6/15/2010

ന്യായമാകുന്ന ചില നരഹത്യകള്‍

സ്ക്രീനില്‍ തോക്കു ചൂണ്ടി നില്‍ക്കുന്ന നായകന്‍....
നിലത്ത് കോടീശ്വരനായ വില്ലന്‍ ..

"അരുത് എന്നെ കൊല്ലരുത് , എനിക്കുള്ളതെല്ലാം നിനക്കു തരാം , എന്നെ കൊല്ലാതെ വിട്ടാല്‍ മതി " വില്ലന്റെ നിലവിളി.

സാധാരണ സിനിമകളിലും മറ്റും കാണാവുന്ന ഒരു രംഗമാണിത്.

നായകന്‍ കൊല്ലുകയോ‌ തിന്നുകയോ‌ ചെയ്യട്ടെ , ഞാന്‍ ഒരു സംശയം ചോദിക്കാം, ഒരാളുടെ ജീവന് എന്തു വിലയുണ്ടാകും?

പറയാന്‍ പറ്റുന്നില്ലെങ്കില്‍ പോട്ടെ , നിങ്ങളുടെ ജീവന് എന്തു വില തരേണ്ടി വരും?
വില നല്‍കിക്കഴിഞ്ഞാല്‍ ചിലപ്പോള്‍ നിങ്ങളെ ഗ്യാസ് ചേമ്പറില്‍ ഇട്ടേക്കാം അതുമല്ലെങ്കില്‍ ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി വെടിവെച്ചു കൊന്നെന്നും വരാം ....
വിലയിടാന്‍ ബുദ്ധിമുട്ടാണല്ലെ?

എന്നിട്ടാണ് നിങ്ങളുടെ മകനെയോ അച്ഛനെയോ അമ്മവനെയോ അതിര്‍ത്തി കാക്കാനെന്ന ഓമനപ്പേരില്‍ തോക്കിന്റെ മുന്നിലേക്ക് അയക്കുന്നത്. പാവപ്പെട്ട അവന്റെ ജീവന് യൂണിഫോറത്തിന്റെ ഗ്രേഡനുസരിച്ച് വിലകിട്ടിയേക്കാം. അവനെ പ്രലോഭിപ്പിക്കുവാനുപയോഗിക്കുന്നതാവട്ടെ രാജ്യസ്നേഹം, മാതൃഭൂമി തുടങ്ങിയ അര്‍ത്ഥ ശൂന്യ പദങ്ങളും.

ഒരു രാജ്യത്തിന്റെ പട്ടാളക്കാരനെന്ന നിലയില്‍ മറ്റ് രാജ്യക്കാരനെ വെടിവച്ചുകൊന്നാല്‍ അവന്‍ ദേശ സ്നേഹി!

മറ്റ് രാജ്യക്കാരന്റെ വെടിയേറ്റ് അവന്‍ മരിച്ചാല്‍ അത് ദേശസ്നേഹം !!

ജീവിക്കാനായ് മരിക്കാന്‍ തയ്യാറായെത്തുന്ന പട്ടാളക്കാരെനെക്കൊണ്ട് കൊലപാതകം ചെയ്യിക്കാന്‍ ഭരണകൂടം കണ്ടെത്തുന്ന ചെപ്പടി വിദ്യകള്‍ കൊലപാതകത്തെ നിയമ വിധേയമാക്കുന്നു.നൂറ്റാണ്ടുകളായ് തുടര്‍ന്നു വരുന്ന നരഹത്യകള്‍ ദേശസ്നേഹത്തിന്റെ പുറം ചട്ടയാല്‍ പുതപ്പിച്ച് വെള്ളപൂശിയെടുക്കുന്നു.ഓരോ രാജ്യവും മറ്റവന് അന്യരാജ്യമാവുമ്പോള്‍ പരസ്പരം കൊന്നുതള്ളാന്‍ നിയമം കൂട്ടു നില്‍ക്കുന്നു. ഗോത്രങ്ങളില്‍ നിന്നും വളര്‍ന്ന് രാജ്യങ്ങളില്‍ ചെന്നെത്തി നില്‍ക്കുന്ന നരമേധത്തിന്റെ അതിര്‍ത്തികള്‍ ഇന്നതിന്റെ മാനങ്ങള്‍ മാറ്റി മറിച്ച് കേവല വിശ്വാസങ്ങളിലും ദൈവങ്ങളിലും ചെന്നെത്തിയിരിക്കുന്നു എന്നത് ഇതിനോട് കൂട്ടിവായിക്കണം. രാജ്യസ്നേഹമാണ് പട്ടാളക്കാരന് ന്യായപ്രമാണമാകുന്നതെങ്കില്‍ മരണം കയ്യില്‍ വച്ച് നടക്കുന്ന ഏതൊരു കൂട്ടത്തിനെയും നാം അംഗീകരിക്കണ്ടതല്ലെ?

