3/02/2010

ബ്ലോഗ് എന്ന പ്രതിമാദ്ധ്യമം (Counter Media)

പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകനായ ശ്രീ സായ്നാഥിന്റെ മുന്‍കൈ പ്രവര്‍ത്തന ഫലമായി ഒരു കൂട്ടം ജേര്‍ണലിസ്റ്റുകള്‍ ചേര്‍ന്ന് പുറത്തിറക്കാനാരംഭിച്ച ഹൌസ് മാഗസിനായിരുന്നു പ്രതിമാദ്ധ്യമം (Counter Media). പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ക്ക് എതിര്‍ ദിശയിലൊഴുകുക എന്ന ലക്ഷ്യവുമായി ആരംഭിച്ച പ്രസ്തുത സംരംഭം ഏതാനും ലക്കങ്ങള്‍ക്ക് ശേഷം നിശ്ചലമായി എന്നത് സ്വാഭാവികം. എന്നിരുന്നാലും ഇത് മുന്നോട്ട് വച്ച ആശയങ്ങള്‍ക്ക് ഇന്ന് പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണ്.

എന്തുകൊണ്ട് ഒഴുക്കിനെതിരെ എന്ന ചോദ്യം ഇവിടെ പ്രസക്തമാവുകയാണ്. ലോക മാദ്ധ്യമ രംഗം ഇന്നെത്തി നില്‍ക്കുന്ന അവസ്ഥ ഒന്നു വിശകലനം ചെയ്താല്‍ ഉത്തരം സ്വയം തെളിഞ്ഞു വരുന്നതായി കാണാം. അച്ചടി മാദ്ധ്യമങ്ങളും ടെലിവിഷന്‍ ചാനലുകളും ലോകമെമ്പാടും പടര്‍ന്നു പന്തലിച്ചിരിക്കുന്നു. ഇവയുടെ പൊതു സമീപനം പരിശോധിച്ചാല്‍ മൂന്നു കാര്യങ്ങളാണ് വ്യക്തമാവുന്നത്.
1) സ്ത്രീ വിരുദ്ധത
സ്ത്രീയെ ഒരു കമ്പോള വസ്തുവായി ചിത്രീകരിക്കാന്‍ പ്രധാന പങ്ക് വഹിക്കുന്നു. മാധ്യമങ്ങളിലെ പരസ്യങ്ങള്‍ തുടങ്ങി വാര്‍ത്തകളുടെ ഉള്ളടക്കത്തില്‍ വരെ പ്രകടമായ ത്രീവിരുദ്ധത ദര്‍ശിക്കാനാവും. ലോകമെമ്പാടും ഉയര്‍ന്നു വരുന്ന സ്ത്രീപക്ഷ നിലപാടുകളോട് വിമുഖതയാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്.
2) ന്യൂനപക്ഷ വിരുദ്ധത
ന്യൂനപക്ഷ വിരുദ്ധത എന്നത് ഒരു വിശാല കാഴ്ചപ്പാടില്‍ വിലയിരുത്തപ്പെടേണ്ട പദമാണ്. ഓരോ പ്രദേശത്തിനുമനുസരിച്ച് ഇരകള്‍ മാറാം. തൊലിയുടെ നിറം പരിഗണിച്ചാല്‍ കറുത്തവനെയാണ് ഇരയുടെ വേഷത്തില്‍ നമുക്ക് കാണാനാവുക. മതങ്ങള്‍ പരിഗണിക്കപ്പെട്ടാല്‍ ഒരോ പ്രദേശത്തും എണ്ണത്തിലോ സാംസ്കാരിക നിലവാരത്തിലോ പിന്നിട്ട് നില്‍ക്കുന്നവന്‍ വേട്ടയാടപ്പെടുന്നു.
3) തൊഴിലാളി വിരുദ്ധത
പ്രസാധക വ്യത്യാസമില്ലാതെ കാണപ്പെടുന്ന ഒന്നാണിത്. സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് എതിരെയുള്ള പ്രചരണങ്ങളിലും പ്രവര്‍ത്തനങ്ങളിലും മുഖ്യ പങ്ക് വഹിക്കുന്നത് മുഖ്യ ധാരാ മാദ്ധ്യമങ്ങളാണ്. പണിയെടുക്കുന്നവനെ ഇവര്‍ ഭയപ്പെടുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും ഇന്ന് പ്രകടമായ മാദ്ധ്യമ സംസ്കാരത്തിന്റെ വേരുകള്‍ തേടി ഏറെ അലയേണ്ടതില്ല എന്ന് ഈ വസ്തുതകള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ആഗോള മാദ്ധ്യമങ്ങളുടെ അടിസ്ഥാന സ്വഭാവങ്ങളാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്.

എന്തുകൊണ്ട്:
ഉത്തരം വളരെ ലളിതമാണ്.
1) ആഗോള മാദ്ധ്യമ രംഗം എന്നത് ഒരു വ്യവസായമാണ്. ഈ വ്യവസായത്തെ നിയന്ത്രിക്കുന്നതാകട്ടെ കേവലം എട്ടോളം കുത്തക കമ്പനികള്‍. ജെനറല്‍ ഇലക്ട്രിക്, വാള്‍ട്ട് ഡിസ്നി, ന്യൂസ് കോര്‍പ്പറേഷന്‍ തുടങ്ങിയ കുത്തക ഭീമന്മാരാണിവര്‍, വിവിധ രാജ്യങ്ങളിലായി പടര്‍ന്നു പന്തലിച്ച് നില്‍ക്കുന്നു, ഇവരുടെ സാമ്രാജ്യം. മാദ്ധ്യമങ്ങള്‍ കുത്തക വല്‍ക്കരിക്കപ്പെടുന്നതില്‍ ഭയപ്പെടുന്നതെന്തിന് എന്ന് സംശയിക്കുന്നവരുണ്ടാവാം. ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇവരുടെ കടപ്പാട് ആരോട് എന്ന ചോദ്യത്തിനുത്തരം തേടിയാല്‍ ഈ സംശയവും ദൂരീകരിക്കപ്പെടും. അച്ചടി മാദ്ധ്യമങ്ങള്‍ ഒരു പരിധി വരെ അതിന്റെ വരിക്കാരനോട് കടപ്പെട്ടിരിക്കുന്നു എന്ന് തത്വത്തില്‍ അംഗീകരിച്ചാല്‍ തന്നെ വരിസംഖ്യയെ കവച്ചു വക്കുന്ന മറ്റ് വരുമാനങ്ങള്‍ അവരെ സ്വാധീനിക്കുക സ്വാഭാവികമാണെന്ന് അംഗീകരിക്കേണ്ടി വരും. തന്റെ വരിക്കാരന്‍ നല്‍കുന്ന വരിസംഖ്യയെക്കാള്‍ മറ്റ് മേഖലകളില്‍ നിന്നും ലഭിക്കുന്ന വരുമാനമാണ് ഇവരെ നിയന്ത്രിക്കുന്നത്. വരിസംഖ്യ ആവശ്യമില്ലാത്ത ടെലിവിഷന്‍ ചാനലുകളുടെ കാര്യം കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ, അവന് വരിക്കാരനോട് യാതൊരു ബാദ്ധ്യതയുമില്ല തന്നെ.


