4/13/2009

ഇസ്രായേലും കന്നുകാലി വികസനവും


ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ പേര് ലോകത്തെമ്പാടുമിന്ന് പടരുന്നത് അല്പം കുപ്രസിദ്ധിയോടെയാണെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. ഇന്ത്യയുടെ‍ പ്രത്യേകിച്ച് കേരളം ബംഗാള്‍ എന്നീ സംസ്ഥാന സര്‍ക്കാരുകളുടെ ഇസ്രായേല്‍ ബന്ധങ്ങള്‍ തിരഞ്ഞ് ബൂലോകരും അല്ലാത്തവരും സേര്‍ച്ചെഞ്ചിനുകള്‍ കയറിയിറങ്ങുന്നു. കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ഇസ്രായേല്‍ കാളകളെ ഇറക്കുമതി ചെയ്യാന്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തുകിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. അതിന്റെ രാഷ്ട്രീയം തല്‍ക്കാലം മാറ്റി നിര്‍ത്തിയാല്‍ , കേരളത്തിലെ കന്നുകാലി വികസനവുമായി ഇസ്രായേലിനെ കൂട്ടിയിണക്കുന്നതെന്ത് എന്ന് വസ്തുനിഷ്ഠമായി വിലയിരുത്താനാവും.

പരമ്പരാഗത കൃഷി രീതികള്‍ സ്വന്തമായില്ലാത്ത ഒരു രാജ്യമാണ് ഇസ്രായേല്‍ എന്നു പറയാം. രാജ്യതാത്പര്യ സംരക്ഷണാര്‍ത്ഥം ആധുനിക രീതിയില്‍ സ്വയം വികസിപ്പെടുത്തതെന്ന് പറയാവുന്ന, പരമാവധി ക്ഷമത നല്‍കുന്ന വ്യവസായങ്ങളാണ് കൃഷിയും മൃഗസംരക്ഷണവും. രാജ്യത്തെ താരതമ്യേന മോശമായ കാലാവസ്ഥയും, മേച്ചില്‍പ്പുറങ്ങളുടെ അഭാവവും മൃഗസംരക്ഷണ വ്യവസായത്തിന് കനത്ത വെല്ലുവിളിയായിരുന്നു എന്ന് വിലയിരുത്തുന്നതില്‍ തെറ്റില്ല. ഈ വ്യവസായങ്ങളുടെ ഏറ്റവും അടിസ്ഥാന ഘടകങ്ങളാണ് ഇവ രണ്ടും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നിരുന്നാലും ഇസ്രായെലിന്റെ ഔദ്യോഗികമായി ലഭ്യമാകുന്ന കണക്കുകള്‍ (2006 വര്‍ഷം) പരിശോധിക്കുക.

ആകെ ജനസംഖ്യ : 70, 00, 000
പശുക്കളുടെ എണ്ണം : 1, 10, 000
മൊത്തം പാലുത്പാദനം :11,50,000 മെട്രിക് ടണ്‍
ഒരു പശുവിന്റെ ശരാശരി ഉത്പാദനം : 11281 കി.ഗ്രാം (പ്രതിദിനം 40 ലിറ്റര്‍)