യുദ്ധവാര്‍ത്തകളില്‍ ഇടക്കിടെ കാണുന്ന ഒന്നാണ് “സിവിലിയന്മാര്‍ക്ക് നേരെ ആക്രമണം, പ്രതിഷേധമിരമ്പി !!!”
ആരാണ് സിവിലിയന്‍സും പട്ടാളക്കാരുമായി മനുഷ്യനെ തരം തിരിച്ചിരിക്കുന്നത്? മരണമേറ്റുവാങ്ങാന്‍ കൂലിക്കാളെ പകരം വച്ച്, ടീവി ഷോ കണ്ട് നടക്കുന്ന ഞാനും നിങ്ങളും ഒരു പട്ടാളക്കാരനില്‍ വേറിട്ട് എപ്രകാരമാണ് സുരക്ഷിതരാവേണ്ടത്? അങ്ങിനെ വാദിക്കുന്നതില്‍ ന്യായമുണ്ടെന്ന് ആരും കരുതുമെന്ന് തോന്നുന്നില്ല. കൊല്ലാന്‍ വരുന്നവര്‍ ഞങ്ങളെ വെറുതെ വിട്ട് പട്ടാളക്കാരെ കൊന്നോളൂ എന്നാണ് ആ പറയുന്നതിന്റെ അര്‍ത്ഥം. ആ ന്യായവാദം എന്നും വകവെച്ചു കിട്ടുമെന്ന് കരുതണ്ട. ഒന്നുകില്‍ എല്ലാ നരഹത്യകളും നിയമ വിധേയമാക്കുക അല്ലെങ്കില്‍ എല്ലാം നിയമ വിരുദ്ധമാക്കുക, ഈ ഇരട്ടത്താപ്പ് ഒഴിവാക്കപ്പെടുക തന്നെ വേണം. നിലവിലെ നിയമങ്ങള്‍ നരഹത്യകളെ ന്യായീകരിക്കുന്നുവെങ്കില്‍ ഞാനും അതിനെ ന്യായീകരിക്കുന്നു. അങ്ങിനെയെങ്കില്‍ സെപ്റ്റംബര്‍ 11നെ ഞാന്‍ അല്പം സന്തോഷത്തോടെയാണ് ഓര്‍ക്കുക എന്ന് പറയേണ്ടി വരും.

ഇപ്രകാരം തോന്നുന്നതെന്തും എഴുതി പ്രസിദ്ധീകരിക്കാന്‍ സ്വാതന്ത്ര്യം തന്ന ബ്ലോഗെന്ന മാദ്ധ്യമത്തില്‍ വന്നിട്ട് രണ്ട് വര്‍ഷം തികയുന്ന ഇന്ന് തന്നെ കിടക്കട്ട് ഒരു തോന്യാസം !!

25 comments:

അനില്‍@ബ്ലോഗ് // anil said...

ചുമ്മാതൊരു പോസ്റ്റ് .

Muhammed Shan said...

ചുമ്മാതൊരു പോസ്റ്റ്‌
പക്ഷെ ആളുകള്‍ ചിന്തിക്കേണ്ട ഒരു വിഷയം ......

സജി said...

അനില്‍ ഭായ്,
അയല്‍‌വക്കത്തെ വീടിനു പിന്നില്‍ ഒളിഞ്ഞിരുന്നു രഹസ്യം പിടിക്കുന്നവനെ കൈയ്യില്‍ കിട്ടിയാല്‍ എല്ലാവരും ഒരു കൈ വയ്ക്കും.
പക്ഷേ തൊട്ടടുത്ത രാജ്യത്തില്‍ ഒളിച്ചിരുന്നു വിവരങ്ങള്‍ ശേഖരിക്കുന്നവനെ രാജ്യം ആദരിക്കും.
അത്തരം പ്ര്വൃത്തിക്ക് ഔദ്യോകിക വിഭാഗം തന്നെയുണ്ട് എല്ലാ രാജ്യങ്ങള്‍ക്കും.

തൊട്ടടുത്ത വിട്ടിലെ ഒരാളെ കൊന്നാല്‍ തൂക്കു കയറ് കിട്ടും. ആരോ നിശ്ചയിച്ച അതിര്‍ത്തിക്കപ്പുറത്തുള്ള ഒരുവനെ വധിച്ചാല്‍ വീര്‍ ചക്ര കിട്ടും!

ഈ രണ്ടു നീതി ബോധവും തമ്മില്‍ വലിയ അന്തരമുണ്ട്, സത്യത്തില്‍ അതുണ്ടാവാന്‍ പാടില്ലാത്തതാണ്

സീസറിനുള്ളത്- ദൈവത്തിനുള്ളത് എന്ന തിരുവാണ് പ്രശ്നം

ഹരീഷ് തൊടുപുഴ said...

ഇതൊരു വല്ലാത്ത പോസ്റ്റാണല്ലോ !!
പോലീസ് സ്റ്റേഷനിലേക്ക് ഏതു കാല് ആദ്യം തൊഴുതു വെച്ചു കയറണം എന്ന സന്ദേഹം ഉളവാക്കുന്ന രീതിയിലുള്ള പോസ്റ്റ്..

പാമരന്‍ said...

Agreed.

Manikandan said...

പതിവുകാഴ്ചകള്‍ രണ്ടു വര്‍ഷം പിന്നിട്ടതിലെ ആശംസകള്‍ ആദ്യമേ അറിയിക്കട്ടെ.

ഒരു പട്ടാളക്കാരന്‍ മറ്റൊരു പട്ടാളക്കാരനെ അല്ലെങ്കില്‍ പ്രതിയോഗിയെ വധിക്കുന്നത് അങ്ങനെ ചെയ്തില്ലെങ്കില്‍ പ്രതിയോഗിയാല്‍ അയാള്‍ വധിക്കപ്പെടും എന്നതിനാലല്ലെ. ഒരു ആത്മരക്ഷ. അങ്ങനെ ആത്മരക്ഷാര്‍ത്ഥം ചെയ്യുന്ന സംഗതികള്‍ക്ക് നിയമം പരിരക്ഷ നല്‍കുന്നില്ലെ. മാത്രമല്ല മറ്റൊരു രാജ്യത്തിന്റെ പരിധിക്കുള്ളില്‍ അനുവാദമില്ലാതെ കടക്കാന്‍ ആ രാജ്യത്തെ പൌരനല്ലാത്ത ഒരാള്‍ക്ക് എന്തവകാശം. എന്റെ വീട്ടില്‍ എന്റെ അനുവാദമില്ലാതെ ഒരാള്‍ അതിക്രമിച്ചു കടന്നാള്‍ അയാളെ പുറത്താക്കാനുള്ള അവകാശം എനിക്കുണ്ടല്ലൊ. അത്രതന്നെയല്ലെ ഇതിലും ഉള്ളു.