2) പത്രമാദ്ധ്യമ വ്യവസായം എന്നത് ഒരു സ്വതന്ത്ര വ്യവസായമല്ലിന്ന്. നിരവധി വ്യവസായങ്ങളും ധനാഗമന മാര്‍ഗ്ഗങ്ങളും കൈവശം വച്ചിരിക്കുന്ന കോര്‍പ്പറേറ്റുകളുടെ ഒരു ഭാഗം മാത്രമാണിന്ന് പത്ര സ്ഥാപനങ്ങള്‍. സ്വഭാവികമായും തങ്ങളുടെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ വളര്‍ച്ചക്ക് കോട്ടം തട്ടുന്ന ഒരു പ്രവര്‍ത്തനങ്ങളിലും ഇവര്‍ ഏര്‍പ്പെടുകയുമില്ല. ഇതിന്റെ ഭാഗമായി ആഗോള മുതലാളിമാരുമായി സന്ധിചെയ്ത് മാത്രമേ ഇവര്‍ക്കൊരു മുന്നോട്ട് പോക്കുള്ളൂ. സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളെ തകര്‍ക്കേണ്ടുന്നതിന്റെ ആവശ്യകത തെളിഞ്ഞു വരുന്നതവിടെയാണ്.

വാര്‍ത്തകളോടോ വായനക്കാരനോടോ കൂറു പുലര്‍ത്തേണ്ടുന്ന അവസ്ഥയില്‍ നിന്നും നമ്മുടെ മുഖ്യ ധാരാ മാദ്ധ്യമങ്ങള്‍ ഏറെ മാറിയിരിക്കുന്നു എന്ന് ഒറ്റ വരിയില്‍ സംഗ്രഹിക്കാം.

ബ്ലോഗ് എന്ന മാദ്ധ്യമം.
നാം സ്ഥിരം പാടുന്ന പല്ലവി ആവര്‍ത്തിക്കുകയാണ്, പുത്തന്‍ യുഗത്തിന്റെ മാദ്ധ്യമമാണ് ബ്ലോഗ്. ഒരു പരിധി വരെ വ്യക്തി വിവരങ്ങള്‍ മറച്ചു വച്ച് എഴുതാനാവും എന്നത് ഇതിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. മുതലാളിയുടെ നയസമീപനത്തെയോ എഡിറ്ററുടെ കത്രികയെയോ ഭയപ്പെടാതെ സത്യത്തിന്റെ മുഖത്തെ തുറന്നുകാണിക്കാനാവുന്ന ഈ മാദ്ധ്യമമാണ് ഇന്ന് "പ്രതിമാദ്ധ്യമം" എന്ന സങ്കല്‍പ്പത്തിലേക്ക് എത്തിച്ചേരാന്‍ നമ്മെ സഹായിക്കുക. ഇതിനെ ഫലപ്രദമായി ഉപയോഗിക്കുക എന്നതിലൂടെ നാം സമൂഹത്തോടെ നീതിചെയുന്നു എന്ന് സ്വയം ബോദ്ധ്യപ്പെടുക. ഇത്തരത്തിലുള്ള മുന്നേറ്റങ്ങളാവട്ടെ നമ്മുടെ ബോഗുകള്‍.

കടപ്പാട്:
കെ.ജി.ഒ.എ മുഖപത്രത്തിന്റെ 25 ആം പതിപ്പിന്റെ പ്രകാശന പരിപാടിയില്‍ ശ്രീ.വെങ്കിടേഷ് രാമകൃഷ്ണന്‍ (ഫ്രണ്ട് ലൈന്‍)നടത്തിയ പ്രഭാഷണം.

28 comments:

അനിൽ@ബ്ലൊഗ് said...

ആ റോള്‍ ഏറ്റെടുക്കാന്‍ നമുക്കാവുമോ?

cALviN::കാല്‍‌വിന്‍ said...

പ്രസക്തമായ പോയിന്റുകള്‍ അനിലേ... ജനറലൈസ് ചെയ്യുന്നില്ലെന്കിലും ബ്ലോഗിംഗിനെ സീരിയസ് ആയും ഉത്തരവാദിത്തബോധത്തോടെയും സമീപിക്കുന്നവര്‍ വളരെ ചുരുക്കമേയുള്ളൂ. എന്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ പല നല്ല ഇടപെടലുകളും ഉണ്ടായിട്ടുണ്ട് എന്നത് കാണാതിരുന്നു കൂടാ..

ഷാരോണ്‍ said...

പ്രതിമാധ്യമം.....നല്ലൊരു സങ്കല്പം തന്നെ....
പക്ഷെ...മുഖ്യ ധാരയുടെ പടിയിലേക്ക് ഒരിക്കല്‍ ഇതും കയറും...
അന്ന് കാണാം എല്ലാ വിരുദ്ധതയും....അതിലുപരി....പെയ്ഡ് ന്യൂസും എല്ലാം ഇവിടെയും കീഴടക്കും...

