4/09/2010

തച്ചങ്കരിക്കെന്ത് സര്‍വ്വീസ് ചട്ടം

ടോമിന്‍ തച്ചങ്കരിയെന്ന പേര് വളരെ പ്രശസ്തമാണ്.അടുത്തിടെയായി പത്രങ്ങളില്‍ വെണ്ടക്കാ വലുപ്പത്തില്‍ നിരക്കുന്ന ഒരു വിഷയവും ഇതു തന്നെ.
അനുമതിയില്ലാതെ ടിയാന്‍‍ വിദേശത്തുപോയത് ശരിയോ തെറ്റോ?

അനുമതി വാങ്ങി മാത്രം ചെയ്യേണ്ടുന്ന ഒരു പ്രവര്‍ത്തി അനുമതിയില്ലാതെ ചെയ്താല്‍ അത് തെറ്റും ശിക്ഷാര്‍ഹവും ആണെന്ന കാര്യത്തില്‍ അര്‍ക്കും സംശയമുണ്ടാവാനിടയില്ല. പക്ഷെ നമ്മുടെ മാദ്ധ്യമ പുങ്കവന്മാര്‍ക്ക് അതും ചര്‍ച്ചാ വിഷയമാണ്, വിഷയ ദാരിദ്ര്യം എന്നല്ലാതെ എന്തു പറയാന്‍ !!

വിദേശയാത്രാ വാര്‍ത്ത വന്നതോടെ താന്‍ ജമ്മുവിലായിരുന്നു എന്ന് കളവ് പറഞ്ഞ് തടിതപ്പാനാണ് ഇദ്ദേഹം ശ്രമിച്ചതെന്നതില്‍ പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നിയില്ല. പക്ഷെ താന്‍ മാത്രമല്ല മറ്റു പലരും അനുമതിയില്ലാതെ വിദേശത്തുപോയിട്ടുണ്ടെന്നും, അവരുടെ ലീവ് റാറ്റിഫൈ ചെയ്യപ്പെട്ടിട്ടുണ്ടന്നും, തനിക്കു മാത്രം ഔദാര്യം കിട്ടുന്നില്ല എന്നും മറ്റുമുള്ള വിലാപം അല്പം കൌതുകമാണ് ഉണ്ടാക്കിയത്. താന്‍ മാത്രമല്ല വേറെ ആളുകളും മോഷണം നടത്താറുണ്ടെന്നും അവരെ ഒന്നും നാട്ടുകാര്‍ തല്ലിയില്ലല്ലോ എന്നും ഒരു മോഷ്ടാവ് ചോദിക്കുന്ന തരത്തിലേക്ക് താണ ഒരു നടപടി ആയിപ്പോയി അതെന്ന് പറയുന്നതില്‍ അല്പം ഖേദമുണ്ട്.നടപടി പൂര്‍ത്തിയായി ക്ലോസ് ചെയ്ത മുന്‍ വിദേശയാത്രാ ഫയലുകളിലെ ഉദ്യോഗസ്ഥര്‍ നിലവില്‍ കുറ്റവിമുക്തരാണെന്ന് ഇദ്ദേഹത്തിന് അറിയാതെ പോയോ? എന്തായാലും എന്തെങ്കിലും കാണാതെ ഈ അതിബുദ്ധി കാണിക്കാനിടയില്ലല്ലോ, അതിന്റെ ഫലമായിരിക്കാം സസ്പെന്‍ഷന്‍ സ്റ്റേ ചെയ്തുകൊണ്ടുള്ള ട്രൈബ്യൂണലിന്റെ വിധി. ബാക്കിക്കായ് കാത്തിരിക്കാം.

ഏഷ്യാനെറ്റ് ന്യൂസില്‍ ഇന്നത്തെ ചര്‍ച്ച ഈ വിഷയം തന്നെ, “സസ്പെന്‍ഷന് സ്റ്റേ വന്നത് സര്‍ക്കാരിന് തിരിച്ചടി അല്ലെ?” ആണോ എന്നതല്ല ചോദ്യം അല്ലെ എന്നാണ്.

ഓഫ്ഫ് ടോപ്പിക്:
“ചിക് ചാം ചിറകടി”യുടെ എം.പി 3 കിട്ടാനെന്തങ്കിലും വഴിയുണ്ടോ?

23 comments:

അനിൽ@ബ്ലോഗ് said...

ഓരോരോ നേരമ്പോക്കുകള്‍ !