ഹോള്‍സ്റ്റീന്‍ ഫ്രീഷന്‍ ഇനത്തില്‍ പെട്ട യൂറൊപ്യനായ ‍ പശുവാണിവിടെ കൂടുതല്‍ വളര്‍ത്തപ്പെടുന്നത്. താരതമ്യേന തണുപ്പുള്ള അന്തരീക്ഷത്തില്‍ വളരുന്ന ഈ പശുക്കള്‍ ഇസ്രായേലിലെ കഠിന കാലാവസ്ഥയി എപ്രകാരമാണ് ഉയര്‍ന്ന പാലുത്പാദനം നല്‍കുന്നതെന്ന് പരിശോധിച്ചാല്‍ കാണാവുന്നത് ജനിതക ശാസ്ത്രത്തിന്റെ “സെലക്ഷന്‍” എന്ന സാങ്കേതികതയാണ്. മോശമായ അന്തരീക്ഷത്തില്‍ വളര്‍ത്താനാരംഭിച്ച പശുക്കളുടെ, കാലാവസ്ഥയുമായി താദാത്മ്യം പ്രാപിക്കാനുള്ള കഴിവ് വളര്‍ത്തിയെടുത്താണിത് സാദ്ധ്യമാക്കിയത്. ഏറ്റവും മോശപ്പെട്ട കാലാവസ്ഥ, പരിചരണ രീതികള്‍ എന്നിവയെ അതിജീവിക്കുന്നവയെ മാത്രം അടുത്ത തലമുറക്കായി തിരഞ്ഞെടുക്കുകയും മറ്റുള്ളവയെ ഒഴിവാക്കുകയുമാണീ വിദ്യയില്‍ ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെട്ടവയെ വീണ്ടും ഇത്തരത്തില്‍ സെലക്ഷന് വിധേയമാക്കി, ചൂട്, ഹുമിഡിറ്റി, കെട്ടിയിട്ട് തീറ്റല്‍ തുടങ്ങിയ പരിചരണഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തി നടത്തിയ ഗവേഷണ ഫലങ്ങളാണ് മേല്‍ കുറിച്ചിട്ട പാലുത്പാദനം സാദ്ധ്യമാക്കിയത്. പരമ്പരാഗത കാലിവളര്‍ത്തല്‍ ഇല്ലാതിരുന്നത് സഹകരണ മേഖല പുഷ്ടിപ്പെടാനും ശാസ്ത്രീയ പരിചരണമുറകളും , അതിലുപരി രേഖകള്‍ സൂക്ഷിക്കുന്ന സ്വഭാവം (റെക്കോഡ് കീപ്പിംഗ്) വളര്‍ത്തിയെടുക്കുന്നതിനും സഹായകമായി.

കേരളത്തിലേക്കു വരാം.
മാട്ടുപ്പെട്ടിയില്‍ സ്ഥാപിക്കപ്പെട്ട ഇന്‍ഡോ സ്വിസ്സ് പ്രോജക്റ്റാണ് വിദേശ ജനുസില്‍ പെട്ട വിത്തുകാളകളെ ആദ്യമായി ഇന്ത്യയിലെത്തിക്കുന്നതും, കൃതൃമ ബീജ സങ്കലത്തിന് അടിത്തറ പാകിയതും. സ്വിറ്റ്സര്‍ലാന്റില്‍ നിന്നും മറ്റും നേരിട്ട് കൊണ്ടുവന്ന വിദേശ ജനുസുകള്‍ മാട്ടുപ്പെട്ടിയില്‍ നല്ല പ്രകടനം നല്‍കിയെങ്കിലും, കേരളത്തിലെ ശരാശരി അന്തരീക്ഷത്തിന്റെ ചൂടും ഹുമിഡിറ്റിയും താങ്ങാനാവാതെ പ്രതീക്ഷിച്ച പാലുത്പാദനം നല്‍കിയില്ല. അതു കൂടാതെ രോഗ പ്രതിരോധ ശേഷിയും കുറവായിരുന്നു. കേരള സര്‍ക്കാര്‍ നടത്തിയ പ്രോജനി ടെസ്റ്റിംങ് (കുട്ടികളുടെ പാലുത്പാദനവും മറ്റും കണക്കാക്കി , മാതാ പിതാക്കളുടെ ഉത്പാദനം വിലയിരുത്തുന്ന രീതി.), ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കുറേ വിത്തുകാളകളെ നല്‍കിയെങ്കിലും കേരളത്തിന്റെ വര്‍ദ്ധിച്ച ബീജ ആവശ്യം നിറവേറ്റാന്‍ തികയുകയുണ്ടായില്ല. റെക്കോഡുകള്‍ കൃത്യമായി ലഭ്യമല്ലാത്തത് പദ്ധതിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കേരളത്തിനു ചെയ്യാവുന്നതെന്ത് എന്ന് പരിശോധിക്കുന്നതിനു മുമ്പ് നിലവിലെ സാഹചര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്.

കേരളത്തിലെ ഉയര്‍ന്ന അന്തരീക്ഷ താപനില.
ഉയര്‍ന്ന ഹുമിഡിറ്റി
മേച്ചില്പുറങ്ങളുടെ അഭാവം.
പ്രോജനി ടെസ്റ്റിംഗ് പോലെയുള്ള സയര്‍ ഇവാലുവേഷനുള്ള ചിലവ്.
കാലിത്തീറ്റയുടെ വര്‍ദ്ധിച്ചു വരുന്ന വില. (ഉത്പാദന ക്ഷമത ഉയര്‍ത്തേണ്ടതിലേക്ക് നയിക്കുന്നു)
പെട്ടന്ന് കൈകാര്യം ചെയ്യേണ്ടുന്ന ആവശ്യകത (ബീജത്തിന്റെ ആവശ്യം).

