5/13/2010

മിതവേഗത എത്ര വേഗം?

ഫോസില്‍ ഇന്ധനങ്ങള്‍ ഉറവ വറ്റുന്നവയാണെന്നതിനാല്‍ ഇവയുടെ ഉപയോഗം ഏറ്റവും ക്ഷമത ലഭിക്കുന്ന തരത്തിലായിരിക്കണമെന്ന് നാം എപ്പോഴും പറയാറുണ്ട്. 20 ശതമാനം വിലക്കുറവില്‍ ഇന്ധനം എന്നൊരു ടീവി പരസ്യം കാണാറുണ്ട്, പെട്രോള്‍ പമ്പിലെത്തുന്ന കാറുടമയോട് ഇനി ഇന്ധനത്തിന് ഇരുപത് ശതമാനം വിലക്കുറവാണെന്ന് പറയുന്ന പമ്പ് ജോലിക്കാരന്‍, എന്നാല്‍ ബാക്കി തരൂ എന്ന് പറയുന്ന വാഹന ഉടമയോട് അത് നിങ്ങളുടെ കയ്യിലാണ് ഇനി മുതല്‍ കുറഞ്ഞ വേഗതയില്‍ വാഹനം ഓടിക്കൂ എന്ന് പമ്പില്‍ നിന്നും ഉപദേശം നല്‍കുമ്പോള്‍ അതൊരു നല്ല പ്രചരണമാവുന്നു. എന്നാല്‍ ഇവിടെ ഒരു ചെറിയ പിശക് കടന്നു കൂടിയിട്ടുണ്ട്, എന്തെന്നാല്‍ വാഹനം 40 കിലോമീറ്റര്‍ / മണിക്കൂര്‍ സ്പീഡില്‍ ഓടിക്കാനാണ് ഉപദേശം . കുറച്ച് ദിവസം മുമ്പ് ജഗദീശിന്റെ മലയാളം വെബ് ലോഗില്‍ ഏറ്റവും ഉയര്‍ന്ന ഇന്ധന ക്ഷമത കാഴ്ചവച്ച ഒരു വാഹനത്തെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി. റെക്കോഡിട്ടത് വൈദ്യുതകാറാണെങ്കിലും വിഷയം സ്പീഡും വേഗതയും തമ്മിലുള്ള പരസ്പര ബന്ധം തന്നെയാണ്. അതിനെ വിശദീകരിക്കുന്നതിനിടെ പരമാവധി വേഗം 55 കി.മീ / മണിക്കൂര്‍ ആയി നിജപ്പെടുത്തിയാണ് ക്ഷമത കൈവന്നതെന്നും പരാമര്‍ശിച്ചു കണ്ടു.

യഥാര്‍ത്ഥത്തില്‍ എത്രയാണ് മിതവേഗതയുടെ വേഗത?
ടീവി പരസ്യത്തില്‍ കാണുന്ന 40 കിലോമീറ്റര്‍ വേഗതയിലോ അല്ലെങ്കില്‍ ജഗദീശ് പരാമര്‍ശിക്കുന്ന 55 കിലോമീറ്റര്‍ വേഗതയിലോ നമ്മുടെ ഹൈവേകളില്‍‍ വാഹനം ഓടിക്കുന്നത് സങ്കല്‍പ്പിച്ചു നോക്കൂ, എന്തൊരു ബോറായിരിക്കും, റോഡില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ച് നീങ്ങുന്ന നമ്മുടെ വാഹനത്തെ മറ്റ് യാത്രക്കാര്‍ മനസ്സാ ശപിക്കുകയും ചെയ്യും എന്ന് തീര്‍ച്ച. അപ്പോള്‍ 55 കിലോമീറ്റര്‍ വേഗത മതിയാകുമോ?മുന്നോട്ട് നാലും പിറകോട്ട് ഒരു ഗിയറും മാത്രമുണ്ടായിരുന്ന എന്റെ പഴയ അമ്പാസിഡര്‍ കാര്‍ ഉണ്ടായിരുന്ന കാലത്ത് 40 മുതല്‍ അമ്പത് കിലോമീറ്റര്‍/മണിക്കൂറായിരുന്നു മിതവേഗത. ഇന്ന് റോഡുകള്‍ ക്ഷമതയേറിയതായി, വാഹനം കൃശഗാത്രനായി, ഗിയര്‍ അഞ്ചും അറും ആയി.ഇപ്പോഴും നമുക്ക് 40 - 50 ഇല്‍ തന്നെ ഉറപ്പിക്കാമോ?

