5/10/2010

വിലകള്‍ കയറുന്നതെങ്ങിനെ

വിലക്കയറ്റത്താല്‍ പൊറുതി മുട്ടുകയാണ് ഇന്ത്യാ മഹാരാജ്യത്തെ ജനങ്ങള്‍.
കൃത്യ ശമ്പളക്കാരായ ഇടത്തരക്കാര്‍ രണ്ടറ്റവും തൊടാത്ത വരവു ചിലവു കണക്കുകളുമായി യുദ്ധം ചെയ്യുന്നതിനിടയിലാണ് കേന്ദ്ര ബഡ്ജറ്റ് വരുന്നത്. സ്വാഭാവികമായും വില നിയന്ത്രിക്കാനുള്ള എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. നിയന്ത്രണം ഇല്ലെന്ന് മാത്രമല്ല നിലവിലെ ഇന്ധന വില വര്‍ദ്ധിപ്പിക്കുന്ന പ്രഖ്യാപനങ്ങളാണ് കേന്ദ്രം നടത്തിയത്.ഏതാണ്ട് പൂര്‍ണ്ണമായും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് കൂനിന്മേല്‍ കുരുവായി ഈ വില വര്‍ദ്ധന. എണ്ണക്കമ്പനികളുടെ നഷ്ടം നികത്തണമെന്നും അതിനാല്‍ യാതൊരു കാരണവശാലം വില കുറക്കാനാവില്ലെന്നുമാണ് ലോകസഭക്ക് കിട്ടിയ മറുപടി. ഇതിനെപ്പറ്റിയുള്ള ചില തിരച്ചിലുകളാണ് PAG (People Against Globalisation) ബുള്ളറ്റിനില്‍ എത്തിച്ചേര്‍ന്നത്. അവരുടെ പ്രസിദ്ധീകരണത്തില്‍ നിന്നും ലഭിച്ച് ഒരു പട്ടിക താഴെ കൊടുക്കുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ കോര്‍പറേറ്റ് / വ്യക്തിഗത സ്വകാര്യ സംരഭകര്‍ക്കായ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഇളവുകളുടെ പട്ടിക.


അവലംബമായി നല്‍കിയിരിക്കുന്നത് (ബഡ്ജറ്റ്- അനക്സ്ചര്‍ 2010-11).

ഈ പട്ടിക വിശദീകരിക്കുന്നത്:

1.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ സ്വകാര്യ നിക്ഷേപകരില്‍ നിന്നും കേന്ദ്ര ഖജനാവിലേക്ക് നിയമാനുസൃതമായി പിരിച്ചെടുക്കാമായിരുന്ന, എന്നാല്‍ വേണ്ടെന്ന് വച്ച ഭീമന്‍ തുകയുടെ കണക്കാണ് ഇത്.

2.ഈ തുകയെന്ന് പറയുന്നത് രാഷ്ട്രം പിരിച്ചെടുത്ത നികുതിവരുമാനത്തിന്റെ 68.59 ശതമാനം -2009-8, 79.54 ശതമാനം -2009-10 ആണ്.

3.രാജ്യത്തിന്റെ 2008 ലെ റവന്യൂ കമ്മി 2,53,539 കോടി രൂപയായിരുന്നു, ആ വര്‍ഷം കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ നികുതി ഇളവ് 4,14,099. 2009 ഇല്‍ റവന്യൂ കമ്മി 3,29,061 കുത്തകകള്‍ക്ക് നല്‍കിയ നികുതി ഇളവ് 5,02,299 കോടി രൂപ.

4.കഴിഞ്ഞ വര്‍ഷം (2009-10) ധനക്കമ്മി 6.5 ശതമാനം (4,14,041 കോടി രൂപ). കോര്‍പ്പറേറ്റുകളില്‍ നിന്നും ആ വര്‍ഷം പിരിക്കണ്ട എന്ന് തീരുമാനിച്ച് തള്ളിക്കളഞ്ഞത് 5,02,299 കോടി രൂപ.

5. ഇന്ത്യയുടെ ആകെ ജനസംഖ്യയായ 117 കോടിയുടെ , കേവലം പത്ത് ശതമാനം വരുന്ന കോടീശ്വരന്മാര്‍ക്കായ് ഇന്ത്യാ മഹാരാജ്യം വിളമ്പിയ പണത്തിന്റെ കണക്കാണിത്.

കൂടുതല്‍ വിശകലനങ്ങള്‍ക്ക് PAG ബുള്ളറ്റിനുകള്‍ വായിക്കുക.

കോടീശ്വരന്മാര്‍ക്ക് ഇളവുകളും സാധാരണക്കാരന് നികുതി ഭാരവും, അഭിനവ ഗാന്ധിമാരുടെ പ്രജാ വാത്സല്യം !

