ഇക്കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രി നടത്തിയൊരു പ്രസ്ഥാവനയും അതിന് മറുപടിയായ് ഗതാഗത വകുപ്പ് മന്ത്രി നടത്തിയ മറുപ്രസ്ഥാവനയും ആരും കാര്യമായി ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു, കാരണം അത് ഒരു സ്കൂപ്പായിരുന്നില്ല എന്നതു തന്നെ. മോട്ടോര്‍ വാഹന വകുപ്പില്‍ അമ്പെ അഴിമതിയാണെന്നു മുഖ്യമന്ത്രിയും അതു ശരിയാണ് മോട്ടോര്‍ വാഹന വകുപ്പില്‍ മാത്രമല്ല സര്‍ക്കാര്‍ വകുപ്പുകളിലെല്ലാം അഴിമതിയാണെന്നു ഗതാഗത വകുപ്പുമന്ത്രിയും പറഞ്ഞിരിക്കുന്നു. ഇത്ര ഗൌരവമായൊരു വിഷയം എത്ര ലാഘവ ബുദ്ധ്യാലാണ് ഇരുവരും കൈകാര്യം ചെയ്തതെന്ന് ഒരു കേരളീയനേയും അസ്വസ്ഥനാക്കുന്നില്ല, എന്തെന്നാല്‍ അഴിമതി അത്രയും സാര്‍വ്വത്രികവും സ്വീകാര്യവുമായിരിക്കുന്നു.
ഇനി സര്‍ക്കാര്‍ വകുപ്പുകളെപ്പറ്റി ചെറിയൊരു ആലോചന നടത്തിനോക്കാം. അഴിമതിയില്ലാത്ത വകുപ്പുകളേതാണ്? ആ ചോദ്യത്തിനുത്തരം പറയണമെങ്കില്‍ അഴിമതി എന്ന വാക്കിനെ നിര്‍വ്വചിക്കേണ്ടിയിരിക്കുന്നു. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി നടക്കുന്ന എല്ലാ നടപടിക്രമങ്ങളും അഴിമതിയുടെ നിര്‍വ്വചനത്തില്‍ പെടുത്താമെങ്കിലും പൊതുജനത്തിന് ലഭിക്കേണ്ടുന്ന സേവനങ്ങള്‍ക്ക് പണം നല്കേണ്ടുന്ന സാഹചര്യങ്ങള്‍ മാത്രമേ നാം അഴിമതിയായി കണക്കാക്കുന്നുള്ളൂ എന്നതാണ് വസ്തുത. ഈ ഒരു മാനദണ്ഡം മുന്‍നിര്‍ത്തിയാവാം മുഖ്യമന്ത്രി ഇത്തരത്തിലൊരു പ്രസ്ഥാവന നടത്തിയത്. പ്രമുഖമായും മോട്ടോര്‍ വാഹന വകുപ്പ് തന്നെയാണ് ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെന്ന് പറയാന്‍ ഏറെയൊന്നും ചിന്തിക്കേണ്ടതില്ല. ആര്.ടി.ഓ ഓഫീസുകളില്‍ നിന്നും ഇടനിലക്കാരെ ഒഴിവാക്കുമന്ന് സര്‍ക്കാര്‍ പ്രഖ്യാപനം വന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ഇടനിലക്കാരനില്ലാതെ ഈ ഓഫീസുകളില്‍ നിന്നും ഒരു സേവനവും ലഭിക്കില്ലെന്നത് വസ്തുതയാണ്. എന്നിരുന്നാലും പൊതുജനങ്ങളില്‍ നിന്നുള്ള പരാതി താരതമ്യേന കുറവാണ് ഈ വകുപ്പില്‍ എന്നു തന്നെ പറയാം. അത് മറ്റൊന്നും കൊണ്ടല്ല, പണം കൊടുത്താല്‍ കാര്യങ്ങള്‍ കൃത്യമായി നടക്കും എന്നുള്ളതിനാലാണത്. കൊടുക്കുന്ന പണത്തിന് പ്രതീക്ഷിക്കുന്ന ഫലം കിട്ടുന്നുവെങ്കില്‍ പൊതുജനം സംതൃപ്തരെന്ന് കരുതേണ്ടി വരും. ഇതിനും പുറമെ ഈ വകുപ്പുമായി ഇടപെടേണ്ടി വരുന്ന ജനവിഭാഗത്തിന്റ്റെ പ്രത്യേകത ഇവരെ കൂടുതല്‍ സുരക്ഷിതമായ ഒരു സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നുണ്ടെന്ന് പറയാതെ വയ്യ. നിത്യവൃത്തിക്കായി ഓട്ടോയോ ബൈക്കോ ഓടിക്കുന്നവനൊഴിച്ചാല് ഏറിയ പങ്കും ഒരു വാഹനം വാങ്ങുവാന്‍ പണം മുടക്കാന്‍ കഴിവുള്ളവനോ, തയ്യാറുള്ളവനോ ആണ്. ലൈസന്‍സ്, രജിസ്ട്രേഷന് തുടങ്ങിയ സംഗതികള്‍ക്ക് പണം മുടക്കാന്‍ ഈ വിഭാഗം മടികാണിക്കുന്നില്ല എന്നതാണ് ഇവരുടെ പ്രത്യേകത. ഈ ഒരു കാരണത്താല്‍ തന്നെ ഇടനിലക്കാരനെ ഒഴിവാക്കുന്നതില്‍ ഏറ്റവും തടസ്സമായി നില്‍ക്കുന്നത് ഈ ജനം തന്നെയാണ്. എന്തെന്നാല്‍ അവന് അവന്റെ സമയത്തിനുള്ള വിലയാണ് ഇടനിലക്കാരന് നല്‍കുന്നത്. ആയതിനാല്‍ എപ്രകാരം പൊതുമരാമത്ത് പണികള്‍ക്ക് കോണ്ട്രാക്റ്റര്മാര് എന്ന ഇടനിലക്കാരന് നിയമ വിധേയമാവുന്നുവോ അപ്രകാരം മോട്ടോര്‍ വാഹന വകുപ്പിലെ ഈ ഇടനിലക്കാര്‍ ജനസമ്മതരാവുന്നു. തിരുത്തുക അത്ര എളുപ്പമാവില്ല.
