നാട്ടിലും ഗള്‍ഫ് രാജ്യങ്ങളിലെ ക്യാമ്പുകളിലും പലവിധ രോഗങ്ങളും കണ്ടു വരുന്നതിലൊന്നെന്ന നിലയിലാണ് ഇന്നലെ വരെ ചിക്കന്‍ പോക്സെന്ന് വൈറസ് വ്യാധിയെ ഞാന്‍ കണക്കാക്കിയിരുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ചിക്കന്‍ പോക്സ് ബാധിച്ച് ഗള്‍ഫില്‍ ഒരാള്‍ മരണമടഞ്ഞെന്ന വാര്‍ത്ത വായിച്ച് അത്ഭുതപ്പെടുകയും ചെയ്തു.അത്ഭുതകരമായി ആ വാര്‍ത്തയിലൊന്നുമില്ലെന്ന് കഴിഞ്ഞ ദിവസം സംഭവിച്ചൊരു അത്യാഹിതത്താല്‍ ബോധ്യമായിരിക്കുന്നു.
അമ്മാവന് എന്ന റാങ്ക് ഉണ്ടെങ്കിലും ഏട്ടായെന്ന് വിളിക്കുന്ന എന്റ്റെ ഒരു ബന്ധു ഗള്‍ഫിലായിരുന്നു. ഏട്ടനെന്നു വിളിക്കുന്നെങ്കിലും ഒരു സുഹൃത്തോ അതിനേക്കാളടുത്തതോ ആയ ഒരു ബന്ധമാണ് ഞങ്ങള്‍ തമ്മില്‍. ജീവിതത്തിന്റെ ഏതു മേഖലകളിലും ദുരനുഭവങ്ങള്‍ മാത്രം നേരിടുന്ന ഇദ്ദേഹത്തെ അവസാന ശ്രമമായ പ്രവാസവും, അതും കുറഞ്ഞൊരു കാലം മാത്രം ആയ പ്രവാസം, പരാജയപ്പെടുത്തുക തന്നെ ചെയ്തു. ചിക്കന്‍ പോക്സെന്ന പകര്‍ച്ച വ്യാധിയുടെ രൂപത്തിലാണിപ്രാവശ്യം ദുര്‍വിധി കടന്നു വന്നത്. ചിക്കന്‍ പോക്സ് ബാധ കഠിനമായിരുന്നെന്ന് ശരീരത്തെ വടുക്കള്‍ വിളിച്ചു പറയുന്നുണ്ട്. ഇത്തരം കഠിനമായ രോഗബാധയിലും കാര്യമായ ചികിത്സകളൊന്നും ഇദ്ദേഹത്തിന് ലഭിച്ചില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. ഒരു പക്ഷെ നല്ല ചികിത്സ എന്നത് സാധാരണ തൊഴിലാളിയായ ഒരാള്‍ക്ക് ഗള്‍ഫില്‍ അപ്രാപ്യമായതിനാലും ആവാം ഈ ദുര്‍ഗതി.
രോഗത്തിന്റെ ക്ഷീണം കാരണം തൊഴിലെടുക്കാനാവാതെ നാട്ടിലേക്ക് മടങ്ങിയത്തിയ ഏട്ടന് രണ്ട് ദിവസം മുമ്പ് പൊടുന്നനവെ ഒരു വശം തളര്‍ന്നു വീഴുകയായിരുന്നു.
തലച്ചോറില്‍ രക്തം കട്ടപിടിച്ചെന്ന കണ്ടെത്തലില്‍ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞെന്കിലും തലച്ചോറില്‍ ശസ്ത്രകൃയ വേണ്ട സാഹചര്യത്തിലേക്ക് പൊടുന്നനവെ സ്ഥിതിഗതികള്‍ മാറി. തലച്ചോറിന്റെ വലതു വെണ്ട്രിക്കിളില് കട്ടപിടിച്ചു കിടക്കുന്ന രക്തം എടുത്തുകളഞ്ഞ് നീര്‍ക്കെട്ട് മാറ്റുക എന്ന അവസാന ശ്രമത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും,അഡ്മിറ്റ് ചെയ്ത ഞായറാഴ്ച ഉച്ചക്ക് തന്നെ ശസ്ത്രകൃയ ചെയ്യുകയും ചെയ്തു.വിധി അനുകൂലമായതിനാല്‍ അദ്ദേഹം ഇന്നലെ വൈകിട്ട് ബോധം വീണ്ടെടുത്ത് ജീവിതത്തിലേക്ക് മടങ്ങാന്‍ ശ്രമമാരംഭിച്ചു, തളര്‍ന്ന വശം പ്രവര്‍ത്തനക്ഷമമായില്ലെങ്കിലും.
ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലാളികള്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ പോലും ഇത്തരം പകര്‍ച്ച വ്യാധികള്‍ ഗൌരവമായി കണക്കാക്കുന്നില്ലെന്നത് ഖേദകരമാണ്. ചികിത്സ ലഭ്യമാക്കുന്ന കേസുകളില്‍ പോലും വൈറസ് ബാധയെ ഇല്ലായ്മ ചെയ്യാനുള്ള മരുന്നുകളോ, അനുബന്ധമായി കടന്നുകൂടുന്ന ബാക്റ്റീരിയല്‍ ബാധയെ ലക്ഷ്യം വച്ചുള്ള അന്റി ബയോട്ടിക് മരുന്നുകളോ പ്രയോഗിക്കുന്നില്ല എന്നാണ് മനസ്സിലാവുന്നത്. വൈറസ് ബാധയും ബാക്റ്റീരിയല്‍ ബാധയും ചേര്‍ന്ന് സങ്കീര്‍ണ്ണമാക്കുന്ന രോഗാവസ്ഥ, വാസ്കുലൈറ്റിസ് എന്ന അവസ്ഥയിലേക്ക് നയിക്കാമെന്നാണ് വിദഗ്ധ അഭിപ്രായം. ഇപ്രകാരം തലച്ചോറിലെ രക്തക്കുഴലുകള്‍ക്ക് വരുന്ന ബലക്ഷയം രക്ത സ്രാവത്തിനും പക്ഷാഘാതം പോലെയുള്ള സ്ഥിതി വിശേഷം സംജാതമാവുകയും ചെയ്യാം. ആശുപത്രിയില്‍ കഴിയുന്ന ഏട്ടനു സംഭവിച്ചതും ഇത്തരം ഒന്നാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
ഗള്‍ഫില്‍ ഇപ്പോഴും ചിക്കന്‍ പോക്സ് ബാധിച്ച് ആളുകള്‍ ചികിത്സയിലുണ്ട്, അവരുടെ കാര്യത്തിലെങ്കിലും കൂടുതല്‍ ശ്രദ്ധയും പരിചരണവും ലഭിക്കട്ടെ എന്ന് ആശിക്കുന്നു. ഒപ്പം ചിക്കന്‍ പോക്സ് ബാധിച്ച് വിശ്രമിക്കുന്ന ബ്ലോഗറായൊരു സുഹൃത്തിന് പെട്ടന്നു തന്നെ രോഗം ഭേദമാവട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു.
7/21/2009
Subscribe to:
Post Comments (Atom)
23 comments:
രോഗം എല്ലായിടത്തും വരാം, എന്നാല്‍ നിസ്സഹായരായ മനുഷ്യക്കൂട്ടത്തെ അത് കൂടുതല്‍ നിസ്സഹായരാക്കും.
ദുരിതമയം പല ജീവിതങ്ങളും.
ഗള്‍ഫില്‍ പലയിടത്തും ക്യാമ്പുകളില്‍ ചിക്കന്‍പോക്സ് പിടിപെട്ടവരെ ഒറ്റയ്ക്ക് ഒരു മുറിയില്‍ മാറ്റിയിരുത്തുന്ന പതിവുണ്ട്. കഥയല്ല നേരിട്ടറിയാവുന്നതുകൊണ്ട് എഴുതിയതാണ്. കൂട്ടുകാര്‍ പോലും ഭയന്ന് ആളിന്റെ അടുത്ത് ചെല്ലാറില്ല. എന്നാല്‍ സര്‍ക്കാര്‍ ഇങ്ങനെയുള്ള പകര്ച്ചവ്യാധിയുള്ളവര്ക്ക് വേണ്ടി പ്രത്യേകആശുപത്രി ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ അവിടെ കൊണ്ടുപോകാന്‍ പോലും മിക്കപ്പോഴും ആരും മെനക്കെടാറില്ല. മറ്റു ഗള്‍ഫ് രാജ്യങ്ങളുടെ കാര്യം അറിയില്ല. കുവൈറ്റില്‍ അത്തരം സൌകര്യം ഉണ്ടെന്നറിയാം. ചില ആളുകള്‍ ഇത്തരം ഹോസ്പിറ്റലില്‍ എത്തപ്പെടാറില്ല. അവസരോചിതമായ പോസ്റ്റ്.
