11/03/2009

വിലയിടിയുന്ന സര്‍ക്കാര്‍ മരുന്നുകള്‍

സര്‍ക്കാര്‍, പൊതുമേഖലാ ചികിത്സാ സ്ഥാപനങ്ങളിലേക്കായ് വിതരണം ചെയ്യപ്പെടുന്ന മരുന്നുകള്‍ ഗുണനിലവാരം കുറഞ്ഞവയാണെന്ന ആരോപണങ്ങള്‍ക്ക് പുതുമയൊന്നുമില്ല. കാലാകാലങ്ങളായി ഈ മേഖല അനുഭവിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്നാണീ ഗുണനിലവാര പ്രശ്നം. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നന്വേഷിക്കാന്‍ കൂടുതല്‍ ഗവേഷണം നടത്തേണ്ടതില്ല, നമ്മുടെ ചട്ടങ്ങളിലേക്കൊന്നു കണ്ണോടിച്ചാല്‍ മതി. മലയാള മനോരമ ദിനപ്പത്രം കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ച തുടരന്‍ വായിച്ച് സാധാരണക്കാരന്‍ പോലും ഞെട്ടിയിരിക്കാന്‍ സാദ്ധ്യതയില്ല, അതിലുമുപരി "ചാത്തന്‍ " പ്രയോഗം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. വാസ്തവത്തില്‍ ഗുണനിലവാരം കുറവാണോ? ആണെങ്കില്‍ എന്തുകൊണ്ട് സംഭവിക്കുന്നു?

കേരള സര്‍ക്കാരിന്റെ അധീനതയില്‍ വരുന്ന ഏതൊരു വകുപ്പുമായും ബന്ധപ്പെട്ട എല്ലാ വാങ്ങലുകളും നിയന്ത്രിക്കുന്ന ചട്ടങ്ങളാണ് "സ്റ്റോര്‍ പര്‍ച്ചേസ് റൂള്‍സ് " (ഇവിടെ വായിക്കാം) മൊട്ടുസൂചിയായാലും സ്കാനിങ് മെഷീനായാലും, കോഴിയായാലും കോഴിക്കൂടായാലും എല്ലാ വാങ്ങലുകളും ഈ ചട്ടങ്ങള്‍ക്ക് വിധേയമായിരിക്കും. വാങ്ങലുകളെ വിവിധ ഘട്ടങ്ങളിലായി തരം തിരിച്ച് ഓരോ ഘട്ടങ്ങളിലും പാലിക്കപ്പെടേണ്ട നിബന്ധനകള്‍ അക്കമിട്ട് പറഞ്ഞിരിക്കുന്നു. സര്‍ക്കാര്‍ ഖജനാവിന് യാതൊരു നഷ്ടവും സംഭവിക്കാതിരിക്കാന്‍ ചിട്ടപ്പെടുത്തിയ ഈ നിയമങ്ങള്‍ ചില വാങ്ങലുകള്‍ക്കെങ്കിലും തടസ്സം സൃഷ്ടിക്കുന്നു എന്ന് പറയാതെ നിര്‍വ്വാഹമില്ല. അവയിലൊന്നാണ് "ലോവസ്റ്റ് റേറ്റ് " എന്ന സംഗതി. ഏതു വസ്തു വാങ്ങുമ്പോഴും ഏറ്റവും കുറഞ്ഞ വിലക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്നവരെ സ്വീകരിക്കണമെന്നും അല്ലാത്തവരെ തിരസ്കരിക്കണമെന്നും ഈ നിയമങ്ങള്‍ അനുശാസിക്കുന്നു. അതു പ്രകാരം ഏതൊരു വാങ്ങല്‍ പ്രകൃയകള്‍ക്കും കുറഞ്ഞ വിലക്കാര്‍ക്ക് മുന്‍ഗണന ലഭിക്കുന്നു എന്നു സാരം.

