മനുഷ്യ ദൈവങ്ങളെപറ്റി ധാരാളം ചര്‍ച്ചകള്‍ ബൂലോകത്തും മറുലോകത്തും നടക്കാറുള്ളതാണ്. പ്രസ്തുത ചര്‍ച്ചകള്‍ വീക്ഷിച്ചു വരവേ മനസ്സില്‍ തോന്നുന്ന സന്ദേഹങ്ങളാണ്, ഇവരുടെ ശാരീരിക പ്രക്രിയകള്‍ എപ്രകാരം നിയന്ത്രിക്കപ്പെടുന്നു എന്നുള്ളത്. വിശപ്പ്, ദാഹം, വിസര്‍ജ്ജന ശങ്കകള്‍ മുതലായവയൊക്കെ ഇതിലുള്‍പ്പെടുന്നു, ഒപ്പം മറ്റു ശാരീരിക പ്രക്രിയകളും. ഇവരോരൊരുത്തരും സാധാരണ മനുഷ്യ ജീവികളാണെന്നു സ്ഥാപിക്കാനായി പലപ്പോഴും നാം ചൂണ്ടിക്കാട്ടുന്ന കാര്യങ്ങളും ഇവ തന്നെ.
എങ്കില്‍ സാക്ഷാല്‍ ദൈവപ്രതിഷ്ഠകള്‍, മനുഷ്യ സഹജമായ ശാരീരിക പ്രക്രിയകള്‍ പ്രകടിപ്പിക്കുമോ?
അങ്ങിനെ സംഭവിക്കുന്നു എന്നുത്തരം തരുന്നത് ചെങ്ങന്നൂര്‍ പടിഞ്ഞാറെ നടയിലെ പാര്‍വതീ വിഗ്രഹമാണ്.
വര്‍ഷത്തില്‍ പലതവണ ഈ വിഗ്രഹം ഋതുവാകാറുണ്ടത്രെ!
ഇപ്രകാരം സംഭവിക്കുന്ന നാളുകള്‍ ആഘോഷമായി കോണ്ടാടപ്പെടുന്നു.
തൃപ്പൂത്ത് എന്നാണ് ആ അഘോഷം അറിയപ്പെടുന്നത്. (ലിങ്ക് നോക്കുക)
പണ്ടു കാലങ്ങളില്‍ നാട്ടിന്‍പുറങ്ങളില്‍ കാണപ്പെട്ടിരുന്ന ഒന്നായിരുന്നു തിരണ്ടു കല്യാണം. ഒരു പെണ്‍കുട്ടി ആദ്യമായി ഋതുമതിയായാല്‍, ആ ദിനം കെങ്കേമമായി ആഘോഷിക്കാറുണ്ടായിരുന്നു. ചില നാടുകളില്‍ സമീക കുളങ്ങളിലും തോടുകളിലും, വാഴപ്പോളയിലും മറ്റുമായി തിരികള്‍ കത്തിച്ചൊഴുക്കുന്നതും കണ്ടു വന്നിരുന്നു.
ആഘോഷിക്കാന്‍ പ്രത്യേക വിഷയം വേണോ?
ദൈവിക ഋതു !
ശബരിമലയിലെ മകര വിളക്കുപോലെ ഇനി ഇതിനെന്തു വിശദീകരണമാണ് ലഭിക്കുക ?
വളരെപ്പഴയ ഒരു വിഷയം, മുന്‍പും ചര്‍ച്ച ചെയ്യപ്പെട്ടത്, എങ്കിലും ഞാനും പോസ്റ്റുന്നു.
10/22/2008
Subscribe to:
Post Comments (Atom)
42 comments:
വളരെപ്പഴയ ഒരു വിഷയം, മുന്‍പും ചര്‍ച്ച ചെയ്യപ്പെട്ടത്, എങ്കിലും ഞാനും പോസ്റ്റുന്നു.
ചുരുക്കമായി ഇതിനൊരു കമന്റ് എഴുതുക ശരിയാകില്ല. (Sorry for spelling erros) ആര്‍ത്തവത്തിനു പ്രാചീനകാലം മുതലേ ആഘോഷങ്ങളില്‍ ഗണ്യമായ സ്ഥാനമുണ്ട്. ഏതോ ഒരു അമാനുഷികമായ ശക്തി സ്ത്രീകളെ ബാധിക്കുന്നതിനാലാണ് ആര്‍ത്തവമുണ്ടാകുന്നത് എന്നാണ് പ്രാചീനമനുഷ്യര്‍ വിശ്വസിച്ചൂപോന്നത്. ആയതിനാല്‍ ഈ സമയം അവരില്‍ ദിവ്യശക്തിയുണ്ടാകുമെന്ന് അവര്‍ കരുതിപ്പോന്നു. റോമിലും അസ്സീറിയയിലും ഈജിപ്തിലുമൊക്കെ ആര്‍ത്തവസമയത്ത് ശകതി വര്‍ദ്ധിച്ചിരുന്ന ദേവിമാരെക്കുറിച്ചു കഥകളുണ്ട്. ഇനി ത്രിപ്പൂത്താറാട്ടിനെക്കുറിച്ചു ഞാന്‍ അറിഞ്ഞിട്ടുള്ളത് പാര്‍വ്വതീദേവിയുടെ വിവാഹത്തിനു എല്ലാ ദേവ-സന്യാസിമാര്‍ ഹിമാലയത്തില്‍ ഒത്തുകൂടിയപ്പോള്‍ ഭാരം നിമിത്തം ലോകം കീഴ്മേല്മറിയുമോ എന്ന ശങ്കയാല്‍ ദേവന്മാര് കല്യാണത്തിനു വന്ന അഗസ്ത്യമുനിയെ അവിടെ നിര്‍ത്താതെ തെക്കേയറ്റത്തുള്ള പമ്പാനദീ തീരത്തുപോയി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നാല്‍ ഭൂമിയെ കീഴ്മേല്‍ മറിയുന്നതില്‍ നിന്നും രക്ഷിക്കാനാകുമെന്നു കണ്ടെത്തി. പരിണയം കഴിഞ്ഞാല്‍ തെക്കു വന്ന് അഗസ്ത്യമുനിക്കു കാണാന്‍ പരമശിവനും പാര്‍വ്വതിയും വീണ്ടും വിവാഹം കഴിച്ചുകാണിക്കാമെന്ന ഉറപ്പില്‍ അഗസ്ത്യമുനി തെക്കോട്ടുപോയി. ഈ വാക്കു പാലിക്കാന്‍ ദേവകളും ശിവനും പാര്‍വതിയും തെക്കേ അറ്റത്തു ചെന്ന് അഗസ്ത്യമുനിയുടെ മുന്‍പാകെ വീണ്ടും പരിണയിച്ചു. (അന്നേരം ഭൂമി കീഴ്മേല്‍ മറിഞ്ഞില്ല) പക്ഷേ അവിടെയെത്തിയ ദേവിക്ക് ആര്‍ത്തവമുണ്ടായി. ഈ ആര്‍ത്തവത്തിന്റെ ഓര്മ്മ്ക്കയി ദേവി തന്റെ ആര്‍ത്തവരക്തം വീണ മണ്ണില്‍ ഒരു ആലയ്മുണ്ടാകണമെന്ന ആഗ്രഹത്തോടെ അവിടെ കാനനത്തില്‍ ഒരു ശിലയില്‍ തന്റെ ശക്തി ആവാഹിച്ചതായും കാട്ടില്‍ വിറകു വെട്ടാന്‍ വന്ന കുറത്തി തന്റെ അരിവാള്‍ രാകിയ ശിലയില്‍ നിന്നും രക്ത്പ്രവാഹമുണ്ടായതും പിന്നീട് ദേവി പ്രതിഷ്ഠിക്കപ്പെട്ടതുമൊക്കെയാണ് ഐതിഹ്യം. ഇതിനിടെയിലെപ്പോഴോ ദേവിക്കു ആര്‍ത്തവം നിന്നുപോയതായും അമ്പലത്തിലെ നടവരവു കുറഞ്ഞുപോയതായും ക്ഷേത്രപുരാണങ്ങളിലെവിടെയോ വായിച്ചിരുന്നു.ഏതു പുസ്തകമെന്ന് ഓര്‍മ്മയില്ല. പിന്നീട് പഞ്ചലോഹവിഗ്രഹമുണ്ടാക്കി നിരവധി ശക്തിമന്ത്രങ്ങളിലൂടെ ദേവിക്കു ആര്‍ത്തവം തിരിച്ചുകിട്ടിയതും ദേവിയുടെ ആര്‍ത്തവകാലത്തെ ദേവിയെ ദര്‍ശിച്ചാല്‍ ദീര്ഘസുമംഗലികളായിരിക്കും, സമ്പത്ത്റ്റു വര്‍ദ്ധിക്കുമെന്നൊക്കെ കഥകള്‍ ഉണ്ടായതും നമുക്കു മനസിലാകുന്ന കാര്യങ്ങളാണല്ലോ.
പ്രവാചകന്മാരില് മുഹമ്മദ് നബി ആര്‍ത്തവത്തിന്റെ തൊട്ടുകൂടായ്മയെ അത്രകണ്ട് അംഗീകരിച്ചിരുന്നില്ല. അദ്ദേഹം തന്റെ ഭാര്യ് ആയിഷയോടെ ആര്ത്തവസമയത്ത്ത് പള്ളിയില്‍ നിന്നും ഒരു തടുക്ക് (ഇരിക്കാനുള്ള പായ) എടുത്ത്തുകൊണ്ടുവരാന് ആവശ്യപ്പെട്ടപ്പോള്‍ തന്റെ അശുദ്ധിയെക്കുറിച്ചു ആയിഷ് നബിയെ ഓര്‍മ്മപ്പെടുത്തി. അപ്പോള്‍ ‘ അത് കയ്യിലല്ലല്ലോ” എന്ന് അദ്ദേഹം പറഞ്ഞതായി ഹദിസ്സില്‍ വിവരിക്കുന്നുണ്ട്. ആര്‍ത്തവസമയത്തുപോലും പള്ളിയില്‍ കയറാന്‍ സ്ത്രീകളെ അനുവദിച്ചിരുന്ന നബിയുടെ അനുയായികള്‍ പിന്നീട് സ്ത്രീകളോടും അവരുടെ ആരാധനക്കുപോലുമുള്ള അവകാശങ്ങളോടും ഏതു തരം നിലപാടാണെടുത്തിരിക്കുന്നത് എന്നു ഇവിടെ പറയേണ്ട ആവശ്യമില്ലല്ലോ.