മറ്റ് വകുപ്പുകള്‍,( ഉദാഹരണമായി റവന്യൂ, ആരോഗ്യം) അഴിമതിക്ക് ചീത്തപ്പേരു കേള്‍ക്കുന്നതിനു മുഖ്യകാരണങ്ങളിലൊന്ന് പത്തുരൂപ പോലും എടുക്കാനില്ലാത്ത പാവപ്പെട്ടവന് ജാതി സര്‍ട്ടിഫിക്കറ്റിനും വരുമാന സര്‍ട്ടിഫിക്കറ്റിനും കയറി ഇറങ്ങുന്നിടമാണവിടം എന്നതിനാലാണ്. ആയതിനാല്‍ കായംകുളം കൊച്ചുണ്ണിയുടെ പിന്തലമുറക്കാരായ വാഹന, രജിസ്ട്രേഷന് വകുപ്പുകളെ നിങ്ങള്‍ ഭാഗ്യവാന്മാര്, ഉള്ളവനില്‍ നിന്നും വാങ്ങി ഇല്ലാത്തവനായ അവനവനെ പരിപോഷിപ്പിക്കുക.
കുറിപ്പ്:
മോട്ടോര്‍ വാഹന വകുപ്പില്‍ ഓണ്‍ ലൈനായി ലൈസന്‍സിനും മറ്റും അപേക്ഷ നല്‍കാനുള്ള സംവിധാനം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. പാവം ഇടനിലക്കാര്‍ എങ്ങിനെ ജീവിക്കും എന്തോ. ഏതായാലും പ്രവര്‍ത്തന ക്ഷമമായ യു.പി.എസും ജനറേറ്റര്‍ സിസ്റ്റവും മറ്റും ഈ സര്‍ക്കാര്‍ വകുപ്പിന് മാത്രം സ്വന്തം. പാവപ്പെട്ടവന് പെന്ഷന് വാങ്ങുന്ന ട്രഷറിയില്‍ കരണ്ടില്ലെങ്കില്‍ അന്ന് പെന്ഷന് കിട്ടില്ല.
20 comments:
ഇടനിലക്കാരെ നിയമ വിധേയമാക്കുക.
കുറച്ചു നാള് ആര് ടി ഓഫീസിന്റെ കമ്പ്യൂട്ടറൈസേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ ഇതെപ്പറ്റി നന്നായി അറിയാം :)
സുതാര്യത കുറേയൊക്കെ അഴിമതി ഒഴിവാക്കുമെന്നു തോന്നുന്നു.
അഴിമതി നടത്തേണ്ടവര്‍ക്ക് എവിടേയും അവസരമുണ്ട്.അഴിമതിയെ ന്യായീകരിക്കുന്നതാണ് ഏറ്റവും നിര്‍ഭാഗ്യകരം.അഴിമതിയെ ന്യായീകരിക്കുന്നത് കൂടുതലായി കണ്ടു വരുന്നു.
നേരേ ചൊവ്വേ കാര്യങ്ങള്‍ നടന്നാല്‍ ഇടനിലക്കാരെ ആവശ്യമുണ്ടാവില്ലല്ലോ... അപ്പൊ അങ്ങനെ നടക്കാതിരിയ്ക്കട്ടെ എന്നു പ്രാര്‍ത്ഥിയ്ക്കാം..!!