ഓഫ് : ചിക്കന്‍ പോക്സ് ഉള്ളവര്‍ കഴിക്കേണ്ട ഭക്ഷണത്തിനെ കുറിച്ച് ആവശ്യം വിവരങ്ങള്‍ കൂടി ചേര്ത്തിരുന്നെങ്കില് നന്നായിരുന്നു.
പ്രിയ അനിൽ ജീ..ഇവിടെ എല്ലാ തരം അസുഖങ്ങളും ഉണ്ട്. അത് കണ്ടെത്താനുള്ള ആധുനിക മെഷിനുകളും ഉണ്ട്. പക്ഷേ രോഗം കണ്ടെത്തി ചികിത്സ നിശ്ചയിക്കാൻ കഴിവുള്ള ആധുനികർ കുറവാണെന്ന് പറഞ്ഞ് കേൾക്കുന്നു.
മറ്റൊന്ന് ചികിത്സ ലഭിക്കാനുള്ള ചിലവ്. അത് ഓർക്കുമ്പോൾ സാധാരണക്കാരൻ സ്വന്തം റുമിലിരുന്ന് സ്വയം ചികിത്സിക്കും.
അതിനൊരു പ്രതിവിധിയായി ഇവിടങ്ങളിൽ നിർബന്ധ ഇൻഷൂർ നടപ്പാക്കിയിട്ടുണ്ട്. അതും സാധാരണ തൊഴിലാളിക്ക് വയറ്റത്തടി തന്നെ. അധിക സ്പോൺസർമാരും ശംബളത്തിൽ നിന്നും അത് കട്ട് ചെയ്യും.അതു മാത്രവുമല്ല അപകടം പറ്റിയാൽ ചികിത്സക്ക് കാശ് നമ്മൾ തന്നെ കൊടുക്കണം എന്ന തമാശയും ഇതിന്റെ പ്രത്യേകതയാണ്. അതിന് വേറെ ഇൻഷൂർ ഉണ്ട്. ചുരുക്കത്തിൽ ഇവിടെ അസുഖം വരാൻ വേണ്ടി പ്രാർത്തിക്കുന്നവരും കുറവല്ല. ലീവും കിട്ടും. മാസാമാസം കൊടുക്കുന്ന കാശ് മരുന്ന് കുടിച്ചെങ്കിലും മുതലാക്കുകയും ചെയ്യാം. അതിന്റെ അടയാളമാണ് ഇപ്പോൾ ആശുപത്രികളിൽ കാണുന്ന തിരക്ക്.സ്പെശ്യൽ കൌണ്ടർ എന്നിവ.
പതിവ് കാഴ്ച നന്നായി അനിൽ.
നാം അറിയേണ്ട ഒരു കാര്യമാണ് ഗള്‍ഫിലെ സാധാരണക്കാരുടെ ജീവിതവും ദുരിതങ്ങളും
രോഗം എവിടെയും വരാം പക്ഷെ ചികല്‍സാ സൗകര്യം എല്ലാവര്ക്കും കിട്ടണം !
താങ്കളുടെ ബന്ധു വേഗം സുഖപ്പെടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു!
അനില്‍ ജീ എന്റെ ഒന്നു രണ്ടു സുഹൃത്തുക്കള്‍ക്ക് ചിക്കന്‍പോക്സ് പിടിപെട്ടിരുന്നു സ്വകാര്യ ആശുപത്രിയിലെ ചികിത്സയോ എന്തൊ അവര്‍ക്കു സുഖപ്പെട്ടു പക്ഷെ രസം അവിടെയല്ല വേറെ രണ്ടു മൂന്നു സുഹൃത്തുക്കള്‍ക്കു പനി വന്നപ്പോള്‍ ഇതേ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി (ഡോക്ടറുടെ അടുത്ത്) അദ്ധേഹം ചോദിക്കുന്ന ചോദ്യം റൂമില്‍ ആര്‍ക്കെങ്കിലും ചിക്കന്‍ പോക്സ് ഉണ്ടോ എന്നതാണ് ... ഉണ്ട് എങ്കില്‍ രോഗം അതിന്റെ ലക്ഷണമെന്നു വിധിയെഴുതുന്നു മരുന്നിനു കുറിക്കുന്നു ... ഈ കാര്യം ഇവിടെ പറഞ്ഞത് ഗള്‍ഫു നാടുകളില്‍ നല്ല വൈദ്യന്മാരുടെ കൂടെത്തന്നെ മുറി വൈദ്യന്മാരുമുണ്ട് എന്ന സത്യം ഓരോരുത്തരും മനസ്സിലാക്കുക ... ചികിത്സ തേടിപ്പോകുമ്പോള്‍ ഇത്തരം ഡോക്ടര്‍മാരുടെ അടുത്തെത്താതിരിക്കാനും ശ്രദ്ധിക്കുക ....