ഇതൊക്കെ ഇങ്ങനെ തന്നെ നിക്കും ഭായി...പിന്നെ ആശിക്കാം...ആശങ്കപ്പെടാം...ശ്രമിക്കാം

റ്റോംസ് കോനുമഠം said...

അനിലേട്ടാ,
ബ്ലോഗെഴുത്ത് സീരിയസ്സായി കണ്ട് എഴുതുന്നവര്‍ വളരെ കുറവാണ്‌. എല്ലാവരും ഒരു രസത്തിന്‌ എന്തേലും എഴുതനമല്ലോ എന്ന് വെച്ച് എഴുതുന്നവര്‍ മാത്രമാണ്‌. അല്ലതെ എഴുതുന്നവരും, നല്ല ബ്ലോഗുകളും ഇല്ല എന്നല്ല, ന്മ്മല്‍ അതിനെ വേണ്ട തീവ്രതയോടെ സമീപിക്കേണ്‍റ്റിയിരിക്കുന്നില്ലേ എന്നാണ്‌ ചോദ്യം.

chithrakaran:ചിത്രകാരന്‍ said...

കംബ്യൂട്ടര്‍ ടെലിവിഷന്‍പോലെ വീടുകളില്‍ സാര്‍വ്വത്രികമാകുന്നതോടെ
ജനങ്ങള്‍ ബ്ലോഗിലൂടെ സമൂഹത്തിന്റെ രാഷ്ട്രീയം പ്രതിഫലിപ്പിക്കുകതന്നെ ചെയ്യും.

vasanthalathika said...

ബ്ലോഗിലെഴുതുംപോള്‍ സ്വന്തം ഭാഷയെപ്പറ്റി കുറേക്കൂടി ബോധം വേണം .അന്തസ്സുറ്റ ഭാഷ ഉണ്ടായിരിയ്ക്കണം.നിലവാരമുള്ള കമന്റുകള്‍ വേണം. ഒരു പ്രതിമാധ്യമത്തിന്റെ യോഗ്യത അപ്പോഴേ വരൂ.''അഹോ സ്വരം..അഹോ ശബ്ദം..'' എന്ന പരസ്പരപ്രശംസകളാണ് ഇപ്പോള്‍ ഏറെയും.അവനവന്‍ പ്രസാധനത്തിന്റെ സാധ്യതകള്‍ ഏറെയുണ്ട്.പക്ഷെ ഇന്ന് ആ സാധ്യത വേണ്ട രീതിയില്‍ പ്രയോജനപ്പെടുതുന്നുന്ടോ?

കാക്കര - kaakkara said...

ബ്ലോഗ് ഒരു പ്രതിമാദ്ധ്യമം ആണ്‌ എന്നുള്ള കാര്യത്തിൽ ഒരു സംശയവും വേണ്ട, നാളെ ശക്തമായ മറ്റൊരു പ്രതിമാദ്ധ്യമം വരുന്നത്‌ വരേയ്ക്കും ബ്ലോഗും നിലനില്ക്കും. മലയാളംബ്ലോഗ്‌ ഇപ്പോഴും ശൈശവ ദശയിൽ തന്നെയാണ്‌, മാറ്റം വരുമെന്ന്‌ പ്രതീക്ഷിക്കാം, പരിശ്രമിക്കാം.

മാദ്ധ്യമങ്ങളുടെ പൊതുസമീപനവും കാരണവുമെല്ലാം പോസ്റ്റിൽ വളരെയധികം സാമാന്യവത്ക്കരിച്ചിരിക്കുന്നു എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.

നന്ദന said...

ഗൌരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന ബ്ലോഗ്ഗുകൽ കാണുന്നത് ആശാവഹം തന്നെ, പ്കഷെ കണ്ട് വരുന്നത് ബ്ലൊഗ്ഗ് പുലികളിൽ പലരും നല്ല എഴുത്ത് വരുമ്പോൽ മറ്റ് മാധ്യമങ്ങളിലേക്ക് മാറുന്നതാണ്. അവർ പിന്നെ ബ്ലോഗിലേക്ക് തിരിഞ്ഞ് നോക്കുക പോലും ചെയ്യുന്നില്ല.


എല്ലാ വീട്ടിലും കമ്പ്യൂട്ടറും നെറ്റും വരാൻ നമ്മൽ ഇനിയും ഒരുപാട് കാത്തിരിക്കണം, ഏറ്റവും ചുരുങ്ങിയത് അമ്പത് വർഷമെങ്കിലും. ഇപ്പോഴത്തെ റ്റിവിയുടെ വിലയിലേക്ക് കമ്പ്യുട്ടറും നെറ്റും വരുന്ന ആകാലം എത്ര വിദൂരം.

പ്രതിമാധ്യമം എന്ന നിലയിൽ ബ്ലോഗ് എത്രത്തോളാം വിജയിച്ചിട്ടുണ്ട് എന്ന് പറയാൻ കഴിയില്ല, കാരണം ബ്ലോഗിലും പല വാദപ്രതിവാതങ്ങളും നടക്കുന്നത് മുഖ്യധാരാ മാദ്ധ്യമങ്ങള്‍ക്ക് കുഴലൂത്ത് നടത്തികൊണ്ടാണ് എന്ന് കാണാൻ കഴിയും.


പിന്നെ ബ്ലോഗിൽ നടക്കുന്ന ഒരുകാര്യം മനുഷ്യമനസ്സിനെ ഹിജാക്ക് ചെയ്യലാണ്. സമൂഹത്തിലെ ഏത് കൊള്ളരുതായ്മക്കും ചൂട്ടുപിടിക്കുന്ന വാദങ്ങളുമായാണ് മിക്കവരും ബ്ലോഗ് എഴുതുന്നത്, ഇതിൽ നിന്നും വ്യത്യസ്തമായി ചുരുക്കം ചിലർ മനുഷ്യരുടെ നന്മ മാത്രം ഉദ്ദേക്കുന്നതായികാണുന്നത് ഇത്തിരിയെങ്കിലും ആശ്വാസം നൽകുന്നുണ്ട് എന്നു പറയാതിരിക്കാൻ നിർവാഹമില്ല.

Rare Rose said...

ബ്ലോഗെന്ന പ്രതിമാദ്ധ്യമത്തെ പറ്റി കാര്യകാരണ സഹിതം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു മാഷേ.

മുഖം നോക്കാതെ,ആരെയും ഭയക്കാതെയുള്ള, സത്യസന്ധമായ നിലപാടുകള്‍ വിളിച്ചു പറയാന്‍ ബ്ലോഗിലൂടെ കഴിയുമെന്നത് ആശ്വാസകരം തന്നെ.ആ ഒരു ഗുണം ഉപയോഗപ്പെടുത്താന്‍ കഴിയുന്നവര്‍ മുന്നോട്ടിനിയും കടന്നു വരട്ടെ..

ജിവി/JiVi said...

മലയാളത്തിലെ മുഖ്യധാരാമാധ്യമങ്ങളുടെ നെറികേടുകള്‍ നിരന്തരം തുറന്നുകാട്ടുന്ന ഒരു ബ്ലോഗ് ഉണ്ടാവേണ്ടിയിരിക്കുന്നു. ചുരുങ്ങിയത് ആ റോള്‍ എങ്കിലും നമുക്ക് ഏറ്റെടുക്കാനാവും.

അപ്പൂട്ടന്‍ said...

അനിൽ,
കോർപ്പറേറ്റ്‌ ബന്ധനങ്ങൾ ഒന്നുമില്ലെങ്കിലും ബ്ലോഗിൽ ഇടയ്ക്കെങ്കിലും താങ്കൾ പറഞ്ഞ സമീപനങ്ങൾ കാണാറുണ്ട്‌. സാമൂഹികമായി ആർജ്ജിച്ച ചിന്താഗതികളോ ഇപ്പറയുന്ന മാധ്യമസ്വാധീനമോ ഒക്കെ ബ്ലോഗർമാർക്കിടയിലും കാണാം. അതിലുമൊക്കെ അപ്പുറം ചേരിതിരിഞ്ഞുള്ള ചർച്ചകളും. പലചർച്ചകളിലും പോസ്റ്റിടുന്നവരെയോ കമന്റിടുന്നവരെയോ ബ്രാക്കറ്റ്‌ ചെയ്തതിനുശേഷമാണ്‌ സംവാദങ്ങൾ തുടങ്ങുന്നതുതന്നെ.

ഇതൊക്കെയുണ്ടെങ്കിലും സംവാദങ്ങൾക്ക്‌ വഴിതുറക്കാം എന്നതിനാൽ തന്നെ ബ്ലോഗിന്റെ സാധ്യതകൾ വളരെ കൂടുതലാണ്‌. ഇതെത്ര ജനകീയമാകും എന്നതിലേ സംശയമുള്ളു. ഒരുപക്ഷെ, ചിത്രകാരൻ പറഞ്ഞതുപോലെ, കമ്പ്യൂട്ടർ എല്ലാ തലത്തിലും ലഭ്യമായാൽ ബ്ലോഗിങ്ങ്‌ കൂടുതൽ ജനകീയമായേക്കാം.

സൂക്ഷിക്കേണ്ട കാര്യം, നിലവിലുള്ള എന്തും വ്യത്യസ്തമായ കണ്ണിലൂടെ കാണണം എന്ന നിർബന്ധം മൂലം വരാവുന്ന അനാവശ്യവാദഗതികളേയാണ്‌. സമാധാനപരമായ ചർച്ചകൾ സാധ്യമല്ലെന്ന അവസ്ഥ വന്നാൽ പലരും വിട്ടുപോയേയ്ക്കും.

മണിഷാരത്ത്‌ said...

ബ്ലോഗ്ഗ്‌ ഇന്നത്തെ നിലയില്‍ ആ നിലയില്‍ എത്തിയിട്ടില്ല.വളരേ വിരലിലെണ്ണാവുന്നവര്‍ മാത്രമെ ഈ ബ്ലോഗ്ഗുകള്‍ കാണുകയും വായിക്കുകയും ചെയ്യുന്നുള്ളൂ.എന്നാല്‍ ഭാവിയില്‍ പ്രതിമാദ്ധ്യമം എന്ന റോളിലേക്ക്‌ വരുമെന്ന് പ്രത്യാശിക്കാം.അല്ലങ്കില്‍ വരേണ്ടിയിരിക്കുന്നു.

അനിൽ@ബ്ലൊഗ് said...

കാല്വിന്‍,
മലയാളം ബ്ലോഗിനെ ജനറലൈസ് ചെയ്യാമെന്ന് തന്നെയാണ് നിലവിലെ അവസ്ഥ.ശൈശവ ദശയിലായ നമ്മള്‍ വളരുന്നതിന്റെ ഭാഗമായി ഗൌരവമായ പ്രവര്‍ത്തനങ്ങളിലേക്ക് എത്തിച്ചേരും എന്ന് തന്നെ പ്രതീക്ഷിക്കാം.

ഷാരോണ്‍,
ആശിക്കമാത്രം ചെയ്താല്‍ പോരാ, അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം.

റ്റോംസ് കോനുമഠം,
എല്ലാവരും എല്ലാം സീരിയസാ‍യി എഴുതണം എന്നല്ല. ലേഖനങ്ങള്‍ കഥകള്‍ കവിതകള്‍ തുടങ്ങി സമസ്തമേഖലയും കവര്‍ ചെയ്യാനാവുന്ന ഈ മേഖലക്ക് ഇത്തരം ഒരു സമീപനം കൂടി ആവാം, ആവണം.