ഇതുമായി ബന്ധപ്പെട്ട് നടന്ന ഒരു ചര്‍ച്ചയില്‍ വര്‍ദ്ധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണത്തിന് അനുസൃതമായ വര്‍ദ്ധനവ് ഈ വിഭാഗത്തിലെ ജോലിക്കാരില്‍ (പ്രത്യേകിച്ച് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരില്‍) ഉണ്ടാവില്ലെന്ന് ഒരു ഉദ്യോഗസ്ഥന് അഭിപ്രായപ്പെട്ടുകണ്ടു. അത് ഈ വകുപ്പിലെ അഴിമതി വര്‍ദ്ധനയ്ക്ക് ഒരു കാരണമാണത്രെ. ഉദ്യോഗസ്ഥരുടെ ജോലിഭാരം വര്‍ധിക്കുകയും ഇതു മൂലം പല വാഹനങ്ങളും പരിശോധിച്ച് സെര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് താമസം നേരിടുകയും ചെയ്യുന്നു. ഇതൊഴിവാക്കാന്‍ ഇടനിലക്കാര്‍ ചില ഉദ്യോഗസ്ഥരെ ചൂഷണം ചെയ്യുകയാണത്രെ. പാവം ഉദ്യോഗസ്ഥര്‍.
ഇടനിലക്കാരെ ഒഴിവാക്കാൻ പറ്റില്ലെങ്കിൽ അവരെ നിയമവിധേയ ഏജന്റുമാരായി പരിഗണിക്കുക.
അനിൽ,
ഈ പ്രസ്താവനകൾ വിവാദമായിക്കഴിഞ്ഞു.
‘കാര്യക്ഷമമായ സിവിൽ സർവീസ്, അഴിമതിമുക്തമായ് സിവിൽ സർവീസ്’ ഇതൊന്നും ഈ നൂറ്റാണ്ടിലെങ്കിലും സംഭാവ്യമാകാൻ പോകുന്നില്ല.
മെച്ചപ്പെടൽ ഇല്ലെന്നല്ല. അതു തുലോം കുരവ് ആളുകളിൽ മാത്രം ഒതുങ്ങുന്നു.
പലപ്പോഴും കുറുക്കു വഴികളിലൂടെ കാര്യം സാധിക്കേണ്ട ആളുകളാണ് അഴിമതിക്കാര്‍ക്കും ഇടനിലക്കാര്‍ക്കും അവസരം ഉണ്ടാക്കികൊടുക്കുന്നത്. കൈക്കൂലിയൊന്നും വാങ്ങാത്ത ഉദ്യോഗസ്ഥനാണെങ്കില്‍ ...‘അയാളെ കൊണ്ട് ഒരു കാര്യം നടത്തിക്കാന്‍ വലിയ പാടാണ്’ എന്നത് ജനസംസാരം.
അഴിമതി നിര്‍ത്തലാക്കിയത് കൊണ്ട് മാത്രം കാര്യങ്ങള്‍ നേരെയാവണമെന്നില്ല. സേവന സന്നദ്ധതയും ഉത്തരവാദിത്വബോധവുമുള്ള ഉദ്യോഗസ്ഥരും അവരെ റാഷനാലായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു സര്‍ക്കാരും, ഒപ്പം ജനങ്ങളുടെ സഹകരണവും ഉണ്ടെങ്കില്‍ മാത്രമേ ഇതൊക്കെ നേരെയാവുകയുള്ളൂ.
ജനങ്ങളെങ്ങനെയാണോ, ഏകദേശം, അത് പോലെയൊക്കെ തന്നെയായിരിക്കും അവരെ ഭരിക്കുന്നവരും...
അനിൽ,
മോട്ടോർ വാഹനവകുപ്പിൽ ഇടനിലക്കാരാണ് കാര്യങ്ങൾ നടത്തിക്കൊടുക്കുന്നത് എന്നതായിരിക്കാം പ്രശ്നം. ഇവിടങ്ങളിലെ അഴിമതി പരാമർശവിധേയമാകുന്നതിനും അല്ലാതാകുന്നതിനുമൊക്കെ (സമയവും സാഹചര്യവും ഉന്നയിക്കുന്നയാളുടെ ആവശ്യവും അനുസരിച്ച് ഇത് മാറിവരും, ഏതായാലും രണ്ട് എക്സ്ട്രീം മാത്രമേയുള്ളു, ഒന്നുകിൽ പരിപൂണ പ്രശ്നമാണ്, അല്ലെങ്കിൽ ഒട്ടും പ്രശ്നമല്ല) കാരണം ഇതായിരിക്കാം.