മലമൂട്ടില്‍ മത്തായി said...

On the outside, the cost of a human life can be found out in any actuarial table. But that is the cost, not the price. That does not give you any ability to kill a person and then pay him. At least that is the case in most countries around the world other than the places where they have the practice of blood money.

There is the under current in this post that killing a human being is abhorrent in all circumstances. For me, that is not the case. I pay my taxes so that some one else will be paid to guard me. That way a responsible person is in charge of the weapons and every one else can go on with their on businesses.

BTW I also pay taxes to support a bloated and uncaring bureaucracy. Death by the firing squad is swift and painless, but death by bureaucracy is infinitely more painful and wasteful, with every application filed in triplicate, attested by another bureaucrat, kept in files, sent across the whole state. oops, I am getting carried away now.

Humans are inherently violent. That violence is kept in check if the population keeps a well armed military and a well trained police force. Violence is a part of their life so that it does not become a part of every one else's.

ശ്രദ്ധേയന്‍ | shradheyan said...

സമയത്തോടെ വായിക്കാം, വാര്‍ഷികാശംസ ആദ്യം പറയട്ടെ. :)

കൂതറHashimܓ said...

ചുമ്മാതൊരു പോസ്റ്റ്.... എന്നത് കമന്റില്‍ കണ്ടു
പോസ്റ്റില്‍ പറഞ്ഞ കര്യങ്ങള്‍ എല്ലാം നല്ലത് തന്നെ.. ഞാന്‍ യോജിക്കുന്നു.
പരിഹാരം എന്തന്ന് പറയല്‍ കൂടി വിമര്‍ശകന്റെ ബാധ്യതയല്ലേ...???

അപ്പൊകലിപ്തോ said...

ഒരു രാജ്യ സേവനത്തിണ്റ്റെ , ദേശ സ്നേഹത്തിണ്റ്റെ അതി നിന്ദ്യമായ വാര്‍ത്ത : Read Here

Saleel said...

തലതിരിഞ്ഞ രാഷ്ട്രീയ തീരുമാനത്തിണ്റ്റെ ഫലമായി വടക്കന്‍ ശ്രീലങ്കന്‍ കൊടും കാടുകളില്‍ പാരച്യുട്ടില്‍ ഇറങ്ങിയ ഹതഭാഗ്യരായ പട്ടാളക്കാര്‍, പുലികള്‍ അണിയിച്ച ലോറിടയറുകള്‍ക്കുള്ളില്‍ വെന്ത്‌ പിടഞ്ഞ്‌ മരിച്ചതിണ്റ്റെ ദൃക്സ്സാക്ഷി വിവരണം - കാലം കഴിഞ്ഞിട്ടും മുള്ളായിതന്നെ ശേഷിക്കുന്നു. ഈെ പാതകങ്ങളുടെ കണക്കുകള്‍ എവിടെചേര്‍ക്കും.

അപ്പൂട്ടൻ said...

യുദ്ധം എന്നത്‌ നിലവിലുള്ള എല്ലാ ലോജിക്കും തകർക്കുന്ന ഒരു സംഭവമാണ്‌. അവനവന്റെ ആവശ്യത്തിനനുസരിച്ച്‌ കൊന്നാൽ ശിക്ഷാർഹം, അതേ പരിപാടി അവനവന്റെ ഗ്രൂപ്പിനുവേണ്ടി കൊന്നാൽ ധീരത... ശത്രു മരിക്കുന്നത്‌ കണ്ട്‌ സന്തോഷിച്ചാൽ ദേശസ്നേഹി, ഇല്ലെങ്കിൽ ദേശാഭിമാനമില്ലാത്തവൻ. അത്‌ ഊട്ടിയുറപ്പിക്കാൻ കുറെ സിനിമകളും ഉണ്ടെങ്കിൽ കാര്യം കുശാൽ, കൂടുതൽ കൂടുതൽ "ദേശസ്നേഹികളെ" വാർത്തെടുക്കാം. (പട്ടാളക്കാരെ കുറ്റം പറയാനുദ്ദേശിച്ചതല്ല, തീരുമാനമെടുക്കുന്നവൻ കൊല്ലുന്നില്ല, കൊല്ലുന്നവൻ തീരുമാനമെടുക്കുന്നുമില്ല, അത്രയേയുള്ളു കാര്യം)

ഇത്തരം burning issue ഒന്നും ഇല്ലെങ്കിൽ ഈ അതിർത്തി (ഗ്രൂപ്പ്‌) ചുരുക്കി ചുരുക്കി സംസ്ഥാനമായോ ജില്ലയായോ മുൻസിപ്പാലിറ്റി/പഞ്ചായത്തായോ വാർഡായോ വീടായോ സ്വയം ആയോ ഒക്കെ കൊണ്ടുവരാം.
എതിർക്കാൻ പ്രഖ്യാപിതമോ സാങ്കൽപികമോ ആയ ശത്രു ഇല്ലെങ്കിൽ എന്ത്‌ സുഖമാണുള്ളത്‌, ജീവിതം വിരസമാകില്ലേ എന്നും ചിന്തിക്കാം!!!

വീകെ said...

