8/06/2009

ഇന്‍ഡക്ഷന്‍ കുക്കര്‍

എല്‍.പി.ജി പാചക ഇന്ധനത്തിന് അതിരൂക്ഷമായ ക്ഷാമം നേരിടുകയാണ് നാട്ടില്‍.ഉയര്‍ന്ന നിരക്കില്‍ ലഭിക്കുന്ന പാചകവാതകത്തിന് സബ്സിഡി ന‍ല്‍കിയാണ്,സര്‍ക്കാര്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിവരുന്നത്. രാജ്യത്ത് നല്‍കിവരുന്ന സബ്സിഡികള്‍ വെട്ടിച്ചുരുക്കുക എന്ന നയത്തിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളുടെ മറുപുറമാണീ ക്ഷാമമെന്നും വിവക്ഷയുണ്ട്. എന്തു തന്നെയായിരുന്നാലും 60 ദിവസത്തിലൊരിക്കല്‍ ലഭിക്കുന്ന 14 കിലോഗ്രാം പാചക വാതകം കൊണ്ട് ഒരു കുടുംബം കഴിയാനാവില്ലെന്ന സ്ഥിതി വന്നതോടെയാണ് ഇന്‍ഡക്ഷന്‍ കുക്കര്‍ എന്ന ആശയത്തിലേക്ക് തിരിഞ്ഞത്.
ഗുണങ്ങള്‍:
#പാചകത്തിനായ് ഉപയോഗിക്കുന്ന പാത്രം തന്നെ നേരിട്ട് ചൂടാവുന്നു എന്നതിനാല്‍ പ്രസരിച്ചു പോകുന്ന ഊര്‍ജ്ജ നഷ്ടം, താപ സ്രോതസ്സിന്റെ താപന ക്ഷമതക്കുറവ് തുടങ്ങിയവ മൂലമുള്ള നഷ്ടം ഒഴിവാകുന്നു.
#യാതൊരുവിധ രാസപ്രവര്‍ത്തനവും ഉണ്ടാക്കുന്നില്ല എന്നതിനാല്‍ പരിസ്ഥിതി മലിനീകരണം ഒഴിവാകുന്നു.

പ്രവര്‍ത്തനം:
ഒരു ചാലകത്തിന്റെ സമീപത്തെ വിദ്യുത്കാന്തിക ദോലനങ്ങള്‍ പ്രസ്തുത ചാലകത്തില്‍ വൈദ്യുതി പകര്‍ന്നു (induce)നല്‍കുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാന തത്വം. വൈദ്യുതോര്‍ജ്ജം സംബന്ധിച്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മനുഷ്യന്‍ കണ്ടെത്തിയ ഈ തത്വമാണ് പുതു തലമുറ പാചക യന്ത്രമായ ഈ കുക്കറില്‍ ഉപയോഗിക്കുന്നതെന്നത് കൌതുകകരമാണ്. ഇലക്ട്രോണിക്സിന്റെ വികാസത്തിന്റെ ഭാഗമായി അര്‍ദ്ധചാലകങ്ങളുടെ നിര്‍മ്മിതി കൈവരിച്ച മുന്നേറ്റമാണ് ഇന്ന് ഈ കുക്കറിന്റെ വ്യാപനത്തിനു കാരണമായത്. വളരെ കട്ടികൂടിയ ഒരു ചാലകത്തില്‍ ചെലുത്തപ്പെടുന്ന കാന്തിക ദോലനം, ഉയര്‍ന്ന അളവിലുള്ള “എഡ്ഡി കരണ്ട്” സൃഷ്ടിക്കുകയും, ചാലകത്തിന്റെ കുറഞ്ഞ രോധം, ഹിസ്റ്റെരിസിസ് എന്നിവ മൂലം ഉയര്‍ന്ന നിരക്കില്‍ താപോര്‍ജ്ജം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇവിടെ പാചകം ചെയ്യാനുള്ള പാത്രം തന്നെ ചാലകമായി പ്രവര്‍ത്തിക്കുന്നു. ഒരു സൂചന ചിത്രം താഴെ കാണാം.
ചിത്രത്തില്‍ കാണപ്പെടുന്നതുപോലെ ഒരു നിയന്ത്രണ യൂണിറ്റിനാല്‍ നിയന്ത്രിതമായ ഒരു ഓസിലേറ്ററാണ് ഇതിന്റെ അടിസ്ഥാന ഘടകം. ഉയര്‍ന്ന ആവൃത്തി തരംഗങ്ങള്‍ പുറത്തുവിടുന്ന ഈ ഘട്ടത്തില്‍ നിന്നു ലഭിക്കുന്ന തരംഗങ്ങള്‍ അനുയോജ്യമായ രീതിയില്‍ മോഡുലേറ്റ് ചെയ്യപ്പെട്ട്, ,കാന്തിക തരംഗങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപതമായ ഒരു കമ്പിച്ചുറ്റിലേക്ക് നയിക്കപ്പെടുന്നു.

ഇപ്രകാരം കമ്പിച്ചുറ്റിലെത്തുന്ന വൈദ്യതകാന്തിക ദോലനങ്ങള്‍ പ്രസരിപ്പിക്കുന്ന ഊര്‍ജ്ജം പാത്രത്തിലെത്തുകയും മേലെ സൂചിപ്പിച്ച പ്രകാരം പാത്രത്തെ ചൂടാക്കുകയും ചെയ്യുന്നു. ഈ കമ്പിച്ചുറ്റുകളുടെ വ്യാസത്തിനനുസരിച്ചുള്ള പ്രാത്രങ്ങള്‍ ഉപയോഗിക്കുക എന്നത് ക്ഷമതയുമായും ഉപകരണത്തിന്റെ ആയുസ്സുമായും ബന്ധപ്പെട്ടുകിടക്കുന്നു.
എന്തുകൊണ്ട് സ്റ്റീല്‍ പാത്രം:
ദോലനം ചെയ്യുന്ന കാന്തിക മണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന ഏതൊരു ചാലകത്തിലും വൈദ്യുതി ഉത്പാദിപ്പിക്കപ്പെടും. എന്നിരുന്നാലും ഇവിടെ ഊര്‍ജ്ജം താപരൂപത്തിലാണ് ആവശ്യമെന്നതിനാല്‍, പരമാവധി താപനില സൃഷ്ടിക്കാന്‍ പര്യാപ്തമായ വിദ്യയാണ് ആവശ്യമായി വരുന്നത്. ഇതിനായ് കാന്തിക സ്വഭാവമുള്ള ലോഹങ്ങളുടെ ഹിസ്റ്റെരിസിസ് സ്വഭാവമാണ് ഉപയുക്തമാക്കുന്നത്. (ഒരു തിരുത്ത് : താഴെ മണി സാറിന്റെ കമന്റ് കാണുക) ചാലകമായി പ്രവര്‍ത്തിക്കുന്ന പാത്രത്തില്‍ ഉയര്‍ന്നു വരുന്ന “എഡ്ഡികരണ്ട് ”ചാലകത്തിനുള്ളില്‍ തന്നെ ചെറു കാന്തങ്ങള്‍ സൃഷ്ടിക്കുകയും ഇവയുടെ പരസ്പരവിരുദ്ധ പ്രവര്‍ത്തനം മൂലം താപോര്‍ജ്ജം കൂടുതലായി സൃഷ്ടിക്കപ്പെടുന്നു എന്നും ലളിതമായി പറയാം. ഇതിനാലാണ് പാചകത്തിന് ഇരുമ്പ് അടങ്ങിയ ലോഹകൂട്ടുകളുള്ള പാത്രം ആവശ്യമായി വരുന്നത്. മാത്രവുമല്ല ഇരുമ്പല്ലാത്ത പാത്രങ്ങളാലുണ്ടാവുന്ന കാന്തികഫ്ലക്സിന്റെ വ്യതിയാനം പിടിച്ചെടുക്കാനുള്ള സാങ്കേതികത ഈ കുക്കറില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതിനാല്‍ മറ്റുലോഹപ്പാത്രങ്ങളുമായി ഇത് ഒത്ത് പ്രവര്‍ത്തിക്കുകയുമില്ല.
നിയന്ത്രണ യൂണിറ്റും ടൈമറുകളും‍:
ഇന്‍ഡക്ഷന്‍ കുക്കറിന്റെ ഇന്ധനക്ഷമത നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന ഒന്നാണ് ഇതിന്റെ നിയന്ത്രണ യൂണിറ്റ്. തരംഗങ്ങളുടെ വിവിധ സ്വഭാവങ്ങള്‍ നിയന്ത്രിച്ചും പ്രവര്‍ത്തന സമയം നിജപ്പെടുത്തിയുമാണ് ഓരോ തരം പാചക ചക്രങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ഉദാഹരണമായി പാലുതിളക്കാനുള്ള സെറ്റിങില്‍,‍ ആദ്യ ഘട്ടത്തില്‍ നിശ്ചിത താപനില വരെ തുടര്‍ച്ചയായി ചൂടാക്കുകയും, തുടര്‍ന്ന് ചെറിയ ഇടവേളകളില്‍ കുറഞ്ഞ അളവില്‍ ചൂട് നല്‍കുന്ന രീതിയിലുമാണ് ഇത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ തന്നെ ഏറ്റവും കുറഞ്ഞ ഊര്‍ജ്ജം മാത്രം ഉപയോഗിച്ച് പാലിനെ തിളപ്പിക്കുന്നു. ഇപ്രകാരം “ടൈം മാനേജ്മെന്റ്” എന്ന തന്ത്രവും കൂടെ കൂട്ടിയിണക്കിയാണ് ഈ കുക്കര്‍ ഇന്ധനക്ഷമത നല്‍കുന്നത്.
കേരളത്തില്‍:
ഇത്രയധികം വൈദ്യുതി വ്യതിയാനങ്ങള്‍ വരുന്ന ഒരു വിതരണ ശൃംഖല മറ്റെവിടെങ്കിലും ഉണ്ടോ എന്ന് അറിയില്ല. വോള്‍ട്ടേജ്, പവര്‍ഫാക്റ്റര്‍ തുടങ്ങി എല്ലാഘടകങ്ങളും ഒരോ നിമിഷവും വ്യതിയാനം സംഭവിക്കുന്നു. ഇതു കൂടാതെ പവര്‍ ലൈനില്‍ വരുന്ന “സര്‍ജുകളും” “സ്പൈക്കുകളും”. ഈ മോശം സപ്ലേ അവസ്ഥകളില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ പോലെയുള്ള ഉയര്‍ന്ന തീവ്രതയില്‍, ഉയര്‍ന്ന ആവൃത്തി വൈദ്യുതി കൈകാര്യം ചെയ്യുന്ന ഉപകരണങ്ങള്‍ക്ക് ആയുസ്സ് കുറവായിരിക്കും. ഒരു പക്ഷെ ഒരു സ്റ്റബിലൈസര്‍ ഗുണം ചെയ്തേക്കാം. കൂടാതെ വര്‍ദ്ധിച്ചു വരുന്ന വൈദ്യുതി ചാര്‍ജും നമ്മെ ബാധിക്കും. എന്നിരുന്നാലും ചിലവഴിക്കുന്നതില്‍ ഊര്‍ജ്ജത്തിനാനുപാതികമായ നഷ്ടം, കുറവുള്ള ഒരു ഉപകരണം എന്ന നിലയില്‍ ഇത് ഗുണപരമാണ്.

58 comments:

അനില്‍@ബ്ലോഗ് // anil said...

ഇന്‍ഡക്ഷന്‍ കുക്കര്‍ ഒരെണ്ണം വാങ്ങിയപ്പൊള്‍

കുട്ടു | Kuttu said...

ഒരു വര്‍ഷമായി ഉപയോഗിക്കുന്നു.ഇതുവരെ ഒരു കുഴപ്പവുമില്ല. ബെഡ്‌റൂമില്‍ പോലും ഉപയോഗിക്കാം എന്നതാണ് ഇതിന്റെ മേന്മ. ചൂടില്ല, പുകയില്ല മറ്റ് ബുദ്ധിമുട്ടുകള്‍ ഒന്നുമില്ല. ഹോസ്റ്റലിലും, ലോ‌ഡ്ജുകളിലും മറ്റും താമസിക്കുന്നവര്‍ക്ക് വളരെ സഹായകമാണ് ഇന്‍‌ഡക്ഷന്‍ കുക്കര്‍. 20-30 സെക്കന്റ് സമയം മതി ഒരു ഗ്ലാസ്സ് വെള്ളം തിളയ്ക്കാന്‍. അതായത് ഒരു മിനിറ്റില്‍ ചായ റെഡി എന്നര്‍ത്ഥം.

ബ്രാന്‍ഡഡ് കുക്കര്‍ വലിയ കാശുകൊടുത്ത് വാങ്ങാതെ, അത്ര വിലയില്ലാത്ത ചൈനീസ് കുക്കര്‍ വാങ്ങുന്നതാണ് നല്ലതെന്നാണ് എന്റേയും സുഹൃത്തുക്കളുടേയും അനുഭവം. 1400 രൂപമുതല്‍ വിപണിയില്‍ ഇവ ലഭ്യമാണ്. സ്ട്രോബ് എന്ന പേരില്‍ ഇറങ്ങുന്ന 2000 വാട്ടിന്റെ (വാട്ട് കൂടുന്നതിനനുസരിച്ച് പാചക സമയം കുറഞ്ഞുവരും)‌ ഒരു മോഡല്‍ വലിയ കമ്പ്ലൈന്റ് ഇല്ലാത്ത ഒന്നാണ് . ഇതിന് 1800-2000 രൂപ വരെ വില വരും. അതേസമയത്ത് ബ്രാന്‍ഡഡ് ആകുമ്പോള്‍ 3000-5000 റേഞ്ചിലാകും വില.

പെട്ടെന്ന് കേടുവരാന്‍ തക്ക സാധനങ്ങള്‍ ഒന്നും അതിനകത്തില്ല എന്നതാണ് ബ്രാന്‍ഡഡിന്റെ പുറകെ പോകാതെ ലോക്കല്‍/ചൈനീസ് സാധനം വാങ്ങാന്‍ പ്രേരിപ്പിക്കുന്ന ഘടകം. മാത്രമല്ല ഒന്നുരണ്ടുമാസം വരെ കടക്കാരന്‍ ഗ്യാരണ്ടി തരും. ഡ്യൂട്ടി ഫ്രീ ഷോപ്പിലും, ബീമാപ്പള്ളീ മോഡല്‍ കടകളിലും ഈ സാധനം കിട്ടും.

നിങ്ങള്‍ ചൈനീസ് സാധനം വാങ്ങണം എന്ന് ഞാന്‍ പറയില്ല. ബ്രാന്‍ഡഡിന്റേയും, ചൈനീസിന്റേയും ഗുണങ്ങളും ദോഷങ്ങളും ആലോചിച്ച് വേണ്ടത് ചെയ്യൂ.

ramanika said...

ഇന്‍ഡക്ഷന്‍ കുക്കര്‍/സ്റ്റവ് വാങ്ങി നല്ല useful ആണ്
പക്ഷെ ഇടയ്ക്കിടെ ഉള്ള കറന്റ്‌ പോക്ക് ചെറുതല്ലാത്ത വിഷമതകള്‍ തരുന്നു !

പ്രയാണ്‍ said...

വളരെ നല്ല കാര്യം അനില്‍.... അടുത്തവര്‍ഷം തൊട്ട് കുറച്ചുകാലമെങ്കിലും(പൂരക്കാലം) നാട്ടില്‍ വന്നു നില്‍ക്കണമെന്നുണ്ട്.വീട് റെഡിയായിക്കൊണ്ടിരിക്കുന്നു. അപ്പോള്‍ ഉപകാരമായേക്കും.

Anil cheleri kumaran said...

ഒരു ദോഷവുമില്ലേ.. അനിൽ !!
ഉണ്ടാവാതിരിക്കില്ലല്ലോ..! ആരെങ്കിലും ഒരു റിപ്ലൈ ചെയ്യു. അല്ലെങ്കില് ഞാനുടനെ ഒരെണ്ണം വാങ്ങിപ്പോകും...

അനില്‍@ബ്ലോഗ് // anil said...

കുമാര്‍ജി,
ഒരു പ്രശ്നവുമില്ല, ധൈര്യമായി വാങ്ങിക്കോ.
ഞാന്‍ തിരിച്ചും മറിച്ചുമൊക്കെ ചികഞ്ഞുനോക്കി. റെഡിയോ ഇന്റെര്‍ഫെറന്‍സ് പോലും ഇല്ല.
:)

anushka said...

ഇതു വരെ വാങ്ങിയില്ല.വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍ പ്രത്യേകിച്ചെന്തെങ്കിലുമുണ്ടോ?
നല്ല ലേഖനം.നന്ദി.

നരിക്കുന്നൻ said...

എന്റെ വീട്ടിലും ഇത് ഉപയോഗിക്കുന്നുണ്ട്. എനിക്ക് വലിയ പരിചയം ഇതിനെ കുറിച്ച് ഇല്ലെങ്കിലും സാദനം കൊള്ളാം എന്ന് വീട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

രാജന്‍ വെങ്ങര said...

കൊള്ളാം,ഇതൊരെണ്ണം വാങ്ങിച്ചു എന്നറിയിച്ചപ്പോള്‍,വീട്ടുകാരിയെ വേണ്ടാത്ത കാര്യത്തിനു പൈസ ചിലവാക്കി എന്നു പറഞ്ഞു ദേഷ്യപെട്ടു..നാട്ടില്‍ ചെന്നു സംഗതിയുടെ ഉപയോഗ്ം നേരില്‍ കണ്ടു ബോധിച്ചപ്പോള്‍ അഭിപ്രായം തിരിച്ചെടുത്തു..തന്‍ പാതിയുടെ പ്രായോഗികതയെ അംഗീകരിച്ചുകൊടുക്കേണ്ടിയും വന്നു.എന്തയാലും സാധനം ഇപ്പോഴും നന്നായി തന്നെ ഇരിക്കുന്നു..അതുകൊണ്ട് തന്നെയാണു അനിലിന്റെ ഈ പോസ്റ്റ് കണ്ട് കൌതുകത്തോടേ ഇങ്ങോട്ട് വന്നതും..ഇത്തരം അറിവു പകരുന്നതും,ഉപയൊഗപ്രദമായതും പോസ്റ്റുകള്‍ ഇനിയും ഉണ്ടാവട്ടെ..ഭാവുകങ്ങള്‍..

Typist | എഴുത്തുകാരി said...

ഇതുവരെ വാങ്ങിയിട്ടില്ല.

K C G said...

വിജ്ഞാനപ്രദം.
അനിലേ, ഇത് ഉപയോഗിക്കുമ്പോള്‍ എത്രത്തോളം കറണ്ട് ഉപഭോഗം വരുന്നു എന്നുകൂടി പറയുമോ? സാധാരണ ഹീറ്ററിനെക്കാള്‍ ലാഭകരമായിരിക്കും അല്ലേ?
പിന്നെ, ഈ സാങ്കേതിക പദങ്ങളുടെ ഇംഗ്ലീഷ് കൂടി ഇട്ടിരുന്നെങ്കില്‍ നന്നായിരുന്നു. (രോധം ദോലനം)

chithrakaran:ചിത്രകാരന്‍ said...

ഉപകാരപ്രദമായ സാങ്കേതികജ്ഞാനത്തിനു നന്ദി.

Lathika subhash said...

ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുന്നുണ്ട്.
എനിയ്ക്കും നല്ല അഭിപ്രായമാ.
കുറച്ചു കാര്യങ്ങൾ അറിയാൻ ഈ പോസ്റ്റ് സഹായിച്ചു.
നന്ദി ,അനിൽ.

കാസിം തങ്ങള്‍ said...

നാട്ടില്‍ പോകുമ്പോള്‍ ഒന്ന് വാങ്ങി പരീക്ഷിച്ച് നോക്കട്ടെ. നന്ദി അനില്‍ വിലപ്പെട്ട വിവരങ്ങള്‍ പങ്ക് വെച്ചതിന്

ചാണക്യന്‍ said...

അനിലെ വിവരങ്ങള്‍ക്ക് നന്ദി.....ഒരെണ്ണം വാങ്ങി ഉപയോഗിച്ച് നോക്കാം...

മാഷെ കറണ്ട് ചാര്‍ജ്ജ് കൂടുമോ?:):)

Faizal Kondotty said...

അനിലേട്ടന്‍ ഇന്‍ഡക്ഷന്‍ കുക്കറിന്റെ വല്ല ഏജന്‍സി യും എടുത്തോ ? :)

ഈ പോസ്റ്റില്‍ പറഞ്ഞതൊക്കെ വസ്തുതകള്‍ തന്നെയാണ് എന്ന് തോന്നുന്നു . മാത്രമല്ല ഇതിനു പിന്നിലെ പ്രവര്‍ത്തന തത്വം നന്നായി വിശദീകരിച്ചിരിക്കുന്നു .. നന്ദി .

വാങ്ങുമ്പോള്‍ നല്ല ബ്രാന്‍ഡ്‌ വാങ്ങാന്‍ ശ്രദ്ധിക്കണം എന്ന് മാത്രം ..കാരണം ധാരാളം ഗുണ നിലവാരം കുറഞ്ഞ ചൈനീസ്‌ ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വിതരണത്തിന് എത്തുന്നുണ്ട് .

മാണിക്യം said...

നന്ദി അനില്‍ ഈ അറിവുകള്‍ പകര്‍ന്നു തന്നതിനു

vahab said...

വീട്ടിലുപയോഗിക്കുന്നുണ്ട്‌. വീട്ടുകാര്‍ക്ക്‌ നല്ല അഭിപ്രായമാണ്‌.
ഇത്‌ ഉപയോഗിച്ചുവെന്നതുകൊണ്ട്‌ കറന്റ്‌ ബില്‍ പ്രത്യേകിച്ചൊന്നും കൂടിയതായി അനുഭവപ്പെട്ടിട്ടില്ല.

ബഷീർ said...

നാട്ടിൽ വന്ന സമയത്ത് പൂരം പ്രദർശന സ്റ്റാളിൽ നിന്ന് കണ്ടിരുന്നു. കരന്റ് ബില്ലിന്റെ കാര്യം തന്നെയാണ് സംശയത്തിൽ വന്നത്. ഈ വിവരങ്ങൾക്ക് നന്ദി. അടുത്ത തവണ നാട്ടിൽ പോകുമ്പോൾ ഒന്ന് പരീക്ഷിച്ച് നോക്കിയാലോ എന്ന് കരുതുന്നു. ഗ്യാസ് കണക്ഷന് അപേക്ഷ തന്നെ സ്വീകരിക്കുന്നില്ലത്രെ ഇപ്പോൾ ..എന്ത് ചെയ്യാം. പുതിയ വീട്ടിലേക്ക് താമസം മാറ്റുമ്പോൾ ഇത് തന്നെ വാങേണ്ടി വരുമോ !!

vahab said...

ബഷീര്‍...
വെള്ളം ചൂടാക്കാന്‍ മാത്രമേ ഇത്‌ സാധാരണ ഉപയോഗിക്കാറുള്ളൂ. മറ്റുള്ളവയ്‌ക്ക്‌ കുക്കിംഗ്‌ ഗ്യാസ്‌ തന്നെ വേണ്ടിവരും. തെറ്റുണ്ടെങ്കില്‍ ആരെങ്കിലും തിരുത്തുമെന്നു കരുതുന്നു.

അനില്‍@ബ്ലോഗ് // anil said...

കുട്ടു,
വിശദമായ അഭിപ്രായത്തിനു നന്ദി.
രണ്ട് വിയോജിപ്പുകള്‍, ഒന്നെ കേടു വരത്തക്ക സാധനങ്ങള്‍ ഒന്നും ഇതിലില്ല എന്ന വരിയോട്, കേടു വരുന്ന സാധങ്ങളേ ഇതിലുള്ളൂ. ഉയര്‍ന്ന് ഫ്രീക്വന്‍സികളില്‍ പ്രവര്‍ത്തിക്കുന്നവക്കെല്ലാം വരുന്ന കേട് ഇതിനും വരാം,അതും 230 വോള്‍ട്ട് ഇലക്ട്രോണിക് ഉപകരണം എന്ന നിലയില്‍. സര്‍ജും സ്പൈക്കും വോള്‍ട്ടേജ് ചാഞ്ചാട്ടവുമെല്ലാം ഗൌരവം തന്നെ, പ്രത്യേകിച്ച് ഇന്‍ഡക്റ്റീവ് ലോഡ് എന്ന നിലയില്‍.അതിനെ അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ മതി എന്നു മാത്രം.പിന്നൊന്ന് ചൈനീസ് ഉത്പന്നങ്ങള്‍, എല്ലാം മോശമാണെന്ന അര്‍ത്ഥത്തിലല്ല്, മറിച്ച് അതിലുപയോഗിക്കുന്ന ഐ.ജി.ബി.ട്രാന്‍സിസ്റ്ററുകളെല്ലാം മോശം ക്വാളിറ്റിയാ. എന്റെ സുഹൃത്തുക്കള്‍ വാങ്ങിയ ഒരു പാടെണ്ണം കേടായി. അതു റിപ്പയര്‍ ചെയ്യാന്‍ വേണ്ട് നടത്തിയ പഠനമാണീ പോസ്റ്റ്.

ramanika,
കരണ്ട് മാത്രം വിശ്വസിച്ച് പാചകത്തിനിരുന്നാല്‍ ചിലപ്പൊള്‍ പട്ടിണിയാകും.ഇങ്ങനെ സംഭവിച്ച ഒരു ദിവസം ഓടിപ്പോയി ഒരു പ്രൈവറ്റ് ഗാസ് കണക്ഷന്‍ എടുക്കേണ്ടി വന്നു.

പ്രയാണ്‍,
വാങ്ങിക്കോളൂ, ഒരു സ്റ്റവ് എന്ന സങ്കല്‍പ്പമേ മാറും ഈ സാധനം കയ്യിലുണ്ടേല്‍.

കുമാരന്‍,
വാങ്ങിക്കോ.
:)

vrajesh,
കഴിവതും പരമാവധി സര്‍വ്വീസ് ലഭിക്കുന്ന ബ്രാന്‍ഡ് മാത്രം വാങ്ങുക.
കൂളിങ് ഫാന്‍ ഉള്ള സാധനം വാങ്ങുക.
ഓരോ ഫംങ്ഷനും വെവ്വേറെ ബട്ടണ്‍ വീതമുള്ള മോഡല്‍ വാങ്ങുക.

നരിക്കുന്നന്‍,
നന്ദി.

രാജന്‍ വേങ്ങര,
സന്ദര്‍ശനത്തിനു നന്ദി.

എഴുത്തുകാരീ,
അവിടെ അടുപ്പും വിറകുമൊക്കെ ധാരാളമായി കാണും ഇല്ലെ?

ഗീത്,
ചേച്ചീ, പ്രോത്സാ‍ഹനത്തിനു നന്ദി.
ഇംഗ്ലീസില്‍ നിന്നും മലയാളം തപ്പിയാ വിഷമിച്ചു നടക്കുന്നത് ഇവിടുള്ളോര്‍ !
:)
രോധം = Resistance
ദോലനം= Oscillation,
അങ്ങിനെയാ ഞാന്‍ ഉദ്ദേശിച്ചത് ;)
കരണ്ട് ചിലവ് ഹീറ്ററിന്റത്ര എന്തായാലും വരില്ലെന്ന് തിയറിറ്റിക്കലായി തന്നെ മനസ്സിലാവുമല്ലോ.ശരിക്ക് പഠനം നടത്താനുള്ള ഉപകരണങ്ങള്‍ കയ്യിലില്ലാത്തോണ്ട് കൃത്യം പറയുക ബുദ്ധിമുട്ടാണ്. ഓരോ സൈക്കിളിലും പല സമയങ്ങളിലും തീവ്രത (I) വ്യത്യാസപ്പെട്ടാണിരിക്കുന്നത് എന്നതിനാല്‍ അങ്ങിനേം പറ്റില്ല. രണ്ടുപേരുള്ള ഒരു കുടുംബത്തില്‍ മാസം 250 രൂപയോളം കൂടുതലായി വരുന്നു എന്ന് ഒരു സുഹൃത്ത് പറഞ്ഞു (മിക്കവാറും പാചകം ഇതില്‍ തന്നെ).

അനില്‍@ബ്ലോഗ് // anil said...

ചിത്രകാരന്‍,
നന്ദി.

ലതി,
ചേച്ചീ, നന്ദി.

കാസിം തങ്ങള്‍,
നന്ദി.

ചാണക്യാ,
ഗാസുമായി താരതമ്യം ചെയ്യത്തക്ക രീതിയിലുള്ള കരണ്ട് ചിലവു മാത്രമേ വരുന്നുള്ളൂ എന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം.

ഫൈസലേ,
ഏജന്‍സി ഇതുവരെ ഇല്ല, ഇനി എടുത്താലോ എന്ന് ഒരു ആലോചനയിലാ.
:)
പ്രോത്സാഹങ്ങള്‍ക്ക് നന്ദി.

മാണിക്യം,
ചേച്ചീ, നന്ദി.

വഹാബെ,
ഇവിടെ എല്ലാം ഇതില്‍ തന്നെയാണ് പാചകം , ചപ്പാത്തി അടക്കം.കരണ്ട് പോകുമ്പോള്‍ മാത്രമേ ഗാസ് ഉപയോഗിക്കാറുള്ളൂ.

ബഷീര്‍ വെള്ളറക്കാട്,
നമ്മൂടെ വൈദ്യുതി സംവിധാനം പ്രശ്നമില്ലാത്തതാണെങ്കില്‍ ഇത് നല്ല സാധനമാണെന്നാണ് എന്റെ അഭിപ്രായം

മൂര്‍ത്തി said...

നന്ദി അനില്‍.

OAB/ഒഎബി said...

കുറേ കാലമായി വീട്ടിൽ ഉപയോഗിക്കുന്നു. ഒരു കുഴപ്പമൊ പരാതിയൊ മൂപ്പര് ഇതു വരെ പറയിപ്പിച്ചിട്ടില്ല.

ഉപയോഗം തുടങ്ങിയ അന്ന് മുതൽ ഇന്ന് വരെ കറന്റ് ചാർജ്ജ് ഒരു യൂണിറ്റ് കൂടിയിട്ടില്ല!
എന്റെ വീട്ടിൽ മീറ്റർ കറങ്ങിയിട്ട് വേണ്ടെ..ഹ ഹാ..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഉപകാരപ്രദമായ പോസ്റ്റ്,

വളരെ നന്ദിയുണ്ട്..

ജ്വാല said...

ഇന്‍ഡക്ഷന്‍ കുക്കറിനെ പറ്റി അന്വേഷിക്കുന്ന സമയമായിരുന്നു.വേണ്ട വിവരങ്ങളെല്ലാം ലഭിച്ചതില്‍ നന്ദി.

ബാബുരാജ് said...

അനില്, താമസ്സിച്ചാണ് കണ്ടത്. നല്ല പോസ്റ്റ്, ഉപകാരപ്രദം.
രണ്ടു വര്‍ഷത്തോളമായി ഉപയോഗിക്കുന്നുണ്ട്. വളരെ ഉപയോഗപ്രദമായ ഉപകരണമാണ്. പുതുതായി വാങ്ങുന്നവര് ഒരു കാര്യം ശ്രദ്ധിക്കണം, വീട്ടിലെ സപ്ലയില് സാമാന്യം നല്ല വോള്ട്ടേജുണ്ടെന്ന് ഉറപ്പാക്കണം. അല്ലെങ്കില് ഉപയോഗപ്പെട്ടേക്കില്ല. എന്റെ വീട്ടില് വൈകിട്ട് 6 മണി കഴിഞ്ഞാല് ഉപയോഗിക്കാന് പറ്റില്ല.
പാചകത്തിന് പറ്റിയ പാത്രം കിട്ടുന്നതാണ് മറ്റൊരു പ്രശ്നം. സ്റ്റീല് ചരുവത്തില് വേവിക്കാന് എളുപ്പമാണെങ്കിലും വറുക്കാനും മറ്റും പറ്റിയ പാത്രം കിട്ടാന് പാടാണ്. കുക്ക് ന് സേര്വ് പാത്രങ്ങള് പറ്റുമെങ്കിലും നോട്ടം തെറ്റിയാല് കരിയും അടിക്ക് പിടിക്കും. സ്റ്റീല് പ്രഷര് കുക്കറിന്റെ വില കേട്ടാല് തല ചുറ്റും. കാനന് കൈനറ്റൈസര് എന്നു പറഞ്ഞ് പണ്ടേ തന്നെ നമ്മുടെ മാര്ക്കറ്റിലുള്ള ഒരു വേരിയന്റ് ഉണ്ട്. അതിന് ഈ പാത്ര പ്രശ്നമില്ല. ഏതു പാത്രവും ഉപയോഗിക്കാം, അതില് പ്രത്യേകിച്ച് ഒരു ചൂടാകുന്ന തട്ടുണ്ട്. അഞ്ചു വര്ഷ്ത്തോളമായി ഒരെണ്ണം കൈയിലുണ്ട്, ഇതുവരെ ഒരു കുഴപ്പവും ഇല്ല. ഒരു തവണ കോര്‍ഡ് മാറ്റിയതു മാത്രം.

മിക്കവാറും എല്ലാ പുതിയ ഇന്‍ഡക്ഷന് കുക്കറിലും ഉപയോഗിക്കുന്ന കറണ്ടിന്റെ അളവ് കാണിക്കുന്നുണ്ട്. തെറ്മല് കുക്കര് ഉപയോഗിക്കുന്നുണ്ടെങ്കില് നാലഞ്ചു പേറ്ക്കുള്ള ചോറു വെയ്ക്കാന് ഏകദേശം 0.3 യൂണിറ്റ് കറണ്ട് മതി.

Sabu Kottotty said...

ആളു പരോപകാരി തന്നെയാണ്, ഗ്യാസ് കഴിയുമപോള്‍ മാത്രമേ ഞങ്ങള്‍ ഉപയോഗിയ്ക്കുന്നുള്ളൂ എന്നുമാത്രം.
അനില്‍ മാഷിനു നന്ദി....

ആർപീയാർ | RPR said...

അനിൽ,

നല്ല ഒരു വിവരം പങ്കുവെച്ചതിനു നന്ദി

Anuroop Sunny said...

പുതിയ അറിവ്.

അനിലേട്ടന്‌ നന്ദി.

ഗ്രീഷ്മയുടെ ലോകം said...

അനില്‍,
പ്രസക്തമായ പോസ്റ്റ്. അഭിനന്ദനങ്ങള്‍. ഇന്‍ഡകഷന്‍ കുക്കറുകള്‍ നമ്മുടെ അടുക്കളകളില്‍ വ്യാപകമായി ക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ ഇതെപറ്റി അത്യാവശ്യം അറിവ് എല്ലാവര്‍ക്കും വേണ്ടതാണ്.

എന്നാല്‍ പോസ്റ്റില്‍ ഒരു ചെറിയ തിരുത്ത് വേണം എന്നു തോന്നുന്നു. പാത്രം ചൂടാവാന്‍ ഹിസ്റ്റെരിസിസ്
ഉപയോഗപ്രദമാണെങ്കിലും. ഹിസ്റ്റെരിസിസ് മൂലം ഉളവാകുന്ന താപം, എഡ്ഡി കറന്റു മൂലം ഉല്പാദിപ്പിക്കപ്പെടുന്ന തപോര്‍ജ്ജത്തെക്കാള്‍ വളരെ കുറവാണ്. എഡ്ഡി കറന്റിനാല്‍ പാത്രം
ചൂടാവാന്‍ തീരെ കുറഞ്ഞ രോധം മതിയാവില്ല. (.....ഉയര്‍ന്ന അളവിലുള്ള “എഡ്ഡി കരണ്ട്” സൃഷ്ടിക്കുകയും, ചാലകത്തിന്റെ കുറഞ്ഞ രോധം...,) എന്നാല്‍ ഫെറോ മാഗ്നെറ്റിക് ആയ
ലോഹപ്പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ലോഹപ്പാത്രത്തിന്റെ രോധം കൂടുതലാവുന്നു (കൂടുതല്‍ resistivity, കുറഞ്ഞ skin depth).
കുറഞ്ഞ രോധമുള്ള അലൂമിനിയം, ചെമ്പ് പാത്രങ്ങള്‍ ഉപയോഗിച്ചാല്‍ കൂടിയ അളവിലുള്ള എഡ്ഡി കറന്റ് അതില്‍ ഉളവാകുമെങ്കിലും രോധം വളരെ കുറവായതിനാല്‍ താപോല്പാദനം കുറവായിരിക്കും.
ഇന്‍ഡക്ക്ഷന്‍ കുക്കര്‍ ഒരു ഇലക്ട്രോണിക് ഉപകരണമായതിനാല്‍ പവര്‍ ലൈനില്‍ പ്രശ്നങ്ങള്‍ ഉളവാക്കാന്‍ സാധ്യത (ഹാര്‍മോണിക്സ്, കുറഞ്ഞ പവര്‍ ഫാക്റ്റര്‍ തുടങ്ങിയവ) കൂടുതലാണ്. നല്ല തരം ഇന്‍ഡക്ഷന്‍ കുക്കറുകളില്‍, ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതാക്കാനുള്ള സംവിധാനവും ഉണ്ടായിരിക്കും; വില കൂടൂകയും ചെയ്യും. ചൈനീസ് നിര്‍മ്മാതാക്കള്‍ വില കുറക്കാനായി ഇത്തരം സംവിധാനങ്ങള്‍ ഒഴിവക്കാറാണ് പതിവ്.

അനില്‍@ബ്ലോഗ് // anil said...

മണി,
സാര്‍, നല്ല വാക്കുകള്‍ക്ക് നന്ദി.
സത്യത്തില്‍ ഫെറോ മാഗ്നറ്റിക് ലോഹങ്ങളും അവയല്ലാത്തവയും തമ്മില്‍ ചൂടാവുന്നതില്‍ ഇത്ര വ്യത്യാസം വരുന്നതെന്തെന്ന് എനിക്ക് ശരിക്ക് മനസ്സിലായിട്ടില്ല. കിട്ടിയ റഫറന്‍സുകള്‍ വച്ച് ഹിസ്റ്റെരിസിസിന് ഞാന്‍ മുന്‍തൂക്കം കൊടുത്തതായിരുന്നു. ഒരു അലൂമിനിയ പാത്രവും ഇരുമ്പു പാത്രവും തമ്മില്‍ റെസിസ്റ്റന്‍സില്‍ ഇത്ര ഗണ്യമായ വ്യത്യാസം ഉണ്ടാവുമോ?
മാത്രമല്ല കരണ്ട് (I)യുടെ സ്ക്വയറിന് പ്രൊപ്പോഷണലല്ലെ ചൂട് എന്നും ചിന്തിച്ചു.
സാറിന്റെ സ്വന്തം വാക്കുകളില്‍ ഒന്നൂടെ വിശദമാക്കി കമന്റിടാമോ?
“എന്തുകൊണ്ട് സ്റ്റീല്‍”?

നിരക്ഷരൻ said...

എനിക്ക് നാട്ടില്‍ ഗ്യാസ് കണക്‍ഷന്‍ ഇല്ല. ഇഡക്‍ഷന്‍ കുക്കര്‍ വാങ്ങട്ടെ രണ്ടെണ്ണം ? വാങ്ങിയ ആള്‍ ആദ്യം റിസള്‍ട്ട് അറിയിക്കൂ. റിസള്‍ട്ടെന്നുവെച്ചാല്‍ പ്രധാനമായും കറന്റ് ബില്ല് തന്നെ :)

ബോണ്‍സ് said...

വരാന്‍ വൈകി...വളരെ നല്ല പോസ്റ്റ്‌...ഇവിടെ സൌത്ത് ആഫ്രിക്കയില്‍ ആരെങ്കിലും ഇത് കൊണ്ട് വന്നു ഒന്ന് പരീക്ഷിച്ചാല്‍ ഭയങ്കര ഹിറ്റ്‌ ആവും. ഇവിടെ മുഴുവന്‍ ഭയങ്കര വലിയ ഹീറ്റര്‍, അവന്‍ എന്നിവയാണ്...ഗ്യാസിനാണെങ്കില്‍ ഭയങ്കര വിലയും..ഇതേ ടെക്നോളജി ഉപയോഗിക്കുന്ന അവനോ റൂം ഹീറ്റരോ ഉണ്ടോ എന്ന് ആര്‍ക്കെങ്കിലും അറിയുവോ?

ഗ്രീഷ്മയുടെ ലോകം said...

പ്രിയ അനില്‍,
ബ്ലോഗില്‍ എഴുതാന്‍ തുടങ്ങിയപ്പോഴാണ് മലയാളം ശരിക്കും അറിയില്ല എന്നു മനസ്സിലായത്. ഏതായാലും ഞാന്‍ എഴുതി നോക്കട്ടെ.

അനിലെഴുതിയത് പോലെ ഹിസ്റ്റരിസിസ് മൂലം പാത്രം ചൂടാവുന്നുണ്ട്. എന്നാല്‍ അത് മൊത്തം ചൂടിന്റെ 10 ശതമാനത്തോളം മാത്രമേ വരൂ.
ഫെറോ മാഗ്നെറ്റിക് ലോഹങ്ങള്‍ക്ക് ഉയര്‍ന്ന രോധത്വം (resisitivity) ഉണ്ട്. ഉദാഹരണത്തിന് സ്റ്റീലിന് അലുമിനിയത്തെ അപേക്ഷിച്ച് ഏകദേശം 20 ഇരട്ടി രോധത്വം ഉണ്ട്.

എന്നാല്‍ സ്റ്റീലിന് അലൂമിനിയത്തെ അപേക്ഷിച്ച് വളരെ കൂടുതല്‍ പെര്‍മിയബിലിറ്റി ഉണ്ട്. permeabliity ക്ക് കാന്തിക ക്ഷമത എന്നു പറയാമോ എന്നറിയില്ല. കൂടുതല്‍ പെര്‍മിയബിലിറ്റി ഉള്ളതിനാല്‍ skin effect കൂടുതല്‍ ആയിരിക്കും. തന്മൂലം induced current ഒഴുകുന്നത് കൂടിയ റെസിസ്റ്റന്‍സ് (skin depth കുറഞ്ഞതു മൂലം) ലൂടെ ആണ്.
എന്നാല്‍ അനിലിന്റെ യധാര്‍ഥത്തിലുള്ള സംശയം ((I)യുടെ സ്ക്വയറിന് പ്രൊപ്പോഷണലല്ലെ ചൂട് ) തീര്‍ക്കാന്‍ താഴെ ഏഴുതിയതു കൂടി വായിച്ചാല്‍ മനസ്സിലാകുമെന്ന് കരുതുന്നു.
വാസ്തവത്തില്‍ ഒരു ഹൈ ഫ്രീക്വന്‍സി ട്രാന്‍സ്ഫോര്‍മറ് പോലെയാണല്ലോ ഇന്‍ഡക്ഷന്‍ കുക്കറ് പ്രവര്‍ത്തിക്കുന്നത്. ആ ട്രാന്‍സ്ഫോര്‍മറിന്റെ സെക്കന്ററി എന്നത് പാചകം ചെയ്യുന്ന പാത്രവും.

ഒരു ചെറിയ ട്രാന്‍സ്ഫോര്‍മര്‍ സങ്കല്‍പ്പിക്കുക. അതിന്റെ സെക്കന്‍ഡറി 6 വോള്‍ട്ട് 1 ആമ്പിയര്‍ ആണെന്നും കരുതുക. അതായത് ഏകദേശം 6 ഓംസ് ലോഡില്‍ 6 വാട്ട്സ് പവര്‍ കിട്ടും. ഇനി അതേ ട്രാന്‍സ്ഫോര്‍മറില്‍ ഒരു 2 ഓംസ് ലോഡ് കൊടുത്താല്‍ 3 ആമ്പിയറ് കറന്റ് ഒഴുകില്ല, 18 വാട്ട് പവര്‍ കിട്ടുകയുമില്ല. മാത്രമല്ല, ഔട് പുട് പവര്‍ 6 വാട്ടില്‍ താഴെ പോവുകയും ചെയ്യും. തന്മ്മുലം ട്രാന്‍സ്ഫോര്‍മറിന്റെ പ്രയോഗക്ഷമത കുറയുകയും, ഊര്‍ജ നഷ്ടം മുലം ട്രാന്‍സ്ഫോര്‍മര്‍ ചൂടാവുകയും ചെയ്യും. ഇതേ സംഗതി തന്നെ യാണ്. റെസിസിറ്റന്‍സ് കുറഞ്ഞ പാത്രങ്ങള്‍ (അലൂമിനിയം, ചെമ്പ്) ഇന്‍ഡക്ഷന്‍ കുക്കറില്‍ ഉപയോഗിക്കാന്‍ പറ്റാത്തതിനു കാരണം.

Manikandan said...

അനിലേട്ടാ വിജ്ഞാനപ്രദമായ പോസ്റ്റ്. നന്ദി. വീട്ടിൽ ഉള്ളത് കാനൻ കനറ്റൈസർ ആണ്. ഇത് ഇന്റക്ഷൻ കുക്കർ അല്ലെന്ന് തോന്നുന്നു. ഇതിൽ മൺ പാത്രങ്ങളും ഉപയോഗിക്കാം എന്ന് കാറ്റലോഗിൽ വായിച്ചു. പക്ഷേ പ്രവർത്തന തത്വം അറിയില്ല.

അനില്‍@ബ്ലോഗ് // anil said...

മണിസാര്‍,
വളരെ നന്ദി.

മൂര്‍ത്തി,
സന്ദര്‍ശത്തിനു നന്ദി.

OAB,
ഹി ഹി, എന്റെം മീറ്റര്‍ വര്‍ക്ക് ചെയ്യുന്നില്ല.

രാമചന്ദ്രന്‍ വെട്ടിക്കാട്,
സന്ദര്‍ശനത്തിനു നന്ദി.

ജ്വാല,
സന്ദര്‍ശനത്തിനു നന്ദി.

ബാബുരാജ്,
ഇന്‍ഡക്ഷന്‍ കുക്കറിനായുള്ള പാത്രങ്ങള്‍ മാര്‍ക്കറ്റില്‍ വന്നു തുടങ്ങിയിരിക്കുന്നു, നോണ്‍ സ്റ്റിക്കടക്കം.ടെമ്പറേച്ചര്‍ കുറച്ചിട്ട് പാചകം ചെയ്താല്‍ കരിയലും മറ്റും ഒഴിവാകും. കുക്കര്‍ ഫുള്ളി സ്റ്റീല്‍ തന്നെ വേണമെന്നില്ല്, ഇന്‍ഡക്ഷന്‍ കുക്കറിനായി അടിഭാഗത്ത് മാത്രം സ്റ്റീല്‍ പ്ലേറ്റ് എംബ്ഡ് ചെയ്ത് പാത്രങ്ങള്‍ വരാന്‍ തുടങ്ങി.
കൈനറ്റൈസര്‍ അത്ര വിജയകരമായിരുന്നില്ല എന്നാണ് മനസ്സിലാവുന്നത്.

കൊട്ടോട്ടിക്കാരാ,
ഗാസിനൊപ്പമോ അതിനേക്കാള്‍ കുറവോ പാചക ചിലവേ വരുന്നുള്ളൂ എന്നാണ് അനുഭവ സാക്ഷ്യം.

ആര്‍പീയാര്‍,
‍സന്ദര്‍ശനത്തിനു നന്ദി.

ആനുരൂപ്,
സന്ദര്‍ശനത്തിനു നന്ദി.

നീരുഭായ്,
ഡൊമസ്റ്റിക്ക് ഗാസ് കണക്ഷന്‍ അല്ലെങ്കില്‍ ഇത് വളരെ നല്ല ചോയ്സ് ആണ്. ഇവിടെ ഒറ്റ അടുപ്പുമാത്രമായാണ് വരുന്നത്. വിദേശങ്ങളില്‍ നാലെണ്ണമൊക്കെയുള്ള കുക്കിംങ് റേഞ്ചുകള്‍ ലഭ്യമാണെന്ന് പറഞ്ഞു കേള്‍ക്കുന്നു, ഒന്ന് അന്വേഷിച്ച് നോക്കൂ.

ബോണ്‍സ്,
ഒരു നല്ല ബിസിനസ്സ് ആവുമല്ലോ, ശ്രമിക്കൂ. ഹീറ്റര്‍ എന്ന് ഉദ്ദേശിച്ചത് ഗീസര്‍ ആണോ? ഇന്‍ഡക്ഷന്‍ ഗീസറുകള്‍ മാര്‍ക്കറ്റില്‍ ഉണ്ട്. ഓവന്‍ എളുപ്പം സാധിക്കില്ല എന്നാണ് തോന്നുന്നത്.

മണികണ്ഠന്‍,
വാക്കുകള്‍ക്ക് നന്ദി.ഞാന്‍ പഠിക്കാന്‍ ശ്രമിച്ച കാര്യങ്ങള്‍ ഇവിടെ പങ്കുവച്ചു എന്നു മാത്രം. മണി സാറിന്റെ കമന്റ് കൂടെ ആയപ്പോള്‍ പോസ്റ്റ് വിജയിച്ചു എന്ന് തന്നെ പറയാം.

ഗ്രീഷ്മയുടെ ലോകം said...

മണികണ്ഠന്‍,
കാനണ്‍ കൈനെറ്റൈസര്‍ ഇന്‍ഡക്ഷന്‍ തത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒന്നല്ല. അത് Resitive heating തന്നെ ആണ്. എന്നാല്‍ സാധാരണ Hot plate ല്‍ കുറച്ച് ചൂട് പ്ലേറ്റിന്റെ അടി വശത്ത് കൂടി നഷ്ടപ്പെടും എന്നാല്‍ കാനണില്‍ ഹോട് പ്ലേറ്റിനു താഴെ ഒരു ഹീറ്റ് reflector ഉണ്ട്. അടിയിലൂടെ നഷ്ടപ്പെടുമായിരുന്ന താപനഷ്ടം ഇല്ലാതവും. ഈ ട്ക്നോളജിക്ക് അവര്‍ക്ക് പേറ്റന്റും കിട്ടിയിട്ടുണ്ട്.
എന്നാല്‍ ഇതിനെ വിതരണക്കാര്‍. ഇന്‍ഡക്ഷന്‍ കുക്കര്‍ എന്ന് പറഞ്ഞാണ് വില്‍ക്കാന്‍ ശ്രമിക്കുന്നത്.

അനില്‍@ബ്ലോഗ് // anil said...

മണിസാര്‍,
ഈ ഉപകരണങ്ങള്‍, പ്രധാനമായും ഇന്‍ഡക്ഷന്‍ കുക്കര്‍ , എനര്‍ജി മാനേജെമെന്റ്റ് ഫലപ്രദമാക്കിയാണ് ഈ എഫിഷ്യന്‍സികള്‍ നേടുന്നത്. ഇടവിട്ട് ഉള്ള ചൂടാക്കാല്‍, ആവശ്യാനുസരണമുള്ള ചൂടാക്കല്‍ തുടങ്ങിയ മൈക്രോകണ്ട്രോളര്‍ ബേസായ വിദ്യയാണ് ഇവയെ ഇത്രക്ക് എഫിഷ്യന്റാക്കുന്നതെന്നാ എന്റ്റ് തോന്നല്‍. ഇത്തരം ഒരു റെഗുലേഷന്‍ ഗാസില്‍ നടപ്പാക്കിയാല്‍ ഗാസുപയോഗവും കുറയും.
എല്‍.പി.ജി ഉപയോഗിച്ചുള്ള ഗീസറുകള്‍ വളരെ എഫിഷ്യന്‍സി തരുന്നതായി പറയപ്പെടുന്നത് ഈ എനര്‍ജി മാനേജ്മെന്റാണ്.

Dr.jishnu chandran said...

nalla vivarangal.... urakaara pradam....

smitha adharsh said...

അത് ശരി..അപ്പൊ,ഇതിനു കൂടുതല്‍ കറന്റ്‌ ചെലവാകില്ല അല്ലെ?
കഴിഞ്ഞ വര്ഷം അമ്മ ഇത് രണ്ടു മാസം തകര്‍ത്തു ഉപയോഗിച്ചിട്ടു കറന്റ്‌ ചാര്‍ജ് കൂടി എന്നും പറഞ്ഞു,നെഞ്ച്ചത്തടീം,നിലവിളീം ഒക്കെ കൂട്ടി 'സംഭവം' കെട്ടിപൂട്ടി എടുത്തു വച്ചു.അമ്മയോട് ഈ പോസ്റ്റ്‌ വായിക്കാന്‍ പറയാം കേട്ടോ അനില്‍ ചേട്ടാ..
ഉപകാരപ്രദമായ പോസ്റ്റ്‌..

അനില്‍@ബ്ലോഗ് // anil said...

സ്മിതാ
കരണ്ട് ചാര്‍ജ് ആവാതിരിക്കില്ല കേട്ടോ.
ഒരു മാസം ഉപയോഗിക്കുന്ന ഗാസിനേക്കാള്‍ കുറവായിരിക്കും എന്ന് മാത്രം.
ഒരു കുറ്റി ഒരു മാസം ഉപയോഗിക്കുന്ന ആള്‍ക്ക് 200- 250 രൂപ മാസം കൂടാം, അതായത് ഒരു ബില്ലില്‍ 500- 600 രൂപ.
അപ്പര്‍ സ്ലാബിലേക്ക് മാറുമ്പോളുള്ള കരണ്ട് ചാര്‍ജ് വ്യത്യാസം കൂടി പരിഗണിച്ചാല്‍ ചിലപ്പോള്‍ കരണ്ട് ബില്ല് “വല്ലാതെ ”കൂടി എന്നു തോന്നാം.
:)

Manikandan said...

മണിസാർ കാനൻ കൈനറ്റൈസറിന്റെ തത്വം വ്യക്തമാക്കിയതിന് നന്ദി. ഇത്തരം ശാസ്ത്ര വിഷയങ്ങളിൽ അനിലേട്ടൻ കാണിക്കുന്ന ഉത്സാഹം തികച്ചും പ്രശംസനീയം തന്നെ. 13 വർഷം മുൻ‌പ് പോളിടെക്നിക്കിൽ അവസാന വർഷ പ്രോജക്ടായി ഇൻഡക്ഷൻ ഫർണസ് തിരഞ്ഞെടുത്ത് അത്തരം ഒന്നിന്റെ മാതൃക (മിനിയേച്ചർ, 5 മിനിറ്റുകൊണ്ട് 250ഗ്രാം ലെഡ് ഉരുക്കുന്ന ഒന്ന്) ഉണ്ടാക്കിയത് ഓർക്കാൻ ഈ പോസ്റ്റ് സഹായകമായി. അന്ന് ഇൻഡക്ഷൻ ഹീറ്റിങ്ങിനെക്കുറിച്ച് വളരെ റഫർ ചെയ്തിരുന്നു. ഇപ്പോൾ അതെല്ലാം മറന്നു തുടങ്ങിയിരിക്കുന്നു. ഈ പോസ്റ്റ് കണ്ടപ്പോൾ ആ പ്രൊജക്ട് റിപ്പോർ‌ട്ട് ഒന്നു പൊടിതട്ടിയെടുക്കണം എന്ന് തോന്നി. അനിലേട്ടനും,മണിസാറിനും ഒരിക്കൽ കൂടി നന്ദി.

Kichu $ Chinnu | കിച്ചു $ ചിന്നു said...

kochiയില്‍ ബാച്ചി ഗ്രൂപ്പിലായിരുന്നപ്പൊ ഞങ്ങളും ഇത് പോലൊരെണ്ണം വെച്ചാ കുക്ക് ചെയ്തിരുന്നത്.. തീയില്ല, പുകയില്ല , പൊള്ളാനുള്ള സാധ്യതയുമില്ല... :)

Unknown said...

thanks anilett........... :)

Haree said...

വാങ്ങണോ വേണ്ടയോ എന്നു ചിന്തിച്ചു തുടങ്ങിയിട്ടു കുറച്ചു നാളായി. :-) കുറച്ചു സംശയങ്ങള്‍:
1) ഏതു കമ്പനിയുടേതാണ് കൂടുതല്‍ നല്ലത്?
2) ഒരു കമ്പനിയുടെ തന്നെ വിവിധ മോഡലുകള്‍, പല നിറത്തിലുള്ളത് വിപണിയിലുണ്ട്. ബട്ടണുകളില്‍ (ഓപ്ഷനുകളില്‍) ഉള്ള മാറ്റങ്ങളല്ലാതെ, ഇവ തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടാവുമോ? (കറുപ്പു നന്നല്ല, വെളുപ്പു വാങ്ങണം എന്നൊരു നിര്‍ദ്ദേശം ഇടയ്ക്കു കേട്ടു. അതാണ് ഇങ്ങിനെയൊരു ചോദ്യം വന്നത്.)
3) ഒരു കുടുംബത്തില്‍ ഒരേ കാര്യങ്ങള്‍ക്ക് ഗ്യാസ്, മൈക്രോവേവ്, ഇന്‍ഡക്ഷന്‍ ഹീറ്റര്‍ എന്നിവ ഉപയോഗിക്കുന്നു എന്നു കരുതുക. ഒരു മാസം ഏതിനായിരിക്കും ചിലവ് കുറവ്?
--

അനില്‍@ബ്ലോഗ് // anil said...

ഹരീ,
ഏതു കമ്പനിയുടേതാണ് ഏറ്റവും നല്ലതെന്ന ചോദ്യം പ്രസക്തമല്ലെന്നാണ് എന്റെ നിഗമനം. എല്ലാം ഒരേ സര്‍ക്ക്യൂട്ടുകള്‍/ സമാന സര്‍ക്യൂട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് അസംബ്ലി സാധനങ്ങളാണ്.

ഒരേ കമ്പനിയുടെ വിവിധ മോഡലുകള്‍ വാട്ടേജിലും മറ്റും വ്യത്യാസമുള്ള ചിലതൊഴിച്ചാല്‍ മറ്റ് പ്രകടമായ വ്യത്യാസങ്ങള്‍ കണ്ടിട്ടില്ല. കറുപ്പും വെളുപ്പും തമ്മില്‍ വ്യത്യാസമുണ്ടന്നും തോന്നുന്നില്ല.

പിന്നെ താരതമ്യ പഠനം.
:)
അതൊരു പ്രോജക്റ്റ് വര്‍ക്കായ് ആര്‍ക്കെങ്കിലും ചെയ്യാവുന്നതാണ്. അതിനു ശേഷമേ പറയാ‍നാവൂ,നമ്മൂടെ നാട്ടില്‍ മറ്റ് പഠനങ്ങള്‍ നടന്നതായി അറിയില്ല.

ഉറുമ്പ്‌ /ANT said...

അനിൽ, ഇൻഡക്ഷൻ കുക്കറുകൾ ഊർജ്ജ നഷ്ടം മറ്റു മാർഗ്ഗങ്ങളുമാ‍യി താരതമ്യം ചെയ്യുമ്പോൾ തീരെ ഒഴിവാക്കും എന്നതു ശരിയാണ്. ഉപയോഗിക്കപ്പെടുന്ന വൈദ്യുതി, പാത്രത്തെ ചൂടാക്കാനായി മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളു എന്നതാണ് അതിലെ പ്രധാന ഘടകം. ഗ്യാസോ വിറകടുപ്പുകളോ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ജ്വാല പാത്രത്തെ മാത്രമല്ല, അതിന്റെ ചുറ്റിലുമുള്ള എല്ലാ വസ്തുക്കളെയും ചൂടാക്കും. ഇതു തന്നെയാണ് ഇൻഡക്ഷൻ കുക്കറിന്റെ പ്രധാനപ്പെട്ട മേന്മയും.
പക്ഷേ ഉപയോഗിക്കുന്ന പാത്രത്തെ ആശ്രയിച്ചാണ് എത്രമാത്രം വൈദ്യുതി ഉപയോഗിക്കപ്പെടും എന്നത്.
സ്റ്റീൽ പാത്രങ്ങൾ തന്നെയാണ് ഏറ്റവും നല്ലത്. മണി സാർ പറഞ്ഞതുപോലെ ഒരു ട്രൻസ്ഫോർമർ എന്തുകൊണ്ട് ചൂടാകുന്നു എന്നു ചിന്തിച്ചാൽ വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുനതേയുള്ളു ഇതിന്റെ ടെക്നോളജി. തലതിരിച്ചാണെന്നു മാത്രം. ട്രൻസ്ഫോർമറിൽ കോർ ചൂടാകുന്നത് ഊർജ്ജ നഷ്ടമാണുണ്ടാക്കുന്നതെങ്കിൽ ഇൻഡക്ഷൻ കുക്കറിൽ പരമാവധി കോറിനെ ചൂടാക്കുക എന്നതാണ് തന്ത്രം.

ഇനി ഇൻഡക്ഷൻ കുക്കറിന്റെ പ്രശ്നങ്ങൾ.
ഞാൻ 1994-97 കാലയളവിൽ തിരുവനന്തപുരം കേന്ദ്രീകരിച്ച് ഇൻഡക്ഷൻ കുക്കറിന്റെ ഡീലർഷിപ്പ് ചെയ്തിട്ടുള്ള പരിചയത്തിൽ നിന്നും എനിക്കു നേരിടേണ്ടി വന്ന ചില പ്രശ്നങ്ങളാണ് ഇവിടെ പറയുന്നത്.