Dear Anil,
pravasi allennu karuthunnu.gulfile labour campil eight perulla roomil 15 divasatholam chiken pox pidipettu kidakkuka ennoru duranubhavam neril kaanaan ida vannu. triple berth kattilil centeril chicken pidipettayalum mukalilum thazheyum healthy people.gods grace they both were from andhra they consider this as a blessings of Kali devi.Some labour camps are simply pathetic.
വളരെ കഷ്ടമായിപ്പോയി അദ്ദേഹത്തിന്റെ കാര്യം.
സഹജീവികൾക്ക് വേണ്ടി ആകുലപ്പെടുന്ന ഈ മനസ്സിനെ ഞാൻ നമിക്കുന്നു.
ചിക്കന്‍ പോക്സിനു മരുന്നുപയോഗിച്ച് ചികില്‍സിച്ചു മാറ്റരുതെന്ന ഒരു അന്ധവിശ്വാസം നമ്മുടെ നാട്ടില്‍ നില നില്‍ക്കുന്നുണ്ട്.നമ്മുടെ നാട്ടില്‍ ഈ അസുഖം മൂലമുള്ള ദുരന്തങ്ങള്‍ക്ക് പ്രധാന കാരണം ഇതാണ്.
ദുരിതമയമായ ജീവിതാവസ്ഥകൾ ഏതുരോഗത്തേയും മാരകമാക്കുന്നു.
അപൂർവ്വമായി ചിക്കൻ പോക്സ് വിനാശകാരിയായി മാറാറുണ്ട്,നമ്മുടെ നാട്ടിലും.
അടുത്തിടെ ആണ് പ്രസിദ്ധകഥകളിഗായകനായ വെണ്മണി ഹരിദാസിന്റെ സഹോദരൻ(കുറേക്കൂടി മനസ്സിലാവുന്ന ഭാഷയിൽ:സിനിമാനടനും സീരിയൽ നടനും ആയ ശരത്തിന്റെ അച്ഛന്റെ സഹോദരൻ:)ചിക്കൻ പോക്സ് വന്നു മരിച്ചത്.
സുഖം പ്രാപിക്കുന്ന ആ ബ്ലോഗര്‍ ആരാണാവോ ?
വേഗം സുഖം പ്രാപിക്കട്ടെ എന്നാശിക്കുന്നു.
അദ്ദേഹത്തിനുണ്ടായ ദുരനുഭവത്തില്‍ ദുഃഖിക്കുന്നു ..
സൗദിയില്‍ കാര്യങ്ങള്‍ അല്പം കൂടി മെച്ചം ആണെന്ന് തോന്നുന്നു .. ഹൌസ് റെന്റ് കുറവായതും റൂം അവൈലബിലിടിലും തന്നെ ഒരു കാരണം .. പിന്നെ പൊതുവേ ഗള്‍ഫില്‍ പൊതു ജനാരോഗ്യ കാര്യത്തില്‍ പരിശോധനയും നടപടികളും നമ്മുടെ നാട്ടിലേക്കാള്‍ മെച്ചപ്പെട്ടതാണ് ..ജനറല്‍ സ്റ്റോറുകളിലും ഹോട്ടലുകളിലും അധികൃതരുടെ പരിശോധന ശക്തമാണ് .. നമ്മുടെ നാട്ടില്‍ നിയമം പുസ്തകത്തില്‍ മാത്രം ആണല്ലോ .. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അങ്ങിനെയല്ല . z
ഹെല്‍ത്ത് കാര്‍ഡ് ഉള്ളവര്‍ക്കേ ഇത്തരം കടകളില്‍ ജോലിക്ക് നില്ക്കാന് തന്നെ പറ്റൂ .