വെട്ടാൻ വരുന്നവന്റെ മുൻപിൽ വേദമോതിയിട്ടെന്തു കാര്യം....?
‘മാ നിഷാദാ...’ എന്നു പറഞ്ഞാൽ തലയും കൊണ്ടവൻ പോകും.....!!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

>>ആരാണ് സിവിലിയന്‍സും പട്ടാളക്കാരുമായി മനുഷ്യനെ തരം തിരിച്ചിരിക്കുന്നത്? മരണമേറ്റുവാങ്ങാന്‍ കൂലിക്കാളെ പകരം വച്ച്, ടീവി ഷോ കണ്ട് നടക്കുന്ന ഞാനും നിങ്ങളും ഒരു പട്ടാളക്കാരനില്‍ വേറിട്ട് എപ്രകാരമാണ് സുരക്ഷിതരാവേണ്ടത്?<<

സിവിലിയന്മാര്‍ നിരായുധരും പട്ടാളക്കാര്‍ ആയുധധാരികളും ആണ്. മാത്രമല്ല ആയുധമുപയോഗിക്കാന്‍ പരിശീലനം സിധിച്ചിട്ടുള്ളതും ശത്രുവിനെ കൊല്ലാന്‍ അധികാരം ഉള്ളയാളും. അവിടെയാണ് സിവിലിയനും പട്ടാളക്കാരനും തമ്മിലെ വത്യാസം.

പിന്നെ ഹിംസയാണ് വിഷയമെങ്കില്‍, ഒരു മനുഷ്യനും മറ്റൊരു മനുഷ്യനെ വധിക്കാനോ അല്ലെങ്കില്‍ മറ്റൊരുവന്റെ ജീവിക്കാനുള്ള അവകാശത്തിനെ തടയാനോ അധികാരമില്ല.
എന്നാല്‍ അതങ്ങനെയല്ലാത്ത ഒരു ലോകത്ത് കൈയൂക്കുള്ളവന്‍ അതില്ലാത്തവന്റെ മേല്‍ അധികാരം പ്രയോഗിക്കുമ്പോള്‍ ഇതെല്ലാം സംഭവിക്കുന്നു. പട്ടാളക്കാര്‍ ചെയ്യുന്നത് മാത്രമല്ലല്ലോ കൊലപാതകം. ഇനി ഈ പറയുന്ന രാജ്യങ്ങളും അതിര്‍ത്തികളും ഇല്ലാത്ത ഒരു ലോകത്ത് തന്നെയാണെങ്കിലും പരസ്പരമുള്ള കൊലകള്‍ ഇല്ലാതാവും എന്ന് കരുതാമോ??

അപ്പോള്‍ ചില സാഹചര്യങ്ങളിലെങ്കിലും ന്യായമാകുന്ന കൊലപാതകങ്ങള്‍ ഉണ്ടാകും. പിന്നെ അധികാരസ്ഥാനങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് സംരക്ഷിക്കാനെന്നും ഇതേ പോലെ കുറെ ചാവേറുകള്‍ ആവശ്യമായി വരുന്നു. എന്തുകൊണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്നു എന്നതും പ്രശ്നമല്ലേ??

chithrakaran:ചിത്രകാരന്‍ said...

അനില്‍ അറ്റ് ബ്ലോഗിന്റെ ബ്ലോഗെഴുത്തിന്റെ രണ്ടാം വര്‍ഷികത്തിന് ചിത്രകാരന്റെ ആശംസകള്‍ !!!

നമ്മളിലുണ്ടാകുന്ന ചിന്തകളെല്ലാം സമൂഹത്തിന്റെ കൂടി ചിന്തകളായതിനാല്‍ ബ്ലോഗില്‍ ഇങ്ങനെ പങ്കുവക്കേണ്ടതുതന്നെയാണ്.ഇത്തരം സാമൂഹ്യ ഉത്പ്പന്നങ്ങളായ ചിന്തകളെ വളര്‍ത്താനും തളര്‍ത്താനും സ്വാതന്ത്ര്യമുളള ഒരു മാധ്യമമായതിനാല്‍ ബ്ലോഗ്
സാമൂഹ്യ നവീകരണത്തിന്റെ മാര്‍ഗ്ഗം കൂടിയാകുന്നു.

എന്നാല്‍,അനില്‍ അറ്റ് ബ്ലോഗ് മുന്നോട്ടുവക്കുന്ന ചിന്തയോട്
ചിത്രകാരന് യോജിപ്പില്ല. ഭീരുത്വമാര്‍ന്നതും,സ്ത്രൈണജന്യവുമായ പൊള്ളയായ നീതിബോധമാണ് ഈ ചിന്തയുടെ ആകത്തുക.
ഒരു സമൂഹം ചെറുതായാലും വലുതായാലും ആ സമൂഹത്തിനൊരു രാഷ്ട്രീയമുണ്ട്. ഒരു കുടുംബത്തിനുപോലും അത്തരം ഒരു രാഷ്ട്രീയ ബോധമുണ്ട്. അതിലേക്ക് അതിക്രമിച്ചു കടക്കുന്നത് ശത്രുവായാലും,മിത്രമായാലും,ബന്ധുവായാലും,ഹിംസ്രജന്തുക്കളായാലും പ്രതിരോധിക്കുകയോ എതിരാളിയെ കൊന്നൊടുക്കുകയോ ചെയ്യേണ്ടത് സമൂഹത്തിന്റെ/കുടുബത്തിന്റെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. സമൂഹം അതിനെ കുറ്റകൃത്യമായി വ്യാഖ്യാനിച്ചാല്‍ പോലും അത് നിലവിലുള്ള സമൂഹത്തില്‍ നിന്നും അന്യമായ മറ്റൊരു സമൂഹത്തിന്റെ രാഷ്ട്രീയ അധീശത്വത്തിന്റെ ഫലമായി മാത്രമേ നിലനില്‍ക്കു.