വിക്കി ലേഖനങ്ങള്‍ ആധികാരിക റഫറസുകളായി പരിഗണിക്കാനാവില്ലെങ്കിലും സ്പീഡും ക്ഷമതയും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുന്ന ഈ ലേഖനം കാണുക. സംശയം വരുന്ന ഭാഗങ്ങളില്‍ അതാതിടങ്ങളിലെ റഫറന്‍സുകള്‍ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കും.45 മൈല്‍/ മണിക്കൂറിനേക്കാള്‍ 65 മൈല്‍/ മണിക്കൂറാണ് കൂടുതല്‍ ക്ഷമത നല്‍കിയതെന്ന് ഈ ലേഖനം പറയുന്നു. 55 മൈല്‍/ മണിക്കൂര്‍ ആണ് ഏറ്റവും ക്ഷമതയുള്ള വേഗത എന്നും കാണാം. വിവിധ വെബ് സൈറ്റുകള്‍ നല്‍കുന്ന വിവരവും ഇതുനു സമാനമാണ്. കാറുകളുടെ ബോഡി ഡിസൈനില്‍ വന്ന പരിഷ്കാരങ്ങളും ട്രാന്‍സ്മിഷന്‍ സിസ്റ്റത്തില്‍ വന്ന പരിക്കാരങ്ങളും ചേര്‍ത്ത് 40 മുതല്‍ 50 കിലോമീറ്റര്‍ സ്പീഡ് എന്നതിനെ മാറ്റാറായി എന്ന് തോന്നുന്നു. മേല്‍ പാരഗ്രഫില്‍ വിവരിച്ചിരിക്കുന്ന ഇടങ്ങളില്‍ സംഭവിക്കുന്നതിനെ ഇങ്ങനെ മനസ്സിലാക്കാം , 55 മൈല്‍ / മണിക്കൂര്‍ മൊഴിമാറ്റത്തില്‍ 55 / കി.മീ / മണിക്കൂര്‍ ആകുന്നു. 0.6214 മൈല്‍ ഒരു കിലോമീറ്റര്‍ എന്ന് കണക്കാക്കിയാല്‍ അതായത് ഏകദേശം 88.5 കിലോമീറ്റര്‍ / മണിക്കൂര്‍. 40 മൈല്‍/ മണിക്കൂര്‍ എന്നത് 65 കിലോമീറ്റര്‍/ മണിക്കൂര്‍ ആകുന്നും.

65 കിലോമീറ്റര്‍/ മണിക്കൂര്‍ എന്നത് പ്രായോഗികമായ ഒരു വേഗതയാണെന്നാണ് എന്റെ നിരീക്ഷണം, കാര്യമായ ഗിയര്‍ മാറ്റങ്ങള്‍ കൂടാതെ ശാന്തമായി പോകാം.എന്താണ് നിങ്ങളുടെ അഭിപ്രായം?

20 comments:

അനില്‍@ബ്ലോഗ് said...

മിതവേഗത എത്ര വേഗം?

jayanEvoor said...

അനിൽ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നുന്നു.

വാഹനങ്ങളൂടെ പ്രവർത്തനക്ഷമതയും, റോഡുകളുടെ ക്വാലിറ്റിയും വച്ച് ഹൈവേകളിൽ 65kmph ആവും ലാഭകരം.

MANIKANDAN [ മണികണ്ഠന്‍‌ ] said...