ശാസ്ത്രം വളരെയേറെ മുന്‍പോട്ടു പോയിട്ടും ഇന്നു നമ്മുടെസമൂഹം അജ്ഞതയുടെ ആര്‍ത്തവരക്തത്തില്‍ ഇങ്ങനെ മുങ്ങിക്കിടക്കുകായാണ്!..എന്തു ചെയ്യാന്‍ അനിലേ................
ബൈ ദ് ബൈ, നല്ല പോസ്റ്റ്....കൂടുതല്‍ ആള്ക്കാര് പ്രതികരിക്കട്ടെ...
കൃഷണ,
വിശദമായ ആദ്യ കമന്റിനു നന്ദി.
“ആര്‍ത്തവം” എന്ന സംഗതിക്കു ദിവ്യത്ത്വമുണ്ടെന്നു സങ്കല്പ്പിക്കുകയും,ദേവിക്ക് അതുണ്ടായാല്‍, ദര്‍ശനം പുണ്യം എന്നു വിധിക്കുകയും ചെയ്യുന്ന ആളുകള്‍ തന്നെയാണല്ലോ നമ്മുടെ സ്ത്രീകളെ ആ സമയം “പടിക്കു പുറത്തു” നിര്‍ത്തുന്നത്. ഈ ദിവസങ്ങളില്‍ പഞ്ചലോഹ വിഗ്രഹത്തില്‍ ചാര്‍ത്തിയിരിക്കുന്ന ആടകളില്‍ രക്തം കാണും എന്നാണ് പറയപ്പെടുന്നത്. മകര വിളക്കു മനുഷ്യ നിര്‍മ്മിതമാണെന്നു തുറന്നു സമ്മതിക്കുന്ന ഈ സമയത്ത് ഇത്തരം ഇടപാടുകളും പുറത്തു പറയണം എന്നാണ് എനിക്ക് ആവശ്യപ്പെടാനുള്ളത്. രക്തം പുരണ്ടതായി പറയുന്ന “ ആട “ വന്‍ തുകക്കു ലേലം നടന്നിരുന്നതായും പറയപ്പെടുന്നുണ്ട്.
മറ്റൊരു ഐതീഹ്യമാണ് ഞാന്‍ കെട്ടിരിക്കുന്നത്. സതീ ദേവിയുടെ മുറിച്ചെറിഞ്ഞ ശരീരഭാഗങ്ങളില്‍ യോനീ മണ്ഡലം ഇവിടെ വീണതിനാലാണ് ഈ ക്ഷേത്രത്തില്‍ ഇതു സംഭവിക്കുന്നതെന്ന് നാലാങ്കല്‍ കൃഷ്ണപിള്ള എഴുതിയത് വായിച്ചു. ഐതീഹ്യമാല തപ്പിയെടുക്കട്ടെ, അതിനിടയില്‍ ഇതിനേക്കുറിച്ചു അറിവുള്ളവര്‍ പറയും എന്നും പ്രതീക്ഷിക്കുകയാണ്.
അറിയില്ല. ഇത് ഞാൻ അഭിപ്രായം പറയാൻ ആഗ്രഹിക്കാത്ത വിഷയം. പക്ഷേ, ഞാനും കാത്തിരിക്കുന്നു. പിന്നിൽ വരുന്നവർ പറയുന്നതെന്തെന്ന് കേൾക്കാൻ.
ഈ വക കാര്യങ്ങള്‍ എനിക്ക് പേടിയാണ് അനില്‍.ചോര കണ്ടാലെ ഞാന്‍ വിറക്കും .അതുകൊണ്ട് നോ കമെന്റ്സ് .
/
ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം: പല പ്രത്യേകതകളുമുള്ള ഒരു ക്ഷേത്രമാണിത്. ചെങ്ങന്നൂര്‍ ഭഗവതിക്ഷേത്രം എന്നും അറിയപ്പെടും.
രണ്ടു ശ്രീകോവിലുകള്‍- കിഴക്കോട്ടു നോക്കി ശിവനും പടിഞ്ഞാടോട്ടു നോക്കി പാര്‍വ്വതിയും. കല്യാണങ്ങളൊക്കെ ദേവിയുടെ മുന്നില്‍.
പണ്ടിവിടെ വിഷപരീക്ഷ നടത്തിയിരുന്നു.
കെരളത്തില് മറ്റെങ്ങുമില്ലാത്ത ‘തൃപ്പുത്താറാട്ട്’ ഇവിടെയുണ്ട്.
ദേവി രജസ്വലയാകുമെന്ന വിശ്വാസത്തോടനുബന്ധിച്ചാണ് ഈ ഉത്സവം.
http://www.flickr.com/groups/kearala_clicks/discuss/72157605970218045/page2/
http://www.flickr.com/groups/
kearala_clicks/discuss/
72157605970218045/page2/
മകര ജ്വോതി മനുഷ്യ നിര്‍മ്മിതി ആയിരുന്നു എന്നറിയില്ലായിരുന്നു .ഇതെനിക്കൊരു പുതിയ അറിവാണ് .ഞാന്‍ കരുതി അത് അയ്യപ്പാനുഗ്രഹം ആയിരിക്കും എന്ന് .
നരിക്കുന്നന്‍,
സന്ദര്‍ശനത്തിനു നന്ദി.
എന്തുകൊണ്ട് താങ്കള്‍ അഭിപ്രായം പറയുന്നില്ല എന്നു വ്യക്തമാക്കിയിരുന്നെങ്കില്‍ എനിക്കു വഴികാട്ടിയായേനെ.
മാണിക്യം ചേച്ചി,
എന്റെ അമ്മ വീടു കോഴഞ്ചേരി ആണ്. ചെറുപ്പം മുതല്‍ കേള്‍ക്കുന്ന ഉത്സവമാണിത്. ലിങ്കുകള്‍ക്കു നന്ദി.പക്ഷെ അതിനു ഫ്ലിക്കര്‍ മെംബര്‍ഷിപ്പു വേണം.
കാപ്പിലാനെ,
മകരജ്യോതി പ്രതീകാത്മകമാണെന്നു തുറന്നു പറഞ്ഞല്ലോ അവര്‍.
ചാണക്യന്റെ പോസ്റ്റ്
ദേ വിക്കി
കാപ്പിലാന് കാര്യമായിട്ട് പറഞ്ഞതാണോ ? ആണെങ്കില്‍ താഴത്തെ ലിങ്ക് :)
http://kiranthompil.blogspot.com/2007/08/blog-post_07.html
ചെങ്ങന്നൂര്‍ മഹാദേവര്‍ ക്ഷേത്രം, അവിടെ ഞാന്‍ ദര്‍ശനം നടത്തിയിട്ടുള്ളത് മനസ്സുകൊണ്ടാണ്. അവിടെ, ദേവനും ദേവിയും എഴുന്നള്ളി നില്ക്കുമ്പോള്, അവരുടെ തിടമ്പേറ്റിയ ആനകളുടെ ചേര്‍ച്ചയും, ഐക്യവും പോലും അത്ഭുതമുളവാക്കുന്ന ഒരു ദര്ശനസൌഭാഗ്യമത്രേ... വാക്കുകള്‍ ആനന്ദത്തിനു വഴിമാറുന്നു...
പണ്ടൊക്കെ വളരെ വിരളമായി മാത്രം നടന്നിരുന്ന ഈ ‘പ്രതിഭാസം’,
ഈയടുത്ത കാലങ്ങളിൽ ഇടയ്ക്കിടയ്ക്ക് സംഭവിയ്ക്കുന്നതായി പത്രങ്ങളിൽനിന്നും മനസ്സിലാക്കിയിരുന്നു.
ഭക്തിവ്യാപാരം കൊണ്ടുപിടിച്ചു നടക്കുന്ന വർത്തമാനകാല തമാശകളിലൊന്ന് എന്നേതോന്നിയിട്ടുള്ളു.എന്റെ അമ്മയുടെ കയ്യിൽ ചെങ്ങന്നൂരമ്പലത്തിൽ നിന്നും
പ്രസാദം പോലെക്കിട്ടിയ ഒരു ചെറിയ കസവുനേര്യതുണ്ടായിരുന്നു-തൃപ്പൂത്ത് സമയത്ത് വിഗ്രഹത്തെ അണിയിച്ചിരുന്നതാണത്രെ.അതിൽ
തുരുമ്പിന്റെ കറപോലെ തോന്നിയ്ക്കുന്ന ഒരു പാടും ഉണ്ടായിരുന്നു.അമ്മ വളരെ ഭക്തിയോടെ ഒരു കൊച്ചു മരപ്പെട്ടിയിലിത് സൂക്ഷിച്ചിരുന്നു.ഏതാനും വർഷങ്ങൾക്ക്മുൻപ് വീടൊഴിയ്ക്കേണ്ടിവന്നപ്പോൾ,ഇതു തപ്പിയെങ്കിലും കിട്ടിയില്ല.ഫോറെൻസിക്ക് ലാബിൽ കൊണ്ടുപോയി ഞാൻ കൊടുത്തേക്കുമെന്ന സംശയമുള്ളതു
കൊണ്ടാണൊ എന്തൊ ‘ദേവി’അത് അപ്രത്യക്ഷമാക്കി! :)
പറയാനുള്ള പലതും കൃഷ്ണതൃഷ്ണ പറഞ്ഞുകഴിഞ്ഞു.