അനില്‍ അറ്റ് ബ്ലോഗിന്റെ ചിന്ത സ്ത്രൈണമാണെന്ന് സൂചിപ്പിച്ചുവല്ലോ. ചിന്തതന്നെ സ്ത്രൈണമാണെന്നാണ് ചിത്രകാരന്റെ നിരീക്ഷണം. പൌരുഷത്തില്‍ നിന്നും സ്ത്രൈണതയിലേക്കുള്ള ബുദ്ധിപരമായ അന്വേഷണ യാത്രയാണ് ചിത്രകാരനെ സംബന്ധിച്ച് ചിന്ത.നാലു വര്‍ഷത്തിലേറെ ബ്ലോഗില്‍ വളരെയധികം പോസ്റ്റും കമന്റുമെഴുതാനായി ഏറെ ചിന്തിച്ചതിന്റെ ഫലമാണെന്നു തോന്നുന്നു... ചിത്രകാരന്റെ ആജ്ഞാശക്തി വളരെയേറെ ക്ഷയിച്ചതായി അനുഭവപ്പെടുന്നു. സ്വന്തം ഓഫീസിലെ ജീവനക്കാരെ
അവരുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിച്ച് ഞെട്ടിച്ച് ജോലിചെയ്യിക്കുന്നത് മനുഷ്യത്വമില്ലായ്മയല്ലെ എന്ന തൊന്നലിന്റെ ഫലമായി ഇപ്പോള്‍ കടുപ്പിച്ച് ഒരു വാചകം പറയാനോ കര്‍ക്കശമായി ജോലി ചെയ്യിക്കാനോ കഴിയാത്ത പ്രതിസന്ധിയിലെത്തിയിരിക്കുന്നു !!!
ഹഹഹ...

പൌരുഷവും ദുഷ്ടതയും തിന്മയും സമൂഹത്തിന്റെ
ക്രിയാത്മക ശക്തിയാണെന്ന തിരിച്ചറിവിലാണ് ചിത്രകാരനിപ്പോള്‍. അതിനെ ഇല്ലാതാക്കുകയല്ല, മറിച്ച് സമൂഹത്തിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ വരുതിക്കകത്ത് ബുദ്ധിപരമായി പ്രവര്‍ത്തിപ്പിക്കുകയാണ്
സമൂഹത്തിന്റെ അഭിവൃദ്ധിക്കും പുരോഗതിക്കും അവശ്യം വേണ്ടത് എന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു.

chithrakaran:ചിത്രകാരന്‍ said...

അല്ലാത്ത പക്ഷം, സമൂഹത്തില്‍ സ്ത്രൈണതയുടെ ആധിക്യമുണ്ടാകുകയും,സമൂഹം അന്യസമൂഹങ്ങളുടെ
കീഴില്‍ ആടിമത്വത്തിലോ,ആധിപത്യത്തിലോ അകപ്പെടുമെന്നാണ് സമൂഹത്തെ കാത്തിരിക്കുന്ന ദുരന്തം.അതായത് പൌരുഷം ഇറക്കുമതി ചെയ്യേണ്ടിവരും. കൂലിത്തല്ലിന് ഗുണ്ടകളെയിറക്കുന്നതുപോലെ.
അതുകൊണ്ടുതന്നെ ചിന്തകള്‍ക്ക് സമാന്തരമായി
പൌരുഷമാര്‍ന്ന പ്രവര്‍ത്തനങ്ങളും മുന്നേറേണ്ടതുണ്ട്.
സമൂഹത്തിന്റെ സുരക്ഷിതത്വത്തിനായി ചാകാനും കൊല്ലാനുമുള്ള ആണുങ്ങള്‍ സദാ തയ്യാറായി നില്‍ക്കേണ്ടതുണ്ട്. അവരോട് സമൂഹം നന്ദിയും കടപ്പാടും പ്രഖ്യാപിക്കേണ്ടതുമുണ്ട്.ജനിച്ചാല്‍ എല്ലാവര്‍ക്കും മരിക്കണം.അപ്പോള്‍ അന്തസ്സായി ജീവിക്കാന്‍ വേണ്ടി ശ്രമിക്കുന്നതിനിടയില്‍ മരിക്കുന്നതോര്‍ത്ത് എന്തിനു ഭീരുവായി അടിമയായി
പാരതന്ത്ര്യത്തില്‍ ചത്തതിനേക്കാള്‍ നിന്ദ്യമായി ജീവിക്കണം ?

ചിന്തകൊണ്ട് മനസ്സ് കൂടുതല്‍ തരളവും സ്ത്രൈണവുമാകുന്നുണ്ട് എന്നത് നമ്മുടെ ഒരു ദുര്‍ബലതയാണ്. കായികാദ്ധ്വാനവും,വ്യായാമവും,പ്രായോഗികതയും,സാഹസികതയും കൊണ്ട് സ്ത്രൈണതയുടെ മേധാവിത്വം കുറച്ചു കൊണ്ടുവരിക.ആവശ്യമെങ്കില്‍ അലസതക്ക് കുടപിടിച്ച് തരുന്ന സര്‍ക്കാര്‍ ലാവണത്തെ വലിച്ചെറിയുക !!! ഹഹഹ....
ജവാനെ ന്യായീകരിക്കാനും,
അഭിവാദ്യങ്ങളര്‍പ്പിക്കാനും അനില്‍ അറ്റ് ബ്ലോഗിനും കഴിയും.

(അഭിപ്രായങ്ങള്‍ വ്യക്തിവിരോധപരമല്ല.
വസ്തുതകള്‍ വ്യക്തമാക്കാന്‍ അനുഭവത്തെ കൂട്ടുപിടിച്ചെന്നുമാത്രം.)

കണ്ണനുണ്ണി said...