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മരുന്ന് വാങ്ങുന്നതിനായി നിശചയിക്കപ്പെട്ട ഏജസികള്‍ മരുന്നു നിര്‍മ്മാണം നടത്തുന്നവയല്ല. മുമ്പ് വിദഗ്ധ സമിതിയിആയിരുന്നെങ്കില്‍ ഇപ്പോള്‍ നിയതമായ ഘടനയോടു കൂടിയ ഏജന്‍സിയാണത് നിര്‍വ്വഹിക്കുന്നത്. ആരോഗ്യവകുപ്പില്‍ നിന്നും ആവശ്യമായ മരുന്നുകളുടെ വിവരങ്ങള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഈ ഏജസി പ്രസ്തുത മരുന്നുകള്‍ ആവശ്യമുണ്ടെന്ന് കാണിച്ച് ടെണ്ടര്‍ വിളിക്കുകയാണ് പതിവ്. നിര്‍മ്മാതാക്കളോ വിതരണക്കാരോ മുദ്രവച്ച ടെന്‍ഡറുകള്‍ സമര്‍പ്പിക്കുന്നു, കൂടെ ഓരോ മരുന്നുകളുടേയും നിര്‍ദ്ദിഷ്ട അളവില്‍ സാമ്പിളുകളും . സാമ്പിള്‍ മരുന്നുകള്‍ ഗുണനിലവാരം പുലര്‍ത്തുകയും ടെന്‍ഡര്‍ തുക ഏറ്റവും കുറവായിരിക്കുകയും ചെയ്യുന്ന കമ്പനിക്ക് വിതരണാവകാശം ലഭിക്കും, ഇത്രയുമാണ് ചുരുക്കം നടപടികള്‍. ഏതു മോശം കമ്പനിയുടേയും സാമ്പിള്‍ മരുന്നുകള്‍ ഗുണനിലവാരമുള്ളവയായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ, കാരണം അത് നിശ്ചിത മരുന്ന്, നിശ്ചിത അളവില്‍ അടങ്ങിയവയായിരിക്കും.

ഏറ്റവും വിലകുറച്ച് മരുന്ന് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയുടെ വിശദാംശങ്ങള്‍ അന്വേഷിച്ച് ടെന്‍ഡര്‍ ഉറപ്പിക്കാനുള്ള ബാധ്യത ആരേറ്റെടുക്കും? വാഗ്ദാനം ചെയ്ത വിലക്ക് ആ മരുന്ന് ലഭ്യമാക്കുക പ്രായോഗികമാണോ എന്ന് അന്വേഷിക്കാം, പക്ഷെ ആര്‍?
കുറഞ്ഞ വിലക്ക് നല്‍കാമെന്ന് പറഞ്ഞ കമ്പനിയുടെ വാഗ്ദാ‍നം തിരസ്കരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതാരോ അവര്‍ ഒരു പക്ഷെ അടുത്ത വിജിലന്‍സ് അന്വേഷണത്തിന് ഇരകളാവാം. കേരളത്തിന്റ് സമീപ കാല ചരിത്രങ്ങള്‍ നമ്മളെ ഓര്‍മ്മിപ്പിക്കുന്നതതാണ്. കുറഞ്ഞ തുകക്ക് ടെന്‍ഡര്‍ നല്‍കിയിട്ടും തങ്ങളുടെ വാഗ്ദാനം നിരസിച്ചു എന്ന് ആരോപിച്ച് പ്രസ്തുത കമ്പനി കോടതിയെ സമീപിച്ചേക്കാം, സ്ഥാനത്തും അസ്ഥാനത്തും ഇടപെടുന്ന കോടതിയുടെ നിലപാട് നിര്‍ണ്ണായകമാവും. ഇനി അതുണ്ടായില്ല, വാങ്ങല്‍ നടന്നു എന്ന് സങ്കല്‍പ്പിച്ചാല്‍, വാങ്ങലിനു ശേഷം, എ.ജി അഥവാ അക്കൌണ്ടന്റ് ജനറല്‍ എന്ന പുലി വിശദ പരിശോധന നടത്തുകയും കുറഞ്ഞവിലക്ക് നല്‍കാന്‍ ആളുണ്ടായിരുന്നിട്ടും കൂടിയ വിലക്ക് മരുന്നു വാങ്ങിയെന്നും , സധാരണക്കാരന്റെ നികുതിപ്പണം ഇതാ ഒലിച്ചു പോയി എന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്താല്‍ ടെന്‍ഡര്‍ നിരസിച്ച ഉദ്യോഗസ്ഥന്‍ കുരിശു ചുമക്കല്‍ ആരംഭിക്കും. പ്രായോഗികമായി ഇന്ന ഇന്ന കാരണങ്ങളാലാണാ കമ്പനിയുടെ ടെണ്ടര്‍ തള്ളിയതെന്ന വാദം പലപ്പോഴും വിലപ്പോയെന്നു വരില്ല, കാരണം പ്രയോഗികത അവരുടെ ബാധ്യത അല്ല. അപ്പോള്‍ ചുരുക്കത്തില്‍ കമ്പനി മോശമാണെന്ന് ചൂണ്ടിക്കാട്ടി ടെന്‍ഡര്‍ നിരസിക്കുക അത്ര പ്രായോഗികമല്ലെന്ന് സാരം.


ലോവസ്റ്റ് റേറ്റ് എന്ന കുറഞ്ഞ വില എങ്ങിനെ സാദ്ധ്യമാവും?