ചിത്രകാരന്‍,
തീര്‍ച്ചയായും ഇന്റ്റര്‍ നെറ്റില്‍ എത്തിപ്പെടുന്ന് ശരാശരി മലയാളികളുടെ എണ്ണം പരിമിതമാണ്. പക്ഷെ നിലവിലെ സ്ഥിതിയില്‍ തന്നെ നമുക്ക് ചെയ്യാനാവുന്ന ഒരുപാട് കാര്യങ്ങള്‍ ബാക്കി നില്‍ക്കുന്നു എന്ന് ഒരു തോന്നല്‍.

vasanthalathika,
അന്തസുറ്റ ഭാഷക്കും കമന്റിനും വേണ്ടി എഴുത്തുകാരനും വായനക്കാരനും മാറേണ്ടിവരും. ബ്ലോഗെഴുത്തുകാര്‍ തന്നെയാണ് മുഖ്യമായും ഇപ്പോള്‍ ബ്ലോഗ് വായനക്കാര്‍, അതിനാല്‍ ചില സൌഹൃദ കൂട്ടായ്മകള്‍ ഉയര്‍ന്നു വരിക സ്വാഭാവികം. അതില്‍ നിന്നും ഒരു പടികൂടി ഉയരുക എന്നതാണ് നമ്മുടെ ലക്ഷ്യം.

കാക്കര,
തീര്‍ച്ചയായും സാമാന്യവര്‍ല്‍ക്കരിച്ച സ്റ്റേറ്റ്മെന്റുകളാണ് , പക്ഷെ ആയിരക്കണക്കിനു വരുന്ന മാദ്ധ്യമങ്ങള്‍ ചില പ്രത്യേക വിഷയത്തില്‍ സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ വിലയിരുത്തി മാദ്ധ്യമ പ്രവര്‍ത്തകര്‍ തന്നെ എത്തിച്ചേര്‍ന്ന നിഗമനങ്ങളാണിവ. നമ്മുടെ നാട്ടില്‍ തന്നെ മാദ്ധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്യുന്ന വിഷയങ്ങളെ പരിശോധിക്കുക, ബോദ്ധ്യപ്പെടും.

നന്ദന,
വീണ്ടും കമ്പ്യൂട്ടറിന്റെ അക്സസിനെപ്പറ്റി പരാമര്‍ശിച്ചിരിക്കുന്നു, അത് അപ്രധാനമാണെന്നല്ല. നിലവിലെ അവസ്ഥ നാം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചു നോക്കൂ, ഇല്ലെന്ന് കാണാനാവും. മഹാരാഷ്ട്രയെ പിടിച്ചു കുലുക്കിയ ദലിത് കൂട്ടക്കൊല നടന്ന് എത്രയോ ദിവസങ്ങള്‍ കഴിഞ്ഞാണ് മുഖ്യധാരാ മാദ്ധ്യമങ്ങള്‍ ആ വിഷയം പരാമര്‍ശിച്ചത്. ദളിത് ആക്റ്റിവിസ്റ്റൂകള്‍, അവര്‍ നടത്തുന്ന ചില ബ്ലോഗുകള്‍ ഉപയോഗിച്ച് ഈ വിഷയത്തിന്റെ നഗ്ന സത്യങ്ങള്‍ ഇന്റ്റര്‍ നെറ്റില്‍ എത്തിച്ചപ്പോള്‍ മാത്രമാണ് നിവര്‍ത്തിയില്ലാതെ മറ്റ് മാദ്ധ്യമങ്ങള്‍ക്ക് അത് റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നതെന്നാണ് പറയപ്പെടുന്നത്.ഖേര്‍ലാഞ്ചിയെപ്പറ്റിയുള്ള
ഈ ഒരു ബ്ലോഗ് നോക്കൂ, ഇത്ര ശക്തമായ ഒരു ഇടപെടല്‍ ഏതെങ്കിലും വിഷയത്തില്‍ നമ്മളെക്കൊണ്ട് നടത്താന്‍ സാധിച്ചിട്ടുണ്ടോ?

അനിൽ@ബ്ലൊഗ് said...

റോസ്,
“ഒരുനാള്‍ ഞാനും ചേട്ടനെപ്പോലെ വളരും വലുതാകും...” എന്ന പരസ്യത്തെപ്പോലെ ഞാനും പറയുന്നു.

ജിവി,
ഒരുപാട് പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് മലയാളം ബ്ലോഗോസ്ഫിയര്‍ തിരിയുന്നത്. ആ പരിധി മുറിച്ചു കടക്കുക അത്ര എളുപ്പവുമല്ല.

അപ്പൂട്ടന്‍,
മുഖ്യധാരാ മാദ്ധ്യമങ്ങള്‍ നടത്തുന്നതാണ് യഥാര്‍ത്ഥമാദ്ധ്യമ പ്രവര്‍ത്തനമെന്ന ധാരണയില്‍ അതിനെ പകര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ഏറെയുണ്ട്, ഇവിടേയും. എന്നാലും മാറ്റം വരുമായിരിക്കും.

മണിഷാരത്ത്,
മാഷെ,നമ്മളെക്കൊണ്ട് ഒന്നും സാധിക്കില്ലെന്നൊരു ധാരണ വച്ചു പുലര്‍ത്തുന്നതാണ് തെറ്റ്. പറ്റാവുന്നത് ചെയ്യുക, എല്ലാ തയ്യാറെടുപ്പും ആയ ശേഷം പൊരുതാനിറങ്ങാമെന്ന് വിചാരിച്ചിരിക്കണ്ട, ഇപ്പോഴേ തുടങ്ങാമല്ലോ.

കണ്ണനുണ്ണി said...

ഇന്റെര്‍നെറ്റിന്റെ പ്രചാരം വര്‍ധിക്കുന്നത് അനുസരിച്ച് ഓരോ കൊല്ലവും കൂടുതല്‍ കൂടുതല്‍ പേര്‍ ബ്ലോഗ്ഗിലേക്ക്‌ വന്നു കൊണ്ടിരിക്കുന്നു.
അത് കൊണ്ട് തന്നെ എവിടെ വേദി ആണ് നിമിഷം വലുതാവുന്നു. കൂടുതല്‍ ആശയങ്ങള്‍ , സംവാദങ്ങള്‍ എല്ലാം ഉണ്ടാവുന്നു.