ഡ്രൈവിംഗ് സ്കൂളുകളും സാധാരണക്കാരനുപോലും അറിയാവുന്ന ഏജന്റുമാരും ഒരുതരത്തിൽ ഈ വകുപ്പിൽ ഔദ്യോഗികമായി തന്നെ ഇടനിലക്കാരെ സൃഷ്ടിച്ചിരിക്കുന്നു. ആവശ്യങ്ങളുടെ ലിസ്റ്റും വളരെ ചെറുതാണ്. ലൈസൻസ്, വാഹനറെജിസ്ട്രേഷൻ, പെർമിറ്റ്, ഫിറ്റ്നസ്... കുറച്ചു കാര്യങ്ങളെ ആവശ്യമായുള്ളു. ഈ പ്രത്യേകതകളുള്ള, തിരക്ക് ഏറെയുള്ള, ഏത് സർക്കാർ സ്ഥാപനത്തിലും കാണും ഇടനിലക്കാർ. ഭൂമി റെജിസ്ട്രേഷൻ ഓഫീസ് ഉദാഹരണം.
അനിൽ പറഞ്ഞ മറ്റു വകുപ്പുകളിൽ പലതിലും ആവശ്യക്കാർ വിവിധ ലക്ഷ്യങ്ങളുമായി വരുന്നവരാണ്. ഒരു വൺ-സ്റ്റോപ് സൊലൂഷ്യൻ അത്ര എളുപ്പമാകില്ല. ഉദ്യോഗസ്ഥരെ നേരിട്ട് കണ്ടാലേ കാര്യം നടക്കൂ എന്ന അവസ്ഥ വരുന്നതിന് അതാവാം കാരണം.
(ഞാനൊരു എക്സ്പർട്ട് അല്ല, ഇക്കാര്യത്തിൽ വല്യ പരിചയം പോരാ, തെറ്റുണ്ടെങ്കിൽ തിരുത്തണേ)
സുത്യാരതയും accountability യും അഴിമതി കുറയ്ക്കും.
നിയമത്തിന്റെ ബാഹുല്യം അഴിമതിയ്ക്ക് നല്ല വളമാണ്!
സമയം ലാഭിക്കാനായി ഇടനിലക്കാരെ ഏല്‍പ്പിക്കുകയും അതിന് അവർക്ക് പണം നല്‍കുന്നതും നമുക്ക് നിയമ വിധേയമാക്കാം. പക്ഷെ അതല്ലല്ലൊ നടക്കുന്നത്. നേരിട്ട് പോയാൽ നേരാവണ്ണം കാര്യങ്ങൾ നടത്തി തരുകയില്ല! ഇടനിലക്കാരുടെ കയ്യിൽ സർക്കാർ ഫീസും, ഇടനിലക്കാരുടെ ഫീസും കൂടെ ഉദ്യോഗസ്ഥരുടെ കിമ്പളവും കൊടുത്താൽ കാര്യം ശരിയാകും.
ഇടനിലക്കാരെ നിയമവിധേയമാക്കിയാൽ, അഴിമതിയൊന്നും കുറയില്ല, എന്നാലും നിയമവിധേയമായ ഇടനിലക്കാർക്ക് കൂടുതൽ ഉത്തരവാദിത്വമുണ്ടാകും.
പെൻഷനും അതുപോലെയുള്ള എല്ലാ പണമിടപാടുകളും അവരവർക്ക് ഇഷ്ടപെട്ട ബാങ്കിലെ എക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്താൽ പോരെ? ഏയ് ശരിയാവില്ലാ... അങ്ങനെയായാൽ ഇതവരുടെ അവകാശമാണെന്ന് തോന്നിപോയാലൊ. അടിയൻ തമ്പ്രാന്റെ വീട്ടുമുട്ടത്ത് തന്നെ വന്ന് “ഭിക്ഷ” വാങ്ങിക്കട്ടെ, ഹല്ലാ പിന്നെ.
അപേക്ഷകള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയാല്‍ തന്നെ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം സാധ്യമല്ലേ?
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മൂന്നു വിഭാഗമുണ്ട്.ആദ്യത്തെ വിഭാഗം കൈക്കൂലി വാങ്ങും ചട്ടമൊന്നും നോക്കാതെ എന്തും സാദിച്ചു തരും.രണ്ടാമത്തെ വിഭാഗം കൈക്കൂലി വാങ്ങുകയും ചെയും പിന്നെ സര്‍ക്കാര്‍ ചട്ടമൊക്കെ പറഞ്ഞു കുറെ നടത്തിച്ചു ബുദ്ദിമുട്ടിച്ചു മാത്രമേ എന്തെങ്കിലും നടത്തി തരുകയുള്ളൂ.മൂന്നാമത്തെ വിഭാഗം കൈക്കൂലി തീരെ വാങ്ങില്ല പക്ഷേ അവരില്‍ നിന്നും ചട്ട പ്രകാരം തന്നെയുള്ള കാര്യമായാലും എന്തെങ്കിലും കാര്യം ചെയ്തു കിട്ടുക തീരെ എളുപ്പമല്ല, അവര്‍ എല്ലാവരെയും അനധികൃതമായി എന്തെങ്കിലും കാര്യം നടത്താന്‍ നടക്കുന്നവരാണെന്ന് മുന്‍വിധിയോടെ, സംശയത്തോടെ മാത്രമേ കാണൂ.ഇതു എന്റെ ഒരു വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.
ഉദ്യോഗസ്ഥര്‍ മാത്രമല്ല ജനങ്ങള്‍ക്കും പങ്കുണ്ട് അഴിമതിയില്‍.
സര്‍ക്കാര്‍ നടപടി ക്രമങ്ങളിലെ ജനങ്ങളുടെ അജ്ഞതയും ഊഴം കാത്തു നില്കാനുള്ള മടിയും അഴിമതിയുടെ (പ്രധാനപ്പെട്ടതല്ലെങ്കിലും) കാരണങ്ങളാണ്. ആധാരത്തില്‍ വില കുറച്ചു കാണിച്ചു സര്‍ക്കാരിനെ പറ്റിക്കുന്നതിന് കൂട്ട് നില്‍ക്കുന്നതിനാണ് രജിസ്ട്രേഷന് വകുപ്പില്‍ ജീവനക്കാര്‍ക്ക് കിമ്പളം കിട്ടുന്നത്. വാണിജ്യ നികുതി വകുപ്പിലും ഏതാണ്ടിതേ പോലെ തന്നെ. മറുവശത്ത്, പ്രസവിക്കാന്‍ കിടക്കുന്ന സ്ത്രീ വീട്ടില്‍ വന്നു പ്രത്യേകം കാണാത്തതിനാല്‍ അങ്ങോട്ട് തിരിഞ്ഞു നോക്കാത്ത ഡോക്ടര്‍മാരും നമുക്കുണ്ട്. എയര്‍പോര്‍ട്ടില്‍ വെച്ച് അമ്പതു റിയാലിന്റെ നോട്ടുയര്ത്തിപ്പിടിച്ചു കൊണ്ട് "എല്ലാരും കൊടുക്കണം ന്നു കേട്ടിട്ട്ണ്ട്. ഇതെവിടെയാ കൊടുക്കേണ്ടത്?" എന്ന് കസ്ടംസ് വിഭാഗത്തില്‍ അന്വേഷിച്ച നിഷ്കളങ്കനെ പോലെ, സാര്‍വത്രികമായ അഴിമതിയെ അഴിമതിയായി വേര്‍തിരിച്ചറിയാത്ത അവസ്ഥയുമുണ്ട്.
മോട്ടോര്‍ വാഹന വകുപ്പില്‍ കമ്പ്യൂട്ടര്വല്ക്കരണത്തിനെന്നൊക്കെ പറഞ്ഞു, ലൈസന്‍സ് എടുക്കാന്‍ വരുന്ന ഓരോരുത്തരില്‍ നിന്നും ഇരുനൂറു രൂപ വെച്ച് അടുത്തകാലം വരെയും പിരിച്ചിരുന്നു. അത്തരത്തില്‍ ഒരു പിരിവുണ്ടെങ്കില് എല്ലാ വകുപ്പിലും അടിസ്ഥാന സൗകര്യം ഒരുക്കാം. പക്ഷെ അത് ശരിയാണോ...?
കേരളത്തിലെ ഭൂരിഭാഗം ട്രഷറിയിലും പവര്‍ ബാക്ക് അപ്പിന്റെ പ്രശ്നം പരിഹരിച്ചു കഴിഞ്ഞു. ദിവസം മുഴുവന്‍ കരണ്ടില്ലെങ്കില്‍ ജനറേറ്റര്‍ വാടകക്കെടുക്കാനുള്ള നിര്‍ദേശവുമുണ്ട്. പിന്നെ, ട്രഷറിയില്‍ നിന്നും പെന്ഷന് വാങ്ങുന്നവരെല്ലാവരും പാവങ്ങളാണോ..?!!
@കാക്കര,
പെന്ഷന് ബാങ്കിലേക്ക് മാറ്റാനുള്ള ഓപ്ഷന് ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍ ബാങ്കിലേക്ക് മാറ്റിയവര്‍ പലരും തിരിച്ചു ട്രഷറിയിലേക്ക് തന്നെ മാറ്റുന്നതാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. പുതുക്കിയ ഡി എ നിരക്ക് പ്രാബല്യത്തില്‍ വരുത്താനും ഡി എ യുടെ കുടിശിക ക്രെഡിറ്റ് ചെയ്യാനുമുള്ള കാലതാമസമാണ് പ്രധാന കാരണം.
പ്രീയ അനിലേ,
കോടിക്കണക്കിനു നഷ്ടത്തിലേക്ക് കൊല്ലാകൊല്ലം കൂപ്പ് കുത്തികൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ പറ്റി കേട്ടുകാണാതിരിക്കാൻ വഴിയില്ലല്ലോ.
