3/27/2010

പുലിമുട്ടില്‍ പുലിയിറങ്ങി

ഒരു നാടോടിക്കഥയുണ്ട്, ഒരു അമ്മ കുഞ്ഞിനെ ഉറക്കാനായി ശ്രമിക്കുകയായിരുന്നു. ഉറങ്ങാന്‍ കൂട്ടാക്കാത്ത കുഞ്ഞിനെ ഭീഷണിപ്പെടുത്തിയത് “ഉറങ്ങിയില്ലെങ്കില്‍ കടുവക്ക് ഇട്ടുകൊടുക്കും”എന്ന് പറഞ്ഞായിരുന്നു. എന്നാല്‍ വീട്ടിനു പുറത്ത് ഒരു കടുവ ഇത് കേട്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു, പാവം കടുവ ഇത് സത്യമാണെന്ന് ധരിച്ച് അമ്മ കുഞ്ഞിനെ തരുന്ന നിമിഷവും കാത്ത് വീട്ടിനു പുറത്ത് കാത്തിരുന്നു എന്നും, അവസാനം ക്ഷമകെട്ട് വീട്ടില്‍ കയറിച്ചെന്ന് കുഞ്ഞിനെ ചോദിച്ചു എന്നും മറ്റുമായി കഥതുടരുന്നു.ഇത് ഇപ്പോഴോര്‍ക്കാന്‍ കാരണം തിരൂര്‍ കൂട്ടായ് അഴിമുഖത്ത് പുലിമുട്ടില്‍ ഒരു പുലി താമസ്സമാക്കിയ വാര്‍ത്ത അറിഞ്ഞപ്പോഴാണ്.

തുറമുഖങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഇന്ത്യന്‍ സാങ്കേതിക വിദ്യയാണ് പുലിമുട്ട്, എന്താണീ പേര് വരാന്‍ കാരണം എന്ന് വ്യക്തമായി കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ സാക്ഷാല്‍ പുലി ഈ പേര് കേട്ട് അത് തനിക്ക് പാര്‍ക്കാനുള്ള സ്ഥലമാണെന്ന് ധരിച്ചാവും താമസ്സം തുടങ്ങിയതെന്ന് പറഞ്ഞാല്‍ അത് തെറ്റാണെന്ന് ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ?കഴിഞ്ഞ ഒരാഴ്ചയായ് കൂട്ടായ് അഴിമുഖത്തെ ജനങ്ങളുടെ ഉറക്കം കെടുത്തിയ പുലിയെ അവസാനം കൂട്ടിലാക്കി. വാര്‍ത്ത.


കാട്ടില്‍ നിന്ന്‍ വളരെ ഏറെ ദൂരെയുള്ള ഈ അഴിമുഖത്ത് എപ്രകാരം ഈ ചങ്ങാതി എത്തിച്ചേര്‍ന്നെന്ന് ഒരു ദുരൂഹതയായി തുടരുന്നു. ഭാരതപ്പുഴയുടെ കൈവഴികളാരംഭിക്കുന്ന വനപ്രദേശങ്ങളില്‍ നിന്നു തന്നെ ഇറങ്ങി വന്നതാവാനാണ് സാദ്ധ്യതയെന്നാണ് വിദഗ്ധ മതം. പുഴയോരത്തുകൂടെ താഴേക്ക് യാത്ര ചെയ്ത് സൌകര്യപ്രദമായ താവളങ്ങളില്‍ താ‍മസ്സമാക്കുന്ന ഇവ ആ പ്രദേശത്തെ ഭക്ഷണ ലഭ്യത കുറയുന്നതിനനുസരിച്ച് അവിടം വിടുന്നു, ഇപ്രകാരം അഴിമുഖത്തെത്തിച്ചേര്‍ന്നതാണെന്ന് കരുതപ്പെടുന്നു. അഴിമുഖത്ത് താമസ്സമാക്കിയ ഈ വിരുതന്‍, അവിടെ സുഭിക്ഷമായ ഞണ്ട്, കുറുക്കന്‍, കീരി തുടങ്ങിയ ഭക്ഷണ വസ്തുക്കള്‍ തിന്ന് സ്വസ്ഥമായി കരിങ്കല്‍ പൊത്തില്‍ താമസ്സമാക്കി. പരിസരവുമായി ഇണങ്ങിയ ഈ വനജീവി മറ്റാര്‍ക്കും ഉപദ്രവമുണ്ടാക്കാതെ ജീവിച്ചു വരവെയാണ് ഹാര്‍ബര്‍ എഞ്ചിനിയറിങ് വിഭാഗത്തിനെ ലോറികളൊന്നിന്റെ മുന്നില്‍ ചെന്ന് ചാടിയത്. തുടന്ന് നടത്തിയ തിരച്ചിലില്‍ പുലി തന്നെയാണതെന്ന് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് വനം വകുപ്പ്, പോലീസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ പുലിയെ പിടിക്കാനുള്ള ശ്രമം ആരംഭിച്ചു. ഏറ്റവും എടുത്തു പറയേണ്ടത് നാട്ടുകാരായ യുവാക്കളുടെ സഹകരണമാണ്.