1.കമ്പനി ലക്ഷ്യമിടുന്ന ലാഭം കുറക്കുക.
2.അടങ്ങിയിരിക്കുന്ന മരുന്നിന്റെ അളവോ ഗുണമോ കുറക്കുക.

നിശ്ചയമായും രണ്ടാമത്തെ വഴിയിലേക്ക് കമ്പനികള്‍ നീങ്ങും.
എപ്രകാരം "ചാത്തന്‍" (കട:മനോരമ) മരുന്നുകള്‍ നമ്മുടെ സര്‍ക്കാര്‍ ഫാര്‍മസികളിലെത്തുന്നു എന്നതിന്റെ ഒരു ചെറു സൂചന മാത്രമാണിത്. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് കൂടുതല്‍ പ്രയോഗികമായ സമീപനം കൂടിയേ തീരൂ. അതെത്രയും പെട്ടന്ന് രൂപപ്പെടുന്നു എന്നത് നമ്മുടെ നാട്ടിലെ പട്ടിണിപ്പാവങ്ങളുടെ തലവിധി അനുസരിച്ചിരിക്കും എന്നും പറയുന്നതില്‍ ഖേദമുണ്ട്.

15 comments:

അനില്‍@ബ്ലോഗ് // anil said...

ചാത്തന്‍ മരുന്നുകള്‍

anushka said...

മരുന്നുകളുടെ ഗുണനിലവാരം കുറയ്ക്കാതെ തന്നെ കുറഞ്ഞ വില സാധ്യമാണ്‌.കാരണം മരുന്നുകളുടെ വിലയുടെ നല്ലൊരു ഭാഗം വിപണനത്തിനാവശ്യമായ പരസ്യത്തിനും വിവിധ തലത്തിലുള്ള കമ്മീഷനുകള്‍ക്കുമാണ്‌ ചെലവഴിക്കപ്പെടുന്നത്.ധാരാളം മരുന്നുകള്‍ ഒരുമിച്ച് ഗവണ്മെന്റിനു നല്‍കുമ്പോള്‍ ഈ ചെലവുകള്‍ കുറക്കാന്‍ സാധിക്കുന്നു.പക്ഷെ,യുക്തിക്കു നിരക്കാത്ത നിലയില്‍ വില കുറഞ്ഞു വില്‍ക്കപ്പെടുന്നു എന്നത് സത്യമാണ്‌.
കൂടുതല്‍ കാര്യക്ഷമമായ പര്‍ചേസ് നിയമങ്ങള്‍ നടപ്പാക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.

ചാണക്യന്‍ said...

അനിലെ,
നല്ല പോസ്റ്റ്....
‘സ്റ്റോര്‍ പര്‍ച്ചേസ് റൂള്‍സ്‘ അത് ഏട്ടിലെ പശുവാണെന്ന് ആർക്കാ അറിയാത്തത്:)

ഇതാ ഒരറിവു കൂടി ഇരിക്കട്ടെ:)

ഈയിടെ കേരളത്തിൽ ഡിസ്പോസിബിൾ സിറിഞ്ചിന്റെ നിർമ്മാണവും വിപണനവും നടത്തുന്നത് ഒരു മന്ത്രി പുത്രനാണ്. ശ്രീമാൻ മന്ത്രി പുത്രൻ കച്ചവടത്തിൽ ഇറങ്ങുന്നതിൽ പരാതിയില്ല. പക്ഷെ ഉപയോഗ ശേഷം വലിച്ചെറിയുന്ന ഡിസ്പോസിബിൾ സിറിഞ്ച് ശേഖരിച്ച് പുതിയ കവറിലാക്കി വിൽക്കുന്ന തന്ത്രത്തെ എന്ത് തത്വശാസ്ത്രം കൊണ്ട് പ്രതിരോധിക്കും.......

OAB/ഒഎബി said...

എന്റെ ഉപ്പക്ക് കേൻസർ ആണെന്നറിഞ്ഞ് കോഴിക്കോട് മെഡി: കോളേജിൽ കീമിയോ തെറാപ്പി നടത്തുമ്പോൾ അവിടെ നിന്നും ഫ്രീ മരുന്ന് ലഭിച്ചിരുന്നു. പക്ഷെ ഞങ്ങളെക്കാളും പവപ്പെട്ടവർ ആ മരുന്ന് വേണ്ടെന്ന് പറഞ്ഞ് അഞ്ചും ആറും ആയിരം രൂപ കൊടുത്ത് പുറത്ത് നിന്നും മരുന്ന് വാങ്ങുന്നത് കാണാമായിരുന്നു. അന്വേഷണത്തിൽ സർക്കാർ തരുന്ന മരുന്ന് ഗൂണമില്ലാത്തതാണ് എന്നറിയാൻ കഴിഞ്ഞു. അന്ന് കരുതിയത് പ്രൈവറ്റ് മെഡിക്കൽ സ്റ്റോറുകളുടെ സൃഷ്ടിയായിരിക്കാമെന്നായിരുന്നു.