24 comments:

അനില്‍@ബ്ലോഗ് said...

ഈ നഷ്ടപ്പെട്ട കോടികള്‍ക്കായ് ആരെങ്കിലും കേസു കൊടുക്കുമോ ആവോ?

jayanEvoor said...

ആശങ്കയുളവാക്കുന്ന കണക്കുകൾ!

പക്ഷെ, ഇത് ഇവിടെയിപ്പോൾ നാട്ടുനടപ്പായിരിക്കുന്നു!

കൃത്യമായി നികുതി കൊടുക്കുന്നത് മാസശമ്പളക്കാരായ ജീവനക്കാർ മാത്രം.

കിട്ടേണ്ട നികുതി കൃത്യമായി പിരിച്ചാൽ ഇൻഡ്യ എന്നെ സ്വർഗമായി മാറിയേനേ!

കണ്ണനുണ്ണി said...

സമൃദ്ധമായ ഒരു കാര്‍ഷിക സംസ്കൃതി ഉണ്ടായിരുന്ന... വ്യാവസായിക രംഗത്തും സ്ഥാനമുണ്ടായിരുന്ന കേരളത്തെ ഒരു ഉപഭോഗ സംസ്കാരമായി അധ: പതിപ്പിച്ചതില്‍ മര്‍ക്കട മുഷ്ടിയുമായി നടന്നു പലതും പൂട്ടിച്ച , പലരുടെയും കഞ്ഞിയില്‍ മണ്ണ് വാരിയിട്ട ഇടതു പക്ഷത്തിനും അവരുടെ ഈര്‍ക്കിലി തൊഴിലാളി സംഘടനകള്‍ക്കും ഉള്ള പങ്കു ചെറുതാണോ?


എന്റെ നാട്ടില്‍ കൊയ്ത്തിനു യന്ത്രങ്ങള്‍ ഇറക്കാന്‍ സമ്മതിക്കാതെ ഇടതു സംഘടനകള്‍ കൊയ്ത്തു നിര്‍ത്തി വയ്പ്പിച്ചതും തുടര്‍ന്ന് കാലം തെറ്റി വന്ന കാലവര്‍ഷത്തില്‍ വിള നശിച്ചതും ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തതും വെറും രണ്ടു വര്ഷം മുന്‍പാണ്..

കൊടി നാട്ടലും , നോക്ക് കൂലിയുമായി നടന്നു ചെറുകിട കച്ചവടക്കാരന്റെ ചോര പിഴിയുന്നതും ഇതേ പ്രസ്ഥാനങ്ങള്‍ തന്നെ. എന്ത് പ്രത്യയ ശാസ്ത്രത്തിന്റെ പേരില്‍ ആയലും...തെറ്റ് തെറ്റ് തന്നെ..

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ എന്ത് തന്നെ ആയാലും...ഇതൊന്നും ഒരു പരിധിക്കു മുകളില്‍ ബാധിക്കാതെ തമിഴ്നാടും, ആന്ദ്രയും ഒക്കെ നില്‍ക്കുന്നത് കേരളം കണ്ടു പഠിക്കണം... അവിടൊന്നും ഇടതു പക്ഷം ശക്തമല്ലല്ലോ...

നിരോധിക്കണം കാലഹരണപെട്ട ഈ പ്രസ്ഥാനങ്ങളെ.

അനില്‍@ബ്ലൊഗ് said...

കണ്ണനുണ്ണി,
എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായില്ല.
കേരളത്തിന്റെ കാര്ഷിക സമൃദ്ധി തകര്ക്കുന്നതില്‍ ഇടതുപക്ഷം എന്തു ചെയ്തെന്ന് ഒന്ന് വിശദീകരിച്ചിരുന്നെങ്കില്‍ നന്നായിരുന്നു,എല്ലാര്ക്കും മനസ്സിലാക്കാം.
പോസ്റ്റുമായ് ബന്ധപ്പെട്ടതല്ലെങ്കിലും ചോദിച്ചോട്ടെ,
പിന്നെ പ്രസ്ഥാനങ്ങള്‍, സംഘടനാ സ്വാതന്ത്ര്യം വേണ്ട, സംഘടകള്‍ വേണ്ട എന്ന് ഘോഷിച്ചു നടന്ന ഐ.ടി തൊഴിലാളികള്‍ ഇപ്പോള്‍ ആ ചിന്ത പുനര്‍ വിചിന്തനത്തിനു വിധേയമാക്കിക്കൊണ്ടിരിക്കുന്നു എന്ന് താങ്കള്‍ അറിയുന്നില്ലെന്നാണോ?
ആന്ധ്രയിലേയും തമിഴനാട്ടിലേയും അരി ഉത്പാദനം കുറയുന്നതും പുറത്തേക്കുള്ള അരി വില്പന അവര്‍ കുറക്കുന്നതും താങ്കളുടെ ശ്രദ്ധയില്‍ പെട്ടില്ലെന്ന് തോന്നുന്നു.
"പത്തായം പെറും ചക്കി കുത്തും ഉണ്ണി ഉണ്ണും" എന്ന് ധരിച്ച് ജീവിക്കുന്ന ഉണ്ണികള്‍ക്ക് ഇതൊന്നും ശ്രദ്ധിക്കാന്‍ സമയം കിട്ടിയെന്നു വരില്ല.

ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന വിഷയത്തെക്കുറിച്ച് താങ്കള്ക്ക് എന്താണ് പറയാനുള്ളത്?

ഹരീഷ് തൊടുപുഴ said...

എനിക്കു തോന്നുന്നത് സർക്കാർ ജീവനക്കാർ മാത്രമായിരിക്കും കൃത്യമായി നികുതി അടച്ചു പോകുന്നത് എന്നാണു.
ബാക്കിയുള്ള നാനാവിധ ആളുകളും നികുതി വെട്ടിച്ചാണു ജീവിക്കുന്നത്..
ഇതിനൊരു അറുതി വന്നെങ്കിലേ..
ഇനിയുള്ള കാലത്ത് കാര്യങ്ങൾ സുഗമമായി മുൻപോട്ട് പോകൂ..

ചിന്തകന്‍ said...

ഇന്ത്യയുടെ ആകെ ജനസംഖ്യയായ 117 കോടിയുടെ , കേവലം പത്ത് ശതമാനം വരുന്ന് കോടീശ്വരന്മാര്‍ക്കായ ഇന്ത്യാ മഹാരാജ്യം വിളമ്പിയ പണത്തിന്റെ കണക്കാണിത്.

ഇത് മാത്രമല്ല അനില്‍, മൊത്തത്തില്‍ ‘വികസനം‘ എന്ന പേരില്‍ നടക്കുന്ന പലതും ‘പാവം‘ മുതലാളിമാരെ മാത്രം വികസിപ്പിക്കാനുള്ളതാണ്. അതിന് വില നല്‍കേണ്ടിവരുന്നതോ ‘ക്രൂരന്മാരായ’ പാവപ്പെട്ടവരും......

മുതലാളിമാരെ സംരക്ഷിക്കാനായി മാത്രം ഒരു സര്‍ക്കാറിന്റെ ആവശ്യമുണ്ടോ.... എന്നത് വെറും വോ‍ട്ട് ചെയ്യാന്‍ മാത്രം വിധിക്കപെട്ട ജനങ്ങള്‍ ചിന്തിക്കുന്നത് നല്ലതാണ്....

കട്ടന്‍ ചായയുടേയും ദിനേശ് ബീഡിയുടെയും കാലമൊക്കെ കഴിഞ്ഞില്ലേ.....വലത്തോട്ടുള്ള യാത്രയില്‍ ആരു മുന്‍പന്തിയില്‍ എന്ന കാര്യത്തില്‍ മാത്രമേ മത്സരം ആവശ്യമുള്ളൂ. സലീം ഗ്രൂപിന്റെയും മലേഷ്യന്‍ കമ്പനികളുടെയും ഒക്കെ കാലമല്ലേ ഇത്.....

ജിവി/JiVi said...

നികുതിവെട്ടിപ്പുകാരെ കേരളത്തിന്റെ ഐ പി എല്‍ ടീമിനുവേണ്ടി ഒരുമിപ്പിച്ച് കോടികള്‍ വിയര്‍പ്പ് ഓഹരിയായി നേടുകയല്ലേ കേന്ദ്ര മന്ത്രിമാര്‍. അവര്‍ക്കിനി നികുതി വെട്ടിക്കേണ്ടതില്ല, സൌജന്യം കിട്ടും. അപ്പൊഴും നമ്മള്‍ ഈ കേന്ദ്രമന്ത്രിമാരെ വാഴ്ത്തിക്കൊണ്ടിരിക്കുക - അവര്‍ ഖജനാവില്‍നിന്നും അഞ്ചുപൈസപോലും എടുത്തില്ലല്ലോ!

Typist | എഴുത്തുകാരി said...

പക്ഷം ഏതായാലും വിലക്കയറ്റം സാ‍ധാരണക്കാരുടെ, ഇടത്തരക്കാരുടെ, ജീവിതം രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസമായിരിക്കുന്നു.

അപ്പൂട്ടന്‍ said...

