5/01/2010

ലിനക്സിലേക്ക് - ഭാഗം ഒന്ന് - ഫെഡോറ വിര്‍ച്വല്‍ പിസിയില്‍

ഏതൊരു ശരാശരിക്കാരനേയും പോലെ കമ്പ്യൂട്ടര്‍ പഠനം നടത്തിയത് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് പ്ലാറ്റ്ഫോമിലാണ്. കോപ്പിയടിക്കപ്പെട്ട നിരവധി വിന്‍ഡോസ് ഉത്പന്നങ്ങള്‍ യഥേഷ്ടം ലഭ്യമായതിനാലും സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുന്നതിന് അല്പം വൈദഗ്ധ്യം ആവശ്യമായിരുന്നു എന്നതിനാലും ഇത്രയും കാലം വ്യാജ വിന്‍ഡോസ് എക്സ്പിയാണ് ഉപയോഗിച്ചിരുന്നത്. വിന്‍ഡോസ് അടിക്കടി ക്രാഷാകുമ്പോള്‍ വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യമായ സോഫ്റ്റ് വെയറുകള്‍ എല്ലാം തന്നെ കയ്യിലുണ്ടായതുകൊണ്ടും, ആവശ്യത്തിന് സമയം ഫോര്‍മാറ്റ് ചെയ്യാനും മറ്റും ലഭ്യമായതുകൊണ്ടും പിടിച്ചു നിന്നു. അടുത്തകാലത്തായി കൂടുതല്‍ യൂസര്‍ ഫ്രണ്ട്ലിയായ ലിനക്സ് ഡിസ്ട്രിബ്യൂഷനുകള്‍ ലഭ്യമായിത്തുടങ്ങിയത് ആശ്വാസത്തോടെ കണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വിന്‍ഡോസ് 7 ഉപയോഗിച്ചപ്പോള്‍ ഞാന്‍ മുമ്പ് ഉപയോഗിച്ചു നോക്കിയ ഫെഡോറയുമായി വളരെ സാമ്യം തോന്നി. ഈ മെയ് മാസം മുതല്‍ ഫെഡോറ, ഊബൂണ്ടു തുടങ്ങിയവയുടെ പുതിയ വേര്‍ഷനുകള്‍ ഇന്ത്യന്‍ ഭാഷാ സപ്പോര്‍ട്ടോടെ ലഭ്യമാകുന്നു എന്ന വാര്‍ത്ത വന്നതുമുതല്‍ അതിലൊരെണ്ണം പരീക്ഷിക്കണമെന്ന് മോഹമുദിച്ചു. പറ്റിയാല്‍ ഇനി എല്ലാ പ്രവര്‍ത്തനങ്ങളും അതിലേക്ക് മാറ്റാം എന്നും കരുതുന്നു.

പുതിയ സംഗതികള്‍ പഠിക്കുമ്പോള്‍ ഇന്റര്‍ നെറ്റാണ് ഇപ്പോള്‍ സഹായത്തിനെത്താറ്. അതിനാല്‍ ഇന്റര്‍നെറ്റ് കൈവശം വച്ചു തന്നെ ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്തു നോക്കാം എന്ന തീരുമാനത്തിന്റെ ഭാഗമായി വിച്വല്‍ പിസി എന്ന ടൂള്‍ ഉപയോഗിച്ച് അതിലാണ് ലിനക്സ് പരീക്ഷിച്ചു നോക്കിയത്. ജാഗ്രത ഗുണം ചെയ്തു എന്ന് തുടര്‍ന്ന് നടന്ന പരിപാടികളില്‍ ബോദ്ധ്യപ്പെട്ടു. തിരഞ്ഞ പല സഹായങ്ങള്‍ക്കും ഒരുപാട് സമയം ചിലവഴിക്കേണ്ടി വന്നു എന്നതിനാല്‍ അവ ഇവിടെ കുറിക്കാം എന്ന് കരുതുന്നു, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടാല്‍ അത്രയുമായല്ലോ. ഫെഡോറ സൈറ്റില്‍ നിന്നും ഡെസ്ക് ടോപ്പ് വേര്‍ഷന്‍ സിഡി ഇമേജ് ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റലേഷന്‍ ആരംഭിച്ചു.

