മൂന്നാര്‍, തേക്കടി എന്നിവടങ്ങളിലായി രണ്ട് കാട്ടാനകളുടെ മരണം നടന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് പോയ സുഹൃത്തുക്കളുടെ കൂടെയായിരുന്നു കഴിഞ്ഞാഴ്ച കാട് കയറാന്‍ പോയത്. തേക്കടിയിലെത്തി കാട്ടിലേക്ക് യാത്രതിരിക്കാന്‍ തുടങ്ങിയപ്പോഴാണ് ശല്യക്കാരനായ ഒരു ചുള്ളിക്കൊമ്പന് ഡാം സൈറ്റില്‍ ഉണ്ടെന്ന് അറിഞ്ഞതും അവനേക്കാണാന്‍ പോകാന്‍ തീരുമാനമായതും. തേക്കടി ബോട്ട് ലാന്റിങില്‍ നിന്നും ഏകദേശം അരമണിക്കൂറോളം സ്പീഡ് ബോട്ടില്‍ പോയാലെ ഡാമിലെത്തൂ, ഡാം നമ്മുടെ മുല്ലപ്പെരിയാര്‍ ഡാമാണെന്ന് പറയേണ്ടതില്ലല്ലോ.
ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൂടെയുള്ള യാത്രയായതിനാല്‍ ഡാമില്‍ കയറാന്‍ ബുദ്ധിമുട്ടുണ്ടായില്ല, എന്നിരുന്നാലും ക്യാമറ കയ്യിലെടുക്കുന്നതിനോട് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ യോജിച്ചില്ല. ചിത്രമെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും കൂടുതല്‍ നിര്‍ബന്ധം ഞങ്ങളും കാട്ടിയില്ല. ഡാമിന്റെ മുകളില്‍ എത്തിയപ്പോള്‍ ഫോട്ടോ എടുക്കാനാവാത്തതില്‍ വിഷമിക്കേണ്ട കാര്യമില്ലെന്ന് മനസ്സിലായി എന്തെന്നാല്‍ പാച്ചുവിന്റെ മുല്ലപ്പെരിയാര്‍ യാത്രാ ബ്ലോഗില്‍ കാണുന്ന എല്ലാ ചിത്രങ്ങളും അതുപോലെ തന്നെ കാണാം.
ഡാം സൈറ്റിലെ ബോട്ട് ലാന്റിങില്‍ നിന്നും കയറുന്നത് പോലീസ് ക്വാട്ടേഴ്സുകളിലേക്കാണ്, അത്ര സൌകര്യങ്ങളൊന്നും ഇല്ലാത്ത കരിങ്കല്‍ കെട്ടിടങ്ങള്‍. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായൊരു ചായ്പില്‍ ചില പോലീസുകാര്‍ ഭക്ഷണം പാചകം ചെയ്യുന്നുണ്ട്. അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ നമുക്ക് അധികാരമില്ല, തമിഴ്നാട് ചെയ്യണം. ആന ശല്യം വളരെ ഏറെയുള്ള ഈ ഭാഗത്ത് എല്ലാ ദിവസവും ആനകളുണ്ടാവാറുണ്ടത്രെ. ഞങ്ങള്‍ തേടിച്ചെന്ന ചുള്ളിക്കൊമ്പന് അവിടെ നിന്നും പോയെന്ന വിവരമാണ് കിട്ടിയത്. വന്ന സ്ഥിതിക്ക് ഡാം ചുറ്റി നടന്നു കാണാന്‍ തീരുമാനിച്ചു. ഡാമിന്റെ കാഴ്ചകളിലേക്ക് കടക്കുന്നില്ല, പക്ഷെ ഡാമിന്റെ സുരക്ഷ സംബന്ധിച്ച ചില ചിന്തകള്‍ പങ്കുവക്കുന്നു.
ഇത് മെയിന്‍ ഡാം, സ്പീഡ് ബോട്ടില്‍ നിന്നുള്ള ചിത്രം. ഡാം നില്ക്കുന്നതും ഡാമിന്റെ പിന്നില്‍ കാണുന്ന മലനിരകളടക്കം കേരളത്തിന്റെ മണ്ണാണ്.സൂക്ഷിച്ചു നോക്കിയാല്‍ പൊളിഞ്ഞിളകിയ സിമന്റ് തേപ്പ് കാണാനാകും.