തൃപ്പൂത്തുപോലെ പ്രസിദ്ധമല്ലെങ്കിലും,കേരളത്തിലെ പല ക്ഷേത്രങ്ങളിലും ‘രജസ്വലയാകുന്ന ദേവി’എന്ന സങ്കൽപ്പമുണ്ട്.ശ്രീകൃഷ്ണപുരത്ത് നിത്യഋതുമതിയായ ദേവിയാണ് മംഗല്യഭാഗ്യത്തിന് ഭക്തകളെ അനുഗ്രഹിക്കുന്നത്!പാടൽപ്പറ്റയിൽ,കാളീക്ഷേത്രത്തിൻ മാസം ഏഴുദിവസം പൂജയില്ലായിരുന്നുവത്രേ.ദേവി അശുദ്ധയാവുന്നതിനാൽ.(കേരളചരിത്രം-അടിവേരുകൾ-എൻ.എം.നമ്പൂതിരി.)
മാടായിക്കാവിലച്ചിയുടെ തോറ്റങ്ങളിൽ,ദേവിയുടെ തീണ്ടാരിപ്പും വിഷയമാകുന്നു.(പാഠഭേദങ്ങളുണ്ട്)
ആർത്തവത്തെ ശുദ്ധാശുദ്ധങ്ങളുമായി ബന്ധിപ്പിക്കുന്നതു തന്നെ പല മിത്തുകളിലൂടെയുമാണ്.
സർവ്വമനുഷ്യവ്യാപാരങ്ങളെയും ദൈവവുമായി തന്മയീഭവിപ്പിക്കുന്ന ഒരു സംസ്കൃതി,നമ്മുടെ പാരമ്പര്യത്തിലുണ്ട്.
കോറോത്ത്,
നന്ദി.
ജയകൃഷ്ണന് കാവാലം,
ആരുടേയും വിശ്വാസങ്ങള്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ മകരജ്യോതി, വിഗ്രഹത്തിലെ ചോര , ഇതെല്ലാം എന്താണെന്ന് അറിയാന്‍ നമുക്കവകാശമില്ലെ?
ഭൂമിപുത്രി,
ഇന്ന് ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നാണ് ആരാധനാലയങ്ങള്‍. അമ്മക്കു നല്ല ധാരണയാണല്ലെ :)
വികടശിരോമണി,
അഭിപ്രായങ്ങള്‍ക്കു നന്ദി.
രണ്ടു കാര്യങ്ങളാണ് ഞാന്‍ ചോദിക്കുന്നത്.
സ്ത്രീത്വത്തിന്റെ പ്രതീകമാണ് ആര്‍ത്തവം എന്ന് കൊട്ടിഘോഷിക്കുമ്പോളും ഇതുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങള്‍ ഉയര്ത്തിക്കാട്ടുകയല്ലെ ഈ ചടങ്ങുകളിലൂടെ ചെയ്യുന്നത്? അതായത് മാസത്തില്‍ കുറച്ചു ദിവസം പൂജ നിര്‍ത്തി വക്കുക തുടങ്ങിയ ഏര്‍പ്പാടുകള്‍. ചെങ്ങന്നൂര്‍ പടിഞ്ഞാറെ നടയിലും അതുണ്ട് എന്നാണ് തോന്നുന്നത്.
പഞ്ചലോഹ വിഗ്രഹത്തില്‍ കളര്‍ വരുന്നത് വല്ല കെമിക്കല്‍ റിയാക്ഷനുമാണോ അതോ പൂജാരി തേക്കുന്നതോ?
ഇതു ഒരു പുതിയ സംഗതിയൊന്നുമല്ല.ഇപ്പോള്‍ അടുത്ത് ചെങ്ങന്നൂരുമായി ബന്ധപ്പെടേണ്ടി വന്നപ്പോള്‍ മനസ്സില്‍ തോന്നിയതാണിത്.
കോഴഞ്ചേരിയിൽ അമ്മവീടുണ്ടായിരുന്നിട്ടുകൂടി ഈ വിവരങ്ങൾ ചെങ്ങന്നൂർ വരെച്ചെന്ന് അറിയാൻ കഴിഞ്ഞില്ലെന്നോ?! വിശ്വസിക്കാനാകുന്നില്ല. വേണമെങ്കിൽ ഞാനും കൂടെ വരാം.
എനിക്കിതെല്ലാം പുതിയ കാര്യങ്ങള്‍..
ഇതു മനുഷ്യ ദൈവത്തിന്റെ കാര്യം അല്ലാ.ചെങ്ങന്നൂരിലെ ഭഗവതിയുടെ കാര്യമാണു..എനിക്ക് ദേവിയില്‍ നിറഞ്ഞ വിശ്വാസം ഉണ്ട്.അതു കൊണ്ട് ഈ വിഷയത്തില്‍ ഒരു കമന്റും ഇല്ല.
ബാക്കി ഉള്ളവരുടേ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കുന്നു.
‘രക്തം പുരണ്ടതായി പറയുന്ന “ ആട “ വന്‍ തുകക്കു ലേലം നടന്നിരുന്നതായും പറയപ്പെടുന്നുണ്ട്.‘
ഇതൊക്കെ തന്നെയാവാം കാരണങ്ങൾ
നല്ല പോസ്റ്റ് അനില്‍ജീ.
മുന്‍കൂര്‍ ജാമ്യം .
...........
ഇത് ആരുടേയും വിശ്വാസത്തെ മുറിപ്പെടുതാതിരിക്കട്ടെ.
പന്തള രാജകുമാരന് മലകയറിപ്പോയി നാളുകള്‍ക്കു മുന്‍പേ .മകരജ്വോതി തട്ടിപ്പായിരുന്നു എന്ന് പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ വന്ന വെറും പൊട്ടക്കര്യമായി മാത്രമേ ഇതിനെ കണക്കിടാവൂ .
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ഇനിയും നാളുകള്‍ കഴിയും .ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ദൈവങ്ങളും നമ്മളും മരിക്കും .കുശ്ബുവിനു പോലും അമ്പലങ്ങള്‍ പണിയുന്ന നാട്ടില്‍ അമ്മ ദേവിയാകും.അമ്മക്ക് വേറെ കൈകാലുകള്‍ ഉണ്ടാകും .ഓരോ കൈകളിലും ഓരോ ആയുധങ്ങളും ഉണ്ടാകും.അമ്മയെ പ്രസാദിപ്പിക്കാന്‍ അമ്പലങ്ങളില്‍ പൂജ നടക്കും .സേതുബന്ധനവും ,കടല്‍ കയറിയതും അതിശയമേറിയ കഥകള്‍ ആകും .ഇതൊന്നും കാണാന്‍ നാം ഉണ്ടായി എന്ന് വരികയില്ല .പക്ഷേ നമ്മുടെ കൊച്ചുമക്കള്‍ ഉണ്ടാകും .അവരും ഇതിനു പിന്നാലെ പോകും .
ഈ കമെന്റിനു കടപ്പാട് കാന്താരികുട്ടി .
ചെറിയനാടന്‍,
സന്ദര്‍ശനത്തിനു നന്ദി.പോയിനോക്കി തൊഴുതു പോരാം. :)
smitha adharsh,
സന്ദര്‍ശനത്തിനു നന്ദി.വളരെ പ്രശസ്തമായ ക്ഷേത്രമാണിത്.
കാന്താരിക്കുട്ടി,
വിശ്വാസികളുടെ വികാരങ്ങള്‍ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നില്ല. എപ്രകാരം ശബരിമലയിലെത്തുന്ന പാവം അണ്ണാച്ചിമാരെ പറ്റിക്കുന്നോ അപ്രകാരമാണോ ഇത് എന്നു മാത്രമേ ചോദിച്ചുള്ളൂ.ഈ പ്രത്യേകത ഇവിടെ മാത്രം ഉള്ളതാണ് എന്നതാണ് പരസ്യം.
lakshmy,
ഇപ്പോള്‍ എങ്ങിനെയാണെന്നു അറിയില്ല. സന്ദര്‍ശനത്തിനു നന്ദി.
കാപ്പിലാന്,
സംഭാവ്യമായ കാര്യമാണ്.നാളെ അങ്ങിനെയും ക്ഷേത്രം വന്നുകൂടായ്കയില്ല.അപ്പോള്‍ ഇതേപോലെ നിരവധി ആഘോഷങ്ങള്‍ പ്രതീക്ഷിക്കാം.
അനിലേ,
മകരജ്യോതിയും,ദേവിയുടെ ആർത്തവരക്തവും,ഗണപതിയുടെ പാലുകുടിയും,സായിബാബച്ചിത്രത്തിലെ വിഭൂതിയും-അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഭോഷ്കുകളിൽ നിന്ന് ലാഭം കൊയ്യാൻ നാണമില്ലാത്ത ജനതയാണ് നമ്മുടേത്.സർക്കാരും മോശമല്ല.ഈ മകരജ്യോതിയെന്ന അശ്ലീലത്തെ നിർത്താൻ ചങ്കൂറ്റമുള്ള ഒരു ഭരണകൂടവും നമ്മെ ഭരിച്ചിട്ടില്ല.
ആർത്തവത്തെ സ്ത്രീത്വത്തിന്റെ പ്രതീകമായി കൊട്ടിഘോഷിക്കുന്നത് സ്ത്രീയെ ഒതുക്കാനാണ്.സ്ത്രീത്വത്തിനും പൌരുഷത്തിനും ഒരു കൊട്ടിഘോഷിക്കലും ആവശ്യമില്ല.
അയ്യപ്പ വിഗ്രഹത്തില്‍ നിന്നും നെയ് പ്രവാഹം, ഗണപതിയുടെ പാലുകുടി....ഇപ്പോ ദേ ശ്രീ പാര്‍വതിക്ക് ആര്‍ത്തവം...ഹിഹിഹിഹിഹിഹി
മൊത്തം കച്ചവടമാക്കാന്‍ ആളുള്ളപ്പോള്‍ ശ്രീ പാര്‍വതിയുടെ ആര്‍ത്തവത്തേയും വെറുതേ വിടുന്നില്ല...