ലൈവ് സീഡിയാണ്, ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ നേരിട്ട് സിഡിയില്‍ ബൂട്ട് ചെയ്ത് ഉപയോഗിക്കാന്‍ പര്യാപ്തമായ രീതിയില്‍ തയ്യാറാക്കിയത്. ആദ്യ സ്ക്രീന്‍ ഇതാ, ബൂട്ട് ചെയ്യുക, ബൂട്ട് സോഴ്സ് വേരിഫൈ ചെയ്തശേഷം ബൂട്ട് ചെയ്യുക, മെമ്മറി ടെസ്റ്റ്, ഇതില്‍ നിന്നും പുറത്ത് പോയി ഹാര്‍ഡ് ഡിസ്കില്‍ നിന്നും ബൂട്ട് ചെയ്യുക എന്നീ ഓപ്ഷന്‍സ് ഉണ്ട്.

ബൂട്ടായി കേര്‍ണല്‍ ലോഡായി, പക്ഷെ ആദ്യ കടമ്പ ഇതാ, വിച്വല്‍ പിസിയുടെ സ്ക്രീന്‍ റസല്യൂഷന്‍ ഇണങ്ങാത്തതിനാല്‍ കണ്‍സോള്‍ ഹാങ്ങായി.
നേരെ വിന്‍ഡോസിലൂടെ നെറ്റില്‍ പരതി, ബൂട്ട് മെനു എഡിറ്റ് ചെയ്യാനും കുറഞ്ഞ സ്ക്രീന്‍ റസല്യൂഷന്‍ സെറ്റ് ചെയ്യാനുമുള്ള ചില വിദ്യകള്‍ കുറിച്ചെടുത്ത ശേഷം വീണ്ടും ബൂട്ട് ചെയ്തു. ആദ്യ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന സ്കീനില്‍ നല്‍കിയ സൂചന പോലെ “ടാബ്” കീ അമര്‍ത്തിയാല്‍ ബൂട്ട് ഓപ്ഷന്‍സ് ലഭിക്കും. കീ ബോര്‍ഡിലെ‍ "E" അമര്‍ത്തി എഡിറ്റ് എന്ന ഓപ്ഷനിലോ "A" അമര്‍ത്തി “മോഡിഫൈ കെര്‍ണല്‍ ആര്‍ഗ്യുമെന്റ്റ്” എന്ന ഓപ്ഷനിലോ പോവാം. ടാബ് അമര്‍ത്തി കിട്ടിയ വിന്‍ഡോ താഴെ.
ചിത്രം നോക്കുക.ഇതില്‍ ബൂട്ട് കമാന്റ് ലൈന്‍ ഇപ്രകാരമാണ്,

vmlinuz0 initrd=initrd0.img root=live: CD LABEL=Fedora-12-i868-liverootfstype auto ro liveimg quiet rhgb rd_NO_LUKS rd_NO_MD no iswmd
"quiet" എന്നു തുടങ്ങുന്ന ഭാഗം മുഴുവനായ് ഡിലീറ്റ് ചെയ്ത ശേഷം "vga=791 noreplace paravirt" എന്ന് ചേര്‍ക്കുക.
ഇപ്പോള്‍ ആ വരി ഇപ്രകാരമായിരിക്കും

vmlinuz0 initrd=initrd0.img root=live: CD LABEL=Fedora-12-i868-liverootfstype auto ro liveimg vga=791 noreplace paravirt


അപ്ഡേറ്റ്: കുറഞ്ഞ റസല്യൂഷന്‍ ഗ്രാഫിക്സ് ന് "vga=791" എന്നു മാത്രം മതി, "noreplace paravirt" എന്ന ഭാഗം ഒഴിവാക്കാം.

"Enter" അമര്‍ത്തുക. ഗ്രാഫിക് സ്ക്രീന്‍ ഉപേക്ഷിച്ച് കേര്‍ണല്‍ ടെക്സ്റ്റ് മോഡില്‍ ഇന്‍സ്റ്റലേഷന്‍ തുടങ്ങുന്നത് കാണാം.ബൂട്ടിങ് ‍ പുരോഗമിക്കുന്നു, ആവശ്യമായ ഫയലുകള്‍ ലോഡായ ശേഷം കുറഞ്ഞ സ്ക്രീന്‍ റസല്യൂഷനില്‍ ലൈവ് സിസ്റ്റം യൂസര്‍ ലോഗിന്‍ സ്ക്രീന്‍ പ്രത്യക്ഷമായി.