ഇത് സ്പില്‍ വേ, ബോട്ട് ലാന്റിങില്‍ നിന്നുള്ള ചിത്രം. 136 അടി കഴിഞ്ഞാല്‍ വെള്ളം ഇതുവഴിയാണ് കവിഞ്ഞൊഴുകിപ്പോകേണ്ടത്. ഇത് നില്ക്കുന്നതും വെള്ളം ഒഴുകിപ്പോകുന്നതും കേരളത്തിന്റെ വനഭൂമിയിലൂടെയാണെന്ന് പറയേണ്ടല്ലോ.
മെയിന്‍ ഡാമിന്റെ മുകളിലൂടെ നടന്നാല്‍ ബേബി ഡാമിലെത്താം. ബേബി ഡാം എന്നാല്‍ ഡാമിന്റെ വലതുഭാഗത്തായ് നീരൊഴുകുന്ന ഭാഗം തടഞ്ഞു നിര്‍ത്തിയിരിക്കുന്നതാണ്. ഈ ഡാം യാതൊരു കൃത്രിമ മോടിപിടിപ്പിക്കലുമില്ലാതെ കാണാനാകുന്നു എന്നുള്ളതാണ് മെച്ചം. വെള്ളത്തിന്റെ ശക്തിയില്‍ ഡാം തള്ളിപ്പോകുന്നുവെങ്കില്‍ ആദ്യം ബേബി ഡാമാകും പൊട്ടുക എന്നു തോന്നുന്നു.ചിത്രത്തിന് കടപ്പാട്, പാച്ചു.
ബേബി ഡാമിനും മെയിന്‍ ഡാമിനുമിടയില്‍ സാന്‍ഡ് ഡാം, ഇതിന്റെ നിര്‍മ്മിതിയും വ്യത്യസ്ഥമല്ല. ബേബി ഡാമിന്റെ ചിത്രവും ഈ ചിത്രവും പരിശോധിച്ചതില്‍ നിന്നും കേരളത്തിന്റെ വാദങ്ങള്‍ ശരിയാണെന്ന് ബോധ്യം വരുന്നുണ്ട്. ചിത്രത്തില്‍ കാണുന്ന കല്‍ക്കെട്ട് മെയിന്‍ ഡാം മുതല്‍ ബേബിഡാമിന്റെ അറ്റം വരെ നീണ്ടു കിടക്കുന്ന ഒന്നാണ്, ഡാമുകളുടെ ഭാഗത്ത് ഉള്‍ഭാഗം സുര്‍ക്കി മിശ്രിതവും ഇവിടെ മണലും മണ്ണും.
ചിത്രത്തിന് കടപ്പാട്, പാച്ചു.
ഈ ഡാമുകളുടെ നിര്‍മ്മിതി മെയിന്‍ ഡാമിന്റേതിനു സമാനമാണെന്നാണ് മനസ്സിലാക്കാനാവുന്നത്. താഴെ ചിത്രം നോക്കൂ, ഏകദേശം രൂപ രേഖ കൊടുക്കുന്നു.രണ്ടു വശവും കല്‍ക്കെട്ടും നടുഭാഗം കല്‍ക്കഷണങ്ങള്‍, മണ്ണ്, ചുണ്ണാമ്പ് എന്നിവ നിറച്ചാണ് ഈ ഡാം നിര്‍മ്മിച്ചിരിക്കുന്നത്.ഈ വസ്തുക്കളെല്ലാം ജലാംശം ചോരുന്നവയാണെന്നതിനാല്‍ കുറഞ്ഞ തോതിലുള്ള സീപ്പേജ് ഇത്തരം ഡാമുകളില്‍ ഉണ്ടാവും, വെള്ളം വാര്‍ന്നു പോകാനുള്ള ചാലുകളും. എന്നാല്‍ കാലക്രമത്തില്‍ ഇവ ഒലിച്ച് പോയി ചോര്‍ച്ച വര്‍ദ്ധിക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.ചിത്രം ഗൂഗിളില്‍ തപ്പിയെടുത്തത്.