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ലാവ്‌ലിന്‍ സംബന്ധമായി സി.ബി.ഐ ഈയിടെ സത്യാവാങ്‌മൂലം സമര്‍പ്പിച്ച ദിവസവും, ഇന്നു നന്ദകുമാരന്റെ ഹര്‍ജി തള്ളിയ ദിവസവുമൊക്കെ നമ്മുടെ ന്യൂസ് അവറുകാരനു തച്ചങ്കരിയായിരുന്നു പഥ്യം...

ഘോരഘോരം ലാവ്‌ലിന്‍ പ്രസംഗിച്ചിരുന്നവന്മാര്‍ തലയില്‍ മുണ്ടിടുന്നതിനു പകരം കിട്ടിയ പിടിവള്ളിയായി തച്ചങ്കരി..

നടക്കട്ടെ നടക്കട്ടെ...........

മാണിക്യം said...

പോട്ടയിൽ പോയി ഈശോപാട്ട് എഴുതുമെങ്കിലും
തച്ചങ്കരി അത്ര പുണ്യാളനല്ല !!

ചിന്തകന്‍ said...

ആഭ്യന്തര മന്ത്രിയൊന്നും അറിയാതെ, തച്ചങ്കരി ഒരു വിദേശയാത്ര ഒപ്പിച്ചു എന്നു പറയുന്നതിലും, എവിടെയോ ചില പന്തികേടുകള്‍ ഇല്ലാതില്ല. :)

വീ കെ said...

തച്ചങ്കരിയുടെ കേസിൽ എന്തൊക്കെയോ പാകപ്പിഴകൾ കാണുന്നു....
എല്ലാം വഴിയെ ഒരിത്തിരിഞ്ഞു വരുമായിരിക്കും...!!?

കുഞ്ഞന്‍ said...

ജനാധിപത്യത്തിന്റെ നന്മകളിലൊന്ന്. മറ്റുള്ളവർക്ക് ചെയ്യാമെങ്കിൽ തനിക്കും ചെയ്യാമെന്നുള്ള ഊറ്റം.


ഒരോഫെയ്... പ്രവാസികളിൽ നിന്നും പിരിയ്ക്കാൻ രാഷ്ട്രീയക്കാർ തേനൊലിപ്പിച്ച് വരുന്നു, വന്നു, വന്നുകൊണ്ടിരിക്കും. എന്താണ് പ്രവാസിക്ക് ഈ രാഷ്ട്രീയക്കാർ ചെയ്തുകൊടുത്തിരിക്കുന്നത്..? കൂടിയാൽ മൂന്നുമാസത്തെ ലീവിനുവരുന്ന ഒരു പ്രവാസിക്ക് ഏതെങ്കിലും സർക്കാരാഫീസിൽ നിന്നും ഒന്നൊ രണ്ടൊ ദിവസംകൊണ്ട് എന്തെങ്കിലും കാര്യം ശരിയാക്കി കിട്ടുവാൻ സാധിച്ചിട്ടുണ്ടൊ സൊ വീമാനത്തിന്റെ കാര്യം പരാമർശിക്കാനേ തോന്നുന്നില്ല.. ഈയോഫിൽ പറയാൻ വിട്ടുപോയ കാര്യം ഈ രാഷ്ട്രീയക്കാർ പോയ സഥലത്തൊക്കെ ഏമാനും പോയിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്..!!!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കുഞ്ഞനെപ്പോലെയുള്ള “രാഷ്ട്രീയ വിരോധികള്‍”(കമ്മ്യൂണിസ്റ്റ് വിരോധം എന്നു ഞാന്‍ പറയുന്നില്ല)കാണാതെ പോകുന്നത് എന്താണെന്നറിയാന്‍ ഇവിടെ നോക്കുക

കുഞ്ഞന്‍ said...

സുനിൽ...

ക്ഷേമ നിധിയും മറ്റും അവിടെ നിൽക്കട്ടെ..എന്റെ ചോദ്യത്തിന് ഉത്തരം പറയൂ. ചെറിയൊരു കാലയളവിൽ അവധിക്കുവരുന്ന പ്രവാസിക്ക്, സർക്കാരാഫീസിൽ ചെന്നാൽ പരിഗണ കിട്ടുമൊ..? അതിനുവേണ്ടി എന്തു സംവിധാനമാണ് ഏർപ്പെടുത്തിയത്..? ഒരു പ്രവാസിക്ക് ഒരു ജനന സർട്ടിഫിക്കറ്റ് ലഭിക്കാൻ എത്ര ദിവസം വേണം ( പ്രവാസി എന്ന ലേബലിൽ ചെന്നാൽ പ്രത്യേക പരിഗണനായി അപേക്കഷകൾ സ്വീകരിക്കുമൊ നടപടിയെടുക്കുമൊ ) ഒരു പ്രവാസി മരിച്ചാൽ അവന്റെ കുടുംബത്തിന് എന്തെങ്കിലും സഹായം ആരും സമ്മർദ്ദംചെലത്താതെ നൽകാറുണ്ടൊ..?