ലോഗില്‍ ചെയ്യാനായി ശ്രമിച്ചപ്പോഴാണ് അടുത്ത പ്രശ്നം പൊന്തിവന്നത് “മൌസ് പ്രവര്‍ത്തിക്കുന്നില്ല.” വീണ്ടും നെറ്റില്‍ പരതി അടുത്ത പരിഹാരവുമായി റീ ബൂട്ട് ചെയ്തു, എഡിറ്റ് ബൂട്ട് ഓപ്ഷന്‍ എടുത്തു, നേരത്തെ റസല്യൂഷന്‍ കുറക്കാന്‍ ചേര്‍ത്ത വരിക്കു തുടര്‍ച്ചയായി "i8042.noloop" എന്നുകൂടി ചേര്‍ത്ത് ബൂട്ട് ചെയ്യാനാരംഭിച്ചു. ഇപ്പോള്‍ ആ വരി ഇപ്രകാരമായിരിക്കും:

vmlinuz0 initrd=initrd0.img root=live: CD LABEL=Fedora-12-i868-liverootfstype auto ro liveimg vga=791 noreplace paravirt i8042.noloop.


എല്ലാം സുഗമമായി പോയി, ലൈവ് യൂസര്‍ ആയി ലോഗിന്‍ ചെയ്ത് ബൂട്ടിങ് പൂര്‍ണ്ണമാക്കി. ഇവിടെ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായ സ്കീന്‍ ആണ് ലഭിച്ചത്. നെറ്റ് വര്‍ക്കിങ് അടക്കം എല്ലാം തയ്യാറായിരിക്കുന്നു. തുടര്‍ന്ന് ലൈവായി അടുത്ത് ജോലി ചെയ്യാം അല്ലാത്ത പക്ഷം ഹാര്‍ഡ് ഡിസ്കിലേക്ക് ബൂട്ട് ഇമേജ് ഇന്‍സ്റ്റാള്‍ ചെയ്യാനായി മുന്നോട്ട് പോകാം.

ഇന്‍സ്റ്റലേഷന്‍ തുടരുന്നു.

ഭാഷ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍, ഇവിടെ മലയാളം കാണാനില്ല, എങ്കിലും മറ്റ് ഒട്ടനവധി ഇന്ത്യന്‍ ഭാ‍ഷകള്‍ കാണാം.

പ്രധാന ഘട്ടം, പ്രത്യേകിച്ചും നേരിട്ട് നമ്മുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട സ്ഥലം.


നേരിട്ട് നമ്മുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണെങ്കില്‍, അതും മറ്റ് ഓപ്പറേറ്റിങ് സിസ്റ്റവും ഡാറ്റയും ഉള്ള കമ്പ്യൂട്ടറിലാണെങ്കില്‍, ഒരു പാര്‍ട്ടീഷന്‍ ലിനക്സിനായ് മാറ്റി വക്കുകയാണ് ഉചിതം. അപ്രകാരം മാറ്റി വച്ച പാര്‍ട്ടീഷന്‍ ഉണ്ടങ്കില്‍ "Select drives to use this istallation" എന്ന ഓപ്ഷന്‍ തുറന്നാല്‍ വിവിധ ഓപ്ഷനുകള്‍ കാണാവുന്നതാണ്.

"Create custom lay out" എടുക്കുക, "New " ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ആദ്യം ലിനക്സ് സ്വാപ്പ് ഏരിയ അലോട്ട് ചെയ്യുകയാണ് സൌകര്യം, അങ്ങിനെ ചെയ്താല്‍ ബാക്കി സ്പേസ് കൃത്യമായി ലിനക്സിനു വേണ്ടി നീക്കി വക്കാം


വീണ്ടും "New" ക്ലിക്ക് ചെയ്യുക ലിനക്സിനായ് ബാക്കി വരുന്ന സ്പേസ് മുഴുവന്‍ ഉപയോഗിക്കാം. "Mount point" എന്ന കോളത്തില്‍ “/” (Root) എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക, ബാക്കി വരുന്ന സ്പേസ് എത്രയോ അത്രയും സൈന്‍ എം.ബി എന്ന കോളത്തില്‍ സൈസ് സെറ്റു ചെയ്യുക, അല്ലെങ്കില്‍ "Fill to the maximum allowable size " ചെക്ക് ചെയ്യുക, "File system type " എന്ന കോളത്തില്‍ "Ext 4" സെലക്റ്റ് ചെയ്യുക. "Ok " ക്ലിക്ക് ചെയ്യുക.


ചെയ്ത പ്രവര്‍ത്തികള്‍ പുനര്‍വിചിന്തനത്തിന് വിധേയമാക്കാന്‍ ഒരു അവസരം കൂടി.

ഫയലുകല്‍ കോപ്പി ചെയ്യാന്‍ ആരംഭിച്ചിരിക്കുന്നു. പൂര്‍ത്തിയായാല്‍ റീബൂട്ട് ആവശ്യപ്പെടും.


ബൂട്ട് പാസ്വേഡ് നല്‍കാം. നെക്സ്റ്റ് ക്ലിക്ക് ചെയ്യുക.


