഴുവന്‍ പ്രസിദ്ധീകരണവും വായിക്കാന്‍ എന്റെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നതല്ല. ബൂലോകര് ക്ഷമിക്കുക.
രണ്ടു ദിവസത്തെ ഗൂഗിള്‍ സേര്‍ച്ച് ഫലങ്ങള്‍ ബൂലോകര്‍ക്കായി സമര്‍പ്പിക്കുന്നു.