6/22/2008

കലികാലം

കാലഗണനകള്‍, യുഗചക്രങ്ങള്‍ അപ്രസക്തങ്ങളായെന്ന് തോന്നുന്നു. ദശാവതാരങ്ങള്‍ ഒരേ ദിനത്തില്‍ പിറവിയെടുത്തിരിക്കുന്നു. ഏഴ്കടലും താണ്ടിയെത്തിയ ചമയക്കാര്‍ അവതാരങ്ങളെസൃഷ്ടിച്ചു. അവര്‍ തിമര്‍ത്താടട്ടെ കലികാലത്തിനു ഇതാ ഒരു പഴികൂടി.
സൃഷ്ടിസ്ഥിതിസംഹാര കര്‍മ്മങ്ങളുമായി ഹൈന്ദവമൂര്‍ത്തികള്‍ പ്രപഞ്ച തുലനം നില നിറുത്തിപ്പോരുന്നു. പരസ്പരപൂരകങ്ങളായി കര്‍മരംഗത്ത്‌ വ്യാപരിച്ച ശക്തികളാല്‍ ഭൂമിയിലും സ്വര്‍ഗത്തും സമാധാനം. സ്ഥിതി പരിപാലന മൂര്‍ത്തി, അനന്തശയനത്തിങ്കല്‍. വിഷാദഗ്രസ്ഥനായി നിദ്രയിലാണ്ട്, കര്‍മരംഗത്ത്നിന്നും പിന്‍വാങ്ങിയിരിക്കുന്നു . പ്രപഞ്ചത്തില്‍ ജീവജാലങ്ങള്‍ ദുരിതത്തിലാണ്, കുടിനീരില്ല, അന്നമില്ല, തേരുകള്‍ മണ്ണില്‍ പുതയാന്‍ തുടങ്ങി. ഒന്നുമേതും ലഭിക്കാഞ്ഞു ക്ഷാമമെന്ന ഭൂതഗണം ഭൂമിയില്‍ പിറവിയെടുത്തിരിക്കുന്നു. വീഞ്ഞായി പുളിപ്പിച്ച മന്നായും മനുഷ്യകൃതിയായ യന്ത്രങ്ങള്‍ക്ക് വിശപ്പാറ്റുമ്പോള്‍, ദൈവരൂപത്തില്‍ ജാതരായ മനുഷ്യന്‍ വായുമാത്രം ഭക്ഷിച്ചു മൃതിലോകം പൂകുന്നു. കലികാലം....
ഹിന്ദുസ്ഥാന്‍ ആമോദത്തിലാറാടുകയാണ്. ത്രിമൂര്‍ത്തികള്‍ ഹൈന്ദവഭൂവില്‍ അവതാരമെടുത്തിരിക്കുന്നു. കര്‍മവിവേചനങ്ങളില്ല, അവതാര ലക്‌ഷ്യം സംഹാരം മാത്രം, ഒരു ജനതയെ ഒരു സംസ്കാരത്തെ. വെളുത്ത മേലാളരില്‍ നിന്നും അടരാടിനേടിയ സ്വാതന്ത്ര്യത്തെ . പ്രഥമ സ്ഥാനീയ സ്വജാതി അല്ലെങ്കിലും ഭാരതീയ തന്നെ , ദത്ത് പുത്രി. അഹിംസാനാട്യക്കാരുടെ മൂവര്‍പതാകയേന്തുന്നവള്‍. ഇടവുംവലവും ഉത്തരദക്‍ഷിണ ദേശങ്ങളില്‍ നിന്നെത്തിയ മഹാ പണ്ഡിതര്‍. അര്‍ഥശാസ്ത്രത്തില്‍ ജാതരായവര്‍, ലോക ഖജാനയുടെ സൂക്ഷിപ്പുകാര്‍. അര്‍ഥശാസ്ത്ര നിപുണതയില്‍ അര്‍ഥം പെരുകി, പെരുകിയത് പക്ഷെ നിരക്കായിരുന്നുപോല്‍ . പ്രകൃതി ,അണുവില്‍ ആവാഹിച്ചടക്കിയ ഊര്‍ജ്ജത്തെ പിളര്‍ക്കാന്‍ സാത്താനുമായി സന്ധി ചെയ്കയാണിപ്പോള്‍ . ത്രിമൂര്‍ത്തികള്‍ അവതരിച്ചിരിക്കുന്നു , ലക്‌ഷ്യം സംഹാരം മാത്രം. ഭാരതമണ്ണില്‍ സ്വാതന്ത്ര്യത്തിന്റെ , ജനായത്തത്തിന്റെ അന്തിമ കാഹളം കെട്ട് തുടങ്ങിയോ ?
യുഗചക്രങ്ങള്‍ തിരിയുകയാണല്ലോ, കലികാലശേഷം പ്രളയമാണല്ലോ , മഹാപ്രളയം.

No comments: