മനുഷ്യസമൂഹത്തോളം തന്നെ ചരിത്രം അവകാശപ്പെടാവുന്ന ഒരു ചര്യയാണ് കൃഷി. നമ്മുടെ നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകമായിവര്‍ത്തിക്കുന്ന ഒന്നാണ് ഭക്ഷണം എന്നതിനാല്‍തന്നെ, കാര്‍ഷിക വൃത്തിയെ മാറ്റി നിര്‍ത്തി മനുഷ്യനു ജീവിതവുമില്ല. കേരളീയ സമൂഹത്തിലും ഒരു തലമുറ മുമ്പ് വരെ കാര്‍ഷിക വൃത്തിയെ ആശ്രയിച്ചാണ് സാമ്പത്തിക രംഗം പിടിച്ചു നിന്നിരുന്നതെന്ന സത്യം മുന്നില്‍ നില്‍ക്കുമ്പോഴും, കൃഷി എന്നാല്‍ ആത്മഹത്യ എന്ന പദമാണ് നമുക്ക് മുന്നിലിന്ന് തെളിയുന്നത്. അതിന്റെ വിശദാശങ്ങളിലേക്ക് കടക്കുന്നില്ല, ഒരു ആമുഖമായി ഈ വരികള്‍ കുറിച്ചു എന്നേ ഉള്ളൂ.
ഹോര്‍ട്ടിക്കള്‍ച്ചര്‍ തെറാപ്പി എന്ന സങ്കല്‍പ്പത്തെപ്പറ്റി കേള്‍ക്കാത്തവര്‍ വിരളമായിരിക്കും എന്ന് കരുതുന്നു. ഹോര്‍ട്ടിക്കള്‍ച്ചര്‍ തെറാപ്പി എന്നാല്‍, വ്യക്തികളിലെ രോഗാവസ്ഥയെ അഭിസംബോധന ചെയ്യാനായി കാര്‍ഷിക വൃത്തിയെ ഉപയോഗപ്പെടുത്തുന്ന രീതിയാണ്. വാര്‍ദ്ധക്യത്തിന്റെ വിഷമതകള്‍ മുതല്‍ മനോരോഗികളിലെ വിഭ്രമങ്ങള്‍ വരെ വലിയൊരളവില്‍ ഇവിടെ കൈകാര്യം ചെയ്യപ്പെടുന്നു. ഹോര്‍ട്ടിക്കള്‍ച്ചര്‍ എന്നത് ഒരു പുതിയ സങ്കേതമല്ലെങ്കിലും, ഒരു ചികിത്സാ വിധിയെന്ന രീതിയില്‍ ഇതിനെ ഉപയോഗപ്പെടുത്താനാരംഭിച്ചിട്ട് നാളുകളേറെയായിട്ടില്ല. ആരംഭിച്ചിന്നോളം പുറത്തുവന്ന ഫലങ്ങള്‍ ആശാവവങ്ങളാണ്. ശാരീരികവും മാനസ്സികവുമായ അവസ്ഥകളില്‍ ഗുണപരമായ മാറ്റങ്ങളുണ്ടക്കാനീ രീതിക്കായി. പ്രധാനമായും മാനസികമായ ആരോഗ്യ പുഷ്ടീകരണത്തിനാണ് ഇന്നിത് പരീക്ഷിച്ചു വരുന്നത്. വിവിധ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നടന്ന പഠനങ്ങളില്‍ , രോഗികളുടെ മാനസികമായ ശക്തി വര്‍ദ്ധിപ്പിക്കുന്നതിലും , അവരില്‍ ആത്മവിശ്വാസം വളര്‍ത്താനും , കൃയാത്മക പ്രവര്‍ത്തിയുടെ സന്തുഷ്ടി അനുഭവിക്ക വഴി ആത്മ ബോധം വളര്‍ത്താനും ഈ തെറാപ്പി ഉപകരിച്ചു എന്ന റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചെറു തോട്ട നിര്‍മ്മാണം, സസ്യ പരിപാലനം, നിരീക്ഷണങ്ങള്‍, കായ് ഫലം ഇറുക്കല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ ആര്‍ക്കാണ് സന്തോഷമേകാത്തത്. ഇതേപ്പറ്റി പ്രതിപാദിക്കുന്ന നിരവധി സൈറ്റുകള്‍ ലഭ്യമാണ്, ഉദാഹരണമായി അമേരിക്കന്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ സൊസൈറ്റി അസ്സോസിയേഷന്.
തൃശ്ശൂര്‍ മാനസ്സികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ഒരു പഠനം കണ്ടിരുന്നു, ലിങ്ക് ഇല്ല. കേരള സര്‍ക്കാറിന്റെ കാര്‍ഷിക വികസന പരിപാടികളിലും ഈ സങ്കേതം പരാമര്‍ശിക്കുന്നു എന്നത് ഗുണപരമായ ഒരു മാറ്റമായി കണക്കാക്കാവുന്നതാണ്.
നമ്മുടെ മുന്‍ തലമുറ അനുഭവിച്ചു വന്നിരുന്ന മനോശാന്തിക്കും മാനസികാരോഗ്യത്തിനും സൌമ്യ ശീലത്തിനും ഇതിലും നല്ലോരു തെളിവു വേറെ ആവശ്യമുണ്ടോ? കാര്‍ഷിക വൃത്തിയില്‍ നിന്നും പുറം തിരിഞ്ഞു നില്ക്കുന്ന പുതു തലമുറ ആന്തരികവും ബാഹ്യവുമായ സമ്മര്‍ദ്ദങ്ങളില്‍ ഉഴറുമ്പൊള്‍, ആശ്വാസം നല്കാന് ഓണ്‍ലൈന്‍ ഗെയിമുകളായെങ്കിലും കൃഷി പുനരവതരിക്കുന്നത് ആശാവഹമാണ്, ഫേസ് ബുക്കിന്റെ ഫാം ടൌണ്‍ ഉദാഹരണം.
4/27/2009
Subscribe to:
Post Comments (Atom)
28 comments:
ഫേസ് ബുക്കിലെ കൃഷിയെ പരിചയപ്പെടുത്തിയ പ്രിയക്ക് നന്ദി.
"നമ്മുടെ മുന്‍ തലമുറ അനുഭവിച്ചു വന്നിരുന്ന മനോശാന്തിക്കും മാനസികാരോഗ്യത്തിനും സൌമ്യ ശീലത്തിനും ഇതിലും നല്ലോരു തെളിവു വേറെ ആവശ്യമുണ്ടോ?"
ഇല്ല അനില്‍.....
പകുതി യോജിപ്പ് പകുതി വിയോജിപ്പ്...
യോജിപ്പ് എന്തെന്നാല്‍ , എന്തിന്റെ പേരിലായാലും കുറേ പേര് കൃഷിയിലേക്ക് ഇറങ്ങുന്നത് നല്ലതാണ്.
വിയോജിപ്പ് :-
കൃഷിയുടെ മാത്രം ഹീലിംഗ് പവര്‍ അല്ല അത്. ഹ്യുമന്‍ സൈക്കോളജി ആന്‍ഡ് ഫിസിയോളജി. അദ്ധ്വാനിക്കുന്നത് ശരീരത്തിനും മനസിനും നല്ലതാണ്. അതേ പോലെ എന്തിനോടെങ്കിലും ഉള്ള താല്പര്യം രോഗവിമുക്തിയെ സഹായിക്കും. ( മുന്നാബായ് എം.ബി.ബി.എസ് ലെ കാരം ബോഡ് കളിക്കുന്ന വൃദ്ധനെ ഓര്മ ഇല്ലേ?)
മാനസികമായി രോഗമുള്ളവര്‍ താല്പര്യത്തൊടേ ഒരു പൂച്ചയെ വളര്‍ത്തുന്നത് വരെ രോഗശമനത്തിനു ഹേതുവായേക്കാം....
കൃഷിയും മാനസികാരോഗ്യവുമായി നേരിട്ട് ബന്ധമുണ്ട് എന്ന് സ്ഥാപിക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല...
നാനൊ സംഗീത ഹീലിംഗ് എന്നൊക്ക് പറയുന്ന പോലെ ചില ഐറ്റംസ് അങ്ങനെ കണ്ടാല്‍ മതി
നന്ദി കൂട്ടുകാരാ ഈ പോസ്റ്റിന്.....തിരക്കുകള്‍ ഏറെയുണ്ടെങ്കിലും ഞങ്ങളും ഒരു ചെറിയ തോട്ടം നോക്കി നടത്തുന്നു....
നമ്മുടെ മുന്‍ തലമുറ അനുഭവിച്ചു വന്നിരുന്ന മനോശാന്തിക്കും മാനസികാരോഗ്യത്തിനും സൌമ്യ ശീലത്തിനും ഇതിലും നല്ലോരു തെളിവു വേറെ ആവശ്യമുണ്ടോ? കാര്‍ഷിക വൃത്തിയില്‍ നിന്നും പുറം തിരിഞ്ഞു നില്ക്കുന്ന പുതു തലമുറ ആന്തരികവും ബാഹ്യവുമായ സമ്മര്‍ദ്ദങ്ങളില്‍ ഉഴറുമ്പൊള്‍, ആശ്വാസം നല്കാന് ഓണ്‍ലൈന്‍ ഗെയിമുകളായെങ്കിലും കൃഷി പുനരവതരിക്കുന്നത് ആശാവഹമാണ്,..
ഇന്ന് നമ്മുടെ തലമുറക്കും വരും തലമുറകള്‍ക്കും (ഭൂരിഭാഗം ) തികച്ചും അന്യമായി കൊണ്ടിരിക്കുകയാണ് കൃഷിയും കൃഷി രീതികളും.. നന്ദി ഈ പോസ്റ്റിനു..
മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ മനസികമായ ഉല്ലാസത്തിന് വേണ്ടിയുള്ള ഉപാധികളില്‍ ചിലതെന്ന നിലക്കല്ലാതെ ഒരു ചികിത്സാ രീതിയായി കൃഷിയെ അവലംബിക്കുന്നുണ്ടോ.
കൃഷി മനോശാന്തിക്കും മാനസികാരോഗ്യത്തിനുമുള്ള ഉത്തമ ഉപാധിയാണെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്റെ കുട്ടിക്കാലത്ത് ഞാനും കൃഷി ചെയ്തിരുന്നു. പാവല്‍, പടവലം, വെണ്ട, മുളക്, പയര്‍, ചീര എന്നിവയായിരുന്നു പ്രധാന വിളകള്‍. അതിരാവിലെ ഉറക്കമുണര്‍ന്നയുടനെ ഞാന്‍ വീട്ടുമുറ്റത്തെ ചെറിയ തോട്ടത്തില്‍ ഓടിയെത്തും, പയറില്‍ പുതിയ പൂവുകള്‍ ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍, പുതിയ മുകിളങ്ങളോ ഇലകളോ വന്നിട്ടുണ്ടോ എന്നറിയാന്‍! പിന്നെ ചെടികളെയെല്ലാം നനച്ച ശേഷം സ്കൂളില്‍ പോകും. തിരികെയത്തിയാല്, ഒരു മണ്‍വെട്ടിയും പേനാക്കത്തിയുമായി കൃഷിത്തോട്ടത്തിലിറങ്ങും.... സന്ധ്യ മയങ്ങുതുവരെ സ്വന്തം 'മക്കളെ' പരിചരിച്ചും കുശലങ്ങള്‍ പറഞ്ഞും സമയം കഴിക്കും. അന്ന് ഞാനനുഭവിച്ചിരുന്ന മാനസികാരോഗ്യം ഒന്നുവേറെ തന്നെയായിരുന്നു.
വളരെ നല്ലതായിരുന്നു ഈ പോസ്റ്റ്.
കൃഷി കൃഷി എന്ന് നിലവിളിക്കുകയല്ലാതെ പ്രാവര്‍ത്തികമായി ഒരു കൃഷിയിലും ഇന്നത്തെ തലമുറ ഇടപെടുന്നില്ല. അതിന്റെ ആനന്തം പറഞ്ഞു കൊടുക്കാന്‍ പഴയ തലമുറയ്ക്ക് കഴിയുന്നുമില്ല! ഇത്തരം പോസ്റ്റുകള്‍ തീര്‍ച്ചയായും മാറ്റങ്ങള്‍ കൊണ്ട് വരും എന്ന് പ്രതീക്ഷ!
ഈ ആശയം രൂപപ്പെട്ടിട്ട് വർഷങ്ങളായെങ്കിലും,അടുത്തകാലത്താണ് ഇതിന് വലിയ പ്രചരണമുണ്ടായത്.പുതിയ മനുഷ്യന്റെ അവസ്ഥകളാണ് ഇത്തരമൊരു പദ്ധതിയെ ക്ഷണിച്ചുവരുത്തിയത്.അനിൽ സൂചിപ്പിച്ച പോലെത്തന്നെ,ഇതു ലോകത്തെമ്പാടും മുൻപുതന്നെയുള്ള പദ്ധതിയാണ്;ക്രിയാത്മകസാഹചര്യങ്ങൾ മാനസികാരോഗ്യത്തെ സ്വാധീനിക്കും എന്നത് ഒട്ടും പുതിയതല്ല.എന്നാൽ,പുതിയ സാഹചര്യങ്ങളിൽ,വിപണനസാധ്യത കൂടി മുന്നിൽക്കണ്ടാണ് ഇത്തരം പദ്ധതികൾ രൂപീകരിക്കുന്നത്.അതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ട്.അതു മ്യൂസിക് തെറാപ്പിയുടെ അതികാൽപ്പനികതയിൽ നിന്ന് ഒട്ടും ഭിന്നവുമല്ല.:“മണ്ണിലാണ് മനസ്സിന്റെ ആരോഗ്യം”എന്ന പഴയ ആശയത്തിന്റെ ഗൃഹാതുരത വിറ്റുകാശാക്കുന്ന സെന്ററുകൾ വേണോ എന്നിടത്തേ തർക്കമുള്ളൂ.ആ തർക്കം ഈ ആശയത്തിന്റെയോ,അതിന്റെ ക്രിയാത്മകസാധ്യതകളേയോ കുറക്കുന്നുമില്ല.
ഒരു ഹോബി എന്ന നിലക്കാണെങ്കില്‍ ആണ് കൃഷി ഈ പറഞ്ഞ മനോശാന്തിയും സന്തോഷവും ഒക്കെ നല്‍കുക എന്നു തോന്നുന്നു. ജീവിതമാര്‍ഗം എന്ന നിലക്കാവുമ്പോള് അതിന്റെ വരുമാനവും നഷ്ടങ്ങളും എല്ലാം മറ്റേതൊരു തൊഴിലിനെ പോലെ തന്നെ മാനസീകസംഘര്‍ഷം നല്കുന്നു. ഇല്ലേ?
സേതുലക്ഷ്മി പറഞ്ഞത് പോലെ...മണ്ണ് കൊത്തിക്കിളച്ച് നിറയെ ചാണകപ്പൊടി ഇട്ടു പയറും ചീരയും നടുക, വാഴപ്പോള ഉണക്കി നാരുണ്ടാക്കി കോവലിനും നിത്യവഴുതനക്കും പന്തല്‍ പണിയുക. പുകയില വെള്ളത്തില്‍ കുതിര്‍ത്ത് ബാര്‍ സോപ്പ് അലിയിച്ച് ജൈവകീടനാശിനി ഉണ്ടാക്കുക... ആസ്വദിച്ച് ചെയ്തിരുന്നു. മാതൃഭുമിയിലെ കാര്‍ഷികരംഗം ആയിരുന്നു പ്രചോദനം.ബാല്‍ക്കണിയും ഒരു കറിവേപ്പില ഒക്കെ നട്ട് പിടിപ്പിക്കാന്‍ പലരും ശ്രമിക്കാറുണ്ട്. മുറ്റം ഉള്ളവര്‍ വഴുതനയൊ കാന്താരിയോ ഒക്കെയും.
ഫാം ടൌണിനെ കുറിച്ച് ഒരു സുഹൃത്തിന്റെ അഭിപ്രായം. ' ഇതു പോലെ കൃത്യമായി( എണ്‍പത് രൂപക്ക് വിത്ത് പാകി രണ്ടാം ദിവസം ഇരുനൂറ്റിഎഴുപത് രൂപ വരുമാനം. കൃഷിനാശം ഇല്ലേയില്ല :) വരുമാനം നല്കാന് ശരിക്കുള്ള ഫാമിനു കഴിഞ്ഞിരുന്നെങ്കില്‍...
ബ്ലോഗിലും വീട്ടുമുറ്റത്തെ കൃഷിയെ കുറിച്ച് ഇടക്കൊക്കെ കണ്ടിട്ടുണ്ട്. ജുഗല്‍ബന്ദി അങ്ങനെ പ്രലോഭിപ്പിക്കതക്ക വിലപ്പെട്ട ഒന്നാണ്. സൂവും അതുല്യേച്ചിയും ഇടക്ക് സൂചിപ്പിച്ചതായി കണ്ടിരുന്നു.
'മാതൃഭുമിയിലെ കാര്‍ഷികരംഗം' പോലെ 'ബ്ലോഗ് കാര്‍ഷികരംഗം' ആവാം :)
മാനസികമായ ശാന്തിയും സമാധാനവും, ഒരു പ്രത്യ്യേക സന്തോഷവും ലഭിക്കുന്നു എന്നത് അനുഭവ സാക്ഷ്യം.
ലിങ്കുകള്‍ക്ക് നന്ദി.
‘ലതി’,
സന്ദര്‍ശനത്തിനു നന്ദി.
cALviN::കാല്വിന് (എന്തു പേരാപ്പാ ഇത്? എന്തേ ഇങ്ങനെ ഒരു മാറ്റം?),
അഭിപ്രായത്തോട് എനിക്ക് യോജിപ്പുതന്നെയാണുള്ളത്. വിസ്താരഭയത്താല്‍ ഒഴിവാക്കിയ ചില വസ്തുതകള്‍ കൂടി ഉണ്ടായിരുന്നേല്‍ ഇത്തരം ഒരു കമന്റ്റ് കിട്ടില്ലായിരുന്നു.
:)
കൃഷിക്ക് മാത്രമായി പ്രത്യേകിച്ച് ഹീലിംങ് പവര്‍ ഒന്നും ഇല്ല. ഹോര്‍ട്ടിക്കള്‍ച്ചര്‍ എന്നു പറയുമ്പോള്‍ കൃഷിയുടെ ഒരു ഭാഗം മാത്രമേ വരുന്നുള്ളൂ താനും, ചെറു തോട്ടങ്ങള്‍, പൂന്തോട്ടമടക്കമുള്ളത്, ആണ് പ്രധാനമായും ഈ പദം കൊണ്ട് വിവക്ഷിക്കുന്നത്. ഏതു സാഹചര്യങ്ങള്‍ക്കും അനുസൃതം പ്രാദേശികമായി രൂപപ്പെടുത്തി എടുക്കാമെന്നുള്ളതാണ് ഇതിന്റെ ഗുണം. നമ്മുടെ നാട്ടില്‍ റെക്കമെന്റ് ചെയ്യുന്നവ ആവണമെന്നില്ല മറ്റൊരു നാട്ടില്‍ എന്നര്‍ത്ഥം.മൃഗങ്ങളെ വളര്‍ത്തല്‍ തുടങ്ങി തിരികെ സന്തോഷം നല്കുന്ന എന്തും ഇതിനായ് തിരഞ്ഞെടുക്കുകയും ചെയ്യാം. എന്നാന് മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ചെയ്യാവുന്ന ഏറ്റവും വെല്ലുവിളികള്‍ കുറഞ്ഞ ഒന്നാണ് ഹൊര്ട്ടിക്കള്ച്ചര് എന്നതാണ് ഇതിന്റ് ആകര്‍ഷണീയത.
ശ്വസനകൃയയെ ലേബലൊട്ടിച്ച് വില്‍ക്കുന്ന ശ്രീ ശ്രീകള്‍ ഉണ്ടെന്നു കരുതി ശ്വസന കൃയകള്‍ ഗുണകരമല്ലെന്നു പറയാനാവുമോ? ഇല്ല.
ശിവ,
നന്നായ് നോക്കൂ, അത് നമുക്ക് സന്തോഷമേ തരൂ.
പകല്‍ക്കിനാവാ,
വാക്കുകള്‍ക്ക് നന്ദി.
കാസിം തങ്ങള്‍,
രവിലെ വൈകുന്നേരം എന്ന ചിട്ടപ്രകാരമുള്ള മരുന്ന് എന്ന നിലയില്‍ ചെയ്താല്‍ ഒരു പക്ഷെ അത് വിപരീത ഫലമല്ലെ ചെയ്യൂ. അന്തേവാസികളുടെ പങ്കാളിത്തത്തോടെ നടത്തുന്ന തോട്ട പരിചരണങ്ങള്‍ക്ക് ചികിത്സയില്‍ സഹായിക്കാനാവുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. ഒരു സപ്പോട്ടീവ് തെറാപ്പി എന്ന് പറയാം.
സേതുലക്ഷ്മി,
നല്ല വാക്കുകള്‍ക്ക് നന്ദി.
കുമാര്‍ജി,
നന്ദി.
വാഴക്കോടാ,
ആ പറഞ്ഞത് കാര്യമാണ്. പണസമ്പാദനത്തിനു മാത്രമുള്ള ഉപാധിയായി കൃഷി വരുമ്പോള്‍ അത് സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ.
വികടശിരോമണി,
വിലപ്പെട്ട കമന്റിനു നന്ദി. മേലെ ഞാന്‍ ശ്രീഹരിയോട് പറയാന്‍ ശ്രമിച്ചതും അതാണ്. എന്തിനും കച്ചവട കണ്ണോടെ സമീപിക്കുക ഇന്നത്തെ ലോക ക്രമമാണ്, അവയെ മറന്നേക്കുക.നമ്മള് നമുക്ക് വേണ്ടി മാത്രം കാര്യങ്ങള്‍ ചെയ്താല്‍ മതിയല്ലോ.
പ്രിയ,
വിശദമായ കമന്റിന് ആദ്യമേ നന്ദി.
തലക്കെട്ടില്‍ തന്നെ ചെറിയൊരു പിഴവു വന്നിട്ടൂണ്ട്. യഥാര്‍ത്ഥത്തില്‍ കൃഷി എന്നത് ഒരു വിശാലമായ സംഗതിയാണ്, അതിന്റെ ഒരു ഭാഗം മാത്രമാണ് ഹോര്‍ട്ടിക്കള്‍ച്ചര്‍ എന്നത്, എനിക്കതിന്റെ മലയാളം അറിയില്ല. ഒരു വ്യവസായം എന്ന നിലയില്‍ വന്‍ മുതല്‍ മുടക്കുമായി നടത്തപ്പെടുന്ന കൃഷിയില്‍ അതിന്റേതായ എല്ലാ റിസ്കുകളും അടങ്ങിയിരിക്കുന്നു, സാമ്പത്തികവും അതേ പോലെയുള്ള ഘടകങ്ങളും. തീര്‍ച്ചയായും അവയുടെ പരാജയമാണ് ആത്മഹത്യയിലേക്കും മറ്റും നയിക്കുന്നത്. മേലെ പറഞ്ഞതുപോലെ ഒരോരുത്തരക്കും താങ്ങാനാവുന്ന തരത്തിലുള്ള കൊച്ചു പച്ചക്കറി, പൂവ് തോട്ടങ്ങള്‍ എന്നിവയാണ് നമ്മളിവിടെ തിരഞ്ഞടുക്കുന്നത്.നമ്മുടെ ബ്ലോഗ്ഗര്മാര് തന്നെ ചെയ്യുന്നപോലെ കൊച്ചു തോട്ടങ്ങള്‍ കെട്ടിടത്തിന്റെ മുകളിലോ, ബാല്‍ക്കണികളിലോ ഒക്കെ ചെയ്യം.
ടൌണ്‍ ഫാമിങ്ങിലെ പോലെ പ്രായോഗിക ലോകത്ത് കൃഷി നടക്കില്ല എന്നതാണ് കൃഷിയെ മറ്റു വ്യവസായങ്ങളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത്. നമ്മള് പൂര്‍ണ്ണമായും പ്രകൃതിയെആശ്രയിക്കുന്നു, കാലാവസ്ഥ, കീടങ്ങള്‍ ഇവയെ ഒക്കെ അതിജീവിച്ച് വിളവെടുത്താല്‍ , വിളക്ക് വിലയില്ലായ്മ !!
എന്തു ചെയ്യാനാകും? ഈ അണസേര്ട്ടനിറ്റിയാണ് കൃഷിയെ ഇന്ന് മാറ്റി നിര്‍ത്തിയിരിക്കുന്നത്.
വേണു,
നന്ദി.
വീട്ടില്‍ കൃഷിയുണ്ടായിരുന്ന കാലത്ത് എന്റെ അച്ഛന് പറയുമായിരുന്നു “ഇതൊരു സാമൂഹിക ബാദ്ധ്യതയാണ് എന്ന്. നമുക്ക് നെല്ലു കിട്ടും, ഒപ്പം പാടത്തെ പണിക്കാര്‍ക്ക് കൂലിയും.ചിലവു വരുന്ന ആ പണം ഉപയോഗിച്ച് ആന്ധ്ര അരി വാങ്ങിയാല്‍ നമുക്ക് ഭക്ഷണം കഴിക്കാം, പക്ഷെ തൊഴിലാളികള്‍ക്ക് ഭക്ഷണം കഴിക്കാനാവില്ല.“
കൃഷി മനസിന് ആനന്ദം പകരും എന്നത് സത്യം തന്നെയാണ് . അതുകൊണ്ടാണല്ലോ ഞങ്ങള്‍ ഈ നാട്ടിലും പാവലും ,മത്തനും ,ചീരയും എന്ന് വേണ്ടാ നാട്ടിലെ മിക്കതും ഇവിടെ വേനല്‍ക്കാലം ആകുമ്പോള്‍ കൃഷി ചെയ്യുന്നത് . നാട്ടില്‍ കഴിഞ്ഞ പ്രാവശ്യം പോയപ്പോള്‍ സത്യം പറഞ്ഞാല്‍ വളരെ വിഷമം തോന്നി . ഒരു കാലത്ത് വിള നിറഞ്ഞ പാടങ്ങള്‍ ഇന്ന് വരണ്ടുകിടക്കുന്നു . ആരാണ് ഇതിന് ഉത്തരവാദി .
നമ്മള് കൊയ്യും വിളവെല്ലാം
നമ്മുടെതാകും പൈങ്കിളിയെ എന്ന് പാടിയവര്‍ ( ഇത് ശരിയല്ലേ ) ഇന്നെവിടെയാണ് അനിലേ ?
നമ്മള് കൊയ്യും വയലെല്ലാം എന്ന് തിരുത്തി വായിക്കുക :)
horticuture therapist എന്ന കുറെ വേക്കന്‍സികള്‍ അമേരിക്കയില്‍ ഉണ്ടാകാന്‍ പോകുന്നത്രേ. ഇനി നാട്ടില്‍ പോകുമ്പൊള്‍ കണ്ടന് കോരന് ചേട്ടനോട് പറയണം നാട്ടീന്നെങ്ങാനും ഒരു സര്‍ട്ടിഫിക്കറ്റ് ഒപ്പിച്ചാല്‍ ഒത്താല്‍ അമേരിക്കേല് തെറാപ്പിസ്റ്റ് ആകാമെന്ന്. :-)
അമേരിക്കയിൽ അരുമ(pet)യായി നായയേയോ പൂച്ചയേയോ വളർത്താത്ത വെള്ളക്കാർ കുറവാണ്.
കൃഷിചികിത്സയുടെ അതേ മാനസിക പ്രയോജനങ്ങൾ ഇങ്ങനെ വളർത്തുമൃഗങ്ങളിലൂടെയും ലഭിക്കാം -- കൊന്നു തിന്നുന്നില്ല എങ്കിൽ!!
കൃഷി ലാഭകരമല്ല എന്നത് കൊണ്ട് മാത്രമല്ല നമ്മുടെ തലമുറ അതുപേക്ഷിച്ചത് എന്ന് തോന്നുന്നു. കൃഷിക്കാരന് സമൂഹത്തില്‍ മാന്യത ഇല്ലാതാവുകയും കാര്‍ഷികവൃത്തിയെ മോശപ്പെട്ട തൊഴിലായി കാണാന്‍ തുടങ്ങിയതും ഒക്കെയല്ലേ അതിനു കാരണം? കൃഷിക്കാരായ മാതാ പിതാക്കള്‍ പോലും മക്കളെ പഠിപ്പിച്ച് ഉദ്യോഗസ്ഥരാക്കുക എന്ന ആഗ്രഹമല്ലേ പ്രകടിപ്പിക്കുന്നത്? കൃഷിക്കാരനായ ഒരു ചെറുപ്പക്കാരന് ( എത്ര സാമ്പത്തിക സ്ഥിതി ഉണ്ടെങ്കിലും) പെണ്ണ് കൊടുക്കാന്‍ എത്ര മാതാപിതാക്കള്‍ സമ്മതിക്കും? അല്ലെങ്കില്‍ അത്തരം ചെറുപ്പക്കാരെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ സമ്മതിക്കുമോ?