വാഹനം ഓടിക്കാന്‍ അറിയാത്ത ഞാന്‍ ഈ വിഷയത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ല എങ്കിലും അനിലേട്ടനും ജയന്‍‌മാഷും എഴുതിയതു കൊണ്ട് ഉണ്ടായ സംശയം ആണ് ഞാന്‍ ചോദിക്കുന്നത്. കേരളത്തിലെ ദേശീയപാതകളിലും സംസ്ഥാനപാതകളിലും പൊതുജനത്തിന്റെ വാഹനത്തിന് (സര്‍ക്കാര്‍ വാഹനങ്ങള്‍, കെ എസ് ആര്‍ ടി സി ബസ്സുകള്‍, ഉന്നതങ്ങളില്‍ പിടിപാടുള്ള പ്രമുഖവ്യക്തികളുടെ വാഹനങ്ങള്‍, വിവിധ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ള വാഹനങ്ങള്‍ എന്നിങ്ങനെ കൈ കാണിച്ചാല്‍ പ്രത്യേകിച്ച് ഒന്നും തടയില്ലെന്നതിനാല്‍ പോലീസുകാരും മോട്ടോര്‍ വാഹന വകുപ്പും ഒരിക്കലും പരിശോധിക്കാത്ത വാഹനങ്ങള്‍ ഒഴിച്ചുള്ള എല്ലാ വാഹങ്ങളും ഈ പറഞ്ഞ പൊതുജനത്തിന്റെ വാഹനം എന്നതില്‍ വരുന്നവയാണ്)പോലീസും, സ്പീഡ് ട്രേസര്‍ എന്ന് വണ്ടിയുമായി കറങ്ങുന്ന മോട്ടോര്‍ വാഹനവകുപ്പും നിഷ്കര്‍ശിച്ചിട്ടുള്ള വേഗം എത്രയാണ്. അത് ഒരിടത്തും അറുപതില്‍ കൂടുതല്‍ അല്ലെന്നാണ് എന്റെ അറിവ്. അതുകൊണ്ട് ഇന്ധനക്ഷമത കൂട്ടാന്‍ അറുപതിലോ അതിനു മുകളിലോ ഓടിച്ചാല്‍ അമിത വേഗതയ്ക്ക് പിഴ തീര്‍ച്ച. ഇപ്പോള്‍ പിഴയുടെ നിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ടെന്നത് നിങ്ങള്‍ക്കും അറിയാവുന്നതല്ലെ. ലാഭിക്കുന്ന ഇന്ധന വില അങ്ങനെ പിഴയൊടുക്കി തീര്‍ക്കണോ? :)

ഒരു ഓഫ് കൂടെ എടപ്പാള്‍ - കുറ്റിപ്പുറം റൂട്ടില്‍ അറുപതു കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ റോഡ്........ കഴിഞ്ഞ ആഴ്ച കോഴിക്കോടുവരെ ആ റൂട്ടിലൂടേ പോയതിന്റെ നടുവേദന ഇപ്പോഴും മാറിയിട്ടില്ല. അടി വരുന്നതിനു മുന്‍പേ ഞാന്‍ ഓടി. :) :)

shajiqatar said...

ഗള്‍ഫിലോക്കെ 80km/h ഭൂരിഭാഗം റോഡുകളിലെ വേഗത.ഈ സ്പീഡില്‍ പോകുമ്പോള്‍ വണ്ടി വളരെ സ്മൂത്ത് ആണെന്ന് തോന്നുന്നു,അപ്പോള്‍ ഇന്ധന ക്ഷമതയും കൂടില്ലേ? അപ്പോള്‍ മിതവേഗത ഇതല്ലേ കൂടുതല്‍ ശരി?

JanuskieZ said...

Hi... Looking ways to market your blog? try this: http://bit.ly/instantvisitors

Typist | എഴുത്തുകാരി said...

എനിക്കിതിനേപ്പറ്റി പറയാന്‍ അര്‍ഹതയില്ല.
എന്റെ മാക്സിമം സ്പീഡ് 40, അങ്ങേയറ്റം 45.

ബ്രേക്കിനു പകരം ആക്സിലറേറ്ററില്‍ ചവിട്ടി മതിലില്‍ കൊണ്ടിടിച്ച പാര്‍ട്ടിയാണ് ഞാന്‍ :)

സമാന്തരന്‍ said...

ഏറ്റക്കുറച്ചിലുകളില്ലാതെ ഒരേ വേഗതയില്‍, പരമാവധി ദൂരം ഓടിക്കുക.ഇന്ധനക്ഷമതയുടെ കാര്യത്തില്‍ വളരെ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുന്ന ഒന്നാണിത്.ഈ വേഗത, തീര്‍ച്ചയായും നമ്മുടെ റോഡിന്റെ അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കും.അപ്പോള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങളോടെ സൈറ്റുകളില്‍ പറയുന്ന “ഇന്ധനക്ഷമതക്കു വേണ്ടിയുള്ള മിതവേഗത” എല്ലായിടത്തും ഒരുപോലെ സ്വീകാര്യമാകുമോ? പ്രായോഗികത വേഗത പ്രാദേശിക അനുഭവങ്ങളില്‍ നിന്നായാല്‍ നന്നാവും. എന്റെ സ്കൂട്ടി പെപിന് 50-55 മൈലേജ് കിട്ടുന്നത് അങ്ങനെയാണ്. കൂടുതല്‍ സങ്കേതികമായി മറ്റാരെങ്കിലും പറയുമായിരിക്കും

Anonymous said...

test

Anonymous said...

test

Anonymous said...

there is some issue with blogger. http://mljagadees.wordpress.com/2010/04/30/313-miles-in-a-single-charge/#comments

മണി said...