മെയിന്‍ ഡാമിനെ ഈ നിലയില്‍ കാണുന്നത് തങ്ങള്‍ക്ക് ദോഷം ചെയ്യും എന്ന് ബോദ്ധ്യപ്പെട്ട തമിഴ്നാട്, കോണ്‍ക്രീറ്റ് ഉപയോഗിച്ച് മെയിന്‍ ഡാമിനെ പൊതിഞ്ഞു വച്ചിരിക്കുന്നത് കാണാം. കോണ്‍ക്രീറ്റ് കെട്ടോടു കൂടിയ മോഡിഫൈഡ് ഡാമാണ് ഇന്ന് നമ്മള് കാണുന്ന മുല്ലപ്പെരിയാര്‍ ഡാം, അകമെ കല്ലും ചുണ്ണാമ്പും , പോരാഞ്ഞതിന് ഒരു ടണലും കൂടിയ ഈ കെട്ട് എത്ര ഉറപ്പുള്ളതാണെന്ന് ഉറപ്പ് പറയാനാവില്ല.മെയിന്‍ ഡാമിന്റെ മുകളിലെ തേപ്പില്‍ ഈ കൂട്ടിച്ചേര്‍ക്കല്‍ വ്യക്തമാണ്. രണ്ടാമത് ബലപ്പെടുത്താനായ് കെട്ടിയ കോണ്‍ക്രീറ്റിന് ഈ തകര്‍ച്ചയെ പ്രതിരോധിക്കാന്‍ ശേഷി ഉണ്ടോ എന്നും പറയാനാവില്ല. ചിത്രം നോക്കുക, ഡാമിന്റെ മേല്‍ ഭാഗത്ത് കൂട്ടിച്ചേര്‍ക്കല്‍ വ്യക്തമായി കാണാം. ഒറ്റ നോട്ടത്തില്‍ ബലവത്തെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ ഈ കെട്ടിനു കഴിയുന്നു.
ഈ കൂട്ടിച്ചേര്‍ക്കല്‍ വെറും പുറം പൂച്ച് മത്രമാണെന്ന് ഡാം നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പറയുന്നു. നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കെട്ട് പഴയ ഡാമിന്മേലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നത് തന്നെ കാരണം. വെള്ളത്തിന്റെ ഒരു തള്ളല്‍ വന്നാല്‍ ഇരുകരകളിലും വേണ്ട രീതിയില്‍ പിടുത്തമില്ലാത്ത ഈ കെട്ട് മറിഞ്ഞു പോകും. പുതിയ ഡാം നിര്‍മ്മിക്കാന്‍ ആലോചിക്കുന്ന സ്ഥലം അധികം താഴെയല്ലാതെ കാണാം. ഏറെ വനപ്രദേങ്ങളൊന്നും തന്നെ ബാധിക്കാത്ത അത്ര അടുത്ത്,അതുമാത്രമാണ് ഒരു ആശ്വാസം.
കേരളത്തിന്റെ മണ്ണില്‍ ഉത്ഭവിച്ച് കേരളത്തില്‍ ഒഴുകി കടലില്‍ പതിക്കുന്ന ഒരു നദിയുടെ ഡാമിന്റെ മേല്‍, അതും ഇത്രയധിലം ആപത്ത് വരാവുന്ന ഒന്ന്, നമുക്ക് ഒന്നും ചെയ്യാനാകുന്നില്ലെങ്കില്‍ അത് വ്യവസ്ഥിതിയുടെ തെറ്റാണെന്നെ പറയാനാകൂ.
5/12/2010
Subscribe to:
Post Comments (Atom)
15 comments:
മുല്ലപ്പെരിയാര്‍ ചിന്തകള്‍.
ഏതായാലും പോയി നേരിട്ട് കണ്ട് ബോധ്യമായല്ലൊ :)
മാഷെ..
എനിക്കൊരു പുതിയ അറിവാണ് പഴയ ഡാം പൊതിഞ്ഞുകൊണ്ടുണ്ടാക്കിയ ചട്ടക്കൂടാണ് ഇപ്പോൾ നമ്മൾ കാണുന്ന ഡാം എന്നത്. ഈ പോസ്റ്റിലൂടെ അനിൽ ഭായ് കൂടുതലായി എന്തൊക്കെയൊ പറയാനായി വന്നതാണെന്ന് കാണാം പക്ഷെ എന്തുകൊണ്ടൊ പോസ്റ്റ് ഒതുക്കപ്പെടുന്നതുപോലെ തോന്നുന്നു.
പിന്നെ ഇത്രയും നല്ലൊരു യാത്ര തരപ്പെട്ടപ്പോൾ മറ്റു കാഴ്ചകളുടെ പടമുൾപ്പെടെയുള്ള വിവരണങ്ങൾ നൽകാമായിരുന്നു. ഞാൻ മറന്നുപോയ് താങ്കൾ നിരുവൊ അച്ചായനൊ അല്ലല്ലൊ....
പിന്നെയും യാത്രകൾ.. തുടരട്ടെ... താങ്കളിൽ നിന്നും വ്യത്യസ്തമായ പോസ്റ്റ്
അപ്പോ രാമനാമം ജപിക്കാന്‍ സമയമായിക്കൊണ്ടിരിക്കുന്നൂന്ന് സാരം. ഈശ്വരോ രക്ഷതു :(
നമുക്ക് ഒന്നും ചെയ്യാനാകുന്നില്ലെങ്കില്‍ അത് വ്യവസ്ഥിതിയുടെ തെറ്റാണെന്നെ പറയാനാകൂ.
