2/08/2009

നിര്‍മാല്യം (1973)

1973 ലാണ് നിര്‍മാല്യം പുറത്തിറങ്ങിയത്.
എം.ടിയുടെ തൂലികയില്‍ നിന്നുതിര്‍ന്ന മനോഹര ശില്പങ്ങളിലൊന്ന്.

1984 ലാണ് ഈ സിനിമ കാണാന്‍ എനിക്കു ഭാഗ്യം സിദ്ധിച്ചത്. നാശോന്മുഖമായ ഒരു ക്ഷേത്രവും അതിന്റെ തട്ടകവും കേന്ദ്രമാക്കി രചിക്കപ്പെട്ടിട്ടുള്ള ഈ കഥ, ഒരു കാലഘട്ടത്തില്‍ നമ്മുടെ ക്ഷേത്രങ്ങളും അമ്പലവാസികളും അനുഭവിച്ച ദുരിതത്തിന്റെ കഥകൂടി പറയുന്നു. ശ്രീ.പി.ജെ. ആന്റ്ണിയായിരുന്നു നിര്‍മാല്യത്തിലെ നാ‍യക കഥാപാത്രമായ വെളിച്ചപ്പാടിനെ അവതരിപ്പിച്ചത്. ദാരിദ്ര്യം മാത്രം കൈമുതലുള്ള വെളിച്ചപ്പാടിന്റെ കുടുംബാങ്ങള്‍ ഒരോരുത്തരും അവരവരാല്‍ സാദ്ധ്യമാകുന്ന ചിത്രങ്ങള്‍ വരച്ചു ചേര്‍ക്കുന്നുണ്ട് സിനിമയില്‍.

വെളിച്ചപ്പാടിനും കഴകക്കാരനായ വാര്യര്‍ക്കും മാത്രമേ ക്ഷേത്രകാര്യങ്ങളില്‍ താല്‍പ്പര്യം ഉള്ളൂ എന്നു തന്നെ പറയാം. ക്ഷേത്രത്തിനുള്ള ദാരിദ്ര്യം അതിന്റെ ആശ്രിതരിലും പ്രതിഫലിക്കുക സ്വാഭാവികം. പഴയ ശാന്തി, ആ പണി ഉപേക്ഷിച്ചു മറ്റു ജീവിതമാര്‍ഗ്ഗം തേടിപ്പോകുമ്പോള്‍ ചെറുപ്പക്കാര‍നായ പുതിയൊരാള്‍‍ ശാന്തിക്കെത്തുന്നു. വെളിച്ചപ്പാടിന്റെ മകളും യുവാവായ പുതിയ ശാന്തിക്കാരനും തമ്മില്‍ വളരുന്ന പ്രണയം, മകനായ സുകുമാരന്‍ അവതരിപ്പിക്കുന്ന കഥാപാത്രം, എന്നിവ മനസ്സില്‍ നിന്നും മായുന്നില്ല. വാളും ചിലമ്പും വില്‍ക്കാന്‍ ശ്രമിക്കുന്ന മകനിലൂടെ പുതു തലമുറയുടെ നിരാശയും അവിശ്വാസവും നമുക്കു കാണാനാകും "ശ്രീ മഹാദേവന്‍ തന്റെ " എന്നു തുടങ്ങുന്ന ഗാനത്തിലൂടെ സമൃദ്ധിയുടെ ഗതകാലത്തിലേക്കൊരു എത്തിനോട്ടവും മറക്കാനാവില്ല.


ദാരിദ്ര്യവും, സഹചാരിയായ കടഭാരവും വെളിച്ചപ്പാടിനെ അലട്ടുന്നു.ഭിക്ഷക്കായ് വാളും ചിലമ്പുമായി തട്ടകത്തിലിറങ്ങുന്ന അയാളെ വ്യത്യസ്ഥരീതിയിലാണ് നാട്ടുകാര്‍ സ്വീകരിക്കുന്നത് . അവസാനം അതു സംഭവിക്കുന്നു, നാട്ടില്‍ പൊട്ടിപ്പുറപ്പെടുന്ന വസൂരി ദൈവ കോപത്തിന്റെ ലക്ഷണമായിക്കണ്ട് ക്ഷേത്ര ഉത്സവവും ഗുരുതിയും ഗംഭീരമാക്കാന്‍ നാട്ടുകാര്‍ തീരുമാനിക്കുന്നിടത്ത് ശുഭ പ്രതീക്ഷ നമ്മുടെ മനസ്സിലും പടരുക തന്നെ ചെയ്യും. തിരക്കുകളില്‍ വീട്ടുകാര്യം പോലും ശ്രദ്ധിക്കാന്‍ വെളിച്ചപ്പാടിനു സമയം ലഭിക്കുന്നില്ല. ഉത്സവത്തലേന്ന് ക്ഷേത്രത്തിലേക്കു പുറപ്പാടിനൊരുങ്ങാന്‍ വീട്ടിലെത്തുന്ന അയാള്‍ കാണുന്നത്, തന്റെ ശരീരം ഉരിഞ്ഞു നല്‍കി കടക്കാരനെ യാത്രയാക്കുന്ന ഭാര്യയെയാണ്. മനസ്സു തകര്‍ന്ന് ഉടവാളും കയ്യിലേന്തി ഉറയവേ, വെട്ടിപ്പൊളിക്കുന്ന നെറ്റിയില്‍ നിന്നും ചിതറുന്ന രക്തം നമ്മുടെ മനസ്സിലാണ് തെറിച്ചു വീഴുക. അപ്രതീക്ഷിതമായ ഒരു നിമിഷത്തില്‍ തന്റെ ഉള്ളിലെ സര്‍വ്വ വികാരങ്ങളും പുറന്തള്ളിക്കോണ്ട് ദേവീ വിഗ്രഹത്തിന്റെ മുഖത്തേക്കയാള്‍ കാര്‍ക്കിച്ചു തുപ്പുന്നു. നടുക്കം വിട്ടുമാറാത്ത പ്രേക്ഷകന്റെ മനസ്സില്‍ കനല്‍ കോരിയിട്ട് തന്റെ ഉടവാളാല്‍ നെറുക പിളര്‍ന്ന് വെളിച്ചപ്പാട് മരണത്തിലേക്കു യാത്രയാകുമ്പോള്‍ നിര്‍മ്മാല്യം അവസാനിക്കുന്നു.