അനിൽ,
ഇന്ധന ക്ഷമതയ്ക്ക് വേണ്ടിയുള്ള മിത വേഗത വളരെ ഏറെ കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരേവേഗതയിൽ (ആക്സിലറേഷനും ഡീസിലറേഷനും ഇല്ലാതെ) ഓടിക്കുമ്പോഴാണ് ഏറ്റവും കൂടുതൽ മൈലേജ് കിട്ടുന്നത്. ഓരോ വാഹനത്തിനും അതിന്റെ രൂപകൽപനയ്ക്കനുസരിച്ചും, റോഡിന്റെ നിലവാരം അനുസരിച്ചും ഇന്ധനക്ഷമതയുള്ള വേഗത
വ്യത്യസ്തമായിരിക്കും. ഞാൻ ഇപ്പോൾഉപയോഗിക്കുന്ന നാലുചക്ര വാഹനത്തിന് കൂടുതൽ ഇന്ധനക്ഷമത കിട്ടുന്ന വേഗത നാലാം ഗിയറിൽ 70 കി മി ആണ്. എന്നാൽ ഇതേ വാഹനം മുംബേ യിലേയും മറ്റും ഹൈ
വേകളിൽ ഉപയോഗിക്കുന്നവർ പറയുന്നത് അഞ്ചാം ഗിയറിൽ 90- 100 കിമീ വേഗതയിൽ ഓടിക്കുമ്പോഴാണ് ഏറ്റവും കൂടുതൽ മൈലേജ് എന്നാണ്.
എ സി ഇട്ടാണ് ഓടുന്നതെങ്കിൽ വീണ്ടും കൂടുതൽ വേഗതയിൽ ഓടിച്ചാലേ രക്ഷയുള്ളു, (ഈ ചൂടുകാലത്ത് ഏ സി ഒരുപാ‍ട് ഊർജം ഉപയോഗിക്കും:))

രണ്ട് കൊല്ലം കൊണ്ട് 50000 കി മി ഓടിച്ച അനുഭവത്തിൽ നിന്നാണിതെഴുതുന്നത്.

അനില്‍@ബ്ലൊഗ് said...

ജയന്‍,
അങ്ങിനെയാണ് എന്റെ അനുഭവം.

മണി കണ്ഠന്‍,
സര്‍ക്കാരിന്റെ പരമാവധി വേഗതയും മൈലേജും തമ്മില്‍ വലിയ ബന്ധം ഉണ്ടെന്ന് തോന്നുന്നില്ല. നാഷണല്‍ ഹൈവേകളില്‍ 70 കി.മീ ആണ് സ്പീഡ് ലിമിറ്റ് (വേഗത നിയന്ത്രണമില്ലാത്ത ഇടങ്ങളില്‍ ). റോഡിന്റെയും മറ്റും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഓടിക്കുക എന്നതാണ് എന്റെ നയം .:)
ഓഫ്:
കുറ്റിപ്പുറം റോഡ് നന്നാക്കിക്കൊണ്ടിരിക്കുകയാ കേട്ടോ..

ഷാജി ഖത്തര്‍,
താഴെ മണി സാറിന്റെ ഒരു കമന്റ് ഈ വിഷയം തന്നെ സൂചിപ്പിക്കുന്നുണ്ട്. ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് ഇത്രയേ ഉള്ളൂ, ഇത്ര കിലോമീറ്ററിലെ മൈലേജ് കിട്ടൂ എന്ന് വാശിപിടിക്കരുത്. അതുപോലെ 40 കി.മീ എന്ന പഴയ പറച്ചില്‍ മാറ്റുകയും വേണം.