ടാക്സ്‌ കൊടുക്കാൻ നിശ്ചിതവരുമാനക്കാരുണ്ടല്ലൊ, അക്കാര്യം അവർക്ക്‌ വിട്ടുകൊടുക്കപ്പെട്ടിരിക്കുന്നു. ആ പാപത്തിൽ പാവം ഗോഡീശ്വരന്മാർക്ക്‌ (ആരോ അറിഞ്ഞിട്ട പേര്‌, വേറേതോ വിവരദോഷി അക്ഷരം തെറ്റിച്ചു) പങ്കില്ല.

കോർപ്പറേറ്റുകൾക്ക്‌ ഒരു arm-twisting-ന്‌ കഴിവുള്ള അവസ്ഥയിൽ ഇതൊക്കെത്തന്നെയല്ലേ സംഭവിക്കാനുള്ളു. കൈമടക്കിയായാലും കയ്യൊടിച്ചായാലും കോടീശ്വരന്മാർ കാര്യം നേടുന്നുണ്ട്‌.

അവരിൽ നിന്ന് നേരിട്ട്‌ പണം വാങ്ങിയില്ലെങ്കിലും ഭരണതലത്തിലെ പലരും അറിഞ്ഞുതന്നെ ഇതിന്‌ കൂട്ടുനിൽക്കുന്നു, പേരിന്‌ വിശുദ്ധവ്യക്തിത്വം പട്ടം കിട്ടിയാൽ എല്ലാമായി. ആകെമൊത്തം ഒരു win-win situation for them and for them alone.

Manoj മനോജ് said...

ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാക്യം പോലും മറന്ന് കഴിഞ്ഞ കേന്ദ്രന്മാര്‍ക്ക് എന്തോന്ന് സാധാരണക്കാര്‍? അവര്‍ക്ക് അംബാനിമാരുടെ കുടുംബവഴക്ക് തീര്‍ക്കുവാനുള്ള ടെന്‍ഷനല്ലേ അതിനിടയില്‍ എന്ത് വില കയറ്റം?????

ആര്‍ദ്ര ആസാദ് / Ardra Azad said...

ഇതൊരു പുതിയ വിവരമാണോ? കാലകാലങ്ങളായി കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി കോര്‍പ്പറേറ്റുകളാല്‍ ഭരിക്കപെട്ടുകൊണ്ടിരുക്കുന്നവരല്ലെ നമ്മള്‍.

സര്‍ക്കാര്‍ എന്ന പേരിനേക്കാള്‍ ‘കമ്പനി’യെന്ന പേരാകും ഗവര്‍മെന്റുകള്‍ക്ക് കൂടുതല്‍ യോജിക്കുക..

കുഞ്ഞന്‍ said...

അനിൽ മാഷെ..
എണ്ണ വില കേന്ദ്രം വർദ്ധിപ്പിച്ചാൽ, കേരളത്തിൽ ഈയിനത്തിൽ ഈടാക്കുന്ന നികുതിയിൽ വിട്ടുവീഴ്ച ചെയ്യാൻ കേരള സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ട്..?

കേരളത്തിൽ ബഡ്ജക്റ്റ് അവതരിപ്പിക്കുമ്പോൾ എന്തുകൊണ്ട് ജനങ്ങൾ കൈയ്യടിക്കുന്നില്ല..? (ഇത് ഇടതായിക്കോട്ടെ വലതായിക്കോട്ടെ ) എന്തിനു കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു. ആദ്യം നമുക്ക് ചെയ്യാനുള്ള കാര്യങ്ങൾ നമ്മൾ ചെയ്യുക. അനിൽ ഭായിക്ക് മനസാക്ഷിയോടെ പറയാമൊ കേരള സർക്കാരും ഇതുപോലെ ഇളവുകൾ കോടിശ്വരന്മാർക്ക് ചെയ്തിട്ടില്ലന്ന്..?

വിഷയത്തിൽ നിന്നും അല്പം വ്യതിചലിക്കുന്നു ക്ഷമിക്കുക...കൃഷിക്കുവേണ്ടി,അല്ലെങ്കിൽ കർഷകർക്കുവേണ്ടി നില കൊള്ളുന്ന ഒരു സർക്കാർ എന്നാണല്ലൊ നമ്മുടെ ഇപ്പോഴത്തെ സർക്കാരിനെ വിലയിരുത്തുന്നത്. എന്റെ നാട്ടിൽ വിമാനത്താവളത്തിന്റെ പേരിൽ കുടിയൊഴിക്കപ്പെട്ടവരുടെ കൃഷി സ്ഥലത്ത് ഇപ്പോൾ ഗോൾഫ് കളിസ്ഥലം ഉണ്ടാക്കിയിരിക്കുന്നു. ഇതിനെപ്പറ്റി എന്താണ് അഭിപ്രായം അത് ഇവിടെയൊ അല്ലെങ്കിൽ എന്റെ പോസ്റ്റിലൊ അറിയിക്കുക.