റീബൂട്ട് ബട്ടണുമായി സ്ക്രീന്‍ വന്നാല്‍ അതമര്‍ത്തി റീബൂട്ട് ചെയ്യുക.


റീബൂട്ട് ചെയ്തു വരുന്ന സ്ക്രീന്‍ പെട്ടന്നു തന്നെ ഗ്രാഫിക്കല്‍ സ്ക്രീനിലേക്ക് പോകുന്നതിനാല്‍ ഇവിടെ അല്പം ശ്രദ്ധ ആവശ്യമാണ് (ബൂട്ട് ആര്‍ഗ്യുമെന്റ്സ് എഡിറ്റ് ചെയ്യെണ്ടതുണ്ട്). മെമ്മറി ചെക്ക്, ഡ്രവുകള്‍ തിരയല്‍ തുടങ്ങിയവ അവസാനിപ്പിച്ച് കറുത്ത സ്ക്രീനിലേക്ക് കടക്കുന്ന നിമിഷം തന്നെ സ്പേസ് ബാര്‍ അമര്‍ത്തുക.


ബൂട്ട് തുടങ്ങുന്നതിനു മുമ്പായി സ്പേസ് ബാര്‍ അമര്‍ത്തിയില്ലെങ്കില്‍ സിസ്റ്റം മേല്‍ കാണിച്ച സ്ക്രീനിലേക്ക് പോകും. അങ്ങിനെ വന്നാല്‍ വിര്‍ച്വല്‍ പിസി റീബൂട്ട് ചെയ്ത് വീണ്ടും എഡിറ്റിലേക്ക് പോകണംബൂട്ട് മെനു എഡിറ്റ് സ്ക്രീന്‍ (മുകളില്‍ കാണിച്ച അതേപോലെ) ലഭിക്കുന്നതാണ്. ആവശ്യമായ വരികള്‍ കൂട്ടിച്ചേര്‍ക്കുക, ഇന്‍സ്റ്റലേഷന്‍ തുടരുക.


യൂസര്‍ വിവരങ്ങള്‍ നല്‍കുക. പാസ് വേഡ് നല്‍കുക, ഓര്‍ക്കുക ബൂട്ട് , യൂസര്‍ പാസ്വേഡുകള്‍ കുറിച്ചു വക്കാന്‍ മറക്കരുത്.ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായാല്‍ ഫെഡോറ തയ്യാറായിക്കഴിഞ്ഞു.
കഴിഞ്ഞില്ല, ലോ റസല്യൂഷന്‍ സ്ക്രീനിനും മൌസിനും വേണ്ടി നമ്മള്‍ ബൂട്ട് മെനു എഡിറ്റ് ചെയ്തത് ഓര്‍മ കാണുമെന്ന് കരുതുന്നു. അത് വിര്‍ച്വല്‍ ഹാര്‍ഡ് ഡിസ്കില്‍ സ്ഥിരമായി തന്നെ രേഖപ്പെടുത്തണം. ഇതിനായി ടെര്‍മിനല്‍ വിന്‍ഡോ ഓപ്പണ്‍ ചെയ്യുക.


ഇത് ടെര്‍മിലല്‍ ബിന്‍ഡോ. ബൂട്ട് ഫയല്‍ എഡിറ്റ് ചെയ്യാന്‍ റൂട്ട് അധികാരങ്ങള്‍ ആവശ്യമാണ്. ഇതിനായി "su" എന്ന് ടൈപ്പ് ചെയ്യുക . പാസ്വേഡ് ചോദിക്കും അതു നല്‍കിയാല്‍ റൂട്ട് പ്രിവിലേജസ് ലഭിക്കും. ആ പ്രോംപ്റ്റില്‍ "gedit" എന്ന് ടൈപ്പ് ചെയ്താല്‍ ഒരു എഡിറ്റര്‍ വിന്‍ഡോ തുറന്ന് വരും.

ജി എഡിറ്റില്‍ ഓപ്പണ്‍ ക്ലിക്ക് ചെയ്ത് "file sytem/boot/grub/mnu.1st" എന്ന ഫയല്‍ തുറക്കുക. അതില്‍ കേരണല്‍ പരാമര്‍ശമുള്ള (നേരത്തെ നമ്മള്‍ എഡിറ്റ് ചെയ്ത വരി )കണ്ടു പിടിച്ച് അതിലെ "rhgb quiet" മാറ്റില്‍ പകരം vga ക്കുള്ള വരി ചേര്‍ക്കുക, മൌസിനായുള്ള noloop വരിയും ചേര്‍ക്കുക. സേവ് ചെയ്യുക. റെഡി.