പുലിയെ പിടിക്കാനുള്ള രണ്ട് മുഖ്യവഴികളാണ് മയക്കു വെടിയും കെണിയും. കടല്‍ക്കരയിലെ കല്‍ക്കെട്ടില്‍ ഒളിച്ചിരിക്കുന്ന പുലി രാത്രി രണ്ട് മുതല്‍ മൂന്നു വരെയുള്ള സമയത്താണ് പുറത്തിറങ്ങുന്നത്. രാത്രി മയക്കുവെടി വക്കുക പ്രായോഗിക ബുദ്ധിമുട്ടുള്ള സംഗതിയാണ്, മാത്രവുമല്ല വെടിയേല്‍ക്കുന്നതോടെ ഓടി മടയില്‍ കയറിയാലും പരിഭ്രമത്തില്‍ വെള്ളത്തില്‍ ചാടിയാലും പുലിയുടെ മരണം ഉറപ്പ്. അതിനാല്‍ ആ വഴി ഉപേക്ഷിച്ച് കെണിയൊരുക്കി കാത്തിരുന്നു. എന്നാല്‍ പരിസരവുമായി അത്രയേറെ ഇണങ്ങി, പരിചയിച്ച പുലി കെണിയില്‍ കയറിയില്ല. കെണിവച്ച കൂടിന്റെ ചുറ്റും ദിവസവും രാവിലെ പ്രത്യക്ഷപ്പെടുന്ന കാല്‍പ്പടുകള്‍ നാട്ടാരെയും ഉദ്യോഗസ്ഥരേയും നോക്കി കൊഞ്ഞനം കുത്തി. ഈ രണ്ട് പരമ്പരാഗത വഴികളും പ്രയോജനപ്പെടാതെവന്നത് ഏവരേയും ഒരുപോലെ സമ്മര്‍ദ്ദത്തിലാഴ്ത്തി. ഈ അവസരത്തില്‍ എത്തിയ വനം വകുപ്പ് വെറ്ററിനറി ഓഫീസേഴ്സ് എന്റെ സുഹൃത്തുക്കളായതിനാല്‍ ഞാനും ആ ടീമില്‍ രാത്രി കൂടാന്‍ തീരുമാനിച്ചു. വല വിരിച്ച് പുലിയുടെ വഴികള്‍ തടയുകയും അത് വഴി അതിന്റെ ഭക്ഷണ ലഭ്യത തടയുകയും ചെയ്യുക എന്നതായിരുന്നു ആവിഷ്കരിക്കപ്പെട്ട പുതിയ പദ്ധതി. നിലത്ത് വലവിരിച്ച് അവനെ കുടുക്കിയശേഷം മയക്കുവെടി വച്ച് കൂട്ടില്‍ കയറ്റാം എന്നും പദ്ധതിയിട്ടു. ഈ പദ്ധതിയുടെ ആദ്യ ദിവസം പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ കടന്നുപോയി, പതിവുപോലെ ഞണ്ടും തിന്ന് പുലി അതിന്റെ മാളത്തിലേക്ക് തന്നെ പോയി. രണ്ടാം ദിവസം അല്പം കൂടി അപകട സാദ്ധ്യതയുള്ള പദ്ധതിയിലേക്ക് കടന്നു. വലകെട്ടി മറച്ച സ്ഥലത്തിന് തൊട്ടടുത്ത് മയക്കുവെടി തോക്കുമായി കാത്തിരിക്കാന്‍ തീരുമാനിച്ചു. 100 മീറ്റര്‍ ദൂരത്തേക്ക് ഡാര്‍ട്ട് പായിക്കാന്‍ കെല്‍പ്പുള്ള "ഡാന്‍ ഇന്‍ജക്റ്റ്" എന്ന ആധുനിക കാര്‍ബണ്‍ ഡയോക്സൈഡ് റൈഫിളാണ് സംഘത്തിന്റെ കയ്യിലുണ്ടായിരുന്നത്, ടെലസ്കോപ്പുള്ള ലേസര്‍ ഗൈഡ് കൃത്യമായ ഉന്നം തരുമെന്നും കണക്കുകൂട്ടി. രാത്രി ഏറെ വൈകിയിട്ടും യാതൊരു അനക്കവും കാണാനായില്ല, നൈറ്റ് വിഷന്‍ ബൈനോക്കുലറില്‍ നോക്കി കണ്ണ് കഴച്ചത് മിച്ചം. നാലുമണി കഴിഞ്ഞതോടെ മത്സ്യബന്ധന ബോട്ടുകള്‍ കടലിലേക്ക് പുറപ്പെടാനുള്ള ആരവം തുടങ്ങി, പാറക്കെട്ടില്‍ മലര്‍ന്ന് കിടന്ന് ഞങ്ങള്‍ ഉറക്കത്തിലേക്കും.രാവിലെ പരിശോധനക്കിറങ്ങിയ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ആതാ കിടക്കുന്നു മൂന്നുനാല് കാല്‍പ്പാടുകള്‍. പുറത്തിറങ്ങിയ പുലി വലയുടെ അടുത്തെത്തി വെട്ടിത്തിരിഞ്ഞ് പോയ കാല്‍പ്പാടുകളായിരുന്നു അവ. അതിലേറെ ഞെട്ടിച്ചത് വലക്ക് പുറത്ത് കണ്ട പാടുകളായിരുന്നു, ഞങ്ങള്‍ മാര്‍ക്ക് ചെയ്ത മാളം കൂടാതെ മറ്റൊരു വഴിയില്‍ കൂടി അവന്‍ പുറത്തിറങ്ങിയിരിക്കുന്നു, ഭാഗ്യത്തിന് അത് കാവലിരുന്നതിന്റെ എതിര്‍ ദിശയിലായിരുന്നെന്ന്‍ മാത്രം !!