ഒരമ്പലത്തെ എങ്ങനെ പത്ത് പേരറിയെ പ്രശസ്തിയാക്കാമെന്നത് വളരെ ശ്രമകരമായ കാര്യമാണ്. മറ്റെവിടേയും ഇല്ലാത്ത എന്തെങ്കിലും പ്രത്യേകതയെ അല്‍ഭുതമാക്കി വളര്‍ത്തിയെടുത്താല്‍ അത് എളുപ്പം സാധിക്കാമെന്ന് ഈ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍ക്ക് നല്ലോണം അറിയാം. അടുത്തകാലത്ത് പ്രശസ്തിയാര്‍ജ്ജിച്ച ഒരു ക്ഷേത്രമാണ് തിരുവല്ലക്ക് സമീപത്തെ ചക്കുളം ക്ഷേത്രം. ഇവിടെ നാരീ പൂജ നടത്തിയാണ് പ്രശസ്തി പിടിച്ചു പറ്റിയത്.
ശ്രീ പാര്‍വതിയുടെ ആര്‍ത്തവം വിറ്റ് കാശാക്കുന്ന തന്ത്രി മുഖ്യനും ശബരിമല തന്ത്രിയും ഒരേ ത്രാസിന്റെ തട്ടുകളാണ്. എങ്ങനേം ജീവിക്കുക അതിന് വിശ്വാസിയെ അന്ധവിശ്വാസിയാക്കുക... അല്ലാതെ ഈ കോമരങ്ങള്‍ക്ക് നില നില്പ്പില്ല.
അനിലെ, ചെങ്ങന്നൂര്‍ പടിഞ്ഞറേ നടയിലെ പാര്‍വതീ വിഗ്രഹം പല തവണ ഋജുവാകാറുണ്ട് എന്ന് പറഞ്ഞാല്‍ പോര..അതിനും ഒരു കണക്കില്ലെ...!
ഈ വിഗ്രഹം ആരുടെ കണക്ക് പ്രകാരമാണ് ഋജുവാകുന്നത്....
കഷ്ടം ശ്രീ പരമേശ്വരന്റെ കാര്യം...
ഈ ഏമ്പോക്കികളുടെ അസാധാരണ ചടങ്ങുകള്‍ കണ്ട് ലജ്ജാവതിയായി നില്ക്കുന്ന ശ്രീ പാര്‍വതിയെയാണ് എനിക്ക് കാണാന്‍ കഴിയുന്നത്...
വിശ്വാസിയെ രക്ഷപ്പെടുത്താം...ഒരന്ധവിശ്വാസിയെ ഒരിക്കലും രക്ഷപ്പെടുത്താന്‍ കഴിയില്ല....
ഒരുകണക്കിന് നോക്കിയാല്‍ ഇതു പോലെ ഇച്ചിരി ‘മനുഷ്യത്വം’ ഉള്ള ദൈവങ്ങളാണ് നല്ലത്. വിളിക്കുന്നവര്‍ക്ക് ഒരു closeness തോന്നുമല്ലോ :)
കമന്റുകളിലെ ഫോക് ലോര്‍ ചര്‍ച്ച ഇഷ്ടപ്പെട്ടു.
അനില്‍ ജീ, നന്ദി.
മറ്റു മതങ്ങളെ അപേക്ഷിച്ച് ഹിന്ദുദൈവങ്ങള്‍ക്ക് ‘മനുഷ്യത്വം’ കൂടുതലാണ്. ശിവലിംഗത്തെ പൂജിക്കാമെങ്കില് ദേവിക്ക് രജസ്വലയുമാകാം....
ഹിന്ദുമതത്തിലെ ഓരോ പ്രതീകാത്മകതകള്‍ എന്നു കരുതിയാല്‍ മതി.
ചെങ്ങനൂർമ്മയുടെ വീശേഷത്തെകുറിച്ച് നേരത്തെയും കേട്ടിട്ടുണ്ട് നല്ല പോസ്റ്റ് അനിൽ
why everybody attacking hindu god's , why christan or muslim
ചാണക്യന്,
സന്ദര്‍ശനത്തിനു നന്ദി.
ദൈവങ്ങളിപ്പോള്‍ ടൂറിസം പ്രോമോട്ടര്മാരുമാണല്ലെ? ഇവിടെ മലപ്പുറത്ത് കാണാം ചക്കുളത്തുകാവ് ഇത്ര കി.മി. എന്ന്. ടൂറിസം ഡിപ്പാര്റ്റുമെന്റ് വഹ.
സൂരജ്,
നന്ദര്ശനത്തിനു നന്ദി.
മനുഷ്യത്വമുള്ള ദൈവങ്ങള്‍ ! നല്ല പ്രയോഗം.
കിഷോര്‍,
പ്രതീകാത്മകമല്ലല്ലോ, രക്തം വരും എന്നല്ലെ പറയുന്നത്.
madhu,
അങ്ങിനെ ഒരു വേര്‍തിരിവ് ഇല്ല.
സുഹൃത്തുക്കളേ,
ഒരു ചെങ്ങന്നൂർ കാരനെന്ന നിലയിലും ഈശ്വര വിശ്വാസിയെന്ന നിലയിലും സർവ്വോപരി ഈയുള്ളവന്റെ ആയുസ്സിനും അർത്ഥത്തിനും വേണ്ടി ഞായറഴ്ചകളിൽ ആ ക്ഷേത്രനടയിൽ പട്ടിണിയിരുന്നും പടച്ചോറുണ്ടും നാമംജപിച്ചുകഴിയുന്ന ഒരു തനിസാധാരണക്കാരിയായ നാട്ടിൻപുറത്തുകാരിയുടെ ഭർത്താവാകാൻ ഭാഗ്യം സിദ്ധിച്ചവനെന്ന നിലയിലും അനിലിന്റെയും മറ്റു നിരീശ്വര‘വിശ്വാസി‘കളുടേയും ന്യായമായ സംശയങ്ങൾക്ക് എന്റെ ചില അഭിപ്രായങ്ങൾ അറിയിക്കണമെന്നു തോന്നിയതിനാലാണ് വീണ്ടും എഴുതുന്നത്.
ചെങ്ങന്നൂർ ക്ഷേത്രത്തെക്കുറിച്ച് ധാരാളം ഐതിഹ്യങ്ങളും കഥകളും പ്രചാരത്തിലുണ്ട്. ആ ക്ഷേത്രത്തിന്റെ ഉൽപ്പത്തിതന്നെ പുരാണകഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിനുമുൻപ് പലരും അതു പറഞ്ഞിട്ടുമുണ്ട്. ഇവിടെ വിഷയം ദേവിയുടെ തൃപ്പൂത്തുമാത്രമല്ല, ഹൈന്ദവക്ഷേത്രങ്ങളിൽ പൊതുവേനിലനിൽക്കുന്ന ആചാരങ്ങൾ ഉൾപ്പടെയുള്ള വിഷയമായതിനാൽ (മകരജ്യോതിയടക്കം) ചുരുക്കിപ്പറയുക വിഷമകരമാണ്.
എങ്കിലും സംഭവം “ദേവിക്കുചാർത്തുന്ന ഉടയാടകളിൽ ഇടയ്ക്കു സംഭവിക്കുന്ന പാടുകൾ ശാന്തിക്കാരൻ തിരിച്ചറിയുകയും തൊട്ടടുത്തുള്ള താഴമൺ മഠത്തിലെ അന്തർജനങ്ങളുടെ പരിശോധനയ്ക്കായി അയയ്ക്കുകയുമാണ് പതിവ്. അവരതു രക്തക്കറയാണെന്ന് സാക്ഷ്യപ്പെടുത്തിയ ശേഷം ദേവിയെ അവിടെ നിന്നും മാറ്റി നാലമ്പലത്തിനുള്ളിൽ തന്നെ വടക്കുപടിഞ്ഞാറേ മൂലയ്ക്കുള്ള മറ്റൊരു കോവിലിലേക്ക് മാറ്റുന്നു. പിന്നീട് പമ്പയാറ്റിലെ തൃപ്പൂത്താറാട്ടിനു ശേഷമാണ് തിരിച്ചു പഴയസ്ഥാനത്ത് ഇരുത്തുന്നത്“. ഇതാണ് കാലാകാലങ്ങളായി നടന്നുപോരുന്നത്. ഈ ഉടയാടകൾ ഭക്തർ ബുക്കുചെയ്ത് ഒരു നിശ്ചിത തുകയൊടുക്കി (ചന്തയിലെപ്പോലെ ലേലം വിളിയില്ല കേട്ടോ) വാങ്ങി സൂക്ഷിക്കാറുമുണ്ട് (ഇരുന്നൂറ്റമ്പത് ഇൻഡ്യൻ രൂപാ ഒരു വൻതുകയാണെന്ന് അമേരിക്കയിലിരുന്ന് ഓരോരുത്തർ കമന്റുമ്പോഴാണ് ചിരി വരുന്നത്). അത് ആർത്തവരക്തം പുരണ്ട വസ്ത്രമെന്നതിലുപരി ദേവിയണിഞ്ഞ ഉടയാടയെന്ന വിശ്വാസത്തിലാണ് കൊണ്ടുപോകുന്നതും. ഇതേപോലെ മലയാലപ്പുഴ, ചെട്ടികുളങ്ങര തുടങ്ങിയ ക്ഷേത്രങ്ങളിലെ ഉടയാടകളും ഭക്തർ നിശ്ചിത തുകയൊടുക്കി കൊണ്ടുപോകാറുണ്ട്. ഇതിൽ മറ്റു വാണിജ്യതാൽപ്പര്യങ്ങളൊന്നുമില്ല. എങ്ങും അതിന്റെ പരസ്യങ്ങളും ഞാൻ കണ്ടയാതോർക്കുന്നില്ല. ഇങ്ങനെ ഭക്തിപുരസ്സരം കൊണ്ടുപോകുന്നവരിൽ ശാസ്ത്രജ്ഞന്മാരും, ഡോക്ടർമാരും എഞ്ചിനീയർമാരും എന്നുവേണ്ട സകലമാന തലത്തില്പെട്ട വ്യക്തികളുമുണ്ട്. അവരെല്ലാം മണ്ടന്മാരായിട്ടോ ഏതെങ്കിലും ഒരു ഫോറൻസിക് ലാബിൽ കൊണ്ടുപോയി പരിശോധിക്കാൻ കെൽപ്പില്ലാത്തവരോ ആയിട്ടല്ല; മറിച്ച്, തങ്ങൾ ഓർമ്മയായ കാലം മുതൽ കണ്ടും കേട്ടും വരുന്ന ദൈവങ്ങളേയും ആചാരാനുഷ്ടാനങ്ങളേയും പിന്തുടരുന്നതുകൊണ്ടും അവർ നേടിയെടുത്ത ഉന്നതവിദ്യാഭ്യാസവും അറിവും ഇതെല്ലാം ശുദ്ധഭോഷാണെന്ന് മറിച്ചുചിന്തിക്കാനുമുള്ള ‘ഇമ്മിണി ബല്യ വെവരം’ കൊടുക്കാൻ മതിയാകില്ല എന്നതുകൊണ്ടുമാണെന്ന് വെറുതേയൊന്ന് ഊഹിച്ചാൽ മനസ്സിലാകാനുള്ളതേയുള്ളൂ.