കുറിപ്പ്:

1.ഞാനൊരു വിദഗ്ധനല്ലാത്തതിനാല്‍ റസല്യൂഷന്‍, മൌസ് എന്നിവക്കുള്ള ആര്‍ഗ്യുമെന്റുകള്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് വിശദീകരിക്കുന്നില്ല. അതിന്റെ വിദഗ്ധര്‍ ആരെങ്കിലും ഇതു വഴിവന്നാല്‍ വിശദീകരിച്ചു തരും എന്ന് കരുതുന്നു.


2.വിര്‍ച്വല്‍ പി സി ഉപയോഗിക്കുമ്പോള്‍ മാത്രമാണ് ഇപ്രകാരം ബൂട്ട് എഡിറ്റ് ചെയ്യേണ്ടി വരുന്നുള്ളൂ. നേരിട്ട് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക എളുപ്പമാണ്, ഗ്രാഫിക്സ്, മൌസ് തുടങ്ങിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ ഫെഡോറ തയ്യാറായി. അതിന്റെ വിശദാംശങ്ങളൂം , ഇന്റര്‍ നെറ്റ് കണക്ഷന്‍, മലയാളം വായന, മലയാളം എഴുത്ത് എന്നിവയുടെ അനുഭവങ്ങള്‍ അടുത്തഭാഗത്തില്‍ പോസ്റ്റാം എന്ന് കരുതുന്നു.

26 comments:

അനിൽ@ബ്ലോഗ് said...

വിര്‍ച്വല്‍ പിസിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടു. അവ പരിഹരിക്കാന്‍ നെറ്റില്‍ പരതേണ്ടി വന്നപ്പോള്‍ ലഭിച്ച വിവരങ്ങള്‍ കുറിച്ചിടുന്നു.

അരുണ്‍/arun said...

Thanks and Tracking

പാമരന്‍ said...

(സുളു ഭാഷയിലെ എന്തോ വാക്കാണ്)

ഹ ഹ ഹ! (su - super user :) )

താങ്ക്സ് മാഷെ. മലയാളം പരിപാടികള്‍ കൂടി പോസ്റ്റൂ..

അനില്‍@ബ്ലൊഗ് said...

പാമു നന്ദി.
സുഡോയുമായി കണ്‍ഫ്യൂഷനായതാ, മാറ്റി.
:)

vrajesh said...

എനിക്ക് അധികമൊന്നും മനസ്സിലായില്ല.ഒന്നു ചെയ്തു നോക്കട്ടെ.
എനിക്ക് ഉബുണ്ടു എന്റെ സുഹൃത്ത് ഇന്‍സ്റ്റാള്‍ ചെയ്തു തന്നു.ചിലപ്പോള്‍ മൗസിനോടും കീ ബോര്‍ഡിനോടും പ്രതികരിക്കാതെ സ്റ്റക്കാകുന്നു.അപ്പോള്‍ എന്തു ചെയ്യണം?

Typist | എഴുത്തുകാരി said...

എനിക്കിതൊന്നും വായിച്ചിട്ടൊരു കാര്യോമില്ലെന്നെനിക്കു തന്നെ അറിയാം. പട്ടിക്കു മുഴുവന്‍ തേങ്ങ കിട്ടിയ പോലെ എന്നു കേട്ടിട്ടില്ലേ, അതു തന്നെ കഥ....

ചിന്തകന്‍ said...

ഇത് ഇങ്ങനെ പോയാല്‍ നമ്മള്‍ മറ്റുവല്ല കോഴ്സും ചെയ്യേണ്ടിവരുമെന്നാ തോണണത്.... :)

നല്ല ശ്രമം, അഭിനന്ദനങ്ങള്‍.

കെ.പി.സുകുമാരന്‍ said...

നന്നായിട്ടുണ്ട് അനില്‍ , ഞാന്‍ ലിനക്സില്‍ ഇത് വരെ പരീക്ഷണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. ഒരു കൈ നോക്കാന്‍ ഈ പോസ്റ്റ് പ്രചോദനം നല്‍കുന്നു :)

അനില്‍@ബ്ലൊഗ് said...

കെ.പി.എസ് മാഷെ,
വിര്‍ച്വല്‍ പി സി ഇന്‍സ്റ്റാള്‍ ചെയ്താല്‍ നമ്മുടെ സിസ്റ്റത്തിന് ഒരു വ്യത്യാസവും വരാതെ ലിനക്സില്‍ വര്‍ക്ക് ചെയ്യാം. അതുകൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത്.

OAB/ഒഎബി said...