വൃഥാവിലാവുന്ന save kerala - campaign ഉം വ്യവസ്ഥിയുടെ തെറ്റിന്റെ മറ്റൊരു മുഖമായിരിക്കുന്നു. തെറ്റിനെ തെറ്റുകൊണ്ട് നിശബ്ദമാക്കുന്ന വ്യവസ്ഥിതിയുടെ വികൃതി.
ഇടുക്കി,എറണാകുളം ജില്ലക്കാര്‍ക്ക് വ്യാകുല ചിന്തകള്‍
നാമും ഒരിക്കൽ പോകും നല്ല ചിത്രങ്ങളും കുറിപ്പും
ഓര്‍ത്തു ടെന്‍ഷന്‍ അടിക്കാന്‍ അല്ലാണ്ടെ ഒന്നും ചെയ്യാന്‍ പറ്റുന്നില്ലല്ലോ ഈശ്വരാ
അതെല്ലാം മറന്നേക്കൂ! ആ ആനകള്‍ക്ക് എന്തു പറ്റിയതായിരുന്നു മാഷേ?
നല്ല ചിത്രങ്ങളും വിവരങ്ങളും
നേരിട്ടു പോയി കണ്ടു ബോദ്ധ്യപ്പെടാന്‍ പറ്റി അല്ലേ?
കിച്ചു,
ചേച്ചി, അതെ, നേരിട്ട് കണ്ടതില്‍ വളരെ സന്തോഷം തോന്നി.
മുഹമ്മദ് ഷാന്‍,
:)
കുഞ്ഞന്‍,
ഭായ്, ഞാനും ഇത് ഇപ്പോഴാണ് അറിയുന്നത്.
അതോണ്ടുമാത്രമാണ് ഈ പോസ്റ്റ് ഇട്ടത്. യാത്ര അല്പം വിശദമായി എഴുതിയിരുന്നെങ്കിലും പിന്നീട് വെട്ടിച്ചുരുക്കി.
മനോജ് രാജ്,
നന്ദി.
നിരക്ഷരന്,
ഭായ്..
:)
ബായന്‍,
എന്തോ മനസ്സില്‍ വച്ച് പറയുന്നത് പോലെ.ഇന്റര്‍ നെറ്റില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ അവര്‍ ചെയ്യുന്നുണ്ടന്നാണ് ഞാന്‍ കരുതുന്നത്. നിര്‍ദ്ദേങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ നല്‍കണമെന്ന ഒരു അഭ്യര്‍ത്ഥന.
കൃഷ്ണകുമാര്‍,
അതെ.
ബാബുരാജ്,
മൂന്നാറിലെ ആന ഗൌരവമായ ലിവര്‍ സിറോസിസ് മൂലം മരിച്ചു എന്നാണ് പോസ്റ്റ് മോര്‍ട്ടം നിഗമനം. ലിവര്‍ മാത്രമല്ല എല്ലാ ആന്തരാവയവങ്ങളും തകര്‍ന്നു പോയിരിക്കുന്നു. വിഷാംശം കാരണമാകാം (നൈട്രേറ്റ്/ യൂറിയ)എന്ന് കരുതുന്നു.
തേക്കടിയിലെ ആന 60 വയസോളം പ്രായമായ ഒരു പിടിയാനയായിരുന്നു, അസ്വാഭികമായി ഒന്നും തോന്നിയില്ല.
ആഭി,
നന്ദി.
എഴുത്തുകാരി,
ചേച്ചീ, അതെ . ഇവിടെ മാദ്ധ്യമങ്ങളില്‍ ഘോരഘോരം വാദിക്കുന്ന പലരും അവിടെ ചെന്ന് നേരിട്ട് കണ്ടിട്ടല്ല പറയുന്നതെന്നതിനാല്‍ , കിട്ടിയ ഈ അവസരത്തില്‍ എനിക്ക് അല്പം സന്തോഷം തോന്നുണ്ട്.
>>>" ഇന്റര്‍ നെറ്റില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ അവര്‍ ചെയ്യുന്നുണ്ടന്നാണ് ഞാന്‍ കരുതുന്നത്." >>>>
അനില്‍: മനസ്സുവായിക്കാന്‍ ശ്രമിച്ചതിന് നന്ദി,
മുല്ലപ്പെരിയാര്‍ പ്രൊജക്ട് എവിടെയുമെത്തിയില്ല. ബൂലോകര് കാമ്പൈന് നടത്തിയതുകൊണ്ട് ഇതു കാണുന്നവര്‍ വായിച്ച് നെട്വീര്പ്പിടും എന്നതല്ലാതെ, ഇതിന് എന്തെങ്കിലും മാറ്റം വരും എന്ന തോന്നലും ഇല്ല.