ക്ഷേത്രങ്ങളിൽ വരുന്ന ധനം അവിടെയിരിക്കുന്നവർ മുഴുവൻ തിന്നുന്നില്ല (ദൈവങ്ങളെ അൽപ്പം ഭയമുള്ളതുകൊണ്ടു തന്നെ). അതിൽ വലിയൊരുപങ്കും വികസനപ്രവർത്തനങ്ങൾക്കായി ചിലവഴിക്കുന്നുമുണ്ട്. ദേവസ്വം ബോർഡുകളിൽ മുക്കാലും അമ്പലം വിഴുങ്ങികളാണെങ്കിലും ശബരിമല പോലെയുള്ള ക്ഷേത്രങ്ങളുടെ വരുമാനം കൊണ്ട് കഴിഞ്ഞുപോകുന്ന അനവധി മറ്റു ക്ഷേത്രങ്ങളും അവിടെയുള്ള ആയിരക്കണക്കിനു ജീവിതങ്ങളും ബന്ധപ്പെട്ട അനേകമനേകം സ്ഥാപനങ്ങളും ഉണ്ട്. ഇതെല്ലാം അടച്ചുപൂട്ടിയാൽ അവരെന്തുചെയ്യും സുഹൃത്തുക്കളേ? അതല്ല “കരിനിലമുഴുമക്കർഷകരോടും വർഷം മുഴുവൻ വഴിനന്നാക്കാൻ ചെറിയകരിങ്കൽപാത നുരുക്കിനുറുക്കിയൊരുക്കും പണിയാളരോടും ചെർന്നമരുന്നൂ ദൈവം മണ്ണാർ‘ന്നെന്ന വിശ്വമഹാകവിയുടെ ആഹ്വാനം കേട്ടു നാളെ എല്ലാവരും തൂമ്പയും മൺവെട്ടിയുമായിറങ്ങിയാൽ എവിടെയാണ് ഇവിടെ ഇത്രമാത്രം പണിയിരിക്കുന്നത്? ആരിവരെ ഏറ്റെടുക്കും? അതോ എല്ലാവരും ഡോക്ടർമാരും എഞ്ചിനീയർമാരും മാത്രം ആയാൽ മതിയോ?
മനുഷ്യന്റെ കുത്തഴിഞ്ഞ ജീവിതത്തിൽ അവനെ ഒരു പരിധിവരെ നിയന്ത്രിച്ചു നിർത്തുന്നതിൽ ദൈവങ്ങൾകും ഒരുപങ്കുണ്ടെന്നു പറഞ്ഞാൽ ഇല്ലെന്ന് ആർക്കെങ്കിലും സമർത്ഥിക്കാമോ? തനിക്കു മീതേ നാട്ടിലെ നിയമങ്ങൾ പോലും പറക്കില്ല എന്നു കരുതി അഹങ്കരിക്കുന്ന ഒരു നല്ല ശതമാനം കരിങ്കാലികളും കള്ളപ്പണക്കാരും മറ്റുകടുംകൈകളൊന്നു കാട്ടാതെ ജീവിച്ചുമരിക്കുന്നത് ആരും നേരിൽ കണ്ടിട്ടില്ലാത്ത പലരും ഉള്ളിൽകൊണ്ടുനടക്കുന്ന ഈ പ്രതിഭാസത്തോടുള്ള ഭയവും ഭക്തിയും കൊണ്ടുതന്നെ. ശിക്ഷയിവിടെക്കിട്ടിയില്ലെങ്കിലും വടിയായി അങ്ങുമുകളിൽ ചെന്നാൽ എല്ലാ കണക്കും അദ്ദേഹം തീർക്കുമെന്ന ഒറ്റക്കാരണത്താലാണ് പലരും അടങ്ങിയൊതുങ്ങിയിരിക്കുന്നത്. എയിഡ്സ് എന്നൊരു രോഗം ഇല്ലായിരുന്നെങ്കിൽ ഈ ലോകത്തിന്റെ സ്ഥിതി എന്തായിരിക്കുമെന്നു ഞാൻ പലപ്പോഴും ചിന്തിച്ചുണ്ട് (ഉണ്ടായിട്ടു തന്നെ ഇങ്ങനെ). അതുപേടിച്ചുതന്നെയാണ് പലരും മതിലു ചാടാൻ അറയ്ക്കുന്നതും! അല്ലായിരുന്നെങ്കിൽ ഈ അമേരിക്കപോലെയാകാൻ അവിടേക്കുപറക്കാൻ വെമ്പുന്ന പരിഷ്കാരലോകത്തിൽ സദാചാരത്തിനു പുല്ലുവിലയേ ഉണ്ടാകുമായിരുന്നുള്ളൂ.
ഈശ്വരാരാധന അനാചാരമാകുമ്പോഴാണ് അത് എതിർക്കപ്പെടേണ്ടത്. യുവതിയുടെ രക്തം കൊണ്ട് അൾത്താര വെഞ്ചരിക്കുന്നത് തീർച്ചയായും എതിർക്കപ്പെടേണ്ടതു തന്നെയാണ്. സതിയനുഷ്ഠിക്കുന്നതും മനുഷ്യജീവൻ ബലികൊടുക്കുന്നതും തീർച്ചയായും എതിർക്കപ്പെടണം. ശബരിമലയിൽ ഒരു മകരജ്യോതി തെളിഞ്ഞെന്നുകരുതി അവിടേക്കു ങ്ക്കി ഭക്തർ ശരണം വിലിച്ചെന്നുകരുതി ആർക്കും ഒന്നും സംഭവിക്കാൻ പോകുന്നില്ല. അതു സമൂഹത്തെ ദോഷകരമായി ഏതുതരത്തിലാണ് ബാധിക്കുക എന്നതെനിക്ക് എത്രചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. അതുമൂലം നമ്മുടെ നാടിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് എന്തുകോട്ടമാണുണ്ടാകുന്നതെന്ന് മനസ്സിലാകുന്നില്ല. അതുമൂലം നാട്ടിൽ അനാചരങ്ങളും അനാശാസ്യങ്ങളും എന്തു നടന്നുവെന്നും നടക്കുന്നുവെന്നും എനിക്കുമനസ്സിലാകുന്നില്ല. അതുകണ്ട് ആർക്കൊക്കെ മനോരോഗം വന്നിട്ടുണ്ടെന്നതും ഞാനെങ്ങും വായിച്ചിട്ടില്ല. അരിവുൾലവർ പറഞ്ഞു തരട്ടേ, അപ്പോൾ അംഗീകരിക്കാം. മറിച്ച്, തിരക്കുപിടിച്ചോടുന്ന നിത്യ ജീവിതത്തിൽ മനസ്സിനും ശരീരത്തിനും അൽപ്പം സാന്ത്വനമാകാൻ, മറ്റാരും കേൾക്കാനില്ലാത്ത തന്റെ പരാതികളും ആവലാതികളും എവിടെയെങ്കിലുമൊന്നുപോയിപ്പറയാൻ (എങ്കിലൊരു മനഃശാസ്ത്രജ്ഞനോടാവരുതോ എന്നും നിങ്ങൾ ചോദിച്ചേക്കാം, അതിനെവിടപ്പാ ഇത്രമാത്രം ശാസ്ത്രജ്ഞന്മാർ!!!), താൻ ചെയ്തുകൂട്ടിയ തെറ്റുകൾ പറഞ്ഞു പശ്ചാത്തപിക്കാൻ മനുഷ്യൻ മറ്റെവിടെപ്പോകാൻ? ഒരീശ്വരവിശ്വാസിയുടെ അവസാനത്തെ കോടതിയാണ് ഈശ്വരസന്നിധി. പലർക്കും അവിടെ ചെല്ലുമ്പോൾ ഉളവാകുന്ന മനസ്സമാധാനം മാത്രം മതി അതിന്റെ അസ്തിത്വത്തിന്. അതാർക്കും നിഷേധിക്കാനാകില്ല. നിങ്ങളൊന്നും പറഞ്ഞാലൊന്നും റോക്കറ്റുവിക്ഷേപിക്കും മുൻപുള്ള തേങ്ങയടിയും ഗണപതിപൂജയൊന്നും ഐ.എസ്.ആർ.ഓ നിർത്താൻ പോകുന്നില്ല. അതു വിശ്വാസത്തിന്റെ ഉറപ്പാണ്. പ്രകൃതിയോടുള്ള പ്രാർത്ഥനയാണ്. അല്ലാതെ അവിടിരിക്കുന്നവരെല്ലാം അന്ധവിശ്വാസികളോ മതതീവ്രവാദികളോ ആയിട്ടല്ല.