ജഗദീശ്,
മറുപടി വായിച്ചു.
സ്പീഡ്‌ എന്ന് കേട്ടാല്‍ എല്ലാവരും ത്രില്‍ അടിക്കില്ല, ചുരുങ്ങിയത് ഞാന്‍. റോഡിന്റെയും മറ്റ് കണ്ടീഷന്‍സിന്റെയും പരിമിതി അനുസരിച്ച് വാഹനം ഓടിക്കാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. നമ്മുടെ പുതിയ മലേഷന്‍ റോഡുകളില്‍ 40- 50 കിലോമീറ്റര്‍/മണിക്കൂര്‍ സ്പീഡില്‍ വണ്ടി ഓടിച്ച് പോയാല്‍ മൈലേജും കിട്ടില്ല, അപകട സാദ്ധ്യത കൂടുകയും ചെയ്യും.

എഴുത്തുകാരി,
ചേച്ചീ, അങ്ങിനെ ഒരു സംഭവം ഉണ്ടല്ലെ, എന്നിട്ട് ഞങ്ങളെ അറിയിച്ചില്ലല്ലോ.:)

സമാന്തരന്‍ ,
ആ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു.പ്രായോഗിക സമീപനം എന്നൊന്നുണ്ട്, അതാണ് എക്സ്ട്റീമുകളെക്കാള്‍ നല്ലത്.
ഓഫ്:
കുറേ ആയല്ലോ കണ്ടിട്ട്?

മണിസാര്‍,
സാര്‍ പറഞ്ഞതു തന്നെയാണ് എന്റെയും മനസ്സിലുള്ളത്. പ്രായോഗികമായി,എഞ്ചിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ച് വണ്ടി ഓടിക്കുക. സ്ഥിരമായി ഒരേ വണ്ടി ഓടിക്കുന്ന നമ്മള്ക്ക് അറിയാം എഞ്ചിന്റെ അവസ്ഥ.

ശ്രീ said...

ഒരു 60 വരെയൊക്കെ വലിയ കുഴപ്പമില്ലാതെ പോകാം എന്നാണ് എനിയ്ക്കും തോന്നുന്നു

കാക്കര - kaakkara said...

ഒരു സംശയം...

50 KM വേഗതയിൽ പോകുന്ന ഒരു വാഹനത്തിന്‌ 100 KM യാത്ര ചെയ്യുവാൻ 10 litre പെട്രോൽ വേണം.

100 KM വേഗതയിൽ പോകുന്ന അതേ വാഹനത്തിന്‌ 100 KM യാത്ര ചെയ്യുവാൻ 10 litre പെട്രോൾ മതിയാകുമോ? ഇല്ലെങ്ങിൽ എന്തുകൊണ്ട്?

വായുവിന്റെ സമ്മർദ്ധം തുല്യമായിരിക്കുമോ? അല്ലെങ്ങിൽ അവഗണിക്കാവുന്ന വിത്യാസമോ? കൂടുതൽ സ്പീഡിൽ പോകുമ്പോൾ വാഹനം അനാവശ്യമായി പെട്രോൾ ഉപയോഗിക്കുന്നുണ്ടോ?

അനില്‍@ബ്ലോഗ് said...

കാക്കര,
ഒരുപാട് ഫാക്റ്റേഴ് കണക്കിലെടുത്തേ‌ ഇതിന്റെ ഉത്തരം പറയാന്‍ കഴിയൂ. നല്ല വാഹനവും നല്ല റോഡും ആണെങ്കില്‍ മതിയാകും എന്ന് ഞാന്‍ പറയും. ഈ ലിങ്ക് ഒന്നു നോക്കൂ.

മണീസാര്‍ വന്നാല്‍ ചിലപ്പോള്‍ നല്ല ഉത്തരം കിട്ടുമായിരിക്കും .

മണി said...