പിന്നെ, മാനസ്സിക പിരിമുറുക്കം കുറയാന്‍, അത് ഓരോരുത്തരിലു ഓരോ രീതിക്കല്ലേ? കൃഷിയെ ഇഷ്ടപ്പെടാത്ത ഒരു രോഗിക്ക് ഇതുപകരിക്കുമോ? ഓരോരുത്തരുടേയും താല്പര്യമനുസ്സരിച്ച്, ചിലര്‍ക്ക് സംഗീതമാവാം, ചിലര്‍ക്ക് വളര്‍ത്തു മൃഗങ്ങള്‍ ആവാം അങ്ങനെ പലതരം വഴികളാവാം ആശ്വാസം കൊടുക്കുന്നത്.
അപ്പോള്‍ കൃഷി മാത്രമല്ല, ഓരോ മനുഷ്യന്റേയും മാനസ്സിക നിലയനുസ്സരിച്ച് അവരുടെ ഇഷ്ടങ്ങള്‍, അത് താല്പര്യപൂര്വ്വം ചെയ്യുമ്പോള്‍ അവര്‍ അതില്‍ ആനന്ദം കണ്ടെത്തുകയും അതിലൂടെ മാനസ്സികോല്ലാസം നേടുകയും ചെയ്യുന്നു എന്നാണെനിക്ക് തോന്നുന്നത്.
പോസ്റ്റും അഭിപ്രായങ്ങളും വായിച്ചു.
ക്രിയാത്മകമായ ഇത്തരം സൂചകങ്ങൾ വിലപ്പെട്ടതാണ്
നന്ദി
സത്യമാണ് അനില്‍...എന്റെയും എന്റെ ചെടികളുടെയും ആരോഗ്യം ഡയരക്റ്റ്ലി പ്രൊപ്പോഷണല്‍ ആണ്...:)
ഞാനിതിപ്പഴാ കണ്ടതു്. ചികിത്സാരീതി എന്ന നിലയില്‍ അറിയില്ലായിരുന്നു. പൂന്തോട്ടം, അത്യാവശ്യം പച്ചക്കറികള്‍ ഉണ്ടാക്കുന്നതു് ഇതൊക്കെ മനസ്സിനു നല്ല സന്തോഷം തരും. സ്വന്തം അനുഭവം തന്നെയാ.
കാപ്പിലാനെ,
ആ പാട്ടിവിടെ പാടരുത്, അത് പാടത്തെ പാട്ടാണ്, നമ്മള് തോട്ടക്കാര്യമാണ് സംസാരിക്കുന്നത്.
:)
ശ്രീവല്ലഭന്,
കണ്ടില്ലെ അതാണ് കാര്യം, കൃഷിയെപറ്റി പറയണമെങ്കില്‍ “കണ്ടന് കോരന് ” തന്നെ വരണം എന്ന സ്ഥിതിയായിരിക്കുന്നു.
:)
കിഷോര്‍,
യോജിക്കുന്നു. പക്ഷെ മുന്‍ കമന്റിലൊരിടത്ത് ഞാന്‍ സൂചിപ്പിച്ചത് കൂട്ടി വായിക്കുമല്ലോ, ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് മൃഗങ്ങളെ വളര്‍ത്തുക അത്ര എളുപ്പമാവില്ല. കൂടാതെ ആദായം ലഭിക്കാവുന്ന പ്രവര്‍ത്തനങ്ങളില്‍ മൃഗസംരക്ഷണം വന്നാല്‍ കൊല്ലല്‍ ആവശ്യമായേക്കില്ലെ?
രാമചന്ദ്രന് വെട്ടിക്കാട്,
ശരിയാണ്, പക്ഷെ ചെടികളെ വെറുക്കുന്നവരൂണ്ടാവുമോ? അല്പം നിര്‍ബന്ധിച്ച് പൂന്തോട്ടം പിടിപ്പിക്കാന്‍ ഇറക്കിയവര്‍ പോലും ഇന്ന് അത് അങ്ങേയറ്റം അഹ്ലാദത്തോടെ ചെയ്യുന്നത് നമുക്ക് കാണാം.
ബഷീര്‍ വെള്ളറക്കാട്,
നല്ല വാക്കുകള്‍ക്ക് നന്ദി.
പ്രയാണ്‍,
സത്യം.
കോളേജില്‍ പഠിക്കുന്ന കാലത്ത് പി.ജി ഹോസ്റ്റലില്‍ ഞങ്ങള്‍ കുറച്ച് “പ്രാന്തന്മാര്” കൂടി പൂന്തോട്ടം വച്ചു പിടിപ്പിച്ചിരുന്നു.അവസാനം ഞങ്ങള്‍ ഔട്ടായി, ജനം റിലാക്സ് ചെയ്യാനായി തോട്ടത്തിലെത്തിയത് കാരണം.
എഴുത്തുകാരി,
നന്ദി.
എനിക്കു തോന്നുന്നു മക്കളെപ്പോലെ തന്നെയാണ് പലര്‍ക്കും കൃഷി ചെയ്യുന്നതിനോട് ഉണ്ടാകുന്ന അടുപ്പം എന്നാണു,..
എന്റെ ചെറുപ്പത്തിലെ അനുഭവം അങ്ങനെയാണ്...
പച്ചക്കറി നടുമായിരുന്നു...
ഒന്ന് കരിഞ്ഞാല്‍ വാടിയാല്‍ എന്ത് സങ്കടമായിരുന്നു...