ഇനി ക്ഷേമ നിധിയുടെ കാര്യം. തുടർച്ചയായി അംശാദയം അടക്കണം അതായിത് മിനിമം 3 വർഷമെങ്കിലും അല്ലെ ഓകെ..24 വയസ്സുള്ള ഒരു പ്രവാസി അഞ്ചുകൊല്ലം അടവു തുകയായ 300 രൂപവച്ച് 60 മാസം അടക്കുമ്പോൾ 18000 രൂപയാകും. ഇപ്പോൾ ഈ പ്രവാസിക്ക് വയസ്സ് 29. ഇനി ഈ ചങ്ങാതിക്ക് പെൻഷൻ കിട്ടണമെങ്കിൽ 31 വർഷം കാത്തിരിക്കണം.അതായിത് അറുപതാം വയസ്സിൽ, മുപ്പത്തൊന്നുവർഷം കഴിയുമ്പോൾ 1000 രൂപ പെൻഷൻ കിട്ടും അന്ന് ഈ തുകക്ക് എന്തു മൂല്യം..?

ഇതിൽ രാഷ്ട്രീയം കാണല്ലേ...

മണി said...

അനില്‍,

ഓഫ്ഫ് ടോപ്പിക്:
“ചിക് ചാം ചിറകടി”യുടെ എം.പി 3 കിട്ടാനെന്തങ്കിലും വഴിയുണ്ടോ?

ഞാന്‍ തച്ചങ്കരിയൊട് പറയാം എത്തിച്ചുതരാന്‍, (“ഗെള്‍ഭി“ല്‍ കിട്ടുമായിരിക്കും അല്ലേ?)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അനില്‍: ഓഫ് ടോപ്പിക് ഇടുന്നതില്‍ ക്ഷമിക്കണേ,

കുഞ്ഞനോട് ഒന്നു പറഞ്ഞോട്ടെ,

കുഞ്ഞന്‍,

ഞാന്‍ തന്ന ലിങ്ക് താങ്കള്‍ ശരിയായി വായിച്ചില്ലെന്നു തോന്നുന്നു.അതില്‍ കൊടുത്തിരിക്കുന്ന വീഡിയോയും കാണുക.ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത് കുഞ്ഞനെപ്പോലെയൊക്കെയുള്ള ഗള്‍ഫിലെ “ക്രീമിലെയര്‍’ വിഭാഗത്തെ അല്ല.സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടില്‍ കിടക്കുന്ന പ്രവാസികളെയാണ്.ഇതിലെ ഒന്നു രണ്ട് പ്രധാന കാര്യങ്ങള്‍ പറയട്ടെ

1:പ്രവാസി എന്ന പദത്തില്‍ കേരളത്തിനു വെളിയിലുള്ള( ഇന്‍‌ഡ്യക്കു വെളിയില്‍ മാത്രമല്ല) എല്ലാവരേയും പരിഗണിക്കുന്നു.
2:തിരിച്ചു വന്നു കേരളത്തില്‍ താമസിക്കുന്നവരേയും പരിഗണിക്കുന്നു.
3:ജോലി തുടരാനാവാതെ വന്നവരേയും പരിഗണിക്കുന്നു.
4:പെന്‍ഷന്‍ എന്നത് 1000 രൂ അല്ല.അടച്ച തുക അനുസരിച്ച് വ്യത്യാസം വരും.ക്ഷേമനിധി പെന്‍ഷനുകളിലെ ഏറ്റവും ഉയര്‍ന്ന തുക ആണിത്.കേന്ദ്രസര്‍ക്കാര്‍ ഇന്‍ഡ്യയിലെ സ്വകാര്യ-പൊതുമേഖല ജോലിക്കാര്‍ക്കായി 1994 ല്‍ കൊണ്ടുവന്ന
തരുന്ന ഇ.പി.എഫ് പ്രകാരം കിട്ടുന്ന പെന്‍ഷന്‍ തുക വെറും 1500 ആണെന്ന് കുഞ്ഞനു അറിയാമോ?അതും കിട്ടുന്നത് 60 വയസ്സിനു മേലെയാണു സുഹൃത്തേ.

5:ഇതില്‍ പെന്‍ഷന്‍ മാത്രമല്ല, മറ്റു പല ആനുകൂല്യങ്ങളും ഉണ്ട്.പ്രവാസികള്‍ക്കും അവരുടെ മക്കള്‍ക്കും ഉള്ള പ്രസവാനുകൂല്യങ്ങള്‍ വരെ ഉണ്ട്.പ്രവാസി മരണപ്പെട്ടാല്‍ എന്ത് എന്ന കുഞ്ഞന്റെ ചോദ്യത്തിനും അതില്‍ ഉത്തരം ഉണ്ട്.ശ്രദ്ധിച്ചു വായിക്കുക.