അവയുണ്ടാക്കുന്ന നഷ്ടം, ഭരണാധികാരികളുടെ കെടുകാര്യസ്ഥതകൊണ്ടും, തൻപ്രമാണിത്തം കൊണ്ടും, ആവശ്യത്തിൽ കൂടുതൽ ജോലിക്കാരെ കുത്തിനിറക്കുന്നതു കൊണ്ടും, തെറ്റായ തീരുമാനങ്ങൾ കൊണ്ടും ഉണ്ടാകുന്നവയാണെങ്കിൽ അതിന്റെ പേരെന്താണു.? Business Loss?
വില്ലേജാപ്പീസിലെ പ്യൂൺ 5 രൂപ കൈക്കൂലി വാങ്ങിയാൾ അയാളെ തൂക്കികൊല്ലണം. എന്നാൽ കോടി കണക്കിനു നഷ്ടം മേൽ പറഞ്ഞവിധത്തിൽ ഉണ്ടാക്കുന്ന കമ്പനികളുടെ ;മേലാളന്മാരെ എന്തു ചെയ്യണം? കൃത്യമായ കണക്കുള്ളതു കൊണ്ട് അഴിമതി അഴിമതിഅല്ലാതാകുന്ന നാടാണിത്.
നമ്മുടെ സമയത്തിന്റെ വിലയാണ് ഇടനിലക്കാരനു കൊടുക്കുന്നതു് എന്നതാണ് ശരി. നമ്മള് അവിടെ ചെന്നു് മിനക്കെടാനോ നമ്മുടെ സമയം കളയാനോ തയ്യാറില്ല. പണം കൊടുത്താല്‍ കാര്യങ്ങള്‍ കൃത്യമായി നടന്നുകിട്ടുകയും ചെയ്യും. അനില്‍ പറഞ്ഞതുപോലെ അവരുമായി ഇടപെടുന്ന വിഭാഗത്തിന്റെ പ്രത്യേകത കൊണ്ടോ എന്തോ ആര്‍ക്കും അതില്‍ പരാതിയുമില്ല. ഇതല്ലേ വസ്തുതകള്‍.
ശ്രീ,
അതുനന്നായി, നേരിട്ട് കണ്ടുകാണുമല്ലോ.
vrajesh,
ഏതാണ് അഴിമതി ഏതാണ ചട്ടപ്രകാരം എന്ന് വേര്‍തിര്‍ച്ച് അറിയാന്‍ പറ്റാത്തവണ്ണം അത് സാര്‍വ്വത്രികമായിരിക്കുന്നു.അതോണ്ടാണ് ജോസ് തെറ്റയില്‍ സിമ്പിളായി ഈ ആ ഡയലോഗ് അടിച്ചത്.
കൊട്ടോട്ടീ,
നേരെ ചൊവ്വേ കാര്യങ്ങള്‍ നടക്കില്ലല്ലോ, അതല്ലെ അതിന്റെ ഗുട്ടന്‍സ്.
മണികണ്ഠന്,
ആ ഉദ്യോഗസ്ഥന് പറഞ്ഞത് ഒരു പരിധി വരെ ശരിയാണ്. ഒരു ഫയല്‍ ആരംഭിക്കുന്നതുമുതല്‍ അത് ആര്‍ട്ടിയോ യുടേയോ ഒക്കെ ടെബിളിലേക്ക് എത്തിക്കുന്നത് വരെ ഈ ഇടനിലക്കാരാണ്. ഓഫീസിലുള്ള ഒരേ ഒരു പ്യൂണിന് ചെയ്യാവുന്നതില്‍ കൂടുതല്‍ ഇത്തരം പണികള്‍ അവിടെ ഉണ്ട്. പിന്നെ വാഹന പരിശോധന, ലൈസന്‍സ് എല്ലാറ്റിന്റേയും ഫയല്‍ ആപ്പീസറുടെ കൂടെ കൊണ്ടുനടക്കുന്നതും ഈ കക്ഷികള്‍ തന്നെ. ചുരുക്കത്തില്‍ ഇവര്‍ ഇല്ലാതെ വന്നാല്‍ പലകാര്യങ്ങള്‍ക്ക് വല്ലാതെ ഡിലേ വരും, അത് നമുക്ക് പറ്റില്ല. അല്പം ക്ഷമിക്കാന്‍ ജനം തയ്യാറായാല്‍ ഇവരെ ഒഴിവാക്കാം.
പക്ഷെ ഞാന്‍ പറഞ്ഞത് ഇവരെ അംഗീകൃത ഇടപാടുകാരാക്കുക എന്നതാണ്. പല മേഖലകളിലും സമാന ഏജന്റന്മാര് ഉണ്ടല്ലോ.
വീകെ,
അതെ.
:)
ജയന്,
വിവാദമായത് അതിലെ രാഷ്ട്രീയം കൊണ്ടാണ്. യഥാര്‍ത്ഥ ജനപക്ഷത്തുനിന്നുള്ള പ്രതികരണം ഉണ്ടായില്ലല്ലോ.