വേസ്റ്റ് ഡിസ്പോസല്‍ ഇവിടെ വളരെ മാതൃകാ പരം ആണ് .. നമ്മുടെ നാട്ടില്‍ ജനറല്‍ ഹോസ്പിടല്‍ , ബസ് സ്റ്റാന്റ് പരിസരങ്ങള്‍ എത്ര മാത്രം വൃത്തി ഹീനം ആണ് എന്ന് നമുക്കൊക്കെ അറിയാം അല്ലോ ... ഇവ വഴി രോഗങ്ങള്‍ പകരുന്നതും നാട്ടില്‍ സാധാരണ .
കമ്പനികളില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത് കാരണം .. കമ്പനി തൊഴിലാളികള്‍ ചെറിയ അസുഖം വന്നാല്‍ പോലും ഇപ്പോള്‍ ആശുപത്രികളില്‍ പോകാന്‍ താല്പര്യപ്പെടാരുണ്ട് ...പക്ഷെ ചില രോഗങ്ങള്‍ അശ്രദ്ധയും കൂടെയുള്ളവര്‍ ആരും പരിചരിക്കാന്‍ ശ്രദ്ധ കാട്ടാത്തതും കാരണം നില വഷളാകാറുണ്ട് .. എങ്കിലും പൊതുവേ പൊതു ജനാരോഗ്യ കാര്യത്തില്‍ വളരെ നല്ല നിലപാടുകളും നിയമ നിര്‍വഹണവും ആണ് ഗള്‍ഫ് രാജ്യങ്ങളില്‍ ..
തു ജനാരോഗ്യ കാര്യത്തില്‍, നമ്മുടെ ആരോഗ്യ , മുനിസിപ്പാലിറ്റി, കോര്പറേഷന് , പഞ്ചായത്ത് , അധികൃതര്‍ കാണിക്കുന്ന തികഞ്ഞ അനാസ്ഥയൊന്നും ഇവിടങ്ങളില്‍ ഇല്ല എന്ന് മാത്രമല്ല , മാതൃകാപരം ആണ് പലപ്പോഴും .
ഏതായാലും അദ്ദേഹത്തിന് വേഗം സുഖമാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ..
ചിക്കന്‍ പോക്സ് പോലുള്ള അസുഖങ്ങള്‍ ഗള്‍ഫില്‍ വെച്ച് പിടിപെട്ടാല്‍ പ്രത്യേകിച്ച് ബാച്ചിലര്‍ ആയ തൊഴിലാളികള്‍ക്ക്, ആരും ശുശ്രൂഷിക്കാന്‍ ഒപ്പം നില്‍ക്കാനില്ലാതെ ഒറ്റപ്പെടുന്ന അവസ്ഥയുണ്ട്. നല്ല കമ്പനികള്‍ ആണെങ്കില്‍ കുഴപ്പമില്ല. പക്ഷെ, ഒട്ടുമിക്ക കമ്പനികളും തൊഴിലാളികള്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ചെയ്ത് കൊടുക്കാത്തവ തന്നെയാണ്. സമ്പന്നതയുടെ മുഖം മൂടി ഗള്‍ഫിനും ഗള്‍ഫുകാരനും ഉണ്ടെങ്കിലും യാഥാര്‍ത്ഥ്യം വളരെ അകലെയാണ്.
പരിചരിക്കാൻ ആളില്ലാതെ ഒറ്റക്കു നേരിടാൻ പ്രയാസം ഉള്ള അസുഖം എന്ന് അനുഭവം.
ഗൾഫ് മേഖലയിലെ ചിക്കൻ പോക്സ് പെട്ടെന്ന് തീരാൻ ആശംസകൾ അർപ്പിക്കുന്നു
എനിക്കും വന്നിട്ടുണ്ട് ചിക്കന്‍ പോക്സ് ... അത് ഒരു വല്ലാത്ത അനുഭവമായിരുന്നു ... കിടക്കുന്ന ബെഡ്ഡില്‍ ആരിവേപ്പിന് ഇല ഇട്ടാണ് കിടന്നിരുന്നത് ...ആരും ഇല്ലാതെ ... അതും ആദ്യമായി ഗള്‍ഫില്‍ വന്ന മാസം ... ശരിക്കും ബുദ്ധിമുട്ടിയ നാളുകള്‍ എല്ലാര്ക്കും ജോലികളും ഉത്തരവാതിത്വങ്ങളും ഉണ്ട് ..തിരിഞ്ഞുനോക്കാന്‍ പോലും ആരും ഉണ്ടാവില്ല
ഒറ്റയ്ക്ക് ആണെങ്കില്‍ കഷ്ടപ്പെട്ടതു തന്നെ. എന്നാലും ചിക്കന്‍ പോക്സ് വന്ന് മരിച്ചു എന്നത് കേട്ടിട്ട് അത്ഭുതം.