സ്വന്തമായി പണമടിക്കാനുള്ള അച്ചുകൂടം ഇല്ലാത്ത ഒരു സംസ്ഥാന സര്‍ക്കാര്‍ വേറെ എന്താണു ചെയ്യാന്‍ സാധിക്കുക?കുഞ്ഞനും നിര്‍ദ്ദേശങ്ങള്‍ കൊടുക്കാം.ഇതിന്റെ ചെയര്‍മാന്‍ ആയ ടി.കെ ഹംസ പറഞ്ഞത് ഈ പറഞ്ഞ തുകകളെല്ലാം കാലാന്തരത്തില്‍ സ്കീം വലുതാകുന്നതനുസരിച്ച് കൂട്ടാം എന്നാണ്.അതിനെ പിന്തുണക്കുകയല്ലേ വേണ്ടത്?

അവസാനമായി ഒന്നു കൂടി,

പിണറായിയുടെ ഗള്‍ഫ് യാത്രയെയാണു കുഞ്ഞന്‍ പരാമര്‍ശിച്ചതെന്ന് അറിയാന്‍ പ്രത്യേകം ജ്ഞാനത്തിന്റെ ആവശ്യമില്ല.അദ്ദേഹത്തിന്റെ കൂടെ പോകാ‍തിരുന്ന തച്ചങ്കരി, “അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു” എന്നു ധ്വനിപ്പിക്കുന്ന രീതിയില്‍ കണ്ടു പിടുത്തം നടത്തി എഴുതിയ കുഞ്ഞന്‍ , പിണറായിയുടെ കൂടെ യഥാര്‍ത്ഥത്തില്‍ പോയിരുന്ന ടി.കെ ഹംസയെ കണ്ടില്ലെന്നു നടിച്ചു.ടി.കെ ഹംസയാണു ഈ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍.അദ്ദേഹവും കൂടെ ഉണ്ടായിരുന്നത് ഈ ക്ഷേമനിധിയുടെ പ്രചാരണാര്‍ത്ഥം ആയിരുന്നു..

അതൊന്നും കാണാന്‍ കമ്മ്യൂണിസ്റ്റ് വിരോധം ബാധിച്ച കുഞ്ഞനെപ്പോലുള്ളവര്‍ക്ക് കഴിയുന്നില്ല.

കുഞ്ഞൻ said...

ഒരോഫുകൂടീ..

സുനിൽ..

സംഭവം ഇഷ്ടമായി ക്രീമിലെയർ.. അതെ മാഷെ ഞാനൊക്കെ ക്രീമിലെയറിലാണ്. അങ്ങിനെ എത്തപ്പെടാൻ വേണ്ടിയാണ് ഇവിടെ വന്നത്. വല്യ വർത്തമാനമായി പറഞ്ഞല്ലൊ ഈ പദ്ധതി ഏറ്റവും താഴെത്തട്ടിലുള്ളതാണെന്ന്. ഒന്നു ചോദിക്കട്ടെ സുഹൃത്തെ ഈ രാജാവും പരിവാരങ്ങളും വന്നിട്ട് ഏതെങ്കിലും താഴെത്തട്ടിലുള്ളവരുടെ അടുത്തുപോയൊ അവരുടെ അവസ്ഥ നേരിട്ടു കണ്ടൊ..? അതൊ വല്യ വല്യ ഹോട്ടലിൽ നിന്നും നേരെ വേദിയിൽ വരുകയും അവിടെ വച്ച പ്രവാസികളുടെ ക്ഷേമത്തിനുവേണ്ടി ഘോരം പറയുകയുമാണൊ ചെയ്തത്..? എന്റെ സുഹൃത്തേ ഞാൻ പിണറായിന്ന് പറഞ്ഞതേയില്ല ഇതിപ്പൊ കോഴിയെ കട്ടവന്റെ തലയിൽ പൂടാന്ന് പറയുന്നതുപോലെയുണ്ട്. ഇപ്പോഴും താങ്കൾ പറഞ്ഞില്ല, പ്രവാസിയായി വസിക്കുന്ന ഒരുത്തൻ അവൻ ഭാരത പ്രവാസിയായിക്കോട്ട് രാജ്യാന്തര പ്രവാസിയായിക്കോട്ടെ ടിയാൻ നാട്ടിൽ വന്നാൽ താഴെ തട്ടിലെ ഒരു ചെറിയ കാര്യം സർക്കാരാഫീസിൽ നിന്നും നടന്നുകിട്ടാൻ സർക്കാർ എന്തെങ്കിലും ചെയ്യുന്നുണ്ടൊ..? ഐ മീൻ പരിഗണനന..!!! പ്രവാസികളുടെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണിത് മാഷെ ചെറിയ അവധിയിൽ വരുന്ന ടി കക്ഷികൾക്ക് സർക്കാരാഫോസികൾ കയറിയിറങ്ങുകയെന്നത്. പ്രവാസ വകുപ്പിന്റെ പേരും പറഞ്ഞ് നിരവധി യാത്രകൾ പഴയകാല യാത്രകൾ കൊണ്ട് പ്രവാസിക്ക് എന്തു ഗുണമുണ്ടായിട്ടുണ്ട് മാഷെ..? ഉണ്ട് ചില കാര്യങ്ങൾ ചെയ്യുന്നുണ്ട് കോളേജ് അഡ്മിഷൻ എൻ ആർ ഐ ക്വോട്ടയിൽ 300% ഫീസിൽ, പ്രവാസികൾക്കുവേണ്ടി വ്യവസായങ്ങൾ തുടങ്ങാൻ...