കാട്ടിപ്പരുത്തി said...

ചൂഷണം ഇവിടെ കാണിച്ചത് ചെറിയൊരു കണക്കു മാത്രം. നികുതി കണക്കുകളില്‍ വരുന്നത് യഥാര്‍ത്ഥ നികുതിയുടെ അമ്പതു ശതമാനത്തിനു താഴെയായിരിക്കും എന്ന കണക്കുകൂടി ചേര്‍ത്തു വായിക്കുമ്പോഴെ യഥാര്‍ത്ഥചിത്രം പുറത്തു വരൂ, മാത്രമല്ല വിദേശവായ്പകളിലെ നല്ലൊരു ശതമാനം അവരുടെ തന്നെ കണ്‍സള്‍റ്റന്‍സികള്‍ക്കുള്ളതാണെന്നറിയുക

ബിലാത്തിപട്ടണം / Bilatthipattanam said...

ഇന്ത്യയിലെ മുക്കോടി ദൈവ്വങ്ങൾ കഴിഞ്ഞാൽ ഇവരാണല്ലോ ഈശ്വരന്മാർ !
കോടീശ്വരന്മാർ...!!
ഇവരെ പൂജിച്ചില്ലെങ്കിൽ വരം കിട്ടാതെ വന്നാലൊ എന്ന് ചിന്തിച്ചാണ്.....

അനില്‍@ബ്ലോഗ് said...

ജയന്‍,
ശരിയാണ്, നികുതി പിരിവ് ഊര്‍ജ്ജിതമാക്കിയാണ് കേരളം ഇന്ന്‍ കടന്നു പോക്കുന്ന ധനസ്ഥിതി ആര്‍ജ്ജിക്കുന്നത്.

ഹരീഷ്,
എല്ലാ കടകളിലും/ സ്ഥാപനങ്ങളിലും രണ്ടും മൂന്നും തരം ബില്ലുകളൂം അക്കൌണ്ടുകളും ആണെന്നാ കേട്ടിരിക്കുന്നത്.

ചിന്തകന്‍,
അതെ , കണക്കുകള്‍ കൂടുതല്‍ പരിശോധിച്ചാല്‍ അങ്ങിനെ തന്നെയാണ്. കമ്പോളത്തില്‍ നിന്നും സര്‍ക്കാരുകള്‍ പിന്മാറുക എന്നാണല്ലോ നവലിബറല്‍ പോളിസി.
മലേഷ്യന്‍ കമ്പനികള്‍ നിയമ വിധേയമായി ഓപ്പണ്‍ ടെന്‍ഡറില്‍ വരുന്നതിനെ തടുക്കാന്‍ പറ്റില്ലല്ലോ.

ജിവി,
സ്പെക്ട്രം അഴിമതി പോലെയുള്ള പരിപാടികളിലെ വരുമാനമാണ് ഐ.പി.എല്‍ ടീമിനു വേണ്ടി ഇറക്കുന്നതെന്ന് ഒരു ശ്രുതിയുണ്ട്, തെളിവില്ലാത്തിടത്തോളം അത് പറയാന്‍ പറ്റില്ലെന്ന് മാത്രം.

എഴുത്തുകാരി,
ചേച്ചീ, അതെ , പ്രത്യേകിച്ച് ക്ലിപ്തവരുമാനക്കാരായവരുടെ.

അപ്പൂട്ടന്‍,
വ്യവസായികള്‍ക്ക് വേണ്ടിയാണ് ഇന്ന് ഇന്ത്യാരാജ്യം ഭരിക്കപ്പെടുന്നത്. സ്വതന്ത്ര കമ്പോളത്തിന്റേയും സ്വകാര്യ ബാങ്കിങിന്റേയും കെടുതികള്‍ കണ്ട് ലോകം , അതും അമേരിക്കയില്‍ പോലും മാര്‍ക്കറ്റില്‍ സര്‍ക്കാര്‍ കൈകടത്തുന്ന സമയത്ത് ഇന്ത്യാ മഹാരാജ്യത്ത് എല്ലാം വിറ്റു തുലക്കുന്നു.

മനോജ്,
തീര്‍ച്ചയായും വി വി ഐപികളായ അംബാനിമാരുടെ കാര്യങ്ങള്‍ തന്നെ നമ്മുടെ കേന്ദ്രത്തിന് പ്രധാനം.

ആര്‍ദ്ര ആസാദ്,
ഒരു പുതിയ വിവരം എന്ന നിലക്കല്ല, ഈ വര്‍ഷത്തെ അപ്ഡേറ്റ് എന്ന നിലയില്‍ കണക്കാക്കിയാല്‍ മതി.