പക്ഷെ നിലവാരമുള്ളത് തിരഞ്ഞെടുക്കുക എന്നതും കൂടുതല്‍ പ്രയാസമാവുമായിരിക്കും കുറെ നാള്‍ കൂടി കഴിഞ്ഞാല്‍ . ഒരുപക്ഷെ അത് തന്നെ ആവും ഈ മാധ്യമം ഭാവിയില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും..

Anonymous said...

പുതിയതലമുറയില്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ചെറുപ്പത്തിലേ കിട്ടി തുടങ്ങുന്നതുകൊണ്ട് ,ഇന്റര്‍ നെറ്റിലെ വായനയെ മറ്റു പരമ്പരാഗത വായനയെ ക്കാള്‍ കൂടുതല്‍ ആശ്രയിക്കും എന്നുള്ളതുകൊണ്ട് ബ്ലോഗിന് ഭാവി ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. മുകളില്‍ കണ്ണനുണ്ണി പറഞ്ഞ പോലെ ബ്ലോഗുകളുടെ ആധിക്യം കൊണ്ട് ഒരു തിരഞ്ഞെടുപ്പ് അസാധ്യമായിതീരാനാണ് സാധ്യത.

ഷാജി ഖത്തര്‍.

Typist | എഴുത്തുകാരി said...

ബ്ലോഗുകളുടെ എണ്ണം കൂടിക്കൊണ്ടേയിരി‍ക്കുന്നു. പക്ഷേ സീരിയസ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ വളരെ കുറവു തന്നെയാണ്. വെറുതെ ഒരു രസത്തിനും തമാശയും എഴുതുന്നവര്‍ തന്നെയല്ലേ കൂടുതല്‍. മാര്‍ക്കറ്റും അതിനു തന്നെ.

ഒരു നാള്‍ ഞാനും ചേട്ടനേപ്പോലെ വളരും, വലുതാവും എന്ന പ്രത്യാശ നല്ലതു തന്നെ.

അപ്പു said...

അനിൽ മാഷേ വളരെ പ്രസക്തമായ ലേഖനം. മാധ്യമങ്ങളുടെ ഇന്നത്തെ പോക്കിനെ അവലോകനം ചെയ്ത പോയിന്റുകളും നന്ന്. ഒപ്പം സെൻസേഷൻ അടിസ്ഥാനമാക്കിയുള്ള ന്യൂസ് വിതരണം കൂടീ ചേർക്കാമായിരുന്നു.

ഒരു പ്രതിമാധ്യമം എന്ന നിലയിൽ ബ്ലോഗുകകൾ വളരണമെങ്കിൽ ഇനിയും ഏറെദൂരം പോകേണ്ടതുണ്ട്. ഒരാവശ്യവുമില്ലാത്ത തമ്മിലടികളും പാരവയ്പ്പുകളും തർക്കങ്ങളും മാത്രമാണല്ലോ ഇപ്പോൾ ബ്ലോഗിലും കാണുന്നത്. ഒപ്പം മതം കൂടി എത്തിയതോടെ അത് തനി കേരളസംസ്കാരത്തിന്റെ പരിച്ഛേദമായിമാറിയിട്ടുണ്ട്.

ശ്രീ said...

ബ്ലോഗെഴുത്ത് സീരിയസ്സായി കാണുന്ന കുറച്ചു പേരെങ്കിലും ഉണ്ടല്ലോ. സമീപ ഭാവിയില്‍ തന്നെ ഒരു പ്രതിമാദ്ധ്യമം എന്ന നിലയില്‍ ബ്ലോഗുകള്‍ കൂടുതല്‍ ശ്രദ്ധിയ്ക്കപ്പെട്ടു കൂടായ്കയില്ല

മണി said...

അനില്‍,
പ്രസക്തമായ ലേഖനം.
അനില്‍ ഉദ്ദേശിക്കുന്നതു പൊലെ ബ്ലോഗ്ഗ് എന്ന മാധ്യമം വികസിച്ച് വരുമോ എന്ന് സംശയമുണ്ട്. കൂലിക്കെഴുത്തുകാരെക്കൊണ്ട് ഹൈ ജാക്ക് ചെയ്യാന്‍ കഴിയുമെന്ന് ചില ബ്ലോഗുകളെകിലും തെളിയിച്ചുകൊണ്ടിരിക്കുകയല്ലേ; പിന്നെ പരസ്പരം പുറം ചൊറിയാനും.

നിസ്സഹായന്‍ said...