അടുത്ത ദിവസം വെടി പരിപാടി ഉപേക്ഷിച്ചു, വലയില്‍ കുരുങ്ങിയാല്‍ മരുന്ന് നല്‍കാനുള്ള പണി ഞങ്ങളുടെ മേല്‍ ഏല്‍പ്പിച്ച് മയക്കുവെടി ടീം സ്ഥലം വിട്ടു. വൈകിട്ട് പ്രദേശമൊക്കെ നോക്കി, സ്ഥിരമായി നടന്നു വരുന്ന കൂടു സ്ഥാപിച്ച് നായയെ കെട്ടല്‍ പരിപാടികള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. പുലി വരാനുള്ള സാദ്ധ്യത വളരെ വിദൂരമാണെന്ന് കണക്കാക്കി വിശ്രമിക്കാനാണ് മടങ്ങിയത്. എന്നാല്‍ മൂന്നുനാലു‍ ദിവസമായി വയറു നിറയെ ഭക്ഷണം കഴിക്കാന്‍ കിട്ടാതിരുന്ന പുലിക്ക് ജീവിതം മടുത്തു, ഒരാഴ്ചയായി തന്റെ മുന്നില്‍ തുറന്നു വച്ചിരുന്നിട്ടും കയറാതിരുന്ന കൂട്ടില്‍ കയറാന്‍ സ്വയം തീരുമാനിച്ച് വന്ന് കയറി. രാത്രി ഒരു മണിക്ക് കെണിയില്‍ വീണ വിദ്വാനെ ഉടനെ തന്നെ വയനാട്ടിലേക്ക് കൊണ്ടുപോയി, പരിശോധനക്ക് ശേഷം കാട്ടിലേക്ക് തുറന്നുവിട്ടു. മൂന്നു ദിവസം ഉറക്കമിളച്ച് നടന്നിട്ടും അവസാ‍നമായി ചങ്ങാതിയെ ഒന്ന് കാണാനുള്ള അവസരം കിട്ടിയില്ലെന്നൊരു വിഷമം മാത്രം ബാക്കിയായി.