അനില്‍@ബ്ലോഗ് said...

കുഞ്ഞന്‍,
ഭായ്, കേരള സര്‍ക്കാര്‍ (സ്പെസിഫിക്കായ് ഇടതു പക്ഷ സര്‍ക്കാര്‍ )കുത്തകള്‍ക്ക് നല്‍കുന്ന ഇളവുകള്‍ ഒന്നു ചൂണ്ടിക്കാട്ടാമോ?

പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെ പിടിച്ചു നിര്‍ത്താന്‍ കേരളം പോലെയുള്ളൊരു സംസ്ഥാനത്ത് നികുതി പണം ചിലവഴിക്കുക അപ്രായോഗികമാണ്. അതുമാത്രമല്ല കേരളത്തിലെ സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ വ്യത്യസ്ഥവുമാണ്. ഇവിടെ പാവപ്പെട്ടവന് സഹായം നല്‍കാന്‍ പണം ഇറക്കുന്നുണ്ട്. സബ് സിഡി നിരക്കില്‍ പാ‍വപ്പെട്ടവര്‍ക്ക് അരി നല്‍കുന്നു, എല്ലാ ക്ഷേമ പെന്‍ഷനുകളും ഉയര്‍ത്തി , ഉദ്യോഗസ്ഥര്‍ക്ക് ആനുകൂല്യങ്ങള്‍, പൊതുമേഖലയി പുതിയ വ്യവസായങ്ങള്‍, നെല്‍ കൃഷി പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ പണം ഉപയോഗിക്കുന്നുണ്ട്, അവക്ക് മുന്‍ഗണന നല്‍കി. ഈ കഴിഞ്ഞ മാന്ദ്യകാലത്ത് അയ്യായിരം കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ മേഖലയില്‍ നടത്തിയത്. അതുമൂലം തൊഴില്‍ ലഭ്യത വര്‍ദ്ധിച്ചു.
കേന്ദ്ര സര്‍ക്കാ‍ര്‍ പെട്രോളിയം വില വര്‍ദ്ധനവിന് പറഞ്ഞന്യായം സര്‍ക്കാരിന്റെ കയ്യില്‍ സബ്സിഡിക്ക് പണമില്ലെന്നാണ്. എന്നിട്ട് ഈ പറയുന്ന കോടികള്‍ കുത്തക മുതലാളിക്ക് ഇളവ് നല്‍കുന്നു. റേഷന്‍ നല്‍കാന്‍ പണമില്ലെന്ന് പറയുന്നു, അതോടോപ്പം ലക്ഷങ്ങള്‍ പണക്കാരന്‍ ഇളവ് നല്‍കുന്നു. നികുതി പിരിച്ച അതിന്റെ ഒരു വിഹിതം സാധാരണക്കാരന് നല്‍കുകയാണ് ഉത്തരവാദിത്വപ്പെട്ട ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്.
ഗോള്‍ഫ് ക്ലബ്ബിന്റെ വിഷയത്തില്‍ ഒന്ന് അന്വേഷിച്ച ശേഷം കമന്റ് ഇടാം.

കാട്ടിപ്പരുത്തി,
ഇത് ചെറിയൊരു സൂചന എന്നു മാത്രം. ബ്ലോഗിന്റെ സ്പേസിലേക്ക് ഒരു കഷണം വെട്ടി എടുത്ത് ഒട്ടിച്ചെന്ന് മാത്രം.
:)

ബിലാത്തിപ്പട്ടണം,
ചേട്ടാ,തീര്‍ച്ചയായും ഇവരൊക്കെ ദൈവ തുല്യര്‍ തന്നെയാണ്, നമ്മുടെ പ്രധാന മന്ത്രിക്കും ധനമന്ത്രിക്കും. ഇന്ത്യയുടെ സ്വത്തിന്റെ 80 ശതമാനം കയ്യിലുള്ളവരാണ് ഈ പണക്കാര്‍.

കാക്കര - kaakkara said...

പോസ്റ്റിന്റെ ആശയത്തോട്‌ പൂർണ്ണമായും യോജിപ്പുണ്ട്‌...

വൻകിട മുതലാളിമാർ മുതൽ I.P.L പോലുള്ള വിനോദങ്ങൾക്ക്‌ വരെ നികുതിയിളവ്‌ നല്കുന്നത്‌ ആരെ സംരക്ഷിക്കാനാണ്‌ എന്ന്‌ നാം ചിന്തിക്കണം. ഇതിന്റെ കൂടെ പൊതുമേഖലസ്ഥാപനത്തിന്റെയും സഹകരണ സംഘത്തിന്റേയും മറവിൽ നടത്തുന്ന കാട്ടുകൊള്ളയും നാം മറക്കരുത്‌.