തച്ചങ്കരിയുടെ യാത്രയുടെ കാര്യം ഞാൻ കണ്ടുപിടിച്ചതൊന്നുമല്ല പക്ഷെ ഞാൻ കണ്ടുപിടിച്ച മറ്റുരുകാര്യമുണ്ട് താങ്കൾ ഒരു പിണറായി ഭക്തനാണെന്നത്.

ഇപ്പോൾ കൊട്ടി ഘോഷിക്കുന്ന പ്രവാസ ക്ഷേമനിധിയുടെ കാര്യത്തെക്കാൾ ഇതുനുമുമ്പ് എന്താണ് പ്രവാസിക്ക് നേട്ടമുണ്ടായ ആശ്വസമായ കാര്യങ്ങൾ ചെയ്തത്..? ഒന്നു പറയൂ.. ഒന്നുകൂടി പറയട്ടെ പ്രവാസികളെ എന്നും തുണച്ചിരിക്കുന്നത് ഇവിടത്തെ സംഘടനകൾ മാത്രമാണ്. ഈ സംഘടനകൾ രാഷ്ട്രീയം നോക്കിയല്ല പ്രവാസികളെ സഹായിക്കുന്നത് അവന്റെ സഹജീവി എന്ന നിലയിൽ കാരണം ഇതേ പ്രശ്നങ്ങൾ ഇതിനുമുമ്പ് അവൻ അനുഭവിച്ചിട്ടുണ്ടാകും അല്ലെങ്കിൽ ആ വഴിയിലൂടെ വന്നവരായിരിക്കും..!

കുഞ്ഞൻ said...

ഒന്നുകൂടി ചൂണ്ടിക്കാണിക്കട്ടെ..പൊതുമേഖലയിലെ ജീവനക്കാരുമായി പ്രവാസികളെ കൂട്ടിച്ചേർത്ത് കാണല്ലെ, പ്രവാസിയെന്നെത് കുമിളകൾ പോലെയാണ് അനിശ്ചിതത്വമാണ് എന്നും, എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം....

അനില്‍@ബ്ലൊഗ് said...

സുനിലെ,
അതു ശരിയാണെന്ന് തോന്നുന്നു. ലാവലിനെപ്പറ്റി കാര്യമായി ഇനി ചര്‍ച്ച ചെയ്യാനൊന്നുമില്ല.നാനൂറിനടുത്ത കോടികളുമായി തുടങ്ങി അവസാനം 80 ഇല്‍ എത്തി നില്‍ക്കുന്നു, അതും സാമ്പത്തിക തിരുമറി ഒന്നും ഇല്ലെന്നും പറഞ്ഞല്ലോ. മുന്‍ സര്‍ക്കാരുകള്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളെക്കുറിച്ച് ഓരോ സര്‍ക്കാരും അന്വേഷണം പ്രഖ്യാപിച്ചാല്‍ ഇഷ്ടം പോലെ വാര്‍ത്തകളും ആകും.

മാണിക്യം,
ചേച്ചീ, സത്യത്തില്‍ ഞാന്‍ അത്ഭുതത്തോടെ നോക്കി കാണുന്നതാണ് ഇദ്ദേഹത്തിന്റെ കഥകള്‍. ഏതു രാഷ്ട്രീയ പാര്‍ട്ടി ഭരിച്ചാലും ടിയാന് കോളാണ്.

