9/25/2008

വിശറിക്കു കാറ്റുവേണ്ടെ ?

വിശറിയേകുന്ന കുളിര്‍തെന്നലിന്‍ സ്വാന്തനം മോഹിക്കാത്തവരാരുണ്ട്?
ഈ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട നാമാരും അതിനെ തള്ളിപ്പറയില്ല.ജീവിതത്തിന്റെ ദശാസന്ധികളില്‍ ഉയരുന്ന ഉഷ്ണക്കാറ്റുകളെ പ്രതിരോധിക്കാന്‍ നമ്മെ സഹായിക്കുന്നു ഇവര്‍. ജീവിതയന്ത്രത്തിന്റെ ചലനം സുഗമാക്കുന്ന, മനസ്ഥൈര്യത്തിന്റെ ഉരുക്കു ഗോളകളില്‍ പുള്ളിക്കുത്തുകള്‍ വീഴുമ്പോള്‍,‍ ഘര്‍ഷണത്താല്‍ മനവും ശരീരവും തപിക്കുന്നു.

ജീവിതപ്രശ്നങ്ങളില്ലാത്ത മനുഷ്യരില്ല. ഇത്തരം വേളകളില്‍ സുഹൃത്തുക്കളും ബന്ധുജനങ്ങളും സഹായത്തിനെത്താനുള്ളവര്‍ ഭാഗ്യവാന്മാര്‍. ചിലനേരം നമുക്കവയും അന്യമാവാം. അപ്പോഴും സാന്ത്വനത്തിന്റ്റെ കുളിര്‍ക്കാറ്റായി ഇവര്‍ നമ്മെ തലോടുന്നു. ആരെന്നല്ലേ, മനോവ്യഥകളാല്‍ ഉഴറുന്ന ജീവിതങ്ങളെ സഹായിക്കാനെത്തുന്ന സന്നദ്ധപ്രവര്‍ത്തകര്‍. ഒരു സുഹൃത്തിനേപ്പോലെ നമ്മുടെ വിഷമങ്ങള്‍ക്കു കാതോര്‍ക്കുന്നു , ഒരു സുഹൃത്തിനേപ്പോലെ നമ്മോടു സംവദിക്കുന്നു. ആശ്വാസവചനങ്ങള്‍ ഒരു പക്ഷേ, എന്നോ നഷ്ടപ്പെട്ടുപോയ നമ്മുടെ ഉറക്കത്തെ തിരിക്കെക്കൊണ്ടുവരുന്നു.നമ്മുടെ ഉഷ്ണങ്ങള്‍ വലിച്ചാറ്റുന്ന വിശറികളാണവര്‍.

പുഞ്ചിരിക്കുന്ന മുഖം മാത്രം പ്രദര്‍ശിപ്പിച്ചു കാണപ്പെടുന്ന, ഇക്കൂട്ടര്‍ക്കുമില്ലെ “മനസ്സ്” ?
അതോ അവര്‍ വെറും യന്ത്രങ്ങളോ?
ആലോചിക്കാറുണ്ടോ?

അല്ല, അവര്‍ യന്ത്രങ്ങളല്ല. മനസ്സും നൊമ്പരങ്ങളുമുള്ള സാധാരണ മനുഷ്യരാണവര്‍. അവരുടെ ദുഃഖങ്ങള്‍ പങ്കുവെക്കാന്‍ ആളെവിടെ? അരോടാ‍ണ് അവരുടെ മനസ്സു തുറക്കുക?വിങ്ങലുകള്‍ പുറന്തള്ളാന്‍ വെമ്പിനടക്കുന്ന ചിലരെ ഇന്നു ഞാന്‍ കണ്ടു.കേഴ്വിക്കാരനായിരിക്കെ, അവരെറിഞ്ഞ ഈ ചോദ്യത്തിനെന്തു മറുപടി പറയണം എന്നറിയാതെ ഞാന്‍ കുഴങ്ങി.

“വിശറിക്കു കാറ്റുവേണ്ടെ ?”

കൌണ്‍സിലിങ് നടത്തുന്ന ഒരു സുഹൃത്തിന്റെ മനൊവിഷമം കാണാനിടയായപ്പോള്‍, മനസ്സില്‍ തോന്നിയതാണിത്. തലക്കെട്ടിനു പൊന്‍കുന്നം ക്ഷമിക്കട്ടെ.

10 comments:

അനില്‍@ബ്ലോഗ് // anil said...

കൌണ്‍സിലിങ് നടത്തുന്ന ഒരു സുഹൃത്തിന്റെ മനൊവിഷമം കാണാനിടയായപ്പോള്‍, മനസ്സില്‍ തോന്നിയതാണിത്. തലക്കെട്ടിനു പൊന്‍കുന്നം ക്ഷമിക്കട്ടെ

ജിജ സുബ്രഹ്മണ്യൻ said...

അവരുടെ മനസ്സും ശാന്തമായിരുന്നാലല്ലേ അവ്ര്ക്ക് കൌണ്‍സിലിങ്ങ് നടത്താന്‍ പറ്റൂ..തീ പിടിച്ച മനസ്സുമായി കൌണ്‍സിലിങ്ങ് നടത്താന്‍ ആര്‍ക്കേലും പറ്റുമോ ? പിന്നെ എല്ലാവര്‍ക്കും ഉണ്ടാവില്ലേ എന്തെങ്കിലും തരത്തിലുള്ള വേദനകളും വിഷമങ്ങളും ഒക്കെ..ഈ വിഷമങ്ങള്‍ എല്ലാം തുറന്നു പറയത്തക്ക അടുപ്പം ഉള്ള സൌഹൃദങ്ങള്‍ ഉള്ളവര്‍ക്ക് പ്രശ്നം ഇല്ല

ഹരീഷ് തൊടുപുഴ said...

എത്ര വിഷമം ഉണ്ടായാലും, ഇഷ്ടപ്പെട്ട പാട്ടു ആസ്വദിച്ചുകൊണ്ടിരുന്നാല്‍ എന്റെ ടെന്‍ഷന്‍ 99% മാറാറുണ്ട്...

“വിശറിക്കു കാറ്റുവേണ്ടെ ?”
ഓരോരുത്തര്‍ക്കും അവരുടെ ടെന്‍ഷന്‍ തരണം ചെയ്യാന്‍ എന്തെങ്കിലുമൊക്കെ കാണില്ലേ... ഉണ്ടെന്നുതന്നെയാണ് എന്റെ അനുമാനം.

കാപ്പിലാന്‍ said...

വളരെ പ്രസക്തമായ ഒരു ചോദ്യമാണ് അനില്‍ ചോദിച്ചത് .അതിനുത്തരം എങ്ങനെ വിശദമാക്കണം എന്നെനിക്കറിയില്ല .എങ്കിലും കൌണ്സിലിംഗ് നടത്തുന്നവര്‍ സാധാരണ ചെയ്യാന്‍ സാധ്യതയുള്ളത് അവരുടെ വിഷമങ്ങള്‍ തന്നെക്കാള്‍ മുതിര്‍ന്ന ആളുകള്‍ ,അടുത്ത സുഹൃത്തുക്കള്‍ എന്നിവരോട് പറയുക എന്നതാണ് .ഏറ്റവും നല്ല വഴി എന്നെനിക്കു തോന്നുന്നത് .അവരുടെ ( ഓരോരുത്തരുടെയും ) വിഷമങ്ങള്‍ പ്രയാസങ്ങള്‍ അവരവരുടെ ദൈവത്തോട് പറയുക എന്നതാണ് .ദൈവത്തെ ഒരു പ്രത്യേക ശക്തിയായി മാറ്റി നിര്‍ത്തണ്ട കാര്യമില്ല .എന്‍റെ അനുഭവത്തില്‍ എനിക്ക് തോന്നിയിട്ടുള്ളത് ദൈവം ഒരടുത്ത കൂട്ടുകാരന്‍ എന്ന രീതിയിലോ അല്ലെങ്കില്‍ നല്ലൊരു വഴികാട്ടി എന്ന രീതിയിലോ ഒക്കെയാണ് .എനിക്ക് മനസിന്‌ പ്രയാസം തോന്നുമ്പോള്‍ ഞാന്‍ അങ്ങനെയാണ് ചെയ്യാറുള്ളത് .