അങ്ങനെ ചുഴിഞ്ഞു നോക്കുമ്പോൾ എല്ലാം അനാചാരമായിത്തോന്നും. എന്തിനു കല്യാണസമയം പുരുഷൻ സ്ത്രീയുടെ കഴുത്തിൽ മാത്രം താലിചാർത്തുന്നു? തിരിച്ചുമൊന്നായിക്കൂടെ? എന്തിനു മോതിരമിടുന്നു, പുടവകൊടുക്കുന്നു? ഇതിന്റെയൊന്നും ആവശ്യമില്ലല്ലോ എല്ലാരും രജിസ്റ്റർ ആപ്പീസിൽ പോയി ഒപ്പിട്ടു പോയാൽ. അല്ലെങ്കിൽ തന്നെ അതുമൊരപിരിഷ്കൃതമായ ദുരാചാരമല്ലേ? പടിഞ്ഞാറൻ രാജ്യങ്ങളിലെപ്പോലെ ഡേറ്റിങ്ങൊക്കെ നടത്തി 2-3 കൊല്ലം ഒപ്പം ഉണ്ടും ഉറങ്ങിയും കഴിഞ്ഞ് കൊള്ളുമെങ്കിൽ മാത്രം ഒരുമിച്ചു ജീവിച്ചാൽ പോരേ? അതുമല്ലെങ്കിൽ തന്നെ ഒരാളെ വിവാഹം കഴിച്ചെന്നു കരുതി ജീവിതകാലം മുഴുവൻ അയാളോടൊപ്പം/അവളോടൊപ്പം മാത്രമേ കിടക്കാവൂ എന്നു പറയുന്നതും ഒരനാവശ്യമായ ആചാരമല്ലേ? ഇന്നൊരുത്തി നാളെയൊരുത്തൻ ഹോ..! ഒർക്കുമ്പോൽ കുളിരുകോരുന്നു! പിന്നീ മരിക്കുമ്പോൾ എന്തിനു ബലിയിടണം? മരിച്ചവർക്കെന്തുനു കോടിയിടണം, എന്തിനന്ത്യകൂദാശകൊടുക്കണം? ജനിക്കുന്നത് പെണ്ണാണെങ്കിൽ 28ഉം ആണെങ്കിൽ 27ഉം ദിവസം കൃത്യമായി നോക്കി എന്തിനു ഇരുപത്തെട്ടു കെട്ടണം, എന്തിനു ജ്ഞാനസ്നാനം ചെയ്യിക്കണം? ചോറുകൊടുപ്പും പേരിടീലുമൊക്കെ തനിവട്ടല്ലേ? നമ്മളെല്ലാം ഇതനുവർത്തിക്കുകയും അതിനെ വളർത്തുകയും അനുസരിക്കുകയും ചെയ്തിട്ട് ഇതെല്ലാം അനാചാരദുരാചാരങ്ങളെന്ന് പറയുന്നതിൽ എന്താണ് അർത്ഥം? രാവിലെ കിടക്കയിൽ നിന്നും “ഈശ്വരാ” എന്നു വിളിച്ചെഴുന്നേൽക്കുന്നവർ കമ്പ്യൂട്ടറിനു മുൻപിലേക്കു വരുമ്പോൾ എന്തുകൊണ്ട് നിരീശ്വരാദർശവാദിയാകുന്നെന്ന് എനിക്കൊട്ടും മനസ്സിലാകുന്നില്ല. അതോ പത്തുപേരുടെ മുൻപിൽ താൻ ഈശ്വരവിശ്വാസിയാണെന്നു പറഞ്ഞാൽ കുറച്ചിലായിപ്പോകുമെന്നോ അല്ലെങ്കിൽ പ്രാകൃതനെന്ന് മുദ്രകുത്തപ്പെടുമെന്നോ മറ്റോ ഉണ്ടോ? ചില സന്ദർഭങ്ങളിൽ ഏതു നിരീശ്വരനും ചിലപ്പോൾ ലാസ്റ്റ് ചോയിസെന്ന നിലയിലെങ്കിലും ദൈവത്തെ വിളിച്ചുപോകും. മലയാലപ്പുഴക്ഷേത്രത്തിലെ കോഴിക്കുരുതിക്കെതിരെ പോരാടുന്ന ജന്തുസ്നേഹിക്കൾക്ക് കോഴിയിറച്ചിയില്ലാതെ ചോറിറങ്ങാറില്ലെന്നതും ഒരിക്കൽ ഞാൻ നേരിൽ കണ്ടതാണ്!
മതവും ആചാരങ്ങളും ചേർന്നൊരുക്കിയ ഒരുചട്ടക്കൂട്ടിൽ നിൽക്കുന്നതുകൊണ്ടാണ് നമ്മുടെ ജീവിതവ്യവസ്ഥയും സാമൂഹ്യക്രമവും സംസ്കാരവുമൊക്കെ വലിയകുഴപ്പമില്ലാതെ മുന്നോട്ടുപോകുന്നതെന്നാണ് ഈയുള്ളവന്റെ നിഗമനം. അതിന്റെയൊരു ബലത്തിലാണ് ഭാര്യയെ നാട്ടിൽ ഒറ്റയ്ക്കാക്കി വിമാനം കയറുന്നവർ വലിയ ചങ്കിടിപ്പില്ലാതെ കഴിയുന്നതും കാശ് മാസാമാസം അയച്ചുകൊടുക്കുകയും ചെയ്യുന്നത്. അതിന്റെയൊരു ബലത്തിലാണ് ഭർത്താവ് താമസിച്ചു വന്നാലും ഭാര്യമാർ കതകുതുറന്നു കൊടുക്കന്നത്. തങ്ങളുടെ പ്രവർത്തികൾ വീക്ഷിക്കാനും തന്നെ രക്ഷിക്കാനും ഒരാൾ മുകളിലുണ്ടെന്ന ആ ഒറ്റവിശ്വാസം പലരേയും നല്ലവരാക്കി അടക്കിനിർത്തുന്നുണ്ടെങ്കിൽ അതിനു പ്രേരകശക്തിയായ ഈശ്വർമാരെയും അവരുടെ നിലനിൽപ്പിനാവശ്യമായ ആചാരങ്ങളേയും എന്തിനു തള്ളിപ്പറയണം. വെറുതെ കമന്റടിക്കാൻ കമന്റടിച്ചിട്ട് എന്തുകാര്യം.
ഇവിടെ ആരും ആരെയും ഈശ്വരനിൽ വിശ്വസിക്കാൻ നിർബന്ധിക്കുന്നില്ല. ഞാൻ ക്ഷേത്രങ്ങളിൽ പോകുന്നത് രക്ഷാകർത്താക്കളോ വിശ്വഹിന്ദു ബജ്രംഗദൾ പ്രഭൃതികൾ പിറകേ വടിയുമായി വന്നിട്ടല്ല. അതെന്റെ ഇഷ്ടം. ചിലർ വിശ്വസിക്കാതിരിക്കുന്നത് അവരുടെ ഇഷ്ടം. ഒരോരുത്തർക്കും ഇഷ്ടമുള്ള മതങ്ങളിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്രം ഈ രാജ്യത്തില്ലേ. ആർക്കും ദ്രോഹകരമല്ലാത്ത ആചാരങ്ങൾ അനുഷ്ഠിക്കുന്നതിൽ എന്താണ് തെറ്റ്? ആർത്തവരക്തം പുരണ്ട പട്ടുതുണി വിൽപ്പനചരക്കാക്കി സ്ത്രീകളുടെ അഭിമാനത്തെ വ്രണപ്പെടുത്തുമെന്നൊക്കെ നെടുങ്കൻ ഡയലോഗടിച്ചിട്ടോ, എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഞാൻ ഫോറൻസിക് ലബോറട്ടറിയിൽ അയച്ചേനേം എന്നു ജയൻ സ്റ്റൈലിൽ ഗീർവ്വാണം മുഴക്കിയിട്ടോ ഒരു കാര്യവുമില്ല. നിങ്ങൾക്കിപ്പോഴും പേരു ബുക്കുചെയ്യാൻ അവിടെ സൌകര്യമുണ്ട്. പക്ഷേ, ഡിവൈൻ മെൻസസ് എന്നു നിങ്ങൾ കളിയാക്കിയ ഇതൊരു ഡെയ്ലി ഫിനോമിനോൺ അല്ലാത്തതിനാൽ വല്ല 2040 ലോ 45 ഓ മറ്റോ കിട്ടിയാൽ ഭാഗ്യം എന്നേ എനിക്കു പറയാനുള്ളൂ (അത്രമാത്രം ബുക്കിങ്ങായിട്ടുണ്ടെന്നു തോന്നുന്നു).