മാഷെ...വാര്‍ഷികാശംസകള്‍...
സത്യത്തില്‍ ആ തരം തിരിവ് ഞാനും ഒരുപാട് ചിന്തിചിട്ടുള്ളതാ...

കൊലപാതകം ചെയ്ത ആളെ വധ ശിക്ഷക്ക് വിധിക്കുന്ന ഭരണകൂടം അയാളെ വധിക്കുന്ന ആരാച്ചാര്‍ക്ക്‌ ശമ്പളം കൊടുക്കും. പക്ഷെ ദൈവത്തിന്റെ മുന്നില്‍ രണ്ടാളും ചെയ്ത കുറ്റം നര ഹത്യ തന്നെ അല്ലെ..

അനില്‍@ബ്ലോഗ് // anil said...

പ്രിയ ചങ്ങാതിമാരെ,
ഒരു കാര്യം പൊതുവായ് പറയട്ടെ, ഞാന്‍ ഒരു അഹിംസാ വാദിയല്ല. പോസ്റ്റില്‍ അങ്ങിനെ ഒരു ധ്വനി ഇല്ലെന്നാണ് എന്റെ വിശ്വാസം. സാധാരണ ഗതിയില്‍ ഞാനൊ നിങ്ങളോ മരിക്കാന്‍ തയ്യാറാവില്ല,അത് എത്ര പ്രതിഫലം തരാമെന്നു പറഞ്ഞാലും. എന്നാലും പാവം പട്ടാളക്കാരനെ മരണത്തിലേക്ക് തള്ളിവിടാന്‍ ദേശസ്നേഹമെന്ന തുറുപ്പ് ചീട്ട് ഉപയോഗിക്കുന്നു. അത് ന്യായമാണെങ്കില്‍ സ്വന്തം ഗ്രൂപ്പിന്റെ താ‍ത്പര്യങ്ങള്‍ സംരക്ഷിക്കാനും വേണ്ടി ആരു നടത്തുന്ന കൊലപാതകങ്ങളും ചാവേര്‍ ആക്രമണങ്ങളും നമ്മള്‍ ന്യായീകരിച്ചെ മതിയാവൂ. സിവിലിയന്‍സിനെ കൊല്ലുന്നു എന്നാണല്ലോ ചില തീവ്രവാദ ഗ്രൂപ്പിനു മേല്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ അത്തരം ഒരു തരം തിരിവിന്റെ ആവശ്യമില്ല, അല്ലെങ്കില്‍ ഞാന്‍ അംഗീകരിക്കുന്നില്ല എന്നാണ് പോസ്റ്റിന്റെ അവസാനം ഞാന്‍ പറഞ്ഞത്. കൊല്ലാനും കൊല്ലപ്പെടാനുമുള്ള അവസരം എല്ലാര്‍ക്കും ഒരു പോലെ നല്‍കുക, ഇരട്ടത്താപ്പ് ഒഴിവാക്കുക. ഈ നീതിശാസ്ത്രം ഉപയോഗിച്ചാല്‍ സെപ്റ്റംബര്‍ 11ന്റെ പെന്റഗണ്‍ ആക്രമണം അല്പം സന്തോഷത്തോടെയാണ് ഞാന്‍ കാണുക എന്നും പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.

അനില്‍@ബ്ലോഗ് // anil said...

Muhammed shan,
നന്ദി.

സജി അച്ചായാ,
അതെ ആ പറഞ്ഞത് തന്നെയാണ് എന്റെ അഭിപ്രായം.

ഹരീഷെ,
ഇതെല്ലാം ബോധപൂര്‍വ്വം ഉണ്ടാക്കുന്ന കണ്‍ഫ്യൂഷനാ.

പാമരന്‍,
നന്ദി.

മണികണ്ഠന്‍,
രാജ്യം എന്ന ബൌണ്ടറി തന്നെ അപ്രസക്തമാണെന്നാണ് എന്റെ പക്ഷം , നന്ദി.

മലമൂട്ടില്‍ മത്തായി,
ആ പറഞ്ഞത് തന്നെയാണ് പോസ്റ്റിലും ഞാന്‍ പറഞ്ഞിട്ടുള്ളത്. കൊല്ലപ്പെടാതിരിക്കാന്‍ താങ്കള്‍ ടാക്സ് കൊടുക്കുന്നുണ്ട് എങ്കില്‍ ശമ്പളം വാങ്ങുന്നു എന്ന കാരണത്താല്‍ പട്ടാളക്കാരന്‍ കൊല്ലപ്പെടുന്നു. പണമാണ് അവിടെ നിര്‍ണ്ണായക ഘടകം എന്ന് വരുന്നു. പണവും അതിനെ ചുറ്റിയുള്ള അധികാര പരിധികളുമാണ് ഇത്തരം കൊലകളെ ന്യായീകരിക്കുന്നതെന്ന് അര്‍ത്ഥം. ബ്യൂറോക്രസിയെ എന്തിനാണ് ഇതുമായി ബന്ധപ്പെടുത്തിയതെന്ന് മാത്രം മനസ്സിലായില്ല.

ശ്രദ്ധേയന്‍,
നന്ദി.

കൂതറHashim,
എല്ലാ കാര്യങ്ങളും നമുക്ക് തുറന്ന് പറാനാവില്ല, അതോണ്ടാ.. ;)
നന്ദി.

അപ്പോകലിപ്തോ,
ഫോണ്ട് പ്രശ്നമായതിനാല്‍ ലിങ്ക് വായന പിന്നത്തെക്ക് വച്ചു.

സലീല്‍,
രക്തച്ചൊരിച്ചിലുകള്‍ അധികാരവഴികളുടെ ഭാഗമാണെന്ന് ആശ്വസിക്കുകയെ മാര്‍ഗ്ഗമുള്ളൂ.