ചിന്തകന്‍,
ആഭ്യന്തര മന്ത്രിക്ക് ഇതില്‍ റോളൊന്നും കൊടുക്കണ്ട.
:)
സര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം വിദേശ യാത്ര നടത്തണമെങ്കില്‍ മുന്‍ കൂര്‍ അനുമതി വേണം, ലീവ് മാത്രം പോരാ. അത് പ്യൂണ്‍ തസ്തികയായാലും അങ്ങിനെ തന്നെ. ലീവെടുത്ത് ഒരുപാട് ആളുകള്‍ വിദേശയാത്ര നടത്തി വരാറുണ്ട്, പക്ഷെ അത് പിടിക്കപ്പെട്ടുകഴിഞ്ഞാല്‍ നടപടി വരാം. പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ഉള്ളതിനാല്‍ തടി തപ്പാന്‍ പറ്റില്ല. ഇവിടെയാകട്ടെ ഇദ്ദേഹം സ്വയം ന്യായീകരിക്കുകയാണ് ഇപ്പോഴും.

വീ.കെ,
എന്തു കാണാന്‍ !
പൂച്ച എങ്ങിനെ വീണാലും നാലുകാലില്‍ തന്നെ നില്‍ക്കും. പിന്നെ ഈ സസ്പെന്‍ഷന്‍ എന്നത് ഒരു ശിക്ഷയല്ലെന്ന് അറിയില്ലെ? കുറ്റക്കാരനല്ലെന്ന് കണ്ടാല്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അടക്കം നല്‍കി തിരിച്ചെടുക്കും.

കുഞ്ഞന്‍ ഭായ്,
ഏതു വിഷയത്തിലും ജനായത്ത സഭയുടെ തീരുമാനമാണ് ഏറ്റവും മുകളില്‍ വരിക. തച്ചങ്കരിക്ക് മാപ്പ് കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതിനെ ചോദ്യം ചെയ്യാന്‍ അത്ര എളുപ്പമല്ല.

ഏതായാലും പ്രവാസികള്‍ പണം കായ്ക്കുന്ന മരമാണെന്ന ധാരണ എല്ലാ പിരിവുകാര്‍ക്കും ഉണ്ടെന്നത് ഒരു വസ്തുതയാണ്. ചാനല്‍ പരിപാടികളായാലും രാഷ്ട്രീയ പാര്‍ട്ടികളായാലും പണം പിരിക്കാന്‍ അങ്ങോട്ട് പോകുന്നുണ്ട്. ഒരു പക്ഷെ രൂപയുടെ വിനിമയ മൂല്യം കൂടി കണക്കിലെടുത്തായിരിക്കാം.

പ്രവാസി മലയാളികളുടെ കാര്യത്തില്‍ ഒരു പ്രാദേശിക സര്‍ക്കാരിനെക്കൊണ്ടാവുന്ന തരത്തില്‍ എല്ലാം നിലവിലെ ഇടതു മുന്നണി സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നത് ആര്‍ക്കാണ് നിഷേധിക്കാനാവുക? കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ വരട്ടെ, പ്രായോഗികമായവ സ്വീകരിക്കപ്പെടും എന്നു തന്നെയാണ് എന്റെ വിശ്വാസം.

പിന്നെ സര്‍ക്കാര്‍ ഓഫീസുകളിലെ പരിഗണന. അതിനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വക്കാന്‍ ആകുമോ? ബന്ധപ്പെട്ട ബോഡികളില്‍ ആ നിര്‍ദ്ദേശം നമുക്ക് അവതരിപ്പിക്കുകയെങ്കിലും ചെയ്യാം എന്ന് എനിക്ക് ഉറപ്പുണ്ട്. ഉദാഹരണമായി , വ്യവസായ സംരഭങ്ങള്‍ക്കായി ഏകജാലക സംവിധാനം ഉണ്ട്, അതുപോലെ എന്തെങ്കിലും.

jayanEvoor said...

തച്ചങ്കരി ഒരു വല്ലാത്ത ‘കരി’തന്നെ!

shaji-k said...

അതെ അതെ തച്ചങ്കരിക്കെന്തു സര്‍വ്വീസ്‌ ചട്ടം!!

ഷാജി ഖത്തര്‍.

OAB/ഒഎബി said...

എന്തിനാ അയാള്‍ മുണ്ടാതേം പറയാതേം പോയത് ?
വല്ലതും തടഞ്ഞാവൊ :)

കാക്കര - kaakkara said...