ഞാനിതിനൊക്കെ ഒരുമ്പെട്ടാല്‍
ഇപ്പൊ ഉള്ള ചോറ് ചക്കയിലൊട്ടും! :)

ഉപകാരപ്പെടുന്നവര്‍ക്കുപകാരപ്പെടും.
നന്ദി.

Jayesh / ജ യേ ഷ് said...

ഞാന്‍ ഉബുണ്ടു ഇന്റ്സാള്‍ ചെയ്യാന്‍ നോക്കി രണ്ട് പ്രാവശ്യം എല്ലാ ഡ്രൈവുകളും ഫോര്‍ മാറ്റ് ആയിക്കിട്ടി. ഇന്സ്റ്റാള്‍ ചെയ്തപ്പോഴാകട്ടെ ആകെ പ്രശ്നം . ഗ്രാഫിക് കാര്‍ ഡിന്റെ ഡ്രൈവര്‍ ഇല്ലൈ, ഫോട്ടോഷോപ്പ് തുടങ്ങിയ അത്യാവശ്യ സോഫ്റ്റ് വേറുകള്‍ ക്ക് പകരമായി ഒന്നുമില്ല ( GIMP അത്രപ്രയോജനകരമല്ല എന്ന് തോന്നി)ഓരോ പ്രാവശ്യം റീബൂട്ട് ചെയ്യുമ്പോഴും ലോക്കല്‍ ഡ്രൈവ് തുറക്കാന്‍ പാസ്സ് വേഡ് കൊടുക്കണം .ഇടയ്ക്കിടെ പിണങ്ങുന്നതും തൂങ്ങുന്നതും വേറെ. പുതിയ വേര്‍ ഷനില്‍ എല്ലാം ശരിയാവുമെന്ന് കരുതുന്നു.

അനില്‍@ബ്ലൊഗ് said...

രാജേഷ്,
ഞാനൊരു സാധാരണ ലിനക്സ് ലിനക്സ് യൂസര്‍ മാത്രമാണ്‍, ഇന്റര്‍നെറ്റാണ്‍ ആശ്രയം ഈ ലിങ്കില്‍ പോയി നോക്കൂ.ഉപകാരപ്പെടും എന്ന് തോന്നുന്നു. നടന്നില്ലെങ്കില്‍ അപ്ഗേഡ് ചെയ്യുകയാവും നന്നാവുക.

ജയേഷ്,
അല്പം ശ്രദ്ധയോടെ ചെയ്താല്‍ ഒരു കുഴപ്പവും വരില്ല. പുതിയ വേര്‍ഷനുകള്‍ മലയാളം റെഡി ആണ്. ഇപ്പോള്‍ ടൈപ്പ് ചെയ്യുന്നത് ഫെഡോറ ഉപയോഗിച്ചാണ്. കൂടുതല്‍ വിശദാംശങ്ങള്‍ അടുത്ത പോസ്റ്റില്‍ ഇടാം .

അരുണ്‍ , എഴുത്തുകാരിച്ചേച്ചി,ചിന്തകന്‍, ഓ എ ബി നന്ദി

Baiju Elikkattoor said...

tracking...

vrajesh said...

നന്ദി,അനില്‍.
എന്റെ പ്രശ്നത്തിന് ആരെങ്കിലും മറുപടി തരുമെന്ന പ്രതീക്ഷയില്‍ ഇട്ടതായിരുന്നു.

»¦ മുഖ്‌താര്‍ ¦ udarampoyil ¦« said...

സ്ക്രീന്‍ ഷോട്ടുകള്‍ സഹിതം വിവരിച്ചതു നന്നായി..


പുതിയ അറിവുകള്‍ക്ക് നന്ദി..

അപ്പു said...

ഞാൻ ഒരു പിസിയും വാങ്ങി നേരെ അനിൽമാഷിനെ കാണാൻ വരുന്നുണ്ട്.... :-)

ശ്രീ said...

ലിനക്സ് install ചെയ്യുക എന്നതും ഉപയോഗിയ്ക്കുക എന്നതും അത്ര ബുദ്ധിമുട്ടുള്ള സംഗതി അല്ല. വിന്‍ഡോസ് ഉപയോഗിച്ചു ശീലിച്ചവര്‍ക്ക് വഴങ്ങാന്‍ സ്വല്‍പം സമയമെടുത്തേക്കാം എന്ന് മാത്രം.

തുടക്കക്കാര്‍ക്ക് മനസ്സിലാക്കാനും ഉപയോഗിയ്ക്കാനും ഏറ്റവുമെളുപ്പം Ubuntu അല്ലെങ്ങകില്‍ Fedora തന്നെയാണ്. പിന്നെ, install ചെയ്യുമ്പോള്‍ അനില്‍ മാഷ് പറഞ്ഞതു പോലെ ഒന്ന് ശ്രദ്ധിയ്ക്കണം എന്ന് മാത്രം.