എം.ടിയുടെ തിരക്കഥക്കും സംഭാഷണത്തിനും ഛായാഗ്രഹണം നിര്‍വ്വഹിച്ചത് കെ.രാമചന്ദ്ര ബാബു. സംഗീതം .കെ.രാഘവന്‍ മാസ്റ്റര്‍.

അന്ന്:

1974 ഇല്‍ നടനുള്ള ദേശീയ പുരസ്കാരത്തിന് ശ്രീ.പി.ജെ . ആന്റണി അര്‍ഹനായി.

നല്ല സിനിമക്കുള്ള സംസ്ഥാന അവാര്‍ഡ്.

നല്ല സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്.

ഇന്നാ‍യിരുന്നെങ്കില്‍:

ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തിയതിന്റെ പേരില്‍ കോടതിയില്‍ കേസ്.

കൃസ്ത്യാനിയായ ആന്റണി ദേവീ വിഗ്രഹത്തില്‍ തുപ്പിയതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍, തീയേറ്ററുകള്‍ തീയിടല്‍, ഹിന്ദു ക്രൈസ്തവ സംഘട്ടനം

പി.ജെ .ആന്റണിയെ വഴിയില്‍ തടയല്‍, വീടുകത്തിക്കല്‍ തുടങ്ങിയ കലാപരിപാടികള്‍.

മേല്‍ കാരണങ്ങളാല്‍ സിനിമ പുറത്തിറങ്ങിയില്ലെന്നും വരാം.

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഇന്ദുലേഖ.കോം.

36 comments:

അനില്‍@ബ്ലോഗ് // anil said...

അന്നും ഇന്നും.

കൂതറ തിരുമേനി said...

മതം വളര്‍ന്നു പക്ഷെ മനുഷ്യന്‍ മാത്രം വളര്‍ന്നില്ല.

Anonymous said...

annum innum....ini naale enthaavum..

Anonymous said...

ഞാൻ ഈ പടം കണ്ടിട്ടില്ല, ഇനി കാണണം.
:)

ഹരീഷ് തൊടുപുഴ said...

സത്യം!!! ഇന്നാണെങ്കില്‍ താങ്കള്‍ പറഞ്ഞതുപോലൊക്കെ സംഭവിക്കുമായിരുന്നു...

Melethil said...

"മതം വളര്‍ന്നു പക്ഷെ മനുഷ്യന്‍ മാത്രം വളര്‍ന്നില്ല."

ഇതിന്റെ അടിയില്‍ ഒരൊപ്പ്..

ഞാന്‍ ആചാര്യന്‍ said...

ഓട്ടോ: 'നിര്‍മാല്യ'ത്തിന്‍റെ തിരക്കഥ അടക്കം 'എം.ടി യുടെ തിരക്കഥകള്‍' വര്‍ഷങ്ങളോളം അമൂല്യമായി സൂക്ഷിച്ചിരുന്നു. ഇപ്പക്കാണുന്നില്ല.

ടോ: മനുഷ്യന്‍ ദൈവത്തെയും മതത്തെയും രണ്ടായിക്കാണണം. ദൈവം സത്യവും, മതം ആശയവും ആണ്. ആശയങ്ങള്‍ക്ക് നിയത രൂപമുണ്ടെന്ന് വാശി പിടിക്കരുത്. മനുഷ്യര്‍ പരസ്പരം സ്നേഹിക്കുന്നില്ല എങ്കില്‍ ആശയങ്ങള്‍ക്ക് ബലം കുറഞ്ഞു പോകുകയേയുള്ളൂ

ചങ്കരന്‍ said...

സത്യം, ഇതിനൊക്കെ എവിടെ നിന്നാണ്‌ ആളെ കിട്ടുന്നതെന്നാണ്‌ എനിക്കു മനസ്സിലാകാത്തത്.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

തിയറ്ററും, ഫിലിം പെട്ടിയുമൊക്കെ എപ്പൊ കത്തിച്ചു എന്ന് ചോദിച്ചാല്‍ മതി.

കൂടെ, മലയാളചാനലുകളില്‍ ചര്‍ച്ച തൊഴിലാളികള്‍ക്ക് നല്ല കോളും ആയേനെ.

Vadakkoot said...

പടം പണ്ട് കണ്ടതാണ്.. ഇത് വായിച്ചപ്പോള്‍ വീണ്ടും കാണാന്‍ തോന്നുന്നു.

മതം വളര്‍ന്നു പക്ഷെ മനുഷ്യന്‍ മാത്രം വളര്‍ന്നില്ല.

വിയോജിക്കുന്നു (ശക്തമായി തന്നെ)
മതത്തിനെ സൃഷ്ടിച്ചത് മനുഷ്യനാണ്. അതുകൊണ്ട് തന്നെ മനുഷ്യനില്ലാത്ത വളര്‍ച്ച മതത്തിന് ഉണ്ടാകുമെന്ന് കരുതാന്‍ വയ്യ. മനുഷ്യന്‍ വളര്‍ന്നാലേ മതം വളരുകയുള്ളൂ. മുപ്പത് കൊല്ലം കൊണ്ട് മനുഷ്യന്‍ കീഴോട്ട് മാത്രമേ വളര്‍ന്നിട്ടുള്ളൂ എങ്കില്‍ - അതിന് മതവും കാരണമായിട്ടുണ്ടെങ്കില്‍ - അവിടെ മതത്തിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടേണ്ടേ?

Sands | കരിങ്കല്ല് said...

പോസ്റ്റ് വായിച്ചു.. സത്യത്തില്‍ കുറേ ചിന്തിക്കുകയും ചെയ്തു....

അനില്‍, എനിക്കു മനസ്സിലാവാത്തതു് ഇതാണ്‌! .. -- ഏതാണു് കൂടുതല്‍ ചീത്ത എന്നതു് ...!!

പോസ്റ്റിന്റെ അവസാനത്തിലെഴുതിയതു് സത്യമാണു എന്നുള്ളതോ..? അതോ അതു സത്യമാണു് എന്നു തലകുലുക്കി സമ്മതിച്ചു്, ഒന്നും ചെയ്യുന്നതിനെക്കുറിച്ചു് ചിന്തിക്കുക പോലും ചെയ്യാതെ പോകുന്നതോ?

ഇതിലേതാണു് കൂടുതല്‍ മോശം? എനിക്കറിയില്ല..

മനസ്സിലെവിടെയോ എന്തോ ഒരമര്‍ഷമോ, കയ്പോ ഒക്കെ തോന്നി... ഇപ്പോള്‍ കാലം മാറിയില്ലേ ... പ്രമോദ് മുതലിക് ഒക്കെയല്ലേ കാര്യങ്ങള്‍ തീരുമാനിക്കുന്നതു്.. അമര്‍ഷം തോന്നുന്നതിലുപരി എന്തു ചെയ്യാന്‍!

(തോറ്റോടുകയല്ല... അണ്ണാറക്കണ്ണനും തന്നാലായതു് എന്നതു വേദവാക്യമാക്കി, ഞാനും എന്തെങ്കിലും ഒക്കെ ചെയ്യും.. പക്ഷേ തയ്യാറെടുപ്പ് നടക്കുന്നതേയുള്ളൂ! :) കുറച്ച് കാലം പിടിക്കും ഒന്നു റെഡിയായി വരാന്‍.)

കമന്റ് വലുതായിപ്പോയതറിഞ്ഞില്ല..
അപ്പോ ഈ പോസ്റ്റ് ശരിക്കും thought provoking തന്നെ ആയിരുന്നു. :)

കല്ല്.

എതിരന്‍ കതിരവന്‍ said...

മികച്ച സംവിധായക്നുള്ള ദേശീയ അവാർഡ്, മികച്ച പാട്ടി (“ശ്രീ മഹാദേവൻ തന്റെ -ബ്രഹ്മാനന്ദൻ പാടിയത്)നുള്ള ദേശീയ അവാർഡ് ഇവയും ലഭിച്ചിരുന്നു, ഈ ചിത്രത്തിന്.
നിർമ്മാല്യത്തിന്റെ ഇരുപത്തഞ്ചാം വാർഷികത്തിന് എം. റ്റി. തന്നെ ഇക്കാര്യം പറഞ്ഞിരുന്നു, ഇക്കാലത്തായിരുന്നെങ്കിൽ ഈ ചിത്രം പുറത്തിറങ്ങുക തന്നെ ചെയ്യാൻ സാദ്ധ്യതയില്ല എന്ന്.

ജാതിയേയും മതത്തേയും രാഷ്ട്രീയക്കാർ
ഉപയോഗിച്ചതിന്റെ പരിണിതഫലമാണ് ഈ പുറകോട്ടുള്ള ഓട്ടം.

പാമരന്‍ said...

നല്ല പോസ്റ്റ്‌ മാഷെ.

വേണു venu said...

ജാതിയും മതവും വളര്‍ത്തിയ രാഷ്ട്രീയക്കാര്‍ തളര്‍ത്തിയത് മനുഷ്യരെ ആയിരുന്നു.
ഈ പുറകോട്ടുള്ള പ്രയാണത്തില്‍ നിര്‍മ്മാല്യം പലതും ചിന്തിപ്പിക്കുന്നു.
എം.ടി വാസുദേവന്‍ നായരുടെ, നായര്‍ വാലു് പോലും മുറിക്കപ്പെടേണ്ടിയിരുന്നു എന്നും ഒരു പക്ഷേ ആ വാലില്ലായിരുന്നെങ്കില്‍ നിര്‍മ്മാല്യമല്ല അദ്ദേഹത്തിന്‍റെ ഒരു രചനകളും ഇത്രയും കൊട്ടിഘോഷിക്കപ്പെടില്ലായിരുന്നു എന്ന വാദ ഗതികളും,ഈ കാലഘട്ടത്തിന്‍റെ മാറ്റം വിളിച്ചു പറയുന്നു. അന്ന് അതും ആരും പറഞ്ഞിരുന്നില്ലായിരുന്നല്ലോ.

വോട്ടു ബാങ്ക് രാഷ്ട്രീയം വിതയ്ക്കുന്ന അധപ്പതനം....

അന്നും ഇന്നും ഇനി നാളെയും.!

Manikandan said...

അനിൽ‌ജി വർഷങ്ങൾക്കു മുൻപ് എപ്പോഴോ ഈ ചിത്രം ടി വി യിൽ വന്നിരുന്നു. അന്നു മാത്രമാണ് ഇതു കണ്ടത്. ഈ ചിത്രം ഈ കാലഘട്ടത്തിൽ ആണ് ഇറങ്ങിയിരുന്നതെങ്കിൽ താങ്കളുടെ നിരീക്ഷണം തികച്ചും ശരിയാണെന്ന് ഞാനും കരുതുന്നു.

വികടശിരോമണി said...

എം.ടി.ഇതു പറഞ്ഞിരുന്നു,ഇന്നാണെങ്കിൽ ഇതു പിടിക്കാനാവില്ലായിരുന്നെന്ന്.
പ്രശ്നങ്ങളുണ്ട്,പക്ഷേ നന്മകളെല്ലാം കടലെടുത്തുപോകുന്നു എന്ന വിലാപം നന്നെന്നു തോന്നുന്നില്ല.
ഈ വിഷയത്തിൽ ഒരു പോസ്റ്റ് ആലോചിക്കുകയാണ്,നോക്കട്ടെ.

മാണിക്യം said...

ഇന്നത്തെ യുവത്വത്തെ
ശ്രദ്ധിച്ചിട്ടുണ്ടോ?
വളരെ ഫോര്‍മല്‍ ആണവര്‍ ,
ബന്ധങ്ങള്‍ പടര്‍ന്നതാണ് വിശാലമാണ്
എന്നാല്‍ ആഴത്തില്‍ ഒടുന്ന വേരുകളില്ല.
സംബോധന “ഹായ്“ പഴയതു പോലേ
പ്രീയമുള്ള അല്ലങ്കില്‍ മൈ ഡിയര്‍
എന്ന് കുറിക്കില്ല..
ഈ വിത്യാസം വ്യതിയാനം
എല്ലാ മേഘലയിലും കാണാം ..

പണ്ടുള്ളതാണേ നല്ലത് എന്ന്
എല്ലാ തലമുറയും പറഞ്ഞു
എനിക്ക് തിരിച്ചു പറയാനാ തോന്നുന്നത്
പുതിയ തലമുറയില്‍ നന്മയുണ്ട് എന്ന്
അനില്‍ പറഞ്ഞത് ശരിയാ

Calvin H said...

"എന്റെ കുഞ്ഞുങ്ങളെ പ്രസവിച്ച നീയോ നാരായണീ" എന്നൊരു ഡയലോഗ് ഇല്ലേ ഇതിനകത്ത്? സ്ട്രൈക്കിംഗ്....

പി.ജെ. ആന്റണിയുടെ അഭിനയം..... ഗംഭീരം

കാപ്പിലാന്‍ said...

കണ്ണുണ്ടായാല്‍ പോര കാണണം .നല്ല പോസ്റ്റ് അനില്‍ .

ചാണക്യന്‍ said...

അനിലെ ഞാനൊരു കമ്മ്യൂണിസ്റ്റ് ഭീകരനാണ് അതിനാല്‍ ഞാനിവിടെ കമന്റുന്നില്ല:):):)

ജിജ സുബ്രഹ്മണ്യൻ said...

അനിൽ പറഞ്ഞതിനോട് യോജിക്കുന്നു.ആ സിനിമ ഉണ്ടായത് ഇന്നായിരുന്നേൽ ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തിയതിന്റെ പേരില്‍ കോടതിയില്‍ കേസ്.കൃസ്ത്യാനിയായ ആന്റണി ദേവീ വിഗ്രഹത്തില്‍ തുപ്പിയതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍, തീയേറ്ററുകള്‍ തീയിടല്‍, ഹിന്ദു ക്രൈസ്തവ സംഘട്ടനം ഇതൊക്കെ സംഭവിച്ചേനേ !

ബിന്ദു കെ പി said...

കുട്ടിക്കാലത്തെപ്പോഴോ നിർമ്മാല്യം കണ്ടിട്ടുണ്ട്. ഒന്നും മനസ്സിലാവാഞ്ഞതുകൊണ്ട് ഒരു ബോറൻ സിനിമയായി തള്ളിക്കളഞ്ഞിരുന്നു. പിന്നീട് ഒരിക്കൽ ടീവിയിലാണ് ഈ സിനിമ കണ്ടത്. അതിന്റെ പ്രമേയം പി.ജെ അന്റണിയുടെ അഭിനയം, ഡയലോഗ്, അവസാനത്തെ ആ സീൻ ഒക്കെ കണ്ട് കണ്ണുമിഴിച്ചിരുന്നുപോയി! പിന്നീട് ഒരുപാട് തവണ ഈ സിനിമ കണ്ടിട്ടുമുണ്ട്.

പിന്നെ ഇന്നാണ് ഈ സിനിമ ഇറങ്ങിയിരുന്നതെങ്കിലോ എന്ന ചിന്ത തന്നെ അപ്രസക്തമാണ്. കാരണം, എംടി പറഞ്ഞതുപോലെ ഇന്നാണെങ്കിൽ ഈ സിനിമ വെളിച്ചം കാണുകയേ ഇല്ലായിരുന്നു.

തോന്ന്യാസി said...

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ സിനിമ കണ്ടപ്പോ അന്തം വിട്ടിരുന്നു...ഒരു വെളിച്ചപ്പാട് വിഗ്രഹത്തിന്മേല്‍ തുപ്പുന്നത് കണ്ട്. ഇനി ഒരിക്കല്‍ കൂടി കാണണം പുതിയ കണ്ണിലൂടെ...

അനില്‍@ബ്ലോഗ് // anil said...

കൂതറ അവലോകനം,
മതം വളര്‍ന്നു, പടവലങ്ങ പോലെ :)

സബിത,
“ഇന്ന്” കഴിഞ്ഞു കിട്ടണ്ടേ നാളെയാവാന്‍.

പന്നി,
പടം കാണണം കേട്ടോ :)

ഹരീഷ് തൊടുപുഴ,
നന്ദി.

Melethil,
നന്ദി.

ആചാര്യന്‍,
അഭിപ്രായങ്ങളോട് യോജിക്കുന്നു.

ചങ്കരന്‍,
നന്ദി.

രാമചന്ദ്രന്‍ വെട്ടിക്കാട്,
നന്ദി.

വടക്കൂടന്‍ | Vadakkoodan,
യോജിക്കുന്നു. മതം ഇന്നു മനുഷ്യന് നല്‍കുന്നത് എന്ത് എന്ന ചോദ്യം ഓരോരുത്തരും ചോദിച്ചാല്‍ മതി.

അനില്‍@ബ്ലോഗ് // anil said...

കരിങ്കല്ലെ,
മനസ്സ് കരിങ്കല്ലല്ല എന്ന് ഈ കമന്റ് സൂചിപ്പിക്കുന്നു. പക്ഷെ ആര്‍ക്ക് എന്തു ചെയ്യാനാവും. സമൂഹത്തിലെ മാറ്റങ്ങള്‍ മനുഷ്യ മനസ്സിലും പ്രതിഫലിക്കുന്നു, അതോ തിരിച്ചോ.
സന്ദര്‍ശനത്തിനു നന്ദി.

എതിരന്‍ കതിരവന്‍,
വിവരങ്ങള്‍ക്ക് നന്ദി. ഈ ഒറ്റ വാചകത്തില്‍ വിശദീകരിക്കാനാവുമോ എന്ന് സംശയമാണ്.

താപ്പു,
കുറേ പേസ്റ്റ് ചെയ്തിട്ടുണ്ടല്ലോ (പല പോസ്റ്റിലും). അങ്ങോട്ട് വരാം കേട്ടോ. :)

പാമരന്‍,
നന്ദി.

വേണു venu,
അഭിപ്രാ‍യങ്ങള്‍ക്ക് നന്ദി. പക്ഷങ്ങളില്ലാത്ത ഒരു ചര്‍ച്ച ഇക്കാലത്ത് സാദ്ധ്യമാകുമോ എന്നറിയില്ല, എങ്കിലും ആരെങ്കിലും തയ്യാറായിരുന്നെങ്കില്‍ എന്നു ചിന്തിക്കാറുണ്ട്.

MANIKANDAN [ മണികണ്ഠന്‍‌ ]
നന്ദി.

വികടശിരോമണി,
ഒരോര്‍മ്മപ്പെടുത്തല്‍ നടത്തിയെന്നേ ഉള്ളൂ. തിരിച്ചിനി ലഭിക്കാത്ത വസ്തുവേ ഓര്‍ത്ത് വിലപിക്കാനെങ്കിലും സ്വാതന്ത്ര്യമില്ലെ? :)

മാണിക്യം,
നന്മ തിന്മകള്‍ ആപേക്ഷികമായതിന്റെ പ്രശ്നമാണ് ചേച്ചീ. വാക്കുകള്‍ക്ക് നന്ദി.

ശ്രീഹരി::Sreehari,
ഓര്‍മയില്‍ നിന്നും പലതും മാഞ്ഞു പോയിരിക്കുന്നു. സന്ദര്‍ശനത്തിനു നന്ദി.

കാപ്പിലാന്‍,
നന്ദി.

ചാണക്യാ,
ഭീകരര്‍ക്ക് പൊതുവേ മോശം കാലമാ .
:)

കാന്താരിക്കുട്ടി,
നന്ദി.

ബിന്ദു.കെ.പി.
എന്തുകൊണ്ട് ഇന്നിറങ്ങാനാവില്ല? കൃത്യമായി വിശകലനം ചെയ്യാനാവുമോ ആര്‍ക്കെങ്കിലും?

തോന്ന്യാസി,
അന്നു സിനിമ കാണുമ്പോള്‍ വെളിച്ചപ്പാടിന്റെ മാനസ്സികാവസ്ഥ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടിരുന്നു. അതിനാല്‍ തന്നെ സന്തോഷമാണ് തോന്നിയത്.
പക്ഷെ ഇപ്പോള്‍ ഈ കമന്റ് എഴുതുമ്പൊള്‍ പോലും അമ്പരപ്പ് തിരികെ പടരുന്നു.

നമ്മുടെ സഹിഷ്ണുത എവിടെപ്പോകുന്നു?
ചരിത്രത്തിനു തിരിച്ചൊരു യാത്ര ഉണ്ടോ?
ആവോ.
പക്ഷെ അങ്ങിനെ ആയെങ്കില്‍ എന്ന് അത്മാര്‍ത്ഥമായി ആശിക്കുന്നു എന്നു മാത്രം.

Sands | കരിങ്കല്ല് said...

ഒരുപാടാലോചിച്ചിട്ടുണ്ട് അനില്‍ ഞാന്‍... എന്തു ചെയ്യും എന്നു. ഇപ്പോഴും ആലോചിക്കുന്നു.

ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യങ്ങളിലൊന്നായിരിക്കും - ആളുകളെ മതാന്ധതയില്‍ നിന്ന് രക്ഷപ്പെടുത്തല്‍. “ക്രിട്ടിക്കല്‍ തിങ്കിങ്ങ്” ചെയ്യുന്നവര്‍ ആ‍ നീരാളിപ്പിടിത്തത്തില്‍ പെടുന്നില്ല.. അങ്ങനെയുള്ളവരെ രക്ഷപ്പെടുത്തുകയും വേണ്ട..

“ക്രിട്ടിക്കല്‍ തിങ്കിങ്ങ്” ഇല്ലാത്തവരോ - പെട്ടു പോകാനെളുപ്പം - ചിന്തിക്കാതെ തന്നെ ഒരുപാടൊരുപാടു കാര്യങ്ങള്‍ക്കു് ഉത്തരം കിട്ടില്ലേ! എന്നാല്‍ അവരെ പറഞ്ഞു മനസ്സിലാക്കാന്‍ പറ്റില്ല - കാരണം ഒരു കാര്യത്തെ കാര്യകാരണസഹിതം ചിന്തിക്കാനുള്ള കഴിവു് അവര്‍ക്കു നഷ്ടപ്പെട്ടിരിക്കും!

വായനയുടെ ഗുണത്തെപ്പറ്റി ലേഖനം എഴുതുന്ന പോലെയാണിതു് - വായനാശീലമുള്ളവര്‍ മാത്രമല്ലേ വായിക്കുള്ളൂ. അവര്‍ക്ക് ലേഖനം വായിച്ചിട്ടു വേണോ ഗുണം അറിയാന്‍. എന്നാല്‍ ആ ഗുണം അറിയാത്ത (വായനാശീലമില്ലാത്തവര്‍) ആളുകള്‍ ഒരിക്കലും അറിയാനും പോകുന്നില്ല.

ഒരു തരം പ്രഹേളിക..!!

എങ്ങനെ ആളുകളെ ഇതു പറഞ്ഞു മനസ്സിലാക്കും എന്നു ആലോചിച്ച്, കുറേ കഴിയുമ്പോള്‍ ഞാന്‍ എന്നെത്തന്നെ ആലോചിച്ചു ചിരിക്കും - “എനിക്കെന്താ വട്ടുണോ, ആള്‍ക്കാര്‍ എങ്ങനെ വേണെങ്കില്‍ ആയിക്കോട്ടെ. എന്റെ ജീവിതം മാത്രം നോക്കിയാല്‍ പോരേ - ഇങ്ങനെ ചിന്തിക്കാന്‍ പഠിച്ചൂടേ” എന്നു കരുതി!

പറ്റില്ല. ആളുകള്‍ അങ്ങനെ കരുതി കരുതി ആണു് ഇന്നത്തെ അവസ്ഥ വന്നതു. ഇനി ഒരു തലമുറ കൂടി അങ്ങനെ ചിന്തിച്ചാല്‍ ... താലിബാനിസം കൊടികുത്തിവാഴും.

എന്നാലും “എന്തു ചെയ്യും/ചെയ്യാം” എന്നതിനു മാത്രം വ്യക്തമായ ഒരുത്തരം കിട്ടുന്നില്ല!

സന്ദീപ്.

(കുറേ നീണ്ടുപോയല്ലേ കമന്റ്. സോറിട്ടോ. എഴുതി വന്നപ്പൊ നിര്‍ത്താന്‍ പറ്റിയില്ല. മാത്രല്ല അനിലിനു മനസ്സിലാവും എന്നും തോന്നി)

(പോസ്റ്റ് തോട്ട് പ്രൊവോക്കിങ്ങ് ആയിരുന്നെന്നിനി പറയണ്ടല്ലോ :) )

കൃഷ്‌ണ.തൃഷ്‌ണ said...

ദൃശ്യബോധം‌ തന്നെ കടലെടുത്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം‌ ദൃശ്യങ്ങള്‍‌ ഇനി ഒരിക്കലും‌ കാണാന്‍‌ കഴിയില്ല. വിപ്ലവചിന്തകള്‍‌ മലീമസമാക്കിയ ചെറുപ്പക്കാര്‍‌ ഉണ്ടായിരുന്ന കാലമെന്നു 60-നേയും‌ 70-നേയും‌ വിവക്ഷിച്ചിരുന്ന അന്നത്തെ മുത്തച്ഛന്‍‌മാര്‍‌ കാണാനാഗ്രഹിച്ച ഒരു തലമുറയാണ് ഇന്നു നിലനില്‍‌ക്കുന്നത്. മതചിന്തകള്‍‌ മലീമസമാക്കിയ ഇന്നത്തെ തലമുറക്ക്‌ പഴയ ആ മുത്തച്ചന്‍‌മാ‍രുടെ അനുഗ്രവും‌ പിന്നെ അവര്‍‌ കരുതിവെച്ച ജീര്‍‌ണ്ണീച്ച ഗ്രന്ഥങ്ങള്‍‌ റഫറന്‍‌സുമായുണ്ട്. ഇന്നത്തെ തലമുറ പഴയ ഗ്രന്ഥങ്ങളുടെ റഫറന്‍‌സുമായി ഞങ്ങളുടെ പൈതൃകം‌ തിരികെവേണമെന്ന ആവശ്യവുമായി തെരുവിലിറങ്ങുന്ന പതിവുകാഴ്ചകള്‍ക്കിടയില്‍‌ ഇനി ഒരിക്കലും‌ കത്രികയില്‍‌ പെടാത്ത ഇത്തരം‌ ദൃശ്യങ്ങള്‍‌ക്കു സാധ്യതയില്ല.

മനുഷ്യര്‍‌ കൂടുതലായി കണ്ണാടി നോക്കാന്‍‌ തുടങ്ങിയത് സിനിമ കണ്ടതിനുശേഷമാണെന്നു വായിച്ചിട്ടുണ്ട്. മനുഷ്യന്റെ ഉടല്‍‌ശാസ്ത്രത്തേയും‌ സൌന്ദര്യബോധത്തേയും‌ സിനിമയോളം‌ സ്വാധീനിച്ച മറ്റൊരുമാധ്യമം‌ ഇല്ലായെന്നു തന്നെ പറയാം‌. സിനിമകള്‍‌ മനുഷ്യന്റെ ചിന്താബോധത്തേയും‌ വല്ലാതെകണ്ടു അങ്ങു സ്വാധീനിക്കുമെന്ന ഒരു പേടി അങ്ങനെയുണ്ടായതായതാണ്. ആവിഷ്കാരസ്വാതന്ത്ര്യം‌ ആ പേടിയുടെ മുന്നില്‍‌ അമ്പരപ്പോടെ വിറങ്ങലിച്ചുനില്‍‌ക്കുന്ന ഇക്കാലത്ത് ഇനി ഒരിക്കലും‌ ഇത്തരമൊരു എഴുത്തോ, വായനയോ, സിനിമയോ ഒന്നും‌ സാധ്യമല്ലാതായിരിക്കുന്നു.

ചന്ദനത്തിന്റെ കുളിര്‍‌മയില്‍‌ സുഖം‌ പുതച്ചിരിക്കുന്ന, മതപുരോഹിതരുടെ മടിത്തട്ടില്‍‌ തീവ്രവാദസുഷുപ്തിയിലാണ്ടിരിക്കുന്ന ഇന്നത്തെ തലമുറക്ക് വിപ്ലവത്തിന്റെ ലഹരിയുടെ തീക്കാറ്റുകള്‍‌ അസഹ്യമാണ്. അനാവശ്യമാണ്.

സിനിമാശാലകളോളം‌ സെക്കുലറായ ഒരു പൊതു ഇടം‌ വേറെ ഇല്ല. എല്ലാവരും‌ ഒന്നിച്ചിരുന്നു ചിരിക്കുകയും‌ ഒന്നിച്ചിരുന്നു കണ്ണീരുപൊഴിക്കുകയും‌ ചെയ്തിരുന്ന ഒരിടം. തിന്മയുടെ മേല്‍‌ നന്മവിജയം‌ വരിക്കുന്നതു കണ്ടു സമാധാനിച്ചിറങ്ങുന്ന ഒരു കൂട്ടം ആള്‍‌ക്കാരുടെ ഒരു മാനസിക ഐക്യം‌ വേറെ ഏതു സ്ഥലത്താണുണ്ടായിരുന്നത്. മനസ്സില്‍ ജാതിവിഷം‌ ചുമക്കുന്ന തലമുറക്ക് ‌ ഇത്തരം‌ ദൃശ്യങ്ങള്‍‌ ഒന്നിച്ചിരുന്നു കാ‍ണാന്‍‌ കഴിയാതായിരിക്കുന്നതുകൊണ്ടാണ് ഇത്തരം‌ ദൃശ്യസ്വാതന്ത്ര്യങ്ങള്‍‌ ഇന്നില്ലാതെപോകുന്നത്.

അപരിഹാര്യമായി തുടരുന്ന ഒരു സിസ്തത്തിന്റെ മുഖത്തേക്കാണ് വെളിച്ചപ്പാടു കാര്‍‌ക്കിച്ചു തുപ്പിയത്. അത്‌ ‘എന്റെ ദേവിയുടെ‘ മുഖത്തേക്കാണ് എന്നുമാത്രം‌ തോന്നിപ്പിക്കാന്‍‌ മാത്രം‌ ചുരുങ്ങിപ്പോയവര്‍‌ വളരുന്നിടത്ത്‌ ഇനി എല്ലാം‌ അമ്പരപ്പോടെ നോക്കിക്കണ്ടു ഭയന്നു ജീവിക്കേണ്ടി വരും‌.

ഒരു ഓര്‍‌മ്മപ്പെടുത്തലിനു നന്ദി.

Typist | എഴുത്തുകാരി said...

സംശയിക്കുകയേ വേണ്ടാ, ഇന്നായിരുന്നെങ്കില്‍ ആ സിനിമ വെളിച്ചം കാണില്ലായിരുന്നു, നമുക്കു നല്ലൊരു സിനിമ നഷ്ടപ്പെട്ടേനേ.

ശ്രീ said...

ഇന്ന് എങ്ങനെയൊക്കെ പ്രക്ഷോഭം സംഘടിപ്പിയ്ക്കാം എന്നല്ലേ ഓരോരുത്തരും തിരഞ്ഞു കൊണ്ടിരിയ്ക്കുന്നത്... ഇത്തരം ചിത്രങ്ങളെ കുറിച്ച് ചിന്തിയ്ക്കാന്‍ പോലും സിനിമാലോകത്തുള്ളവര്‍ ഇന്ന് ധൈര്യപ്പെടില്ല.

അനില്‍@ബ്ലോഗ് // anil said...

ജെപി. said... ()
എനിക്ക് നിര്‍മ്മല്യം കാണാനൊത്തില്ല...
എന്റെ ചെറുപ്പത്തില്‍ അച്ചന്‍ സിനിമക്ക് വിടില്ല..
നിര്‍മ്മാല്യത്തിന്റെ സിനിമാ പോസ്റ്ററുകള്‍ കണ്ട് തൃപ്തിപ്പെടേണ്ടിവന്നു...
എന്റെ കുട്ടിക്കാലം ഈ പോസ്റ്റ് വായിച്ചപ്പോളെനിക്ക് ഓര്‍മ്മ വന്നു.
കുന്നംകുളം ജവഹര്‍ തിയേറ്ററില്‍ വന്നപ്പോള്‍ ഉറ്റ് തോഴന്‍ രവിയും മറ്റും സിനിമ കണ്ടിട്ട് വിശേഷങ്ങള്‍ പറയാറുണ്ട്..
ചിലപ്പോള്‍ ഞാന്‍ രാത്രി ചേച്ചി ഉറങ്ങിയാല്‍ സിനിമക്ക് പോകാറുണ്ട്.. 1973ന് ശേഷം ഞാന്‍ പല സിനിമകളും കണ്ടിരുന്നു...
കരുവാന്ന് രാമുവിന്റെ കൂടെ കള്ള് കുടിക്കാനും, സിനിമ കാണാനും തുടങ്ങി...
ചെറിയ കുടുക്കയില്‍ കിട്ടുന്ന കള്ളും, അത് ഒഴിച്ചു തന്നിരുന്ന പാവാടക്കാരിയെയും ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നു...
എന്നെ എന്റെ ഭൂതകാലത്തിലേക്ക് തിരിഞ്ഞു നോക്കാനാവസരം തന്ന സുഹൃത്തിന് മംഗളങ്ങള്‍ നേരുന്നു..

February 10, 2009 5:30 PM

അനില്‍@ബ്ലോഗ് // anil said...