തച്ചങ്കരിക്കും പിടിപാടുള്ളവർക്കും എന്ത്‌ സർവീസ്സ്‌ ചട്ടം! തലക്കെട്ടിന്‌ തന്നെ മാർക്ക്‌. ഇപ്പോൾ നിലവിലുള്ള സർവീസ്സ്‌ ചട്ട പ്രകാരം തച്ചങ്കിരി തെറ്റ്‌കാരൻ തന്നെ. പിന്നെ തച്ചങ്കിരി ചൂണ്ടിക്കാണിച്ചത്‌ പോലെ വിഭാഗീയത ഈ വക പ്രശ്നങ്ങളിൽ മുഴച്ച് നില്ക്കുന്നു. ഇപ്പോഴുള്ള സർവീസ്‌ച്ചട്ടം മുഴുവനായും മാറ്റിയെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

പ്രവാസിയെന്നാൽ കേരളത്തിന്‌ പുറത്ത്‌ താമസിക്കുന്നവർ മുതൽ തിരിച്ച്‌ വന്നവർ വരെ. ഇതിലും വലിയ തമാശയുണ്ടോ? എന്നാൽ പിന്നെ എല്ലാ മലയാളികളെയും പ്രവാസിയായി കണക്കാക്കാമല്ലോ!

ഇടത്‌ വലത്‌ ചിന്തകൾ മാറ്റിയൊന്ന്‌ ആലോചിച്ച്‌ നോക്കു, എന്താണ്‌ പ്രവാസിയ്‌ക്ക്‌ കൊടുത്തത്‌? കൂടുതൽ നൂലാമാലകളല്ലാതെ!

Hari | (Maths) said...
This comment has been removed by the author.
Hari | (Maths) said...

അനില്‍ ജീ,

രാഷ്ട്രീയഭേദമന്യേ വ്യക്തിയെ നോക്കി വോട്ട് ചെയ്യണമെന്ന അഭിപ്രായമുള്ളയാളാണ് ഞാനെന്ന മുഖവുരയോടെ പറയട്ടെ. ഈ പോസ്റ്റു വായിച്ചു. അതില്‍ പറഞ്ഞിരിക്കുന്ന ഈ വരി ശ്രദ്ധേയമാണ്.

"താന്‍ മാത്രമല്ല മറ്റു പലരും അനുമതിയില്ലാതെ വിദേശത്തുപോയിട്ടുണ്ടെന്നും, അവരുടെ ലീവ് റാറ്റിഫൈ ചെയ്യപ്പെട്ടിട്ടുണ്ടന്നും, തനിക്കു മാത്രം ഔദാര്യം കിട്ടുന്നില്ല എന്നും മറ്റുമുള്ള വിലാപം അല്പം കൌതുകമാണ് ഉണ്ടാക്കിയത്. "

അതു ശരിയാണ് . അതിനുള്ള മറുപടിച്ചിന്തയും അസ്സലായി.

"താന്‍ മാത്രമല്ല വേറെ ആളുകളും മോഷണം നടത്താറുണ്ടെന്നും അവരെ ഒന്നും നാട്ടുകാര്‍ തല്ലിയില്ലല്ലോ എന്നും ഒരു മോഷ്ടാവ് ചോദിക്കുന്ന തരത്തിലേക്ക് താണ ഒരു നടപടിയല്ലേ"

തച്ചങ്കരിയുടെ വിദേശയാത്രകള്‍ ആരിലും സംശയമുണര്‍ത്തുന്നവ തന്നെയാണ്. പഴയ റിയാന്‍ സ്റ്റുഡിയോ വിവാദവും പോലീസും രാഷ്ട്രീയക്കാരും മറന്നെങ്കിലും സാധാരണജനങ്ങള്‍ ഇന്നലെക്കഴിഞ്ഞപോലെ ഓര്‍ക്കുന്നുണ്ടാകും. പക്ഷെ തച്ചങ്കരി ഉയര്‍ത്തിയ ചോദ്യത്തെ അത്രയ്ക്കങ്ങോട്ട് തള്ളിക്കളയാനാകുമോ?

ഇത്രയേറെ ഉദ്യോഗസ്ഥര്‍ അനുമതിയില്ലാതെ വിദേശപര്യടനം നടത്തിയിട്ടും അതൊന്നും ഇതുപോലെ വാര്‍ത്തയാകപ്പെടാതിരുന്നതെന്തു കൊണ്ട്? അവരെയൊന്നും യാതൊരുവിധ ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കാതിരുന്നതെന്തു കൊണ്ട്?

