6/29/2008

ജപ്പാന്‍ അമ്മായി

ഒന്ന്:
കമ്പ്യൂട്ടര്‍ന്റെ ചില്ല് ജാലകങ്ങളൊന്നില്‍ മിന്നുന്ന രണ്ടക്ഷരങ്ങളായാണവര്‍ ആദ്യമായി കടന്നു വരുന്നതു . ദൃശ്യമായ ആ പേര്‍ സാഗരകന്യകളെയോ, മത്സ്യകന്യകളെയോ അനുസ്മരിപ്പിച്ചു. ജപ്പാന്‍ന്റെ വ്യാവസായിക വിപ്ലവത്തെക്കുറിച്ച് വാചാലയായവര്‍ പക്ഷെ ചരിത്രത്തെ തിരസ്കരിക്കയാണെന്ന് തോന്നി. ജപ്പാന്‍ ഒരു യുഗ പ്പിറവി തന്‍ സാക്ഷി , അണുയുഗം .ഹിരോഷിമയും നാഗസാക്കിയും ഇന്നും മനസ്സാക്ഷിതന്‍ ചോദ്യചിഹ്നം . എനിക്ക് സന്തോഷം തോന്നാതിരുന്നില്ല, നേരനുഭവങ്ങളുമായി സംവദിക്കാമല്ലോ, പഷേ അവര്‍ മത്സ്യം കണക്കെ വഴുതി. വിട പറയവേ തന്‍ ഒരു കന്യകയാണെന്നു ഓര്‍മിപ്പിക്കാന്‍ ശ്രമിച്ചത്പോലെ തോന്നി.
രണ്ട്:
മാസങ്ങള്‍ രണ്ട് കഴിഞ്ഞു ,അതോ മൂന്നോ .
അറിവിന്റെ തുരുത്തുകള്‍ തേടി വലകളില്‍ കുരുങ്ങവേ ജാലകത്തില്‍ വീണ്ടുമവര്‍ .
നാട്യങ്ങള്‍ക്ക് അവധി നല്കിയപോല്‍ കൂടുതല്‍ വാചാലയായി. സ്വാതന്ത്ര്യത്തിന്റെ വര്‍ണ്ണചിറകുകളില്‍ ഒളിച്ചിരിക്കുന്ന പുതുയുഗത്തിന്‍ രാക്ഷസ പക്ഷികളെക്കുറിച്ച് സംസാരിക്കെ, ഇടറുന്ന യുവ മനസ്സുകളുടെ ആകുലതകള്‍ ചിതറിവീണു. പാശ്ചാത്യശൈലികളുടെ ആക്രമണത്താല്‍ സ്വരാജ്യത്തിന്‍ പൈതൃകങ്ങള്‍ക്കെല്‍പ്പിച്ച മുറിവുകളുടെ നീറ്റല്‍ പന്കുവച്ചു. ദേശീയത നഷ്ടമായ ഒരു രാജ്യത്തെ ജനജീവിതങ്ങളെ വിവരിച്ചു. അണു വികിരണത്താല്‍ അര്‍ബുദം പേറി ജീവിക്കുന്നവര്‍പോലും അമേരിക്കതന്‍ പിറകെ പായുന്ന ചിത്രം വിസ്തരിച്ചു. വിവാഹം സ്വര്‍ഗത്തില്‍വച്ചു നടക്കേണ്ടതായതിനാല്‍ ഭൂമിയില്‍ വിവാഹമില്ലെന്നു പറഞ്ഞവര്‍ ചിരിച്ചു. പരിചയം വളര്ന്നു , ദിനങ്ങള്‍ , മാസങ്ങള്‍ , സൂര്യന് കീഴെ എല്ലാം വിഷയങ്ങളായി കടന്നുവന്നു . മനസ്സില്‍ പാറിനടക്കുന്ന വിഭ്രമ ചിന്തകള്‍ പന്കുവക്കാന്‍ ലഭിച്ച സൌഹൃദത്തില്‍ ഞാനും സന്തുഷ്ടനായി.
മൂന്ന്‌:
പെട്ടിയില്‍ കിടക്കുന്ന അവരുടെ സന്ദേശം ശ്രദ്ധയില്‍പെട്ടത് ആകസ്മികം, പതിവില്ലാത്തതാണ്. അത്യന്തം നീണ്ട മുഖവുര, മാപ്പപേക്ഷയാണ് പ്രമേയം. വിവാഹിതയാണ് താനെന്നും , പ്രായമേറെയാവുന്നുവെന്നും ഏറ്റുപറച്ചിലില്‍ എനിക്ക് നിസ്സംഗത മാത്രം. പ്രതീക്ഷിച്ചില്ല എന്നത് വാസ്തവമെങ്കിലും കമ്പ്യൂട്ടര്‍ന്റെ ഇത്തരം കുസൃതികള്‍ ചിരപരിചിതങ്ങള്‍ .
നാല്:
ഇത്തവണ ഞാന്‍ മുന്പേ എത്തി, വലകളില്‍ പതുങ്ങിയിരിക്കുന്ന നഗ്നമുഖം തിരിച്ചറിയാന്‍ പ്രയാസമായി , എന്റെ വിളി ഞെട്ടിച്ചു എന്ന് വ്യക്തം , കാരണം ബന്ധങ്ങളുടെ ഊഷ്മളത അവര്‍ക്കന്യമായിരുന്നു. യൌവ്വനത്തിന്റെ തീഷ്ണതയില്‍ സന്ദര്‍ശകര്‍ ആവോളമുണ്ടായിരുന്നവരൊക്കെ കാലത്തിന്‍ ചമയത്താല്‍ പിന്‍തള്ളപ്പെടുന്നു . ആഗോളീകൃത സമൂഹത്തില്‍ പാശ്ചാത്യവല്ക്കരിക്കപ്പെട്ടെന്ഗിലും , പുറംതൊലിയുടെ സ്നിഗ്ധത നഷ്ടമാകെ ഏകാന്തത കൂട്ടിനെത്തുന്ന പ്രതിഭാസം അവര്ക്കു അജ്ഞാതമായിരുന്നു. പ്രകൃതിയേകിയ മുകുളങ്ങള്‍ നാള്‍ക്കുനാള്‍ ശോഷിക്കെ, തോടുകളില്‍ ചായങ്ങള്‍ പുരട്ടി മുഖം മിനുക്കാന്‍ വൃഥാ ശ്രമിച്ചു. ഒരുദിനം ചാക്രിക ദിനങ്ങളുടെ വര്‍ണാഭ നഷ്ടമായി കേവല ജീവിയായി പരണമിക്കുമെന്നത് ആര്‍ക്കാണ് താങ്ങാനാവുക ? എന്റെ ശ്രമം വേദനയാകുമോ? ഞാന്‍ മൌനിയായി .
അഞ്ച്:
വലകളില്‍നിന്നു ആരോ കയ്യാട്ടി വിളിക്കുന്നു. അവര്‍ തന്നെയല്ലേയത്? തികച്ചും അപരിചിത , കറുത്ത കുപ്പായങ്ങള്‍ , മുഖാവരണം , സൂറത്തുകള്‍ ഉദ്ധരിച്ചു സംസാരിക്കുന്നു. നീര്‍മാതളപ്പൂക്കള്‍ ചീന്തിഎറിഞ്ഞു കരിമ്പടം പുതച്ച ബിംബങ്ങള്‍ ഒരു ആഗോള പ്രതിഭാസമാണെന്ന് ഞാന്‍ തിരിച്ചറിയവേ , മന്ദഹാസം മാത്രം.
ലോകാലോകങ്ങളുടെ സ്രഷ്ടാവിനെക്കുറിച്ച് സംസാരിക്കെ ഞാന്‍ വാചാലനായത് അത്ഭുതപ്പെടുത്തിയത് അവരെയാണ്. "അനുഭവം ഗുരു എന്ന സാക്ഷ്യം തിരസ്കരിക്കയല്ല, മറിച്ചു അഹം ബ്രഹ്മാസ്മി എന്ന ഗുരുവചനം ഓര്‍മപ്പെടുത്താന്‍ ഒരു എളിയ ശ്രമം ഞാന്‍ നടത്തിയെന്ന് തോന്നുന്നു . വാര്‍ധക്യത്തിന്റെ തുരുത്തിലാക്കിയ സ്വന്തം പിതാക്കളോട് അവള്‍ മാപ്പപെക്ഷിക്കുന്നത് ഒരു മന്ത്രം പോലെ എനിക്ക് കേള്‍ക്കായി.
ആറ് :
ഇന്നലെ പുതിയ സന്ദേശമെത്തി . യാത്രയിലാണ് ,ജന്മനാടുപേക്ഷിച്ച് എവിടെക്കെന്നറിയാതെ, ദൂരേക്ക്‌ . അവനവനിലേക്കുള്ള മടക്കയാത്ര .
യാത്രാന്ത്യം ഹിമവല്‍സാനുക്കളിലാകാം , സംന്യാസം .
സ്ത്രീക്ക് സംന്യാസം വിധിയുണ്ടോ?
വേദപണ്ഡിതര്‍ ഉത്തരമേകട്ടെ.

1 comment:

അനില്‍@ബ്ലോഗ് // anil said...

ഇ മെയിലിനു നന്ദി ബിജു,
പരതിപ്പറയെണ്ട എന്നു കരുതി.
യൌവ്വനത്തിന്റെ തീഷ്ണതയില്‍ സന്ദര്‍ശകര്‍ ആവോളമുണ്ടായിരുന്നവരാണു എന്റെ സുഹ്രുത്തു.
ഇനി ഒരു ജൈവിക സ്ത്രീ എന്ന നിലയില്‍ കുറച്ചു വര്‍ഷങ്ങല്‍ മാത്രമെ ബാക്കിയുള്ളു, ഒവുലെഷന്‍ കഴിയാന്‍.ഒറ്റപ്പെടല്‍ സ്വാഭാവികം.അതു ഉള്‍ക്കൊള്ളുക ചിലര്‍ക്കെന്‍ഗിലും പ്രയാസമായിരിക്കും എന്നുതന്നെയാനു ഉദ്ദെശിച്ചതു