പിന്‍കുറിപ്പ്:
പുലിയെപ്പിടിച്ചതില്‍ തദ്ദേശ വാസികളായ സ്ത്രീകള്‍ ദുഖിതരാണ്, കഴിഞ്ഞ കുറേ ദിവസങ്ങളായി നാട്ടില്‍ പരിപൂര്‍ണ്ണ ശാന്തതയായിരുന്നത്രെ. പുലി പേടി കാരണം എല്ലാവരും നേരത്തെ വീട്ടിലെത്തുന്നു, "മറ്റ് രാത്രി യാത്രകള്‍" ഇല്ല, സ്വസ്ഥം ശാന്തം. ഇനി വീണ്ടും എല്ലാം പഴയപടിയാകുമല്ലോ എന്നാണ് പരാതി.പുലിമടകള്‍

പുലിയെത്തേടി ഒരു സായാഹ്നം

36 comments:

അനിൽ@ബ്ലോഗ് said...

ഒരു പുലി കഥ.

ശ്രീ said...

അവസാനം ജീവിതം മടുത്ത് പാവം പുലി ജീവന്‍ ത്യഗിയ്ക്കാന്‍ തീരുമാനിച്ച് കൂട്ടില്‍ വന്ന് കയറി അല്ലേ?
:)

പിന്‍കുറിപ്പ് ഇഷ്ടമായി

mini//മിനി said...

ഇവിടെ കണ്ണൂരിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന, പെട്ടന്ന് മറഞ്ഞുകളയുന്ന പുലികൾ ധാരാളം ഉണ്ട്. അത് പിടികിട്ടാപുലികൾ ആയി ഇപ്പോഴും തുടരുന്നു.

കുമാരന്‍ | kumaran said...

പുലിക്കഥ കലക്കി.

shaji-k said...

ഇതൊരു സംഭവമാണല്ലോ.അത്ഭുതമായിരിക്കുന്നു തീരദേശ, കാടൊന്നും ഇല്ലാത്ത ഒരു കേരള ഗ്രാമത്തില്‍ പുലി !!.അങ്ങിനെ ഒരു പുലി പിടുത്തത്തില്‍ പങ്കാളി ആകാന്‍ പറ്റി അല്ലേ.

ഷാജി ഖത്തര്‍.

പട്ടേപ്പാടം റാംജി said...

ഇത്തരം ഒരു പ്രദേശത്ത്‌ പുലി ഇറങ്ങി എന്നത്‌ അത്ഭുതം തന്നെ.
ഇത്തരം അനുഭവങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്.

ramanika said...

ആ നാട്ടിലെ സ്ത്രീകള്‍ ഒരു സങ്കട ഹര്‍ജി പുലിക്കു കൊടുത്ത് പുലിയെ തിരെകെ കൊണ്ടുവരുമോ ?
വിവരണം മനോഹരം

poor-me/പാവം-ഞാന്‍ said...

പുലി മുട്ട് നിര്‍മ്മിച്ച ഈ സറ്ക്കാരിന്റെ നടപടിയില്‍ പ്രതിഷെധിച്ചുകൊണ്ടു ഇന്നു നടക്കുന്ന ജാഥയിലും...

ഇതൊരു പുപ്പൊലിയായിരുന്നു..
“ചിലര്‍” പട്ടിണിയിലായി...തല്‍ക്കാലം

അരുണ്‍ / Arun said...

അതില്‍ പിന്നെ തൊട്ടടുത്ത നാട്ടില്‍ കാണുന്ന കാട്ടുപൂച്ച (കോക്കാന്‍ പൂച്ച)മുഴുവന്‍ ചെറുപുലികളായി മാറുകയും നാട്ടില്‍ പരിഭ്രാന്തി പരത്തുകയും ചെയ്തു.

ആര്‍ദ്ര ആസാദ് / Ardra Azad said...

നല്ലകാര്യം.എന്തായാലും തൊടുപുഴയിലെ ചേട്ടന്‍‌മാര്‍ ചെയ്യ്‌തപോലെ പുലിയെ തല്ലികൊന്നിലല്ലൊ.

ജിവി/JiVi said...

ഈ അനുഭവം പുലിയാ, പുലി. ഈ വിവരണം പുപ്പുലിയാ.

ചിന്തകന്‍ said...

പുലി കഥ കൊള്ളാം...

ഇനി പുലി ചേര്‍ത്തു സ്ഥലപേരുള്ളവരൊക്കെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. വല്ല പുലികളും ഇത് പോലെ തെറ്റിദ്ധരിച്ചാല്‍ സംഗതി കുഴപ്പമാകും :)

വീ കെ said...