അനിൽ, കാക്കര,
വേഗം കൂടുംതോറും, വായുവിന്റെ രോധം കൂടും. വളരെ നല്ല aero dynamic design ആണെങ്കിൽ വായുവിന്റെ ഘർഷണം ഏറ്റവും കുറഞ്ഞ രീതിയിൽ ഡിസൈൻ ചെയ്യാൻ കഴിയും. വാഹനം കൂടുതൽ വേഗതയിൽ പായുമ്പോൾ റോഡിലുള്ള പിടുത്തം കൂട്ടിയാൽ കൂടുതൽ സുരക്ഷിതമാണല്ലോ. അതിനാൽ വേഗതകൂടുമ്പോൾ റോഡുമായുള്ള പിടുത്തം കൂട്ടുന്നതരത്തിലുള്ള നിർമാണമാണ്. നിർമാതാക്കൾ സ്വീകരിക്കാറ്. അതുകൊണ്ട് തന്നെ സാധാരന ഗതിയിൽ ഒരു പരിധിക്കപ്പുറം വേഗത കൂട്ടിയാൽ ഇന്ധന ക്ഷമത കുറയും.
അനിൽ പറഞ്ഞതു പോലെ ഒട്ടേറെ കാര്യങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു; ഇപ്പോഴത്തെ വാഹനങ്ങളുടെ എഞ്ചിൻ ഒരു മൈക്രോ കണ്ട്രോളറിനാൽ നിയന്ത്രിക്കപ്പെടുന്നതുകൊണ്ട് പ്രത്യേകിച്ചും.
ഏതെങ്കിലും ഓട്ടോ മബൈൽ എഞ്ചിനീയർക്ക് കൂടുതൽ വിവരിക്കാൻ കഴിയുമെന്ന് കരുതുന്നു.

കാക്കര - kaakkara said...

അനിൽ... മണി...

വായുവിന്റെ ഘർഷണം എന്റെ ചിന്തയിലേക്ക്‌ വന്നിരുന്നു പക്ഷെ വേഗതയിൽ റോഡിലുണ്ടാകുന്ന “പിടുത്തം” മൂലം എനർജി നഷ്ടപ്പെടുന്നത്‌ ഞാൻ ശ്രദ്ധിച്ചില്ല.

മറുപടിക്ക്‌ നന്ദി.

ഒരു സംശയംകൂടി...

കൂടുതൽ വേഗതയിൽ പോകുന്ന ഒരു വാഹനം അനാവശ്യമായി പെട്രൊൾ ഉപയോഗിക്കുന്നുണ്ടോ? ഇവിടെ ഞാൻ ഉദ്ദേശിക്കുന്നത്‌ സാങ്കേതിക കാരണങ്ങൾ?

അനില്‍@ബ്ലോഗ് said...

കാക്കര,
കഴിഞ്ഞ കമന്റില്‍ ആദ്യം പറഞ്ഞ വാചകം ഓര്‍ക്കുക.
ഒരുപാട് ഫാക്റ്റേഴ് ഇതിനെ ബാധിക്കുന്നുണ്ട്.
പഴയ പെട്രോള്‍ അമ്പാസിഡറിന് വെയിറ്റ് കൂടുതല്‍, സിങ്കിള്‍ ജെറ്റ് കാര്‍ബുറേറ്റര്‍, 4 ഫോര്‍വേഡ് ഗിയര്‍ . അതിനാല്‍ അതിന് മൈലേജ് വളരെ കുറവായിരുന്നു, പ്രിമീയര്‍ പദ്മിനി ഭാരം താരതമ്യേന കുറവായിരുന്നതിനാല്‍ അല്പം കൂടി മൈലേജ് കിട്ടിയിരുന്നു. സ്പീഡ് കൂടുന്തോറൂം (60 കിലോ‌ മീറ്റര്‍ സ്പീഡ് ,അനുഭവം പറയുന്നു) മൈലേജ് വല്ലതെ കുറയും . എന്നാല്‍ അതിന്റെ കാര്‍ബുറേറ്റര്‍ ഡ്യുവല്‍ ജെറ്റാക്കിയപ്പോള്‍ മൈലേജ് കൂടി. എല്‍.പി ഗാസില്‍ അതിലും നല്ല പെര്ഫോമന്സ് ആയിരുന്നു.

മാരുതി 800 പുറത്തിറങ്ങിയപ്പോള്‍ ലൈറ്റ് വെയിറ്റ് , ഡ്യുവല്‍ ജെറ്റ് കാര്ബുറേറ്റര്‍ പെട്രോള്‍ മൈലേജ് കൂടി. സ്പീഡ് കൂടുന്തോറും മൈലേജ് കുറയുന്നു.

മാരുതി 800 ഫ്യുവല്‍ ഇഞ്ജക്ഷന്‍ വന്നപ്പോള്‍ മൈലേജ് പിന്നേയും കൂടി .