ഈ സാഹചര്യത്തില്‍ കേരളീയ അന്തരീക്ഷത്തോട് പരമാവധി ഇണങ്ങുകയും, പരമാവധി ബ്രീഡിംങ് വാല്യൂ തരികയും ചെയ്യുന്ന വിത്തുകാളകളെ കേരളത്തിന് ആവശ്യമായി വരുന്നു. തുടര്‍ നടപടികളില്‍ മേല്‍ പറഞ്ഞ രീതിയില്‍ വളര്‍ത്തപ്പെടുന്ന ഇസ്രായേല്‍ വിത്തുകാളകള്‍ പരിഗണിക്കപ്പെട്ടെങ്കില്‍ അത് തീര്‍ത്തും ശാസ്ത്രീയ തത്വങ്ങള്‍ക്ക് അനുസൃതം മാത്രമാണ്.

കുറിപ്പ്:
ആദ്യമായല്ല കേരളത്തിലേക്ക് വിദേശ വിത്തുകാളകളും ബീജവും കൊണ്ടു വരുന്നത്. മുമ്പും കാളകള്‍, ബീജം, ഭ്രൂണം, കൂടാതെ ബോയര്‍ ആടൂകള്‍ എന്നിവ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പദ്ധതിയിട്ടിട്ടുള്ള വിത്തുകാളവാങ്ങലില്‍ ഒരെണ്ണത്തിന് 2 ലക്ഷം രൂപ നിരക്കില്‍ 20 എണ്ണമാണ് വാങ്ങാനുദ്ദേശിക്കുന്നത്. മാട്ടുപ്പെട്ടിയില്‍ ഒരു പ്രൂവണ്‍ വിത്തുകാളക്ക് 5 ലക്ഷത്തോളം ചിലവ് വരും എന്നത് ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്.

വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: ഇസ്രായേല്‍ കാറ്റില്‍ ബ്രീഡേഴ്സ് അസോസിയേഷന്റെ 2006 ലെ റിപ്പോര്‍ട്ട്

24 comments:

അനില്‍@ബ്ലോഗ് // anil said...

കന്നുകാലിവികസനവും ഇസ്രയേലും

പാമരന്‍ said...

good one.. thanks

Sands | കരിങ്കല്ല് said...

Yes a good one!

ഞാന്‍ എഴുതണം എന്നു വിചാരിച്ച അതേ കാര്യം പാമരന്‍ എഴുതിയിരിക്കുന്നു. :)

Mr. K# said...

നല്ല പോസ്റ്റ്.

അല്‍ഭുത കുട്ടി said...

ഇസ്രായെലുമായുള്ള ചര്‍ച്ചകള്‍ എല്ലാം വെരും മുസ്ലിം വിരുദ്ധം എന്ന രീതിയൊല്‍ വരുത്തി തീര്‍ത്ത് ലളിതവല്‍കരിക്കാനുള്ള ശ്രമങ്ങള്‍ ഒരു ഭാഗത്ത് നടക്കുന്നുണ്ട്. എന്നാല്‍ അന്യായമായ അധിനിവേശത്തെ ചെറുക്കുക എന്ന ഒരേയൊരു പ്രശ്നത്തില്‍ ഊന്നിയാവണം യഥാര്‍ത്തത്തില്‍ ഇസ്രായേലിനോടുള്ള എതിര്‍പ്പുകള്‍. ഇന്ത്യ എന്ന പ്രമാധികാര രാജ്യത്തിന് ലോകത്തുള്ള ഏത് രാജ്യവുമായും നയതന്ത്ര ബന്ധം ആവാം. പക്ഷെ അത് ആയുധ ഇടപാടില്‍ കൂടിയാവുമ്പോള്‍ ഇന്ത്യയുടെ പരമ്പരാഗത നയങ്ങളില്‍ വ്യത്യാസമുണ്ടാകുന്നത്.