പിന്നെ ‘പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ച് ആർത്തവം തിരിച്ചു തിരിച്ചുകിട്ടി‘യെന്ന് എവിടെയോ വായിച്ചെന്ന് എഴുതിക്കണ്ടു. നിന്നു പോയ ആർത്തവം തിരിച്ചു വരാനുള്ള മന്ത്രങ്ങളൊന്നും എന്റെ അറിവിൽ പെട്ടിടത്തോളം അന്നുമിന്നും ഇല്ലെന്ന് സദയം അറിയിക്കട്ടെ. ‘പണ്ടൊക്കെ വളരെ വിരളമായി നടത്തിയിരുന്ന പ്രതിഭാസം ഇപ്പോൾ മുറയ്ക്കു നടക്കുന്നുണ്ടെ‘ന്ന് ആരു പറഞ്ഞു? നിങ്ങളാരെങ്കിലും ചെങ്ങന്നൂർ ക്ഷേത്രത്തിൽ വന്നിട്ടുണ്ടൊ? എന്തിനു അതുവഴി ട്രയിനിലെങ്കിലും പോയിട്ടുണ്ടോ? ഓരോരോ ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ അതാതു പ്രദേശത്തെ ചരിത്രവും വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്ന വിഷയങ്ങളാണ്. അത് ആക്ഷേത്രത്തിന്റെ മാത്രം പ്രതേകതയും മറ്റുള്ളതിൽ നിന്നും അതിനെ വ്യത്യസ്തമാക്കാനുള്ള ഒരൈഡന്റിറ്റിയുമായിരിക്കും. അതുതന്നെയാണ് തൃപ്പൂത്തും, മകരജ്യോതിയും, വാകച്ചാർത്തും, പടിപൂജയുമൊക്കെ (ഇന്നുവർഷാവർഷം അടവച്ചിറങ്ങുന്ന ബിസ്നസ് അഡ്മിനിസ്ട്രേഷൻ ജീവികളുടെ തലയായിരുന്നില്ല അന്നത്തെ കുടിപ്പള്ളിക്കുടം ഡിഗ്രിക്കാരുടെ, അവർ ദീർഘദർശികളായിരുന്നു). അതു തിരിച്ചറിയാതെ വെറുതേ എന്തെങ്കിലും പറഞ്ഞിട്ടു കാര്യമില്ല, ഒരടിസ്ഥാനവുമില്ലാതെ. വെറുതേ പറഞ്ഞു പോകാവുന്ന കാര്യവുമല്ലിത്. ഒരു രണ്ടുവാക്കിൽ മറുപടിയെഴുതാവുന്നതുമല്ല. അതാണ് ഇത്രയും നീണ്ടത്. നമ്മുടെ അറിവിനും കാഴ്ചയ്ക്കും അപ്പുറം അജ്ഞാതമായ് എന്തെല്ലാം ഈ ലോകത്തുണ്ട്. ഇനി എന്തെല്ലാം നാം അറിയാനിരിക്കുന്നു. ഏതായാലും അനിൽ അത്രയും ചോദിച്ചതുകൊണ്ട് ഇത്രയും പറയാൻ കഴിഞ്ഞു. എന്റെ അഭിപ്രയങ്ങളോട് എല്ലാവരും യോജിക്കണമെന്നില്ല. ഞാൻ എന്റെ നിരീക്ഷണങ്ങളാണ് മുകളിൽ സൂചിപ്പിച്ചത്. ആരെയും ആക്രമിക്കാനോ കരിവാരിത്തേക്കാനോ എനിക്കൊട്ടു താൽപ്പര്യവുമില്ല. അല്ലെങ്കിൽ ഇതൊക്കെയില്ലെങ്കിൽ എന്തോന്ന് “നാനാത്വത്തിൽ ഏകത്വം” സുഹൃത്തുക്കളേ…!!
സംശയം:
വർഷത്തില്‍ പലതവണ ഈ വിഗ്രഹം ഋതുവാകാറുണ്ടത്രെ!
വർഷത്തിൽ പലതവണ ഋതുവാകുന്നതിൽ അത്ഭുതമോ?!! അപ്പോൾ സാധാരണഗതിയിൽ സ്ത്രീകൾക്ക് വർഷത്തിൽ ഒരിക്കലണോ ഇതു സംഭവിക്കുന്നത്? അതോ ദൈവങ്ങൾക്ക് അങ്ങനയേ ആകാവൂ എന്നോ??
ചെറിയനാടന്‍,
ഇത്ര നീണ്ട കമന്റ് എഴുതാന്‍ താങ്കള്‍ കാട്ടിയ ക്ഷമ, താങ്കളുടെ വിശ്വാസത്തെ പ്രതിനിധീകരിക്കുന്നു. അതങ്ങിനെ തന്നെ നിന്നോട്ടെ.
വർഷത്തില്‍ പലതവണ ഈ വിഗ്രഹം ഋതുവാകാറുണ്ടത്രെ!
വർഷത്തിൽ പലതവണ ഋതുവാകുന്നതിൽ അത്ഭുതമോ?!! അപ്പോൾ സാധാരണഗതിയിൽ സ്ത്രീകൾക്ക് വർഷത്തിൽ ഒരിക്കലണോ ഇതു സംഭവിക്കുന്നത്? അതോ ദൈവങ്ങൾക്ക് അങ്ങനയേ ആകാവൂ എന്നോ??
താങ്കളുടെ കണ്ക്ലൂഷന് ഒന്നു ക്വോട്ട് ചെയ്യട്ടെ.
എനിക്കു മറുപടി ഒന്നും പറയാനില്ല.
ചെറിയനാടൻ,കാര്യകാരണസഹിതം പ്രതിപക്ഷബഹുമാനത്തോടെ മാന്യമായി വിജോയനക്കുറിപ്പെഴുതിയ താങ്കൾക്കൊരു നമസ്കാരം ആദ്യംതന്നെ പറയട്ടെ.
ഞാനൊരു ഉറച്ച ദൈവവിശ്വാസിയാൺ,
എന്റേതായ രീതിയിൽ പ്രാർത്ഥിയ്ക്കാറുമുണ്ട്.
എങ്കിലും മകരജ്യോതിപോലെയുള്ള തട്ടിപ്പുകൾ കൊണ്ട്(ദേവസ്വം തന്നെ അടുത്തകാലത്ത് അതു വിശദീകരിച്ചല്ലൊ)ഭക്തരുടെ നിഷ്ക്കളങ്കതയെ ചൂഷണം ചെയ്യുന്നതിലെ അധാർമ്മികതയെ അനുകൂലിയ്ക്കാൻ പറ്റുന്നില്ല.
ചെങ്ങന്നൂരമ്പലത്തിൽ കാണുന്ന ഈ പ്രതിഭാസവും അങ്ങിനെയെന്തൊ ആകാനുള്ള സാധ്യത ഏറെയുണ്ട്.
അഥവാ അങ്ങിനെയൊന്നുമല്ലെങ്കിൽ,ആ വിഗ്രഹത്തിന്റെ പ്രത്യേകതയെപ്പറ്റി പഠിയ്ക്കണം എന്നതാണെന്റെ
അന്വേഷണത്വര.
ചെങ്ങന്നൂരമ്പലത്തിൽ എന്നെങ്കിലും പോകാൻ
പറ്റിയാൽ ഭക്തിയോടെ തന്നെ ദേവിയെത്തൊഴുന്നതിനു എനിയ്ക്കിതൊന്നും തടസമാകുന്നില്ല എന്നു പറയുമ്പോൾ എന്താൺ ഞാൻ അർത്ഥമാക്കുന്നത് എന്ന് മനസ്സിലാകുമല്ലൊ.
താങ്കൾപറയുന്ന മറ്റു പലകാര്യങ്ങളോടും എനിയ്ക്ക് യോജിപ്പ് തന്നെയാണുള്ളത്
ഭൂമിപുത്രി,
എന്നെ കുഴപ്പത്തിലാക്കല്ലെ.
ആരുടേയും ദൈവ വിശ്വാസങ്ങള്‍ ചോദ്യം ചെയ്യില്ല എന്നൊരു തീരുമാനമുള്ളതിനാലാണ് ചെറിയനാടനു മറുപടി ഒന്നും പറയാഞ്ഞത്.
ഞാന്‍ ക്ഷേത്രങ്ങളില്‍ പോകാറില്ല, എന്റെ ഭാര്യ പോകുന്നത് തടയാറുമില്ല. പക്ഷെ “തിരു ആര്‍ത്തവം ”പോലെയുള്ള കാര്യങ്ങള്‍ ഒരിക്കലും സംഭവിക്കില്ല എന്നു നൂറു ശതമാനം ഞാന്‍ വിശ്വസിക്കുന്നു.ആളുകളെ പറ്റിച്ച് എന്തിനു ക്ഷേത്രങ്ങള്‍ പ്രശസ്തി കൂട്ടാന്‍ നില്ക്കുന്നു?
ശൊ!അതെങ്ങിനെയാ അനിൽ കുഴപ്പത്തിലാകുന്നെ?സത്യമായിട്ടും മനസ്സിലായില്ല മാഷെ!
എന്റഭിപ്രായമല്ലെ ഞാൻ പറഞ്ഞുള്ളൂ?
പ്രിയ സുഹൃത്തേ,
ദേവിയുടെ ഉടയാടയിൽ കാണുന്ന പാടിനെ ആർത്തവരക്തമായും ശബരിമലയിലെ മകരജ്യോതി ദേവന്മാർ വന്നു കത്തിക്കുന്നതായും വരുന്നിടത്താണ് താങ്കളുടെ പ്രശ്നം കിടക്കുന്നത്.
മകരജ്യോതി ഒരു സ്വയംപ്രതിഭാസമെന്നാരാണു പറഞ്ഞത്. ഈ മകരജ്യോതി തെളിയുന്ന സ്ഥലത്ത് പോകാവുന്നതേയുള്ളൂ. ഈ അടുത്തസമയത്ത് ഒരുഫ്രഞ്ചുടീം വന്ന് പോയത് വലിയ കോലാഹലമാവുകയുണ്ടായി.‘ഗവി’ യെന്ന സ്ഥലത്തിറങ്ങി (കഴിഞ്ഞ ദിവസം കേരളാ ട്രാൻസ്പോർട് കോർപ്പറേഷന്റെ ഒരു ബസ് അവിടേക്കാരംഭിച്ചതായി താങ്കൾ വായിച്ചു കാണുമല്ലോ?) അവിടെ നിന്നും ഏകദേശം 20 കി.മി. വനത്തിലൂടെ സഞ്ചരിച്ചാൽ (ജീപ്പിൽ പോകാം) പൊന്നമ്പലമേടിനു താഴെയുള്ള ഫോറസ്റ്റ് വാച് ടവറിനടുത്തെത്താം. അവിടെ നിന്നും കാൽനടയായിവേണം മുകളിലേക്കെത്താൻ. അവിടെയാണ് മകർജ്യോതി തെളിയുന്നത് അല്ലെങ്കിൽ തെളിയ്ക്കുന്നത്. ഒരു കരിങ്കൽ പീഠമാണവിടെയുള്ളത്. പുരാതനകാലം മുതൽക്കേ ആദിവാസികൾ മകര സംക്രാന്തി അവരുടെ ഉത്സവമായി കൊണ്ടാടപ്പെടുന്നുണ്ടെന്നാണ് അറിവ്. അന്നു സന്ധ്യാ സമയം അവരുടെ ദീപാരാധനയായിരിക്കാം അവിടെ നടക്കുന്നത്. അതും ശബരിമലക്ഷേത്രവുമായി എന്തോ ബന്ധവുമുണ്ടെന്നു കേൾക്കുന്നു. ഏതായാലും അവിടെ നിന്നുനോക്കിയാൽ ശബരിമല ശ്രീകോവിൽ നേർക്കുനേർ കാണാൻ സാധിക്കും. ആ മലദൈവങ്ങൾക്കു മുൻപിൽ കത്തിക്കപ്പെടുന്ന, അല്ലെങ്കിൽ അവർ അയ്യപ്പനായി സമർപ്പിക്കപ്പെടുന്ന ദീപമാണ് മകരജ്യ്യോതി. ഇതൊരു രഹസ്യമൊന്നുമല്ല. പലരും അറിഞ്ഞത് ഈ അടുത്തകാലത്ത് കണ്ഠരര് മഹേശ്വരര് പറഞ്ഞപ്പോഴാണെന്നു മാത്രം. ഇതിൽ ആളുകൾ തെറ്റിദ്ധരിക്കുകയോ തെറ്റിദ്ധരിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ടാകാം. ഇതൊക്കെ മനസ്സിലാക്കിത്തന്നെയാണ് ഞാനും ശബരിമലയിൽ വ്രതമെടുത്ത് മുദ്രയണിഞ്ഞ് കറുപ്പുടുത്ത് ഇരുമുടിയുമേന്തി പോയിരുന്നത്. ഇതാണ് സത്യം.