ഉയർന്നതും മനസിലാക്കാൻ സാധിക്കാത്തതുമായ നികുതി ഘടനയിൽ തുടങ്ങുന്നു നികുതി വെട്ടിപ്പ്‌. സത്യസന്ധമായി നികുതിയടച്ച്‌ ഒരു വ്യവസായമോ വ്യാപരമോ നടത്തുവാൻ സാധിക്കാത്ത നിലയിലേക്ക്‌ നമ്മുടെ നികുതി നിരക്കും ഘടനയും എത്തിയോയെന്നും ഞാൻ കരുതുന്നു. വരുമാന നികുതിക്ക്‌ ഒരു പരിധി നിശ്ചയിച്ച്‌ പിന്നെ അത്‌ മറികടക്കാനായി കുറെ തരികിടകൾ, വീടിനുള്ള വായ്പ, L.I.C പോളിസി... എന്നാൽ പിന്നെ ഇതൊക്കെ മാറ്റി വരുമാന പരിധി കുട്ടിവെച്ചാൽ പോരെ?

ഓരോ വർഷം നികുതി കൂട്ടുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മൽസരിക്കുന്നു പക്ഷെ നികുതി പിരിക്കുന്നതിൽ ഒട്ടും ശുഷ്കാന്തി കാണിക്കുന്നില്ല.

കേരളത്തിൽ ഒറ്റതവണ തീർപ്പാക്കൽ പദ്ധതിയുണ്ട്, കുറെ നികുതി സർക്കാർ വേണ്ടായെന്ന്‌ വെയ്ക്കുന്നു. കൃത്യമായി നികുതിയടച്ചവർ മണ്ടന്മാർ, അല്ലേ?

കാർഷികകടം എഴുതി തള്ളുന്നു പക്ഷെ അതേ കാലയളവിൽ കൃത്യമായി തിരിചടച്ചവർ മരമണ്ടന്മാർ, അല്ലേ?

അനില്‍@ബ്ലോഗ് said...

കാക്കര,
ചോദിച്ച സംശയങ്ങള്‍ ഒറ്റ നൊട്ടത്തില്‍ ന്യായമെന്ന് തോന്നാം.
വന്‍ കിടനികുതി വെട്ടിപ്പ് നടത്തുന്നവരെ നിയമത്തിന്റെ ഉള്ളിലേക്ക് കൊണ്ടുവരാന്‍ ചിലപ്പോള്‍ ചില വിട്ടു വീഴ്ചകള്‍ ചെയ്യേണ്ടി വരും എന്നത് ഒരു പ്രായോഗിക സമീപനമാണ്, അതിന്റെ ഭാഗമാണ് സ്വര്‍ണ്ണവ്യാപാരികളുടേയും മറ്റും കൊമ്പൌണ്ടിങ് നികുതി. വായ്പ തിരിച്ചടക്കാതെ ജപ്തി തുടങ്ങിയ നടപടികളിലേക്ക് നീങ്ങുന്ന സമയത്ത് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പോലത്തെ പദ്ധതികള്‍ ഗുണം ചെയ്യില്ലെന്ന് പറയാന്‍ കഴിയില്ല, അവിടെ കൂട്ടു പലിശയും പിഴപ്പലിശയുമൊക്കെയാണ് ഒഴിവാക്കിക്കൊടുക്കുന്നത്.അതും ഏറ്റവും താഴെ ജീവിതനിലവാരത്തില്‍ ജീവിക്കുന്നവരാണ് ഏറെയും. വായ്പ തിരിച്ചടക്കാനാവാതെ ആത്മഹത്യയിലേക്ക് വഴുതി വീഴുന്നവനെ കരകയറ്റാന്‍ ചില വായ്പകള്‍ എഴുതിത്തള്ളുന്നതും സാഹചര്യങ്ങള്‍ പരിഗണിച്ചല്ലെ.
പിന്നെ ഏതു ഇളവ് പ്രഖ്യാപിച്ചാല്‍ കയ്യിട്ട് വരുന്ന ചില ചിറി നക്കികള്‍ ഉണ്ടാവും, അതിനെ മുന്‍ നിര്‍ത്തി ഈ പദ്ധതികള്‍ എല്ലാം തെറ്റാണെന്ന് പറയാന്‍ പറ്റില്ലല്ലോ.

ഏതായാലും മുമ്പെങ്ങുമില്ലാത്ത വണ്ണം ഇത്രയും പണം സര്‍ക്കാര്‍ ഖജനാവില്‍ വരുന്നതിന് തെളിവാണല്ലോ ഇപ്പോഴും കേരള ട്രഷറി പൂട്ടാതെ ഇരിക്കുന്നത്. മാര്‍ച്ചിലെ കൂട്ടവിരമിക്കല്‍ കൂടി ആകുമ്പോള്‍ പെന്‍ഷന്‍ പോലും കിട്ടാതാവും എന്ന് പ്രചരിപ്പിച്ചിരുന്നവര്‍ക്ക് ഇപ്പൊള്‍ മിണ്ടാട്ടമില്ല.