ആ പുലിയെ പിടിച്ചത് മണ്ടത്തരമായീന്നു പറഞ്ഞാൽ മതീല്ലൊ....!!

പുലിയുള്ള നാളുകളിൽ സമധാനത്തോടെ കഴിഞ്ഞിരുന്ന കുടുംബിനികൾ വീണ്ടും പഴയതു പോലെ ആയില്ലെ...?!!

പുലിക്കഥ നന്നായി..
ആശംസകൾ...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

പുല്യേയ്..

ബാബുരാജ് said...

പാവം പുലി!

krishnakumar513 said...

വളരെ അസുലഭമായ അവസരമായിരുന്നു അല്ലേ?നന്നായി അവതരിപ്പിച്ചു....

Typist | എഴുത്തുകാരി said...

പത്രത്തില്‍ വായിച്ചിരുന്നു.ഞാനും വിചാരിച്ചു, കാടൊന്നും ഇല്ലാത്ത, കടല്‍തീരത്ത് പാറക്കുള്ളില്‍ എങ്ങിനെയാ പുലി ജീവിക്കുന്നതെന്ന്‌. അന്നു് വലക്കു പുറത്തുകടന്നപ്പോള്‍ നിങ്ങളുടെ വഴിക്കു വന്നിരുന്നെങ്കില്‍, പുലിക്കു നല്ല കോളായേനേ :)

വാഴക്കോടന്‍ ‍// vazhakodan said...

അപ്പോള്‍ ഇതാണല്ലേ സദാചാരപ്പുലി :)പിന്‍ കുറിപ്പും കലക്കി !

കാക്കര - kaakkara said...

നന്നായിട്ടുണ്ട്‌... അവതരണവും പിൻകുറിപ്പും.

ഇനി ഒരു സംശയം ബാക്കിയായി.

വല്ല പണചാക്ക്‌ വളർത്തിയിരുന്ന പുലിയായിരുന്നോ? നാട്ടുകാർപോലും കാണാതെ വയനാട്ടിലേക്ക്‌ കൊണ്ടുപോയതുകൊണ്ട്‌ ചോദിച്ചതാ.


തൊടുപുഴയിലെ പുലിയ്‌ക്ക്‌ അങ്ങനേയും ഒരു കഥ കേട്ടിരുന്നു!

ബിനോയ്//HariNav said...

ഗുണപാഠം: നാനാതരം ദൈവങ്ങളും അവരുടെ കൈക്കാരും ഉഴിഞ്ഞും പിഴിഞ്ഞും കൊന്നും കൊണ്ടും ശ്രമിച്ചിട്ടും പുലരാത്ത സദാചാരം ഒരു പുലി പുഷ്പം പോലെ നടപ്പാക്കി :))

Faizal Kondotty said...

കൊള്ളാം ഈ നാട്ടു വര്‍ത്തമാനം , രസകരമായി അവതരിപ്പിച്ചിരിക്കുന്നു ..

അപ്പൊ ഗതി കേട്ടാല്‍ പുലി പുലിമുട്ടിലും ഇറങ്ങും .. :)

Sulthan | സുൽത്താൻ said...

അനിൽ,

പുലിയെപേടിച്ചാണ്‌, അവന്റെ ഒരു പാസ്പോർട്ട്‌ സൈസ്‌ ഫോട്ടോയെങ്കിലും ബ്ലോഗിലിടാത്തത്‌ എന്ന് പറഞ്ഞാൽ, അത്‌ പുലിക്കിഷ്ടപെടുമോ?.

പുലിമൂട്ടിൽ എന്ന ബ്ലോഗിൽ പുലികയറുമോ?


അതിസാഹസികമായ ഒരു ദൗത്യത്തിൽ പങ്കാളിയാകുവാൻ കഴിഞ്ഞല്ലോ. അഭിനന്ദനംസ്‌.

Sulthan | സുൽത്താൻ

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

പുലികഥ വായിച്ചു. അവസാനം പുലിയെ കിട്ടാതിരുന്നെങ്കിൽ പിന്നെ സമാധാനത്തോടെ ഉറങ്ങാൻ കഴിയുമായിരുന്നില്ല. അതിൽ പങ്കാളിയാവാ‍ൻ കഴിഞ്ഞല്ലോ..