പ്രതികരണശേഷിയുള്ളവരും എഴുത്തറിയാവുന്നരും ചിന്തിക്കുന്നവരുമായ ബഹുഭൂരിപക്ഷവും നിശബ്ദരായി നിൽക്കുന്നത് ബ്ലോഗ്ഗിനു വെളിയിലാണ്. ബ്ലോഗെന്നത് ഒരു മധ്യവർഗ്ഗവും അവർക്കു മുകളിലുള്ളവരുമായ ന്യൂനപക്ഷത്തിന്റെ കൈയ്യിലെ വെറും വിനോദോപാധിയാണ്. അവർക്കത് ആയുധമായി ഉപയോഗിക്കാനാകില്ലെന്ന് ഇന്നു ചർച്ച ചെയ്യപ്പെടുന്ന പ്രമേയങ്ങൾ തെളിവാണ്. ആഗോളവത്ക്കരണം തന്നെയാണ് ഇത്തരം ഒരു വർഗ്ഗത്തിന്റെ ആവിർഭാവത്തിനും അവർക്ക് കമ്പ്യൂട്ടറും ഇന്റെർനെറ്റുമൊക്കെ പ്രാപ്യമാകുന്ന പശ്ചാത്തലമൊരുക്കിയിരിക്കുന്നതും. ആഗോളവത്ക്കരണം വന്നതു കൊണ്ടല്ലേ, വമ്പിച്ച ജനസംഖ്യാസ്ഫോടനം നടന്നിട്ടും പഴയകാലത്തേക്കാൾ പട്ടിണിയും ദാരിദ്യവും അകലുകയും, ജീവിതനിലവാരം മെച്ചപ്പെടുകയും അതു താഴേക്കിടയിലേക്ക് എത്തുകയും ചെയ്യുന്നുവെന്നുള്ള വാദവും നിലനിക്കുന്നു. അതിന്റെ മറ്റൊരു മുഖമാണ് താങ്കൾ ചൂണ്ടിക്കാണിച്ച സ്ത്രീവിരുദ്ധത, ന്യൂനപക്ഷവിരുദ്ധത, തൊഴിലാളിവിരുദ്ധത. സാമ്രാജ്യത്വത്തിന്റെ മതം കൃസ്ത്യാനിറ്റിയായതുകൊണ്ടു തന്നെ, ന്യൂനപക്ഷവിരുദ്ധത ആഗോളതലത്തിലായാലും ഇന്ത്യയിലായാലും അതു ഇസ്ലാമിനെ ലക്ഷ്യമിട്ടിരിക്കുന്നു. ഇസ്ലാമിൽ നിന്നു തന്നെ ഭീകരരെ സൃഷ്ടിക്കുകയും വാടകയ്ക്ക് ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന സാമ്രാജ്യത്വതന്ത്രം തിരിച്ചറിയപ്പെടുന്നതിൽ നാം പരാജയപ്പെടുന്നു. അതിനും മുഖ്യധാരാ ദൃശ്യശ്രവ്യമാധ്യമങ്ങളും പത്രങ്ങളും സാമ്രാജ്യത്വം വിലക്കെടുത്തവരായതു കൊണ്ടു തന്നെ അവരുടെ പ്രചരണത്തിന് കൂട്ടുനിൽക്കുന്നു. ഇന്ത്യയിലെ കോൺഗ്രസ്സുൾപ്പെടെയുള്ള സവർണ്ണ ഭരണവർഗ്ഗങ്ങൾ, സാമ്രാജ്യത്തോടു ചേർന്ന് കൂട്ടികൊടുപ്പുകാരും പങ്കാളികളും ആകുന്നതിനാൽ അവർക്കും അവരുടെ ഇരട്ട ശത്രുക്കളായ മുസ്ലിംങ്ങളെയും ആദിവാസി- ദളിതരേയും സർവ്വമാന ആയുധങ്ങളും ഉപയോഗിച്ച് അടിച്ചമർത്താൻ സാധിക്കുന്നു. ബ്ലോഗ്ഗറന്മാരെ നയിക്കുന്ന രാഷ്ട്രീയവും ഈ കൂട്ടിക്കൊടുപ്പിനെ പങ്കു പറ്റുന്നതാണെന്ന് അവരുടെ വർഗ്ഗപരവും വർഗ്ഗീയവുമായ പക്ഷപാതിത്വങ്ങൾ വ്യക്തമാക്കുന്നുണ്ട്. കേരളത്തിലെ ദളിതുപീഢനങ്ങൾക്കും സ്ത്രീപീഢനങ്ങൾക്കും നേരെയുള്ള അവരുടെ വിമുഖതന്നെ ഇതിനു തെളിവായുണ്ട്. വൃത്തികേടുകൾ ആരു കാണിച്ചാലും വിളിച്ചു പറയാനുള്ള ആർജ്ജവം അവർക്കില്ല. ആഗോളവത്ക്കരണത്തെ എതിർക്കുന്ന കമ്മ്യൂണിസ്റ്റുകൾ തന്നെ അതിന്റെ ഇരകളായി മാറിയോ എന്നും സംശയിക്കേണ്ട സന്നിഗ്ദ്ധ ഘട്ടത്തിലാണു നാം. എല്ലാം കൊണ്ടും ചിന്തിക്കുന്ന മനുഷ്യർ കൺഫ്യൂഷനിലാണ്. കമ്മ്യൂണിസത്തിന്റെ ജനാധിപത്യവത്ക്കരണവും അതിന്റെ സമൂലമായ പ്രത്യയശാസ്ത്ര അഴിച്ചുപണിയും നടക്കാതെ ആഗോളവത്ക്കരണത്തെ പഠിക്കാനും പ്രതിരോധിക്കാനും കമ്മ്യൂണിസ്റ്റുകൾക്കു കഴിയുമെന്നു തോന്നുന്നില്ല. അപ്പോഴെ നമ്മുടെ കൺഫ്യൂഷനും മാറുകയുള്ളു. അതിനാൽ ഒരു പ്രതിരോധമാധ്യമെന്ന നിലയിൽ ‘ബ്ലോഗ് ’ ശക്തിയാർജ്ജിക്കുമെന്നു പ്രതീക്ഷിക്കുന്നത് അസ്ഥാനത്താണ്.

അയ്യോവേദന്‍ said...

പണ്ടെന്നോ വികടശിരോമണിയുടെ കൂടെ മതനിരപേക്ഷതക്കായി മാഷ് എന്തോ ഒരു സംഗതി തുടങ്ങിയിരുന്നല്ലോ. അതെന്തായി?

അനില്‍@ബ്ലൊഗ് said...

കണ്ണനുണ്ണി,
നിലവാരം എന്നത് ആപേക്ഷികമാണ്, അത് വായനക്കാരനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ എല്ലാ വിഭാഗങ്ങളും പ്രസിദ്ധീകരിക്കപ്പെടുക എന്നതു മാത്രമേ പോംവഴിയുള്ളൂ.

ഷാജി ഖത്തര്‍,
പറഞ്ഞത് ശരിതന്നെ. പക്ഷെ അത്തരം ഒരു ഗൌരവമായ സമീപനമുണ്ടാവുന്നുണ്ടോ എന്നുള്ളതാണ് പരിശോധിക്കപ്പെടേണ്ടത്. ബ്ലോഗൊരു മാദ്ധ്യമമായി വളരുന്ന കാലത്ത് നല്ലതും ചീത്തയും സ്വയം തെളിഞ്ഞു വരും.

എഴുത്തുകാരി,
ചേച്ചീ, അങ്ങിനെ ഒന്നും വേണ്ടന്നെ, കണ്ണിനുമുന്നില്‍ കാണുന്നത് തുറന്നെഴുതിയാല്‍ മാ‍ത്രം മതി.