കാക്കര - kaakkara said...

എന്റെ ചോദ്യം സത്യസന്ധമായി നികുതിയടച്ചവർ ആരായി? ഒരേ സാഹചര്യത്തിൽ കൃഷി ചെയ്ത്‌ നഷ്ടം വന്നവർ, പക്ഷെ സത്യസന്ധരും അഭിമാനികളുമായതിനാൽ വായ്പ തിരിചടച്ചു. കടം എഴുതി തള്ളുമ്പോൾ, അവർ അടച്ച പണം നാം തിരിച്ചുനല്കുന്നുണ്ടോ?

കുടിശിക വരുത്തുവാൻ അനുവദിക്കുക പിന്നെ ഇളവ്‌ നൽകുക, അതാണ്‌ ഇപ്പോൾ നടക്കുന്നത്‌.

നികുതിയും വായ്പയും എഴുതിതള്ളി സാമ്പത്തികസത്യസന്ധതയെ ചോദ്യം ചെയ്യുന്നതിനേക്കാൾ നല്ലത്‌ നികുതി നിരക്കും വായ്പാനിരക്കും എല്ലാവർക്കും ഗുണപ്രദമാകുന്ന തരത്തിൽ നിശ്ചയിക്കുന്നതാണ്‌.

കുമാരന്‍ | kumaran said...

:)

അനൂപ്‌ കോതനല്ലൂര്‍ said...

കോരനെന്നും കുമ്പിളിൽ തന്നെ കഞ്ഞി ലോകം എത്ര മാറിയാലും അതിനു മാറ്റമുണ്ടാവില്ല.
വില കൂടട്ടേ

MANIKANDAN [ മണികണ്ഠന്‍‌ ] said...

അനിലേട്ടാ വമ്പന്മാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതില്‍ നമ്മുടെ സര്‍ക്കാരുകളും പലപ്പോഴും ഉദാരമതികള്‍ തന്നെ. വൈദ്യുതിയുടെ കാര്യം എടുക്കുക. വൈദ്യുതികുടിശ്ശിക വരുത്തുന്ന എത്ര വലിയ സ്ഥാപനങ്ങളുടെ കുടിശ്ശികയാണ് സര്‍ക്കാരുകള്‍ എഴുതിത്തള്ളുന്നത്. ഏതു പാര്‍ട്ടി ഭരിച്ചാലും നിങ്ങനെ കൊടുക്കുന്ന ഇളവുകളുടെ ഒരു ഭാഗം പാര്‍ട്ടിഫണ്ടിലെത്തും. നികുതികളില്‍ ഇളവുകള്‍ സംസ്ഥാനസര്‍ക്കാരുകളും നല്‍കുന്നില്ലെ. ഇതെല്ലാം അവരെ സംബന്ധിച്ചിടത്തോളം ഒരു പരസ്പരസഹായം. ഇതിന്റെ ദുരിതം അനുഭവിക്കുന്നതോ പൊതുജനവും.

അനില്‍@ബ്ലോഗ് said...

കാക്കര,
അത് എത്രത്തോളം പ്രായോഗികമാണെന്ന് ആലോചിച്ച് നോക്കുക.

കുമാരന്‍,
:)

അനൂപെ,
കുറെ ആയല്ലൊ കണ്ടിട്ട്.
പാവപ്പെട്ടവന്റെ കാര്യം എപ്പോഴും അവതാളത്തിലാണ്.

മണികണ്ഠന്‍,
പൊതുജനത്തിന്റെ പണം തന്നെ നികുതി. അത് പരമാവധി ഗുണകരമായി ഉപയോഗിക്കുന്നവര്‍ നല്ല ഭരണകര്‍ത്താക്കള്‍.

കാക്കര - kaakkara said...

അനിൽ... തിരിച്ച്‌ നല്കണമെന്നല്ല ആ പറഞ്ഞതിന്റെ അർത്ഥം. കൃത്യവിലോപം ചെയുന്നവർക്ക്‌ ഗുണങ്ങൽ നല്കുന്ന സമ്പ്രദായം നിറുത്തണം.

പിരിച്ചെടുക്കാൻ പറ്റാത്ത ഉയരത്തിലുള്ള നികുതിയും പലിശയും കുറയ്ക്കുക, പിരിച്ചെടുക്കൽ കർശ്ശനമായി നടപ്പിലാക്കുക.