പ്രശ്നാധിഷ്ടിത ആസൂത്രണം എന്ന നമ്മുടെ പതിവുശൈലിയില്‍ നിന്നും ഒന്നു മാറി; നീരുവിന്റെ നേതൃത്വത്തിലാരംഭിച്ച സേവ് കേരള കാമ്പൈന് ഇനിയും ഊര്‍ജ്ജിതമായി മുന്നോട്ടുകൊണ്ടുപോകേണ്ടതായുണ്ട്. ഒരു മുല്ലപ്പെരിയാറ് വിഷയത്തില്‍ ഒതുങ്ങേണ്ടതായിരുന്നില്ല -സേവ് കേരള പ്രോഗ്രാം.
ആസൂത്രണം എന്ന വാക്കുപൊലും കൊഞ്ഞനംകാട്ടുന്ന രീതിയിലാണ് നമ്മുടെ ഇന്ന്. നാളെയെകുറിച്ച് ഒരവബോധവും നമ്മള് കാണിക്കുന്നില്ല. എല്ലാവരുടേയും വിശ്വാസം അഞ്ച്കൊല്ലം കൂടുമ്പോള്‍ മാറിവരേണ്ടുന്ന ഇരു മുന്നണികളിലുമാണ്. കേരള രഷ്ട്രീയത്തിലെ ഏതു പാര്‍ട്ടികളുടെ കയ്യിലാണ് കേരളത്തിനുവേണ്ടിയുള്ള ഒരു നൂറു പദ്ധതികളുടെ ലിസ്റ്റുണ്ടാവുക. ഒരു നൂറ്കൊല്ലത്തിനപ്പുറം നമ്മുടെ നാട് എങ്ങിനെയിരിക്കണം എന്ന് ഇവരുടെ പദ്ധതികളിലുണ്ടോ.
അനിലിന്റെ മകന് അപ്പൂപ്പനാവുമ്പോള് എത്ര വാഹനം റോഡിലുണ്ടാവും, പാതകള്‍ എങ്ങിനെയാവണം, എത്ര മെഗാവാട്ട് വൈദ്യുതി നമുക്ക് വേണ്ടിവരും, എത്ര പശുക്കള്‍ നമുക്കുണ്ടാവണം, എത്ര അനാഥ-അഗതി- വൃദ്ധസദങ്ങള്‍ കെട്ടിപ്പൊക്കണം, എങ്ങിനെ നമ്മള് ശുചിത്വബോധം സംരക്ഷിക്കും, എത്ര ടണ്‍ മത്തി ആവശ്യമായി വരും , എവിടെയൊക്കെ വെള്ളം സംഭരിക്കും, പോലീസിന്റെ ഉരുട്ടല്‍ വിദ്യ എത്രനാള്‍ തുടരും, എങ്ങിനെ ഗള്‍ഫ് പ്രവാസം അവസാനിക്കും .....
എന്നിങ്ങനെ ഒരു കൂട്ടം പദ്ധതികള്‍ SAVE KERALA CAMPAIGN ന്റെ ബാനറില്‍ കേരളത്തിന്റെ വിനീതരായ 'രാഷ്ട്രീയം' മാത്രം പഠിച്ചുപോയ ബഹുമാനപ്പെട്ട ഭരണാധികാരികള്‍ക്ക് മുന്നില്‍ നമുക്കു സമര്‍പ്പിക്കാന്‍ കഴിഞ്ഞെങ്കില്‍ ഒന്നും നാട്ടിന് വേണ്ടി ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ആശ്വസിക്കാനെങ്കിലും ഒരു വകുപ്പുണ്ടാകുമായിരുന്നു.
(മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാം, കേരളത്തിന് അനുയോജ്യമായ കുറേ വികസന പദ്ധതികളെ കുറിച്ചു മുന്നെ സംസാരിച്ചതായി ഓര്‍ക്കുന്നു).
നേരിട്ട് കണ്ടറിയാന്‍ പറ്റിയത് നല്ല കാര്യം തന്നെ.വ്യവസ്ഥിതിയുടെ പോരായ്മകള്‍ പരിഹരിക്കപ്പെടണേ,ഉത്തരവാദപ്പെട്ടവര്‍ ഇനിയെങ്കിലും കണ്ണു തുറന്നു കാണണേ എന്നൊക്കെ പ്രാര്‍ത്ഥിക്കുകയല്ലാതെ എന്തു ചെയ്യാന്‍..
Post a Comment