“അഴിമതി രഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസ്” കേട്ടു കേട്ട് മടുത്ത പല്ലവി.
ചിന്തകന്‍,
താങ്കള്‍ പറഞ്ഞത് ഏറ്റവും പ്രസക്തമായ സംഗതിയാണ്. ആത്മാര്‍ത്ഥതയില്ലാത്തെ പണിക്കാരെക്കൊണ്ട് യാതൊരു പ്രയോജനവുമില്ല. ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി അഴിമതി ന്നൊരു സംഗതി ഇല്ലെന്നതാണ് വാസ്തവം, ആകെ മെഷിനറിയുടെ ഭാഗമാണത്, ഉദ്യോഗസ്ഥരും രാഷ്ടീയക്കാരും ഗുണഭോക്താക്കളായ ജനങ്ങളും എല്ലാം കൂട്ടു പ്രതികള്‍ തന്നെയാണ്.
അപ്പൂട്ടന്,
ഒരു സാധാരണ പൌരന് എന്ന നിലയില്‍ നമ്മള് ശ്രദ്ധിക്കുന്ന കാര്യന്നള് ഇതു മാത്രമാണ്. എന്നാല്‍ കൂടുതല്‍ “വരുമാനം” കിട്ടുന്ന സ്ഥലത്തേക്ക് ട്രാന്സ്ഫറ് കിട്ടാനും അതു കൊടുക്കുന്നതും തുടങ്ങി ബാക്കി ഇടപാടുകള്‍ നമ്മള് ആരും കാണുന്നില്ല. ആ സംഗതിയിന്മേലാണ് സത്യത്തില്‍ ഈ തര്‍ക്ക ഉണ്ടായതു തന്നെ.
കാക്കര,
നിയമത്തിന്റെ ബാഹുല്യം തീര്‍ച്ചയായും അഴിമതിക്ക് വഴിവക്കുന്ന ഒന്നാണ്. ഇവയില്‍ പലതിനും ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ തീരുമാനങ്ങള്‍ക്ക് സാദ്ധ്യത ഉള്ളതാവും, അവിടെയാണ് ഈ അഡ്ജസ്റ്റ്മെന്റുകള്‍ നടക്കുന്നത്.
ട്രഷറിയില്‍ നിന്നും ബാങ്ക് അക്കൌണ്ടിലൂടെ പെന്ഷന് പിന്‍വലിക്കാം. പക്ഷെ ഇവിടെ അതല്ല പ്രശ്നം. ഒരു ദിവസം കരണ്ടില്ലെങ്കില്‍ അന്ന് ട്രഷറി പ്രവര്‍ത്തിക്കില്ല, അവിടെ ജനറേറ്റര്‍ ഇല്ല. എന്നാല്‍ തൊട്ടടുത്ത മുറിയിലെ ആര്.ടി.ഓ ഓഫീസ് പ്രവര്‍ത്തിക്കും, കാരണം പ്രവര്‍ത്തിക്കണമെന്ന് ഉദ്യോഗസ്ഥനുകൂടി ആഗ്രഹമുണ്ട് എന്നതിനാല്‍ അവര്‍ എല്ലാം സജ്ജീകരിച്ചിരിക്കുന്നു.
ആപ്
ശ്രദ്ധേയന്‍,
അപേക്ഷ ഓണലൈനിലേക്ക് മാറിയാലും മാമൂലുകള്‍ മാറാന്‍ സാദ്ധ്യത ഇല്ല.
ഷാജി ഖത്തര്‍,
താങ്കള്‍ പറഞ്ഞത് വള്രെ ശരിയാണ്.
ഇതില്‍ ആദ്യ വിഭാഗം ഉദ്യോഗസ്ഥരെ ജനത്തിന് വളരെ ഇഷ്ടമാണുതാനും.
ഷാ,
പറഞ്ഞ കാര്യത്തെ പറ്റി ഏറെ വിയോജിക്കുന്നില്ല. മോട്ടോര്‍ വാഹന വകുപ്പില്‍ നടന്ന കമ്പ്യൂട്ടറൈസേഷന് നടപടികള്‍ എന്തുകൊണ്ട് ട്രഷറിയില്‍ ഊര്ജ്ജിതമാകുന്നില്ല?
അതാണ് രണ്ട് വകുപ്പിന്റേയും വ്യത്യാസം.
അങ്കിളേ,
അതിലേക്കൊന്നും കടക്കാതിരിക്കുകയാണ് ഭേദം. അതാണ് ഞാന്‍ ആദ്യമേ പറഞ്ഞത് ജനം കൈക്കൂലി വരുന്ന സന്ദര്‍ഭങ്ങള്‍ മാത്രമേ ഇപ്പോള്‍ അഴിമതിയായി കണക്കാക്കുന്നുള്ളൂ. സര്‍ക്കാര്‍ ഖജനാവിന് നഷ്ടം വരുന്നതും തന്റ്റെ നികുതിപ്പണം ആണെന്ന് എത്ര പേര് ശ്രദ്ധിക്കുന്നു?