കോണ്‍ഗ്രസ്സിനെ സംബന്ധിച്ചേടത്തോളം. കുളിക്കാന്‍ പോകുന്നവനും കുളി സീന്‍ കാണാന്‍ പോകുന്നവനും ഒന്നാണെന്ന് എന്നുള്ള വാദമാണ്. അതിന്റെ ആകെ ചുരുക്കം. ഇലക്ഷന് ഫണ്ട് എന്ന സംഭവമാണ്. അത് കിട്ടി. അതാണല്ലോ ഇപ്പോഴത്തെ ഇസ്രായേല്‍ ഇടപാടിന്റെ കാതല്‍. ആണവകരാറും ഒരു വലിയ കമ്മീഷന്‍ പ്രശ്നമായിരുനു.
പണം കിട്ടിയാല്‍ എല്ലാം ശുഭം.

നല്ല പോസ്റ്റ്.

നരിക്കുന്നൻ said...

ഇസ്രായേൽ എന്ന രാജ്യത്തെ അനുകരിക്കേണ്ട ഒരുപാട് മേഖലകൾ ഉണ്ടെന്ന് ഈ പോസ്റ്റ് പറഞ്ഞ് തരുന്നു. അബ്ദുള്ളക്കുട്ടി ഗുജറാത്ത് വികസനം പറഞ്ഞപോലെയാകും ഇസ്രായേലിനെ അനുകരിക്കണം എന്ന് ആരെങ്കിലും പറഞ്ഞാൽ. അതാണ് നമ്മുടെയൊക്കെ കുഴപ്പവും.

നല്ലൊരു വിവരം ഇവിടെ പറഞ്ഞ് തന്നതിന് നന്ദി.

മൃദുല said...

You said it

thanks

കാപ്പിലാന്‍ said...

നല്ല വിശദീകരണം അനിലേ :)
ഡാനക്സ്

siva // ശിവ said...

കുറച്ച് നാള്‍ മുമ്പ് ഭാരതവും ഇസ്രായേലും ഉള്‍പ്പെടുന്ന ആയുധവ്യാപാരത്തെക്കുറിച്ച് വായിച്ചിരുന്നു. ഇപ്പോഴിതാ ഇതും. ഇതൊക്കെ വക്താക്കള്‍ വ്യാഖ്യാനിക്കുന്നതുപോലെ നല്ലതിനു തന്നെ ആകട്ടെ.

ANOOP said...

മരുഭൂമിയില്‍ ഇസ്രയേല്‍ നടത്തുന്ന കാര്‍ഷിക വിപ്ളവം കാണാന്‍ മുമ്പ് ജേക്കബ് തോമസ് ഐപിഎസ് പോയി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതായി കേട്ടിട്ടുണ്ട്. സപ്ളൈകോ രാഷ്ട്രീയത്തില്‍ പെട്ടു വട്ടം കറങ്ങിയ ആ ചങ്ങാതി ഇപ്പോള്‍ എവിടുണ്ടെന്നു പോലും അറിയില്ല.
ഇസ്രയേലിന്റെ രാഷ്ട്രീയത്തെ പുറംകാലുകൊണ്ടു തൊഴിച്ചെറിയുക തന്നെ വേണം. പക്ഷേ, അവര്‍ മറ്റാരും ചെയ്യാത്തത് എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അതു പകര്‍ത്തുന്നതിന് എന്താണു തെറ്റ്.

മാണിക്യം said...

അനില്‍ നല്ല ലേഖനം.
ഇസ്രായേല്‍ എന്ന് കേട്ടാലുടന്‍ മുഖം കറുപ്പിക്കണ്ട അവരുടെ നേട്ടങ്ങള്‍ക്ക് നേരെ-കൃഷീ കന്നുകാലീ വ്യവസായം-കണ്ണടക്കതെ അത് സ്വന്തമാക്കുന്നത് നമുക്ക് പ്രത്യേകിച്ച് കേരളത്തിനു നല്ലതാണ്,രാഷ്ട്രീയവുമായി കൂട്ടി കുഴക്കതിരിക്കാം.രാജ്യം ഭക്ഷണത്തില്‍ സ്വയം പര്യാപ്തമായാല്‍ അതു തന്നെ ഏറ്റവും വലിയ നേട്ടം...

വാഴക്കോടന്‍ ‍// vazhakodan said...