അതേ സമയം ആദ്യമായി പയര്‍ വള്ളിയില്‍ പൂ കണ്ടാലോ..?!
കൃഷി എന്നത് മനസ്സിന് സംഗീതത്തെ പോലെ ഒരുപക്ഷെ അതിലേറെ സന്തോഷം നല്കുന്ന ഒന്നാണ്..
ക്രിയാത്മകമായ ഒന്നാണല്ലോ കൃഷി ..
സംഗീതമൊക്കെ വെറും ആസ്വാദനമോ അനുഭവമോ മാത്രം..
കാര്‍ഷിക വൃത്തിയില്‍ നിന്നും പുറം തിരിഞ്ഞു നില്ക്കുന്ന പുതു തലമുറ...
എന്തു കൊണ്ടാണെന്നു ചിന്തിച്ചിട്ടുണ്ടോ??
ഒന്നാമതായി കേരളത്തിന്റെ കാലാവസ്ഥാവ്യതിയാനങ്ങള്‍..
ഉദാഹരണത്തിനു; എന്റെ ഗ്രാമത്തിലെ അയല്കരയിലെ ഒരു കര്‍ഷകന്റെ കാര്യം തന്നെയെടുക്കാം. അദ്ദേഹം അരയേക്കര്‍ പാടം പാട്ടത്തിനെടുത്ത് പച്ചക്കറികൃഷി നടത്താറുണ്ടaയിരുന്നു. ഈ സീസണില്‍ അത് പാവക്കാക്കൃഷിയായിരുന്നു. സമയാസമയത്തുള്ള കൃത്യമായ പരിചരണം നിമിത്തം അവ പൂക്കുകയും കായ്ക്കുകയും ചെയ്തു. അങ്ങനെ ചെറിയ പാവയ്ക്കാകുഞ്ഞുങ്ങള് ഉണ്ടായപ്പോഴേക്കും വേനല്‍മഴ ശക്തിയാര്‍ജ്ജിക്കുകയും തല്‍ഫലമായി അദ്ദേഹത്തിന്റെ പാവയ്ക്കാ കുഞ്ഞുങ്ങള്‍ക്ക് മഞ്ഞളിപ്പ് രോഗം പിടിപെടുകയും, ബാക്കിയുള്ളവ മുരടിച്ചുപോകുകയും ചെയ്തു. ഇപ്പോള്‍ പാവയ്ക്കാവള്ളികളെല്ലാം ചീയാനാരംഭിക്കുകയും ചെയ്തു തുടങ്ങിയിട്ടുണ്ട്. ഒരുപ്രാവശ്യം പോലും വിളവെടുക്കാന്‍ സാധിക്കാത്ത ഈ കൃഷി എത്രമത്രം നഷ്ടം ആ കര്‍ഷകനു വരുത്തിവച്ചിരിക്കും. ഊഹിക്കാന്‍ കഴിയുമോ..
മറ്റൊരു പ്രശ്നം; ഇടനിലക്കാരുടെ ചൂഷണമാണ്. ഉദാഹരണത്തിന് കൈതചക്കയുടെ ഇന്ത്യയിലെ മാര്‍ക്കറ്റാണ് എന്റെ നാടിനടുത്തുള്ള വാഴക്കുളം.
ഇവിടെ നടക്കുന്നതെന്താണെന്നറിയുമോ? ഇടനിലക്കാര്‍, അഥവാ മൊത്തക്കച്ചവടക്കാരുടെ താളത്തിനൊപ്പിച്ചാണ് ഇവിടത്തെ മാര്‍കെറ്റ്. കൃഷിക്കാര്‍ ചക്ക വെട്ടിക്കൊണ്ടു വന്ന് ഇടനിലക്കാരുടെ അടുത്തെത്തുമ്പോളായിരിക്കും വിലയിലുള്ള ഇടിവ് ഇവര്‍ മന:പൂര്‍വം ഉണ്ടാക്കുന്നത്. കയ്ച്ചിട്ടു തുപ്പാനും വയ്യ, മധുരിച്ചിട്ടു ഇറക്കാനും വയ്യെന്ന അവസ്ഥ പാവം കര്‍ഷകനു മിച്ചം. കിട്ടിയ വിലയ്ക്കു വിറ്റില്ലെങ്കില്‍ നഷ്ടത്തിന്റെ തുക വലുതായിരിക്കും. അതുകൊണ്ട് കിട്ടിയവിലയ്ക്കു വിറ്റിട്ടുപോരുമ്പോള് മൂതല്‍ പോലും കിട്ടിയില്ലാ എന്നും വരാം. ഇല്ലെങ്കില്‍, വഴിയോരത്തിട്ട് തൂക്കിക്കൊടുത്ത് വില്‍ക്കാനുള്ള ‘കഴിവ്’ ഉണ്ടാകണം. അതെല്ലാ കര്‍ഷകര്‍ക്കും ഉണ്ടാകണമെന്നില്ലല്ലോ!! [അനുഭവം ഗുരു]
മറ്റൊന്ന്; തൊഴിലാളികളുടെ ദൌര്‍ലഭ്യം ആണ്.
എന്റെ 8 വര്‍ഷം പ്രായമയ 150 ഓളം റബ്ബെര്‍ മരങ്ങള്‍ വെട്ടൂവാന് ആളില്ല. ഒരു മാന്യദേഹമുള്ളയാള്ക്ക് നാലിടത്ത് വെട്ടുണ്ട്. അദ്ദേഹത്തെ മാത്രമേ വിശ്വസിച്ച് ഇതേല്‍പ്പിക്കാനും സാധിക്കൂ. ഒന്നാമത് വെട്ടറിയാവുന്നവന് വെട്ടിയില്ലേല്‍ മരം പോകും. അതുകൊണ്ട് നാലിടത്ത് എവിടെയെങ്കിലും വെട്ട് നിര്‍ത്തുന്നതും നോക്കിയിരുപ്പാണു ഞാന്‍. ഇനിയിപ്പോ മിക്കവാറും ഞാന്‍ തന്നെ കത്തിയെടുക്കേണ്ടി വരുമെന്നാണു തോന്നുന്നത്!!. ഇതിന്റെ പ്രശ്നമെന്താണെന്നുമനസ്സിലായോ?