അപ്പൂട്ടാ,
അതിനുള്ള ഒരു പോസിബിറ്റിറ്റിയാ ഞാന്‍ അന്വേഷിക്കുന്നത്.
:)

വി.കെ,
ശരിയാണ്.

രാമചന്ദ്രന്‍ വെട്ടിക്കാട്,
തുല്യ ശക്തികള്‍ തമ്മിലെ പോരാട്ടം പാടുള്ളൂ എന്നാണല്ലോ താങ്കളുടെ സൂചന. ഇന്ന് ലോകത്ത് നടക്കുന്നത് അതല്ലല്ലോ. സിവിലിയന്‍സും പട്ടാളക്കാരും എന്നുള്ള വേര്‍ തിരിവ് ഒഴിവാക്കണം എന്നതാണ് എന്റെ പ്രധാന ആഗ്രഹം ! കൊലപാതകത്തിന്റെ ന്യായാന്യായങ്ങള്‍ ഒന്ന് റീ ഡിഫൈന്‍ ചെയ്യണം.

ചിത്രകാരന്‍,
താങ്കളോട് പറയാനുള്ള കാര്യങ്ങള്‍ ഞാന്‍ പൊതുവായി പറഞ്ഞു കഴിഞ്ഞു. അഹിംസ എന്റെ ഇഷ്ട പോളിസി അല്ല. വളരെ സുതാര്യമായി പറഞ്ഞാല്‍ ചില ആക്രമണങ്ങളെ ഞാന്‍ ന്യായീകരിക്കുന്നു എന്ന് പറയാം.

എന്നിരുന്നാലും സ്ത്രൈണത എന്ന പദം താങ്കള്‍ എപ്രകാരമാണ് അഹിംസയുമായി കൂട്ടിക്കെട്ടിയിരിക്കുന്നതെന്ന് കാണാതെ പോകാന്‍ കഴിയില്ല. ജന്തുജാലങ്ങളെ വീക്ഷിച്ചാല്‍ തന്നെ ബോദ്ധ്യമാകുന്ന ഒരു കാര്യമാണ് പെണ്‍ ജീവികള്‍ ആണുങ്ങളോടോപ്പമോ ഒരു പടി മുന്നിലോ കൊല്ലുന്ന വിഭാഗമാണ്. രതിക്കിടയില്‍ പുരുഷനെ കൊന്ന് പൂര്‍ണ്ണതയിലെത്തുന്ന ജീവികളും ഉണ്ടന്ന് ഓര്‍ക്കുക. ചുരുക്കത്തില്‍ സ്ത്രൈണതയും അഹിംസയും തമ്മില്‍ യാതൊരു ചേര്‍ച്ചയുമില്ലെന്ന് മാത്രമല്ല, അത് താങ്കളുടെ ധാരണ പിശകുമാണ്.

പാവത്താൻ said...

ആശംസകള്‍.
അതിര്‍ത്തികളില്ലാത്ത, എല്ലാ മനുഷ്യരും നല്ലവരായ അനീതിയും അക്രമവുമില്ലാത്ത “നര“യുള്ളതോ അല്ലാത്തതോ ആയ ഒരു ഹത്യയും ഇല്ലാത്ത ഒരു നല്ല നാളെ.. അതാണൊ സ്വപ്നം?? എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം...

ബാബുരാജ് said...

അതിരുകളില്ലാത്ത ലോകം സാദ്ധ്യമാണോ? സാദ്ധ്യമല്ല എന്നാണെനിക്ക് തോന്നുന്നത്. കാരണം ജന്തുക്കളില്‍ വരെ അതിര്‍ ചിന്തകള്‍ ഉള്ളതിനാല്‍, അത് സാംസ്കാരികം എന്നതിനെക്കാള്‍ ജനിതകമായ ഒരു വാസനയാകണം. അതിരുകള്‍ നിലനില്ക്കുന്നിടത്തോളം പ്രതിരോധവും ഉണ്ടാകുമല്ലോ? (അതിരുകള്‍ എന്ന് ഞാന്‍ ഉദ്ദേശിച്ചത് രാഷ്ട്രങ്ങള്‍ തമ്മില്‍ മാത്രമല്ല, ഏതരു വിധത്തിലുമുള്ള സംഘങ്ങള്‍ തമ്മിലുള്ളതുമാണ്) സംഘങ്ങളെ എടുക്കുമ്പോള്‍ ഭൂരിപക്ഷത്തിന് സ്വസ്തജീവിതം നല്കുന്നതിനെ നീതിന്യായങ്ങളില്‍ നിര്വചിക്കാം.
പണ്ടൊക്കെ രാജാക്കന്മാര്‍ അയല്‍ രാജ്യങ്ങളെ കീഴ്പ്പെടുത്തി തന്നോട് ചേര്ക്കുമ്പോള്‍ പുതിയ പ്രദേശങ്ങളിലെ ജനങ്ങളോട് എങ്ങിനെയായിരുന്നിരിക്കും പെരുമാറിയിരുന്നത്? സ്വന്തം പ്രജകള്‍ എന്ന നിലയില്‍ തന്നെയോ? പുതിയ രാജക്കന്മാര്ക്ക് അത് സാധിക്കുമോ? ഒരു ഏകലോകം ഉണ്ടാകുമോ?
നീതിപൂര്വ്വമായ ഒരു ഏകലോകം ഉണ്ടാവാനുള്ള സദ്ധ്യത ഞാനാലോചിച്ചിട്ട് ഉണ്ടെന്നു തോന്നുന്നില്ല. അതിനാല്‍ ഇപ്പോഴത്തെ പട്ടാളവും അതിര്ത്തിപോരുകളും കൊലപാതകങ്ങളും ഒക്കെ തന്നെയായിരിക്കും തമ്മില്‍ ഭേദം.