വർഷങ്ങൾക്ക് മുന്നെ എന്റെ നാടിന്റെ അടുത്ത് പുലിയിറങ്ങി.. എന്റെ ഒരു സുഹൃത്തിന്റെ വീട്ടിന്റെ അടുക്കള ഭാഗത്ത് അവന്റെ ഉമ്മയാണ് പുലിയെ കണ്ടത്. പിന്നെ പോലിസും ഫോറസ്റ്റും ആയി ബഹളമയം രണ്ട് ദിവസം..അവിടെ നിന്ന് പുലിയെ കിട്ടിയില്ല. പുലി അവിടെ വന്നിട്ടുള്ളതായി സ്ഥിരീകരിക്കപ്പെട്ടിരുന്നു. അവസാനം സുഹൃത്തിന്റെ പേരിന്റെ കൂടെ പുലി എന്ന് ചേർക്കപ്പെട്ടു (വെറും സെലി പുലി സെലി ആയി :)

Joker said...

ഈ യടുത്ത് ഒരു പുലിയെ നാട്ടുക്രാരെല്ലാം കൂടി കൊന്ന വാര്‍ത്ത പത്രത്തില്‍ വന്നിരുന്നു. ഇതേതായാലും ആ പാവത്തിനെ തിരിച്ച് കാട്ടില്‍ കൊണ്ട് ചെന്ന് വിട്ടല്ലോ.

ഇത് ഒന്നൊന്നര പുലിയാണ്. :)

ജയകൃഷ്ണന്‍ കാവാലം said...

വല്ല കാര്യവുമുണ്ടായിരുന്നോ? അത് ഉപദ്രവവും ചെയ്യാതെ അവിടെ മര്യാദക്കു ജീവിച്ചു പോകുവല്ലാരുന്നോ. അതിനെ വെറുതേ എല്ലാവരും കൂടി പിടിച്ചുകൊണ്ടു പോയി. ഒന്നുമില്ലെങ്കിലും ‘എന്‍റെ നാട്ടില്‍ ഒരു പുലിയുണ്ട്’ എന്നെങ്കിലും പറഞ്ഞൂടായിരുന്നോ??? പാവം നിഷ്കളങ്കനായ പുലി.

vrajesh said...

പുലിക്കഥ നന്നായി.
കൂട്ടിലടച്ച് കൊണ്ടു പോകുകയായിരുന്ന പുലിയെ എനിക്ക് കാണാന്‍ ഭാഗ്യം കിട്ടി.രാജകീയമായി പോലീസ് അകമ്പടിയോടെ ഒരു യാത്ര.
ബസ്സില്‍ സൈഡ് സീറ്റിലിരുന്നതു കൊണ്ട് കണ്ടതാണ്.ഒരു വളവില്‍ ഞങ്ങളെ മറികടന്ന് പോയി.

ബിന്ദു കെ പി said...

ഹ..ഹ.. പിൻ‌കുറിപ്പ് നന്നേ രസിച്ചൂ...

suraj::സൂരജ് said...

രസകരമായ വിശദാംശങ്ങള്‍ക്ക് നന്ദി മാഷേയ്....

പെര്‍മനന്റ് ആയി ഒരു പുലിയെ ആ നാട്ടില്‍ പോസ്റ്റുചെയ്യാന്‍ നിങ്ങടെ വകുപ്പ് ഒന്ന് മനസ്സ് വയ്ക്കണം.!

അനിൽ@ബ്ലോഗ് said...

സമയക്കുറവുമൂലം ഓരോരുത്തരെ പേരെടുത്ത് പറഞ്ഞ് മറുപടി പറയാന്‍ പറ്റാത്തതിനാല്‍,ഇതു വഴി വന്ന് അഭിപ്രായം രേഖപ്പെടുത്തിയവരും അല്ലാത്തവരുമായ എല്ലാ ചങ്ങാതിമാര്‍ക്കും ഒന്നിച്ച് നന്ദി പറയുന്നു.