അപ്പു,
മാഷെ, സെന്‍സേഷനുപിന്നാലെ മാദ്ധ്യമങ്ങള്‍ പായുന്നതെന്തെന്ന് പരോക്ഷമായെങ്കിലും പറഞ്ഞിട്ടുണ്ട്. കേവലം വ്യവസായം മാത്രമാണിന്ന് മാദ്ധ്യമ പ്രവര്‍ത്തനം. ദൃശ്യമാദ്ധ്യമങ്ങള്‍ക്കാവട്ടെ വ്യൂവര്‍ഷിപ്പ് ആണ് വരുമാനത്തിന്റെ അടിസ്ഥാനം, അതിനാല്‍ അത് വര്‍ദ്ധിപ്പിക്കാന്‍ വേണമെങ്കില്‍ കിടപ്പറ രംഗങ്ങളും പ്രക്ഷേപണം ചെയ്യപ്പെട്ടുകൂടായ്കയില്ല, സമീപ ഭാവിയില്‍.

മണി,
സാര്‍, കൂലിയെഴുത്ത് എന്നത് മാദ്ധ്യമ രംഗത്തെ പുത്തന്‍ മുഖമാണ്. കോടിക്കണക്കിന് രൂപ മുടക്കി ചാനലുകള്‍ തുടങ്ങുന്നതും കൃത്രിമമായി വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നതും നാം കണ്ടുകഴിഞ്ഞു, അത് ബ്ലോഗിലും വരണമല്ലോ.

നിസ്സഹായന്‍,
അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നില്ല, വിയോജനങ്ങള്‍ താങ്കളുടെ പോസ്റ്റില്‍ ചെറുതായ് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സി.പി.എം നെ കരിവാരിത്തേക്കാന്‍ കിട്ടിയ ഒരു അവസരമായിട്ടും ഇവിടുത്തെ ചാനലുകളും മറ്റും താങ്കളുടെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന സംഭവങ്ങള്‍ ഏറ്റു പിടിക്കുന്നില്ല എന്നത് തന്നെ ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിവക്കുന്നു.
ഇത്രയധികം പാര്‍ട്ടി ശത്രുക്കളുള്ള ഈ നാട്ടില്‍, മാര്‍ക്സിസ്റ്റുകാരനെന്തുചെയ്യുന്നു എന്ന് ചാനലുകള്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ഈ നാട്ടില്‍, ഇത് പൊതു ചര്‍ച്ചയാവാത്തത് എന്തെന്ന് സാമാന്യബുദ്ധിയില്‍ ചിന്തിച്ചാല്‍ തെളിയുന്നത് ഇതൊരു ദളിത് പീഢമാണ് എന്നതാണെന്ന് വ്യക്തമാവും. പക്ഷെ ഇത്തരം മാദ്ധ്യമ നിലപാടുകളും ചര്‍ച്ച ചെയ്യപ്പെടുന്നില്ല.

അയ്യോവേദന്‍,
ഡോണ്ട് വറി മാഷെ, ഒറ്റ രാത്രി ഇരുണ്ട് വെളുത്താല്‍ ലോകം അവസാനിക്കില്ലല്ലോ.

അനിൽ@ബ്ലൊഗ് said...

ജഗദീശിന്റെ മെയില്‍:

open id wordpress ല്‍ നിന്ന് കമന്റ് ചെയ്യാന്‍ പറ്റുന്നില്ല.

അനില്‍ ബ്ലോഗ് ഒരു മാറ്റം ഉണ്ടാക്കുമെന്ന് തോന്നില്ല. മറ്റു മാധ്യമങ്ങളും തുടക്കത്തില്‍ ഇത്തരം തോന്നല്‍ ഉണ്ടാക്കിയിരുന്നു.
എന്നാല്‍ മാറ്റം ഉണ്ടായവരില്‍ ആ മാറ്റം നിലനിര്‍ത്തുന്നതിന് ബ്ലോഗ് സഹായിക്കുമെന്ന് തോന്നുന്നു. ഇവിടെ സെന്‍സറിങ്ങ് ഇല്ലാതെയല്ലേ പ്രസിദ്ധീകരണം നടക്കുന്നത്.

ജഗദീശ്.

ലതി said...

അനിൽ,
ചില ബ്ലോഗെഴുത്തുകാരെ വായിക്കുമ്പോൾ ഇതു ശരിയാണെന്നു തോന്നാറുണ്ട്. അതുകൊണ്ടുതന്നെ. ആ റോൾ ഏറ്റെടുക്കൽ എളുപ്പമാ.

റോഷ്|RosH said...

track

അനിൽ@ബ്ലൊഗ് said...

ജഗദീശിന് എന്താണ് കമന്റ് ചെയ്യാന്‍ പറ്റാത്തതെന്ന് മനസ്സിലായില്ല, ഓപ്പണ്‍ ഐഡിയില്‍ നിന്നും ഈ പോസ്റ്റില്‍ തന്നെ കമന്റ് ഉണ്ടല്ലോ.

ഇനി വിഷയത്തിലേക്ക് ,മാറ്റം ഉണ്ടായവരില്‍ അത് സ്ഥായിയായി നില നിന്നാലും മതി.

ലതി,
ചേച്ചീ, അത്ര എളുപ്പമാണോ?
ഓഫ്ഫ്: കുറേ കാലമാ‍യല്ലോ കണ്ടിട്ട്, വളരെ തിരക്കായിരിക്കും എന്ന് തോന്നുന്നു.
:)

റോഷ്,
ട്രാക്കോ ? !!!
സന്ദര്‍ശനത്തിനു നന്ദി.

ബിലാത്തിപട്ടണം / Bilatthipattanam said...

ഇവിടെയൊക്കെയുള്ള പോലെ നമ്മുടെ ഈ ബുലോഗവും ഒരു പ്രതിമാദ്ധ്യമമായി, ഇപ്പോഴുള്ള ഈ ശൈശവ ദശവിട്ടെഴുന്നേറ്റ് വളർന്നു വലുതാകും എന്നുള്ള കാര്യത്തിൽ ഒരു സംശയവും വേണ്ട കേട്ടൊ... അനിൽ.