ഒരു മാസം മുൻപു എനിക്കു വന്നിരുന്നു പക്ഷെ ഞാൻ ഉടനെ തന്നെ മരുന്നു കഴിച്ചു അതുകൊണ്ടു ഒരാഴ്ച കൊണ്ടു മാറി... റൂമിൽ പോലും ആരും അറിഞ്ഞില്ലാ എനിക്കു ചിക്കൻബോക്സാണു എന്നുള്ള വിവരം.. പക്ഷെ ചിലർക്ക് വളരെ കൂടുതലായ് കാണാറുണ്ട്...ഈ വിവരങ്ങൾക്കു നന്ദി
നാട്ടുകാരന്,
സന്ദര്‍ശനത്തിനു നന്ദി.
ദീപക് രാജ്,
നമ്മുടെ ദൃശ്യമാദ്ധ്യമങ്ങളിലെ ചില പരിപാടികളാണ് ഗള്‍ഫിലെ ജീവിത ദുരിതങ്ങള്‍ ആദ്യമായി മലയാളിലെ കാട്ടിയത്. സത്യത്തില്‍ ആദ്യമായത് കണ്ട് ഞെട്ടുക തന്നെ ചെയ്തു. ഇപ്പോള്‍ ഇതും.
ഓഫ്ഫിന്: ആ വിഷയത്തില്‍ വൈദഗ്ധ്യം ഇല്ലാത്തതിനാല്‍ അങ്ങോട്ട് കടക്കുന്നില്ല ;)
OAB,
നേര്‍ക്കാഴ്ചകള്‍ പങ്കു വച്ചതിനു നന്ദി.
ramaniga,
അദ്ദേഹം സുഖം പ്രാപിച്ചു വരുന്നു.
രസികന്‍,
ചികിത്സകള്‍ പലപ്പോഴും എല്ലായിടവും അങ്ങിനെയൊക്കെ തന്നെ.ചികിത്സാ ഫീസ് താങ്ങാനാവതെ വരുന്ന സന്ദര്‍ഭങ്ങളില്‍ ആളുകള്‍ മറ്റു വഴികള്‍ തേടിപ്പോയെന്നു വരും.
അജീഷ് മാത്യു കറുകയില്‍,
അനുഭവം പങ്കു വച്ചതിനു നന്ദി.
കുമാര്‍ജി,
നല്ല വാക്കുകള്‍ക്ക് നന്ദി.
vrajesh,
ശരിയാണ്, മാത്രവുമല്ല ചികിത്സിക്കണ്ട ആവശ്യമേ ഇല്ല എന്നും പറയുന്നവരുണ്ട്.
വികടശിരോമണി,
വാസ്തവം തന്നെ.ഭൌതിക സാഹചര്യങ്ങളാണ് രോഗാവസ്ഥകളെ ഗുരുതരമാക്കുന്നത്. എന്നാലും ഇത്തരത്തില്‍ ചില പ്രശ്നങ്ങള്‍ (അത് കുറഞ്ഞ ശതമാനമാണെങ്കില്‍ പോലും)ഉണ്ടെന്ന് പറയാനാണുദ്ദേശിച്ചത്.
ചിത്രകാരാ,
ആ ബ്ലോഗര്‍ താരതമ്യേന മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലുള്ള ആളായതിനാല്‍ കഷ്ടപ്പാടില്ലാതെ കഴിയുന്നു, സുഖം പ്രാപിക്കുന്നു.
ഫൈസല്‍ കൊണ്ടോട്ടി,
തീര്‍ച്ചയായും താങ്കള്‍ പറഞ്ഞ പോലെയുള്ള ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ അവിടെയുണ്ട്. എന്നാല്‍ ഇതിന്റെയൊന്നും പരിധിയില്‍ പെടാത്ത ചില ജീവികളെങ്കിലും കൂടി അവിടുണ്ടെന്ന് മേലെ കമന്റുകള്‍ കണ്ടാല്‍ ബോദ്ധ്യമാവുന്നുണ്ട്.