വളരെ ത്രില്ലിങായ ഒരു അനുഭവമായിരുന്നു, ഫോട്ടോകള്‍ വേണ്ട രീതിയില്‍ കിട്ടിയില്ല. സമാനമായ ഒരു അവസരം കിട്ടണമെങ്കില്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിയും. ഭാഗ്യമുണ്ടെങ്കില്‍ ഉടനെ സാധിച്ചെന്നും വരും, ഒരു പുലികൂടി അവിടെ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

ഒരു കാര്യം വ്യക്തമായി, പലരും സൂചിപ്പിച്ചപോലെ നാട്ടില്‍ ഒരു അച്ചടക്കം ഉണ്ടക്കാന്‍ ഈ പുലിക്ക് പറ്റി. അപ്പോള്‍ ഭയമുണ്ടായാല്‍ അച്ചടക്കം പാലിക്കാന്‍ കേരളീയന് അറിയാം, നിയമത്തെയും ശിക്ഷയേയും ഭയക്കേണ്ട എന്ന് തോന്നുന്നതിനാലാണ് ഇന്ന് നാട്ടില്‍ നടക്കുന്ന പലതും നടക്കുന്നത്.

MANIKANDAN [ മണികണ്ഠന്‍‌ ] said...

കാട്ടില്‍ നിന്നും കടലുകാണാന്‍ എത്തി അവിടെ താമസമാക്കിയ പുലി വീണ്ടും കാട്ടിലായി. ഈ സാഹസീക ദൌത്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിനു അഭിനന്ദനങ്ങള്‍. ഇവിടെ പെരിയാറിലൂടെ വ്യവസായ നഗരമായ ഏലൂര്‍ വരെ പുലിയിറിങ്ങിയ വാര്‍ത്തകള്‍ വായിച്ചിട്ടുണ്ട്. ഇപ്പോള്‍ കടല്‍ വരെ ആരേയും ശല്യം ചെയ്യാതെ എത്തിയല്ലൊ.

OAB/ഒഎബി said...

നമ്മള്‍ ഇരു കാലികള്‍ കാട് കേറി ചിന്തിക്കാനും
കാടടച്ച് വെടിവെക്കാനുമൊക്കെ എന്ന് തുടങ്ങിയൊ അന്ന് മുതല്‍, ഇരു കാലികളെ മയക്ക് വെടി വക്കാനും കെണിയിലാക്കാനുമറിയാത്ത പാവം വന്യമൃഗങ്ങള്‍ നാട് കീഴടക്കാതെ തരമില്ലെന്ന് കണ്ട് ഇറങ്ങി പുറപ്പെട്ടു. അതും ആഘോഷമാക്കി നമ്മള്‍ ഇരു കാലികള്‍.

അങ്ങനെ പുലി മുട്ട് എന്തെന്ന് നമ്മള്‍ക്കും മനസ്സിലാക്കി തന്നു ഈ പുലി

പോസ്റ്റ് വായിക്കാന്‍ രസമുണ്ടായിരുന്നു ട്ടൊ.

ഹരീഷ് തൊടുപുഴ said...

പുലിയെപ്പിടിച്ചതില്‍ തദ്ദേശ വാസികളായ സ്ത്രീകള്‍ ദുഖിതരാണ്, കഴിഞ്ഞ കുറേ ദിവസങ്ങളായി നാട്ടില്‍ പരിപൂര്‍ണ്ണ ശാന്തതയായിരുന്നത്രെ. പുലി പേടി കാരണം എല്ലാവരും നേരത്തെ വീട്ടിലെത്തുന്നു, "മറ്റ് രാത്രി യാത്രകള്‍" ഇല്ല, സ്വസ്ഥം ശാന്തം. ഇനി വീണ്ടും എല്ലാം പഴയപടിയാകുമല്ലോ എന്നാണ് പരാതി.


ഹഹാ..!!
അതു കൊള്ളാം..

tagskie said...

hi.. just dropping by here... have a nice day! http://kantahanan.blogspot.com/

നിയ ജിഷാദ് said...

പോസ്റ്റ്‌.. നന്നായി..

ഡോ.വാസുദേവന്‍ നമ്പൂതിരി said...

ആനയെ മയക്കുവെടിവെക്കാനും
പുലിയെ ജീവനോടെ പിടിക്കാനും
ജീവന്‍ പണയം വെച്ച്
ഒരു കൂട്ടം മനുഷ്യര്‍ നടക്കുന്ന കാര്യം
പലര്‍ക്കുമറിയില്ല.

Kumar said...

എന്റെ സ്ഥലത്തിന്റെ പേരു “ പുലിയൂര്‍ “ എന്നാണേ...
പുലികള്‍ എല്ലാം കൂടി ഇനി എന്നാണു അങോട്ടു വരുന്നെതെന്നറിയില്ല..... :(