പിന്നെ ദേവിയുടെ ഉടയാടയിൽ കാണുന്ന പാടിനെ ആർത്തവരക്തമാക്കിയ ടെക്നിക്കിന്റേയും മാർക്കറ്റിങ്ങ് ഗിമ്മിക്കുകളുടേയുമൊന്നും ഹിസ്റ്ററി നമുക്കാർക്കും അറിയില്ല. ഇതിൽ ആരെയും പറ്റിക്കുന്ന വസ്തുതകൾ ഒന്നും തന്നെയില്ല. അതുതന്നെയെന്നുറപ്പിച്ച് അങ്ങനെതന്നെയെന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന ആൾക്കാർ അങ്ങനെ തന്നെ എന്നു കരുതുന്നതിൽ എന്താണ് തെറ്റെന്നേ ഞാൻ ചോദിച്ചുള്ളൂ. പബ്ലിസിറ്റിയും പോസ്റ്ററും ചാനൽ കവറേജുകളുമായി ഓരോ മാധ്യമങ്ങൾ ഇറങ്ങിത്തിരിക്കുന്നതിന് അയ്യനും അമ്മയും എന്തു പിഴച്ചു! ഈശ്വരവിശ്വാസവും ഇത്തരം പ്രതിഭാസവുമൊക്കെ ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടത് തന്നെയോ? പിന്നെന്ത് “വിശ്വാസം”? എങ്ങനെയാണ് , ആരാണ്, എവിടെയാണ് , എന്തുകൊണ്ടാണ് ഇതൊക്കെ തെളിയിക്കുക.
ഞാനിത്രയുമേ പറഞ്ഞുള്ളൂ, ആചാരങ്ങളും വിശ്വാസങ്ങളും ആർക്കും ദോഷകരമല്ലെങ്കിൽ എന്തിനത് ഉന്മൂലനം ചെയ്യണം? നൂറ്റാണ്ടുകളായി നടന്നുപോരുന്ന അല്ലെങ്കിൽ വിശ്വാസികളാൽ വിശ്വസിക്കപ്പെടുന്ന ഒരു ‘സങ്കൽപ്പ‘ത്തെ അവരുടെ മനസ്സിനെ വ്രണപ്പെടുത്തി എന്തിനു നിർത്തലാക്കണം? ആരും ക്ഷണിക്കാതെ അങ്ങോട്ടുചെന്നിരന്നുവാങ്ങുന്നതിനെ എങ്ങനെ പറ്റീരെന്നു വിളിക്കാൻ കഴിയും? അല്ലെങ്കിലും ചെങ്ങന്നൂരും ശബരിമലയും പൊലുള്ള ക്ഷേത്രങ്ങൾക്കെന്തിനാ സുഹൃത്തേ ഒരെക്സ്ട്രാ പബ്ലിസിറ്റി? ഇത്രയുമൊക്കെ കാട്ടിക്കൂട്ടാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഈ ഈശ്വരന് എന്തു ശക്തി, എന്തു പ്രസക്തി എന്ന് ഒരു സാധാരണ ‘അന്ധ‘വിശ്വാസി കരുതുന്നതിൽ എന്താണുതെറ്റ്? എന്റെ, എന്തിന് സ്വന്തം ഭാര്യയുടെപോലും വിശ്വാസപ്രമാണത്തിൽ ഇടപെടാതിരിക്കാൻ വിവേകം കാണിച്ച താങ്കൾ അതുപോലെയുള്ള അനേകം ആളുകളുടെ മുൻപിലേക്ക് അത്തരം വിഷയങ്ങൾ സ്വയം നിരീക്ഷിക്കാതെ അവതരിപ്പിക്കുകയല്ലേ ചെയ്തത്? ഇതെന്റെ സംശയങ്ങളാണ്…
ഇതോടെ നിർത്തുന്നു.
ശ്രീ അനിൽ എന്നെ സഹിക്കുന്നതിന് പ്രത്യേകം നന്ദി. ഇനി ശല്യപ്പെടുത്തില്ല. :):)
നിറഞ്ഞസ്നേഹമോടെ,
ഭൂമിപുത്രി,
തെറ്റിദ്ധരിക്കല്ലെ.
അറിയാതെ വല്ല കമന്റും എഴുതിപ്പോകുമെന്ന ഭയം പങ്കുവച്ചതാണ്.
ചെറിയനാടന്‍,
എനിക്ക് എന്റേതായ അഭിപ്രായങ്ങള്‍ ഉണ്ട്, എല്ലാ കാര്യത്തിലും. അതു പറയും, കാണുന്ന കാര്യങ്ങളും മടികൂടാതെ വിളിച്ചു പറയും. പക്ഷെ മറ്റുള്ളവര്‍ അതു അംഗീകരിച്ചോളണം എന്നു വാശിപിടിക്കാറില്ലെന്നു മാത്രം. പോസ്റ്റുകളും കമറ്റുകളും വായിക്കുന്നവര്‍ക്ക് മുന്നില്‍, ഇങ്ങനെയും ഒരു സാദ്ധ്യത ഉണ്ടെന്നു പറയാനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുന്നു .
ഓ..അതു ശരി അനിൽ.മനസ്സിലായി.
ചെറിയനാടന്റെ വാദവും മനസ്സിലാകാതെയല്ല.
എങ്കിലും കാര്യങ്ങൾ തെറ്റായി മനസ്സിലാക്കുന്നവർ
അങ്ങിനെതന്നെ തുടർന്നോട്ടെ എന്ന് കണ്ണടയ്ക്കുന്നത് എന്തുകൊണ്ടോ,എനിയ്ക്ക് ദഹിയ്ക്കുന്നില്ലെന്ന് മാത്രം.
ഭൂമിപുത്രി,
“കാര്യങ്ങള്‍ തെറ്റായി മനസ്സിലാക്കുന്നവര്‍“ അതാരാണ്. അങ്ങിനെ ആരും ഇല്ല എന്നുള്ളതാണ് വാസ്തവം. ചെറിയനാടന്റെ അടുത്ത കമന്റു കണ്ടില്ലെ, അദ്ദേഹത്തിനു എല്ലാ കാര്യവും കൃത്യമായി അറിയാം,അതേ പോലെ തന്നെ ബഹുഭൂരിപക്ഷം വരുന്ന ദൈവ വിശ്വാസികള്‍ക്കും. പിന്നെ ഒരു അനുഷ്ഠാനം പോലെ പലതും കൊണ്ടു നടക്കുന്നു എന്നു മാത്രം. അറിഞ്ഞുകൊണ്ട് സ്വയം വിഢിവേഷം കെട്ടാന്‍ തയ്യാറാകുന്നവരോട് സഹതാപം പ്രകടിപ്പിക്കുക എന്നതില്‍ കവിഞ്ഞു മറ്റൊന്നും ചെയ്യാനില്ല.
രണ്ടുവര്‍ഷം മുമ്പ് ഒരുപൊസ്റ്റിനു കമന്റെഴുതിയപ്പോള്‍,ഈ ത്രിപൂത്തിനെ
സൂചിപ്പിച്ചിരുന്നു.ഇപ്പോള്‍ കണ്ടതില്‍ സന്തോഷം .
ആചാരങ്ങള്‍ വ്യക്തിപരമെന്നു ചുരുക്കികൂട്ടുന്നത് ശരിയാണോ?
ആധുനിക കമ്പോളത്തില്‍ ഭക്തി വെറുമൊരുശീലമല്ല.
നാല്പതുകൊല്ലമായി പരിചയമുള്ളസ്ഥലമാണ്.
നാട്ടിലൊക്കെ,നായന്മാരുടെ പ്രാന്തായി മാത്രമാണു മറ്റുമനുഷ്യര്‍
ഈവിഷയത്തേകണ്ടിരുന്നത്.(ബന്ധപെട്ട തമാശകള്‍ എഴുതാന്‍പറ്റില്ല)
http://www.mlwiki.in/wikisrccd/content/aithihyam/aithihyamala/3f0f1.html
നൂറ്റാണ്ടുകളായി നടന്നുപോരുന്ന ഒന്നാണിത് ...ഇന്നലെ തുടങ്ങിയത് അല്ല. വിശ്വാസമുള്ളവർക്ക് വരാം.. മറ്റുള്ളവർക്ക് മാറി നിൽക്കാം
http://www.mlwiki.in/wikisrccd/content/aithihyam/aithihyamala/3f0f1.html
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയുടെ ലിങ്ക് ആണിത് ...
നാലാങ്കൽ കൃഷ്ണപിള്ളയുടെ മഹാക്ഷേത്രങ്ങളിലൂടെ എന്ന പുസ്തകത്തിലെ ചെങ്ങന്നൂർ പടിഞ്ഞാറെ നട എന്ന അധ്യായത്തിൽ ഇക്കാര്യം വിശദമായി പറയുന്നുണ്ട്
Post a Comment