ഇപ്പോൾ ഈ വാർത്തകൾ കേൾക്കുമ്പോൾ അത് സത്യമാണെന്ന ഒരു തോന്നൽ...

ഇനി മരുന്ന് ഗുണനിലവാരം നോക്കപ്പെടുന്നവരും മായം ചേർക്കില്ല എന്ന് ആര് കണ്ടു?
പർച്ചേസ് എങ്ങനെ കണ്ട്രോൾ ചെയ്യും?

സുദർശൻ said...

INGANEYULLA PACHYAYA

YATHRTHYANGALUDE

PATHIVUKAZHCHAKAL KANATHIRIKKANUM

KANDAL THANNE

PRATHIKARIKKATHIRIKKANUM

VENDIYANU KANATHATHU KANDENNUM

KELKKATHATHU KETTENNUM PUKAMARA

SRISHTICHU MANUSHYRE BHINNIPPIKKAN

ITHARAM THALACHORUKAL ILLATHA LOVE

JIHADUM

BHEEKARATHAYUM MATTUM

KETTIYUNDAKKI MADHYMANGALEYUM

KODATHIKALEYUM THETTIDDHARIPPICHU

PRAJARIPPIKKUNNATH.

JANANGAL ORUMIIKATHIRIKKUKA

ENNATHANU IVARUDE RKSHAMARGAM.

VARGGEEYATHAYUM BHEEKARATHAYUM

DUSHTA MUTHALALIYHATHINDE MATHRAM

NIRMMITHIYANU.

ശ്രീ said...

നമ്മുടെ നാട് എങ്ങനെ നന്നാവാനാണ് മാഷേ?

ചാണക്യന്‍ മാഷ് പറഞ്ഞതു കൂടെ കണക്കിലെടുത്താല്‍... ഭയങ്കരം!

അങ്കിള്‍ said...

അനിലേ,

നമുക്ക് മരുന്നു നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുണ്ട്. ഒന്നു, ‘കേരളാ സ്റ്റേറ്റ് ഡ്രഗ്സ് & ഫാർമസ്യൂട്ടിക്കത്സ് ലിമിറ്റഡ്’ വ്യവസായ വകുപ്പിന്റെ കീഴിലും, മറ്റൊന്നു ‘ദി ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഇൻഡ്യൻ മെഡിസിൻസ് കേരളാ) ലിമിറ്റഡ്‘ ആരോഗ്യ വകുപ്പിന്റെ കീഴിലും പ്രവർത്തിക്കുന്നു.

മരുന്നു നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന ആദ്യത്തെ കമ്പനി ലാഭമെന്തെന്നു ഇതു വരെ അറിഞ്ഞിട്ടില്ല. 2007-08 ലെ കണക്കുകൾ പൂർത്തികരിച്ചപ്പോൾ ഇതുവരെ യുള്ള സഞ്ചിത നഷ്ടം 2078.83 ലക്ഷം രൂപയാണു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനോരമ പത്രത്തിലൂടെ ഓരോ മരുന്നിനും ഈടാക്കുന്ന ലാഭത്തിന്റെ കണക്കുകളും ഉണ്ടായിരുന്നു. എന്നാൽ എന്തുകൊണ്ട് നമുടെ നികുതിപണം മുടക്കി പ്രവർത്തിപ്പിക്കുന്ന ഒരു മരുന്നു കമ്പനി മാത്രം വർഷങ്ങളായി നഷ്ടത്തിലോടുന്നു?

‘സ്റ്റോർസ് പർച്ചേസ് മാന്വൽ’ ആണൊ കാരണം?

Typist | എഴുത്തുകാരി said...

പക്ഷേ ഇതില്‍‍ നിന്നു് രക്ഷപ്പെടാന്‍ എന്താ മാര്‍ഗ്ഗം? നമുക്കും വേണ്ടേ ഗുണനിലവാരമുള്ള നല്ല മരുന്നുകള്‍!

ഭൂതത്താന്‍ said...

മരുന്നിനു പോലും അത്മാര്തത ഇല്ലാത്ത മനുഷ്യര്‍ വാഴുമ്പോള്‍ ...എന്ത് മരുന്ന് ഏതു മരുന്ന് ...മരുന്നില്ലാതെ മരിക്കാന പച്ച മനുഷ്യന്റെ വിധി ....

അനില്‍@ബ്ലോഗ് // anil said...