മാധ്യമങ്ങള്‍ തികച്ചും കച്ചവട സാധ്യതകള്‍ മാത്രം മുന്‍ നിര്‍ത്തി വാര്‍ത്തകള്‍ പടച്ചു വിടുമ്പോള്‍, യാതൊരു വിധ ലാഭേച്ചയും ഇല്ലാതെ സത്യസന്ധമായി കാര്യങ്ങള്‍ പറയാന്‍ കഴിയുന്ന ബ്ലോഗിന്റെ പ്രസക്തിയെ ഉയര്‍ത്തിക്കാട്ടുന്ന പോസ്റ്റ്. അഭിനന്ദനങ്ങള്‍.....എന്റെ വിഷു ആശംസകളും അറിയിക്കട്ടെ!

Typist | എഴുത്തുകാരി said...

അനില്‍, നല്ല ലേഖനം.അറിയാത്ത ഒരുപാട് കാര്യങ്ങള്‍ അറിയാന്‍ കഴിയുന്നു. നന്ദി.

പകല്‍കിനാവന്‍ | daYdreaMer said...

അഭിനന്ദനങ്ങള്‍ അനില്‍.. നല്ല പോസ്റ്റ്.. ഒപ്പം വിഷു ആശംസകളും..

ചാണക്യന്‍ said...

ഇസ്രായേല്‍ എന്ന ഭീകരരാഷ്ട്രവുമായുള്ള ഒരിടപാടിനും നോമിന് താല്പര്യമില്ല:):):)

keralafarmer said...

അപ്പോള്‍ മാതൃഭൂമി കള്ളം പറയുകയാണല്ലോ. ഒരു വിത്തുകാലയ്ക്ക് 1.1 കോടിയെന്ന്.

ഹരീഷ് തൊടുപുഴ said...

ഹോ!! എത്രയധികം അറിവുകള്‍..നന്ദി

നമ്മുടെ ഇന്‍ഡോ-സ്വിസ്സ് പ്രോജെക്റ്റുകള്‍ സമുദ്രനിരപ്പില്‍ നിന്നും ഉയര്‍ന്നയിടങ്ങളില്‍ [മാട്ടുപ്പെട്ടി, വാഗമണ്‍]സ്ഥിതി ചെയ്യുന്നതിന്റെ രഹസ്യം ഇപ്പോഴല്ലേ മനസ്സിലായത്..

ബഷീർ said...

ലേഖനം നന്നായിട്ടുണ്ട്

കൂടുതൽ ഈ വിഷയത്തിൽ പഠനങ്ങൾ നടക്കട്ടെ

keralafarmer said...

ഇത് കേരളത്തിലെ ഒരു ഡയറിയെപ്പറ്റിയുള്ള ലേഖനം ഞാന്‍ വളരെ മുമ്പ് പ്രസിദ്ധീകരിച്ചതാണ്. കേരളത്തില്‍ ഇല്ലാത്ത ബ്രീഡല്ല ഇസ്രയേലിലുള്ലത് എന്ന് മനസിലാക്കാന്‍ കഴിയും.

അനില്‍@ബ്ലോഗ് // anil said...

പാമരന്‍,
നന്ദി.

കരിങ്കല്ല്,
നന്ദി.

കുതിരവട്ടന്‍,
നന്ദി.

അത്ഭുതകുട്ടി,
താങ്കള്‍ പറഞ്ഞത് ശരിയായ കാര്യമാണ്. മൃഗ സംരക്ഷണവും ആയുധ ഇടപാടും തുലനം ചെയ്യാവുന്ന ഒന്നല്ല.

നരിക്കുന്നന്‍,
അനുകരണം പലപ്പോഴും ഗുണകരമാവില്ല. പക്ഷെ സമാന സാങ്കേതിക വിദ്യകള്‍ പ്രയോഗത്തില്‍ വരുത്തുന്നതില്‍ തെറ്റില്ല.
സന്ദര്‍ശനത്തിന് നന്ദി.

മൃദുല,
നന്ദി.

കാപ്പിലാന്‍,
നന്ദി

ശിവ,
നന്ദി.

പഴഞ്ചന്‍,
വളരെ ശരിയാണ് താങ്കളുടെ കാഴ്ചപ്പാട്, ആധുനികവും ശാസ്ത്രീയവുമായി അവിടെ നടത്തപ്പെടുന്ന മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്.

അനില്‍@ബ്ലോഗ് // anil said...