ഭക്ഷ്യ വിഷബാധയേറ്റ് രണ്ട് കുട്ടികള്‍ അടുത്തിടെ ഗള്‍ഫില്‍ മരണമടഞ്ഞതിനെപ്പെറ്റി വായിക്കുകയുണ്ടായി അടുത്തിടെ. ചൈനീസ് ഹോട്ടലില്‍ നിന്നും മോശം ഭക്ഷണം കഴിച്ചതാണ് കാരണം എന്ന് പൊതുവെ പറഞ്ഞു കേട്ടെങ്കിലും NMC ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് മരണത്തിലേക്ക് നയിച്ചതെന്ന് പറഞ്ഞു കേള്‍ക്കുന്നുണ്ട്, അപ്പോള്‍ ഇതൊക്കെ എല്ലായിടവും ഉണ്ട്.
ഏട്ടന് സുഖം പ്രാപിച്ചു വരുന്നു,സാമാന്യം നല്ല രീതിയില്‍ ശരീരം പ്രതികരിക്കുന്നു എന്നാണ് റിപ്പൊര്‍ട്ട്.
രാമചന്ദ്രന് വെട്ടിക്കാട്,
പ്രതികരണത്തിനു നന്ദി.
കാല്വിന്,
പടര്‍ന്നു പിടിച്ച രീതിയില്‍ രോഗം ഇല്ലെന്നാണ് തോന്നുന്നത്, പക്ഷെ ഒരുപാട് പേര് ഒന്നിച്ച് ഒര് മുറിയില്‍ കഴിയവെ ഒരാള്‍ക്ക് അസുഖം പിടിപെടുന്ന അവസ്ഥ ഒന്നാലോചിച്ച് നോക്കൂ.
നമുക്ക് സഹതപിക്കാനല്ലാതെ എന്തു ചെയ്യാനാവും?
സൂത്രന്,
ഈ പറഞ്ഞത് തന്നെയാണ് ഇവിടെയും ചെയ്തത്, ആര്യവേപ്പില ഇട്ട് കിടക്കുക,അതിട്ട വെള്ളത്തില്‍ കുളീക്കുക. ആരാണാവോ ഇതിന്റെ ഉപജ്ഞാതാക്കള്‍?
അതുമാത്രമായി ചെയ്താല്‍ മതി എന്നാരും നിര്ദ്ദേശിച്ചിട്ടുണ്ടാവാനിടയില്ല.
ശ്രീ,
സത്യം, ഞാനും ആദ്യം ആ വാര്‍ത്ത കേട്ട് ഞെട്ടിപ്പോയി.
വരവൂരാന്‍,
ഭാഗ്യം , താങ്കള്‍ക്ക് പെട്ടന്ന് അസുഖം മാറിയല്ലോ.
ഇത്തരം രോഗാവസ്ഥയില്‍ സഹായിക്കാനെന്തെങ്കിലും സന്നദ്ധപ്രവര്‍ത്തനം ഈ മേഖലയില്‍ സാധിക്കുമോ സുഹൃത്തുക്കളെ?
ഗൾഫിൽ എന്നല്ല എല്ലായിടത്തും സാധാരണക്കാരായ തൊഴിലാളികൾക്ക് വേണ്ടത്ര ആരോഗ്യ പരിരക്ഷ പലപ്പോഴും ലഭിക്കാറില്ല. ഗൾഫിൽ പ്രത്യേകിച്ച് ബാച്ചിലേഴ്സിന്റെ കാര്യത്തിൽ രോഗം വന്നാലുള്ള ഒറ്റപ്പെടൽ പലർക്കും വലിയ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ആയിരക്കണക്കിനു തൊഴിലാളികൾ ഉള്ള കമ്പനിയിലാണു ഞാൻ വർക്ക് ചെയ്യുന്നത്. എല്ലാവർക്കും വേണ്ട ചികിത്സ കമ്പനി വഹിക്കുന്നു. ഇപ്പോൾ എല്ലാ തൊഴിലാളികൾക്കും ഇവിടെ ഇൻഷുറൻസ് കാർഡും ഏർപ്പെടുത്തിയിട്ടുണ്ട്. ശുചിത്വത്തിന്റെ കാര്യത്തിലും ഗവണ്മെന്റ് ശ്രദ്ധ ചെലുത്തുന്നു. പക്ഷെ പലപ്പോഴും ദുരിതം പേറുന്ന ക്യാമ്പുകളും തൊഴിലാളികളോടുള്ള പീഢനപരമായ സമീപനവും ചികിത്സാ നിശേധവുമൊക്കെ ചെയ്യുന്നത് ഇന്ത്യക്കാരും മലയാളികളുമായ മുതലാളിമാർ നടത്തുന്ന ക്യാമ്പും കമ്പനികളുമാണെന്നതാണ് ഒരു വശം.