രാജേഷ്,
ഒരേ ജെനറിക് പേരിലുള്ള മരുന്നുകള്‍ വിവിധ കമ്പനികള്‍ മാര്‍ക്കറ്റില്‍ ഇറക്കുന്നത് വ്യത്യസ്ഥമായ വിലക്കാണെന്നത് ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നും ഒരുപാട് താഴെ, പ്രായോഗികമായി വിതരണം ചെയ്യാന്‍ സാദ്ധ്യമല്ലാത്ത അത്രയും താഴെയാണ് പല കമ്പനികളും സര്‍ക്കാര്‍ മരുന്നുകള്‍ക്ക് ക്വോട്ട് ചെയ്യുന്നത്. എന്താവും ഇതിനു അടിസ്ഥാന കാരണം എന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താങ്കളുടെ വിലയിരുത്തല്‍ വിലപ്പെട്ടതാവും. അത് പ്രതീക്ഷിക്കുന്നു.

ചാണക്യാ,
സ്റ്റോര്‍ പര്‍ച്ചേസ് റൂള്‍സ് ഏട്ടിലെ പശുവല്ല, സര്‍ക്കാര്‍ പര്‍ച്ചേസുകളെ വെള്ളം കുടിപ്പിക്കുന്ന സാധനമാണത്. അത് പാലിക്കാതെ നടത്തപ്പെട്ട എല്ലാ വാങ്ങലുകളും അത് എത്രമാത്രം സത്യസന്ധമായാലും കുരിശായിട്ടേ ഉള്ളൂ.

പിന്നെ വളരെ സീരിയസായ ഒരു ആരോപണം താങ്കള്‍ ഉന്നയിച്ചിരിക്കുന്നു. ഒരു മന്ത്രിപുത്രന്‍ ഈ ആക്രിക്കച്ചവടം ചെയുന്നു എന്ന്, മതിയായ തെളിവില്ലാതെ വിശ്വസിക്കാന്‍ പ്രയാസമാണ്.വിശദാംശങ്ങള്‍ പ്രതീക്ഷിക്കാമല്ലോ അല്ലെ?

ഓഎബി,
അങ്ങിനെ ഒക്കെ ആണ് കാര്യങ്ങള്‍.പലപ്പോഴും പരിചയക്കാരോട് പുറത്തുനിന്നും മരുന്നു വാങ്ങിയാല്‍ മതിയെന്ന് ഡോക്ടര്‍മാര്‍ക്ക് പറയേണ്ടുന്ന സാഹചര്യം ഉണ്ടാവാറുണ്ട്.

shandi,
സന്ദര്‍ശനത്തിനു നന്ദി.

ശ്രീ,
എന്തെങ്കിലു ചെയ്യാതെ പറ്റില്ലല്ലോ.

അങ്കിള്‍,
പൊതുമേഖലാ സ്ഥാപനങ്ങളില്‍ സംഭവിക്കുന്നതെന്തെന്ന് വിശദമായി ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെയെന്നുള്ള കാഴ്ചപ്പാടാണ് എനിക്കും ഉള്ളത്. പൊതു ജനാരോഗ്യ രംഗത്ത് സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് തടസ്സം സൃഷ്ടിക്കാന്‍ ഒരുപാട് ശക്തികള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഈ രണ്ട് സ്ഥാപനങ്ങളുടെ കാര്യം വേറിട്ട് തന്നെ ചര്‍ച്ച ചെയ്യേണ്ടതുമാണ്. പക്ഷെ മരുന്നുവാങ്ങലുമായി ബന്ധപ്പെട്ട കോമ്പ്ലിക്കേഷന്‍സിന്റെ അടിസ്ഥാന കാരണം സ്റ്റോര്‍ പര്‍ച്ചെസ് റൂള്‍ ആണെന്ന് കാര്യത്തില്‍ സംശയമില്ല. പ്രായോഗിക സമീപനങ്ങള്‍ ഉരുത്തിരിഞ്ഞേ മതിയാവൂ.കേന്ദ്രീകൃത വാങ്ങലുകള്‍ അവസാനിപ്പിക്കുകയും , ലോക്കല്‍ ബോഡീസിന് കൈമാറ്റം ചെയ്ത സ്ഥാപനങ്ങള്‍ക്ക് മരുന്നു വാങ്ങാനുള്ള അധികാരം ഡെലിഗേറ്റ് ചെയ്തു കൊടുക്കുകയും ചെയ്യുക എന്നുള്ളതാണ് ആദ്യമായി ചെയ്യേണ്ടത്.
അങ്കിളിന്റെ അഭിപ്രായം പ്രതീക്ഷിക്കുന്നു.