പുതിയ പിസി ആണെങ്കില്‍ കുഴപ്പമില്ല. നിലവില്‍ ഡാറ്റയോ വിന്‍ഡോസ് ഓപ്പറേറ്റിങ്ങ സിസ്റ്റമോ ഉള്ള പിസി ആണെങ്കില്‍ കുറച്ച് Free Space (10 GB Unallocated partition ധാരാളം മതിയാകും) അത്തരം അവസരങ്ങളില്‍ Customize നു പകരം Auto install കൊടുത്താല്‍ അത് തനിയേ Root നും Swapനും വേണ്ട Space എല്ലാം എടുത്തു കൊള്ളും.

പിന്നെ, ഇപ്പോള്‍ പുറത്തിറങ്ങുന്നവയ്ക്ക് മലയാളം സപ്പോര്‍ട്ട് ഉണ്ടല്ലോ.

ശ്രീ said...

ജയേഷ്...

നിലവിലുള്ള partition നു കേടു വരാതിരിയ്ക്കാനാണ് ഇന്സ്റ്റലേഷനു മുന്‍പേ തന്നെ കുറച്ച് ഫ്രീ സ്പേസ് ഉണ്ടാക്കാന്‍ പറയുന്നത് ( വിന്‍ഡോസില്‍ നിന്നു തന്നെ ഇതു ചെയ്യാമല്ലോ. ഫോര്മാറ്റ് ചെയ്തതു കൊണ്ടായില്ല. മിനിമം ഒരു 10 ജിബി സ്പേസ് Seperate പാര്‍ട്ടീഷന്‍ ഉണ്ടാക്കി അത് ഒന്നും ചെയ്യാതെ (unallocated free space)വിട്ട ശേഷം ഇന്‍സ്റ്റല്ലേഷന്‍ തുടങ്ങുന്നതാണ് ഉത്തമം.
പിന്നെ ഓരോ ഡ്രൈവും തുറക്കാന്‍ പാസ്സ്വേഡ് ചോദിയ്ക്കുന്നത് നിങ്ങള്‍ Root User ആയി ലോഗിന്‍ ചെയ്യാത്തതു കൊണ്ടാകും. (For safety).

Gimp എത്രത്തോളം പ്രയോജനപ്രവമാണ് എന്നറിയില്ല. എങ്കിലും Photoshop ന്റെ അത്യാവശ്യം features എല്ലാം അതിലുമില്ലേ? മാത്രമല്ല, Word, Excel, Power Point, Adobe Reader തുടങ്ങിയ എല്ലാ applications ഉം ലിനക്സില്‍ By defaukt ആയി ലഭ്യമാണ്.

അപ്പൂട്ടന്‍ said...

കാര്യം വർഷങ്ങളായി പണിയെടുക്കുന്നത്‌ കമ്പ്യൂട്ടറിലാണെങ്കിലും ഇതിൽ പലതും എനിക്ക്‌ സുളു തന്നെയാണ്‌ (ഡെവലപ്‌മന്റ്‌ അല്ല പണി എന്നതായിരിക്കാം കാരണം). നമുക്കൊക്കെ സിസ്റ്റം അഡ്മിൻ എല്ലാം റെഡിയാക്കി തരുന്നതിനാൽ ഇത്രേം കുരിശുണ്ടെന്ന് അറിഞ്ഞിട്ടേയില്ല. അല്ല, ലിനക്സ്‌ ഒരിക്കലെങ്ങാണ്ട്‌ ഉപയോഗിച്ചിട്ടുണ്ടെന്നുള്ളതല്ലാതെ ഞാനാവഴിക്ക്‌ പോയിട്ടേയില്ല.

പിന്നെ, ഉപയോഗിക്കുന്ന ലാപ്‌ടോപ്‌ കമ്പനി പ്രോപ്പർട്ടിയാണ്‌. വീട്ടിലുള്ളതാണെങ്കിൽ അത്യാവശ്യം ബ്രൗസ്‌ ചെയ്യാനോ കുഞ്ഞന്‌ കളിക്കാനോ മാത്രമാണ്‌ ഇപ്പോൾ ഉപയോഗിക്കുന്നത്‌ (പണ്ട്‌ ശ്രീമതി അത്യാവശ്യം ടാലി പഠിച്ചിരുന്നു). അതിനാൽ വിൻഡോസ്‌ മതിയേ.....