അനില്‍@ബ്ലോഗ് // anil said...

കാന്താരിക്കുട്ടി,
ഹരീഷ്,
കാപ്പിലാന്‍

സമൂഹം ഒരൊരുത്തര്‍ക്കടിച്ചേല്‍പ്പിക്കുന്ന ചില പദവികള്‍ ഉണ്ട്.എന്റെ സുഹൃത്തെ കൌണ്‍സിലിങ് തൊഴിലാക്കിയ ഒരാളല്ല. അയാളുടെ രാഷ്ടീയ സാമൂഹിക ബന്ധങ്ങളാല്‍ നിരവധി സന്ദര്‍ഭങ്ങളില്‍ അയാള്‍ക്കാ ധര്‍മ്മം നിര്‍വഹിക്കേണ്ടിവരുന്നു. കാലക്രമത്തില്‍ നാട്ടുകാരുടെ മുഴുവന്‍ ആവലാതികള്‍ കേല്‍ക്കാനും പരിഹാരം കാണാനും അയാള്‍ നിര്‍ബന്ധിതനാവുകയോ, അഥവാ ഏറ്റെടുക്കുകയൊ ചെയ്യേണ്ടി വരികയാണ്. അയാളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ പറ്റിയ ആളുകള്‍ സമീപത്തുണ്ടാവില്ല, അഥവാ അതു ആര്‍ക്കും ചിന്തിക്കാനാവുന്നില്ല.പുഞ്ചിരിക്കുന്ന മുഖം മൂടിക്കുള്ളിലെ വിഷമങ്ങള്‍ കാണാതെ പോകുന്നു.

വാക്കുകള്‍ക്കു നന്ദി.

siva // ശിവ said...

ഇപ്പോഴാ ഞാനും ഇതേക്കുറിച്ച് ആലോചിക്കുന്നത്....എന്റെ അഭിപ്രായത്തില്‍ കൌണ്‍‌സലിങ്ങ് ഒരു തരം കബളിപ്പിക്കല്‍ ആണ്.... നമ്മുടെ മനസ്സിനെ തെറ്റിദ്ധരിപ്പിക്കല്‍....മന:പൂര്‍വ്വം നമ്മുടെ ചിന്തകളെ വേറൊരു രീതിയില്‍ തിരിച്ചു വിടല്‍ ഇതൊക്കെ....അല്ലാതെ കൌണ്‍‌സലിങ്ങിലൂടെ എപ്പോഴെങ്കിലും പ്രശ്നപരിഹാരം സാധ്യമാണോ?

ഭൂമിപുത്രി said...

അനിലേ,ചിലർക്കങ്ങിനെയൊരു നിയോഗമുണ്ട്.അവരെക്കാണുമ്പോൾ
പലർക്കും ‘വേദനകൾ പങ്കുവെയ്ക്കാൻ ഇതാ ഒരാൾ..’എന്നു തോന്നും.
അതുകൊണ്ടുതന്നെ,പല ജീവിതങ്ങളും അടുത്തറിയുമ്പോൾ,സ്വന്തം ദുഃഖം അത്ര വലീയ കാര്യമൊന്നുമല്ലെന്ന് പലപ്പോഴും അവർക്ക് തോന്നുകയും ചെയ്യും.

ഗോപക്‌ യു ആര്‍ said...

sariyanu anil...

smitha adharsh said...

കുറുന്തോട്ടിയുടെ വാതം എങ്ങനെ മാറും അല്ലെ?

അനില്‍@ബ്ലോഗ് // anil said...

smitha adharsh,
ഏറ്റവും ഉചിതമായ ഉപമ.
നന്ദി