എഴുത്തുകാരി,
ചേച്ചീ, സര്‍ക്കാര്‍ തലത്തില്‍ പരിഹാരം കാണാനാവും എന്ന് തോന്നുന്നില്ല, മറിച്ച് ജനങ്ങളും അവര്‍ പങ്കാളികളായ രാഷ്ട്രീയ പ്രസ്ഥാനങ്ങളും കൂട്ടായ് ശ്രമിച്ചാലേ കാര്യമുള്ളൂ.

ഹരീഷ് തൊടുപുഴ said...

:)...


njan onnoode vayichittu varam...tto

Anil cheleri kumaran said...

വളരെ നല്ല അറിവുകള്‍. നന്ദി.

Manikandan said...

സാധാരണക്കാരന്റെ നികുതിപ്പണം ഒട്ടും നഷ്ടപ്പെടരുതെന്ന ആശയത്തില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന പല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഫലത്തോക്കാളേറെ ദോഷം ചെയ്യുന്നവയാണെന്നതില്‍ ഞാനും യോജിക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളിലും മറ്റ് വ്യാപാരസ്ഥാപനങ്ങളിലും വില്‍ക്കപ്പെടുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ഒരു സ്ഥിരം വ്യവസ്ഥയും ഇല്ലെന്നത് പുതിയ അറിവാണ്. ഡ്രഗ്സ കണ്ട്രോളര്‍ പോലുള്ള വകുപ്പുകള്‍ ഇക്കാര്യങ്ങള്‍ ഇടയ്ക്ക് പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തുന്നുണ്ടെന്നതായിരുന്നു എന്റെ ധാരണ.

ശ്രീ ചാണക്യന്‍ പറഞ്ഞത് പലപ്പോഴും മധ്യമങ്ങള്‍ പറഞ്ഞിട്ടുള്ള ഒരു കാര്യം തന്നെ. ഉപയോഗ ശേഷം വലിച്ചെറിയുന്ന സിറിഞ്ചുകള്‍ തിരിച്ച ഉപയോക്താക്കളില്‍ എത്തുന്നു എന്നത്. എന്നാല്‍ മന്ത്രിപുത്രന്റെ സ്ഥാപനം പുതിയ അറിവാണ്. പണ്ട് ശ്രീ ടി എം ജേക്കബ്ബ് അദ്ദേഹത്തിന്‍് ഹെപ്പറ്റൈറ്റിസ് ബാധിച്ച വേളയില്‍ ചികിത്സയില്‍ ഇരിക്കുമ്പോള്‍ ആശുപത്രികളില്‍ നിന്നും ഉപയോഗിച്ച സിറീഞ്ചുകള്‍ ശേഖരിക്കുന്നവരെ കണ്ടകാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അങ്കിള്‍ പറഞ്ഞതില്‍ ആലപ്പുഴയിലെ കേരള സ്‌റ്റേറ്റ് ഡ്രഗ്ഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കത്സ് എന്ന സ്ഥാപനം കുറേക്കാലം അടച്ചിട്ട ശേഷം ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്ന് തോന്നുന്നു.

അനിലേട്ടാ അസ്വസ്ഥത ഉണ്ടാക്കുന്ന ചില പുതിയ വിവരങ്ങള്‍ നല്‍കുന്ന പോസ്റ്റ്. മരുന്നിലും മായം.

അങ്കിള്‍ said...

അനിൽ,

“പക്ഷെ മരുന്നുവാങ്ങലുമായി ബന്ധപ്പെട്ട കോമ്പ്ലിക്കേഷന്‍സിന്റെ അടിസ്ഥാന കാരണം സ്റ്റോര്‍ പര്‍ച്ചെസ് റൂള്‍ ആണെന്ന് കാര്യത്തില്‍ സംശയമില്ല. പ്രായോഗിക സമീപനങ്ങള്‍ ഉരുത്തിരിഞ്ഞേ മതിയാവൂ.കേന്ദ്രീകൃത വാങ്ങലുകള്‍ അവസാനിപ്പിക്കുകയും , ലോക്കല്‍ ബോഡീസിന് കൈമാറ്റം ചെയ്ത സ്ഥാപനങ്ങള്‍ക്ക് മരുന്നു വാങ്ങാനുള്ള അധികാരം ഡെലിഗേറ്റ് ചെയ്തു കൊടുക്കുകയും ചെയ്യുക എന്നുള്ളതാണ് ആദ്യമായി ചെയ്യേണ്ടത്“

വീണ്ടും ‘സ്റ്റോർ പർച്ചേസ് റൂളുകളിലേക്ക്’:

ഇതു ജനാധിപത്യമാണു. നികുതിപ്പണം ചെലവിടുന്നത് സത്യസന്ധമായിരുന്നാൽ
മാത്രം പോരാ. സത്യസന്ധമാണെന്ന് തോന്നിപ്പിക്കുകയും അതു ബോധ്യപ്പെടുത്താൻ കഴിയുകയും വേണം. അതിനു വേണ്ടിയാണു ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും ചില മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചിരിക്കണമെന്നു
നിയമപ്രകാരം അനുശാസിക്കുന്നത്. അത്തരത്തിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
അടങ്ങിയതാണു അനിലിന്റെ പോസ്റ്റിൽ പരാമർശിക്കുന്ന ‘സ്റ്റോർ പർച്ചേസ്
റൂളുകൾ’. ഇത് എഴുതി ഉണ്ടാക്കിയത് കൂറേ ഉദ്ദ്യോഗസ്ഥർ കൂടിയിരുന്നാകാം. എന്നാൽ അതിനെ പഠിച്ച്, ചർച്ചചെയ്ത് നിയമസഭയിൽ പാസ്സാക്കിയത് നാം തെരഞ്ഞെടുത്ത നമ്മുടെ ജനപ്രതിനിധികളാണു. അതനുസരിക്കാൻ
ബാധ്യസ്ഥരാണു നാമെല്ലാം. പാകതകളുണ്ടെങ്കിൽ പരിഹാരം നിർദ്ദേശിക്കാമെന്നല്ലാതെ അത്തരത്തിലുള്ള മാർഗ്ഗനിർദ്ദേശങ്ങളാണു ഇന്നത്തെ കുഴപ്പങ്ങൾക്ക് മുഴുവൻ കാരണമെന്നു കണ്ടെത്തുന്നത് ശരിയല്ല.

നിയമസഭ പാസ്സാക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം, കണക്കുകൾ പരിശോധിക്കാനെത്തുന്ന അധികാരികൾ (അക്കൌണ്ടന്റ് ജനറലടക്കം) executing ആപ്പീസർമാരുടെ നടപടിക്രമങ്ങൾ
നിയമവിധേയമായിരുന്നു എന്നു ഉറപ്പ് വരുത്താൻ ശ്രമിക്കും. അതിന്റെ പേരിൽ നമുക്ക് പരിശോധകരേയോ, നടപടിക്രമങ്ങളേയോ കുറ്റപ്പെടുത്താൻ കഴിയില്ല.

പഞ്ചായത്തുകൾക്ക് അവരുടെ കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യസ്ഥാപനങ്ങൾക്ക് വേണ്ടുന്ന മരുന്നുകൾ വാങ്ങാനുള്ള അധികാരം
ഉണ്ടാകണമെന്ന വാദം ഒരു പരിധി വരെ സമ്മതിക്കാം. എന്നാൽ സംസ്ഥാന
ലവലിൽ ഒരിടത്തിരുന്നു ഒന്നിച്ച് വാങ്ങുമ്പോഴുണ്ടാകുന്ന പ്രയോജനങ്ങൾ വളരെ
വലുതാണു. വിസ്താരഭയം കാരണം ആ പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന് വിശദീകരിക്കുന്നില്ല.

ആ പ്രയോജനങ്ങൾ ജനങ്ങൾക്ക് അനുഭവിക്കാൻ കഴിയണമെങ്കിൽ ഒരു കൂട്ടം സത്യസന്ധരായ അർപ്പണ ബോധമുള്ള ഉദ്ദ്യോഗസ്ഥർ ആവശ്യമാണെന്നു മറന്നുകൂടാ. അവരെ നിയന്ത്രിക്കാനായി ഒരു കൂട്ടം ഴിമതിരഹിതരായ,
ഇച്ഛാശക്തിയുള്ള രാഷ്ട്രിയ പ്രബുദ്ധതയുള്ള നേതാക്കളും വേണം.

പ്രീയ മണികണ്ഠൻ,

ശരിയാണു ആലപ്പുഴയിലെ മരുന്നു കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.23-12-1971 ൽ തുടങ്ങിയ സർക്കാർ കമ്പനിയാണത്. ഇതിൽ സർക്കാരിന്റെ മുതൽ മുടക്ക് 757.94 ലക്ഷം രൂപയാണു. കേരളത്തിനു വെളിയിലുള്ള എല്ലാ മരുന്നുകമ്പനികളും കോടിക്കണക്കിനു ലാഭമുണ്ടാക്കിയപ്പോൾ നമ്മുടെ ഈ കമ്പനിമാത്രം നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പ് കുത്തി. അങ്ങനെ പ്രവർത്തന രഹിതമായി കിടക്കയായിരുന്നു. ഇപ്പോൾ സർക്കാർ 300 ലക്ഷം രൂപയുടെ വായ്പകൂടി കൊടുത്ത് അതിനെ ജീവൻ വയ്പിച്ചിരിക്കുകയാണു.