ഒന്നാമതായി തെറ്റായ പാത്രങ്ങളുടെ തിരഞ്ഞെടുപ്പിലൂടെ ഉണ്ടാകുന്ന അധിക വൈദ്യുതി ഉപയോഗം

നേരത്തെ പറഞ്ഞതുപോലെ മറ്റു മാർഗ്ഗങ്ങളുമായി താരത്മ്യം ചെയ്യുമ്പോൾ ഊർജ്ജത്തിന്റെ നഷ്ടം കുറവാണെങ്കിലും വളരെ കട്ടികൂടിയ സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുന്നത് വൈദ്യുതി ഉപഭോഗം കൂട്ടും.
കട്ടി കുറഞ്ഞ സ്റ്റീൽ പാത്രങ്ങളാണ് ഉചിതം. കഴിയുമെങ്കിൽ അടിഭാഗം മാത്രം സ്റ്റീലുകൊണ്ടു നിർമ്മിച്ച അലുമിനിയം പാത്രങ്ങൾ ഉപയോഗിക്കാം. എന്റെ അനുഭവത്തിൽ നിന്നും അടുഭാഗത്ത് സ്റ്റീലിന്റെ കനം കുറഞ്ഞ പാളി വിളക്കിച്ചേർത്ത സിറാമിക് പാത്രങ്ങൾ പ്രതീക്ഷിക്കുന്നതിലേറെ വൈദ്യുതി ലാഭം ഉണ്ടാക്കും.
പൂർണ്ണമായും സ്റ്റീലിന്റേതോ, കട്ടികൂടിയ സ്റ്റീലിന്റേതോ ആയ പാത്രങ്ങൾ ഭക്ഷണം പാകം ചെയ്യാനാവശ്യമായതിന്റെ എത്രയോ മടങ്ങ് ചൂട് ഉത്പാദിപ്പിക്കും എന്നതുകൊണ്ടുതന്നെ അത് ഊർജ്ജ നഷ്ടം ഉണ്ടാക്കും.

മറ്റൊരു പ്രശ്നം കോറിനെയും(ഇവിടെ പാചകം ചെയ്യാനുപയോഗിക്കുന്ന പാത്രം) കോയിലിനെയും വേർതിരിക്കുന്ന സെറാമിക് ടൈലിന്റേതാണ്.

കട്ടി കൂടിയ പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ വളരെ ഉയർന്ന ചൂട് ഉണ്ടാകുന്നുണ്ട്. ഇതു താങ്ങാനുള്ള ശേഷിയുള്ള സെറാമിക് ടൈലാണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു പരിധിവരെ പ്രശ്നമില്ല എന്നു കരുതാം. പക്ഷേ, ലഭ്യമായ പല ഇൻഡക്ഷൻ കുക്കറുകളിലും മേന്മയുള്ള സെറാമിക് ടൈലുകളല്ല ഉപയോഗിക്കുന്നത്. ഇതുകാരണം പലപ്പോഴും ഈ ടൈലുകൾ ഉയർന്ന ചൂടിൽ പൊട്ടിപ്പോകും.
ലഘുവായ പാചകത്തിൽ, ഈ പ്രശ്നം ഉണ്ടായെന്നു വരില്ല. ഉദാ: ചായ ഉണ്ടാക്കൽ പോലുള്ളവ. പക്ഷേ കുറെയധിക സമയം പാചകം ചെയ്യേണ്ടി വന്നാൽ ഒരുറപ്പും നൽകാനാവില്ല. ഞങ്ങൾ വിതരണം ചെയ്തിരുന്ന കുക്കറിന് ഒരുവർഷം വരെ റീപേസ്മെന്റ് വാറന്റി നൽകിയിരുന്നു. ചില പ്രത്യേക കണ്ടിഷനുകൾക്കനുസൃതമായി.

അടുത്ത പ്രശ്നം ഇതിലുപയോഗിക്കുന്ന മൈക്രോ കണ്ട്രോളറിന്റെ നിലവാരമാണ്.നമ്മുടെ നാട്ടിലെപ്പോലെ സ്ഥിരതയില്ലാത്ത വൈദ്യുതി, പലപ്പോഴും ഈ മൈക്രോകണ്ട്രോളറിന്റെ പ്രവർത്തനം അവതാളത്തിലാക്കും. ആനുപാതികമായി ഉയർന്ന വൈദ്യുതിച്ചിലവ്, സിറാമിക് ടൈലിന്റെ പൊട്ടൽ എന്നിവയും സംഭവിക്കാം. കുട്ടു പറയുന്നതുപോലെ ചൈനീസ് കുക്കറുകൾ വാങ്ങുനത് ഇത്തരം അപകടങ്ങളുടെ വാതിലിലേക്ക് നമ്മളെ നയിക്കും എന്നുതന്നെയാണ് എന്റെ അഭിപ്രായം.

ഇത്രയൊക്കെ പരാതികളുണ്ടെൻൽകിലും ഗ്യാസിനെക്കാളും ലാഭകരമാണ് ഇൻഡക്ഷൻ കുക്കർ.
ഒന്നു രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കുനത് നന്ന്.
1. തീരെ കനം കൂടിയ പാത്രങ്ങൾ ഉപയോഗിക്കാതിരിക്കുക.
2. വളരെയധികം സമയം വേണ്ടിവരുന്ന പാചകം ഒഴിവാക്കുക.
3. മൈക്രോകണ്ട്രോളറിന്റെ ടൈമിങ്ങിനെ കണ്ണടച്ചു വിശ്വസിക്കാതിരിക്കുക. (കൂടെ നിന്നു പാചകം ചെയ്യുന്നത് നന്ന്).

വീടുമേയാനുപയോഗിക്കുന്ന ആസ്ബസ്റ്റോസിന്റെ ഒരു ചെറിയ കഷണം(പാത്രത്തിന്റെ അടിഭാഗം പൂർണ്ണമായും ഉൾക്കൊള്ളുന്നത്) പാത്രത്തിനും സെറാമിക് ടൈലിനുമിടയിലായി വയ്ക്കുന്നത് ടൈൽ പൊട്ടിപ്പോകാതിരിക്കാൻ സഹായിക്കും. അതിനടിയിൽ വേണമെങ്കിൽ കട്ടികൂടിയ തുണി ഇടാം.(ഇതൊന്നും പാത്രം ചൂടാക്കാനുള്ള വൈദ്യുതി കൂട്ടില്ല) തുണി കരിയില്ല. ഉറപ്പ്.

പാചകത്തിനിടയിൽ ടൈലിന്റെ മുകളിൽ തണുത്ത വെള്ളം വീഴാതെ ശ്രദ്ധിക്കുന്നത് നന്നായിരിക്കു.

അനില്‍@ബ്ലോഗ് // anil said...

ഉറുമ്പ്,
പോസ്റ്റിനെ സമ്പുഷ്ടമാക്കിയ കമന്റുകള്‍ക്ക് നന്ദി.

ഉറുമ്പ്‌ /ANT said...

കഴിഞ്ഞ കമെന്റു പോസ്റ്റു ചെയ്യുന്നതിനിടെ കമെന്റ് മുഴുവനായി പോസ്റ്റുചെയ്യാനാകാത്തതിനാൽ മൂന്നായി മുറിച്ചു. ഇപ്പോൾ ആദ്യത്തെ കമെന്റും, പിന്നെ ചേർത്ത മൂന്നു ഭാഗവും വന്നു. വെട്ടിമുറിച്ച മൂന്നു കമെന്റും ഡിലീറ്റ് ചെയ്യുന്നു. :)

V.B.Rajan said...

ഇതുകൂടി കാണൂ

http://en.wikipedia.org/wiki/Induction_cooker

അനില്‍@ബ്ലോഗ് // anil said...

പ്രവര്‍ത്തന മാതൃക

വീകെ said...

അനിൽജി,
ഒരു എക്സിബിഷൻ സ്റ്റാളിൽ വച്ച് ഇതു കണ്ടിരുന്നു. പക്ഷെ, 1500-2000 വാട്ട് പവർ വരുമെന്ന് കേട്ടപ്പോൾ ഞെട്ടി പിന്മാറി..
( കറണ്ട് ബിൽ...?!)

ഇനി എന്തായാലും ഒരെണ്ണം വാങ്ങാം..
പേടി മാറിയല്ലൊ...

ഈ അറിവുകൾക്ക് വളരെ നന്ദി...

Appu Adyakshari said...

-

Appu Adyakshari said...

അനില്‍ മാഷേ, വളരെ വിഞാനപ്രദമായി ഈ ലേഖനവും ഇതിലെ കമന്റുകളും.

Mahamood said...

nalla vishayam, upakarapradhamayathu,
thankalku kittiya replay sakshi,
eniyum ethupolullava pratheekshikkunnu,nandi, nandi, nandi.

Mahamood said...

nalla vishayam, upakarapradhamayathu,
thankalku kittiya replay sakshi,
eniyum ethupolullava pratheekshikkunnu,nandi, nandi, nandi.

yousufpa said...

അനിൽ, ഞാൻ കുക്ക് ചെയ്യുന്നത് ഇൻഡ്ക്ഷൻ കുക്കറിൽ ആണ്‌.എന്നാൽ അതിന്റെ പ്രവർത്തന രീതി എനിയ്ക്ക് അറിയുമായിരുന്നില്ല.
ഈ ലേഖനം വളരെ ഉപകാരപ്രദം.