ഇനി ശ്രദ്ധിച്ചിട്ട് വല്ല കാര്യവുമുണ്ടോ?
ഇല്ല.
അതുകൊണ്ട് കൊച്ചു കൊച്ച് അഴിമതിയെപ്പറ്റി പറഞ്ഞ് നമുക്ക് തൃപ്തിയടയാം.
:)
എഴുത്തുകാരി,
ചേച്ചീ, പണം കൊടുക്കാതെ ലൈസന്‍സ് എടുത്ത എത്ര പേര് ഈ ബ്ലോഗ് വായിച്ചുകാണും?
വളരെ ചുരുക്കമായിരിക്കും. പക്ഷെ ആര്‍ക്കും പരാതിയില്ല.
അനിൽ,
പൊതുജനവുമായി നേരിട്ട് ബന്ധമുള്ള അഴിമതിയെക്കുറിച്ചാണ് താങ്കൾ സംസാരിക്കുന്നതെന്നാണ് പോസ്റ്റ് വായിച്ചപ്പോൾ എനിക്ക് കിട്ടിയ ധാരണ, അതിനാലാണ് എന്റെ പ്രതികരണവും ആ ലെവലിൽ തന്നെ നിർത്തിയതും.
അഴിമതിയെ കുറിച്ച് ഏറെ സംസാരിക്കുന്നുണ്ടങ്കിലും അഴിമതിക്ക് ഒരുകുറവും ഉണ്ടാവുന്നില്ല എന്നുള്ളതല്ലേ വസ്തുത .ശ്രദ്ദേയന് പറഞ്ഞ പോലെ, ഓണ്‍ലൈനിലേക്ക് മാറ്റിയാല്‍ ഒരു പരിധി വരെ പരിഹാരം സാദ്യമല്ലേ?
ആവശ്യക്കാരൻ ഉള്ളയിടത്തോളം കാലം അഴിമതിയെ നിർമാജ്ജനം ചെയ്യുവാൻ സാധിക്കുകയില്ല അനിൽ.
ഈ രാജ്യത്തൊക്കെയുള്ളപോലെ കർശനമായ ചിട്ടവട്ടങ്ങൾ ഉണ്ടാക്കുകയും,ഓരോന്നിനേയും നിരീക്ഷിക്കുവാൻ പ്രത്യേക വിഭാഗങ്ങൾ ഉണ്ടാക്കുകയും ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്..
ആയത് മുകൾതട്ട് മുതൽ ആരംഭിക്കുകയും, ഏർപ്പെടുത്തുകയും വേണം കേട്ടൊ..
ഏതൊരുകാര്യത്തിനും ഇടതട്ടുകാരുള്ള നമ്മുടെ നാട്ടിൽ ഇത്തരം പ്രക്രിയകൾ നടത്തുക കുറച്ചു ദുഷ്കരമായ സംഗതി തന്നെയാണ് !
ട്രന്സ്പൊര്റ്റ് കമ്മീഷണര്‍ക്ക് ചലച്ചിത്ര വികസന കോര്പറേഷന് - ന്റെ തലപ്പത്ത് ഇരിക്കാനാണ് ദുര്‍ഗതി. അഴിമതിക്കാര്‍ ആയ ഉദ്യോഗസ്ഥതര്‍ക്ക് പണികോടുത്തപ്പോള് ട്ര്യാന്സ്പോര്ട് കമ്മീഷണര്‍ ശ്രീ. പ്രേം ശങ്കരിനു വകുപ്പ് മന്ത്രിയുടെ വക സ്ഥലം മാറ്റം. തെറ്റയില്‍ അഴിമത്ിക്കാരന് ആണെന്ന് പറഞ്ഞ പാവം വി.എസ് സഖാവ ഇതൊന്നും കാണുന്നില്ലേ... അതോ പഴയ പൊലിടികല് സെക്രത്ടറി ഷാജഹന് പറഞ്ഞ പോലെ ഒന്നു കാണത്ത പോലെ നടിക്കുകയോ? ഈ സര്‍ക്കാരില്‍ എല്ലാ വകുപ്പിലും തെറ്റയില്‍ മാര്‍ ഉണ്ടെന്നു പറഞ്ഞ ജോസ് തെറ്റയില്‍ മുഖ്യമന്ത്രിയെ വരെ ഒന്നു നാണം കെടുതതിയത് നാം കണ്ടു. അദ്ദേഹം ഉദ്ദേശിച്ചത് ഞാന്‍ കള്ളന് തെന്നെ, പക്ഷേ ഞാന്‍ മാത്രം അല്ല കള്ളന്, മറ്റുള്ളവരും നന്നായി കക്കുന്നുന്ദ് എന്നാണ്...
Post a Comment