എന്നിരുന്നാലും പല കമ്പനികളും നല്ല രീതിയിൽ തൊഴിലാളികൾക്ക് വേണ്ട സൌകര്യങ്ങൾ ചെയ്യുമ്പോൾ ചൂഷകരും മറുവശത്ത് കൊഴുക്കുന്നു.
അതിനാൽ തന്നെ ഗൾഫിലെ എല്ലാ കമ്പനികളും ക്യാമ്പുകളും ഇങ്ങിനെ നിസഹായരെ കഷ്ടപ്പെടുത്തുന്നതാണെന്ന് എനിക്കഭിപ്രായമില്ല
എന്റെ ഒരു സുഹൃത്തിനു ഒരു അപകടം സംഭവിച്ച് ഇപ്പോൾ ഏതാണ്ട് ഒരു വർഷമായി ഇവിടെ തന്നെ ചികിത്സയിലാണ് .എല്ലാ ചിലവും വഹിക്കുന്നത് കമ്പനി തന്നെ.
താങ്കളുടെ സഹോദരനും കൂട്ടുകാരനുമായ ആൾക്ക് എത്രയും വേഗം പൂർണ്ണ് ആരോഗ്യം തിരിച്ച് കിട്ടട്ടെ
ഈ ആകുലതകൾ പങ്ക് വെച്ചതിനുനന്ദി
രോഗം വന്നിട്ടു് നല്ല ചികിത്സ കിട്ടാതെ വരിക, നോക്കാന്‍ ആരുമില്ലാതെ ഒറ്റപ്പെട്ടുപോകുക, വളരെ കഷ്ടമാണ്. പക്ഷേ പലയിടത്തും സംഭവിക്കുന്നതു് അതാണു്. ഏട്ടനു് അസുഖം ഭേദമാവുന്നു എന്നറിഞ്ഞതില്‍ സന്തോഷം.
ചിക്കന്‍ പോക്സ് വന്നവര്‍ക്ക് ഹെര്‍പ്പിസ് വരാനുള്ള സാദ്ധ്യതകള്‍ എന്തൊക്കെയാണ് ? ഒരു പോസ്ട്ടിടാമോ അനില്‍ ?
ഗള്‍ഫിലെ ചിക്കന്‍ പോക്സിന്റെ ദുരിതം ശരിക്ക് അറിഞ്ഞവന് ആണ് ഈയുള്ളവനും. എനിക്ക് അസുഖം അതിന്റെ മാക്സിമത്തില്‍ തന്നെ കിട്ടിയിരുന്നു. മരുന്നിനൊക്കെ കൂടി നല്ലൊരു തുക ചെലവായി. അസുഖം വന്നയാളെ മാറ്റി നിര്‍ത്തുന്ന മറ്റുള്ളവരെ കുറ്റം പറയാന്‍ പറ്റില്ല. കാരണം ഈ അസുഖം വരാന്‍ ആരും ആഗ്രഹിക്കില്ലല്ലോ. എനിക്ക് അസുഖം വന്നപ്പോള്‍ എന്നെ പരിചരിച്ച റൂംമേറ്റിനു അസുഖം പകര്‍ന്നു നല്‍കിക്കൊണ്ടാണ് ഞാന്‍ നന്ദി പ്രകാശിപ്പിച്ചത് :) താങ്കളുടെ ചേട്ടന് പെട്ടെന്ന് ഭേദമാകട്ടെ .
എന്റെ ചിക്കന്‍ പോക്സ് അനുഭവത്തെ കുറിച്ച് ഞാന്‍ എന്റെ ബ്ലോഗില്‍ എഴുതിയിട്ടുണ്ട് .
ചിക്കന്‍ പോക്സ് ഒരാള്‍ക്ക് ഒരു തവണയില്‍ കൂടുതല്‍ വരാത്തത് ഭാഗ്യം ...പക്ഷെ ആ വരുന്നത് പരീക്ഷ കാലത്തോ കല്യാണ സമയത്തോ ആണേല്‍ തീര്‍ന്നു....
Post a Comment