മാണിക്യം ചേച്ചി,
കേരളത്തിന്റെ പരമ്പരാഗത പാലുത്പാദന രീതികള്‍ മാറി വരികയാണ്. ഒരു പശു രണ്ടു പശു എന്ന വളര്‍ത്തു രീതി അപ്രത്യക്ഷമാവുകയും, ചെറുകിട ഫാമുകള്‍ ഉയര്‍ന്നു വരുകയും ചെയ്യുന്നത് ഈ മേഖലയില്‍ പ്രോഫഷണലിസമാണ് ആവശ്യപ്പെടുന്നത്. പരമാവധി ക്ഷമതയാണ് നമ്മുടെ ലക്ഷ്യം.

വാഴക്കോടന്‍,
വളരെ നന്ദി.

എഴുത്തുകാരി,
നന്ദി.

പകല്‍ക്കിനാവന്‍,
നന്ദി.

ചാണക്യാ‍ാ‍ാ‍ാ,
:)

keralafarmer മഷെ,
തീര്‍ച്ചയായും മാതൃഭൂമി കള്ളം പറയുകയാണെന്ന് മനസ്സിലാക്കേണ്ടി വരും. താങ്കള്‍ രണ്ടാമതിട്ട് ലിങ്ക് വായിച്ചു, ഒരു പരസ്യം എന്നതില്‍ കവിഞ്ഞ് വായനക്കാരന് കൂടുതലായൊന്നും അത് നല്‍കുന്നില്ല എന്നു പറയട്ടെ.

ഹരീഷ് തൊടുപുഴ,
വാഗമണ്ണിലെ സ്ഥാപനം കാര്‍ഷിക സര്‍വ്വകലാശാ‍ലക്കു കീഴിലാണിപ്പോള്‍ എന്നാണ് എന്റെ അറിവ്. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

ബഷീര്‍ ഭായ്,
അതെ , കൂടുതല്‍ പഠനങ്ങള്‍ നടക്കട്ടെ. സന്ദര്‍ശനത്തിനു നന്ദി.

smitha adharsh said...

നല്ല പോസ്റ്റ്..ഒരുപാട് അറിവുകള്‍ ലഭിച്ചു..ട്ടോ

മുക്കുവന്‍ said...

this is kinda double talk.. there is a big crowd against genetically modified foods.. these cows are modified in such a way that make hundreds of litter milk by nature? do you have any idea how did they achieved this output?

you drink those milk, your kids will be like them too.. at age FOUR they will be over weight.

'am not discouraging the idea. but when you fight against GM foods, this also should be put into this category.

അനില്‍@ബ്ലോഗ് // anil said...

മുക്കുവന്‍,
ഇതില്‍ ഡബിള്‍ ടൊക്കിന്റെ വിഷയമൊന്നുമില്ല. ജനറ്റിക്കലി മോഡിഫൈഡ് പശു അല്ല ഇസ്രായേലില്‍ വളര്‍ത്തുന്നത്. ഹോള്‍സ്റ്റീന്‍ ഇനം അടിസ്ഥാ‍നപരമായി ഉയര്‍ന്ന പാലുത്പാദനം നല്‍കുന്നവയാണ്, പക്ഷെ അന്തരീക്ഷ ഊഷ്മാവടക്കം പല അനുകൂല ഘടകങ്ങളും സപ്പോര്‍ട്ടിംഗായി വേണമെന്ന് മാത്രം. സെലക്ഷനിലൂടെ, മോശമായ കാലാവസ്ഥയിലും ഉത്പാദനം നിലനിര്‍ത്തക്ക വിധത്തില്‍ കഴിവുള്ളവയെ മാത്രം തിരഞ്ഞെടുത്ത് ബ്രീഡിംഗിന് ഉപയോഗിക്കുന്നു.അത്രയേ ഉള്ളൂ, ഇതു നമുക്കും ചെയ്യാവുന്നതാണ്, പക്ഷെ അതിനുള്ള നല്ല പേരന്റ് സ്റ്റൊക്ക് ഇവിടില്ല, സമയമില്ല, പണമില്ല.

ഇപ്പോള്‍ തന്നെ നമ്മുടെ നാട്ടില്‍ 30- 40 ലിറ്റര്‍ തരുന്ന പശുക്കള്‍ ഉണ്ട്, അവയെ പോറ്റാന്‍ കഠിനമായ മാനേജ്മെന്റ് ആവശ്യമാണെന്ന് മാത്രം.
അഭിപ്രായത്തിനു നന്ദി.