പിന്നെ, തച്ചങ്കരിയുടെ പ്രസ്താവന കേട്ട അന്നു മുതലേ തുടങ്ങിയ ഒരു സംശയമാണ്. പത്തിരുന്നൂറ് പേര് വിദേശത്ത് അനുമതിയില്ലാതെ പോയിട്ടുണ്ടെന്ന് ഇദ്ദേഹമെങ്ങനെ കൃത്യമായി അറിഞ്ഞു? തച്ചങ്കരിക്കെവിടുന്ന് ഇത്ര കൃത്യമായ കണക്ക്?

ഹരീഷ് തൊടുപുഴ said...

ഇങ്ങേരു തന്നല്ലോ വചനവും മറ്റും നാടിനു സമര്‍പ്പിച്ചു ആത്മീയതയുടെ പാത വെട്ടിത്തെളിച്ച പുണ്യാളന്‍..!!

Joker said...

എന്റമ്മോ ഈ ഗള്‍ല്‍ഫിന്റെ ഒരു കാര്യം. സകല മാഫിയാ, രാഷ്ട്രീയ,കള്ളക്കടത്ത്, തീവ്രവാദികള്‍ക്ക് എല്ലാം ഒളീച്ചിരിക്കാവുന്നതും സകല ബിസിനസ് ഒപ്പിക്കാവുന്നതുമായ സ്ഥലമാണ് ഗള്‍ഫ് എന്ന് ഇപ്പോഴാണ് അറിയുന്നത്. പിണറായി ഗള്‍ഫില്‍, തച്ഛങ്കരി ഗള്‍ല്‍ഫില്‍, സാനിയാ നിക്കാഹ് കഴിഞ്ഞാല്‍ ഗള്‍ഫില്‍, കളമശ്ശേരി ബസ് കത്തിച്ചവരില്‍ കുറെ പേര്‍ ഗള്‍ഫില്‍, ഓം പ്രകാശും മന്ത്രി പുത്രനും പലപ്പോഴും ഗള്‍ഫില്‍. ഗള്‍ല്‍ഫിലെ ഭരണാധികാരികളൊന്നും മനോരമ വായിക്കാത്തത് നന്നായി. അല്ലെങ്കില്‍ അവര്‍ക്ക് മനസമാധാനം പോയേനെ.

തല്‍കാലം തച്ചങ്കരിയും, നന്ദകുമാറും ഒക്കെ ഉള്ളത് കൊണ്ട്. മദനിക്കും, സൂഫിയ മദനിക്കും, സ്വസ്ഥമായിരിക്കാം. വൌ.

Typist | എഴുത്തുകാരി said...

അനുമതി വേണം എന്ന നിയമം ഉണ്ടെങ്കില്‍ അതില്ലാതെ പോയതു തെറ്റു തന്നെ. എന്നിട്ടും എന്തിനു് അതിനെ ന്യായീകരിക്കാന്‍ പോകുന്നു? മറ്റു പലരും ചെയ്തിട്ടുണ്ട് എന്നതുകൊണ്ട് അതെങ്ങിനെ ശരിയാവും?

അതു തന്നെ, ഓരോരോ നേരമ്പോക്കുകള്‍. ചാനലുകാര്‍ക്കും ചര്‍ച്ചിക്കാന്‍ എന്തെങ്കിലും വേണമല്ലോ!

നാട്ടുകാരന്‍ said...

ഈ “കരി” ഭക്തി ഗാന കാസെറ്റ് വിറ്റ കഥ വളരെ കുപ്രസിദ്ധമാണ്.

തന്റെ കീഴില്‍ പണിയെടുത്തിരുന്ന ഓരോ സര്‍ക്കിളിനും ക്വോട്ടാ വച്ചായിരുന്നു സി.ഡി വില്‍ക്കാന്‍ കൊടുത്തിരുന്നത്. അവര്‍ എവിടെ കൊണ്ട് വില്‍ക്കാന്‍? അവര്‍ ഒള്ള സി.ഡിയെല്ലാം കൊണ്ട് പോയി കടക്കാര്‍ക്ക് വേണ്ടെങ്കിലും കൊടുത്തു. ഏഴു ദിവസ്ങ്ങള്‍ കഴിഞ്ഞു കാശും വാങി. കൊടുത്തില്ലെങ്കില്‍ വ്യാജ സി.ഡിയുടെ പേരില്‍ കേസുമെടുക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു. അങ്ങനെ കാക്കിയുടെ ചിലവില്‍ ഏമ്മാന്‍ ഇറക്കിയ സി.ഡിയെല്ലാം വന്‍ വിജയം !

ഈ പാട്ടുകളുടെ സംഗീതം ഇളയരാജയുടെ പക്കല്‍ നിന്ന് അടിച്ചെടുത്തതാണെന്നും ആ കാലത്ത് പറഞ്ഞുകേട്ടിരുന്നു. നിജസ്ഥിതി അറിയില്ല.