ഇനി കുഞ്ഞൻ പഠിക്കട്ടെ, അപ്പോൾ നോക്കാം ഒരു അപ്‌ഗ്രേഡ്‌.

മനസിലായില്ലെങ്കിലും സമയമെടുത്ത്‌ ഇത്‌ പഠിക്കാനും അറിവ്‌ പങ്കുവെക്കാനും ഉള്ള ഈ ഉദ്യമത്തിന്‌ നന്ദി. ബുൿമാർക്ക്‌ ചെയ്തുവെയ്ക്കട്ടെ, ഭാവിയിൽ ആവശ്യം വന്നാലോ (അപ്പോഴേയ്ക്കും ഇവന്മാരൊക്കെ കൂടുതൽ യൂസർ-ഫ്രണ്ട്‌ലി ആയിട്ടുണ്ടാവും എന്നത്‌ വേറെക്കാര്യം, എന്നാലും ബേസിക്‌ സംശയങ്ങൾ വന്നാൽ സഹായമാകുമല്ലൊ)

Jayesh / ജ യേ ഷ് said...

ലിനക്സ് അറിയാത്തത് കൊണ്ട് പറ്റിപ്പോയതാണ്‌.ഞാന്‍ സി ഡ്രൈവില്‍ വിന്‍ ഡോസ് കളഞ്ഞിട്ടാണ്‌ ഇന്സ്റ്റാള്‍ ചെയ്യാന്‍ നോക്കിയത്. ഇപ്പോള്‍ പരിചയമായി. എന്നാലും ഫോട്ടോഷോപ്പ് ഒരു നഷ്ടം തന്നെ. വൈന്‍ ഉപയോഗിച്ച് ഫോട്ടോഷോപ്പ് ഇസ്റ്റാള്‍ ചെയ്തു നോക്കി. അത്ര ഫ്രീ അല്ല. പിന്നെന്താ, വേറൊരു ഓ.എസ് ഉപയൊഗിക്കുന്നതിന്റെ ഒരു സുഖം ..

aluvaakkaran said...

വൈന്‍ ഉപയോഗിച്ച് ഫോട്ടോഷോപ്പ് ഇസ്റ്റാള്‍ ചെയ്തു നോക്കി. Hw to do this???

ശ്രീ said...

aluvaakkaran...

Windows Applications തന്നെ പലതും അതേ പോലെ Linux ലും install ചെയ്ത് ഉപയോഗിയ്ക്കാന്‍ സഹായിയ്ക്കുന്ന ഒന്നാണ് Wine (WINdows Emulator)

അനില്‍@ബ്ലൊഗ് said...

ശ്രീ,
ലിനക്സ് ഇസ്റ്റാള്‍ ചെയ്യുന്നത് ബുദ്ധിമുട്ടുള്ള സംഗതി അല്ല എന്നത് ശരിതന്നെ. പക്ഷെ ജയേഷിന് പറ്റിയത് കണ്ടില്ലെ? അതുപോലെ അബദ്ധങ്ങള്‍ പറ്റാതിരിക്കാന്‍ വിര്‍ച്വല്‍ പിസിയില്‍ ഇട്ട് പഠിക്കുന്നതാവും നന്നാവുക എന്ന ചിന്തയിലാണ് ഈ പോസ്റ്റ് ഇട്ടത്. ഞാന്‍ ഫെഡോറ കോര്‍ 3 മുതല്‍ ഫെഡോറ ഉപയോഗിക്കുന്ന ആളാണ്, എന്നാലും ഫെഡോറ 12 സൌകര്യങ്ങളില്‍ അല്പം താഴെ പോയോ എന്ന് സംശയം, മലയാളം (ഭാഷാ സപ്പോര്‍ട്ട്)മെച്ചപ്പെട്ടിട്ടുണ്ട്.കുറച്ച് പേരെക്കൂടി ഈ ഓ.എസിലേക്ക് ആകര്‍ഷിക്കുക എന്നതാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം. ചര്‍ച്ചകള്‍ക്കിടയില്‍ ശ്രീയെപ്പോലെ വിഷയവുമായി ബന്ധമുള്ള ആളുകളെ കിട്ടിയാല്‍ എല്ലാര്‍ക്കും സംശയവും ചോദിക്കാമല്ലോ.

അനില്‍@ബ്ലോഗ് said...

രണ്ടാം ഭാഗം കൂടി നോക്കുമല്ലോ. ലിങ്ക് ഇവിടെ

Captain Haddock said...

ഗ്രേറ്റ്‌ !!! Bravo !!!

ചേച്ചിപ്പെണ്ണ് said...

sudo apt-get install CONGRATS!!!!