Muhammed Shan said...

ഇന്നല്ലെങ്കിലും നാളെ
അതിരുകള്‍ ഇല്ലാത്ത ഒരു ലോകം സാധ്യമാണെന്ന് തന്നെ വിശ്വോസിക്കുന്നു...
കോപവും,ശാട്യവും,സ്വാര്‍ത്ഥതയും,(ഇവയാണല്ലോ അതിര്‍വരമ്പുകള്‍ തീര്‍ക്കുന്നത്)ജൈവികം ആണെന്നത് പോലെ..
സ്നേഹവും,കരുണയും,ദയയും,പരസ്പര വിശ്വാസവും എന്നിങ്ങനെയുള്ള വികാരങ്ങളും മനുഷ്യന് ജൈവികമായി സിദ്ധിച്ചിട്ടുണ്ട് ..!

അറിവ് അറിവില്ലായ്മയെ,നന്മ തിന്മയെ,സ്നേഹം വിദ്വേഷത്തെ ,ശാന്തത കോപത്തെ,പരസ്പരവിശ്വാസവും ദയയും സ്വാര്‍ത്ഥതയെ കീഴടക്കുന്ന ഒരു നാള്‍ വരും....
പരിണാമത്തിന്റെ അനിവാര്യതയാനത് ..!

Joker said...

അവനെ പ്രലോഭിപ്പിക്കുവാനുപയോഗിക്കുന്നതാവട്ടെ രാജ്യസ്നേഹം, മാതൃഭൂമി തുടങ്ങിയ അര്‍ത്ഥ ശൂന്യ പദങ്ങളും...
===========================
താങ്കളുടെ പേര് അനില്‍ എന്നാകയാല്‍ ഈ പോസ്റ്റ് കാരണം കോടതി കയറേണ്ടി വരില്ല എന്ന് ആശ്വസിക്കാം.ഇത് ഒരു മാപ്ല പറഞ്ഞാല്‍ അവന് ചിലപ്പോള്‍ ആണ്ടുകള്‍ അകത്ത് കിടക്കേണ്ടി വരും.അപ്പോഴും ജീവന്റെ വില പുല്ലുവില ആയിപ്പോകും. അതിര്‍ത്തികള്‍ ഇല്ലാതായാല്‍ നഷ്ടമാകുന്നത് ഒന്നുമില്ലാത്തവര്‍ക്കല്ല. തോക്കുകള്‍, പീരങ്കികള്‍, പോര്‍വിമാനങ്ങള്‍, അന്തര്‍ വാഹ്നിനികള്‍, മൈനുകള്‍ തുടങ്ങിയവ നിര്‍മിക്കുന്ന കൊലയാളി കമ്പനികള്‍ക്കാണ്. കൂടാതെ ഇത് വര്‍ഷാ വര്‍ഷം വാങ്ങി കൂട്ടി കമ്മിഷന്‍ പറ്റുന്ന രാജ്യത്തിന്റെ ഏജന്‍സികള്‍ക്കാണ്, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ്.

ദേശസ്നേഹം പറഞ്ഞ് രാജ്യം മുഴുവന്‍ ഹാഫ് ട്രൌസര്‍ ചാലകുകള്‍ സംഘടിപ്പിക്കുന്നവനും ഈ പറയുന്ന സാര്‍വ ലൌകികത ഇഷ്ടപ്പെടില്ല സുഹ്യത്തെ.മൂക്കും വീര്‍പ്പിച്ച് ഭാരതാംഭ എന്നും പറഞ്ഞ് ചില കാട്ടാളന്‍ മാര്‍ ഭാരതത്തില്‍ മണത്ത് നടക്കുന്നുണ്ട്.

ബാബുരാജ് said...

"അറിവ് അറിവില്ലായ്മയെ,നന്മ തിന്മയെ,സ്നേഹം വിദ്വേഷത്തെ ,ശാന്തത കോപത്തെ,പരസ്പരവിശ്വാസവും ദയയും സ്വാര്‍ത്ഥതയെ കീഴടക്കുന്ന ഒരു നാള്‍ വരും....
പരിണാമത്തിന്റെ അനിവാര്യതയാനത് ..!"
മുഹമ്മദ് ഷാനിന്റെ ഈ നിരീക്ഷണം ഒരു അനിവാര്യത തന്നെയാണെന്ന് ഞാനും വിശ്വസിക്കുന്നു. പക്ഷെ പരിണാമത്തിന്റെ ആ പടിയില്‍ സര്‍വൈവ് ചെയ്യുന്ന 'ഫിറ്റസ്റ്റ്' ആരായിരിക്കും? പരിണാമപ്രക്രിയയില്‍ ജയിക്കുന്നത് നമ്മള്‍ നല്ലതെന്ന് വിലയിരുത്തുന്ന ഗുണങ്ങള്‍ ആവണമെന്നില്ല. നിയാണ്ടര്ത്താളുകള്ക്കൊപ്പം ആഫ്രിക്കക്കാരന്റെയും ഏഷ്യക്കാരന്റേയും പേരെഴുതുന്ന ഒരു കാലം വരുമോ?

നാട്ടുകാരന്‍ said...

അഭിനന്ദനങ്ങള്‍ ! രണ്ടു വര്ഷം തികച്ചതിനെക്കാളുപരി ഈ പോസ്ടിനാണത് കൂടുതല്‍ ചേരുന്നത് .

"We are Soldiers" എന്ന മെല്‍ഗിബ്സന്‍ സിനിമ ഈ ചിന്തയോട് കൂടി ഒന്ന് കാണുന്നത്‌ നല്ലതാണ്. എനിക്കത് ഒത്തിരി ഇഷ്ടപ്പെട്ടു.