ഫ്യുവല്‍ ഇഞ്ജക്ഷനും 5 ഫോര്‍വേഡ് ഗിയറുമായി ആള്‍ട്ടോ വന്നപ്പോള്‍ വീണ്ടും പെര്‍ഫോമന്സ് വര്‍ദ്ധിച്ചു.

ഒരു ഉദാഹരണം പറഞ്ഞു എന്നെ ഉള്ളൂ..

കാക്കര - kaakkara said...

എന്റെ സംശയം.

ഡ്രൈവർ, വാഹനം, റോഡ്‌, കാറ്റ്‌, അങ്ങനെ ഒന്നിനും മാറ്റമില്ല.

കുറഞ്ഞ വേഗതയിൽ (50 km) ഓടിക്കുമ്പോൾ ഉപയോഗിക്കുന്ന പെട്രോൾ പൂർണ്ണമായും ശക്തിയായി മാറുന്നു പക്ഷെ കൂടിയ വേഗതയിൽ (100 km) ഓടിക്കുമ്പോൾ ഉപയോഗിക്കുന്ന പെട്രോൾ ഭാഗീകമായെ ശക്തിയായി മാറുന്നുള്ളു. പൂർണ്ണമായും ഉപയോഗിക്കാനുള്ള സാങ്കേതികമികവ് ചെറു വാഹനങ്ങളിൽ ഉപയോഗിക്കുന്ന പാർട്സുകൾക്കില്ല. ഇത്‌ ശരിയാണോ? അല്ലെങ്ങിൽ വായുവിന്റെ പ്രതിരോധവും കൂടുതൽ വേഗതയിൽ പോകുമ്പോൾ റോഡിൽ ആവശ്യമായ അധിക പിടിത്തത്തിന്‌ വേണ്ട് ശക്തി നഷ്ടപ്പെടുന്നത്‌ അറിയാത്തവർ പറയുന്നതാണോ?

Captain Haddock said...

ഹോ...ഇത് കാണാന്‍ ഞാന്‍ ലേറ്റ് ആയി !!!

എന്റെ അനുഭവം :-

Agv 80 യിലെ കാള്‍ 5.88 % കൂടുതല്‍ 100 km/h റില്‍ ഓടിച്ചപ്പോള്‍ കണ്ടു. 100 ല്‍ നിന്ന് 120 avg ആയപ്പോള്‍ 6.25% കൂടുതല്‍ പെട്രോള്‍ കത്തി.

എന്റെ ഈ കണക്ക് കൂട്ടലില്‍, ഉപയോഗിച്ച പെട്രോള്‍ reading കറക്റ്റ് ആണ്. avg സ്പീഡ്‌ ഞാന്‍ എന്റെ സ്പീഡോ മീറ്റര്‍ നോകി മനസ്സില്‍ കണക് കൂട്ടിയതും, പിന്നെ ദൂരം/ടൈം - രണ്ടും കൂടെ നോക്കി ഒരു തീരുമാനം എടുത്ത് ആണ്. . അത് കൊണ്ട് തന്നെ, എന്റെ ഈ % കണക്ക്‌ 100% ശരിയാവണം എന്ന് ഇല്ല. ഇതേ calculation രണ്ടില്‍ കൂടുതല്‍ തവണ പരീക്ഷണം നടത്തി കിട്ടിയ value ആണ്. എനാല്ലും Error % നല്ല രീതിയില്‍ ഉണ്ടാവാം.

60 km/h ഓടിയ്ക്കുനതിനെകാള്‍ ആക്സിലേറ്റര്‍ ഉപയോഗം കുറവ്‌ 80 km/h ല്‍ ആണ് !!! ആ സ്പീഡ്‌ എത്തിയാല്‍, പിന്നെ, ചെറിയ ഒരു പ്രഷര്‍ കൊടുത്തു കൊണ്ട് ഒരു തരാം ഗ്ലയ്ടിംഗ് പോലെ വണ്ടി കൊണ്ട് പോകാം, നല്ല BTO റോഡ്‌ ആണെങ്ങില്‍.

പിന്നെ, മിതവേഗത എത്ര വേഗം? എന്ന ചോദ്യം fuel consumption മാത്രം ഉദേശിച്ച് അല്ലെ ?
ഓഫ്‌:
പിന്നെ നല്ല പെട്രോള്‍ ആണെങ്ങില്‍ (eg: Shell) മൈലെജ്‌ കൂടുതല്‍ കിട്ടും.