ഒന്നാമത് ജോലിക്കനുസ്രുതമായുള്ള കൂലി ലഭിക്കുന്നില്ല. രണ്ടാമത് ഇവരില്‍ കുറച്ചുപേര്‍ക്കെങ്കിലും ഈ പണിയില്‍ നിന്നും അലര്‍ജി ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് ഈ പണി ഉപേക്ഷിക്കുന്നവരും കുറവല്ല. മൂന്നാമത് സമയനഷ്ടം. അതിരാവിലെ എഴുന്നേറ്റ് തുടങ്ങേണ്ട പണിയായതിനാലുള്ള വിമുഖത.
പിന്നെയുള്ളതാണു പ്രധാനപ്പെട്ടത്; കര്‍ഷകശ്രീ പഴയ ലക്കത്തിലെ ഒരു വാര്‍ത്തയാണിത്.
ഒരു കര്‍ഷകന്റെ വീട്ടിലെ റബ്ബെര്‍മരങ്ങള്‍ വെട്ടുവാന്‍ ആളെകിട്ടാതെ വന്നപ്പോള്‍ അദ്ദേഹം വിദ്യാസമ്പന്നരായ രണ്ടാണ്മക്കളേയും റബ്ബെര്വെട്ട് പരിശീലിപ്പിച്ച് റബ്ബെര്വെട്ട് പുനരാരംഭിച്ചു. മക്കള്‍ക്ക് മാന്യമായ വേതനവും ഇതില്‍ നിന്നും ലഭിച്ചുവന്നിരുന്നു. പക്ഷേ വിവാഹസമയമായപ്പോഴാണു കാര്യങ്ങള്‍ കുഴമറിഞ്ഞത്. റബ്ബെര്വെട്ടുകരനായ വരന് കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടികളെ ഒന്നും കിട്ടുകില്ലെന്ന്. അവര്‍ക്കൊക്കെ വൈറ്റ്കോളര്‍ ജോലിയുള്ള സുന്ദരന്മാരെ മതി!!
നോക്കണേ കാര്യം..
അതുകൊണ്ടിപ്പോള്‍ പാരമ്പര്യമായി കര്ഷകവൃത്തി ചെയ്തുപോന്നിരുന്ന കൂടുംബത്തിലെ കുട്ടികളെയൊക്കെ ഒന്നെങ്കില്‍ ഐ.ടി ക്കോ അല്ലെങ്കില്‍ നഴ്സിങ്ങിനോ വിടുകയാണ്!!
ഇപ്പോള്‍ ഏകദേശം മനസ്സിലായില്ലേ കൃഷി=ആത്മഹത്യ എങ്ങനെയുണ്ടാകുന്നുവെന്ന്..
എന്നിരുന്നാലും കൃഷിയില്‍ നിന്നും കിട്ടുന്ന മാനസികസംതൃപ്തി ഒരു കര്ഷകന് മറ്റെന്തിനേക്കാളും വലുതാണ്
എന്തൊക്കെ പറഞ്ഞാലും കൃഷി..അങ്ങനെ പറയാമോ എന്നറിയില്ല..പ്രകൃതിയുമായുള്ള സല്ലപിക്കല്‍ തന്നെ ഒരു ടെന്‍ഷന്‍ റിലീഫ് അല്ലെ?
ഹരീഷേട്ടന്റെ കമന്റ് അതി ഗംഭീരം..
കൃഷി പുത്തന്‍ തലമുറയില്‍ നിന്ന് അകന്നുകഴിഞ്ഞിരിക്കുന്നു എന്നതിന് പ്രത്യക്ഷ സാക്ഷ്യമാണ്
'കൃഷിയെന്ന മരുന്ന് 'എന്ന പോസ്റ്റ്. മൂന്നു പതിറ്റാണ്ട് മുന്‍പുവരെ കൃഷി ജീവിതരീതിയുടെ ഭാഗമായിരുന്നു. ഒരു സുഖചികിത്സയോ വരുമാനമാര്‍ഗമോ ആയി അതിനെ ആരും കണ്ടിരുന്നില്ല. അതിന്റെ മെച്ചം മുന്‍തലമുറക്കാരുടെ ആരോഗ്യത്തില്‍ പ്രകടമാണ്. എന്നാല്‍ ഇന്ന് ഒരു ചികിത്സാമാര്‍ഗമായി അതിനെ അവലംബിക്കുമ്പോള്‍ ക്രിയാത്മകമായ ഒരു ഹോബി ചെയ്യുന്നതിലുള്ള ആനന്ദം കണ്ടെത്താനായേക്കും. എന്നാല്‍ കൃഷിയേയും മണ്ണിനെയും നെഞ്ചോട് ചേര്‍ക്കുന്ന ഒരു ജീവിതശൈലി പുതിയതലമുറയില്‍ വ്യാപകമായിതീരുമെന്ന് പ്രതീക്ഷിക്കുക വയ്യ. മനോഭാവങ്ങളിലുണ്ടായ വ്യതിയാനമാണ് കാരണം. കൃഷിയെ ഒരു തൊഴില്മാര്ഗമായെങ്കിലും അംഗീകരിക്കാന്‍ മനസ്ഥിതിയുള്ള ഒരുപറ്റം ചെറുപ്പക്കാരെയെങ്കിലും നാം പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. മുതിര്‍ന്ന തലമുറയും പാഠ്യരീതി ഒരുക്കുന്നവരും അതിനായി പരിശ്രമിക്കേണ്ടിയിരിക്കുന്നു.
Enikkum oru thottamundu...
Ethonnu nokkumo..:)
http://sijijoy.blogspot.com/2006/11/blog-post_28.html
Post a Comment