പ്രിയ സന്ദീപ് (കരിങ്കല്ലെ),
കേരളത്തിലെയോ അതല്ല ലോകത്താകമാനം മനുഷ്യരില്‍ ഉറകൂടിയിരിക്കുന്ന “മതാന്ധത“ ഒരു “ഒരു ഇര്‍റിവേസ്ഴിബിള്‍” സംഗതിയാണ്. മനുഷ്യന്റ്റെ വളര്‍ച്ചയുടേയും പരിണാമത്തിന്റേയും ഭാഗം. മാത്സര്യങ്ങളുടെ ലോകത്ത് പിടിച്ചു നില്‍ക്കാന്‍ ഏവരും അവനവനിലേക്കു ചുരുങ്ങുന്നു.പരസ്പര ബന്ധങ്ങള്‍ നല്‍കിയിരുന്ന സാന്ത്വനം നഷ്ടപ്പെട്ടപ്പോള്‍ അവന് നില തെറ്റുകയാണ്. അത്താണിയായി ദൈവം ദൈവത്തിന്റെ സംഘങ്ങളായ മതങ്ങളും കടന്നു വന്നു. വളരെ ലോലമായിരുന്ന സഹിഷ്ണുതയുടെ അതിര്‍വരമ്പ് തകര്‍ന്നു പോയിരിക്കുന്നു.
ഇത്രയും പറഞ്ഞത് താങ്കള്‍ ഇത്തരം വിഷയങ്ങളോര്‍ത്ത് മനസ്സ് ചൂടാക്കണ്ടാ എന്നു പറയാനാണ്, ഒരു തിരിച്ചുപോക്കില്ലിനി.

കൃഷ്ണ.തൃഷ്ണ,
ഇതായിരുന്നോ നമ്മുടെ മുത്തശ്ശന്മാര്‍ സ്വപ്നം കണ്ടിരുന്ന തലമുറ?
യോജിക്കാനാവുന്നില്ല. അവരുടെ സങ്കല്‍പ്പങ്ങള്‍ക്ക് അതീതമായിരുന്നു കാലത്തിന്റെ പാച്ചില്‍ എന്നു വേണം കരുതാന്‍.
സിനിമ സമൂഹത്തിന്റെ പരിഛേദം തന്നെയാണ്. അതിനാല്‍ തന്നെ കാലഹരണപ്പെട്ട പഴയ മൂല്യങ്ങള്‍ക്കിനു അവിടെ സ്ഥാനമില്ല.
നന്ദി.

എഴുത്തുകാരി,
നന്ദി.

ശ്രീ,
നന്ദി.

ജെ.പി,
അവിടെ ഇട്ട കമന്റ് പൊക്കി ഇവിടെ ഇട്ടു കേട്ടൊ :)
ഒരു തലമുറയുടെ നഷ്ട സ്വപ്നങ്ങളാണതെല്ലാം. പുതു തലമുറക്കൊരിക്കലും ലഭ്യമാവാത്ത സൌഭാഗ്യങ്ങള്‍ (പ്രയോഗം ആപേക്ഷികമണെന്നറിയാം).
നന്ദി.

വയനാടന്‍ said...

അനിലേ
വല്ലാത്ത ഒരു വിപ്ലവം തന്നെയായിരുന്നു ആ സിനിമ
എഴുപതുകളില്‍ കേരളത്തെ വല്ലാതെ ആവേശിച്ച പുരോഗമന ചിന്തകളുടെ അനവധി പ്രകാശ രൂപങ്ങളില്‍ ഒന്ന് ...
ഒരു കലാരൂപം ഒരായിരം മുദ്രവക്യങ്ങലേക്കാള്‍ ശക്തമായ രാഷ്ട്രീയ പ്രവര്‍ത്തനമാകുന്ന മനോഹരമായ ഒരനുഭവം
ദൈവത്തിന്റെ മുഖത്ത്‌ തുപ്പിയ ആ തുപ്പ്‌ അന്നത്തെ യഥാസ്ഥിതികരെ വല്ലാതെ ഞെട്ടിപ്പിക്കുക തന്നെ ചെയ്തു ..
പക്ഷെ അവരുടെ വികല വിഹ്വലതകളെ ഏറ്റെടുക്കാന്‍ മാത്രം മസ്തിഷ്ക ശോഷണം സംഭവിച്ച ഒരു പൊതു സമൂഹം അന്ന് നിലവിലുണ്ടായിരുന്നില്ല കേരളത്തില്‍ ...
ഇന്നിപ്പോള്‍ മുപ്പത്തിഅഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു പോയിരിക്കുന്നു ,അന്ന് തെളിഞ്ഞ ഒരു കൈത്തിരി മഹാ അഗ്നിയായി പടര്‍ന്നു സകല ആസുരതകളെയും ശുദ്ധീകരിച്ച് പുതിയ ഒരു കേരളത്തെ നിര്‍മിചെടുക്കെണ്ടാതായിരുന്നു...
പക്ഷെ സംഭവിച്ചത് നേര്‍ വിപരീതമായിരുന്നു ,മുപ്പത്തിഅഞ്ചു വര്‍ഷത്തെ കേരളത്തിന്‍റെ യാത്ര റിവേര്‍സ് ഗിയറില്‍ ആയിപ്പോയി ...

Raman said...

veendum onnu koodi kaanaanullla oru prerana undakkunnu.

Reviewil select cheytha chithrangal nannayittundu. Oru Nostalgic background create cheythu.

K.P.Sukumaran said...

:)

Muralee Mukundan , ബിലാത്തിപട്ടണം said...

അന്നിന്റേയും,ഇന്നിന്റേയും വേർത്തിരിക്കൽ ഇഷ്ട്ടപ്പെട്ടു...കേട്ടൊ ഭായ്

Manikandan said...

ഇതു തന്നെയാ ഞാൻ അന്വേഷിച്ചത്. വിശ്വരൂപത്തിനെതിരായ പ്രാക്രമങ്ങൾ കണ്ടപ്പോൾ കഴിഞ്ഞ ദിവസം ഗൂഗിൾ പ്ലസ്സിലെ ഒരു പോസ്റ്റിൽ പറഞ്ഞിരുന്നു ഇങ്ങനെ ഒരു ലേഖനം പണ്ട് വായിച്ചതിനെപ്പറ്റി. പക്ഷെ അത് പതിവുകാഴ്ചകളിൽ ആണെന്നത് മറന്നു. നന്ദി അനിലേട്ടാ വീണ്ടും ഓർമ്മപ്പെടുത്തിയതിന്.