മനോരമയിലെ ലേഖനങ്ങൾ നാം വായിച്ചില്ലേ. ഒരു മരുന്നു ഉല്പാദന കമ്പനി നഷ്ടത്തിലാകണമെനിൽ അതിന്റെ ഭരണാധികാരികൾ എന്തു മാത്രം പാടുപെടണമെന്നു ആ ലേഖനങ്ങളിൽ നിന്നും വ്യക്തമല്ലേ. ആലപ്പുഴയിലെ ഈ കമ്പനി ഇനിയെങ്കിലും കരകയരിയില്ലെങ്കിൽ നാം ആരെ പഴിക്കണം?

അനില്‍@ബ്ലോഗ് // anil said...

ഭൂതത്താന്‍,
നന്ദി.

ഹരീഷെ,
നന്ദി.

മണികണ്ഠന്‍,
വളരെ റാന്‍ഡമായി സാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കാറുണ്ട്, വല്ല പരാതികളു വന്നാലും പരിശോധിക്കും. എന്നിട്ട് എന്തു ചെയ്യുന്നു എന്നുള്ളതാണ് പ്രസക്തമായ സംഗതി - ആ കമ്പനിയുടെ ആ ഒരു ബാച്ച് മരുന്നു ഗുണനിലവാരം കുറഞ്ഞതാണെന്ന് പ്രഖ്യാപിക്കും, കമ്പനി ആ ബാച്ച് പിന്‍വലിക്കും- തീര്‍ന്നു കാര്യങ്ങള്‍. മറിച്ച് ഇപ്രകാരം ഗുണനിലവാരം മോശമായ കമ്പനികളുടെ ലൈസന്‍സ് റദ്ദുചെയ്യുക പോലത്തെ കടുത്ത പ്രയോഗങ്ങള്‍ നടത്തിയാല്‍ ഇത് ഒരു പരിധി വരെ നിയന്ത്രിക്കാനാവും.
വിശദമായ കമന്റിന് നന്ദി.

അങ്കിള്‍,
സ്റ്റോര്‍ പര്‍ച്ചേസ് റൂള്‍ എടുത്തുകളയണം എന്നല്ല ഈ പോസ്റ്റ് ലക്ഷ്യം വക്കുന്നത്. ഏതൊരു സംഭവവും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ തെറ്റായ കാര്യങ്ങള്‍ തെറ്റാണ് എന്ന് തിരിച്ചറിഞ്ഞേ മതിയാകൂ. ഇരുമ്പാണി വാങ്ങാന്‍ പ്രയോഗിക്കുന്ന ചട്ടങ്ങള്‍ ഹോര്‍മോണ്‍ മരുന്ന് വാങ്ങാനും പ്രയോഗിക്കുമ്പോഴുണ്ടാവാവുന്ന ചില പ്രായോഗിക പിശകുകള്‍ തിരുത്തിയാല്‍ മതി. ബയോളജിക്കത്സ്, ജീവജാലങ്ങള്‍ തുടങ്ങി ജീവനുള്ളവയോ അവയെ സംബന്ധിക്കുന്നതോ ആയ ഒരു പര്‍ച്ചേസുകള്‍ക്കും നമ്മുടെ സ്റ്റോര്‍ പര്‍ച്ചേസ് റൂള്‍‍ പോരാ. അതില്‍ വല്ല കൂട്ടിച്ചേര്‍ക്കല്‍ നടത്തിയാല്‍ മതിയാവാവുന്നതേ ഉള്ളൂ, പക്ഷെ അതിന് ഇതാണ് പ്രശ്നം എന്ന് തിരിച്ചറിയണമെന്ന് മാത്രം.

മരുന്നെന്നല്ല, ഏതൊരു സര്‍ക്കാര്‍ പരിപാടിയും ജനോപകാരപ്രദമായിത്തീരാന്‍ ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാരും, അഴിമതി വിമുക്തമായ ഒരു ഉദ്യോഗസ്ഥ സംവിധാനവും കൂടിയേ കഴിയൂ, ഇതു രണ്ടും ഇല്ലാത്തതാണ് ഇന്ത്യയുടെ ശാപവും.

ഇന്നത്തെ മരുന്നു നിര്‍മ്മാണ വ്യവസായത്തെപ്പറ്റിയും സര്‍ക്കാര്‍ സ്ഥാപനങ്ങളെപ്പറ്റിയും നമുക്ക് വേറൊരു പോസ്റ്റില്‍ ചര്‍ച്ചയാകാമെന്ന് തോന്നുന്നു, ഒരെണ്ണം തയ്യാറാക്കാനുള്ള ശ്രമത്തിലാണ്.